Photo: Dushyant Kumar Thakur / flickr

നിക്കോബാരി ജനതയെ കടപുഴക്കിയ സുനാമിയും ഭരണകൂടവും

ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും സാമൂഹിക ശാസ്ത്രത്തെയും വേറിട്ടൊരു പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യുന്ന പഠനപരമ്പരയുടെ 12-ാം ഭാഗം.

ആൻഡമാൻ നിക്കോബാറിന്റെ
തനി മണ്ണും തനി മനുഷ്യരും- 12

നൂറ്റാണ്ടുകളായി അധിവസിക്കുന്ന രണ്ടു തനതു വിഭാഗങ്ങളാണ് നിക്കോബാർ ദ്വീപു സമൂഹങ്ങളിലുള്ളത്. വടക്കൻ നിക്കോബാർ മുതൽ തെക്കൻ നിക്കോബാറിലുൾപ്പെടുന്ന ഗ്രേറ്റ് നിക്കോബാർ തീരദേശം വരെ വ്യാപിച്ചുകാണുന്ന തനതുവിഭാഗമാണ് നിക്കോബാരികൾ. ഗ്രേറ്റ് നിക്കോബാറിൽ മാത്രമായി കാണുന്ന മറ്റൊരു തനതുവിഭാഗമാണ് ഷോമ്പെൻ ഗോത്രക്കാർ. വിവിധ നിക്കോബാർ ദ്വീപുകളിൽ അധിവസിക്കുന്ന തദ്ദേശീയരെ പൊതുവിൽ നിക്കോബാരികൾ എന്നു പറയുമെങ്കിലും ഇവർ തമ്മിൽ പ്രാദേശികമായ സാംസ്‌കാരിക വൈവിധ്യം ഭാഷയുൾപ്പടെയുള്ള സാംസ്‌കാരിക- സാമൂഹിക ഘടകങ്ങളിൽ വ്യക്തമാണ്. അതോടൊപ്പം സമാനതകളുമുണ്ട്.

വടക്കേ അറ്റത്തുള്ള കാർനിക്കോബാർ നിവാസികളാണ് ആധുനിക ജീവിതത്തിലേക്കു കടന്നെത്തിയതിൽ മുൻപന്തിയിലുള്ളവർ. ബ്രിട്ടീഷ് അധിനിവേശകാലം മുതൽ ലഭിച്ച സൗകര്യങ്ങളും ക്രിസ്തുമത പ്രചാരവും ഇവർക്കിടയിൽ ആധുനികത വ്യാപകമാക്കിയെന്നതാണ് ഇതര ദ്വീപുവാസികളെക്കാളും മെച്ചപ്പെട്ട ജീവിതസൗകര്യം കാർനികോബാരികൾക്കു നേടി​ക്കൊടുത്തത്. ദീർഘകാലത്തെ അന്യജനതയുമായുള്ള സമ്പർക്കം, ആൻഡമാൻ ഭരണസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ, ഇന്ത്യൻ വ്യോമസേനയുടെ സാന്നിധ്യം, ക്രിസ്തുമതവിശ്വാസം ഇവയെല്ലാം മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഇവർക്കു ലഭിക്കാൻ കാരണമായിട്ടുണ്ട്‌.
നിക്കോബാർ ദ്വീപുകളിൽ വടക്കുനിന്ന് തെക്കോട്ടുപോകുമ്പോൾ ആധുനികതയുടെ തോത് കുറഞ്ഞുവരുന്നതുകാണാം.

നിക്കോബാരികളുടെ ഭാഷയെ നിക്കോബാരി ഭാഷ എന്നു പൊതുവിൽ പറയുമെങ്കിലും ദ്വീപുകൾ തോറുമുള്ള ആഭ്യന്തര വൈവിധ്യം ഇതിനുണ്ട്. ജനസംഖ്യയിലധികവും കാർനിക്കോബാരി ഭാഷാഭേദം ഉപയോഗിക്കുന്നതുകൊണ്ട് ഈ ഭാഷാഭേദത്തെ മാനകമായി കണക്കാക്കുകയാണ് പതിവ്. ചൗറ ഭാഷാഭേദം, തെരേസ്സ- ബൊംപോക ദ്വീപുകളിലെ ഭാഷാഭേദം, കച്ചാൽ, നാൻകൗറി, കാമോട്ട, ട്രിങ്കറ്റ് ദ്വീപുകളിലെ സമാനമായ ഒരു ഭാഷാഭേദം, പിലോമിലോ, കൊണ്ടുൽ, ലിറ്റിൽ നിക്കോബാർ ഭാഷാഭേദം, ഗ്രേറ്റ് നിക്കോബാരികളുടെ ഭാഷാഭേദം എന്നിങ്ങനെ പ്രാദേശിക ഭാഷാഭേദങ്ങൾ സജീവമായ ഭാഷയാണ് നിക്കോബാരി ഭാഷ. സാമാനതകളേക്കാൾ ഭിന്നത പുലർത്തുന്നവയാണ് ഇവയോരോന്നുമെന്നതും വിസ്മരിക്കാനാവില്ല. നിക്കോബാരി ഭാഷയുടെ ആഭ്യന്തര വൈവിധ്യമായും സ്വതന്ത്ര പിരിവുകളായും ഇവയെ പരിഗണിക്കാം.

നിക്കോബാറിലെ ഷോമ്പെൻ ഗോത്രത്തിൽപ്പെട്ടവർ - A group of Shompen in 1886 എന്ന പേരിൽ വിക്കിപീഡീയ പ്രസിദ്ധീകരിച്ച ചിത്രം
നിക്കോബാറിലെ ഷോമ്പെൻ ഗോത്രത്തിൽപ്പെട്ടവർ - A group of Shompen in 1886 എന്ന പേരിൽ വിക്കിപീഡീയ പ്രസിദ്ധീകരിച്ച ചിത്രം

നിക്കോബാരികൾക്കിടയിൽ മൂന്നു തരം മതധാരകളുണ്ട്. അടിസ്ഥാനപരമായി അവർ പ്രകൃതി -പിതൃ ആരാധനയുള്ളവരാണ്. ക്രിസ്തുമതമാണ് ഇവർക്കിടയിൽ ഏറ്റവും സജീവമായി നിലനിൽക്കുന്നത്. 98 % നിക്കോബാരികളും ക്രിസ്ത്യൻ മതക്കാരാണെന്നാണ് കണക്കാക്കുന്നത്. രണ്ടു ശതമാനം പേർ ഇസ്‍ലാം മതക്കാരാണ്. ഗുജറാത്ത് , മിനിക്കോയ് എന്നിവിടങ്ങളിൽനിന്ന് വ്യാപാരികളായി വന്നവർ തദ്ദേശീയരെ വിവാഹം ചെയ്തു. അവരുടെ പിന്മുറക്കാരാണ് നിക്കോബാരി മുസ്‍ലിംകൾ. അവരും തുഹറ്റിന്റെ ഭാഗം തന്നെയാണ്.

പരമ്പരാഗതമായി നിക്കോബാരികളുടെ വിവാഹപ്രായം ആൺകുട്ടികൾക്ക് 22- ഉം പെൺകുട്ടികൾക്ക് 16 വയസ്സുമാണ്. പ്രേമവിവാഹമാണ് കൂടുതൽ. വിവാഹത്തിന് തുഹറ്റ് തലവന്റെയും മാതാപിതാക്കളുടെയും അനുമതി വേണം. പരമ്പരാഗത വിവാഹത്തിന് വിപുലമായ ചടങ്ങുകളൊന്നുമില്ല. സമൂഹസദ്യ നിർബന്ധം. ചൗറ ക്കാർക്കിടയിൽ വിവാഹമുറപ്പിക്കുമ്പോൾ വധുവിനോ വരനോ സ്വന്തമായി മൂന്നു പന്നിയെങ്കിലും വേണമെന്ന നിബന്ധനയുണ്ട്. ഇത് രക്ഷിതാക്കളിൽ നിന്നോ തുഹറ്റ് തലവനിൽനിന്നോ ലഭിക്കുകയാണ് പതിവ്. വധുവിലയായി സമ്മാനങ്ങൾ നൽകുന്ന രീതി ചൗറ, തെരേസ്സ ദ്വീപുകളിലുണ്ട്. മുസ്‍ലിം നിക്കോബാരികൾക്കിടയിലും മെഹർ സമ്പ്രദായമുണ്ട്. തുണിത്തരങ്ങൾ, വെള്ളി സാധനങ്ങൾ, പന്നി / കോഴി തുടങ്ങിയവയാണ് മെഹർ. വധു വരന്റെ വീട്ടിൽ താമസിക്കുകയാണ് നാട്ടുനടപ്പ്. അപൂർവമായി തിരിച്ചുമുണ്ട്. മതവിശ്വാസികളായതോടെ വിവാഹം മതപരമായി മാറിയിട്ടുണ്ട്. വിവാഹമോചനം സാധാരണമായിരുന്നെങ്കിലും മതവിശ്വാസികളായതോടെ ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. വിവാഹം എപ്പോഴും ദ്വീപിലുള്ളവർ തമ്മിലായിരിക്കും. മറ്റു ദ്വീപുകളിൽ നിന്നുള്ള വിവാഹങ്ങളില്ല. നിക്കോബാരികളല്ലാത്തവരുമായുമുള്ള വിവാഹങ്ങളുണ്ട്. ഇതൊക്കെ സുനാമി പൂർവ കാലത്തെ അവസ്ഥയാണ്.

ഇക്കൂട്ടരുടെ സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ ജീവിതത്തെയും വൈവിധ്യത്തെയും പൂർണമായി സുനാമി തകർത്തെറിഞ്ഞു. അതുകൊണ്ടുതന്നെ സുനാമിക്കുശേഷമുള്ള പുനരധിവാസ അവസ്ഥ എന്തെന്നു മാത്രം പറഞ്ഞാൽ നിക്കോബാരികൾ നൂറ്റാണ്ടുകളിലൂടെ ആർജിച്ചെടുത്ത സ്വത്വത്തിന്റെ ചിത്രം വ്യക്തമാവില്ല. സുനാമിക്കു മുമ്പുള്ള നിക്കോബാരി സംസ്കൃതിയെ അറിയുകയും അതിന് സുനാമിയോടെ എന്ത് സംഭവിച്ചുവെന്നറിയുകയും ചെയ്യുമ്പോഴാണ് നിക്കോബാരികളുടെ യഥാർത്ഥ ചിത്രം മനസിലാക്കാൻ കഴിയുക.

തീരദേശവാസികളാണ് നിക്കോബാരികൾ. എല്ലാ ദ്വീപുകളിലും തീരമുള്ള ഭാഗത്താണ് കൂടുതലായി ഇവരുടെ ജനവാസം. വില്ലേജുകളായി പിരിഞ്ഞുള്ള ആവാസഘടനയാണിവർക്ക്. വില്ലേജ് അതിർത്തികൾ സാങ്കല്പികമാണ്. വിഭവസമാഹരണം അതാത് വില്ലേജ് അതിർത്തിക്കുള്ളിൽ പരിമിതപ്പെടുത്താനുള്ള ആർജവം കാലാകാലങ്ങളായി ഇവർ പാലിക്കുന്നു. അതുകൊണ്ടുതന്നെ അതിർത്തിവഴക്ക് സാധാരണമല്ല.

സുനാമിക്കുശേഷം അണുകുടുംബവ്യവസ്ഥ നിലവിൽവന്നു. നഷ്ടപരിഹാരത്തിനും വീടിനും വേണ്ടി അത് നിർബന്ധമായി. കൂട്ടുകുടുംബഘടനയുടെ നാശത്തിനിടയാക്കിയത് പുനരധിവാസ പദ്ധതിയായിരുന്നു.

കാർനിക്കോബാറിൽ 15 വില്ലേജുണ്ട്. കാക്കാന, കിമിയോസ് വില്ലേജുകൾ ദക്ഷിണ പൂർവതീരത്തും അറോങ് വില്ലേജ് പടിഞ്ഞാറെ തീരത്തും ടി ടോപ്, സവായ് വില്ലേജുകൾ വടക്കൻ തീരത്തും മുസ്, കിൻമൈ, മലപ്പാടി, ബിഗ് ലപാതി (ജയന്തി) തപോയ്മിങ്, ചുക് ചുച്ച, കിന്യുക, തമാലു, പെർക, മലാക്ക വില്ലേജുകൾ കിഴക്കൻ തീരത്തുമാണ്. ഇതേ ഘടന തന്നെയാണ് പൊതുവിൽ നിക്കോബാർ ദ്വീപുകളിൽ. തീരം മുതൽ കാടു വരെയുള്ള പ്രദേശം ഓരോ വില്ലേജിനുമുണ്ട്. ഒരേ വില്ലേജിൽ താമസിക്കുന്നവർ ചാർച്ചക്കാരായിരിക്കും. പൊതുവായി വില്ലേജ് നിവാസികൾക്കായി വിശാലമായ മുറിയുള്ള ഒരു വലിയ കെട്ടിടമുണ്ടാകും. ഇതെപ്പോഴും തീരത്തിലായിരിക്കും നിർമിക്കുക. ഇതിനെ ‘എൽപാനം’ എന്നാണ് അവർ പറയുക. കടൽത്തീരവും ഇതേ പേരിലാണറിയപ്പെടുന്നത്. തീരത്തിലേക്കു കടന്നാൽ ഒരു കുലത്തിൽപ്പെട്ടവരുടെ വീടുകളാണ്. ഇതിനെ തുഹറ്റ് എന്നു പറയും. അതുകഴിഞ്ഞാൽ തോട്ടം. അതാണ് തുലോങ്. അതിനപ്പുറം കാട്, ചില വീടുകൾ അവിടെയും കാണാം. ഓരോ വില്ലേജിനും ഓരോ പേരുണ്ടാകും. തുഹറ്റുകൾ അവരുടെ സൂക്ഷ്മസ്വത്വവും വില്ലേജ് പേരുകൾ പ്രാദേശിക ആഭ്യന്തര സ്വത്വവും പ്രകാശിപ്പിക്കുന്നു. സുനാമിക്കുശേഷം വില്ലേജുകളിൽ വലിയ കുറവു വന്നിട്ടുണ്ട്. ഗ്രേറ്റ് നിക്കോബാറിൽ സുനാമിക്കുമുമ്പ് 24 വില്ലേജുണ്ടായിരുന്നു. ഇപ്പോൾ അത് മൂന്നായി ചുരുങ്ങി. ലിറ്റിൽ നിക്കോബാറിൽ 17 ൽ നിന്ന് 5 ആയി. എല്ലാ ദ്വീപുകളിലും വില്ലേജുകളുടെ എണ്ണം കുറഞ്ഞു.

കാർനിക്കോബാറിലെ ഓരോ വില്ലേജിലും നാലുതരം വീടുകളുണ്ടാകും. മാപടി തുഹറ്റ് എന്നറിയപ്പെടുന്നത് വലിയ പൊതുവീടാണ്. സാമൂഹികഘടനയുടെ കേന്ദ്രം തുഹറ്റാണ്. കൂട്ടുകുടുംബ വ്യവസ്ഥിതിയാണ് പൊതുവിൽ നിക്കോബാരികളുടേത്. ഒരേ വംശാവലിയിലുള്ളവർ ഒരിടത്തു പാർക്കും. പരസ്പര സഹകരണാടിസ്ഥാനത്തിലുള്ള സാമൂഹിക- സാമ്പത്തികക്രമം പാലിക്കുന്നു. ഒരുതരത്തിൽ തറവാടിനു തുല്യമാണ് തുഹറ്റ് എന്നു പറയാം. തുഹറ്റിലെ അംഗങ്ങൾക്കാർക്കും സ്വകാര്യസ്വത്തവകാശമില്ല. ഭൂമിയുടെ ഉടമസ്ഥത തുഹറ്റിനാണ്.

തുഹറ്റിന്റെ പൊതുവീടായ ഗോൾ ഘർ തീരത്താണ്. വട്ടവീടാണിത്. ഇവിടെവെച്ചാണ് പൊതുവായ തീരുമാനങ്ങളെടുക്കുന്നതും സുഹൃത് സംഗമം നടക്കുന്നതും. ആഘോഷങ്ങൾ, പ്രത്യേകിച്ച് പന്നികളുമായുള്ള പോരാട്ട മത്സരം (കന്ഹ ഉൻ), വള്ളംകളി മത്സരം (അസോൾ റൂയി) കോലടി മത്സരം (ഹച്ചുവ), മതപരമായ ചടങ്ങുകൾ, ഗ്രാമ ഉത്സവങ്ങൾ തുടങ്ങിയവ പൊതുയോഗത്തിലൂടെയാണ് തീരുമാനിക്കുന്നത്. അടുക്കള (തലിക്കോ), പ്രസവവീട് (പടിയോങ് നിയോ), ശവവീട് ( പടി കൂപ) എന്നിവയാണ് മറ്റുള്ളവ. പക്ഷേ ചില ദ്വീപുകളിൽ പ്രത്യേകമായി പ്രസവവീട് കാണില്ല. ഇതെല്ലം ഒരേ ആകൃതിയിലോ വലിപ്പത്തിലോ ഉള്ളവയല്ല. പൊതുവിൽ വട്ടവീടായോ ദീർഘചതുരാകൃതിയിലോ ആയിരിക്കും. തൂണുകൾ നിർത്തി തറയിൽനിന്ന് ഏഴടി പൊക്കത്തിലാണ് വീടു നിർമാണം. പ്രാദേശികമായി ലഭിക്കുന്ന തടി, മുള, ചൂരൽ, പുല്ല് എന്നിവ ഉപയോഗിച്ചാണ് വീടുകൾ നിർമിക്കുന്നത്. വീടുകളുടെ താഴെയുള്ള സ്ഥലത്തെ പല ആവശ്യങ്ങൾക്കും ഉപയോഗിക്കും. തനത് വീടുനിർമാണരീതി നിക്കോബാരികളുടെ സവിശേഷതയായിരുന്നു. ഇതുമായൊന്നും ഒരു ബന്ധവുമില്ലാത്ത രീതിയിലാണ് പുനരധിവാസ വില്ലേജുകൾക്ക് രൂപം നൽകിയിരിക്കുന്നത്. പരിസ്ഥിയോടിണങ്ങിനിന്ന പരമ്പരാഗത ജ്ഞാനവ്യവസ്ഥയാണ് ഇതിലൂടെ നഷ്ടമായത്. ചുറ്റിലും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണസംസ്‌കാരം ഇറക്കുമതി സാധനങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ പുനരധിവാസ പദ്ധതിവീടുകൾ ഇല്ലാതാക്കി.

