ഗാന്ധിജിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ.

ഉൽക്കണ്​ഠ നിറഞ്ഞ മനസ്സോടെ ​ജസ്​റ്റിസ്​ കെ.ടി. തോമസിന്​ ഒരു കത്ത്

ഗാന്ധി വധവും ആർ.എസ്​.എസും

ഗാന്ധിവധത്തിന്റെ നിഴലിൽ നെഹ്​റുവിനെ നിർത്തി പൈശാചികവല്ക്കരിക്കാനും, ഹിന്ദുത്വസംഘടനകളെ പ്രതിസ്​ഥാനത്തുനിന്ന്​ രക്ഷിച്ചെടുക്കാനും എഴുതിയുണ്ടാക്കിയ ഒരു പുസ്​തകത്തിന്​ ജസ്​റ്റിസ്​ കെ.ടി. തോമസ്​ എഴുതിയ അവതാരികയിലെ ഉത്കണ്ഠാജനകമായ അഭിപ്രായങ്ങൾ ചരിത്രവസ്​തുതകളിലൂടെ തിരുത്തുന്നു.

പ്രിയപ്പെട്ട ജസ്റ്റിസ് കെ.ടി. തോമസിന്,

പരമോന്നത നീതിപീഠത്തിന്റെ ഉന്നതമായൊരു കസേരയിൽ അമർന്നിരുന്ന് ഇന്ത്യൻ ജനതയുടെ ബഹുമാനവും ആദരവും പിടിച്ചുപറ്റിയ വ്യക്തിത്വമാണ് അങ്ങയുടേത്. സാധാരണഗതിയിൽ അങ്ങയെപ്പോലുള്ള ഒരാൾക്ക് കത്തെഴുന്നതുപോട്ടെ, ഔപചാരികമായി എന്തെങ്കിലും മൊഴിയുന്നതുപോലും എന്റെ ജീവിതത്തിന്റെ അജണ്ടയിൽ വരുന്ന കാര്യമല്ല. തികച്ചും ആകസ്മികമായി ഒരു പുസ്തകം, കൃത്യമായിപ്പറഞ്ഞാൽ ആ പുസ്തകത്തിന് അങ്ങ് എഴുതിയ അവതാരിക , വായിക്കാനിടയായതാണ് ഈ കൃത്യത്തിന് എന്നെ പ്രേരിപ്പിച്ചത് എന്ന് ആദ്യമേ ധരിപ്പിക്കട്ടെ.

ഇന്ത്യൻ ഭരണഘടനയിൽ അഗാധമായി അഭിമാനം കൊള്ളുന്ന അനേകരിൽ ഒരാളാണ് ഞാൻ. അത് അനുസരിക്കാൻ ബാധ്യസ്ഥനായ ഒരു പൗരൻ എന്ന നിലക്കുമാത്രമല്ല, മതേതരത്വത്തിലും ജനാധിപത്യത്തിലും തുല്യതയിലും കെട്ടിപ്പൊക്കിയ പരമാധികാരത്തെയാണ് അത് പ്രസരിപ്പിക്കുന്നത് എന്നതുകൊണ്ട് കൂടിയാണ്. അടുത്തിടെ ഒരു വിധിന്യായത്തിൽ ജസ്റ്റിസ് വൈ .വി. ചന്ദ്രചൂഡ് ചൂണ്ടിക്കാണിച്ച ഒരു കാര്യം കൂടി ഞാൻ അഭിമാനത്തോടെ സ്മരിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ പ്രധാനപ്പെട്ട പരികൽപനകളെല്ലാം തന്നെ ആധുനികമായ പരികല്പനകളാണ്. അത്തരമൊരു ഭരണഘടനയുടെ പ്രായോഗികതലം വിവിധ രീതിയിൽ വികസിപ്പിച്ചെടുത്ത ഒരാൾ എന്ന നിലയിൽ അങ്ങയോട് ചിലത് പറയാൻ മേൽപ്പറഞ്ഞ പുസ്തകവും അവതാരികയും വായിക്കാൻ ഇടയായതോടെ എനിയ്ക്ക് ആത്മാവിന്റെ ഒരു വെമ്പൽ ഉണ്ടായി. അതായത് ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് നടത്തുന്ന വിടുവായത്തരമായി ഇതിനെ എടുക്കരുത്. മറിച്ച് ഒരു പൗരൻ എന്ന നിലയിൽ ആ അവതാരിക അനുഭവിപ്പിച്ച ഉൽക്കണ്ഠയുടേയും നിരാശയുടേയും മാനസിക നില പങ്കുവെയ്ക്കുക എന്ന നിലയിൽ മാത്രം എടുക്കുക.

ഞാൻ വായിച്ച പുസ്തകത്തിന്റെ പേര് ‘അസ്സാസ്സിനേഷൻ ഓഫ് മഹാത്മാഗാന്ധി - നെഗ്‌ളക്റ്റഡ് ക്രോണോളജീസ് ' എന്നാണ്. ഷാബു പ്രസാദ് മലയാളത്തിൽ എഴുതിയ പുസ്തകം ടി. സത്യനാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. ജനുവരി 2017ൽ പുറത്തു വന്ന ഇതിന്റെ പ്രസാധകർ കുരുക്ഷേത്ര പ്രകാശനാണ്. 120 രൂപയാണ് വിലയായി കാണിച്ചിട്ടുള്ളത്. 2017 ജനുവരി 21 ന് താങ്കൾ എഴുതിയ കുറിപ്പാണ് ഇതിന്റെ അവതാരിക. മലയാളത്തിലുള്ള മൂല പുസ്തകം വായിക്കാൻ കഴിയാഞ്ഞതുകൊണ്ട് ഇനി പറയുന്ന കാര്യങ്ങൾ ഇംഗ്ലീഷ് പതിപ്പിനെ മാത്രം മുൻനിർത്തിയാണ് എന്ന് ആദ്യമേ ബോധിപ്പിക്കട്ടെ. മലയാള മൂലത്തിന് താങ്കൾ തന്നെയാണോ അവതാരിക എഴുതിയിരിക്കുന്നത് എന്ന കാര്യത്തിലും തിട്ടമില്ല.

എന്തായാലും താങ്കളുടെ അവതാരികക്കുമുമ്പായി ഗ്രന്ഥകർത്താവ് എഴുതിച്ചേർത്തിട്ടുള്ള മുഖവുര ഈ പുസ്തകത്തിന്റെ രചന കൊണ്ട് എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാക്കുന്നുണ്ട്: ‘ഈ പുസ്തകം ഒരു അന്വേഷണമാണ്, നിഗമനമല്ല ' ഗ്രന്ഥകർത്താവ് തുടരുന്നു: ‘ഇത് ചില ചോദ്യങ്ങൾ ഉയർത്തുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കൊലപാതകത്തെ സംബന്ധിച്ച് ഇതുവരെ ഉയർത്താത്ത ചില ചോദ്യങ്ങൾ. മൂർച്ചയുള്ള ചോദ്യങ്ങൾ ചിലരെ വിഷമിപ്പിച്ചേക്കാം. അലമാരയിലെ അസ്ഥികൂടങ്ങൾ പുറത്തുചാടുമ്പോൾ അവ എന്നന്നേയ്ക്കും സുരക്ഷിതമായി ഒളിച്ചുവെച്ചു എന്ന് ധരിച്ചിരുന്ന ചിലർ ഭ്രാന്ത് പിടിച്ച് അട്ടഹസിച്ചേക്കാം . കീറിയ മുഖംമൂടിയ്ക്ക് പിന്നിൽ ചില മുഖങ്ങളെ കണ്ട് നാം ഞെട്ടിയേക്കാം ' ( സ്വതന്ത്ര തർജ്ജമ ലേഖകന്റേത് )

നീതിന്യായവ്യവസ്ഥയുടെ അമരക്കാരിൽ ഒരാളായിരുന്ന അങ്ങ് ഇത്തരം തമാശകളും വൈരുദ്ധ്യങ്ങളും എങ്ങനെ ആസ്വദിച്ചു എന്ന് നോക്കാൻ എനിക്ക് ജിജ്ഞാസയുണ്ടായി എന്നത് വാസ്തവമാണ്. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് അങ്ങേയ്ക്ക് ഈ പുസ്തകത്തോടുള്ളത് എന്നത് എന്നെ ജാഗ്രതപ്പെടുത്തി.

പഴയ മട്ടിലുള്ള ഒരു ഹൊറർ സിനിമാ പരസ്യത്ത അനുകരിക്കും മട്ടിലുള്ള ഗ്രന്ഥകർത്താവിന്റെ ഈ ‘അന്വേഷണം' എത്തിക്കുന്നത് എവിടേക്കാണ് എന്ന് അവതാരിക എഴുതിയ അങ്ങേയ്ക്ക് അറിയാമല്ലോ. എങ്കിലും ഈ കത്ത് സ്വകാര്യമല്ലാത്ത ഒന്നായതുകൊണ്ട് വായനക്കാർ എന്നൊരു കൂട്ടവും അങ്ങേയ്ക്കും എനിക്കുമിടയിലെ ഈ കത്തിന്റെ മാദ്ധ്യസ്ഥത്തെ പരിശോധിക്കാൻ തയ്യാറായി നിൽക്കുന്നുണ്ട് എന്ന് ബോധ്യമുള്ളതുകൊണ്ടും യഥാർത്ഥത്തിൽ അങ്ങ് എഴുതിയ അവതാരികയും അതിനെച്ചൊല്ലിയുള്ള എന്റെ ഈ പ്രതികരണവും അവരെ ലക്ഷ്യം വെച്ചു കൂടിയാണല്ലോ എന്നറിയുന്നതുകൊണ്ടും ഈ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള ‘സംഭ്രമജനകമായ ' ചില കാര്യങ്ങൾ പരിശോധിക്കാം.

ജസ്റ്റിസ് വൈ .വി. ചന്ദ്രചൂഡ്
ജസ്റ്റിസ് വൈ .വി. ചന്ദ്രചൂഡ്

ചുരുക്കിപ്പറഞ്ഞാൽ നെഹ്‌റുവിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമമാണ് ഈ പുസ്തകം. നെഹ്‌റുയിസത്തോടുള്ള രാഷ്ട്രീയമായ വിയോജിപ്പ് എന്നതിനേക്കാൾ ഗാന്ധിവധത്തിന്റെ നിഴലിൽ അദ്ദേഹത്തെ നിർത്തി പൈശാചികവല്ക്കരിക്കാനുള്ള ശ്രമം. അതിനാൽ നെഹ്‌റുവിന്റെ നടപ്പിനോടും ഉടുപ്പിനോടും വരെയുള്ള വെറുപ്പ് ഗ്രന്ഥകാരൻ മറച്ചു വെയ്ക്കുന്നില്ല. ഒരു ചെറിയ ഉദാഹരണം ഞാൻ ചൂണ്ടിക്കാട്ടട്ടെ. പതിമൂന്നാം അദ്ധ്യായമായ ‘ഗാന്ധിവധം- ഒരു സേഫ്റ്റിവാൽവി 'ൽ ഗ്രന്ഥകാരൻ ഇങ്ങനെ എഴുതുന്നു: ‘ നെഹ്‌റു തന്റെ ചലനങ്ങളിലും വസ്ത്രധാരണത്തിലും വിദ്യാഭ്യാസത്തിലും വിദേശിയുടെ ശരീരഭാഷയോട് ഒട്ടിനിന്നു. തങ്ങൾക്ക് ചിത്രം വിടേണ്ടി വന്നാലും ഈ മനുഷ്യൻ തങ്ങളുടെ പ്രതിനിധിയോ പിന്തുടർച്ചാവകാശിയോ ആയി ഇന്ത്യയെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭാഗമായി കാത്തുസൂക്ഷിക്കും എന്ന കാര്യത്തിൽ ബ്രിട്ടീഷുകാർക്ക് ഉറപ്പുണ്ടായിരുന്നു.’

അതായത് ബ്രിട്ടീഷ് ഭരണത്തോട് പൊരുതിയ നെഹ്‌റു എന്നത് ഒരു പൊയ്​രൂപമായിരുന്നു. യഥാർത്ഥത്തിൽ അദ്ദേഹം ബ്രിട്ടീഷുകാരുടെ ‘പ്രതിനിധിയും പിന്തുടർച്ചാവകാശി 'യുമായിരുന്നു. ഗാന്ധിക്ക് തന്നോടുണ്ടായിരുന്ന ‘ദൗർബല്യം ' മുതലെടുത്ത് നെഹ്‌റു അദ്ദേഹത്തെ പറ്റിക്കുകയായിരുന്നു. ഗാന്ധിയെ മാത്രമല്ല നമ്മളെയും ഇന്ത്യൻ ചരിത്രകാരന്മാരേയും സർവ്വേപ്പിള്ളി ഗോപാൽ പോലുള്ള ചരിത്രകാരന്മാരേയും ഒക്കെപ്പറ്റിക്കാൻ കഴിഞ്ഞ വില്ലനായിരുന്നു നെഹ്‌റു. തന്റെ ‘അന്വേഷണ'ത്തെ തത്വശാസ്ത്രവല്ക്കരിക്കാൻ ഗ്രന്ഥകാരൻ വെമ്പുന്നതുനോക്കുക : ‘ ഇന്ത്യൻ സമൂഹത്തിൽ വലിയ സ്വാധീനമുണ്ടായിരുന്ന നിരവധി വ്യക്തിത്വങ്ങൾ ബ്രിട്ടീഷുകാരുടെ ഓമനകൾ ആയിത്തീർന്നതിന്റെ കാരണങ്ങൾ ചികഞ്ഞെടുക്കുക എന്നത് വലിയ കാര്യമല്ല. അവർക്കെല്ലാം ഒരു പൊതു സ്വഭാവം ഉണ്ടായിരുന്നു - അധികാരാസക്തി. അതിനുവേണ്ടി അവർ ഏതറ്റവും പോകുമായിരുന്നു. അതവർ നിരവധി തവണ തെളിയിച്ചിട്ടുണ്ട്. അവരുടെ വഴിയിലെ ഏറ്റവും വലിയ തടസ്സം ഗാന്ധിജിയായിരുന്നു' .

ജസ്റ്റിസ് കെ.ടി. തോമസ് /Photo: Wikimedia Commons
ജസ്റ്റിസ് കെ.ടി. തോമസ് /Photo: Wikimedia Commons

തത്വശാസ്ത്രം കുറ്റാന്വേഷണത്തിന് വഴിമാറുന്നത് വായനക്കാർ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ഇങ്ങനെ നെഹ്‌റു എന്ന വില്ലൻ പല മാതിരി ഓരോരോ ഇടവേളകളിൽ പ്രത്യക്ഷപ്പെടുന്നു. പതിമൂന്നാം അദ്ധ്യായത്തിൽ ബ്രിട്ടീഷ് ഏജൻറ്​. രണ്ടു മൂന്നും അദ്ധ്യായത്തിൽ പ്രച്ഛന്ന കോൺഗ്രസും രഹസ്യ കമ്യൂണിസ്റ്റും.' അതിനാൽ, ‘കോൺഗ്രസിന്റെ നേതൃത്വത്തിലെത്തിയ നെഹ്‌റു ഹൃദയം കൊണ്ടും വിചാരം കൊണ്ടും കമ്യൂണിസ്റ്റ് ആയിരുന്നു ' എന്നെഴുതിപ്പോകുന്ന ഗ്രന്ഥകാരൻ നെഹ്‌റുവിന്റെ കമ്യൂണിസ്റ്റ് ആഭിമുഖ്യത്തെ ഇ.എം.എസ് എഴുതിയിട്ടുണ്ടെന്ന് കണ്ടുപിടിക്കുന്നു. മറ്റൊരദ്ധ്യായത്തിൽ അദ്ദേഹം ‘കമ്യൂണിസ്റ്റ് വിരോധി’യാകുന്നു.

