മുസിരിസിൽ നിന്ന്
കീഴടിയിലേക്ക്;
ചരിത്രത്തിന്റെ രണ്ടു തീരങ്ങളെ തൊട്ടൊരു യാത്ര

ദക്ഷിണേന്ത്യൻ നാഗരികതയുടെ മഹത്തായ രണ്ട് ചരിത്രയിടങ്ങളിലൂടെ നടത്തിയ യാത്ര. മുസിരിസിൽനിന്ന് തമിഴ്നാട്ടിലെ കീഴടിയിലേക്ക് കൊടുങ്ങല്ലൂർ ടി.എൻ. ജോയ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചരിത്രയാത്രയുടെ അനുഭവം എഴുതുന്നു, മനോജ് വി. കൊടുങ്ങല്ലൂർ.

യാത്രകൾ പലപ്പോഴും സ്ഥലങ്ങളെ മാത്രം ബന്ധിപ്പിക്കുന്നില്ല; അവ കാലങ്ങളെയും സംസ്കാരങ്ങളെയും മനുഷ്യചരിത്രത്തിന്റെ മറന്നുപോയ അധ്യായങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആത്മാനുഭവങ്ങളായി മാറാറുണ്ട്. തമിഴ്നാട്ടിലെ കീഴടിയിലേക്കുള്ള ഞങ്ങളുടെ യാത്ര അത്തരത്തിലൊന്നായിരുന്നു. കാരണം, ഞങ്ങൾ യാത്ര ആരംഭിച്ചത് ഒരു സാധാരണ നാട്ടിൽ നിന്നല്ല- ലോകചരിത്രത്തിന്റെ ഭൂപടത്തിൽ തിളങ്ങി നിൽക്കുന്ന പുരാതന തുറമുഖനഗരമായ മുസിരിസിന്റെ മണ്ണിൽ നിന്നാണ്.

അതുകൊണ്ടുതന്നെ മുസിരിസിൽ നിന്ന് കീഴടിയിലേക്കുള്ള ഈ യാത്ര ഞങ്ങൾക്ക് കേവലം വിനോദസഞ്ചാരമല്ലായിരുന്നു; മറിച്ച് ദക്ഷിണേന്ത്യൻ നാഗരികതയുടെ രണ്ട് മഹത്തായ ചരിത്രധാരകളെ തമ്മിൽ ബന്ധിപ്പിച്ച ആത്മാന്വേഷണ യാത്രയായി അനുഭവപ്പെട്ടു.

2026 മെയ് 7, 8 തീയതികളിൽ കൊടുങ്ങല്ലൂർ ടി.എൻ. ജോയ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പതിനാലംഗ സംഘത്തോടൊപ്പമായിരുന്നു ഈ ചരിത്രയാത്ര. യാത്രയ്ക്കു മുന്നോടിയായി മെയ് 5-ന് കൊടുങ്ങല്ലൂരിൽ വെച്ച് സംഘടിപ്പിച്ച 'കീഴടിയും പട്ടണവും തെന്നിന്ത്യൻ സാംസ്കാരിക ചരിത്രവും' എന്ന വിഷയത്തിലുള്ള പ്രഭാഷണവും സംവാദവും ഈ യാത്രയ്ക്ക് ഒരു ബൗദ്ധിക അടിത്തറ ഒരുക്കി. കാലടി ശ്രീശങ്കര സർവകലാശാലയിലെ ചരിത്ര ഗവേഷകൻ ഡോ. അജയ് ശേഖർ നേതൃത്വം നൽകിയ സംവാദം, മുസിരിസും കീഴടിയും വെറും പുരാവസ്തുകേന്ദ്രങ്ങളല്ല, ദക്ഷിണേന്ത്യൻ ചരിത്രത്തെ പുതുതായി വായിക്കാനുള്ള നിർണായക വാതിലുകളാണെന്ന തിരിച്ചറിവ് കൂടുതൽ ആഴപ്പെടുത്തി.

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ അനന്യ സ്ഥാനമുള്ള കൊടുങ്ങല്ലൂർ – മുസിരിസ് പ്രദേശത്ത് നിന്നാരംഭിച്ച യാത്ര, വൈഗ നദീതടത്തിലെ പുരാതന നഗരസംസ്കാരമായ കീഴടിയിലേക്കെത്തുമ്പോൾ, അത് രണ്ട് മഹാനാഗരികതകളുടെ സംവാദം പോലെ തോന്നി.

കൊടുങ്ങല്ലൂർ ടി.എൻ. ജോയ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കീഴടിയിലേക്ക് നടത്തിയ യാത്രയിൽ പ​ങ്കെടുത്തവർ.
കൊടുങ്ങല്ലൂർ ടി.എൻ. ജോയ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കീഴടിയിലേക്ക് നടത്തിയ യാത്രയിൽ പ​ങ്കെടുത്തവർ.

മുസിരിസ്: കടലിലൂടെ
ലോകത്തെ ബന്ധിപ്പിച്ച നഗരം

മുസിരിസ്- ചരിത്രകാരന്മാർ പറയുന്നതുപോലെ, റോമിനെയും അറേബ്യയെയും ഈജിപ്തിനെയും ഇന്ത്യയുമായി ബന്ധിപ്പിച്ചിരുന്ന പുരാതന സമുദ്രവ്യാപാരകേന്ദ്രം. ഇന്നത്തെ കൊടുങ്ങല്ലൂർ–പറവൂർ പ്രദേശങ്ങളോട് ചേർന്നുനിന്നിരുന്ന ഈ തുറമുഖനഗരം ഒരുകാലത്ത് ലോകവ്യാപാരത്തിന്റെ പ്രധാന ഹൃദയമായിരുന്നു.

സംഘകാല സാഹിത്യങ്ങളിലും ഗ്രീക്ക്- റോമൻ യാത്രാവിവരണങ്ങളിലും മുസിരിസിനെക്കുറിച്ചുള്ള പരാമർശങ്ങൾ ധാരാളമായി കാണാം. 'പെരിപ്ലസ് ഓഫ് ദ എരിത്രിയൻ സീ' പോലുള്ള ഗ്രന്ഥങ്ങൾ മുസിരിസിനെ ഇന്ത്യൻ മഹാസമുദ്ര വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി രേഖപ്പെടുത്തുന്നു.

റോമൻ നാണയങ്ങൾ, ആംഫോറകൾ, അറേബ്യൻ മൺപാത്രങ്ങൾ, മുത്തുകൾ, ഗ്ലാസ് വസ്തുക്കൾ, തുറമുഖാവശിഷ്ടങ്ങൾ, ജലനിർമാർജന സംവിധാനങ്ങൾ തുടങ്ങി പട്ടണം ഉദ്ഖനനത്തിൽ നിന്ന് കണ്ടെത്തിയ പുരാവസ്തുക്കൾ കേരളത്തിന്റെ ചരിത്രത്തെ പുതിയ രീതിയിൽ വായിക്കാൻ ലോകത്തെ നിർബന്ധിതരാക്കി.

2007-ൽ കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (KCHR) നേതൃത്വത്തിൽ ഡയറക്ടറായിരുന്ന ഡോ. പി. ജെ. ചെറിയാന്റെ നേതൃത്വത്തിൽ ആരംഭിച്ച പട്ടണം ഖനനം, മുസിരിസ് ചെറിയ തുറമുഖമല്ലായിരുന്നുവെന്നും ലോകവുമായി നിരന്തരസംവാദത്തിലേർപ്പെട്ടിരുന്ന മഹാനഗര സംസ്കാരമായിരുന്നു എന്ന് തെളിയിച്ചു. അതിലും പ്രധാനമായി, മുസിരിസ് നമ്മെ പഠിപ്പിക്കുന്നത് കേരളം ഒരിക്കലും ഒറ്റപ്പെട്ട ഭൂപ്രദേശം ആയിരുന്നില്ല എന്ന സത്യമാണ്.

ബൗദ്ധ, ജൈന, യഹൂദ, ക്രിസ്ത്യൻ, മുസ്ലിം സാന്നിധ്യങ്ങളുടെ തെളിവുകൾ ഈ മണ്ണിൽ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയും ആദ്യ ക്രിസ്ത്യൻ പാരമ്പര്യങ്ങളും യഹൂദ സിനഗോഗുകളും ഈ പ്രദേശത്തിന്റെ ചരിത്രവുമായി ചേർന്നുനിൽക്കുന്നു. അതായത്, മുസിരിസ് ഒരു തുറമുഖം മാത്രമല്ല; ദക്ഷിണേന്ത്യൻ ബഹുസ്വരതയുടെ ജീവനുള്ള ചരിത്രമാണ്. അതുകൊണ്ടുതന്നെ മുസിരിസിന്റെ മണ്ണിൽ നിന്നാരംഭിച്ച കീഴടി യാത്രയ്ക്ക് പ്രത്യേക ചരിത്രബന്ധമുണ്ട്.

മുസിരിസ് കടലിനെ ആശ്രയിച്ച വ്യാപാര നാഗരികതയുടെ പ്രതീകമാണെങ്കിൽ, കീഴടി നദീതട നഗരസംസ്കാരത്തിന്റെ പ്രതീകമാണ്. രണ്ടും ചേർന്നാൽ ദക്ഷിണേന്ത്യൻ നാഗരികതയുടെ സമഗ്രചിത്രം നമുക്കു മുന്നിൽ തെളിഞ്ഞുവരുന്നു.

പൗരാണികതയുടെ ഹൃദയമായ മധുര, ദക്ഷിണേന്ത്യയിലെ പുതിയ 'ഹിന്ദുത്വ' വിവാദ ദേശമായ (രാമജന്മഭൂമി പ്രശ്നം പോലെയാകാൻ സാധ്യതയുള്ള) തിരുപ്പരൻകുണ്ഡ്രം, ഹിന്ദുത്വ പ്രതിരോധ രാഷ്ട്രീയത്തിന്റെ ചരിത്രഭൂമിക- കീഴടി ഇവയെല്ലാമായിരുന്നു ഞങ്ങളുടെ സന്ദർശന ലക്ഷ്യങ്ങൾ.

ഏഴാം തീയതി അതിരാവിലെ യാത്ര ആരംഭിച്ചു. തുടക്കത്തിൽ തന്നെ എല്ലാവരുടെയും മനസ്സിൽ ഒരു പ്രത്യേക ആവേശം ദൃശ്യമായിരുന്നു- ചരിത്രത്തിന്റെ മണ്ണിലൂടെ നടക്കാനിരിക്കുന്ന അനുഭവത്തിന്റെ പ്രതീക്ഷ. ദീർഘ യാത്രയ്ക്കൊടുവിൽ ഉച്ചയോടെ മധുരയിലെത്തി. തമിഴ്നാട്ടിന്റെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന മധുരയുടെ ആദ്യ കാഴ്ച തന്നെ പൗരാണികഭംഗി നിറഞ്ഞതായിരുന്നു.

തിരുമലൈ നായ്ക്കർ മഹൽ;
പൗരാണിക വാസ്തുശില്പ സ്മാരകം

ദക്ഷിണേന്ത്യൻ ചരിത്രത്തിൻ്റെയും വാസ്തുശില്പ പാരമ്പര്യത്തിൻ്റെയും മഹത്തായ സ്മാരകങ്ങളിൽ ഒന്നാണ് മധുരയിലെ തിരുമലൈ നായ്ക്കർ മഹൽ. 17-ാം നൂറ്റാണ്ടിൽ മധുര നായ്ക്ക രാജവംശത്തിലെ ശക്തനായ ഭരണാധികാരിയായ തിരുമലൈ നായ്ക്കർ മഹൽ നിർമ്മിച്ച ഈ കൊട്ടാരം, തമിഴ്നാട്ടിലെ ഏറ്റവും ശ്രദ്ധേയമായ ചരിത്രസ്മാരകങ്ങളിലൊന്നായി ഇന്നും നിലകൊള്ളുന്നു.

ദ്രാവിഡ, ഇസ്ലാമിക്, രാജസ്ഥാനി ശൈലികളുടെ അപൂർവ സംഗമമാണ് ഈ മഹലിന്റെ വാസ്തുശില്പത്തിൽ കാണാൻ കഴിയുന്നത്. 1636-ഓടെയാണ് തിരുമലൈ നായ്ക്കർ ഈ മഹൽ നിർമ്മിപ്പിച്ചത്. മധുരയെ രാഷ്ട്രീയ- സാംസ്കാരിക കേന്ദ്രമാക്കി ഉയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അന്ന് ഈ കൊട്ടാരനിർമാണം. ഭരണകാര്യങ്ങൾ, രാജസഭ, കലാപരിപാടികൾ, ഉത്സവങ്ങൾ എന്നിവയ്ക്കായി ഉപയോഗിച്ചിരുന്ന മഹൽ ഒരുകാലത്ത് ഇന്നുള്ളതിനേക്കാൾ നാലിരട്ടി വിസ്തൃതിയുള്ളതായിരുന്നുവെന്നാണ് ചരിത്രകാരർ പറയുന്നത്. പിന്നീടുണ്ടായ യുദ്ധങ്ങളും ഭരണപരമായ മാറ്റങ്ങളും കാരണം വലിയൊരു ഭാഗം നശിച്ചുപോയെങ്കിലും ശേഷിച്ച ഭാഗങ്ങൾ ഇന്നും പഴയ മഹത്വം ഓർമ്മിപ്പിക്കുന്നു.

മഹലിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് അതിന്റെ ഭീമാകാര തൂണുകൾ. ഏകദേശം 20 മീറ്ററിലധികം ഉയരമുള്ള വൻതൂണുകൾ ചുണ്ണാമ്പ്, മുട്ടവെള്ള, കരിപ്പട്ടി തുടങ്ങിയ പരമ്പരാഗത നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ശില്പകലയുടെ സൂക്ഷ്മതയും സമമിതിയും സന്ദർശകരെ ഇന്നും അത്ഭുതപ്പെടുത്തുന്നു. വിശാലമായ നടുമുറ്റം, അലങ്കാര കമാനങ്ങൾ, ഭംഗിയാർന്ന മേൽക്കൂരകൾ, ശില്പ അലങ്കാരങ്ങൾ എന്നിവ മഹലിന്റെ രാജകീയത വ്യക്തമാക്കുന്നു.

