Mixed Bag- 16
ആ ഓഫീസിന്റെ ഒന്നാം നിലയിലാണ് ആദ്യം ഞാൻ ജോലി ചെയ്തിരുന്നത്. എന്റെ ഇരിപ്പിടത്തിന് പിന്നിലായി ഒരു മുറിയുണ്ടായിരുന്നു. അതിനോട് ചേർന്ന് വിശാലമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു ശുചിമുറിയും. അവിടെയാണ് പ്രാവുകൾ കൂട്ടത്തോടെ കൂട് വച്ചിരിക്കുന്നത്. ഉപയോഗശൂന്യമായ സാധനങ്ങൾ വലിച്ചു വാരിയിട്ടിരിക്കുന്ന മുറി. നിവൃത്തിയുണ്ടെങ്കിൽ അവിടേക്ക് ആരും കയറാറില്ല. ഭാഗ്യത്തിന് എനിക്ക് അവിടെ നിന്നും മാറ്റം കിട്ടി. ആ ഓഫീസിന്റെ തന്നെ താഴെ നിലയിൽ. പക്ഷേ പ്രാവുകൾ ചേക്കേറിയിരുന്ന ആ ശുചിമുറി എന്നെ വിട്ടു പോയില്ല. അതിന്റെ ഈർപ്പവും നനവും ഞാനിരിക്കുന്നതിന്റെ അടുത്തുള്ള ചുമരിലൂടെ ഒലിച്ചിറങ്ങി...
ഒരു കാലത്ത് കൊച്ചി മഹാരാജാവ് താമസിച്ചിരുന്ന മുറിയാണ് അതെന്ന് പലരും പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. പക്ഷേ അത് സത്യമായിരുന്നു. ചരിത്രവും. കൊച്ചി മഹാരാജാവായിരുന്ന രാജരാമവർമ്മ ആ മുറി ഉപയോഗിച്ചിട്ടുണ്ട്. പിന്നീട് ഉപയോഗശൂന്യമായി പോയ രാജഭരണം പോലെ ആ മുറിയിൽ ഉപയോഗശൂന്യമായ സാധനങ്ങൾ കൂട്ടിയിട്ടു. ചരിത്രം ഏതൊക്കെ രൂപത്തിൽ പകർന്നാടുമെന്ന് ആർക്കും പ്രവചിക്കാനാവില്ല.
1920ലാണ് കൊച്ചി രാജ്യത്തിന് വേണ്ടി രാജരാമവർമ്മ ദില്ലിയിലെ ഈ ബംഗ്ലാവ് വാങ്ങുന്നത്. ആധുനിക ദില്ലിയുടെ ശിൽപ്പി എന്നറിയപ്പെടുന്ന എഡ്വിൻ ലുട്യൻസിന്റെ സ്മരണാർത്ഥം ലുട്യൻസ് ഏര്യ എന്ന് ഇന്നും അറിയപ്പെടുന്ന പ്രദേശത്തെ ആദ്യത്തെ ബംഗ്ലാവായിരുന്നു അത്. രാജരാമവർമ്മ വാങ്ങിയതിന് ശേഷം അത് കൊച്ചിൻ ഹൗസ് എന്ന് അറിയപ്പെട്ടു. 1956ൽ അത് കേരള സർക്കാരിന്റെ കൈവശമായി. ഇതാണ് ഇപ്പോൾ ദില്ലിയിലെ കേരള ഹൗസ്. അവിടെ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ ജോലി ചെയ്തിരുന്ന കാലത്താണ് കൊച്ചി രാജാവിന്റെ പഴയ മുറിയിൽ നിന്നുമുള്ള വെള്ളം എന്റെ ചുവരുകളെ ഈറനാക്കിയത്. ചരിത്രപ്രാധാന്യമുള്ള ആ കെട്ടിടം അറ്റകുറ്റപ്പണിയില്ലാതെ നശിച്ചുപോകുമല്ലോ എന്നോർത്ത് ഞാൻ ആകുലപ്പെട്ടു. പക്ഷേ കൂടുതൽ പ്രൗഢിയോടെ ഇന്നും അത് ദില്ലിയുടെ ഹൃദയത്തിൽ തന്നെയുണ്ട്. അതിലേക്ക് വരുന്നതിന് മുമ്പ് ആ കെട്ടിടത്തിന്റെ ജനനം മുതലുള്ള ചരിത്രത്തിലേക്കും അതു വഴി ദില്ലിയിലെ മറ്റ് ചില ബംഗ്ലാവുകളുടെയും അവയുടെ ശിൽപ്പികളുടെയും ചരിത്രത്തിലേക്ക് പോകാം.
വൈകുണ്ഠം അഥവാ മഹാവിഷ്ണുവിന്റെ ഇരിപ്പിടം
ഹിന്ദു സങ്കൽപ്പം അനുസരിച്ച് ആത്മാവ് വൈകുണ്ഠത്തിൽ എത്തിച്ചേരുന്നത് മഹത്തരമെന്ന് വിശ്വസിക്കപ്പെടുന്നു. സിഖുകാരുടെ മതഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിലും വൈകുണ്ഠത്തെ കുറിച്ച് പരാമർശമുണ്ട്. അവർ ബൈകുന്ത് എന്നാണ് വൈകുണ്ഠത്തെ വിശേഷിപ്പിക്കുന്നത്. ഈ കെട്ടിടത്തിന്റെ പേരും ബൈകുന്ത് എന്നായിരുന്നു. അത് നിർമ്മിച്ചത് ശോഭാ സിംഗ് എന്ന കരാറുകാരനും.
തനിക്ക് രണ്ടാമതും ഒരു മകൻ ജനിച്ചു എന്നറിഞ്ഞപ്പോൾ ശോഭാ സിംഗ് ദില്ലിയിൽ കെട്ടിടം പണികളുടെ തിരക്കിലായിരുന്നു. ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സൗത്ത് ബ്ലോക്ക് എന്ന കെട്ടിടത്തിന്റെ കരാർ ലഭിച്ച ശോഭാ സിംഗ് മകന്റെ ജനനത്തീയതി കുറിച്ചു വയ്ക്കാൻ പോലും മിനക്കെട്ടില്ല. ഇന്നത്തെ പാകിസ്ഥാനിലെ ഹദാലിയിൽ ആയിരുന്നു അന്ന് ശോഭാ സിംഗിന്റെ കുടുംബം. പിൽക്കാലത്ത് ഈ മകൻ ഖുശ്വന്ത് സിംഗ് എന്ന പേരിൽ തന്നെക്കാൾ പ്രസിദ്ധനാകുമെന്ന് ശോഭാ സിംഗ് കരുതിയിരിക്കില്ല. ഖുശ്വന്ത് സിംഗ് ഒരു എഴുത്തുകാരൻ ആയതു കൊണ്ട് ഇന്നത്തെ കേരള ഹൗസിന്റെ ചരിത്രം നമുക്ക് മുന്നിൽ രസകരമായ ഒരു കഥ പോലെ ചുരുളഴിഞ്ഞു. Truth, Love & a little Malice എന്ന തന്റെ ആത്മകഥയിൽ അന്ന് ബൈകുന്ത് ആയിരുന്ന പിന്നീട് കൊച്ചി മഹാരാജാവിന്റെ കൈയിലും സ്വാതന്ത്ര്യാനന്തരം കേരള സർക്കാരിന്റെ കൈവശമെത്തി കേരള ഹൗസായും മാറിയ കെട്ടിടത്തെ കുറിച്ച് ഖുശ്വന്ത് സിംഗ് പറയുന്നുണ്ട്.
1911ൽ കൽക്കട്ടയിൽ നിന്നും ദില്ലിയിലേക്ക് തലസ്ഥാനം മാറ്റുമ്പോൾ ബ്രിട്ടീഷുകാർ ആദ്യം ചെയ്തത് ദില്ലിയെ അതിന് സജ്ജമാക്കുക എന്നതായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ പ്രൗഢിയും ഭംഗിയും വിളിച്ചോതുന്നവയാവണം ദില്ലിയുടെ കെട്ടിടങ്ങൾ എന്ന് അവർ ആഗ്രഹിച്ചു. എഡ്വിൻ ലൂട്യൻസ്, ഹെർബർട്ട് ബേക്കർ എന്നീ രണ്ട് ആർക്കിടെക്ടുമാരാണ് ദില്ലിയുടെ രൂപം മാറ്റാൻ എത്തിയത്. ഇവരുടെ വിശ്വസ്തരായ കരാറുകാരായിരുന്നു ശോഭാ സിംഗ്, ബൈശാഖ് സിംഗ്, നാരായൺ സിംഗ്, ധരം സിംഗ്, സേത്ത് ഹാറൂൺ എന്നിവർ. മാളവിക സിംഗും രുദ്രാംഗ്ഷു മുഖർജിയും ചേർന്നെഴുതിയ New Delhi: Making of a Capital എന്ന പുസ്തകത്തിൽ ആധുനിക ദില്ലിയുടെ നിർമ്മാണത്തിൽ ഈ കരാറുകാർ വഹിച്ച പങ്കിനെ പറ്റി വിശദമായി പറയുന്നുണ്ട്.
വലിയ കെട്ടിടങ്ങളുടെ കരാർ ലഭിച്ച സുജൻ സിംഗും മകൻ ശോഭാ സിംഗുമായിരുന്നു ഇവരിൽ നേട്ടങ്ങൾ കൊയ്തത്. അതായത് ഖുശ്വന്ത് സിംഗിന്റെ മുത്തച്ഛനും അച്ഛനും. ഇന്ന് ദില്ലിയിൽ സമരങ്ങൾ നടക്കുന്ന ജന്തർ മന്തർ റോഡിൽ അവർ ഭൂമി വാങ്ങിക്കൂട്ടി. ധനികരായ സിഖ് കരാറുകാരുടെ കോളനിയായി ജന്തൻ മന്തർ റോഡ് മാറി. പക്ഷേ കാര്യങ്ങൾ ഇന്നത്തെ പോലെ ആയിരുന്നില്ല എന്ന് ഖുശ്വന്ത് സിംഗ് എഴുതുന്നു. അന്ന് ദില്ലി എന്ന നഗരം ഉണ്ടായി വരുന്നതേയുള്ളൂ. രാത്രിയിൽ കുറുക്കൻമാരുടെ ഓരിയിടലും മൂങ്ങകളുടെ മൂളലും പതിവായിരുന്നത്രെ.
ജന്തർ മന്തർ റോഡിൽ ശോഭാ സിംഗ് ഒരു ഇരുനില ബംഗ്ലാവ് പണിതു. ബൈകുന്ത് എന്ന് പേരുമിട്ടു. വീടിന്റെ പിൻഭാഗത്ത് ജോലിക്കാർക്കും സഹായികൾക്കുമുള്ള ക്വാർട്ടേഴ്സ്, അതിനും പുറകിലായി എരുമ, പശു, കുതിരകൾ എന്നിവയ്ക്കുള്ള തൊഴുത്ത്, വശത്തായി ഒരു ടെന്നീസ് കോർട്ട്. പൂക്കളെയും ചെടികളെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ശോഭാ സിംഗ് കൽക്കട്ടയിൽ നിന്നും ബോംബെയിൽ നിന്നും വിത്തുകൾ വരുത്തി മനോഹരമായ ഒരു പൂന്തോട്ടവും അതിൽ ഒരു ജലധാരയും ഒരുക്കി. ഇന്നും ഈ കെട്ടിടത്തിന്റെ പിൻഭാഗത്ത് കേരള ഹൗസിലെ ജീവനക്കാർക്ക് ഉള്ള ക്വാർട്ടേഴ്സ് ആണ്. തൊഴുത്ത് ആയിരിക്കണം അതിഥി മന്ദിരവും ക്യാന്റീനുമായി മാറിയത്. ടെന്നീസ് കോർട്ട് ചുരുങ്ങി ബാഡ്മിന്റൺ കോർട്ട് ആയി. എന്നാൽ ഈ മന്ദിരത്തിന് മുന്നിൽ ഇന്നും മനോഹരമായ പൂന്തോട്ടം പരിപാലിക്കപ്പെടുന്നു. ജലധാര അപ്രത്യക്ഷമായി. ഇത്രയും വിശദമായി എഴുതിയ ഖുശ്വന്ത് സിംഗിന് ഒരു പിശക് പറ്റി. ബൈകുന്ത് എന്ന ഈ ബംഗ്ലാവ് തിരുവിതാംകൂർ മഹാരാജാവിന് വിറ്റു എന്നാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. പക്ഷേ യഥാർത്ഥത്തിൽ അത് വാങ്ങിയത് കൊച്ചി മഹാരാജാവ് ആയിരുന്നു.
ഇന്ത്യയെ ഹൃദയത്തിൽ സൂക്ഷിച്ച ശിൽപ്പി
ആധുനിക ദില്ലിയുടെ പേരുമായി ചേർത്തു വയ്ക്കുന്ന പേരാണ് എഡ്വിൻ ലുട്യൻസിന്റേത്. പഴയ പാർലമെന്റ് മന്ദിരവും രാഷ്ട്രപതി ഭവനും എല്ലാമുൾപ്പെടുന്ന പ്രദേശം തന്നെ ലുട്യൻസ് ദില്ലി എന്നാണ് അറിയപ്പെടുന്നതും. എന്നാൽ ലുട്യൻസിനൊപ്പം പ്രവർത്തിച്ച ഇന്ത്യയെ അത്രമേൽ സ്നേഹിച്ച ഒരു ആംഗ്ലോ ഇന്ത്യൻ ശിൽപ്പിയുടെ ഭാവനയും ആധുനിക ദില്ലിയുടെ കാഴ്ചയ്ക്ക് പിന്നിലുണ്ട്. വാൾട്ടർ സൈക്സ് ജോർജ്ജ് എന്ന ആ ശിൽപ്പിയാണ് ബൈകുന്തിന്റെ രൂപകൽപ്പന നിർവഹിച്ചത്.
ലുട്യൻസിനെയും ബേക്കറെയും സഹായിക്കാൻ ഇന്ത്യയിലെത്തിയ വാൾട്ടർ സൈക്സ് ജോർജ്ജ് പിന്നെ മടങ്ങിപ്പോയില്ല. ഭാര്യ ലെനയോടൊപ്പം ഉത്തരേന്ത്യ മുഴുവൻ കറങ്ങിയ സൈക്സ് മുഗൾ വാസ്തുശൈലിയിലും അവരുപയോഗിച്ച സവിശേഷമായ ചുവന്ന ചരൽ ഇഷ്ടികകളിലും ആകൃഷ്ടനായി. ഇന്ത്യയുടെ വാസ്തു പാരമ്പര്യത്തെ കുറിച്ച് കൂടുതൽ പഠിച്ചു. മുഗൾ വാസ്തുശൈലിയിലെ ജാളികൾ പിൽക്കാലത്ത് തന്റെ പല രൂപകൽപ്പനകളിലും സൈക്സ് ഉപയോഗിച്ചു. കൊച്ചിൻ ഹൗസ് എന്നറിയപ്പെട്ടിരുന്ന കേരള ഹൗസിന്റെ രൂപകൽപ്പനയിലും മുഗൾ ശൈലിയിലുള്ള ജാളികൾ സൈക്സ് വരച്ചു ചേർത്തു.
ബ്രിട്ടീഷ് രാജിന് വേണ്ടി ഒരു തലസ്ഥാനം രൂപകൽപ്പന ചെയ്യാൻ ഇന്ത്യയിലെത്തിയ എഡ്വിൻ ലുട്യൻസിനോട് ആരാധനയായിരുന്നു സൈക്സിന്. ഇന്ന് രാഷ്ട്രപതി ഭവൻ ആയി മാറിയ അന്നത്തെ വൈസ്റോയി ഹൗസിന്റെ രൂപകൽപ്പന സൈക്സിനെ ഏറെ സ്വാധീനിച്ചിരുന്നു. അത് പിൽക്കാലത്ത് ഇന്ത്യയിൽ സൈക്സ് നടത്തിയ രൂപകൽപ്പനകളിലെല്ലാം പ്രകടവുമായി.
മൈക്കലാഞ്ചലോയുടെയും ഡാ വിഞ്ചിയുടെയും പിൻഗാമിയാണ് ലുട്യൻസ് എന്ന് പോലും അടുത്ത സുഹൃത്തുക്കളോട് സൈക്സ് പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു കാര്യത്തിൽ മാത്രം സൈക്സ് ലുട്യൻസിനോട് വിയോജിച്ചു. ഇന്ത്യക്കാരെന്നാൽ സംസ്ക്കാരമില്ലാത്തവരും നാറുന്നവരും കഴിവു കെട്ടവരുമാണെന്ന ലുട്യൻസിന്റെ വംശീയ നിലപാടിനോട് സൈക്സ് ഒരിക്കലും യോജിച്ചില്ലെന്ന് മാത്രമല്ല സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആർക്കിടെക്ടായി പ്രാക്ടീസ് തുടരുകയും ചെയ്തു.
ശോഭ കെടാത്ത കെട്ടിടങ്ങൾ
സൈക്സും ശോഭാ സിംഗും തമ്മിലുള്ള ബന്ധം ഒരു കരാറുകാരനും ആർക്കിടെക്ടും തമ്മിലുള്ളത് എന്നതിലുപരി വളരാൻ അധികം താമസമുണ്ടായില്ല. അതു കൊണ്ട് തന്നെയാണ് തന്റെ സ്വന്തം വീട് ഡിസൈൻ ചെയ്യാനും സൈക്സിനെ തന്നെ ശോഭാ സിംഗ് ഏൽപ്പിച്ചത്. ബൈകുന്ത് കൊച്ചി രാജാവിന് വിറ്റ ശോഭാ സിംഗ് ജനപഥ് റോഡ് വന്നു കയറുന്ന തീസ് ജനുവരി മാർഗിൽ കുറച്ചു കൂടി വലിപ്പമുള്ള മറ്റൊരു ബംഗ്ലാവ് പണിതു. അതിനും ബൈകുന്ത് എന്ന് തന്നെ പേര് നൽകി. ഇതിന്റെ രൂപകൽപ്പനയും സൈക്സിനെ തന്നെയാണ് ശോഭാ സിംഗ് ഏൽപ്പിച്ചത്.
1932 ലാണ് ദില്ലിയിലെ ആദ്യത്തെ തിയേറ്റർ പ്രവർത്തനം തുടങ്ങുന്നത്. നഗരത്തിലെ പ്രശസ്തമായ കൊണാട്ട് പ്ലേസിൽ ഒരു തിയേറ്റർ നിർമ്മിക്കാനുള്ള കരാറും ശോഭാ സിംഗിന് തന്നെ ലഭിച്ചു. സ്വാഭാവികമായും അതിന്റെ രൂപകൽപ്പനയും സൈക്സ് തന്നെ നിർവഹിച്ചു. റീഗൽ തിയേറ്റർ എന്ന പേരിൽ പ്രശസ്തമായ ഇവിടെ ആദ്യകാലങ്ങളിൽ നാടകവും ബാലെയുമായിരുന്നു അവതരിപ്പിച്ചത്. രാജ്കപൂറിന്റെ പിതാവ് തന്റെ ആദ്യകാല നാടകങ്ങൾ അവതരിപ്പിച്ചത് റീഗലിൽ ആയിരുന്നു. ഒടുവിൽ 2017ൽ രാജ് കപൂറിന്റെ സംഗം, മേരാ നാം ജോക്കർ എന്നീ ചിത്രങ്ങൾ വീണ്ടു പ്രദർശിപ്പിച്ച് തിയേറ്റർ എന്നെന്നേക്കുമായി പൂട്ടി. ജോർജ്ജിയൻ മുഗൾ വാസ്തു ശൈലികളുടെ സമ്മേളനമാണ് റീഗലിന്റെ രൂപകൽപ്പനയിൽ സൈക്സ് സ്വീകരിച്ചത്.
ലാലാ രഘുബിർ സിംഗുമായി ചേർന്ന് ശോഭാ സിംഗ് ആരംഭിച്ചതാണ് ദില്ലി ബാരഖമ്പ റോഡിലെ മോഡേൺ സ്ക്കൂൾ. ഖുശ്വന്ത് സിംഗ് പഠിച്ച ഈ സ്ക്കൂൾ കെട്ടിടത്തിന്റെ രൂപകൽപ്പനയും സൈക്സ് തന്നെയാണ് നിർവഹിച്ചത്. രാഷ്ട്രപതി ഭവന്റെ രൂപകൽപ്പനയുടെ സ്വാധീനം മോഡേൺ സ്ക്കൂൾ കെട്ടിടത്തിൽ കാണാം.
ഈ കെട്ടിടങ്ങൾ മാത്രമല്ല സൈക്സിന്റെ ആർക്കിടെക്ട് മികവിന്റെ ഉദാഹരണങ്ങളായി ദില്ലിയിൽ ഉള്ളത്. ദില്ലി രാജാജി മാർഗിലെ കശ്മീർ ഹൗസ്, സെന്റ് സ്റ്റീഫൻസ് കോളേജ്, പിൽക്കാലത്ത് നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ ആയി മാറിയ ഭവൽപൂർ ഹൗസ്, പട്യാല ഹൗസ്, സെന്റ് തോമസ് പള്ളി എന്നിവയൊക്കെ ആ പ്രതിഭാധനന്റെ കൈയൊപ്പ് പതിഞ്ഞ നിർമ്മിതികളാണ്. ലുട്യൻസ് അവശേഷിപ്പിച്ച് പോയ ഇന്തോ- ബ്രിട്ടീഷ് ശൈലിയിൽ മുഗൾ, റോമൻ അംശങ്ങൾ കൂടി ചേർത്താണ് സൈക്സ് ഇവ സൃഷ്ടിച്ചത്.
ബ്രിട്ടീഷ് കാലത്ത് ദില്ലിയിൽ നിർമ്മിക്കപ്പെട്ട മനോഹരമായ കെട്ടിടങ്ങളെ കുറിച്ചും അവയുടെ ആർക്കിടെക്ടുമാരെ കുറിച്ചും പ്രതിപാദിക്കുന്ന ഫിലിപ് ഡേവിസിന്റെ Splendours of the Raj എന്ന പ്രസിദ്ധമായ പുസ്തകത്തിൽ സൈക്സിനെ കുറിച്ച് പരാമർശമില്ല എന്നത് ഖേദകരവും സംശയകരവുമായ ഒരു വസ്തുതയായി അവശേഷിക്കുന്നു. ബ്രിട്ടന് വേണ്ടി പണിയെടുക്കാൻ വന്ന മറ്റ് ആർക്കിടെക്ടുകൾ സ്വാതന്ത്ര്യാനന്തരം രാജ്യം വിട്ടു പോയപ്പോൾ ഇവിടെ തന്നെ തുടർന്ന സൈക്സ് ഒരു ഇന്ത്യക്കാരൻ തന്നെയായാണ് പിന്നീട് ജീവിച്ചത്. മാത്രമല്ല ചില രേഖകളിലും സ്വകാര്യ കത്തുകളിലും ഇന്ത്യൻ ദേശീയവാദിയായ ആംഗ്ലോ ഇന്ത്യൻ എന്നാണ് സൈക്സ് വിശേഷിപ്പിക്കപ്പെടുന്നത്. 1962ൽ തന്റെ അറുപതാം വയസിൽ ഇന്ത്യയിൽ വച്ച് തന്നെ അദ്ദേഹം അന്തരിച്ചു. ദില്ലിയിലെ സെന്റ് ജെയിംസ് പള്ളിയോട് ചേർന്ന നിക്കോളാസ് സെമിത്തേരിയിലാണ് സൈക്സിന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ മരണം ചരമക്കോളത്തിലെ ഒരു വാർത്തയായി ഒതുങ്ങിയെന്നും സൈക്സ് വരച്ചു കൂട്ടിയ സ്ക്കെച്ചുകൾ എവിടെ പോയെന്നോ അദ്ദേഹത്തിന്റെ ഭാര്യ ലെന എന്ന് മരിച്ചുവെന്നോ രേഖകളില്ലെന്നും സൈക്സിന്റെ നിർമ്മിതികളെ കുറിച്ച് പഠിച്ച റിച്ചാർഡ് ബട്ലർ എഴുതുന്നു.
ചിത്രശലഭം ചിറകു വിരിച്ചത് പോലെ
ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായി പുതിയ ദില്ലി പടുത്തുയർത്തിയപ്പോൾ പ്രമുഖ നാട്ടുരാജ്യങ്ങൾക്കെല്ലാം അവിടെ കൊട്ടാരം പണിയാൻ സ്ഥലം അനുവദിച്ചു. നാട്ടുരാജ്യങ്ങളുടെ വിസ്തൃതിയും ബ്രിട്ടീഷ് സർക്കാരിലുള്ള പിടിപാടും അവർക്ക് നൽകുന്ന നികുതി വിഹിതവും കണക്കിലെടുത്ത് നൽകുന്ന സ്ഥലത്തിന്റെ വിസ്തൃതിയിലും കൊട്ടാരങ്ങളുടെ വലുപ്പത്തിലും ഏറ്റക്കുറച്ചിലുകളുണ്ടായി. അതുകൊണ്ടു തന്നെ ഹൈദരാബാദ് ഹൗസും ബറോഡ ഹൗസും ജയ്പൂർ ഹൗസും ദില്ലിയിലെ വമ്പൻ കൊട്ടാരങ്ങളായി.
ലുട്യൻസ് ദില്ലിയിൽ കഴ്സൺ റോഡും കാനിംഗ് റോഡും ചേരുന്ന കണ്ണായ സ്ഥലത്ത് തന്നെ തിരുവിതാംകൂറിന് കൊട്ടാരം വയ്ക്കാൻ സ്ഥലം അനുവദിച്ചു കിട്ടി. പക്ഷേ കൊട്ടാരത്തിന്റെ ശൈലിയിലും മറ്റും നാട്ടുരാജ്യങ്ങൾക്ക് വലിയ പങ്കില്ലായിരുന്നുവെന്ന് ഇവയുടെ രൂപകൽപ്പന നിരീക്ഷിച്ചാൽ മനസിലാവും. ബിക്കാനിർ ഹൗസും ജയ്പൂർ ഹൗസും പോലെ ചിറക് നീർത്തിയിരിക്കുന്ന ചിത്രശലഭത്തിന്റെ മാതൃകയിലാണ് തിരുവിതാംകൂറിന്റെ ട്രാവൻകൂർ ഹൗസും. ഇവയുടെയെല്ലാം രൂപകൽപ്പന നടത്തിയത് ചാൾസ് ജോർജ്ജ് ബ്ലംഫീൽഡ് എന്ന ബ്രിട്ടീഷ് ആർക്കിടെക്ടും.
1913ൽ ഇന്ത്യയിലെത്തിയ ജോർജ്ജ് ബ്ലംഫീൽഡിന്റെ ആദ്യത്തെ വൻ പ്രോജക്ട് ഡെറാഡൂണിലെ പ്രസിദ്ധമായ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു. പിന്നീടാണ് ബിക്കാനീർ ഹൗസിന്റെയും ജയ്പൂർ ഹൗസിന്റെയും രൂപകൽപ്പന ജോർജ്ജ് ചെയ്യുന്നത്. ട്രാവൻകൂർ ഹൗസിന്റെ രൂപകൽപ്പനയിൽ ജോർജ്ജിന്റെ ഇളയ സഹോദരൻ ഫ്രാൻസിസും പങ്ക് വഹിച്ചിട്ടുണ്ട്.
കട്ടിയിരുമ്പിൽ തീർത്ത പതിനഞ്ചടി ഉയരമുള്ള കൂറ്റൻ ഗേറ്റ് കടന്നു വേണം ട്രാവൻകൂർ പാലസ് വളപ്പിലേക്ക് കടക്കാൻ. ഇതിന് നടുവിൽ വെങ്കലത്തിൽ തിരുവിതാംകൂറിന്റെ ശംഖുമുദ്രയും ഇരുവശത്തും ആനകളുടെ രൂപവും തീർത്തിട്ടുണ്ട്. ഇത് നിർമ്മിച്ചത് ഹൈദരാബാദ് നൈസാമിന്റെ ഉടമസ്ഥതയിലുള്ള ടെക്നിക്കൽ സ്ക്കൂളിലായിരുന്നുവെന്ന് The Feudatory and Zemindari India എന്ന പ്രസിദ്ധീകരണത്തിന്റെ 1929ലെ പതിപ്പിൽ പറയുന്നു. നാട്ടുരാജാക്കൻമാരുടെയും സെമീന്ദാർമാരുടെയും ജീവിതശൈലിയും മറ്റും വിശദമായി പ്രതിപാദിക്കുന്നതാണ് ഈ പ്രസിദ്ധീകരണം.
റോമൻ ശൈലിയിലുള്ള നാല് കൂറ്റൻ തൂണുകളാണ് ട്രാവൻകൂർ ഹൗസിന്റെ പൂമുഖത്ത്. മാർബിൾ പാകിയ തളത്തിൽ നിന്നും മുകളിലേക്ക് കയറാൻ തേക്കിൽ തീർത്ത ഗോവണി. താഴെയും മുകളിലുമായി 10 മുറികളും അനുബന്ധ സൗകര്യങ്ങളും ഈ കൊട്ടാരത്തിലുണ്ട്.
നമുക്കെല്ലാം സുപരിചിതമായ അംബാസഡർ കാർ പുറത്തിറക്കിയിരുന്ന കൽക്കട്ടയിലെ ഹിന്ദുസ്ഥാൻ മോട്ടേഴ്സ് ഫാക്ടറി കെട്ടിടത്തിന്റെ രൂപകൽപ്പനയും നിർവഹിച്ചത് ജോർജ്ജ് ബ്ലംഫീൽഡ് ആണ്.
മാഞ്ഞു പോകാത്ത രാജചിഹ്നങ്ങൾ
കൊച്ചി രാജാവ് വാങ്ങി നിലവിൽ കേരള സർക്കാരിന്റെ കൈവശമുള്ള കൊച്ചി ഹൗസ് വമ്പൻ പുതുക്കിപ്പണിയലിന് വിധേയമായത് 2011ലാണ്.
ചരിത്രപ്രാധാന്യമുള്ള ഈ കെട്ടിടം നശിച്ചുപോകുമെന്ന എന്റെ ഭയം ഭാഗ്യവശാൽ അസ്ഥാനത്തായി. അടർന്നു വീഴുന്ന മച്ചും പൊളിഞ്ഞു തുടങ്ങിയ ചുവരും അതിന്റെ പൗരാണികതയ്ക്ക് കോട്ടം തട്ടാതെ തന്നെ പുതുക്കിപ്പണിഞ്ഞു. നിലവിൽ മുഖ്യമന്ത്രിയുടെയും ഗവർണറുടെയും ശയ്യാമുറികൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കെട്ടിടത്തിന്റെ മുകൾ നിലയിൽ കാണുന്ന ബാൽക്കണിയുടെ മുകളിൽ ത്രികോണാകൃതിയിലുള്ള നിർമ്മിതിക്കുള്ളിലായി പഴയ കൊച്ചി രാജ്യത്തിന്റെ പ്രസിദ്ധമായ ആന ചിഹ്നം അത് പോലെ നിലനിർത്തിയിരിക്കുന്നു. ശോഭാ സിംഗിന്റെ സ്വകാര്യ വസതിയിൽ എന്തായാലും കൊച്ചി രാജ്യത്തിന്റെ ചിഹ്നം വയ്ക്കേണ്ട ആവശ്യമില്ല. അപ്പോൾ കൊച്ചി രാജ്യത്തിന് വേണ്ടി വാങ്ങിയതിന് ശേഷം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിർദേശാനുസരണം ആർക്കിടെക്ട് ആയ സൈക്സ് തന്നെയാവണം അത് സ്ഥാപിച്ചത്.
തിരുവിതാംകൂറിന്റെ ശംഖുമുദ്ര ഇപ്പോഴും ട്രാവൻകൂർ പാലസിൽ കാണാം. ഇതു പോലെ ഓരോ നാട്ടുരാജ്യത്തിന്റെയും അധികാരചിഹ്നങ്ങൾ ദില്ലിയിലുള്ള അവരുടെ കൊട്ടാരങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. നാട്ടുരാജാക്കൻമാരുടെ സ്വകാര്യ വസതി മാത്രമല്ല ദില്ലിയിലെ എംബസികൾ കൂടിയാണ് ഇവ എന്നതാവും ഇത് കൊണ്ട് അർത്ഥമാക്കുന്നത്.
തിരുത്തലുകളും വഴിത്തിരിവുകളുമുള്ള ചരിത്രം
സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ കൊട്ടാരങ്ങൾ സർക്കാരിന്റെ കൈവശമായി. ജയ്പ്പൂർ ഹൗസിൽ അശോകസ്തംഭത്തിലെ സിംഹങ്ങളുടെ മനോഹരമായ രണ്ട് മാർബിൾ പതിപ്പുകളുണ്ടായിരുന്നു. ജയ്പൂർ ഹൗസ് സർക്കാരിന് കൈമാറും മുമ്പ് ജയ്പ്പൂർ രാജാവ് അത് തന്റെ സ്വകാര്യ വസതിയിലേക്ക് മാറ്റി. ഒരെണ്ണം വസതിക്കുള്ളിലും മറ്റൊന്ന് പൂന്തോട്ടത്തിലും വച്ചു. പൂന്തോട്ടത്തിൽ ഇങ്ങനെ ദേശീയചിഹ്നം വയ്ക്കുന്നത് അപമാനകരമാണെന്ന് ചിലർ പ്രതിഷേധിച്ചപ്പോൾ അത് എങ്ങോട്ടോ മാറ്റി.
ജയ്പ്പൂർ ഹൗസ് മോഡേൺ ആർട്ട് ഗ്യാലറി ആയി, ഹൈദരാബാദ് ഹൗസ് വിദേശ ഭരണാധികാരികൾ വരുമ്പോൾ ഉപയോഗിക്കുന്ന അതിഥി മന്ദിരമായി, വടക്കൻ റെയിൽവേയുടെ ആസ്ഥാനമാണ് ബറോഡ ഹൗസ്, പട്യാല ഹൗസിലാണ് ഇപ്പോൾ ദില്ലി ജില്ലാ കോടതി പ്രവർത്തിക്കുന്നത്, രാജസ്ഥാൻ വിനോദസഞ്ചാര വകുപ്പിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് ബിക്കാനീർ ഹൗസിലാണ്, ട്രാവൻകൂർ ഹൗസ് ഒരു സാംസ്ക്കാരിക സമുച്ചയമായി മാറി. അതിന് മുന്നിലൂടെയുള്ള കഴ്സൺ റോഡ് ഇപ്പോൾ അറിയപ്പെടുന്നത് കസ്തൂർബാ ഗാന്ധി മാർഗ് എന്നാണ്. പേര് മാറ്റി ചരിത്രം മാറ്റാൻ കഴിയുമോ? പ്രസിദ്ധവും രസകരവുമായ പേര് മാറ്റങ്ങളെ കുറിച്ച് ഉടനെ എഴുതാം.