ഒക്ടോബറിന്റെ ഉഷ്ണബാധയേറ്റ് സാർവ്വദേശീയ ചൂഷകവർഗ്ഗം പൊള്ളിവിറച്ച മനുഷ്യരാശിയുടെ ചരിത്രത്തിലെ ആവേശകരമായ ദിനരാത്രങ്ങൾക്ക് തുടക്കം കുറിച്ച ദിനമായിരുന്നു നവംബർ ഏഴ്. 1917 നവംബർ ഏഴിനാണ് ലെനിന്റെ നേതൃത്വത്തിൽ റഷ്യയിലെ തൊഴിലാളിവർഗ്ഗം കെരൻസ്കി ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിക്കുന്നത്. അതെ, മനുഷ്യരാശിയുടെ ചരിത്രത്തിൽ ഒരു പുതുയുഗത്തിന്, തുടക്കം കുറിക്കുകയായിരുന്നു, ഒക്ടോബർ വിപ്ലവം.
റമനോവ് രാജവംശാധിപത്യത്തിന് അന്ത്യം കുറിച്ച് റഷ്യൻ ജനത സമത്വാധിഷ്ഠിതമായൊരു സാമൂഹ്യ നിർമ്മിതിയിലേക്ക് പ്രവേശിച്ച ദിനം. സ്ലാവ് വംശമഹിമയിലധിഷ്ഠിതമായ പൗരോഹിത്യ രാജവാഴ്ച അവസാനിപ്പിക്കുകയും സ്ലാവുകളെ പോലെ ജൂതരെയും മുസ്ലിങ്ങളെയും തുല്യരായി കാണുകയും എല്ലാവിധ വിവേചനങ്ങളും അവസാനിപ്പിക്കുകയും ചെയ്ത ലെനിന്റെ നേതൃത്വത്തിലുള്ള തൊഴിലാളിവർഗ്ഗ ഭരണകൂടം നിലവിൽ വന്ന ഈ ദിനം കടന്നുപോകുന്നത് പലസ്തീനിൽ മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്ന സാമ്രാജ്യത്വ സയണിസ്റ്റ് യുദ്ധഭീകതയിലാണ്. നാറ്റോ വിപുലനത്തിനായുള്ള യു.എസ് താല്പര്യങ്ങളിൽ തുടങ്ങിയ യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടയിലാണ്.
സാമ്രാജ്യത്വമെന്നാൽ യുദ്ധമാണെന്ന് തൊഴിലാളിവർഗ്ഗത്തെയും ദേശീയ വിമോചനപ്രസ്ഥാനങ്ങളെയും പഠിപ്പിച്ച മഹാനാണ് സഖാവ് ലെനിൻ. പശ്ചിമേഷ്യൻ വിഭവങ്ങളും സമ്പത്തും വാണിജ്യപാതകളും കയ്യടക്കാനാണല്ലോ ബ്രിട്ടനും യു.എസും ഫ്രാൻസും ചേർന്ന് ഇസ്രായേലിനെ സൃഷ്ടിച്ചത്. പലസ്തീനികളുടെ മണ്ണ് കവർന്നെടുത്തത്. ഗസയിലും ലെബനനിലും കൂട്ടക്കൊലകൾ നടത്തികൊണ്ടിരിക്കുന്നത്.
ദേശസാൽക്കരണ ഡിക്രികളിലൂടെ മൂലധനശകതികളെ തുരത്തുകയും സോഷ്യലിസ്റ്റ് ഉല്പാദനപ്രക്രിയക്ക് ആരംഭമിടുകയും ചെയ്ത യു എസ് എസ് ആർ ലോകമെമ്പാടുമുള്ള ദേശീയവിമോചനപ്രസ്ഥാനങ്ങൾക്ക് പിന്തുണ നൽകി. ലെനിൻ സയണിസമുൾപ്പെടെ എല്ലാവിധ വംശീയരാഷ്ട്രീയത്തെയും അതിനുപിറകിലുള്ള സാമ്രാജ്യത്വതാല്പര്യങ്ങളെയും തുറന്നെതിർത്തു. പാശ്ചാത്യ മുതലാളിത്തശക്തികളുടെ തുർക്കി സുൽത്താനേറ്റിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കേണ്ടത് സാർവ്വദേശീയ തൊഴിലാളിവർഗത്തിന്റെ കടമയാണെന്ന് ഉദ്ബോധിപ്പിച്ചു.
ഒന്നാം ലോകമഹായുദ്ധത്തിന്റെ സാഹചര്യങ്ങളെ കൂടി ഉപയോഗപ്പെടുത്തിയാണ് സാമ്രാജ്യത്വത്തിന്റെ ദുർബ്ബല കണ്ണിയായിരുന്ന റഷ്യയിൽ ലെനിൻ സോഷ്യലിസ്റ്റ് വിപ്ലവം വിജയത്തിലെത്തിക്കുന്നത്.
റഷ്യയിലെ കർഷകകരുടെയും തൊഴിലാളികളുടെയും ഐക്യത്തിന്റെ വർഗ്ഗബലത്തിലാണ് സാമ്രാജ്യത്വത്തിനും സാറിസ്റ്റ് സ്വേച്ഛാധിപത്യത്തിനുമെതിരായ സായുധ ജനകീയ ഉയിർത്തെഴുന്നേൽപ്പ് വളർത്തിയെടുത്തത്. വിപ്ലവത്തെ ജനങ്ങളുടെ ഉത്സവമാക്കാൻ പഠിപ്പിച്ച ലെനിൻ ബോൾഷെവിക് സംഘടനയെയും വിപ്ലവത്തിലേക്ക് ജനങ്ങളെ അണിനിരത്താനാവശ്യമായ സൈദ്ധാന്തിക രാഷ്ട്രീയാനവും ജനമനസുകളിലേക്ക് എത്തിച്ചു.
സാമ്രാജ്യത്വ വാഴ്ചയുടെയും അധികാരത്തിന്റെയും ചങ്ങലക്കണ്ണികളെ പൊട്ടിച്ച് തൊഴിലാളിവർഗ്ഗത്തിന്റെ സോവിയറ്റ് അധികാരം സ്ഥാപിക്കുകയും സോഷ്യലിസ്റ്റ് നിർമ്മാണത്തിനുള്ള വിപ്ലവകരമായ ദേശസാൽക്കരണനടപടികൾക്ക് തുടക്കമിടുകയുമാണ് ലെനിൻ ചെയ്തത്. സ്വകാര്യസ്വത്തുടമസ്ഥയുടെ ഏകപക്ഷീയമായ സാമൂഹ്യവൽക്കരണം കർഷകരും ചെറുകിട സ്വത്തുടമസ്ഥരുമായ വിഭാഗങ്ങളെയും വർഗ്ഗങ്ങളെയും എതിരാക്കുമെന്നും സാർവ്വദേശീയ വലതുപക്ഷത്തിന്റെ കൈകളിൽ പ്രതിവിപ്ലവത്തിന്റെ കരുക്കളാക്കി മാറ്റുമെന്നും തിരിച്ചറിഞ്ഞതോടെ പുത്തൻ സാമ്പത്തികനയത്തിന് തുടക്കമിട്ടു.
സോഷ്യലിസം മുതലാളിത്തത്തിൽ നിന്ന് കമ്യൂണിസത്തിലേക്കുള്ള പരിവർത്തനകാലമാണെന്നും സ്വകാര്യ ഉടമസ്ഥതയ്ക്കുകൂടി സോഷ്യലിസ്റ്റ് നിർമ്മാണത്തിന്റെ ദീർഘകാലഘട്ടത്തിൽ അനിവാര്യമായും നിലനില്പുണ്ടെന്നുമുള്ള മാർക്സിന്റെ നിരീക്ഷണങ്ങളെ ഉൾക്കൊണ്ടുകൊണ്ടാണ് പുത്തൻ സാമ്പത്തികനയത്തിന്റെ സൈദ്ധാന്തിക- രാഷ്ട്രീയ സമീപനങ്ങൾ ലെനിൻ വിശദീകരിച്ചത്.
സോവിയറ്റ് യൂണിയെൻ്റയും കിഴക്കൻ യുറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും തിരോധാനത്തിന് ശേഷവും ചരിത്രത്തിന്റെ അന്ത്യം പ്രഖ്യാപിച്ച മുതലാളിത്ത പ്രവാചകന്മാർക്ക് മറുപടി നൽകികൊണ്ട്, സോഷ്യലിസത്തിന്റെ അജയ്യത ഉയർത്തിപ്പിടിച്ച് അഞ്ച് രാജ്യങ്ങൾ സോഷ്യലിസ്റ്റായി എല്ലാവിധ പ്രതിസന്ധികളെയും അതിജീവിച്ച് നിലനില്ക്കുന്നുണ്ടെന്നത് ചെറിയ കാര്യമല്ല. നിലനില്ക്കുന്ന സോഷ്യലിസത്തെയും ഇടതുപക്ഷത്തെയും കാല്പനികമായൊരു ഇടതുപക്ഷത്തെ കുറിച്ചുള്ള വ്യാജ ആദർശാത്മകതയിൽ കഴിയുന്നവർ ലോകത്തെ വലതുപക്ഷയുക്തിയിൽ നിന്ന് നോക്കിക്കാണുന്നവരാണ്.
ചൈന, ക്യൂബ, വിയ്റ്റ്നാം, ലാവോസ്, വടക്കൻ കൊറിയ എന്നീ രാജ്യങ്ങൾ യു.എസ് സാമ്രാജ്യത്വത്തിന്റെ എല്ലാവിധ കടന്നാക്രമണങ്ങളെയും ഉപരോധങ്ങളെയും നേരിട്ടത് അവരുടേതായ ദേശീയ സാഹചര്യങ്ങൾക്കനുസൃതമായ രീതിയിലാണ്. ലോകത്തിലെ 160 കോടിയോളം ജനങ്ങൾ ഉൾക്കൊള്ളുന്നതാണ് സോഷ്യലിസ്റ്റ് രാജ്യങ്ങൾ.
ശ്രീലങ്ക, നേപ്പാൾ തുടങ്ങി പല രാജ്യങ്ങളിലും പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടികൾ തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തിയിട്ടുണ്ട്. നേരിട്ടും അല്ലാതെയും ഭരണാധികാരത്തിൽ പങ്ക് വഹിക്കുന്നുണ്ട്. ലാറ്റിനമേരിക്കൻ ഭൂഖണ്ഡങ്ങളിൽ പലയിടത്തും ഇളം ചുവപ്പുരാശിയെ തഴുകി നിലനില്ക്കുന്ന സർക്കാരുകൾ ഭരണാധികാരത്തിലുണ്ട്. ഒക്ടോബർ വിപ്ലവം അഴിച്ചുവിട്ട സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനുമെതിരായ സോഷ്യലിസത്തിന്റെ കാറ്റ് നിലച്ചുപോയിട്ടില്ല. ചരിത്രമവസാനിച്ചിട്ടില്ല. മുതലാളിത്തത്തിനെതിരായ പോരാട്ടം തുടരുകയാണ്.