നിക്കോബാറിൽ തീരം മുതൽ കാടു വരെയുള്ള പ്രദേശം ഓരോ വില്ലേജിനുമുണ്ട്. ഒരേ വില്ലേജിൽ  താമസിക്കുന്നവർ ചാർച്ചക്കാരായിരിക്കും.
നിക്കോബാറിൽ തീരം മുതൽ കാടു വരെയുള്ള പ്രദേശം ഓരോ വില്ലേജിനുമുണ്ട്. ഒരേ വില്ലേജിൽ താമസിക്കുന്നവർ ചാർച്ചക്കാരായിരിക്കും.

കാർനിക്കോബാറിലെ പൈതൃക വില്ലേജായ സേത്തിയിൽ (മൂസ്) പരമ്പരാഗതമായി കെ എൽ കക് , അയൻ തോ, അഫുയിങ് എന്നീ മൂന്നു തുഹറ്റുകൾ ആദ്യമുണ്ടായിരുന്നു. ജനസംഖ്യാ വർദ്ധനവ് കാരണം കുറച്ചുപേർ മാറി താമസിക്കും. മൂലകുടുംബമായ തുഹറ്റിൽ നിന്ന് പിരിയുന്ന ഉപവിഭാഗങ്ങളെ കിനേം അഥവാ മി റൂറ്റൊ എന്നാണു പറയുക. കാർനിക്കോബാർ, ചൗറ, കച്ചാൽ എന്നിവിടങ്ങളിൽ തുഹറ്റ് സമ്പ്രദായം മുഖ്യമാണ്. തുഹറ്റിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങൾക്കും സമാനാവകാശങ്ങളാണുള്ളത്. ആരെങ്കിലും പൊതുനിയമങ്ങളിൽ വീഴ്ചവരുത്തിയാൽ ശിക്ഷയായി തുഹറ്റ് സമൂഹസദ്യ നടത്തണം. നിക്കോബാരികളുടെ സാമൂഹികഘടനയിൽ നിർണായക സ്ഥാനം തുഹറ്ററിനുണ്ട്. അവരുടെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ ജീവിതം നിയന്ത്രിക്കുന്നത് തുഹറ്റാണ്. ആഭ്യന്തരമായ എല്ലാ തർക്കങ്ങൾക്കും പരിഹാരം നിർദേശിക്കുന്നതും തുഹറ്റ് തന്നെ.

സാമൂഹ്യ കൂട്ടായ്മകൾ ഇല്ലാതായതോടെ ജനനമരണ ചടങ്ങുകളും വാർഷികാഘോഷങ്ങളും നിലച്ചു. പുതിയ വീടിന്റെ സ്ഥലപരിമിതിമൂലം കൂട്ടായ്മകൾക്കിടമില്ലാതായി.

സുനാമിക്കുശേഷം തുഹറ്റ് ഘടന പൊളിഞ്ഞു. അണുകുടുംബവ്യവസ്ഥ നിലവിൽവന്നു. നഷ്ടപരിഹാരത്തിനും വീടിനും വേണ്ടി അത് നിർബന്ധമായി. കൂട്ടുകുടുംബഘടനയുടെ നാശത്തിനിടയാക്കിയത് പുനരധിവാസ പദ്ധതിയായിരുന്നു. കൊപ്ര വ്യവസായം ഇല്ലാതായി. തുഹറ്റ് പൊതുമുതൽ എന്ന സങ്കല്പത്തിന് അയവു വന്നു. തുഹറ്റ് ഘടനയിൽ വിഭവവിതരണത്തിൽ സമത്വമുണ്ടായിരുന്നു. പരമ്പരാഗതമായ നാട്ടുനടപ്പിലധിഷ്ഠിതമായ ഭരണക്രമമായിരുന്നു ഇത്. സുനാമി കാരണം സമൂഹത്തിൽ നിലനിന്നിരുന്ന പങ്കാളിത്ത സഹകരണ വ്യവസ്ഥയ്ക്ക് അന്ത്യമായി. തുഹറ്റ് ഘടനയ്ക്ക് അപചയം വന്നതോടെ പരമ്പരാഗതമായി പാലിച്ചുവന്ന നിയമവ്യവസ്ഥയും ഇല്ലാതായി. പുതിയ ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ടു. മോഷണം ഉൾപ്പടെയുള്ളവ വർധിച്ചു. സ്വകാര്യസ്വത്ത് സങ്കല്പം വ്യാപകമായി. ഉവാ യെവ് എന്ന് ചൗറക്കാരും കോമുൻ സിയോ എന്ന് മധ്യ നിക്കോബാർ വാസികളും കോന്യ എന്ന് തെക്കൻ നിക്കോബാറുകാരും പുതുതായി രൂപം കൊണ്ട അണുകുടുംബ വ്യവസ്ഥക്കു പേരും നൽകി. പഴയ രീതിയിലുള്ള വില്ലേജ് / ദ്വീപ് കൗൺിസിലോ ഒന്നും പഴയ തരത്തിൽ ഇപ്പോഴില്ല. അനുഭവസമ്പത്തു കുറഞ്ഞ യുവാക്കൾ തലവന്മാരായി. ചൗറയിലൊഴിച്ച് തുഹറ്റ് അടിസ്ഥാനത്തിലുള്ള വിഭവനിയന്ത്രണവും വിതരണവും മറ്റിടങ്ങളിൽ ഇല്ലാതായി. അണുകുടുംബവ്യവസ്ഥാപതിവുകൾ പ്രാബല്യത്തിലായി.

സാമൂഹ്യ കൂട്ടായ്മകൾ ഇല്ലാതായതോടെ ജനനമരണ ചടങ്ങുകളും വാർഷികാഘോഷങ്ങളും നിലച്ചു. പുതിയ വീടിന്റെ സ്ഥലപരിമിതിമൂലം കൂട്ടായ്മകൾക്കിടമില്ലാതായി. പണ്ട് തുഹറ്റ് ഐക്യവും (കൗൻകുവ) വില്ലേജ് ഐക്യവും (ഹെനെഗ്നോവ്) ഉണ്ടായിരുന്നതുകൊണ്ട് ആഘോഷങ്ങൾ സമ്പന്നമായിരുന്നു. എല്ലാറ്റിലും സാമൂഹിക പങ്കാളിത്തം നിലനിന്നിരുന്നു. അണുകുടുംബഘടന വന്നതോടെ സാംസ്കാരികമായി അവർ ദരിദ്രരായി. ക്രിസ്തുമതത്തിലൂടെ ആധുനികത കടന്നുവന്നപ്പോഴും അവർ അതിനെ തനത് സംസ്കാരത്തിലേക്ക് വിളക്കിച്ചേർത്താണ് നിലനിർത്തിയത്. പാരമ്പര്യത്തെ ഉൾക്കൊള്ളുകയും നിലനിർത്തുകയും ചെയ്തുവന്ന അവർക്ക് സുനാമിക്കുശേഷം പാരമ്പര്യത്തിൽ നിന്ന് അന്യവൽക്കരണം ശക്തമായി.

സുനാമിക്കുശേഷം നിക്കോബാർ ദ്വീപുകളിലെ ജനസംഖ്യ ഇടിഞ്ഞു. 2011-ലെ സെൻസസ് പ്രകാരം പൊതു ജനസംഖ്യ 36,842 ആണ്. അതായത് 2001- നെക്കാൾ 5226 പേരുടെ കുറവ്. Photo / The Hindu
സുനാമിക്കുശേഷം നിക്കോബാർ ദ്വീപുകളിലെ ജനസംഖ്യ ഇടിഞ്ഞു. 2011-ലെ സെൻസസ് പ്രകാരം പൊതു ജനസംഖ്യ 36,842 ആണ്. അതായത് 2001- നെക്കാൾ 5226 പേരുടെ കുറവ്. Photo / The Hindu

അറിവും അനുഭവസമ്പത്തും ഉള്ളവരിലധികം പേരേയും സുനാമിയെടുത്തു. പരമ്പരാഗത തൊഴിൽ നൈപുണിയുള്ളവരും കുറഞ്ഞു. നേതൃത്വം യുവാക്കളിലേക്കെത്തിയതോടെ ഭരണകൂടത്തിന്റെ താല്പര്യമനുസരിച്ച് പ്രവർത്തിക്കുന്നവരായി. സുനാമിക്കുശേഷം വ്യക്തി പ്രധാനമായി. ആനുകൂല്യങ്ങളൊക്കെ വ്യക്തികേന്ദ്രിതമായി. മോട്ടോർ ബോട്ട്, വല ഇതൊക്കെ വ്യക്തികൾക്കാണ് അനുവദിച്ചത്. അതുകൊണ്ട് പുതുതലമുറ സാമഹ്യസുരക്ഷക്കായി മുൻകാലങ്ങളിൽ പാലിച്ചിരുന്ന നിയമങ്ങൾ ലംഘിക്കാൻ ആരംഭിച്ചു. പഴമയെ ധിക്കരിക്കുന്ന പ്രവണത സാർവത്രികമായി.

ജനസംഖ്യാ ശോഷണം

സുനാമിക്കുശേഷം നിക്കോബാർ ദ്വീപുകളിലെ ജനസംഖ്യ ഇടിഞ്ഞു. പൊതുജനസംഖ്യ 2001-ലെ സെൻസസ് പ്രകാരം 42,068 ആയിരുന്നു. സുനാമിയിൽ 3449 പേർ മരിച്ചു. അതിൽ നിക്കോബാരികൾ മാത്രം 2955. എന്നാൽ 2011-ലെ സെൻസസ് പ്രകാരം പൊതു ജനസംഖ്യ 36,842 ആണ്. അതായത് 2001- നെക്കാൾ 5226 പേരുടെ കുറവ്. ഒരു ദശാബ്ദത്തിനുള്ളിൽ ജനസംഖ്യയിൽ വളർച്ചയല്ല, പകരം തളർച്ചയാണ്. ഈ കുറവിനു കാരണം സുനാമിയാണെന്നതിൽ സംശയമില്ല. കടലെടുത്തുകൊണ്ടുപോയ പലരുടെയും കണക്ക് മരണസംഖ്യയിൽ പ്രതിഫലിച്ചില്ല എന്നുതന്നെ മനസിലാക്കാം.

ഉപജീവന പ്രതിസന്ധി

നിക്കോബാരികൾ തോട്ടകൃഷിക്കാരാണ്. കൊപ്ര, എണ്ണ നിർമാണം, പന്നിവളർത്തൽ, മത്സ്യബന്ധനം, കടൽത്തീര വിഭവശേഖരണം, നായാട്ട് എന്നിവയാണ് പാരമ്പരാഗത ഉപജീവനമാർഗങ്ങൾ. ദ്വീപ് പരിസ്ഥിതിക്കനുയോജ്യമായ ജീവിത രീതിയാണ് അവർ സുനാമിക്കുമുമ്പുവരെ പിന്തുടർന്നിരുന്നത്. പരമ്പരാഗതമായി നിക്കോബാരികളുടെ ആഹാര സംസ്കാരം പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചുള്ളതാണ്. കൈതച്ചക്ക, ചേമ്പ്, വാഴപ്പഴം, തേങ്ങ, വന്യ ഫലങ്ങൾ, പന്നി, കോഴി തുടങ്ങിയ ഇറച്ചിയിനങ്ങൾ, മീനുകൾ, ഞണ്ട്, ഷെൽ വിഭവങ്ങൾ തുടങ്ങിയവയാണ് അവരുടെ തനത് ഭക്ഷണവിഭവങ്ങൾ. മുസ്‍ലിം നിക്കോബാരികൾ മതപരമായ വിലക്കുകാരണം പന്നിയിറച്ചി കഴിക്കില്ല. ഭക്ഷ്യയോഗ്യമായ കൈതച്ചക്ക ചൗറ ദ്വീപിലില്ല. കൈതോലയിൽ പൊതിഞ്ഞ ബീഡിയുണ്ടാക്കി ഉപയോഗിക്കാറുണ്ട്. മുറുക്കാൻ ഇഷ്ടപ്പെടുന്നവരാണ്. തെങ്ങിൻ കള്ള് ചെത്തി കുടിക്കും. മധ്യനിക്കോബാർ ദ്വീപുകളിൽ ഗർഭിണികൾക്ക് പ്രസവത്തിനുമുമ്പ് മീൻ കഴിക്കുന്നതിൽ വിലക്കുണ്ട്. പ്രസവാനന്തരം കഴിക്കാം.

സുനാമിക്കുമുമ്പ് പരമ്പരാഗത തോട്ടക്കൃഷി, പന്നിവളർത്തൽ, കോഴിവളർത്തൽ, മൽസ്യബന്ധനം, മത്സ്യേതര കടൽവിഭവ വനവിഭവ സംഭരണം,നായാട്ട് ഇങ്ങനെ വ്യത്യസ്ത ഉപജീവനമാർഗങ്ങൾ കാലാവസ്ഥക്കനുസരിച്ചു ആസൂത്രണം ചെയ്താണ് അവർ ജീവിച്ചിരുന്നത്. സുനാമിക്കുശേഷം സർക്കാർറേഷനെ ആശ്രയിച്ചു ജീവിക്കേണ്ടിവന്നു.

കാർനിക്കോബാരികളുടെ ഇടയിൽ പ്രസവാനന്തരം മീൻ കഴിക്കുന്നത് കുറച്ചുകാലത്തേക്കു വിലക്കുണ്ട്. ഗർഭകാലത്ത് വിലക്കില്ല. നാൻ കൗറിയിൽ പ്രസവാനന്തരം സ്ത്രീകളുടെ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കേണ്ട ചുമതല ഭർത്താവിനാണ്. ഗർഭം, പ്രസവം എന്നിവയുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കും പുരുഷന്മാർക്കും ഭക്ഷണവിലക്കുണ്ട്. ഗർഭസ്ഥ ശിശുവിന് ആരോഗ്യം ലഭിക്കാൻ പന്നിരക്തം ഗർഭിണിയുടെ വയറ്റിൽ പൂശുക, മധ്യ നിക്കോബർ ദ്വീപുകളിലുള്ളവരുടെ ഇടയിൽ വവ്വാലിനെ കൊല്ലുകയോ ഒക്ടോപ്സിനെ പിടിക്കുകയോ ചെയ്താൽ പ്രസവം താമസിക്കും എന്നിങ്ങനെയുള്ള വിശ്വാസങ്ങൾ ഇവർക്കിടയിലുണ്ട്. ലിറ്റിൽ നിക്കോബാറിലെ ഗർഭിണികൾ ചില പച്ചമരുന്നുകൾ എപ്പോഴും കരുതും. അത് കൂടെയുണ്ടെങ്കിൽ ഗർഭസ്ഥ ശിശുവിന് അപകടം വരില്ലെന്നാണ്‌വിശ്വാസം.

തെങ്ങിൻ കള്ള് എല്ലാ വില്ലേജിലും ലഭ്യമാണ്. കള്ളുപയോഗം സമൂഹം അംഗീകരിക്കുന്നുണ്ട്. കട്ടൻ ചായയും കരിക്കിൻ വെള്ളവും കുടിക്കും. പാലിനോട് അത്ര താല്പര്യമില്ല. ഇറച്ചിയും മദ്യവും എല്ലാ ആഘോഷങ്ങളുടെയും ഭാഗമാണ്. ബർമീസ്- ചൈനീസ്- മലയ വിദേശികളുമായുള്ള ഇടപെടൽ ആഹാരശീലങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. അരി നിക്കോബാറിൽ കൊണ്ടുവന്നത് ബർമക്കാരാണ് അതും ജപ്പാൻ അധിനിവേശത്തിനുമുമ്പ്. പച്ചക്കറിയും പഴങ്ങളും ആഹാരത്തിന്റെ ഭാഗമാണ്. ദ്വീപ് പരിസ്ഥിതിക്കധിഷ്ഠിതമായി ഉപജീവനവൃത്തിയിലേർപ്പെട്ട് സ്വസ്ഥമായി കഴിഞ്ഞിരുന്ന നിക്കോബാരി ജനതയുടെ ജീവിതം പൂർണമായും വിച്ഛേദിക്കപ്പെട്ടത് 2004-ലെ സുനാമിയോടെയാണ്. എല്ലാ നിക്കോബാർ ദ്വീപുകളെയും സുനാമി ബാധിച്ചു. ചൗറ, ട്രിങ്കറ്റ്, ലിറ്റിൽ നിക്കോബാർ, കൊണ്ടുൽ, പിലോമിലോ ബാംബുക എന്നിവിടങ്ങളിൽ നിന്ന് ആൾക്കാരെ ഒഴിപ്പിച്ച് താൽക്കാലിക ടിൻ ഷെൽറ്ററുകളിൽ പാർപ്പിച്ചു. വെള്ളപ്പൊക്കം മാറിയതോടെ ആൾക്കാർ ദ്വീപുകളിലേക്കു താമസം മാറി. ആൻഡമാൻ ഭരണകൂടം അവർക്ക് പുതിയ വീടുകൾ നിർമിച്ചു നൽകുന്നതുവരെ താൽക്കാലിക ഷെൽറ്ററുകളിൽ കഴിയാൻ അവരെ നിർബന്ധിച്ചു. ആറേഴു വർഷമെടുത്തു സ്ഥിരം പാർപ്പിട നിർമാണം പൂർത്തിയാക്കി പുനരധിവാസം ഉറപ്പുവരുത്താൻ. ദീർഘമായ താൽക്കാലിക താമസവും സർക്കാർ നൽകുന്ന റേഷൻ ആശ്രയിച്ചുള്ള ജീവിതവും അവരെ സാംസ്കാരികമായ അന്യവൽക്കരിച്ചതോടൊപ്പം കടക്കെണിയിലുമാക്കി. പുനരധിവാസം നടന്നെങ്കിലും സുനാമി കാരണം തോട്ടക്കൃഷി പൂർണമായും നശിച്ചതുകൊണ്ടും തീരപരിസ്ഥിതി മാറിയതുകൊണ്ടും ഉപജീവനപ്രതിസന്ധി രൂക്ഷമായി. കൃഷിക്കും പന്നിവളർത്തലിനും സ്ഥലമില്ലാത്ത അവസ്ഥയും.

നിക്കോബാരികൾ തോട്ടകൃഷിക്കാരാണ്. കൊപ്ര, എണ്ണ നിർമാണം, പന്നിവളർത്തൽ, മത്സ്യബന്ധനം, കടൽത്തീര വിഭവശേഖരണം, നായാട്ട് എന്നിവയാണ് പാരമ്പരാഗത ഉപജീവനമാർഗങ്ങൾ. Photo / Anthropological survey of india
നിക്കോബാരികൾ തോട്ടകൃഷിക്കാരാണ്. കൊപ്ര, എണ്ണ നിർമാണം, പന്നിവളർത്തൽ, മത്സ്യബന്ധനം, കടൽത്തീര വിഭവശേഖരണം, നായാട്ട് എന്നിവയാണ് പാരമ്പരാഗത ഉപജീവനമാർഗങ്ങൾ. Photo / Anthropological survey of india

പ്രകൃതിവിഭവങ്ങളുടെ സമാഹരണത്തിനും വിതരണത്തിനും പരമ്പരാഗത വ്യവസ്ഥയുണ്ട്. വ്യക്തികളുടെ ഇഷ്ടപ്രകാരമല്ല, വില്ലേജ് കൗൺസിലോ തുഹറ്റ് തലവനോ ആണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്. ഉദാഹരണമായി എല്ലാവരും ചൂട്ടുകെട്ടുകളുമായി പോയി രാത്രി മീൻപിടുത്തം (ഹച്ചുവ) നടത്തുക സാമൂഹിക ഒരുമയെന്ന നിലയ്ക്കാണ്. ഞണ്ടു പിടുത്തം (അസൂക് കാനങ്), തീര മത്സ്യബന്ധനം (കറ്റോം കാനങ് ), വന്യഫല ശേഖരണം (പായ്ഹ്) എന്നിവയൊക്കെ ഇത്തരം ഉത്സവങ്ങളാണ്. അനുവാദമില്ലാതെ ആരും ഒറ്റയ്ക്ക് വിഭവസമാഹരണം നടത്താൻ പാടില്ല. പൊതുവാണ് ഇത്തരം വിഭവങ്ങൾ. കാലാവസ്ഥ അനുസരിച്ചുള്ള വിഭവശേഖരണ കലണ്ടറുണ്ട്, കൃത്യമായ പാരിസ്ഥികാധിഷ്ഠിത സാമ്പത്തിക ആസൂത്രണവും അനുബന്ധ ആഘോഷങ്ങളും അവർക്കിടയിൽ പരമ്പരാഗതമായി നിലനിന്നിരുന്നു. ലിംഗവിവേചനം നിക്കോബാരികൾക്കിടയിൽ ശക്തമല്ല.

പുരുഷന്മാരായിരിക്കും തുഹറ്റ് തലവൻ, ചിലപ്പോൾ സ്ത്രീകളും. തെങ്ങുകയറ്റം, കള്ളുചെത്ത് ഉൾപ്പടെയുള്ള എല്ലാ തൊഴിലിലും സ്ത്രീ-പുരുഷ ഭേദമന്യേ പങ്കെടുക്കും. വളർത്തുമൃഗങ്ങളോട് സ്നേഹമുള്ള ജനതയാണിവർ. രാവിലെ തന്നെ തേങ്ങ പൊട്ടിച്ച് പന്നികളെ തീറ്റും. തേറ്റയുള്ള കാട്ടുപന്നികൾ പോലും സ്ഥിരമായി തീറ്റകൊടുക്കുന്ന ഉടമസ്ഥനെ കണ്ടാലേ പുറത്തുവരൂ. വലിയ ജീവിതസംഘർഷമൊന്നും ഏറ്റെടുത്ത്, അസ്തിത്വദുഃഖവും പേറി നടക്കുന്നവരല്ല. ഫലിതപ്രിയരാണ്. സംഗീതവും നൃത്തവും ആവോളം ആസ്വദിച്ചു ജീവിക്കുന്നവരാണ്. സ്ത്രീകൾ പുരുഷന്മാരെക്കാളും അധ്വാനശീലരാണ്.

പുനരധിവാസപദ്ധതി പുറത്തുള്ളവർക്ക് അവരുടെ ജീവിതത്തിൽ ഇടപെടാൻ അവസരമൊരുക്കി. പണ്ട് അത്തരം ഇടപെടലുകൾക്ക് ഇടമുണ്ടായിരുന്നില്ല. ഇപ്പോൾ നായാട്ടിന് പരിമിതിവന്നു. അവരുടെ സാംസ്കാരിക പ്രവർത്തനമെല്ലാം മരവിച്ചു. അവർ പരാശ്രിതരായി തീർന്നു.

സുനാമിക്കുശേഷമെടുത്ത കണക്കുകൾ പ്രകാരം 6.115 ഹെക്ടർ തോട്ടവും 1,26,056 വളർത്തുമൃഗങ്ങളും നഷ്ടമായെന്നാണ് കാണുന്നത്. തെങ്ങും കമുകുമൊക്കെ ഒഴുകിപ്പോയതുമാത്രമല്ല, ഉപ്പുവെള്ളം കെട്ടിക്കിടന്നതുകാരണം പച്ചപ്പെല്ലാം നശിച്ചു. മലേറിയയുടെ തോതുയർത്തി. അവശിഷ്ടങ്ങൾ വന്നടിഞ്ഞ് തീരപരിസ്ഥിതിക്കു വൻനാശം വിതച്ചു. കണ്ടൽക്കാടുകളുടെ നാശം കാച്ചലിൽ 69 %, നാൻ കൗറിയിൽ 100 %, ട്രിങ്കറ്റിൽ 68 % വീതമായിരുന്നു. ഈ നഷ്ടം തീരാശ്രിത ഉപജീവനം ഇല്ലാതാക്കി. കോറൽ റീഫുകളുടെയും മൽസ്യസമ്പത്തിന്റെയും നാശമാണ് ഉപജീവന പ്രതിസന്ധിക്കു കാരണമായത്. സുനാമിക്കുമുമ്പ് പരമ്പരാഗത തോട്ടക്കൃഷി, പന്നിവളർത്തൽ, കോഴിവളർത്തൽ, മൽസ്യബന്ധനം, മത്സ്യേതര കടൽവിഭവ വനവിഭവ സംഭരണം,നായാട്ട് ഇങ്ങനെ വ്യത്യസ്ത ഉപജീവനമാർഗങ്ങൾ കാലാവസ്ഥക്കനുസരിച്ചു ആസൂത്രണം ചെയ്താണ് അവർ ജീവിച്ചിരുന്നത്. സുനാമിക്കുശേഷം സർക്കാർറേഷനെ ആശ്രയിച്ചു ജീവിക്കേണ്ടിവന്നു. വളർത്തുമൃഗങ്ങളില്ല. തോട്ടനിർമാണം നടക്കുന്നില്ല. തീരത്തുനിന്ന് ശേഖരിച്ചിരുന്ന വിഭവങ്ങളൊന്നും ലഭ്യമല്ല. കൃഷിക്കനുയോജ്യമായ ഭൂമി കുറഞ്ഞു. ഇതെല്ലാം മൂലം നൂറ്റാണ്ടുകളായി പിന്തുടർന്നുവന്ന പാരിസ്ഥികാശ്രിത ജീവിതക്രമം അസ്തമിച്ചു. സർക്കാർ സ്കീമുകളെ ആശ്രയിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന അഭയാർഥികളായി മാറി.

മധ്യനിക്കോബാർ ദ്വീപുകളിലും കാർനിക്കോബാറിലും ഉൾപ്രദേശങ്ങളിൽ ചില തോട്ടങ്ങൾ അവശേഷിച്ചു. തെക്കൻ ദ്വീപുകളിൽ പഴയതൊന്നും അവശേഷിക്കാത്തതുകാരണം പുതിയ കോളനി ജീവിതം പുതിയ സാഹചര്യമായി. സുനാമി മായ്ച്ചുകളഞ്ഞത് അവരുടെ ഉപജീവന മാർഗങ്ങളെ മാത്രമല്ല, അതേക്കുറിച്ചുള്ള പരമ്പരാഗത അറിവുകളെയും കൂടിയാണ്. പുനരധിവാസപദ്ധതി പുറത്തുള്ളവർക്ക് അവരുടെ ജീവിതത്തിൽ ഇടപെടാൻ അവസരമൊരുക്കി. പണ്ട് അത്തരം ഇടപെടലുകൾക്ക് ഇടമുണ്ടായിരുന്നില്ല. ഇപ്പോൾ നായാട്ടിന് പരിമിതിവന്നു. അവരുടെ സാംസ്കാരിക പ്രവർത്തനമെല്ലാം മരവിച്ചു. അവർ പരാശ്രിതരായി തീർന്നു.

ആഭ്യന്തര വ്യാപാരം

പല ഉത്പന്നങ്ങളും പ്രാദേശികമാണ്. ചൂരൽ, മുള എന്നിവ ഉപയോഗിച്ചുള്ള ഉല്പന്നങ്ങൾ നിർമിക്കുന്നതിൽ കാർനിക്കോബാരികളുടെ വൈദഗ്ധ്യം മറ്റു ദ്വീപുകാരും അംഗീകരിച്ചിട്ടുണ്ട്. തെരേസ്സക്കാരാണ് ചൗറക്കാർക്ക് മൺപാത്ര നിർമാണത്തിന് കളിമണ്ണ് കൊടുക്കുന്നത്. എല്ലാവർക്കും ലഭ്യമാകാനും പരാതികൾ ഒഴിവാക്കാനും ആവശ്യക്കാർക്ക് ഒരേ അളവിൽ മാത്രമേ കളിമണ്ണ് നൽകൂ. കളിമണ്ണിനു വിലയായി ഭക്ഷ്യവസ്തുക്കൾ കൈമാറും. ചൗറക്കാരുടെ കുത്തക വ്യവസായമാണ് മൺപാത്ര നിർമാണവും വിപണനവും. കലമുണ്ടാക്കുന്നതിനു മുമ്പ് സ്ത്രീകൾ പന്നിയുടെയോ കോഴിയുടെയോ രക്തം ദേഹത്തു തളിക്കും. മൺപാത്രങ്ങൾക്കു കേടുവരാതിരിക്കാനാണിത്. ചുട്ടെടുക്കുന്ന മൺപാത്രങ്ങളിൽ തൊണ്ടിന്റെ ചാറെടുത്തു ചുടാക്കി അതുപയോഗിച്ചു വരകളിട്ടു അലങ്കരിക്കുന്നു.

എല്ലാ ദ്വീപുകളിലും മൺപാത്രം വിതരണം ചെയ്യുന്നത് ചൗറക്കാരാണ്. വള്ളങ്ങൾ നിർമിക്കാനുള്ള അവകാശം മധ്യ -തെക്കൻ ദ്വീപുകാർക്കാണ്. കാർനിക്കോബാർ, ചൗറ, തെരേസ്സ, ബൊംപോക ദ്വീപുവാസികൾക്കു വള്ളമുണ്ടാക്കുന്നതിൽ വിലക്കുണ്ട്. വള്ളമുണ്ടാക്കുന്നതിനനുയോജ്യമായ മരങ്ങൾ ഈ ദ്വീപുകളിൽ ലഭ്യവുമല്ല. എല്ലാ ദ്വീപുകളിലേക്കുമുള്ള ചെറുതും വലുതുമായ വള്ളങ്ങൾ നിർമിച്ചു വിതരണം ചെയ്യുന്നത് മധ്യ -തെക്കൻ നിക്കോബാർ ദ്വീപുകാരാണ്. എല്ലാ ദ്വീപുകാർക്കിടയിലും വള്ളംകളിയുണ്ട്. നിക്കോബാരികളുടെ കായികമികവിനു തെളിവാണിത്. പുകയില കൃഷിക്കാർ ബൊംപോക, തെരേസ്സ ദ്വീപുവാസികളാണ്. മറ്റെല്ലാ ദ്വീപുകാരും ഇവരിൽനിന്നാണ് പുകയില ശേഖരിക്കുന്നത്. ബൊംപോകകാരാണ് ചുണ്ണാമ്പു നിർമാണവും വിതരണവും നടത്തുന്നത്. ആഭ്യന്തര വാണിജ്യം ശക്തമായിരുന്നതിനൊപ്പം കൊപ്രയും എണ്ണയും പാക്കുമൊക്കെ പുറം രാജ്യങ്ങളിലേക്കും കയറ്റി അയക്കുമായിരുന്നു. സുനാമിക്കുശേഷം ഇതെല്ലാം ഓർമയായി മാറി.

സംസ്‌കാരനാശം

നിക്കോബാരികളുടെ ജീവിതത്തിന്റെ സമസ്തമേഖകളും സുനാമി മായ്ച്ചുകളഞ്ഞു. തനത് വൈദ്യപാരമ്പര്യവും മാന്ത്രിക ചികിത്സാരീതികളും ഇവരുടെ സ്വത്വമുദ്രയായിരുന്നു. ഒപ്പം പിതൃ ആരാധനയും. സുനാമി സൃഷ്ടിച്ച സ്വത്വ നാശം ചെറുതല്ല. വികസിച്ച വൈദ്യസംസ്‌കാരമുള്ള ജനതയാണ് നിക്കോബാരികൾ. രോഗ ലക്ഷണങ്ങൾ മനസ്സിലാക്കിയും രോഗിയുടെ വിവരണം കണക്കിലെടുത്തുമാണ് ചികിത്സ നിർണയിക്കുന്നത്. അനുഭവസമ്പത്തുള്ള മുതിർന്ന ആൾക്കാരോ അല്ലെങ്കിൽ മന്ത്രവാദി വൈദ്യന്മാരോ ആയിരിക്കും ചികിത്സ നൽകുന്നത്. രോഗത്തെക്കുറിച്ച് സംശയമുണ്ടാകുന്ന സാഹചര്യത്തിൽ രോഗിയുടെ തലയിണയുടെ അടിയിൽ പച്ചമരുന്നു വയ്ക്കും. രോഗമേതെന്നു സ്വപ്നത്തിൽ തെളിയുമെന്നാണ് വിശ്വാസം. ഇലകൾ, പൂക്കൾ, വേരുകൾ, ഫലങ്ങൾ തുടങ്ങിയ ദ്വീപുപരിസ്ഥിതിയിൽ ലഭ്യമായവയാണ് മരുന്നിനുപയോഗിക്കുന്നത്. പച്ചമരുന്നരച്ചും പല മരുന്നുകൾ മിശ്രണം ചെയ്തും ചിലത് വറുത്തെടുത്തും കുരുതി കൊടുക്കുന്ന പന്നിയുടെയോ കോഴിയുടെയോ രക്തവുമായി പച്ചമരുന്നു ചേർത്തും കഴിക്കുകയോ ശരീരത്തിൽ പുരട്ടുകയോ ആണ് പതിവ്.

രോഗങ്ങൾക്കെല്ലാം തദ്ദേശീയ പേരുകളുണ്ട്. വയറുവേദന, പനി, ചുമ, വയറിളക്കം, ക്ഷയം, ആസ്തമ, വലിവ്, മഞ്ഞപ്പിത്തം, മുറിവ്, ഒടിവ്, ചതവ്, അപസ്മാരം, തലകറക്കം, പല്ലുവേദന, കണ്ണ്- ചെവി വേദന, മന്ത്, ഷണ്ഡത്വം, പാമ്പുകടി, പ്രേതബാധ- എല്ലാറ്റിനും ചികത്സയുണ്ട്. ഗൃഹവൈദ്യത്തിൽ ശമിക്കാത്തവയ്ക്കു പരിഹാരമായാണ് മന്ത്രവാദി വൈദ്യന്മാരെ സമീപിക്കുന്നത്. അവർക്കു ചികിത്സാക്കൂലിയായി മദ്യവും ഭക്ഷണവും നൽകുകയാണ് പതിവ്. മന്ത്രവാദികൾക്ക് പ്രേതബാധ മണത്തു തിരിച്ചറിയാനാവുമെന്നാണ് വിശ്വാസം.

നിക്കോബാരികൾ ഉൾക്കാട്ടിലോ ശവപ്പറമ്പിലോ ദുർമരണം നടന്ന ഇടങ്ങളിലോ ഒറ്റയ്ക്ക് പോകില്ല. പ്രേതഭയമാണ് കാരണം. പ്രേതാവേശം ഉണ്ടായാൽ രോഗി സ്വപ്നത്തിൽ പേടിക്കുക, മറ്റുള്ളവരെ കാണുമ്പോൾ വിറയ്ക്കുക, അവരുടെ പെരുമാറ്റത്തിൽ വ്യതിയാനമുണ്ടാവുക, വിശപ്പില്ലായ്‌മ വരുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് പ്രേതബാധയുമായി ബന്ധപ്പെട്ടുള്ളത്. ഇതിന് മാന്ത്രിക ശുശ്രുഷയാണ് വിധിക്കുന്നത്. മാന്ത്രിക ചരട് കെട്ടുക, മാന്ത്രികവെള്ളം തളിക്കുക, രോഗിയെ പുറത്തിറങ്ങാൻ അനുവദിക്കാതിരിക്കുക, ചിലപ്പോൾ പന്നിബലിയും നടത്തേണ്ടിവരും. ബലി നൽകുന്ന പന്നിയുടെയോ കോഴിയുടെയോ രക്തവും പച്ചമരുന്നുകളും ചേർത്ത മിശ്രിതം ശരീരത്തിൽ പുരട്ടും. മന്ത്രവാദിയാണ് ഇത്തരം ചികിത്സ നടത്തുന്നത്. ബാധയൊഴിഞ്ഞ് രോഗം ഭേദമാകുമെന്നാണ് നിക്കോബാരികൾ വിശ്വസിക്കുന്നത്.

എല്ലയിടത്തും പ്രേതപിശാചുക്കളുണ്ട് എന്നാണ് വിശ്വാസം. അത് നിഴലാണ്. ആരു മരിച്ചാലും അവരൊക്കെ പ്രേതങ്ങളായി മാറുമെന്നാണ് വിശ്വാസം. ആ പ്രേതങ്ങൾ മനുഷ്യരൂപം മാത്രമല്ല, ജന്തുക്കളുടെയും രൂപമെടുക്കും. ചില ആത്മാക്കൾ സഹായിക്കുന്നവരും ചിലത് ഉപദ്രവകാരികളുമാണ്. രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന പ്രേതാത്മാക്കളുണ്ടെന്നു തന്നെയാണവർ വിശ്വസിക്കുന്നത്. ആരെങ്കിലും മരിച്ചുപോയ ആളെ സ്വപ്‌നം കണ്ടാൽ അയാൾക്ക്‌ താമസിയാതെ രോഗം ബാധിക്കുമെന്നാണ് വിശ്വാസം. കുറ്റം ചെയ്യുന്നവരെയാണ് പ്രേതങ്ങൾ ശിക്ഷിക്കുന്നത്. ശിക്ഷ പേടിയായും രോഗമായും മരണമായും നടപ്പാക്കും. ഈ രീതിയിൽ പ്രേതഭീതിയും മന്ത്രവാദ പരിഹാരവും പരമ്പരാഗതമായി അവർക്കിടയിലുണ്ട് . ക്രിസ്തുമതവും ഇസ്‍ലാം മതവും സ്വീകരിച്ചെങ്കിലും തനതായുള്ള ഇത്തരം വിശ്വാസത്തിൽനിന്ന് പൂർണമായി അവർ മോചിതരല്ല. മന്ത്രവാദിയാണ് ആത്മാക്കളുമായി സംവദിക്കുന്നത്. ഇവർക്ക് പ്രേതപിശാചുക്കളുടെ സാന്നിധ്യം മണത്തറിയാൻ കഴിയും. ബാധ ഒഴിപ്പിക്കാനും രോഗശാന്തി വരുത്താനും മാന്ത്രികശേഷിയുള്ള ഇവർക്ക് കഴിയുമെന്നാണ് വിശ്വാസം.

ലോകത്തെല്ലായിടത്തും തദ്ദേശീയജനത പ്രകൃതിദുരന്തങ്ങളിൽ നിന്ന് അവരവരുടേതായ രീതിയിൽ  വീണ്ടും ജീവിതം മുന്നോട്ടു നയിക്കും. ക്രമേണ വിടവുകളൊക്കെ പരിഹരിച്ചു മുന്നേറും.
ലോകത്തെല്ലായിടത്തും തദ്ദേശീയജനത പ്രകൃതിദുരന്തങ്ങളിൽ നിന്ന് അവരവരുടേതായ രീതിയിൽ വീണ്ടും ജീവിതം മുന്നോട്ടു നയിക്കും. ക്രമേണ വിടവുകളൊക്കെ പരിഹരിച്ചു മുന്നേറും.

പ്രേതശല്യം കാരണം വ്യക്തിക്ക് കൃഷിനാശം, രോഗം, തീരാദുരിതം എന്നിവയുണ്ടാകുന്നതായി ഇവർ വിശ്വസിക്കുന്നു. ദുരാത്മാക്കളിൽ (ഇവി) നിന്നുള്ള രക്ഷയ്ക്കായി നോക്കുകുത്തികളുണ്ടാക്കി ഉപയോഗിക്കുക പതിവാണ്. എല്ലാ ദ്വീപുകളിലും നോക്കുകുത്തി രൂപങ്ങൾ ഒരുപോലെയല്ല ഉണ്ടാക്കുന്നത്. ചൗറയിൽ മനുഷ്യന്റെ തല പോലെയുള്ള രൂപത്തിൽ പുല്ലോ വാഴയിലയോ വച്ചലങ്കരിച്ച് വില്ലേജിന്റെ മുന്നിലുള്ള കടലിൽ നാട്ടുന്നു. ദുർഭൂതങ്ങൾ ഇതു കണ്ട് പേടിച്ച് തിരികെ പോകുമെന്നാണ് വിശ്വാസം. ഒരു വള്ളത്തിന്റെ മാതൃക വീടിനുള്ളിൽ തൂക്കിയിടുന്നതും ഇതിനാണ്. പുതിയ വീട് വയ്ക്കുമ്പോഴും തോട്ടമുണ്ടാക്കുമ്പോഴും തെങ്ങിൻതൈ തൂക്കിയിടും. സത് ആത്മാക്കളുടെ സഹായമുണ്ടാകാനാണിത്.

മധ്യ തെക്കൻനിക്കോബാർ ദ്വീപുകളിൽ പ്രത്യേകിച്ച് നാൻ കൗറിയിൽ നോക്കുകുത്തി രൂപങ്ങളെ ഹെന്റെ, ഹെന്റെകോയ് എന്നാണ് പറയുന്നത്. ഹെന്റെ ചിത്രമാണ്. അടയ്‌ക്കാച്ചീളുകൾ ചേർത്തുകെട്ടിയുണ്ടാക്കുന്ന പ്രതലത്തിൽ ചിത്രം വരയ്ക്കും. നാലു മുതൽ എട്ടു വരെ ചിത്രങ്ങൾ കാണാം. മനുഷ്യരൂപം, സൂര്യൻ, ചന്ദ്രൻ, പ്രകൃതിക്കാഴ്ച, മത്സ്യം എന്നിങ്ങനെ പാരിസ്ഥിതികമായ രൂപങ്ങളാണ്. ഇത് വീടിനു മുന്നിൽ പ്രദർശിപ്പിച്ചാൽ ദുർഭൂതങ്ങൾ പ്രവേശിക്കില്ല എന്ന് ഇവർ വിശ്വസിക്കുന്നു. ഹെന്റെകോയ് തടിപ്പാവകളാണ്. ഇതും മനുഷ്യ ജന്തുരൂപങ്ങളാണ്. ആക്രമണസ്വഭാവമാണിവയുടെ മുഖഭാവം. ദുർഭൂതങ്ങളെ പേടിപ്പിക്കാനുള്ളതാണിവ. കൃതിമമായി ശബ്ദമുണ്ടാക്കുന്ന ഒരു തടിയുപകരണം മുളയിൽകെട്ടി കടലിൽ നാട്ടുന്നു. കാറ്റിന്റെ ഗതിയനുസരിച്ച് ഇതു ശബ്ദമുണ്ടാക്കുകവഴി പ്രേതങ്ങളുടെ ശല്യമുണ്ടാവില്ല എന്നാണ് വിശ്വാസം.

രോഗം കലശലാവുമ്പോൾ ഹെന്റിക്കോയെ അലങ്കരിച്ച് വെറ്റിലയും പാക്കും കരിക്കും വിളക്കും ഇറച്ചി കഷ്ണവും വെച്ചുകൊടുക്കും. ഇവ പിശാചുക്കൾ സ്വീകരിച്ച് ഒഴിഞ്ഞുപോയി എന്നാണവരുടെ വിശ്വാസം. നിക്കോബാരികളെ രൂപപ്പെടുത്തിയതും അവരുടെ സാംസ്‌കാരിക സ്വത്വം നിലനിറുത്തിയതും ഇത്തരം വിശ്വാസങ്ങളാണ്. അതെല്ലാം കൂടിയാണ് സുനാമിത്തിര എടുത്തുകൊണ്ടുപോയത്.

പ്രകൃതിദുരന്തമായ സുനാമി മാത്രമല്ല ഭരണകൂടാധിനിവേശവും ഒരു ജനതയുടെ ചരിത്രത്തെയും സംസ്കാരത്തെയും സ്വത്വത്തെയും ഇല്ലാതാക്കുമെന്നതിന്റെ ജീവിക്കുന്ന തെളിവാണ് പുനരധിവാസ നിക്കോബാരി ജനത.

ഇക്കൂട്ടരുടെ ശവസംസ്കാര ചടങ്ങുകൾ വ്യത്യസ്തമാണ്. ശവത്തെ വീടിനടുത്തായി മറവു ചെയ്യും. ശേഷം കുഴിമാന്തി അസ്ഥികൾ ശേഖരിച്ചു സൂക്ഷിക്കുകയോ കാട്ടിലെറിയുകയോ ചെയ്യും. ചെറുവള്ളത്തിന്റെ മാതൃകയിൽ ശവമഞ്ചമൊരുക്കി അടയ്ക്കാതെ കെട്ടിത്തൂക്കിയിടുന്ന രീതിയും ചൗറക്കാർക്കിടയിലുണ്ട്. കാർനിക്കോബാറിൽ കടൽത്തീരത്താണ് മറവു ചെയ്യുന്നത്. നാൻ കൗറിയിൽ കാടിനോട് ചേർത്താണ്. തെരേസ്സയിലും ബൊംപോകയിലും തടികൊണ്ടുള്ള ഒരു രൂപത്തിൽ തലയോട് വച്ചു സൂക്ഷിക്കുന്നു. ഇരിക്കുന്നതിനു സമാനമായ പൊള്ളയായ ആ തടിരൂപത്തിന്റെ ഉള്ളറയിൽ അസ്ഥികൾ സൂക്ഷിക്കുന്നു. അസ്ഥികൾ മാത്രം മരപ്പെട്ടികളിലാക്കി സൂക്ഷിക്കുന്ന രീതിയുമുണ്ട്. മരിച്ചയാൾ ഉപയോഗിച്ചിരുന്ന വസ്തുക്കൾ ഉപേക്ഷിക്കുന്ന പതിവ് ഇവർക്കിടയിലുണ്ട്.

വർഷംതോറും പിതൃആരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകൾ മികവോടെ നടത്തിയിരുന്നു. കാർനി ക്കോബാറിൽ ഓഷറി എന്നും ചൗറയിൽ കിൻഡ്രക് എന്നും മധ്യ ദ്വീപുകളിൽ കിൻറൂക എന്നും പറയുന്ന ഈ ആഘോഷം പിതൃആരാധനയും കൂട്ടത്തിൽ യുവശക്തി പ്രകടനവുമാണ്. പിതൃക്കളെ തൃപ്തിപ്പെടുത്തുകയാണ് പ്രധാനം. പന്നിയിറച്ചി, കള്ള്, തേങ്ങ ഇതൊക്കെ വെച്ചുകൊടുക്കും. പിതൃക്കൾ തൃപ്തരായാൽ ദ്വീപിന് ഐശ്വര്യം വരും. നല്ല രീതിയിൽ വ്യാപാരം നടക്കും. കലങ്ങൾ ഉടഞ്ഞു നഷ്ടം വരില്ല, തോട്ടം നന്നാകും എന്നിങ്ങനെയുള്ള വിശ്വാസമാണ് പിതൃആരാധനയുടെ പിന്നിൽ. ഇതിലൂടെ ദുരാത്മാക്കളെ കൊണ്ടുള്ള ദോഷം ഒഴിവാകുമെന്നും അവർ വിശ്വസിക്കുന്നു. നൃത്തവും പാട്ടും ഇതിന്റെ ഭാഗമാണ്. മറ്റു വില്ലേജുകാരെയൊക്കെ ക്ഷണിച്ചാണ്‌ ഇത് ആഘോഷിക്കുന്നത്. ആഘോഷകാലത്ത് വീടിനു മുന്നിൽ പന്നിയുടെ മൂക്കു മുതൽ വാലുവരെയുള്ള നീണ്ട കഷ്ണം തൂക്കിയിടും. ഇതിന്റെ നീളം എത്ര കൂടുന്നുവോ അത് അഭിമാനമാണ്.
വന്യ പന്നിയുമായി പോരാട്ടം നടത്തി വന്യജീവിയെ വരുതിയിലാക്കി യുവശക്തി തെളിയിച്ച് വിവാഹബന്ധത്തിന് സാധ്യതയൊരുക്കലും ഇതിന്റെ ഭാഗമാണ്. ഒരുമാസത്തോളം നീളുന്ന ആഘോഷങ്ങൾ നടത്താറുണ്ട്. വള്ളംകളി മത്സരവും നടക്കും. വിപുലമായ ഇത്തരം ചടങ്ങുകളൊന്നും ഇപ്പോഴില്ല. വിഭവലഭ്യത കുറവുകാരണം വിപുലമായ ജനന- മരണ ചടങ്ങുകളൊന്നും ഇപ്പോൾ നടക്കാറില്ല.

സുനാമി നിക്കോബാരി ജീവിതത്തെ മാറ്റിമറിച്ചുവെന്നതിൽ വസ്തുതാ പിശകുകളൊന്നുമില്ല. ലോകത്തെല്ലായിടത്തും തദ്ദേശീയജനത പ്രകൃതിദുരന്തങ്ങളിൽ നിന്ന് അവരവരുടേതായ രീതിയിൽ വീണ്ടും ജീവിതം മുന്നോട്ടു നയിക്കും. ക്രമേണ വിടവുകളൊക്കെ പരിഹരിച്ചു മുന്നേറും. ഇതിനവരെ സഹായിക്കുന്നത് നൂറ്റാണ്ടുകളായി അവരാർജിച്ച പാരിസ്ഥിതിക ജ്ഞാനമാണ്.

നിക്കോബാർ നിവാസികൾ വർഷംതോറും പിതൃആരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകൾ മികവോടെ നടത്തിയിരുന്നു. പിതൃക്കളെ തൃപ്തിപ്പെടുത്തുകയാണ് പ്രധാനം.
നിക്കോബാർ നിവാസികൾ വർഷംതോറും പിതൃആരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകൾ മികവോടെ നടത്തിയിരുന്നു. പിതൃക്കളെ തൃപ്തിപ്പെടുത്തുകയാണ് പ്രധാനം.

നിക്കോബാരികളുടെ സന്ദർഭം പരിശോധിക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് ചർച്ചക്കായി പൊന്തിവരുന്നത്.
ഒന്നാമത്തേത്, സുനാമി സൃഷ്ടിച്ച ആഘാതം. രണ്ടാമതായി, ഭരണകൂടം സൃഷ്ടിച്ച പ്രശ്നങ്ങൾ. ഒന്നാമത്തെ കാരണം മൂലം, മുമ്പുണ്ടായിരുന്ന സ്വാഭാവികജീവിതം തുടരുന്നതിൽ പ്രതിസന്ധിയുണ്ട്. സാധാരണ ഇത്തരം സന്ദർഭങ്ങളെ തനത് ജനത അവരവരുടെതായ പരിഹാരങ്ങൾ കണ്ടെത്തും. അതിന് അവരുടേതായ അനുഭവസമ്പത്തിന്റെ പിൻബലമുണ്ടാകും. ഭരണകൂടത്തിന്റെ പുനരധിവാസം യഥാർത്ഥത്തിൽ അവരിൽ സാംസ്കാരിക ശൂന്യത സൃഷ്ടിച്ചു. അവരുടെ പരമ്പരാഗത ജ്ഞാനത്തെയോ അനുഭവലോകത്തെയോ കണക്കിലെടുക്കാതെ എന്തിന്, ദ്വീപു പരിസ്ഥിതിക്കുപോലും മുൻതൂക്കം നൽകാതെയുള്ള പുനരധിവാസ പദ്ധതിയാണ് നടപ്പിലാക്കിയത്. സുനാമി സ്വാഭാവിക ജീവിതം ദുസ്സഹമാക്കിയപ്പോൾ പുനരധിവാസം അവരുടെ സംസ്ക്കാരനഷ്ടവും ജ്ഞാനനഷ്ടവും യാഥാർഥ്യമാക്കി. കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബഘടനയിലേക്കും സ്വകാര്യ സ്വത്തുടമാവകാശത്തിലേക്കും അവരെ ആനയിച്ചു.

പരമ്പരാഗത ഉത്പന്ന നിർമാണം പഴങ്കഥയായി. വള്ളത്തിനു പകരം മോട്ടോർ ബോട്ടുകൾ നിലവിൽവന്നു. കൈതോല പായയും മൺപാത്ര നിർമാണവും എല്ലാം അസംസ്കൃത വസ്തുക്കളുടെ അഭാവം കൊണ്ടും പുതിയ സാധനങ്ങളുടെ ലഭ്യത കൊണ്ടും അവസാനിച്ചു. പരമ്പരാഗതമായി നടത്തിവന്ന മീൻപിടുത്തരീതി അസ്തമിച്ചു. കാറ്റിനെയും നക്ഷത്രത്തെയും അടിസ്ഥാനമാക്കിയുള്ള കടൽയാത്രയും മീൻപിടുത്തവുമെല്ലാം അന്യം നിന്നു. വികസനത്തിന്റെയും പുനരധിവാസത്തിന്റെയും ക്ഷേമപ്രവർത്തനങ്ങളുടെയും പേരു പറഞ്ഞെത്തിയ അധികാരികളും ഏജന്റുമാരും അവരുടെ ജീവിതം നിയന്ത്രിക്കുന്ന അവസ്ഥയിലേക്കും ഉപഭോഗ സംസ്കാരത്തിലേക്കും ഒരു ജനതയെ തള്ളിവിട്ടു.

വികസന അഭയാർഥികളാക്കി മാറ്റിയ ഒരു ജനതയുടെ നഷ്ടക്കണക്കാണ് നിക്കോബാരികൾക്ക് പങ്കിടാനുള്ളത്. പ്രകൃതിദുരന്തമായ സുനാമി മാത്രമല്ല ഭരണകൂടാധിനിവേശവും ഒരു ജനതയുടെ ചരിത്രത്തെയും സംസ്കാരത്തെയും സ്വത്വത്തെയും ഇല്ലാതാക്കുമെന്നതിന്റെ ജീവിക്കുന്ന തെളിവാണ് പുനരധിവാസ നിക്കോബാരി ജനത.

(തുടരും)


എം. ശ്രീനാഥൻ

ഭാഷാ സംസ്‌കാര ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ.സമരകോശം, ചട്ടമ്പിസ്വാമികളുടെ ജ്ഞാനാനവോത്ഥാനം എന്നിവയാണ് സമീപകാല പഠനങ്ങൾ.

Comments