സ്വാർത്ഥനായ ഒരു ഇരട്ടത്താപ്പുകാരൻ മാത്രമായിരുന്നു സവർക്കർ

ഹിന്ദുത്വരാഷ്ട്രീയക്കാർ ഒരു വിപ്ലവകാരി എന്ന നിലയിലാണ് സവർക്കറെ അവതരിപ്പിക്കുന്നത്. കേവലമൊരു മാപ്പെഴുത്തിന്റെ പാപം മാത്രമല്ല അദ്ദേഹത്തിന്റേതായി ഓർമ്മിക്കപ്പെടേണ്ടത്. വർഗീയോന്മുഖമായ തീവ്രവാദ നിലപാടുകൾ കൊണ്ട് ഒരുകൂട്ടർക്ക് എങ്ങനെ വിപ്ലവകാരിയായി മാറും എന്നതിന്റെ ഉത്തമോദാഹരണമാണ് സവർക്കർ എന്ന സംഘപരിവാർ ബിംബം.

വിനായക് ദാമോദർ സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതിക്കൊണ്ടേയിരുന്നത് മഹാത്മാ ഗാന്ധി പറഞ്ഞിട്ടാണെന്ന രാജ്‌നാഥ് സിങിന്റെ പ്രസ്താവനയാണല്ലോ ഇപ്പോൾ ചർച്ചാ വിഷയങ്ങളിലൊന്ന്. ആ അവകാശവാദത്തിന് വാസ്തവവുമായി വിദൂരബന്ധം പോലുമില്ലെന്ന് പലരും പറഞ്ഞുകഴിഞ്ഞു. അല്ലെങ്കിലും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വക്താക്കൾക്ക് ഇത്തരം നുണകൾ പറയുന്നതിനൊന്നും ഒരു കുറ്റബോധവും ഉണ്ടാകാനിടയില്ല. കാരണം അവരുടെ രാഷ്ട്രീയ ഗുരു പ്രസ്തുത സവർക്കർ തന്നെയാണല്ലോ. സവർക്കർ ‘ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിയ ഭീരു’ എന്ന നിലയിൽ മാത്രമായി വിമർശിക്കപ്പെടുന്നു എന്ന് തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ്.

കേവലമൊരു മാപ്പെഴുത്തിന്റെ പാപം മാത്രമല്ല അദ്ദേഹത്തിന്റേതായി ഓർമിക്കപ്പെടേണ്ടത്. ഹിന്ദുത്വ രാഷ്ട്രീയക്കാർ ഒരു വിപ്ലവകാരി എന്ന നിലയിലാണ് സവർക്കറെ അവതരിപ്പിക്കുന്നത്. ഒരു വിപ്ലവകാരിക്ക് വേണ്ട ഏറ്റവും അടിസ്ഥാനപരമായ ഗുണം ത്യാഗസന്നദ്ധതയാണ്. ഭഗത്​സിങിലും ഗാന്ധിയിലും എല്ലാം കാണുന്ന ആദ്യത്തെ ഗുണം അവരുടെ ത്യാഗമാണ്. അതേസമയം ത്യാഗം എന്നത് തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരാൾ, തന്റെ വർഗീയോന്മുഖമായ തീവ്രവാദ നിലപാടുകൾ കൊണ്ട് ഒരുകൂട്ടർക്ക് എങ്ങനെ വിപ്ലവകാരിയായി മാറും എന്നതിന്റെ ഉത്തമോദാഹരണമാണ് സവർക്കർ എന്ന സംഘപരിവാർ ബിംബം.