മഹലിന്റെ ഏറ്റവും പ്രശസ്തമായ ഭാഗമാണ് 'സ്വർഗ്ഗവിലാസം' എന്നറിയപ്പെടുന്ന രാജസഭാമണ്ഡപം. രാജാവ് പൊതുജനങ്ങളെയും മന്ത്രിമാരെയും അഭിസംബോധന ചെയ്തിരുന്നത് ഇവിടെ നിന്നായിരുന്നത്രെ. രാത്രികളിൽ ദീപങ്ങളാൽ പ്രകാശിതമായിരുന്ന ഈ മണ്ഡപം അന്നത്തെ മധുരയുടെ രാഷ്ട്രീയ-സാംസ്കാരിക ജീവിതത്തിന്റെ കേന്ദ്രമായിരുന്നു. സംഗീതം, നൃത്തം, നാടകങ്ങൾ തുടങ്ങിയ കലാപരിപാടികൾക്കും മഹൽ വേദിയായിട്ടുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് ഈ മഹലിന്റെ ചില ഭാഗങ്ങൾ സർക്കാർ ഓഫീസുകളായും കോടതികളായും ഉപയോഗിക്കപ്പെട്ടിരുന്നു. പിന്നീട് പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലായ മഹൽ നവീകരണ പ്രവർത്തനങ്ങളിലൂടെ പഴയ ഭംഗിയുടെ ഒരു ഭാഗമെങ്കിലും വീണ്ടെടുത്തു. ഇന്ന് തമിഴ്നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ തിരുമലൈ നായ്ക്കർ മഹൽ, മധുര സന്ദർശിക്കുന്നവരുടെ പ്രധാന ആകർഷണമായി തുടരുന്നു. ചരിത്രവും കലയും വാസ്തുശില്പപാരമ്പര്യവും ഒരുമിച്ച് ചേർന്ന അപൂർവ സ്മാരകമാണിത്. മധുരയുടെ സാംസ്കാരിക ഐഡന്റിറ്റിയുടെ ഭാഗമായി നിലകൊള്ളുന്ന ഈ കൊട്ടാരം, ദക്ഷിണേന്ത്യൻ രാജവംശങ്ങളുടെ ശക്തിയും കലാപാരമ്പര്യത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ്.

തിരുപ്പരൻകുണ്ഡ്രം;
സഹവർത്തിത്വത്തിന്റെ മണ്ണിൽ
വീഴുന്ന നിഴലുകൾ

മധുരയ്ക്ക് സമീപമുള്ള തിരുപ്പരങ്കുണ്ഡ്രം സന്ദർശനം ഞങ്ങളുടെ യാത്രയ്ക്ക് മറ്റൊരു രാഷ്ട്രീയ– ചരിത്ര ആഴം കൂടി നൽകി. പാറമലകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം നൂറ്റാണ്ടുകളായി ഹിന്ദു, ജൈന, മുസ്ലിം പാരമ്പര്യങ്ങളുടെ സംഗമഭൂമിയാണ്.

തമിഴ് വിശ്വാസപ്രകാരം മുരുകന്റെ ആറുപടൈ വീടുകളിൽ ഒന്നായ തിരുപ്പരൻകുണ്ഡ്രം, പാറ തുരന്ന് നിർമ്മിച്ച ക്ഷേത്രവാസ്തുവിദ്യയുടെയും സംഘകാല പാരമ്പര്യത്തിന്റെയും പ്രതീകമാണ്. അതോടൊപ്പം ജൈന സന്യാസിമാരുടെ ഗുഹകളും സുൽത്താൻ സിക്കന്ദർ ബാദുഷായുടെ ദർഗയും ഈ പ്രദേശത്തെ ബഹുസ്വര പൈതൃകത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നു.

എന്നാൽ സമീപകാലത്ത് ഈ പ്രദേശം പുതിയ രാഷ്ട്രീയ– മത വിവാദങ്ങളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ചില ഹിന്ദുത്വ സംഘടനകൾ തിരുപ്പരൻകുണ്ഡ്രത്തെ 'ശുദ്ധ ഹിന്ദു തീർത്ഥകേന്ദ്രം' എന്ന രീതിയിൽ പുനർനിർവചിക്കാൻ ശ്രമിക്കുകയും, ദർഗയും പരിസരപ്രദേശങ്ങളും 'പ്രാചീന ഹിന്ദു പൈതൃകത്തിന്റെ ഭാഗം' എന്ന് അവകാശപ്പെടുകയും ചെയ്തതോടെ ഇവിടം സംഘർഷങ്ങൾ ശക്തമായി.

ചരിത്രപരമായി സഹവർത്തിത്വത്തോടെ നിലനിന്നിരുന്ന ഇടങ്ങളെ ഏകമതീയ ആഖ്യാനങ്ങളിലേക്ക് ചുരുക്കാനുള്ള ശ്രമങ്ങൾ സോഷ്യൽ മീഡിയയിലൂടെയും രാഷ്ട്രീയ വേദികളിലൂടെയും ശക്തമായി മുന്നോട്ടുപോകുന്നതായി അവിടെ എത്തുമ്പോൾ വ്യക്തമായി ഞങ്ങൾക്ക് അനുഭവപ്പെട്ടു.

മുസിരിസ് പോലെ തന്നെ തിരുപ്പരൻകുണ്ഡ്രവും ഒരുകാലത്ത് സംവാദങ്ങളുടെയും സഹവർത്തിത്വത്തിന്റെയും ഇടമായിരുന്നു. എന്നാൽ ഇന്ന് ആ ചരിത്രത്തിന്മേൽ വിഭജന രാഷ്ട്രീയത്തിന്റെ നിഴൽ വീഴുന്നതായി കാണുമ്പോൾ വലിയ അസ്വസ്ഥത തോന്നി.

