സമ്പർക്കത്തിലൂടെ അണച്ചുകളഞ്ഞ
ജരാവ പ്രതിരോധം

‘അന്യരുമായുള്ള സമ്പർക്കം സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് ജരാവകൾക്ക് ആദ്യഘട്ടത്തിൽ ഒന്നും മനസ്സിലായില്ല. അവരുടെ പേരിൽ അന്താരഷ്ട്രതലത്തിൽ ആളിക്കത്തുന്ന വിവാദങ്ങളെ കുറിച്ചും അവർക്കറിയില്ല. സമ്പർക്കം അവരുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കിയെന്നറിയാൻ കാലതാമസമെടുത്തു’.

ആൻഡമാൻ നിക്കോബാറിന്റെ
തനി മണ്ണും തനി മനുഷ്യരും- 7

രാവ ഗോത്രം സ്വത്വസംരക്ഷണത്തിനായി കാത്തുപോന്ന പ്രതിരോധചരിത്രത്തിന്റെ ഗതി മാറി തുടങ്ങിയത് 1996 ഏപ്രിലിൽ ഒരു ജരാവ യുവാവിന് സംഭവിച്ച അപകടം മുതലാണ്. കദംതല പ്രദേശത്ത് ഒരു ജരാവ യുവാവിന് അപകടം സംഭവിച്ചുവെന്ന വാർത്ത പോർട്ട് ബ്ലൈറിലെ അധികാരികൾ കേട്ടു. ഉടൻ എന്മേ എന്ന് പേരുള്ള യുവാവിനെ പോർട്ട് ബ്ലൈറിലെ ജി.ബി. പന്ത് ആശുപത്രിയിലെത്തിച്ചു. കാലൊടിഞ്ഞതുകാരണമാണ് അയാൾക്ക് ചികിത്സ വേണ്ടിവന്നത്. 1996 ഒക്ടോബറിലാണ് ചികത്സ കഴിഞ്ഞ് എന്മേയെ ബന്ധുക്കളുടെ അരികെ തിരിച്ചെത്തിച്ചത്. എന്മേയുടെ അപകടത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും കേട്ടിരുന്നു. ഗ്രാമവാസികളുടെ ആവാസകേന്ദ്രത്തിൽനിന്ന് ഇരുമ്പുപകരണങ്ങളെടുക്കാനും വാഴക്കുല ശേഖരിക്കാനും വന്നപ്പോൾ ഗ്രാമവാസികൾ ഓടിച്ചപ്പോൾ വീണ് കാലൊടിഞ്ഞതാണെന്നും ഗ്രാമവാസികൾ അടിച്ചൊടിച്ചതാണെന്നുമൊക്കെ അന്ന് ഊഹാപോഹങ്ങൾ പരന്നിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണങ്ങൾക്കായിരുന്നില്ല അന്ന് പ്രാധാന്യം. ജരാവ ഗോത്രത്തിൽ പെട്ട ഒരാളുമായി സൗഹൃദമുണ്ടാക്കാനുള്ള അവസരം ലഭിച്ചത് എല്ലാ അർത്ഥത്തിലും പ്രയോജനപ്പെടുത്താൻ ആൻഡമാൻ ഭരണകൂടം തീരുമാനിച്ചു.

എന്മേയെ ആശുപത്രിയിലെത്തിച്ചപ്പോൾ അയാളുടെ നഗ്നത മറയ്ക്കേണ്ടതും കാഴ്ചക്കാരിൽ നിന്ന് അയാളെ മാറ്റിനിർത്തേണ്ടതും ആവശ്യമായി. എന്മേക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച ചികിത്സ ആൻഡമാൻ ഭരണകൂടം ഉറപ്പുവരുത്തി. ആശുപത്രി ജീവനക്കാരും എ എ ജെ വി എസ് പ്രതിനിധികളും ആന്ത്രോപോളജിക്കൽ സർവേയിലെ ചിലരേയുമൊഴിച്ചു മറ്റുള്ളവരെ അകറ്റിനിറുത്തി. തുടക്കത്തിൽ എന്മേക്ക് അപരിചിതരോട് പേടിയും അകൽച്ചയുമുണ്ടായിരുന്നു. തിരിച്ച് ആശുപത്രി ജീവനക്കാർക്കും എങ്ങനെയാണ് അപരിചിത സാഹചര്യം അഭിമുഖീകരിക്കേണ്ടതെന്ന വേവലാതിയുണ്ടായിരുന്നു. വേദനയും അപരിചിതത്വവും കൊണ്ട് എന്മേ ആരുമായും അധികം അടുത്തില്ലെങ്കിലും ക്രമേണ ചികിത്സ ഫലപ്രദമായി, വേദന കുറഞ്ഞതോടെ അപരിചിതത്വവും മാഞ്ഞുപോകാൻ തുടങ്ങി. ദക്ഷിണേന്ത്യൻ നേഴ്സുമാരാണ് കുടുതലും ഡ്യൂട്ടിയിലുണ്ടായിരുന്നത്.

സ്വന്തം മണ്ണും വിഭവങ്ങളും കാത്തുപോരാൻ ജരാവ ഗോത്രത്തെ സഹായിച്ചിരുന്നത് അവർ പരിപാലിച്ചുവന്നിരുന്ന ആക്രമണ സ്വഭാവമായിരുന്നു.
സ്വന്തം മണ്ണും വിഭവങ്ങളും കാത്തുപോരാൻ ജരാവ ഗോത്രത്തെ സഹായിച്ചിരുന്നത് അവർ പരിപാലിച്ചുവന്നിരുന്ന ആക്രമണ സ്വഭാവമായിരുന്നു.

ദിവസങ്ങൾ കഴിഞ്ഞതോടെ അവരുടെ പേടിയും പതിയെ മാറി തുടങ്ങി. അതോടെ അയാൾക്കു ഭക്ഷണം കൊടുക്കാനും ഭാഷ പഠിപ്പിക്കാനും തിരക്കായി. കേൾക്കുന്ന വാക്കുകൾ അനുകരിക്കാൻ തുടങ്ങിയതോടെ എന്മേയോടുള്ള അടുപ്പവും കൂടി. പഠിച്ച വാക്കുകളായ അക്ക, അമ്മ, അണ്ണാ, ഭായ്, ദീദി എന്നിവ എന്മേ ഉപയോഗിച്ചു തുടങ്ങി. ആറു മാസത്തെ ആശുപത്രിജീവിതം എന്മേയെ പുതിയൊരു മനുഷ്യനാക്കി. ചെറിയ തോതിൽ സംവേദനം നടത്താനും വസ്ത്രം ധരിക്കാനും പുറംഭക്ഷണം കഴിക്കാനുമൊക്കെ അയാൾ പ്രാപ്തനായി. എന്മേയെ ഊരിൽ തിരിച്ചെത്തിക്കുമ്പോൾ ഒട്ടേറെ സമ്മാനങ്ങളും കൊടുത്തയച്ചു. ആശുപത്രിയിൽ പരിചരിച്ചരിച്ചവർക്കൊക്കെ അയാളെ പിരിയാൻ വല്ലാത്ത വേദനയായിരുന്നു. എന്മേയുടെ തിരിച്ചെത്തൽ ഗോത്രക്കാരിലെല്ലാം പുതിയൊരനുഭവമായി. പതിവുപോലെ ഇടക്കൊക്കെ സമ്പർക്കപരിപാടികളും തുടർന്നു. എന്മേയുടെ തിരിച്ചുപോക്കിനുശേഷം ജരാവ സമീപനത്തിൽ കൂടുതൽ മാറ്റം പ്രകടമായി തുടങ്ങി.

ജരാവ നാട്ടുകാരോടടുക്കുന്നു

1997 ഒക്ടോബറിൽ എന്മേയും സുഹൃത്തുക്കളും ആയുധമില്ലാതെ പകൽ മിഡിൽ ആൻഡമാനിലെ ഉത്തരാജെട്ടിയിൽ നീന്തിയെത്തി. ഗ്രാമവാസികൾ അന്തം വിട്ടു. എന്തുചെയ്യണമെന്നറിയില്ല. ചിലർ പോലീസിനെ വിവരമറിയിച്ചു. ജരാവ തങ്ങളെ ആക്രമിച്ചാൽ പ്രത്യാക്രമണം നടത്താനുള്ള തയ്യാറെടുപ്പിൽ ചിലർ. ജരാവ ഭാഗത്തുനിന്ന് ആക്രമണമില്ലെന്നായതോടെ പതിയെ ഓരോരുത്തരായി പുറത്തുവന്നു. ആശുപത്രിയിൽ വച്ച് കേട്ടറിയാവുന്ന മുറിഹിന്ദിയിൽ നാട്ടുകാരോട് എന്മേ സംസാരിച്ചു. സാഹചര്യം മനസിലാക്കിയ ചിലർ പഴവും മറ്റും നൽകി സൗഹൃദത്തിനു തുടക്കമിട്ടു. ഈ വരവ് നാട്ടുകാർക്കു മാത്രമല്ല ഭരണാധികാരികൾക്കും നരവംശ വിജ്ഞാനികൾക്കും വെല്ലുവിളിയായി. എന്തുചെയ്യണമെന്ന വ്യക്തമായ ധാരണ ആർക്കുമില്ല. ജരാവ പകൽ തന്നെ വന്ന് വാഴക്കുലയും ഇരുമ്പുപകരണങ്ങളും എടുക്കാനും തുടങ്ങിയതോടെ നാട്ടുകാർക്കിവർ ശല്യക്കാരായി.

നരഭോജികളെന്നും ആക്രമണകാരികളെന്നും പറഞ്ഞുകേട്ട നഗ്നജനത ടൂറിസ്റ്റുകൾക്കു കാണാനും ഫോട്ടോ എടുക്കാനുമുള്ള സാന്നിധ്യമായത് അവർ ആഘോഷമാക്കി. ജരാവ കുട്ടികൾക്കിതു പുതിയ അനുഭവമായി, അവർ ആർത്തുല്ലസിച്ചു. ഇടയ്ക്കിടക്കു കൂട്ടത്തോടെയും അല്ലാതെയും അവർ വന്നുതുടങ്ങി.
നരഭോജികളെന്നും ആക്രമണകാരികളെന്നും പറഞ്ഞുകേട്ട നഗ്നജനത ടൂറിസ്റ്റുകൾക്കു കാണാനും ഫോട്ടോ എടുക്കാനുമുള്ള സാന്നിധ്യമായത് അവർ ആഘോഷമാക്കി. ജരാവ കുട്ടികൾക്കിതു പുതിയ അനുഭവമായി, അവർ ആർത്തുല്ലസിച്ചു. ഇടയ്ക്കിടക്കു കൂട്ടത്തോടെയും അല്ലാതെയും അവർ വന്നുതുടങ്ങി.

1998- ൽ സൗത്ത് ആൻഡമാനിലുള്ള ജരാവകളും ആയുധമില്ലാതെ പകൽ പുറത്തുവന്നുതുടങ്ങി. ആൻഡമാൻ ട്രങ്ക് റോഡിൽ ഇവരുടെ നിത്യ സാന്നിധ്യം കണ്ടുതുടങ്ങിയതോടെ നാട്ടുകാരിൽ ചിലർ ഭക്ഷണവും വസ്ത്രവും നൽകിത്തുടങ്ങി. നരഭോജികളെന്നും ആക്രമണകാരികളെന്നും പറഞ്ഞുകേട്ട നഗ്നജനത ടൂറിസ്റ്റുകൾക്കു കാണാനും ഫോട്ടോ എടുക്കാനുമുള്ള സാന്നിധ്യമായത് അവർ ആഘോഷമാക്കി. ജരാവ കുട്ടികൾക്കിതു പുതിയ അനുഭവമായി, അവർ ആർത്തുല്ലസിച്ചു. ഇടയ്ക്കിടക്കു കൂട്ടത്തോടെയും അല്ലാതെയും അവർ വന്നുതുടങ്ങി. പോലീസിന് പുതിയൊരു തലവേദനയായി ഇവരുടെ സാന്നിധ്യം. അന്നുവരെ പരിചിതമല്ലാതിരുന്ന പുതിയ സാഹചര്യത്തെ ക്രിയാത്മകമായി കൈകാര്യം ചെയ്യാനുള്ള അനുഭവസമ്പത്തില്ലായിരുന്നെങ്കിലും ആൻഡമാൻ ഭരണകൂടം ആവുംവിധം ഇവരുടെ നാട്ടിലേക്കുള്ള ഒഴുക്ക് നിർത്താനും സമ്പർക്കം ഒഴിവാക്കാനുമുള്ള ശ്രമമാരംഭിച്ചു.

ജെയിംസ് വുഡ്ബേൺ Photo : Screenshot
ജെയിംസ് വുഡ്ബേൺ Photo : Screenshot

പുതുതായി രൂപപ്പെട്ട ജരാവ - പുനരധിവാസി സമ്പർക്കം ആഗോളശ്രദ്ധയാകർഷിച്ചു. അതോടെ ആഗോള തലത്തിലുള്ള നരവംശ വിജ്ഞാനികളുടെ സഹായവും ആൻഡമാൻ ഭരണകൂടം ആവശ്യപ്പെട്ടു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ നരവംശ ശാസ്ത്രജ്ഞനായ ഡോ. ജെയിംസ് വുഡ്ബേൺ ജരാവ സമ്പർക്ക സന്ദർഭത്തെ ആരോഗ്യ അടിയന്തരാവസ്ഥയായി കാണണം എന്നാവശ്യപ്പെട്ടു. ഒറ്റപ്പെട്ടു ജീവിക്കുന്ന സമൂഹങ്ങൾ പെട്ടെന്ന് സമ്പർക്കത്തിലെത്തുമ്പോൾ മറ്റുള്ളവരിൽനിന്ന് ഇൻഫ്ലുവൻസ, ചിക്കൻ പോക്സ്, മീസിൽസ് തുടങ്ങിയ പകർച്ചവ്യാധികൾ ബാധിക്കുന്നത് സാധാരണമാണെന്ന് ആഗോളസന്ദർഭത്തിലെ മുന്നനുഭവങ്ങളുടെ വെളിച്ചത്തിൽ അഭിപ്രായപ്പെട്ടു. പ്രതിരോധ ശേഷിയുടെ അഭാവം കൊണ്ട് സാംക്രമികരോഗങ്ങൾക്കു സാധ്യത കൂടുതലായതു കാരണം അത് തടയാൻ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. അല്ലെങ്കിൽ സാംക്രമികരോഗങ്ങൾ അവരുടെ വംശനാശത്തിനു കാരണമാകുമെന്ന മുന്നറിയിപ്പും നൽകി. ജരാവയെ പരാശ്രിതരാക്കാതെ അവരുടെ ഭൂമി, ആരോഗ്യം, സുരക്ഷ എന്നിവ ഭരണകൂടം ഉറപ്പുവരുത്തി, അവരുടെ ഭാവി തീരുമാനിക്കാനുള്ള അവകാശം അവർക്ക് നൽകുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് അദ്ദേഹം അറിയിച്ചത്.

ന്യൂസിലാൻഡിലെ വിക്ടോറിയ സർവകലാശാലയിലെ നരവശ ശാസ്ത്രജ്ഞനായ ഡോ. വിശ്വജിത് പാണ്ട്യ, ഇപ്പോഴത്തെ സമ്പർക്കം അടിയന്തരമായി സാംസ്കാരികമായി സുരക്ഷിതവും നിയന്ത്രിതവുമാക്കണമെന്നും ഭാവിയിൽ പുറംലോകവുമായുള്ള ജരാവ സമ്പർക്കം പൂർണമായും ഒഴിവാക്കാനുള്ള ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും അഭിപ്രായപ്പെട്ടു. സർവൈവൽ ഇന്റർനാഷണൽ ഡയറക്ടർ ജനറലായ സ്റ്റീഫൻ കോറി, ഭക്ഷ്യശേഖരണ -നായാട്ടു സമൂഹങ്ങൾ പിന്നാക്കമാണെന്നും അവർക്ക് പുരോഗമനം വേണമെന്നും അതിനായി ആധുനിക സമൂഹത്തിന്റെ സഹായം വേണമെന്നുമുള്ള പൊതുധാരണയെ വിമർശിച്ചു. ഇത്തരം വംശപരമായ നിലപാട് സാമൂഹ്യ ശാസ്ത്രജ്ഞർ ഇന്ന് അംഗീകരിക്കുന്നില്ല. സമ്പർക്കം അവരുടെ വംശനാശത്തിന് വഴിയൊരുക്കുമെന്നുള്ളതുകൊണ്ടു മാത്രം ജരാവയുടെ സമ്മതമില്ലാതെ അവരെ പുനരധിവസിപ്പിക്കാനുള്ള ആലോചന പോലും മനുഷ്യാവകാശ ലംഘനമായേ പരിഗണിക്കാനാവൂ എന്നും അഭിപ്രായപ്പെട്ടു. ഇന്ത്യ ഒപ്പുവച്ച യു.എൻ കൺവെൻഷൻ ഓഫ് ക്രൈം ഓഫ് ജനോസൈഡിന് എതിരുമാണെന്നു അദ്ദേഹം വെളിപ്പെടുത്തി. യു.എസ്.എ യിലെ കോണൽ സർവകലാശാല നരവംശശാസ്ത്ര പ്രഫസറായ ഡോ. ടെറൻസ് ടുണറുടെ അഭിപ്രായത്തിൽ അനിയന്ത്രിത സമ്പർക്കം ആരോഗ്യത്തിന് ഭീഷണിയാകും.

അന്യരുമായി സമ്പർക്കത്തിലേർപ്പെടുന്നതും അന്യ ജീവിതത്തെ അറിയുന്നതും യുവജനതക്കിടയിൽ ആഘോഷമായി മാറി. അന്യർ നൽകുന്ന ഭക്ഷണം, വസ്ത്രം ഇതൊക്കെ സമ്മാനദാനമായി അവർ കണ്ടു.
അന്യരുമായി സമ്പർക്കത്തിലേർപ്പെടുന്നതും അന്യ ജീവിതത്തെ അറിയുന്നതും യുവജനതക്കിടയിൽ ആഘോഷമായി മാറി. അന്യർ നൽകുന്ന ഭക്ഷണം, വസ്ത്രം ഇതൊക്കെ സമ്മാനദാനമായി അവർ കണ്ടു.

ജരാവഗോത്രം ഭാവിയിൽ സമ്പർക്കത്തിലേർപ്പെട്ടേക്കും, എന്നാൽ ആ പ്രക്രിയ പതിയേ ആയിരിക്കും സംഭവിക്കുക, സ്വാഭാവികമായി സംഭവിക്കാനനുവദിക്കാതെ ഒന്നും അടിച്ചേൽപ്പിക്കാതിരിക്കുക, സ്വാശ്രിതത്വം നിലനിർത്താൻ അതിർത്തി സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ നിർദേശങ്ങളാണ് ടെക്സാസ് സർവ്വകലാശാലാ പ്രഫസറായ ഡോ. തോമസ് ഹെഡ് ലാൻഡ് മുന്നോട്ടുവച്ചത്. ഈ രീതിയിൽ ഒട്ടേറെ നിർദ്ദേശങ്ങൾ ആൻഡമാൻ ഭരണകൂടത്തിനു ലഭിച്ചു. ജരാവ ഭാഷാപഠനത്തിനു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാoഗ്വേജസിനെ ഏർപ്പെടുത്തിയതിനോടൊപ്പം ഭാഷാ സംസ്കാരിക പഠനങ്ങളുമായി ആന്ത്രോപോളജിക്കൽ സർവ്വേയും മുന്നോട്ടുപോയി.

പട്ടിണി മൂലമാണ് ജരാവകൾ പുറത്തുവന്നതെന്നും അവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 1999-ൽ അഭിഭാഷകയായ ശ്യാമിലി ഗാംഗുലി കൽക്കത്ത ഹൈകോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്‌തു. ജരാവ പ്രശ്‍നം പഠിക്കാനും പുനരധിവാസ സാധ്യത ആരാഞ്ഞ് റിപ്പോർട്ട് സമർപ്പിക്കാനും ട്രൈബൽ വെൽഫെയർ സെക്രട്ടറി എൻ.സി. റോയിയേയും ഐ.പി & ടി ഡയറക്ടർ ഡോ. ബി.എസ്. ബാനർജിയെയും സ്പെഷ്യൽ ഓഫീസർമാരായി ഹൈക്കോടതി നിയമിച്ചു.

1999 ജൂണിൽ സമിതി റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ തൃപ്‌തി വരാതെ ജരാവ പ്രശ്‍നം പഠിക്കാൻ ഹൈക്കോടതി 2000-ൽ വിദഗ്ദ്ധ സമിതിയെ നിയമിച്ചു. പോർട്ട് ബ്ലൈർ ജില്ലാ ചീഫ് മജിസ്‌ട്രേറ്റിനെ മെമ്പർ സെക്രട്ടറിയാക്കി നരവംശ വിജ്ഞാനികളെയും ആരോഗ്യവിദഗ്ദ്ധരെയും ഉൾപ്പെടുത്തി ആറംഗ സമിതി രൂപീകരിച്ചു. 2001 ഏപ്രിലിൽ സമിതി റിപ്പോർട്ട് പരിശോധിച്ച ഹൈക്കോടതി ഡിവിഷൻബെഞ്ച് ജരാവയെ പരമ്പരാഗത രീതിയിൽ ഒറ്റപ്പെട്ട ജീവിതം നയിക്കാൻ അനുവദിക്കണമോ, അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരണമോ, സമാധാനപരമായ സഹജീവനം സാധ്യമാക്കണമോ എന്നീ കാര്യങ്ങളിൽ നയപരമായ തീർപ്പുണ്ടാക്കാൻ ആവശ്യപ്പെട്ടു. സർക്കാരിന് ഏകപക്ഷീയമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ല. ദേശീയ- അന്തർദേശീയ തലത്തിലുള്ള വിദഗ്ദ്ധരുടെ അഭിപ്രായം തേടിവേണം സർക്കാർ തീരുമാനമെടുക്കാനെന്നും നിർദ്ദേശിച്ചു. അതോടൊപ്പം വിദഗ്ദ്ധസമിതി രൂപീകരിക്കാനും ജരാവയുടെ പ്രതിരോധ പെരുമാറ്റത്തിൽ വന്ന മാറ്റവും പുറത്തുള്ളവരുമായുള്ള സമ്പർക്കവും അന്യഭക്ഷണ സ്വീകരണവും കാര്യകാരണസഹിതം അന്വേഷിച്ച് ക്ഷേമത്തിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടു.

ഒരു ജരാവ ബാലൻ
ഒരു ജരാവ ബാലൻ

2001 ഏ​പ്രിൽ ഒമ്പതിന് ഹൈക്കോടതി നിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയം 2001 ജൂലൈ 21ന് ജരാവ പ്രശ്‍നം പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയമിച്ചു. ആൻഡമാൻ നിക്കോബാർ ലഫ്. ഗവർണർ എൻ.എൻ. ഷാ, സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെൻറ് മന്ത്രാലയത്തിലെ മുൻ സെക്രട്ടറി കെ. ബി. സക്സേന, ആന്ത്രോപോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ഡോ. ആർ.കെ. ഭട്ടാചാര്യ, ആൻഡമാൻ ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ. നമിത അലി, ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. ഇന്ദിര ചക്രവർത്തി, ആൻഡമാൻ ട്രൈബൽ വെൽഫെയ
ർ ഡയറക്ടർ എസ്.എ. അവരാദി, മായാബന്ദർ അസിസ്റ്റന്റ് കമീഷണർ സോം നായിഡു, ആന്ത്രോപോളജിക്കൽ ഡയറക്ടർ ഇൻ ചാർജ് ദീപക് ത്യാഗി എന്നിവരായിരുന്നു സമിതി അംഗങ്ങൾ. 2001 സപ്തംബർ 10ന് സമഗ്രമായ ജരാവ പഠനം നിർദ്ദേശിച്ചു. ആന്ത്രോപോളജിക്കൽ സർവെ ഓഫ് ഇന്ത്യ, ബൊട്ടാണിക്കൽ സർവെ ഓഫ് ഇന്ത്യ, സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യ, ആൻഡമാൻ വനം വകുപ്പ്, ആൻഡമാൻ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ്, ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്ത് എന്നീ സ്ഥാപനങ്ങൾ മൺസൂൺ കാലവും അതിനു മുമ്പും പിമ്പുമുള്ള ഘട്ടങ്ങളും ചേർത്ത് ഒരുവർഷത്തെ സംയുക്ത ഗവേഷണപഠനം ഏറ്റെടുത്തു. പഠന റിപ്പോർട്ട് വിദഗ്‌ദ്ധ സമിതി പരിശോധിച്ചുറപ്പുവരുത്തിയത് ഇതിനകം അന്തർദേശീയതലത്തിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ ഇല്ലെങ്കിൽ സവിശേഷ സാഹചര്യം കൊണ്ടാണോ പൊരുത്തപ്പെടാത്തത് എന്നൊക്കെ പരിശോധിച്ചു അവരുടെ ജീവിതത്തിൽ ഇടപെടാൻ നമുക്കെന്തു അധികാരം എന്നിങ്ങനെ പലതും ചർച്ചചെയ്തപ്പോൾ സമാധാനപൂർണമായ സഹവാസം പ്രോത്സാഹിപ്പിക്കുക എന്ന തീരുമാനത്തിലെത്തുകയാണുണ്ടായത്.

സമ്പർക്കം വരുത്തിയ വിന

സ്വന്തം മണ്ണും വിഭവങ്ങളും കാത്തുപോരാൻ ജരാവ ഗോത്രത്തെ സഹായിച്ചിരുന്നത് അവർ പരിപാലിച്ചുവന്നിരുന്ന ആക്രമണ സ്വഭാവമായിരുന്നു. എന്മേയുടെ ആശുപത്രി വാസത്തിനുശേഷം അന്യരോടുള്ള അവരുടെ പെരുമാറ്റത്തിൽ ഗണ്യമായ മാറ്റം വന്നു. ചുറ്റിലുമുള്ളവർ സഹജീവികളാണെന്നും അവർ തങ്ങളെ സ്നേഹിക്കുന്നവരാണെന്നുമുള്ള മനോഭാവം ജരാവാ മനസിലുണ്ടായി. അന്യരുമായി സമ്പർക്കത്തിലേർപ്പെടുന്നതും അന്യ ജീവിതത്തെ അറിയുന്നതും യുവജനതക്കിടയിൽ ആഘോഷമായി മാറി. അന്യർ നൽകുന്ന ഭക്ഷണം, വസ്ത്രം ഇതൊക്കെ സമ്മാനദാനമായി അവർ കണ്ടു. ആൻഡമാൻ ട്രങ്ക് റോഡിൽ വാഹനങ്ങളിലൂടെയുള്ള യാത്ര ഒരു പുതിയ അനുഭവമായി അവർക്ക്. സമ്പർക്കം സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് അവർക്ക് ആദ്യഘട്ടത്തിൽ ഒന്നും മനസ്സിലായിരുന്നില്ല. അവരുടെ പേരിൽ അന്താരഷ്ട്രതലത്തിൽ ആളിക്കത്തുന്ന വിവാദങ്ങളെ കുറിച്ചൊന്നും അവർക്കറിയില്ല. സമ്പർക്കം അവരുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കിയെന്നറിയാൻ കാലതാമസമെടുത്തു.

ജരാവ ഗോത്രത്തിൽപ്പെട്ട കുട്ടികൾ
ജരാവ ഗോത്രത്തിൽപ്പെട്ട കുട്ടികൾ

ഗ്രാമവാസികളെ സംബന്ധിച്ച് ജരാവ ഇടങ്ങളിൽ നിന്നുള്ള വിഭവസമാഹരണം ഭയമില്ലാതെ ചെയ്യാനാവുമെന്ന ആശ്വാസം വ്യാപകമായി. അവർ മൽസ്യസമ്പത്തും വനസമ്പത്തും ഒരേപോലെ ചൂഷണം ചെയ്യാനാരംഭിച്ചു. ജരാവ പ്രദേശത്തുനിന്ന് മെച്ചപ്പെട്ട സാങ്കേതികത പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള മൽസ്യബന്ധനം ആരഭിച്ചതോടെ പരമ്പരാഗത സാങ്കേതികത ഉപയോഗിച്ചുള്ള ജരാവകളുടെ മത്സ്യബന്ധനത്തിന് തീരം അനുയോജ്യമല്ലാതായി. ആഴക്കടൽ മൽസ്യബന്ധനത്തിലേർപ്പെടാനുള്ള സാങ്കേതികമികവ് ജരാവകൾക്കില്ല. തീരത്തോട് ചേർന്നുള്ള ഭാഗത്തുനിന്നുമാത്രമേ അവർക്കു മീൻ പിടിക്കാനാവൂ. ആ സാധ്യതയാണ് ഇല്ലാതായത്. കടൽവിഭവങ്ങൾ വൻതോതിൽ ഗ്രാമവാസികൾ ചൂഷണം ചെയ്തുതുടങ്ങിയതോടെ ഗ്രാമവാസികൾ കഴിക്കാത്ത ചില മീനുകൾ ജരാവയ്ക്കു നൽകും. നേരത്തെ ആ പ്രദേശങ്ങളിൽ ജരാവ ആക്രമണം പേടിച്ച് പോകാതിരുന്നവർ ജരാവയുടെ അനുമതിയോടെ മൽസ്യബന്ധനം നടത്തി ആഘോഷിച്ചു. മറുവശത്ത്, വനവിഭവങ്ങളും വൻതോതിൽ ചൂഷണം ചെയ്തു. നാടൻ തോക്കുപയോഗിച്ചുള്ള മാൻവേട്ടയും പന്നിവേട്ടയും സാധാരണമായി. ഇത്തരത്തിലുള്ള വിഭവചൂഷണം ജരാവ ഉപജീവനത്തെ സാരമായി ബാധിച്ചു.

സമ്പർക്കം സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് അവർക്ക് ആദ്യഘട്ടത്തിൽ ഒന്നും മനസ്സിലായിരുന്നില്ല. അവരുടെ പേരിൽ അന്താരഷ്ട്രതലത്തിൽ ആളിക്കത്തുന്ന വിവാദങ്ങളെ കുറിച്ചൊന്നും അവർക്കറിയില്ല.
സമ്പർക്കം സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് അവർക്ക് ആദ്യഘട്ടത്തിൽ ഒന്നും മനസ്സിലായിരുന്നില്ല. അവരുടെ പേരിൽ അന്താരഷ്ട്രതലത്തിൽ ആളിക്കത്തുന്ന വിവാദങ്ങളെ കുറിച്ചൊന്നും അവർക്കറിയില്ല.

ജരാവകൾക്കന്യമായിരുന്ന പുകയില ഉത്പന്നങ്ങളും മദ്യവും സമ്പർക്കത്തിലൂടെ അവർക്കിടയിലെത്തി. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവവും ഉണ്ടായി. ടൂറിസ്റ്റുകൾക്ക് ഇത് ഫോട്ടോവേട്ടയ്ക്കുള്ള അവസരമായി. സമ്പർക്കം തുടങ്ങി അധികം താമസിയാതെ മീസിൽസ് അവർക്കിടയിൽ വില്ലനായെത്തി. നൂറോളം പേരുടെ ജീവൻ കവർന്നു. മരിച്ചവരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തി എന്നു പറയാനാവില്ല. ദുരനുഭവങ്ങൾ ഒന്നൊന്നായി നേരിട്ടതോടെ ഭരണകൂടം അവർ പുറത്തേക്കുവരുന്നതിനെ നിയന്ത്രിച്ചു. അതിലുപരി ജരാവ തന്നെ, പുറത്തുള്ളവർ നല്ലവരല്ല എന്ന ബോധം അവരുടെ പുറംഅനുഭവങ്ങളിൽ നിന്ന് ആർജിച്ചെടുത്തു.

പുതുക്കിയ ജരാവ നയം

കോടതി ഇടപെടലുകൾക്കും വിവിധതലത്തിലുള്ള ചർച്ചകൾക്കും ശേഷം 2004 ഡിസംബർ 21ന് ആൻഡമാൻ - നിക്കോബാർ ഗസറ്റിൽ പുതുക്കിയ ജരാവ നയം പ്രസിദ്ധീകരിച്ചു. ശാരീരികമായോ സാംസ്കാരികമായോ സാമൂഹികമായോ സമ്പർക്കത്തിനു പാകപ്പെടാത്ത ജനതക്കിടയിൽ സമ്പർക്കം വഴിയുണ്ടാകുന്ന ദുഷ്പ്രവണതകളിൽ നിന്ന് ഗോത്രജനതയെ സംരക്ഷിക്കുക, ഗോത്രജനതയുടെ ഉപജീവനം, സാമൂഹികഘടന സംസ്കാരം എന്നിവയ്ക്ക് അപചയം വരാതെ ഗോത്ര സ്വത്വസംരക്ഷണം നടത്തുക, ആവശ്യസന്ദർഭങ്ങളിൽ വൈദ്യസഹായം ഉറപ്പുവരുത്തുക, ഉപജീവന ശോഷണം സംഭവിക്കാത്ത തരത്തിൽ പാരിസ്ഥിതിക സംരക്ഷണം നടപ്പിലാക്കുക, ഗോത്രജനതയുടെ പൈതൃക പ്രാധാന്യം മനസിലാക്കിച്ച് സമീപവാസികളെ ബോധവൽക്കരിക്കുക, ഗോത്രസംസ്കാരനാശമുണ്ടാകാതെ സാംസ്കാരികസ്വത്വം സംരക്ഷിക്കുക, ജരാവഗോത്രത്തെ മാനവപൈതൃകമായി പരിരക്ഷിക്കുക, സ്വയംപര്യാപ്തത ഉറപ്പുവരുത്തി സാംസ്കാരികാശോഷണം ഉണ്ടാകാതിരിക്കാനായി അമിതമായ ഇടപെടൽ കുറച്ച് ഗോത്രത്തനിമ നിലനിറുത്താൻ അനുവദിക്കുക, അവരുടെ താല്പര്യത്തിനു വിരുദ്ധമായി മുഖ്യധാരയിലേക്കു വലിച്ചിഴക്കാതിരിക്കുക, പരാശ്രിതരാക്കാതിരിക്കാനായി വിദഗ്ധരുടെ അഭിപ്രായമനുസരിച്ചുള്ള ചെറിയ തോതിലുള്ള പുറം ഇടപെടൽ മാത്രമായി ചുരുക്കുക, അവരുടെ ക്ഷേമപ്രവർത്തനങ്ങളിൽ ബന്ധപ്പെടുന്നവരിൽനിന്ന് പകർച്ചവ്യാധി പരക്കാതിരിക്കാനുള്ള മുൻകരുതലെടുക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളായിരുന്നു ജരാവ നയത്തിന്റെ കാതൽ.

പട്ടിണി മൂലമാണ് ജരാവകൾ പുറത്തുവന്നതെന്നും അവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 1999-ൽ അഭിഭാഷകയായ ശ്യാമിലി ഗാംഗുലി കൽക്കത്ത ഹൈകോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്‌തു.
പട്ടിണി മൂലമാണ് ജരാവകൾ പുറത്തുവന്നതെന്നും അവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 1999-ൽ അഭിഭാഷകയായ ശ്യാമിലി ഗാംഗുലി കൽക്കത്ത ഹൈകോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്‌തു.

ജരാവ റിസർവിൽ നിന്നുമുള്ള പ്രകൃതിവിഭവ ചൂഷണം പൂർണമായും അവസാനിപ്പിക്കാൻ പ്രാക്തന ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള 1956- ലെ ആൻഡമാൻ നിക്കോബാർ ട്രൈബൽ പ്രൊട്ടക്ഷൻ റെഗുലേഷൻ ലംഘനത്തിനെതിരെയുള്ള ശക്തമായ ശിക്ഷാനടപടികൾ ഉൾപ്പെടുത്തി റെഗുലേഷൻ പരിഷ്കരിക്കുക, ജരാവ അതിർത്തി സംരക്ഷിക്കുക , ജരാവ റിസെർവിലെ കയ്യേറ്റങ്ങളൊഴിപ്പിക്കുക, ഭാവിയിൽ കയ്യേറ്റം ഉണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കുക, ജരാവ പ്രദേശത്ത് സർക്കാരിന്റേതായാലും സ്ഥിരമായ ഒരു സ്ഥാപനവും പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക, ടൂറിസത്തിന്റെ പേരിൽ സന്ദർശകരെ അനുവദിക്കാതിരിക്കുക എന്നിവയൊക്കെ ജരാവ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായി വിഭാവനം ചെയ്‌തു.

ഇടവിട്ട് ജരാവ ഗോത്രത്തിൽ ആരോഗ്യ സർവ്വേ നടത്തുക, അടിയന്തര സന്ദർഭത്തിൽ മാത്രം ആശുപത്രിയിലേക്ക് കൊണ്ടുപോവുക, ആശുപത്രിയിൽ അവരുടെ ഭക്ഷണക്രമം പാലിക്കുക, സ്ത്രീ രോഗികളാണെങ്കിൽ വനിതാ പോലീസ് സുരക്ഷക്കുണ്ടെന്നുറപ്പുവരുത്തുക, നിർബന്ധിത സാഹചര്യത്തിൽ ഗുളികയും മരുന്നും വിദഗ്ദ്ധ നിർദേശപ്രകാരം മാത്രം നൽകുക, കഴിയുന്നതും ആവാസയിടങ്ങളിൽ തന്നെ ശുശ്രുഷ നടത്തുക, ജരാവ പരിപാലിക്കുന്ന വൈദ്യപൈതൃകം സംരക്ഷിക്കുക, സ്ഥിരമായി ബാധിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ മാനകീകരിക്കുക, പോഷകക്കുറവ് പരിശോധിച്ചറിയാനുള്ള ആരോഗ്യ സർവ്വേ നടത്തുക, അന്യാഹാരം നൽകാതിരിക്കുക, പുകവലിയും മദ്യപാനവും പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നീ നിർദ്ദേശങ്ങൾ ആരോഗ്യപരിപാലനത്തിനായി ജരാവ നയത്തിലുൾപ്പെടുത്തി.

ആൻഡമാൻ ട്രങ്ക് റോഡിലൂടെയുള്ള ഗതാഗതം പരിമിതപ്പെടുത്തുക, യാത്രക്കാർ ജരാവകളുമായി സമ്പർക്കത്തിലേർപ്പെടാൻ അനുവദിക്കാതിരിക്കുക, ടൂറിസ്റ്റു സമ്പർക്കം നിരോധിക്കുക എന്നിവ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നയത്തിൽ നിദ്ദേശിച്ചു.

ആരോഗ്യസർവ്വേക്കൊപ്പം ഭാഷാപഠനം നടത്തുക, ആരോഗ്യപ്രവർത്തകരെയും ആദിവാസിക്ഷേമ പ്രവർത്തകരെയും അവരുടെ ഭാഷയിൽ വിനിമയശേഷി ഉണ്ടാക്കാൻ പ്രേരിപ്പിക്കുക എന്ന ഭാഷാനയം ഉൾപ്പെടുത്തിയിരുന്നു.

ജരാവ ഗോത്ര പ്രദേശത്തേക്ക് പ്രവേശിക്കുന്നിടത്ത് സന്ദർശകർക്കായി ആൻഡമാൻ നിക്കോബാർ ഭരണകൂടം സ്ഥാപിച്ചിരിക്കുന്ന സൂചനാ ബോർഡ്.
ജരാവ ഗോത്ര പ്രദേശത്തേക്ക് പ്രവേശിക്കുന്നിടത്ത് സന്ദർശകർക്കായി ആൻഡമാൻ നിക്കോബാർ ഭരണകൂടം സ്ഥാപിച്ചിരിക്കുന്ന സൂചനാ ബോർഡ്.

മികച്ച രീതിയിൽ ജരാവ സംരക്ഷണം ഏർപ്പെടുത്താൻ ശ്രമിക്കുമ്പോഴും, പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളായി ആൻഡമാൻ ട്രങ്ക് റോഡും ജരാവയുടെ അതിർത്തിബോധവും നിലനിൽക്കുന്നു. ആൻഡമാൻ ട്രങ്ക് റോഡ് അടയ്ക്കണമെന്ന് പലരും നിർദ്ദേശിക്കുന്നു. ഒരവസരത്തിൽ സുപ്രീംകോടതിപോലും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. റോഡ് അടയ്ക്കുന്നതിലൂടെ പ്രശ്നങ്ങൾക്കു പരിഹാരമാവില്ല എന്നും നിയന്ത്രണങ്ങൾ ശക്തമാക്കി റോഡ് ഗതാഗതം നിലനിർത്താമെന്ന വാദവും ശക്തമാണ്. ജരാവയെ സംബന്ധിച്ച് ആൻഡമാൻ ട്രങ്ക്റോഡ് ഗുണമാവില്ല എന്ന നിലപാട് ഇപ്പോഴും ശക്തമാണ്.

വർഷങ്ങളായി നടന്നുവരുന്ന സമ്പർക്കപരിപാടിയിലൂടെ സർക്കാർ സമ്മാനങ്ങൾ നൽകുന്നു. ഇത് നടക്കുന്നത് പടിഞ്ഞാറേ തീരത്താണ്. കിഴക്കൻ അതിർത്തിയിലാണ് പുനരധിവാസഗ്രാമങ്ങൾ. അവിടെ നിന്ന് ജരാവയ്ക്ക് ആവശ്യമുള്ളത് അവർ ശേഖരിക്കുമ്പോൾ അത് കടന്നാക്രമണമായി മാറുന്നു. സ്വീകരിക്കലും എടുക്കലും തമ്മിലുള്ള സിവിൽ സമൂഹത്തിലെ അർത്ഥഭിന്നത ജരാവയ്ക്കു മനസ്സിലാവില്ല. അവരുടെ മണ്ണിൽ നിന്ന് വേണ്ടതെല്ലാം കണ്ടെത്തിയെടുക്കലാണ് അവരുടെ ശീലം. കുടിയേറ്റക്കാരുടേതെന്നു പറയുന്ന മണ്ണും ജരാവ ബോധത്തിൽ അവരുടെ മണ്ണാണ്. ഇതിനിടയിൽ ജരാവയും ജരാവ ഇതരരും തമ്മിൽ അതിർത്തിയുണ്ടെന്നത് നമ്മുടെ ധാരണയാണ്. അവരുടെ ബോധത്തിൽ റവന്യൂബോധമില്ല. പുനരധിവാസ കാലം മുതൽ അവരുടെ മണ്ണ് മറ്റാരുടെയോ മണ്ണായി മാറിയെന്നൊന്നും അവർക്കറിയില്ല. കാലം, സ്ഥലം എന്നിവയെ കുറിച്ചുള്ള നമ്മുടെ ധാരണകളുടെ അടിസ്ഥാനത്തിൽ അതേതരം ധാരണകളാണ് ജരാവയ്ക്കുമുള്ളതെന്ന് വിശ്വസിക്കുന്നതിൽ അപാകതയുണ്ട്. അതിർത്തി പ്രശ്നങ്ങൾ ജരാവ നയത്തിലൂടെ പരിഹരിക്കാമെന്നത് ഒരു വിശ്വാസമാണ്, യാഥാർഥ്യമല്ല. സംഘർഷം ഇല്ലാതാകാൻ ഇനിയും സമയമെടുക്കുമെന്നേ പറയാനാവൂ.

ജരാവ യുവാവ്
ജരാവ യുവാവ്

പുനരധിവാസികൾ കൂടുതൽ ആർജവത്തോടെ ഈ സാഹചര്യം മനസ്സിലാക്കുകയും ജരാവയെ ആ നിലക്ക് ഉൾക്കൊള്ളുകയുമല്ലാതെ ജരാവയുടെ സാന്നിധ്യത്തെ ചെറുക്കപ്പെടേണ്ട കടന്നുകയറ്റമായി കാണുകയും പ്രതികരിക്കുകയും ചെയ്താൽ സംഘർഷം ഒഴിവാകില്ല. എ.എ.ജെ.വി.എസ് മുൻകൈയെടുത്ത് ജരാവകളിൽ പതിയെപ്പതിയെ അവരുടെ വിഭവാതിർത്തിയെ ക്കുറിച്ചുള്ള ബോധം സൃഷ്ടിക്കുകയും ഗ്രാമവാസികളിൽ നിന്ന് ശേഖരിക്കുന്ന സാധനങ്ങൾ സമ്മാനമായി എത്തിക്കുകയും വേണം. ഇരുകൂട്ടരുടെയും കടന്നുകയറ്റങ്ങൾ ഇല്ലാതാകുമ്പോൾ അതിർത്തിബോധം താനേ പാലിക്കപ്പെടും.

(തുടരും)


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments