പൂരമല്ലേ വേലയല്ലേ,
പഞ്ചവാദ്യവും പഞ്ചാരിയുമില്ലാതെ പറ്റുമോ?

‘‘ജനപ്രിയ സംഗീതത്തിന്റെയും സിനിമയുടെയും ചരിത്രനിമിഷങ്ങൾ അണുവിട തെറ്റാതെ സൂക്ഷിക്കുന്ന നമ്മൾ കേരളത്തിന്റെ സ്വന്തം ഓർക്കസ്ട്രയായ ആധുനിക പഞ്ചവാദ്യം ആദ്യമായി അരങ്ങേറിയ ദിവസം രേഖപ്പെടുത്താൻ മറന്നുപോയി’’- എസ്. ബിനുരാജ് എഴുതുന്ന ‘മിക്സഡ് ബാഗ്’ തുടരുന്നു.

Mixed Bag- 19

ന്നത്തെ മഠത്തിൽ വരവിന് എന്തോ ഒരു പ്രത്യേകതയുണ്ടെന്ന് അവിടെ കൂടിയിരുന്നവർക്ക് തോന്നി. അന്ന് പഞ്ചവാദ്യം കേട്ട ചിലർക്കെങ്കിലും മേടത്തിലെ ചൂടേറ്റ് വരണ്ടു കിടന്ന മണ്ണിലേക്ക് മഴയുടെ നാദം പെയ്തിറങ്ങുന്നതുപോലെ തോന്നി. മദ്ദളത്തിന്റെ നാദത്തിന് അതുവരെയില്ലാത്ത ശബ്ദശുദ്ധിയും മാധുര്യവും അനുഭവിച്ചറിഞ്ഞ മേളക്കമ്പക്കാർ നോക്കുമ്പോൾ അന്നുവരെ പഞ്ചവാദ്യത്തിന് ഉപയോഗിച്ചിരുന്ന തൊപ്പിമദ്ദളമല്ല അതെന്ന് തിരിച്ചറിഞ്ഞു. യാഥാസ്ഥിതികരായ ശ്രോതാക്കൾ ആകെ ഇളകി. പഞ്ചവാദ്യ സംഘത്തെ തടഞ്ഞ് മേളം നിർത്തിവയ്പ്പിച്ചു.

“ആദ്യം കേട്ടു നോക്കൂ. എന്നിട്ട് പോരെ അത് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. മേളം ഇന്നത് പോലെ തന്നെ വേണമെന്ന് എവിടെയും എഴുതി വച്ചിട്ടില്ലല്ലോ, ചടങ്ങ് മുടങ്ങണ്ട, പഞ്ചവാദ്യം നടക്കട്ടെ”, തിരുവമ്പാടി ദേവസ്വത്തിന്റെ അന്നത്തെ പ്രസിഡന്റ് കൊട്ടിലിൽ കൊച്ചുകൃഷ്ണ മാരാർ ഇടപെട്ടപ്പോൾ പ്രതിഷേധക്കാർ അടങ്ങി. മേളക്കാർക്ക് ആശ്വാസമായി. വീണ്ടും വാദ്യമഴ പതിഞ്ഞ താളത്തിൽ പെയ്തു തുടങ്ങി. പിന്നെ ആ പഞ്ചവാദ്യസംഘം കൊട്ടിക്കയറിയത് അവിടെ കൂടിയിരുന്ന ശ്രോതാക്കളുടെ മനസിലേക്കായിരുന്നു.

പഞ്ചവാദ്യം

മേളക്കമ്പക്കാരെ രോമാഞ്ചത്തിന്റെ മുത്തുക്കുട ചൂടിക്കുകയും മേടച്ചൂടിൽ ആലവട്ടം വീശി തണുപ്പിക്കുകയും ചെയ്ത അന്നത്തെ പഞ്ചവാദ്യം കേരളീയ മേളചരിത്രത്തിലെ അവിസ്മരണീയമായ സംഭവമാണ്. പക്ഷേ ഇതിന്റെ കൃത്യമായ തീയതി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. 1920- കളിലെ അന്ത്യത്തിലെന്നോ നടന്ന പൂരത്തിനാവണം എന്നു മാത്രമേ ഇതിനെ കുറിച്ച് പഠിച്ചവർക്കുപോലും അറിവുള്ളൂ. ജനപ്രിയ സംഗീതത്തിന്റെയും സിനിമയുടെയും ചരിത്രനിമിഷങ്ങൾ അണുവിട തെറ്റാതെ സൂക്ഷിക്കുന്ന നമ്മൾ കേരളത്തിന്റെ സ്വന്തം ഓർക്കസ്ട്രയായ ആധുനിക പഞ്ചവാദ്യം ആദ്യമായി അരങ്ങേറിയ ദിവസം രേഖപ്പെടുത്താൻ മറന്നു പോയി.

അന്ന് ആ മേളനവോത്ഥാനത്തിന് നേതൃത്വം നൽകിയത് മദ്ദളവാദന മാന്ത്രികൻ തിരുവില്വാമല വെങ്കിച്ചൻ സ്വാമി എന്ന വെങ്കിടേശ്വര അയ്യർ ആയിരുന്നു. കേരളീയ വാദ്യകലയെ സ്നേഹിക്കുന്ന ആർക്കും മറക്കാനാവാത്ത പേരാണ് വെങ്കിച്ചൻ സ്വാമിയുടേത്. അദ്ദേഹമാണ് നമ്മൾ ഇന്ന് കേൾക്കുന്ന തരത്തിൽ പഞ്ചവാദ്യത്തെ ചിട്ടപ്പെടുത്തിയത്.

അന്നമനട പരമേശ്വര മാരാർ

തൃശൂർ പൂരത്തിന്റെ പ്രധാന ചടങ്ങാണ് മഠത്തിൽ വരവ്. പൂരദിവസം രാവിലെ ഏഴ് മണിക്ക് തിരുവമ്പാടി ഭഗവതിയെ എഴുന്നള്ളിച്ച് പടിഞ്ഞാറേച്ചിറയുടെ കിഴക്കേക്കരയിലുള്ള നടുവിൽ മഠത്തിലെത്തിച്ച് ഇറക്കിപ്പൂജ നടത്തുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ മഠത്തിൽ നിന്നുള്ള വരവ് ആരംഭിക്കും. ഈ സമയത്താണ് പ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യം അരങ്ങേറുന്നത്. ഈ ചടങ്ങിൽ തന്നെ പഞ്ചവാദ്യത്തിൽ പരീക്ഷണം നടത്താമെന്നത് വെങ്കിച്ചൻ സ്വാമിയുടെ ആശയമായിരുന്നു.

കഴുത്തിൽ തൂക്കിയിട്ട് ഒരു തലയിൽ മാത്രം കൊട്ടാൻകഴിയുന്ന തൊപ്പിമദ്ദളമായിരുന്നു അന്നുവരെ പഞ്ചവാദ്യത്തിൽ ഉപയോഗിച്ചിരുന്നത്. ഇതിന് പകരം ഇരുതലയിലും കൊട്ടാൻ കഴിയുന്ന ശുദ്ധമദ്ദളത്തെ കൊണ്ടു വന്നു എന്നതായിരുന്നു ഇതിലെ ഏറ്റവും വിപ്ലവകരമായ മാറ്റം. അരയിൽ കെട്ടിയാണ് ശുദ്ധമദ്ദളം കൊട്ടിയിരുന്നത്. മദ്ദളം അരയിലുറപ്പിച്ച് കൊട്ടിയാൽ ഇടന്തലയിലും വലന്തലയിലും ഒരു പോലെ വാദനം നടത്തി മദ്ദളത്തിന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് തിരിച്ചറിഞ്ഞത് വെങ്കിച്ചൻ സ്വാമിയുടെ പ്രമുഖ ശിഷ്യനായ തിരുവില്വാമല മാധവവാരിയരായിരുന്നു. പ്രഗത്ഭനായ ശിഷ്യൻ ഇത് പറഞ്ഞപ്പോൾ വെങ്കിച്ചൻ സ്വാമി അതേ പടി സ്വീകരിച്ചുവെന്ന് അന്നമനട പരമേശ്വരമാരാർ തന്റെ ‘പഞ്ചവാദ്യം’ എന്ന പുസ്തകത്തിൽ പറയുന്നു.

അന്നത്തെ മേള വിപ്ലവടീമിനെ കുറിച്ച് പിൽക്കാലത്ത് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. വെങ്കിച്ചൻ സ്വാമിക്കുപുറമെ തിരുവില്വാമല മാധവ വാര്യർ ശുദ്ധ മദ്ദളത്തിലും അന്നമനട അച്യുതമാരാർ, അന്നമനട പരമേശ്വര മാരാർ, ചെങ്ങമനാട് ശേഖരക്കുറുപ്പ് എന്നിവർ തിമിലയിലും ചേർന്നു. തിമില, തൊപ്പിമദ്ദളം, ചേങ്ങില, ഇടയ്ക്ക, കുറുങ്കുഴൽഎന്നീ വാദ്യങ്ങളായിരുന്നു അന്ന് വരെ പഞ്ചവാദ്യത്തിലുണ്ടായിരുന്നതെങ്കിൽ മഠത്തിൽ വരവിലെ പരിഷ്ക്കരണം വഴി അത് തിമില, ശുദ്ധമദ്ദളം, ഇടയ്ക്ക, ഇലത്താളം, കൊമ്പ് എന്നീ അഞ്ച് വാദ്യങ്ങളുടെ മേളപ്പൊരുത്തമായി. അത് വരെ ഓരോ വാദ്യവും ഒറ്റയ്ക്കൊറ്റയ്ക്കായിരുന്നു വായിച്ചിരുന്നതെങ്കിൽ ആധുനിക പഞ്ചവാദ്യത്തിൽ അതിന് പല വാദ്യങ്ങൾ ഒരുമിച്ച് വായിക്കുന്ന ഓർക്കസ്ട്രയുടെ മേളപ്പൊരുത്തം കൈവന്നു.

കഴുത്തിൽ തൂക്കിയിട്ട് ഒരു തലയിൽ മാത്രം കൊട്ടാൻകഴിയുന്ന തൊപ്പിമദ്ദളമായിരുന്നു അന്നുവരെ പഞ്ചവാദ്യത്തിൽ ഉപയോഗിച്ചിരുന്നത്. ഇതിന് പകരം ഇരുതലയിലും കൊട്ടാൻ കഴിയുന്ന ശുദ്ധമദ്ദളത്തെ കൊണ്ടു വന്നു എന്നതായിരുന്നു ഇതിലെ ഏറ്റവും വിപ്ലവകരമായ മാറ്റം

എന്നാൽ ഇത് ഒറ്റ രാത്രി കൊണ്ട് രൂപപ്പെട്ടതായിരുന്നില്ല. വെങ്കിച്ചൻ സ്വാമിയുടെ വസതിയായ തിരുവില്വാമല അണ്ണത്തൊടി മഠത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മാസങ്ങളോളം നടത്തിയ പരിശീലനത്തിനുശേഷമാണ് ആധുനിക പഞ്ചവാദ്യം രൂപപ്പെട്ടത്. നെറ്റിയിലും ഇരുഭുജങ്ങളിലും മാറിലും മൂന്ന് വിരൽ കൊണ്ട് നീളത്തിൽ ഭസ്മം ധരിച്ച് കസവ് നേര്യത് കഴുത്തിലൂടെ താഴേക്ക് ചുറ്റി, മദ്ദളം അരയിൽ ഉറപ്പിച്ച് വെങ്കിച്ചൻ സ്വാമി വേദിയിൽ കയറിയാൽ പിന്നെ മദ്ദളവും സ്വാമിയും ഒന്നായി മാറുന്ന അനുഭവമാണ് ആസ്വാദകർക്ക്.

“ഇന്ദുകലാധരനുമാപതി മോദമോടെ ശങ്കിച്ചിടാതെ
വരമേകുക കാരണത്താൽ
വെങ്കിച്ചനെന്ന് പുകൾ പൊങ്ങിയ
വിപ്രനോടിന്നങ്കത്തിന്നായൊരുവനില്ലിഹ മദ്ദളത്തിൽ”
മദ്ദളവാദനത്തിലെ ചക്രവർത്തിയായിരുന്ന വെങ്കിച്ചൻ സ്വാമിയെ കുറിച്ച് ഇങ്ങനെയൊരു ശ്ലോകം പോലും പ്രചാരത്തിലുണ്ടായിരുന്നു. ഇത് ആരാണ് എഴുതിയതെന്ന് പഴമക്കാർക്കുപോലും അറിയില്ലെങ്കിലും വാദ്യകലാസ്വാദകർക്ക് മദ്ദളം സമം വെങ്കിച്ചൻ എന്നായിരുന്നു. സ്വാമിക്ക് തന്റെ കലയെ കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരുന്നു, തന്റെ കഴിവിൽ അചഞ്ചലമായ വിശ്വാസവും. അതാവണം പഞ്ചവാദ്യ പരീക്ഷണത്തിന് മുതിരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.

പണിക്കരുടെ വേഷത്തിനേ ഉള്ളൂ,
ഇനി വെങ്കിച്ചന്റെ മദ്ദളം

കേരളീയ സാമൂഹിക ചരിത്രത്തിലെ കുപ്രസിദ്ധമായ താത്രീ സ്മാർത്തവിചാരത്തിൽ ഭ്രഷ്ട് കൽപ്പിക്കപ്പെട്ടവരിൽ പ്രമുഖനായിരുന്നല്ലോ കഥകളി നടനായ കാവുങ്ങൽ ശങ്കരപ്പണിക്കർ. ഒട്ടേറെ ആരാധകരുള്ള അസാധ്യ നടനായിരുന്നുവെങ്കിലും ഭ്രഷ്ടായതോടെ കാവുങ്ങലിന് നാടുവിടേണ്ടി വന്നു. തന്റെ കഥകളിപ്പെട്ടിയും ചുമന്ന് കഥകളിയുടെ കപ്ലിങ്ങാടൻ ശൈലിയുടെ ആസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെട്ട കാവുങ്ങൽ തറവാടിന്റെ പടിയിറങ്ങിയ ശങ്കരപ്പണിക്കർ ഒരു രാത്രി മുഴുവൻ തിച്ചൂർ കുന്നിന്റെ നെറുകയിൽ നിന്നു തന്റെ തറവാടിനെ നോക്കി നെടുവീർപ്പിട്ടു. ആ രാത്രി അദ്ദേഹത്തിന്റെ സഹോദരിക്ക് ഒരു ആൺകുഞ്ഞ് ജനിച്ചു. ഇവനെ കച്ചകെട്ടിച്ച് ചൊല്ലിയാടിക്കാൻ ഞാൻ വരുമെന്ന് പറഞ്ഞാണത്രെ കാവുങ്ങൽ യാത്രയായത്.

തിരുവില്വാമല വെങ്കിച്ചൻ സ്വാമി എന്ന വെങ്കിടേശ്വര അയ്യർ

കൊച്ചി രാജ്യത്ത് നിന്ന് ഭ്രഷ്ടനായ ശങ്കരപ്പണിക്കർ തിരുവിതാംകൂറിലെ കൊട്ടാരം കളിയോഗത്തിൽ ചേർന്ന് പേരെടുത്തെങ്കിലും സ്വന്തം നാട്ടിൽ തിരികെ എത്തി ആടണമെന്ന മോഹം ബാക്കിയായിരുന്നു. ഭ്രഷ്ട് നീക്കി കോലോത്തും മനയ്ക്കലും കെട്ടിയാടി കൊച്ചിത്തമ്പുരാന്റെ കൈയിൽ നിന്ന് തന്നെ ഓണപ്പുടവയും വാങ്ങണമെന്ന് കാവുങ്ങൽ മോഹം പറയാറുണ്ടായിരുന്നു എന്ന് ശങ്കരപ്പണിക്കരുടെ അനന്തരവനായ ചാത്തുണ്ണിപ്പണിക്കർ പറഞ്ഞിട്ടുള്ളതായി ആലങ്കോട് ലീലാകൃഷ്ണൻ തന്റെ ‘താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം നാട്ടിൽ ചൊല്ലിയാടണമെന്ന കാവുങ്ങലിന്റെ മോഹത്തെ കുറിച്ച് വെങ്കിച്ച‍ൻ സ്വാമിക്കും അറിയാമായിരുന്നു. കഥകളിയരങ്ങിൽ കാവുങ്ങലിന്റെ വേഷങ്ങൾക്ക് മദ്ദളം വായിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രതിഭ വെങ്കിച്ചൻ സ്വാമിയും കണ്ടറിഞ്ഞതാണ്. ഉള്ളിലെ കലയുടെ തിരനോട്ടം പരസ്പരം തിരിച്ചറിഞ്ഞ ഇരുവരും തമ്മിൽ ഗാഢമായ ഒരു സൗഹൃദവും രൂപപ്പെട്ടിരിക്കണം.

ഒടുവിൽ തന്നെ ഭ്രഷ്ടനാക്കിയ രാജാവിന്റെ മുന്നിൽ തന്നെ ആടണമെന്ന കാവുങ്ങലിന്റെ മോഹം സഫലമാകാൻ പോകുന്നു. ബകവധമായിരുന്നു കഥ, ഭീമനായി കാവുങ്ങൽ ശങ്കരപ്പണിക്കരും. അരങ്ങ് വെങ്ങുനാട്ട് കോവിലകവും

കൊല്ലങ്കോട് രാജാവിന്റെ ക്ഷണം സ്വീകരിച്ച് ഒരിക്കൽ കൊച്ചിരാജാവ് അവിടെയെത്തിയപ്പോൾ കാവുങ്ങലിന്റെ കഥകളി വേഷം കൊച്ചിരാജാവിന്റെ മുന്നിൽ തന്നെ അരങ്ങേറ്റാൻ വെങ്കിച്ചൻ സ്വാമി കരുക്കൾ നീക്കി. ഒടുവിൽ തന്നെ ഭ്രഷ്ടനാക്കിയ രാജാവിന്റെ മുന്നിൽ തന്നെ ആടണമെന്ന കാവുങ്ങലിന്റെ മോഹം സഫലമാകാൻ പോകുന്നു. ബകവധമായിരുന്നു കഥ, ഭീമനായി കാവുങ്ങൽ ശങ്കരപ്പണിക്കരും. അരങ്ങ് വെങ്ങുനാട്ട് കോവിലകവും.
പ്രഗത്ഭനായ ആ നടൻ മനയോല തേച്ച് തയ്യാറായപ്പോഴേക്കും യാഥാസ്ഥിതികർ ആകെ ഇളകി. സ്മാർത്തവിചാരത്തിന് ശേഷം ഭ്രഷ്ടനായ കാവുങ്ങലിനെ കളിപ്പിച്ചാൽ നാടകശാലയ്ക്ക് തീ കൊടുക്കുമെന്ന് വരെ അവർ ഭീഷണിപ്പെടുത്തിയപ്പോൾ നിവർത്തിയില്ലാതെ കൊല്ലങ്കോട് രാജാവ് ശങ്കരപ്പണിക്കരോട് വേഷം അഴിക്കാൻ ആവശ്യപ്പെട്ടു. ഭീമനും അർജ്ജുനനും നളനുമെല്ലാം വിളയാടിയ ആ മുഖത്തെ ചമയം കണ്ണീരിൽ കുതിർന്നു. അവിടെ വച്ച് തന്നെ കോപ്പും കിരീടവും പെട്ടിയും തീയിട്ട് ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങിയ ആ വലിയ കലാകാരനെ പിന്തിരിപ്പിച്ചത് വെങ്കിച്ചൻ സ്വാമിയാണ്.

“നാളെ ഇവിടെയല്ലെങ്കിൽ ചിറ്റൂര് വച്ച് കൊച്ചിത്തമ്പുരാന്റെ മുന്നിൽ തന്നെ ശങ്കരപ്പണിക്കർ ആടും. വെങ്കിച്ചനാണ് പറയുന്നത്. പണിക്കരുടെ വേഷത്തിനേ ഉള്ളൂ ഇനി വെങ്കിച്ചന്റെ മദ്ദളം’’.

പൂണൂല് തൊട്ടാണ് സ്വാമി സത്യം ചെയ്തത്. അടുത്ത ദിവസം അത് നടപ്പാവുകയും ചെയ്തു. തന്നെ ഭ്രഷ്ടനാക്കിയ കൊച്ചിത്തമ്പുരാന്റെ മുന്നിൽ തന്നെ ആ നടൻ തകർത്താടി. ഓണപ്പുടവയും വാങ്ങി നിറകണ്ണുകളോട് ചേർത്തു. പിന്നെ അധികനാൾ അദ്ദേഹം ജീവിച്ചിരുന്നില്ല. ഭൂമി വിട്ടു പോയ ശേഷവും കാവുങ്ങലിന്റെ ആത്മാവിൽ വെങ്കിച്ചൻ സ്വാമിയുടെ സൗഹൃദത്തിന്റെ മദ്ദളനാദം മുഴങ്ങിയിരിക്കാം.

മഠത്തിൽ വരവ്‌

എങ്ങനെയാണ് യാഥാസ്ഥിതികരുടെ കോട്ടയിൽ വെങ്കിച്ചൻ സ്വാമി കലയുടെ വെൺകൊറ്റക്കുട ഉയർത്തിയതെന്ന് ഇന്നും ആർക്കും അറിയില്ല. വെങ്കിച്ചൻ മദ്ദളം വായിച്ചില്ലെങ്കിൽ അത് തീരാനഷ്ടമായിരിക്കുമെന്ന് കൊച്ചി രാജാവിന് തോന്നിയിരിക്കാം. അത്രത്തോളം കേമമായിരുന്നു മദ്ദളവാദനത്തിൽ അദ്ദേഹത്തിനുള്ള മികവ്. ഇങ്ങനെയുള്ള ചരിത്രമൊന്നും രേഖപ്പെടുത്താതെ പോയത് കേരളീയ കലാചരിത്രത്തിലെ നഷ്ടങ്ങളിലൊന്ന് മാത്രം.

അങ്ങനെയുള്ള വെങ്കിച്ചൻ സ്വാമിയോടാണ് പഞ്ചവാദ്യത്തിലെ പരീക്ഷണം വേണ്ടെന്ന് മഠത്തിൽ വരവിന്റെ വേളയിൽ യാഥാസ്ഥിതികർ പറഞ്ഞത്. നടക്കുന്ന കാര്യമാണോ? എന്തായാലും വെങ്കിച്ചൻ സ്വാമി തുടങ്ങി വച്ച പരീക്ഷണം കേരളീയ വാദ്യകലാചരിത്രത്തിലെ നിലയ്ക്കാത്ത നാദമായി മാറി. സ്വാമി തുടക്കമിട്ട് പിന്നീട് പേരെടുത്ത പല വാദ്യകലാകാരൻമാരും പരിഷ്ക്കാരങ്ങൾ വരുത്തി മെച്ചപ്പെടുത്തിയ പഞ്ചവാദ്യമാണ് നാമിന്ന് കേൾക്കുന്നത്.

കുടിയേറ്റം കൈമാറിയ താളങ്ങൾ

തമിഴ്നാട്ടിലെ തഞ്ചാവൂർ, കാഞ്ചീപുരം, മധുര എന്നിവിടങ്ങളിൽ നിന്ന് പാലക്കാടേക്ക് നടന്ന തമിഴ് ബ്രാഹ്മണ സമുദായത്തിന്റെ കുടിയേറ്റം പ്രസിദ്ധമാണ്. 1565-ൽ വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചക്കുശേഷം തഞ്ചാവൂർ ജില്ലയിൽ കടുത്ത ക്ഷാമമുണ്ടായി. കാവേരി നദി പോലും വരളുന്ന തരത്തിൽ വരൾച്ചയും ഉണ്ടായി. ഇതിന് ശേഷമാണ് അവിടെ നിന്നും തമിഴ് ബ്രാഹ്മണർ പാലക്കാട് ചുരം കടന്ന് കേരളത്തിലെത്തിയതെന്ന് എം. കെ. ദാസ് എഴുതിയ The Saga of Kalpathy: The story of Palghat Iyers എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്‍ലിം അധിനിവേശത്തെ തുടർന്ന് നിർബന്ധിത മതപരിവർത്തനമുണ്ടായേക്കാം എന്ന ഭയവും കുടിയേറ്റത്തിന് പിന്നില കാരണമായി പറയപ്പെടുന്നു. അന്ന് പാലക്കാട് രാജാവായിരുന്ന ശേഖരിവർമ്മ ഇവർക്ക് ഭൂമി നൽകി. പാലക്കാട് ജില്ലയിൽ തമിഴ് ബ്രാഹ്മണർ ആദ്യം കുടിയേറി പാർത്ത പ്രദേശം ശേഖരീപുരം എന്നാണ് ഇന്നും അറിയപ്പെടുന്നത്. ശേഖരീപുരത്ത് താമസമാക്കിയവർ ചോഴ ദേശത്തു നിന്നും വന്നവരും പിന്നീട് ചൊക്കനാഥപുരത്ത് താമസമാക്കിയവർ ഇന്നത്തെ മധുര ഉൾപ്പെടുന്ന പാണ്ഡ്യ ദേശത്തുനിന്ന് വന്നവരാണെന്നും ചരിത്രകാരൻമാർ പറയുന്നു. ചൊക്കനാഥപുരത്തുള്ള മീനാക്ഷി ക്ഷേത്രം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

എം.കെ ദാസിന്റെ The Saga of Kalpathy: The story of Palghat Iyers എന്ന പുസ്തകത്തിന്റെ കവർ : പ്രസിദ്ധീകരണം - അഹല്യ പബ്ലിക്കേഷൻസ്‌

ഇങ്ങനെ കുടിയേറിയ ബ്രാഹ്മണ കുടുംബത്തിലെ പിൻതലമുറക്കാരനാണ് തിരുവില്വാമല വെങ്കിച്ചൻ സ്വാമി. ഇദ്ദേഹത്തിന്റെ അമ്മാവനും മദ്ദളവാദകനുമായ ചിട്ടൻ പട്ടരും ചെണ്ട കലാകാരനായ തിരുവില്വാമല സുബ്രഹ്മണ്യ പട്ടരും ചേർന്നാണ് കഥകളി മേളത്തിന് ആധുനിക രൂപം നൽകിയതെന്ന് പറയാം. ഇന്ന് കേരളമെങ്ങും പ്രസിദ്ധിയാർജ്ജിച്ച തായമ്പകയുടെ അടിസ്ഥാനമിട്ടതും പാലക്കാടേക്ക് കുടിയേറിയ തമിഴ് ബ്രാഹ്മണരുടെ പിൻതലമുറക്കാരനായ തിരുവില്വാമല കോന്തസ്വാമിയായിരുന്നു. ഇടയ്ക്കയിലൂടെ ലോകമെമ്പാടുമുള്ള ആസ്വാദകരെ വിസ്മയിപ്പിച്ച പല്ലാവൂർ അപ്പു മാരാരാരുടെ തായമ്പക ഗുരുവും കോന്തസ്വസാമിയായിരുന്നു.

ചെണ്ട ഒഴികെയുള്ള വാദ്യങ്ങളിൽ ഈ തമിഴ് ബ്രാഹ്മണ ഇടപെടലുകൾ നാദവിസ്മയത്തിന്റെ പുതിയ മേളപ്പെരുക്കങ്ങൾ സൃഷ്ടിച്ചു. തമിഴ് സംസ്ക്കാരത്തിന്റെ സ്വാധീനം ഏറെയുള്ള പല്ലാവൂർ പോലെയുള്ള ഗ്രാമങ്ങളിൽ നിന്നും എണ്ണം പറഞ്ഞ മേളക്കാരുമുണ്ടായി.

കർണാടക സംഗീതത്തിന്റെ പാരമ്പര്യം പാലക്കാട്ടേക്ക് കൊണ്ടു വന്നതും ഈ കുടിയേറ്റമാണ്. കഥകളി സംഗീതത്തിൽ കർണാടക സംഗീതത്തിന്റെ രാഗലയങ്ങൾ കോർത്തിണക്കിയത് തഞ്ചാവൂരിൽ നിന്നും കേരളത്തിലേക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറി ഭാരതപ്പുഴയുടെ തീരത്ത് പാർപ്പുറപ്പിച്ച തമിഴ് ബ്രാഹ്മണകുടുംബത്തിലെ പിൻമുറക്കാരനായ മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരാണ്. കഥകളിപ്പാട്ടിൽ ശ്രുതിപ്പെട്ടി അവതരിപ്പിച്ചതും പാടുന്നവർ ശ്രുതിയൊപ്പിച്ച് പാടണമെന്ന് ശഠിച്ചതും അദ്ദേഹമായിരുന്നു. കർണാടക രാഗങ്ങളായ ദർബാരിയും സിന്ദുഭൈരവിയും ശ്രുതിചേർത്ത കഥകളിപ്പദങ്ങൾ ശ്രോതാക്കൾക്ക് ശ്രവണസുഖം നൽകിയെങ്കിലും യാഥാസ്ഥിതികർ അവിടെയും പ്രശ്നമുണ്ടാക്കി. വെങ്കിടകൃഷ്ണ ഭാഗവതരുടെ ഈ പരിഷ്ക്കാരം സോപാന സംഗീതത്തെ നശിപ്പിക്കുന്നു എന്നായിരുന്നു പരാതി.

എം.ഡി രാമനാഥൻ

ചെമ്പൈ മുതൽ എം. ഡി. രാമനാഥൻ വരെയുള്ള സംഗീതജ്ഞരും വെങ്കിച്ചൻ സ്വാമി മുതൽ പാലക്കാട് മണി അയ്യർ വരെയുള്ള വാദ്യ കലാകാരൻമാരും ഈ കുടിയേറ്റത്തിന്റെ ഉൽപ്പന്നങ്ങളാണെന്ന് പറയാം.

മറക്കാനാവാത്ത മേളക്കാലങ്ങൾ

കുംഭമാസം പിറന്നാൽ പിന്നെ ഉത്സവനാളുകളാണ്. വൃശ്ചികം മുതൽ ചെറു പൂരങ്ങൾ തുടങ്ങുമെങ്കിലും പ്രസിദ്ധമായ പൂരങ്ങളുടെയും വേലകളുടെയും കാലം കുംഭം മുതൽ മേടം വരെയുള്ള മൂന്ന് മാസക്കാലമാണ്. കൊയ്ത്തൊഴിഞ്ഞ പാടങ്ങൾ കൊടും ചൂടിൽ വിണ്ടു കീറിയിരിക്കും. അരളിയും വാകയും കണ്ണ് പൊട്ടിക്കുന്ന പോലെ പൂത്ത് നിൽക്കും. ചെമ്പട്ടുടുത്ത കോമരങ്ങളും ചെണ്ട കൊട്ടുന്ന വേലക്കാരും ഗ്രാമങ്ങളിലിറങ്ങുന്ന ഈ കാലത്തിൽ പഞ്ചവാദ്യത്തെ കുറിച്ചും കേരളത്തിന്റെ വാദ്യകലാ പാരമ്പര്യത്തെ കുറിച്ചും ഓർക്കാതിരിക്കുന്നതെങ്ങനെ? ചുരുക്കത്തിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളും പൂരങ്ങളുമാണ് വാദ്യകലകളെ നിലനിർത്തുന്നതെന്ന് പറയാം.

പഞ്ചവാദ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാദ്യം തിമിലയാണെന്നതിൽ സംശയമില്ല. പഞ്ചവാദ്യത്തിന്റെ തുടക്കത്തിൽ ഇടവിട്ട് മൂന്ന് തവണ ശംഖ് മുഴങ്ങിയാൽ പിന്നെ തിമിലയുടെ വരവായി. മൂന്നാമത്തെ ശംഖ്നാദം പകുതിയാകുമ്പോൾ തിമിലപ്രമാണി വിരലുകൽ കൊണ്ട് നാല് തവണ തി-തി-തി-ത എന്നും തുടർന്ന് കൈത്തലം കൊണ്ട് തോം എന്നും കൊട്ടുന്നു. ഇത് ഓർക്കസ്ട്രയിലെ കണ്ടക്ടർ മറ്റ് വാദ്യക്കാർക്ക് തുടർന്നു വരാൻ പോകുന്ന താളത്തെ കുറിച്ച് നൽകുന്ന സൂചനയ്ക്ക് സമമമാണ്. തൃശൂർ ജില്ലയിലെ അന്നമനട മഹാദേവക്ഷേത്രത്തിൽ തിമില വാദനം ആചാരത്തിന്റെ ഭാഗമാണ്. ശീവേലിക്കും ദീപാരാധനയ്ക്കും തിമില നിർബന്ധം. അന്നമനട ത്രിമൂർത്തികൾ എന്ന പേരിൽ പ്രസിദ്ധരായ അച്യുതമാരാർ, പരമേശ്വര മാരാർ, പീതാംബര മാരാർ എന്നിവർ ഈ ക്ഷേത്രത്തിൽ കൊട്ടിത്തെളിഞ്ഞവരാണ്.

മച്ചാട് തിരുവാണിക്കാവിലെ ഉത്സവ പറയെടുപ്പിന്റെ പ്രധാന വാദ്യം പഞ്ചവാദ്യത്തിലെ കൊമ്പാണ്. പന്ത്രണ്ട് ദിവസം നീളുന്ന ഉത്സവത്തിനും കൊമ്പ് വിളിക്കണം. ഇവിടെ കൊമ്പ് വിളിച്ച് പേരെടുക്കുകയും കൊമ്പ് വാദനത്തിൽ മച്ചാട് ശൈലി തന്നെ കൊണ്ടു വരികയും ചെയ്ത കലാകാരനാണ് അപ്പു നായർ. പഞ്ചവാദ്യത്തിൽ വായിക്കാൻ ഏറെ പ്രയാസമുള്ള ഉപകരണം കൊമ്പ് ആണെന്ന് പറയാം. സംഗീതബോധത്തിന് പുറമെ നല്ല ആരോഗ്യവും വേണം മികച്ച ഒരു കൊമ്പ് കലാകാരന്. പഴമ്പാലക്കോട്, ലക്കിടി, കേരളശ്ശരേി, പെരുവനം, ചേർപ്പ് ഗ്രാമങ്ങളും കൊമ്പ് വാദകരാൽ പ്രസിദ്ധമാണ്. തൃശൂർ ജില്ലയിലെ പേരാമംഗലം കൊമ്പ് നിർമ്മാണത്തിന് പ്രസിദ്ധമാണ്.

പഞ്ചവാദ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാദ്യം തിമിലയാണെന്നതിൽ സംശയമില്ല. പഞ്ചവാദ്യത്തിന്റെ തുടക്കത്തിൽ ഇടവിട്ട് മൂന്ന് തവണ ശംഖ് മുഴങ്ങിയാൽ പിന്നെ തിമിലയുടെ വരവായി. flickr / Abino Sajan

ഉത്രാളിക്കാവിലെ നടപ്പുര പഞ്ചവാദ്യം, പഞ്ചാരിമേളങ്ങളും പാണ്ടിമേളങ്ങളും നിരക്കുന്ന പെരുവനം പൂരം, കുട്ടനെല്ലൂർ പൂരം, ഇരിങ്ങാലക്കുട ആറാട്ട്, ആറാട്ടുപുഴ പൂരം എന്നിങ്ങനെ എണ്ണിയാൽ തീരാത്ത പൂരങ്ങളാണ് വാദ്യകലയെ നിലനിർത്തുന്നത്. എടക്കുന്നി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറുന്നത് തന്നെ പഞ്ചവാദ്യത്തോടെയാണ്. എടക്കുന്നി ഉത്രം വിളക്കിന് നടത്തുന്ന പഞ്ചാരി മേളം കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പഞ്ചാരിമേളമാണെന്ന് പറയപ്പെടുന്നു. ഏകദേശം നാലര മണിക്കൂർ നീളുന്ന മേളത്തിന്റെ അവസാന ഒരു മണിക്കൂറാണത്രെ കേമം. അഞ്ചാം കാലം എന്നറിയപ്പെടുന്ന ഇത് കേൾക്കാൻ മേളപ്രേമികൾ വിദൂരദേശത്ത് നിന്ന് പോലും എത്തുന്നു. ‘അഞ്ചാം കാലത്തിന്റെ കനം എടക്കുന്നിയിൽ തന്നെ കേട്ടറിയണം’ എന്നാണ് മേളക്കമ്പക്കാർക്കിടയിലുള്ള ചൊല്ല്.

ഉത്രാളിക്കാവിലെ നടപ്പുര പഞ്ചവാദ്യത്തിന്റെ ഓർമ്മയിലാണത്രെ സംവിധായകൻ ഭരതൻ തന്റെ താഴ് വാരം എന്ന ചിത്രത്തിൽ 'കണ്ണെത്താ ദൂരെ മറു തീരം' എന്ന പാട്ട് കമ്പോസ് ചെയ്തത്. ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ ഒരു പാട്ട് വേണമെന്ന് പറഞ്ഞപ്പോൾ കൈതപ്രമാണ് പഞ്ചവാദ്യത്തിലെ കൊമ്പ്, ഇലത്താളം, തിമില, ഇടക്ക, മദ്ദളം എന്നിവയെല്ലാം വരുന്ന ഒരു പാട്ട് ഉണ്ടാക്കാമെന്ന ആശയം പങ്കു വയ്ക്കുന്നത്. ഉത്രാളിക്കാവ് പുരത്തിന്റെ ആഘോഷത്തിമിർപ്പ് മനസിൽ പേറുന്ന ഭരതന് ആ ആശയം പെട്ടെന്ന് പിടികിട്ടി. ഉത്രാളിക്കാവിൽ നിന്നും ഏറെ ദുരയെല്ല ഭരതന്റെ നാടായ എങ്കക്കാട്. പടത്തിന്റെ ടൈറ്റിലിലും കസെറ്റിലും സംഗീതം നിർവഹിച്ചിരിക്കുന്നത് ഭരതൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഇതിന്റെ ചൊല്ലും താളവും ഒക്കെ ഇട്ടത് കൈതപ്രമാണ്.

ഉത്രാളിക്കാവിലെ നടപ്പുര പഞ്ചവാദ്യത്തിന്റെ ഓർമ്മയിലാണത്രെ സംവിധായകൻ ഭരതൻ തന്റെ താഴ് വാരം എന്ന ചിത്രത്തിൽ 'കണ്ണെത്താ ദൂരെ മറു തീരം' എന്ന പാട്ട് കമ്പോസ് ചെയ്തത്.

പൂരങ്ങളും വേലകളും നിലനിർത്തി കൊണ്ട് പോകുന്നതാണ് വാദ്യ കലാകാരന്മാരുടെയും വാദ്യോപകരണങ്ങൾ നിർമ്മിക്കുന്നവരുടെയും ജീവിതം. ‘മലയിൽ തൊട്ട് മുളയിൽ വരെ’ എന്നാണ് വള്ളുവനാട്ടിലെ ഉത്സവങ്ങളുടെ തുടക്കവും ഒടുക്കവും സംബന്ധിച്ച ചൊല്ല്. അതായത് തിരുവില്വാമല തുടങ്ങി മുളയങ്കാവിൽ അവസാനിക്കും. മുളയങ്കാവു ഭഗവതി ക്ഷേത്രത്തിലെ കാള വേലയെ കുറിച്ച് എം. ടി. നാലുകെട്ടിൽ എഴുതിയിട്ടുണ്ട്. തായമ്പകയിലും തിമിലയിലും കുറുങ്കുഴലിലും ചെണ്ടയിലും പേരെടുത്ത് ഒട്ടേറെ കലാകാരൻമാരുടെ നാട് കൂടിയായ മുളയങ്കാവിൽ തിറയും പൂതനും കെട്ടുന്നവരുമുണ്ട്.

പൂരങ്ങളും ഉത്സവങ്ങളും വേലകളും ഒട്ടേറെ കലാകാരൻമാരുടെ ജീവനോപാധി മാത്രമല്ല, കേരളീയ വാദ്യകലയെ സജീവമാക്കി നിർത്തുന്ന വേദികൾ കൂടിയാണ്.

വേനലിന് മാത്രമല്ല പൂരങ്ങൾക്കും കൊടിയേറിക്കഴിഞ്ഞു. പൂരത്തിന് മഴ പെയ്താൽ പുല്ലും നെല്ലാകുമെന്നാണ് ചൊല്ല്. പൂരവും മഴയും ഒരുമിച്ചുവരട്ടെ.

Comments