കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ,
ഈ കാലത്തിന്റെയും റെഡ് ബുക്ക്

‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ പുറത്തിറങ്ങിയിട്ട് 175 വർഷം പിന്നിട്ടു. ‘മാനിഫെസ്റ്റോ’യുടെ പ്രസിദ്ധീകരണ ദിനമായ ഫെബ്രുവരി 21 റെഡ് ബുക്ക് ഡേ ആയി ആചരിക്കുകയാണ്. ‘റെഡ് ബുക്ക് ഡേ’യുടെ സമകാലിക രാഷ്ട്രീയ പ്രസക്തി എന്താണ്? കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ലോക തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയ സൈദ്ധാന്തിക മാർഗരേഖയായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങിയിട്ട് 175 വർഷം പിന്നിട്ടു. മനുഷ്യസമൂഹത്തിന്റെ ചരിത്രഗതിക്രമത്തെ മാറ്റിത്തീർക്കുന്നതിൽ നിർണായക പങ്കുവഹിച്ച കൃതിയാണിത്. ലോകത്തിലേറ്റവും വായിക്കപ്പെട്ട കൃതി. ബൈബിളും ഖുറാനും കഴിഞ്ഞാൽ ലോകത്തിലേറ്റവും പ്രചാരം ലഭിച്ച കൃതി. ടെറി ഈഗിൾടെൻ നിരീക്ഷിക്കുന്നതുപോലെ 19-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട, ഏറ്റവും സ്വാധീനമുണ്ടാക്കിയ ഒരൊറ്റ കൃതി മാനിഫെസ്റ്റോ മാത്രമാണ്. മാനിഫെസ്റ്റോയുടെ രചയിതാവിനെപോലെ മറ്റൊരു ചിന്തകരും രാഷ്ട്രീയക്കാരും ശാസ്ത്രജ്ഞരും മതനേതാക്കളും ഇത്രയും നിർണായകമായി ചരിത്രത്തിന്റെ ഗതിക്രമത്തെ സ്വാധീനിച്ചിട്ടില്ല, പരിവർത്തനപ്പെടുത്തിയിട്ടില്ല. മനുഷ്യചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ മാർക്‌സ് രൂപാന്തരപ്പെടുത്തി എന്ന കാര്യം കടുത്ത മാർക്‌സിസ്റ്റ് വിരുദ്ധർപോലും അംഗീകരിക്കുന്ന വസ്തുതയാണ്.

ടെറി ഈഗിൾടെൻ

കടുത്ത സോഷ്യലിസ്റ്റ് വിരുദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ലൂഡ്വിഗ്വോൺ മൈസസ്. കെയ്‌നീഷ്യൻ സാമ്പത്തിക സിദ്ധാന്തങ്ങൾക്കെതിരെ പരസ്യമായി രംഗത്തുവരികയും മുസോളിനിയുടെ ഫാഷിസത്തെ ന്യായീകരിക്കുകയും ചെയ്ത ചിന്തകൻ. അദ്ദേഹത്തിന്റെ 'ലിബറലിസം' എന്ന കൃതി കടുത്ത ഇടതുപക്ഷ വിരുദ്ധത പുലർത്തുന്നതാണ്. പൊതുമേഖലയും സർക്കാർ ഇടപെടൽ നയങ്ങളും അന്തിമമായി സോഷ്യലിസത്തിലേക്ക് നയിക്കുമെന്ന് 1930-കളിൽ തന്നെ മുതലാളിത്ത രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ മൈസസിന്റെ സിദ്ധാന്തങ്ങളാണ് പിൽക്കാലത്ത് നിയോ ലിബറലിസത്തിന്റെ സൈദ്ധാന്തിക അടിസ്ഥാനമായി തീർന്നത്.
മാനിഫെസ്റ്റോയും അതിലൂടെ ലോകത്ത് അവതരിപ്പിക്കപ്പെട്ട മാർക്‌സിസവും മനുഷ്യസമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തെയും അതിന്റെ സാർവത്രിക സ്വഭാവത്തെയും കുറിച്ച് അദ്ദേഹം പറയുന്നത് നോക്കൂ: ‘‘ചരിത്രം കണ്ടിട്ടുള്ള ഏറ്റവും ശക്തമായ പരിഷ്‌കരണപ്രസ്ഥാനം, മനുഷ്യരാശിയുടെ ഒരു വിഭാഗത്തിൽ പരിമിതപ്പെട്ടു നിൽക്കാതെ എല്ലാ വംശങ്ങളിലും രാജ്യങ്ങളിലും മതങ്ങളിലും സംസ്കാരങ്ങളിലും പെട്ട ആളുകളിൽ പിന്തുണക്കപ്പെട്ട ആദ്യത്തെ പ്രത്യയശാസ്ത്ര പ്രവണത.''

എറിക് ഹോബ്‌സാം ‘ചരിത്രപരമായ അനിവാര്യതയുടെ രേഖ’ എന്നാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ രചനയെ വിശേഷിപ്പിച്ചത്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യ പതിപ്പിന്റെ കവർ

മുതലാളിത്തത്തിന്റെ ശവക്കുഴി തോണ്ടാനായി പിറന്നുവീണ തൊഴിലാളിവർഗത്തെ ഒരു സ്വതന്ത്ര രാഷ്ട്രീയശക്തിയാക്കി വളർത്തുന്നതിൽ നിർണായക പങ്കാണ് മാനിഫെസ്റ്റോക്കും അതിന്റെ രചയിതാക്കൾക്കുമുള്ളത്. പ്രായോഗിക വിപ്ലവപ്രവർത്തനത്തിനുള്ള വഴികാട്ടിയെന്ന നിലയിലാണ് മാനിഫെസ്റ്റോ രചിക്കപ്പെടുന്നത്. കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യവും അതിലേക്കെത്താനുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ രാഷ്ട്രീയ സമീപനവുമാണ് മാനിഫെസ്റ്റോ വ്യക്തമാക്കുന്നത്.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ജീവസത്ത എന്നത് വർഗസമര സിദ്ധാന്തമാണ്. മാനിഫെസ്റ്റോ തുടങ്ങുന്നതുതന്നെ, നാളിതുവരെയുള്ള മനുഷ്യസമൂഹത്തിന്റെ ലിഖിത ചരിത്രമാകെ വർഗസമരങ്ങളുടെ ചരിത്രമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്. ഓരോ സമൂഹത്തിലും നടക്കുന്നതും സമൂഹത്തിന്റെയാകെ വിപ്ലവകരമായ പുനഃസംഘടനയെ ലക്ഷ്യമാക്കിയിട്ടുള്ളതുമായ പോരാട്ടമാണ് വർഗസമരമെന്ന് മാനിഫെസ്റ്റോ വ്യക്തമാക്കുന്നു. ചരിത്രത്തെ സംബന്ധിച്ച വൈരുദ്ധ്യാത്മകവും ഭൗതികവാദപരവുമായ രീതിശാസ്ത്രമാണ് മാനിഫെസ്റ്റോയിലുടനീളം മാർക്‌സും ഏംഗൽസും സ്വീകരിച്ചിട്ടുള്ളത്.

ചരിത്രത്തിന്റെ ഭൗതികവ്യാഖ്യാനമനുസരിച്ച് ഓരോ സമൂഹത്തിലും ഉൽപാദനശക്തികളും അവയുടെ വളർച്ചയുടെ നിലവാരത്തിനനുസരിച്ച് ഉൽപാദനബന്ധങ്ങളുമുണ്ട്. നിരന്തരം വളരുകയെന്ന പ്രവണതയാണ് ഉൽപാദനശക്തികൾക്കുള്ളത്. എന്നാൽ ഉൽപാദനബന്ധങ്ങൾ ഒരിക്കൽ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാൽ സ്വയം മാറാതിരിക്കാനുള്ള പ്രവണത പ്രകടിപ്പിക്കുന്നു. അതായത് ഉൽപാദനശക്തികളും ഉൽപാദനബന്ധങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് വർഗസമരത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത്. വർഗവിഭജിത സമൂഹങ്ങളിൽ ഈ വിരുദ്ധശക്തികളെ പ്രതിനിധാനം ചെയ്യുന്ന വർഗങ്ങളും അവ തമ്മിലുള്ള സമരവുമാണ് ചരിത്രത്തിന്റെ ചാലകശക്തിയായി വർത്തിക്കുന്നത്. മുതലാളിത്ത സമൂഹത്തിൽ ഈ സമരം കൂടുതൽ സങ്കീർണമായി തീരുന്നുവെന്നതാണ് മുതലാളിത്തത്തിന്റെ വികാസ പരിണാമങ്ങളുടെ ചരിത്രാനുഭവങ്ങൾ കാണിക്കുന്നത്.

കമ്യൂണിസ്റ്റുകാർക്കെതിരെ പ്രതിലോമ ശക്തികൾ ചേർന്നുണ്ടാക്കിയ 'വിശുദ്ധസഖ്യ'ത്തെയും അവർ നടത്തിക്കൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങളെയും തുറന്നുകാട്ടുകയും കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യവും പരിപാടിയും വ്യക്തമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് അവതരിപ്പിക്കുന്നതെന്ന മുഖവുരയോടെയാണ് മാനിഫെസ്റ്റോ ആരംഭിക്കുന്നത്.

മുതലാളിത്തം കുത്തക മുതലാളിത്തവും സാമ്രാജ്യത്വവുമായി വളരുന്നതോടെ സാമ്രാജ്യത്വ രാജ്യങ്ങൾ ലോകത്തെയാകെ സാമ്പത്തികമായും രാഷ്ട്രീയമായും വിഭജിച്ചെടുക്കുന്നതോടെ പ്രത്യക്ഷപ്പെടുന്ന പുതിയ വൈരുദ്ധ്യങ്ങളെ ലെനിൻ വിശകലനം ചെയ്തു. ഓരോ രാജ്യത്തിനകത്തും ചൂഷകരും ചൂഷിതരും തമ്മിലുള്ള വൈരുദ്ധ്യത്തോടൊപ്പം സാമ്രാജ്യത്വരാഷ്ട്രങ്ങളും മർദ്ദിത രാഷ്ട്രങ്ങളും ജനതകളും തമ്മിലുള്ള വൈരുദ്ധ്യവും പ്രധാനമായിത്തീരുന്നു.

തൊഴിലാളിവർഗ നേതൃത്വം അസംതൃപ്തരായ ഇതര വർഗങ്ങളെയെല്ലാം അണിചേർത്ത് മഹാഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി മാറുമെന്നാണ് മാനിഫെസ്റ്റോ ദീർഘദർശനം ചെയ്യുന്നത്. ചരിത്രത്തെയും സാമൂഹ്യപരിവർത്തനത്തെയും സംബന്ധിച്ച ശാസ്ത്രീയമായ വിശകലനമാണ് മാനിഫെസ്റ്റോ നടത്തുന്നത്. ചരിത്രപരമായ പരിവർത്തനം നിരന്തരം സംഭവിക്കുന്നത് സ്വന്തം ചരിത്രം നിർണയിക്കുന്ന മനുഷ്യരിലൂടെയാണെന്നാണ് മാർക്‌സിസം കാണുന്നത്. ചരിത്രത്തിന്റെ ഗതിവിഗതികൾ കേവലമായ പ്രകൃതിനിയമങ്ങൾപോലെയല്ലെന്നും അതിൽ മനുഷ്യർക്ക് പ്രധാന പങ്കുണ്ടെന്നും മാർക്‌സിസം കാണുന്നു.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അസന്ദിഗ്ധമായ ഭാഷയിൽ വ്യക്തമാക്കുന്നത് മുതലാളിത്തം അതിന്റെ ശവക്കുഴി തോണ്ടുന്ന ദിവസവും കാത്ത് നാം കയ്യുംകെട്ടി നിൽക്കുകയല്ല, വിപ്ലവസമരങ്ങളിലൂടെ മുതലാളിത്തത്തെ അവസാനിപ്പിക്കാനുള്ള രാഷ്ട്രീയദൗത്യം ഏറ്റെടുക്കുകയാണ് വേണ്ടതെന്നാണ്. അതായത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വിഭാവനം ചെയ്യുന്നത് ചരിത്രത്തിന്റെ കേവലസാക്ഷികളായ മനുഷ്യരെയല്ല, അതിൽ ഇടപെടുന്നവരെയാണ്. മഹാനായ മാർക്‌സ് ഫെയർബാഹിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിൽ പതിനൊന്നാമത്തെ പോയിന്റായി കുറിച്ചിട്ടത് ലോകത്തെ വ്യാഖ്യാനിക്കുന്ന തത്വചിന്തയല്ല ലോകത്തെ മാറ്റിത്തീർക്കുന്ന തത്വചിന്തയാണ് നമുക്ക് ആവശ്യം എന്നാണ്.

ലോകത്തെ മാറ്റിത്തീർക്കാനുള്ള തത്വശാസ്ത്രത്തിന്റെ രാഷ്ട്രീയ പ്രയോഗരേഖയെന്ന നിലയിലാണ് മാനിഫെസ്റ്റോ പ്രകാശിതമാകുന്നത്. ലോകത്തെ മാറ്റാൻ കഴിയുമെന്ന ദൃഢനിശ്ചയമാണ് മാനിഫെസ്റ്റോ വ്യകതമാക്കുന്നത്. മാർക്‌സിസം ഉന്നയിക്കുന്ന മൂന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ പുസ്തകം നൽകുന്നത്:
1. ലോകത്തെ മാറ്റാൻ കഴിയുമോ?
2. എങ്ങനെ മാറ്റാൻ കഴിയും?
3. ആ മാറ്റത്തിന് നേതൃത്വം കൊടുക്കാൻ കഴിയുന്ന സാമൂഹ്യശകതി ഏതാണ്?
ഈ മൂന്ന് ചോദ്യങ്ങൾക്കും തങ്ങൾ ജീവിച്ച ചരിത്ര സാഹചര്യത്തിൽ നിന്നും തങ്ങളുടെ അനുഭവത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലും സംക്ഷിപ്ത ഉത്തരമാണ് മാനിഫെസ്റ്റോയിലൂടെ മാർക്‌സും ഏംഗൽസും നൽകുന്നത്.

മാനിഫെസ്റ്റോയുടെ അർത്ഥശാസ്ത്രപരവും തത്വചിന്താപരവുമായ അർത്ഥതലങ്ങളെ മനസ്സിലാക്കണമെങ്കിൽ 1844-നും 1848-നുമിടക്ക് മാർക്‌സും ഏംഗൽസും എഴുതിയ കൃതികളെ പഠിക്കേണ്ടിവരും. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലേക്ക് അവരെങ്ങനെ എത്തിച്ചേർന്നുവെന്ന് മനസ്സിലാക്കാൻ ഈയൊരു പഠനം അത്യാവശ്യമാണ്. 1844-ലാണ് മാർക്‌സും ഏംഗൽസും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. മാർക്‌സും ആർണോൾഡ് റൂഷും ചേർന്ന് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിരുന്ന 'ജർമ്മൻ- ഫ്രഞ്ച് പഞ്ചാംഗം' എന്ന ആനുകാലികം പുറത്തിറക്കുന്നതിന് മാർക്‌സ് ഏംഗൽസിന്റെ സഹായം തേടുകയുണ്ടായി. ഒരു ലക്കം മാത്രമെ അത് പുറത്തിറങ്ങിയുള്ളൂ. അതിലാണ് ഏംഗൽസ്, 'അർത്ഥശാസ്ത്രവിമർശനത്തിന്റെ രൂപരേഖകൾ' എന്ന ലേഖനം എഴുതിയത്. സ്വകാര്യസ്വത്ത് സനാതനമല്ലെന്നും ചരിത്രത്തിന്റെ ഒരു പ്രത്യേക ദശാസന്ധിയിൽ ആവിർഭവിച്ചതാണെന്നും അതിനെ ഇല്ലാതാക്കാൻ കഴിയുമെന്നും ആ ലേഖനത്തിൽ ഏംഗൽസ് സമർത്ഥിച്ചു. ചരിത്രപരമായ ഭൗതികവാദ സമീപനത്തിൽനിന്ന് ഏംഗൽസ്, മുതലാളിത്തം ചരിത്രത്തിലെ ഒരു സവിശേഷഘട്ടം മാത്രമാണെന്നും അത് പരിവർത്തനവിധേയമാണെന്നും സ്ഥാപിച്ചു. ബൂർഷ്വാ സമൂഹത്തിലെ എല്ലാ ശത്രുതകളുടെയും അടിയിലുള്ളത് സ്വകാര്യസ്വത്താണെന്നും അത് സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങൾ ഒരു വിപ്ലവത്തിലേക്ക് സമൂഹത്തെ നയിക്കുമെന്നും ഏംഗൽസ് സമർത്ഥിച്ചു.

ഹെഗൽ

'ഹെഗലിന്റെ നിയമശാസ്ത്രവിമർശനത്തിനുള്ള ഒരു സംഭാവന' എന്ന മാർക്‌സിന്റെ ലേഖനവും ഇതിലാണ് പ്രസിദ്ധീകരിച്ചത്. സമൂഹത്തിന്റെ പരിവർത്തനവും വിപ്ലവകരമായ പുനഃസംഘടനയും നിർവ്വഹിക്കാൻ പോകുന്ന യഥാർത്ഥ ശക്തി തൊഴിലാളിവർഗമാണെന്ന് ആ ലേഖനത്തിൽ മാർക്‌സ് വ്യകതമാക്കി. വസ്തുനിഷ്ഠമായ കാരണങ്ങളാൽ തൊഴിലാളിവർഗത്തിന് ചൂഷണത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാനും മർദ്ദിതരും മർദ്ദകരും ഇല്ലാത്ത വ്യവസ്ഥ സൃഷ്ടിക്കാനും കഴിയുമെന്നാണ് മാർക്‌സ് സമർത്ഥിച്ചത്. മുതലാളിത്ത സാമൂഹ്യബന്ധങ്ങളെയും അതിനെ നിർണയിക്കുന്ന വർഗഘടനയെയും അതിനകത്ത് വിവിധ വർഗങ്ങളുടെ പദവിയെയും പങ്കിനെയും സവിശേഷസ്വഭാവങ്ങളെയും അപഗ്രഥനവിധേയമാക്കിക്കൊണ്ടാണ് മാർക്‌സ് ഇത്തരമൊരു നിഗമനം മുന്നോട്ടുവെക്കുന്നത്.

ഇതോടൊപ്പം മാർക്‌സ് വിപ്ലവകാരിയായ വർഗവും വിപ്ലവകരമായ സിദ്ധാന്തവും തമ്മിലുള്ള പരസ്പര ബന്ധത്തെയും സംയോജനത്തെയും സംബന്ധിച്ച വീക്ഷണവും മുന്നോട്ടുവെച്ചു. മാർക്‌സ് എഴുതിയത് ദീർഘമെങ്കിലും ഇവിടെ ഉദ്ധരിക്കുന്നു: ‘‘തീർച്ചയായും വിമർശനത്തിന്റെ ആയുധം ആയുധങ്ങൾകൊണ്ടുള്ള വിമർശനത്തിന് പകരമാവാൻ സാധ്യമല്ല. ഭൗതികശക്തികൊണ്ടുതന്നെ ഭൗതികശക്തിയെ പുറത്താക്കണം. എന്നാൽ ബഹുജനങ്ങളെ പിടികൂടുന്നതോടുകൂടി സിദ്ധാന്തവും ഒരു ഭൗതികശക്തിയായിത്തീരുന്നു. സിദ്ധാന്തം അതിന്റെ മാനവികത തെളിയിക്കുന്നതോടെ അതിന് ബഹുജനങ്ങളെ പിടികൂടാൻ കെൽപ്പുണ്ടാവുന്നു; സിദ്ധാന്തം സമൂലപരിവർത്തനവാദി (റാഡിക്കൽ) യാകുന്നതോടെ അതിന്റെ മാനവികത തെളിയിക്കുന്നു. റാഡിക്കലാവുകയെന്ന് പറഞ്ഞാൽ ശരിക്കും മൂലത്തിൽ (നാരായവേരുകളിൽ) കടന്നു പിടിക്കുകയെന്നാണ് അർത്ഥം. എന്നാൽ, മനുഷ്യനെ സംബന്ധിച്ച് മനുഷ്യൻ തന്നെയാണ് മൂലം.
ജർമ്മനിക്ക് പ്രായോഗികമായി സാധ്യമായ ഒരേയൊരു മോചനം, മനുഷ്യനെ സംബന്ധിച്ച് ഏറ്റവും ഉന്നതമായിട്ടുള്ളത് മനുഷ്യൻ തന്നെയാണെന്ന് വിളംബരം ചെയ്യുന്ന സിദ്ധാന്തത്തിന്റെ നിലപാടിൽ നിന്ന് തുടങ്ങുന്ന മോചനമാണ്. ഈ മോചനത്തിന്റെ മസ്തിഷ്‌കം തത്വചിന്തയാണ്; അതിന്റെ ഹൃദയം തൊഴിലാളിവർഗവും. തൊഴിലാളിവർഗത്തെ വർഗവ്യത്യാസങ്ങളില്ലാതാക്കാതെ നാമാവശേഷമാക്കാതെ തത്വചിന്തയെ ഒരു യാഥാർത്ഥ്യമാക്കാൻ കഴിയുകയില്ല; തത്വചിന്തയെ ഒരു യാഥാർത്ഥ്യമാക്കാതെ തൊഴിലാളിവർഗത്തെ നാമാവശേഷമാക്കാനും സാധ്യമല്ല. തത്വചിന്ത അതിന്റെ ഭൗതികോപകരണങ്ങളെ തൊഴിലാളിവർഗത്തിൽ കണ്ടെത്തുന്നതുപോലെ, തൊഴിലാളിവർഗം അതിന്റെ ആത്മീയോപകരണങ്ങളെ തത്വചിന്തയിൽ കണ്ടെത്തുന്നു’’.

ഏംഗൽസിന്റെ 'അർത്ഥശാസ്ത്ര വിമർശനത്തിന് ഒരു രൂപരേഖ'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മാർക്‌സ് 'അർത്ഥശാസ്ത്ര ദാർശനിക കുറിപ്പുകൾ' 1844-ൽ എഴുതുന്നത്. ബൂർഷ്വാ സമൂഹത്തെക്കുറിച്ചുള്ള അപഗ്രഥനാത്മകമായ ഒരു പഠനമാണ് ഈ കൃതി. ബൂർഷ്വാ സമ്പദ് വ്യവസ്ഥയുടെ അനിവാര്യമായ എല്ലാ പ്രധാന പ്രതിഭാസങ്ങളും ഉടലെടുക്കുന്നത് ഉത്പാദനഉപകരണങ്ങളുടെ സ്വകാര്യ ഉടമസ്ഥതയിൽ നിന്നാണെന്നും ദാരിദ്ര്യമില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കണമെങ്കിൽ സ്വകാര്യ ഉടമാസമ്പ്രദായത്തെ ഇല്ലാതാക്കണമെന്നും മാർക്‌സ് സമർത്ഥിച്ചു.

പിന്നീട് മൂലധനത്തിൽ മാർക്‌സ് പ്രത്യയശാസ്ത്ര സമഗ്രതയോടെ വിശകലനം ചെയ്യുന്ന അന്യവൽക്കരണത്തെക്കുറിച്ചുള്ള നിരീക്ഷണവും ഈ കൃതിയിലൂടെ മുന്നോട്ടുവെച്ചു. ബഹുമുഖമായ സർഗപ്രവർത്തനവും അനന്തമായ പുരോഗതിയും രൂപപ്പെടുത്താൻ സാധിക്കുന്ന ഒരു ജീവിയായി മനുഷ്യനെ പരിണമിപ്പിച്ചത് അദ്ധ്വാനമാണ്. വ്യക്തിത്വത്തിന്റെയും സമൂഹത്തിന്റെയും വികാസത്തിൽ അദ്ധ്വാനത്തിന്റെ പങ്കെന്ത് എന്ന അന്വേഷണമാണ് മാർക്‌സ് നടത്തിയത്. മനുഷ്യനെ മനുഷ്യനാക്കുന്ന സാരസർവ്വസ്വം എന്നത് അദ്ധ്വാനമാണെന്ന് മാർക്‌സ് വിശദീകരിച്ചു. പക്ഷെ മുതലാളിത്ത വ്യവസ്ഥയിൽ അദ്ധ്വാനത്തിന്റെ ഉൽപന്നം തൊഴിലാളിയിൽ നിന്ന് കവർന്നെടുത്ത് ഉൽപാദന ഉപകരണങ്ങളുടെ ഉടമയായ മുതലാളി തൊഴിലാളിയെ അടക്കിവാഴുന്ന ഒരു ശക്തിയായി മാറുന്നു. അദ്ധ്വാനത്തിന്റെ ഉൽപന്നവും അദ്ധ്വാനത്തിന്റെ ഉപകരണവും നഷ്ടപ്പെടുന്ന തൊഴിലാളി വെറും കൂലിയടിമയാകുന്നു.

ഇത് സാമൂഹ്യവും രാഷ്ട്രീയവും ആശയപരവും മറ്റെല്ലാ രൂപങ്ങളിലുമുള്ള അന്യവൽക്കരണത്തെ ദൃഢീകരിച്ച് നിർത്തുന്നു. മുതലാളിത്ത ഉൽപാദനം സൃഷ്ടിക്കുന്ന ഈ അന്യവൽക്കരണം മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെ വികൃതമാക്കുന്നു. വ്യക്തിയും വ്യക്തിയും തമ്മിലുള്ള ബന്ധങ്ങൾ അന്യവൽക്കരിക്കപ്പെടുന്നു. തൊഴിലെടുക്കുന്നവരും എടുക്കാത്തവരും തമ്മിൽ ശത്രുത വളരുന്നു. ഇത് തൊഴിലാളികൾക്കിടയിൽതന്നെ പരസ്പരം അന്യവൽക്കരണത്തിന് കാരണമാകുന്നുവെന്ന് മാർക്‌സ് നിരീക്ഷിക്കുന്നു. ബൂർഷ്വാ സമൂഹത്തിൽ പണം എല്ലാറ്റിനും മാനദണ്ഡമാകുന്നുവെന്നും അതെല്ലാ മാനുഷിക മൂല്യങ്ങളെയും അടക്കിഭരിക്കുന്നുവെന്നുമുള്ള മാനിഫെസ്റ്റൊയിലെ വാക്കുകൾ ഓർക്കുക.

മുതലാളിത്തം സൃഷ്ടിക്കുന്ന അന്യവൽക്കരണത്തെയും കപടാവബോധത്തെയെും വിശകലനം ചെയ്ത് മാർക്‌സ് എഴുതി; ''കൂറിനെ വഞ്ചനയായും സ്നേഹത്തെ ദ്വേഷമായും ദ്വേഷത്തെ സ്നേഹമായും ധർമ്മത്തെ അധർമ്മമായും അധർമ്മത്തെ ധർമ്മമായും വിഡ്ഢിത്തത്തെ ബുദ്ധിയായും ബുദ്ധിയെ വിഡ്ഢിത്തമായും രൂപാന്തരപ്പെടുത്താൻ പണത്തിന് കഴിയും.''

(1844-നും 1848-നുമിടക്ക് മാർക്‌സും ഏംഗൽസും എഴുതിയ കൃതികൾ, മാനിഫെസ്റ്റോയുടെ അർത്ഥതലങ്ങളെ സ്വാധീനിച്ച സൈദ്ധാന്തിക വീക്ഷണങ്ങളെ മനസ്സിലാക്കാൻ വായിക്കേണ്ടതാണ്. മാർക്‌സിന്റെ തത്വചിന്താപരവും ധനശാസ്ത്രപരവുമായ കയ്യെഴുത്തുപ്രതികൾ, പരിശുദ്ധ കുടുംബം, ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ സ്ഥിതി, ജർമ്മൻ പ്രത്യയശാസ്ത്രം, തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം, മൂലധനവും കൂലിവേലയും തുടങ്ങിയവ).

1848 ഫെബ്രുവരിയിലാണ് മാർക്‌സ് മാനിഫെസ്റ്റോ എഴുതി പൂർത്തിയാക്കുന്നത്. മാർച്ചിലാണ് ആദ്യമായി അച്ചടിച്ച് വിതരണം ചെയ്യപ്പെടുന്നത്. ഇതേ കാലഘട്ടത്തിലാണ് യൂറോപ്പിനെ പിടിച്ചുകുലുക്കിയ ജനങ്ങളുടെ കലാപങ്ങളും വിപ്ലവസമരങ്ങളും പൊട്ടിപ്പുറപ്പെടുന്നത്. ഫ്രഞ്ച് ചക്രവർത്തിയായ ലൂയി ഫിലിപ്പിനെതിരെ പാരീസിലെ ജനങ്ങൾ കലാപം ആരംഭിച്ചു. 1848 ഫെബ്രുവരി 24-ന് ചക്രവർത്തിയെ സിംഹാസനത്തിൽ നിന്ന് താഴെയിറക്കിയതോടെയാണ് കലാപം അവസാനിച്ചത്. മാർച്ച് 18-ന് ബർലിനിലെ തൊഴിലാളികൾ പ്രഷ്യൻ കൈസറായ ഫ്രെഡറിക് വില്യം നാലാമനെതിരായി കലാപം ആരംഭിച്ചു. തൊഴിലാളി കലാപം അതിനിഷ്ഠൂരമായി അടിച്ചമർത്തപ്പെട്ടു. മാർച്ചിൽ തന്നെ പോളണ്ടിലെ ആംസ്റ്റർഡാമിൽ തൊഴിലാളി കലാപം ആരംഭിക്കുകയും അവർ ഉന്നയിച്ച ആവശ്യങ്ങൾ പലതും ഭരണകൂടത്തിന് അംഗീകരിക്കേണ്ടിവരികയും ചെയ്തു.

തൊഴിലാളികൾ നടത്തിയ മാനിഫെസ്റ്റോ ചർച്ചയുടെ ഫലമായിട്ടാണ് കലാപമെന്നതായിരുന്നു ഭരണകൂടത്തിന്റെ വിലയിരുത്തൽ. ആംസ്റ്റർഡാമിൽ നടന്ന കുറ്റവിചാരണയിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ അത്യന്തം പ്രകോപനപരമായ ഒരു ലഘുലേഖയായി വിശേഷിപ്പിക്കപ്പെട്ടു. കമ്യൂണിസ്റ്റുകാരുടെ ദുരുദ്ദേശ്യങ്ങളെ വ്യക്തമാക്കുന്നതും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ ആക്ഷേപകരമായ കൃതിയെന്നുമാണ് മാനിഫെസ്റ്റോക്കെതിരെ കുറ്റോരോപണം ഉയർന്നത്. ഫ്രാൻസിലും ജർമ്മനിയിലുമെല്ലാം മാനിഫെസ്റ്റോയുടെ കോപ്പികൾ കണ്ടുകെട്ടി. ബെൽജിയത്തിലെ ബ്രസൽസിൽ താമസിച്ചിരുന്ന കാൾ മാർക്‌സിനെ നാടുകടത്തി. ഈ പ്രതികൂലതകൾക്കിടയിലും മാനിഫെസ്റ്റോ നിരവധി ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു. ഭരണാധികാരികൾ ഏറ്റവും വെറുക്കുന്ന ലഘുലേഖയായിരിക്കുമ്പോൾ തന്നെ അത് ഏറ്റവും അധികം ജനങ്ങൾ ഇഷ്ടപ്പെടുന്ന ലഘുലേഖയായി സ്വീകരിക്കപ്പെട്ടുവെന്നതാണ് വസ്തുത. ബൂർഷ്വാ അധികാരിവർഗങ്ങളുടെ സിംഹാസനങ്ങളെ ഞെട്ടിവിറപ്പിച്ചുകൊണ്ടാണ് മാനിഫെസ്റ്റോ ലോകത്തെല്ലായിടത്തുമുള്ള തൊഴിലാളികൾക്കിടയിൽ പ്രചരിച്ചത്.

ഇന്റർനാഷനൽ വർക്കിംഗ് മെൻ അസോസോയേഷൻ / Photo: Wikimedia Commons

1890-ലെ ജർമ്മൻ പതിപ്പിനുള്ള മുഖവുരയിൽ മാനിഫെസ്റ്റോക്ക് അതിേന്റതായ ഒരു ചരിത്രമുണ്ടെന്ന് വിശദീകരിച്ച് ഏംഗൽസ് എഴുതി. വിവിധ രാജ്യങ്ങളിലെ തൊഴിലാളിവർഗം മാനിഫെസ്റ്റോയുടെ പിറവിയെ ആവേശത്തോടെ സ്വാഗതം ചെയ്തുവെങ്കിലും അധികം താമസിയാതെ, 1848 ജൂണിലെ പാരീസിലെ തൊഴിലാളികൾക്കുനേരിട്ട പരാജയത്തോടുകൂടി തുടങ്ങിയ പിന്തിരിപ്പൻമാരുടെ മുന്നേറ്റത്തിന്റെ ഫലമായി മാനിഫെസ്റ്റോ പിന്തള്ളപ്പെട്ടു. 1852 നവംബറിൽ കൊളോൺ വിചാരണയെ തുടർന്ന് കമ്യൂണിസ്റ്റുകാർ ശിക്ഷിക്കപ്പെടുകയും നിയമ
ഭ്രഷ്ടരാക്കപ്പെടുകയും ചെയ്തു. ഫെബ്രുവരി വിപ്ലവത്തോടുകൂടി ഉയർന്നുവന്ന തൊഴിലാളി മുന്നേറ്റം അപ്രത്യക്ഷമായതോടെ മാനിഫെസ്റ്റോയ്ക്കും പിന്നോട്ടടി സംഭവിച്ചു.

ബൂർഷ്വാ അധികാരവ്യവസ്ഥക്കെതിരെ പുതിയൊരു ആക്രമണം ആരംഭിക്കാൻ യൂറോപ്യൻ തൊഴിലാളിവർഗം വീണ്ടും കരുത്താർജ്ജിച്ചതോടെ 1864-ൽ സാർവദേശീയ തൊഴിലാളി സംഘടന (ഇന്റർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷൻ) ഉടലെടുത്തു. യൂറോപ്പിലെയും അമേരിക്കയിലെയും സമരസന്നദ്ധരായ തൊഴിലാളിവർഗശകതിയെ ഒരു സേനാനിരയിൽ അണിനിരത്തുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അതിനാൽ തന്നെ സംഘടനയ്ക്ക് മാനിഫെസ്റ്റോയുടെ തത്വങ്ങൾക്ക് അനുസൃതമായ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞില്ല. അതിന് ഇംഗ്ലീഷ് ട്രേഡ് യൂണിയനുകൾക്ക് ഫ്രാൻസ്, ബെൽജിയം, ഇറ്റലി, സ്പെയ്ൻ എന്നിവിടങ്ങളിലെ പ്രൂധോൺ അനുകൂലികളെയും ജർമ്മനിയിലെ ലസാലെയുടെ അനുയായികളെയും ഉൾക്കൊള്ളാൻ പറ്റുന്ന പരിപാടി സ്വീകരിക്കേണ്ടിവന്നു. 1887 ആകുമ്പോഴേക്കും മാനിഫെസ്റ്റോയുടെ തത്വങ്ങൾക്കനുസൃതമായി യൂറോപ്പിലെ തൊഴിലാളിവർഗ സംഘടനകളെ മാറ്റിയെടുക്കാൻ കഴിഞ്ഞു. സൈബീരിയ തൊട്ട് കാലിഫോർണിയവരെയുള്ള രാജ്യങ്ങളിൽ കോടാനുകോടി തൊഴിലാളികൾ മാനിഫെസ്റ്റോയെ തങ്ങളുടെ പൊതുപരിപാടിയായി അംഗീകരിക്കുന്നതിലേക്കെത്തിയെന്ന് ഏംഗൽസ് എഴുതി. 1847-ൽ സോഷ്യലിസം ഒരു ബൂർഷ്വാ പ്രസ്ഥാനവും കമ്യൂണിസം തൊഴിലാളിവർഗ പ്രസ്ഥാനവുമായിരുന്നു.

മാനിഫെസ്റ്റോയുടെ ചരിത്രപശ്ചാത്തലം ആധുനിക തൊഴിലാളിവർഗത്തിന്റെ രംഗപ്രവേശവുമായി ബന്ധപ്പെട്ടതാണ്. 1789 ജൂലായ് 14-നാണ് ലോകചരിത്രത്തിലെ മഹത്തായ ഒരു യുഗപരിവർത്തനത്തിന്റെ തുടക്കം വിളംബരം ചെയ്ത ഫ്രഞ്ച് വിപ്ലവം ആരംഭിക്കുന്നത്. ഫ്യൂഡലിസത്തിൽ നിന്ന് മുതലാളിത്തത്തിലേക്കുള്ള മാനവരാശിയുടെ പരിവർത്തനത്തിനുള്ള ഒരു നിർണായകഘട്ടത്തെയാണ് ഫ്രഞ്ച് വിപ്ലവം അടയാളപ്പെടുത്തുന്നത്. 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നതായിരുന്നു ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യം. 17-ാം നൂറ്റാണ്ടിൽ നടന്ന ഇംഗ്ലീഷ് വിപ്ലവത്തിൽ നിന്നും അമേരിക്കൻ സ്വാതന്ത്ര്യയുദ്ധത്തിൽ നിന്നും മൗലികമായി വ്യതിരിക്തമായ ഉള്ളടക്കത്തോടെയാണ് ഫ്രഞ്ച് വിപ്ലവം വിജയത്തിലെത്തുന്നത്. ഫ്യൂഡൽ ഭൂപ്രഭുത്വത്തിനും പൗരോഹിത്യത്തിനും ഏകാധിപത്യ രാജവാഴ്ചക്കും എതിരായ ജനങ്ങളുടെ ഉയർത്തെഴുന്നേൽപ്പായിരുന്നു അത്. വിപ്ലവത്തിലെ സജീവ സാമൂഹ്യശക്തി കർഷകരായിരുന്നു. ഭൂപ്രഭുക്കന്മാരുടെയും പള്ളിയുടെയും ഭൂമിയെല്ലാം പിടിച്ചെടുത്ത് കൃഷിക്കാർക്കിടയിൽ വിതരണം ചെയ്യുകയും സമഗ്രമായ കാർഷികപരിഷ്‌കരണം അത് മുന്നോട്ടുവെക്കുകയും ചെയ്തു. വിപ്ലവജനാധിപത്യവാദികളായ 'ജാക്കോബിൻ' പാർട്ടിയാണ് ഇതിന് നേതൃത്വം നൽകിയത്. എല്ലാ അടിയാളബാധ്യതകളും വിപ്ലവസർക്കാർ അവസാനിപ്പിച്ചു.

ജാകോബിൻ സമ്മേളനത്തിന്റെ ചിത്രീകരണം.

1789 ആഗസ്റ്റ് 26-ന് ചരിത്രപ്രസിദ്ധമായ മനുഷ്യാവകാശ വിളംബരം ഭരണഘടനാനിർമ്മാണസഭ അംഗീകരിച്ചു. മനുഷ്യരെല്ലാം സ്വതന്ത്രരായിട്ടാണ് ജനിച്ചത്, അവർക്ക് തുല്യമായ അവകാശങ്ങൾക്ക് അർഹതയുണ്ട്, ആജീവനാന്തം അവർ അങ്ങനെ ആയിരിക്കുകയും ചെയ്യും എന്ന് പ്രഖ്യാപിച്ച മനുഷ്യാവകാശ വിളംബരം ഓരോ പൗരർക്കും വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും ഉറപ്പുനൽകി. എല്ലാ രൂപത്തിലുമുള്ള അടിച്ചമർത്തലിനെയും ചെറുക്കേണ്ടതാണെന്ന ആവശ്യം മനുഷ്യാവകാശ പ്രഖ്യാപനത്തിൽ അടിവരയിട്ടു. അതോടൊപ്പം സ്വകാര്യസ്വത്തവകാശം അലംഘനീയമാണെന്നും അതിൽ പറഞ്ഞു.

സ്വകാര്യസ്വത്തിന്റെ പരിപാവനതയിലൂന്നുന്നതിലൂടെ ബൂർഷ്വാ ചൂഷണത്തിനാധാരമായ സ്വകാര്യസ്വത്തുടമാവ്യവസ്ഥയെയും അതിന്റെ ഫലമായ അസമത്വത്തെയും ന്യായീകരിക്കുന്നുവെന്ന പരിമിതിയുണ്ടെങ്കിലും മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ അത്യന്തം വിപ്ലവ പ്രാധാന്യത്തോടുകൂടിയ ഒരു രേഖയാണ് മനുഷ്യാവകാശ വിളംബരം. യൂറോപ്പിൽ നടന്ന നവോത്ഥാനമുന്നേറ്റങ്ങളുടെ തുടർച്ചയിലാണ് ഫ്രഞ്ച് വിപ്ലവം നടക്കുന്നത്. അതിന് നേതൃത്വം കൊടുത്ത വിചാരവിപ്ലവത്തിന്റെ പതാകവാഹകരായിരുന്നു 'സർവ്വ വിജ്ഞാനകോശനിർമാതാക്കൾ' (എൻസൈക്ലോപീഡിസ്റ്റുകൾ) അല്ലെങ്കിൽ പ്രബോധകന്മാർ എന്നു വിളിക്കുന്ന പ്രതിഭകൾ. ശാസ്ത്രബോധവും യുക്തിചിന്തയും ഉൾപ്പെടെ നൂതനമായ ചിന്താസരണികൾക്ക് ഈ വിചാരവിപ്ലവകാരികൾ തിരികൊളുത്തി. വോൾട്ടയർ, റൂസ്സോ, മൊണ്ടെസ്കി, ദിദെറോ തുടങ്ങിയ ധിഷണാശാലികൾ ഒരു വൈജഞാനിക വിപ്ലവത്തിനുതന്നെ നേതൃത്വം നൽകി.

മാനിഫെസ്റ്റോവിലൂടെ മുന്നോട്ടുവെക്കപ്പെട്ട ആശയങ്ങളെ അതിന്റെ സമഗ്രതയിൽ മൂലധനം ഒന്നാം വോള്യത്തിൽ മാർക്‌സ് വിശദമാക്കിയിട്ടുണ്ട്. മൂലധനത്തിൽ 1789-ലെ ഫ്രഞ്ച് വിപ്ലവം തൊട്ട് 1848-ലെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ വിജ്ഞാപനം വരെയുള്ള ദശകങ്ങളിലെ വിപ്ലവങ്ങളെയും തൊഴിലാളി സമരങ്ങളെയും വിശദമായിത്തന്നെ അപഗ്രഥനാത്മകമായി അവതരിപ്പിച്ചിട്ടുണ്ട്. ബൂർഷ്വാസിയെ അധികാരത്തിലെത്തിച്ച ഫ്യൂഡൽ വിരുദ്ധ ജനാധിപത്യവിപ്ലവങ്ങളോടൊപ്പം മുതലാളിത്ത വ്യവസ്ഥ യൂറോപ്പിലും അമേരിക്കയിലും വളർന്നുവികസിച്ചു. വ്യവസായവിപ്ലവത്തിന്റെ ഫലമായി ആദ്യം ഇംഗ്ലണ്ടിലാണ് മുതലാളിത്തം അതിവേഗം വളർന്നുവികസിച്ചത്. ഇതിന്റെ ഫലമായി ആധുനിക തൊഴിലാളിവർഗവും ജനിച്ചുവീണു. വ്യവസായ ബൂർഷ്വാസിയും വ്യവസായ തൊഴിലാളികളും എന്ന നിലയിൽ രണ്ട് പ്രധാന വർഗങ്ങൾ ആവിർഭവിച്ചു.

മൂലധനത്തിന്റെ ആദ്യപതിപ്പിന്റെ കവർ

മൂലധനത്തിൽ മുതലാളിത്തവളർച്ചയുടെ ആദ്യഘട്ടങ്ങളിൽ തൊഴിലെടുക്കുന്നവരുടെ സ്ഥിതി എത്രമാത്രം ദാരുണമായിരുന്നുവെന്ന് മാർക്‌സ് വിവരിക്കുന്നുണ്ട്. ബൂർഷ്വാസി തങ്ങളുടെ കീഴിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ചോരയൂറ്റിക്കുടിച്ചു. കൂലിവേലയും മൂലധനവും എന്ന കൃതിയിൽ മാർക്‌സ്, അധ്വാനത്തെ 'മാംസവും രകതവും ചേർന്ന ചരക്ക്’ എന്നാണ് വിശേഷിപ്പിച്ചത്. തീവ്രമായ ചൂഷണം തൊഴിലാളികളെ കൂലിയടിമകളാക്കി. 16-18 മണിക്കൂർവരെ ജോലി ചെയ്യേണ്ട അവസ്ഥ. മനുഷ്യോചിതമല്ലാത്ത ജീവിതസാഹചര്യങ്ങളും പോഷകാഹാരക്കുറവും ദാരിദ്ര്യവും തൊഴിലാളികളെ ശാരീരികമായും മാനസികമായും കൊല്ലാക്കൊല ചെയ്യുകയായിരുന്നു.
ഈയൊരു തീഷ്ണമായ മുതലാളിത്ത ചൂഷണത്തിനെതിരായിട്ടാണ് 19-ാം നൂറ്റാണ്ടിൽ തൊഴിലാളി സമരങ്ങൾ ഉയർന്നുവരുന്നത്. ‘പണിയെടുത്തു ജീവിക്കണം അല്ലെങ്കിൽ പൊരുതിമരിക്കണം’ എന്ന് പ്രഖ്യാപിച്ച് ഫ്രാൻസിലെ ലിയോൺസ് നഗരത്തിലെ നെയ്ത്തൊഴിലാളികൾ സായുധകലാപം നടത്തി. 1831 നവംബറിലും 1834 ഏപ്രിലിലുമാണ് ലിയോൺസിലെ തൊഴിലാളികളുടെ സായുധകലാപങ്ങൾ ഉണ്ടായത്. ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ അവകാശസമരമാണ് ചാർട്ടിസ്റ്റ് പ്രസ്ഥാനമായി രൂപാന്തരപ്പെട്ടത്. ചരിത്രത്തിൽ തൊഴിലാളികൾ നേതൃത്വം നൽകിയ ആദ്യ ബഹുജനരാഷ്ട്രീയ പ്രസ്ഥാനമായിട്ടാണ് ചാർട്ടിസ്റ്റ് പ്രസ്ഥാനം അറിയപ്പെടുന്നത്. ജർമ്മനിയിലെ സൈലേഷ്യയിൽ 1844-ൽ നടന്ന നെയ്ത്തുകാരുടെ കലാപം വലിയ ബഹുജന സമരമായി വികസിച്ചു.

ഇതെല്ലാം ചേർന്നാണ് യൂറോപ്പിലെ തൊഴിലാളിവർഗം സ്വതന്ത്രമായ രാഷ്ട്രീയപ്രവർത്തനത്തിന്റെ ആദ്യ ചുവടുകൾവെച്ചുതുടങ്ങിയത്. ഈ സാഹചര്യങ്ങളെയും തൊഴിലാളിപ്രസ്ഥാനങ്ങളെയും യുവാക്കളായ മാർക്‌സും ഏംഗൽസും സൂക്ഷ്മമായി നിരീക്ഷിക്കുകയും വെവ്വേറെയും കൂട്ടായും പുതിയൊരു സാമൂഹ്യവിപ്ലവ സിദ്ധാന്തം ആവിഷ്‌കരിക്കാനുള്ള പഠനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. രണ്ടുപേരും ജർമ്മനിയിലെ ജനാധിപത്യപരിഷ്‌കാരങ്ങൾക്കുവേണ്ടിയുള്ള പ്രസ്ഥാനങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടാണ് തൊഴിലാളിവർഗത്തിേന്റതായ ഒരു പുതിയ വിപ്ലവതത്വശാസ്ത്രം ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. ജർമ്മനിയിലെ തത്വചിന്താരംഗത്തെ അതികായന്മാരായ ഹെഗലും ഫെയർബാഹും മാർക്‌സിന്റെയും ഏംഗൽസിന്റെയും ഗുരുനാഥന്മാരായിരുന്നു. ഹെഗലിന്റെ ആശയവാദപരമായ നിലപാടുകളെ തള്ളിക്കളയുകയും പ്രകൃതിയുടെയും സമൂഹത്തിന്റെയും വികാസപരിണാമങ്ങളെ മനസ്സിലാക്കാൻ അദ്ദേഹം മുന്നോട്ടുവെച്ച വൈരുദ്ധ്യശാസ്ത്രത്തെ അവർ സ്വീകരിക്കുകയും ചെയ്തു. ഫെയർ ബാഹിന്റെ ഭൗതികവാദത്തിന്റെ വിപ്ലവകരമായ പ്രാധാന്യം ഉൾക്കൊള്ളുകയും എന്നാൽ അതിന്റെ ബലഹീനതകളെ അവർ വിമർശനവിധേയമാക്കുകയും ചെയ്തു.

1848 ഏപ്രിൽ 10-ന് നടന്ന ചാർട്ടിസ്റ്റ് സമ്മേളനത്തിന്റെ ചിത്രം / Photo: William Edward Kilburn, Wikimedia Commons

വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദ ദർശനത്തിന്റെ രീതിശാസ്ത്രമനുസരിച്ചാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിക്കപ്പെട്ടത്. മുതലാളിത്ത ചൂഷണവ്യവസ്ഥക്കെതിരായ തൊഴിലാളി സമരങ്ങളോടൊപ്പം, മുതലാളിത്ത വ്യവസ്ഥയുടെ മനുഷ്യത്വരാഹിത്യത്തെയും ചൂഷണത്തെയും ഇല്ലാതാക്കുന്ന ഒരു പുതിയ സമൂഹസൃഷ്ടി വിഭാവനം ചെയ്യുന്ന പല ചിന്താഗതികളും ഈയൊരു കാലഘട്ടത്തിൽ വളർന്നുവന്നിരുന്നു. ഉട്ടോപ്യൻ അഥവാ സാങ്കൽപിക സോഷ്യലിസത്തിന്റെ വക്താക്കളായിരുന്നു ഇവരിൽ പലരും. ബൂർഷ്വാ സാമൂഹ്യവ്യവസ്ഥയെ സംബന്ധിച്ച അവരുടെ അത്യുജ്ജ്വലമായ വിമർശനത്തെ മാർക്സും ഏംഗൽസും ആദരവോടെയാണ് കണ്ടത്. സ്ഥിതിസമത്വാശയങ്ങളെ സംബന്ധിച്ച അവരുടെ കാഴ്ചപ്പാടുകളിലെ യുകതിരാഹിത്യത്തെയും കാൽപനികതയെയും വിമർശിക്കുമ്പോൾ തന്നെ അവരുടെ വിലപ്പെട്ട ആശയങ്ങളുടെ വിത്തുകൾ ശാസ്ത്രീയ സോഷ്യലിസത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ച്ചപ്പാടുകളിൽ ഉള്ളടങ്ങിയിട്ടുണ്ടെന്ന് മാർക്സിസ്റ്റ് ആചാര്യന്മാർ കണ്ടിരുന്നു.

തോമസ് മൂർ, റോബർട്ട് ഓവൻ, സയന്റ് സൈമൺ, ചാൾസ് ഫ്യൂരിയർ തുടങ്ങിയ ഉട്ടോപ്യൻ സോഷ്യലിസ്റ്റ് ചിന്തകരെ വിമർശിച്ചുകൊണ്ടാണ് ശാസ്ത്രീയ സോഷ്യലിസം രൂപപ്പെടുത്തിയത്. 'ഡ്യൂറിങ്ങിനെതിരെ' എന്ന ഏംഗൽസിന്റെ പുസ്തകവും പ്രൂധോണിന്റെ ‘ദാരിദ്ര്യത്തിന്റെ തത്വശാസ്ത്ര'ത്തിന് മറുപടിയായി മാർക്സ് എഴുതിയ 'തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം' എന്ന പുസ്തകവും മധ്യവർഗ അരാജക നിലപാടുകളെ തുറന്നുകാണിച്ചുകൊണ്ടുള്ള ശാസ്ത്രീയ സോഷ്യലിസത്തിന്റെയും തൊഴിലാളിവർഗ ദർശനത്തിന്റെയും വീക്ഷണങ്ങളെ അവതരിപ്പിച്ച കൃതികളാണ്.

തോമസ് മൂർ, റോബർട്ട് ഓവൻ, സയന്റ് സൈമൺ, ചാൾസ് ഫ്യൂരിയർ

1833-ലെ ഫ്രാങ്ക്ഫർട്ട് കലാപം അടിച്ചമർത്തപ്പെട്ടതിനെ തുടർന്ന് ജർമ്മൻ തൊഴിലാളികൾ ചേർന്ന് 1834-ൽ 'നിരോധിക്കപ്പെട്ടവരുടെ ലീഗ്' (League of Banned) എന്ന സംഘടനയ്ക്ക് രൂപം കൊടുത്തിരുന്നു. 1840 ആകുമ്പോഴേക്കും നിരോധിക്കപ്പെട്ടവരുടെ ലീഗിന്റെ പ്രവർത്തനം ഏറെക്കുറെ നിശ്ചലമായി. 1836-ൽ ലീഗിൽ നിന്ന് ഒരു വിഭാഗം വേർപെട്ടുപോരുകയും അവർ ‘നീതിമാന്മാരുടെ ലീഗി’ന് രൂപം നൽകുകയും ചെയ്തു. പ്രസ് കംപോസിസ്റ്റർ ആയ കാൾ ഷാപ്പർ, ചെരുപ്പുകുത്തിയായ ഹെന്റിച്ച് ബോവർ, തുന്നൽക്കാരനായ വില്യം വൈറ്റ്ലിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലീഗ് രൂപീകരിച്ചത്. യൂറോപ്പിലാകെ സംഘടന വ്യാപിച്ചു. 1840 ആകുമ്പോഴേക്കും ബ്രിട്ടനിൽ മാത്രം സംഘടനയിൽ ആയിരത്തോളം അംഗങ്ങളുണ്ടായി.

1840-കളിലാണ് ഏംഗൽസ് നീതിമാന്മാരുടെ ലീഗുമായി ബന്ധപ്പെടുന്നത്. 1843-44 കാലത്താണ് ഏംഗൽസ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ എത്തുന്നതും സുഹൃത്തായ മേരി ബേൺസിന്റെ സഹായത്തോടെ 'ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ സ്ഥിതി' എന്ന പുസ്തകം എഴുതുന്നതും. 1843-44 കാലത്തുതന്നെ മാർക്‌സും തൊഴിലാളി പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനാകുന്നുണ്ട്. 1845-ൽ മാർക്‌സും ഏംഗൽസും സഹകരിച്ച് പ്രവർത്തിക്കാനാരംഭിച്ചു. തുടർന്ന് 'കമ്യൂണിസ്റ്റ് കറസ്പോണ്ടൻസ് കമ്മറ്റി'കൾ രൂപീകരിച്ചു. ഈ ഗ്രൂപ്പുകൾ പലയിടങ്ങളിലും സജീവമായിരുന്നു.

കാൾ മാർക്സും സഖാക്കളും

'നീതിമാന്മാരുടെ ലീഗി’ന്റെ മുദ്രാവാക്യം എല്ലാ മനുഷ്യരും സഹോദരന്മാരാണ് എന്നതായിരുന്നു. നീതിമാന്മാരുടെ ലീഗ് കമ്യൂണിസ്റ്റ് ലീഗായി നാമകരണം ചെയ്യപ്പെടുന്നതിന്റെ അർത്ഥം 1847-ലെ ലണ്ടൻ സമ്മേളനത്തിനുശേഷം ഇങ്ങനെ വിശദീകരിക്കപ്പെട്ടു: ''നാം പൊതുവിൽ നീതി ആഗ്രഹിക്കുന്നുവെന്നതല്ല. നിലവിലുള്ള സാമൂഹ്യക്രമത്തെയും സ്വകാര്യ സ്വത്തുടമസ്ഥതയെയും എതിർക്കുന്നുവെന്നതാണ്, നാം പൊതു ഉടമസ്ഥത സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്നതാണ്, നാം കമ്യൂണിസ്റ്റുകാരാണെന്നതാണ്, നമ്മെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്നത്’’. കമ്യൂണിസ്റ്റ് ലീഗിന്റെ മുദ്രാവാക്യം 'എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികളേ, ഒന്നിക്കുവിൻ' എന്നായിരുന്നു.

ഈയൊരു പശ്ചാത്തലത്തിലാണ് കമ്യൂണിസ്റ്റ് ലീഗിന്റെ ഉൽഭവവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ വിജ്ഞാപനവും ഉണ്ടാകുന്നത്. നീതിമാന്മാരുടെ ലീഗിന്റെ ആദ്യത്തെ സമ്മേളനം 1947 ജൂൺ ആദ്യവാരം ലണ്ടനിൽ നടന്നുവെന്ന് സൂചിപ്പിച്ചല്ലോ. അത് കമ്യൂണിസ്റ്റ് ലീഗിന്റെ സ്ഥാപക സമ്മേളനമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടു മൂലം മാർക്സിന് അതിൽ പങ്കെടുക്കാനായില്ല. മാർക്സിന്റെയും ഏംഗൽസിന്റെയും നിർദ്ദേശാനുസരണമാണ് 'നീതിമാന്മാരുടെ ലീഗ്' 'കമ്യൂണിസ്റ്റ് ലീഗാ'യി നാമകരണം ചെയ്യപ്പെടുന്നത്.

1830-കളിൽ തന്നെ വ്യവസായ തൊഴിലാളികളുടെ യൂണിയനുകൾ വ്യാപകമായി രൂപംകൊണ്ടിരുന്നു. അത്തരം ​ട്രേഡ് യൂണിയനുകൾ ചേർന്ന് ലണ്ടനിൽ 'ലണ്ടൻ വർക്കിംഗ് മെൻസ് അസോസിയേഷൻ' എന്ന സംഘടനയ്ക്ക് രൂപം നൽകി. ഈ സംഘടനയാണ് പിന്നീട് ചാർട്ടിസ്റ്റുകൾ എന്നറിയപ്പെട്ടത്. ഈയൊരു സാഹചര്യത്തിലാണ് നീതിമാന്മാരുടെ ലീഗും കമ്യൂണിസ്റ്റ കറസ്പോണ്ടൻസ് കമ്മറ്റികളും ചേർന്ന്, സമാനചിന്താഗതിക്കാരായവരുമായി ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ധാരണയാകുന്നത്. അതിന്റെ ഫലമായിട്ടാണ് 1847 ജൂണിൽ ലണ്ടനിൽ കമ്യൂണിസ്റ്റ് ലീഗിന്റെ സ്ഥാപക സമ്മേളനം നടന്നത്. ഷാർപ്പർ, ബോവർ, ജോസഫ് മോൾ, വില്യം വൂൾഫ് എന്നിവരായിരുന്നു ലീഗിന്റെ നേതാക്കൾ.

1847-ലെ നവംബറിൽ ചേർന്ന കമ്യൂണിസ്റ്റ് ലീഗിന്റെ രണ്ടാം കോൺഫറൻസാണ് ഒരു മാനിഫെസ്റ്റോ തയ്യാറാക്കാൻ തീരുമാനിക്കുന്നത്. മാർക്‌സിനെ മാനിഫെസ്റ്റോ എഴുതി തയ്യാറാക്കാൻ സമ്മേളനം ചുമതലപ്പെടുത്തി. 1848 ഫെബ്രുവരി 1-ന് മാർക്‌സ് മാനിഫെസ്റ്റോ പൂർത്തീകരിച്ചു. ഇതിനിടയിൽ ഏംഗൽസ് 'കമ്യൂണിസത്തിന്റെ തത്വങ്ങൾ' തയ്യാറാക്കിയിരുന്നു. കമ്യൂണിസമെന്ന ലക്ഷ്യത്തെക്കുറിച്ചും ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ തൊഴിലാളികളെല്ലാം ഒന്നിക്കണമെന്നതിലും ആർക്കും അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല. മാർഗത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമുണ്ടായി. പ്രൂധോണിന്റെ ദാരിദ്ര്യത്തിന്റെ തത്വശാസ്ത്രം തൊഴിലാളികൾക്കിടയിൽ സ്വാധീനം ചെലുത്തിയിരുന്നു. പലവിധ കാൽപനിക സോഷ്യലിസ്റ്റ് ചിന്താഗതികളും വലിയരീതിയിൽ ജനങ്ങളെ സ്വാധീനിച്ചിരുന്നു. വൈറ്റ്ലിം ഗിനെപോലുള്ളവർ കൈത്തൊഴിൽകാരുടെ സഹകരണ സംഘങ്ങൾ വഴി കമ്യൂണിസം യാഥാർത്ഥ്യമാക്കാമെന്ന് ചിന്തിച്ചിരുന്നു. വൈറ്റ് ലിംഗ് എഴുതിയ 'പാവപ്പെട്ട പാപികൾക്കുള്ള സുവിശേഷം' (Gospel for poor sinnser) എന്ന കൃതി യേശുവിനെ കമ്യൂണിസ്റ്റ് പ്രചാരകനായി അവതരിപ്പിച്ചു. ഇവരെല്ലാം സ്വത്തുടമാ സംവിധാനമില്ലാത്ത ആദർശ കമ്യൂണിസ്റ്റ് വ്യവസ്ഥയാണ് വിഭാവനം ചെയ്തത്. ഇത്തരം അശാസ്ത്രീയവും കാൽപനികവുമായ സോഷ്യലിസ്റ്റ് ചിന്താഗതികൾക്കെതിരെ നിലപാടെടുത്തുകൊണ്ടാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കിയത്.

'യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു, കമ്യൂണിസമെന്ന ഭൂതം' എന്ന വാചകത്തോടെയാണ് മാനിഫെസ്റ്റോ ആരംഭിക്കുന്നത്. കമ്യൂണിസ്റ്റുകാർക്കെതിരെ അന്നത്തെ യൂറോപ്പിലെ പ്രതിലോമശക്തികൾ ചേർന്നുണ്ടാക്കിയ 'വിശുദ്ധസഖ്യ'ത്തെയും അവർ കമ്യൂണിസ്റ്റുകാർക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന അപവാദ പ്രചാരണങ്ങളെയും തുറന്നുകാട്ടുകയും കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യവും പരിപാടിയും വ്യകതമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് അവതരിപ്പിക്കുന്നതെന്ന മുഖവുരയോടെയാണ് മാനിഫെസ്റ്റോ ആരംഭിക്കുന്നത്.
നാല് അധ്യായങ്ങളായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കിയിട്ടുള്ളത്:
1. ബൂർഷ്വാകളും തൊഴിലാളികളും.
2. തൊഴിലാളികളും കമ്യൂണിസ്റ്റുകാരും.
3. സോഷ്യലിസ്റ്റ് സാഹിത്യവും കമ്യൂണിസ്റ്റ് സാഹിത്യവും.
4. നിലവിലുള്ള വിവിധ രാഷ്ട്രീയ പാർട്ടികളോട് കമ്യൂണിസ്റ്റുകാരുടെ നിലപാട്.

സോഷ്യലിസ്റ്റ് തൊഴിലാളി പ്രസ്ഥാനത്തിന്റെ അതുവരെയുള്ള ചരിത്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ഏറ്റവും പ്രാഥമികമായ രൂപങ്ങൾ മുതൽ അന്നത്തെ വർഗപോരാട്ടങ്ങൾവരെയുള്ള തൊഴിലാളിവർഗസമരത്തിന്റെ അനുഭവങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള സൈദ്ധാന്തിക നിലപാടുകളാണ് മാനിഫെസ്റ്റോ അവതരിപ്പിക്കുന്നത്. മാർക്‌സിസത്തിന്റെ പരസ്പര നിബദ്ധഘടകങ്ങളായിട്ടുള്ള ഭൗതികവാദവും അർത്ഥശാസ്ത്രവും സോഷ്യലിസവും, അവയിൽ അതുവരെ നേടാൻ കഴിഞ്ഞിട്ടുള്ള അറിവിന്റെ സാന്ദ്രീകൃത രൂപവുമാണ് മാനിഫെസ്റ്റോ എന്നു പറയുന്നത്. മാനിഫെസ്റ്റോയുടെ ശാസ്ത്രീയ വീക്ഷണത്തെയും യുക്തിപരതയെയും വീക്ഷണ വ്യക്തതയെയും അപഗ്രഥനം ചെയ്ത് ലെനിൻ ഇങ്ങനെ എഴുതി: 'വിശിഷ്ട പ്രതിഭക്ക് സഹജമായ സ്ഫുടതയോടും ഉജ്ജ്വലതയോടും കൂടി ഈ കൃതി പുതിയൊരു പ്രപഞ്ചവീക്ഷണം അവതരിപ്പിക്കുന്നു. ആന്തരമായി പൊരുത്തമുള്ളതും സാമൂഹ്യജീവിതത്തിന്റെ മണ്ഡലത്തെക്കൂടി ഉൾക്കൊള്ളുന്നതുമായ ഭൗതികവാദം, വൈരുദ്ധ്യദർശനമെന്ന ഏറ്റവുമധികം സമഗ്രവും അഗാധവുമായ വികാസ സിദ്ധാന്തം, വർഗസമരത്തിന്റെയും ലോകചരിത്രത്തിൽ തൊഴിലാളിവർഗത്തിനുള്ള വിപ്ലവകരമായ പങ്കിന്റെയും സിദ്ധാന്തം, തൊഴിലാളിവർഗം ഒരു പുതിയ സമൂഹത്തിന്റെ സൃഷ്ടാവാണെന്ന സിദ്ധാന്തം. ഇതെല്ലാമായിരുന്നു അത്.'

മാനിഫെസ്റ്റോയിൽ മാർക്‌സും ഏംഗൽസും എഴുതിവെച്ചിരിക്കുന്നത് ഇങ്ങനെയാണ്: 'കമ്യൂണിസ്റ്റുകാരുടെ സൈദ്ധാന്തിക നിഗമനങ്ങൾ സർവ്വലോക പരിഷ്‌കർത്താവാകാനാഗ്രഹിക്കുന്ന ഏതെങ്കിലുമൊരാൾ കൽപിച്ചുണ്ടാക്കിയതോ കണ്ടുപിടിച്ചതോ ആയ ആശയങ്ങളെയോ പ്രമാണങ്ങളെയോ ആസ്പദമാക്കിയിട്ടുള്ളതല്ല. നിലവിലുള്ള വർഗസമരത്തിൽ നിന്ന്, നമ്മുടെ കൺമുമ്പിൽ നടക്കുന്ന ചരിത്രപരമായ ഒരു പ്രസ്ഥാനത്തിൽ നിന്ന് ഉയർന്നുവരുന്ന യഥാർത്ഥ ബന്ധങ്ങൾക്ക് സാമാന്യരൂപം നൽകുകയാണ് ആ നിഗമനങ്ങൾ ചെയ്യുന്നത്.'

ചൂഷകരും ചൂഷിതരും ധനികരും ദരിദ്രരും എന്ന വർഗവ്യത്യാസങ്ങളും അതുമൂലം ഉണ്ടാകുന്ന വർഗസമരവും അവസാനിപ്പിക്കുകയാണ് കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യമെന്ന് മാനിഫെസ്റ്റോ വിളംബരം ചെയ്യുന്നു. അത് മുതലാളിത്ത വ്യവസ്ഥയുടെയും ബൂർഷ്വാ വാഴ്ചയുടെയും പതനവും തൊഴിലാളിവർഗത്തിന്റെ വിജയവും വർഗവ്യത്യാസങ്ങളും വർഗസമരങ്ങളും ഇല്ലാത്ത ഒരു സമുദായത്തിലേക്കുള്ള മാറ്റവും അനിവാര്യമാണെന്ന് സ്ഥാപിക്കുന്നു. അത് സ്വയമേവ ഉണ്ടാവില്ല. അതിന് മുതലാളിത്തത്തിനുകീഴിൽ ചൂഷണവും മർദ്ദനവും അനുഭവിക്കുന്ന എല്ലാവരും ഒന്നിച്ചുചേർന്ന് വിപ്ലവകരമായ രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്ന് മാനിഫെസ്റ്റോ അനുശാസിക്കുന്നു. അത്തരം സമരങ്ങളിലൂടെ കമ്യൂണിസ്റ്റുകാർ തങ്ങളുടെ ലക്ഷ്യത്തിലേക്ക് കുതിക്കണമെന്നാണ് മാനിഫെസ്റ്റോ ആഹ്വാനം ചെയ്യുന്നത്.

'വർഗങ്ങളും വർഗശത്രുതകളുമുള്ള പഴയ ബൂർഷ്വാസമൂഹത്തിന്റെ സ്ഥാനത്ത് ഓരോരുത്തരുടെയും സ്വതന്ത്രമായ വളർച്ച എല്ലാവരുടെയും സ്വതന്ത്രമായ വളർച്ചയുടെ ഉപാധിയായി തീരുന്ന ഒരു സമൂഹം നമുക്ക് ലഭിക്കുന്നതായിരിക്കു'മെന്നാണ് മാനിഫെസ്റ്റോ കമ്യൂണിസ്റ്റുകാർക്കും തൊഴിലാളിവർഗത്തിനും മുമ്പിൽ ദീർഘദർശനം ചെയ്യുന്നത്.

1872-ലെ ജർമ്മൻ പതിപ്പിന് മാർക്‌സും ഏംഗൽസും എഴുതിയ മുഖവുരയിൽ മാനിഫെസ്റ്റോ ഓരോ ചരിത്രഘട്ടത്തിലും അന്ന് നിലവിലുള്ള ചരിത്രപരമായ സാഹചര്യങ്ങളെ കണക്കിലെടുത്തുകൊണ്ടായിരിക്കണം പ്രയോഗത്തിൽ കൊണ്ടുവരേണ്ടതെന്ന് കൃത്യമായി നിർദ്ദേശിക്കുന്നു. അതായത് സാമൂഹ്യവിപ്ലവത്തെ സംബന്ധിച്ച മാർക്‌സിസത്തിന്റെ സിദ്ധാന്തങ്ങൾ യാന്ത്രികമായി ഉരുവിട്ടുപഠിച്ച് പ്രയോഗിക്കാവുന്ന മന്ത്രങ്ങളല്ലെന്നാണ് മാർക്‌സും ഏംഗൽസും വ്യകതമാക്കുന്നത്. കാലദേശാവസ്ഥകളെ കണക്കിലെടുത്തും അവയ്ക്കനുസരിച്ചും മാത്രമെ മാനിഫെസ്റ്റോയുടെ കാഴ്ചപ്പാടുകളെ പ്രയോഗത്തിൽകൊണ്ടുവരാൻ കഴിയൂ. സിദ്ധാന്തം പ്രായോഗിക പ്രവർത്തനങ്ങൾക്കുള്ള വഴികാട്ടിയാകുമ്പോഴേ അത് വിപ്ലവകരമാകുന്നുള്ളൂ.

Comments