""ഭൂതകാലത്തിന്റെ ചരിത്രപരമായ ആവിഷ്‌കാരം "അത് യഥാർത്ഥത്തിൽ എങ്ങനെയായിരുന്നു' എന്ന കണ്ടെത്തലല്ല, മറിച്ച് ഘോരമായ ഒരാപത്തിന്റെ നിമിഷത്തിൽ മിന്നി മറയുന്ന ഒരോർമ്മയെ കൈയെത്തിപ്പിടിക്കലാണ്''
-വാൾട്ടർ ബെന്യാമിൻ, ‘തീസിസ് ഓഫ് ദി ഫിലോസഫി ഓഫ് ഹിസ്റ്ററി.’
ഇന്ത്യൻ കോളനിയനന്തര ചരിത്രത്തിൽ അക്കാദമിക ചരിത്രകാരന്മാരെയും അല്ലാത്തവരെയും ഏറെ ആകർഷിച്ച സംഭവ പരമ്പരകളുടെ അധ്യായമാണല്ലോ 1921ലെ മലബാർ കലാപം. കഴിഞ്ഞ നൂറു വർഷമായും, പ്രത്യേകിച്ച് നൂറാം വാർഷികാചരണ/ ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞവർഷവും പഠനങ്ങളായും വായനകളായും പുനർവായനകളായുമൊക്കെയുള്ള സജീവമായ വ്യവഹാരങ്ങൾ അത് സാക്ഷ്യപ്പെടുത്തുന്നു. കലാപത്തിന്റെ സ്വഭാവം, ഉള്ളടക്കം തുടങ്ങി വിവിധ തലങ്ങളെ കുറിച്ചുള്ള പഠനങ്ങൾ കലാപ നാളുകൾ തൊട്ടേ തുടങ്ങിയെങ്കിലും പതിറ്റാണ്ടുകൾക്കുശേഷം ആർക്കൈവൽ രേഖകൾ പൊതുജനത്തിന് ലഭ്യമായി തുടങ്ങിയതോടെ ഈ രംഗത്തുണ്ടായ സംഭാവനകൾ ഗണ്യമായി കൂടുന്നതായി കാണാം. പുതിയ കാലത്ത് നവചരിത്രവാദം, സാംസ്‌കാരിക പഠനം, സ്ത്രീവാദം, കീഴാള ചരിത്രരചന, കോളനിയനന്തര പഠനം, വ്യവഹാര വിശകലനം, ഓർമ പഠനം, സംഗീത പഠനം തുടങ്ങിയ വൈവിധ്യങ്ങളായ പഠന രീതിശാസ്ത്ര സാധ്യതകൾ ഉപയോഗപ്പെടുത്തി മലബാർ കലാപത്തെക്കുറിച്ച് വായനകൾ നടക്കുന്നു.
ദൃശ്യവും അദൃശ്യവുമായ ഉപകരണങ്ങളുപയോഗിച്ച് കൊളോണിയൽ ഏജൻസി മറച്ചു വെക്കാൻ/മായ്ക്കാൻ ശ്രമിച്ച ചരിത്ര സത്യങ്ങൾ പുറത്തു കൊണ്ടുവരാൻ സാധിക്കുന്നു എന്നതാണ് സൂക്ഷ്മതല സ്പർശിയായ പുതിയ പഠനങ്ങളുടെ സവിശേഷത. മലബാർ കലാപം എന്ന ചരിത്ര സംഭവത്തിന്റെ വേര് അന്വേഷിക്കുമ്പോൾ, കാര്യകാരണ, പ്രത്യാഘാതങ്ങൾ ചികയുമ്പോൾ ഓർമയുടെ സാന്നിധ്യവും പങ്കും പ്രകടമാണ്. മലബാർ കലാപം എന്നതുകൊണ്ട് പൊതുവെ വിവക്ഷിക്കുന്ന 1921ലെ സംഭവ പരമ്പരകൾക്ക് പതിറ്റാണ്ടുകൾ മുമ്പേ മലബാറിലെ മാപ്പിളമാരുടെ സാധാരണ ജീവിതത്തിൽ അനുഷ്ഠാനപരമായി ഓർമ നിലനിർത്തുന്ന രീതികൾ ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കിയിരുന്നു. തൽഫലമായാണ് ഖബർ സിയാറത്തും പാട്ട് കെട്ടലും, പാടലും നിയമനിർമാണത്തിലൂടെ നിരോധിച്ചത്. എന്നാൽ ഇവിടെ ഖബർ സിയാറത്തും മാപ്പിളപ്പാട്ട് കെട്ടലും പാടലും നിരോധിക്കുന്നതിലൂടെ മാപ്പിളമാരുടെ ഓർമയെ തന്നെ നിരോധിക്കാനാണ് കൊളോണിയൽ ഭരണകൂടം ശ്രമിച്ചത്. അത് ഓർമയുടെ നിരോധനത്തിനു പുറമേ, മാപ്പിളമാരുടെ സ്ഥിര രൂപം/ വാർപ്പുമാതൃക വ്യത്യസ്ത രൂപകങ്ങളിലൂടെ നിർമിച്ചെടുക്കുന്നതായി കൊളോണിയൽ വ്യവഹാരങ്ങളുടെ സൂക്ഷ്മവായനയിൽ കാണാം. മതഭ്രാന്തൻ, ഹാലിളകിയവർ, ജംഗിൾ മാപ്പിള, കൊള്ളയടിക്കാർ, റിബൽസ് തുടങ്ങിയവയെല്ലാം ഇത്തരം നിർമിതികളാണ്.
കൊളോണിയൽ ഭരണ വ്യവസ്ഥ അധികാരം കൈക്കലാക്കുന്നതിനായി തദ്ദേശീയരെ കുറിച്ച് വഞ്ചകൻ, അപരിഷ്‌കൃതൻ, ആസക്തിയുള്ളവൻ തുടങ്ങിയ സ്ഥിരരൂപങ്ങൾ നിർമിക്കുമെന്ന പ്രശസ്ത ചിന്തകനായ ഹോമി കെ. ബാബയുടെ നിരീക്ഷണം ആംഗ്ലോ- മാപ്പിള വ്യവഹാരങ്ങളിലും ശരിവെക്കുന്നു.
യാഥാർഥ്യത്തെയും ഓർമ്മയെയും മായ്ച്ച് കളഞ്ഞ് കൊളോണിയൽ ഭാവനയിൽ പുതിയ മാപ്പിളയെ സൃഷ്ടിച്ചെടുക്കുന്ന "സിവിലൈസിങ് വിദ്യ'യും അതിനെത്തുടർന്നുള്ള ചരിത്ര രചനകളെ അപനിർമിക്കുന്നതിൽ തദ്ദേശീയരുടെ വാമൊഴികൾ, തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ഓർമകൾ, ഡയറിക്കുറിപ്പുകൾ, കത്തുകൾ, റിപ്പോർട്ടുകൾ തുടങ്ങിയവയുടെ പങ്ക് വളരെ വലുതാണ്. ആ അർത്ഥത്തിൽ വാൾട്ടർ ബെന്യാമിൻ സൂചിപ്പിച്ചതുപോലെ, മലബാർ കലാപ ചരിത്രത്തിൽ മിന്നിമറയുന്ന ഓർമയുടെ/ ചരിത്രത്തിന്റെ ശേഷിപ്പാണ് മലബാർ സമരത്തിന്റെ വീരനായകൻ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പന്തല്ലൂരിൽ നിന്ന് "ദി ഹിന്ദു' പത്രത്തിലേക്കയച്ച കത്ത്.
മലബാർ കലാപ പാഠത്തിൽ നിന്ന് വാരിയം കുന്നത്ത് എന്ന അധ്യായം തുടച്ചുമാറ്റാൻ/മറച്ചുവെക്കാൻ ഭരണകൂടം നിരന്തരമായി ശ്രമിച്ചിരുന്നുവെന്ന കാര്യം ഈ കത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു. കത്ത് 1921 ൽ പ്രസിദ്ധീകരിക്കുന്നതിലൂടെയും 2021 ൽ പുനഃ പ്രസിദ്ധീകരിക്കുന്നത്തിലൂടെയും "ദി ഹിന്ദു' പത്രം ചെയ്തത് കൊളോണിയൽ ഭരണകൂടത്തിന്റെ ഓർമയുടെ നിരോധനത്തെ അവഗണിക്കുന്ന/ റദ്ദുചെയ്യുന്ന വലിയ ചരിത്ര ധർമമാണെന്ന് പറയാതെവയ്യ. പ്രസ്തുത കത്തിന്റെ പൂർണരൂപം ഇങ്ങനെയാണ്:
Paudalur Hill.
Oct. 7
Honoured Editor, - I request you to publish the following facts in your paper.
According to the Press reports from Malabar which you will have got, Hindu- Muslim Unity in Malabar has thoroughly ceased to exist. It appears that the report that Hindus are forcibly converted (by my men) is entirely untrue. Such conversions were done by the Government Party and Reserve Police men in mufti mingling themselves with the rebels (masquerading as rebels.)
Moreover, because some Hindu brethren, aiding the military, handed over to the military the innocent (Moplahs) who were hiding themselves from the military, a few Hindus have been put to some trouble. Besides, the Nambudri, who is the cause of this rising, has also similarly suffered. Now, the chief military commander (of Government) is causing the Hindus to evacuate from these Taluks. Innocent women and children of Islam, who have done nothing and possess nothing, are not permitted to leave the place.
The Hindus are compulsorily impressed for military service. Therefore, several Hindus seek protection in my Hill. Several Moplahs, too, have sought my protection.
For the last one month and a half, except for the seizure and punishment of the innocent, no purpose has been achieved.
Let all people in the world know this. Let Mahatma Gandhi and the Moulana know it.
If this letter is not seen published, I will ask for explanation at one time. Thus.
Variamkunnath, Kunhamed Haji.
(Signature Mark),
Pandalur Commander.
P. S. Copy may be given to other papers.
Oct. 7.
കൊളോണിയൽ ഭരണകൂടം ദൃശ്യമായും അദൃശ്യമായും സൃഷ്ടിച്ചെടുത്ത മാപ്പിള രൂപകങ്ങളെ / മാതൃകയെ റദ്ദ് ചെയ്യുന്നതാണ് കത്തിന്റെ ഉള്ളടക്കവും കെട്ടും മട്ടും എന്ന് ഒറ്റ വായനയിൽ തന്നെ മനസ്സിലാക്കാം. 1921 ഒക്ടോബർ 7 എന്ന് തിയ്യതി വെച്ച കത്ത് പ്രസിദ്ധീകരിക്കുന്നത് ഒക്ടോബർ 18 നാണ്. പത്രത്തിന്റെ എഡിറ്ററോട് താൻ അയക്കുന്ന വസ്തുതകൾ പ്രസിദ്ധീകരിക്കാൻ അപേക്ഷിക്കുന്നതിലൂടെയും അവസാന ഭാഗത്ത് "ഈ കത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ ഒരു നാൾ നിങ്ങളോട് വിശദീകരണം ചോദിക്കു'മെന്ന താക്കീതും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയിലെ ഉത്തരവാദിത്വമുള്ള നേതാവിനെയും ഉശിരുള്ള, ചെറുത്തു നില്ക്കാൻ കെൽപ്പുള്ള മാപ്പിളയെയും കാണിക്കുന്നു. പന്തല്ലൂർ മലകളിൽ കഴിയുന്ന വാരിയം കുന്നത്തിന്റെ വാർത്താവിനിമയ സംവിധാനത്തിലെ മികവിലേക്ക് വിരൽ ചൂണ്ടുന്നതും മലബാറിലെ പത്രറിപ്പോർട്ടുകളിലെ അസത്യത്തെ വിമർശിക്കുന്നതുമാണ് കത്തിലെ ആദ്യ ഭാഗം. മത പരിവർത്തനത്തെ നിഷേധിക്കുന്നില്ലെങ്കിലും വാർത്തകളിൽ കാണുന്ന പോലെ തന്റെ ആളുകളാണ് മത പരിവർത്തനത്തിന് പിന്നിലെന്നത് അസത്യമാണെന്ന് അദ്ദേഹം എഴുതുന്നു.
ഭരണകൂടം ഉന്മൂലനം ചെയ്യാൻ ശ്രമിച്ച വാരിയംകുന്നത്തിന്റെ ഓർമകളിൽ / ചരിത്രത്തിൽ "വഴുതി'പ്പോയ സത്യവും കോളനിയനന്തര പഠനത്തിൽ വളരെ പ്രാധാന്യമുള്ളതുമായ പ്രസ്താവനയാണ് കത്തിലെ പിന്നീടുള്ള ഭാഗം. മലബാറിലെ മതപരിവർത്തനത്തിനു പിന്നിൽ, ഗവൺമെൻറ് കക്ഷിക്കാരും സമരക്കാർ എന്ന വ്യാജേന ആളുകൾക്കിടയിൽ പ്രവർത്തിക്കുന്ന റിസർവ് പൊലീസും ആണെന്ന് കത്തിൽ അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നു.
"ആളുകൾക്കിടയിൽ പ്രവർത്തിക്കുന്നു' എന്നതിനുപുറമേ "സമരക്കാർ എന്ന രീതിയിൽ വ്യാജ വേഷം ധരിച്ച' എന്നു ബ്രാക്കറ്റിൽ ചേർത്തിരിക്കുന്നു. ഈ പ്രച്ഛന്നവേഷത്തിന് നൽകിയ ഊന്നൽ കൊളോണിയൽ ചരിത്രരചനയിലെ നിർമിതികളെ പൊളിച്ചുമാറ്റാൻ കെൽപ്പുള്ളതാണ്. മലബാർ കലാപം ഹിന്ദു-മുസ്ലിം ദ്വന്ദങ്ങളിൽ കെട്ടിവെക്കാനുള്ള കൊളോണിയൽ യുക്തിയെയാണ് അത് തകിടം മറിക്കുന്നത്. പതിറ്റാണ്ടുകളായി നിർമിച്ചെടുക്കാൻ ശ്രമിക്കുന്ന മാപ്പിള സ്ഥിര രൂപങ്ങളെ / മാതൃകകളെയാണ് അത് തള്ളിക്കളയുന്നത്. തദ്ദേശീയരുടെ സ്വത്വനിർമിതിയിലൂടെ മാത്രമേ കൊളോണിയൽ യജമാനന് തന്റെ സ്വത്വം നിർമ്മിച്ചെടുക്കാനാവൂയെന്ന് ഹോമി.കെ.ബാബ പ്രസ്താവിക്കുന്നുണ്ട്. ആയതിനാൽ, കൊളോണിയൽ മാസ്റ്ററുടെ സ്വത്വം "അപരനായ' തദ്ദേശീയന്റെ സ്വത്വത്തോട് കടപ്പെട്ട് കിടക്കുന്നു. ഇരുവരുടെയും സ്വത്വം അസ്ഥിരവും ആപേക്ഷികവുമാണ്. ആ അർത്ഥത്തിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇവിടെ തദ്ദേശീയരുടെ ആഖ്യാനം നൽകുന്നു എന്നതോടൊപ്പം കൊളോണിയൽ ആഖ്യാനങ്ങളിലെ വൈരുദ്ധ്യതയിലേക്കും നിർമിതിയിലെ അസ്ഥിരതയിലേക്കും വിരൽചൂണ്ടുന്നു. ബ്രിട്ടീഷ് ഗവൺമെന്റിനെയും അവരുടെ ഏജൻസികളെയും ഇത്തരത്തിൽ വാരിയംകുന്നത്ത് കത്തിലൂടെ ആരോപിക്കുന്നതിലൂടെ പ്രത്യയശാസ്ത്രപരമായി കൂടുതൽ ഗുരുതരമായ അവസ്ഥയിൽ അവരെ പ്രതിഷ്ഠിക്കുന്നു. അത് ഹോമി.കെ.ബാബയുടെ mimicry (അനുകരണം) എന്ന സങ്കല്പത്തിന്റെ ഒരു അനുബന്ധമായി കാണാം. കൊളോണിയൽ നിർമ്മിതിയുടെ/വ്യവഹാരത്തിന്റെ അസ്ഥിര/അനിശ്ചിതമായ അവസ്ഥ വിശദീകരിക്കുന്നതിൽ ഹോമി.കെ.ബാബയുടെ ഒരു താക്കോൽ വാക്കാണ് "അനുകരണം'.
കൊളോണിയൽ യജമാനന്റെ "ഉന്നതമായ' സംസ്‌കാരവും വിദ്യാഭ്യാസവും സ്വഭാവവും അനുകരിച്ച് ഒരു "ലക്ഷണമൊത്ത തദ്ദേശീയ പതിപ്പ്' നിർമ്മിക്കുക എന്നതാണ് കൊളോണിയൽ പക്ഷമെങ്കിൽ അനുകരണം, അതിലടങ്ങിയിരിക്കുന്ന പരിഹാസവും ഭീഷണിയും കാരണം, ഒരു ചെറുത്തു നിൽപ്പിന്റെ ഉപകരണമായും കൊളോണിയൽ അധികാരത്തിന്റെ പരിമിതിയായും ബാബ അവതരിപ്പിക്കുന്നു. എന്നാൽ മലബാർ കലാപ ചരിത്രരചനയിൽ വിശിഷ്യാ ആംഗ്ലോ- മാപ്പിള ബന്ധത്തിൽ ഇവ രണ്ടും അല്ലാത്ത ഒരു അനുകരണം നമുക്ക് ദർശിക്കാവുന്നതാണ്. മലബാറിൽ ബ്രിട്ടീഷ് ഏജൻസി മാപ്പിള വേഷം ധരിച്ച് ഇറങ്ങുകയും ചരിത്ര സംഭവത്തെ തന്നെ വഴിതിരിച്ചു വിടാനും ശ്രമിക്കുന്നു. ബ്രിട്ടീഷുകാരും അവരുടെ ദല്ലാളുമാരും തദ്ദേശീയ വേഷം ധരിച്ച് ജനങ്ങളിക്കിടയിലിറങ്ങിയത് പല ആഖ്യാനങ്ങളിലും കാണാനാകും. പക്ഷേ ഇത്തരം പ്രച്ഛന്നവേഷങ്ങളെയും വ്യാജ അനുകരണങ്ങളെയും അതിജീവിക്കാനായി മാപ്പിളമാർ തനതായ ആശയവിനിമയ സംവിധാനം വികസിപ്പിച്ചെടുത്തിരുന്നു എന്നത് ഇവിടെ ഓർക്കേണ്ടതാണ്. കൂട്ട ബാങ്ക്, തക്ബീർ, നകാര മുഴക്കൽ, മൈഗുരുഡ് ഭാഷ തുടങ്ങിയവയെല്ലാം അതിന് ഉദാഹരണങ്ങളാണ്. ഇതിനു പുറമെ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച മലയാള രാജ്യത്തെക്കുറിച്ച് ലഭ്യമായ വളരെ കുറച്ച് വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി, അതിൽ ബാബ പറഞ്ഞത് പോലുള്ള കൊളോണിയൽ ചെറുത്തു നില്പിനുള്ള അനുകരണം കാണാവുന്നതാണ്. കറൻസി അച്ചടിച്ചതായും, പാസ്‌പോർട്ട് ഏർപ്പെടുത്തിയതായും, രാജ്യാതിർത്തി നിർണയിച്ചതായുമെല്ലാം മലയാള രാജ്യത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളിൽ പറയുന്നു. തന്റെ ദേശക്കാരെ വിദേശികൾക്ക് ഒറ്റുകൊടുത്തവരുടെ ജാതിയും മതവും നോക്കാതെ വാരിയം കുന്നത്ത് ശിക്ഷിച്ചതിനും താക്കീത് നൽകിയതിനും ഏറെ ഉദാഹരണങ്ങളുണ്ട്. അതേ നിലപാടിലേക്ക് വെളിച്ചം വീശുന്നതാണ് "പ്രശ്‌നങ്ങൾക്കെല്ലാം കാരണക്കാരനായ നമ്പൂതിരിയെ' കുറിച്ചുള്ള പരാമർശം. മലബാറിലെ ഹിന്ദു- മുസ്ലിം ഐക്യം തകർക്കുന്നതിനായി ബ്രിട്ടീഷ് പക്ഷക്കാർ മതപരിവർത്തനത്തിന് പുറമേ മതം നോക്കി സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നതും അല്ലെങ്കിൽ നിഷേധിക്കുന്നതും ഹാജി നിശിതമായി കത്തിലൂടെ വിമർശിക്കുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കത്തിലെ പരാതി രൂപേണയുള്ള ഈ വിമർശനം കലാപം കൊടുമ്പിരിക്കൊണ്ടപ്പോൾ തന്റെ ദേശത്ത് നടമാടിയ പട്ടാള രാജും വിഭജിച്ചുള്ള ഭരണവും തുറന്നു കാണിക്കുന്നു.
കലാപകാലത്ത് ഭൂരിഭാഗം പത്രങ്ങളും സർക്കാർ നൽകിയ കമ്മ്യൂണിക്കുകൾ മാറ്റമില്ലാതെ പ്രസിദ്ധീകരിക്കുകയായിരുന്നു. അതിന് വിഭിന്നമായ ഏതാനും ചില പത്രങ്ങളിൽപെട്ടവ യായിരുന്നു "ദി ഹിന്ദു', "ബോംബെ ക്രോണിക്കിൾ' എന്നിവ. അക്കാലത്തെ പത്രങ്ങളുടെ നിലപാടുകളെക്കുറിച്ച് കൃത്യമായി ബോധ്യമുള്ളത് കൊണ്ട് തന്നെയാണ് ഹാജി "ദി ഹിന്ദു' വിന്റെ എഡിറ്റർക്ക് കത്തെഴുതിയതും അവസാനം അതിന്റെ കോപ്പി മറ്റുള്ളവർക്ക് നൽകാൻ അവരോട് ആവശ്യപ്പെട്ടതും. 1921 ഒക്ടോബർ 18 ന് "ദി ഹിന്ദു' പ്രസിദ്ധീകരിച്ച കത്ത് അതേപടി "ബോംബെ ക്രോണിക്കിളി'ൽ ഒക്ടോബർ 25 ന് അച്ചടിച്ചിട്ടുണ്ട്. കത്തിനോടൊപ്പം വന്ന റിപ്പോർട്ട് ഇങ്ങനെയായിരുന്നു :
THE MOPLAH OUTBREAK.
FORCED CONVERSIONS.
LEADER'S LETTER TO "HINDU'
The "Hindu' writes: -
What may be said to be the rebel view of the Moplah rebellion is contained in the following letter, addressed to the 'Hindu,'' purporting to be written by the rebel Moplah leader, Variumkunnath Kunahmed Haji, from his hilly rendezvous at Pandalur.
The original, which is preserved by us is written on old-fashioned, Austrian made, ruled letter paper with a black lead pencil in crude, characteristic Moplah Malayalam.
In translating the letter, endeavour has been made, within the limits of intelligibility, to be as literal as possible.
Being in Malayalam, the letter escaped earlier notice.
ഏതായാലും കുഞ്ഞഹമ്മദ് ഹാജി കത്തിൽ ഉന്നയിച്ച നാടുകടത്തലിനെക്കുറിച്ചും സഞ്ചാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വിമർശനം ദേശീയതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ട, ഇടപെടലുകളുണ്ടായ റിലീഫ് പ്രവർത്തനത്തിലെ വിവേചനത്തെ സൂചിപ്പിക്കുന്നു. മലബാർ കലാപം തുടങ്ങി ഏതാനും ആഴ്ചകൾക്കകം തന്നെ കോഴിക്കോട് കേന്ദ്രീകരിച്ച് തുടങ്ങിയ റിലീഫ് പ്രവർത്തനങ്ങൾ സമഗ്രമായി റിപ്പോർട്ട് ചെയ്ത പത്രങ്ങളിൽ ഒന്നാണ് "ബോംബെ ക്രോണിക്കിൾ'. റിലീഫിന്റെ പ്രാധാന്യം, ഫണ്ട് സമാഹരണത്തിനുള്ള കത്തുകൾ, അപേക്ഷകൾ, പരസ്യങ്ങൾ, റിലീഫിലെ വിവേചനം തുടങ്ങിയവയെല്ലാം വിശദമായി 1921ലും 1922 ലും ദിനേനെ "ബോംബെ ക്രോണിക്കിൾ' പ്രസിദ്ധീകരിച്ചിരുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി "ദി ഹിന്ദു'വിനെഴുതിയ കത്ത് ഒറ്റപ്പെട്ട ഒരു ടെക്സ്റ്റായി കാണാതെ ദേശീയ തലത്തിൽ തന്നെ പിന്നീട് വലിയ ചർച്ചകൾക്ക് കാരണമായ പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ദേശീയ, തദ്ദേശീയ ആഖ്യാനങ്ങൾക്കൊപ്പമാണ് അതിനെ വായിക്കേണ്ടത്.
കത്ത് അവസാനിക്കുമ്പോൾ ബ്രിട്ടീഷ് ഭരണം അമ്പേ പരാജയം ആണെന്നും ഹിന്ദുക്കളും മുസ്ലിംകളും എന്റെ മലയിൽ അഭയം തേടുന്നു എന്നും പറയുമ്പോൾ ഹാജിയുടെ സ്വരം അല്പം വെല്ലുവിളിയുടെതായി മാറുന്നതായി കാണാം. ഈ പ്രശ്‌നങ്ങളെല്ലാം മാലോകർ അറിയട്ടെ എന്നും ദേശീയ നേതൃത്വത്തിലുള്ള ഗാന്ധിജിയും മൗലാനയും അറിയട്ടെ എന്നുമുള്ള പ്രസ്താവന രാഷ്ട്രീയപരവും ഹാജിയുടെ ദേശീയ-അന്തർദേശീയ അനുഭവത്തെ ഓർമിപ്പിക്കുന്നത് കൂടിയാണ്. 1920 ൽ കോഴിക്കോട് ഗാന്ധിയും മൗലാനയും കോൺഗ്രസ് സമ്മേളനത്തിൽ വരുന്നതോടെയാണല്ലോ മലബാറിൽ ദേശീയ പ്രസ്ഥാനം സജീവമാകുന്നത്. കലാപകാലത്ത് ദേശീയ നേതാക്കൾക്ക് മലബാറിലേക്ക് പ്രവേശനം നിഷേധിച്ചിരുന്ന സാഹചര്യത്തിൽ ദേശീയതലത്തിൽ തന്നെ മലബാർ സന്ദർശിക്കാൻ ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് അവസരം നൽകണമെന്ന മുറവിളിയും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. ""ഈ കത്തിന്റെ ഒറിജിനൽ അറബി മലയാളത്തിലായതിനാൽ, വായിച്ചെടുക്കേണ്ട ബുദ്ധിമുട്ട് കാരണം, കത്ത് ശ്രദ്ധയിൽ നിന്ന് വിട്ടുപോയതായി'' "ദി ഹിന്ദു' എഡിറ്റർ പറയുന്നു. ""പഴഞ്ചനായ ഓസ്ട്രിയൻ ചുരുൾ പേപ്പറിൽ കറുത്ത ലെഡ് പെൻസിൽ ഉപയോഗിച്ച് സവിശേഷമായ മാപ്പിള മലയാളത്തിലാണ് കത്ത് എഴുതപ്പെട്ടിട്ടുള്ളത്'' എന്ന് എഡിറ്റർ കൂട്ടിച്ചേർക്കുന്നു. മലബാർ കലാപവുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ആഖ്യാനമായി ഈ കത്തിനെ കാണാൻ സാധിക്കില്ല. കത്തിനോടൊപ്പം കൊടുത്തിരിക്കുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നപോലെ അടിസ്ഥാനപരമായി ഇത് തദ്ദേശീയരുടെ പരിപ്രേക്ഷ്യത്തിൽ എഴുതപ്പെട്ട ചരിത്ര പാഠമാണ്. കോളനി വാഴ്ചയിൽ നിന്ന് അറുതി ലഭിക്കാൻ അചഞ്ചലമായി പോരാട്ടം നയിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമകൾ തുടച്ചുമാറ്റാൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ബോധപൂർവ്വം ശ്രമിച്ചു എന്നതിനാൽ ഈ കത്ത് മറവിയെ/മായ്ക്കലിനെ അതിജീവിച്ച അപൂർവ രേഖയാണ്. പ്രാദേശിക ചരിത്രകാരനായ എ.കെ. കോടൂർ തന്റെ വിഖ്യാതമായ ആംഗ്ലോ-മാപ്പിള യുദ്ധം എന്ന പുസ്തകത്തിൽ ഹാജിയുടെ അന്ത്യത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ""18നു വരെയുള്ള വിവരങ്ങൾ ശരിക്ക് അറിയുന്നില്ല. ഇന്നത്തെ ഓഫീസിലായിരുന്നു അന്നത്തെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോർട്ടും ഓഫീസും. അവിടെ വെച്ചാണ് സമ്മറി വിചാരണ നടന്നത്..............ജനുവരി 20 ന് രാവിലെ 10 മണിക്ക് കോട്ടക്കുന്നിന്റെ വടക്കേ ചരിവിൽ മലപ്പുറം മഞ്ചേരി റോഡിൽ നിന്ന് ഒരു വിളിപ്പാടകലെ വെച്ച് വെടിവെച്ച് കൊല്ലുകയും ചെയ്തു. മൃതദേഹത്തൊടൊപ്പം വിപ്ലവ ഗവണ്മെന്റിന്റെ റിക്കാർഡുകൾ നിറച്ച പെട്ടിയും മറ്റേതാനും രേഖകളും മലപ്പുറം അംശം അധികാരി കളപ്പാടൻ ആലിയുടെ മേൽനോട്ടത്തിൽ പെട്രോളൊഴിച്ച് തീവെച്ചു''.
കലാപാനന്തരകാലത്തും മലബാറിൽ ഓർമകൾ മായ്ച്ചുകളയുന്നതിനായുള്ള ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇടപെടലുകൾ കാണാം. മാർഷ്യൽ ലോയും മലബാർ സ്‌പെഷ്യൽ പൊലീസും കലാപം അടിച്ചമർത്തുന്നതിനെന്ന പോലെ ഓർമയെ നിരോധിക്കാനും ഉപയോഗപ്പെടുത്തി. മലബാർ കലക്ടറായിരുന്ന ജെ.എ. തോറൻ 1925 ഏപ്രിൽ 26ന് പുറപ്പെടുവിച്ച നോട്ടീസിലൂടെ, സമര പോരാളികളുടെ ഓർമ നിലനിർത്താനായി പാട്ട് കെട്ടുന്നവരെയും സ്മാരകങ്ങൾ പണിയുന്നവരെയും നേർച്ച കഴിക്കുന്നവരെയുമെല്ലാം നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയതും ഓർമയുടെ മേൽ അധികാരം സ്ഥാപിക്കാനുള്ള കൊളോണിയൽ യുക്തിയായി കാണാം.