എന്നെ സംബന്ധിച്ച്​ ‘ജയൻ അമേരിക്കയിൽ’, ‘സുകുമാരക്കുറുപ്പ് ഹരിദ്വാരിൽ’ തുടങ്ങിയ പുസ്തകങ്ങളുടെ കൂട്ടത്തിൽ പെട്ട വായിച്ച് രസിക്കാൻ പറ്റിയ ഒരു ഭാവന എന്നേ കരുതിയുള്ളു. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് അങ്ങേയ്ക്ക് ഈ പുസ്തകത്തോടുള്ളത് എന്നത് എന്നെ ജാഗ്രതപ്പെടുത്തി.

ചുരുക്കത്തിൽ പറഞ്ഞാൽ ഗാന്ധിജിയുടെ വധം നിരവധി പക്ഷികളെ ഒറ്റവെടിയ്ക്ക് വീഴ്ത്തി. നെഹ്‌റു ആർജ്ജിച്ച ‘നേട്ട’ങ്ങളിൽ ഒന്ന് കമ്യൂണിസ്റ്റ് പാർട്ടിയെ ഭരണത്തിലെത്തുന്നതിൽ നിന്ന്​ തടഞ്ഞതാണ്. അതായത് നെഹ്‌റുവിനെ തലങ്ങും വിലങ്ങും പ്രഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ പുസ്തകത്തിന്റെ ‘യുക്തി ' തന്നെ തകിടം മറിഞ്ഞു പോകുന്നത് ഗ്രന്ഥകാരൻ ശ്രദ്ധിക്കുന്നില്ല. നെഹ്‌റുവിനെ ബ്രിട്ടീഷുകാർ ജയിലിലടച്ചത് ആരെങ്കിലും ചൂണ്ടിക്കാട്ടിയാലോ എന്ന കാര്യം അനുസ്മരിച്ചാകാം ഗ്രന്ഥകാരൻ ഒരു മുഴം മുമ്പേ ഇങ്ങനെ എറിയുന്നത്.‘‘അദ്ദേഹം ( നെഹ്‌റു ) സ്വാതന്ത്ര്യസമരത്തിൽ അനുഷ്ഠിച്ചിട്ടുള്ള ത്യാഗങ്ങളെക്കുറിച്ച് ആർക്കും അറിയില്ല. ജയിലിൽ യാതൊരു തടസ്സവുമില്ലാതെ അദ്ദേഹത്തിന് വായിക്കുകയും എഴുതുകയും ചെയ്യാമായിരുന്നു. അക്കാലത്ത് ഒരു തമാശ പ്രചരിച്ചിരുന്നു, ‘നെഹ്‌റു കുറച്ചു കൂടി കാലം ജയിലിൽ ആയിരുന്നെങ്കിൽ , ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷിൽ എഴുതിയ കുറച്ചു കൂടി പുസ്തകങ്ങൾ കിട്ടിയേനെ '’’ എന്നും ഈ പുസ്തകത്തിൽ കാണാം.

ജവഹർലാൽ നെഹ്‌റു
ജവഹർലാൽ നെഹ്‌റു

എന്നെ സംബന്ധിച്ച്​ ‘ജയൻ അമേരിക്കയിൽ’, ‘സുകുമാരക്കുറുപ്പ് ഹരിദ്വാരിൽ’ തുടങ്ങിയ പുസ്തകങ്ങളുടെ കൂട്ടത്തിൽ പെട്ട വായിച്ച് രസിക്കാൻ പറ്റിയ ഒരു ഭാവന എന്നേ കരുതിയുള്ളു. അതുകൊണ്ടുതന്നെ ഇന്ത്യൻ ഭരണവ്യവസ്ഥയുടെ പ്രധാനപ്പെട്ട ഒരു തൂണിന്റെ, നീതിന്യായവ്യവസ്ഥയുടെ അമരക്കാരിൽ ഒരാളായിരുന്ന അങ്ങ് ഇത്തരം തമാശകളും വൈരുദ്ധ്യങ്ങളും എങ്ങനെ ആസ്വദിച്ചു എന്ന് നോക്കാൻ (പുസ്തകം വായിച്ചു കഴിഞ്ഞാണ് ഞാൻ അവതാരിക വായിച്ചത് ) എനിക്ക് ജിജ്ഞാസയുണ്ടായി എന്നത് വാസ്തവമാണ്. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് അങ്ങേയ്ക്ക് ഈ പുസ്തകത്തോടുള്ളത് എന്നത് എന്നെ ജാഗ്രതപ്പെടുത്തി. അങ്ങ് അവതാരികയിൽ എഴുതുന്നു: ‘ജുഡീഷ്യൽ കമീഷനുകൾ നടത്തിയ വ്യത്യസ്ത തലങ്ങളിലെ കുറ്റാന്വേഷണങ്ങൾക്കും ഗവേഷണങ്ങൾക്കും മറ്റ് ആരായലുകൾക്കും ശേഷവും നമുക്ക് മഹാത്മാഗാന്ധിയുടെ വധത്തെ ചുറ്റിപ്പറ്റിയുള്ള വിശാലമായ അന്വേഷണഫലങ്ങളെക്കുറിച്ചുള്ള കൃത്യമായ അന്തിമവിധി സ്വരൂപിക്കാൻ കഴിഞ്ഞിട്ടില്ല. ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്ന സാധ്യതകളോട് തുറന്ന മനസ്സ് സ്വീകരിക്കാമെന്നാണ് ഞാൻ കരുതുന്നത്.’

വിചാരണാവേളയിൽ സവർക്കെതിരെ മാപ്പുസാക്ഷിയായ ബഡ്‌ഗെ വെളിപ്പെടുത്തിയ ഗൂഢാലോചനാപങ്കാളിത്തത്തിന് ഉപോദ്ബലകമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നത് മുൻനിർത്തിയാണ് കോടതി സവർക്കറെ വെറുതെ വിട്ടത്.

അതോടെ ഇത് തമാശയല്ലെന്നും സത്യാനന്തരലോകത്തിന്റെ ഒരു തൂണ് പണിതുയർത്തുന്നതാണെന്നും എനിക്ക് ബോധ്യപ്പെട്ടു. പക്ഷെ, അത് വിളിച്ചു പറയുന്നതിനുള്ള ഒരേ ഒരു തടസ്സം സമാരാധ്യനായ താങ്കളുടെ അവതാരികയാണ്. അതിനാൽ എന്റെ ബോധ്യങ്ങളെക്കൊണ്ട് അങ്ങയുടെ അവതാരികയോട് സംവാദം നടത്താതെ വയ്യ. അതാണ് ഈ സ്വല്പം നീണ്ട കുറിപ്പ്.

എങ്ങനെയാണ് ഗ്രന്ഥകാരൻ ഗാന്ധിവധത്തെ സംബന്ധിച്ച സത്യാനന്തര ലോകം, അങ്ങയെ സംബന്ധിച്ച്​ സത്യത്തിന്റെ ‘സാധ്യത ' പണിതുയർത്തുന്നതെന്ന് നോക്കാം. നാലാം അദ്ധ്യായത്തിലെ ഒരു ഭാഗം ഞാൻ അങ്ങയുടെ അറിവിലേക്കായി രേഖപ്പെടുത്തട്ടെ. ഗാന്ധിവധത്തിന്റെ ഒരു വിചാരണാസന്ദർഭം ഗ്രന്ഥകാരൻ വിവരിക്കുന്നുണ്ട്. ഗംഗാധർ ദണ്ഡവാതേ എന്ന വ്യക്തിയുടെ വിചാരണ: ‘വിചാരണക്കിടയിൽ ദണ്ഡവാതേ താനത് നാഥുറാമിന് വിറ്റതായി സമ്മതിച്ചു. അദ്ദേഹം അത് വാങ്ങിയത് ഒരു ജഗദീഷ് പ്രസാദ് ഗോയലിൽ നിന്നാണ്. പക്ഷെ പ്രോസിക്യൂഷനോ അന്വേഷണ ഏജൻസികളോ ഗവണ്മെന്റോ ഗോയൽ ഇത് എവിടെ നിന്ന് വാങ്ങിയത് എവിടെ നിന്നാണ് എന്ന് അന്വേഷിക്കാൻ ഒരു താത്പര്യവും കാണിച്ചില്ല. ആ സ്രോതസ്സിനെ സംരക്ഷിക്കാൻ അവർ ശ്രദ്ധാലുവായിരുന്നോ? '

ഗാന്ധിജിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ
ഗാന്ധിജിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ

ഗാന്ധിവധത്തിലെ ഉള്ളുകള്ളി രഹസ്യങ്ങളുടെ തൊലിയുരിക്കുന്ന മട്ടിൽ ഒരു ചോദ്യചിഹ്നത്തിലാണ് ഇത് പറയുമ്പോൾ ഗ്രന്ഥകാരൻ നിൽക്കുന്നത്. അതുകൊണ്ട് ഇതിന്റെ പശ്ചാത്തലം നമുക്കൊന്ന് പരിശോധിക്കാം. ഗാന്ധിവധത്തിനുപയോഗിച്ച ബെറെറ്റാ 9 mm തോക്ക് നാഥുറാം വിനായക് ഗോഡ്‌സേ കരസ്ഥമാക്കിയതിനെപ്പറ്റിയാണ് ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നത്. ഗാന്ധിവധത്തിന്റെ നിയമരേഖകൾ അങ്ങയെപ്പോലൊരു ന്യായാധിപന് കരതലാമലകം ആയിരിക്കുമല്ലോ ? 1948 ജനുവരി 20 ന്റെ വധശ്രമം പരാജയപ്പെട്ട ശേഷം ഡൽഹിയിൽ നിന്ന് കാൺപൂർ വഴി ബോംബെയിൽ തിരിച്ചെത്തിയ നാഥുറാം വിനായക് ഗോഡ്‌സേയും നാരായൺ ദത്താത്രേയ ആപ്‌തേയും പിന്നീട് രണ്ടാം ഉദ്യമത്തിനായി ഡൽഹിയിലേയ്ക്ക് തിരിച്ചു പോകുന്നത് 1948 ജനുവരി 27 നാണ്. ബോംബെയിൽ നിന്ന് ആ ദിവസം വിമാനമാർഗ്ഗം കള്ളപ്പേരുകളിൽ ഡൽഹിയിലെത്തിയ അവർ അവിടെ നിന്ന് തീവണ്ടിമാർഗം ഗ്വാളിയറിൽ പോകുകയും അന്ന് രാത്രി ഹിന്ദുമഹാസഭാനേതാവായിരുന്ന ഡോ. ദത്താത്രേയ സദാശിവ് പർച്ചൂരേയെ സന്ദർശിക്കുകയും ചെയ്തു.

ഇതുവരെ പിടികിട്ടാത്ത ഒരു പുള്ളിയെ വിചാരണ ചെയ്യിച്ചാണ് ‘സംഭ്രമജനക'മായ വസ്തുതകൾ ഗ്രന്ഥകാരൻ വെളിപ്പെടുത്തുന്നത്. അതിനെ പിൻപറ്റി അങ്ങയെപ്പോലെ ഒരാൾ ‘ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്ന സാധ്യതകളോട് തുറന്ന മനസ്സ് സ്വീകരിക്കണം' എന്ന് ആഹ്വാനം ചെയ്യുമ്പോൾ വായനക്കാർ എന്താണ് ചെയ്യുക ?

രണ്ടാം സവർക്കർ എന്ന് കേൾവിപ്പെട്ടിരുന്ന ഡോ. പർച്ചൂരെയാണ് ബെറെറ്റാ 9 mm തോക്ക് ഇവർക്ക് സംഘടിപ്പിച്ചു കൊടുത്തത്. ഹിന്ദുമഹാസഭാ പ്രവർത്തകനും പർച്ചൂരേ നയിച്ചിരുന്ന ഹിന്ദുരാഷ്ട്രസേനാ പ്രവർത്തകനും ആയിരുന്ന ഗംഗാധർ ദണ്ഡവാതേ ആണ് തോക്ക് സംഘടിപ്പിച്ചു നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. ആദ്യം നൽകിയ തോക്ക് പർച്ചൂരേയുടെ വീട്ടിൽ വെച്ച് പരീക്ഷിച്ച് നോക്കിയപ്പോൾ തൃപ്തികരമല്ലെന്ന് കണ്ട് പുതിയൊരു തോക്കിനായി അവർ ദണ്ഡവാതേയോട് ആവശ്യപ്പെടുകയുണ്ടായി. അതേ തുടർന്ന് ഗംഗാധർ ദണ്ഡവാതേ ജഗദീഷ് പ്രസാദ് ഗോയൽ എന്ന ആളിൽ നിന്ന്​ വാങ്ങിക്കൊടുത്തതാണ് 9 mm ബെറെറ്റാ തോക്ക്. അതുമായി 1948 ജനുവരി 29 ന് ഡൽഹിയിൽ തിരിച്ചെത്തിയ ഗോഡ്‌സേയും ആപ്‌തെയും വിഷ്ണു രാമചന്ദ്ര കർക്കരെയുമൊത്ത് റെയിൽവേ റിട്ടയറിംഗ് റൂമിൽ രാത്രി താമസിച്ചതിനുശേഷം പിറ്റേന്ന് ബിർള മന്ദിറിന് പിന്നിലുള്ള കുറ്റിക്കാട്ടിൽ തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം നടത്തി. അന്ന്, 1948 ജനുവരി 30ന് വൈകീട്ട് 5 മണിയ്ക്ക് ശേഷം അതേ തോക്കുപയോഗിച്ച് ഗോഡ്‌സേ ഗാന്ധിയെ വധിച്ചു.

നാഥൂറാം വിനായക് ഗോഡ്സേ നാരായൺ ദത്താത്രേയ ആപ്‌തേ
നാഥൂറാം വിനായക് ഗോഡ്സേ നാരായൺ ദത്താത്രേയ ആപ്‌തേ

ഈ സംഭവത്തിൽ ഗംഗാധർ ദണ്ഡവാതേ എന്ന ഹിന്ദുരാഷ്ട്രസേനാ അനുയായി വഹിച്ച പങ്ക് സുവ്യക്തമത്രേ. പക്ഷെ സർ, ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നത് പോലെ ഗാന്ധിവധത്തിന്റെ വിചാരണാവേളയിൽ ഗംഗാധർ ദണ്ഡവാതേ മേൽപ്പറഞ്ഞ മൊഴി കൊടുത്തിട്ടില്ല എന്ന് അങ്ങേക്കറിയാമല്ലോ. ഗാന്ധിവധത്തിന്റെ വിചാരണ നടന്ന റെഡ്‌ഫോർട്ടിലെ പ്രത്യേക കോടതിയിൽ ദണ്ഡവാതേ ഒരിക്കൽ പോലും ഹാജരായിട്ടില്ല. കാരണം, ഗാന്ധിവധത്തിലെ മൂന്ന് പിടികിട്ടാപ്പുള്ളികളിൽ ഒരാളാണ് ഈ ഗംഗാധർ ദണ്ഡവാതേ. ഗംഗാധർ ജാദവ്, സൂര്യദേവ് ശർമ്മ എന്നിവർ ആണ് മറ്റ് രണ്ടുപേർ.

അതായത്, ഇതുവരെ പിടികിട്ടാത്ത ഒരു പുള്ളിയെ വിചാരണ ചെയ്യിച്ചാണ് ‘സംഭ്രമജനക 'മായ വസ്തുതകൾ ഗ്രന്ഥകാരൻ വെളിപ്പെടുത്തുന്നത്. അതിനെ പിൻപറ്റിക്കൊണ്ട് അങ്ങയെപ്പോലെ ഒരാൾ ‘ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്ന സാധ്യതകളോട് തുറന്ന മനസ്സ് സ്വീകരിക്കണം' എന്ന് ആഹ്വാനം ചെയ്യുമ്പോൾ ഞങ്ങൾ വായനക്കാർ എന്താണ് ചെയ്യുക ? മാത്രമല്ല , തോക്ക് നൽകിയ ജഗദീഷ് ഗോയലിനെ ഇരുട്ടത്ത് നിർത്തിയാണ് ഗ്രന്ഥകാരൻ മുന്നേറുന്നത്. ആരായിരുന്നു ജഗദീഷ് ഗോയൽ ? ഗാന്ധിവധത്തിന്റെ വിചാരണാ വേളയിൽ ഇദ്ദേഹത്തിന്റെ നാമം പൊന്തിവന്നില്ലേ? തീർച്ചയായും ഉണ്ട്. ഡോ. പർച്ചൂരേയുടെ വധത്തിലുള്ള പങ്ക് വ്യക്തമാക്കിയ സാക്ഷി മധുകർ കാലേ വ്യക്തമായി കോടതിയിൽ പറഞ്ഞിട്ടുണ്ട്, ജഗദീഷ് ഗോയൽ ഹിന്ദുരാഷ്ട്രസേനാ പ്രവർത്തകൻ ആയിരുന്നുവെന്ന്.

ഗാന്ധിവധത്തിന്റെ ഗൂഢാലോചനയുടെ പ്രായോഗിക മുന്നൊരുക്കങ്ങളിൽ പ്രധാനപ്പെട്ട ഒരു കേന്ദ്രം ഡൽഹിയിലെ ഹിന്ദുമഹാസഭാ കാര്യാലയം ആയിരുന്നു എന്നത് അങ്ങ് മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ.

അതായത്, ഗാന്ധിവധത്തിനുപിന്നിൽ പ്രവർത്തിച്ചതെന്ന് വിവിധ കോടതികളും കമീഷൻ റിപ്പോർട്ടുകളും നമുക്ക് പറഞ്ഞു തന്ന കാര്യങ്ങളുടെ കേന്ദ്രം തീവ്രഹിന്ദു പ്രത്യയശാസ്ത്രത്തിൽ നിന്ന് മാറ്റി മൗണ്ട് ബാറ്റനിലും നെഹ്‌റുവിലും പ്രക്ഷേപിക്കാൻ ഗ്രന്ഥകാരൻ കൊണ്ടുവരുന്ന നിഗൂഢവ്യക്തിയായ ജഗദീഷ് ഗോയൽ , ഗ്വാളിയറിലെ ഡോ. പർച്ചൂരേ നയിച്ചിരുന്ന ഹിന്ദു തീവ്ര സംഘടനയുടെ പ്രവർത്തകൻ ആയിരുന്നു. ഗ്രന്ഥകാരൻ ആരോപിക്കുന്ന വ്യക്തികളുമായല്ല , മറിച്ച് തീവ്ര ഹിന്ദുസംഘടനകളുമായാണ് അയാൾക്ക് ബന്ധം. തീർന്നില്ലേ സാർ, അങ്ങ് പറയുന്ന ‘സാധ്യത.’

ഇത് ഈ ഗ്രന്ഥത്തിലെ ഒറ്റപ്പെട്ട സംഭവം അല്ലാതിരിക്കുന്നതെങ്ങനെ എന്നുകൂടി നമുക്ക് പരിശോധിക്കാം.

ഗാന്ധിവധത്തിന്റെ ‘നിഗൂഢത തകർക്കാൻ ' ഗ്രന്ഥകാരൻ കൊണ്ടുവരുന്ന മറ്റൊരു ആരോപണം പൂനെക്കാരനായ, വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത കൊലയാളിയായ നാഥുറാം വിനായക് ഗോഡ്‌സേയ്ക്ക് ഡൽഹി അപരിചിതമായ നഗരമായിരുന്നുവെന്നാണ്. എങ്കിൽ അവിടെ അയാൾക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതും ആരാണ് ? ഗ്രന്ഥകാരന്റെ എല്ലാ ചോദ്യങ്ങളും വിരൽ ചൂണ്ടുന്നത് എങ്ങോട്ടാണ് എന്ന് പറയേണ്ടതില്ലല്ലോ? എന്നാൽ ഗ്രന്ഥകാരൻ മറന്നു പോകുന്ന ഒരു കാര്യം, ഇതെല്ലാം ഗാന്ധിവധത്തെ സംബന്ധിച്ച നിരവധി രേഖകളിൽ ചർച്ച ചെയ്തിട്ടുണ്ട് എന്നതാണ്. ഉദാഹരണത്തിന് തന്റെ വാദങ്ങൾക്ക് ഉപോദ്ബലകമായി ഗാന്ധിവധത്തെ സംബന്ധിച്ച കപൂർ കമീഷൻ റിപ്പോർട്ടിനെപ്പറ്റി ഗ്രന്ഥകാരൻ നിരവധി തവണ പരാമർശിക്കുന്നുണ്ടെങ്കിലും അത് മനസ്സിരുത്തി വായിച്ചതായി തെളിവുകളൊന്നും ഇല്ല. നാഥുറാം ഗോഡ്‌സേ ഒറ്റയ്ക്കല്ല ഡൽഹിയിലേയ്ക്ക് വന്നതും താമസിച്ചതും എന്ന കാര്യം അവിടെ നിൽക്കട്ടെ. അദ്ദേഹത്തിന് ഡൽഹി അപരിചിതമായിരുന്നോ?

കപൂർ കമീഷൻ ചൂണ്ടിക്കാണിക്കുന്ന പ്രധാനപ്പെട്ട ഒരു വസ്തുത, ഗാന്ധി വധത്തിന് മാസങ്ങൾക്ക് മുമ്പ് 1947 ആഗസ്റ്റ് 8 ന് നാഥുറാം ഗോഡ്‌സേയും നാരായൺ ആപ് തേയും വിനായക് ദാമോദർ സവർക്കറും ഒന്നിച്ച് ബോംബെയിൽ നിന്ന് ഡൽഹിയിലേയ്ക്ക് നടത്തിയ വിമാനയാത്ര ആണ്. DN - 438 വിമാനത്തിലാണ് അവർ ഡൽഹിക്ക് പറന്നത്. ഓൾ ഇന്ത്യാ ഹിന്ദുമഹാസഭയുടെ വർക്കിങ്ങ് കമ്മറ്റി മീറ്റിങ്ങിൽ പങ്കെടുക്കാനായിരുന്നു അത്. ഗാന്ധിവധത്തിന്റെ ഗൂഢാലോചനയുടെ പ്രായോഗിക മുന്നൊരുക്കങ്ങളിൽ പ്രധാനപ്പെട്ട ഒരു കേന്ദ്രം ഡൽഹിയിലെ ഹിന്ദുമഹാസഭാ കാര്യാലയം ആയിരുന്നു എന്നത് അങ്ങ് മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ. മാത്രമല്ല , 1948 ജനുവരി 20 ന് നടത്തിയ വധശ്രമത്തിന്റെ മുന്നൊരുക്കങ്ങളിൽ പ്രധാനപ്പെട്ട തോക്കിന്റെ ശേഷി നാഥുറാം ഉൾപ്പെട്ട സംഘം പരിശോധിച്ചത് ഹിന്ദു മഹാസഭയുടെ പിന്നിലെ കുറ്റിക്കാട്ടിൽ വെച്ചായിരുന്നു. അതായത് നാഥുറാം ഗോഡ്‌സേയ്ക്ക് ഡൽഹിയുടെ ‘ഹിന്ദു തീവ്രവാദ പരിസരം ' അത്രമേൽ പരിചയമായിരുന്നു എന്നുകരുതാൻ ധാരാളം ന്യായങ്ങൾ ഉണ്ട്. ഡൽഹിയിലെ ഹിന്ദുമഹാസഭാനേതാവ് അശുതോഷ് ലാഹിരി അത്രമേൽ പരിചിതനായിരുന്നു താനും .

അതിനെല്ലാമുപരി, സവർക്കറുടെ സഹചാരി എന്ന നിലയിൽ വർഷങ്ങൾ പ്രവർത്തിച്ച ആളാണ് ഗോഡ്‌സേ. പൂനെയിൽ അഗ്രണി എന്ന പത്രത്തിന്റെ പത്രാധിപരായി കുറ്റിയടിക്കുന്നതിനുമുമ്പ് സവർക്കറുടെ കൂടെ സ്ഥിരം സഞ്ചരിച്ചിരുന്ന ആളാണ് ഗോഡ്‌സേ . അതിനാൽ ഗ്രന്ഥകാരന്റെ ‘വാദ ദൗർബ്ബല്യങ്ങളെ ' എളുപ്പം തിരിച്ചറിയാൻ കേസ് പഠിച്ചിട്ടുള്ള ആൾ എന്ന നിലയ്ക്ക് അങ്ങേക്ക് കഴിയുമായിരുന്നു. എന്നാൽ അതെല്ലാം അവഗണിച്ച്​ ഗ്രന്ഥകാരൻ കൊണ്ടുവരാൻ ശ്രമിക്കുന്ന ‘സ്‌ഫോടനാത്മക ' വിവരങ്ങൾക്ക് തീ കൊളുത്താൻ നിയോഗിക്കപ്പെട്ട ഒരാളെന്ന പോലെ സ്വയം വിനിയോഗിക്കുന്ന കാഴ്ചയാണ് അവതാരിക തരുന്നത്. അത് ഒരു പൗരൻ എന്ന നിലയിൽ ഉത്കണ്ഠ ഉളവാക്കുന്ന കാര്യമാണ്.

ഗാന്ധിവധത്തിലെ കൊലയാളിയായ ഗോഡ്‌സേ സവർക്കറുടെ ഉറ്റ അനുയായിയും ഹിന്ദുമഹാസഭയ്ക്ക് പുറമേ സവർക്കർ സ്ഥാപിച്ച ഹിന്ദുരാഷ്ട്ര ദൾ എന്ന അതീവരഹസ്യസംഘടനയിലെ പ്രധാന പ്രവർത്തകരിൽ ഒരാളായിരുന്നു.

ഗോഡ്‌സേയെ ഹിന്ദു തീവ്രവാദപരിസരത്തുനിന്ന്​ പിടിച്ചു മാറ്റി നെഹ്‌റുവിന്റേയും മൗണ്ട് ബാറ്റന്റേയും തൊഴുത്തിൽ കൊണ്ടുകെട്ടാനുള്ള ശ്രമത്തിൽ ഗ്രന്ഥകാരൻ വിമാനയാത്രകളെക്കുറിച്ച് പറയുന്നു. ആരാണ് അവർക്ക് സാമ്പത്തിക സഹായം നൽകിയത് എന്ന ചോദ്യത്തിന്റെ പൊടിപടലം ഉയർത്തുന്നു. അദ്ദേഹം കരുതും പോലെ ‘അജ്ഞാതരുടെ സ്‌പോൺസർഷിപ്പി'ൽ അല്ല അത് നടന്നത്. 1948 ലെ രണ്ട് വധശ്രമങ്ങളിലും ഗോഡ്‌സേയും ആപ്‌തേയും ഡൽഹിയിലെത്തിയത് കള്ളപ്പേരുകളിൽ വിമാന സഞ്ചാരം നടത്തിയാണ്. കൊണാട്ട്‌പ്ലേസിലെ മറീന ഹോട്ടലിലാണ് അവർ ആദ്യ വധശ്രമസമയത്ത് താമസിച്ചിരുന്നത്. ആ സംഘത്തിലെ മറ്റുള്ളവർ ഹിന്ദുമഹാസഭയുടെ ഡൽഹി ഓഫീസിലും. ഗോഡ്‌സേ വിജയിച്ച രണ്ടാം വധശ്രമക്കാലത്താകട്ടെ ഡൽഹി റെയിൽവേ സ്റ്റേഷനിലെ റിട്ടയറിംഗ് റൂമിലാണ് ഗോഡ്‌സേയും ആപ്‌തേയും താമസിച്ചത്. വിമാനയാത്ര ഗോഡ്‌സേയ്ക്കും ആപ്‌തേയ്ക്കും പുത്തരിയല്ലായിരുന്നുവെന്ന് സവർക്കർക്കൊപ്പം അവർ നടത്തിയ 1947 ലെ യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ, മേലെ ഈ ലേഖകൻ രേഖപ്പെടുത്തിയത് തെളിയിക്കുന്നുണ്ടല്ലോ. അതോടൊപ്പം മറ്റ് ചില കാര്യങ്ങൾ കൂടി നമുക്ക് നോക്കാം. ഗോഡ്‌സേ പത്രാധിപരായും ആപ് തേ പ്രസാധകനായും ഇറക്കിയിരുന്ന അഗ്രണി തുടങ്ങാൻ സാമ്പത്തിക സഹായം ചെയ്തതാരാണ്? സാക്ഷാൽ വി.ഡി.സവർക്കർ അല്ലാതെ മറ്റാരുമല്ല. അക്കാലത്തെ വലിയൊരു തുക , ഏതാണ്ട് 15,000 രൂപയാണ് സവർക്കർ അവർക്ക് നൽകിയത്. തുടർന്ന് ആ പത്രത്തിന്റെ ഹിന്ദുത്വതീവ്രവാദ സ്വഭാവം അതിര് കടന്നപ്പോൾ ബി.ജി.ഖേറിന്റെ നേതൃത്വത്തിലുള്ള ബോംബെ ഗവണ്മെൻറ്​ അത് നിരോധിച്ചു. പിറ്റേന്നുതന്നെ ഹിന്ദുരാഷ്ട്ര എന്ന പുതിയ പേരിൽ പുതിയ പത്രം തുടങ്ങാൻ അവരെ പ്രാപ്തരാക്കിയതും ഹിന്ദുത്വ തീവ്രവാദാനുഭാവികളുടേയും സവർക്കറുടേയും പിന്തുണ തന്നെ. ഈ കൊലയാളികൾ നടത്തിയിരുന്ന അഗ്രണിയുടെ / ഹിന്ദുരാഷ്ട്രയുടെ ആദ്യ പേജിൽ പ്രിന്റുചെയ്ത ലോഗോ ആരുടെ ചിത്രമായിരുന്നു എന്ന് അങ്ങേക്കറിയാമല്ലോ? അങ്ങ് അവതാരികയിൽ പുകഴ്​ത്തിയ അതേ സവർക്കരുടെ. ഗാന്ധിവധത്തിന്റെ വിചാരണാ വേളയിൽ പൊലീസ് അപ്രൂവർ ആയി മാറിയ ദിഗംബർ രാമചന്ദ്ര ബഡ്‌ഗേ ഗോഡ്‌സേ സംഘത്തിന്റെ സാമ്പത്തിക സമാഹരണം വ്യക്തമാക്കിയിട്ടുണ്ടുതാനും. ബോംബെ ഡൈയിങ്ങ് ഹൗസിന്റെ പ്രൊപ്രൈറ്റർ ആയിരുന്ന സേത്ത് ചന്ദ്രദാസ് മേഘ് മധുർദാസ്, അഫ്‌സുൽ പുകാർ, വൈഷ്ണവ വിഭാഗത്തിന്റെ ആരാധ്യപുരുഷനായിരുന്ന ദീക്ഷിത് മഹാരാജ് , സഹോദരൻ ദാദാ മഹാരാജ് തുടങ്ങിയ ഹിന്ദുമഹാസഭാ അനുഭാവികളാണ് പണം നൽകിയത്.

സർവർക്കറുടെ ചിത്രം ലോഗോ ആയി പ്രിൻറ് ചെയ്ത ഹിന്ദുരാഷ്ട്ര പത്രം
സർവർക്കറുടെ ചിത്രം ലോഗോ ആയി പ്രിൻറ് ചെയ്ത ഹിന്ദുരാഷ്ട്ര പത്രം

ഗാന്ധിവധത്തിന്റെ പ്രതിസ്ഥാനത്തു നിന്ന് ആർ.എസ്.എസ് വിമുക്തമായതിനെ സംബന്ധിച്ച് അങ്ങ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: ‘ജവഹർലാൽ നെഹ്‌റുവും സർദാർ പട്ടേലും ആ സംഘടനയുടെ (ആർ.എസ്.എസിന്റെ ) പങ്കില്ലായ്മയെക്കുറിച്ച് പിന്നീട് തിരിച്ചറിഞ്ഞു എന്ന കാര്യം ആരും മറക്കരുത്. പക്ഷെ, രാഷ്ട്രീയകാരണങ്ങളാൽ ഗാന്ധിവധത്തിൽ നിന്ന് ആർ. എസ്. എസിനെ വിമുക്തമാക്കാൻ ജനങ്ങളെ അനുവദിക്കാത്ത വണ്ണം ഒരു നിയന്ത്രിത ശബ്ദത്തിലാണെങ്കിൽ പോലും ചൂടുള്ള ഒരു പ്രചാരണം ചുറ്റിയടിക്കുന്നുണ്ട് . ഈ വിഷയത്തെപ്പറ്റിയുള്ള ഒരുപാട് വസ്തുതകൾ വായിച്ച ശേഷം, ആർ. എസ്. എസ് എന്ന സംഘടനയ്ക്ക് മഹാത്മാഗാന്ധി വധത്തിൽ ഒന്നും ചെയ്യാനില്ല എന്ന കാഴ്ചപ്പാടാണ് ഞാനും കൈക്കൊള്ളുന്നത്.’

ഈ അവസരത്തിൽ ഗാന്ധിവധത്തിന്റെ നാൾവഴികളിലേയ്ക്ക് ഒന്ന് പോയി വരുന്നത് ഉചിതമായിരിക്കും.

അങ്ങേയ്ക്കും, ഇന്ത്യയിലെ തൽപര ജനതയ്ക്കും അറിവുള്ള പോലെ 1948 ജനുവരി മാസത്തിൽ ഗാന്ധിയെ വധിക്കാൻ രണ്ട് ശ്രമങ്ങൾ നടക്കുകയുണ്ടായി. 1948 ജനുവരി 20 ന് ദൽഹിയിലെ ബിർളാ ഹൗസിൽ ഗാന്ധിയുടെ പ്രാർത്ഥനാ സമ്മേളനത്തിൽ ഗൺ കോട്ടൺ സ്ലാബ് സ്‌ഫോടനം ഉണ്ടായി. അതേ തുടർന്ന് മദൻലാൽ കശ്മീരിലാൽ പഹ് വ എന്ന അഭയാർത്ഥി പൊലീസ് പിടിയിലായി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പഹ് വ ഒരു ഗൂഢാലോചനയുടെ കണ്ണി മാത്രമാണ് താനെന്ന് വെളിപ്പെടുത്തുകയുണ്ടായി. വിഷ്ണു രാമചന്ദ്ര കർക്കരെയും പൂനെയിലെ ഹിന്ദു രാഷ്ട്ര എന്ന പത്രത്തിന്റെ പത്രാധിപരും ( നാഥുറാം വിനായക് ഗോഡ്‌സേ ) ഇതിന് പിന്നിലുണ്ടെന്നും പഹ് വ സമ്മതിച്ചു. മാത്രമല്ല , ‘അവർ വീണ്ടും വരും ' (ഫിർ ആയേഗാ ) എന്ന മുന്നറിയിപ്പും നൽകി.

ഈ കൊലയാളികൾ നടത്തിയിരുന്ന അഗ്രണിയുടെ / ഹിന്ദുരാഷ്ട്രയുടെ ആദ്യ പേജിൽ പ്രിന്റുചെയ്ത ലോഗോ ആരുടെ ചിത്രമായിരുന്നു എന്ന് അങ്ങേക്കറിയാമല്ലോ? അങ്ങ് അവതാരികയിൽ പുകഴ്​ത്തിയ അതേ സവർക്കരുടെ.

എന്നാൽ, ഈ സൂചനകളുടെ പിന്നാലെ ത്വരിതഗതിയിൽ ചലിക്കാൻ പൊലീസിന് കഴിഞ്ഞില്ല. 1948 ജനുവരി 30 ന് നടന്ന രണ്ടാം വധശ്രമം വിജയത്തിലെത്തി. നാഥുറാം വിനായക് ഗോഡ്‌സേ ഗാന്ധിയെ വധിച്ചു. അവിടെ വെച്ചു തന്നെ ഗോഡ് സേ പിടിയിലായി. തുടർന്നുള്ള ദിവസങ്ങളിൽ ദിഗംബർ രാമചന്ദ്ര ബഡ്‌ഗേ, ശങ്കർ കിസ്തയ്യ, നാരായൺ ദത്താത്രേയ ആപ്‌തേ ,വിഷ്ണു രാമചന്ദ്ര കർക്കരെ , ഗോപാൽ ഗോഡ്‌സേ എന്നിവരും പിടിയിലായി .റെഡ് ഫോർട്ടിൽ ,പ്രത്യേക കോടതിയിൽ പ്രതികളുടെ വിചാരണ ആരംഭിച്ചു.

പ്രധാനമായും രണ്ട് കോടതി വിധികളും ഒരു കമീഷൻ റിപ്പോർട്ടുമാണ് ഗാന്ധി വധത്തിന്റെ കാര്യത്തിലുണ്ടായത്.
1. പ്രത്യേക കോടതിയുടെ ജഡ്ജി ആയിരുന്ന ജസ്റ്റിസ് ആത്മചരണിന്റെ 1949 ഫെബ്രുവരി 10 ലെ വിധി.
2. അപ്പീൽ കോടതിയിലെ (കിഴക്കൻ പഞ്ചാബ് ഹൈക്കോടതി) ജസ്റ്റീസ് അച്ചുറാം, ജസ്റ്റീസ് ഭണ്ഡാരി , ജസ്റ്റീസ് ഖോസ് ലേ എന്നിവരുടെ 1949 ജൂൺ 23 ലെവിധികൾ.
3 . ഗാന്ധി വധ ഗൂഢാലോചന അന്വേഷിക്കാൻ ഇന്ത്യൻ ഭരണകൂടം ഏർപ്പെടുത്തിയ കപൂർ കമീഷൻ റിപ്പോർട്ട്.

നാഥുറാം വിനായക് ഗോഡ്‌സേ, നാരായൺ ദത്താത്രേയ ആപ്തേ എന്നീ പ്രതികൾക്ക് വധശിക്ഷയും വിഷ്ണു രാമചന്ദ്ര കർക്കരേ , ഗോപാൽ വിനായക് ഗോഡ്‌സേ, മദൻലാൽ കശ്മീരിലാൽ പഹ് വ, ശങ്കർ കിസ്തയ്യ, ഡോ. ദത്താത്രേയ സദാശിവ് പർച്ചൂരേ എന്നീ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയുമാണ്​ ജസ്റ്റീസ് ആത്മചരൺ വിധിച്ചത്​. ഉപോദ്ബലക (corroborative ) തെളിവുകളുടെ അഭാവത്തിൽ പ്രതികളിൽ ഒരാളായ വിനായക് ദാമോദർ സവർക്കറെ കോടതി വെറുതെ വിട്ടു. വിചാരണാവേളയിൽ പൊലീസ് ഭാഗം ചേർന്ന പ്രതി ദിഗംബർ രാമചന്ദ്ര ബഡ്‌ഗെയെയും കോടതി മോചിപ്പിച്ചു.

ജസ്റ്റിസ് ജീവൻലാൽ കപൂർ
ജസ്റ്റിസ് ജീവൻലാൽ കപൂർ

ഇതേതുടർന്ന് നാഥുറാം വിനായക് ഗോഡ്‌സേ കിഴക്കൻ പഞ്ചാബ് ഹൈക്കോടതിയിൽ അപ്പീൽ പെറ്റീഷൻ സമർപ്പിച്ചു. പ്രത്യേക ജഡ്ജിക്ക് രണ്ട് കാര്യങ്ങളിൽ തെറ്റുപറ്റി എന്ന് പറഞ്ഞാണ് അപ്പീൽ പെറ്റീഷൻ സമർപ്പിച്ചത്. ഒന്നാമത്തേത് , ഗാന്ധിവധത്തിനുപിന്നിൽ ഒരു ഗൂഢാലോചനയുണ്ടായിരുന്നു എന്നതിൽ. രണ്ട് ,1948 ജനുവരി 20ലേയും 30ലേയും സംഭവങ്ങളെ ആ ഗൂഢാലോചനയുടെ അവിഭാജ്യഘടകങ്ങളായി കണ്ടതിൽ. പൊലീസ് ഭാഗം ചേർന്ന പ്രതി ദിഗംബർ രാമചന്ദ്ര ബഡ്‌ഗേയുടെ ‘കഥ 'യ്ക്ക് നിയമം അനുശാസിക്കുന്ന ഉപോദ്ബലക തെളിവുകളുടെ അടിസ്ഥാനമില്ല എന്നാണ് ഗോഡ്‌സേ വാദിച്ചത്. ഗാന്ധിയുടെ കൊല താൻ മാത്രമെടുത്ത തീരുമാനമാണെന്നും മറ്റാർക്കും അതിൽ പങ്കില്ല എന്നും നാഥുറാം വിനായക് ഗോഡ്‌സേ അപ്പീലിൽ ബോധിപ്പിച്ചു. ഇതോടൊപ്പം മറ്റ് ആറു പ്രതികളും അപ്പീൽ സമർപ്പിച്ചു.

കിഴക്കൻ പഞ്ചാബ് ഹൈക്കോടതിയുടെ വിധി നാഥുറാം വിനായക് ഗോഡ്‌സേയുടെ അപ്പീൽ തള്ളി. എങ്കിലും ഡോ. പർച്ചൂരെയേയും ശങ്കർ കിസ്തയ്യയേയും അപ്പീൽ കോടതി വെറുതെ വിട്ടു. മറ്റുള്ളവരുടെ ശിക്ഷകൾ അപ്പീൽ കോടതി ശരിവെച്ചു. തുടർന്ന് 1949 നവംബർ 15 ന് അംബാല ജയിലിൽ നാഥുറാം വിനായക് ഗോഡ്‌സേയുടേയും നാരായൺ ദത്താത്രേയ ആപ്‌തേയുടേയും വധശിക്ഷ നടപ്പാക്കി, മറ്റുള്ളവരുടെ ജീവപര്യന്തത്തടവും.

ജനതാ പാർട്ടി രൂപീകരിക്കുന്നതിൽ ഏറ്റും വലിയ ചാലകശക്തിയായി പ്രവർത്തിച്ച ജെ.പി.യും ആർ. എസ്. എസിനും ഹിന്ദു വർഗ്ഗീയ സംഘടനകൾക്കും എതിരായ കടുത്ത നിലപാടാണ് കമീഷൻ മുമ്പാകെ എടുത്തത്.

എന്നാൽ ഗാന്ധിവധത്തിന്റെ കഥ അവിടെ തീർന്നില്ല .
1964 ഒക്ടോബർ 12 ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച ഗോപാൽ വിനായക് ഗോഡ്‌സേ, വിഷ്ണു രാമചന്ദ്ര കർക്കരേ, മദൻലാൽ കശ്മീരിലാൽ പഹ് വ എന്നിവർ ജയിൽ വിമോചിതരായി. ആ സമയത്ത് ‘പരേതനായ ദേശഭക്തൻ ' നാഥുറാം ഗോഡ്‌സേയുടെ സഹോദരനായ ഗോപാൽ റാവു ഗോഡ്‌സേയുടേയും വിഷ്ണുപന്ത് കർക്കരേയുടേയും മദൻലാൽ പഹ് വയുടേയും ജയിൽ മോചനം ആഘോഷിക്കുന്നതിന്​ 1964 നവംബർ 12ന് വൈകീട്ട് 5.30 മുതൽ 7.30 വരെ പൂനെയിലെ ശനിവാർ പേട്ടിലെ ഉദ്യാൻ കാര്യാലയത്തിൽ സത്യവിനായക പൂജ നടത്തുന്നതിനും അവരെ ആദരിക്കുന്നതിനും എം.ജി.ഖായ്‌സാസ് എന്ന ഒരാളുടെ പേരിൽ ക്ഷണപത്രിക പുറപ്പെടുവിച്ചു. 125 മുതൽ 200 വരെ ആളുകൾ ഗാന്ധിയുടെ കൊലപാതകത്തിലെ പ്രതികളെ ആദരിക്കുന്ന ഈ ചടങ്ങിൽ പങ്കെടുത്തു. അതിൽ അദ്ധ്യക്ഷത വഹിച്ചത് ലോകമാന്യതിലകിന്റെ പേരമകനും ഹിന്ദുമഹാസഭാ നേതാവും തരുൺ ഭാരത് എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്ന ജി.വി.കേത്ക്കർ ആയിരുന്നു. തന്റെ പ്രസംഗത്തിൽ ഗാന്ധി വധിക്കപ്പെടുന്നതിന് മൂന്നു മാസങ്ങൾക്ക് മുമ്പുതന്നെ ഗാന്ധിയെ വധിക്കാനുള്ള പദ്ധതിയെപ്പറ്റി നാഥുറാം വിനായക് ഗോഡ്‌സേ തന്നോട് വെളിപ്പെടുത്തിയിരുന്നു എന്ന് പരാമർശിക്കുകയുണ്ടായി. മാത്രമല്ല , 1948 ജനുവരി 20 ന് മദൻലാൽ പഹ് വ നടത്തിയ ഗാന്ധിവധശ്രമം പരാജയപ്പെട്ട ശേഷം പൂനെയിൽ തിരിച്ചെത്തിയ ദിഗംബർ ബഡ്‌ഗെ തന്നോട് ‘ഭാവി പരിപാടികളെ ' ക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായെന്നും കേത്ക്കർ അവകാശപ്പെട്ടു. അതിനെപ്പറ്റി അധികം സംസാരിക്കരുതെന്ന് ഗോപാൽ ഗോഡ്‌സേ കേത്ക്കറെ തടയാൻ ശ്രമിച്ചെങ്കിലും ‘അതിന്റെ പേരിൽ അവർ തന്നെ ഇപ്പോൾ അറസ്റ്റ് ചെയ്യാൻ പോകുന്നില്ല ' എന്ന് പ്രതികരിച്ച് കേത്ക്കർ പ്രസംഗം തുടർന്നു.

ഗാന്ധി വധത്തിന്റെ വിചാരണ വേളയിൽ നാഥൂറാം ഗോഡ്‌സേയും നാരായൺ ആപ്‌തേയും കോടതിയിൽ. പിറകിലെ നിരയിൽ തൊപ്പി ധരിച്ച് വി.ഡി. സവർക്കറെയും കാണാം. / Photo: GOI Archive
ഗാന്ധി വധത്തിന്റെ വിചാരണ വേളയിൽ നാഥൂറാം ഗോഡ്‌സേയും നാരായൺ ആപ്‌തേയും കോടതിയിൽ. പിറകിലെ നിരയിൽ തൊപ്പി ധരിച്ച് വി.ഡി. സവർക്കറെയും കാണാം. / Photo: GOI Archive

കേത്ക്കറുടെ പ്രസംഗം പത്രങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള ചർച്ച സജീവമായി. പൂനെ ഡിസ്ട്രിക്റ്റ് കോൺഗ്രസ്​ കമ്മറ്റി പ്രസിഡണ്ട് ആയിരുന്ന ബി.എൻ. സനസ് കേത്ക്കറുടെ പ്രസ്താവനയിലേയ്ക്ക് സംസ്ഥാന ഗവണ്മെന്റിന്റെ ശ്രദ്ധ ക്ഷണിക്കുകയും മഹാത്മാഗാന്ധി വധക്കേസിൽ പ്രതികളായവരെ ആദരിക്കാൻ മുതിർന്ന പൂനെയിലെ വ്യക്തികൾക്കുമേൽ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് ഇന്ത്യൻ എക്‌സ്​പ്രസ്​ പത്രത്തിൽ 1964 നവംബർ 17 ന് ഒരു ലേഖനം പ്രത്യക്ഷപ്പെടുകയുണ്ടായി. മഹാത്മാഗാന്ധി വധത്തിന് മുന്നോടിയായി നടന്ന സംഭവങ്ങളുടെ ദുരൂഹതയുടെ ആക്കം വർദ്ധിപ്പിക്കുന്ന ഒന്നാണ് കേത്ക്കറുടെ വെളിപ്പെടുത്തൽ എന്ന് ആ ലേഖനം ഊന്നിപ്പറഞ്ഞു. മറ്റ് വാക്കുകളിൽ പറഞ്ഞാൽ ഗോഡ്‌സേ കേത്ക്കറോട് വെളിപ്പെടുത്തിയത് തന്റെ ‘പദ്ധതി ' യല്ല, ‘ഉദ്ദേശ്യ’മാണ്. അത് രണ്ടും തമ്മിലുള്ള സൂക്ഷ്മവ്യത്യാസം ഉത്തരവാദിത്വമുള്ള ഒരു പൗരൻ എന്ന നിലയിൽ ഗാന്ധിയുടെ വധം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന്​ കേത്ക്കറെ തടയുന്നില്ല.

ലേഖനം ഇങ്ങനെ തുടർന്നു : ‘‘‘കഥ' അവിടെ അവസാനിക്കുന്നില്ല. കഴിഞ്ഞയാഴ്ചയിൽ (1964 നവംബർ 12 ) ഗോഡ്‌സേയുടെ ‘രക്തസാക്ഷിത്വം' ആഘോഷിച്ചവരിൽ നിന്ന്​ അത് കൂടുതൽ വിശദീകരണം ആവശ്യപ്പെടുന്നുണ്ട്.
ഗാന്ധിവധത്തിന്റെ സൂത്രധാരന്റെ കൂട്ടാളികൾക്ക് നൽകിയ ഈ ‘സ്വീകരണം ' എന്നത് ഈ രാജ്യത്തെ ചിലയാളുകളിൽ ഈ നീചപ്രേരണ ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്റെ വൃത്തികെട്ട ഓർമപ്പെടുത്തലാണ്. കൊലയാളിയെ മാത്രമല്ല , നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാൽ അയാളെ സഹായിച്ചവരെയും ദേശീയ നായകരായി കണക്കാക്കുന്ന നീചപ്രവൃത്തിയിലൂടെ നമ്മളും അതേ നിലവാരത്തിലേയ്ക്ക് താഴുകയല്ലേ ചെയ്യുന്നത്? പൂനെയിലെ സ്വീകരണം വിവരിക്കാൻ കഴിയുന്നതിനപ്പുറമുള്ള നാണം കെട്ട പ്രവൃത്തിയാണ് എന്ന കാര്യത്തിൽ രണ്ടഭിപ്രായം ഇല്ല.’’

ഗാന്ധിവധത്തിന്റെ ഗൂഢാലോചനയിൽ നിന്ന്​ ആർ. എസ്. എസിനെ കഷ്ടിച്ചു രക്ഷപ്പെടുത്തുന്ന നിഗമനമായിരുന്നു കപൂർ കമീഷന്​. എന്നാൽ, രാഷ്ട്രീയദൃഷ്ട്യാ അങ്ങനെ വീക്ഷിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ തീർച്ചയുണ്ടാക്കണമെങ്കിൽ റിപ്പോർട്ടിലെ ആർ. എസ്. എസിനെ കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങളും എത്തിച്ചേർന്ന നിഗമനങ്ങളും പരിശോധിക്കേണ്ടിയിരിക്കുന്നു.

ഇത്തരം ചർച്ചകളെ തുടർന്ന് 1964 നവംബർ 24 ന് പൂനെ ജില്ലാ മജിസ്‌ട്രേറ്റ് കേത്ക്കറെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം ഒരു ഉത്തരവിനെപ്പറ്റി മുൻകൂർ ധാരണ ലഭിച്ചതിനാലാകാം, നവംബർ 23നുതന്നെ കേത്ക്കർ പൂനെ വിട്ട് മദ്രാസിലേയ്ക്ക് പോയി. നവംബർ 25 ന് മദ്രാസ് പൊലീസ് കമീഷണർക്കുമുമ്പാകെ കേത്ക്കർ കീഴടങ്ങി. പാർലിമെന്റിൽ ഭൂപേഷ് ഗുപ്ത അടക്കമുള്ള എം.പി മാർ കേത്ക്കർ സംഭവത്തെ ചൊല്ലി കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ത്യ ഗവണ്മെൻറ്​ ഗോപാൽ സ്വരൂപ് പാഥക് എം. പിയെ അന്വേഷണ കമീഷനായി നിയോഗിച്ചു. അദ്ദേഹം.കേന്ദ്രമന്ത്രിയായതിനെ തുടർന്ന് ജസ്റ്റീസ് ജീവൻലാൽ കപൂറിനെ അന്വേഷണ കമീഷൻ ആയി നിയമിച്ചു.

ഗാന്ധിവധത്തിന്റെ ഗൂഢാലോചനയിൽ ആർ.എസ്.എസിനുള്ള പങ്കിനെപ്പറ്റി കപൂർ കമ്മീഷൻ അന്വേഷിച്ചു. കമീഷൻ എത്തിയ നിഗമനം താഴെ കൊടുക്കുന്നു:‘ഈ എല്ലാക്കാര്യങ്ങളും നിലനിൽക്കെത്തന്നെ, പ്രത്യയശാസ്ത്രപരമായി അതൊരു കോൺഗ്രസ്​ വിരുദ്ധ പ്രസ്ഥാനം ആയിരുന്നു. അത് ഒരിക്കലും അഹിംസയുടെ തത്വശാസ്ത്രത്തിലോ അഹിംസയുടെ പ്രയോഗത്തിലോ വിശ്വസിച്ചിരുന്നില്ല. അത് ഗാന്ധിസത്തിനെതിരെ ഒരു നിലപാട് എടുത്തിരുന്നു. പക്ഷെ അതിന്റെ ഗാന്ധിവിരുദ്ധത മഹാത്മാഗാന്ധിയെ വ്യക്തിപരമായി ദ്രോഹിക്കുന്നത്രയും പോയതായി കാണുന്നില്ല.’

ഒരർത്ഥത്തിൽ ഗാന്ധിവധത്തിന്റെ ഗൂഢാലോചനാകുറ്റത്തിൽ നിന്ന്​ ആർ. എസ്. എസിനെ കഷ്ടിച്ചു രക്ഷപ്പെടുത്തുന്ന നിഗമനമായി ഇതിനെ കാണാം. നിയമദൃഷ്ട്യാ അങ്ങനെ വീക്ഷിക്കാമെങ്കിൽ കൂടിയും രാഷ്ട്രീയദൃഷ്ട്യാ അങ്ങനെ വീക്ഷിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഒരു തീർച്ചയുണ്ടാക്കണമെങ്കിൽ നാം കപൂർ കമീഷൻ റിപ്പോർട്ടിലെ ആർ. എസ്. എസിനെ കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങളും ആർ. എസ്. എസിനെ കുറിച്ച് കമീഷൻ എത്തിച്ചേർന്ന നിഗമനങ്ങളും പരിശോധിക്കേണ്ടിയിരിക്കുന്നു. കോട്ടയത്ത് നടന്ന ആർ. എസ്. എസ് ഇൻസ്ട്രക്റ്റർമാരുടെ ട്രെയിനിങ്ങ് ക്യാമ്പിനെ അഭിസംബോധന ചെയ്​ത്​ അങ്ങ് പറഞ്ഞതായി 2018 ജനുവരി 4 ലെ ഇന്ത്യൻ എക്​സ്​പ്രസ്​ പത്രത്തിൽ വന്ന വാർത്തയുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇത് ചെയ്യുന്നത്. അങ്ങ് പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്ത നിരവധി കാര്യങ്ങളിൽ ഒന്ന് ഇതാണ്: ‘‘എന്തുകൊണ്ടാണ് ഇന്ത്യയിൽ ജനങ്ങൾ സുരക്ഷിതരായിരിക്കുന്നതെന്ന് ആരാഞ്ഞാൽ, ഞാൻ പറയുക ഇന്ത്യയിൽ ഒരു ഭരണഘടനയുണ്ട് , ജനാധിപത്യം ഉണ്ട് , സായുധസേന ഉണ്ട് , നാലാമതായി ആർ. എസ്. എസ് ഉണ്ട് എന്നാണ്.’’

കപൂർ കമീഷൻ, ഗാന്ധിവധത്തിലെ ഗൂഢാലോചനകളെ കുറിച്ച് വിശദമായി അന്വേഷിച്ചു. പത്തൊമ്പതാം സാക്ഷിയായി കമീഷൻ വിസ്തരിച്ചത് ഗാന്ധിവധത്തിന്റെ സമയത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന ആർ. എൻ . ബാനർജിയെ ആണ്. അദ്ദേഹം ആർ. എസ്.എസിനെപ്പറ്റി ഇങ്ങനെ മൊഴി നൽകി: ‘(മദൻലാൽ പഹ് വയുടെ ) ബോംബേറിന്റെ നേരിട്ടുള്ള ഉത്തരവാദിത്വം ആർ. എസ്. എസിനില്ല. എന്റെ അഭിപ്രായത്തിൽ ഗൂഢാലോചനക്കാർ ആർ. എസ്. എസ് അംഗങ്ങളായി പ്രവർത്തിക്കുന്നവർ ആയിരുന്നില്ല. അതേസമയം, ആ സംഘടനയുടെ ചില പ്രവർത്തനങ്ങൾ സാമൂഹികവിരുദ്ധവും എതിർക്കപ്പെടേണ്ടതുമായതിനാൽ (1948) ജനുവരി 30നുശേഷം ആ സംഘടനയ്‌ക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തതിൽ ഗവണ്മെന്റിന് കുറ്റബോധം തോന്നുകയുണ്ടായി .’
ആർ. എസ്. എസിനെ നിരോധിക്കാനുള്ള നടപടികൾ ഗവണ്മെൻറ്​ സ്വീകരിക്കുന്ന സമയത്തുതന്നെ ആ വിവരം ചോരുകയും പിറ്റേന്ന് പത്രങ്ങളിൽ ആ വാർത്ത വരികയും ആർ. എസ്. എസിന്റെ ഉന്നതർ ഒളിവിൽ പോകുകയും ചെയ്‌തെന്ന് അദ്ദേഹം പരാതിപ്പെടുകയും ചെയ്തു.

ബോംബെ പ്രവിശ്യയിലെ ആർ. എസ്. എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സാക്ഷിമൊഴികളെ കമീഷൻ ക്രോഡീകരിച്ചതിൽ നിന്ന്​ ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു:
19 .42: ആർ. എസ്. എസിന്റേയും ഹിന്ദുമഹാസഭയുടേയും പ്രവർത്തനങ്ങൾ 1947 ൽ ബോംബെ ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പെടുകയും അന്നത്തെ ബോംബെ പ്രധാനമന്ത്രി (Premier ) ഈ സംഘടനകളെ സംബന്ധിച്ച് മൂന്ന് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ഉണ്ടായി.
1. ആർ. എസ്. എസിന്റെ മുഴുവൻ നേതാക്കളുടേയും പ്രവർത്തകരുടേയും പട്ടിക ശേഖരിച്ച് പോലീസ് ഗവണ്മെന്റിന് സമർപ്പിക്കേണ്ടതാണ്
2. ഹിന്ദുമഹാസഭയെ സംബന്ധിച്ചും അത്തരമൊരു പട്ടിക പൊലീസ് ഗവണ്മെന്റിന് സമർപ്പിക്കേണ്ടതാണ്
3. ഈ രണ്ടു സംഘടനകളുടേയും പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കേണ്ടതാണ്. അന്നത്തെ ബോംബെ ആഭ്യന്തരമന്ത്രിയായിരുന്ന മൊറാർജി ദേശായ് പത്തു ദിവസത്തിനുള്ളിൽ ഈ വിവരങ്ങൾ സമർപ്പിക്കാൻ ഡി. ഐ. ജി / സി. ഐ. ഡി മാർക്ക് നിർദ്ദേശം നൽകി. ശേഖരിക്കുന്ന വിവരങ്ങൾ എല്ലാ അർത്ഥത്തിലും ശരിയും സമഗ്രവും ആയിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
19.45 : അതനുസരിച്ച് ഡി. ഐ. ജി / സി. ഐ. ഡി പ്രത്യേകം പട്ടിക ആർ. എസ്. എസിനെ സംബന്ധിച്ച് തയ്യാറാക്കിയതായി കാണുന്നില്ല. മാത്രമല്ല , ഈ പട്ടികയിൽ ഉൾപ്പെടുത്തിയ വ്യക്തികൾ ആർ. എസ്. എസ് അംഗങ്ങൾ ആണെന്നും പറയുന്നില്ല. പക്ഷെ , ധാരാളം ആർ. എസ്. എസ് പ്രവർത്തകർ ഹിന്ദുമഹാസഭ പ്രവർത്തകർ കൂടിയായിരുന്നു എന്നതിന് തെളിവുണ്ട്. ഈ പട്ടിക കടുത്ത സവർക്കറിസ്റ്റായ നാഥുറാം ഗോഡ്‌സേയുടേയും അത്ര തന്നെ അപകടകാരിയായ എൻ. ഡി. ആപ്‌തേ (നാരായൺ ദത്താത്രേയ ആപ്‌തേ ) യുടേയും അത്ര തന്നെ അപകടകാരിയും ലൈസൻസില്ലാത്ത ആയുധങ്ങൾ വ്യാപാരം ചെയ്യുന്ന ഡി. ആർ. ബഡ്‌ഗേ (ദിഗംബർ രാമചന്ദ്ര ബഡ്‌ഗേ) യുടേയും പേരുകൾ ഉൾക്കൊള്ളുന്നു.
19.47: പൂനെയിലെ പ്രാദേശിക സി. ഐ. ഡി സമാഹരിച്ച മറ്റൊരു പട്ടികയിലും ഒരു സവർക്കറൈറ്റ് ആയ നാഥുറാം ഗോഡ്‌സേയുടേയും മറ്റൊരു സവർക്കറൈറ്റും സ്‌ഫോടക വസ്തു നിയമപ്രകാരം ഒരു കുറ്റകൃത്യവിചാരണയ്ക്ക് വിധേയനായ എൻ.ഡി. ആപ്‌തേയുടേയും സവർക്കറൈറ്റും സ്‌ഫോടകവസ്തു നിയമപ്രകാരം വിചാരണ നടത്തിക്കൊണ്ടിരിക്കുന്ന ജി.വി. കേത്ക്കറിന്റേയും സവർക്കറൈറ്റും നിയമവിരുദ്ധമായ ആയുധ ഇടപാടുകാരനും ആയ ഡി. ആർ. ബഡ്‌ഗേയുടേയും പേരുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് .
1947 ആഗസ്റ്റ് 15 ന് അയച്ച ഈ പട്ടികയുടെ അവതരണക്കത്തിൽ (Forwarding letter), കമീഷനുമുമ്പാകെ ഹാജരാക്കിയ പ്രദർശനത്തെളിവ് നമ്പർ 115 ൽ, പ്രസ്തുത പട്ടിക ഒന്നിൽ ആർ എസ് എസ്​ ഭാരവാഹികളുടേയും പ്രവർത്തകരുടേയും, പട്ടിക രണ്ടിൽ, ഹിന്ദുമഹാസഭയുടെ നേതാക്കളുടേയും പട്ടികയാണ് അയയ്ക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
19.52: കമീഷനുമുമ്പാകെ സമർപ്പിച്ച തെളിവുരേഖ 62 (1947 ഡിസംബർ 20) ലെ പൊലീസിന്റെ വാരാന്ത്യറിപ്പോർട്ടിൽ 1947 ഡിസംബർ 10 ന് ഹിന്ദുസഭാംഗങ്ങളും ഏതാനും പഞ്ചാബി, സിക്ക് അഭയാർത്ഥികളും ചേർന്ന് നടത്തിയ സ്വകാര്യ യോഗത്തിൽ വി. ആർ. കർക്കരേ (വിഷ്ണു രാമചന്ദ്ര കർക്കരേ - ഗാന്ധി വധത്തിലെ പ്രതി ) അഭയാർത്ഥികൾക്കിടയിലെ വിമുക്തഭടരെ ആർ. എസ്. എസ് സന്നദ്ധസേവാംഗങ്ങളെ പരിശീലിപ്പിക്കുന്നതിന് ഉപയോഗിക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി . മുസ്​ലിംകളോടുള്ള അവരുടെ പ്രതികാരം തീർക്കാതെ സമാധാനം ഉണ്ടാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുത്തി.
19.53 : കമീഷനുമുമ്പാകെ ഹാജരാക്കിയ തെളിവു രേഖ 1947 സെപ്റ്റംബർ 17 ലെ 120-A/1, ആർ. എസ്. എസിന്റെ പ്രവർത്തനങ്ങളെ കാണിക്കുന്ന ഒന്നാണ്. അത് പറയുന്നത് ആർ. എസ്. എസ് എന്നത് ഇന്ത്യയിലെ ഏറ്റവും നന്നായി സംഘടിപ്പിക്കപ്പെട്ട തീവ്രവാദ സംഘടനയാണെന്നാണ്. ആത്യന്തികമായി ഹിന്ദുസംഘടനയായ ഇത് ഹിന്ദുമഹാസഭയുമായി അഫിലിയേറ്റ് ചെയ്തിട്ടില്ലെങ്കിൽ പോലും അതിന്റെ പ്രധാന സംഘാടകരും പ്രവർത്തകരും ഒന്നുകിൽ ഹിന്ദുമഹാസഭയുടെ അംഗങ്ങളോ ഹിന്ദുമഹാസഭയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രായോജകരോ ആണ്. ഹിന്ദുക്കളെ സംഘടിപ്പിച്ചും ഹിന്ദു ജനകീയസൈന്യം ഉണ്ടാക്കിയും രാജ്യത്തെ മുസ്​ലിം ആധിപത്യം അടക്കമുള്ള വൈദേശികാധിപത്യത്തിൽ നിന്ന് വിമോചിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണത് പ്രവർത്തിക്കുന്നത്. അത് ഒരു പ്രത്യക്ഷസംഘടനയായി കാണപ്പെടുന്നുണ്ടെങ്കിലും പ്രവർത്തനകാര്യങ്ങളിൽ രഹസ്യാത്മകത പുലർത്തിവരുന്ന ഒന്നാണത്. ഹിന്ദുമഹാസഭയുമായി ചേർന്ന് പ്രവർത്തിക്കുന്നതുകൊണ്ട് അതിന്റെ നയങ്ങളിൽ ഹിന്ദുമഹാസഭയുടെ പ്രത്യയശാസ്ത്രം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.
ഇതേ ഖണ്ഡികയിൽ തന്നെ സംഘ സന്നദ്ധസേവകർ സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കാറില്ല എന്നും കമീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്.

‘ഒരു തിയോക്രാറ്റിക് ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാനുദ്ദേശിച്ച് രൂപീകരിച്ച അരാഷ്ട്രീയ സംഘടന’ തുടങ്ങിയ വൈരുദ്ധ്യങ്ങൾ അങ്ങെഴുതിയതിൽ കാണുന്നതുകൊണ്ടു മാത്രമല്ല ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ അതിശയിച്ചത്.

സാക്ഷി നമ്പർ 95 , ജെ. എൻ. സാഹ്നി നൽകിയ മൊഴിയിൽ പറയുന്ന ആറു ലക്ഷത്തിലധികം വരുന്ന അംഗങ്ങളുള്ള രഹസ്യസംഘടനയെപ്പറ്റി കമീഷൻ പരാമർശിക്കുന്നുണ്ട്. ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിക്കാനുദ്ദേശിച്ച് ഉണ്ടാക്കിയ ആ സംഘടനയുടെ രഹസ്യ സെല്ലുകൾ പഞ്ചാബ് , മഹാരാഷ്ട്ര തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നു എന്നാണ് അദ്ദേഹം മൊഴി നൽകിയത്. ഗോൾവർക്കറോ (അന്നത്തെ ആർ. എസ്. എസ് തലവൻ) ഭോപട്ക്കറോ, ഡോ.ഖരേയോ ( ഹിന്ദുമഹാസഭ നേതാക്കൾ ) ആണ് ആ രഹസ്യസംഘത്തിന്റെ നേതാവ് എന്ന് ശ്രുതി പരന്നിരുന്നു. അതിലെ സന്നദ്ധപ്രവർത്തകർക്ക് ആൾവാറിലും ഭരത്പൂരിലും മറ്റ് ചില സ്ഥലങ്ങളിലും ഉന്നതനേതാക്കളെ കൊന്ന് ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുവേണ്ടിയുള്ള പരിശീലനം നൽകുകയുണ്ടായി. മഹാത്മാഗാന്ധി കൊല്ലപ്പെട്ട സമയത്ത് ഈ പദ്ധതിയുടെ ഭാഗമായി അതിനെ കണക്കാക്കുകയും കടുത്ത നടപടികൾ എടുക്കുകയും ചെയ്തു. ചില രാജകുമാരന്മാർ അവരുടെ കൈയ്യാളുകളിലൂടെ പ്രവർത്തിക്കുന്ന ഒരു അഞ്ചാംപത്തിയുടെ രൂപത്തിലുള്ള രഹസ്യ രാഷ്ട്രീയപ്രസ്ഥാനത്തിനും രൂപം നൽകിയതായി കൂടിയും സാഹ്നിയുടെ മൊഴിയിലുണ്ട്. ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ, ഏറ്റവും ചുരുങ്ങിയത് അവരുടെ രാജ്യങ്ങളിലെങ്കിലും അധികാരം പിടിച്ചെടുക്കാൻ ഉദ്ദേശിച്ചാണ് ഇത് പ്രവർത്തിച്ചിരുന്നത്.

ജയ്‌സാൽമീർ, ജോധ്പൂർ, ആൾവാർ, ഭരത്പൂർ, ബറോഡ, ഭോപ്പാൽ രാജ്യങ്ങളിലെ രാജകുമാരന്മാരെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നാഗ്പൂരിലിരുന്ന്​ഗോൾവാൾക്കറും ( ആർ. എസ്. എസ് തലവൻ ) പൂനെയിലിരുന്ന്​ ഭോപ്പട്ക്കറും ആണ് ഇതിനെ നയിച്ചിരുന്നത്. (19.56 ഖണ്ഡിക )

1947-48 കാലത്ത് ഇന്റലിജൻസ് ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന എം. കെ സിൻഹ നൽകിയ മൊഴിയിൽ ബോംബെ പ്രോവിൻസിന്റെ മറാത്ത സംസാരിക്കുന്ന ഭാഗങ്ങളിലും സെൻട്രൽ പ്രോവിൻസിലും ശക്തമായ മഹാസഭാ പ്രസ്ഥാനവും ആർ. എസ്. എസ് പ്രസ്ഥാനവും പ്രവർത്തിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം അത് ഒരു ഗാന്ധി - വിരുദ്ധ പ്രസ്ഥാനമാണ് എന്ന് അദ്ദേഹം വ്യവച്ഛേദിക്കുന്നില്ല. അതേസമയം അവിടെ വലിയതോതിൽ ഗാന്ധി വിരുദ്ധ സംസാരം ഉണ്ടായിരുന്നു. പ്രത്യേകിച്ചും ഗാന്ധിയുടെ പാകിസ്ഥാൻ സമീപനത്തെ മുൻനിർത്തി. (19.58 ഖണ്ഡിക )

സാക്ഷി നമ്പർ 55, ബി. ബി. എസ്. ജെറ്റ്‌ലിയുടെ മൊഴിയനുസരിച്ച് അദ്ദേഹം സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ രണ്ടുമാസങ്ങളിൽ ആർ. എസ്. എസിനെതിരെ 600-700 കേസുകൾ എടുക്കുകയുണ്ടായി. ആയുധശേഖരണത്തിനും ഗ്രാമങ്ങൾ ആക്രമിച്ചതിനും വ്യക്തികളെ ആക്രമിച്ചതിനുമെതിരെയായിരുന്നു കേസുകൾ. ആർ. എസ്. എസിനെ നിരോധിക്കാൻ അദ്ദേഹം ശുപാർശ ചെയ്യുകയും അക്കാര്യം യു.പി പ്രധാനമന്ത്രി ( Premier ) ആയിരുന്ന ജി. ബി. പാന്തിനോടും ആഭ്യന്തരമന്ത്രി ആയിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയോടും സംസാരിക്കുകയും ചെയ്തിരുന്നു. അവർ അദ്ദേഹത്തോട് യോജിച്ചെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ്​സർദാർ പട്ടേലുമായി ( അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി) കൂടിയാലോചിക്കണം എന്ന് പറയുകയുണ്ടായി. ഗാന്ധി വധത്തെ തുടർന്ന് ആർ. എസ്. എസിനെ നിരോധിക്കുകയുണ്ടായി.( 19.59 ഖണ്ഡിക )

ഗാന്ധിയും സുശീല നയ്യാറും / Photo: gandhimemorialcenter.org
ഗാന്ധിയും സുശീല നയ്യാറും / Photo: gandhimemorialcenter.org

ഗാന്ധിയുടെ വ്യക്തിഗത ഭിഷഗ്വരയായിരുന്ന സുശീല നയ്യാരുടെ ( സാക്ഷി നമ്പർ 53 ) മൊഴി ഇങ്ങനെ: താൻ ഗാന്ധിയുടെ മുന്നിൽ വെച്ച് ആർ. എസ്. എസ് സന്നദ്ധപ്രവർത്തകരെ സ്തുതിച്ചപ്പോൾ അദ്ദേഹം (ഗാന്ധി ) അവർക്ക് ആർ. എസ്. എസിനെപ്പറ്റി അറിയില്ലെന്ന് അഭിപ്രായപ്പെട്ടു. അവർ ഫാസിസ്റ്റുകളേയും നാസികളേയും പോലെ കറുപ്പു കുപ്പായക്കാരാണെന്നാണ് അദ്ദേഹം പറഞ്ഞത്. ചില പൊലീസുകാർക്ക് ആർ. എസ്. എസ് ആഭിമുഖ്യമുണ്ടായിരുന്നു എന്ന ആരോപണം ഉയർന്നിട്ടുണ്ടെങ്കിൽ അത് തന്നെ അത്ഭുതപ്പെടുത്തില്ല എന്നും അവർ പറഞ്ഞു.

മരണസമയത്ത് ഗാന്ധിയുടെ സെക്രട്ടറി ആയിരുന്ന പ്യാരേലാലിന്റെ പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണികൾ കമീഷൻ റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. ആ പുസ്തകത്തിന്റെ 687-ാം പേജിൽ നിന്ന് കമീഷൻ എടുത്ത് ചേർത്ത ഭാഗം ഇതാണ്​: ‘‘ആർ. എസ്. എസ് എന്നത് മഹാരാഷ്ട്രയിൽ നിന്ന്​ നിയന്ത്രിക്കുന്ന വർഗ്ഗീയ , അർദ്ധസൈനിക ,ഫാസിസ്റ്റ് സംഘടനയാണ്. മഹാരാഷ്ട്രക്കാരാണ് അതിന്റെ താക്കോൽസ്ഥാനങ്ങൾ കൈയ്യാളുന്നത്. അവരുടെ പ്രഖ്യാപിതലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നതാണ്. ‘മുസ്​ലിംകൾ ഇന്ത്യ വിടുക ' എന്ന മുദ്രാവാക്യമാണ് അവർ സ്വീകരിച്ചിട്ടുള്ള മുദ്രാവാക്യം' . അക്കാലത്ത് അവർ അത്രമേൽ സക്രിയരായിരുന്നില്ല, ഏറ്റവും ചുരുങ്ങിയത് പരസ്യമായെങ്കിലും. പക്ഷെ പഞ്ചാബിലേയും പടിഞ്ഞാറൻ പാക്കിസ്ഥാനിലേയും ഹിന്ദുക്കളേയും സിക്കുകളേയും ഒഴിപ്പിക്കുന്ന സന്ദർഭത്തിനായാണ് അവർ കാത്തിരിക്കുന്നതെന്ന കറുത്ത സൂചന നൽകപ്പെട്ടിരുന്നു. അത്തരം ഒരു സന്ദർഭത്തിൽ അവർ പാകിസ്ഥാൻ ചെയ്തതിന് പകരമായി ഇന്ത്യൻ മുസ്​ലിംകൾക്കു നേരെ ആഞ്ഞടിക്കാനാണ് കാത്തിരുന്നത്. അത്തരം ഒരു ദുരന്തത്തിന്റെ ജീവനുള്ള സാക്ഷിയാകാൻ ഗാന്ധി തയ്യാറായിരുന്നില്ല. ഇപ്പോൾ ഇന്ത്യൻ യൂണിയനിലെ ന്യൂനപക്ഷം മാത്രമാണ് മുസ്​ലിംകൾ. ഇന്ത്യൻ യൂണിയനിലെ തുല്യപൗരർ എന്ന നിലയിൽ അവരുടെ ഭാവിയെക്കുറിച്ച് എന്തിനവർ അരക്ഷിതരാകണം?’’
ഖണ്ഡിക 19.64. ഖണ്ഡിക 19.67 ലും പ്യാരേലാലിനെ കമീഷൻ ഉദ്ധരിക്കുന്നു.)

ഗാന്ധിവധത്തിന് പശ്ചാത്തലമായ ഗാന്ധിവിരോധം ഒരുക്കുന്നതിനെപ്പറ്റി ഇതും ഇതിൽ കൂടുതലും ജുഡീഷ്യൽ കമീഷൻ രേഖപ്പെടുത്തിയിരിക്കേ, അങ്ങ് ആ സംഘടനയെ വെള്ള പൂശുക മാത്രമല്ല ചെയ്യുന്നത്, ഉദാത്തവല്ക്കരിക്കുക കൂടിയാണ്.

1947 സെപ്റ്റംബർ 12 ന് ആർ. എസ്. എസ്​ തലവൻ ഗാന്ധിജിയെ സന്ദർശിക്കുകയും അവർ നിലകൊള്ളുന്നത് മുസ്​ലിംകളെ കൊല്ലാനല്ലെന്നും ഹിന്ദുക്കളെ സംരക്ഷിക്കാനാണെന്നും അദ്ദേഹത്തോട് പറയുകയും ചെയ്തു. അതായത് അവർ സുരക്ഷാശക്തിയാണെന്നും നശീകരണശക്തിയല്ലെന്നും ആർ. എസ്. എസ് സമാധാനത്തിനുവേണ്ടി നിൽക്കുന്ന ഒന്നാണെന്നും. പക്ഷെ മുസ്​ലിംകളെ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന ആരോപണങ്ങളെ പരസ്യമായി അപലപിക്കാൻ മഹാത്മാവ് ആവശ്യപ്പെട്ടപ്പോൾ അവർ പറഞ്ഞത് ഗാന്ധിജിക്കുതന്നെ അത് ചെയ്യാൻ കഴിയും എന്നാണ്. ഏതാനും ദിവസങ്ങൾക്ക് ശേഷം ആർ. എസ്. എസ് നേതാക്കൾ ശുചിത്തൊഴിലാളികളുടെ കോളനിയിൽ അവർ നടത്തുന്ന ഒരു റാലിയിൽ പങ്കെടുക്കാൻ ഗാന്ധിജിയെ കൊണ്ടുപോയി. അവർ ഗാന്ധിയെ സ്വാഗതം ചെയ്യുകയും ഹിന്ദുമതം ഉല്പാദിപ്പിച്ച ഒരു മഹാത്മാവ് എന്ന് വിളിക്കുകയും ചെയ്തു. മറുപടിയായി ഒരു ഹിന്ദുവെന്ന നിലയിൽ താൻ അഭിമാനിക്കുന്നു എന്നും എന്നാൽ തന്റെ ഹിന്ദുമതം അസഹിഷ്ണുത നിറഞ്ഞതും പുറംതള്ളുന്നതുമായ ഒന്നല്ല എന്നും ഗാന്ധി പറഞ്ഞു.

കമീഷന്റെ 19.78 ഖണ്ഡിക പറയുന്നത്, ആർ. എസ്. എസ് തലവൻ ഗോൾവാൾക്കറുടെ ഒരു പ്രസംഗത്തെ പറ്റിയാണ്. 1947 ഡിസംബർ 8 ന് 2500 ഓളം വരുന്ന പ്രവർത്തകരോടാണ് അദ്ദേഹം പ്രസംഗിച്ചത്. ശിവജിയുടെ അടവുനയവഴിയിലെ ഒളിപ്പോർ മുറകളെ സ്വാംശീകരിക്കാൻ നിരവധി സന്നദ്ധപ്രവർത്തകരെ സജ്ജമാക്കാൻ അദ്ദേഹം പ്രവർത്തകരോടാവശ്യപ്പെട്ടു. സംഘം പാകിസ്ഥാനെ ഇല്ലാതാക്കുമെന്നും തങ്ങളുടെ വഴിയിൽ ആരൊക്കെ നിന്നാലും അവരെയൊക്കെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു; അത് നെഹ്‌റു ഗവണ്മെന്റായാലും മറ്റേത് ഗവണ്മെന്റായാലും. ഇന്ത്യ, അദ്ദേഹം പറഞ്ഞു, അത്തരക്കാർക്ക് ജീവിക്കാനുള്ളതല്ല.

എം. എസ്. ഗോൾവാൾക്കർ
എം. എസ്. ഗോൾവാൾക്കർ

മേൽപ്പറഞ്ഞ സാക്ഷിമൊഴികളും തെളിവുകളും പരിശോധിച്ച് ആർ. എസ്. എസിനെപ്പറ്റി കമീഷൻ ക്രോഡീകരിച്ച നിഗമനങ്ങളിൽ ചിലത് അങ്ങയുടെ ശ്രദ്ധയിൽ പെടുത്തട്ടെ:

19 .102 4 (a): ഇന്ത്യയിലെ ഏറ്റവും നന്നായി സംഘടിക്കപ്പെട്ട തീവ്രഹിന്ദുസംഘടന ആർ. എസ്. എസ് ആണ്. അത് ഹിന്ദുമഹാസഭയോട് അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും അതിന്റെ പ്രധാന സംഘാടകരും പ്രവർത്തകരും ഹിന്ദുമഹാസഭാ അംഗങ്ങളോ ആ പ്രത്യയശാസ്ത്രത്തിന്റെ പ്രായോജകരോ ആണ്.
b) അത് ഒരു പരസ്യസംഘടനയാണെങ്കിലും അതിന്റെ പ്രവർത്തനത്തെക്കുറിച്ച്​രഹസ്യാത്മകത സൂക്ഷിക്കുന്നു.
19.102 (5): വർഗ്ഗീയ സംഭവങ്ങളിൽ അതിനൊരു കൈയ്യുള്ളതായി സംശയിക്കപ്പെടുന്നു.
6). അത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുത്തില്ല.

ഗാന്ധിവധത്തിന് പശ്ചാത്തലമായ ഗാന്ധിവിരോധം ഒരുക്കുന്നതിനെപ്പറ്റി ഇതും ഇതിൽ കൂടുതലും ഇന്ത്യാഗവണ്മെൻറ്​ ഏർപ്പെടുത്തിയ ജുഡീഷ്യൽ കമീഷൻ രേഖപ്പെടുത്തിയിരിക്കേ, അങ്ങ് ആ സംഘടനയെ വെള്ള പൂശുക മാത്രമല്ല ചെയ്യുന്നത്, ഉദാത്തവല്ക്കരിക്കുക കൂടിയാണ്. അതുമാത്രമല്ല എന്നെ അത്ഭുതപ്പെടുത്തിയത്; അവതാരികയിൽ അങ്ങ് എഴുതിവെച്ചത് നോക്കുക: ‘ഹിന്ദുമഹാസഭയും ആർ. എസ്. എസും പരസ്പരം അങ്ങേയറ്റം വ്യത്യസ്തമാണ് എന്നത് ഈ പുസ്തകത്തിലൂടെ എനിക്ക് കിട്ടിയ വെളിപാടാണ്. തീർച്ചയായും മഹാത്മാഗാന്ധിയുടെ ഘാതകർ ഹിന്ദുമഹാസഭയുടെ സഹകാരികൾ ആണെന്ന് അവകാശപ്പെടുകയുണ്ടായെങ്കിലും ആർ. എസ്. എസ് ഒരു കടുത്ത നിലപാട് എടുക്കുകയുണ്ടായി. അത്, നാഥുറാം ഗോഡ്‌സേ നയിച്ച സംഘത്തിന്റെ ആലോചനാപ്രക്രിയയിൽ നിന്നുപോലും മാറിനിന്നു കൊണ്ട് പൂർണമായും വിയോജിച്ചു നിന്നു.’
ഏതാനും വാചകങ്ങൾക്കുശേഷം അങ്ങ് തുടർന്നെഴുതുന്നു: ‘ആർ. എസ്. എസും ഹിന്ദുമഹാസഭയും വ്യത്യസ്തമാണെന്നുമാത്രമല്ല അടിസ്ഥാന കാര്യങ്ങളിൽ ആർ. എസ്. എസും ഹിന്ദുമഹാസഭയും പരസ്പരം എതിർത്തിരുന്നു എന്നത് സുപരിചിതമാക്കുന്നതിന് ഗ്രന്ഥകാരൻ നിരവധി വസ്തുതകൾ അവതരിപ്പിക്കുന്നുണ്ട്. ഗ്രന്ഥകാരനെ സംബന്ധിച്ച്​ ഒന്ന് ഒരു തിയോക്രാറ്റിക്ക് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിക്കപ്പെട്ട അരാഷ്ട്രീയ സംഘടനയാണ്. അതിനെ ജിന്നയുടെ മുസ്​ലിംലീഗുമായി അദ്ദേഹം താരതമ്യപ്പെടുത്തുകയും രണ്ട് സംഘടനകളുടേയും പൊതുഘടകങ്ങൾ എടുത്തുകാണിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ സംബന്ധിച്ച്​മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചനക്കാർ ഹിന്ദുമഹാസഭക്കാരും ആർ .എസ്. എസ് അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ എതിർക്കുന്നവരും ആയിരുന്നു.’

‘ഒരു തിയോക്രാറ്റിക് ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാനുദ്ദേശിച്ച് രൂപീകരിച്ച അരാഷ്ട്രീയ സംഘടന’ തുടങ്ങിയ വൈരുദ്ധ്യങ്ങൾ അങ്ങെഴുതിയതിൽ കാണുന്നതുകൊണ്ടു മാത്രമല്ല ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ അതിശയിച്ചത്. ഹിന്ദുമഹാസഭയും ആർ. എസ്. എസും സജീവമായി പ്രവർത്തിക്കുന്ന നാളുകളിലായിരിക്കും അങ്ങയുടെ കൗമാര യൗവനകാലം കഴിഞ്ഞിട്ടുണ്ടാകുക എന്നതുകൊണ്ടും അല്ല. അങ്ങ് അഭിഭാഷകവൃത്തിയിലൂടെ മുന്നേറുന്ന കാലത്താകണം കപൂർ കമീഷൻ പ്രവർത്തിച്ച് തുടങ്ങുന്നതും റിപ്പോർട്ട് സമർപ്പിക്കുന്നതും. അക്കാലത്തെ നിയമ- രാഷ്ട്രീയ സംവാദങ്ങൾ അങ്ങയെപ്പോലുള്ള ഒരാളുടെ ശ്രദ്ധയിൽ അല്പം പോലും പതിഞ്ഞില്ല എന്നത് അത്ഭുതകരമാണ്. സംഘവും ഗാന്ധിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന പ്യാരേലാലും സ്വന്തം ഭിഷഗ്വരയായിരുന്ന സുശീല നയ്യാരും പറഞ്ഞതോ ഷാബു പ്രസാദ് പറഞ്ഞതോ ഏതാണ് വിശ്വസനീയം എന്ന് ന്യായാധിപക്കസേരയിൽ നിരവധി വർഷങ്ങൾ ചെലവഴിച്ച അങ്ങയോട് ചോദിക്കേണ്ടതില്ലല്ലോ. മാത്രമല്ല, കപൂർ കമീഷന്റെ പ്രധാന നിഗമനങ്ങളിൽ ഒന്ന്, മേലെ ഞാൻ എടുത്തു പറഞ്ഞ ഒന്ന്, ഹിന്ദുമഹാസഭയുടേയും ആർ. എസ്. എസിന്റേയും സംഘാടകരും പ്രവർത്തകരും മഹാരാഷ്ട്രയിലെങ്കിലും ഏറെക്കുറെ ഒന്നായിരുന്നു എന്നാണ്, അഫിലിയേഷൻ ഇല്ലെങ്കിൽ പോലും. ഹിന്ദു സംഘടൻ പ്രസ്ഥാനങ്ങൾ എന്ന മട്ടിൽ കമീഷൻ എടുത്തുകാണിക്കുന്ന ആർ. എസ്. എസും ഹിന്ദുമഹാസഭയും ഹിന്ദു രാഷ്ട്ര ദളുമൊക്കെ പരസ്പരം കൂടിക്കുഴഞ്ഞു കിടക്കുന്ന പ്രസ്ഥാനങ്ങളായാണ് കമീഷൻ കാണുന്നത്. ഗ്രന്ഥകാരന്റെ അരാഷ്ട്രീയ / രാഷ്ട്രീയ യുക്തി പിൻപറ്റുകയാണെങ്കിൽ ആർ. എസ്. എസും ബി. ജെ. പിയും തമ്മിൽ ബന്ധമുണ്ടായിരുന്നില്ല എന്നും ഭാവിയിൽ ചൂണ്ടിക്കാണിക്കാവുന്നതാണ്.

കപൂർ കമീഷൻ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന സംഘടനകളിൽ ഒന്ന് ആർ. എസ്. എസ്​ ആണ് എന്ന് അങ്ങേയ്ക്ക് ബോധ്യപ്പെട്ട് കാണുമല്ലോ. കപൂർ കമീഷൻ പരാമർശിച്ച കുറച്ച് കാര്യങ്ങൾ മാത്രമാണ് അങ്ങയുടെ ശ്രദ്ധയിലേക്കായി ഞാൻ രേഖപ്പെടുത്തിയത്

ഗാന്ധിവധത്തിൽ ആർ. എസ്. എസിനുള്ള പങ്ക് ചൂണ്ടിക്കാട്ടിയ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ' എന്ന പുസ്തകത്തെ ഗ്രന്ഥകാരൻ വിമർശിച്ചിട്ടുള്ളത് അങ്ങയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ. അതിൽ കപൂർ കമീഷൻ റിപ്പോർട്ടിനെക്കുറിച്ച് ഗ്രന്ഥകാരൻ പറയുന്നത് രസകരമാണ്. ഗാന്ധി വധത്തിന്റെ വിചാരണയിലോ വിധിയിലോ കപൂർ കമ്മീഷൻ റിപ്പോർട്ടിലോ ആർ. എസ്. എസ്​ ഒരിക്കലും പരാമർശിക്കപ്പെട്ടിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. കപൂർ കമീഷൻ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന സംഘടനകളിൽ ഒന്ന് ആർ. എസ്. എസ്​ ആണ് എന്ന് മേലുദ്ധരിച്ച കാര്യങ്ങളിൽ നിന്ന് അങ്ങേയ്ക്ക് ബോധ്യപ്പെട്ട് കാണുമല്ലോ. ആർ. എസ്. എസ്​ എന്ന തലക്കെട്ടിൽ ആ സംഘടനയെക്കുറിച്ച് കപൂർ കമീഷൻ പരാമർശിച്ച കുറച്ച് കാര്യങ്ങൾ മാത്രമാണ് അങ്ങയുടെ ശ്രദ്ധയിലേക്കായി ഞാൻ രേഖപ്പെടുത്തിയത്. അതിൽ നിന്നു തന്നെ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാക്കിയെങ്കിലും അക്കാലത്ത് ഹിന്ദുമഹാസഭയുമായി അടുത്ത് പ്രവർത്തിച്ച , പ്രവർത്തനങ്ങളിൽ രഹസ്യാത്മകത സൂക്ഷിക്കുന്ന, വർഗ്ഗീയകലാപങ്ങളിൽ കൈയ്യുണ്ടെന്ന് ആരോപിക്കുന്ന, അഹിംസയെ എതിർക്കുന്ന, ഗാന്ധി വിരുദ്ധമായ, ഏറ്റവും സുസംഘടിതമായ ഹിന്ദു തീവ്ര സംഘടനയായിട്ടാണ് ആർ. എസ്. എസിനെ കപൂർ കമീഷൻ വിവരിക്കുന്നത് എന്നത് ബോധ്യമാണ്. ആർക്കും ഇന്റർനെറ്റിൽ നിന്ന് എളുപ്പം ലഭിക്കാവുന്ന ഒന്നാണ് കപൂർ കമീഷൻ റിപ്പോർട്ട് എന്നിരിക്കേ, ആർ. എസ്. എസിനെ വെള്ളപൂശിയ ഒന്നാണത്​ എന്നും അതുകൊണ്ട് ഗവണ്മെന്റുകൾ അത് പൂഴ്​ത്തിവെച്ചു എന്നുമുള്ള ഭോഷത്വങ്ങളിൽ അങ്ങ് വീഴരുതായിരുന്നു. കപൂർ കമീഷൻ മുമ്പാകെ ഹാജരായ മൊറാർജി ദേശായിയുടെ മൊഴി ആർ. എസ്. എസിനെ നിഴലിൽ നിർത്തുന്ന ഒന്നായിരിക്കേ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എഴുതിയ ഡൊമിനിക് ലാപിയറും ലാറി കോളിൻസും എന്ത് കൊണ്ട് മൊറാർജിയെ ഇന്റർവ്യൂ ചെയ്തില്ല എന്ന ഗ്രന്ഥകാരന്റെ പാഴ് വെടിയെ പറ്റി ഒന്നാലോചിക്കാൻ അങ്ങയോട് ഞാൻ അഭ്യർത്ഥിക്കുന്നു. പിൽക്കാലത്ത് ജനസംഘം കൂടി ലയിച്ചുണ്ടായ ജനതാപാർട്ടി രൂപീകരിച്ച ഗവണ്മെന്റിന്റെ പ്രധാനമന്ത്രി കൂടിയായിരുന്നു മൊറാർജി എന്നതും അങ്ങ് ഓർക്കുമല്ലോ. ജനതാ പാർട്ടി രൂപീകരിക്കുന്നതിൽ ഏറ്റും വലിയ ചാലകശക്തിയായി പ്രവർത്തിച്ച ജെ.പി.യും ആർ. എസ്. എസിനും ഹിന്ദു വർഗ്ഗീയ സംഘടനകൾക്കും എതിരായ കടുത്ത നിലപാടാണ് കമീഷൻ മുമ്പാകെ എടുത്തത്.

അവതാരികയിൽ അങ്ങ് പ്രകടിപ്പിച്ച ഒരു അഭിപ്രായം കുടി ഞാൻ ഉദ്ധരിക്കട്ടെ: ‘വീർ ദാമോദർ സവർക്കറുടെ വീരജീവിതത്തെക്കുറിച്ചുള്ള ആഖ്യാനം പ്രചോദനപരമാണ്. തന്റെ ദേശസ്‌നേഹ താത്പര്യം ഉയർത്തിപ്പിടിക്കാനായി മുൻ ഉദാഹരണങ്ങൾ ഇല്ലാത്ത പീഡനങ്ങൾ സ്വയം സഹിക്കേണ്ടി വന്ന ഒരാളെന്ന നിലയ്ക്ക് സവർക്കർ ഒരു മനുഷ്യജീവിയുടേയും കൊല അംഗീകരിക്കില്ലെന്ന ഗ്രന്ഥകാരന്റെ യുക്തി എനിക്കും സ്വീകാര്യമാണ്. അതിനുപുറമേ എല്ലാ കോടതികളും ഗൂഢാലോചനയിൽ പങ്കെടുത്തു എന്ന കുറ്റത്തിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതിനാൽ അദ്ദേഹത്തെ വീണ്ടും കുറ്റക്കാരനാക്കുന്നത് സാമാന്യനീതിക്ക് നിരക്കുന്നതല്ല.’

സർ, സവർക്കർ ഇന്ത്യാചരിത്രത്തിലെ വിവാദ പുരുഷനായതുതന്നെ കൊലപാതകങ്ങളിലെ പങ്കാളിത്തം കൊണ്ടാണ്. 1909 ൽ മദൻലാൽ ദിംഗ്ര എന്ന പഞ്ചാബി ചെറുപ്പക്കാരൻ ഇംഗ്ലണ്ടിൽ ഇന്ത്യാകാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന സർ ബ്രാഡ്ഫോർഡ് വില്ലിയെ ലണ്ടനിൽ വെച്ച് കൊല ചെയ്തതിനെ തുടർന്ന്, അന്ന് ലണ്ടനിലുണ്ടായിരുന്ന സവർക്കർ വധഗൂഢാലോചനയിലെ പങ്കാളി എന്ന നിലയിൽ സംശയത്തിന്റെ നിഴലിലായിരുന്നു. പിൽക്കാലത്ത് ധനഞ്ജയ് കീർ എഴുതിയ സവർക്കറുടെ ജീവചരിത്രത്തിൽ ആ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ തനിക്കുള്ള പങ്കിനെ സവർക്കർ തന്നെ വെളിവാക്കിയതായി ഉദ്ധരിച്ചിട്ടുണ്ട് . അതിനുമുമ്പ് കഴ്‌സൺ പ്രഭുവിനെ വധിക്കാനുള്ള ദിംഗ്രയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. അതോർമിച്ചാകണം, നിക്കൽ പൂശിയ റിവോൾവർ കൈയ്യിൽ കൊടുത്ത് കൊലപാതകത്തിനായി യാത്രയയക്കുമ്പോൾ സവർക്കർ ദിം ഗ്രയോട് പറയുന്നത് ഇങ്ങനെയാണ്, ‘ഇത്തവണ നീ പരാജയപ്പെട്ടാൽ എനിക്ക് നിന്റെ മുഖം കാണേണ്ട.’

സവർക്കർ ജയിലിലായതും കൊലപാതക ഗൂഢാലോചനയിൽ പങ്കാളിയായതു കൊണ്ടാണ് എന്ന് ‘ഒരു മനുഷ്യ ജീവിയുടേയും കൊല അംഗീകരിക്കാത്ത സവർക്കറെ 'ക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ യുക്തി അംഗീകരിക്കവേ, അങ്ങ് മറന്നുപോയോ? നാസിക് ജില്ല കളക്ടറായിരുന്ന എ. എം. ടി. ജാക്‌സൺ അവിടെ വെച്ച് കൊല്ലപ്പെടുമ്പോൾ കൊലയാളിയായ അനന്ത് ലക്ഷ്മൺ കൻഹാരേ ഉപയോഗിച്ച ബ്രൗണിംഗ് പിസ്റ്റൾ സവർക്കർ ലണ്ടനിൽ നിന്ന് കടത്തിക്കൊണ്ടു വന്നതായിരുന്നു. ആ കൊലപാതകക്കേസിലാണ് സവർക്കറെ 50 വർഷം തടവുശിക്ഷയ്ക്ക് വിധിച്ചതും പിന്നീട് ബ്രിട്ടീഷുകാർക്ക് തുടർച്ചയായി മാപ്പെഴുതി ജയിൽ വിമുക്തനായതും. ദിംഗ്രയും കൻഹാരേയും സവർക്കറുടെ സംഘടനയായ അഭിനവ് ഭാരതിന്റെ സജീവ പ്രവർത്തകർ ആയിരുന്നു. ഗാന്ധിവധത്തിലെ കൊലയാളിയായ ഗോഡ്‌സേ സവർക്കറുടെ ഉറ്റ അനുയായിയും ഹിന്ദുമഹാസഭയ്ക്ക് പുറമേ സവർക്കർ സ്ഥാപിച്ച ഹിന്ദുരാഷ്ട്ര ദൾ എന്ന അതീവരഹസ്യസംഘടനയിലെ പ്രധാന പ്രവർത്തകരിൽ ഒരാളായിരുന്നു. ഗോഡ്‌സേക്കൊപ്പം വധശിക്ഷയ്ക്ക് വിധേയനായ നാരായൺ ആപ് തേ ഹിന്ദു രാഷ്ട്ര ദളിന്റെ മറ്റൊരു പ്രധാന പ്രവർത്തകനായിരുന്നു.

റെഡ്‌ഫോർട്ടിലെ വിചാരണക്കുശേഷം, ജസ്റ്റീസ് ആത്മ ചരണിന്റെ വിധി പ്രകാരം മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചനാക്കുറ്റത്തിൽ നിന്നും സവർക്കറെ ഒഴിവാക്കി എന്നത് ശരി തന്നെ. കടുത്ത സവർക്കറൈറ്റും പ്രതികളിൽ ഒരാളുമായിരുന്ന ദിഗംബർ ബഡ്‌ഗെ വിചാരണാവേളയിൽ മാപ്പുസാക്ഷിയാവുകയും ഗൂഢാലോചന സവർക്കറുടെ നേതൃത്വത്തിൽ ആവിഷ്‌ക്കരിക്കപ്പെട്ട ഒന്നാണ് എന്നും പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഗാന്ധിയേയും നെഹ്‌റുവിനേയും സുഹ്രവർദ്ദിയേയും അവസാനിപ്പിക്കണമെന്നാണ് താത്യാറാവുവിന്റെ ( സവർക്കറുടെ )ആജ്ഞ എന്ന് ആപ്‌തേ തന്നോട് മൊഴിഞ്ഞതായും ബഡ്‌ഗേ കോടതിയിൽ പറഞ്ഞു. 1948 ജനുവരി 17 ന് ഗാന്ധിയെ വധിക്കാൻ പുറപ്പെടുമ്പോൾ ഗോഡ്‌സേയും ആപ്‌തേയും അനുഗ്രഹത്തിനായി സവർക്കറെ കണ്ടതായും ‘വിജയിച്ച് തിരിച്ചുവരൂ ' എന്ന് അദ്ദേഹം അവരെ ആശിർവദിച്ചതായും ബഡ്‌ഗെ വിചാരണാവേളയിൽ പറയുകയുണ്ടായി.

ഷാബു പ്രസാദ്
ഷാബു പ്രസാദ്

വിചാരണാവേളയിൽ സവർക്കെതിരെ മാപ്പുസാക്ഷിയായ ബഡ്‌ഗെ വെളിപ്പെടുത്തിയ ഗൂഢാലോചനാപങ്കാളിത്തത്തിന് ഉപോദ്ബലകമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നത് മുൻനിർത്തിയാണ് കോടതി സവർക്കറെ വെറുതെ വിട്ടത്. എന്നാൽ കപൂർ കമീഷൻ മുമ്പാകെ ഹാജരായ സവർക്കറുടെ സെക്രട്ടറി വിഷ്ണുഡാംലേയും അംഗരക്ഷകനായ അപ്പാ രാമചന്ദ്രകസാറും ബഡ് ഗേയുടെ കോടതിമൊഴികൾ ഏതാണ്ട് ശരി വെയ്ക്കുന്ന തരത്തിലുള്ള മൊഴികളാണ് നൽകിയത്. കമീഷനാകട്ടെ സവർക്കറും അനുയായികളും നടത്തിയ ഗൂഢാലോചനയാണ് ഗാന്ധിവധത്തിലേയ്ക്ക് നയിച്ചത് എന്ന് അസന്ദിഗ്ദ്ധമായി അഭിപ്രായപ്പെടുകയും ചെയ്തു. അങ്ങ് അനുഷ്ഠിച്ചിരുന്ന തൊഴിലിന്റെ പ്രത്യേകതയാൽ ഇക്കാര്യങ്ങൾ വ്യക്തമായി അറിയാവുന്ന ഒരാളാണ് അങ്ങ് എന്നാണ് എന്റെ വിശ്വാസം. അതിനാൽ സവർക്കറെ വീണ്ടും കുറ്റക്കാരനാക്കുന്ന ‘സാമാന്യനീതിക്ക് ' പ്രവർത്തിക്കാനുള്ള വലിയ പഴുത് കപൂർ കമീഷൻ നൽകുന്നത് ആ വരികൾ കുറിക്കുമ്പോൾ അങ്ങെന്തേ മറന്നു?.

ഗാന്ധിവധത്തിന്റെ ഗൂഢാലോചനാകുറ്റവാളി എന്ന നിലയിൽ ജസ്റ്റീസ് ആത്മചരൺ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന രണ്ടാം സവർക്കർ എന്നറിയപ്പെട്ടിരുന്ന ഹിന്ദുമഹാസഭാ നേതാവ് ഡോ. പർച്ചൂരെയെ അപ്പീൽ കോടതിയായ പഞ്ചാബ് ഹൈക്കോടതി വെറുതെ വിട്ടു. ഗ്വാളിയർ രാജ്യവും ഇന്ത്യൻ യൂണിയനും തമ്മിലുള്ള ലയനപ്രക്രിയകൾ പൂർത്തിയാകാത്തതുകൊണ്ട് രണ്ട് നിയമസംവിധാനങ്ങൾ തമ്മിലുള്ള സാങ്കേതികമായ പൊരുത്തക്കേട് ഗ്വാളിയർ പൗരനായിരുന്ന ഡോ. പർച്ചൂരേയ്ക്ക് അനുയോജ്യമായ വിധിന്യായമായി എന്നാണ് വാസ്തവം. ഗാന്ധിവധത്തിനുമുമ്പ് പൂനെയിൽ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തെ പറ്റി കപൂർ കമീഷനുമുമ്പാകെ നിരവധി സാക്ഷ്യങ്ങൾ എത്തുകയുണ്ടായി. ‘ഗാന്ധിയും നെഹ്‌റുവും അവരുടെ ചെയ്​ത്തിന്റെ ഫലം കൊയ്യാൻ പോകുന്നു ' എന്ന മട്ടിലുള്ള ഭീഷണിയായിരുന്നു അത്.

മൗണ്ട് ബാറ്റൻ / Photo: Wikimedia Commons
മൗണ്ട് ബാറ്റൻ / Photo: Wikimedia Commons

കപൂർ കമീഷൻ റിപ്പോർട്ട് മുഴുവനായി വായിച്ച ഒരാൾക്ക് വ്യക്തമായി മനസ്സിലാകുക, ഗാന്ധി കഴിഞ്ഞാൽ തീവ്രഹിന്ദു പ്രസ്ഥാനത്തിന്റെ ലക്ഷ്യം നെഹ്‌റു ആയിരുന്നു എന്നാണ്. വസ്തുതകൾ അങ്ങനെയായിരിക്കേ തെളിവുകളൊന്നും തന്നെ നിരത്താതെ നെഹ്‌റുവിനെയും മൗണ്ട് ബാറ്റനെയുമൊക്കെ ഗാന്ധിവധത്തിന്റെ സംശയനിഴലിൽ നിർത്തുന്ന ഒരു ‘സത്യാനന്തര പുസ്തക ' ത്തെ മുൻനിർത്തി ‘ഈ പുസ്തകത്തിൽ ഉയർത്തിയിട്ടുള്ള പ്രശ്‌നങ്ങൾ വലിയതരത്തിലുള്ള ഗവേഷണം ' ആവശ്യപ്പെടുന്നു എന്നും അത് ‘രാഷ്ട്രപിതാവിന്റെ വധത്തിലേയ്ക്ക് സ്വരുക്കൂടിയ നിരവധി പ്രക്രിയയുടെ കുരുക്കഴിക്കാൻ ഭാവിയിൽ സഹായകമാകും ' എന്നും മറ്റും അങ്ങയെപ്പോലെ ഒരാൾ ആവശ്യപ്പെടുന്നത് വായിക്കുമ്പോൾ വലിയ ആശയക്കുഴപ്പം ഞങ്ങളെപ്പോലുള്ള ഇന്ത്യൻ പൗരർക്ക് അനുഭവപ്പെടും. പ്രത്യേകിച്ചും ഇന്ത്യൻ പൊതുസമൂഹത്തോട് ഈ പുസ്തകത്തെ ഗൗരവമായി പരിഗണിക്കപ്പെടാൻ അങ്ങു തന്നെ ആവശ്യപ്പെടുമ്പോൾ.

വിശ്വസ്തതയോടെ പി.എൻ. ഗോപീകൃഷ്ണൻ.


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments