ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് രൂപീകരണവേളയിൽ ​തൃശൂരിൽ വെച്ച് എടുത്ത ചിത്രം. (1928) / Photo: Keralaculture.org

ഗുരുവിന്റെ ജാതി
ജാതിയുടെ ഗുരു

കേരളം തിരസ്​കരിച്ച ഒരു മാനിഫെസ്​റ്റോ

കേരള സമൂഹം തിരസ്‌കരിച്ചത്, ശ്രീനാരായണ ഗുരുവിലൂടെ കേരളം ലോകത്തിനു സംഭാവന ചെയ്ത മാനവികസമത്വ മാനിഫെസ്റ്റോയാണ്​. അത്തരമൊരു തിരിച്ചറിവുനേടാൻ കൊളോണിയൽ ആധുനികതയിലും പാശ്ചാത്യ ഇറക്കുമതി വിജ്ഞാനത്തിലും അന്ധമായി വിശ്വാസമുറപ്പിച്ച കേരളത്തിനാകുമോ? ഗുരുവിന്റെ ജാതിദർശനത്തിന്​പിൽക്കാലത്തുണ്ടായ അപചയം അടയാളപ്പെടുത്തുന്നു.

ശ്രീനാരായണ ഗുരുവിന്റെ ജാതിചിന്തയുടെ ചരിത്രസന്ദർഭവും ജാതിസങ്കൽപനവും മാനവിക സമത്വഭാവനയും വിലയിരുത്തി കേരളീയ ധൈഷണികതയുടെ ആഗോളസാന്നിധ്യവും പിൽക്കാല അപചയവും അടയാളപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

കൊളോണിയൽ ആധുനികത ജാതിയെ ഉൾക്കൊണ്ട രീതിയുടെ ഘടനാവികാസം വ്യക്തമാക്കാതെ ഗുരുവിന്റെ ജാതി ദർശനത്തിലേക്ക് കടക്കാനാവില്ല. കൊളോണിയൽ സെൻസസിലെ ജാതിനിർണയം പശ്ചാത്തലമായി മനസിലാക്കി, ഗുരുവിന്റെ ജാതിപ്രകരണങ്ങളെ കുറിച്ച് ആലോചിക്കുകയാണിവിടെ. ഒപ്പം ഗുരുവിന്റെ ജാതിദർശനത്തിന്​പിൽക്കാലത്തുണ്ടായ അപചയം അടയാളപ്പെടുത്താനും ശ്രമിക്കുന്നു. കൂടാതെ കൊളോണിയൽ ആധുനികതക്കെതിരായി രൂപംകൊണ്ട തദ്ദേശീയ ജ്ഞാനമാതൃകളെ കൊളോണിയൽ ആധുനികത തന്നെ വിഴുങ്ങിയ ചിത്രം വ്യക്തമാക്കുകയും ചെയ്യുന്നു. ജാതിസംവർഗം അസമത്വരൂപകമായും സമത്വരൂപകമായും ക്രമേണ സംവരണരൂപകമായും മാറിയതോടെ ശ്രീനാരായണഗുരുവിന്റെ ജാതിദർശനത്തിനു സംഭവിച്ച അപചയവഴി തെളിയിച്ചെടുക്കാനുള്ള ശ്രമമെന്ന നിലക്കാണ് ഈ പഠനം പ്രസക്തമാകുന്നത്.

ജാതിയും കൊളോണിയൽ സെൻസസും

ഭരണനിർവഹണത്തിനും സമൂഹത്തെ നിയന്ത്രിക്കാനും അധിനിവേശ സമൂഹത്തെകുറിച്ചുള്ള വിവരശേഖരണം ആവശ്യമാണ് എന്നതായിരുന്നു കൊളോണിയൽ കാലത്തെ സെൻസസ് പ്രോജക്ടിനുപിന്നിലെ താല്പര്യം. കേവലം ജനസംഖ്യ കണക്കാക്കലിനുമപ്പുറം ജാതി, വംശം, മതം, ഭാഷ തുടങ്ങിയ സംവർഗങ്ങൾ അടിസ്ഥാനമാക്കിയുള്ള സമൂഹഘടനാ സംവിധാനം ആരാഞ്ഞറിയലും കൂടിയായിരുന്നു അത്. സെൻസസ് പദ്ധതി ഇന്ത്യയിലെ ജാതിനിർണയത്തിൽ എപ്രകാരമാണ് ഇടപെട്ടതെന്ന് മനസിലാക്കുമ്പോഴാണ് ഇന്ത്യൻ ജനതയുടെ സാമൂഹിക വിന്യാസത്തിന്റെ കൊളോണിയൽ മുഖം വെളിപ്പെടുന്നത്.

1870 മുതൽ ഗോത്ര -ജാതി വിഭാഗങ്ങളായി ഇന്ത്യൻജനതയെ തിരിച്ചറിയാനായിരുന്നു കൊളോണിയൽ ഭരണകൂടം ശ്രമിച്ചത്. അതിനായി മതം, ജാതി/വംശം, ദേശീയത, ഗോത്രപരത, ജന്മദേശം എന്നിവ അവർ അന്വേഷിച്ചു തുടങ്ങി. 1881 ലെ സെൻസസിലെ ജാതി വിവരങ്ങൾ വർഗീകരിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ജാതിയെ കുറിച്ചുള്ള അവ്യക്തത കൊളോണിയൽ അധികാരികൾക്കിടയിൽ പ്രകടമായിരുന്നു. മുഖ്യ ജാതിക്ക് പല ഉപജാതികളുണ്ടെന്ന തിരിച്ചറിവ് 1891 സെൻസസ് ചോദ്യാവലിയിൽ പ്രകടമായി.

ബ്രിട്ടിഷ് ഇന്ത്യയിൽ സെൻസസ് തയ്യാറാക്കാനുള്ള ആദ്യ ശ്രമം നടന്നത് 1871-ലാണ്. പ്രസ്തുത സെൻസസിന് ആമുഖമെന്നോണം അന്നത്തെ സിവിൽ സെർവെന്റ് ഹെന്റി വാട്ടർഫീൽഡ് തയ്യാറാക്കിയ Memorandum on the Census of British India of 1871-72 / Photo: Statistics and Commerce Department, India

ജാതികളുടെ വർഗീകരണം തൊഴിൽ സംബന്ധമായി കണ്ട് ജാതിനിർണയം നടത്തി. സൈനികവൃത്തിയുള്ള ജാതികൾ, കാർഷികജാതികൾ, ഭൂവുടമകൾ, കാലിവളർത്തുകാർ, കർഷകത്തൊഴിലാളികൾ, പാട്ടും ആട്ടവും നടത്തുന്നവർ, നെയ്ത്തുകാർ ചായക്കാർ, വെള്ളി/സ്വർണപ്പണിക്കാർ, ബാർബർ, കൊല്ലൻ, ആശാരി, കൊത്തൻ, തയ്യൽക്കാർ, അലക്കുകാർ, മൽസ്യതൊഴിലാളികൾ, ആദിവാസികൾ തുടങ്ങിയ 60 പ്രധാന തൊഴിൽവിഭാഗങ്ങളെ തിരിച്ചറിഞ്ഞു. 1901 സെൻസസിൽ ഗോത്രവിഭാഗങ്ങളെയും ജാതികളെയും വ്യത്യസ്തമാക്കി മനസിലാക്കുന്നതിനായിരുന്നു ഊന്നൽ. അതിനായി നരവംശാടിസ്ഥാനത്തിൽ ജാതിനിർണയം നടത്തി. ഇത് നടപ്പിലാക്കാൻ പറ്റുന്ന സൈദ്ധാന്തിക പശ്ചാത്തലം ജീവശാസ്ത്ര വർഗീകരണത്തിലൂടെ പാശ്ചാത്യർക്ക് പരിചിതമായിരുന്നു. അതോടൊപ്പം, 1800 കളിൽ ലണ്ടൻ ആസ്ഥാനമായി വികസിച്ച സാംഖ്യക മാതൃകകളും സഹായത്തിനുണ്ടായി. ഈ പശ്ചാത്തലബലത്തിലാണ്, ഇന്ത്യൻ ജനതയെ കുറിച്ചുള്ള വിവരശേഖരണം കൊളോണിയൽ ഭരണാധികാരികൾ ഏറ്റെടുത്തത്. തുടക്കത്തിൽ ജനസംഖ്യാകണക്കെടുപ്പായി തുടങ്ങിയെങ്കിലും സാമൂഹികവിന്യാസത്തെ വർഗീകരിച്ചറിയാനുള്ള ആഗ്രഹമാണ് അവരെ ജാതിനിർണയത്തിലെത്തിച്ചത്.

പാശ്ചാത്യരായ ഞങ്ങളാണ് ജ്ഞാനനിർമാതാക്കൾ, നിങ്ങൾ ജ്ഞാന ഉപഭോക്താക്കൾ മാത്രമാണ് എന്ന പാശ്ചാത്യപക്ഷത്തെ സ്ഥാപിച്ചുറപ്പിച്ച കൊളോണിയൽ ആധുനികതക്ക്​ ഗുരുചിന്തയെ ബലിയർപ്പിച്ച സമുദായവും കേരള സമൂഹവും ഗുരുവിനോട് കാട്ടിയ നീതികേട് എന്നെങ്കിലും തിരിച്ചറിയുമോ?

പ്രാദേശികമായിട്ടാണ് സെൻസസ് ആരംഭിച്ചത്. 1824ൽ അഹമ്മദാബാദ് പട്ടണത്തിലും 1827 -1828 കാലത്ത്​ ബനാറസിലും പരീക്ഷണാർത്ഥം അത് നടപ്പിലാക്കി. 1830 ഡാക്കയിൽ നടത്തിയ സെൻസസ് ലിംഗപദവി, പ്രായം, ഗാർഹിക സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും കൂടി ഉൾപ്പെത്തികൊണ്ടുള്ളതായിരുന്നു. മദ്രാസിൽ 1863 ൽ സമഗ്രമായ സെൻസസ് നടത്തി. തുടർന്ന് 1864 ൽ ബോംബെയിലും 1866 ൽ കൽക്കട്ടയിലും സമാനമായ പഠനം പൂർത്തിയാക്കി. 1871 മുതൽ ഇന്ത്യയിൽ എല്ലായിടത്തും സെൻസസ് നടത്താൻ തീരുമാനിച്ചു. പേര്, പ്രായം, മതം, ജാതി/വർഗം , വംശം/ദേശീയത, വിദ്യാഭ്യാസം, സാക്ഷരത മുതലായ വിവരങ്ങളൊക്കെ കൂട്ടിച്ചേർത്തുകൊണ്ടുള്ള ചോദ്യാവലിയാണ് ഉപയോഗിച്ചത്. എന്നാൽ ജാതിസംബന്ധമായി ലഭിച്ച വിവരങ്ങളും സാമൂഹിക- സാമ്പത്തിക വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ വ്യക്തമായ ഒരുചിത്രം നല്കാത്തതുകാരണം ജനസഞ്ചയത്തെ ശാസ്ത്രീയമായി വർഗീകരിക്കാൻ അവർക്ക് പ്രയാസം നേരിട്ടു. കൊളോണിയൽ ബോധത്തിനുമേൽ സംസ്‌കൃതജ്ഞാനം പങ്കിട്ട ചാതുർവർണ്യ വ്യവസ്ഥയായിരുന്നു അന്നത്തെ സാമൂഹിക ഇടം നിർമിച്ചിരുന്നത് എന്നതായിരുന്നു ഇതിന് പ്രധാനകാരണം. എന്നാൽ, പ്രായോഗികമായി ദത്തശേഖരണം നടത്തിയപ്പോൾ ലഭ്യമായത് ഈ അറിവിന് വിരുദ്ധമായ സാമൂഹിക സ്വത്വങ്ങളാണ്. സമുദായ സ്വത്വങ്ങൾ വർഗീകരണത്തിനു സഹായകമായില്ല. പേരുകളിലും പദവികളിലും സ്വഭാവങ്ങളിലും ദൃശ്യമായ വൈവിധ്യം സാമൂഹികവിന്യാസത്തെ കുറിച്ചുള്ള തെറ്റായ നിഗമനങ്ങളിലാണെത്തിച്ചത്. ഇതോടെ സിക്കും സുന്നിയും ജയിനും ബ്രാഹ്മണർക്കൊപ്പം ജാതിപട്ടികയിൽ ഇടംപിടിച്ചു.

വ്യത്യസ്ത മതങ്ങളിലും ജാതികളിലും, സാമൂഹിക വിഭാഗങ്ങളിലുള്ള, വിവിധ ജോലികൾ ചെയ്യുന്ന സ്ത്രീകളുടെയും പുരുഷൻമാരുടേയും 72 കളർചിത്രങ്ങൾ അടങ്ങിയ Seventy-two Specimens of Castes in India എന്ന ഇല്യസ്ട്രേറ്റഡ് മാനുസ്ക്രിപ്റ്റിൽ നിന്ന്. 1837ൽ മധുരയിൽ നിന്ന് കണ്ടെത്തിയതാണിത്.

ജാതിയെ കുറിച്ചുള്ള അവ്യക്തത കൊളോണിയൽ അധികാരികളെ വല്ലാതെ കുഴച്ചു. സംസ്‌കൃതജ്ഞാനം സൃഷ്ടിച്ച വർണവ്യവസ്ഥ പിന്തുടർന്നിട്ടു കാര്യമില്ലെന്ന് വന്നതോടെ പിന്നെന്ത് എന്ന ചോദ്യത്തിന് പരിഹാരമായി ഉയർന്നുവന്നത് നരവംശശാസ്ത്രമാണ്. ഭൗതിക നരവംശശാസ്ത്രം അടിസ്ഥാനമാക്കി ജനവർഗത്തെ വംശീയമായി വർഗീകരിച്ചു കാണുന്ന എച്ച്. എച്ച്. റിസ്​ലെയുടെ രീതിക്ക് ശാസ്ത്രീയാടിസ്ഥാനം നല്കാൻ ഇത് സഹായിച്ചു. എന്നാൽ ജാതിനിർണയിക്കാനുള്ള കൃത്യമായ തെളിവല്ല ഇതെന്ന വിമർശനവും പരക്കെയുണ്ടായി. എങ്കിലും ജീവശാസ്ത്രത്തിൽ അംഗീകരിക്കപ്പെട്ട ശ്രേണീകരണവ്യവസ്ഥ മാനവ വർഗീകരണത്തിനും ഉതകുമെന്ന ചിന്ത സാമൂഹികശ്രേണീകരണശ്രമത്തിനും പിൻബലമേകി.

നരവംശശാസ്ത്രം ആധാരമാക്കിയുള്ള ദത്തശേഖരണരീതിയിലൂടെ രണ്ടുതരത്തിലുള്ള ദത്തമാണ് ശേഖരിച്ചത്. ഓരോ ജാതി /ഗോത്ര വിഭാഗത്തിന്റെയും ചരിത്രം, സാമൂഹികഘടന, ആചാരാനുഷ്ടാനങ്ങൾ തുടങ്ങിയ സാമൂഹികവും സാംസ്‌കാരികവുമായ സ്വഭാവവുമടങ്ങുന്ന ദത്തവും ശാരീരിക സവിശേഷതകളെ അളന്നറിഞ്ഞുള്ള ഭൗതിക നരവംശശാസ്ത്ര ദത്തവും. അന്നുവരെ കേട്ടിട്ടുപോലുമില്ലാത്ത അനേകം ആദിമജനവിഭാഗങ്ങളെ കുറിച്ചറിയാൻ ഇതിലൂടെ കഴിഞ്ഞു. ജാതിയുടെ വംശീയാടിസ്ഥാനം ശരീരശാസ്ത്ര വർഗീകരണത്തിലൂടെ നിർണ്ണയിക്കുന്നതായിരുന്നു റിസ്‌ലെയുടെ പദ്ധതി. സാമൂഹികപദവിയനുസരിച്ച്​ഏഴായി തിരിച്ച്​ ജാതികളെ ശ്രേണീകരിച്ചു. റിസ്‌ലെയുടെ ജാതിയെയും വർണത്തേയും കുറിച്ചുള്ള അവ്യക്തത വർഗീകരണത്തിൽ പ്രകടമാണ്. പരിമിതമായ സ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ വർഗീകരിച്ചത്, ആര്യൻ-ദ്രാവിഡിയൻ എന്ന രീതിയിൽ വംശീയമായി വർഗീകരിച്ചത്, ആസ്ട്രലോയിഡ് /കൊലാരിയൻ വിഭാഗത്തെ ദ്രാവിഡവംശത്തിൽ ഉൾപ്പെടുത്തിയത് എന്നിങ്ങനെ പലതും അപാകങ്ങളായി ചൂണ്ടികാട്ടിയുള്ള ഒട്ടേറെ വിമർശനം റിസ്‌ലെ പിൽക്കാലത്ത്​ ഏറ്റുവാങ്ങി.

ഗുരുവിനെ സമുദായത്തിന്റെ ധൈഷണിക മൂലധനമാക്കി, ബിംബമാക്കി ഒതുക്കുമ്പോൾ ഗുരു മുന്നോട്ടുവച്ച മാനവഭാവനയെയാണ്, അതായത്, കേരളം ലോകത്തിന് സംഭാവന ചെയ്ത ആശയത്തെയാണ് ശ്രീനാരായണീയർ ഇരുട്ടിലാക്കിയത്.

തേഴ്സ്റ്റൺ, സമാനമായ രീതിശാസ്ത്രം ഉപയോഗിച്ചാണ് തെക്കേ ഇന്ത്യയിലെ ഗോത്രങ്ങളെയും ജാതികളെയും പഠിച്ചത്. നരവംശ ശാസ്ത്രമാതൃക 1911 സെൻസസിലും പിന്തുടർന്നു. 1921 സെൻസസിൽ സാമ്പത്തിക ഘടകങ്ങൾക്കായിരുന്നു പ്രാധാന്യം. വീണ്ടും ഹട്ടന്റെ നേതൃത്വത്തിൽ നരവംശമാതൃകയിൽ രക്തഗ്രൂപ്പ് പഠനവും, പാട്ടവ്യവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളും കൂടി ഉൾപ്പെടുത്തി സെൻസസിന്റെ അന്വേഷണ മേഖല വിപുലീകരിച്ചു. ജാതിനിർണയവും വർഗീകരണവും കൊളോണിയൽ സെൻസസ് കൈകാര്യം ചെയ്തതെങ്ങനെ എന്നാണ് ഇതിൽനിന്ന്​ തെളിയുന്നത്.
1901 സെൻസസിൽ നരവംശീയ മാതൃകകൾ പ്രയോജനപ്പെടുത്തിയാണ് ജാതിനിർണയവും വർഗീകരണവും നടത്തിയത്. പലപ്പോഴും ജാതിയറിയാതിരുന്നവർക്കുപോലും ജാതിപ്പേരുനല്കികൊണ്ടുള്ള വിവരശേഖരണത്തിലെ അശാസ്ത്രീയതയാണ് ഓരോപ്രദേശത്തും ആയിരക്കണക്കിന് ജാതികൾ കണ്ടെത്താൻ കാരണമായിത്തീർന്നത്. തന്മൂലം ജാതിപ്പേരുകളും അവരുടെ തൊഴിലും സാമൂഹിക പദവിയും തമ്മിൽ ധാരാളം പൊരുത്തക്കേടുകൾ ദൃശ്യമായി. അതോടൊപ്പം ജാതിയേതരമായ മുസ്​ലിം- ക്രിസ്ത്യൻ സമൂഹങ്ങളിലും ജാതിയടയാളപ്പെടുത്തിയെന്നതും വിമർശനം വിളിച്ചുവരുത്തി.

1871-72 കാലഘട്ടത്തിൽ തയ്യാറാക്കിയ സെൻസസിലെ ജാതി വർഗീകരണം.