തിരുപ്പരൻകുണ്ഡ്രം ക്ഷേത്രം. തമിഴ് വിശ്വാസപ്രകാരം മുരുകന്റെ ആറുപടൈ വീടുകളിൽ ഒന്നായ തിരുപ്പരൻകുണ്ഡ്രം, പാറ തുരന്ന് നിർമ്മിച്ച ക്ഷേത്രവാസ്തുവിദ്യയുടെയും സംഘകാല പാരമ്പര്യത്തിന്റെയും പ്രതീകമാണ്.
തിരുപ്പരൻകുണ്ഡ്രം ക്ഷേത്രം. തമിഴ് വിശ്വാസപ്രകാരം മുരുകന്റെ ആറുപടൈ വീടുകളിൽ ഒന്നായ തിരുപ്പരൻകുണ്ഡ്രം, പാറ തുരന്ന് നിർമ്മിച്ച ക്ഷേത്രവാസ്തുവിദ്യയുടെയും സംഘകാല പാരമ്പര്യത്തിന്റെയും പ്രതീകമാണ്.

മധുര മീനാക്ഷി അമ്മൻ കോവിൽ;
ദക്ഷിണേന്ത്യൻ വാസ്തുവിദ്യയുടെ
അതുല്യ സൃഷ്ടി

അന്നത്തെ സായാഹ്നം ചെലവഴിച്ചത് പ്രധാനമായും മീനാക്ഷി അമ്മൻ ക്ഷേത്രത്തിലായിരുന്നു. നൂറുക്കണക്കിന് വർഷങ്ങളുടെ ചരിത്രവും കലാസൗന്ദര്യവും ചേർന്നുനിൽക്കുന്ന ആ ക്ഷേത്രം ദക്ഷിണേന്ത്യൻ വാസ്തുവിദ്യയുടെ അതുല്യമായ സൃഷ്ടികളിലൊന്നാണ്. കരിങ്കൽ ഗോപുരങ്ങളും ഓരോ തൂണിലുമുള്ള സൂക്ഷ്മ കൊത്തുപണികളും പുരാതന ശില്പകലയുടെ മഹത്വം വിളിച്ചോതുന്നവയായിരുന്നു. എന്നാൽ ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണപ്രവർത്തനങ്ങളും ചായംപൂശലുകളും പലയിടങ്ങളിലും പഴമയുടെ മാറ്റ് കുറച്ചിട്ടുണ്ട്. എങ്കിലും മധുര സന്ദർശനം ദക്ഷിണേന്ത്യൻ സംസ്കാരത്തിന്റെ ആത്മാവിനെ സ്പർശിച്ചറിയാനുള്ള വലിയൊരു അനുഭവമായി മാറി.

മീനാക്ഷി അമ്മൻ ക്ഷേത്രം. നൂറുക്കണക്കിന് വർഷങ്ങളുടെ ചരിത്രവും കലാസൗന്ദര്യവും ചേർന്നുനിൽക്കുന്ന ആ ക്ഷേത്രം ദക്ഷിണേന്ത്യൻ വാസ്തുവിദ്യയുടെ അതുല്യമായ സൃഷ്ടികളിലൊന്നാണ്. .
മീനാക്ഷി അമ്മൻ ക്ഷേത്രം. നൂറുക്കണക്കിന് വർഷങ്ങളുടെ ചരിത്രവും കലാസൗന്ദര്യവും ചേർന്നുനിൽക്കുന്ന ആ ക്ഷേത്രം ദക്ഷിണേന്ത്യൻ വാസ്തുവിദ്യയുടെ അതുല്യമായ സൃഷ്ടികളിലൊന്നാണ്. .

കീഴടി: മണ്ണിനടിയിൽ ഉറങ്ങിയിരുന്ന
നഗരസംസ്കാരം

അടുത്ത ദിവസം പ്രഭാതത്തിലെ പ്രധാന ലക്ഷ്യം കീഴടിയിലേക്കുള്ള യാത്രയായിരുന്നു.

മധുരയിൽ നിന്ന് ശിവഗംഗ ജില്ലയിലേക്കുള്ള യാത്രയിൽ വൈഗ നദീതടത്തിന്റെ ശാന്തത എല്ലാവരെയും ആകർഷിച്ചു. യാത്ര കീഴടി ഗ്രാമത്തിലെത്തിയപ്പോൾ ആദ്യം മനസ്സിൽ നിറഞ്ഞത് അവിടുത്തെ നിശ്ശബ്ദതയായിരുന്നു. എന്നാൽ ആ മണ്ണിനടിയിൽ 2,600 വർഷത്തിലേറെ പഴക്കമുള്ള ഒരു നഗരസംസ്കാരം ഉറങ്ങിക്കിടക്കുന്നു എന്ന തിരിച്ചറിവ് ആ നിശ്ശബ്ദതയെ കൂടുതൽ ഗൗരവമുള്ളതാക്കി.

കീഴടി ചരിത്ര മ്യൂസിയവും ഖനനകേന്ദ്രവും തുറക്കാൻ കാത്തുനിൽക്കുമ്പോൾ, മുസിരിസിൽ നിന്നാരംഭിച്ച ഞങ്ങളുടെ യാത്രയെക്കുറിച്ചാണ് ഞാൻ കൂടുതൽ ചിന്തിച്ചത്.

കടലിനെ ആശ്രയിച്ച മുസിരിസും നദിയെ ആശ്രയിച്ച കീഴടിയും- രണ്ടും ദക്ഷിണേന്ത്യൻ നാഗരികതയുടെ രണ്ട് വ്യത്യസ്ത മുഖങ്ങളാണ്. എന്നാൽ രണ്ടിന്റെയും ഉള്ളിൽ ഒരു പൊതുസ്വഭാവമുണ്ട്: വ്യാപാരം, നഗരവൽക്കരണം, സാംസ്കാരിക പുരോഗതി, ലോകവുമായി സംവദിക്കാനുള്ള മനസ്സ്.

2015-ലാണ് കീഴടിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI - Archaeological Survey of India) കീഴിൽ ഇവിടെ ഔദ്യോഗിക ഖനനം ആരംഭിച്ചത്. ഡോ. അമർനാഥ് രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട ഖനനത്തിൽ തന്നെ ചുട്ട ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച കെട്ടിടങ്ങൾ, കിണറുകൾ, മലിനജല നിർമാർജന സംവിധാനങ്ങൾ, മൺപാത്രങ്ങൾ, ഇരുമ്പുപകരണങ്ങൾ, ആഭരണങ്ങൾ എന്നിവയെല്ലാം കണ്ടെത്തി.

പിന്നീട് തമിഴ്- ബ്രാഹ്മി ലിപികളുള്ള മൺപാത്രങ്ങൾ കണ്ടെത്തിയതോടെ ലോകശ്രദ്ധ കീഴടിയിലേക്ക് തിരിഞ്ഞു. കാർബൺ പരിശോധനാഫലങ്ങൾ കീഴടിയിലെ സംസ്കാരം ക്രിസ്തുവിന് മുമ്പ് ആറാം നൂറ്റാണ്ടിലേക്കെത്തുന്നതായി തെളിയിച്ചതോടെ ഇന്ത്യൻ ചരിത്രത്തെ പുതുതായി വായിക്കേണ്ട സാഹചര്യം രൂപപ്പെട്ടു. അതുവരെ ഇന്ത്യൻ ചരിത്രരചനയിൽ ഗംഗാതട സംസ്കാരത്തിനും വൈദിക പാരമ്പര്യത്തിനുമായിരുന്നു കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ കീഴടി ദക്ഷിണേന്ത്യയിലും അതീവ പുരോഗമിച്ച നഗരസംസ്കാരം നിലനിന്നിരുന്നുവെന്ന് തെളിയിച്ചു.

കീഴടിയി​ലെ ഖനനകേന്ദ്രം
കീഴടിയി​ലെ ഖനനകേന്ദ്രം

കീഴടി: ചരിത്രത്തിൽനിന്ന്
രാഷ്ട്രീയത്തിലേക്ക്

കീഴടി ഇന്ന് ഒരു പുരാവസ്തു കേന്ദ്രം മാത്രമല്ല; തമിഴ് സ്വത്വരാഷ്ട്രീയത്തിന്റെ പ്രധാന പ്രതീകങ്ങളിൽ ഒന്നാണ്. 2017-ൽ അതുവരെ ഖനനത്തിന് നേതൃത്വം നൽകിയ ഡോ. അമർനാഥ് രാമകൃഷ്ണനെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) സ്ഥലംമാറ്റിയതോടെ വലിയ പ്രതിഷേധം ഉയർന്നു. കേന്ദ്രസർക്കാർ ഖനനത്തെ മന്ദഗതിയിലാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമായി. പിന്നീട് തമിഴ്നാട് സർക്കാർ അവരുടെ സ്വന്തം പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ ഖനനം തുടരാൻ തീരുമാനിക്കുകയും കീഴടിയെ ജനകീയ ചരിത്രപ്രസ്ഥാനമായി വളർത്തുകയും ചെയ്യുകയായിരുന്നു.

ഇന്ന് കീഴടിയിൽ നിർമ്മിച്ചിരിക്കുന്ന മ്യൂസിയം ചരിത്രത്തെ പുസ്തകങ്ങളിൽനിന്ന് പുറത്തേക്ക് കൊണ്ടുവന്ന് ജനങ്ങളുടെ അനുഭവമാക്കി മാറ്റുന്നുണ്ട്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാധാരണക്കാർക്കും ചരിത്രം നേരിൽ കാണാനും മനസ്സിലാക്കാനും കഴിയുന്ന വിധത്തിൽ അതിനെ രൂപപ്പെടുത്തിയത് തമിഴ്നാടിന്റെ ചരിത്രബോധത്തിന്റെ ശക്തി വ്യക്തമാക്കുന്നു.

അതേസമയം, കീഴടിയെ 'സനാതന പാരമ്പര്യത്തിന്റെ' ഭാഗമായി അവതരിപ്പിക്കാൻ ചില വലതുപക്ഷശക്തികൾ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതുവരെ കണ്ടെത്തിയ പുരാവസ്തുക്കളിൽ ആരാധനാലയങ്ങളുടേയോ ദൈവരൂപങ്ങളുടേയോ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല എന്നതും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ഒരൊറ്റ ഉദാഹരണം മാത്രം പറയാം; ആര്യന്മാരുടെ വരവോടുകൂടിയാണ് ഇന്ത്യയിൽ കുതിരകൾ ആദ്യമായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. കീഴടിയിൽ കണ്ടെത്തിയ അവശിഷ്ടങ്ങളിൽ കുതിരകളുടെ ശേഷിപ്പുകൾ ഇല്ലായെന്ന് മാത്രമല്ല കാളകളെ കുറിച്ച് ധാരാളം തെളിവുകൾ കണ്ടെത്തുകയുമുണ്ടായിട്ടുണ്ട്.

കീഴടി മനുഷ്യരുടെ തൊഴിലും നഗരവൽക്കരണവും സാമൂഹികസംഘടനയും കേന്ദ്രീകരിച്ച തീർത്തും വിപുലമായ ഒരു നഗരസംസ്കാരത്തിന്റെ തെളിവായി പല ചരിത്രകാരരും വിലയിരുത്തുന്നു.

കീഴടിയിൽ നിർമ്മിച്ചിരിക്കുന്ന മ്യൂസിയം ചരിത്രത്തെ പുസ്തകങ്ങളിൽനിന്ന് പുറത്തേക്ക് കൊണ്ടുവന്ന് ജനങ്ങളുടെ അനുഭവമാക്കി മാറ്റുന്നുണ്ട്.
കീഴടിയിൽ നിർമ്മിച്ചിരിക്കുന്ന മ്യൂസിയം ചരിത്രത്തെ പുസ്തകങ്ങളിൽനിന്ന് പുറത്തേക്ക് കൊണ്ടുവന്ന് ജനങ്ങളുടെ അനുഭവമാക്കി മാറ്റുന്നുണ്ട്.

തമിഴ്നാടിന്റെ മാതൃകയും
കേരളത്തിന്റെ ദൗർബല്യവും

കീഴടിയുടെ മണ്ണിൽ നിൽക്കുമ്പോൾ മനസ്സിൽ ശക്തമായി ഉയർന്നുവന്ന ഒരു ചിന്ത കേരളത്തിന്റെ ചരിത്രപഠന ദൗർബല്യങ്ങളെക്കുറിച്ചായിരുന്നു.

മുസിരിസ് ഉദ്ഖനനം ആരംഭിച്ചതിനുശേഷമാണ് കീഴടി പഠനം തുടങ്ങുന്നത്. തുടക്കത്തിൽ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിലായിരുന്നെങ്കിലും, പിന്നീട് തമിഴ്നാട് സർക്കാർ അതിനെ ശക്തമായി ഏറ്റെടുക്കുകയായിരുന്നു. കീഴടി ഖനനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ വലിയ മ്യൂസിയങ്ങളായും പഠനകേന്ദ്രങ്ങളായും തമിഴ്നാട് ജനങ്ങൾക്കു മുന്നിൽ എത്രയോ വേഗത്തിൽ അവർ തുറന്നുവെച്ചു.

കീഴടിയിലെ പ്രധാന മ്യൂസിയം ഏകദേശം രണ്ടേക്കറിലാണ് നിർമ്മിച്ചിരിക്കുന്നത്. 2023-ലാണ് ഈ മ്യൂസിയം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. അടുത്തിടെ ആരംഭിച്ച കീഴടി ഓപ്പൺ മ്യൂസിയം ഏകദേശം 4.5 ഏക്കർ വിസ്തൃതിയിലാണ് വികസിപ്പിച്ചിരിക്കുന്നത്. ഇത് യഥാർത്ഥ ഖനനസ്ഥലത്തെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ശ്രദ്ധേയമായ ഓപ്പൺ എയർ പുരാവസ്തു മ്യൂസിയങ്ങളിലൊന്നാണ്.

എന്നാൽ, ദൗർഭാഗ്യവശാൽ മുസിരിസിന്റെ കാര്യത്തിൽ കേരളം ഇതുവരെ കാര്യമായൊന്നും മുന്നോട്ടുപോയിട്ടില്ല ഒന്നു പറയേണ്ടിവരുന്നു. പട്ടണം ഉദ്ഖനനത്തിലൂടെ ലോകചരിത്രത്തിൽ ഇടംനേടിയ കണ്ടെത്തലുകൾ ഉണ്ടായിട്ടും, അവയെ സമഗ്രമായ ജനകീയ മ്യൂസിയങ്ങളായും സജീവമായ ചരിത്രാനുഭവകേന്ദ്രങ്ങളായും വളർത്തുന്നതിൽ കേരളം ഇപ്പോഴും ഏറെ പിന്നിലാണ്.

കൊടുങ്ങല്ലൂർ- പറവൂർ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് നിരവധി കെട്ടിടസമുച്ചയങ്ങൾ മുസരിസിനായി നിർമ്മിച്ചിട്ടുണ്ടെങ്കിലും, അവയെ ജീവിക്കുന്ന ചരിത്രമ്യൂസിയങ്ങളാക്കി മാറ്റാൻ കഴിഞ്ഞിട്ടില്ല എന്നത് ഖേദകരമായ യാഥാർത്ഥ്യമാണ്.

ചരിത്രം ഖനനം ചെയ്യുന്നതു മാത്രം പോരാ; അത് ജനങ്ങളിലേക്കെത്തിക്കണം. തമിഴ്നാട് കീഴടിയിലൂടെ അത് സാധ്യമാക്കിയപ്പോൾ, മുസിരിസ് പഠനം കേരളത്തിൽ ഇപ്പോഴും അക്കാദമിക് ചർച്ചകളിൽ ഒതുങ്ങിപ്പോകുന്ന അവസ്ഥയാണ് കാണുന്നത്.

കീഴടിയുമായി ബന്ധപ്പെട്ട്, നിരവധി ഗവേഷണ പ്രബന്ധങ്ങൾ ഇതുവരെ പുറത്തുവന്നുകഴിഞ്ഞു. വിദേശ ഭാഷകളടക്കം, ഇരുപതോളം വ്യത്യസ്ത ഭാഷകളിൽ കീഴടിയെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ഗവേഷണ അറിവുകൾ പുസ്തകങ്ങളായി തമിഴ്നാട് ആർക്കിയോളജിക്കൽ വകുപ്പിന് പബ്ലിഷ് ചെയ്യാൻ കഴിഞ്ഞിരിക്കുന്നുവെന്നതുതന്നെ ഈ 'ഗവേഷണത്തെ' തമിഴ്നാട് സർക്കാർ എത്രകണ്ട് ഗൗരവത്തോടെയാണ് സമീപിച്ചിരിക്കുന്നുവെന്നുള്ളത് മനസ്സിലാക്കാൻ കഴിയും.

യാത്രാസംഘാംഗങ്ങൾ തിരുമലൈ നായ്ക്കർ മഹലിനുമുന്നിൽ.
യാത്രാസംഘാംഗങ്ങൾ തിരുമലൈ നായ്ക്കർ മഹലിനുമുന്നിൽ.
കീഴടിയിലെ പുരാവസ്തു ഖനനപ്രദേശം.
കീഴടിയിലെ പുരാവസ്തു ഖനനപ്രദേശം.

ചരിത്രത്തിന്റെ
ഹൃദയത്തിലേക്ക്

മുസിരിസിൽ നിന്ന് കീഴടിയിലേക്കും അവിടെ നിന്ന് തിരുപ്പരൻകുണ്ഡ്രത്തിലേക്കും നീണ്ട ഈ യാത്ര- ചരിത്രം വെറും ഭൂതകാലമല്ലായെന്നും, അത് ഇന്നത്തെ സമൂഹത്തെയും രാഷ്ട്രീയത്തെയും മനുഷ്യബോധത്തെയും രൂപപ്പെടുത്തുന്ന ചാലക ശക്തിയാണെന്ന ധാരണ ഒരിക്കൽക്കൂടി ഉറപ്പിക്കുന്നതിലേക്കാണ്. മണ്ണടിഞ്ഞുപോയെന്ന് നമ്മൾ കരുതിയ ചരിത്രം പുതിയ തെളിവുകളോടെ വീണ്ടും ഉയിർത്തെഴുന്നേൽക്കുകയാണ് ഇവിടെ.

ചരിത്രത്തെ പുസ്തകങ്ങളിൽ മാത്രം അന്വേഷിക്കാതെ മണ്ണിലും മനുഷ്യരിലും സംസ്കാരങ്ങളിലും തേടാൻ നമ്മെ പ്രേരിപ്പിക്കുന്ന അനുഭവമായിരുന്നു ഈ യാത്ര.

മുസിരിസും കീഴടിയും ചേർന്ന് നമ്മോട് പറയുന്നത് ഒരേയൊരു സത്യമാണ്- ദക്ഷിണേന്ത്യൻ സംസ്കാരം അതീവ പുരോഗമിച്ചതും ലോകവുമായി സംവദിച്ചിരുന്നതുമായ ഒരു മഹാനാഗരികതയായിരുന്നു എന്നതാണ്.

ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാനുള്ള വലിയൊരു ആയുധമായി കീഴടിയെയും മുസരിസിനെയും വ്യാപകമായി പ്രയോജനപ്പെടുത്താൻ നമുക്കാവണം. അതുകൊണ്ടുതന്നെ മുസിരിസിൽ നിന്ന് കീഴടിയിലേക്കുള്ള ഈ യാത്ര ഒരു വിനോദയാത്രയായല്ല, മറിച്ച് ചരിത്രത്തിന്റെ ഹൃദയത്തിലേക്കുള്ള യാത്രയായിരുന്നു. അതെ- പ്രതിരോധ രാഷ്ട്രീയത്തിൻ്റെ ശക്തമായ ഒരു ഉപകരണമായി ഈ യാത്ര മാറുന്നു.

കീഴടി മ്യൂസിയം, ഖനനപ്രദേശ കാഴ്ചകൾ

കീഴടി യാത്രാസംഘാംഗങ്ങൾ.
കീഴടി യാത്രാസംഘാംഗങ്ങൾ.

മുസിരിസ് പൈതൃകപ്രദേശങ്ങൾ


Summary: Manoj V Kodungallur writes about the experience of the historical journey from Muziris to Keezhadi in Tamil Nadu under the auspices of the Kodungallur T.N. Joy Foundation.


മനോജ്​ വി. കൊടുങ്ങല്ലൂർ

റിട്ട. അധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ - ദേശീയ റിവ്യൂ മിഷൻ - മോണിറ്ററിങ്ങ് കമ്മിറ്റിയിലേക്ക് സുപ്രീം കോടതി നാമനിർദ്ദേശം ചെയ്തിട്ടുള്ള അംഗം.

Comments