ഡോ.പൽപ്പു / Photo: Keralaculture.org

ജാതി ഒരു ഭരണവിവേചനം കൂടിയാണ്​ഡോ.പൽപ്പുവിന്റെ ഇടപെടൽ

‘ജാതി' എന്ന സാമൂഹിക ദുരവസ്ഥയെ രാഷ്ട്രീയമായി പ്രശ്‌നവത്കരിച്ചതിൽ പ്രഥമ സ്ഥാനം ഡോ. പൽപ്പുവിന്​ അവകാശപ്പെട്ടതാണ്. ജാതിയെ ഭരണവിവേചനമായി അവതരിപ്പിച്ച്​ അതിന്​ ഭരണപരമായ പരിഹാരമാണ് വേണ്ടതെന്ന്​ ഭരണകൂടത്തെയും പൊതുജനത്തെയും ബോധ്യപ്പെടുത്താൻ ശ്രമിച്ച ധിഷണാശാലിയാണ്​ അദ്ദേഹം. ഡോ.പൽപ്പുവിന്റെ ഇ​ടപെടലുകളെക്കുറിച്ച്​.

കേരളത്തിലെ ജാതിവ്യവഹാരങ്ങളിൽ അധഃസ്ഥിത വിഭാഗങ്ങൾക്ക്​ നിലവിലെ ഘടനയുടെ വീർപ്പുമുട്ടലിൽനിന്ന്​ പുറത്തുകടക്കാനും പ്രതികരിക്കാനുമുള്ള ഊർജം പകർന്നത് മിഷണറി, കൊളോണിയൽ ഇടപെടലുകളും ഇംഗ്ലീഷ് ഭാഷാബോധവുമാണ് എന്നതിൽ സംശയമില്ല. കൊളോണിയൽ ആധുനികതയുടെ പ്രയോക്താവായി ‘ജാതി' എന്ന സാമൂഹിക ദുരവസ്ഥയെ രാഷ്ട്രീയമായി പ്രശ്‌നവത്കരിച്ചതിൽ പ്രഥമ സ്ഥാനം ഡോ. പൽപ്പുവിന്​ അവകാശപ്പെട്ടതാണ്. ജാതിയെ ആധുനിക പൊതുമണഡലത്തിൽ ആനയിച്ച്​ പ്രശ്‌നവൽക്കരിച്ചു. ജാതിയെ ഭരണവിവേചനമായി അവതരിപ്പിച്ച്​ അതിന്​ ഭരണപരമായ പരിഹാരമാണ് വേണ്ടതെന്ന്​ ഭരണകൂടത്തെയും പൊതുജനത്തെയും ബോധ്യപ്പെടുത്താൻ ശ്രമിച്ച ധിഷണാശാലി. ജാതിവിവേചനത്തെ ഭരണതലത്തിൽ രാഷ്ട്രീയമായി പരിഗണിക്കേണ്ട ഒരു വിഷയമാക്കി മാറ്റുന്നതിൽ സദാ സന്നദ്ധനായിരുന്ന പൽപ്പു ആരെന്ന്​ പുതുതലമുറക്ക് പരിചയക്കുറവുണ്ടാകും.

ആദ്യകാല ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാനായ, എന്നാൽ യോഗ്യതകളുണ്ടായിട്ടും തിരുവിതാംകൂറിൽ മെഡിക്കൽ വിദ്യാഭ്യാസം ഈഴവജാതിയുടെ പേരിൽ നിഷേധിക്കപ്പെട്ട വ്യക്തി. സ്വപരിശ്രമം കൊണ്ട് മദ്രാസ് മെഡിക്കൽകോളേജിൽ നിന്ന്​ മെഡിക്കൽ ബിരുദം നേടി ജോലിക്ക്​ തിരുവിതാംകൂറിൽ അപേക്ഷിച്ചപ്പോൾ വീണ്ടും നീതി നിഷേധിക്കപ്പെട്ടു. ബി.എ. ബിരുദധാരിയായിട്ടും അദ്ദേഹത്തിന്റെ ജ്യേഷഠനായ പി. വേലായുധനും തിരുവിതാംകൂർ ഭരണകൂടം നേരത്തെ ജോലി നിഷേധിച്ചിരുന്നു.

നാട്ടുനടപ്പിനും സാധ്യമായ പ്രതികരണത്തിനുമപ്പുറം കടന്ന് ജാതിവിവേചനത്തെ ഒരു രാഷ്ട്രീയപ്രശ്‌നമായി പരിവർത്തനപ്പെടുത്താൻ ഡോ. പൽപ്പുവിന്​ കഴിഞ്ഞു.

ജാതിയുടെ പേരിൽ അനുഭവിക്കേണ്ടിവന്ന നീതിനിഷേധവും ഭരണകൂടത്തിന്റെ അവജ്ഞയാർന്ന പെരുമാറ്റവും ഫലത്തിൽ ഈഴവരിൽനിന്ന്​ ഭരണകൂട ജാതിധ്വംസനത്തിനെതിരെ പോരാടാനായി ഒരു സമുദായ വിപ്ലവകാരിയെ സൃഷ്ടിച്ചു. വിദ്യാഭ്യാസത്തിലും ജോലിയിലും അവർണജാതിയുടെ പേരിൽ അവസരസമത്വം നിഷേധിക്കപ്പെട്ടിരുന്ന, സാമൂഹിക അവഗണന അനുഭവിച്ചിരുന്ന വിഭാഗത്തിൽ നിന്നുയർന്നുവന്ന പൽപ്പു പ്രതികരണശക്തിയായി മാറി. ജാതിവിവേചനം കെട്ടിയുയർത്തിയ അബോധത്തിന്റെ മനോഘടനയിൽ നിന്നും, ജാതി സൃഷ്ടിച്ച അപകർഷതയിൽനിന്നും ഭയത്തിൽനിന്നും ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ട് മോചനം നേടിയ ഒരു കർമയോഗിയായിരുന്നു അദ്ദേഹം.

ഡോ. പൽപ്പുവിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ നമുക്കു വ്യക്തമാകുന്ന ചില സംഗതികളുണ്ട്. അതിലേറ്റവും പ്രധാനം, അക്കാലത്ത്​ നാട്ടുനടപ്പിനും സാധ്യമായ പ്രതികരണത്തിനുമപ്പുറം കടന്ന് ജാതിവിവേചനത്തെ ഒരു രാഷ്ട്രീയപ്രശ്‌നമായി പരിവർത്തനപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നതാണ്. ജാതിവിവേചനത്തിന്റെ മറവിൽ മനുഷ്യാവകാശങ്ങളാണ് ഹനിക്കുന്നത് എന്ന്​പൊതുസമക്ഷം ബോധ്യപ്പെടുത്താൻ തിരുവിതാംകൂറിൽ ആദ്യമായി എണ്ണമറ്റ നിവേദനങ്ങളിലൂടെയും പത്രലേഖനങ്ങളിലൂടെയും അന്യസംസ്ഥാന ഇടപെടലുകളിലൂടെയും, ബ്രിട്ടീഷ് ഭരണകൂടത്തെ ഇടപെടുത്തിയും ജാതിസംഘടന രൂപീകരിച്ചും ബഹുമുഖ പ്രവർത്തനങ്ങളാണ് ഒറ്റയാൾ പോരാട്ടമായും സംഘടിതപോരാട്ടമായും പല്പു നടത്തിയത്.

ടി.കെ. മാധവൻ / Photo: Keralaculture.org

തിരുവിതാംകൂർ ഭരണകൂടം എത്രകണ്ട് അവർണവിരുദ്ധമായിരുന്നുവെന്നും ബ്രിട്ടീഷ്ഭരണാധികാരികളെ ജാതിവിഷയം മതവിഷയമാണെന്നു തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്നതുമൊക്കെ ഡോ. പൽപ്പുവിന്റെ ധർമസമരമുഖങ്ങളിലൂടെ അനാവൃതമാകുന്നു. ഈഴവരുടെ രാഷ്ട്രീയപിതാവ് എന്നൊക്കെ ബ്രിട്ടീഷുകാർക്കിടയിൽ അറിയപ്പെട്ടിരുന്ന കർമയോഗി, എല്ലാ പ്രതിസന്ധികളെയും ഉർജ്ജമാക്കി മാറ്റി, ഭരണകൂടത്തിനുമുന്നിൽ ഈഴവസാന്നിധ്യം വിളിച്ചറിയിച്ചു. സമൂഹനന്മക്കുവേണ്ടി പരോപകാരിയായി ജീവിച്ച മനുഷ്യസ്‌നേഹിയായ ഡോ. പൽപ്പുവിന്റെ സംഭാവനകൾ ഇഴചേർക്കാതെ കേരളത്തിലെ ജാതിവിനിമയങ്ങൾക്ക്​ മുന്നോട്ടുപോകാനാവില്ല.
ഇദ്ദേഹത്തിന്റെ ജീവചരിത്രം ദേശാഭിമാനി ടി. കെ. മാധവൻ മുതൽ പലരും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവചരിത്ര സംബന്ധമായ കാര്യങ്ങൾക്കല്ല ഇവിടെ പ്രാധാന്യം നൽകുന്നത്. ഡോ. പൽപ്പു സമുദായത്തിന്റെ അവകാശങ്ങൾക്കായി എന്ത് ചെയ്തുവെന്ന അന്വേഷണമാണ്.

ഇംഗ്ലീഷ് സാക്ഷരത നിർമിച്ച പൗരബോധംകൊണ്ട് വ്യക്തിയുടെ അനുഭവങ്ങളെ, നൂറ്റാണ്ടുകളായി ഊറിക്കൂടിയ സാമുദായികാനുഭവങ്ങളുമായി വിളക്കിയെടുത്തു, പതിതാവസ്ഥയിൽനിന്നുള്ള മോചനവഴി ആരാഞ്ഞുറച്ചുചെയ്ത പ്രവർത്തനങ്ങൾ ഇന്നും കേരളത്തിന്റെ പ്രതികരണ സംസ്‌കാരത്തിന്റെ, പ്രഥമ പാഠങ്ങളിലൊന്നാണ്. അടിസ്ഥാന വിദ്യാഭ്യാസം പോലും അവർണ്ണർക്ക് നിഷേധിച്ചിരുന്നകാലത്ത്​ഈഴവനായ പൽപ്പുവിന് എങ്ങനെ ഉയർന്ന വിദ്യാഭ്യാസം നേടാനായി എന്നത്​അറിയേണ്ടതുണ്ട്. പേട്ടയിൽ രാമൻപിള്ള ആശാൻ നടത്തിവന്ന പള്ളിക്കൂടത്തിൽ ജാതിവിവേചനമില്ലായിരുന്നു. അവിടെ നിന്നാണ് നിലത്തെഴുത്ത്​ സാധ്യമായത്. ജേഷ്ഠനായ വേലായുധനും അവിടെനിന്ന്​ പഠിച്ചിറങ്ങി ഇംഗ്ലീഷ് വിദ്യാലയത്തിൽ ചേർന്നിരുന്നു. എസ്.ജെ. ഫെർണാണ്ടസ് എന്ന സായിപ്പ് പേട്ടയിൽ ഒരു ഇംഗ്ലീഷ് വിദ്യാലയം നടത്തിയിരുന്നു. അവിടെനിന്നാണ് പൽപ്പുവിന് ഇംഗ്ലീഷ് ഭാഷാമികവ് ആർജിക്കാനായത്. തുടർന്ന്, തിരുവനന്തപുരം ഗവണ്മെൻറ്​ ഹൈസ്‌കൂളിൽ പ്രവേശനപരീക്ഷ എഴുതി വിജയിച്ചു. പാരമ്പര്യത്തിനു വിരുദ്ധമാണ് പൽപ്പുവിനെ ചേർക്കുന്നത് എന്ന യാഥാസ്ഥികരുടെ അഭിപ്രായം തള്ളിക്കളഞ്ഞ്​ഇംഗ്ലീഷ്‌കാരനായ പ്രിൻസിപ്പൽ മികവിന്റെ അടിസ്ഥാനത്തിൽ പൽപ്പുവിന് പ്രവേശനം നൽകി. അവിടെനിന്ന്​ മെട്രിക്കുലേഷൻ ഉയർന്ന മാർക്കോടെ പാസായി. സാമ്പത്തിക ബുദ്ധിമുട്ട്​ മറികടന്ന്​ സ്വപ്രയത്‌നത്താൽ എഫ്.എ. ക്ലാസിലും ഉന്നതവിജയം നേടി. തുടർന്നുള്ള മെഡിക്കൽ വിദ്യാഭ്യാസ പ്രവേശനപരീക്ഷ പാസായെങ്കിലും ജാതിവിവേചനത്തിന്റെ പേരിൽ പ്രവേശനം നിഷേധിച്ചു. സ്വന്തം ദേശത്തെ ഭരണകൂടം ജാതിവിവേചനത്താൽ ഒഴിവാക്കിയെങ്കിലും പൽപ്പു ബ്രിട്ടീഷ് ഭരണത്തിൻകീഴിലുള്ള മദ്രാസ് മെഡിക്കൽ കോളേജിൽ പ്രവേശനം നേടി പഠനം പൂർത്തിയാക്കി. ഉന്നതവിജയം നേടി തിരിച്ച്​ തിരുവിതാംകൂറിൽ ജോലിക്കു ശ്രമിച്ചു. ഈഴവരിൽ ആദ്യം ബി.എ. പരീക്ഷ ജയിച്ച ഡോ. പൽപ്പുവിന്റെ ജ്യേഷ്ഠൻ പി. വേലായുധൻ പലതവണ ഉദ്യോഗം കിട്ടുന്നതിന്​ അപേക്ഷകളയച്ചു.

ജാതിവിവേചനം തിളച്ചുനിന്ന അക്കാലത്ത്​ ജാതിക്കെതിരായതും മതേതരവുമായ ഒരു ഭാഷാകൂട്ടായ്മ ഉദ്യോഗസമത്വത്തിന്​ രൂപംകൊണ്ടു. തികച്ചും പുതിയൊരുണർവായിരുന്നു ഇത്.

അന്നത്തെ തിരുവിതാംകൂർ ദിവാനായ വി.രാമയ്യങ്കാർ, കൊച്ചി ദിവാൻ ടി. രാമരായർ എന്നിവരിൽനിന്ന് ‘ഹർജിക്കാരനെ നിയമിക്കത്തക്ക ഒഴിവുള്ള ഉദ്യോഗം ഒന്നും ഇല്ല' എന്ന മറുപടിയാണ് ആവർത്തിച്ചുലഭിച്ചത്. തിരുവിതാംകൂർ, കൊച്ചി സർക്കാരുകൾ ജാതിയുടെപേരിൽ തനിക്ക്​ ജോലി തരില്ലെന്ന് ബോധ്യപ്പെട്ട വേലായുധൻ മദ്രാസ് സർക്കാരിന്റെ കീഴിലുള്ള മദ്രാസ് രജിസ്‌ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസിൽ ക്ലർക്കായി ചേർന്നു. അതിനുശേഷവും തിരുവിതാംകൂർ, കൊച്ചി സർക്കാരുകൾക്ക് ജോലിക്കായി അപേക്ഷ അയച്ചുകൊണ്ടിരുന്നു. മുൻപത്തെ മറുപടിതന്നെ ദിവാന്മാർ ആവർത്തിച്ചുകൊണ്ടിരുന്നു. കത്തുകളിലൊന്നിന് കൊച്ചി റസിഡൻറ്​ ജെസിഹാനിംഗ്ടൻ മാത്രമാണ് മാന്യമായ മറുപടിയെങ്കിലും നൽകിയത്.

‘സർ, നിങ്ങൾ കഴിഞ്ഞമാസം 17ാം തിയതി അയച്ച എഴുത്തുകിട്ടി. തിരുവിതാംകൂറിലോ കൊച്ചിയിലോ ഉദ്യോഗം ഉണ്ടാക്കിത്തരാൻ കഴിയുമോ എന്നു ഞാൻ ശ്രമിച്ചു നോക്കി, സാധിച്ചില്ല. നിങ്ങളുടെ സ്വഭാവത്തെയും ശേഷിയെയും കുറിച്ച് എനിക്ക് യാതൊരറിവും ഇല്ലാത്തതുകൊണ്ട് നിങ്ങളെ എവിടെയും ഉദ്യോഗത്തിനായി ശുപാർശ ചെയ്യാൻ എനിക്കു നിവൃത്തിയില്ല. ഏതായാലും ഞാൻ നിങ്ങളെക്കുറിച്ച് മി. ലീവാർണർക്ക് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ ഒഴിവുള്ള ഉദ്യോഗം ഏതെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ അപേക്ഷിക്കണം. എന്ന്, നിങ്ങളുടെ ജെ.സി. ഹാനിംഗ്ടൻ.’

ബ്രിട്ടീഷ് റെസിഡൻറിനു പോലും തിരുവിതാംകൂർ, കൊച്ചി ഭരണകൂടത്തെ ഇക്കാര്യത്തിൽ സ്വാധീനിക്കാൻ കഴിയാത്തതിനുകാരണം, അത്രയ്ക്ക് തീവ്രമായ ജാതിവിവേചനം നിലനിന്നിരുന്നുവെന്നുമാത്രമല്ല, അതൊരു മതവിഷയമാണെന്ന്​ബ്രിട്ടീഷുകാരെ തെറ്റിദ്ധരിപ്പിച്ചിക്കുകയും ചെയ്​തിരുന്നു. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ 1888ലായിരുന്നു ഇതും നടന്നത്.

ഡോ. പൽപ്പുവിന്റെ ജ്യേഷ്ഠൻ പി. വേലായുധൻ / Photo: Keralaculture.org

തന്റെ ജ്യേഷ്ഠന്റെ അനുഭവം തന്നെയാണ്​ മെഡിക്കൽ ബിരുദവുമായി തിരുവിതാംകൂറിൽ ജോലിക്കു ശ്രമിച്ച ഡോ. പൽപ്പുവിനുമുണ്ടായത്. ജാതിയുടെ പേരിൽ അവഗണന ആവർത്തിച്ചുകൊണ്ടേയിരുന്നു. ശ്രമങ്ങൾ പരാജയപ്പെട്ടതോടെ മദ്രാസ് ഗവണ്മെൻറ്​ സർവീസിൽ പൽപ്പുവും ചേർന്നു. പക്ഷേ, നിവേദനങ്ങൾ അയക്കുന്നത് തുടർന്നു. അതോടൊപ്പം പത്രങ്ങളിൽ തിരുവിതാംകൂറിലെ ഈഴവരുടെ അവസ്ഥയെക്കുറിച്ച്​ലേഖനങ്ങൾ ഒന്നിനു പുറകെ തുടർന്നു. ഗാന്ധിജി ഉൾപ്പടെയുള്ളവരെ തിരുവിതാംകൂറിലെ സാമൂഹികാവസ്ഥ കത്തുകളിലൂടെ ബോധ്യപ്പെടുത്തിയിരുന്നു.
ജാതിവിവേചനം തിളച്ചുനിന്ന അക്കാലത്ത്​ ജാതിക്കെതിരായതും മതേതരവുമായ ഒരു ഭാഷാകൂട്ടായ്മ ഉദ്യോഗസമത്വത്തിന്​ രൂപംകൊണ്ടു. തികച്ചും പുതിയൊരുണർവായിരുന്നു ഇത്. ആധുനിക വിദ്യാഭ്യാസം നേടിയ അഭ്യസ്തവിദ്യരുടെ കേരളത്തിലെ ആദ്യ രാഷ്ട്രീയ ഇടപെടൽ. മലയാളി പ്രക്ഷോഭം/മലയാളി മെമ്മോറിയൽ എന്നറിയപ്പെടുന്ന ഈ നീക്കത്തിൽ പൽപ്പുവും പ്രധാന പങ്കാളിയായിരുന്നു.

ഇംഗ്ലീഷ്ഭാഷ സൃഷ്ടിച്ച പൗരബോധം

പ്രതികരണത്തിന്റെ, പ്രതിഷേധത്തിന്റെ, പൗരസമത്വത്തിന്റെ ഭാഷയായാണ് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച മലയാളികൾക്കിടയിൽ ഇംഗ്ലീഷ് ഭാഷ പടർന്നത്. മദ്രാസ് സ്റ്റാൻഡേർഡ് എന്ന ഇംഗ്ലീഷ് പത്രത്തിന്റെ സ്ഥാപകനും പത്രാധിപരുമായിരുന്ന ജി.പി. പിള്ള ഇംഗ്ലണ്ടിൽ പഠിച്ചയാളായിരുന്നു. ജനാധിപത്യബോധം ഉൾക്കൊണ്ടിരുന്ന അദ്ദേഹം ജാതിവിരുദ്ധ സമരത്തിൽ പൽപ്പുവിന്റെ പങ്കാളിയായിരുന്നു. അദ്ദേഹം സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു. വിദഗ്ധമായി ആശയപ്രചാരണം നടത്താനും അദ്ദേഹം മുൻപന്തിയിലായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, മദ്രാസ് സ്റ്റാൻഡേർഡ് , ഹിന്ദു, ഇന്ത്യൻ സ്പെക്ടറേറ്റർ, ഇന്ത്യൻ സോഷ്യൽ റീഫമാർ, വെസ്റ്റേൺ സ്റ്റാർ വീക്കിലിറിവ്യൂ, മലയാള മനോരമ, മലയാളി, ഇൻഡിപെൻഡൻറ്​, കേരള സഞ്ചാരി എന്നീ പത്രങ്ങളിൽ നിരന്തരം തിരുവിതാംകൂർ ഭരണകൂടത്തിന്റെ അവർണ ജതിവിരുദ്ധനയങ്ങളെ കുറിച്ച് പൽപ്പു എഴുതുകയും പത്രങ്ങൾ പൽപ്പുവിന്റെ ശ്രമങ്ങൾക്കു പിന്തുണ നൽകുകയും ചെയ്തിരുന്നു. ജാതിവിഷയത്തിൽ ഭരണകൂടത്തിനെതിരായി പൊതുജങ്ങൾക്കിടയിൽ സദാ പത്രദ്വാരാ സംവദിക്കുന്ന പൽപ്പുവിന്റെ നയം ശക്തമായ നാട്ടുരാജ്യം എന്നറിയപ്പെട്ട തിരുവിതാംകൂറിനെ ചെറുതായൊന്നുമല്ല ബാധിച്ചത്. പൗരബോധമുള്ള ഇംഗ്ലീഷ് അഭ്യസ്തവിദ്യർക്കിടയിൽ ഭരണകൂട വിരുദ്ധവികാരം ആളിക്കത്തിക്കാനും ജനാധിപത്യത്തിന്റെ ആവശ്യം ഉന്നയിച്ചെടുക്കാനും ഈ ശ്രമങ്ങൾക്കു കഴിഞ്ഞു.

1889 ലെ സർക്കാർ കണക്കനുസരിച്ച്​ 50 രൂപമുതൽ 2000 രൂപവരെ മാസശമ്പളമുള്ള 246 തസ്തികകളിൽ 33 എണ്ണം ഇംഗ്ലീഷുകാർക്കും 120 എണ്ണം പരദേശികൾക്കും 65 എണ്ണം ക്രിസ്​ത്യാനികൾക്കും 61 എണ്ണം മലയാളി സവർണ ഹിന്ദുക്കൾക്കുമായാണ്​(അധികവും ബ്രാഹ്മണർ) ലഭിച്ചിരുന്നത്.

കേരളത്തിൽ ഇംഗ്ലീഷ്, പ്രതികരണത്തിന്റെ പ്രതിഷേധത്തിന്റെ ഭാഷയായി പരിവർത്തനപ്പെട്ടതോടെ കൊളോണിയൽ ആധുനികത സൃഷ്ടിച്ച പൗരബോധത്തിന്റെയും അവകാശങ്ങളുടെയും ധർമബോധം ഭരണകൂടവുമായുള്ള നിരന്തര സംവാദം സൃഷ്ടിക്കാൻ ഇംഗ്ലീഷ് പശ്ചാത്തലമുള്ള അഭ്യസ്തവിദ്യരെ പ്രേരിപ്പിച്ചുവെന്നുവേണം മനസിലാക്കാൻ. ഇക്കൂട്ടർ സ്വീകരിച്ച പ്രതിരോധവഴി സമത്വത്തിനുവേണ്ടിയുള്ള ജനാധിപത്യമാർഗങ്ങളായിരുന്നു. തിരുവായ്ക്കെതിർ വായുണ്ടെന്ന്​ ബോധ്യപ്പെടുത്തുകയും രാജശാസനങ്ങൾ വിമർശനാതീതമല്ലെന്നു തെളിയിക്കുകയും ഭരണകൂടനയങ്ങൾ കാലോചിത മാറ്റം ആവശ്യപ്പെടുന്നുവെന്ന്​ഭരണകൂടത്തെ ധരിപ്പിക്കാനും പോന്ന പ്രതിഷേധമുറകളായിരുന്നു അവ.

മലയാളി പ്രക്ഷോഭം

തിരുവിതാംകൂറിലെ അഭ്യസ്തവിദ്യർ ജാതിമതഭേദംമറന്ന്​ മാതൃഭാഷയുടെ പേരിൽ ഒത്തുചേർന്ന്​ രൂപം കൊടുത്ത ആദ്യത്തെ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു മലയാളി പ്രക്ഷോഭം. മദ്രാസ് സ്റ്റാൻഡേർഡ് എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപരായിരുന്ന ജി. പരമേശ്വരൻപിള്ള (ജി.പി. പിള്ള ), കെ. പി. ശങ്കരമേനോൻ എന്നിവരാണ്​ പ്രക്ഷോഭത്തിന്​ തുടക്കമിട്ടത്​. നായർ, ഈഴവർ, ക്രിസ്​ത്യാനികൾ, മുസൽമാന്മാർ എന്നിവരെല്ലാം മലയാളഭാഷയുടെ പേരിൽ ഒത്തുചേർന്നു. അഭ്യസ്തവിദ്യരായിട്ടും തങ്ങൾക്ക്​ അർഹമായ ജോലി സ്വന്തം നാട്ടിൽ ലഭിക്കാത്തതെന്തെന്ന ആലോചനയിൽ നിന്നാണ് സമാന ആവശ്യത്തിന്റെ പേരിൽ ഭേദചിന്തകൾ മറന്ന്​ എല്ലാവരും സംഘടിച്ചത്​. ‘പ്രധാന തസ്തികകളെല്ലാം പരദേശി ബ്രാഹ്മണർ കയ്യാളുന്നതിനെതിരെയായിരുന്നു ഈ കൂട്ടായ്മ രൂപംകൊണ്ടത്. 1,00,38 പേർ ഒപ്പിട്ട ‘മലയാളി മെമ്മോറിയൽ' എന്നറിയപ്പെടുന്ന ഭീമഹർജി 1891 ജനുവരി 11 ന് മലയാളിവികാരം നിറഞ്ഞുനിന്ന മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിന്​ സമർപ്പിച്ചു. സംസ്ഥാനത്തെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായി മലയാളികൾ ഐക്യബോധത്തോടെ ഉയർത്തിയ രാഷ്ട്രീയ പ്രക്ഷോഭത്തിൽ ജി.പി.പിള്ളക്കും, കെ. പി. ശങ്കരമേനോനും ഒപ്പം മൂന്നാമതായി സഹകരിച്ചത് ഡോ. പൽപ്പുവായിരുന്നു.

ജി.പി. പിള്ള

ഇതൊരു നിവേദനമല്ലേ, അതിനെന്താ ഇത്ര സവിശേഷത എന്ന് നിവേദനം അനുദിനം കൊടുക്കുന്ന രാഷ്ട്രീയസംസ്‌കാരത്തിൽ വളർന്ന പുതുതലമുറ ആലോചിക്കും. രാജഭരണത്തിനെതിരെ ഒരു മറുമൊഴി സാധ്യമല്ലാതിരുന്ന കാലത്ത്, ജനാധിപത്യമുറ പാലിച്ച്​ഭരണനയങ്ങൾക്കെതിരെ തങ്ങളുടെ ആവശ്യം അറിയിക്കാൻ ധൈര്യപൂർവം മുന്നോട്ടുവന്ന ആധുനിക വിദ്യാഭ്യാസം ലഭിച്ച, രാഷ്ട്രീയബോധമുള്ള, പ്രതികരണശേഷിയുള്ള ആദ്യ തലമുറയാണിവർ എന്നതാണ് ഈ സംരംഭത്തിന്റെ ചരിത്രപ്രാധാന്യം. തുടർന്നുണ്ടായ എല്ലാ സമരങ്ങളുടെയും നാന്ദിയായിരുന്നു ഇതെന്നറിയുക. തന്നെയുമല്ല ജാതിമത ഭേദം അരങ്ങുവാണിരുന്നകാലത്ത്​, അതിനുപരിയായി ഒരു ഭാഷാകൂട്ടായ്മ രൂപപെട്ടുവെന്നത് സവിശേഷമായി ഓർക്കേണ്ടതാണ്. ജാതീയമായ ഒരു പരിഗണനയും മലയാളി മെമ്മോറിയലിനുണ്ടായിരുന്നില്ല. സർക്കാർ സർവീസിൽ ന്യായമായി നാട്ടുകാർക്ക് ലഭിക്കേണ്ട പങ്ക് ലഭിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയായിരുന്നു മെമ്മോറിയലിന്റെ ലക്ഷ്യം. അക്കാലത്ത്​ ഈഴവർ തുടങ്ങിയുള്ള അവർണജാതിക്കാരെ അഞ്ചുരൂപയിൽ താഴെ മാസശമ്പളമുള്ള തസ്തികകളിൽ മാത്രം അപൂർവമായേ നിയമിച്ചിരുന്നുള്ളു.

1889 ലെ സർക്കാർ കണക്കനുസരിച്ച്​ 50 രൂപമുതൽ 2000 രൂപവരെ മാസശമ്പളമുള്ള 246 തസ്തികകളിൽ 33 എണ്ണം ഇംഗ്ലീഷുകാർക്കും 120 എണ്ണം പരദേശികൾക്കും 65 എണ്ണം ക്രിസ്​ത്യാനികൾക്കും 61 എണ്ണം മലയാളി സവർണ ഹിന്ദുക്കൾക്കുമായാണ്​(അധികവും ബ്രാഹ്മണർ) ലഭിച്ചിരുന്നത്. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തായിരുന്ന ഈഴവരിൽ അഞ്ചുരൂപ ലഭിക്കുന്ന ശമ്പളക്കാരില്ലായിരുന്നു. മലയാളി മെമ്മോറിയലിന്റെ സാഹചര്യം ഇതായിരുന്നു. ഏപ്രിൽ21 ന് ദിവാൻ മുഖേനെ മഹാരാജാവ് മലയാളി മെമ്മോറിയലിന്​ മറുപടിനൽകി: ‘നിലവിലെ സ്ഥിതി തുടരും’ എന്ന അറിയിപ്പാണ് മറുപടി.

സർക്കാരിനുമുന്നിൽ സംഘടിത ശക്തി തെളിയിച്ചാലേ ശ്രദ്ധ നേടാനാവൂ എന്ന് തിരിച്ചറിഞ്ഞ പൽപ്പു, സ്വകാര്യലാഭത്തിനല്ലാതെ സമുദായനന്മക്കായി ഈഴവമെമ്മോറിയലുമായി രംഗത്തെത്തി

ഈ മറുപടിയിൽ സർക്കാരിന്റെ ഈഴവരോടുള്ള മനോഭാവം വെളിപ്പെടുന്നുണ്ട്, ജാതി വിവേചനം ഭരണകൂടം പ്രോത്സാഹിപ്പിച്ചിരുന്നതും. പുതുതായി രൂപംകൊണ്ട ഒരുമയെ തകർക്കാനും ജാതിവിവേചനത്തെ ഉപയോഗിക്കുന്നതും മറുപടിയിൽ പ്രകടമാകുന്നു. പൊതുവിലറിയപ്പെടുന്ന വിവരമാണെങ്കിലും, ഡോ. പൽപ്പുവിലെ സമരോർജം മനസിലാക്കാൻ ഇവിടെ ആവർത്തിക്കുന്നു, അതിങ്ങനെയാണ്: ‘ഹർജിയിൽ ആകർഷിച്ചു ചേർക്കപ്പെട്ടിരിക്കുന്നവരായ തീയന്മാരെ കുറിച്ച് പറയുന്നതായാൽ, അവരുടെ സ്ഥിതി ഹർജിക്കാർക്കുതന്നെ അറിയാവുന്നതാണ്. അവരുടെ ഈ രാജ്യത്തെ സാമൂഹ്യസ്ഥിതി ആലോചിച്ചുനോക്കിയാൽ അവർ പ്രായേണ വിദ്യാഹീനരും, സർക്കാരുദ്യോഗത്തിന്​ അവരെ പ്രാപ്തരാക്കിതീർക്കുന്ന വിദ്യാഭ്യാസത്തിനു പോകുന്നതിനേക്കാൾ അവരുടെ സ്വന്തം തൊഴിലുകളായ കൃഷി, കയർപിരിപ്പ്, കള്ളെടുപ്പ് മുതലായവയെക്കൊണ്ടുതന്നെ തൃപ്തിപ്പെട്ടിരിക്കുന്നവരും ആകുന്നു. 3.87,176 ജനങ്ങളുള്ള ഈ സമുദായത്തിൽ യൂണിവേഴ്‌സിറ്റി പരീക്ഷ ജയിച്ചിട്ടുള്ളവരായി രണ്ടുപേർ മാത്രമേയുള്ളൂ. സ്ഥലത്തെ കോളേജിൽ ഉൽകൃഷ്ട വിദ്യാഭ്യാസം ചെയ്തുവരുന്നവരായിട്ടും വളരെ കുറച്ചു പേരേയുള്ളു. മലബാറിലുള്ള തങ്ങളുടെ സഹോദരങ്ങളെക്കാൾ അന്ധവിശ്വാസികളും പൂർവാചാരസംരക്ഷണപ്രിയന്മാരും ആയ ഹിന്ദുക്കളുള്ളതും, സർക്കാർ ഉദ്യോഗത്തിന്​ കുറെ ബഹുമതിയുണ്ടെന്ന്​ ഗണിച്ചുവരുന്നതുമായ ഒരു സംസ്ഥാനത്തിൽ, ഉദ്യോഗം വഹിക്കുന്നതിനും അവരുടെ സാമൂഹികസ്ഥിതി പ്രതിബന്ധമായിരിക്കുന്നു. ഉയർന്ന ജാതിക്കാരിൽ നിന്ന്​ മതഭ്രംശം വന്നവനല്ലെന്നു വിശ്വസിക്കപ്പെടുന്ന ഒരു ക്രിസ്ത്യാനി, ദക്ഷിണതിരുവിതാംകൂറിലെ ഒരു താലൂക്കിൽ മജിസ്ട്രേറ്റാക്കപ്പെട്ടപ്പോൾ എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായി എന്നും ഇനി എന്തെല്ലാം ഉണ്ടാവാനിരിക്കുന്നു എന്നും വിശേഷിച്ചും ഈ പ്രതിബന്ധങ്ങൾ അധികവും മലയാളി ശൂദ്രരിൽനിന്നാണുണ്ടായതെന്നുമുള്ള സംഗതി ഹർജിക്കാർ അറിയാതിരിക്കാൻ ഇടയില്ല. സമുദായത്തിന്റെ ആധുനികാവസ്ഥയിൽ ജനസമുദായം എതിർക്കാതെ, സ്വൈര്യമായി അടങ്ങിയിരിക്കാത്ത ഒരു കാര്യത്തിൽ ഗവണ്മെൻറ്​, ഏതെങ്കിലും കടന്നുപ്രവർത്തിക്കുന്നതായാൽ തന്നിമിത്തം ഗുണമൊന്നും ഉണ്ടാകില്ലെന്നുമാത്രമല്ല അധികം അനർഥകരമായി ഗണിച്ചിരിക്കുന്ന ജാതിമത്സരത്തെ ജനിപ്പിച്ചു അഭിവൃദ്ധിക്കു പ്രതിബന്ധത്തെ ഉണ്ടാക്കി തീർക്കുന്നതുമാണ്. ഇങ്ങനെയുള്ള പ്രതിബന്ധങ്ങൾ നിവാരണം ചെയ്യുന്നതിനുള്ള ഏക മാർഗമായ വിദ്യാഭ്യാസപ്രചാരം ജനസമുദായത്തിൽ ഉണ്ടാക്കിത്തീർക്കുന്നതിന്​ ഗവണ്മെൻറ്​ തങ്ങളാൽ കഴിയുന്നതുപോലെ എല്ലാം ശ്രമിക്കുന്നുണ്ട്. ഉൽകൃഷ്ട വിദ്യാഭ്യാസം കൊണ്ട് തങ്ങൾക്കു സിദ്ധിച്ചിരിക്കുന്ന ഈ അത്യുദാരബുദ്ധിയെ ഉപയോഗിച്ച് ഹർജിക്കാർക്കുതന്നെ തങ്ങളുടെ സമീപസ്ഥന്മാരുടെയും ബന്ധുക്കളുടെയും ആശ്രിതന്മാരുടെയും മനസ്സിൽ ഔദാര്യത്തെ ജനിപ്പിച്ച് ഗവണ്മെന്റിനെ ഈ വിഷയത്തിൽ സഹായിക്കാവുന്നതും ഇങ്ങനെയുള്ള പ്രതിബന്ധങ്ങൾക്ക് നിവാരണം വന്ന്​ താണജാതിക്കാരും സാമൂഹികാവസ്ഥയിൽ ഉയർന്നുവന്നാൽ അങ്ങനെയുള്ള ജാതിക്കാരിൽ യോഗ്യതയുള്ളവർക്ക്​ ഗവണ്മെന്റുദ്യോഗത്തിൽ പ്രവേശനം കൊടുക്കുന്നത് ഗവണ്മെന്റിനു വളരെ സന്തോഷകരമായിരിക്കുന്നതും ആകുന്നു. എന്നാൽ ഇങ്ങനെയുള്ള ഉയർച്ച അവശ്യം സാവധാനമായിരിക്കേണ്ടതാണ്. അവരുടെ സാമൂഹികാവസ്ഥയിലുള്ള ഉയർച്ചക്കായി ഗവണ്മെൻറ്​ നിർബന്ധപൂർവമായി ശ്രമിക്കുന്നതായാൽ അത് സഫലമാകില്ലെന്ന് മാത്രമല്ല, അനർഥകമായി പരിണമിക്കുകയും ചെയ്യും' എന്നിങ്ങനെയുള്ള പരാമർശങ്ങളടങ്ങിയതായിരുന്നു മലയാളി മെമ്മോറിയലിനു ലഭിച്ച മറുപടി.

മലയാളി മെമ്മോറിയലിന്റെ കൊല്ലം ജില്ലയിലെ കേന്ദ്ര പ്രവർത്തന കേന്ദ്രമായിരുന്ന മലയാളി സഭ ഹാൾ. പിന്നീടിത് മലയാളി സഭ സ്കൂളായി പരിവർത്തിപ്പിച്ചു. / Photo: Wikipedia Commons

മലയാളി മെമ്മോറിയലിലെ ഈഴവരെക്കുറിച്ചുള്ള പരാമർശം അഥവാ പരിഹാസം ഡോ. പൽപ്പുവിന്റെ പ്രക്ഷോഭവീര്യം പതിന്മടങ്ങു വർധിപ്പിക്കുകയാണുണ്ടായത്. സർക്കാരിന്റെ തിയന്മാരെക്കുറിച്ചുള്ള പരാമർശങ്ങൾക്കോരോന്നിനും കൃത്യമായ മറുപടി തയ്യാറാക്കി മഹാരാജാവിന്റെ പര്യാലോചനക്കായി 1895 മെയ് 13 ന് ദിവാനായ സുബ്ബരായർക്ക്​ പി. പൽപ്പു, അസിസ്റ്റൻറ്​ സർജൻ, മൈസൂർ ഗവണ്മെൻറ്​ സർവീസ് എന്ന്​ ഔദ്യോഗിക മേൽവിലാസത്തോടെ അയച്ചു.

ഈ മറുപടിയിൽ വ്യക്തമാക്കിയത്:
1. മറ്റു സമുദായങ്ങളേക്കാൾ നികുതി കൊടുക്കുന്നവരാണ് ഈഴവർ.
2. വിദ്യാഭ്യാസ സൗകര്യം: ഗവണ്മെൻറ്​ പള്ളിക്കൂടത്തിൽ ആദ്യകാലത്ത്​ പ്രവേശനം നിഷേധിച്ചിരുന്നു. പിന്നീട് ചില പള്ളിക്കൂടങ്ങളിൽ പ്രവേശനം നൽകി, അനേകം സർക്കാർ പള്ളിക്കൂടങ്ങളിൽ പ്രവേശനം നൽകിയതുമില്ല. സർക്കാർ സഹായമില്ലാതിരുന്നിട്ടു പോലും 1891 ൽ വിദ്യാഭ്യാസം ചെയ്തിട്ടുള്ള ഈഴവരുടെ എണ്ണം നൂറ്റിന്​ 12 വീതമായി. സർക്കാർ പ്രോത്സാഹനം ലഭിക്കാതെ തന്നെ വിദ്യാഭ്യാസനിലയിൽ മാറ്റം പ്രകടമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസം തീയർക്കു ലഭിക്കാതിരിക്കാനുള്ള വ്യവസ്ഥയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. സർക്കാർ ഒരു സൗകര്യവും ചെയ്തുകൊടുക്കാതെ ഈ സമുദായക്കാർ വിദ്യാവിഹീനരാണെന്നു അവരെ കുറ്റപ്പെടുത്തുന്നത് വല്ല പ്രകാരത്തിലും നീതികരിക്കാവുന്നതാണോ ?'.
3. സാമൂഹികസ്ഥിതിയാണ് സർക്കാരുദ്യോഗം ലഭിക്കാൻ തടസ്സമെന്ന വാദത്തെ പൽപ്പു എതിർക്കുന്നത് രണ്ടുതരത്തിലാണ്​; യോഗ്യതയാണ് പരിഗണിക്കേണ്ടത് സാമൂഹിക സ്ഥിതിയല്ല. ‘ഈ സമുദായത്തിലോ ഇതിനെക്കാൾ താണ സമുദായത്തിലോ ഉള്ള ആരെങ്കിലും ഒരാൾ മതഭേദം ചെയ്യുകയോ ഹിന്ദുക്കൾക്കുള്ളതല്ലാത്ത ഒരു പേരിനെ കൈകൊള്ളുകയോ ചെയ്യുന്ന മാത്രയിൽ അയാളുടെ സാമൂഹിക സ്ഥിതിയിൽ ഉയർച്ച ഉണ്ടാകുന്നതെങ്ങനെ?
4. തീയന്മാരുടെ ഉദ്ഗതിക്ക്​ പ്രതിബന്ധികളായി നിൽക്കുന്നത് മലയാളി ശൂദ്രരാണെന്നു പറയപ്പെട്ടിരിക്കുന്നതിനെതിരെയും ശക്തമായി പ്രതികരിച്ചു. ‘നായന്മാരും തീയന്മാരും തങ്ങൾക്കു പരസ്പരമുള്ള അവകാശങ്ങളെ അറിഞ്ഞു ഗവണ്മെന്റിനോട് ന്യായമായി ഉദ്യോഗത്തിനാവശ്യപ്പെട്ടപ്പോൾ നായന്മാർ തീയരുടെ കാര്യത്തിൽ വിരോധികളാണെന്നു ചൂണ്ടിക്കാണിച്ചതിനെ സർക്കാരിന്റെ ജാതിവിവേചനതന്ത്രമായി ആവിഷ്‌കരിച്ചു. സർക്കാരിന്റെ ഈഴവവീക്ഷണത്തെ പൽപ്പു നേരിട്ടത് സർക്കാർ വീഴ്ചകൾ നിരത്തിക്കൊണ്ടായിരുന്നു. വസ്തുതകൾ അവതരിപ്പിക്കുന്നത് സെൻസസ് വിവരങ്ങൾ ഉൾപ്പടെ ഉൾക്കൊള്ളിച്ചാണ്. കൃത്യമായി പറഞ്ഞാൽ ഭരണവീഴ്ചയാണ് ഈഴവരുടെ സാമൂഹികസ്ഥിതിക്കാധാരം എന്നു ധൈര്യപൂർവം വെട്ടിത്തുറന്നു ഭരണകൂടത്തെ ബോധ്യപ്പെടുത്തുകയാണ് പൗരബോധമുള്ള പൽപ്പു. മതപരിവർത്തനത്തിനു ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു സർക്കാരാണ് എന്നുകൂടെ പറയാൻ പൽപ്പു മടികാണിച്ചില്ല. ഭരണകൂട പരാമർശങ്ങൾ. ഓരോന്നും എടുത്തുപറഞ്ഞ്​ സർക്കാർ മനോഭാവത്തെ വിമർശിച്ച്​ ക്രിയാത്മകമായി ഇടപെടേണ്ട നയരേഖ മറുപടിയിൽ കാണിച്ചു. എന്നാൽ, പലകുറി ഓർമപ്പെടുത്താൻ കത്തെഴുതിയിട്ടും ഇതിനോട് പ്രതികരിക്കാൻ ദിവാൻ തയ്യാറായില്ല. നിവൃത്തികെട്ട്​ മൈസൂരിൽനിന്ന്​അവധിയെടുത്തുവന്നു ദിവാനെക്കണ്ടു. ദിവാൻ ശങ്കരസുബ്ബയ്യർ ഹർജി നന്നായിട്ടു എഴുതിയതിനു പൽപ്പുവിനെ അഭിനന്ദിക്കുകയും പത്രങ്ങളിലൂടെയുള്ള പൽപ്പുവിന്റെ വിമർശങ്ങളിൽ നീരസം അറിയിക്കുകയും ചെയ്തു. മുൻകാലങ്ങളിലെ മറുപടിയിൽനിന്ന്​ വ്യത്യസ്തമായി ചില അനുകൂല തീരുമാനങ്ങൾ സർക്കാർ എടുക്കുന്നെന്നും, അതൊക്കെ നിങ്ങളുടെ ഹർജി ലഭിക്കുന്നതിനു മുമ്പേ തീരുമാനിച്ചുവെന്നുമൊക്കെ പറഞ്ഞു. ഒന്നു വ്യക്തമാണ്, പൽപ്പുവിന്റെ ശക്തമായ മറുപടി കുറച്ചൊന്നുമല്ല ഭരണകൂടത്തെ വലച്ചതെന്നുവ്യക്തം. ന്യായമായ അവകാശങ്ങൾ സർക്കാർ പരിഗണിക്കുമെന്ന് ദിവാന് പറയേണ്ടിവന്നു (സുബ്ബരായർ നേരിട്ടുനൽകിയ മറുപടി എം. കെ. സാനു- 2013 പു 77 -80- സജീവ്കൃഷ്ണൻ, 2013, പു 58 -59 വിസ്തരിച്ചിട്ടുണ്ട്.).

അപകർഷതാബോധത്തിലും ഭയത്തിനും ഇരയായി കഴിയുന്നവർക്കിടയിൽ, അവർക്കും​ അവകാശങ്ങളുണ്ടെന്ന്​ ബോധ്യപ്പെടുത്താനും രാജഭീതിയും മേൽജാതി ഭീതിയുമായി ജീവിക്കുന്ന അധഃസ്ഥിതരെ പങ്കാളികളാക്കാനും പൽപ്പുവിനു കഴിഞ്ഞു.

ബി.എ. പാസ്സായ പല ഈഴവരും അപേക്ഷ അയച്ചിട്ടും സർക്കാർ പരിഗണിച്ചില്ല. എം. ഗോവിന്ദൻ ജുഡീഷ്യൽ ഡിപ്പാർട്ടുമെന്റിൽ ഉദ്യോഗത്തിനായി ഹൈക്കോടതിയിൽ ബോധിപ്പിച്ച അപേക്ഷക്ക്​, അയാളെ ഉദ്യോഗത്തിൽ നിയമിക്കുന്നതിന് ഈ സംസ്ഥാനത്തിലെ പാരമ്പര്യനയം പ്രതിബന്ധമായിരിക്കുന്നതിനാൽ ഗവണ്മെന്റിൽ അപേക്ഷിക്കേണ്ടതാണെന്നു അറിയിപ്പുകിട്ടി. തുടർന്ന്​, ദിവാന് അപ്പീൽ നൽകിയതിന്​ ലഭിച്ച ഇണ്ടാസിൽ ‘ഹർജിക്കാരൻ അയാളുടെ ജാതിക്കാരെ നിയമിക്കുന്നതിന്‌ സാധ്യമായേക്കാവുന്ന ഡി.പി.ഡബ്ല്യൂ വകുപ്പിലോ വനംവകുപ്പിലോ അതുപോലെയുള്ള മറ്റേതെങ്കിലും വകുപ്പുകളിലോ ഉദ്യോഗത്തിന് അപേക്ഷിക്കാവുന്നതാണെന്ന മറുപടി ലഭിച്ചു. അത് ചൂണ്ടിക്കാട്ടി ഒരു കത്തുകൂടി ദിവാന് പൽപ്പു അയച്ചു. മൂന്നു പ്രാവശ്യം ഓർമപ്പെടുത്തൽ കത്തുകളും അയച്ചു. മറ്റുള്ളവരുടെ വിദ്യാഭ്യാസ- തൊഴിൽ അവകാശങ്ങൾക്കായും ധാരാളം നിവേദനങ്ങൾ ഡോ പൽപ്പു ദിവാന് നൽകാറുണ്ട്. അതും മറുപടി നൽകാതെ അവഗണിച്ചു. അതോടെ പൽപ്പുവിനു ഒറ്റയാൾ നിവേദന പ്രതിഷേധം ഫലം കാണില്ല എന്നു ബോധ്യപ്പെട്ടു.

ഈഴവ മെമ്മോറിയൽ

ഈഴവരെ സംഘടിപ്പിച്ചു ഒരു സമുദായശക്തിയുണ്ടാക്കി പ്രതിരോധമുറ കൂടുതൽ ശക്തമാക്കാൻ പൽപ്പു തീരുമാനിച്ചു. സർക്കാരിനുമുന്നിൽ സംഘടിത ശക്തി തെളിയിച്ചാലേ ശ്രദ്ധ നേടാനാവൂ എന്ന് തിരിച്ചറിഞ്ഞ പൽപ്പു, സ്വകാര്യലാഭത്തിനല്ലാതെ സമുദായനന്മക്കായി ഈഴവമെമ്മോറിയലുമായി രംഗത്തെത്തി. രണ്ടുമാസം ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു 13,176 പേരുടെ ഒപ്പുശേഖരിച്ചു ഒരു ഭീമഹർജി 1896 സെപ്റ്റംബർ മൂന്നിന് ശ്രീമൂലം തിരുനാൾ മഹാരാജാവിന് നേരീട്ട് സമർപ്പിച്ചു. ഈഴവരുടെ ആദ്യ സംഘടിത പ്രവർത്തനമായേ ഈഴവമെമ്മോറിയലിനെ കാണാവൂ. ദീർഘകാലത്തെ അപകർഷതാബോധത്തിലും ഭയത്തിനും ഇരയായി കഴിയുന്നവർക്കിടയിൽ, അവർക്കും​ അവകാശങ്ങളുണ്ടെന്ന്​ ബോധ്യപ്പെടുത്താനും രാജഭീതിയും മേൽജാതി ഭീതിയുമായി ജീവിക്കുന്ന അധഃസ്ഥിതരെ പങ്കാളികളാക്കാനും പൽപ്പുവിനു കഴിഞ്ഞുവെന്നതിന്റെ ചരിത്രപ്രാധാന്യം ചെറുതല്ല.

മലബാർ, കൊച്ചിൻ, തിരുവിതാംകൂർ എന്നീ പ്രദേശങ്ങളിലെ വിവിധ ജാതിമത വിഭാഗങ്ങളിൽ പെട്ടവരുടെ വസ്ത്രധാരണ രീതി ആവിഷ്‌കരിക്കുന്ന 'ദക്ഷിണേന്ത്യയിലെ വസ്ത്രധാരണം' എന്ന ആൽബത്തിലെ സ്‌കെച്ചുകളിലൊന്ന് (1850). തെക്കൻ കേരളത്തിലെ ഈഴവ വിഭാഗത്തിൽ പെട്ട ചേകോൻമാരുടെ വസ്ത്രധാരണ രീതിയാണിതെന്ന് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പിൽ പറയുന്നു. / Photo: The British Museum

ഈഴവമെമ്മോറിയലിൽ ഈഴവരുടെ വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലുമുള്ള അവകാശം സംരക്ഷിച്ചുകിട്ടാനുദേശിക്കൊണ്ടുള്ള നിവേദനമായിരുന്നു. മഹാരാജാവ് ഹർജി മേൽനടപടി സ്വീകരിക്കാൻ ദിവാൻ ശങ്കരസുബ്ബരായർക്കു നൽകി. ഇതിനു ലഭിച്ച മറുപടി (സജീവ് കൃഷ്ണൻ പു, 63 -65) വലിയ പ്രതീക്ഷ നല്കുന്നതായിരുന്നില്ല. എങ്കിലും അനുകൂലമായ ചില സൂചനകൾ ഇല്ലാതിരുന്നില്ല . ദിവാന്റെ വാദങ്ങളോടുള്ള പ്രതികരണം മദ്രാസ്​ മെയിലിൽ എഴുതിയ ലേഖനത്തിൽ പൽപ്പു ഉൾപ്പെടുത്തി.

ഈഴവ മെമ്മോറിയൽ കഴിഞ്ഞതിനുശേഷം പൽപ്പു ആദ്യപുസ്തകം ‘ട്രീറ്റ്മെൻറ്​ ഓഫ് തിയാസ് ഇൻ ട്രാവൻകൂർ' പ്രസിദ്ധീകരിച്ചു. മലയാളം പരിഭാഷ കേരളകൗമുദി പത്രാധിപരായിരുന്ന സി.വി. കുഞ്ഞുരാമൻ നിർവഹിച്ചു. ഈഴവർക്കിടയിൽ അത് വിതരണം ചെയ്തിരുന്നു. ഈഴവർക്കിടയിൽ അവർക്കു നഷ്ടപ്പെടുന്ന പൗരാവകാശങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ചുള്ള ബോധവൽകരണം ഉദ്ദേശിച്ചാണ് പുസ്തകം വിതരണം ചെയ്തത്. അതോടൊപ്പം സംഘടിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും.

ജാതിവിരുദ്ധത ദേശീയമാകുന്നു

1895 ൽ പൂനയിൽവച്ചു ചേർന്ന ഇന്ത്യൻ നാഷണൽ കോൺഫറൻസിൽ ജി.പി. പിള്ള, പൽപ്പുവിന്റെ അഭ്യർഥനയെ തുടർന്ന്​ തിരുവിതാംകൂർ- കൊച്ചി സർക്കാറുകളുടെ ഈഴവവിരുദ്ധനയം പൗരാവകാശനിഷേധമായി അവതരിപ്പിച്ച്​ പ്രശ്‌നത്തിനു ദേശീയശ്രദ്ധ നേടിയെടുത്തു.
മദ്രാസ് നിയമസഭയിൽ തിരുവിതാംകൂറിലെ ഈഴവപ്രശ്‌നം ഉന്നയിക്കാൻ മദ്രാസ് നിയമസഭയിലെ മെമ്പർമാർക്കിടയിൽ പൽപ്പു ഈഴവപ്രശ്‌നം ബോധ്യപ്പെടുത്തി. ഈ പ്രശ്‌നം ഉന്നയിച്ചുകൊണ്ടുള്ള ചോദ്യമുണ്ടായി. നാട്ടുരാജ്യങ്ങളുടെ ഭരണകാര്യങ്ങൾ മദ്രാസ് നിയമസഭയുടെ അധികാര പരിധിയിൽ പെടുന്നതല്ലെന്നു ഗവർണർ അറിയിച്ചു. ഗവർണർക്കു ലഭിച്ച നിവേദനം തിരുവിതാംകൂർ ദിവാന് അയച്ചുകൊടുത്തു. വാസ്തവവിരുദ്ധമായി എല്ലാം ഈഴവർക്കനുകൂലമാണെന്നു ബോധ്യപ്പെടുത്തുന്ന തരത്തിൽ തിരുവിതാംകൂർ ദിവാൻ മറുപടി നൽകി. ഇത് സത്യവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി വസ്തുതകൾ നിരത്തി മദ്രാസ് ഗവർണർക്കു പൽപ്പു വീണ്ടും നിവേദനം കൊടുത്തു.

നിവേദനപോരാട്ടങ്ങളും പൊതുജനാഭിപ്രായ രൂപീകരണശ്രമങ്ങളും ആവശ്യത്തിന്​ ഫലമുണ്ടാക്കുന്നില്ല എന്ന്​ ബോധ്യമായതോടെ ഡോ. പൽപ്പു സംഘടന രൂപീകരിച്ച്​ മുന്നോട്ടുപോകാൻ തീരുമാനിച്ചു. അത്തരമൊരു ഭാവനയുടെ സന്താനമാണ് ഈഴവ മഹാജന സഭ.

വസ്തുതകൾ ഉൾക്കൊണ്ട്​ ഗവർണർ തിരുവിതാംകൂർ ദിവാന് പ്രശ്‌നപരിഹാരത്തിനായി ഉപദേശിച്ച്​ കത്തുനല്കി. അത് തിരുവിതാംകൂർ ഭരണകൂടത്തിന് അപമാനമായി. ഇതിനകം അനഭിമതനായിക്കഴിഞ്ഞിരുന്ന പൽപ്പുവിനെ ശിക്ഷിക്കാൻ തിരുവിതാംകൂർ ദിവാൻ മൈസൂറിലെ ദിവാനെ കണ്ട്​പരാതി ബോധിപ്പിച്ചു. സർവീസ് ചട്ടങ്ങൾക്കുവിരുദ്ധമായാണ് പൽപ്പു നിവേദനയുദ്ധം നടത്തുന്നതെന്ന്​ ബോധിപ്പിച്ചു. സത്യാവസ്ഥ മൈസൂർ ദിവാന് മനസിലായതുകൊണ്ട്​ ശിക്ഷയുണ്ടായില്ല.

ജാതിപ്രശ്നം വൈസ്രോയിയുടെ മുന്നിൽ

പൽപ്പു തിരുവിതാംകൂറിലെ ഈഴവപ്രശ്‌നം വൈസ്രോയ് സമക്ഷം എത്തിച്ചു. ബ്രിട്ടീഷ് ഇന്ത്യ വൈസ്രോയി കഴ്സൺ പ്രഭു ബാംഗ്ലൂരിലെത്തിയപ്പോൾ കഴ്സൺ പ്രഭുവിനെ കാണാൻ തിരുവിതാംകൂറിലെ അവസ്ഥകൾ വിവരിച്ച മെമ്മോറാണ്ടവുമായി പൽപ്പു എത്തി. ‘ഞങ്ങൾ അനേകലക്ഷം പേരുണ്ട്. ഞങ്ങളെല്ലാം ബ്രിട്ടീഷ് ഗവൺമെൻറിനോട് ഏറ്റവും ഭക്തിയുള്ളവരാണ്. എന്നാൽ ഞങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾ മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്നതാണ്. വിദ്യാലയങ്ങളിൽ പ്രവേശനമില്ല, ശിപായിയുടെ ജോലി പോലും കിട്ടുന്നില്ല. പൊതുനിരത്തുകളിൽ സഞ്ചരിക്കാൻ അവകാശമില്ല. അമ്പലങ്ങളും കുളങ്ങളും വഴികളും നിഷേധിച്ചിരിക്കുന്നു. ഞങ്ങളെ രക്ഷിക്കണം' എന്ന് വൈസ്രോയിയോട് അഭ്യർത്ഥിച്ചു.

‘നിങ്ങൾ പറഞ്ഞതെല്ലാം മതപരമായ കാര്യങ്ങളാണ്. അവയിലൊന്നും ബ്രിട്ടൺ പ്രവേശിക്കുകയില്ല. വിക്ടോറിയ രാജ്ഞിയുടെ വിളംബരത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങളുടെ നാട്ടുരാജാവാണ് അതിന്​ പരിഹാരം കാണേണ്ടത്. നിവേദനം രാജാവിന് സമർപ്പിക്കൂ' എന്ന് നിർദേശിച്ചു. രാജാവിനു സമർപ്പിച്ചിട്ടു കാര്യമില്ല എന്ന് പൽപ്പു അറിയിച്ചപ്പോഴും മുൻ മറുപടി തന്നെ ലഭിച്ചു.

കഴ്സൺ പ്രഭു: ‘മതപരമായ കാര്യങ്ങളിൽ ഞങ്ങൾ ഇടപെടില്ല '
പൽപ്പു: എങ്കിൽ അക്കാര്യം ഒന്നു എഴുതിത്തരണം.
കഴ്സൺ പ്രഭു: ‘ഞാൻ പറഞ്ഞാൽ പോരേ’ എന്തിനാണ് എഴുതിത്തരുന്നത്?
പൽപ്പു: അവകാശം സ്ഥാപിക്കാൻ ഞങ്ങൾ പ്രക്ഷോഭം തുടങ്ങും. മഹാരാജാവിന്റെ പൊലീസിനോ പട്ടാളത്തിനോ ഞങ്ങളെ അമർച്ച ചെയ്യാൻ ശക്തി കാണില്ല. അപ്പോൾ രംഗത്തിറങ്ങുന്ന ബ്രിട്ടീഷ് പട്ടാളത്തെ ഈ കാത്തുകാണിക്കുമ്പോൾ അവർ തിരിച്ചുപോകും.

ഏതായാലും പൽപ്പുവിന്റെ ഈ ശ്രമം ഭാഗികമായി ഫലിച്ചു. കഴ്സൺ പ്രഭു ഔദ്യോഗികമായി തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ, ‘എല്ലാ ജാതിക്കാർക്കും ജാതിവ്യത്യാസമില്ലാതെ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന്​’ മഹാരാജാവിനെ ഓർമപ്പെടുത്തി. ജാതിയെന്ന സാമൂഹിക വിവേചനപ്രശ്‌നത്തെ മതപ്രശ്‌നമായി അവതരിപ്പിച്ച്​ മഹാരാജാവ് തത്കാലം രക്ഷപ്പെട്ടു.

ജാതി തിരുവിതാംകൂറിൽനിന്ന്​ ലണ്ടനിലേക്ക്

ഇതുവരെയുള്ള പൽപ്പുവിന്റെ ശ്രമങ്ങൾ വിജയിക്കാത്തതുകൊണ്ട്​ ബ്രിട്ടീഷ് പാർലമെന്റിൽ ജാതിവിവേചന വിഷയങ്ങൾ ഉന്നയിക്കുന്നത് നന്നാകുമെന്ന് സുഹൃത്തായ ജി.പി. പിള്ള പറഞ്ഞു. ഈ ദൗത്യം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായി. യാത്രക്കൂലിക്കായി പിരിവെടുക്കാൻ ഡോക്ടർ ശ്രമിച്ചെങ്കിലും വളരെ കുറച്ചേ സംഘടിപ്പിക്കാനായുള്ളൂ. ഭൂരിഭാഗവും സ്വന്തം ശമ്പളത്തിൽനിന്നെടുത്തു. സ്വാമിവിവേകാനന്ദൻ തന്റെ ശിഷ്യയായ സിസ്റ്റർ നിവേദിത എന്ന മാർഗരറ്റ് നോബിളിന് ഒരു ക​ത്തെഴുതിക്കൊടുത്തു. ജി.പി. പിള്ള കത്തുമായി ഈഴവർക്കുവേണ്ടി ലണ്ടനിലെത്തി. ‘പാർലമെൻറംഗമായ ഡബ്ല്യു.എസ്. കെയിനിന്​ കൊടുക്കാൻ സിസ്റ്റർ നിവേദിത ഒരു കത്തുനല്കി. അദ്ദേഹത്തിന്റെ ജാമാതാവായ ഹെർബെർട്ട്​ റോബെർട്‌സ് 1897 ജൂലൈ 11 ന് ബ്രിട്ടീഷ് പാർലമെന്റിൽ രണ്ടു ചോദ്യങ്ങൾ ചോദിച്ചു.

1. ‘താഴ്​ന്ന’ ജാതിക്കാരെന്നു പറഞ്ഞ്​ തിരുവിതാംകൂർ സംസ്ഥാനത്തെ സർക്കാർ സർവീസിൽ നിന്ന്​ ഈഴവർ എന്നറിയപ്പെടുന്ന വർഗക്കാരെ ഒഴിച്ചു നിറുത്തിയിരിക്കുകയാണോ?
2. സ്വന്തം സംസ്ഥാനത്തിൽ സ്ഥാനം നിഷേധിച്ചതുകൊണ്ട് മദ്രാസ് യൂണിവേഴ്‌സിറ്റി ബിരുദധാരികളായ ഈ വർഗത്തിലെ രണ്ടുപേർ- മദ്രാസും മൈസൂരും- സർക്കാർ സർവീസുകളിൽ ഈ അടുത്തകാലത്ത്​ ഉദ്യോഗം തേടാൻ നിർബന്ധിതരായിട്ടുണ്ടോ?

ഇന്ത്യാ സെക്രട്ടറി ജോർജ് ഹാമിൽട്ടനെയാണ് ചോദ്യങ്ങൾക്കുത്തരം പറയാൻ സഭ ചുമതലപ്പെടുത്തിയത്. ‘ബഹുമാനപ്പെട്ട മെമ്പറുടെ ചോദ്യങ്ങൾക്ക്​ ശരിയായ സ്ഥിതിവിവരം നൽകാൻ മദ്രാസ് ഗവണ്മെന്റിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിൽ എനിക്ക് എതിർപ്പൊന്നുമില്ല' എന്നദ്ദേഹം പറഞ്ഞു. തിരുവിതാംകൂറിലെ ഈഴവരുടെ അവശത ബ്രിട്ടീഷ് കോമൺസഭയിൽ അവതരിപ്പിക്കപ്പെട്ടത് ഒരു ചരിത്രമുഹൂർത്തമായിരുന്നു. ആ വാർത്ത ബ്രിട്ടീഷ് മാധ്യമങ്ങൾക്കൊപ്പം ഇന്ത്യൻ മാധ്യമങ്ങളും ആഘോഷിച്ചു. അത് പൽപ്പുവിന്റെ വിജയമായിരുന്നു.

ഒറ്റക്കുള്ള നിവേദനപോരാട്ടങ്ങളും പൊതുജനാഭിപ്രായ രൂപീകരണശ്രമങ്ങളും ആവശ്യത്തിന്​ ഫലമുണ്ടാക്കുന്നില്ല എന്ന്​ ബോധ്യമായതോടെ ഡോ. പൽപ്പു സംഘടന രൂപീകരിച്ച്​ മുന്നോട്ടുപോകാൻ തീരുമാനിച്ചു. അത്തരമൊരു ഭാവനയുടെ സന്താനമാണ് ഈഴവ മഹാജന സഭ.

ഈഴവ മഹാജന സഭ

സമാനമനസ്‌കരുമായി സംഘടിച്ച് ഈഴവർക്കായി ഒരു സംഘടന എന്ന ഉദ്ദേശ്യത്തോടെയാണ് ഈഴവ മഹാജന സഭ രൂപീകരിച്ചത്. മയ്യനാട്ടും പരവൂരിലും യോഗങ്ങൾ സംഘടിപ്പിച്ചു. എങ്കിലും ആവേശപൂർണമായ സ്വീകരണം ലഭിച്ചില്ല. സർക്കാരിനോടും ജാതിമേലാളന്മാരോടുമുള്ള പേടിയായിരുന്നു മുഖ്യ കാരണം. ആധുനിക വിദ്യാഭ്യാസം ലഭിക്കാത്തതുകൊണ്ടുള്ള ഭയരഹിതമായ പൗരബോധമില്ലായ്മയും. ഈഴവരുടെ അവസ്ഥയിൽ വിഷമവും രോഷവും ഉണ്ടെങ്കിലും സംഘടിക്കാൻ ഭയം അനുവദിച്ചില്ല.

മൈസൂർ ദിവാൻ കെ. ശേഷാദ്രിയുടെ അതിഥിയായി 1892 ലെത്തിയ സ്വാമി വിവേകാനന്ദനുമായി പൽപ്പു സൗഹൃദം സ്ഥാപിച്ചു. തിരുവിതാംകൂറിലെ അധഃസ്ഥിതരുടെ അവസ്ഥയെക്കുറിച്ച്​ വിശദമായി സംവദിച്ചുവെന്നും ഒരു ആത്മീയ ഗുരുവിനെ കേന്ദ്രീകരിച്ച്​ ഒരു സംഘടന ഉണ്ടാക്കണമെന്ന് സ്വാമി വിവേകാനന്ദൻ ഉപദേശിച്ചുവെന്നൊക്കെ പ്രചരിക്കുന്നുണ്ട്. എസ്.എൻ.ഡി.പി. രൂപം കൊള്ളാൻ പൽപ്പു കാരണമായത് ഈ ഉപദേശം കൊണ്ടാണ് എന്നാണ് പ്രചരിക്കുന്നത്. എന്നാൽ വേണ്ടത്ര വിശ്വാസം വരാത്തതുകൊണ്ട്​, ഇവിടെ അത്തരം അഭ്യൂഹം ആവർത്തിക്കുന്നില്ല.

ഡോ. പൽപ്പു / Photo: Keralaculture.org

ഇതിനുപ്രധാന കാരണം, 1903 ലാണ് എസ്.എൻ.ഡി.പി. രൂപം കൊണ്ടത് എന്നതാണ്​. അതിനുമുമ്പുതന്നെ ഗുരുവും പൽപ്പുവുമായി അടുപ്പമുണ്ട്. അക്കാലത്തൊന്നും ഗുരുവുമായി ഇത്തരമൊരു സംഘടനാരൂപീകരണത്തെ കുറിച്ച്​ചർച്ചയുണ്ടായിട്ടില്ല. ഈഴവ മഹാജന സഭക്ക്​ പൽപ്പു മുന്നിട്ടിറങ്ങുമ്പോഴും അത്തരമൊരു ഉപദേശം ഉണ്ടായിരുന്നതായി പ്രകടമാകുന്നില്ല. ആധുനിക വിദ്യാഭ്യാസത്തിന്​ കുമാരനാശാനെ കൊണ്ടുചെന്ന്​ പൽപ്പുവിനെ ഏൽപ്പിച്ചത് ഗുരുവായിരുന്നു. പൽപ്പുവിന്റെ കുടുംബത്തോടൊപ്പം താമസിച്ച്​ പഠനം പൂർത്തിയാക്കിയ കുമാരൻ ആശാൻ തിരികെയെത്തിയശേഷമാണ് അരുവിപ്പുറത്തെ വാവൂട്ടുയോഗത്തെ വികസിപ്പിച്ചെടുക്കാമെന്ന ധാരണ വികസിച്ചത്. പ്രത്യേകിച്ചും പൽപ്പു രൂപം കൊടുത്ത ഈഴവ മഹാജനസഭയെ കുറിച്ചൊക്കെ അറിയുന്ന ആളായിരുന്നു ആശാൻ.

പൽപ്പു ഈഴവർക്കുവേണ്ടി മാത്രം പ്രവർത്തിച്ച സമുദായവാദിയെന്നു തെറ്റിദ്ധരിക്കണ്ട. അവർണരുടെ സാമൂഹികനന്മ ലക്ഷ്യംവച്ചുകൊണ്ടുള്ള യോഗത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളുടെ ശിൽപി ഡോ. പൽപ്പുവായിരുന്നു

സ്വാഭാവികമായും ആശാനും പൽപ്പുവും കുടിയാലോചിച്ച്​ ഗുരുവിനെ മുൻനിറുത്തി സംഘടന രൂപീകരിക്കാമെന്ന്​ തീരുമാനിച്ചതാകാമെന്നുറപ്പാണ്. യോഗത്തിന്റെ പ്രവർത്തനരേഖക്ക്​ കുമാരനാശാൻ എഴുതിയ ആമുഖം ഇതു വ്യക്തമാക്കുന്നുണ്ട്. ശ്രീനാരായണ ധർമപരിപാലനയോഗത്തിന്റെ സ്ഥാപക വൈസ് പ്രസിഡന്റായി ചുമതലയേറ്റത് ഡോ. പൽപ്പുവായിരുന്നു. ദിവാനായ വി. പി. മാധവറാവുമായി പല്പുവിന്റെ പരിചയം ശ്രീമൂലം പ്രജാസഭയിൽ ഈഴവപ്രാതിനിധ്യം ഉറപ്പുവരുത്തി, കുമാരനാശാനെ അസംബ്ലി അംഗമായി നോമിനേറ്റ് ചെയ്യാനും കഴിഞ്ഞു. എസ്.എൻ.ഡി.പി. രൂപീകൃതമായതോടെ കേരളത്തിന്റെ സാമൂഹികചരിത്രം പുതുവഴിക്കു തിരിഞ്ഞു. ഇതര സമുദായങ്ങൾക്ക് സംഘടിച്ചു ശക്തരാകാനുള്ള പ്രേരണയായി എസ്.എൻ.ഡി.പി. യോഗം.

ഡോ. പൽപ്പുവിന്റെ പ്രവർത്തനങ്ങളുടെ ചെറുചിത്രമാണിത്. ഇതുകണ്ടിട്ട് പൽപ്പു ഈഴവർക്കുവേണ്ടി മാത്രം പ്രവർത്തിച്ച സമുദായവാദിയെന്നു തെറ്റിദ്ധരിക്കണ്ട. അവർണരുടെ സാമൂഹികനന്മ ലക്ഷ്യംവച്ചുകൊണ്ടുള്ള യോഗത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളുടെ ശിൽപി ഡോ. പൽപ്പുവായിരുന്നു. ഇതര അവശവിഭാഗങ്ങൾക്കും വേണ്ടി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സമത്വ ഭാവനയും ധർമനിഷ്ഠതയും പരോപകാര മനോഭാവവും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതയായിരുന്നു. അയിത്തോച്ചാടനത്തിനല്ല പകരം, വിദ്യാഭ്യാസ- തൊഴിൽ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിലായിരുന്നു പൽപ്പു ശ്രദ്ധ പതിപ്പിച്ചത്. ബ്രിട്ടീഷ് ഭരണം മുന്നോട്ടുവച്ച പൗരസമത്വം ആർജ്ജിച്ചെടുക്കുന്നതിലായിരുന്നു താൽപര്യം. പൗരാവകാശങ്ങൾക്കുവേണ്ടി തിരുവിതാംകൂറിൽ ജീവിതകാലം മുഴുവൻ സ്വകാര്യതാല്പര്യമില്ലാതെ സാമൂഹികസേവനം ധർമനിഷ്ഠമായി നിർവഹിച്ച കർമയോഗിയായ ഡോ.പൽപ്പു എക്കാലത്തെയും സാമൂഹികപ്രവർത്തകരുടെ ഊർജ്ജസ്രോതസ്സാണ്. പൽപ്പുവിന്റെ പ്രവർത്തങ്ങളെ അറിഞ്ഞുകൊണ്ടേ, ഗുരുവിനെ സമുദായ പരിഷ്‌കർത്താവ് എന്ന നിലയിൽ വിലയിരുത്താനാവൂ. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments