ഏപ്രിൽ 30 ഒരു ഭരണാധികാരിയുടെ ചരമദിനമാണ്. പക്ഷേ ലോകത്തിൽ ആരും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം. അതേസമയം, ലോകത്തിൽ എല്ലാവർക്കും അറിയാവുന്ന, ശക്തനായിരുന്ന, ഏറ്റവും ക്രൂരനായിരുന്ന ഭരണാധികാരിയായിരുന്നു. ഹിറ്റ്‌ലർ. അദ്ദേഹത്തിന്റെ ചരമദിനമാണ് ഏപ്രിൽ 30. ഇതിന് രണ്ട് ദിവസം മുമ്പ് മറ്റൊരു ഭരണകർത്താവിന്റെ ഓർമ്മിക്കപ്പെടാത്ത ചരമദിനം കൂടി കഴിഞ്ഞുപോയി. അത് മുസോളിനിയുടേതായിരുന്നു. ഏപ്രിൽ 28.
ഏതാണ്ട് 65ലക്ഷം യഹൂദന്മാരുടെയും സ്വവർഗാനുരാഗികളുടെയും ജിപ്‌സികളുടെയും യഹോവസാക്ഷികളുടെയും മരണത്തിന് ഉത്തരവാദിയായ ഭരണാധികാരിയായിരുന്നു ഹിറ്റ്‌ലർ. അതിന്റെ കണക്കുപറയാതെ അദ്ദേഹം ലോകത്തിൽ നിന്നും പോയി. ഒരു മലയാളിയുടെ മരണത്തിന്റെ പിന്നിലും അദ്ദേഹമുണ്ട്. അത് മറ്റാരുമല്ല, ചെമ്പക രാമൻപിള്ളയാണ്. അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദിയായിരുന്നു ഹിറ്റ്‌ലർ.
ജർമ്മനിയുമായി ഇവർക്ക് താൽപര്യമുണ്ടാവാനുള്ള കാരണം ജർമ്മനിയുടെ പ്രധാനശത്രുവായിരുന്നു ബ്രിട്ടൻ എന്നതായിരുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്നുള്ള സാമാന്യ യുക്തി അനുസരിച്ച് ജർമ്മനിയുമായുള്ള സൗഹൃദം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഗുണകരമായിരിക്കുമെന്ന് ഇവർ തീരുമാനിക്കുകയും അങ്ങനെ ഒരു മൂവ്‌മെന്റിൽ ഏർപ്പെടുകയാണ് ചെയ്തത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ, പിന്നീട് ഓർമ്മിക്കപ്പെടാതെ പോയ ധീര ദേശാഭിമാനിയായിരുന്നു ചെമ്പക രാമൻപിള്ള. ചെമ്പക രാമൻപിള്ള ഒരു വിദ്യാർഥിയായിട്ടാണ് ജർമ്മനിയിലെത്തുന്നത്. പിന്നീടദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. ബെർലിനിൽ അദ്ദേഹം ജോലി ചെയ്തു. സമ്പന്നമായ ജീവിതം അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നു. നേടാവുന്നതെല്ലാം നേടി. പല സ്ഥാപനങ്ങളിലും അദ്ദേഹം ജോലി ചെയ്തു. അതിനുശേഷം അദ്ദേഹം കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു.
ഇന്ത്യയിൽ നിന്ന് പോയശേഷം ഒരു സാധാരണ മനുഷ്യനെപ്പോലെ സമൃദ്ധമായ ജീവിതവും സുഖകരമായി ജോലി ചെയ്ത് മുന്നോട്ടുപോകാനല്ല അദ്ദേഹം ആഗ്രഹിച്ചത്. ഇന്ത്യയെ സ്‌നേഹിച്ചുകൊണ്ട് ജീവിച്ച ഒരു ധീരദേശാഭിമാനിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് കൂട്ടുകാരനായി ലഭിച്ചത് സരോജിനി നായിഡുവിന്റെ മൂത്ത സഹോദരൻ വീരേന്ദ്രനാഥ് ചാട്ടോപാധ്യായയെ ആയിരുന്നു. ഇവർ രണ്ടുപേരും ചേർന്ന് ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ ബെർലിൻ കോൺഫറൻസ് എന്ന മൂവ്‌മെന്റ് ആരംഭിച്ചു.
ജർമ്മനിയുമായി ഇവർക്ക് താൽപര്യമുണ്ടാവാനുള്ള കാരണം ജർമ്മനിയുടെ പ്രധാനശത്രുവായിരുന്നു ബ്രിട്ടൻ എന്നതായിരുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്നുള്ള സാമാന്യ യുക്തി അനുസരിച്ച് ജർമ്മനിയുമായുള്ള സൗഹൃദം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഗുണകരമായിരിക്കുമെന്ന് ഇവർ തീരുമാനിക്കുകയും അങ്ങനെ ഒരു മൂവ്‌മെന്റിൽ ഏർപ്പെടുകയാണ് ചെയ്തത്.
എന്നാൽ ചെമ്പക രാമൻപിള്ള അവിടെ നിന്നും പിന്നെയും മുന്നോട്ടുപോയി. 1915ൽ അദ്ദേഹം അഫ്ഗാനിലെ അമീറുമായി ബന്ധപ്പെടുകയും പ്രൊവിഷണൽ ഗവൺമെന്റ് ഓഫ് ഇന്ത്യ കാബൂളിൽ സ്ഥാപിക്കുകയും ചെയ്തു. അന്നതിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു ചെമ്പകരാമൻ പിള്ള.
വളരെ സങ്കീർണമായ ഒരു ജീവിതമായിരുന്നു തിരുവനന്തപുരത്തു കാരനായ ചെമ്പക രാമൻപിള്ള നയിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനി പരാജയപ്പെടുകയും 1919ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് ബ്രിട്ടീഷുകാരുടെ സ്വാധീനത്തിൽ അദ്ദേഹം പുറത്താക്കപ്പെടുകയും തിരിച്ചുവീണ്ടും ബെർലിനിൽ എത്തുകയുമാണുണ്ടായത്.
ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്, എന്തായിരിക്കാം ഹെർമൻ ഗോറിങ്ങും, ഹെന്റിച്ച് ഹിംലറും ജോസഫ് ഗീബൽസുമൊക്കെ ചെമ്പകരാമൻ പിള്ളയെ വിളിച്ചിട്ടുണ്ടാവുകയെന്ന്. ഹെർ ഷെമ്പക് എന്നായിരിക്കാം ഒരുപക്ഷേ അദ്ദേഹത്തിനെ അന്ന് ജർമ്മൻ ഭാഷയിൽ അവർ വിളിച്ചിട്ടുണ്ടാവുക. ഇവരെല്ലാം സുഹൃത്തുക്കളായിരുന്നു.
സുഹൃത്തായിരുന്നെങ്കിലും ഹിറ്റ്‌ലറിന്റെ പ്രസ്താവന ചെമ്പകരാമനെ ഇത് ചൊടിപ്പിച്ചു. ഏത് ശക്തനായ ഭരണാധികാരിയായാലും ഇന്ത്യക്കാരനെതിരെ പറഞ്ഞാൽ അതിനെതിരെ പ്രതികരിക്കാൻ തക്ക ദേശാഭിമാനമുള്ള ഒരു മനുഷ്യനായിരുന്നു ചെമ്പക രാമൻപിള്ള.
ഹിറ്റലറെ സംബന്ധിച്ച് ബ്രിട്ടീഷുകാർക്കെതിരായ ഇന്റലിജൻസ് വിവരങ്ങൾ കിട്ടുന്ന ഒരു ഉപാധിയെന്ന നിലയിലാണ് അദ്ദേഹം കണ്ടത്. ഇന്ത്യയോടോ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചോ വലിയ സങ്കല്പങ്ങളൊന്നും അദ്ദേഹത്തിനില്ലായിരുന്നു. ഏതാണ്ട് 1933 ജനുവരി 30ാം തിയ്യതിയാണ് അദ്ദേഹം ചാൻസലറായി അധികാരത്തിലേൽക്കുന്നത്. ഹിറ്റ്‌ലർ ചാൻസലർ ആകുന്നതിന് മുമ്പ് അദ്ദേഹം ഒരു പത്രസമ്മേളനത്തിൽ ഒരു പരസ്യപ്രസ്താവന നടത്തുകയുണ്ടായി. ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽ ആയിരിക്കുന്നെങ്കിൽ അതിന്റെ കാരണം ഇന്ത്യക്കാർ ആര്യന്മാർ അല്ലാത്തതിനാൽ ഭരിക്കാനുള്ള അർഹത അവർക്കില്ലാത്തതുകൊണ്ടാണെന്നായിരുന്നു പ്രസ്താവന. സുഹൃത്തായിരുന്നെങ്കിലും ഹിറ്റ്‌ലറിന്റെ പ്രസ്താവന ചെമ്പകരാമനെ ഇത് ചൊടിപ്പിച്ചു. ഏത് ശക്തനായ ഭരണാധികാരിയായാലും ഇന്ത്യക്കാരനെതിരെ പറഞ്ഞാൽ അതിനെതിരെ പ്രതികരിക്കാൻ തക്ക ദേശാഭിമാനമുള്ള ഒരു മനുഷ്യനായിരുന്നു ചെമ്പക രാമൻപിള്ള.
അദ്ദേഹം അപ്പോൾ തന്നെ ഹിറ്റ്‌ലർക്ക് ഒരു കത്തെഴുതി. മൂന്നു ദിവസത്തിനുള്ളിൽ അദ്ദേഹം മാപ്പപേക്ഷിക്കണമെന്നു പറഞ്ഞുകൊണ്ടാണ് കത്തയച്ചത്. ഹിറ്റ്‌ലറെപ്പോലൊരു മനുഷ്യന് ഒരു ഇന്ത്യക്കാരൻ കത്തെഴുതുകയാണ്, മൂന്ന് ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിച്ച് മാപ്പപേക്ഷിക്കണമെന്ന്.
അതിന് മാപ്പു പറഞ്ഞുകൊണ്ട് ഹിറ്റ്‌ലർ തിരിച്ചൊരു കത്തയക്കുകയാണുണ്ടായത്. പിന്നീട് ചാൻസലറായി തെരഞ്ഞെടുക്കപ്പെട്ട ഹിറ്റ്‌ലർ ജർമ്മനിയുടെ ഏകാധിപതിയായി മാറി. അദ്ദേഹം പിന്നീട് പരസ്യപ്രസ്താവന നടത്തി; " എന്റെ ഈ ഭരണകൂടം ഒരുപക്ഷേ ആയിരം വർഷം വാഴും, ജർമ്മനി ലോകത്തിന്റെ കേന്ദ്രമായി മാറും'
ഏകാധിപതികളായ മനുഷ്യർ എപ്പോഴും ചിന്തിക്കുന്നത് തങ്ങളുടെ അധികാരത്തിന് പരിധിയില്ലെന്നും തങ്ങളുടെ ഭരണകാലം എല്ലാകാലത്തേക്കും നിലനിൽക്കുന്നതാണെന്നുമാണെന്നാണ്. ഹിറ്റ്‌ലറും അങ്ങനെ ചിന്തിച്ചതാണ്. പക്ഷേ അതിന് പെട്ടെന്ന് അന്ത്യം വന്നുവെന്നുള്ള ലോകചരിത്രം നമ്മുടെ മുമ്പിലുണ്ട്.
പക്ഷേ, ചെമ്പകരാമൻ പിള്ളയുടെ ജീവിതത്തിന്റെ നല്ലകാലം അതോടെ അവസാനിക്കുകയായിരുന്നു. ഒരു വർഷം കഴിയുന്നതിനു മുമ്പു തന്നെ ചെമ്പകരാമൻ പിള്ളയുടെ ബെർലിനിലെ വീട് നാസികൾ വന്ന് റെയ്ഡ് ചെയ്യുകയും അദ്ദേഹത്തെ കായികമായി ഉപദ്രവിക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തിന് വിഷം കൊടുക്കുകയും ഇറ്റലിയിലെ ഒരു സാധാരണ ആശുപത്രിയിൽ ചെമ്പക രാമൻപിള്ളയെ പ്രവേശിപ്പിക്കുകയുമാണുണ്ടായത്.
അതിനു മുമ്പു തന്നെ ചെമ്പക രാമൻപിള്ള വിവാഹം കഴിച്ചിരുന്നു. ലക്ഷ്മി ഭായി എന്ന മണിപ്പൂരി പെൺകുട്ടിയുമായിട്ടായിരുന്നു വിവാഹം. ലക്ഷ്മി ഭായിയെ ഒരു റഷ്യൻ മിഷനറി ഇന്ത്യയിൽ നിന്നും ദത്തെടുത്ത് കൊണ്ടുപോയതാണ്. അതിനുശേഷം അഭയാർത്ഥിയായി അവർ ജർമ്മനിയിലെത്തുന്നു, ബെർലിനിൽവെച്ച് ചെമ്പക രാമനെ കാണുന്നു, അവർ തമ്മിൽ വിവാഹം നടക്കുന്നു. പക്ഷേ നിർഭാഗ്യവശാൽ ആ ബന്ധം ദീർഘകാലം നീണ്ടുനിന്നില്ല. ആ സമയത്താണ് അദ്ദേഹം ഹിറ്റ്‌ലറുമായി പിണങ്ങുന്നത്. തുടർന്ന് നാസികൾ വിഷം നൽകിയ ചെമ്പക രാമൻപിള്ളയുമായി ലക്ഷ്മി ഇറ്റലിയിലേക്ക് പോകുകയും അവിടെവെച്ച് അദ്ദേഹം മരണപ്പെടുകയുമായിരുന്നു.
ചെമ്പക രാമൻപിള്ളയെ കാണുന്നതിനുവേണ്ടി സുഭാഷ് ചന്ദ്രബോസ് ബെർലിനിൽ ചെന്നതിന് ചരിത്രരേഖകളുണ്ട്. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിക്കുന്നതിന് സുഭാഷ് ചന്ദ്രബോസിന് പ്രചോദനം കൊടുത്തയാളായിരുന്നു ചെമ്പക രാമൻപിള്ള. ചെമ്പക രാമൻപിള്ളയുടെ സഹപ്രവർത്തകനായി അക്കാലത്തുണ്ടായിരുന്നത്, മലയാളത്തിലെ പ്രിയ എഴുത്തുകാരൻ സി.വി രാമൻപിള്ളയുടെ സഹോദരൻ, വേങ്ങയിൽ കുഞ്ഞിരാമൻ അങ്ങനെ പല പ്രമുഖ വ്യക്തിത്വങ്ങളുമായി ഒത്തുചേർന്ന് പ്രവർത്തിച്ചയാളായിരുന്നു ചെമ്പക രാമൻ പിള്ള. പക്ഷേ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വേണ്ടത്ര രീതിയിൽ സ്മരിക്കപ്പെടാതെ പോയ വ്യക്തിത്വമാണ് അദ്ദേഹം. മരിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഇന്ത്യൻ പതാക വഹിച്ച, ആയുധങ്ങളേന്തിയ ഒരു പടക്കപ്പലിൽ ഇന്ത്യയിലേക്ക് വരണമെന്നുള്ളതായിരുന്നു. നിർഭാഗ്യവശാൽ അത് സാധിച്ചില്ല. 1934ൽ ഇറ്റലിയിൽവെച്ച് അദ്ദേഹം മരിച്ചു.
അദ്ദേഹത്തിന്റെ ഡയറികളും കുറിപ്പുകളും എഴുത്തുകളുമൊന്നും നഷ്ടപ്പെടാതെ ലക്ഷ്മി ഭായ് സൂക്ഷിക്കുകയാണ്. അപ്പോൾ ലക്ഷ്മി ഭായിക്ക് ഒന്നിലധികം ശത്രുക്കളായി. ബ്രിട്ടൻ നിശ്ചയമായും ശത്രുവാണ്, അപ്പോഴേക്കും നാസിയും ശത്രുവായി. ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്നും നാസി ഭരണകൂടത്തിൽ നിന്നും ഭർത്താവിന്റെ ചിതാഭസ്മവും അദ്ദേഹവുമായി ബന്ധപ്പെട്ട രേഖകളും സൂക്ഷിച്ചുകൊണ്ട് ഏതാണ്ട് ഒരു വർഷക്കാലം ഇവർ യൂറോപ്പിൽ സഞ്ചരിച്ചു. രഹസ്യമായി ജീവിച്ചു. അതിനുശേഷം 1935ൽ അവർ ബോംബെയിലേക്ക് വരികയാണ്.
ഏതാണ്ട് 32 വർഷങ്ങൾക്കുശേഷം 1966ലാണ് ചെമ്പക രാമന്റെ ആഗ്രഹം സഫലീകരിക്കുന്നത്. ഇന്ത്യൻ പതാക വഹിച്ച ഐ.എൻ.എസ് ഡൽഹി എന്നു പറയുന്ന ഇന്ത്യൻ പടക്കപ്പലിൽ ലക്ഷ്മി ഭായ് ചെമ്പകരാമന്റെ ചിതാഭസ്മവുമേന്തിക്കൊണ്ട് ബോംബെയിൽ നിന്നും കൊച്ചിയിൽ വന്നിറങ്ങുകയാണ്. അവിടെ നിന്നും തിരുവനന്തപുരത്തെ ചെമ്പക രാമന്റെ വീട്ടിലേക്ക് അവർ യാത്ര ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കരമനയാറ്റിൽ ചിതാഭസ്മം ഒഴുക്കി. കുറച്ചുദിവസം ഭർതൃഗൃഹത്തിൽ താമസിച്ചശേഷം അവർ ബോംബെയിലേക്ക് തിരിച്ചുപോയി.
ആശുപത്രിയിൽ ചെല്ലുമ്പോൾ തിരിച്ചറിയാൻ കഴിയാത്ത ചുക്കിച്ചുളിഞ്ഞ ശവശരീരം അവിടെ മോർച്ചറിയിൽ കണ്ടു. ഒറ്റനോട്ടത്തിൽ തന്നെ അദ്ദേഹം തിരിച്ചറിഞ്ഞു, അത് ലക്ഷ്മി ഭായിയുടേതായിരുന്നു. അവരുടെ മരണകാരണമായി എഴുതിയിരുന്നത് പട്ടിണിയാണ്.
ഈസമയത്ത് പി.കെ രവീന്ദ്രനാഥ് എന്ന പത്രപ്രവർത്തകൻ ചെമ്പകരാമന്റെ ജീവചരിത്രം എഴുതണമെന്ന് ആഗ്രഹിക്കുകയും അങ്ങനെ ലക്ഷ്മി ഭായിയുമായി ബന്ധപ്പെടുകയും ചെയ്തു. നിർഭാഗ്യവശാൽ അത് നടന്നില്ല. രേഖകളൊന്നും വിട്ടുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. വളരെ ദരിദ്രമായ സാഹചര്യത്തിലായിരുന്നു അവർ അന്ന് ബോംബെയിൽ ജീവിച്ചിരുന്നത്. ലക്ഷ്മി ഭായിയുമായി രവീന്ദ്രനാഥ് നിരന്തരം ബന്ധപ്പെടുമായിരുന്നെങ്കിലും ഒന്നുരണ്ടുവർഷങ്ങൾക്കുശേഷം ഇവർ തമ്മിലുള്ള ബന്ധങ്ങളെല്ലാം അവസാനിച്ചു. 1972ൽ ഒരു ദിവസം രാവിലെ ബോംബെയിലെ സെൻ ജോർജ് ഹോസ്പിറ്റലിൽ നിന്നും രവീന്ദ്രനാഥിന് ഒരു ഫോൺ കോൾ വന്നു. ശവശരീരം തിരിച്ചറിയുന്നതിന് താങ്കൾ ആശുപത്രി വരെ വരണം, താങ്കളുടെ നമ്പർ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അങ്ങനെ രവീന്ദ്രനാഥ് സെന്റ് ജോർജ് ആശുപത്രിയിൽ ചെല്ലുമ്പോൾ തിരിച്ചറിയാൻ കഴിയാത്ത ചുക്കിച്ചുളിഞ്ഞ ശവശരീരം അവിടെ മോർച്ചറിയിൽ കണ്ടു. ഒറ്റനോട്ടത്തിൽ തന്നെ അദ്ദേഹം തിരിച്ചറിഞ്ഞു, അത് ലക്ഷ്മി ഭായിയുടേതായിരുന്നു. അവരുടെ മരണകാരണമായി എഴുതിയിരുന്നത് പട്ടിണിയാണ്. ആ സമയത്തും അവരുടെ അരഞ്ഞാണത്തിൽ ഒരുകൂട്ടം താക്കോലുണ്ടായിരുന്നു. ആ താക്കോൽകൂട്ടം ഉപയോഗിച്ച് അവരുടെ പെട്ടി തുറന്നപ്പോൾ നാസി ഭരണത്തിൽ നിന്ന്, ബ്രിട്ടീഷുകാരിൽ നിന്ന് ഇവർ സൂക്ഷിച്ചിരുന്ന, ഭർത്താവിന്റെ പ്രവർത്തനങ്ങളും ചിന്തകളും അടങ്ങിയ രേഖകളായിരുന്നു അതിൽ. ഇത് പിന്നീട് നാഷണൽ ആർക്കെയ്‌വ്‌സിലേക്ക് മാറ്റുകയും ചെയ്തു. അതിനെപ്പറ്റി പിന്നീട് ഗവേഷണങ്ങൾ നടത്തുകയോ പുസ്തകങ്ങൾ എഴുതപ്പെടുകയോ ചെയ്തിട്ടില്ല. നാളെ ഇതൊരു പുസ്തകമാകുകയും ആ ധീരദേശാഭിമാനി ഓർമ്മിക്കപ്പെടുകയും ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഏപ്രിൽ 30നാണ് ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നമ്മൾ ശ്രദ്ധിക്കേണ്ട ഒന്നുരണ്ട് കാര്യങ്ങളുണ്ട്. ബെർലിനിലെ ഭൂഗർഭ അറയിലെ മൂവായിരം ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടിലേക്ക് അദ്ദേഹം താമസം മാറി. ദിവസവും കിട്ടുന്ന വാർത്തകൾ അത്ര നല്ല വാർത്തകളല്ല. കാരണം, റഷ്യയിൽ നിന്നും ചെമ്പട ഇറങ്ങി ഹിറ്റ്‌ലർ താമസിക്കുന്നതിന്റെ ഏതാണ്ട് ഒരു കിലോമീറ്റർ അടുത്തുവരെ എത്തിയെന്ന് കേൾക്കുന്ന ദിവസമാണ് അവസാനത്തെ സൈനിക യോഗം ചേരുന്നത്. ഹെർമൻ ഗോറിങ് ആ യോഗത്തിൽ പങ്കെടുത്തു. പരാജയം ഏതാണ്ട് പൂർണമായി. ഏതാണ്ട് ആയിരം വർഷം സ്വപ്‌നം കണ്ട നാസി ഭരണം ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് മനസിലായപ്പോൾ ഹിറ്റ്‌ലർ ആദ്യമായി പറഞ്ഞു, പിരിഞ്ഞുപോകാൻ താൽപര്യമുള്ളവർക്ക് പിരിഞ്ഞുപോകാം. ഗോറിങ് ആദ്യം അവിടെനിന്ന് പിരിഞ്ഞുപോകുകയാണ്. ഹിറ്റ്‌ലറിന്റെ ഡെപ്യൂട്ടിയായിരുന്നു ഗോറിങ്.
ഗോറിങ് അവിടെ നിന്ന് പിരിഞ്ഞുപോയ അന്ന് വൈകുന്നേരം ഒരു സന്ദേശം ഹിറ്റ്‌ലറിന് അയക്കുകയാണ്. 1941ൽ ഒരു പ്രത്യേക സാഹചര്യത്തിൽ, ഏതെങ്കിലും കാരണവശാൽ ഹിറ്റ്‌ലർ മരിക്കുകയാണെങ്കിൽ നാസി ഭരണകൂടത്തെ മുമ്പോട്ടു കൊണ്ടുപോകുന്നതിന് തന്റെ പിന്തുടർച്ചാവകാശിയായി ഗോറിങ്ങിനെ അവരോധിച്ചുകൊണ്ടുള്ള ഒരു വിജ്ഞാപനം ഹിറ്റ്‌ലർ പുറത്തിറക്കിയിരുന്നു. താൽക്കാലികമായ ക്രമീകരണം എന്ന നിലയിൽ മാത്രമാണ് ആ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതെങ്കിലും അന്ന് ലഭിച്ച കമ്പി സന്ദേശം, "ബഹുമാനപ്പെട്ട ഫ്യൂറർ 1941ൽ താങ്കൾ എന്നെ താങ്കളുടെ പിന്തുടർച്ചാവകാശിയാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയതിന്റെ അടിസ്ഥാനത്തിൽ ഞാൻ ജർമ്മൻ ഭരണം കയ്യേൽക്കുകയാണ്. താങ്കൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പത്തുമണിക്കൂറിനുള്ളിൽ എന്നെ അറിയിക്കാം. ഇല്ലെങ്കിൽ ജർമ്മൻ ജനതയുടെ ഭാവിയ്ക്കും അഭ്യുദയത്തിനുവേണ്ടി ഞാൻ ഭരണാധികാരിയായി സ്വയം അവരോധിക്കും.'
ഒന്നാമന്റെ ശത്രു എപ്പോഴും രണ്ടാമനായിരിക്കും. തൊട്ടുപിന്നിൽ നിൽക്കുന്നവൻ. അയാൾ എപ്പോഴെങ്കിലും മുന്നിലേക്ക് വരുമ്പോൾ ഒന്നാമന്റെ ആത്മവിശ്വാസം തകർന്നുപോകുന്നു. എല്ലാ ഏകാധിപതികളും ഇത് ഓർത്തിരിക്കേണ്ടതാണ്.
ഹിറ്റ്‌ലർ മരിച്ചതിനുശേഷം അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ജീവനോടെ പിടിക്കപ്പെട്ട ഹിറ്റ്‌ലറുടെ ബോഡീഗാർഡുണ്ടായിരുന്നു. 2013ലാണ് അദ്ദേഹം മരിച്ചത്. ദീർഘകാലം അദ്ദേഹം റഷ്യയിൽ ജയിലിലായിരുന്നു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയശേഷം ബെർലിനിൽ വന്ന് സമാധാനപരമായ കുടുംബജീവിതം നയിച്ച് പ്രായാധിക്യത്തിൽ അദ്ദേഹം മരിച്ചു പോകുകയാണുണ്ടായത്. അദ്ദേഹം മുമ്പ് കോടതിയിൽ പറഞ്ഞ ഒരു പ്രസ്താവനയുണ്ട്; "ഹിറ്റ്‌ലർ സ്വപ്‌നം കണ്ട സാമ്രാജ്യം നശിക്കുന്നുവെന്നുള്ളതോ ശത്രുക്കൾ തൊട്ടടുത്ത് എത്തിയിരുന്നുവെന്നുള്ളതോ ആയിരുന്നില്ല ഹിറ്റ്‌ലറുടെ ആത്മഹത്യയുടെ പ്രധാന കാരണം. തന്റെ കൂടെ ശക്തനായി നിലകൊണ്ടിരുന്ന, തന്റെ സഹചാരിയായിരുന്ന, കൂട്ടുകാരനായിരുന്ന ആളുടെ നിഷേധമായിരുന്നു ഹിറ്റ്‌ലറിന്റെ ആത്മഹത്യയ്ക്കു പിന്നിൽ. അദ്ദേഹത്തിന്റെ ആത്മവിശ്വാസം ചോർന്നു പോയതിന് പ്രധാന കാരണം.'
എല്ലാ ഏകാധിപതികളുടെയും അന്ത്യത്തിന്റെ പ്രധാന കാരണം അതാണ്. ഒന്നാമന്റെ ശത്രു എപ്പോഴും രണ്ടാമനായിരിക്കും. തൊട്ടുപിന്നിൽ നിൽക്കുന്നവൻ. അയാൾ എപ്പോഴെങ്കിലും മുന്നിലേക്ക് വരുമ്പോൾ ഒന്നാമന്റെ ആത്മവിശ്വാസം തകർന്നുപോകുന്നു. എല്ലാ ഏകാധിപതികളും ഇത് ഓർത്തിരിക്കേണ്ടതാണ്.
ഹിറ്റ്‌ലറുടെ ആത്മഹത്യയ്ക്ക് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. മൂന്നാമനായിരുന്ന ഹിംലറും ചാൻസലറിൽ നിന്നു വിട്ടുപോയിരുന്നു. അദ്ദേഹം ബ്രിട്ടീഷ് സേനയ്ക്ക് ഒരു റേഡിയോ സന്ദേശം അയക്കുകയുണ്ടായി, ഞങ്ങൾ കീഴടങ്ങാൻ തയ്യാറാണെന്ന്. അങ്ങനെ കൂടെ നിന്ന രണ്ടുപേർ തങ്ങളുടെ കൈകളിൽ നിന്ന് പോകുന്നുവെന്ന് കണ്ടതോടുകൂടി അന്ന് രാത്രി തീരുമാനമെടുക്കുകയാണ്, ഇനി ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ലയെന്ന്. അതാണ് പിന്നീട് ഹിറ്റ്‌ലറിന്റെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.
ജർമ്മനിയുടെ ഏറ്റവും വലിയ ശത്രുവായിരുന്ന ബ്രിട്ടനെതിരെ പൊരുതുന്നതിൽ കൂടെ നിന്ന ചെമ്പകരാമനെ ഒഴിവാക്കുന്നതിന് ഹിറ്റ്‌ലറിന് ഒരുനിമിഷം പോലും ആലോചിക്കേണ്ടി വന്നിട്ടില്ല. ഏകാധിപതികളുടെ കൂടെനിന്ന് മനുഷ്യാവകാശങ്ങൾ ഹനിക്കുന്ന ഏവരും ഓർക്കേണ്ട കാര്യം അവർക്ക് അധികാരത്തോട് മാത്രമേ കൂറുള്ളൂ. അവർക്ക് സുഹൃത്തുക്കളില്ല. മാത്രമല്ല ഹെർമൻ ഗോറിങ്ങിന്റെ ചതിയിൽ നിന്ന് ഹിറ്റ്‌ലർ പഠിച്ച മറ്റൊരു പാഠം, അല്ലെങ്കിൽ ഇതുപോലുള്ള ഏകാധിപതികളെ കാണുന്ന നമ്മൾ മനസിലാക്കേണ്ട കാര്യം അവരുടെ കൂടെ നിൽക്കുന്നവർ തന്നെയാണ് അവരുടെ ഏറ്റവും വലിയ ശത്രുവായി മാറുന്നത് എന്നാണ്.
ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തതായിരുന്നെങ്കിലും അദ്ദേഹം മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മരിച്ച മുസോളിനി, കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിനും ഇന്ത്യയുമായി ചില ബന്ധങ്ങളുണ്ട്. 1931ൽ ഒന്നാം വട്ടമേശ സമ്മേളനം കഴിഞ്ഞ് ഡോ മുഞ്ചെ ഇന്ത്യയിൽ എത്തിയതിനുശേഷം തിരക്കിട്ട് അദ്ദേഹം ഒരു വിദേശയാത്രകൂടി നടത്തി. അത് അദ്ദേഹത്തിന്റെ സ്വപ്‌നഭൂമിയായിരുന്ന ഇറ്റലിയിലേക്കായിരുന്നു. ഇറ്റലിയിലേക്ക് അദ്ദേഹം പോകുന്നതിന് പ്രധാനപ്പെട്ട ചില കാരണങ്ങളുണ്ടായിരുന്നു. ചില പ്രധാനപ്പെട്ട സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനുവേണ്ടിയായിരുന്നു മുഞ്ചെ ഇറ്റലിയിലേക്ക് പോയത്. ഫാഷിസ്റ്റ് അക്കാദമി, മിലിറ്ററി കോളജ്, മിലിറ്ററി കോളജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ഇങ്ങനെ വരുന്ന ചില പ്രത്യേക സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചുവെങ്കിലും അദ്ദേഹം പ്രത്യേകമായി കാണണമെന്ന് ആഗ്രഹിച്ച ഒരു സ്ഥാപനമുണ്ടായിരുന്നു. ആ സ്ഥാപനം Balilla avanguardisti യെന്നു പറയുന്ന ഒരു സ്ഥാപനമായിരുന്നു. ആറുവയസു മുതൽ പതിനെട്ടു വയസുവരെയുള്ള കുട്ടികൾക്ക് ശിക്ഷണം കൊടുക്കുന്ന സ്ഥാപനമായിരുന്നു അത്.
അവിടെ സന്ദർശിച്ച മുഞ്ചെ നടത്തിയ പ്രധാനമായൊരു നിരീക്ഷണമുണ്ട്; ഇന്ത്യക്കാരും ഇറ്റലിക്കാരും തമ്മിൽ ചില പ്രധാനപ്പെട്ട സാമ്യങ്ങളുണ്ട്. പൊതുവെ സൗമ്യരും യുദ്ധക്കൊതിയില്ലാത്തവരും കലാപരഹിതമായ ജീവിതം ആഗ്രഹിക്കുന്ന ശാന്തരുമായ മനുഷ്യരാണ് ഇന്ത്യക്കാരെന്ന് ഡോ. മുഞ്ചെയ്ക്ക് അറിയാമായിരുന്നു. അതുപോലെ തന്നെയാണ് ഇറ്റലിയിലെ ജനങ്ങളും. ഇവരെ യുദ്ധോന്മുഖമായ ഒരു മാനസികാവസ്ഥയിലേക്ക് വളർത്തുന്നതിന് ആയുധപരിശീലനം നൽകാൻ, കായികശേഷി വർധിപ്പിക്കാൻ, കലാപഭ്രമമുള്ളവരായി മാറ്റുന്നതിന് ഏതുവഴികളിലൂടെ സഞ്ചരിക്കണമെന്ന് ഗവേഷണം നടത്തിയ വ്യക്തിയായിരുന്നു മുസോളിനി. അങ്ങനെ അദ്ദേഹം സ്ഥാപിച്ച സ്ഥാപനമാണ് ബലില്ല.
ബലില്ലയിൽ ആറാമത്തെ വയസിൽ ഒരു കുട്ടിക്ക് അഡ്മിഷൻ കൊടുത്താൽ ഇവർ ചെയ്യുന്നത് പഴയ കഥകൾ പഠിപ്പിക്കുക, ആചാരങ്ങൾ പഠിപ്പിക്കുക, മിത്തുകൾ സത്യമാണെന്ന് വിശ്വസിപ്പിക്കുക, ആയോധനകലകൾ പഠിപ്പിക്കുക, ഡ്രില്ലുകൾ നടത്തുക, ആയുധ പരിശീലനം നടത്തുക ഇങ്ങനെ യുദ്ധാഭിമുഖ്യമുള്ള മനുഷ്യരായി മാറ്റുക. ബലില്ല കാണണമെന്നാഗ്രഹിച്ചാണ് പ്രധാനമായും ഡോ. മുഞ്ചെ അവിടെ ചെല്ലുന്നത്. ശാസ്ത്രീയ വിദ്യാഭ്യാസവും പുരോഗമനപരമായ ചിന്താഗതിയുമുള്ള എഡ്യുക്കേഷൻ എന്നു പറയുന്നത് തെറ്റാണെന്നും ഇൻഡോക്ട്രിനേഷൻ അതായത്, താത്വിക പഠനമാണ് ഇവർക്കാവശ്യം, ഇവർ ചരിത്രത്തെക്കുറിച്ച് പഠിക്കാതെ മിത്തുകൾ ചരിത്രമാണെന്ന് പഠിക്കുക, അത് സത്യമാണെന്ന് ഗ്രഹിക്കുക, ആചാരങ്ങൾ എന്താണെന്ന് പഠിക്കുക, ആ നാടിനെക്കുറിച്ചും ദേശത്തെക്കുറിച്ചും അമിതമായ ദേശീയത ഉള്ളിൽ ഉയർത്തുക ഇങ്ങനെ പ്രത്യേക തരം മനുഷ്യരാക്കി ഇവരെ മാറ്റുക. ആ തലമുറ വളർന്നുവരുമ്പോഴേക്കും ഇറ്റാലിയൻ ജനതയെ മറ്റൊരു സ്വഭാവമുളളവരാക്കി മാറ്റുകയെന്ന ഉദ്ദേശവുമാണ് ഈ ബെലില്ല എന്നു പറയുന്ന സ്ഥാപനത്തിന് ഉണ്ടായിരുന്നത്. ഇത് മുഞ്ചെയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു.
മുഞ്ചെയുടെ സന്ദർശനത്തിന്റെ നാലാമത്തെ ദിവസം ഒരു പ്രത്യേകത കൂടി അവിടെ നടന്നു. ഇന്ത്യയിൽ തനിക്കൊരു ആരാധകനുണ്ടെന്നും തന്റെ ആശയങ്ങൾക്കൊരു പ്രചാരകനുണ്ടെന്നും മുസോളിനി മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ മുസോളിനിയെ നേരിട്ടു കാണാൻ മുഞ്ചെ ആഗ്രഹിച്ചു. അങ്ങനെ നാലാമത്തെ ദിവസം ഫാസിസ്റ്റ് ഹെഡ്ക്വാട്ടേഴ്‌സിൽ വെച്ച് മുഞ്ചെയെ മുസോളിനി കാണുകയാണ്. ചരിത്രപ്രധാനമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്. ഏതാണ്ട് പതിനാല് ദിവസം നീണ്ട സന്ദർശനം പൂർത്തിയാക്കി മുഞ്ചെ തിരിച്ച് ഇന്ത്യയിലെത്തി. അപ്പോഴേക്കും ആർ.എസ്.എസ് സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കിലും കൃത്യമായ ദിശാബോധമുള്ള പ്രസ്താനമായിരുന്നില്ല. അതിനെ ഏത് ദിശയിലേക്ക് മാറ്റണമെന്ന് നിശ്ചയിക്കുകയും ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാക്കി മാറ്റുകയും ചെയ്യുന്നത് ഈ ഇറ്റാലിയൻ സന്ദർശനത്തോടെയാണ്. കൃത്യമായിട്ട് ഒരു യൂണിഫോം അവർക്ക് ഉണ്ടായിരിക്കുകയും ക്ഷേത്രാങ്കണങ്ങളിൽ ഇവർ ഡ്രില്ലുകൾ നടത്തുകയും കുറുവടികൾ ഉപയോഗിച്ച് അഭ്യാസങ്ങൾ പഠിപ്പിക്കുകയും മിത്തുകൾ സത്യമാണെന്ന് വിശ്വസിപ്പിക്കുകയും കെട്ടുകഥകൾ ചരിത്രമാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നതിലേക്ക് ഒരു സംഘടനയായി അതിനെ വളർത്തുകയാണുണ്ടായത്. ഈ പതിനാല് ദിവസത്തെ മുഞ്ചെയുടെ സന്ദർശനം വൃഥാവായി തീർന്നില്ല. അദ്ദേഹം പാകി മുളപ്പിച്ചത് ഇന്ത്യയിൽ നൂറുമേനിയായി വിളഞ്ഞുവെന്നത് സമീപകാല രാഷ്ട്രീയം നമ്മളെ പഠിപ്പിക്കുന്നുണ്ട്.
അതുകഴിഞ്ഞ് ഏതാണ്ട് നാലുവർഷത്തിനുശേഷം മുഞ്ചെയും അദ്ദേഹത്തിന്റെ വത്സല ശിഷ്യനായിരുന്ന ആർ.എസ്.എസിന്റെ സ്ഥാപകനായിരുന്ന ഹെഡ്‌ഗെവാറും ലല്ലു ഗോഖലെയും ചേർന്ന് നാസിക്കിൽ ഒരു സമ്മേളനം നടത്തുകയുണ്ടായി. ആ സമ്മേളനത്തിൽ ഇന്ത്യൻ മിലിറ്ററിയെ എങ്ങനെ ഹൈന്ദവവത്കരിക്കാം, അങ്ങനെ ഹൈന്ദവ വത്കരിക്കപ്പെട്ട ഒരു മിലിറ്ററിക്കു മാത്രമേ ഭാരതത്തെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാൻ കഴിയൂവെന്നവർ ചിന്തിക്കുകയും അങ്ങനെ അവർ അവിടെ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ അന്ന് ശത്രുവാരാണ് എന്ന് അവർ കൃത്യമായി പറഞ്ഞിരുന്നില്ല. അന്ന് സ്വതന്ത്ര ഇന്ത്യ അല്ലെന്ന് ഓർക്കണം. ശത്രുവിനെതിരെ പോരാടുന്നതിന് ഇന്ത്യൻ മിലിറ്ററിയെ ഹൈന്ദവ വത്കരിക്കണമെന്നവർ പറഞ്ഞു. സ്വാഭാവികമായിട്ടും നമുക്ക് ചിന്തിക്കാം അന്ന് ശത്രുവെന്ന് പറയുന്നത് ബ്രിട്ടീഷുകാരായിരിക്കും. ഏതാണ്ട് 50കളിൽ എത്തിയപ്പോഴേക്കും നമ്മുടെ ശത്രു ബ്രിട്ടീഷുകാരിൽ നിന്ന് പാക്കിസ്ഥാനായി മാറി. പിന്നീടത് മുസ്ലീമായി മാറി. പിന്നീട് പശുവിറച്ചി തിന്നുന്നവരായി മാറിയെന്നത് ഇപ്പോഴത്തെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്നത് കണ്ടാൽ നമുക്ക് മനസിലാവും. അപ്പോൾ ശത്രുവാരാണെന്ന് കൃത്യമായി നിർവചിക്കപ്പെട്ടില്ലെങ്കിലും എങ്ങനെയാണ് ശത്രുവിനെ കീഴടക്കേണ്ടത് എന്തായിരിക്കണം ശത്രുവിനെതിരെ എടുക്കേണ്ട നിലപാടുകൾ എന്നതു സംബന്ധിച്ച് 1934 കൾ തൊട്ടുതന്നെ നിശ്ചയിക്കപ്പെടുകയും അതനുസരിച്ച് ഒരു പരിശീലനം കൊടുക്കപ്പെടുകയുമാണുണ്ടായത്. സമാധാനപരമായ ക്ഷേത്രാങ്കണങ്ങൾ കേന്ദ്രമാക്കി ആയുധ പരിശീലനം നൽകി ഒരു അർദ്ധ സൈനിക സ്വഭാവത്തിലേക്ക് ആർ.എസ്.എസ് എന്നു പറയുന്ന സംഘടന മാറുകയാണുണ്ടായത്. അതിനുശേഷം ഇന്ത്യ സ്വതന്ത്രമായി. വർഷങ്ങളോളം ഇവരുടെ ആശയങ്ങൾ വലിയ തോതിൽ സ്വാധീനം സൃഷ്ടിക്കാതെ പോയി എന്നത് ഒരു യാഥാർത്ഥ്യമാണ്.
നാസി ഭരണകൂടവും ഫാസിസ്റ്റ് ഭരണകൂടവും യൂറോപ്പിൽ കടപുഴകി വീണു. ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തു. അതിനു രണ്ടുദിവസം മുമ്പ് മുസോളിനിയെ ശത്രുക്കൾ കണ്ടെത്തി പിടികൂടി കെട്ടിത്തൂക്കി കൊലപ്പെടുത്തി പിന്നീട് ഓടയിൽ എറിഞ്ഞു കളയുകയുമാണുണ്ടായത്. ഇത് റേഡിയോയിലൂടെ കേട്ടുവെന്നുള്ളതും ഹിറ്റ്‌ലറുടെ ആത്മഹത്യയ്ക്കുള്ള മൂന്നാമത്തെ കാരണമായിരുന്നു. അങ്ങനെ ലോകത്തിലെ ഏറ്റവും കിരാതമായ ഭരണം നയിച്ചിരുന്ന രണ്ട് ഭരണാധികാരികൾ നിരാശ്രയരും നിസഹായരുമായി നിഷ്‌കാസിതരായി ലോകംവിട്ടുപോയതിന്റെ പ്രധാനപ്പെട്ട ഓർമ്മകളാണ് ഏപ്രിൽ 28ഉം ഏപ്രിൽ 30ഉം.