ആനന്ദതീർത്ഥൻ

മധുരൈയിലെ ആനന്ദതീർത്ഥൻ
പയ്യന്നൂരിലെ വൈദ്യനാഥ അയ്യർ

രേഖപ്പെടുത്താത്ത രണ്ടു ചരിത്രങ്ങൾ

യ്യന്നൂരിലെ സ്വാമി ആനന്ദതീർത്ഥന് മധുരൈയോടും മധുരൈയിലെ വൈദ്യനാഥ അയ്യർക്ക് പയ്യന്നൂരിനോടും ബന്ധം ഉണ്ടായിരുന്നോ? ഉണ്ടായിരുന്നു. എന്നാൽ അത് ചരിത്രത്തിന്റെ പ്രധാന താളുകളിൽ ആയിരുന്നില്ല. അനുബന്ധമായി ചേർത്ത ഒന്നായിരുന്നു. ഏതാനും ന്യൂനപക്ഷം ആൾക്കാരുടെ ഓർമകളിൽ മാത്രമാണ് ഇന്ന് ഈ ബന്ധം നിലനിൽക്കുന്നത്.

ഒരിക്കൽ പയ്യന്നൂരിലെ ആനന്ദാശ്രമം സന്ദർശിക്കാൻ ഇടയായി. സ്ഥലം ചുറ്റിനടന്നു കാണുകയായിരുന്നു. സ്വാമി ആനന്ദതീർത്ഥൻ താമസിച്ചിരുന്ന മുറിയിലെ ചുമരിൽ തൂക്കിയിട്ടിരുന്ന ഒരു ഫോട്ടോ ശ്രദ്ധയിൽപെട്ടു. തമിഴ്നാട്ടിന്റെ സാമൂഹ്യചരിത്രത്തിൽ നിർണായകശക്തികളിൽ ഒന്നായിരുന്ന മധുരൈ വൈദ്യനാഥ അയ്യരുടേതായിരുന്നു ആ ഛായാചിത്രം. ഒരു മധുരൈക്കാരന്റെ ചിത്രം എങ്ങനെ പയ്യന്നൂർ ആശ്രമത്തിൽ എന്ന് അന്വേഷിച്ചു. എന്നാൽ കിട്ടിയ മറുപടി തൃപ്തികരമല്ലായിരുന്നു. സ്വാമി കുറേക്കാലം മധുരൈയിൽ സാമൂഹ്യസേവനത്തിൽ ഏർപ്പെട്ടിരുന്നുവല്ലോ, അതുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും ചിത്രമായിരിക്കാം എന്നായിരുന്നു വിശദീകരണം. വൈദ്യനാഥ അയ്യരുടെ ഫോ​ട്ടോ മുൻനിർത്തി ചിന്തിച്ചപ്പോൾ ഒരു കാര്യം പിടികിട്ടി. ഇവിടെത്തെ ജനത ഒരു ആധ്യാത്മികവാദിയായി സ്വാമിയെ കാണുന്നു. അദ്ദേഹത്തിന്റെ സാമൂഹ്യപ്രവർത്തനങ്ങൾ അർഹമായ വിധത്തിൽ വിലയിരുത്തപ്പെട്ടില്ല എന്നുതോന്നി. എന്നാൽ തമിഴകത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം സാമൂഹ്യപോരാളിയുടേതാണ്. പ്രത്യേകിച്ച്​, ദലിതർക്കിടയിൽ.

പയ്യന്നൂരിലെ ആനന്ദാശ്രമത്തിൽ സ്വാമി ആനന്ദതീർത്ഥൻ താമസിച്ച മുറിയിൽ സൂക്ഷിച്ച വൈദ്യനാഥ അയ്യരുടെയും സ്വാമിനാഥ അയ്യരുടേയും ചിത്രം.

എഴുത്തുകാരനും ആനന്ദതീർത്ഥന്റെ ചരിത്രഗവേഷകനുമായ സ്റ്റാലിൻ രാജംഗം തന്റെ ‘എഴുതാ കിളവി’ (എഴുതാത്ത വാക്ക്) എന്ന പുസ്തകത്തിൽ ചില കണ്ടെത്തലുകൾ രേഖപ്പെടുത്തുന്നു. മധുരൈ ജില്ലയിലെ മേലൂർ പ്രദേശത്ത് ആനന്ദതീർത്ഥന്റെ പേര്​ സുപരിചിതമാണ്. ആൺകുട്ടികൾക്ക് ആ പേരിടുന്നത്​ ഒരു സമ്പ്രദായമായി പട്ടികജാതിക്കാർക്കിടയിലുണ്ടായിരുന്നു എന്നുപറയുന്നു. ഇരുപതുവർഷങ്ങൾക്കു മുമ്പുവരെ ആനന്ദതീർത്ഥന്റെ പേരിൽ തെരുവുകളും ഉണ്ടായിരുന്നു. ദലിത്​ സ്ത്രീയായ പൊന്നുതായി കെട്ടിയ പ്രൈമറി സ്‌കൂളിന് സഹായം നൽകിയത്​ സ്വാമി ആണെന്ന് അവരുടെ പിന്മുറക്കാർ ഇന്നും ഓർക്കുന്നു.

തമിഴ്നാട്ടിൽ സാമൂഹ്യനീതിയ്ക്കുവേണ്ടി നടന്ന സമരങ്ങളിൽ മറക്കാൻ പാടില്ലാത്ത പേരാണ് മധുരൈ വൈദ്യനാഥ അയ്യരുടേത്​. ഗാന്ധിജി തുടക്കംകുറിച്ച ഹരിജന സേവാസംഘത്തിന്റെ പ്രവർത്തകരിൽ ഒരാൾ. മധുരൈ മീനാക്ഷി ക്ഷേത്രത്തിൽ അവർണർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ബ്രാഹ്മണരും സവർണരും അയിത്തം കല്പിച്ചു പുറത്തുനിർത്തിയ ഹരിജനങ്ങളെയും ചാണരെയും കൊണ്ട് ക്ഷേത്രപ്രവേശനം നടത്തിയത് അദ്ദേഹമായിരുന്നു. സമരവുമായി ബന്ധപ്പെട്ട്​അദ്ദേഹത്തിന് കോടതി കയറേണ്ടിവന്നു. ആക്രമിക്കപ്പെടുകയും ചെയ്​തു. എന്നാലും ജീവിതാവസാനം വരെ പോരാടി. അന്ന് അദ്ദേഹവുമായി സഹകരിച്ചുപ്രവർത്തിച്ച വ്യക്തിയായിരുന്നു സ്വാമി .

സ്റ്റാലിൻ രാജംഗം

എന്നാൽ മീനാക്ഷി ക്ഷേത്ര പ്രവേശനചരിത്രത്തിലോ വൈദ്യനാഥ അയ്യരുടെ ജീവചരിത്രത്തിലോ ആനന്ദതീർത്ഥൻ എന്ന പേരുതന്നെ പരാമർശിക്കപ്പെടുന്നില്ല. തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളിൽ നിലനിൽക്കുന്ന അയിത്താചാരത്തെക്കുറിച്ച്​എഴുതിയ ഒരു ലേഖനത്തിൽ ബാബ സാഹേബ് അംബേദ്കറാണ് സ്വാമിയുടെ പേര് എടുത്തുപറയുന്നത്. (വോള്യം 9). തെക്കൻ തമിഴ്നാട്ടിൽ മധുരൈയിലും പ്രാന്തപ്രദേശങ്ങളിലും നിലവിലുണ്ടായിരുന്ന പട്ടികജാതിക്കാർക്കെതിരായ അക്രമങ്ങളെക്കുറിച്ച് സ്വാമി ഇംഗ്ലീഷ് പത്രത്തിന് എഴുതിയ രണ്ടു കത്തുകളാണ് അംബേദ്കർ അനുബന്ധമായി ചേർത്തിരുന്നത്. എന്നാൽ ജാതിനിർമാർജന പ്രവർത്തനങ്ങളിൽ സ്വാമിയുടെ നിസ്സമാനമായ സംഭാവനകളെക്കുറിച്ചുള്ള രേഖകൾ തമിഴിൽ ഇല്ല എന്നുവേണം പറയാൻ. അതുപോലെ തന്നെ, മധുരൈ വൈദ്യനാഥ അയ്യരുടെ പങ്കാളിത്തവും മലയാളത്തിൽ രേഖപ്പെടുത്തപ്പെട്ടില്ല.

ശ്രീനാരായണ ഗുരുവിന്റെ ഉപദേശമാണ് ആനന്ദതീർത്ഥനെ സാമൂഹ്യപ്രവർത്തനങ്ങളിലേയ്ക്ക്​ നടത്തിയത്​. 1952-ൽ ഹരിജന സേവാസംഘത്തിന്റെ കേന്ദ്ര കമ്മിറ്റി അദ്ദേഹത്തെ മധുരൈയിലേക്കയച്ചു. ആറുവർഷം ജില്ലയിലും ഇതരപ്രദേശങ്ങളിലും സേവനം നടത്തി. ആദ്യം സ്വാമിയുടെ പദ്ധതി സവർണ ഹിന്ദുക്കളെ മനംമാറ്റുന്നതായിരുന്നു. അതിനുവേണ്ടി പ്രചാരണം നടത്തി. ചെറുപ്രസിദ്ധീകരണങ്ങൾ ഇറക്കി. എന്നാൽ ഫലം പൂജ്യം. വേട്ടക്കാരുടെ മാനസികപരിവർത്തനമല്ല; ഇരകളുടെ സംരക്ഷണവും സാമൂഹ്യനീതിയുമാണ് പ്രധാനം എന്ന ചിന്തയിൽ നിന്നാണ് പിൽക്കാലത്തെ പ്രവർത്തനങ്ങൾ. ദലിതരെ സ്വയം പര്യാപ്തരാക്കുക- ഇതായിരുന്നു പ്രധാന ലക്ഷ്യം. അവർണർക്ക്​ ക്ഷേത്രങ്ങളിൽ പ്രവേശിക്കാനുള്ള അവകാശം, തെരുവിൽ നടക്കാനുള്ള അവകാശം, പൊതുകുളങ്ങളിൽ നിന്ന് വെള്ളം എടുക്കാനുള്ള അവകാശം എന്നിവയ്ക്കായി നിയമപരമായ സമരങ്ങൾ നടത്തി. ഇതുമായി ബന്ധപ്പെട്ട് അന്ന് ആ പ്രദേശങ്ങളിൽ നാനൂറിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായി സ്റ്റാലിൻ തന്റെ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. സമരങ്ങളിൽ സ്വാമി ആക്രമിക്കപ്പെടുന്നതും പതിവായിരുന്നു. കാലിൽ മുറിവേറ്റ് മൂന്നുമാസം ചികിത്സയിൽ കഴിയേണ്ടിയും വന്നു. ആനന്ദതീർത്ഥന്റെ വിപ്ലവകരമായ നടപടി എന്ന് വിശേഷിപ്പിക്കാവുന്നത് സർക്കാർഭൂമി പാട്ടത്തിനെടുത്ത് ദലിതരെ കൃഷിപ്പണിയിൽ ഉൾപ്പെടുത്തിയതാണ്. എന്നാൽ ഈ ആശയവും നടത്തിപ്പും ഹരിജന സേവാസംഘത്തിൽ തന്നെ തർക്കവിഷയമായി. അദ്ദേഹം കേരളത്തിലേയ്ക്കുമടങ്ങി. ആത്മീയാചാര്യനായി മാത്രം അറിയപ്പെട്ടുതുടങ്ങി. തമിഴകത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ അറിയപ്പെടാത്തതായി.

രേഖപ്പെടുത്തപ്പെട്ടതു മാത്രമല്ല ചരിത്രം, രേഖപ്പെടുത്തപ്പെടാതെ ഒലിച്ചുപോയ സംഭവങ്ങളും ചേർന്നതാണ് അല്ലേ? ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എൻ. സുകുമാരൻ

കവി, നോവലിസ്​റ്റ്​, വിവർത്തകൻ. കാലച്ചുവട്​ എന്ന തമിഴ്​ പ്രസിദ്ധീകരണത്തി​ന്റെ എക്​സിക്യൂട്ടീവ്​ എഡിറ്റർ. കുങ്കുമം എന്ന തമിഴ്​ മാഗസിൻ എഡിറ്ററും സൂര്യ ടി.വി ചീഫ്​ എഡിറ്ററുമായിരുന്നു.

Comments