കേണൽ ജോൺ മൺറോ / Photo : Wikimedia Commons

മൺറോ നവോത്ഥാനം

നടപ്പുശീലങ്ങളെ തിരുത്തുകയും പുതിയൊരു ജ്ഞാനമണ്ഡലം രൂപപ്പെടുത്തുകയും ചെയ്തത് കേണൽ ജോൺ മൺറോ എന്ന ദിവാനാണ്. അദ്ദേഹം അടിത്തറയിട്ട ഈ ബോധ്യത്തിലാണ് വൈകുണ്ഡ സ്വാമിയും ചട്ടമ്പിസ്വാമിയും വേലായുധപ്പണിക്കരും അയ്യങ്കാളിയും നാരായണഗുരുവും വക്കം അബ്ദുൾ ഖാദറും ഒരു പക്ഷേ, മലബാറിലെ വി.ടി പോലും രൂപപ്പെടുന്നത്.

‘ഉഴലുന്ന വഞ്ചിക്കാർക്ക് മൺറോവിളക്ക് വെളിച്ചം കാട്ടട്ടെ.’

ആലപ്പുഴ തുറമുഖത്ത് വന്നെത്തുന്ന ചരക്കുവള്ളങ്ങൾക്കും കപ്പലുകൾക്കും, രാത്രി മീൻ പിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളികൾക്കും സ്ഥലവും ദിക്കും തിരച്ചറിയുന്നതിന് ഏകമാർഗ്ഗദീപമായിരുന്ന പള്ളത്തെ മൺറോ ലൈറ്റിനെക്കുറിച്ച് സി. കേശവൻ പറഞ്ഞതാണ് ഈ വാക്യം.

1813 ൽ കേണൽ ജോൺ മൺറോ സ്ഥാപിച്ച ഈ വെളിച്ചം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെയും ജനപക്ഷത്തിന്റേയും നവോത്ഥാന ആശയങ്ങളുടേയും പ്രതീകമായി ഇന്നും നിലകൊള്ളുന്നു. തിരുവിതാംകൂറിലെ അന്ധകാര -ദുരാചാരത്തിലേയ്ക്ക് തലയെടുപ്പോടെ കടന്നുവരുകയും ആധുനികമായ ഒരു സമൂഹമായി അതിനെ മാറ്റിത്തീർക്കുകയും ചെയ്ത മഹദ്​വ്യക്തിയാണ് കേണൽ ജോൺ മൺറോ. 1810 മുതൽ 19 വരെ റസിഡന്റായും ദിവാനായും വാണ മൺറോയുടെ ആശയങ്ങളും ഉപദേശങ്ങളുമാണ് റാണി ഗൗരിലക്ഷ്മി ഭായിയും തുടർന്നു ഭരണമേറ്റ അനുജത്തി റാണി ഗൗരി പാർവതി ഭായിയും ഇവിടെ നടപ്പിലാക്കിയത്. അതിൽ ഏറ്റവും പ്രധാനം, അടിമവ്യാപാരം നിരോധിച്ചതു തന്നെയാണ്.

പള്ളത്തെ മൺറോ ലൈറ്റ്

അടിമ സ​മ്പ്രദായം ഇല്ലാതാകുന്നു

ഈഴവർ മുതലുള്ള കീഴ്ജാതിക്കാരെ അടിമകളാക്കി വയ്ക്കുകയും യഥേഷ്ടം വില്ക്കുകയും ചെയ്യുന്നതിനെ 1812 ഡിസംബർ ആറിലെ വിളംബരം മൂലം നിരോധിച്ചു. രാജ്യത്തിന്റെ തന്നെ വരുമാന സ്രോതസ്സിൽ മുഖ്യമായിരുന്നു അടിമവ്യവസായം. 1847 ലെ ഔദ്യോഗിക രേഖകൾ പ്രകാരം, 1,65,000 അടിമകൾ സർക്കാരിന്റെ തന്നെ പക്കലുണ്ടായിരുന്നു. ജന്മമായും കാണമായും പാട്ടമായും ജന്മിമാർ വച്ചനുഭവിക്കുന്ന ഈ കീഴ്ജാതിക്കാർ മൃഗങ്ങളേക്കാൾ എത്രയോ പടി താഴെയുള്ളവരായിരുന്നു. ചങ്ങനാശ്ശേരിയിലുള്ള ചന്തയിൽ നിന്ന്​വിദേശങ്ങളിലേക്കുപോലും ഇവരെ കയറ്റിഅയയ്ക്കുമായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളെ പല ജന്മിമാർ വാങ്ങിക്കൊണ്ടുപോകും എന്നു മാത്രമല്ല തങ്ങൾ വാങ്ങുന്ന സ്ത്രീഅടിമകൾ ആരുമായി ഇണ ചേരണമെന്ന് തീരുമാനിക്കുന്നതുപോലും ഉടമകളായിരുന്നു. അവരുടെ കുട്ടികളെ (കുരങ്ങുകളെന്നേ വിളിക്കൂ) വില്കാനുള്ള അവകാശവും ജന്മിക്കായിരുന്നല്ലോ?

സ്വയം മനുഷ്യരായി കാണാൻ അടിമകൾക്കുപോലും അറിയില്ലായിരുന്നു. മുൻജന്മ പാപം മൂലമാണ് ഇങ്ങനെയായതെന്നായിരുന്നു അചഞ്ചലമായ വിശ്വാസം. അവിടേക്കാണ് യൂറോപ്യൻ ലോകവീക്ഷണവും മാനുഷിക ബോധ്യങ്ങളുമായി മൺറോ വരുന്നത്, ആ വ്യാപാരത്തെ വിലക്കുന്നത്. കാലക്രമേണ ഉത്രം തിരുനാളിന്റെ കാലത്ത് 1855 ൽ അടിമ സമ്പ്രദായം തന്നെ ഇവിടെ നിറുത്തലാക്കുന്നുമുണ്ട് (ഗ​വേഷകനായ വിനിൽ പോൾ രേഖപ്പെടുത്തുന്നത് വ്യത്യസ്തമാണ്). മൺറോ ചെയ്തത് ദൂരവ്യാപകവും പ്രായോഗികവുമായ Administration reforms ആയിരുന്നുവെന്നത് എടുത്തു പറയേണ്ടതാണ്.

സ്വയം മനുഷ്യരായി കാണാൻ അടിമകൾക്കുപോലും അറിയില്ലായിരുന്നു. മുൻജന്മ പാപം മൂലമാണ് ഇങ്ങനെയായതെന്നായിരുന്നു അചഞ്ചലമായ വിശ്വാസം / Photo : countercurrents.org

പ്രതിഫലമില്ലാതെ ക്ഷേത്രങ്ങൾക്കും ജന്മിമാർക്കും വേണ്ടി ജോലി ചെയ്യണമെന്ന വ്യവസ്ഥ - ഊഴിയംവേല - യിൽ നിന്ന്​ ഞായറാഴ്ചകളിൽ ക്രിസ്ത്യാനികൾക്ക് ഒഴിവു നല്കി, പ്രാർഥിക്കാനെന്ന കാരണമാണ് പറഞ്ഞത്. കാലക്രമേണ ഇതര സമുദായക്കാർക്കും അത് അനുവദിക്കപ്പെടുകയും Sunday holiday ആയിത്തീരുകയും ചെയ്തു. ഊഴിയം വ്യവസ്ഥ തന്നെ നിരോധിക്കപ്പെടുകയുമുണ്ടായി.

നീതിന്യായ വ്യവസ്​ഥയുടെ ആധുനീകരണം

മാർത്താണ്ഡ വർമയുടെ തൃപ്പടിദാനത്തിന്റെ തുടർച്ചയായി ശ്രീപ്രത്മനാഭന്റെ സ്വത്തായി മാറിയ തിരുവിതാംകൂറിന്റെ എല്ലാ സമ്പത്തിന്റെയും അവകാശി ദൈവവും - ദൈവത്തിന്റെ സ്വന്തം നാട് ആയതങ്ങനെയാണ്- ക്ഷേത്രങ്ങളും അമ്പലവാസികളും ആയിത്തീരുകയും രാജ്യത്തെ ഏറ്റവും വലിയ ചെലവ് ബ്രാഹ്മണസദ്യ (ഊട്ടുപുര ) ആവുകയും ചെയ്തപ്പോൾ ഇവരെ തീറ്റിപ്പോറ്റാൻ ഏർപ്പെടുത്തിയ നികുതികൾ അടയേക്കണ്ടിവന്നത് കീഴ് ജാതിക്കാർ മാത്രമായിരുന്നു. ലോകത്തിലെ ഏറ്റവും ദുരിതമനുഭവിക്കുന്നവരായ ഈ അടിമ - അയിത്ത ജനങ്ങൾക്ക് ലഭിക്കുന്ന നിസ്സാര സമ്പത്തു പോലും തലക്കരം, മുലക്കരം, മീശക്കരം, ഉപ്പുകരം എന്നിങ്ങനെ 137 അനാചാരക്കരങ്ങളിലൂടെ പിടിച്ചുപറിക്കാൻ നാട്ടുപ്രമാണിമാരും ഉണ്ടായിരുന്നു. പിടുങ്ങുന്നതിൽ നിന്ന്​അവർക്കിഷ്ടമുള്ളതുമാത്രം ഖജനാവിലോക്ക് നല്കയാണ് പതിവ്. കേണൽ മക്കാളെയുമായി വേലുത്തമ്പി സ്വാർഥലാഭത്തിനായി ഉണ്ടാക്കിയ കരാറിലൂടെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക്​ കൊടുക്കുവാനുള്ള കപ്പം നാലു ലക്ഷത്തിൽ നിന്ന്​ എട്ടു ലക്ഷമായി വർധിപ്പിക്കുകയും, അതിൽ വീഴ്ച വരുത്തുന്ന പക്ഷം തിരുവിതാംകൂറിനുമേൽ ഭാഗികമായോ പൂർണമായോ കമ്പനിക്ക് അധികാരമേല്കാമെന്ന് വ്യവസ്ഥ ചെയ്യുകയുമുണ്ടായി. ഒടുവിൽ കമ്പനിയുമായി ഇടഞ്ഞ തമ്പി തന്റെ തമ്പിപ്പട്ടാളവുമായും പാലിയത്തച്ചനുമായുമൊക്കെ കൂട്ടു ചേർന്ന് മെക്കാളെയേ വധിക്കാൻ ശ്രമിച്ച്​ പരാജയപ്പെട്ടു, ഒടുവിൽ ആത്മഹത്യ ചെയ്​തു. അതിലൂടെ തിരുവിതാംകൂറിന് കൂടുതൽ ബാധ്യത വന്നുചേർന്നു.

മാർത്താണ്ഡവർമ്മയുടെ തൃപ്പടിദാനത്തെ ആസ്പദമാക്കി പി ശങ്കുണ്ണി മേനോൻ വരച്ച ചിത്രം / Photo : Wikimedia Commons

ഈ കടം തിരികെ അടപ്പിക്കുവാനായിരുന്നു റസിഡൻറ്​ മൺറോയുടെ വരവ്. എന്നാൽ കാര്യപ്രാപ്തിയില്ലാത്ത, ധൂർത്തനായ ഉമ്മിണിത്തമ്പി ദളവയെക്കൊണ്ട് അതിനാവില്ല എന്നറിഞ്ഞ ലക്ഷ്മി ഭായിത്തമ്പുരാട്ടിയുടെ അഭ്യർഥന മാനിച്ച് ദിവാൻ പദവി കൂടി അദ്ദേഹം ഏറ്റെടുത്തു. ഒരു ഭരണാധിപനു വേണ്ടുന്ന ദീർഘവീക്ഷണവും കർമകുശലതയും അയാൾക്കുണ്ടായിരുന്നു. കുത്തഴിഞ്ഞു കിടന്ന സാമൂഹ്യ - ഭരണക്രമങ്ങളെയെല്ലാം അദ്ദേഹം ചിട്ടപ്പെടുത്തി. ജാത്യാചാരങ്ങളിൽ ഉറപ്പിച്ചിരുന്ന സാമൂഹ്യഘടന പരിഷ്‌കരിച്ചു. ക്ഷേത്രാ വശ്യങ്ങൾ കഴിഞ്ഞുള്ള സമ്പത്ത് രാജ്യം ഏറ്റെടുത്തു. റവന്യൂ സിസ്റ്റം ഘടനാപരമായി പുനക്രമീകരിച്ചു. പിരിക്കുന്ന നികുതിക്ക് രസീത് നല്കി. അത് ഓഡിറ്റു ചെയ്യാൻ വ്യവസ്ഥയുണ്ടാക്കി. അതിനായി പ്രാപ്തരായ ഉദ്യോഗസ്ഥരെ നിയമിച്ചു. (മുമ്പ് ജാതിപാരമ്പര്യമായിരുന്നു മാനദണ്ഡം). അവർക്ക് സർക്കാർ ശമ്പളം നലകുന്ന പതിവുണ്ടാക്കി. പെൻഷൻ ആദ്യമായി നടപ്പിലാക്കിയതും മൺറോ തന്നെ.

സിവിൽ സൊസൈറ്റി എന്ന കാഴ്ചപ്പാട് രൂപപ്പെടുന്നതും ഭരണകൂടവും പ്രജകളും തമ്മിൽ പരസ്പര ആശ്രിതത്വം വേണമെന്ന വിചാരം ഉടലെടുക്കുന്നതും ഭരണമെന്നത് സുതാര്യമാകുന്നതും അയിത്തജാതിക്കാർക്ക് പരാതി പറയാൻ ശബ്ദമുണ്ടാകുന്നതും മൺറോ മൂലമാണ്

സർവാധി കാര്യക്കാർ, കാര്യക്കാർ, പ്രവൃത്തിയാർ, മേൽക്കാർ തുടങ്ങി റവന്യൂ ഉദ്യോഗസ്ഥരെയും അവരവരുടെ അധികാരമേഖലയെയും നിജപ്പെടുത്തി. റവന്യൂവിൽ നിന്ന്​ ജുഡിഷ്യറിയെ വേർപ്പെടുത്തി. ഠാണകളെന്ന പൊലീസ് സ്റ്റേഷനുകളും പടിപടിയായ ഘടനയും അവക്കുമുണ്ടാക്കി. ശുചീന്ദ്രം കൈമുക്കും മുതലക്കുളത്തിലെ നീന്തലും പോലുള്ള പ്രാകൃത വിചാരണകളൊഴിവാക്കുകയും കുറ്റവാളികളെ ജാതിനോക്കാതെ വിചാരണ ചെയ്യുന്ന, തെളിവുകളും വാദങ്ങളും അവതരിപ്പിക്കുന്ന പുതിയ നീതിന്യായ വ്യവസ്ഥ കൊണ്ടുവരികയും ചെയ്​തു. അതിനായി ചട്ടവരിയോല എഴുതിയുണ്ടാക്കി. മാത്രമല്ല, അതിനായി ഒട്ടേറെ ജില്ലാ കോടതികളും ഹൊസൂർ കച്ചേരികളുംസ്ഥാപിച്ചു. മനുസ്മൃതിയും ധർമശാസ്ത്രങ്ങളുമറിയുന്ന ബ്രാഹ്മണർ മാത്രമായിരുന്നു അന്നുവരെ ജഡ്ജിമാർ. അവരോടൊപ്പം ക്രിസ്ത്യൻ ധാർമികതയുടെ പ്രാതിനിധ്യത്തിനായി ക്രിസ്ത്യൻ ജഡ്ജിയെക്കൂടി ഉൾപ്പെടുത്തി. കുറ്റങ്ങളും ശിക്ഷകളും രേഖപ്പെടുത്തി വ്യവസ്ഥപ്പെടുത്തി. കുറ്റത്തെയും ശിക്ഷയെയും കുറിച്ചുള്ള ആധുനിക യുക്തിയിലേക്ക് നമ്മുടെ നീതിന്യായ വ്യവസ്ഥ പരിവർത്തിക്കാനാരംഭിക്കുന്നത് ഇതിലൂടെയാണ്. ഉദ്യോഗസ്ഥരടക്കമുള്ളവരെ ഇതിനുവിധേയമാക്കുന്ന കർക്കശമായ വ്യവസ്ഥകളും മേൽനോട്ടങ്ങളും ദിവാൻ നടപ്പിലാക്കി.

കെ റെയിലിനേക്കാൾ മെച്ചമായ ഗതാഗത മാർഗം

പാർവതി പുത്തനാർ, ഒരു പഴയകാല ചിത്രം / Photo : keralaculture.org

ഭരണാവശ്യമുള്ള നികുതി കണ്ടെത്താൻ ജാതി മാനദണ്ഡമാക്കാതെ, സമ്പത്ത് മാനദണ്ഡമാക്കിയതിലൂടെ സവർണരിൽ നിന്നുകൂടി നികുതി സമാഹരിക്കുവാൻ സാധിച്ചു. മാത്രമല്ല, എല്ലാ ജാതിക്കാർക്കും കച്ചവടം ചെയ്യാൻ അനുവാദം നൽകിയതിലൂടെ ഭണ്ഡാരത്തിലേയ്ക്കും ജനങ്ങളിലേയ്ക്കും കൂടുതൽ സമ്പത്തു വന്നു ചേർന്നു. അതിന്റെ അഭിവൃദ്ധിക്ക്​ 12 ഓളം ചന്തകൾ മൺറോ സ്ഥാപിച്ചു. നായർ മുതലുള്ള ശൂദ്രജാതിക്കാർക്ക് സ്വർണവും വെളളിയും ആഭരണങ്ങളണിയുവാൻ വലിയ നികുതി നല്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞതിലൂടെ ആഭരണവ്യാപാരവും അഭിവൃദ്ധിപ്പെട്ടു. കൊല്ലത്തെ ചാമക്കടയിലുണ്ടായ തീപ്പിടുത്തം ആളിപ്പടരാനിടയാക്കിയത് ഓല മേഞ്ഞ കെട്ടിടങ്ങളാണെന്നു മനസ്സിലാക്കിയ മൺറോ, വീട്ടുകൾക്കും കടകൾക്കും ഓടുമേയാനുള്ള ജാതീയ വിലക്ക്​ എടുത്തുകളഞ്ഞു. തിരുവിതാംകൂറിലെ ഓടുവ്യവസായത്തെ അഭിവൃദ്ധിപ്പെടുത്തിയ നയമായിരുന്നു അത്.

കേരളത്തിൽ അവർണർക്കും പ്രവേശനമുള്ള ആദ്യ സ്‌കൂൾ 1818 ൽ ഇവിടെയാണ് മൺറോ തുടങ്ങിയത്. ഇ. എം. എസ് മന്ത്രിസഭ പോലും അവർണക്ക് പ്രത്യേക സ്‌കൂളുകളാണ് ആരംഭിച്ചതെന്നും ഓർക്കണം.

സിവിൽ സൊസൈറ്റി എന്ന കാഴ്ചപ്പാട് രൂപപ്പെടുന്നതും ഭരണകൂടവും പ്രജകളും തമ്മിൽ പരസ്പര ആശ്രിതത്വം വേണമെന്ന വിചാരം ഉടലെടുക്കുന്നതും ഭരണമെന്നത് സുതാര്യമാകുന്നതും അയിത്തജാതിക്കാർക്ക് പരാതി പറയാൻ ശബ്ദമുണ്ടാകുന്നതും മൺറോ മൂലമാണ്. പിരിച്ചെടുക്കേണ്ട കപ്പം സാധുക്കളുടെ മേൽ മാത്രം അടിച്ചേല്പിക്കുന്നതിനുപകരം വ്യവസായ- വ്യാപാര അഭിവൃദ്ധിയുണ്ടാക്കുവാനാണ് അയാൾ ശ്രമിച്ചത്. അതിനായി കൊല്ലം ചാമക്കട മുതൽ തിരുവനന്തപുരം വരെ നീളുന്ന ഒരു ആറ് (വർക്കല തുരങ്കം ഉൾപ്പെടെ) അയാൾ വിഭാവന ചെയ്തു. അതാണ് പാർവതി പുത്തനാർ. ഇടയിൽ അപൂർണമാണെങ്കിലും കഠിനംകുളം മുതൽ തിരുവനന്തപുരം വരെ അതിപ്പോഴും ഗതാഗത യോഗ്യമാണ്. അന്നത്തെ ചരക്കുവഞ്ചികളായ കേവുവള്ളങ്ങളിലൂടെ
കെ റെയിലിനേക്കാൾ മെച്ചമായ ഒരു ഗതാഗത മാർഗം, നമ്മുടെ പരിസ്ഥിതിക്കനുഗുണമായി മൺറോ സായിപ്പ് നടപ്പിലാക്കി. അതും കേവലം മൂന്നു വർഷം കൊണ്ട്.

ഡോ. പി. പൽപ്പു / Photo : Wikimedia Commons

തിരുവിതാംകൂറിൽ അന്ന്​ പടർന്നുപിടിച്ച വസൂരി രോഗത്തിനെതിരേ മുടിയേറ്റ് കളിച്ചുകൊണ്ടിരുന്ന നാട്ടിൽ, വാക്‌സിൻ ആദ്യമായി ഏർപ്പെടുത്തിയത് മൺറോയാണ്. പക്ഷേ, നാട്ടുകാർ വിശ്വാസപരമായ കാരണങ്ങളാൽ അതിനെ ഭയപ്പെട്ടു. അപ്പോൾ മൺറോയുടെ പ്രേരണയാൽ രാജ്ഞിയുൾപ്പെടെ കവടിയാർ കൊട്ടാരത്തിലെ ആളുകളാണ് ആദ്യം കുത്തിവെപ്പെടുത്തത്​. അങ്ങനെ തിരുവിതാംകൂറിൽ വാക്‌സിനേഷനും ആരോഗ്യരംഗവും പ്രബലമായി. പിൽക്കാലത്ത്​, ഡോ. പല്പു നിർഭയനായി മൈസൂരിൽ വസൂരിയെ എതിരിടാൻ പ്രാപ്തനായി! കോവാക്‌സിനെ നമ്മൾ നിർഭയം ഇന്ന് സ്വീകരിക്കാറായി!

പലനിലകളിലും ജാതി - മത പാരമ്പര്യബോധ്യങ്ങളിൽ രൂഢമൂലമായ ഒരു യാഥാസ്ഥിതിക സമൂഹത്തെ ആധനീകരിക്കുവാൻ പുതിയ ശാസ്ത്രബോധം ആവശ്യമാണെന്നും പുറത്തുനിന്നുള്ള അധികാരിക്കറിയാമായിരുന്നു. മാത്രമല്ല കോളനി രാജ്യങ്ങളെ തങ്ങളുടെ ചൊൽപ്പടിയിൽ നിറുത്തുവാൻ അവിടെ മിഷണറി പ്രവർത്തനവും വിദ്യാഭ്യാസ പ്രവർത്തനവും ആവശ്യമാണെന്ന് ബ്രിട്ടീഷ് ഗവണ്മെൻറ്​ ഇക്കാലത്ത് മനസ്സിലാക്കുകയും അതിനായി ഫണ്ട് അനുവദിക്കുകയും ചെയ്യുന്നുമുണ്ട്. അവർ ഇവിടെ നടത്തുന്ന പ്രവർത്തനങ്ങളെല്ലാം അവർക്കു നേട്ടമുണ്ടാക്കാനാണെന്നുള്ളതിൽ സംശയമില്ല. എന്നാൽ സ്വയം മനുഷ്യപദവി പോലുമില്ലാതിരുന്ന , ബ്രാഹ്മണരേയും പശുക്കളെയും സംരക്ഷിതമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന രാജാവിന്റെ കീഴിലുള്ള അടിമ - അയിത്ത ജീവികൾക്ക് മാനുഷിക പരിഗണന മിഷനറിമാറിൽ നിന്ന്​ കിട്ടി എന്നതുതന്നെ ആശ്വാസകരമായിരിക്കുമല്ലോ?

മലയാള ഭാഷയുടെ പിതാവ് എഴുത്തച്​ഛനാണെങ്കിൽ വളർത്തച്ഛൻ ബെയ്‌ലിയാണെന്ന് എം. ജി. എസ്. നാരായണൻ പറഞ്ഞത് പ്രസക്തമാണ്. അച്ചുകൂടം വരുന്നതോടുകൂടിയാണ് കീഴ് ജാതിക്കാർക്കും മാനക മലയാളം അഭിഗമ്യമായത്

അവർണർക്കും പ്രവേശനമുള്ള ആദ്യ സ്‌കൂൾ

വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക്​ മൺറോ ക്ഷണിച്ചു വരുത്തിയ റവ. തോമസ് നോർട്ടൺ ആണ് ആലപ്പുഴയിൽ അലഞ്ഞുതിരിഞ്ഞ കുട്ടികൾക്കായി ഇന്ത്യയിലാദ്യമായി ഒരു അനാഥാലയം ഉണ്ടാക്കിയത്​. (നാട്ടുപ്രമാണിമാർ അവരെ കണ്ടെങ്കിൽ ഒരണക്ക് അടിമയായി വിറ്റേനേ!) അവർക്ക് അയാൾ വിദ്യാഭ്യാസം നല്കി, അവിടെ ഗ്രാമർ സ്‌കൂൾ സ്ഥാപിച്ചു. പിന്നീട് കോട്ടയത്തെ സി.എം.എസ്​ കോളജിലേയ്ക്ക് വിദ്യാർഥികളെ ചേർത്തതും ഗ്രാമർ സ്‌കൂളുകളിൽ നിന്നായിരുന്നു. അവിടെ പ്രിൻസിപ്പലായി മൺറോ ക്ഷണിച്ചു വരുത്തിയ പണ്ഡിതനാണ് ബെഞ്ചമിൻ ബെയ്‌ലി. അദ്ദേഹമാണ് ബൈബിൾ മലയാളത്തിലേക്ക് മൊഴിമാറ്റിയതും അതിനായി ഒരച്ചുകൂടം ലണ്ടനിൽ നിന്ന്​ ഇറക്കുമതി ചെയ്തതും, അച്ചടിക്കാനുള്ള ഫോണ്ടുകൾ നാട്ടാശാരിമാരെക്കൊണ്ട് ഉണ്ടാക്കിച്ചതും. (അതിനായി പ്രിൻസിപ്പൽ സ്ഥാനംപോലും ഒഴിഞ്ഞു!). മലയാള ഭാഷയുടെ പിതാവ് എഴുത്തച്​ഛനാണെങ്കിൽ വളർത്തച്ഛൻ ബെയ്‌ലിയാണെന്ന് എം. ജി. എസ്. നാരായണൻ പറഞ്ഞത് പ്രസക്തമാണ്. അച്ചുകൂടം വരുന്നതോടുകൂടിയാണ് കീഴ് ജാതിക്കാർക്കും മാനക മലയാളം അഭിഗമ്യമായത്, പല കോപ്പികളാൽ വ്യാപകമായത്.

ബെഞ്ചമിൻ ബെയ്‌ലി / Photo : britlitsurvey2.files.wordpress.com

മൺറോയുടെ നേതൃത്വത്തിൽ ധാരാളം ഇംഗ്ലീഷ് സ്‌കൂളുകൾ സ്ഥാപിതമായി. ദലിതർക്ക് വിദ്യാഭ്യാസം ലഭിച്ചു. (ഇംഗ്ലീഷ് സ്‌കൂളുകൾ ബ്രിട്ടീഷ് കൊളോണിയൽ വാഴ്ച ഉറപ്പിക്കാനുള്ള എളുപ്പ വഴിയാണെന്ന പ്രചാരണം അന്ന് അഴിച്ചുവിട്ടത് ഇവിടുത്തെ ഫ്രഞ്ചുകാരായിരുന്നു. ഹെലൻ ദ്വീപിലേയ്ക്ക് നെപ്പോളിയനെ നാടുകടത്തിയതിലുള്ള വിരോധമായിരുന്നു അതിന്റെ ഹേതു. അടുത്തകാലത്തെ ചില സവർണ പോസ്റ്റ്​ കൊളോണിയൽ ചിന്തകരുടെ അഭിപ്രായത്തിൽ അടിമത്തത്തെ കേവലം വർഗവൈരുദ്ധമായും തൊഴിലാളി ചൂഷണമായും വിവരിക്കുകയും ജാതീയ ഉള്ളടക്കം മറന്ന് രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.) മൺറോ ഭരണം മൂലം ഖജനാവ് സമ്പന്നമാവുകയും ബ്രിട്ടീഷ് കമ്പനിയ്ക്കായുള്ള പത്തു ലക്ഷം കപ്പം അടച്ചു തീർക്കപ്പെടുകയും ചെയ്തതിനാൽ സി.എം.എസ്​ കോളജിന് ഗ്രാന്റുകളും അതിന്റെ നിത്യനിദാന ചെലവിന്​ മൺറോതുരുത്തും 1819 - ൽ റാണി പാർവതി ഭായി അനുവദിച്ചു.

നവോത്ഥാനം എന്നത് ജാതി- സമുദായ പരിഷ്‌കരണത്തിനപ്പുറം വിപുലമായ മാനവിക ഉണർവാണെങ്കിൽ അതിനിവിടെ വിത്തിട്ടത് കേണൽ ജോൺ മൺറോയാണ്. സമരമായിരുന്നില്ല, ഭരണമായിരുന്നു അതിന്റെ വഴി

തൊട്ടുമുൻപുള്ള വർഷം കല്ലടയാറിലെ വെള്ളപ്പൊക്കത്താൽ, മൂന്നു ഭാഗവും വെളളത്താൽ ചുറ്റപ്പെട്ട എക്കൽ ഭൂമിയായ കണ്ടൽക്കാട് മുങ്ങിപ്പോയിരുന്നു. മുതിരപ്പറമ്പു മുതൽ നീറ്റുംതുരുത്തിലൂടെ കൺട്രാങ്കാണിയും കഴിഞ്ഞ് അഷ്ടമുടിക്കായലിലേക്ക് ഒരു കനാലുവെട്ടി വെള്ളം അതിലൂടെ നീണ്ടകര വഴി അറബിക്കടലിലേയ്ക്ക് ഒഴുക്കി, കരയെ രക്ഷിച്ചത് മൺറോയാണ്. അതിനാലത് മൺറോ തുരുത്തെന്ന് അറിയപ്പെട്ടു. നാട്ടിലെ നാനാഭാഗത്തുനിന്നുമുള്ള അടിമകളായ ജനങ്ങളെ കേണൽ മൺറോ അവിടേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. 1833 മാർച്ച് എട്ടാം തിയതി വില്ലി മംഗലത്തെ മൺറോ ബംഗ്ലാവിന്റെ മുന്നിൽ നിറുത്തി മിഷനറി പിറ്റ്, അവർ സ്വതന്ത്രരാണെന്ന് പ്രഖ്യാപിക്കുകയും അവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുകയും ചെയ്തു. അപ്പോഴും അവർക്കാർക്കും അതിന്റെ അർഥം ശരിക്കും മനസ്സിലായില്ല. ഇവിടെ തിരുവിതാംകൂറിന്റെ നിയമമല്ലെന്നും നിങ്ങൾക്ക് സ്വന്തം ഭൂമിയുടെ ഉടമസ്ഥതയുണ്ടെന്നും അതിൽ അധ്വാനിക്കാമെന്നും പറഞ്ഞു. അവർക്ക് ഭൂമി അളന്നുകൊടുക്കാൻ ചകിരികാപ്പ് (കൊട്ടുവടി ) കൊണ്ട് മണ്ണ് അളന്നു തിട്ടപ്പെടുത്തിക്കൊടുത്തു. 1930 ൽ റാണി ഭൂമി സി.എം.എസിൽനിന്ന്​തിരിച്ചെടുക്കുകയും പകരം 5000 രൂപ പ്രതിവർഷം നല്കാമെന്നു വ്യവസ്ഥ ചെയ്യുകയും ചെയ്തു. എന്നാൽ, 1962 ൽ ലോക്​സഭയിൽ പ്രതിപക്ഷ നേതാവായ എ.കെ.ജി ഉന്നയിച്ച ആക്ഷേപത്തെത്തുടർന്ന് നെഹ്രു അത് നിർത്തി.
കേരളത്തിൽ അവർണർക്കും പ്രവേശനമുള്ള ആദ്യ സ്‌കൂൾ 1818 ൽ ഇവിടെയാണ് മൺറോ തുടങ്ങിയത്. (ഇ. എം. എസ് മന്ത്രിസഭ പോലും അവർണക്ക് പ്രത്യേക സ്‌കൂളുകളാണ് ആരംഭിച്ചതെന്നും ഓർക്കണം.) കൊച്ചി ദിവാനായും മൺറോ പ്രവർത്തിച്ചതിനാൽ തിരുവിതാംകൂറിലേതിനു സമാനമായ ഒട്ടേറെ പരിഷ്‌കാരങ്ങൾ വരുത്തുവാനും അയാൾക്കായി. മലബാർ അവരുടെ നേരിട്ടുള്ള അധീനതയിലുമായിരുന്നല്ലോ. തന്മൂലം ഐക്യരൂപ്യമുള്ള ഒരു ജ്ഞാനമണ്ഡലവും ഭരണസമ്പ്രദായങ്ങളും ഐക്യകേരളത്തിനുമുമ്പു തന്നെ ഇവിടെ രൂപമെടുക്കുന്നുമുണ്ട്.

മൺറോ തുരുത്ത് / Photo : Aneesh Thaiparambil, Fb Page

സമരമല്ല, ഭരണം

നീതിന്യായം , ഭരണവ്യവസ്ഥ, സയൻസ് വിദ്യാഭ്യാസം, സർക്കാർ സർവീസ്, ഗതാഗതം, വ്യവസായം , അച്ചടി, ജനക്ഷേമ പ്രവർത്തനങ്ങൾ, മത- ജാത്യാതീത രാഷ്ട്രീയം, മാമൂലുകളുടെ നിരാകരണം, പൊതുമണ്ഡല രൂപീകരണം, പൗരബോധം, മനുഷ്യരെല്ലാം തുല്യരെന്ന ബോധ്യം എന്നിവകളിലെല്ലാമുള്ള നടപ്പുശീലങ്ങളെ തിരുത്തുകയും പുതിയൊരു ജ്ഞാനമണ്ഡലം രൂപപ്പെടുത്തുകയും ചെയ്തത് കേണൽ ജോൺ മൺറോ എന്ന ദിവാനാണ്. അദ്ദേഹം അടിത്തറയിട്ട ഈ ബോധ്യത്തിലാണ് വൈകുണ്ഡസ്വാമിയും ചട്ടമ്പിസ്വാമിയും വേലായുധപ്പണിക്കരും അയ്യങ്കാളിയും നാരായണഗുരുവും വക്കം അബ്ദുൾ ഖാദറും ഒരു പക്ഷേ, മലബാറിലെ വി.ടി പോലും രൂപപ്പെടുന്നത്. അവർക്കെല്ലാം സാമൂഹ്യജീവിതത്തിൽ മനുഷ്യരെല്ലാം തുല്യരെന്ന പ്രത്യക്ഷാനുഭവം (ദാർശനികമായ അദ്വൈത ബോധ്യമല്ലാതെ ) ഉണ്ടായത് ഈ ചരിത്രസന്ധിയിലാണ്. കേരളീയ / ഇന്ത്യൻ നവോത്ഥാനത്തിന്റെ ആധാരശില തിരുവിതാംകൂർ ആകുന്നതിന് പ്രധാന കാരണവും മൺറോ ആവാം!

പുറത്തുനിന്ന്​ നോക്കുമ്പോഴേ കുളത്തെയും തവളയുടെ സ്വാതന്ത്ര്യത്തെയും വിലയിരുത്താനാവുകയുള്ളു. അത് സത്യസന്ധമായി ഗ്രഹിച്ചതിനാലാണ് ‘നമുക്ക് സന്യസിക്കുവാൻ സ്വാതന്ത്ര്യം തന്നത് പാശ്ചാത്യരാണ്' എന്ന് ശ്രീനാരായണഗുരു പറഞ്ഞത്! നവോത്ഥാനം എന്നത് ജാതി- സമുദായ പരിഷ്‌കരണത്തിനപ്പുറം വിപുലമായ മാനവിക ഉണർവാണെങ്കിൽ അതിനിവിടെ വിത്തിട്ടത് കേണൽ ജോൺ മൺറോയാണ്. സമരമായിരുന്നില്ല, ഭരണമായിരുന്നു അതിന്റെ വഴി എന്ന വ്യത്യാസം മാത്രം!
സി.കേശവനെപ്പോലുള്ള മനീഷിക്കത് ദീർഘദർശനം ചെയ്യാനായി.▮

റഫറൻസ്: 1. ഓട്ടുമല റോബിൻസൺ, കേണൽ ജോൺ മൺറോ, 2021. 2. വിനിൽ പോൾ, അടിമ കേരളത്തിന്റെ ചരിത്രം, 2021.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എൽ. തോമസ് കുട്ടി

കവി, നാടകകൃത്ത്, സംവിധായകൻ. കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം അധ്യക്ഷനായിരുന്നു. ക്ഷ-റ, തെരഞ്ഞെടുത്ത കവിതകൾ, കറുത്ത ചിരിയുടെ അരങ്ങ്, ജൈവ നാടകവേദി, മലയാള നാടകരംഗം: പ്രമാണവും പ്രയോഗവും, പരിസര കവിത തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments