"എന്റെ ക്യാമ്പിനുചുറ്റും ഉണ്ടാക്കിയിട്ടുള്ള എട്ടു ചുടലകളിലായി എട്ടു ശവങ്ങൾ ഇപ്പോൾ വെന്തു കൊണ്ടിരിക്കുന്നു. ഈ എട്ടു ശവങ്ങൾ വെന്തുകഴിഞ്ഞാലുടൻ ചിതയിൽ വെക്കത്തക്കവണ്ണം നാൽപ്പത്തിമൂന്ന് ശവങ്ങൾ കഴുകി തയ്യാറാക്കി വെച്ചിരിക്കുന്നു. ആസന്നമരണന്മാരായി അൻപതിലധികം രോഗികൾ ഇവിടെ കിടക്കുന്നുണ്ട്. സംശയസ്ഥിതിയിൽ കിടക്കുന്നവരായി അഞ്ഞൂറോളം രോഗികളുണ്ട്. രോഗം ബാധിച്ചവരെന്ന് മുന്നൂറോളം ആളുകളെപ്പറ്റി ഇന്ന് സംശയം ജനിച്ചിരിക്കുന്നു. ഇവരെയെല്ലാം കൊണ്ടുവരുന്നതിന് ആളുകളെ അയച്ചു കഴിഞ്ഞിരിക്കുന്നു. ഇവരെ ഇന്നുവൈകുന്നതിനകം കൊണ്ടുവരും. ഇങ്ങനെയുള്ള പരിതസ്ഥിതിയിൽ, കത്തിക്കൊണ്ടിരിക്കുന്ന ശവങ്ങളുടെ മധ്യേ, കാശിയിലെ ശ്മശാനത്തിൽ ദണ്ഡുമൂന്നി നിന്നിരുന്ന ഹരിശ്ചന്ദ്ര മഹാരാജാവിനെപ്പോലെ അധികാരദണ്ഡുമായി ഞാൻ നിൽക്കുന്നു. മനുഷ്യർ എലികളെപ്പോലെ ചത്തുവീഴുകയും ജീവിതത്തേക്കാൾ അധികം മരണത്തെ പ്രദർശിപ്പിക്കുകയും ചെയ്യുന്നു ബാംഗ്ലൂർ നഗരം. മരണം മരണവും ചുമതല ചുമതലയും ....'.
ഇത് ആക്സൽമുന്തേയുടെ സാൻ മിഷേലിന്റെ കഥയിലെ ഭാഗമല്ല. സാൻ മിഷേലിന്റെ കഥ കമ്പോട് കമ്പ് വായിച്ചിട്ടുള്ള മലയാളികളിൽ പലരും ഈ മലയാളി ഭിഷഗ്വരന്റെ ഈ കത്ത് വായിച്ചിട്ടുണ്ടാകില്ല. 1896- 97ൽ ഇന്ത്യയെ പിടിച്ചു കുലുക്കിയ ബ്യൂബോണിക് പ്ലേഗ് ദക്ഷിണേന്ത്യൻ നഗരമായ ബാംഗ്ലൂരിലും എത്തി. 12 ദശലക്ഷം പേരാണ് ഇന്ത്യയിൽനിന്ന് ബ്യൂബോണിക് പ്ലേഗിന്റെ കൈ പിടിച്ച് ആ നാളുകളിൽ മരണകവാടം കടന്നത് എന്ന് കണക്കുകൾ പറയുന്നു. ചൈനയിൽ യുനാൻ പ്രവിശ്യയിൽ 1855ൽ ആരംഭിച്ച പ്ലേഗ് 1896-97 ൽ ബോംബെയിലെത്തി. പിന്നീട് പൂനെയിലും കൊൽക്കത്തയിലും കറാച്ചിയിലും പടർന്നു.
ഇക്കാലത്ത് മേൽക്കത്ത് എഴുതിയ ഭിഷഗ്വരനെയാണ് പ്ലേഗ് സ്പെഷൽ ഡ്യൂട്ടി ഓഫീസറായി ബാംഗ്ലൂരിൽ നിയമിച്ചത്. മറ്റാരുമല്ല, ഡോ. പൽപു ആയിരുന്നു അത്. മൈസൂർ വാക്സിൻ ഡിപ്പാർട്ട്മെന്റ് മേധാവിയായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. വസൂരി നിർമ്മാർജ്ജനത്തിനുള്ള വാക്സിന്റെ നിർമ്മാണമായിരുന്നു വാക്സിൻ ഡിപ്പാർട്ടുമെന്റിന്റെ പ്രധാന പണി. അത് ഡോ. പൽപുവിന്റെ നേതൃത്വത്തിൽ ഉഷാറായി നടന്നു. ഇന്ത്യയിലെ മിക്ക നാട്ടുരാജ്യങ്ങളിലേക്കും മൈസൂർ വാക്സിൻ ഡിപ്പാർട്ടുമെന്റ് നിർമ്മിച്ച, ഗോവസൂരി പ്രയോഗത്തിന്റെ പ്രധാന ഘടകമായിരുന്ന ലിംഫ് വിതരണം ചെയ്യാൻ തുടങ്ങി. ഇന്ത്യയ്ക്ക് പുറത്ത് അഫ്ഗാനിസ്ഥാനിലേയ്ക്കും ദക്ഷിണാഫ്രിക്കയിലേയ്ക്കും പേർഷ്യൻ ഗൾഫ് രാജ്യങ്ങളിലേയ്ക്കും വാക്സിൻ കയറ്റി അയക്കാൻ തുടങ്ങി. ലിംഫ് ഉണ്ടാക്കുക മാത്രമായിരുന്നില്ല മൈസൂർ വാക്സിൻ ഡിപ്പാർട്ട്മെന്റിന്റെ പണി. വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ സാങ്കേതികത മറ്റ് നാട്ടുരാജ്യങ്ങളിലെ ഉദ്യോഗസ്ഥർക്ക് പരിശീലിപ്പിച്ചു നൽകുന്നതും അവരായിരുന്നു. തിരുവിതാംകൂറിൽനിന്ന് അന്ന് സാനിട്ടറി കമീഷണർ ആയിരുന്ന ഡോ. എൻ. സുബ്രഹ്മണ്യ അയ്യർ അങ്ങനെ പൽപുവിന്റെ അടുത്ത് വാക്സിൻ നിർമാണം അഭ്യസിക്കാനെത്തുന്നുണ്ട്.
അറിവിന്റെയും സാങ്കേതികവിദ്യയുടേയും കൊടുക്കൽ - വാങ്ങൽ പ്രക്രിയ അക്കാലത്ത് ലോകമെമ്പാടും അംഗീകരിച്ചുകഴിഞ്ഞ രീതിയായിരുന്നു. എങ്കിലും തിരുവിതാംകൂർ സാനിട്ടറി കമീഷണർ- അദ്ദേഹം തിരുവിതാംകൂറിലെ ഉന്നത ഉദ്യോഗം വഹിച്ചിരുന്ന ഏറ്റവും വലിയ ജാതിസമൂഹമായിരുന്ന പരദേശി ബ്രാഹ്മണ സമൂഹത്തിലെ അംഗമായിരുന്നു- തിരുവിതാംകൂറുകാരൻ തന്നെയായിരുന്ന, എന്നാൽ അവശ സമുദായമായ ഈഴവ സമൂഹത്തിലെ അംഗമായിരുന്ന ഡോ. പൽപുവിന്റെ കീഴിൽ പരിശീലനത്തിന് എത്തുന്നതിൽ ഒരു കാവ്യനീതി കൂടി നമുക്ക് വായിച്ചെടുക്കാവുന്നതാണ്. 1891 ഫെബ്രുവരി 19ന് മദ്രാസ് മെയിൽ പത്രത്തിൽ ഡോ. പൽപു എഴുതിയ കത്തിലെ ചില ഭാഗങ്ങൾ എന്തുകൊണ്ട് കാവ്യനീതി എന്നതിന് ഉത്തരം നൽകും. അതിലെ ചില ഭാഗങ്ങൾ നോക്കുക
"....... ഇതിന് മുമ്പുണ്ടായിരുന്നവരും ഇപ്പോൾ ഉള്ളവരുമായ രാജ്യഭാരധൗരേയന്മാർ ഞങ്ങളുടെ അവകാശങ്ങളെ തീരെ അലക്ഷ്യമായി വിചാരിച്ചു വന്നിരുന്നു എന്നുള്ളതിന് ദൃഷ്ടാന്തമായി എന്റെ സ്വന്തം കുടുംബത്തിനുണ്ടായ അനുഭവം തന്നെ പറയാവുന്നതാണ്. സർ. ടി. മാധവരായർ ദിവാൻജിയായിരുന്ന കാലത്ത് തിരുവിതാംകോട്ടെ കോടതികളിൽ വ്യവഹരിക്കുന്നതിന് യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുന്നതിനായി ഒരു പരീക്ഷ നിശ്ചയിച്ച് ഗസറ്റിൽ പരസ്യം ചെയ്തിരുന്നു. പരീക്ഷയിൽ ചേരുന്നതിനായി എന്റെ അച്ഛനും അപേക്ഷ അയച്ചു. താണ ജാതിക്കാരൻ എന്നുള്ള കാരണത്താൽ അച്ഛനെ പരീക്ഷയിൽ ചേർത്തില്ല. പരീക്ഷയ്ക്ക് ഒടുക്കിയ ഫീസ് ഇതേവരെ തിരികെ തന്നിട്ടുമില്ല. തിരുവിതാംകൂർ ഗവണ്മെന്റിന്റെ കീഴിൽ പണി കിട്ടണമെന്നുള്ള അടുത്ത അപേക്ഷക്കാരൻ എന്റെ ജ്യേഷ്ഠനായിരുന്നു. ജ്യേഷ്ഠൻ വളരെക്കാലം തിരുവനന്തപുരം കോളേജിൽ വായിച്ചു കൊണ്ടിരുന്നു. 1882ൽ ജ്യേഷ്ഠൻ ബി.എ.പരീക്ഷ ജയിച്ചു. അപ്പോൾ ബി.എ പരീക്ഷ ജയിച്ച മലയാളികൾ വളരെ ചുരുക്കമായിരുന്നു. തിരുവിതാംകോട്ട് എന്തെങ്കിലും ഉദ്യോഗം കിട്ടണമെന്ന് അനേകം അപേക്ഷകൾ അയച്ചു. ഒന്നിനും ഒരു ഫലവും ഉണ്ടായില്ല. വളരെനാൾ ഉദ്യോഗസ്ഥരെ സേവിച്ചു. അവരുടെ പടി കാത്തുനിന്നു. എന്നിട്ടും ഫലം ഒന്നും ഉണ്ടായില്ല. ഒടുവിൽ തിരുവിതാംകൂറിൽ ജ്യേഷ്ഠന് ഉദ്യോഗം കിട്ടുന്നതല്ലെന്ന് ഗവണ്മെന്റ് ജ്യേഷ്ഠനെ അറിയിച്ചു. അങ്ങനെ ഒരു മറുപടി കിട്ടിയപ്പോൾ ജ്യേഷ്ഠന് വ്യസനമുണ്ടായി. ഒടുവിൽ ഭഗ്നാശയനായി സ്വരാജ്യത്തെ വിട്ടു ബ്രിട്ടീഷ് സർവ്വീസിൽ പ്രവേശിച്ചു. പിന്നത്തെ അപേക്ഷക്കാരൻ ഞാനായിരുന്നു. 1884ൽ വൈദ്യവിദ്യാഭ്യാസം ചെയ്യിക്കുന്നതിന് മെട്രിക്കുലേഷൻ പരീക്ഷ ജയിച്ച പത്തുപേരെ തെരഞ്ഞെടുക്കുന്നതിനായി ഒരു പരീക്ഷ നിശ്ചയിച്ചു. ഗവണ്മെന്റ് പരസ്യം ചെയ്തു. ഞാനപ്പോൾ മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചിരുന്നതുകൊണ്ട് ഈ പരീക്ഷയിൽ ചേരുന്നതിനായി ഞാനും അപേക്ഷ അയച്ചു. എന്നാൽ അപേക്ഷ അയക്കുന്നതിനു മുമ്പായി എന്നെ പരീക്ഷയിൽ ചേർക്കുന്നതിന് വിരോധം ഉണ്ടാകയില്ലയോ എന്ന് സംശയിച്ചു. അപ്പോൾ മെഡിക്കൽ ഡിപ്പാർട്ട്മെന്റ് മേലധികാരിയായിരുന്ന ഡോക്ടർ ഹൗസൻ സായ്പിനോട് ഞാൻ ഇതേക്കുറിച്ച് ആലോചിച്ചു. അദ്ദേഹം ഒരു വിരോധവും പറഞ്ഞില്ല. പരീക്ഷ നടത്തുകയും ജയിച്ചവരുടെ കൂട്ടത്തിൽ ഞാൻ രണ്ടാമനായി വരികയും ചെയ്തു. പിന്നീട് ഒരു ദേഹപരീക്ഷ ഉണ്ടായിരുന്നു. അതിലും ഞാൻ ജയിച്ചു. എന്നാൽ എന്നെ എടുക്കുന്നതിനു മുമ്പായി എനിക്കു വയസ്സധികമായിപ്പോയി എന്നു ഗവണ്മെന്റ് ഒരു തടസ്സം പുറപ്പെടുവിച്ചു. വയസ്സിനെക്കുറിച്ച് തർക്കമുണ്ടായപ്പോൾ അപ്പോൾ റെസിഡെൻസി സർജനായിരുന്ന ഇപ്പോഴത്തെ ഡർബാർ ഫിസിഷ്യൻ ഡോക്ടർ വൈറ്റ് അവർകളുടെ ഒരു സർട്ടിഫിക്കറ്റ് ഞാൻ ഹാജരാക്കി. എന്നിട്ടും സംശയം തീരായ്കയാൽ ഞാൻ എന്റെ ജാതകത്തെക്കൂടി ഹാജരാക്കി. എന്റെ ഈ പ്രശ്നങ്ങൾക്കൊന്നും ഒരു ഫലവും ഉണ്ടായില്ല. എനിക്കു വയസ്സധികമായ് പോയി എന്നു പറഞ്ഞു എന്നെ ഉപേക്ഷിച്ചു. ശേഷം ഒൻപതു പേരും തീയന്മാരായിരിക്കാനുള്ള ദൗർഭാഗ്യം ഇല്ലാതിരുന്നതിനാൽ സ്വീകരിക്കപ്പെട്ടു. ഏറെ താമസിയാതെ ഞാൻ തിരുവിതാംകൂറിനെ വിട്ടു മദ്രാസ് മെഡിക്കൽ കോളേജിൽ ചേർന്നു. ഞാൻ എൽ.എം.എസ് പരീക്ഷയ്ക്ക് പഠിക്കുകയും കഴിഞ്ഞ കൊല്ലത്തിൽ അതിൽ ജയിക്കുകയും ചെയ്തു. കഴിഞ്ഞ സെപ്തംബർ മാസത്തിൽ മെഡിക്കൽ ഡിപ്പാർട്ടുമെന്റിൽ ഒരു ജോലി കിട്ടണമെന്ന് ഞാൻ അപേക്ഷിച്ചു. അതിന് ഇതേവരെ എനിക്ക് മറുപടി കിട്ടിയിട്ടില്ല. അതിൽപ്പിന്നെ എൽ.എം.എസ് പരീക്ഷ പാസായിട്ടില്ലാത്തവരേയും അപ്പോത്തിക്കരി പരീക്ഷ മാത്രം പാസായവരുമായ മൂന്നുപേർക്ക് തിരുവിതാംകൂർ ഗവണ്മെന്റ് ഉദ്യോഗം കൊടുത്തു. സാധുക്കളായ തിരുവിതാംകൂർ നിവാസികളുടെ ക്ഷേമത്തിൽ നിങ്ങൾ പ്രദർശിപ്പിച്ചു വരുന്ന താൽപ്പര്യത്തിനായി ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. നിങ്ങളുടെ സാമർത്ഥ്യത്തോടു കൂടിയുള്ള സഹായം അസഹായാവസ്ഥയിൽ അവർക്ക് അലഭ്യമായുള്ളതിനെ ലഭിക്കുന്നതിന് സൗകര്യത്തെ ഉണ്ടാക്കിക്കൊടുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു'.
പിൽക്കാലത്ത് ഫ്രാൻസിലെ പ്രശസ്തമായ സോർബോൺ സർവ്വകലാശാലയിൽ നിന്ന് വിദ്യാഭ്യാസ വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ തന്റെ മകൻ നടരാജനേയും (നടരാജഗുരുവായി പിന്നീട് പ്രശസ്തനായി ) ഈ വിധി തന്നെയാണ് കാത്തിരിക്കുന്നതെന്ന് ഇതെഴുതുമ്പോൾ ഡോ. പൽപു ഭാവനയിൽ കണ്ടിരിക്കില്ല. അങ്ങനെ യോഗ്യതകൾ ഉണ്ടായിരുന്നിട്ടും മൂന്ന് തലമുറയിൽ പെട്ട ആളുകളെങ്കിലും നിലനിൽക്കുന്ന ജാതി സമവാക്യങ്ങളുടെ പേരിൽ തിരുവിതാംകൂറിൽ നിന്ന് പരിത്യക്തരാക്കപ്പെട്ടു. ദേശനീതിയും ജാതിയും തമ്മിലുള്ള ഉരസൽ എത്ര മാരകമായിരുന്നു എന്ന് ഡോ. പൽപുവിന്റെ അനുഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. ജനിച്ച ദേശത്തോട് ഡോ. പൽപുവിന്റെ കൂറ് വലുതായിരുന്നു. തന്റെ അറിവുകളെ ദേശ നന്മക്കായി വിനിയോഗിക്കാനുള്ള സന്നദ്ധത നിരവധി കാലങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ചതായി ആ ജീവചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഓരോ തവണയും അപമാനിതനായിട്ടും ജാതിയിൽ താണവരുടെ പൗരത്വം ഉറപ്പിക്കാൻ അദ്ദേഹം നിരന്തരം തുനിഞ്ഞുകൊണ്ടിരുന്നു. മലയാളി മെമ്മോറിയൽ മുതൽ അതിനായി അദ്ദേഹം ചെലുത്തിയ ശ്രമങ്ങൾ ചെറുതല്ല. നവോത്ഥാനം എന്ന പ്രക്രിയയിൽ ഡോ. പൽപു വഹിച്ച പങ്ക് ഈ വെളിച്ചത്തിൽ കൂടി പരിശോധിക്കപ്പെടേണ്ടതാണ്.
മേൽക്കത്തിൽ സൂചിപ്പിച്ച പ്രകാരം പരിത്യക്തനാക്കപ്പെട്ട ഡോ. പൽപു മദ്രാസിലേക്കാണ് പോകുന്നത്. അവിടെ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്യോഗസ്ഥനായ ശേഷം പല മട്ടിൽ അദ്ദേഹം കഴിവ് തെളിയിക്കുന്നുണ്ട്. വാക്സിൻ നിർമ്മാണത്തിന് അനുയോജ്യമായ കാലാവസ്ഥ ബാംഗ്ലൂരിൽ ആണെന്ന ശാസ്ത്രീയമായ തിരിച്ചറിവാണ് വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിനേയും ഒപ്പം ഡോ. പൽപുവിന്റെയും ജീവിതത്തെ ബാംഗ്ലൂരിലേയ്ക്ക് പറിച്ചു നടന്നത്. മൈസൂർ സ്റ്റേറ്റിൽ പ്ലേഗിനെ നേരിടാനുള്ള സ്പെഷ്യൽ ഓഫീസർ പദവി അങ്ങനെയാണ് ഡോ. പൽപു ആർജ്ജിക്കുന്നത്. ശരിയായ സ്ഥലത്തെ ശരിയായ മനുഷ്യരായി ജാതിയിൽ താഴ്ന്നവർക്ക് സ്വദേശത്ത് കഴിയാനാകില്ല എന്ന വ്യക്തമായ ചിത്രമാണ് ഡോ. പൽപുവിന്റെ കഥ തെളിയിക്കുന്നത്
1885ൽ എൽ.എം.എസ് പഠിക്കാൻ വേണ്ടി കേരളം വിട്ട പൽപു, പക്ഷെ തന്റെ സ്വദേശമായി കരുതിയിരുന്നത് തിരുവിതാംകൂറിനെ തന്നെയാണ്. 1895ൽ തിരുവിതാംകൂർ ദിവാനായിരുന്ന എസ്. ശങ്കരസുബ്ബയ്യർക്ക് നൽകിയ അപേക്ഷ, 1896ൽ മലയാളി മെമ്മോറിയൽ ഇങ്ങനെ പോകുന്നു സ്വദേശത്ത് അഭിമാനത്തോടുകൂടിയ പൗരത്വം അനുവദിച്ചു കിട്ടാൻ പൽപു നടത്തിയ പരിശ്രമങ്ങൾ. പക്ഷെ"ഈ അവസ്ഥയെ നടപ്പാക്കിത്തീർത്ത വ്യവസ്ഥകൾ തിരുവിതാംകൂറിനെപ്പോലെയുള്ള ഒരു പുരാതന ഹിന്ദുരാജ്യത്ത് സ്വാഭാവികമായിത്തന്നെ ഗൗരവമുള്ളതായി ഗണിക്കപ്പെട്ടു വരുന്നതിനാൽ ഹർജിയിലെ വിഷയത്തെ തീരുമാനിക്കുന്നതിന് അന്യാദൃശ്യമായ പ്രയാസവും കുഴപ്പവും നേരിടുന്നു' എന്നതായിരുന്നു എക്കാലവും ദിവാന്റെ മറുപടി.
ഇങ്ങനെ അഭിമാനപൂർവ്വമുള്ള പൗരത്വം എന്ന ആശയമായിരുന്നു ഈ ഹർജികളിലെല്ലാം ഡോ. പൽപു ഉയർത്തിപ്പിടിച്ചിരുന്നത്. അതിനുവേണ്ടിയുള്ള പോരാട്ടം തുടരുന്നതിനിടയിലാണ് താൻ പ്രവർത്തിക്കുന്ന നഗരമായ ബാംഗ്ലൂരിൽ പ്ലേഗ് പൊട്ടിപ്പുറപ്പെടുന്നത്. ബാംഗ്ലൂരിൽ 3393 പേരെയും കന്റോൺമെന്റിൽ 3321 പേരെയും പ്ലേഗ് കൊന്നൊടുക്കി. പ്ലേഗിനെ തടയാൻ ആവിഷ്‌ക്കരിച്ച നിയമമാണ് 1897ലെ പകർച്ചാവ്യാധി പ്രതിരോധ നിയമം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കേരള സംസ്ഥാനവും തുടർന്ന് കേന്ദ്ര സർക്കാറും കോവിഡ് വ്യാപനത്തിനെതിരെ ലോക്ഡൗൺ പ്രഖ്യാപിച്ചത് ഇതേനിയമത്തിന്റെ പിൻബലത്തിലാണ് എന്നോർക്കുക. (കേരള സർക്കാർ പിന്നീട് ഒരു ഓർഡിനൻസ് കൊണ്ടുവന്നു).
ക്വാറന്റയിൻ, ഐസോലേഷൻ ക്യാമ്പുകൾ, സഞ്ചാര നിയന്ത്രണങ്ങൾ തുടങ്ങിയ നടപടികൾ ആദ്യമായി ഇന്ത്യൻ ജനത അനുഭവിച്ചത് 1897 ലെ പ്ലേഗ് ബാധയുടെ കാലത്താണ്. മാത്രമല്ല, ആദ്യകാലത്ത് അലോപ്പതി ഒഴികെയുള്ള മറ്റ് പാരമ്പര്യ വൈദ്യങ്ങളെ ചികിത്സയിൽനിന്ന് ഒഴിവാക്കി നിർത്തുകയും ചെയ്തു. ബ്രിട്ടീഷ് പട്ടാളത്തെ മുൻനിർത്തിയാണ് ഈ വ്യവസ്ഥ നടപ്പാക്കിയത്.
പട്ടാളക്കാരായിരുന്നു സ്പെഷ്യൽ പ്ലേഗ് കമ്മറ്റിയുടെ പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്നത്. ബാംഗ്ലൂരിലും പ്ലേഗ് ബാധയെ തുടർന്ന് ക്വാറന്റയിൻ നടപടികൾ സ്വീകരിച്ചു. പ്രധാനമായും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഇത് തുടങ്ങിവെച്ചത്. റെയിൽവേ സ്റ്റേഷനുകളിൽ കുളിപ്പുരകൾ തുറന്ന് ഓരോ യാത്രക്കാരനേയും / കാരിയേയും അണുവിമുക്ത ലായനി ഉപയോഗിച്ച് കുളിപ്പിച്ച ശേഷം വീടുകളിലേയ്ക്ക് പൊലീസ് അകമ്പടിയോടെ യാത്രയാക്കും. 10 ദിവസം അവരെ വീടുകളിൽ അടച്ചിട്ട് നിരീക്ഷണത്തിൽ വെക്കും. ഇതായിരുന്നു ബാംഗ്ലൂരിൽ പ്ലേഗ് നിവാരണ കമ്മീഷണറായ വി.പി.മാധവറാവുവും സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ഡോ. പൽപുവും ചെയ്തത്.
സാമൂഹിക ആരോഗ്യം എന്നത് പ്രധാനമായും വാക്സിനേഷനിൽ ഊന്നിയുള്ള പ്രയോഗം ആയിരുന്ന കാലത്ത് തിരുവിതാംകൂർ പൽപുവിനെപ്പോലെ അതിൽ പ്രാഗത്ഭ്യം നേടിയ ഒരാളുടെ സേവനം എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നത് ഇപ്പോൾ അതിശയം ജനിപ്പിക്കുന്ന കാര്യമാണ്. എന്നാൽ ആ അതിശയത്തെയും അമർച്ച ചെയ്യാൻ തക്കവിധം വലുതായിരുന്നു ജാതി. ആധുനികമായ ഒരു സാമൂഹിക വ്യവസ്ഥ ഉണ്ടാകുന്നതിൽ നിന്ന് ജാതി എത്രമേൽ തിരുവിതാംകൂറിനെ തടഞ്ഞുനിർത്തി എന്ന കഥ ഡോ. പൽപുവിന്റെ കഥയുമായി യാക്കോബ് തോമസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെക്കൊടുക്കുന്ന ഭാഗവുമായി തട്ടിച്ചുനോക്കിയാൽ മനസ്സിലാകും.
"1819ലാണ് തിരുവിതാംകൂറിൽ അലോപ്പതി ചികിത്സ തുടങ്ങുന്നതത്രേ. പ്രധാനമായും വസൂരിയെ നേരിടാനായിരുന്നു ഇത്. ആദ്യകാലത്ത് രാജകൊട്ടാരത്തിലൊതുങ്ങിയ ചികിത്സ പതുക്കെ വ്യാപിച്ചു. പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നത് പ്രധാനമായും പുരുഷന്മാർ ആയിരുന്നതിനാൽ കുലസ്ത്രീകൾ പൂർണമായും വിട്ടുനിന്നിരുന്നു. അക്കാലത്ത് പലയിടത്തും ആശുപത്രികൾ സ്ഥാപിച്ചുവെങ്കിലും അതൊക്കെ മരുന്നു നൽകൽ സ്ഥാപനങ്ങളായിരുന്നു. 1880കളോടെ ഇതിൽ മാറ്റം വരുന്നു. കിടത്തിച്ചികിത്സ നടത്തുന്ന ആശുപത്രികൾ വരുന്നു. പുരുഷന്മാരുടെ ആശുപത്രിയിൽ സ്ത്രീകൾ പോകില്ലായിരുന്നു. കീഴാളരെ വേറെ കെട്ടിടങ്ങളിൽ ചികിത്സിക്കണമായിരുന്നു. 'ഇവിടെല്ലാം യുറോപ്യമാരാണ് ചികിത്സ നടത്തിയത്. നഴ്സുമാരും അവരായിരുന്നു.
തിരുവിതാംകൂറിലെ വൈദ്യരംഗത്ത് കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നത് ഒരു സ്ത്രീയാണ് എന്നാണ് ചരിത്രം. അവരാണ് മേരി പുന്നൻ ലൂക്കോസ് (1886- 1976). ഇവിടെ ആദ്യ വൈദ്യബിരുദം നേടിയ പുന്നൻ എന്ന ആളിന്റെ മകളാണവർ. LM S മിഷൻ ആളാണ് പുന്നൻ. യൂണിവേഴ്സിറ്റി കോളജിലെ ആദ്യ ബിരുദം നേടിയ വനിത ഇവരാണ്. സയൻസ് പഠിക്കാനാഗ്രഹിച്ചെങ്കിലും സ്ത്രീകൾക്ക് അതിന് അനുവാദമില്ലായിരുന്നു. അവർ ബി.എ ചരിത്രം എടുത്തു പാസായി, തുടർന്ന് എം.ബി.ബി.എസിന് ശ്രമിച്ചെങ്കിലും അനുവദിക്കപ്പെട്ടില്ല. തുടർന്നവർ ലണ്ടനിൽ പോയി വൈദ്യശാസ്ത്രം പാസായി. 1917ൽ നാട്ടിലെത്തിയ അവർ തൈക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ചുമതലയേറ്റു. അവിടെ സൂപ്രണ്ടായി. വൈകാതെ തിരുവിതാംകുറ്റിലെ മെഡിക്കൽ വകുപ്പിന്റെ സുപ്രണ്ടായി മാറി. ഇക്കാലത്താണവർ കേരളത്തിലെ ആദ്യ സിസേറിയൻ നടത്തിയത്. വൈദ്യശാസ്ത്രത്തിലെ പുതിയ വിജ്ഞാനം കൃത്യമായി അവർ നടപ്പിൽ വരുത്തി ആശുപത്രിയെ നവീകരിക്കുകയും സ്ത്രീകൾക്ക് നഴ്സിംഗ് പരിശീലനം നൽകുകയും ചെയ്തു. ഇന്ത്യയിലെ ആദ്യ വനിതാ സർജൻ അവരാണ്. ഇന്ത്യയിൽ ഒരു നാട്ടുരാജ്യത്തിലെ ആരോഗ്യ വകുപ്പ് മേധാവിയാകുന്ന വനിതയും ഇവരാണ്.
അന്നവരുടെ ശമ്പളം 450 രൂപയായിരുന്നത്രേ. നായന്മാർ 250നുമേൽ ശമ്പളമുള്ള ജോലിക്കായി നായർ മെമ്മോറിയൽ കൊടുത്തത് 1891ൽ ആണെന്നോർക്കുക. അന്ന് മേരിക്ക് അഞ്ചുവയസ്സ്.
ഇന്ത്യയിലെ ആദ്യ വനിതാ നിയമസഭാഅംഗവും ഇവരാണ്.
ചുരുക്കത്തിൽ മലയാളിത്തം അധികമില്ലാത്ത, പാശ്ചാത്യതയെ അംഗീകരിച്ച ക്രിസ്ത്യൻ സ്ത്രീകളുടെ നേതൃത്വശേഷിയുടെയും പോരാട്ടത്തിന്റെയും കൂടെ അടയാളമാണ് നമ്മുടെ ആരോഗ്യരംഗം എന്നു പറയുകയാണ്. ചരിത്രം നിരന്തരം ഓർമ്മിക്കാനുള്ളതാണ് എന്ന് ആവർത്തിക്കട്ടെ'.
മനസ്സിലാക്കേണ്ട ഒരു കാര്യം മേരിക്ക് അഞ്ചു വയസ്സുള്ളപ്പോൾ മൈസൂർ സർക്കാരിന്റെ വാക്സിൻ ഡിപ്പോയിൽ ഡോ. പൽപു ജോലി ചെയ്തിരുന്നു എന്നതാണ്. സ്വന്തം നാടായ തിരുവിതാംകൂറിനോടുള്ള ദേശസ്നേഹം ഡോ. പൽപുവിന് പുലർത്താൻ കഴിഞ്ഞത് നിരവധി പോരാട്ടങ്ങളിലൂടെയാണ്. ബ്രിട്ടീഷ് പാർലിമെന്റിൽ അംഗമായിരുന്ന ഹെർബർട്ട് റോബർട്ട്സിനെ കൊണ്ട്, 'സ്വന്തം സംസ്ഥാനത്തിൽ സ്ഥാനം നിഷേധിച്ചത് കൊണ്ട് മദ്രാസ് യൂണിവേഴ്സിറ്റി ബിരുദധാരികളായ, ഈഴവർ എന്ന വർഗ്ഗത്തിൽ പെടുന്ന രണ്ടു പേർ മദ്രാസും മൈസൂറും സർക്കാർ സർവീസുകളിൽ ഈ അടുത്തകാലത്ത് ഉദ്യോഗം തേടാൻ നിർബന്ധിതമായിട്ടുണ്ടോ' എന്ന് ചോദ്യം ചോദിപ്പിക്കുന്നതുവരെ ആ പോരാട്ടം ആഗോളമായി. പ്രാദേശികമായാകട്ടെ എസ്.എൻ.ഡി.പി പോലെ കേരളത്തിലെ ആദ്യത്തെ സാമൂഹ്യ- രാഷ്ട്രീയ സംഘടനയുടെ രൂപീകരണത്തിന് മുൻകൈയെടുക്കുകയും അതിന്റെ പ്രസിഡണ്ടായിരുന്നുകൊണ്ട് നവോത്ഥാനം എന്ന് പൊതുവേ വിളിക്കപ്പെടുന്ന ആധുനികീകരണ പ്രക്രിയക്ക് ആക്കം കൂട്ടുകയും ചെയ്തു.
ഡോ. പൽപുവിന്റെ ജീവിതത്തിൽ ഉടനീളം കാണാൻ കഴിയുന്ന ഒന്ന് ദേശസ്നേഹമാണ്. എന്നാൽ ദേശസ്നേഹം എന്നത് ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ ഒരു അതിർത്തിയിലെ തുല്യതയ്ക്ക് വേണ്ടിയുള്ള വലിയ സംഘർഷാത്മകമായ പ്രവർത്തനം കൂടിയാണ് എന്ന് അദ്ദേഹം കാണിച്ചുതരുന്നുണ്ട്. ' ജനനീ ജന്മഭൂമി ശ്ച, സ്വർഗ്ഗാദപി ഗരീയസ' എന്നും 'വന്ദേമാതരം' എന്നും 'നമസ്തേ സദാ വത്സലേ മാതൃഭൂമേ' എന്നും പറയുന്നതുപോലെ സ്വന്തം ദേശത്തെ പൊള്ളയായി മഹത്വവൽക്കരിക്കും പോലുള്ള ഒരു ദേശാഭിമാന പരിപാടി ആയിരുന്നില്ല അത്. അതായത് ദേശവും പൗരനും തമ്മിലുള്ള ബന്ധം സ്വാഭിമാനത്തെ അടിസ്ഥാനപ്പെടുത്തി പുനർനിർവ്വചിക്കുയായിരുന്നു ഡോ. പൽപു. പ്ലേഗിന്റെ താണ്ഡവാരങ്ങിൽ നിന്ന് അദ്ദേഹം ഉച്ചരിച്ച വാക്കുകൾ പോലെ 'മരണം മരണവും ചുമതല ചുമതലയും'.
ജാതിയും മതവും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന 19-ാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിൽ, തുല്യതയെക്കുറിച്ചും മുൻഗണനാ അവകാശങ്ങളെക്കുറിച്ചുമുള്ള ബോധം എങ്ങനെ പ്രവർത്തിച്ചു എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഡോ. പൽപുവിന്റെ ജീവിതത്തിലെ ചില നിർണ്ണായക സംഭവങ്ങൾ ഇവിടെ വിവരിച്ചത്. പകർച്ചവ്യാധിക്കെതിരെ പൊരുതുന്നതും ജാതിമുൻഗണനകൾക്കെതിരെ പൊരുതുന്നതും തുല്യതയെ അടിസ്ഥാനപ്പെടുത്തിയ ഒരു ആധുനിക വ്യവസ്ഥയ്ക്കും ലോകത്തിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു ഡോ. പൽപുവിന്. ഡോ. വാൾഡിമെർ ഹാഫ്കിൻ ആണ് ബ്യുബോണിക് പ്ലേഗ് പരത്തുന്ന ബാക്ടീരിയക്കെതിരെ വാക്സിൻ ആവിഷ്‌ക്കരിച്ചത്. 1897 ജനുവരി 10ന് ഹാഫ്കിൻ സ്വശരീരത്തിൽ തന്നെ അത് പ്രയോഗിച്ച് ഉറപ്പു വരുത്തി. കൂടുതൽ ഉറപ്പിന് വേണ്ടി ഗിനിപ്പന്നികൾ ആയത് ബോംബെയിൽ ബൈക്കുളയിലുള്ള ജയിലിലെ തടവുകാർ ആയിരുന്നു എന്നതും ഓർക്കേണ്ടതാണ്. 1897 മുതൽ ഏതാണ്ട് 1960കൾ വരെ നീണ്ടുനിന്നിരുന്നു പ്ലേഗിന്റെ ഈ മൂന്നാം തരംഗ കാലം എന്നോർക്കണം.
യൂറോപ്യൻ ചരിത്രം അനുസരിച്ച് പ്ലേഗിന്റെ ഒന്നാം തരംഗം ജസ്റ്റീനിയൻ പ്ലേഗ് എന്നറിയപ്പെടുന്നു. AD 541, 542 വർഷങ്ങളിലാണ് അത് നാശം വിതച്ചത്. കരിമരണം എന്നറിയുന്ന രണ്ടാം തരംഗമാകട്ടെ 1346 മുതൽ 1353 വരെയുള്ള വർഷങ്ങളിലും. മൂന്നാം തരംഗമായിരുന്നു നീണ്ടുനിന്നത്. 1932ൽ ജനിച്ച ഡോ. യു. ആർ. അനന്തമൂർത്തി തന്റെ 'ഋജുവാദു' എന്ന പുസ്തകത്തിൽ, തന്റെ ചെറുപ്പത്തിൽ ഗ്രാമത്തിൽ വന്ന പ്ലേഗ് മാരിയെ ഇങ്ങനെ ഓർക്കുന്നുണ്ട്: 'നഗരം മുഴുവൻ പ്ലേഗ് ബാധിച്ചതുകൊണ്ട് ഞങ്ങളുടെ വിദ്യാലയം അടച്ചു. ഒരു നഗര ഭിഷഗ്വരൻ അഗ്രഹാരത്തിൽ വന്ന് ഞങ്ങൾക്കെല്ലാം പ്രതിരോധ കുത്തിവെയ്പ് എടുത്തു. ഞങ്ങളുടെ അഗ്രഹാരത്തിനടുത്ത് കുന്നിൻപുറത്ത് താമസിക്കുന്ന തൊട്ടുകൂടാത്തവർ പെട്ടെന്ന് മരിക്കാൻ തുടങ്ങി. അതിൽ ഒരു കുടുംബം മുഴുവൻ പകർച്ചവ്യാധിക്ക് കീഴ്പെട്ടതോടെ അവർ അവരുടെ മൺകുടിലുകളെ അഗ്നിക്കിരയാക്കി. എന്തുകൊണ്ടാണ് അവർ മരണത്തിന് ഇത്ര പെട്ടെന്ന് ഇരയായത്? മുതിർന്നവരിൽ ചിലർ പറഞ്ഞത് ഇതൊരു ശിക്ഷയാണെന്നാണ്.
ഗാന്ധിജിയാൽ ദുർബോധിപ്പിക്കപ്പെട്ട് ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലുള്ള അമ്പലങ്ങളിൽ അവരുടെ ജാതിക്കാർ കടന്നുകയറിയതിനുള്ള ശിക്ഷ. പക്ഷെ, എനിക്കറിയാമായിരുന്നു ഉയർന്ന ജാതിക്കാരനായ ഡോക്ടർ കാരണമാണ് അവർ മരിച്ചത്. അവരെ തൊടണം എന്ന കാരണത്താൽ അയാൾ അവിടെ പോകുകയോ പ്രതിരോധ കുത്തിവെയ്പ് എടുക്കുകയോ ചെയ്തില്ല'.
രോഗം, ചികിത്സ, പ്രതിരോധം എന്നിവയെല്ലാം അക്കാലത്ത് എത്രമേൽ ജാതിബദ്ധവും മതബദ്ധവും ആയിരുന്നു എന്ന് വളരെ പിൽക്കാലത്തെ ഓർമക്കുറിപ്പിൽ പോലും തെളിയുമ്പോഴാണ് ഡോ. പൽപു എടുത്ത ദൗത്യം എത്ര വലുതായിരുന്നു എന്ന് തിരിച്ചറിയുക. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതുകൊണ്ടുതന്നെയാണ് രോഗപ്രതിരോധ പഠനത്തിന് ഡോ. പൽപുവിനെ ബ്രിട്ടീഷ് ഗവൺമെന്റ് യൂറോപ്പിലേക്കയച്ചത്.
ജാതിക്കെതിരെയും രോഗത്തിനെതിരെയുമുള്ള പൊരുതലുകൾ പിൽക്കാല കേരളത്തിൽ പ്രതിഫലിച്ചതായി കാണാം. നവോത്ഥാനത്തിന്റെ കേന്ദ്ര പ്രതീകമായി വ്യക്തിശുചിത്വം എന്ന ആശയം വലിയ ശക്തിയിൽ തന്നെ കടന്നുവന്നു. ഡോ. ടി. ഭാസ്‌കരൻ സമ്പാദകനായി പ്രസിദ്ധീകരിച്ച "ശ്രീനാരായണഗുരു വൈഖരി' എന്ന ഗ്രന്ഥത്തിൽ "കുളിസംഘം' എന്ന ഉപശീർഷകത്തിൽ രസകരമായ ഒരു സംഭവം വിവരിക്കുന്നുണ്ട്: ' 1095 കുംഭത്തിൽ ശ്രീനാരായണ തീർത്ഥർ സ്വാമികൾ കാര്യവശാൽ ശിവഗിരിയിൽ എത്തി. ഗുരുദേവൻ ചെറിയ പർണ്ണശാലയിൽ വിശ്രമിക്കുകയാണ്. തീർത്ഥസ്വാമികൾ ഗുരുദേവസന്നിധിയിൽ ചെന്ന് നമസ്‌കരിച്ചു നിന്നു.
ഗുരുദേവൻ: ഇപ്പോൾ വടക്കൻ തിരുവിതാംകൂറിൽ വളരെ സഭകൾ ഏർപ്പെടുത്തി വരുന്നതായി കേൾക്കുന്നല്ലോ. കൊള്ളാം. നമുക്കുവേണ്ടി കുറേ സഭകൾ ഏർപ്പെടുത്തണം. ആ സഭയുടെ പേർ 'കുളിസംഘം' എന്നായിരിക്കണം. ഈ സംഘം ഉണ്ടാക്കുന്നതിന് പണച്ചെലവൊന്നുമില്ല. അഴുക്ക് പോകും. ശുദ്ധിയുണ്ടാകും. രോഗങ്ങൾ മാറും. എന്താ! നമ്മുടെ കുളിസംഘത്തിൽ ആളുകളെ ചേർത്ത് തരാമോ?
തീർത്ഥർ: ചേർക്കാം'
ഒറ്റനോട്ടത്തിൽ തമാശയെന്ന് തോന്നുമെങ്കിലും ഇത് വളരെ ഗൗരവമുള്ള സംഗതി ആയിരുന്നു എന്ന് ഒന്നാലോചിച്ചാൽ അറിയാൻ കഴിയും. ജാതിയെ ഗുരു സൈദ്ധാന്തികമായി നേരിട്ടത് ജൈവശരീരത്തെ മുൻനിർത്തിയാണ്. ജാതിശരീരത്തിനെതിരെ ജൈവശരീരം. രണ്ട് ജാതിയേ ആകെ ഉള്ളു, ആണും പെണ്ണും. ബാക്കിയെല്ലാ ജാതിവ്യവഹാരങ്ങളും മിഥ്യയാണ്. ജാതിയും രോഗവും രണ്ടും ജൈവശരീരത്തെ ബാധിക്കുന്ന ആധിവ്യാധികൾ ആണ്. ജാതിവിരുദ്ധതയും ശുചിത്വവും ഒരേപോലെ സംഗമിക്കുന്ന സംസ്‌ക്കാരത്തിന്റെ ഇടം ജൈവശരീരം ആണെന്ന് ഗുരു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. പകർച്ചാവ്യാധിയുടെ കാലത്ത് ഡോ. പൽപുവിനെപ്പോലെ ഒരാളെ നയിച്ചതും; ഗുരുവിനെപ്പോലെ ദാർശനികതലത്തിലല്ല, മറിച്ച് ശാസ്ത്രീയ യുക്തിയുടെ തലത്തിൽ; ഇതേകാര്യം തന്നെ.
അതേസമയം, ജാതിശരീരങ്ങളിൽ വിശ്വസിച്ചിരുന്നവർ 1897ലെ ബ്യുബോണിക് പ്ലേഗിന്റെ കാലത്തെ സാഹചര്യങ്ങളോട് എങ്ങനെയാണ് പ്രതികരിച്ചത് എന്ന് നോക്കാം. പൂണെയിൽ അന്ന് സ്പെഷ്യൽ പ്ലേഗ് ഓഫീസർ ആയി നിയമിക്കപ്പെട്ടത് വാൾട്ടർ ചാൾസ് റാൻഡ് ആയിരുന്നു. പ്ലേഗിനെതിരെ കർക്കശമായ ക്വാറന്റയിൻ നടപടികളായിരുന്നു റാൻഡ് നടപ്പാക്കിയത്. 893 ഓഫീസർമാർ അടങ്ങുന്ന ഒരു സംഘമാണ്, 1897 ലെ പകർച്ചാവ്യാധി പ്രതിരോധനിയമത്തിന്റെ അടിസ്ഥാനത്തിൽ റാൻഡ് പൂണെയിൽ വിന്യസിച്ചത്. ഓരോ വീട്ടിലും രോഗലക്ഷണങ്ങൾ കണ്ടാൽ സ്പെഷ്യൽ പ്ലേഗ് കമ്മറ്റിയെ അറിയിക്കണമെന്ന ആജ്ഞ പുറപ്പെടുവിച്ചു. എന്നാൽ പൂണെയിലെ ഉയർന്ന ജാതിക്കാരായ ചിത്പാവൻ ബ്രാഹ്മണസമൂഹത്തിൽപ്പെട്ട പലരും അത് അംഗീകരിക്കാൻ തയ്യാറായില്ല. ബ്രിട്ടീഷുകാരെ അവർ മ്ലേച്ഛരായാണ് കരുതിയിരുന്നത്. അതിന് ജാതി എന്ന കേവലാശയത്തിന്റെ പിൻബലം മാത്രമല്ല ഉണ്ടായിരുന്നത്. ചിത്പാവൻ ബ്രാഹ്മണർ രാജ്യം ഭരിച്ചിരുന്നവർ ആയിരുന്നു. ശനിവാർ വാഡ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തുംവരെ പേഷ്വാ സാമ്രാജ്യം ഭരിച്ചിരുന്നത് അവരായിരുന്നു. സ്വരാജ്യനഷ്ടം സംഭവിച്ചതിലുള്ള കുടിപ്പക അപ്പോഴും അവരിൽ നിലനിന്നിരുന്നു, ബ്രിട്ടീഷുകാർക്ക് തിരിച്ചും. അപകടകാരികളുടെ ഗോത്രമായാണ് ബ്രിട്ടീഷ് അധികാരികൾ പലപ്പോഴും ചിത്പാവൻ ബ്രാഹ്മണരെ അടയാളപ്പെടുത്തിയിരുന്നത്.
ഈ ഒരു സാഹചര്യത്തിലാണ് പ്ലേഗിന്റെ സാമൂഹ്യ വ്യാപനം തടയാനുള്ള ദൗത്യം റാൻഡ് ഏറ്റെടുക്കുന്നത്. റിപ്പോർട്ട് ചെയ്യാതെ രോഗികളെ ഒളിപ്പിച്ച വീടുകൾ , അറിവ് കിട്ടിയാൽ റാൻഡ് പരിശോധിക്കുകയും വീട്ടുകാരുടെ എതിർപ്പ് മറികടന്ന് അവരെയെല്ലാം ഐസൊലേഷൻ ക്യാമ്പുകളിലേയ്ക്ക് മാറ്റുകയും ചെയ്യുക എന്നത് പതിവായിരുന്നു. സാമൂഹ്യാരോഗത്തിന്റെ കാഴ്ചപ്പാടിലൂടെയല്ല ഇതിനെ ചിത്പാവൻ ബ്രാഹ്മണസമൂഹത്തിൽ ഒരു കൂട്ടം പേർ കണ്ടത്. ജാതിയുടേയും ജാത്യാധികാരത്തിന്റെ ഫലമായുണ്ടായ ബ്രിട്ടീഷ് വിരോധത്തിന്റെയും നോട്ടക്കോണിലൂടെയാണ്. ചിത്പാവൻ ബ്രാഹ്മണരുടെ കൂട്ടത്തിൽനിന്ന് അക്കാലത്ത് ഉയർന്നുവന്ന ഒരു നായകൻ ബാലഗംഗാധർ തിലക് ആയിരുന്നു. തന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന കേസരി വാരികയിലൂടെ റാൻഡിന്റേയും കൂട്ടരുടേയും പ്രവൃത്തികൾക്കെതിരെ തിലക് ആഞ്ഞടിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു ബ്രാഹ്മണൻ പാലു മാത്രം കുടിച്ച് കഴിച്ചുകൂട്ടേണ്ടി വന്ന കഥയടക്കം നിരവധി ജാതിശുദ്ധിയുടെ കഥകൾ കേസരി വിവരിച്ചുകൊണ്ടിരുന്നു. ആ ബ്രാഹ്മണന് ആഹാരം കഴിക്കാൻ സാധിക്കാഞ്ഞത്, ശൂദ്രർ തൊട്ട് അശുദ്ധമാക്കിയ ആഹാരമല്ലാതെ മറ്റൊരു ലഭ്യതയും അവിടെ ഇല്ലാത്തതുകൊണ്ടാണ്. 1897ൽ തന്നെ ചിത്പാവൻ ബ്രാഹ്മണരുടെ നേതൃത്വത്തിൽ പൂണെയിലെ പൗരാവലി ബോംബെ ഗവർണർക്ക് നിവേദനം സമർപ്പിക്കുന്നുണ്ട്. രോഗപ്രതിരോധത്തിന് പ്രവർത്തിക്കുന്ന പട്ടാളക്കാരുടെ ദൃഷ്ടിയിൽ നിന്ന് തങ്ങളുടെ സ്ത്രീകളെ മറച്ചുവെക്കാൻ അനുമതി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഈ നിവേദനം. തിലകന്റെ കേസരി റാൻഡിനെ പേരെടുത്ത് പറഞ്ഞും വിമർശിക്കുകയുണ്ടായി.
ബ്യൂബോണിക് പ്ലേഗിന്റെ വ്യാപനത്തെ ജാതിവ്യവസ്ഥ എങ്ങനെയൊക്കെ സഹായിച്ചു എന്നത് മേൽ ചരിത്രകഥനങ്ങളിൽനിന്ന് വ്യക്തമാണല്ലോ. ഒരിടത്ത് സവർണ ചികിത്സകർ ജാതിയിൽ താഴ്ന്ന പാവപ്പെട്ടവർക്ക് പ്രതിരോധ നടപടികൾ എത്തിക്കാൻ തുനിഞ്ഞില്ല (അനന്തമൂർത്തിയുടെ കഥനത്തിൽ പറയും പോലെ). മറ്റൊരിടത്ത് സവർണ ഉപസമൂഹങ്ങൾ പ്രതിരോധ നടപടികളെ ചെറുത്തു. (പൂണെ നഗരത്തിലെ സംഭവ കഥനങ്ങൾ സൂചിപ്പിക്കുന്ന പോലെ) ഈ സംഘർഷങ്ങൾ ചെറുതല്ലായിരുന്നു . ചരിത്രത്തെ ഇളക്കിമറിക്കാനും മാറ്റിപ്പണിയാനും തക്കവിധം ശക്തിമത്തായിരുന്നു. 1897 ജൂൺ 22ന് പൂണെ നഗരത്തെ ഇളക്കി മറിച്ച് വാൾട്ടർ റാൻഡും സഹായി ചാൾസ് അയേഴ്സ്റ്റും കൊല്ലപ്പെട്ട വാർത്ത പ്രചരിക്കുകയുണ്ടായി. വെടിയേറ്റ അയേഴ്സ്റ്റ് അപ്പോൾ തന്നെ മരിക്കുകയും റാൻഡ് കുറച്ചു ദിവസം ആശുപത്രിയിൽ മല്ലടിച്ചശേഷം മരണത്തിന് കീഴടങ്ങുകയും ചെയ്തു. പൂണെയിലെ രണ്ട് ചിത്പാവൻ ബ്രാഹ്മണ സഹോദരന്മാരായ ദാമോദർ ഹരി ചപ്പേക്കറും ബാലകൃഷ്ണ ഹരി ചപ്പേക്കറുമാണ് കൊലയാളികൾ എന്ന് പിന്നീട് തെളിഞ്ഞു.
ചപ്പേക്കർ സഹോദരന്മാരുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മറാത്താ അദ്ധ്യായം ജാത്യാഭിമാനവുമായി എത്രമേൽ ചേർന്നുകിടന്നിരുന്നു എന്ന് മനസ്സിലാക്കാം. ചിത്പാവൻ ബ്രാഹ്മണർക്കിടയിൽ നിന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ തിലകിനേയും ഗോഖലേയും റാന ഡേയും പോലുള്ളവരെ പോലും പുച്ഛിക്കുന്ന തരത്തിലുള്ള ജാത്യാഭിമാനവും അതുണ്ടാക്കുന്ന ശുദ്ധിയുടേയും മ്ലേച്ഛതയുടേയും പരികല്പനകളാണ് ചപ്പേക്കർ സഹോദരരിൽ -അവർ മൂന്നു പേർ ഉണ്ടായിരുന്നു, മേൽപ്പറഞ്ഞവർ കൂടാതെ വാസുദേവ് ഹരി ചപ്പേക്കറും - ദേശാഭിമാനത്തിന്റെ ചോദനകളായി വർത്തിച്ചത് എന്നത് വ്യക്തമാണ്. ജാതിയിൽ താഴ്ന്നതുകൊണ്ട് മാത്രം തുല്യാവസരങ്ങൾ നിഷേധിക്കപ്പെട്ട ഡോ. പൽപുവിനെ പോലെ ഒരാളിൽ പ്രവർത്തിക്കുന്ന ദേശസ്നേഹത്തിന്റേയും ദേശാഭിമാനത്തിന്റേയും ചോദനകൾ ആധുനികതയുടേയും ശാസ്ത്രീയതയുടേയും ജൈവശരീരത്തിന്റെയും പരികൽപനകൾ ആയിരുന്നെങ്കിൽ ഇവിടെ അത് ജാത്യാഭിമാന യാഥാസ്ഥിതികതയുടേയും ശാസ്ത്രവിരുദ്ധതയുടേയും ജാതി ശരീരത്തിന്റെയും പരികൽപനകൾ ആയിരുന്നു.
1857ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ശേഷം , അതിലും ചിത്പാവൻ ബ്രാഹ്മണരുടെ മേൽപ്പറഞ്ഞ മനോഭാവം പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നു, പിന്നീട് വാസുദേവ് ബൽവന്ത് ഫാഡ്കേ ബ്രിട്ടീഷുകാർക്കെതിരെ ഗറില്ലാസമരം ചെയ്തതും ഈ പരികൽപനകൾക്കുള്ളിൽ നിലകൊണ്ടാണ്. രാജ്യാധികാരം എന്നത് പൈതൃകാധികാരമാണെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഫാഡ്കെ സ്വയം വിശേഷിപ്പിച്ചിരുന്നത് പുതിയ പേഷ്വാ എന്നായിരുന്നു. ഇതിന്റെ തുടർച്ച തന്നെയായിരുന്നു ചപ്പേക്കർ സഹോദരന്മാരിലും തുടർന്നത്. ദാമോദർ ഹരിചപ്പേക്കർ ഇംഗ്ലീഷ് വിദ്യാഭാസത്തെ എതിർത്തത് മൂന്നാംലോക സംസ്‌ക്കാരത്തിൽ നടത്തുന്ന കൊളോണിയൽ അധിനിവേശം ആയത് കൊണ്ടല്ല, മറിച്ച്, ഹിന്ദുക്കളുടെ ആവേശം കെടുത്തുന്ന ഒന്നായി അതിനെ ദർശിച്ചത് കൊണ്ടാണ്. റാൻഡിനോടുള്ള വിരോധം ചപ്പേക്കർ സഹോദരരിൽ ആളിക്കത്തിയത് അദ്ദേഹം മുസ്ലിം അനുകൂലി ആണെന്നുള്ള ഹിന്ദു ബ്രാഹ്മണരുടെ കാഴ്ചപ്പാടുകൂടി സ്വാംശീകരിച്ചതുകൊണ്ടാണ്. 1894ൽ പൂണെയിൽ മസ്ജിദിന് മുന്നിൽക്കൂടി വാദ്യങ്ങൾ മുഴക്കിപ്പോയ ഹിന്ദുക്കളെ റാൻഡ് അറസ്റ്റ് ചെയ്തത് മുതൽ അവരുടെ നോട്ടപ്പുള്ളിയായിരുന്നു റാൻഡ്.
മ്ലേച്ഛൻമാരെ കെട്ടുകെട്ടിക്കാൻ ദാമോദർ ചപ്പേക്കർ ഉണ്ടാക്കിയ സംഘടനയുടെ പേര് 'രാഷ്ട്ര ഹിതേച്ഛു മണ്ഡലി' എന്നായിരുന്നു. അതിന്റെ പ്രവർത്തന രീതികൾ പരിശോധിച്ചാൽ രാഷ്ട്രീയ സ്വയം സേവക സംഘം പോലെ അന്നത്തെ ഹിന്ദുത്വ ഫാസിസത്തിന്റെ നടുനായകത്വം വഹിക്കുന്ന ഒരു സംഘടനയുടെ പ്രവർത്തന രീതികളുടെ തുടക്കം എവിടെ നിന്നാണെന്ന് മനസ്സിലാക്കാം. ഗുസ്തിയും ബോക്സിങ്ങും അടക്കമുള്ള കായികപരിശീലനം രാഷ്ട്ര ഹിതേച്ഛു മണ്ഡലിയുടെ പ്രവർത്തനത്തിന്റെ അവിഭാജ്യ ഘടകം ആയിരുന്നു. രണ്ടാമത്തേത് 'സാഹിത്യ പഠനം' ആയിരുന്നു. സ്വാഭിമാനവും സ്വമതാഭിമാനവും വളർത്തുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. മറ്റൊരു പ്രധാനപ്പെട്ട പ്രവൃത്തി, ആയുധശേഖരണമായിരുന്നു. അവരുടെ ആദ്യത്തെ രാഷ്ട്രീയ പരിപാടി ബോംബെയിലെ വിക്ടോറിയ രാജ്ഞിയുടെ പ്രതിമ വികൃതമാക്കുക എന്നതായിരുന്നു. അതിനുശേഷം ദാമോദർ ചപ്പേക്കർ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിച്ച് താനെയിൽ നിന്നിറങ്ങിയ സൂര്യോദയ് എന്ന പത്രത്തിൽ ദണ്ഡപാണി എന്ന വ്യാജ നാമത്തിൽ ഇങ്ങനെ എഴുതി: 'ഞങ്ങളുടെ നിശ്ചിത ഉദ്ദേശ്യം മതസംരക്ഷണത്തിനായി മരിക്കുകയോ അപരരെ കൊല്ലുകയോ ആണ്'.
ഇതെല്ലാം കാണിക്കുന്നത് പരിശുദ്ധമായ ജാതി ശരീരം ചിത്പാവൻ സംഘടനകളുടെ കേന്ദ്ര പ്രമേയം ആയിരുന്നു എന്നാണ്. വിക്ടോറിയാ രാജ്ഞി മുതൽ റാൻഡ് വരെയുള്ളവർ മ്ലേച്ഛശരീരങ്ങളും തങ്ങൾ പരിശുദ്ധ ശരീരങ്ങളും. പരിശുദ്ധ ശരീരങ്ങളുടെ ഇടമാണ് പിതൃരാജ്യം എന്ന പരികൽപന. ജാതിയിൽ താഴ്ന്നവരെ കൂടി തുല്യതയോടെ ഉൾക്കൊണ്ട് സ്വരാജ്യസങ്കൽപത്തെ വികസിപ്പിക്കുക എന്ന ഡോ. പൽപു അടക്കമുള്ളവർ മുന്നോട്ടുവെച്ച പരികൽപനയ്ക്ക് കടകവിരുദ്ധമായിരുന്നു ദാമോദർ ചപ്പേക്കർ മുന്നോട്ടുവെച്ച ഒഴിവാക്കൽ പദ്ധതി. തുല്യതയുടെ സമൂഹത്തിൽ വസിക്കുന്ന ഉടലുകൾ അച്ചുകുത്ത് പോലുള്ള അടയാളങ്ങൾ വഹിക്കുന്ന ആധുനിക ശരീരങ്ങൾ ആയിരുന്നു വസിക്കേണ്ടിയിരുന്നത്. ദാമോദർ ചപ്പേക്കറുടെ പരിശുദ്ധ സമൂഹത്തിലാകട്ടെ, ജാതിചിഹ്നങ്ങൾ പേറുന്ന പ്രാകൃത ശരീരങ്ങളും.
പുറമേനിന്ന് വന്നവരെ മാത്രമല്ല, മ്ലേച്ഛ ശരീരങ്ങളായി ചിത്പാവൻ ബ്രാഹ്മണിസത്തെ ആസ്പദമാക്കി വളർന്ന മതാധിഷ്ഠിത രാഷ്ട്രീയധാരകൾ കണ്ടത്. തങ്ങളുടെ ആശയഗതികളോട് യോജിക്കാത്ത മറ്റ് ഇന്ത്യക്കാരെക്കൂടിയാണ് . പൂണെയിലെ ഗണേഷ്ഖിണ്ട് റോഡിൽ ഇരുട്ടിന്റെ മറവിൽ റാൻഡിനേയും അയേഴ്സ്റ്റിനേയും വെടിവെച്ചിട്ട് ഓടിപ്പോയ ദാമോദർ ചപ്പേക്കറിനേയും ബാലകൃഷ്ണ ചപ്പേക്കറിനേയും പിടികൂടാൻ ബ്രിട്ടീഷ് പൊലീസിനെ സഹായിച്ചത് അവരുടെ സഹപ്രവർത്തകരായിരുന്ന ദ്രാവിഡ് സഹോദരന്മാരാണ്. കൊലയാളികളെ പിടിച്ചുതരുന്നവർക്ക് ബ്രിട്ടീഷ് പൊലീസ് പ്രഖ്യാപിച്ച 20000 രൂപയുടെ ഇനാം ആണ് അവരെ പ്രലോഭിപ്പിച്ചത് എന്നുകരുതുന്നു. എന്തായാലും മജിസ്ട്രേറ്റ് ആയിരുന്ന ഹാമിൽട്ടണ് മുന്നിൽ ദാമോദർ ചപ്പേക്കർ കൊടുത്ത കുറ്റസമ്മതം ഇങ്ങനെയാണ്: 'ഞാൻ പൂണെയിൽ എത്തി ... പ്ലേഗിനെ അടിച്ചമർത്താനുള്ള പരിപാടികൾ അവിടെ ആരംഭിച്ചിരുന്നു. രോഗാവസ്ഥയുള്ള വീടുകൾ തേടിയുള്ള പട്ടാളക്കാരുടെ വരവ് അക്രമാസക്തമായിരുന്നു. അവർ ക്ഷേത്രങ്ങളിൽ അതിക്രമിച്ചു കടക്കുകയും സ്ത്രീകളെ വീട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരികയും വിഗ്രഹങ്ങൾ തകർക്കുകയും പൂജിത ഗ്രന്ഥങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇത്തരം പ്രവൃത്തികൾക്കെതിരെ പ്രതികാരം ചെയ്യാൻ ഞങ്ങൾ നിശ്ചയിച്ചു. പക്ഷെ സാധാരണ മനുഷ്യരെ കൊല്ലുന്നതുകൊണ്ട് കാര്യമില്ലാത്തതിനാൽ തലവനെ തന്നെ കൊല്ലേണ്ടത് അത്യാവശ്യമായിരുന്നു.
അതുകൊണ്ട് തലവനായ റാൻഡിനെ കൊല്ലാൻ ഞങ്ങൾ നിശ്ചയിച്ചു'.
ഇത് വായിക്കുമ്പോൾ ഇന്ന് വ്യക്തമാകുന്നത്, ചിത്പാവൻ ഉപസമൂഹത്തിനെതിരെ റാൻഡും കൂട്ടരും നടത്തി എന്ന് പറയുന്ന അതിക്രമങ്ങൾ യഥാർത്ഥത്തിൽ പ്ലേഗ് പരത്തുന്ന ബാക്ടീരിയക്ക് എതിരേ നടത്തിയതാണ്. രോഗിയുടെ വസ്ത്രങ്ങളും മറ്റ് നിത്യോപയോഗ വസ്തുക്കളും എരിയിച്ചുകളയുക രോഗവ്യാപനം തടയാനുള്ള അവശ്യ പ്രവൃത്തികൾ ആയിരുന്നു. ഒരു ആധുനിക ഭരണകൂടത്തിന് അതിന്റെ പ്രജകളോടുള്ള കർത്തവ്യനിർവഹണത്തിന്റെ മാതൃകയെ ദാമോദർ ചപ്പേക്കർ വായിക്കുന്നത് മ്ലേച്ഛൻ മതശരീരത്തിൽ നടത്തുന്ന കടന്നാക്രമണം ആയാണ്. ചപ്പേക്കർ സഹോദരരെ ഒറ്റിക്കൊടുത്ത ദ്രാവിഡ് സഹോദരരെ, ദാമോദറിന്റെയും ബാലകൃഷ്ണയുടേയും ഇളയ സഹോദരൻ ആയിരുന്ന വാസുദേവ് ചപ്പേക്കറുടെ നേതൃത്വത്തിൽ, പൂണെയിലെ സദാശിവ് പേട്ടിൽവെച്ച് കൊലപ്പെടുത്തുകയുണ്ടായി. തുടർന്ന് വാസുദേവ് പൊലീസ് പിടിയിലായി.
ചപ്പേക്കർ സോദരർ മൂന്നു പേരെയും ബ്രിട്ടീഷ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. തിലക് കേസരി പത്രത്തിൽ , ചപ്പേക്കർ സോദരരുടെ പ്രവൃത്തിയെ എതിർത്തെങ്കിലും അവരിൽ അന്തർലീനമായ ദേശാഭിമാനത്തെ പ്രകീർത്തിച്ചു. പ്ലേഗിനെ കൈകാര്യം ചെയ്യുന്നതിൽ സാമ്രാജ്യത്ത ഗവൺമെന്റ് കൈക്കൊണ്ട തീവ്ര നടപടികൾ 'അസംതൃപ്തിയുടെ വികാരം' പടർത്തിയതായി തിലക് അഭിപ്രായപ്പെട്ടു. എന്തായാലും അതേ തുടർന്ന് തിലക് പതിനെട്ട് മാസം തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു.
സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല അധ്യായമായി പലപ്പോഴും പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ മറാത്താ ഉയിർത്തെഴുന്നേൽപിനേയും തിലകിന്റെ പ്രവേശത്തേയും വിശേഷിപ്പിക്കാറുണ്ട്. ബ്രിട്ടീഷുകാർക്കെതിരെയുള്ള ഏത് പോരാട്ടവും സ്വാതന്ത്ര്യസമരത്തിന്റെ കണക്കിൽ പെടുത്താവുന്നതാണ് എന്ന വിശാലാർത്ഥത്തിൽ കാര്യങ്ങളെ വീക്ഷിക്കുകയാണെങ്കിൽ അത് ശരിതന്നെയാണ്. അതേസമയം മതാധിഷ്ഠതയിൽ, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ, ജാത്യാധിഷ്ഠതയിൽ കെട്ടിപ്പൊക്കിയ യാഥാസ്ഥിതിക ദേശസങ്കൽപവും മതേതരത്വത്തിൽ അധിഷ്ഠിതമായ ആധുനിക അധിനിവേശ ദേശസങ്കൽപവും തമ്മിലുള്ള ഇടച്ചിൽ ആണ് ഒരു സാംക്രമിക രോഗത്തിന്റെയും അതിന്റെ വ്യാപന പ്രതിരോധത്തിന്റെ ആദ്യ മാതൃകയുടേയും പശ്ചാത്തലത്തിൽ അവിടെ നടന്നത്. അതിനാൽ സ്വാതന്ത്ര്യസമരത്തിന്റെ ശൈലീഖജനാവിലെ പ്രധാന വാചകങ്ങളിൽ ഒന്നായ സ്വരാജ്യം എന്റെ ജന്മാവകാശമാണ് എന്ന തിലകന്റെ വചനം, ഈ സന്ദർഭത്തിൽ നാം അപനിർമിക്കേണ്ടതുണ്ട്. സ്വരാജ്യം എന്നാൽ ഇന്ന് നാം മനസ്സിലാക്കുന്ന ഇന്ത്യ എന്ന പരമാധികാര രാഷ്ട്രം അല്ല, മറിച്ച് അത് ചിത്പാവൻ ബ്രാഹ്മണരുടെ കീഴിലുണ്ടായിരുന്ന പേഷ്വാ സാമ്രാജ്യത്തിന്റെ ഏതോ ഒരു നീട്ട് (Extension)ആയിരുന്നു. എങ്കിലും തിലക്, ചിത്പാവൻ ബ്രാഹ്മണിസത്തെ ഒരു തരത്തിൽ ആധുനിക ലോകവുമായി രഞ്ജിപ്പിക്കാൻ ശ്രമിച്ചിരുന്നു.
ഇങ്ങനെ, പകർച്ചവ്യാധിയുടെ വെളിച്ചത്തിൽ ഇന്ത്യൻ മനസ്സുകളിൽ നടന്ന ആധുനികതയുടേയും യാഥാസ്ഥിതികതകടേയും ജാത്യോന്മുഖതയുടേയും നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും അക്രമോത്സുകതയുടേയും നിരവധി നിഴലുകൾക്കിടയിലൂടെ, സംഘർഷങ്ങൾക്കിടയിലൂടെ പൊങ്ങി വന്നതാണ് ഇന്ന് നമ്മുടെ ചിന്താജീവിതത്തിലെ മാത്രമല്ല പ്രായോഗിക ജീവിതത്തിലേയും ഏറ്റവും വലിയ കീറാമുട്ടിയായ ഹിന്ദുത്വ ഫാസിസം. ചപ്പേക്കറിൽ രൂഢമൂലമായ, തിലകിൽ കുറേക്കൂടി പരിഷ്‌കൃതവും ലോകോന്മുഖവും ആയ ചിത്പാവൻ ബ്രാഹ്മണിസത്തിന്റെ ഈ ഘട്ടത്തിൽ, പ്ലേഗ്, മറാത്തയെ പിടിച്ചുകുലുക്കുന്ന സന്ദർഭത്തിൽ, തന്റെ കൗമാരം കഴിച്ചുകൂട്ടിയ ഒരു 'മിടുക്കൻ' വിദ്യാർത്ഥി ഉണ്ടായിരുന്നു. ചപ്പേക്കർ സോദരരുടെ ക്രിയയെ അപലപിച്ച വർത്തമാന പത്രങ്ങളുടെ ഭാഷ്യം സ്വീകരിക്കാൻ തയ്യാറാകാതെ , തന്റെ കുലദേവതയായ അഷ്ടഭുജ ഭവാനിക്കുമുന്നിൽ 'മാതൃഭൂമിയെ വിമുക്തമാക്കാൻ ആയുധമേന്താൻ തയ്യാറായി തന്നെത്തന്നെ സമർപ്പിച്ച്' പ്രതിജ്ഞയെടുത്തു ആ ബാലൻ. മറാത്താ പ്രവിശ്യയിലെ ഭാഗൂരിൽ ആയിരുന്നു കലാ സാഹിത്യ രംഗങ്ങളിൽ സവിശേഷതാൽപര്യം പ്രകടിപ്പിച്ചിരുന്ന ആ ബാലൻ വളർന്നത്. 'എന്റെ അവസാനശ്വാസം വരെ ശത്രുവിനെ അരിഞ്ഞരിഞ്ഞ് കൊണ്ടേയിരിക്കും' എന്ന പ്രതിജ്ഞയാണ് താൻ അന്ന് എടുത്തതെന്ന് പിൽക്കാലത്ത് മറാത്തിയിൽ എഴുതിയ തന്റെ ആത്മകഥയിൽ അയാൾ കുറിച്ചു. മാത്രമല്ല ചപ്പേക്കർ സഹോദരരുടെ ആത്മത്യാഗത്തെക്കുറിച്ച് 'വീർശ്രീ യുക്ത' എന്ന നാടകവും 'ചപ്പേക്കരഞ്ച ഫാഡ്ക' എന്ന കവിതയും രചിക്കുകയുണ്ടായി.
മറ്റാരുമായിരുന്നില്ല, ഹിന്ദുത്വ എന്ന രാഷ്ട്രീയ പരികൽപനയ്ക്ക് തുടക്കം കുറിച്ച വിനായക് ദാമോദർ സവർക്കർ എന്ന ചിത്പാവൻ ബ്രാഹ്മണൻ ആയിരുന്നു അത്. തിലകന്റെ കേസരി പ്രത്യക്ഷത്തിൽ ചപ്പേക്കർ സഹോദരന്മാരുടെ പ്രവൃത്തിയെ ന്യായീകരിക്കാൻ മെനക്കെട്ടില്ല എന്ന് നമ്മൾ കണ്ടുവല്ലോ. എന്നാൽ മറ്റൊരു ചിത്പാവൻ ബ്രാഹ്മണൻ ആയിരുന്ന ശിവ് റാം മഹാദേവ് പരഞ്ജ്പേ പത്രാധിപരായിരുന്ന 'കാൽ' എന്ന പത്രം ചപ്പേക്കർമാരെ പിന്തുണച്ച് രംഗത്ത് വന്നു. 'കാൽ' പത്രവും പരഞ്ജ്പേയുമാണ് വി.ഡി.സവർക്കറെ, സ്വയം രൂപീകരണത്തിന് ഏറ്റവും കൂടുതൽ സഹായിച്ചത്.
1899ൽ വി.ഡി.സവർക്കറും, ജ്യേഷ്ഠൻ ബാബാറാവു സവർക്കറും (പിൽക്കാലത്ത് ആൻഡമാൻ ജയിലിൽ വി.ഡി.സവർക്കർക്കൊപ്പം ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടു) നാസിക്കിൽ പഠിച്ചിരുന്ന കാലത്ത് ബ്യൂബോണിക് പ്ലേഗ് അവിടെയും എത്തി. പ്ലേഗിനെ ഭയന്ന് അവർ കുടുംബവീടായ ഭാഗൂരിലേയ്ക്ക് മടങ്ങിയെത്തി. പക്ഷെ , ഭാഗൂരും പ്ലേഗിന്റെ പിടിയിലായി. പൂണെയിൽ എന്ന പോലെ ഭാഗൂരിലും ഭൂരിഭാഗം ചിത്പാവൻ ബ്രാഹ്മണരും ഗവൺമെന്റിന്റെ ലോകഡൗൺ നടപടികളുമായി സഹകരിച്ചിരുന്നില്ല. പ്ലേഗ് രോഗബാധ അധികൃതരിൽ നിന്ന് മറച്ചുവെച്ച് അശാസ്ത്രീയ രീതിയിൽ ചികിത്സ ചെയ്യാനാണ് ജാത്യാഭിമാനം അവരെ പ്രേരിപ്പിച്ചത്. സവർക്കർ കുടുംബത്തിന്റെ അയൽവീടുകളിൽ പ്ലേഗ് ബാധയുണ്ടായപ്പോൾ ഗവൺമെന്റിനെ മാറ്റി നിർത്തിയുള്ള സമാന്തര ശുശ്രൂഷാ പദ്ധതികൾക്ക് മുന്നിട്ടിറങ്ങിയവരിൽ പ്രധാനി വി.ഡി.സവർക്കറുടേയും ബാബാറാവുവിന്റെയും പിതാവായിരുന്ന ദാമോദർ പന്ത് ആയിരുന്നു. ഇതിന്റെ തുടർച്ച എന്ന നിലയിൽ ദാമോദർ പന്തും പ്ലേഗ് ബാധിതനായി. അക്കാലത്തെ കുറിച്ച് വി.ഡി.സവർക്കറും അദ്ദേഹത്തിന്റെ ജീവചരിത്ര രചയിതാക്കളും എഴുതിയിട്ടുണ്ട്. വിവരം പുറത്തറിഞ്ഞാൽ പൊലീസുകാർ വീടൊഴിപ്പിക്കുകയും വീട്ടുകാരെ മുഴുവൻ സമാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും എന്നതിനാൽ ഈ വിവരം അധികൃതരിൽ നിന്ന് മറച്ചുവെക്കുകയാണ് അവർ ചെയ്തത്. വി.ഡി.സവർക്കർ പൊലീസിന്റെ കണ്ണുവെട്ടിച്ച് മരുന്നുകൾ വാങ്ങിക്കൊണ്ട് വരികയും ചെയ്തു. ആ ദിവസങ്ങളെ ഓർത്ത് ആത്മകഥയിൽ സവർക്കർ ഇങ്ങനെ കുറിച്ചു: ' ഓരോ തവണയും പ്രതിസന്ധികളെ നേരിടുമ്പോൾ ഹൃദയം തണുത്ത് കല്ലിക്കുന്നത് ചെറുപ്പം മുതൽ എന്റെ സ്വഭാവ സവിശേഷതയായിരുന്നു. യാതൊരു വികാരത്തിനും ഇടപെടാൻ കഴിയാത്ത വിധം ഞാൻ സക്രിയനാകും'.
പിൽക്കാലത്ത് സവർക്കറാൽ പ്രചോദിക്കപ്പെട്ട്, ഇന്ത്യയിലെ ഏറ്റവും ഭീകരമായ കൊലപാതകം നടത്തിയ- ഗാന്ധി വധം- നാഥുറാം വിനായക് ഗോഡ്സേ എന്ന മറ്റൊരു ചിത്പാവൻ ബ്രാഹ്മണൻ തന്റെ വക്കീൽ ആയിരുന്ന ഇമാംദാറിനോട് ആ കേസിലെ മറ്റൊരു പ്രതിയായിരുന്ന വി.ഡി.സവർക്കറെക്കുറിച്ച് പരാതി പറഞ്ഞെന്ന് ഇമാംദാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വിചാരണ വേളയിൽ ഒരു തവണയെങ്കിലും താത്യാറാവു (സവർക്കർ ) തന്റെ നേരെ നോക്കിയിരുന്നെങ്കിൽ, ഒന്ന് പുഞ്ചിരിച്ചെങ്കിൽ എത്ര ആശ്വാസമായേനെ എന്നാണ് ഗോഡ്സേ പറഞ്ഞത്. തെളിവില്ലാത്തതിനാൽ വെറുതെ വിടും വരെ വിചാരണ വേളകളിൽ കല്ലിച്ച മുഖവുമായാണ് സവർക്കർ ഇരുന്നിരുന്നത്.
ദാമോദർ പന്തിന്റെ രോഗവിവരം അധികൃതർ അറിയാതിരിക്കാൻ സവർക്കർ സ്വീകരിച്ച ഒരു മാർഗം അനുജൻ ബാലിനെ വീട്ടുവാതിലിൽ കാവൽനിർത്തുക എന്നതായിരുന്നു. ഒരു ദിവസം തനിക്ക് സവർക്കർ നിശ്ചയിച്ചു തന്നിരുന്ന സ്ഥാനത്തുനിന്ന് ബാൽ മാറി നിൽക്കുകയുണ്ടായി. ഇത് നേരിൽക്കണ്ട സവർക്കർ ബാലിനെ ശാസിച്ചപ്പോൾ കണ്ണീരോടെ ബാൽ തന്റെ തുടകളും വേദനിക്കുന്നു എന്ന് പറഞ്ഞതായി സവർക്കർ ആത്മകഥയിൽ ഓർക്കുന്നു. പ്ലേഗ് ബാലിനെയും പിടികൂടിയിരുന്നു. ഈ സ്ഥിതിവിശേഷത്തിലും ഗവൺമെന്റ് ഏർപ്പെടുത്തിയ പൊതുആരോഗ്യ സംവിധാനത്തോട് സഹകരിക്കാൻ സവർക്കർ കുടുംബം തയ്യാറായില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ് ചപ്പേക്കർ സഹോദരന്മാരുടെ ചരിത്രത്തിന് തുടർച്ചയായി വി.ഡി. സവർക്കറുടെ ഈ അനുഭവകഥനം വായിക്കുകയാണെങ്കിൽ രോഗത്തിന് ചികിത്സിക്കുക എന്ന ലളിതമായ പാഠം പ്രയോഗത്തിൽ വരുത്തുന്നതിലും എത്രയോ അദ്ധ്വാനമാണ് പൊതുശ്രദ്ധയിൽ നിന്ന് രോഗം മൂടിവെയ്ക്കുന്നതിന് എടുക്കുന്നത് എന്ന് മനസ്സിലാകും.
രോഗത്തേക്കാളും മരണത്തേക്കാളും വിലപ്പെട്ട ജാത്യാഭിമാനം എങ്ങനെ സ്വദേശാഭിമാനത്തിന്റെ വർണ്ണക്കടലാസിൽ പൊതിയപ്പെട്ടു എന്ന ഇന്ത്യയിൽ സംഭവിച്ച ചരിത്രത്തിന്റെ ബീജങ്ങൾ ഈ കഥനത്തിൽ തെളിഞ്ഞു കാണാം.ദാമോദർ പന്തിന്റെ ശുശ്രൂഷ വി.ഡി.സവർക്കറും ബാലിന്റെ ചുമതല ബാബാറാവുവിന്റെ ഭാര്യ യെശു വാഹിനിയും ഏറ്റെടുത്തു. ത്രയംബകേശ്വര ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന തങ്ങളുടെ സഹോദരി മൈനയേയും കുടുംബത്തേയും കുടുംബവീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാൻ പോയിരിക്കുകയായിരുന്നു ബാബാ റാവു. അവിടേയും പ്ലേഗ് പൊട്ടിപ്പുറപ്പെട്ടിരുന്നു. 1899 സെപ്റ്റംബർ അഞ്ചിന് ദാമോദർ പന്തിന്റെ രോഗം മൂർച്ഛിക്കുകയും, രോഗവിവരം പുറത്തറിയാതിരിക്കാൻ കുടുംബം അദ്ദേഹത്തെ വീടിന്റെ മുകൾനിലയിൽ പൂട്ടിയിടുകയും ചെയ്തു. അന്ന് രാത്രി ദാമോദർ പന്ത് മരിച്ചു.
വി.ഡി. സവർക്കർക്ക് അന്ന് പ്രായം 16. ദാമോദർ പന്തിന്റെ മരണത്തോടെ സവർക്കർ കുടുംബം ഒളിപ്പിക്കാൻ ശ്രമിച്ചതെന്തോ അത് വെളിപ്പെട്ടു. എങ്കിൽ പോലും സമാശ്വാസ കേന്ദ്രങ്ങളുടെ ജാതിമിശ്രിത അന്തരീക്ഷത്തിൽ ജീവിക്കാൻ താൽപര്യമില്ലാതിരുന്ന സവർക്കർ കുടുംബം ഒരു കുടുംബ സുഹൃത്തിന്റെ സഹായത്തോടെ നഗരപ്രാന്തത്തിലേയ്ക്ക് ഒളിച്ചുകടന്നു. അവിടെ ഒരു കുടിലു കെട്ടി താമസിക്കാൻ തുടങ്ങി. ദാമോദർ പന്തിന്റെ അനുജൻ ആയിരുന്ന ബാപ്പുകാക്കയാണ് അവരുടെ സംരക്ഷണത്തിനെത്തിയത് എന്ന് സവർക്കർ ആത്മകഥയിൽ ഓർക്കുന്നു. അവിടെ വെച്ച് ബാപ്പു കാക്കയേയും പ്ലേഗ് പിടികൂടി.
ദാമോദർ പന്തിന്റെ കുടുംബസുഹൃത്തായിരുന്ന രമാബാവു ദത്തർ സവർക്കർ കുടുംബത്തിന്റെ കഷ്ട സ്ഥിതി അറിയുകയും പൊതുവഴികളിലെ ഗതാഗതം പോലും ലോക്ഡൗൺ മൂലം നിയന്ത്രിതമാക്കപ്പെട്ട അവസ്ഥയിൽ, പൊലീസിന്റെ കണ്ണുവെട്ടിച്ച് ഹെർക്കുലിയൻ യത്നത്തിലൂടെ അവരെ നാസിക്കിൽ എത്തിക്കുകയുണ്ടായി. നാസിക്കിൽ വെച്ച് ബാപ്പു കാക്ക അന്തരിച്ചു - സവർക്കർ കുടുംബം ജാത്യാഭിമാനം അല്പമെങ്കിലും വെടിയുന്നത് ഈ സന്ദർഭത്തിലാണ്- ബാലിനെ നാസിക്കിലെ പ്ലേഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ചും യൂറോപ്പുകാരിയായ നേഴ്സിനെ കൊണ്ട് ബാലിനെ ശുശ്രൂഷിക്കാൻ സവർക്കർ കുടുംബം സമ്മതിച്ചില്ല. ഡോക്ടർമാർക്കുമേൽ സമ്മർദ്ദം ചെലുത്തി ബാബാ റാവു ആണ് ബാലിന്റെ ശുശ്രൂഷ ഏറ്റെടുത്തത്. അതിന്റെ ഫലമായി ബാബാറാവുവിനും രോഗം പിടിപെട്ടു.
ആത്മകഥയിൽ ഈ സംഭവങ്ങളെ ദുഃസ്വപ്നങ്ങളുടെ രാത്രി എന്ന വണ്ണമാണ് വി.ഡി.സവർക്കർ വിവരിച്ചിട്ടുള്ളത്. ബ്രിട്ടനെതിരെ ജാത്യാഭിമാനത്താൽ പ്രചോദിതമായി നടത്തേണ്ട സായുധസമരത്തിന്റെ പ്രാഥമിക അനുഭവ സാഹചര്യം എന്ന നിലയിലും. ബാബാറാവുവും ബാലും രോഗശാന്തി നേടുന്നതോടെ ആത്മകഥയിലെ രോഗകാണ്ഡം അവസാനിക്കുന്നു. അതേസമയം രാഷ്ട്രീയകാണ്ഡം തുടങ്ങുകയും ചെയ്യുന്നു. ആദ്യഘട്ടത്തിൽ ബ്രിട്ടീഷുകാരെ, പിന്നീട് മുസ്ലിംകളെ, പിന്നീട് ഗാന്ധിയെ മ്ലേച്ഛവൽക്കരിച്ചുകൊണ്ട് നിലനിൽക്കുകയും വളരുകയും ചെയ്യുന്ന രാഷ്ട്രീയകാണ്ഡം ആണത്. മുൻഗണനാ ശ്രേണിയിൽ നിന്ന് ഇടറി വീണ ചിത്പാവൻ ബ്രാഹ്മണകുലം, വിപരീത പരിതസ്ഥിതിയിൽ എങ്ങനെ ആ മുൻഗണനാ ശേഷിയുടെ ഓർമ തിരിച്ചിട്ട് സംഘർഷത്തിന്റെ പാത സ്വീകരിച്ചെന്നും അത് പിന്നീട് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയമായി വികസിച്ചുവെന്നും ഈ ചരിത്രകഥനം നമുക്ക് കാണിച്ചു തരുന്നു.
അതേ സമയം മുൻഗണനകളിൽ നിന്ന് എക്കാലവും പുറം തള്ളപ്പെട്ട ഡോ. പൽപുവിനെ പോലെ ഒരാൾ എങ്ങനെയാണ് 'സ്വരാജ്യ' ത്തിനുവേണ്ടി തുല്യതയുടേതായ ഒരു രാഷ്ടീയം മുന്നോട്ടുവെച്ച് പോരാടിയതെന്നും പ്ലേഗിന്റെ മൂന്നാം തരംഗ കാലം ഓർമിപ്പിക്കുണ്ട്. കോവിഡിന്റെ കാലത്ത് രോഗവ്യാപനത്തിന് മതത്തിന്റെ നിറം കൊടുക്കാൻ ഹിന്ദുഫാസിസ്റ്റുകൾ ശ്രമിക്കുന്ന സമകാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ സൂക്ഷ്മമായി അപഗ്രഥിക്കേണ്ടത് അനിവാര്യമാണ്.
എന്റെ ഇഷ്ടകവികളിൽ ഒരാളായ മിറോസ്ലാവ് ഹോളുബിന്റെ ഒരു കവിത പരാമർശിച്ച് അവസാനിപ്പിക്കട്ടെ. 1998ൽ ജീവിതത്തിൽ നിന്ന് വിരമിച്ച ഹോളുബിന്റെ നാട് ചെക്കോസ്ലൊവാക്യ. സയൻസും കവിതയും ഹോളുബിന്റെ രണ്ട് ചിറകുകൾ. പ്രാഗിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കൽ ആൻഡ് എക്സ് പെരിമെന്റൽ മെഡിസിനിൽ ചീഫ് റിസർച്ച് ഇമ്യൂണോളജിസ്റ്റ് ആയിരുന്നു. ഭൂതക്കണ്ണാടിയിൽ അങ്ങേയറ്റം വലുതായി കാണുമ്പോൾ വൈറസുകൾ ദ്വീപസമൂഹങ്ങളെപ്പോലെയും നക്ഷത്രക്കൂട്ടങ്ങളെപ്പോലെയും കാണപ്പെടുന്നു എന്ന യാഥാർത്ഥ്യത്തിൽ നിന്നാണ് ഒരുപക്ഷെ ഹോളുബ് കവിത കണ്ടെടുത്തത്
ലൂയി പാസ്ചർ പേപ്പട്ടി വിഷത്തിനുള്ള മരുന്ന് ആദ്യമായി പരിശോധിച്ചത് ജോസഫ് മെയ്റ്റ്‌സർ എന്ന ബാലനിൽ ആണ്. എന്നാൽ, ഫാസിസം എന്ന പേപ്പട്ടി കടിച്ചാണ് ജോസഫ് മെയ്സ്റ്റർ മരിച്ചത്. പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലെ കാവൽക്കാരനായി ജോലി ചെയ്യുമ്പോൾ ഹിറ്റ്‌ലർപ്പട ഫ്രാൻസിനെ കീഴടക്കിയപ്പോൾ അയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. മരിക്കും എന്ന് ഉറപ്പായ ഒരു ഇടത്തുനിന്ന് ചരിത്രം രക്ഷിച്ച ഒരാളെ , ജീവിച്ചിരിക്കും എന്ന് ഉറപ്പായ ഒരു ഇടത്തുവെച്ച് ചരിത്രം കൊലപ്പെടുത്തുന്നു. ഉജ്ജ്വലമായ ഒരു ഹോളുബ് മുഹൂർത്തം.
വൈറസും ഫാസിസവും ഒരുമിച്ച കവിതകളിൽ ഒന്ന് അതേ മുഹൂർത്തിൽ ഇരുന്ന് വായിക്കാം.
ദൂരെ നിന്നുള്ള ഓരി
................................
മിറോസ്ലാവ് ഹോലുബ്
പരിഭാഷ: പി.എൻ .ഗോപീകൃഷ്ണൻ
ആൽസേസിൽ
1885 ജൂലൈ 6ന്
ജോസഫ് മെയ്സ്റ്റർ എന്ന ബാലനെ
ഒരു പേപ്പട്ടി ഇടിച്ച് നിലത്തിട്ടു
പതിനാല് തവണ കടിച്ചു.
മെയ്സ്റ്റർ ആയിരുന്നു
പാസ്ചറുടെ വാക്സിനാൽ രക്ഷപ്പെട്ട
ആദ്യ രോഗി
പതിമൂന്ന് തുടർച്ചയായ കുത്തിവെയ്പുകൾ
വൈറസിനെ ദുർബലപ്പെടുത്തി
പത്തുവർഷം കഴിഞ്ഞ്
അപസ്മാരം പിടിപെട്ട്
പാസ്ചർ മരിച്ചു.
അമ്പത് വർഷം കഴിഞ്ഞ്
കാവൽക്കാരൻ മെയ്സ്റ്ററും
ഹിറ്റ്‌ലർ
പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്
പാവം നായ്ക്കളെയടക്കം
കീഴടക്കിയപ്പോൾ.
വൈറസ് മാത്രം
അതിജീവിച്ചു
കടപ്പാട്:
ഡോ. പൽപുവിനെക്കുറിച്ചുള്ള വിവരങ്ങളും ഉദ്ധരണികളും സജീവ് കൃഷ്ണൻ എഴുതി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ദൈവത്തിന്റെ പടത്തലവൻ' (അഞ്ചാം എഡീഷൻ, ഒക്ടോബർ 2015) എന്ന കൃതിയിൽ നിന്ന്. സവർക്കറെ സംബന്ധിച്ച വിവരങ്ങൾ വിക്രം സമ്പത്ത് രചിച്ച 'സവർക്കർ - എക്കോസ് ഫ്രം എ ഫോർഗോട്ടൻ പാസ്റ്റ് (പെൻഗ്വിൻ ബുക്സ്, 2019)വൈഭവ് പുരന്ദരേ രചിച്ച 'സവർക്കർ - ദി ട്രൂ സ്റ്റോറി ഓഫ് ദി ഫാദർ ഓഫ് ഹിന്ദുത്വ' ( ജഗ്ഗർനോട്ട് ബുക്ക്സ്, 2019) എന്നീ കൃതികളിൽ നിന്ന്.