ഒന്നേകാൽ നൂറ്റാണ്ട് മുൻപ് ബ്യൂബോണിക് പ്ലേഗ് പടർന്നുപിടിച്ച് മനുഷ്യർ എലികളേപ്പോലെ ചത്തു കൊണ്ടിരുന്നപ്പോൾ ബ്രിട്ടീഷുകാരായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. ആ ചരിത്രം സൂക്ഷ്മമായി വായിക്കുകയാണ് എഴുത്തുകാരനായ പി.എൻ. ഗോപീകൃഷ്ണൻ. അന്ന് ഡോ: പൽപ്പു ബാംഗ്ലൂരിലുണ്ട്. പൂണെയിൽ വാൾട്ടർ ചാൾസ് റാൻഡും ബാലഗംഗാധർ തിലകനും ചപ്പേക്കർ സഹോദരൻമാരുമുണ്ട്. രോഗത്തെയും മരണത്തെയും പോലും തോൽപിച്ചു കളയാൻ ശേഷിയുള്ള ജാത്യാഭിമാന വൈറസിന്റെ വ്യാപനം അന്ന് നടക്കുന്നുണ്ട്. 2020ൽ കോവിഡ്- 19 പടർന്നു പിടിക്കുമ്പോഴും ജാതി, ഇന്ത്യയിൽ എങ്ങനെ വിഹരിക്കുന്നു എന്നും നൂറ്റാണ്ടു മുൻപത്തെ ജാതിബോധം ഹിന്ദുത്വ ബോധമായി കൂടുതൽ നശീകരണ ശേഷിയോടെ ശക്തി പ്രാപിച്ചുവെന്നും പറയുകയാണ് പി.എൻ.ഗോപീകൃഷ്ണൻ.