തിരുവിതാംകൂറിൽ 1816-1820, 1836, 1854 കാലഘട്ടങ്ങളിൽ ജനസംഖ്യാ കണക്കെടുപ്പു നടന്നിട്ടുണ്ട് . എന്നാൽ ശാസ്ത്രീയ സെൻസസ് ആദ്യമായി നടന്നത് 1875 ലാണ്. തുടർന്ന് 1881 ൽ ബ്രിട്ടീഷ് ഇന്ത്യയുടെ മറ്റുഭാഗങ്ങൾക്കൊപ്പവും ഇവിടെ നടന്നു. തുടർന്ന് പത്തു വർഷം കൂടുമ്പോൾ സെൻസസ് പതിവായി. ജാതിയെ കുറിച്ച് സെൻസസിൽ പൊതുവിൽ നിലനിന്ന അവ്യക്തത തിരുവിതാംകൂറിന്റെ കാര്യത്തിലും വിഭിന്നമായിരുന്നില്ല. ഒരേ ജാതി തന്നെ പലപ്പോഴും വ്യത്യസ്ത പേരുകളിൽ ഉൾക്കൊള്ളിച്ചു. ആശാരി, ഈഴവ, കണിയാൻ, മാരൻ, നായർ വിഭാഗങ്ങളിലൊക്കെ കുറുപ്പ് ഉപജാതിയായി ചേർത്തു. അങ്ങനെ എത്രയോ തരത്തിലുള്ള അബദ്ധങ്ങളാണ് ജാതിയുടെ പേരിൽ കൊളോണിയൽ സെൻസസിൽ കടന്നുകൂടിയത്. ജാതിപ്പദവി നിർണയിക്കലാണ് സെൻസസ് എന്നുകരുതി ഇന്ത്യയിലെ പല പ്രദേശങ്ങളിലും പല വിഭാഗങ്ങളും ഉന്നത ജാതിപ്പേരുകൾ സ്വീകരിച്ചു. അതുവഴി അവരുടെ ആചാരാനുഷ്ഠനങ്ങൾ പരിഷ്‌കരിച്ച്​ സംസ്‌കൃതീകരിക്കപ്പെട്ടു.

ചുരുക്കത്തിൽ സെൻസസ് സൃഷ്ടിച്ച ജാതിനിർണയവും വർഗീകരണവും അബദ്ധങ്ങളും അവ്യക്തതകളും കൊണ്ട് ജടിലമാണ്. അല്പജ്ഞാനത്തിന്റെ പേരിൽ സാമൂഹികഘടനയെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു സെൻസസിൽ കടന്നുകയറിയ കൊളോണിയൽ ആധുനികത. കൊളോണിയൽ സെൻസസിലെ ജാതിനിർണയം അബദ്ധങ്ങളാണെങ്കിലും ഇത് പിൽക്കാലത്ത്​ ജാതിയുടെ അടിയാധാരമായ ഔദ്യോഗിക രേഖയായി മാറിയെന്നത് വിരോധാഭാസമാണ്.

തന്റെ ആശയലോകത്തിന്റെ അപചയം മനസിലാക്കിയ ഗുരു ശിഷ്യനായ സഹോദരൻ അയ്യപ്പൻ മുന്നോട്ടുവച്ച ‘ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്’ എന്ന യുക്തി അംഗീകരിച്ചത്, താൻ മുന്നോട്ടുവച്ച ചിന്തയുടെ സ്വാഭാവികവികാസമായി അതിനെ കണ്ടതുകൊണ്ടാണ്.

മതത്തിന്റെ കാര്യത്തിലും അവ്യക്തത പ്രകടമാണ്. ഹിന്ദുമതമെന്നതിന് കൃത്യമായ നിർവചനമില്ല. മതപൗരത്വമല്ല ചിത്രീകരിച്ചത്. ക്രിസ്തുമതത്തിലോ മുഹമ്മദിയ മതത്തിലോ പെടാത്തവരെയെല്ലാം ഹിന്ദുമതത്തിൽ ഉൾപ്പെടുത്തി. പ്രകൃതിമതക്കാരും അതിന്റെ ഭാഗമായി. ബ്രാഹ്മണ അധീശത്വം അംഗീകരിക്കാത്തവർ, മന്ത്രം സ്വീകരിക്കാത്തവർ, വേദപ്രാമാണ്യത്തെ എതിർക്കുന്നവർ, ഹിന്ദുദൈവങ്ങളെ പൂജിക്കാത്തവർ, ബ്രാഹ്മണ പുരോഹിതന്മാരുടെ സേവനമില്ലാത്തവർ, ഹിന്ദുക്ഷേത്രങ്ങളിൽ പ്രവേശനമില്ലാത്തവർ, അയിത്തമുള്ളവർ, ശവംകുഴിച്ചിടുന്നവർ, ബീഫ് കഴിക്കുന്നവർ, പശുവിനെ ആദരിക്കാത്തവർ തുടങ്ങിയ വിഭാഗക്കാർ ക്രിസ്തുമതത്തിലോ ഇസ്​ലാം മതത്തിലോ പെടാത്തവരാണെങ്കിൽ അവരെല്ലാം ഹിന്ദുവർഗ്ഗത്തിൽ പെടുന്നുവെന്നാണ് തിരുവിതാംകൂർ സെൻസസ് അവകാശപ്പെട്ടിരുന്നത്. മുന്നൂറിലേറെ സമുദായങ്ങളെ ഇത്തരത്തിൽ ഹിന്ദുസമുദായങ്ങളായി ഒരുമാനദണ്ഡവുമില്ലാതെ ശ്രേണീകരിച്ചിരിക്കുന്നു.

ഹിന്ദുവെന്ന പദം മതത്തെ സൂചിപ്പിക്കുന്നില്ല, പകരം സ്ഥലവാചിയെന്ന നിലയിൽ ഇന്ത്യയെയാണ് അത് സൂചിപ്പിക്കുന്നത് എന്നൊക്കെ പറയുന്നുണ്ടെങ്കിലും പ്രയോഗിച്ചിരിക്കുന്നത് മതസന്ദർഭത്തിലാണ്. ഇത്തരത്തിൽ ജാതി- മതം എന്നിങ്ങനെയുള്ള സാമൂഹിക സംവർഗങ്ങളെ തോന്നിയരീതിയിൽ കൈകാര്യം ചെയ്തിരിക്കുകയാണ് കൊളോണിയൽ സെൻസസിൽ. അവ്യക്തപഞ്ചാംഗമാണെങ്കിലും ഇത് ഇന്നും അംഗീകരിക്കപ്പെടുന്ന, പിൽക്കാലത്ത്​ജാതിയും മതവും നിർമിച്ചെടുത്തു പരിപാലിക്കുന്ന രേഖയാണെന്നതാണ് ഇവ പങ്കിടുന്ന അശാസ്ത്രീയ രാഷ്ട്രീയം.

മനുഷ്യർ ഒരിനം എന്നിരിക്കെ ജാതിക്കെന്ത് പ്രസക്തി എന്ന് ഖണ്ഡിതമായി ഗുരു സ്ഥാപിച്ചു/ Photo: Keralaculture.org

ജാതി, മതം എന്നിവ എങ്ങനെ മനസിലാക്കണമെന്നറിയാതെ കൊളോണിയൽ അധികാരികൾ കാട്ടിക്കൂട്ടിയ സെൻസസ് പരാക്രമം പിൽക്കാല അറിവുനിർമിതിയുടെ ആരൂഢമായത് വിമർശനാത്മകമായി കാണേണ്ടതുണ്ട്. കൊളോണിയൽ സെൻസസ് ജാതിമത നിർണയത്തിൽ അശാസ്ത്രീയ സമീപനം മുന്നോട്ടുവയ്ക്കുന്ന കാലം കേരളത്തെ സംബന്ധിച്ച്​ ആധുനീകരണത്തിന്റെയും അവകാശ സംരക്ഷണത്തിന്റെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും നവോത്ഥാന കാലമാണ്. ജാതിയും മതവുമാകട്ടെ, അക്കാലത്തെ ഏറ്റവും ചൂടേറിയ സംവാദ വിഷയങ്ങളും. എന്നാൽ ഈ യാഥാർഥ്യങ്ങളെയൊന്നും കാണാതെ താൻപോരിമയോടെ സെൻസസിൽ ജാതിമതനിർണയം നടത്തിയെന്നത് സവിശേഷമായി പരിഗണിക്കേണ്ട വിഷയമാണ്. ഇക്കാലത്താണ് ശ്രീനാരായണഗുരു ജാതിനിർണയം (1914), ജാതിലക്ഷണം (1920) എന്നിവ എഴുതിയത്​ എന്നോർക്കണം.

ഗുരുവിന്റെ ജാതിഭാവന

ഗുരുവിന്റെ ജാതിസങ്കല്പവുമായി ബന്ധപ്പെട്ട രചനകളിൽ ആദ്യത്തേത് ജാതിനിർണയമാണ്. ജാതിഭേദം മനുഷ്യസൃഷ്ടിയാണ് എന്ന് സ്ഥാപിക്കുകയായിരുന്നു രചനാലക്ഷ്യം.
ഗോക്കൾക്ക് ഗോത്വം എപ്രകാരമോ അപ്രകാരം മനുഷ്യർക്ക് മനുഷ്യത്വമാണ് ജാതി. മനുഷ്യന് മനുഷ്യത്വം എന്ന ജാതിയേയുള്ളു. മനുഷ്യന് ഒരു ജാതി ഒരു മതം ഒരു ദൈവം, ഒരേയൊരു ഉദ്ഭവസ്ഥാനം(യോനി ), ഒരു രൂപം എന്നിവയാണ് സാധ്യമായത്. ഇതിൽ ഭേദം അസാധ്യമാണ്. ഭേദം വരേണ്യകല്പിതമാണ്. മനുഷ്യജാതിയായ സ്ത്രീയിൽ നിന്ന്​ പിറക്കുന്ന എല്ലാവരെയും ഒരേ ജാതിയിൽ പെട്ടവരായി ഗണിക്കണം. ബ്രാഹ്മണരും പറയരും മനുഷ്യജാതിയിൽ നിന്നുതന്നെയാണ് പിറക്കുന്നത്. പറച്ചിയിൽ നിന്ന് പിറന്ന പരാശര മഹർഷിയെയും മുക്കുവ സ്ത്രീയിൽനിന്ന്​ പിറന്ന വേദവ്യാസനെയും ഉദാഹരിച്ചാണ് അദ്ദേഹം ഇത് സ്ഥാപിച്ചത്. തുടർന്ന് മനുഷ്യജാതിയിൽ എന്താണ് വ്യത്യാസം എന്ന് ചരിത്രബോധനിരാസമായ ചോദ്യമുയർത്തി.

ജാതിലക്ഷണത്തിൽ എന്താണ് ജാതിലക്ഷണം എന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ വീക്ഷണം അവതരിപ്പിച്ചു. ജാതി എന്ന പദം പോലും ഒഴിവാക്കി, ജീവിവർഗമെന്ന ഇന സങ്കൽപം അവതരിപ്പിച്ചു.
പുണർന്നു പ്രസവിക്കുന്നതെല്ലാം ഇനമാണ്; പുണരാത്തത്​ ഇനമല്ല, ഇണയായി ഒരുമിച്ചു ചേർന്നു കാണുന്നതും ഇനമാണ്. ഉടൽ വടിവ്, ശബ്ദം, മണം, ചുവ/രസം, ചൂട് /തണുപ്പ് എന്നിവ ഓരോ ഇനത്തിനും സവിശേഷമാണ്. ഇന്നതെന്നറിയിക്കുന്നതുകൊണ്ട് ഇനം എന്നുപറയുന്നു. ഓരോവർഗത്തെയും അത് ഇന്നത് എന്നറിയിക്കുന്ന ലക്ഷണം അതിൽത്തന്നെയുള്ളതുകൊണ്ടാണ് ഇനം എന്ന പേരുണ്ടായത്. ആണിനേയും പെണ്ണിനേയും വേർതിരിച്ചറിയാൻ ലക്ഷണമുള്ളതുപോലെ ഓരോ ഇനത്തിലും പ്രത്യേകം ലക്ഷണമുണ്ട്. അതുനോക്കി ഇനം അറിയണം. അവയുടെ സാമാന്യ സ്വഭാവം കൊണ്ട് ഓരോയിനത്തെയും തിരിച്ചറിയാം (ജാതിലക്ഷണം).

ജാതി കീറാമുട്ടിയായി യൂറോപ്യൻ അധികാരികളെ കുഴക്കിയിരുന്നപ്പോഴാണ്, ആധുനികതയുടെ പ്രചാരകർക്ക് മനസിലാക്കാൻ കഴിയാത്ത നരവംശീയ ആധുനികത ശ്രീനാരായണഗുരു മുന്നോട്ടുവച്ചത്.

മനുഷ്യർ ഒരിനം എന്നിരിക്കെ ജാതിക്കെന്ത് പ്രസക്തി എന്ന് ഖണ്ഡിതമായി ഗുരു സ്ഥാപിച്ചു. ഒപ്പം, ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് എന്ന നിർദേശവും. മനുഷ്യരെല്ലാം ഒരേ ജാതിയിൽ ഉള്ളവരാണെന്നു ബോധ്യമായാൽ ജാതിയുടെ പേരിലുള്ള അധമബോധവും ശ്രേഷ്ഠരാണെന്ന സവർണചിന്തയും താനേ മറഞ്ഞുകൊള്ളുമെന്ന പ്രതീക്ഷ ഗുരുവിനുണ്ടായിരുന്നു. താനവതരിപ്പിച്ച ആശയത്തിന് അദ്വൈത ചിന്താപദ്ധതിയുടെ ആധാരവും നൽകി.
ജാതിയെ ഔദ്യോഗികമാക്കിയ കൊളോണിയൽ സെൻസസ് പദ്ധതി കാലത്താണ് പാശ്ചാത്യർക്കിടയിൽ പോലും വികസിക്കാത്ത, ശ്രേണീകരണത്തെ തിരശ്ചീനമാക്കുന്ന മാനവചിന്ത, ജാതിനിർണയത്തിലൂടെ അദ്ദേഹം അവതരിപ്പിച്ചത്. മാനവികതയോ സമത്വമോ അല്ല കൊളോണിയൽ സെൻസസ് ഉൾക്കൊണ്ടത് മറിച്ച്​, ചാതുർവർണ്യ ശ്രേണീകരണമായിരുന്നു. അവർ നിശ്ചയിച്ച മാനദണ്ഡങ്ങളെല്ലാം വർഗീകരണത്തിന്റെ ശ്രേണീകൃത രാഷ്ട്രീയം നിലനിറുത്തുന്നതായിരുന്നു.

ജാതി കീറാമുട്ടിയായി യൂറോപ്യൻ അധികാരികളെ കുഴക്കിയിരുന്നപ്പോഴാണ്, ആധുനികതയുടെ പ്രചാരകർക്ക് മനസിലാക്കാൻ കഴിയാത്ത നരവംശീയ ആധുനികത ശ്രീനാരായണഗുരു മുന്നോട്ടുവച്ചത്. കൊളോണിയൽ ആധുനികത സമത്വചിന്ത ഉയർത്തിപ്പിടിച്ചു വെന്ന കപടവാദത്തെയാണ് കൊളോണിയൽ അധികാരികൾ നേതൃത്വം നല്കിയ സെൻസസ് വിവരങ്ങൾ പൊളിച്ചടുക്കിയതെന്നു മനസിലാക്കാം. ജാതി ശ്രേണീകരണം ഔദ്യോഗികമാക്കിയ കൊളോണിയൽ സെൻസസ് പദ്ധതികാലത്തുതന്നെയാണ് മാനവിക സമത്വത്തിന്റെ മാനിഫെസ്റ്റോ ആയി ശ്രീനാരായണഗുരു ജാതിനിർണയവും ജാതിലക്ഷണവും അവതരിപ്പിച്ചത്. കൊളോണിയൽ അക്കാദമിക സംസ്‌കാരത്തിന്​ യുക്തിബോധമേ ഇല്ലയെന്നും ഒരേപോലെ അവർ നിർമിച്ച് നടപ്പാക്കുന്ന അറിവ് അമാനവികവും അതിലേറെ അജ്ഞത നിറഞ്ഞതുമാണെന്നും ബ്രിട്ടീഷ് ഭരണകൂടത്തെയും നൂറ്റാണ്ടുകളായി ചാതുർവർണ്യ വ്യവസ്ഥ അധീശത്വ ജ്ഞാനമുറയായി പ്രയോഗത്തിൽ വരുത്തിയിട്ടുള്ള സവർണ ഭാരതീയ ചിന്തകരേയും ശ്രീനാരായണഗുരു ബോധ്യപ്പെടുത്തിക്കൊടുത്തത് ജാതിനിർണയം, ജാതിലക്ഷണം എന്നീ കൃതികളിലൂടെയാണ്.

ശ്രീനാരായണ ഗുരു, സഹോദരൻ അയ്യപ്പൻ / Photo: Wikimedia Commons

ചാതുർവർണ്യ ബാഹ്യനായ, പാശ്ചാത്യനല്ലാത്ത അവർണന്റെ ഈ ജ്ഞാനഇടപെടൽ, താൻ സ്വയം അവർണനല്ല എന്നു പറയുക മാത്രമല്ല മനുഷ്യസങ്കല്പത്തെ, നിലനിന്ന പ്രമാണികാറിവുകളിൽ നിന്ന് മോചിപ്പിക്കുകയും ദൃഢമായ ഒരുസാമൂഹ്യ സംവർഗത്തിന്​ ജ്ഞാനമണ്ഡലത്തിൽ ശാസ്ത്രീയമായ മാനവികത നിർണയിച്ചുറപ്പിക്കുകയും ചെയ്​തു. ഒപ്പം, നവജ്ഞാനനിർമിതിയായി ആഘോഷിക്കുക കൂടി ചെയ്തു. ഇതിലൂടെ ഒരേസമയം ആധുനിക സാമൂഹിക ശാസ്ത്രത്തിന്റെ കൊളോണിയൽ മാതൃക മനുഷ്യവിരുദ്ധമാണെന്നും സവർണ ഭാരതീയർ സൃഷ്ടിച്ചെടുത്ത ജ്ഞാനസമ്പത്തിൽ മനുഷ്യരെ കുറിച്ചുള്ള ജ്ഞാനദാരിദ്ര്യം പ്രകടമാണെന്നും വ്യക്തമാക്കി. കൂടാതെ, മനുഷ്യരെക്കുറിച്ചുള്ള അറിവിന്റെ പാശ്ചാത്യ- പൗരസ്ത്യ മാതൃകകൾ അധികാരവ്യവഹാരങ്ങളാണെന്നും അത് അറിവിന്റെ ശ്രേണീകൃതവും ലംബമാനവുമായ മേലാള- കീഴാള ദ്വന്ദ്വ ചിന്തയിൽ അടിസ്ഥാനമായിരിക്കുന്നുവെന്നും അതുകൊണ്ടുതന്നെ വികലമാണെന്നും സ്ഥാപിച്ചുറപ്പിച്ചു.

മനുഷ്യർ എന്ന ജീവിഗണത്തെ അടിസ്ഥാനപരമായി സമീപിക്കേണ്ടത് ജീവശാസ്ത്രപരമായാണ് എന്ന ശാസ്ത്രയുക്തി പകരംവച്ച്​, സാമൂഹ്യമനുഷ്യനെ കുറിച്ചുള്ള നിലവിലെ അപക്വധാരണകളെ ജീവശാസ്ത്രത്രയുക്തികൊണ്ട് വിച്ഛേദിക്കുകവഴി ജാതിവ്യവഹാരങ്ങൾ ജീവശാസ്ത്രയുക്തിക്കു വെളിയിൽ വരേണ്യ താല്പര്യസംരക്ഷണാർത്ഥം രൂപംകൊണ്ട സാമൂഹികനിർമിതികളാണെന്നും അവ അധീശത്വ വ്യവഹാരങ്ങളാണെന്നും അപനിർമിച്ച്, കാരണവ്യക്തത വരുത്തുകയായിരുന്നു ഗുരു. ജ്ഞാനത്തെ സമകാലികമാക്കാനും സമത്വനിർമിതിയാക്കാനും, സാർവലൗകികമാക്കാനും ഇതിലൂടെ കഴിഞ്ഞു. ജാതിനിർണയ ചരിത്രത്തിനെതിരായ, വ്യവഹാരത്തലത്തിൽ ഉറച്ചുപോയ ജാതിനിർമിതികളെ തള്ളാനുതകുന്ന സൂക്ഷ്മരാഷ്ട്രീയത്തിലധിഷ്ഠിതമായ ബദൽപ്രയോഗം ജീവിഗണത്തിന്റെ സാർവലൗകികതയിൽ ഊന്നിക്കൊണ്ടുള്ളതാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഈ നിലക്ക്, ജീവശാസ്ത്രകേന്ദ്രിതമായ നരവംശശാസ്ത്രത്തിന്റെ സത്താനിർമിതി പാശ്ചാത്യവിരുദ്ധമായി അടയാളപ്പെടുത്താൻ ഗുരുവിനു കഴിഞ്ഞുവെന്നുതന്നെ പറയേണ്ടിവരും. മനുഷ്യവർഗത്തെ കുറിച്ച് അന്നുവരെ നിർമിച്ചെടുത്തിരുന്ന ബോധത്തെ നവീകരിച്ച് സാർവലൗകികമായ ജ്ഞാനം അദ്ദേഹം സംഭാവന ചെയ്തു.

ശ്രീനാരായണ ഗുരുവിന്റെ ജാതിസങ്കൽപം സാർവലൗകിക ഏകതയിലെ മാനവിക സ്വത്വത്തിലേക്കും സമത്വഭാവനയിലേക്കും വികസിച്ചു നിൽക്കുന്ന ഒന്നാണ്. എന്നാൽ, ഗുരുവിന്റെ ജാതിവിരുദ്ധ സാർവലൗകിക വീക്ഷണം കൊളോണിയൽ ആധുനികതയുമായി ചേർന്നുപോകുന്ന ഒന്നായിരുന്നില്ല.

കേരളത്തിന്റെ ധൈഷണികചരിത്രത്തിൽ സംഭവിച്ച ഈ ജ്ഞാനനിർമിതി ആഗോള ധൈഷണികതയിൽ ഗ്രീക്ക് തത്വചിന്തയുടെ സാർവലൗകികതാ വാദത്തിന് സമാനവും ക്രിസ്ത്യൻ സാർവലൗകികതാ വാദത്തിന്​ വിരുദ്ധവുമായ നരഗണ കേന്ദ്രിതമായ കേരളമാതൃകയാണ്. പാശ്ചാത്യവും പൗരസ്ത്യവുമായ വരേണ്യ സാമൂഹിക നിർമിതികളെ മറികടക്കാൻ കേവലം ബദൽവാദം ഉന്നയിച്ചാൽ മാത്രം പോരെന്നും ബദൽ ജ്ഞാനനിർമിതിക്ക് സാർവലൗകികമായ സാംഗത്യം വേണമെന്നും പാരമ്പര്യവും ആധുനികതയുമായി ഒരേപോലെ സംവാദത്തിലേർപ്പെട്ടുകൊണ്ടേ ബദൽ ജ്ഞാനനിർമിതി സാധ്യമാകൂവെന്നുമുള്ള ബോധവും തിരിച്ചറിവും ഗുരുവിനുണ്ടായിരുന്നുവെന്നത് ജാതിയെ കുറിച്ചുള്ള ഈ അപനിർമിതിയിൽ വ്യക്തമാണ്.

''താൻ സ്വയം അവർണനല്ല എന്നു പറയുക മാത്രമല്ല മനുഷ്യസങ്കല്പത്തെ, നിലനിന്ന പ്രമാണികാറിവുകളിൽ നിന്ന് മോചിപ്പിക്കുകയും ദൃഢമായ ഒരുസാമൂഹ്യ സംവർഗത്തിന്​ ജ്ഞാനമണ്ഡലത്തിൽ ശാസ്ത്രീയമായ മാനവികത നിർണയിച്ചുറപ്പിക്കുകയും ചെയ്​തു നാരായണ ഗുരു.'' / Photo: Keralaculture

ബദൽ ജ്ഞാനനിർമിതിക്കുള്ള ആശയഭാവന ഗുരു സ്വരൂപിച്ചതെവിടെ നിന്നാണ് എന്ന ആലോചനക്കും പ്രസക്തിയുണ്ട്. ഗുരുവിനുമുമ്പ് തിരുവിതാംകൂറിലെ പ്രഥമ സാമൂഹ്യപരിഷ്‌കർത്താവായ അയ്യാ വൈകുണ്ഠസ്വാമിയുടെ (1809-1851) ‘അയ്യാവഴി’ എന്ന പേരിൽ അറിയപ്പെടുന്ന ദാർശനിക ചിന്താപദ്ധതിയിൽ അവതരിപ്പിക്കപ്പെട്ട പ്രധാന ആശയം ‘ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന് മനുഷ്യന്' എന്നതാണ്. 1836 ൽ സമത്വസമാജം സ്ഥാപിച്ചതിനുശേഷം സമപന്തിഭോജനം, മുന്തിരിക്കിണർ സ്ഥാപിക്കൽ തുടങ്ങി നിരവധി അയിത്തോച്ചാടന, ആചാരലംഘന, ഭരണകൂട വിരുദ്ധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു. സ്വാഭാവികമായും മുൻഗാമിയായ അയ്യാ വൈകുണ്ഠസ്വാമിയുടെ സമത്വ ധർമയുഗ ഭാവന ഗുരുവിനെയും സ്വാധീനിച്ചിട്ടുണ്ട്. ആ ഭാവനയെ കൂടുതൽ ദാർശനികമാക്കി മുന്നോട്ടു നയിക്കേണ്ടതിനുവേണ്ട ആശയലോകം സൃഷ്ടിക്കുകയെന്ന ഉത്തരവാദിത്വം ഗുരു ഏറ്റെടുത്തു. വ്യവസ്ഥാപരിവർത്തനത്തിന്​ അവശ്യം വേണ്ടത് ആശയമണ്ഡലവികാസമാണെന്ന ബോധ്യം ജാതിയെക്കുറിച്ചുള്ള പ്രകരണം നിർമിക്കാൻ ഗുരുവിന് പ്രേരണയായി.

സവർണവിഭാഗം കീഴ്​വഴക്കങ്ങളനുസരിച്ച് നിർണയിച്ച ജാതി എന്ന സാമൂഹ്യ സംവർഗം ജന്മി- നാടുവാഴി വ്യവസ്ഥയുടെ ആധാരഘടകങ്ങളിൽ പ്രധാനമാണ്. ആധുനീകരണം അസമത്വമുദ്രയായി തിരിച്ചറിഞ്ഞതും സാമുദായികവത്കരണത്തിനും മതസ്വാതന്ത്ര്യത്തിനും സാമൂഹ്യസമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിനാധാരമായതും സാമ്പത്തികോന്നമനത്തിനും രാഷ്ട്രീയാധികാരത്തിനും സംവരണത്തിനും കേരള രൂപീകരണത്തിന് മുമ്പുതന്നെ വിഷയമായതും ജാതി എന്ന സംവർഗം തന്നെയാണ്. എന്നാൽ തദ്ദേശീയമായ ഇത്തരം സവിശേഷാടരുകൾ വേർതിരിച്ചെടുക്കാമെങ്കിലും ശ്രീനാരായണ ഗുരുവിന്റെ ജാതിസങ്കൽപം സാർവലൗകിക ഏകതയിലെ മാനവിക സ്വത്വത്തിലേക്കും സമത്വഭാവനയിലേക്കും വികസിച്ചു നിൽക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ തദ്ദേശീയ അടരുകൾക്കപ്പുറം നിലകൊള്ളുന്ന മാനവികമായ ദാർശനിക മുഖം അതിനുണ്ട്.

കൊളോണിയൽ ആധുനികതയുമായുള്ള ഗുരുവിന്റെ സംഘർഷത്തെയും ഗുരുവിന്റെ ആഗോള മാനവിക ഭാവനയെയും സമുദായവല്കരണത്തിലൊതുക്കി, ഗുരുവിന്റെ ജാതിവിരുദ്ധതയെ ജാതിസ്വത്വനിർമിതി മാത്രമായി മാറ്റാൻ കൊളോണിയൽ ആധുനികതക്ക് കഴിഞ്ഞു

എന്നാൽ, ഗുരുവിന്റെ ജാതിവിരുദ്ധ സാർവലൗകിക വീക്ഷണം കൊളോണിയൽ ആധുനികതയുമായി ചേർന്നുപോകുന്ന ഒന്നായിരുന്നില്ല. ആധുനികതയുമായുള്ള ഗുരുവിന്റെ ഈ ദാർശനിക സംവാദത്തെ, സംഘർഷത്തെ ഉൾക്കൊള്ളാനോ പ്രാവർത്തികമാക്കാനോ ഉള്ള ശ്രമങ്ങൾക്കായിരുന്നില്ല മറിച്ച്, കൊളോണിയൽ ആധുനികത നിർമിച്ച ജനസംഖ്യാടിസ്ഥാനത്തിലുള്ള ജാതിസമുദായം എന്ന സാമൂഹിക നവസങ്കൽപനത്തിനാണ് പിൽക്കാലത്ത്​ പ്രാധാന്യം ലഭിച്ചത്. അത് സമത്വ ഭാവനയിൽ നിന്നകന്ന്​, സാമ്പത്തികോന്നമനത്തിനും രാഷ്ട്രീയാധികാരത്തിനും സംവരണത്തിനും ഉതകുന്ന സാമൂഹിക രാഷ്ട്രീയ സംവർഗമായി നിലയുറപ്പിച്ചു.

സമുദായവല്കരണത്തോടെ, ഗുരുവിന്റെ ആശയലോകം സമുദായത്തിന്റെ സ്വത്വ മുദ്രാവാക്യം മാത്രമായി ചുരുങ്ങി. കൊളോണിയൽ ആധുനികതയുമായുള്ള ഗുരുവിന്റെ സംഘർഷത്തെയും ഗുരുവിന്റെ ആഗോള മാനവിക ഭാവനയെയും സമുദായവല്കരണത്തിലൊതുക്കി, ഗുരുവിന്റെ ജാതിവിരുദ്ധതയെ ജാതിസ്വത്വനിർമിതി മാത്രമായി മാറ്റാൻ കൊളോണിയൽ ആധുനികതക്ക് കഴിഞ്ഞു. തന്റെ ആശയലോകത്തിന്റെ അപചയം മനസിലാക്കിയ ഗുരു ശിഷ്യനായ സഹോദരൻ അയ്യപ്പൻ മുന്നോട്ടുവച്ച ‘ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്’ എന്ന യുക്തി അംഗീകരിച്ചത്, താൻ മുന്നോട്ടുവച്ച ചിന്തയുടെ സ്വാഭാവികവികാസമായി അതിനെ കണ്ടതുകൊണ്ടാണ്. ഗുരുവിന്റെ ജാതിഭാവന, മാനവഇനത്തെക്കുറിച്ചുള്ളതാണ്. മറിച്ച്, ഈഴവജാതിയെ കുറിച്ചുള്ളതല്ല. ഗുരുവിനെ സമുദായത്തിന്റെ ധൈഷണിക മൂലധനമാക്കി, ബിംബമാക്കി ഒതുക്കുമ്പോൾ ഗുരു മുന്നോട്ടുവച്ച മാനവഭാവനയെയാണ്, അതായത്, കേരളം ലോകത്തിന് സംഭാവന ചെയ്ത ആശയത്തെയാണ് ശ്രീനാരായണീയർ ഇരുട്ടിലാക്കിയത്. ഗുരുവിനോട് സമുദായമോ കേരള സമൂഹമോ നീതിപുലർത്തിയില്ല.

പാശ്ചാത്യരായ ഞങ്ങളാണ് ജ്ഞാനനിർമാതാക്കൾ, നിങ്ങൾ ജ്ഞാന ഉപഭോക്താക്കൾ മാത്രമാണ് എന്ന പാശ്ചാത്യപക്ഷത്തെ സ്ഥാപിച്ചുറപ്പിച്ച കൊളോണിയൽ ആധുനികതക്ക്​ ഗുരുചിന്തയെ ബലിയർപ്പിച്ച സമുദായവും കേരള സമൂഹവും ഗുരുവിനോട് കാട്ടിയ നീതികേട് എന്നെങ്കിലും തിരിച്ചറിയുമോ?
ശ്രീനാരയണഗുരു വിഭാവനം ചെയ്ത കൊളോണിയൽ വംശീയസങ്കൽപ വിരുദ്ധതയും ആഗോള മാനവികസമഭാവനയും സാർവലൗകിക ദാർശനികതയും പ്രായോഗികതലത്തിൽ വേരറ്റു. കേരള സമൂഹം തിരസ്‌കരിച്ചത്, ശ്രീനാരയണഗുരുവിലൂടെ കേരളം ലോകത്തിനു സംഭാവന ചെയ്ത മാനവികസമത്വ മാനിഫെസ്റ്റോയാണെന്ന് നാം തിരിച്ചറിയുന്നതെന്ന്?. അത്തരമൊരു തിരിച്ചറിവുനേടാൻ കൊളോണിയൽ ആധുനികതയിലും പാശ്ചാത്യ ഇറക്കുമതി വിജ്ഞാനത്തിലും അന്ധമായി വിശ്വാസമുറപ്പിച്ച കേരളത്തിനാകുമോ? ബോധത്തിന്റെ അപകോളനീകരണത്തിലൂടെയും കേരള ധൈഷണികതയുടെ ആഗോളസംഭാവനകളെക്കുറിച്ചുമുള്ള തനതറിവ് ആർജിക്കുന്നതിലൂടെയും മാത്രമേ ഇത് സാധ്യമാകൂ.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments