വേലുത്തമ്പി ദളവയുടെ ജീവിതവും മരണവും- എന്റെ ക്യാമറാസഞ്ചാരം

ഈ ചിത്രത്തിൽ എന്റെ ശ്രമം വീരചരിതരചനയല്ല. ചരിത്രത്തിന്റെ യാദൃച്ഛികതകളോടും പരസ്പരവൈരുധ്യങ്ങളോടും പോരാടി തോറ്റ ഒരു മനുഷ്യന്റെ കഥ പറയുക എന്നതാണ്.1800-ന്റെ ആദ്യകാലത്ത് ശിഥിലമായ തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തെ വിദേശ ആക്രമണങ്ങളുടെ പേരിലും, സാമ്പത്തിക ഉദാസീനതകളുടെ പേരിലും, വിദേശികളോട് പൊരുതിമരിക്കാൻ വിധിക്കപെട്ട പടയാളികളുടെ പേരിലും നെഞ്ചുറപ്പോടെ പലപ്പോഴും പോരാടിത്തോറ്റ ധീരന്മാരിൽ ഒരാളായിരുന്നു വേലുത്തമ്പി ദളവ.

വേലുത്തമ്പി എന്ന തിരുവിതാംകൂർ പ്രധാനമന്ത്രിയുടെ ദുരന്തവിധി, താൻ സേവിച്ച രാജാവിനും തന്റെ സുഹൃത്തുക്കളായ ബ്രിട്ടീഷ്‌കാർക്കുമെതിരെ പട പൊരുതി മരിക്കാനായിരുന്നു. ഒരേ സമയം ഇതിഹാസപുരുഷനും വിവാദ പുരുഷനുമായ അദ്ദേഹത്തെ പറ്റി ഒരു ഡോക്യുമെന്ററി ചിത്രം നിർമ്മിക്കാമോ എന്ന് കുവൈറ്റ് വ്യവസായി ആയ ശ്രീ ആർ.സി. സുരേഷ് എന്നോട് ചോദിക്കുമ്പോൾ എന്റെ മുൻപിൽ സെക്രട്ടേറിയറ്റിന് മുൻപിലെ വേലുത്തമ്പി പ്രതിമയും നേപ്പിയർ മ്യൂസിയത്തിലെ ഒരു വാളും മാത്രമേ ഉണ്ടായിരുന്നുള്ളു. ഏതു നിമിഷവും പാളിപ്പോകാവുന്ന ഒരു വിഷയം ആണ് വേലുത്തമ്പിയുടേത്. ചിലർക്ക് അദ്ദേഹം വീരപുരുഷനാണ്. ചിലർക്ക് ബ്രട്ടീഷുകാരുമായി ചേർന്ന ഒറ്റുകാരനാണ്, ചിലർക്ക് രാജാവിനെ ചതിച്ചവൻ, ചിലർക്ക് ക്രിസ്ത്യാനികളെ ദ്രോഹിച്ചവൻ, ചിലർക്ക് രാജ്യത്തിനുവേണ്ടി പടനയിച്ചവൻ..

വ്യത്യസ്ത അഭിപ്രായമുള്ള ചരിത്രപണ്ഡിതന്മാരെ അന്വേഷിച്ചുകണ്ടെത്തുക ആയിരുന്നു ആദ്യത്തെ ഭാരിച്ചജോലി. പിന്നീട് പുരാരേഖകൾ പരിശോധിച്ചു. അതിൽ നിന്നൊക്കെ ഞാൻ കണ്ടെത്തിയ വേലുത്തമ്പിദളവയാണ് "sword of liberty' എന്ന ചിത്രത്തിലുള്ളത്. നാഞ്ചിനാട്, കിളിമാനൂർ, കുണ്ടറ എന്നീ സ്ഥലങ്ങളിലായിരുന്നു ഷൂട്ടിംഗ്. ദേവകി എന്ന ചരിത്രഗവേഷകയുടെ വ്യൂപോയിന്റിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നാഞ്ചിൽ മണി എന്ന കലാകാരൻ സഹയാത്രികൻ ആയും അഭിനയിച്ചിരിക്കുന്നു.
വളരെ അക്കാഡമിക് ആയ ഒരു വിഷയത്തെ എങ്ങനെ പ്രേക്ഷകർക്ക് അനുഭവേദ്യം ആക്കാം എന്നത് ഒരു സംവിധായികയെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകം ആണ്. ബീയാർ പ്രസാദിന്റെ തിരക്കഥയിലേക്ക് ചില കലാരൂപങ്ങൾ കടന്നുവരുന്നത് അങ്ങനെയാണ്. വേലുത്തമ്പി ദളവയുടെ അപദാനങ്ങളും, ഭരണപരിഷ്‌കാരങ്ങളും അങ്ങനെ ഉണ്ടാക്കി എടുത്തതാണ്. അതിനുവേണ്ടി തുള്ളൽ, വില്ലടിച്ചാൻപാട്ട്, പാവക്കൂത്ത് തുടങ്ങിയ കലാരൂപങ്ങളെ ഉപയോഗിച്ചു. പാട്ടുകളും പ്രസാദ് തന്നെ എഴുതി ഉണ്ടാക്കി. രമേശ് നാരായൺ ആണ് സംഗീതം ചെയ്തത്. അത് അദ്ദേഹത്തിന് ദേശീയ അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു.

വേലുത്തമ്പി ദളവയുടെ അപദാനങ്ങളും, ഭരണപരിഷ്‌കാരങ്ങളും മറ്റും തുള്ളൽ, വില്ലടിച്ചാൻപാട്ട്, പാവക്കൂത്ത് തുടങ്ങിയ കലാരൂപങ്ങളെ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്.

ഞാനൊരു നല്ല ചരിത്ര വിദ്യാർത്ഥി ആയിരുന്നില്ല. പക്ഷെ ഈ സിനിമ എനിക്ക് തുറന്നുതന്നത് അറിഞ്ഞതും അറിയാത്തതുമായ ആയിരക്കണക്കിന് ദേശസ്നേഹികളുടെ ചരിത്രം കൂടിയാണ്. ദളവക്കൊപ്പം പാലിയത്തച്ചനും പഴശ്ശിരാജയും നിസ്സഹായരായ നാട്ടുരാജാക്കന്മാരും, ചരിത്രം ഒരിക്കലും രേഖപ്പെടുത്താത്ത സ്ത്രീ യോദ്ധാക്കളും കൂടെവന്നു. യുദ്ധം ഏപ്പോഴും പുരുഷന്മാർ തമ്മിലായിരുന്നു. പക്ഷെ അത് തകർത്തുകളയുന്നത് സ്ത്രീകളെയും കുട്ടികളെയെയുമാണ്. ചരിത്രപുരുഷന്മാരുടെ വീരഗാഥകൾ പലപ്പോഴും പിന്നീട് നിർമ്മിക്കപ്പെടുന്നതാണ്. പക്ഷെ അവരവിടെ ഉണ്ടായിരുന്നു എന്നത് സത്യമാണ്.

അതത് കാലഘത്തിലെ സാഹചര്യങ്ങളോടൊപ്പം നിന്നതിനെ പറ്റി കാലം പിന്നീടാണ് നല്ലതെന്നും ചീത്തയെന്നും രേഖപ്പെടുത്തുന്നത്. ആചാരങ്ങൾ അങ്ങനെയാണല്ലോ പിന്നീട് പലപ്പോഴും ദുരാചാരങ്ങൾ ആയി മാറുന്നത്.
ഈ ചിത്രത്തിൽ എന്റെ ശ്രമം വീരചരിതരചനയല്ല.

ചരിത്രത്തിന്റെ യാദൃച്ഛികതകളോടും പരസ്പരവൈരുധ്യങ്ങളോടും പോരാടി തോറ്റ ഒരു മനുഷ്യന്റെ കഥ പറയുക എന്നതാണ്.

'സ്വാതന്ത്ര്യത്തിന്റെ ഉടവാൾ' എന്ന ചിത്രത്തിലെ ഒരു രംഗം.

1800-ന്റെ ആദ്യകാലത്ത് ശിഥിലമായ തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തെ വിദേശ ആക്രമണങ്ങളുടെ പേരിലും, സാമ്പത്തിക ഉദാസീനതകളുടെ പേരിലും, വിദേശികളോട് പൊരുതിമരിക്കാൻ വിധിക്കപെട്ട പടയാളികളുടെ പേരിലും നെഞ്ചുറപ്പോടെ പലപ്പോഴും പോരാടിത്തോറ്റ ധീരന്മാരിൽ ഒരാളായിരുന്നു വേലുത്തമ്പി ദളവ. ചരിത്രത്തിനൊപ്പം ഇങ്ങനെ നടന്നുപോകുമ്പോൾ ആരുടെയൊക്കെയോ തോൽവികളും വിജയങ്ങളും കരച്ചിലും ചിരിയും ഉറങ്ങിയാ മണ്ണിലൂടെ ആണല്ലോ യാതൊരു വിലക്കുകളും ഇല്ലാതെ നമ്മൾ നടന്നുനീങ്ങുന്നത് എന്നോർക്കുമ്പോൾ ഉണ്ടാകുന്ന ഒരു കോരിത്തരിപ്പുണ്ട്. അങ്ങനൊരാളെ വിസ്മരിക്കേണ്ടത് ഇല്ലെന്നാണ് എന്റെ പക്ഷം.

Comments