നങ്ങേലി കെട്ടുകഥയോ, യാഥാർത്ഥ്യമോ?

തിരുവിതാകൂറിലെ ഭരണകൂട ക്രൂരതകൾക്കെതിരെ ജീവത്യാഗം നടത്തിയ ആദ്യ സ്ത്രീയെന്ന നിലയിലാണ് നങ്ങേലി അറിയപ്പെടുന്നത്. ഭരണകൂടനുകം പേറാൻ താൽപ്പര്യപ്പെടാതിരുന്ന പോരാളികൾക്കൊപ്പമാണ് നങ്ങേലിയെ രേഖപ്പെടുത്തുന്നത്. എന്നാൽ, നങ്ങേലി ചരിത്രത്തിൽ എവിടെയുമില്ലാത്ത ഒരു കഥാപാത്രം മാത്രമാണെന്ന വാദവുമുയരുന്നുണ്ട്​. സവർണാഭിമുഖ്യമുള്ള ചരിത്രാഖ്യാനങ്ങളുടെ തമസ്​കരണത്തിലൂടെ, ഒരു കാലഘട്ടത്തിലെ ധീരമായ പിന്നാക്ക ചെറുത്തുനിൽപ്പിനെ റദ്ദാക്കുകയാണ്​ ഈ വാദത്തിനുപുറകിലെ ലക്ഷ്യം എന്ന മറുവാദവും ഉയരുന്നു. നങ്ങേലിയുടെ ചരിത്രത്തിലേക്ക്​ ഒരന്വേഷണം.

വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്​’ എന്ന സിനിമ, തിരുവിതാംകൂറിലെ മുലക്കരം എന്ന നികുതിപിരിവിനെതിരെ മുലയറുത്ത നങ്ങേലിയെക്കുറിച്ചുള്ള ചർച്ചക്കുകൂടി സന്ദർഭമൊരുക്കിയിരിക്കുന്നു. നങ്ങേലി, ചരിത്രത്തിൽ എവിടെയുമില്ലാത്ത ഒരു കഥാപാത്രം മാത്രമാണെന്നാണ്​ ഒരു വാദം. എന്നാൽ, സവർണാഭിമുഖ്യമുള്ള ചരിത്രാഖ്യാനങ്ങളുടെ തമസ്​കരണത്തിലൂടെ, ഒരു കാലഘട്ടത്തിലെ ധീരമായ പിന്നാക്ക ചെറുത്തുനിൽപ്പിനെ റദ്ദാക്കുകയാണ്​ ഈ വാദത്തിനുപുറകിലെ ലക്ഷ്യം എന്ന മറുവാദവും ഉയരുന്നു.

ചരിത്രമോ മിത്തോ?

പതിനെട്ട് - പത്തൊൻപത് നൂറ്റാണ്ടിൽ തിരുവിതാംകൂറി​ൽ രാജഭരണകാലത്ത് നിലനിന്നിരുന്ന നികുതിപിരിവ് സമ്പ്രദായമാണ് തലക്കരവും മുലക്കരവും. താഴ്ന്ന ജാതിക്കാരിൽ പ്രായപൂർത്തിയായ എല്ലാ പുരുഷമാരും തലക്കരവും സ്ത്രീകൾ മുലക്കരവും നൽകണമെന്നായിരുന്നു വ്യവസ്ഥ. പണിയെടുക്കാൻ ശരീരശേഷിയുള്ള പുരുഷൻ കൊടുക്കേണ്ട നികുതി തലക്കരവും സ്ത്രീകളിൽ ആ നികുതിയെ വിളിക്കുന്ന പേര് മുലക്കരവുമെന്നാണ് ആന്ത്രപ്പോളജിസ്റ്റായ എൽ. അനന്തകൃഷ്ണയ്യർ പറയുന്നത്. മുലക്കരമെന്ന അങ്ങേയറ്റം മനുഷത്വവിരുദ്ധമായ നികുതിക്കെതിരെ മുലയറുത്ത് രക്തസാക്ഷിത്വം വരിച്ചതിന്റെ പേരിലാണ് നങ്ങേലി അറിയപ്പെടുന്നത്. ഇത്​ ചരിത്രമാണോ മിത്താണോ എന്ന വാദങ്ങൾ കാലങ്ങളായി തുടരുന്നതാണ്. എൽ. അനന്തകൃഷ്ണയ്യരുടെ 1937 ൽ പ്രസിദ്ധീകരിച്ച Travancore tribes and castes എന്ന പുസ്തകത്തിലും മുലയറുക്കലിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. കൂടാതെ എസ്.എൻ. സദാശിവന്റെ A social history of India എന്ന പുസ്തകത്തിലും മുലക്കരത്തെക്കുറിച്ച് പറയുന്നുണ്ട്.