1909-ൽ കഴ്‌സൺ വൈലി എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ ലണ്ടനിൽ വെച്ച് മദൻ ലാൽ ധിംഗ്ര എന്ന ഇന്ത്യൻ യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. മദൻ ലാലിനെ ഇതിന്റെ പേരിൽ ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റുകയും ചെയ്തു. മദൻ ലാൽ ധിംഗ്രയുടെ പ്രവൃത്തിയെ മഹാത്മാ ഗാന്ധിയെപ്പോലെയുള്ളവർ ആത്മഹത്യാപരമായ നയമെന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം പ്രവൃത്തികൾ നമ്മുടെ ലക്ഷ്യത്തെ സഹായിക്കാനുതകില്ല എന്നദ്ദേഹം വിലയിരുത്തി. എന്നാൽ ധിംഗ്ര ലണ്ടൻ ഹൈക്കോടതിയിൽ അചഞ്ചലനായി നിന്നു. തന്നെ വിചാരണ ചെയ്യാനോ, ശിക്ഷിക്കാനോ ബ്രിട്ടീഷ് സർക്കാരിന് യാതൊരു അവകാശവുമില്ലെന്നും അതിനാൽ താൻ വക്കീലിനെപ്പോലും ഏർപ്പാടാക്കിയില്ലെന്നും പറഞ്ഞ ധിംഗ്ര ഇന്ത്യയിൽ ബ്രിട്ടീഷുകാർ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ എടുത്തുപറഞ്ഞു. തന്നെ വധശിക്ഷയ്ക്ക് വിധിച്ചുകൊള്ളാൻ ആവശ്യപ്പെട്ട ധിംഗ്ര ഒരുതരത്തിലുള്ള ദയയും താൻ ആഗ്രഹിക്കുന്നില്ല എന്നാണ് പറഞ്ഞത്.

ഗാന്ധിജി പറഞ്ഞതുപോലെ അപക്വമായ പ്രവൃത്തിയാണ് ചെയ്തതെങ്കിലും ചെയ്ത പ്രവൃത്തിയുടെ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കാനും ധീരമായി നിലകൊള്ളാനും ആ യുവാവിന് കഴിഞ്ഞു. എന്നാൽ ആ പ്രവൃത്തി ചെയ്യാൻ ബ്രൗണിങ് പിസ്റ്റളും നൽകി 25 വയസുമാത്രമുള്ള ആ ചെറുപ്പക്കാരനെ ഈ വിധിയിലേയ്ക്ക് പറഞ്ഞയച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവോ? വിനായക ദാമോദർ സവർക്കർ ആയിരുന്നു അതെന്ന് അന്നത്തെ ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ടുകളും ചരിത്രകാരന്മാരും പറയുന്നു.

1904-ൽ പൂനെയിൽ താൻ സ്ഥാപിച്ച ""അഭിനവ് ഭാരത്'' എന്ന ഹിന്ദുത്വ ദേശീയ സംഘടനയുടെ ഒരു ദളം സവർക്കർ ലണ്ടനിലും രഹസ്യമായി നടത്തുന്നുണ്ടായിരുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾ താമസിച്ചിരുന്നതും വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രവർത്തനകേന്ദ്രവുമായിരുന്ന ഇന്ത്യാ ഹൗസ്
കേന്ദ്രീകരിച്ചായിരുന്നു ലണ്ടനിലെ നിയമ വിദ്യാർത്ഥിയായിരുന്ന സവർക്കറുടെ പ്രവർത്തനം. 1909-ൽ പൂനെയിലും മറ്റുമുള്ള അഭിനവ് ഭാരതിന്റെ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ് നടത്തുകയും നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായിരുന്ന ബാബാറാവു എന്ന് വിളിക്കപ്പെട്ടിരുന്ന ഗണേഷ് ദാമോദർ സവർക്കറിനെ (വി.ഡി. സവർക്കറുടെ സഹോദരൻ) ബ്രിട്ടീഷ് സർക്കാർ 1909 ജൂൺ 8-ന് ആൻഡമാനിലെ തടവറയിലേയ്ക്ക് ജീവപര്യന്തം നാടുകടത്തുകയും ചെയ്തു. ഇതിന് ബ്രിട്ടീഷ് സർക്കാരിനോട് പ്രതികാരം ചെയ്യുമെന്ന് സവർക്കർ 1909 ജൂൺ 20-ന് ഒരു ഇന്ത്യാ ഹൗസ് യോഗത്തിൽ പ്രഖ്യാപിച്ചു. ഈ പ്രസംഗം ആധാരമാക്കി സവർക്കറുടെ ബാർ കൗൺസിലിൽ പ്രവേശനം സ്‌പെഷ്യൽ ബ്രാഞ്ച് തടഞ്ഞു.

സവർക്കറുടെ മാപ്പപേക്ഷയിലെ പ്രസക്തഭാഗങ്ങൾ

സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ഈ പ്രവൃത്തിയ്ക്ക് പുറകിൽ കഴ്‌സൺ വൈലിയുമുണ്ടായിരുന്നു എന്ന് അക്കാലത്തെ ബ്രിട്ടീഷ് ഇന്റലിജൻസ് രേഖകൾ പറയുന്നു. തുടർന്ന് ജൂലൈ 1-ന് കഴ്‌സൺ വൈലി കൊല്ലപ്പെടന്നു. ധിംഗ്രയുടെ കയ്യിൽ നിക്കൽ പൂശിയ പിസ്റ്റൾ വെച്ചുകൊടുത്തിട്ട് ‘‘ഇത്തവണ നീ തോറ്റാൽ നിന്റെ മുഖം എനിക്ക് കാണണ്ട'' എന്ന് താൻ പറഞ്ഞുവെന്ന് സവർക്കർ തന്നെ തന്റെ ജീവചരിത്രകാരനായ ധനഞ്ജയ് കീറിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. വൈലിയുടെ വധത്തിന് ശേഷം ‘ഇതൊരു തുടക്കം മാത്രമാണെന്നും തന്റെ സഹോദരന്റെ ജീവപര്യന്തം നാടുകടത്തലിനുള്ള പ്രതികാരം ഇനിയും ബാക്കിയാണെന്നും സവർക്കർ പറഞ്ഞതായി ഇന്റലിജൻസ് തങ്ങളുടെ സോഴ്‌സുകളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ വൈലിയുടെ കേസിൽ തെളിവുകളില്ലാത്തതിനാൽ സവർക്കർ അറസ്റ്റ് ചെയ്യപ്പെട്ടില്ല.

തന്റെ പ്രതികാരത്തിനായി ഇതുപോലെ കൈ നനയാതെ സവർക്കർ പിടിച്ച മീനായിരുന്നു ജാക്‌സൺ വധം അഥവാ നാസിക് ഗൂഢാലോചന. എ.എം.ടി ജാക്‌സൺ എന്ന മജിസ്‌ട്രേറ്റ് ആയിരുന്നു സവർക്കറുടെ സഹോദരൻ ബാബാ റാവുവിനെ നാടുകടത്തിയത്. അനന്ത് ലക്ഷ്മൺ കൻഹാരെ എന്ന 17 വയസുള്ള കൗമാരക്കാരനെയാണ് ഇത്തവണ സവർക്കർ ഉപയോഗിച്ചത്. അനന്ത് കൻഹാരെ, കൃഷ്ണാജി കാർവേ, വിനായക് ദേശ്പാണ്ഡേ എന്നീ ചെറുപ്പക്കാർ തൂക്കിലേറ്റപ്പെട്ടു. എന്നാൽ കൊലപാതകത്തിനുപയോഗിച്ച പിസ്റ്റൾ, സവർക്കർ ചതുർഭുജ് ആമിൻ എന്ന ഇന്ത്യാ ഹൗസ് നിവാസിയുടെ ട്രങ്ക് പെട്ടിയുടെ താഴത്തെ രഹസ്യ അറയിലൊളിപ്പിച്ച് ലണ്ടനിൽ നിന്നും ഇന്ത്യയിലേയ്ക്ക് കടത്തിയ 21 ബ്രൗണിങ് പിസ്റ്റളുകളിലൊന്നാണെന്ന് പൊലീസ് കണ്ടെത്തി. സവർക്കർ ആഗ്രഹിച്ചില്ലെങ്കിലും നാസിക് ഗൂഢാലോചനക്കേസിൽ സവർക്കർ അറസ്റ്റിലാകുകയും 50 വർഷത്തേയ്ക്ക് ആൻഡമാൻ ജയിലിൽ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. അങ്ങനെയാണ് സവർക്കർ ആൻഡമാനിലെത്തുന്നത്. അവിടെയെത്തിയ വർഷം മുതൽ അദ്ദേഹം ബ്രിട്ടീഷുകാർക്ക് മാപ്പെഴുതാനും തുടങ്ങി.

സവർക്കറുടെ പ്രേരണയിൽ കൊലപാതകം ചെയ്യാൻ തയ്യാറായ ചെറുപ്പക്കാർ അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തമേറ്റെടുത്ത് തൂക്കുമരത്തെ സന്തോഷത്തോടെ പുൽകിയപ്പോൾ അവരുടെ രാഷ്ട്രീയഗുരുവും വഴികാട്ടിയുമായിരുന്ന സവർക്കർ ആൻഡമാൻ ജയിലിൽക്കിടന്ന് അപമാനകരമായ മാപ്പപേക്ഷകൾ എഴുതി ആ ചെറുപ്പക്കാരുടെ രക്തസാക്ഷിത്വത്തെയും ഈ നാടിനെയാകെയും അപമാനിച്ചു. ""സർക്കാരിന്റെ പിതൃസഹജമായ കവാടങ്ങൾക്കുള്ളിലല്ലാതെ മറ്റെവിടെയാണ് മുടിയനായ പുത്രന് മടങ്ങിച്ചെല്ലാനൊക്കുക'' എന്ന രാഷ്ട്രീയ അശ്ലീലം മാപ്പപേക്ഷയിൽ എഴുതിയ സവർക്കർ ഏതർത്ഥത്തിലാണ് വിപ്ലവകാരിയാകുന്നതെന്ന് സംഘപരിവാറുകാർക്ക് വിശദീകരിക്കാൻ കഴിയുമോ എന്നറിയില്ല.

ഇതുപോലെയുള്ള തരം താണ മാപ്പപേക്ഷകൾ വർഷങ്ങളോളം തുടർന്ന സവർക്കറെ അവസാനം 1921-ൽ രത്‌നഗിരിയിലെ ജയിലിലേയ്ക്ക് മാറ്റി. 1920-ൽ ബ്രിട്ടീഷുകാർക്കെഴുതി നൽകിയ രേഖയിൽ മൊണ്ടേഗു ചെംസ്‌ഫോർഡ് ഭരണപരിഷ്‌കാരങ്ങൾ വിജയകരമായി നടപ്പിലാക്കാൻ തന്നാലാവുന്നതൊക്കെ ചെയ്യാമെന്ന് എഴുതിനൽകിയ ""ദേശസ്‌നേഹി''യാണ് സവർക്കർ. (മൊണ്ടേഗു ചെംസ്‌ഫോർഡ് ഭരണപരിഷ്‌കാരവും, തുടർന്നു വന്ന റൗലട്ട് ആക്ടും അതിനെതിരായ പ്രതിഷേധത്തെത്തുടർന്നുണ്ടായ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുമൊക്കെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ അണയാത്ത കനലുകളാണ്). പിന്നീട് രത്‌നഗിരി ജില്ലവിട്ടുപോകാൻ പാടില്ലെന്ന വ്യവസ്ഥയിന്മേൽ ബ്രിട്ടീഷ് സർക്കാർ സവർക്കറെ മോചിപ്പിക്കുകയും ചെയ്തു.

ഇങ്ങനെ നിരന്തരം മാപ്പെഴുതി ജയിലിൽ അനുകൂല്യങ്ങളും പിന്നെ മോചനവും നേടിയ സവർക്കർ സഹതടവുകാരെക്കുറിച്ച് തന്റെ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത് കാണുക: ""ഈ രാഷ്ട്രീയത്തടവുകാർ, അധികൃതരുടെ ആജ്ഞ കേൾക്കേണ്ട താമസം, അധികൃതർക്ക് ആവശ്യമായത് എന്തും തുറന്നു പറഞ്ഞാൽ അവരുടെ പാദസേവ ചെയ്യാൻ പോലും തയ്യാറായി.''
1916 മുതൽ 1924 വരെ ആൻഡമാൻ ജയിലിലുണ്ടായിരുന്ന ത്രൈലോക്യനാഥ ചക്രവർത്തി എന്ന വിപ്ലവനേതാവ് വിനായക് സവർക്കറും സഹോദരൻ ഗണപത് സവർക്കറും തന്നോട് ചെയ്ത ചതി തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. തന്നെയും മറ്റുള്ളവരെയും ഒരു പണിമുടക്കിന് പ്രേരിപ്പിച്ച സവർക്കർ സഹോദരന്മാർ സമയമായപ്പോൾ അതിൽ നിന്ന് വിട്ടുനിന്നു എന്ന് അദ്ദേഹം ഓർമ്മിക്കുന്നു.

നാഥൂറാം വിനായക് ഗോഡ്സേ

ഗാന്ധിവധത്തിൽ സവർക്കറുടെ പങ്ക് പലതവണ ചർച്ചയായിട്ടുള്ളതാണ്. ഗോഡ്‌സെയും നാരായൺ ആപ്‌തെയുമെല്ലാം സവർക്കറുടെ ആജ്ഞാനുവർത്തികൾ മാത്രമായിരുന്നു. ഗോഡ്‌സെ സവർക്കറെ ബഹുമാനപൂർവ്വം താത്യാറാവു എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാൽ കേസിന്റെ വിചാരണ നടക്കുമ്പോൾ സവർക്കർ ഇവരെയെല്ലാം തള്ളിപ്പറഞ്ഞു. ഗാന്ധിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വാചാലനായി. ഇതേക്കുറിച്ച് ഗോപാൽ ഗോഡ്‌സെയുടെയും ദത്താത്രേയ സദാശിവ പർച്ചുറേയുടെയും അഭിഭാഷകനായിരുന്ന പി. എൽ. ഇനാംദാർ എഴുതിയത് വായിക്കുക:
"സ്വന്തം കേസിന്റെ വാദത്തിനുവേണ്ടി, എഴുതി തയ്യാറാക്കിയ ഒരു പ്രസ്താവന, വർത്തമാന പത്രങ്ങളിലെ മുറിച്ചെടുത്ത പ്രസക്ത ഭാഗങ്ങൾ അനുബന്ധമായി ചേർത്തുകൊണ്ട് സവർക്കർ കോടതിയിൽ അവതരിപ്പിച്ചു. അന്യരുടെ ശ്രദ്ധ ആകർഷിക്കാനുള്ള എല്ലാ കൗശലപ്രകടനങ്ങളോടും കൂടി വലിയ വാഗ്മിയുടെ ശൈലിയിൽ സവർക്കർ പ്രസ്താവന കോടതിയിൽ വായിച്ചു. താൻ ആത്മാർഥമായി ആരാധിക്കുകയും പലപ്പോഴായി പ്രശംസിക്കുകയും ചെയ്തവ്യക്തിത്വമുള്ള മഹാത്മജിയുടെ വധവുമായി ബന്ധപ്പെട്ട കേസിൽ സ്വതന്ത്ര ഇന്ത്യാ ഗവൺമെന്റ് തന്നെ ഉൾപ്പെടുത്തിയ വിധിവിഹിതത്തിൽ വിഷാദിക്കുന്ന വിലാപ സ്വരത്തിലായിരുന്നു വായന. മഹാത്മജിയെപ്പറ്റിയുള്ള ഭാഗം വായിച്ചപ്പോൾ, സവർക്കർ ശരിക്കും കവിൾത്തടം തുടയ്ക്കുന്നുണ്ടായിരുന്നു. താൻ പൂർണമായും നിരപരാധിയാണെന്ന് സവർക്കർ അവകാശപ്പെട്ടു. സവർക്കർ അതുവരെ വന്നെത്തിയ രാഷ്ട്രീയ ജീവിതത്തിന് ഞാനും സാക്ഷിയാണല്ലോ. എന്നാൽ എന്നെ വിശ്വസിച്ചോളൂ; സവർക്കർ എന്തെന്നില്ലാതെ പരിഭ്രമിച്ചിരുന്നു. കേസ് മുമ്പോട്ടു പോകുന്തോറും ആ പരിഭ്രമം കൂടിക്കൂടി വന്നു. ' (ചെങ്കോട്ടയിലെ വിചാരണയുടെ കഥ - 1948-49 പി.എൽ. ഇനാംദാർ).

ഗാന്ധിയുടെ മൃതദേഹം

നാഥുറാം ഗോഡ്‌സേയേയും സഹതടവുകാരെയും സവർക്കർ തന്ത്രപരമായി അവഗണിച്ചതെങ്ങനെയെന്നും ഇനാംദാർ ഓർമ്മിക്കുന്നു. "നാഥുറാമിനെയും സവർക്കർ ശ്രദ്ധിക്കാറില്ല. സംസാരിക്കുന്നതും വളരെ ചുരുക്കം. മറ്റു തടവുകാർ തമ്മിൽ സംസാരിക്കുകയും നേരമ്പോക്കു പറയുകയും കുറിപ്പുകൾ കൈമാറുകയും ചെയ്യുക പതിവായിരുന്നു. നിശ്ശബ്ദനായി, പ്രതിമ കണക്കെ കൂട്ടുതടവുകാരെ പൂർണമായി അവഗണിച്ചുകൊണ്ട് കടുത്ത അച്ചടക്കം പാലിക്കുന്ന മട്ടിൽ കോടതിക്കൂട്ടിൽ ഇരിക്കുന്ന സവർക്കർ എന്നോട് കോടതിയിൽ വെച്ച് ഒറ്റത്തവണ മാത്രമേ സംസാരിച്ചിരുന്നുള്ളു. നാഥുറാമിനോടും മറ്റുള്ളവരോടുമൊപ്പം ഗൂഢാലോചന നടത്തി എന്ന കുറ്റം നിഷേധിച്ചുകൊണ്ടു വിചാരണ നേരിടുന്ന സവർക്കർ, നിശ്ചിത രീതിയിൽ പ്രകടനപരത കാട്ടാൻ തീരുമാനിച്ചുറച്ച മട്ടിലായിരുന്നു ആ പെരുമാറ്റം. സ്വന്തം ഭാഗം അഭിനയിക്കുന്ന ഒരു ഭാവം പ്രകടമായിരുന്നു.

ചെങ്കോട്ടയിലെ വിചാരണക്കാലത്തു മുഴുവൻ സവർക്കർ നാഥുറാമിനോട് ജയിലിലും കോടതിയിലും വെച്ച് പെരുമാറിയ അളന്നു മുറിച്ച്, അടുപ്പം കാട്ടാത്ത, അഭിനയച്ചുവയുള്ള രീതി നാഥുറാമിനെ ആഴത്തിൽ നോവിച്ചിരുന്നു. നാഥുറാമിനോട് ഞാൻ പലവട്ടം സംസാരിച്ചിരുന്നു. അപ്പോഴെല്ലാം, താത്യാറാവുവിന്റെ (സവർക്കറുടെ) പെരുമാറ്റം തന്നെ വേദനിപ്പിച്ച കാര്യം നാഥുറാം എന്നോടു പറഞ്ഞു. തടവറയിൽ ഏകാന്തവാസം പേറിയ ആ മനുഷ്യൻ താത്യാറാവുവിന്റെ ഒരു കരസ്പർശം ഒരു സഹതാപവാക്ക്, അതുപോകട്ടെ കരുണയുള്ള ഒരു നോട്ടമെങ്കിലും കിട്ടാൻ ഏറെ കൊതിച്ചിരുന്നു. സിംലാ ഹൈക്കോടതിയിൽ വെച്ച് അവസാനമായി കണ്ട അവസരത്തിലും നാഥുറാം ഈ വേദന എന്നോട് തുറന്നു പറഞ്ഞു.

"സവർക്കറുടെ ജീവിതരേഖയിലെ ഏറ്റവും തരം താണ പ്രവൃത്തികളിലൊന്ന് മനസിലാകണമെങ്കിൽ അദ്ദേഹത്തെ ""വീര''നെന്ന് പുകഴ്ത്തുന്ന ജീവചരിത്രത്തിന്റെ യഥാർത്ഥ ചരിത്രമറിയണം. 1926-ൽ പ്രസിദ്ധീകരിക്കപ്പെട്ട ബാരിസ്റ്റർ സവർക്കറുടെ ജീവിതം (Life of Barrister Savarkar) എന്ന പുസ്തകം സവർക്കറെ വീർ എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തെക്കുറിച്ച് വളരെയധികം പുകഴ്ത്തുകയും ചെയ്തിരുന്നു. ചിത്രഗുപ്തൻ എന്നയാളായിരുന്നു ഇതെഴുതിയത്. സവർക്കർ മരിച്ച് 20 വർഷത്തിന് ശേഷം 1987-ൽ ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനത്തിനിടെ പ്രസാധകനായ രവീന്ദ്ര രാംദാസ് ആ രഹസ്യം വെളിപ്പെടുത്തി. ചിത്രഗുപ്തൻ മറ്റാരുമല്ല സാക്ഷാൽ സവർക്കർ തന്നെയായിരുന്നുവെന്ന് !

ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായ ഹിന്ദുത്വം എന്ന രാഷ്ട്രീയ ആശയത്തിന്റെ ഉപജ്​ഞാതാവ്​ സവർക്കർ ആയിരുന്നുവെന്ന് നമുക്കെല്ലാം അറിയാം. മുകളിൽ വിവരിച്ച തരത്തിലുള്ള കാപട്യങ്ങൾ നിറഞ്ഞ ഒരാൾക്ക് മാത്രമേ ഇത്രയും മാനവികവിരുദ്ധമായ ഒരു ആശയം ആവിഷ്‌കരിക്കുവാൻ കഴിയുകയുള്ളൂ. സവർക്കറുടെ പരമത വിദ്വേഷവും വംശീയതയുമെല്ലാം ഹിന്ദുത്വവാദികൾക്ക് ഇന്നും ഊർജ്ജം പകരുന്നുണ്ട്. തികഞ്ഞ മത വിശ്വാസിയായിരുന്ന ഗാന്ധി ഹിന്ദുമതത്തെയും അതിന്റെ ആത്മീയതയെയും നിർവ്വചിച്ചത് സാഹോദര്യവും സമത്വവും ഉള്ള ഒന്നായിട്ടാണ്. നിരീശ്വരവാദിയായിരുന്ന സവർക്കർ ഹിന്ദുത്വ എന്നതിനെ ഒരു രാഷ്ട്രീയ ആയുധമായിട്ടാണ് ഉപയോഗിച്ചത്. മതരാഷ്ട്രത്തിനായി വാദിച്ച ജിന്നയും മതവിശ്വാസി അല്ലായിരുന്നു എന്നോർക്കുക. ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിൽക്കുന്നതിന്റെ എതിർധ്രുവത്തിലായിരുന്നു സവർക്കർ.

മഹാത്മാ ഗാന്ധി എൻ.ഡി. സവർക്കർക്ക് അയച്ച കത്ത്‌

സവർക്കറും കൂട്ടരും വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുമ്പോൾ ശാന്തിയുടെ സന്ദേശവുമായി കലാപഭൂമികളിലൂടെ സഞ്ചരിച്ച ആ അർദ്ധനഗ്‌നനായ ഫക്കീർ അവർക്കൊരു ഭീഷണിയായി. സവർക്കറെ വെള്ളപൂശാൻ ഗാന്ധിയുടെ പേരുപയോഗിക്കുന്നത് അദ്ദേഹത്തിന്റെ പ്രതിമയുണ്ടാക്കി അതിൽ വെടിവെയ്ക്കുന്ന ഹിന്ദുമഹാസഭക്കാർ ചെയ്യുന്നതിനേക്കാൾ വലിയ പാതകമാണ്. തന്റെ ചുറ്റുമുള്ള മനുഷ്യരെ ഉപകരണങ്ങളായി ഉപയോഗിച്ച് സുരക്ഷിത മേഖലകളിലൂടെ സഞ്ചരിച്ച സ്വാർത്ഥനായ ഒരു ഇരട്ടത്താപ്പുകാരൻ മാത്രമായിരുന്നു സവർക്കർ. തീർച്ചയായും സവർക്കർ ബുദ്ധിശാലിയായിരുന്നു. 1909-ൽ പ്രസിദ്ധീകരിച്ച ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം-1857 എന്ന സവർക്കറുടെ പുസ്തകം ഒരു മികച്ച രചന തന്നെയായിരുന്നു. നല്ല ഗവേഷണം നടത്തിയാണ് അദ്ദേഹം അതെഴുതിയത്. ഹിന്ദുത്വം എന്ന വംശീയ ആശയം മുന്നോട്ടുവെച്ച് ഈ നാടിന്റെ രാഷ്ട്രീയ സ്വഭാവത്തെത്തന്നെ വർഗീയവൽക്കരിച്ച സവർക്കർ എന്ന ചിത്പാവൻ ബ്രാഹ്‌മണന് താൻ ചെയ്യുന്നതെന്താണെന്ന് ശരിക്കും അറിയാമായിരുന്നു. സവർക്കറെ ആരാധിക്കുന്നവർ മേൽപ്പറഞ്ഞ ഇരട്ടത്താപ്പും വർഗീയതയും സ്വാർത്ഥതയും മാത്രം കൈമുതലായിട്ടുളവരാണ്. ത്യാഗത്തിന്റെ അംശമെങ്കിലും സൂക്ഷിക്കുന്ന ഒരു ശരിയായ രാഷ്ട്രീയപ്രവർത്തകന് സവർക്കറെ ആരാധിക്കാനോ ഉയർത്തിപ്പിടിക്കാനോ കഴിയില്ല.

Reference:
Savarkar and Hindutva- The Godse Connection by AG Noorani
Intelligence and Imperial Defence : British Intelligence and the Defence of the Indian Empire 1904-1924 (Studies in Intelligence) by Richard J Popplewell
The Hindu Nationalist movement and Indian Politics by Christophe Jaffrelot

Comments