സാലഭഞ്ജികമാർ കാതിലോതിയ
നവാമുകുന്ദന്റെ കെസ്സും കിസ്സയും

കേരളത്തിൽ ഇതാദ്യമായി ഒരു ഹിന്ദു ഐക്യം സ്വപ്നം കണ്ട് പന്തലൊരുക്കിയപ്പോൾ, ‘തങ്ങളെ മതം പറഞ്ഞു വിഭജിക്കല്ലേ’ എന്ന കൂട്ട പ്രാർത്ഥന നടത്തിയ ജനതതിയുടെ 'ദുആ' കേട്ട്, പന്തൽ പൊളിഞ്ഞുവീണ ‘കറാമത്തി’ന്റെ ഭൂമിയാണ് തിരുന്നാവായ- പി.പി. ഷാനവാസ് എഴുതുന്ന ഖയാൽ കെസ്സ് കിസ്സ തുടരുന്നു.

ഖയാൽ കെസ്സ് കിസ്സ- 21

ഫോട്ടോകൾ: ബിജു ഇബ്രാഹിം

റാകി പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടോ?
വേലയും കണ്ടു വിളക്കും കണ്ടു
കടലിൽ തിര കണ്ടു കപ്പൽ കണ്ടു
- മാമാങ്കത്തെക്കുറിച്ച് അജ്ഞാത കവി.

ഹംസഗാനം പാടിയിട്ടും, ഷഹറാസാദ് പറഞ്ഞ കഥകൾ പോലെ, മലപ്പുറം കിസ്സ നീളുകയാണ്. ഓർമയും ചരിത്രവും ഭൂതകാലപ്പെരുമയുമായി, ഒരു ദിനമെങ്കിലൊരു ദിനം, ആയുസ് നീട്ടിക്കിട്ടുമല്ലോ എന്ന ആശയിൽ, മന്ത്രിപുത്രിയുടെ അറിവിന്റെയും ധിഷണയുടെയും സ്മരണയിൽ, ഈ കഥ തുടരട്ടെ. ഇസ്‍ലാമിക സാമ്രാജ്യത്തിന്റെ സുവർണ്ണ കാലത്തു രചിക്കപ്പെട്ട "ആയിരത്തൊന്നു രാവുകൾ" എന്ന പോലെ, മലപ്പുറത്തിന്റെ അത്യന്തം സുവർണ്ണമായൊരു ഭൂതകാലപ്പെരുമയാഘോഷിക്കാനായി ഈ കഥ പറയട്ടെ.

തിരുന്നാവായയുടെ പ്രാദേശിക ചരിത്രകാരൻ ഉമ്മർ ചിറക്കൽ

സംശയരോഗം ബാധിച്ച രാജാവിന്റെ മണിയറയിൽ വച്ചു പറഞ്ഞ, അറേബ്യനും ഇന്ത്യനും പേർഷ്യനും മെസപ്പൊട്ടാമിയനുമായ വേരുകളുള്ള ആ കഥകൾ പോലെത്തന്നെ, ബഹുതലമായ നാഗരിക ബന്ധങ്ങളിലൂടെ വളർന്ന വിജ്ഞാനത്തിന്റെയും കൊള്ളവാങ്ങലിന്റെയും വെട്ടിപ്പിടിക്കലിന്റെയും യുദ്ധക്കൊതിയുടെയും ചാവേറുകളുടെയും ആ തിരുന്നാവായപുരാണം. ചരിത്രത്തിന്റെ വേരുകൾ മധ്യകാലത്ത് മാത്രം ചുരുക്കികെട്ടിപ്പോന്ന സുവർണ്ണകാല ചരിത്രരചനാഖ്യാനങ്ങളോട് തല്ലിപ്പിരിയാനുള്ള പലതും, ഈ സവിശേഷ ഭൂമിശാസ്ത്രം ബാക്കിവയ്ക്കുന്നുണ്ട്.

നവയോഗികൾ പ്രതിഷ്ഠിച്ചു എന്ന് പുരാണപ്രസിദ്ധമായ നവാമുകുന്ദ ക്ഷേത്രം കൊണ്ട് പുകൾപ്പെറ്റ തിരുന്നാവായ എന്ന തിരുവാകത്തുറൈ. മാതാവിനെ കൊന്ന ശാപം തീർക്കാൻ പരശുരാമൻ പിണ്ഡമിട്ട് മനഃശാന്തി നേടിയ ഐതിഹ്യപ്പെരുമ. പെരുമാൾ അവരോധത്തിന് ജ്യോതിഃശാസ്ത്രം പണിത കേരളത്തിന്റെ ഉജ്ജയിനി. ഗാന്ധിയുടെ ചിതാഭസ്മമൊഴുക്കിയ നിളയുടെ തീരത്തെ, സർവോദയസംഘത്തിന്റെ നാട്. കേരളത്തിൽ ഇതാദ്യമായി ഒരു ഹിന്ദു ഐക്യം സ്വപ്നം കണ്ടു പന്തലൊരുക്കിയപ്പോൾ, ‘തങ്ങളെ മതം പറഞ്ഞു വിഭജിക്കല്ലേ’ എന്ന കൂട്ട പ്രാർത്ഥന നടത്തിയ ജനതതിയുടെ 'ദുആ' കേട്ട്, പന്തൽ പൊളിഞ്ഞുവീണ ‘കറാമത്തി’ന്റെ ഭൂമി.

തിരുന്നാവായ ചങ്ങമ്പള്ളി കളരി

മുങ്ങിപ്പോയ എട്ടു പ്രതിഷ്ഠകൾക്കു ശേഷം, അരയോളം മുങ്ങിയെങ്കിലും ബാക്കിയായ വിഷ്ണുവിന്റെ സൂര്യപ്രതിഷ്ഠയ്ക്ക്, നവാമുകുന്ദന്, താമരമാല കോർക്കാമെന്ന വാഗ്ദാനത്തിൽ നിലനിന്ന ക്ഷേത്രപ്പെരുമ. നാരായണീയത്തിന്റെ ഭൂമിക. അതു രചിച്ച മേല്പത്തൂർ ഭട്ടതിരിയുടെ ചന്ദനക്കാവ്. തിരുമാന്ധാംകുന്ന് തൊട്ട്, മൂകാംബിക മുതൽ സാക്ഷാൽ ഗുരുവായൂർ വരെ, അവിടുന്നങ്ങോട്ട് അനന്തപത്മനാഭനും, പിന്നെ അതിർത്തി കടന്ന് തമിഴ്നാട്ടിലേക്കും ദില്ലിയ്ക്കും കൽക്കത്തയ്ക്കും, മുസ്‍ലിംകളായ താമരക്കർഷകരുടെ കൈവെള്ളയിൽ വിടർന്ന താമരപ്പൂക്കൾ കയറ്റിയയ്ക്കുന്ന, താമരക്കായൽ കൃഷിനിലങ്ങൾ ചുറ്റരഞ്ഞാണം തീർക്കുന്ന നിളയുടെ തീരഭൂമി. ജൈനമുനിയുടെ ധ്യാനഭൂമിയും ചങ്ങമ്പള്ളി ഗുരുക്കന്മാരുടെ കളരിയും മണിക്കണറും മരുന്നറയും നിലപാടു തറയും വൈശ്രവണ ക്ഷേത്രവുമുള്ള ദക്ഷിണേന്ത്യയിലെ അപൂർവ്വമായ ഭൂപ്രദേശം.

ചങ്ങമ്പള്ളി കളരിയിലെ മുഖപ്പിലെ വാതിലിനു മുകളിലെ ദാരുചിത്രങ്ങൾ

ഡോ. എൻ. എം. നമ്പൂതിരി തന്റെ ഇക്കോളജിക്കലായ രീതിശാസ്ത്രത്തിൽ പ്രദേശത്തെ ഇങ്ങനെ അടയാളപ്പെടുത്തുന്നു: "പുത്തനത്താണിയിൽ നിന്ന് താഴേക്കു നോക്കിയാൽ നിരപ്പൊത്ത മാമാങ്കവേദി 'വിഹഗവീക്ഷണ'ത്തിൽപ്പെടുമെന്നു പറഞ്ഞു. ഇതിന്റെ ഭൂ ഉപരിതലം, അതിരുകൾ എന്നിവ ഇവിടെ വിശദീകരിക്കേണ്ടതുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 404 അടി ഉയരമാണ് രണ്ടത്താണി കുന്നിൻനിരകൾക്കുള്ളത്. കിഴക്ക് കുറ്റിപ്പുറം, വളാഞ്ചേരി എന്നീ കുന്നിൻ പ്രദേശങ്ങളിലൂടെ തൊഴുവാനൂർ, ചേലൂർ, വളവന്നൂർ എന്നിങ്ങനെ കിഴക്കുവടക്കോട്ടു പോകുന്ന ഇന്നത്തെ ദേശീയപാത കുന്നിൻപുറത്ത് ശരാശരി 480 അടി ഉയരത്തിലൂടെ നീങ്ങുന്നു. തിരുന്നാവായയ്ക്കു വടക്കുപടിഞ്ഞാറ് അയിരാണി (347), ചെറുവണ്ണൂർ (257), ഏഴൂർ (141), തെക്കൻകുറൂർ (104) എന്നീ ഉയരത്തിലുള്ള പ്രദേശങ്ങളാണ് പടിഞ്ഞാറുഭാഗത്തുകൂടി പുഴയോരത്തോളം എത്തുന്നതും.

ചങ്ങമ്പള്ളി കളരിയിലെ മുഖപ്പ് വാതിലിനു മുകളിലെ കരിങ്കൽ കൊത്തുപണികൾ

പുഴയ്ക്കുതെക്കെക്കരെ, തവനൂർ (120), തൃക്കണാപുരം (150), കാലടി (250), ആനക്കര (250), മലമക്കാവ് (363) എന്നിങ്ങനെ തെക്കും തെക്കുകിഴക്കും ഉയർന്ന ഭൂപ്രദേശങ്ങളാണ്. ഈ കുന്നിൻനിരകൾക്ക് ഉള്ളിൽ തട്ടൊത്ത ഭൂപ്രദേശങ്ങൾ ചേർന്ന വൃത്താകാരത്തിലുള്ള ഒരു അതിർത്തി കല്പിക്കാം. ഇതിന്റെ ഒത്ത നടുക്കുള്ള പുഴക്കരയിലാണ് തിരുന്നാവായ, ഇവിടെ 53 അടിയും 89 അടിയുമാണ് സമുദ്രനിരപ്പിൽ നിന്നുയരം. വാകയൂർ കുന്നാണ് 89 അടി ഉയരം. കുന്നിനു പടിഞ്ഞാറുള്ള ആശുപത്രിഭാഗം 53 അടിയുമാണ്. അതിലും താഴെ 40-45 അടി ഉയരമേ തിരുന്നാവാ ക്ഷേത്രസ്ഥലത്തും കടവുസ്ഥലത്തും കാണുന്നുള്ളൂ.

ചങ്ങമ്പള്ളി കളരിയിലെ മുഖപ്പിലെ കിളിവാതിൽ

വാകയൂർ, കാരത്തൂർ എന്നിവക്കെതിരെ തവനൂരിൽ 120 അടി ഉയരമുണ്ട്. അതിനു തെക്ക് മറവഞ്ചേരി. മാമാങ്കത്തിന് കോവിലകം പണിയുന്ന ആശാരിമാരുടെ സ്ഥലം. 150 അടി ഉയർന്ന ദേശവും, കാടഞ്ചേരി (മാമാങ്കം കിളിപ്പാട്ടുകാരന്റെ ജന്മസ്ഥലം) 150 അടി ഉയരവും, തൃക്കണാപുരം കടവിന് 165 അടി ഉയരവും വടക്കേക്കര പാലൂർ 187 അടി ഉയരവും നടുവട്ടം 381 അടി ഉയരവും തിരുന്നാവായയ്ക്ക് തൊട്ടുവടക്ക് എടക്കുളം 382 അടി ഉയരവും, ആതവനാട് (ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ സ്ഥലം) 283, 338, 328 എന്നിങ്ങനെ ഉയരമുള്ള പ്രദേശങ്ങളുമൊക്കെയാണ്. നാലുഭാഗത്തും ഉയർന്ന് ഏതാണ്ട് 300 അടി ഉയരത്തിൽനിന്ന് ചാരുമാനമായി ഭൂമി ഇറങ്ങിവരുമ്പോൾ 40-45 അടിയിലെത്തി ക്ഷേത്രം കേന്ദ്രബിന്ദുവായി ഒരു വലിയ വാപിപോലെയോ, കിണ്ണം പോലെയോ മാമാങ്ക ഭൂമിക്ക് ടോപ്പോഗ്രഫി ലഭിക്കുന്നു. ഇതാണ് കുറ്റിപ്പുറം തൃക്കണാപുരം കടവിനും ഈശ്വരമംഗലം തൃപ്രങ്ങോട്ടുകടവിനും ഇടക്ക് മാമാങ്ക തട്ടകം വേർതിരിച്ചുകാണാം എന്നു നിരീക്ഷിച്ചത്.

ചങ്ങമ്പള്ളി കളരിയിലെ മുഖപ്പ്

ഈ ഭൂമേഖല മലർത്തിവെച്ച ഒരു വലിയ കപ്പ് പോലെയാണെന്നു പറയാം. ഇതിന്റെ ഏതാണ്ട് മധ്യത്തിലൂടെ വില്ലുപോലെ ഒഴുകുന്ന പുഴ കാണാം. വെട്ടം പള്ളിപ്പുറം - ഈശ്വരമംഗംലം കടവിൽ നിന്ന് പുഴ വടക്ക് കിഴക്കോട്ട് സഞ്ചരിച്ച് തിരുന്നാവായിലെത്തുന്നു. തിരുന്നാവായ - പാഴൂർ എന്ന വടക്കനതിരും തവനൂർ- വേലഞ്ചേരി എന്ന തെക്കനതിരുമുള്ള പുഴ നേരെ കിഴക്കോട്ടൊഴുകുന്നു. അവിടെനിന്ന് കുറ്റിപ്പുറം തൃക്കണാപുരം കടവിലേക്ക് വളഞ്ഞ് തെക്കോട്ടും, പിന്നെ നേരെ എതിർദിശയിലേക്ക് വടക്കോട്ടും ഒഴുകി ഉമ്മത്തൂർ കടവിലെത്തുന്നതു കാണാം.

തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിലെ ആൽമരത്തിനു കീഴിലിരിക്കുന്ന സന്യാസി

ഈശ്വരമംഗലം മുതൽ കിഴക്കോട്ട് വില്ലുപോലെ വളഞ്ഞ് ഉമ്മത്തൂരിൽ ഒരു വിലയ മടക്കുപോലെ കുറ്റിപ്പുറം കുന്നിന്റെ തെക്കുഭാഗത്തായി പുഴ ഒടിഞ്ഞുകിടക്കുന്നു. ഈശ്വരമംഗലം - ഉമ്മത്തൂർ ഭാഗം മുഴുവൻ വലിയ മണൽപ്പരപ്പാണ്. ഏതാണ്ട് 8-10 കി.മീറ്ററിലധികം ദൂരം വരും ഈ വിശേഷമായ പുഴഖണ്ഡത്തിന്. അസാധാരണമായ പുഴ, ഭൂപ്രകൃതിയുടെ മഹത്തായ ദൃശ്യങ്ങൾ, വിഭവ മേഖലയുടെ വ്യാപ്തി, സുരക്ഷിതത്വം എന്നിങ്ങനെ അനേകം പാരിസ്ഥിതിക വിശിഷ്ടതയാകാം ഈ ഭാഗത്ത് ഒരു വലിയ മേളയൊരുങ്ങിയ പാരമ്പര്യത്തിന് മുഖ്യ കാരണം."
(ഡോ. എൻ. എം. നമ്പൂതിരി, മാമാങ്കം രേഖകൾ, വള്ളത്തോൾ വിദ്യാപീഠം, 2005.)

തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകുന്ന നിള

നിളയോടൊപ്പം തിരൂർപുഴയും വന്നുചേരുന്ന തിരുനാവായയ്ക്കു ചുറ്റും അഞ്ചു ചുങ്കങ്ങളുണ്ട്. വെട്ടിച്ചിറ, കാർത്തല, പോത്തന്നൂർ, താനാളൂർ, എടപ്പാൾ എന്നിങ്ങനെ. ചരക്കുകൾ കേന്ദ്രീകരിച്ച ഒരിടം എന്നുള്ള നിലയിൽ, സഹബന്ദർ കടവിൽ വന്നണയുന്ന നൗകകളിൽ എട്ടു കിലോമീറ്റർ നിളയിലൂടെ തോണി തുഴഞ്ഞാൽ പൊന്നാനി തുറമുഖത്തെത്തും. ഇങ്ങനെ മധ്യകാലം ഈ പ്രദേശത്തു കണ്ണുവെയ്ക്കാൻ വേറെ കാരണങ്ങളൊന്നും ആവശ്യമില്ലല്ലോ.

തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിലെ ദേവസ്വം ചെയർമാന്റെ കൂടെ ഉമ്മർ ചിറക്കൽ

വെള്ളാട്ടിരിയെ തോൽപ്പിച്ച്, നായർ പോരാളികളുടെയും മുസ്‍ലിം നാവികരുടെയും ഇടംവലം ബലത്തിൽ, സാമൂതിരി പണിഞ്ഞ മലബാറിന്റെ സൈനികസംസ്കൃതിയുടെ കേന്ദ്രമായി തിരുന്നാവായ മാറിയതും
മറ്റൊന്നുകൊണ്ടുമല്ല. തിരുമാന്ധാംകുന്ന് ഭഗവതിയെ തൊഴുതു വന്നെത്തുന്ന ചാവേറുകൾക്ക്, നിലപാട് നിന്ന സാമൂതിരിമാരുടെ യുദ്ധ ചരിത്രം, ഒരർത്ഥത്തിൽ ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കും ജന്മിമാർക്കുമെതിരെ ചാവേറുകളായ മാപ്പിള കർഷകർ, വെള്ളാട്ടിരി സ്വരൂപത്തിന്റെ ചാവേറുകളുടെ, തോറ്റിട്ടും തോൽക്കാത്ത ഇചഛയുടെ സമാവർത്തമായി, വർത്തമാനത്തിലും ചരിത്രം രചിക്കുന്നുണ്ട്. ‘ചരിത്രം രണ്ടുതവണ ആവർത്തിക്കുന്നു, ഒന്നു ദുരന്തമായും മറ്റേത് അതിന്റെ അപഹാസ്യ അനുകരണമായും’ എന്ന് മാർക്സ് പറഞ്ഞത്, ‘തല്ലുമാല’ക്കാർക്കും വാരിയൻകുന്നത്തിന്റെ  ഹീറോ വർഷിപ്പിന്റെ ഫാബ്രിക്കേറ്റഡ് ചരിത്രകാരന്മാർക്കും പാഠമാണ്. ഏതായാലും വർത്തമാനത്തിന്റെ ആ ദുരന്ത നിമിഷത്തിന്റെ നാവോർ പാട്ടിൽ നിന്ന്, നമുക്ക് മാമാങ്കം ചരിത്രത്തിലേക്കു തന്നെ മടങ്ങാം. ‘നാവായിൽ പലകുറി കൊണ്ടാടിയ മാമാങ്ക’ത്തിലേക്ക്.

തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിലെ പഴുക്കാമണ്ഡപം

എന്തായിരുന്നു ഈ മേളയുടെ സ്വഭാവം?
1755-ൽ നിലച്ചുപോയ മഹാമകം എന്ന മാമാങ്കം മലയാളി പാടി പഠിച്ചതു പോലെ, ഒരു യുദ്ധത്തിന്റെ ആചാരനാടകമോ, വാണിജ്യത്തിന്റെയും വിനിമയത്തിന്റെയും മധ്യകാല സമ്പദ്ശാസ്ത്രമോ, അതോ സാംസ്കാരിക വിനിമയത്തിന്റെയും കലാപ്രയോഗങ്ങളുടെയും കളരി വൈദഗ്ധ്യത്തിന്റെയും പ്രകടന ഭൂമിയോ? എന്തായിരുന്നു മാമാങ്കം?

"സാമൂരി കോലോത്തെ മേൽക്കോയ്മയും
മങ്ങാത്ത മായാത്ത മലയാണ്മയും
നിലപാട് നിന്ന തിരുമേനികൾ...
ഇന്നെന്റെ ചിന്തക്കു ചെന്തേരിടാൻ
അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളെ.."
എന്ന് യേശുദാസിന്റെ മുഴങ്ങുന്ന ശബ്ദത്തിൽ ശൈശവത്തിൽ കേട്ട ആ പാട്ടിലെ മലയാളണ്മയുടെ 'സവർണ്ണമായ ചേരുവകളാണോ' തിരുന്നാവായ എന്ന അവശിഷ്ടഭൂമി ബാക്കിയാക്കുന്നത്? പലതവണ സന്ദർശിച്ചും, ചരിത്രപുസ്തകങ്ങൾ വായിച്ചും, പ്രാദേശിക ചരിത്രകാരനും സ്മാരക സൂക്ഷിപ്പുകാരനുമായ ഉമ്മർ ചിറക്കലിന്റെ വിവിധ തലങ്ങളിലുള്ള നിരീക്ഷണങ്ങളും നിർന്നിമേഷ സാക്ഷ്യങ്ങളും കൊണ്ട് ഒരു എത്നോഗ്രാഫറുടെ കൗതുകത്തോടെ, തിരുന്നാവായെ പഠിക്കാൻ ശ്രമിച്ചാൽ, ശിലായുഗം തൊട്ട്, കാരിരുമ്പിന്റെ സംസ്കാരപ്പെരുമയിൽ ബുദ്ധന്മാരും ജൈനമുനികളും അവരിൽപ്പെട്ട ജ്യോതിശാസ്ത്ര വിദഗ്ധരും നിലപാട് നിന്ന, തിരുന്നാവായുടെ മധ്യകാലത്തിനു മുമ്പുള്ള സമ്പന്നമായ സംസ്കാരത്തിന്റെ ഭാവനാസന്നിധിയിൽ നാമെത്തിച്ചേരും. നമ്പൂതിരി ബ്രാഹ്മണ ആധിപത്യത്തിൽ കേരളം പിൽക്കാലം കടംകൊണ്ട പലതും, ജൈനരും ബുദ്ധരും നൽകിയ ഈടുവെപ്പുകളായിരുന്നു എന്ന അറിവിലേക്ക് നയിക്കപ്പെടും. മധ്യകാല ചരിത്രത്തിൽ നിന്ന് പിന്നോട്ടു പോയി, ആർക്കിയോളജിക്കലായ ആ ഓർമ്മകളാണ് കെ. ചന്ദ്രഹരിയുടെ സൂക്ഷ്മമായ ചരിത്രായനങ്ങൾ. അതിരുകൾ മായുന്ന ഒരു ഗവേഷണ നിറവായി അത് നമുക്കു മുന്നിൽ വന്നുചേരുന്നു.

തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിന്റെ മുകൾഭാഗത്തുനിന്നുള്ള ദൃശ്യം.

കെ. ചന്ദ്രഹരി എഴുതുന്നു:
"കേരളത്തിൽ പിൽക്കാലത്ത് ലഭ്യമായിരിക്കുന്ന ക്ഷേത്രലിഖിതങ്ങളെല്ലാംതന്നെ ബ്രാഹ്മണ ദേശത്തിന്റെ തെളിവ് നൽകുന്നവയാണ്. ക്രിസ്തുവിനു മുമ്പ് ഒമ്പതാം നൂറ്റാണ്ടിന് വളരെ മുമ്പ് തന്നെ ജ്യോതിർഗണിതവും കലിദിനവും കേരളത്തിൽ വികസിതമായി നിലനിന്നിരുന്നു. നാലാം നൂറ്റാണ്ടിലെ അഗ്നിഹോത്രിയുടെ കാലം വരരുചിയുടെയും ഗീർന്നശ്രേയാദി വാക്യങ്ങളുടെയും കാലമാണ്. അക്ഷരസംഖ്യകളുടെ ഏറ്റവും സമർത്ഥമായ ഉപയോഗം ജ്യോതിർ ഗണിതത്തിൽ നടന്നിരുന്ന കാലഘട്ടമാണിത്. 

1950- ൽ അനാച്ഛാദനം ചെയ്യപ്പെട്ട ഗാന്ധി പ്രതിമാമണ്ഡപം

കേരളത്തിലെ ജ്യോതിശാസ്ത്രത്തിന് സമാനമായ ജ്യോതിശാസ്ത്രം അക്കാലത്ത് ബാബിലോണിൽ നിലനിന്നിരുന്നുവെന്നതും കേരളവും മെസപ്പെട്ടോമിയയുമായി ചരിത്രാതീതകാലം മുതൽ വ്യാപാരബന്ധം ഉണ്ടായിരുന്നുവെന്നതും ജ്യോതി:ശാസ്ത്രത്തിന്റെയും കലിദിന ഗണനയുടെയും അനാര്യ സ്രോതസിനെ സൂചിപ്പിക്കുന്ന വസ്തുതയാണ്. കലിയുഗാരംഭവും ഭാരതീയ ജ്യോതിശാസ്ത്രത്തിൽ ഉപയോഗപ്പെടുത്തുന്ന ഗ്രഹഗതികളും ഗണിത സങ്കേതങ്ങളും മെസപ്പെട്ടോമിയയിൽ ക്രിസ്തുവിനു മുമ്പ് ഏഴാം നൂറ്റാണ്ടു മുതൽ നിലനിന്നിരുന്നുവെന്നതിന് അവിടെനിന്നും കുഴിച്ചെടുക്കപ്പെട്ട കളിമൺഫലകങ്ങൾ വ്യക്തമായ തെളിവ് നൽകുന്നുണ്ട്. ഇക്കാരണത്താൽ കേരളീയ പാരമ്പര്യത്തിൽ ലഭ്യമാകുന്ന കാലഗണനാപരമായ ഇരുണ്ട കാലഘട്ടത്തിലെ കലിദിനസംഖ്യകൾ സംസ്കൃതത്തിലാണെങ്കിലും അവ ദ്രാവിഡ ജ്യോതി:ശാസ്ത്ര പാരമ്പര്യത്തിൽ രൂപം കൊണ്ടവയാണെന്ന് മനസ്സിലാക്കാം.

തിരുന്നാവായയിലെ മണിക്കിണർ

കലിയുഗാദി സങ്കൽപവും കലിദിനഗണനയും ഭാരതത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ പ്രചരിച്ചതിന്റെ കാരണം സംഘകാല കേരളത്തിന് മെസപ്പൊട്ടാമിയയുമായി ഉണ്ടായിരുന്ന സാംസ്കാരിക സമ്പർക്കമാണ്. പ്ലീനി, സ്ട്രാബോ തുടങ്ങിയ ചരിത്രകാരന്മാരുടെ കേരളത്തെപ്പറ്റിയുള്ള പരാമർശങ്ങളും പുരാതന നാണയനിധികൾ നൽകുന്ന തെളിവുകളും പ്രസിദ്ധമായതിനാൽ ഇവിടെ ഉദ്ധരിക്കുവാൻ മുതിരുന്നില്ല.

റോഡുപണിക്ക് കോഴിക്കോട്ടുനിന്ന് കൊണ്ടുവന്ന ഉരുട്ടിക്കല്ല്

കലിവർഷഗണന ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ ഭാഗമായത് സംഘ കേരളവുമായി ഉത്തര ഭാരതത്തിലെ ആര്യ ജനതതിക്കുണ്ടായ സമ്പർക്കത്തിലൂടെയാണെന്ന് കരുതാം. കാരണം ഭാരതപ്പുഴയുടെ കരയിൽ കലിദിനത്തിന് നാം കാണുന്ന പ്രചാരം ഉജ്ജയിനിയിൽ ഏഴാം നൂറ്റാണ്ടിൽ പോലും ദൃശ്യമല്ല. കലിവർഷം ആദ്യമായി രേഖപ്പെടുത്തിക്കാണുന്നത് ജൈനനും ദക്ഷിണാത്യനുമായ പുലികേശി രണ്ടാമന്റെ ഐ ഹോൾ ലിഖിതത്തിലാണ്. അഗ്നിഹോത്രിയുടെ ജനന ദിവസം കേരളത്തിൽ കലിദിനമായി കപടയാദിയിൽ ലഭ്യമാകുമ്പോൾ ശ്രീരാമനോ, ശ്രീകൃഷ്ണനോ, വ്യാസനോ, കാളിദാസനോ, വരാഹമിരനോ ജനിച്ച കലിദിനം ഉത്തര ഭാരതത്തിൽ പ്രചരിച്ചു കാണുന്നില്ല. മയാസുരനാണ് സൂര്യസിദ്ധാന്തത്തിന്റെ രചയിതാവെന്ന് കൂട്ടി വായിക്കുമ്പോൾ ചിത്രം വ്യക്തമാകുന്നു. അസുര രാജ്യം അസ്സീറിയയും കാശ്യപസമുദ്രം കാസ്പിയൻ കടലുമാണെന്ന് വൈദിക സാഹിത്യ ചരിത്രത്തിൽ ആചാര്യ നരേന്ദ്രഭൂഷൻ വ്യക്തമാക്കുന്നുണ്ട്. അസുരാദികളുടെ കലിദിന ഗണിതം കടൽ കടന്ന് കേരളത്തിലും സംഘകാല ചേരന്മാരുടെ പ്രധാന തുറമുഖമായിരുന്ന തൊണ്ടി അഥവാ പൊന്നാനിയിലൂടെ ജൈനരുടെ അഥവാ അഥവാ ആര്യന്മാരുടെ സമ്പർക്കത്തിലൂടെ ഉജ്ജയിനിയിലും കുസുമപുരത്തിലും എത്തിച്ചേരുകയും ഉണ്ടായി’’.(കെ. ചന്ദ്രഹരി, കേരളചരിത്രവും ജ്യോതിഃശാസ്ത്രവും, മാതൃഭൂമി വാർഷികപ്പതിപ്പ്, 2007-2008).

കോമൺവെൽത്ത് ഓട്ടുകമ്പനിയുടെ ഒരു ഭാഗം
മാമാങ്കം നടന്നതായി പറയപ്പെടുന്ന നിലപാട് തറ
നിലപാട് തറയ്ക്ക് മുകളിലുള്ള ജലസംഭരണി പോലുള്ള നിർമിതി
നിലപാട് തറയ്ക്ക് മുകളിലുള്ള ഒരു നിർമിതി
കോമൺവെൽത്ത് ഓട്ടുകമ്പനിയുടെ ഒരു ഭാഗം, നിലപാട് തറയിൽ നിന്നുള്ള ദൃശ്യം
നിലപാട് തറയിലെ കിണർ
നിലപാട് തറയ്ക്ക് മുന്നിലെ ആൽമരം
മരുന്നറ എന്നറിയപ്പെടുന്ന മഹാശിലായുഗ കാലത്തെ മുനിയറ നിലനിൽക്കുന്ന പ്രദേശം
മരുന്നറയുടെ മുകള്‍പ്പരപ്പിലെ ഇരിപ്പിടം
മഹാശിലായുഗ കാലത്തെ മുനിയറ എന്നറിയപ്പെടുന്ന നിർമിതി
മഹാശിലായുഗ കാലത്തെ മിൻഹർ 
ഷാ ബന്ദർ കടവ്
തിരുന്നാവായ കുന്നുംപുറത്തെ വലിയപറമ്പിലെ താമരക്കുളം
തിരുന്നാവായ കുന്നുംപുറത്തെ വലിയപറമ്പിലെ താമരക്കൃഷിക്കാരനായ ഹുസ്സൈൻ കാരക്കാട്

Comments