ടി. മുരളി വരച്ച നങ്ങേലിചിത്രം

2012 ൽ ലേബർ ലൈഫ് എന്ന ഒരു മാഗസിനിൽ നിന്ന് നങ്ങേലിയെക്കുറിച്ച് വായിച്ചറിഞ്ഞ് ചിത്രകാരനായ ടി. മുരളി നങ്ങേലിയുടെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്​. തുടർന്ന് ടൈംസ് ഓഫ് ഇന്ത്യയിലും ബി.ബി.സിയിലും നങ്ങേലിയെക്കുറിച്ച്​റിപ്പോർട്ട് ചെയ്യുകയും രാജഭരണത്തിലെ അന്യായങ്ങൾക്കെതിരെ ജീവത്യാഗം ചെയ്ത് പ്രതികരിച്ച ആദ്യ വനിതയെന്ന രീതിയിൽ ആഘോഷിക്കപ്പെടുകയും ചെയ്തു. എന്നാൽ നങ്ങേലി ജീവിച്ചിരുന്നു എന്നതിന് ചരിത്രത്തിൽ ലിഖിത രൂപത്തിലുള്ള തെളിവുകൾ കാണാൻ സാധിക്കില്ല. ഇതിന്റെ അടിസ്ഥാനത്തിൽ നങ്ങേലിക്കഥ കെട്ടുകഥയാണെന്നും നിഷ്പിത താൽപര്യങ്ങളോടെ നങ്ങേലിയെ ചിലർ ചരിത്രത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുകയാണെന്നും ഒരു വിഭാഗം പറയുന്നു. 2000 ത്തിനുശേഷമാണ് നങ്ങേലിയെന്ന ചരിത്ര പോരാളി ഉയർന്നു വന്നതെന്നാണ് ഇവർ പ്രധാനമായും വാദിക്കുന്നത്.

നങ്ങേലി കഥ കെട്ടുകഥയാക്കുന്നത് സവർണ മതക്കാർ

തിരുവിതാംകൂർ രാജഭരണത്തിൽ നിലനിന്നിരുന്ന ചൂഷണങ്ങൾക്കെതിരെ മുലമുറിച്ച് ജീവത്യാഗം ചെയ്ത നങ്ങേലിയുടെ കഥ യാഥാർത്ഥ്യമാണെന്നാണ് നങ്ങേലിയെ ചിത്രത്തിലൂടെ ആവിഷ്​കരിച്ച ചിത്രകാരൻ ടി. മുരളി പറയുന്നത്. നങ്ങേലിയുടെ ചെറുത്തുനിൽപ്പിന്റെ കഥ വായിച്ചറിഞ്ഞശേഷം ചേർത്തലയിലെ മുലച്ചിപ്പറമ്പ് സന്ദർശിക്കുകയും അവിടുത്തെ സ്ഥലവാസികളെയും നങ്ങേലിയുടെ ബന്ധുക്കളെയും നേരിൽ കണ്ട് സംസാരിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലുമാണ് നങ്ങേലി ചിത്രം വരച്ചതെന്നും അദ്ദേഹം പറയുന്നു:

ടി. മുരളി

‘കൃത്യമായ ബ്രാഹ്‌മണിക്കൽ, റേസിസ്റ്റ് ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന സവർണമതക്കാരുടെ അജണ്ടയുടെ ഭാഗമായാണ് നങ്ങേലിയുടെ കഥ കെട്ടുകഥയാകുന്നത്. സവർണ യുക്തിവാദികളാണ് ഈ ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അതിനോടെല്ലാം സംവദിക്കാൻ നിന്നാൽ ആ വാദം കൂടുതൽ സജീവമാകുകയുള്ളു. ചരിത്രത്തെ അപനിർമിക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയശക്തിയാണ് ബ്രാഹ്‌മണിക്കൽ, സവർണ, റേസിസ്റ്റ് മനോഭാവമുള്ള ഈ വിഭാഗങ്ങൾ. നങ്ങേലിയുടെ കഥ അപനിർമ്മിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടയാണ് അവർ ഇപ്പോൾ നങ്ങേലിയുടെ കഥ കെട്ടുകഥയാണെന്ന വാദങ്ങൾ ഉന്നയിക്കുന്നത്. ഈ കഥയിലെ കൃത്യമായ വസ്തുത അറിയാനല്ല അവർ ശ്രമിക്കുന്നത്. പകരം അവർക്കെതിരെ നിൽക്കുന്ന സത്യങ്ങളെ നശിപ്പിക്കുകയെന്ന വ്യക്തമായ അജണ്ടയാണ് ഇതിനുപിന്നിൽ. ഇതേ ലക്ഷ്യത്തോടെയാണ് അവർ എന്തും കാര്യവും മുന്നോട്ടുവെക്കുന്നത്. അതിന് സമരസപ്പെടാതിരിക്കുകയെന്നത് വളരെ പ്രധാനമാണ്. ഞാൻ വസ്തുതാപരമായ അന്വേഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങളാണ് ചിത്രങ്ങളിലൂടെയും പുസ്തകത്തിലൂടെയും അവതരിപ്പിച്ചത്. സവർണ മതത്തിനുകീഴിലുള്ള തിന്മ നിറഞ്ഞ നമ്മുടെ രാജഭരണ കാലത്തെ വെള്ളപൂശി മഹനീയ പാരമ്പര്യമായി ചരിത്രത്തിൽ നിലനിർത്തുന്നതിനുവേണ്ടി, ജനങ്ങളുടെ കഠിന ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട ചരിത്രസത്യങ്ങളെല്ലാം ഒന്നൊന്നായി വിദഗ്ദമായി കുഴിച്ചു മൂടി നശിപ്പിക്കുന്ന ഒരു സമൂഹത്തിൽ ചരിത്ര സത്യങ്ങളെ അനശ്വരമാക്കുക എന്നത് ചരിത്രസംസ്‌കാരിക പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കലാകാരൻ എന്ന നിലയിൽ എന്റെ കർത്തവ്യമാണ്. 2600 വർഷം നിലനിന്നിരുന്ന ചരിത്ര തെളിവുകളടക്കമുള്ള ബുദ്ധമതത്തെയും ജൈനമതത്തെയുമെല്ലാം മണ്ണിട്ടു മൂടിയിട്ടാണ് ബ്രാഹ്‌മണിസം ഒരു സവർണ മതമായി വരുന്നത്. ഇന്ത്യയിലുണ്ടായിരുന്ന എല്ലാ ഗ്രന്ഥങ്ങളും നശിപ്പിച്ച് അതിന് ബദലായി മഹാഭാരതവും രാമായണവും മറ്റു പുരാണ ഇതിഹാസങ്ങളുമുണ്ടാക്കി അവർ ചരിത്രത്തെ അപനിർമിക്കുകയാണ്. ആളുകളെ രസിപ്പിക്കാനോ, ഭരണകർത്താക്കളെ പാടിപുകഴ്ത്താനോ, കലയെ ഉപയോഗിച്ചിട്ട് കാര്യമില്ലെന്നാണ് ഞാൻ കരുതുന്നത്. സത്യസന്ധമായ രീതിയിലുള്ള അറിവുകൾ പങ്കുവെക്കാനാണ് ഒരു കലാകാരനെന്ന് നിലയിൽ ഞാൻ ശ്രമിക്കുന്നത്. '

നങ്ങേലി സീരിസിലുള്ള ടി. മുരളിയുടെ ചിത്രം

നങ്ങേലിയെക്കുറിച്ചുള്ള വസ്തുതാപരമായ അന്വേഷണത്തിലൂടെ നങ്ങേലി സീരിസിലുള്ള മൂന്ന് അക്രിലിക് പെയിന്റിങ്ങുകൾ ടി. മുരളി വരച്ചിട്ടിട്ടുണ്ട്.

കെട്ടുകഥയല്ല, വാമൊഴി ചരിത്രം തെളിവാണ്

നങ്ങേലിക്കഥ യാഥാർത്ഥ്യമാണെന്നും ഇത് മിത്താക്കി മാത്രം അവതരിപ്പിക്കുന്നതിനുപിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് ചരിത്രകാരനായ കെ.കെ.എൻ. കുറുപ്പ് പറയുന്നത്:

കെ.കെ.എൻ. കുറുപ്പ്

‘ചരിത്രത്തിൽ എവിടെയും നങ്ങേലിയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഇതൊരു കെട്ടുകഥയാണെന്ന വാദിക്കുന്നവർ പ്രധാനമായും വാദിക്കുന്നത്. എന്നാൽ വാമൊഴി ചരിത്രങ്ങളും ചരിത്രത്തിന്റെ ഭാഗമാണെന്ന് ഇവർ മനസ്സിലാക്കണം. നങ്ങേലിക്കഥ വാമൊഴിക്കഥയായി എപ്പോഴും ഉയർന്നുകേൾക്കുന്നതാണ്. അത് എന്തുകൊണ്ട് എവിടെയും രേഖപ്പെടുത്തിയില്ലെന്നത് കൃത്യമായ അധികാര ഉചനീചത്വത്തെയാണ് വ്യക്തമാക്കുന്നത്. പാവപ്പെട്ടവരുടെ ചരിത്രത്തെയും പ്രതികരണങ്ങളെയും രേഖപ്പെടുത്തിവെക്കാൻ അക്കാലത്ത് ഒരാളും ഇല്ലാതെ പോയതാണ് നങ്ങേലിയെ സംബന്ധിച്ച ലിഖിതതെളിവുകൾ ഇല്ലാതെ പോയതിന്റെ പ്രധാന കാരണം. ചൂഷണം ചെയ്യപ്പെടുന്നവരുടെ ചരിത്രം രേഖപ്പെടുത്തിവെക്കാൻ ഫ്യൂഡൽ ഭരണാധികാരികൾ അന്ന് അനുവാദം നൽകിയിരുന്നില്ല. പക്ഷേ ഈ സംഭവത്തോടുചേർത്ത് ചില തെറ്റിദ്ധാരണകൾ വന്നിട്ടുണ്ട്. എല്ലാവരും വിശ്വസിക്കുന്നതു പോലെ ഈ സംഭവം പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്നതാകാൻ സാധ്യതയില്ല. പതിനേഴോ, പതിനെട്ടോ നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഇത് നടന്നിരിക്കാൻ സാധ്യതയുള്ളത്. അതുപോലെ നങ്ങേലിയെന്ന പേരും സംശയാസ്പദമാണ്. പക്ഷേ ഈ സംഭവം യഥാർത്ഥത്തിൽ നടന്നതാണെന്ന് നിസ്സംശയം പറയാം. ഒരു പ്രദേശത്ത് നടന്ന യാഥാർത്ഥ്യങ്ങളാണ് പിന്നീട് മിത്തായി വ്യാപിക്കുന്നത്. അത്തരത്തിൽ മിത്തിലൂടെ ഉയർന്നുവന്ന എത്രയോ ദേവതമാർ നമ്മുക്കുണ്ട്. തെയ്യത്തിലെ പുതിയ ഭഗവതിയൊക്കെ ഉദാഹരണമാണ്. ഇത് കെട്ടുകഥയാണെന്ന് പറയുന്നവരോട് കൊസാംബിയുടെ ‘മിത്തും റിയാലിറ്റിയും’ എന്ന പുസ്തകം വായിക്കാനാണ് ഞാൻ ആവശ്യപ്പെടുന്നത്. നങ്ങേലി ജീവിച്ചിരുന്നുവെന്നത് സത്യമായതുകൊണ്ടാണ് ഈ കാലഘട്ടത്തിലും അവർക്ക് പ്രസക്തിയുണ്ടാകുന്നത്.' - കെ.കെ.എൻ കുറുപ്പ് ട്രൂകോപ്പിയോട് പറഞ്ഞു.

നങ്ങേലിക്കഥ ഐതിഹ്യം പോലുമല്ല

നങ്ങേലിക്കഥ ഐതിഹ്യം പോലുമല്ലെന്നും 2000ത്തിനുശേഷം രൂപം കൊണ്ട നങ്ങേലിയുടെ കഥക്ക് അധികം പഴക്കമില്ലെന്നുമാണ് എഴുത്തുകാരനായ മനോജ് ബ്രൈറ്റ് പറയുന്നത്:

മനോജ് ബ്രൈറ്റ്

‘നങ്ങേലി കഥയുടെ ഉറവിടം (provenance) നോക്കുകയാണെങ്കിൽ ഈ കഥ ലിഖിത രൂപത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് 2000ത്തിൽ പ്രസിദ്ധീകരിച്ച എസ്.എൻ. സദാശിവന്റെ A social history of India എന്ന പുസ്തകത്തിലാണെന്ന കാണാം. അതിൽ നങ്ങേലി എന്ന പേര്​ പരാമർശിക്കുന്നില്ല. അതൊക്കെ 2000 നുശേഷം വന്ന പലരുടെയും ഭാവനാവിലാസങ്ങളാണ്. എസ്.എൻ.സദാശിവൻ മുലക്കരത്തെ breast tax എന്ന് വിളിച്ച് മനഃപ്പൂർവ്വം തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മുലക്കരം എന്ന നികുതി സ്ത്രീകളുടെ മുലകളുടെ വലുപ്പവും ഭംഗിയും വലുപ്പവും അനുസരിച്ചാണ് എന്നു പോലും അദ്ദേഹം പറയുന്നുണ്ട്. വീണ്ടും പുറകോട്ടു പോയാൽ എൽ. അനന്തകൃഷ്ണയ്യരുടെ 1937 ൽ പ്രസിദ്ധീകരിച്ച Travancore tribes and castes എന്ന പുസ്തകത്തിൽ ഒരു മുലയറുക്കൽ കഥ പറയുന്നുണ്ട്. പണ്ടെന്നോ നടന്നത് എന്ന് പറഞ്ഞ് മലയരയൻ വിഭാഗത്തിൽ പെടുന്ന ഒരു വനവാസിയുടെ കേട്ടുകേൾവിയുള്ള കഥയാണ് പറയുന്നത്. അതുപ്രകാരം പുന്നാട്ട് രാജാവിന്റെ ഉദ്യോഗസ്ഥൻ ഒരു മലയരയനോട് തലക്കരം ചോദിച്ചപ്പോൾ അത് കൊടുക്കാനില്ലാത്തതു കൊണ്ട് അവർ ഒരാളുടെ തലവെട്ടി ഉദ്യോഗസ്ഥന്റെ മുന്നിൽ വച്ചത്രേ. അതുപോലെ മുലക്കരം കൊടുക്കാനില്ലാത്തതുകൊണ്ട് ഒരു സ്ത്രീയുടെ മുലയും അരിഞ്ഞെടുത്ത് ഉദ്യോഗസ്ഥന് സമർപ്പിച്ചത്രെ. ഈ വിവരം അറിഞ്ഞ് കോപം പൂണ്ട പുന്നാട്ട് രാജാവ് ആ കരങ്ങൾ നിർത്തലാക്കി എന്നാണ് കഥ എന്ന് എൽ. അനന്തകൃഷ്ണയ്യർ രേഖപ്പെടുത്തുന്നുണ്ട്. തലയും മുലയും അർപ്പിച്ചത് ഒരേ അവസരത്തിലാണ് എന്നാണ് ഈ കഥ വായിച്ചാൽ തോന്നുക. ഒറ്റനോട്ടത്തിൽ തന്നെ ഒരു വെറും കഥ മാത്രമാണ് എന്ന് വളരെ വ്യക്തം. മറിച്ചൊരു അവകാശവാദം അനന്തകൃഷ്ണയ്യരും ഉന്നയിക്കുന്നില്ല. പിന്നെ പുന്നാട്ട് രാജാവ് തിരുവിതാംകൂർ മഹാരാജാവിനു കീഴിലാണ്. അദ്ദേഹത്തിന് സ്വന്തം ഇഷ്ടപ്രകാരം കരം പിരിവ് നിർത്താനൊന്നും പറ്റില്ല.ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ അത് നടന്നത് മലയരയൻമാരുടെ ഇടയിലാണ്. ഈഴവരുടെ ഇടയിലല്ല. അത് നടന്നിട്ടുണ്ടെങ്കിൽ തന്നെ അത് ചേർത്തലയിലല്ല. ആ സ്ത്രീയുടെ പേര് നങ്ങേലി എന്നുമല്ല. ഇതുപോലുള്ള നിസ്സാര നികുതികൾ പിരിച്ചെടുക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടോ, ബ്രിട്ടീഷുകാരുടെ പ്രേരണകൊണ്ടോ, തിരുവിതാംകൂർ മഹാരാജാവ് ദരിദ്രരുടെ മേൽ ചുമത്തിയിരുന്ന ഇതുപോലുള്ള 120ഓളം നിസ്സാര നികുതികൾ 1865 ൽ നിർത്തലാക്കി. നങ്ങേലി സംഭവം നടന്നത് 1803 ലാണ് എന്ന് ചില ‘ചരിത്രകാരൻമാർ' അവകാശപ്പെടുന്നുണ്ട്. 1803ൽ നടന്ന സംഭവത്തിന്റെ പേരിൽ നികുതി നിർത്തലാക്കുന്നത് 1865 ലാണെന്ന് പറയുന്നതിൽ യുക്തിയില്ല. അതുപോലെ എസ്.എൻ. സദാശിവൻ 1840 കളിലാണ് നങ്ങേലി സംഭവം നടന്നതായി പറയുന്നത്. ഇതിൽ നിന്നെല്ലാം നികുതി നിർത്തലാക്കാൻ കാരണം നങ്ങേലിയല്ല എന്ന് വ്യക്തമാണ്​.’

ഭരണകൂട ധ്വംസനം നങ്ങേലിയുടെ പോരാട്ടമായി മാറിയാതാകാം

കഥകളിൽ പരാമർശിക്കുന്ന സംഭവങ്ങൾ നടന്നിട്ടുള്ളതാണെന്ന് വിശ്വസിക്കണമെങ്കിൽ വ്യക്തമായ തെളിവ്​ വേണമെന്നും നങ്ങേലി കഥയിലെ സന്ദർഭങ്ങൾ പരിശോധിക്കുമ്പോൾ ഭരണകൂട ധ്വംസനമായ മുലയറുക്കലിനെ പിന്നീട് നങ്ങേലിയുടെ പോരാട്ടമായി മാറ്റിയതാകാനാണ് സാധ്യതയെന്നും ചരിത്രാന്വേഷകനും തുഞ്ചത്തെഴുത്തച്​ഛൻ മലയാളം സർവകലാശാലയിൽ പ്രൊഫസറുമായ എം. ശ്രീനാഥൻ ട്രൂകോപ്പിയോട് പറഞ്ഞു:

എം. ശ്രീനാഥൻ

‘നങ്ങേലിക്കഥയ്ക്ക് വ്യക്തമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഒരു സംഭവം നടന്നിട്ടുണ്ടെന്ന് വിശ്വസിക്കണമെങ്കിൽ വ്യക്തമായ തെളിവുവേണം. മുലച്ചി പറമ്പെന്ന സ്ഥലപ്പേര് മാത്രമാണ് ഇതിന് തെളിവായി പറയുന്നത്. ആ കാലഘട്ടത്തിലെ സ്​ത്രീകളുടെ ജെൻഡർ ഡിസ്‌കോഴ്സ​സ്, അവരുടെ അവസ്ഥ, പ്രതികരണ രീതികൾ, അതിന്റെ ചിഹ്നവ്യവ്സ്ഥകൾ എന്നിവ പരിശോധിച്ച് മാത്രമേ ഇത്​ തെളിയിക്കാനാകുകയുള്ളു. കണ്ണകിയാണ്​ ഇത്തരത്തിൽ ശക്തമായി അവതരിപ്പിക്കാൻ പറ്റിയ ഒരു സ്​ത്രീകഥാപാത്രം. കേരളത്തിൽ അടിമ സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. അടിമസമ്പ്രദായമുള്ള സമൂഹത്തിൽ ജീവിക്കണമെങ്കിൽ നികുതി നൽകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. മുലക്കരമെന്ന നികുതി കൊടുക്കാൻ വിസമ്മതിച്ച് നങ്ങേലി മുല സ്വയം അറുത്തുകളഞ്ഞുവെന്നാണ് കഥ പറയുന്നത്. എന്നാൽ രാജകിങ്കരൻമാർ അത് മുറിച്ചുകളഞ്ഞതാകാനാണ് സാധ്യത. ആജ്ഞകൾ അനുസരിക്കാത്ത താഴെക്കിടയിലുള്ള ജനങ്ങളെ മുഴുവൻ കൊന്നൊടുക്കുന്ന രീതിയിലാണ് ഭരണാധികാരികൾ പെരുമാറിയിരുന്നത്. ഇതിനാൽ ഭരണകൂട ധ്വംസനമായ മുലയറുക്കലിനെ പിന്നീട് നങ്ങേലി മുല സ്വയം അറുത്ത് കളഞ്ഞതായി മാറ്റിയെടുത്തതാകാനാണ് സാധ്യത. വ്യക്തമായ തെളിവില്ലെങ്കിൽ കഥകളെ ഭാവനാസൃഷ്ടിയായി മാത്രമേ കാണാനാകൂ. ഏതൊരു പ്രതിഷേധത്തിനും പ്രതികരണത്തിനും അതിന്റേതായ ഒരു ചരിത്ര ധാരയുണ്ടാകും. അന്നത്തെക്കാലത്ത് സത്രീകൾ എങ്ങനെയാണ് വ്യവസ്ഥിതിയോട് പ്രതികരിച്ചതെന്നും അതോ ഒരു ഒറ്റപ്പെട്ട സംഭവത്തിൽ മാത്രം ഒരു സ്​ത്രീ പ്രതികരിച്ചോ എന്നെല്ലാം ചരിത്രപരമായി പരിശോധിക്കേണ്ടുണ്ട്. ഈ കഥയിൽ രണ്ട് സാധ്യതകളുണ്ട്. ഒന്ന്, ഭരണകൂട ധ്വംസനത്തെ തങ്ങളുടെ പ്രതിഷേധമായി ഒരു സമുദായം ഉയർത്തികൊണ്ടുവരുകയും പിന്നീട്​ ഫോക്ക് ലോറായി വ്യാപിച്ചതുമാകാം. അങ്ങനെയാണെങ്കിൽ ബ്രീട്ടീഷ് ടെക്​സ്​റ്റുകളിൽ ഈ സംഭവത്തെക്കുറിച്ച് പരാമർശിക്കേണ്ടതാണ്. രണ്ടാമത്തെ സാധ്യത, ഇതൊരു ശിക്ഷാനടപടിയാണെന്നതാണ്. തിരുവിതാകൂർ ഭരണത്തിന്റെ കീഴിൽ വിരൽ മുറിക്കുക, തിളച്ച എണ്ണയിൽ കൈമുക്കുക തുടങ്ങിയ ക്രൂരമായ ശിക്ഷാവിധികളാണുണ്ടായിരുന്നത്. ശിക്ഷാനടപടികളൊന്നും കൃത്യമായി രേഖപ്പെടുത്താത്തതിനാൽ അങ്ങനെയൊരു സാധ്യതയുമുണ്ട്. അതേസമയം ഭരണകൂടധ്വംസനം ഭയന്ന് കുറേ കാലം നങ്ങേലി സ്വയം മുല മുറിച്ച കഥ ആരും പറയാതെ വിസ്മരിക്കപ്പെട്ടതാകാനും സാധ്യതയുണ്ട്. അതുപോലെ നങ്ങേലിയെന്ന പേരും ദ്രാവിഡ സന്ദർഭങ്ങളിൽ എത്രകാലം മുതൽ ഈ പേരു ഉപയോഗിച്ചു, ഏത് സമുദായത്തിൽ ഉപയോഗിച്ചുവെന്നെല്ലാം സൂക്ഷമമായ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട്. ആന്റി എസ്റ്റാബിഷ്‌മെന്റെന്ന നിലയ്ക്ക് എമർജ് ചെയ്യപ്പെടുന്ന വിഭാഗത്തിൽ ഈഴവരായിരുന്നു ഒന്നാമത്​ എത്തിയത്​. ആ നിലക്ക് അന്നത്തെ കഥകളും ഉപകഥകളും ഈഴവർ സ്വന്തമാക്കിയതിന്റെ ഭാഗമായി ആകാം നങ്ങേലിയെ ഈഴവ സ്ത്രീയായി കണക്കാക്കുന്നത്. മുക്കുത്തിസമരം, അച്ചിപ്പുടവ സമരം തുടങ്ങിയക്കുമുമ്പ് ഈ സംഭവം നടന്നിരിക്കാനാണ് സാധ്യത. സ്വയം മുല മുറിച്ച് പ്രതിഷേധിക്കണമെങ്കിൽ കൃത്യമായ രാഷ്ട്രീയാവബോധം ആവശ്യമാണ്​. അന്നത്തെ സ്ത്രീസമൂഹം അത്തരം രാഷ്ട്രീയ അവബോധം രൂപീകരിക്കാൻ പ്രാപ്തമായിരുന്നോ എന്നും പരിശോധിക്കേണ്ടതാണ്. ആഖ്യാനങ്ങൾ വച്ചുകൊണ്ടും ചരിത്രത്തിലെ തെളിവുകളും ആർക്കൈവ്‌സും പരിശോധിച്ചും മാത്രമേ ഈ വിഷയത്തിൽ ഒരു നിഗമനത്തിലെത്താൻ കഴിയൂ. കീഴാള- മേലാള ദ്വന്ദം വെച്ചും ഭരണകൂടത്തിനെതിരെയുള്ള ആദ്യത്തെ വലിയ മുന്നേറ്റമായുമൊക്കെ ഈ കഥ വായിച്ചെടുക്കാം. പല രീതിയിലുള്ള ആഖ്യാനങ്ങൾക്കനുസരിച്ച് വാഖ്യാനിക്കാം. പക്ഷേ, തക്കതായ തെളിവുകളോടെ മാത്രമേ അവതരിപ്പിക്കാൻ പാടുള്ളൂ. തെളിവുകൾ എല്ലാം ലിഖിതരൂപത്തിൽ രേഖപ്പെടുത്തണമെന്നില്ല. ചിലപ്പോൾ ആ പ്രദേശത്തിന്റെ ചരിത്രമായി ബന്ധപ്പെട്ടോ, ആളുകളുടെ ഓർമകളിലൂടെയോ എല്ലാം കഥകൾ വരാം. ഈ കഥകളെ ക്രിട്ടിക്കലായി പരിശോധിച്ചാൽ അതിലെ ശരി-തെറ്റുകളെ വിച്ഛേദിച്ചെടുക്കാൻ കഴിയും. വാദങ്ങളിലെ ശരിതെറ്റുകളെ മനസ്സിലാക്കിയില്ലെങ്കിൽ അത്​ വെറും വ്യവഹാരം മാത്രമായേ പറയാൻ കഴിയൂ. ഇതിൽ വസ്തുത കണ്ടെത്താനാവില്ല.'

തിരുവിതാംകൂറിലുണ്ട്​, നിരവധി നങ്ങേലിക്കഥകൾ

നങ്ങേലിയെ ചരിത്രത്തിൽ കണ്ടെത്താനാവില്ലെങ്കിലും നങ്ങേലി കഥയുമായി സാമ്യമുള്ള നിരവധി കഥകൾ തിരുവിതാകൂറിലുണ്ടെന്നാണ് ചരിത്ര ഗവേഷകനായ വിനിൽ പോൾ പറയുന്നത്:

വിനിൽ പോൾ

‘‘ഒരു ചരിത്ര വിദ്യാർഥിയെന്ന നിലയിൽ എന്റെ അന്വേഷണത്തിലോ, മറ്റുള്ളവരുടെ പഠനങ്ങളിലോ ഒന്നും നങ്ങേലി ജീവിച്ചിരുന്നു എന്നതിന്റെ തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം, ഇതേ കഥ പറയുന്ന പല തെളിവുകളും തിരുവിതാകൂറിൽ നിന്ന് ലഭിച്ചിട്ടുണ്ട്. നങ്ങേലിയെന്ന സ്ത്രീയുടെ പേര് സജീവമായി തന്നെ നിലനിൽക്കുന്നുണ്ട്, പക്ഷേ തെളിവില്ല എന്നതാണ് പ്രശ്‌നം. ഡച്ചുകാരുടെ റിപ്പോർട്ടിനകത്ത് ആറ്റിങ്ങൽ റാണിയെ കാണാൻ മലബാറിൽ നിന്ന് ഒരു യുറോപ്യൻ സ്ത്രീയും അവരുടെ ദാസിയും പോയ കഥ പറയുന്നുണ്ട്. മേൽവസ്ത്രം ധരിച്ചാണ് മലയാളിയായ ദാസി യൂറോപ്യൻ സ്ത്രീക്കൊപ്പം ആറ്റിങ്ങൾ റാണിയെകാണാൻ വരുന്നത്. എന്നാൽ മലയാളിയായ ഒരു സ്ത്രീ തന്റെ മുന്നിൽ മേൽവസ്ത്രം ധരിച്ചുവന്നത് ഇഷ്ടപ്പെടാത്ത റാണി അവരുടെ സ്തനങ്ങൾ മുറിച്ചുകളയാൻ ഉത്തരവിടുന്നുണ്ട്. ഈ കഥ വ്യക്തമായി ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തിയതാണ്. നങ്ങേലി കഥയിൽ അവർ സ്വയം മുല മുറിച്ചു എന്നതാണ് അവിശ്വസീനമായി തോന്നുന്നത്. പക്ഷേ ബലം പ്രയോഗിച്ച് ഭരണാധികാരികൾ മുറിച്ചുകളയുന്നത് രേഖയിൽ കാണാനുണ്ട്. തിരുവിതാകൂർ രാജഭരണത്തിലെ ഔദ്യോഗികമായ പല ശിക്ഷാവിധികളും അങ്ങേയറ്റം ക്രൂരമായിരുന്നു. രണ്ട് ആനകളുടെ കാലിൽ മനുഷ്യന്റെ കൈയ്യും കാലും കെട്ടി ശരീരം നെടുകെ കീറുന്ന തരത്തിലുള്ള ശിക്ഷാമുറകൾ തിരുവിതാകൂറിൽ നിലനിന്നിരുന്നു. പ്രാകൃതവും ക്രൂരവുമായ ശിക്ഷാവിധികളാണിത്. എന്റെ നീരീക്ഷണത്തിൽ നങ്ങേലി സ്വയം മുല മുറിച്ചതാകില്ല, ഭരണാധികാരികൾ മുറിച്ചതാകാനാണ് സാധ്യത. ബ്രീട്ടിഷ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി പിരിച്ചിരുന്ന ഒരു നാട്ടുരാജ്യമാണ് തിരുവിതാംകൂർ. ഇവർ ആദിവാസികൾക്കിടയിൽ നിന്നുപോലും നികുതി പിരിച്ചിരുന്നു. അടിസ്ഥാനപരമായി നികുതിപിരിവ് ഒരു അനീതിയായിരുന്നു. ഭരണത്തിന് കീഴിൽ പല ക്രൂരതകളും ഭരണാധികാരികൾ നടത്തിയിരുന്നു. ഇത് മൊത്തത്തിൽ അന്നത്തെ ജനങ്ങൾക്കിടയിൽ ഭയമുണ്ടാക്കിയിരുന്നു. ഈ ഭരണകൂടക്രൂരതകളെ പ്രതിരോധിക്കുന്ന തരത്തിലുള്ള പല കഥകളും വിവിധ കമ്യൂണിറ്റികൾക്കിടയിലുണ്ടായിട്ടുണ്ട്. നികുതിയെന്ന കുത്തകവത്ക്കരണത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ചിഹ്നമായാണ് നങ്ങേലിയുടെ കഥ പ്രസ്‌ക്തമാകുന്നത്. ഇതിനെ പല രീതിയിൽ വായിക്കാമെങ്കിലും നികുതിയുമായി ബന്ധപ്പെട്ട ചർച്ചയാണ് ഇതിന്റെ അടിസ്ഥാന കാരണം. മലയര വിഭാഗത്തിനിടയിലും ഇതേ രീതിയിലുള്ള മിത്തുണ്ട്. തിരുവിതാകൂർ രാജാവിന്റെ ശിങ്കിടിയായ പൂഞ്ഞാർ രാജാവ് നികുതി മേടിക്കാൻ വന്ന സന്ദർഭത്തിൽ ഒരു മലയരയൻ തന്റെ തലയറുത്തും മലയരയത്തി മാറിടം അറുത്തും നൽകിയെന്നുമാണ് മിത്തിൽ പറയുന്നത്. കേരളത്തിലെ പല കീഴാള വിഭാഗത്തിനിടയിലും ഈ കഥ വളരെ ശക്തമായി നിലനിൽക്കുന്നുണ്ട്. നങ്ങേലിയെന്ന വ്യക്തിയെ നമ്മുക്ക് ചിലപ്പോൾ ചരിത്രത്തിൽ കാണാൻ സാധിക്കില്ല. എന്നാൽ അതേ അനുഭവവും കഥാപരിസരവുമുള്ള നിരവധി നങ്ങേലിമാരെ ചരിത്രത്തിൽ കാണാനാവും.'

ദീപ്തി പ്രിയ മെഹ്റോത്ര

തിരുവിതാകൂറിലെ ഭരണകൂട ക്രൂരതകൾക്കെതിരെ ജീവത്യാഗം നടത്തിയ ആദ്യ സ്ത്രീയെന്ന നിലയിലാണ് ഇന്ന് നങ്ങേലി അറിയപ്പെടുന്നത്. ഭരണകൂടനുകങ്ങൾ പേറാൻ താൽപ്പര്യപ്പെടാതിരുന്ന പോരാളികൾക്കൊപ്പമാണ് നങ്ങേലിയെ രേഖപ്പെടുത്തുന്നത്. അന്യായമായ നികുതിയിൽ നിന്ന് തന്റെ സമൂദായത്തെ മോചിപ്പിച്ച ധീരവനിതയാണ് നങ്ങേലിയെന്നാണ്
ദീപ്തി പ്രിയ മെഹ്റോത്ര ‘​​ഹേർ സ്റ്റോറീസ്: ഇന്ത്യൻ വിമൻ ഡൗൺ ദ ഏജസിൽ' പറയുന്നത്. ചേർത്തലക്കാർ പോലും നങ്ങേലിയുടെ കഥ മറന്നെന്നും അവരുടെ സ്മരണയ്ക്കായി ഒരു സ്മാരകവും നിർമ്മിക്കാത്തതിനെയും അവർ നിശിതമായി വിമർശിക്കുന്നുണ്ട്. നങ്ങേലിയുടെ കഥയിലെ ചരിത്രപരിശോധയോടൊപ്പം, അക്കാലത്ത് നിലനിന്നിരുന്ന ഭരണകൂട ക്രൂരതകളെക്കുറിച്ചും സംസാരിക്കേണ്ടതുണ്ട്.

Comments