'ചേറുമ്പിലെ ചെറുത്തുനിൽപ്പുകൾ' കവർ / Photo:gracebooks.in

വിസ്മരിക്കപ്പെട്ട മാളു ഹജ്ജുമ്മ, മലബാർ സമരത്തിലെ
അപരരെക്കുറിച്ചുള്ള അന്വേഷണങ്ങൾ

സ്വന്തം നാടിനുവേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ കൊല്ലപ്പെട്ട മുസ്‌ലിംകൾക്കൊപ്പം നിന്ന, രക്തസാക്ഷികളായ അനേകം ദളിതരുടെ സൂചനകൾ ‘ചേറുമ്പിലെ ചെറുത്തുനിൽപ്പുകൾ' എന്ന പുസ്തകത്തിലുണ്ട്. ദലിത്- മുസ്‌ലിം ഐക്യത്തിലൂന്നിയ പുതിയ രാഷ്ട്രീയദിശകളിലേക്കുള്ള സൂചനകളായി കൂടി അതിനെ നീട്ടിവായിക്കാം.

കോളനിയനന്തര സങ്കൽപനങ്ങളിൽ ദേശരാഷ്ട്രം എന്ന അധീശ ദേശത്തെ ചെറുത്തുകൊണ്ടാണ് പ്രാദേശികതകൾ സ്ഥാപിക്കപ്പെടുന്നത്. പരസ്പരം പങ്കുവെയ്ക്കുന്ന ഓർമകളാൽ, മുറിവുകളാൽ, സ്വപ്നങ്ങളാൽ, ഭാവനകളാൽ ഓരോ പ്രാദേശികതയുടെയും തന്മകൾ അനന്യമാണ്. അത്തരം ആത്മാനുഭൂതിയും സ്വത്വാഭിമാനവും പോരാട്ടസ്മരണകളും ചേർന്ന പ്രാദേശികതയുടെ ഒരേടിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന കൃതിയാണ് അബ്ദുൾകലാം മാട്ടുമ്മലിന്റെ ‘ചേറുമ്പിലെ ചെറുത്തുനിൽപ്പുകൾ'.
മലബാർ സമരത്തിന് ഒരു നൂറ്റാണ്ടു പിന്നിട്ട്, വ്യത്യസ്തവും വിപുലവുമായ വീണ്ടെടുപ്പുകളും പുനർവായനകളും നടക്കുന്ന കാലത്താണ് ഈ കൃതി പുറത്തുവന്നത്. ചെറുതെങ്കിലും ശക്തമായ അടയാളവും രാഷ്ട്രീയവുമാണ് അത് നിർമിച്ചെടുക്കുന്നത്. പ്രതിരോധാത്മകമായ സമരവീര്യത്തെ ബഹുജനാനുഭവങ്ങളുടെ നനവും ചൂടുമുള്ള സ്മരണകൾക്കകത്ത് പുനഃപ്രതിഷ്ഠിക്കാനാണ് ഗ്രന്ഥകാരൻ ശ്രമിക്കുന്നത്. എന്നാലിത് ഓർമയെഴുത്തല്ല താനും. ചരിത്രത്തിനും സ്മരണകൾക്കുമിടയിൽ നിൽക്കുന്ന നൈതികമായൊരു നേരിടത്തിലാണ് ഈ പുസ്തകം അതിന്റെ ഇടം തേടുന്നത്. അതെ, തികച്ചും ആപത്ക്കരമായൊരു സമകാലികസന്ദർഭത്തിൽ എത്തിപ്പിടിക്കുന്ന ഓർമ!

അബ്ദുൾകലാം മാട്ടുമ്മൽ

ആരാണ് മാളു ഹജ്ജുമ്മ, ആരാണ് മാട്ടുമ്മൽ മരയ്ക്കാർ?

ചരിത്രം എന്നത് മഹാഖ്യാനങ്ങളിലൂടെ അതികായ രൂപമായി വളർന്നു നിൽക്കുന്ന അധീശബോധമാണെന്ന ധാരണയെ ഈ കൃതി ചെറുക്കുന്നു. ശകലിതമായ ജീവിതചിത്രങ്ങൾ ഏറെയുള്ള ഈ കൃതി അത്തരമൊരു ഘടനയിലൂടെ പങ്കുവെയ്ക്കുന്നത് മഹാഖ്യാനങ്ങളുടെ വഴികളെ ഇളക്കിക്കൊണ്ടുതന്നെയാണ്. അഥവാ അവയോട് നിസ്സംഗത പുലർത്തിക്കൊണ്ടാണ്. മലബാർ സമരം വർഗീയ ലഹളയോ ദേശീയ സമരമോ കർഷകസമരമോ എന്ന ത്രികോണ/ചതുർകോണ സ്വഭാവത്തിലുള്ള ചോദ്യങ്ങൾക്കപ്പുറം, ഒട്ടു നിഴലിലാണ്ട ചില ഛായകളെ ഈ കൃതി വെളിച്ചത്തിലേക്കുകൊണ്ടുവരുന്നു. ആരാണ് ആലി മുസലിയാർ, വാരിയൻ കുന്നത്ത് എന്ന ചോദ്യങ്ങൾക്കപ്പുറം ആരാണ് മാളു ഹജ്ജുമ്മ, ആരാണ് മാട്ടുമ്മൽ മരയ്ക്കാർ എന്ന് ചോദിക്കുവാൻ ഈ കൃതി നമ്മെ പ്രചോദിപ്പിക്കുന്നുണ്ട്.

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദുഹാജിയുടെ ഭാര്യയായിരുന്ന മാളുഹജ്ജുമ്മയുടെ ധീരമായ ഓർമകളാണ് ഈ കൃതിയുടെ പ്രധാന ജീവൻ

ചെറുചരിത്രരചന എന്നതിനപ്പുറം, ബദൽ രാഷ്ട്രീയാവബോധമെന്ന നിലക്ക് ഈ കൃതി വളരുന്നതവിടെയാണ്. ഇന്ത്യാ-പാക്കിസ്ഥാൻ വിഭജനത്തിന്റെ മുറിവുകളിലൂടെ യാത്ര ചെയ്ത ഉർവശി ഭൂട്ടാലിയയും മലബാർ വിപ്ലവത്തിന്റെ പെൺവാമൊഴികളിലൂടെ കടന്നു പോയ ഡോ. ഷംഷാദ് ഹുസൈനും മറ്റും വേറൊരുതരത്തിൽ പങ്കുവെയ്ക്കുന്ന അരികിന്റെ, ചെറുതിന്റെ തന്മകളെ തേടുകയാണ് ഈ കൃതിയും. വലിയ ചരിത്രകഥനങ്ങൾക്കിടയിൽ മുങ്ങിപ്പോയ മൗനത്തിന്റെ അടരുകളെ പതിയെ പതിയെ പൊളിച്ചുകൊണ്ടാണ് ഈ കൃതിയുടെ ആഖ്യാനം നീങ്ങുന്നത്.

ഡോ. ഷംഷാദ് ഹുസൈൻ കെ.ടി, ഉർവ്വശി ഭൂട്ടാലിയ

അറിയപ്പെടാതിരുന്ന പീഡനങ്ങൾ, പലായനങ്ങൾ

മലബാർ സമരത്തെ സംബന്ധിച്ച് മൗനത്തിന്റെ രാഷ്ട്രീയമായ നിഹിതാർത്ഥങ്ങൾ ഏറെയാണ്. ദേശീയതയുടെ ചരിത്രവും കടന്ന് ആദിമ ഇന്ത്യൻ ജനതയുടെ സാംസ്‌കാരിക നിർമിതിയുടെ ഭൂപടരേഖകളിലേക്കുകൂടി ചെന്നെത്താവുന്ന പലതും മൗനത്തിന്റെ കമ്പളത്തിനടിയിലുണ്ടാവാം. ‘മൂൽസൂട്ടാ ഉഖ്ഡെ' എന്ന ഗുജറാത്തി ഭാഷയിലെ കൃതിയിൽ കമലാബെൻ പട്ടേൽ എന്ന എഴുത്തുകാരി ഹൃദയഭേദകമാംവണ്ണം വിവരിക്കുന്നത് ഇന്ത്യാ- പാക്കിസ്ഥാൻ വിഭജനത്തിന്റെ ഇരകളായ സ്ത്രീകൾ അനുഭവിച്ച സമാനതകളില്ലാത്ത ക്രൂരതകളെക്കുറിച്ചാണ്. ബലാൽക്കാരത്തിന്റെയും പലതരം അംഗച്ഛേദങ്ങളുടെയും മറ്റനേകം ലൈംഗിക പീഡനങ്ങളുടെയും വിവരണങ്ങൾ...

ഇവയെല്ലാം നേരിട്ടു ചോദിച്ചറിഞ്ഞിട്ടും ദശകങ്ങൾക്കു ശേഷമാണവർ അതെഴുതുന്നതെന്നു ഉർവശി ഭൂട്ടാലിയ അത്ഭുതപ്പെടുന്നു. അവരതിന്റെ കാരണം തിരക്കിയപ്പോൾ ഗ്രന്ഥകാരി പറഞ്ഞതിങ്ങനെ: ‘‘ഈ പുസ്തകം ഞാൻ നേരത്തെ എഴുതാതിരിക്കാനുള്ള കാരണം, അക്കാലത്ത് ഞാൻ കണ്ടതൊക്കെ ഉൾക്കൊള്ളാൻ എനിക്കു കഴിയുമായിരുന്നില്ല. മനുഷ്യർക്കിങ്ങനെയൊക്കെയാകാൻ കഴിയുമെന്ന് എന്റെ വിദൂരസങ്കല്പത്തിൽ പോലും ഇല്ലായിരുന്നു. ദുർദ്ദേവതകളെല്ലാം ഭൂമിയിലേക്കിറങ്ങി വന്നതു പോലെ!''
(പുറം 148, മൗനത്തിന്റെ മറുപുറം).

സമാനമാണ് മലബാർ സമര പോരാളികളുടെ ചരിത്രവും. ഏറെക്കാലം പുറത്തേക്ക് അധികം വെളിപ്പെടാതെ നിന്ന ദുരിതങ്ങളുടെയും പീഡനങ്ങളുടെയും പലായനങ്ങളുടെയും കഥകൾ ഇത്രയും കാലങ്ങൾക്കുശേഷം ചുരുളഴിയുന്നു! അതിലേക്കുള്ള ആഖ്യാനശ്രമങ്ങൾ പുനർവായനകളായും വീണ്ടെടുപ്പുകളായും അന്വേഷണങ്ങളായും ഇനിയുമേറെ നീളാനുണ്ട്. അടിച്ചേല്പിക്കപ്പെട്ട മൗനത്തെ ഭേദിച്ച് മണ്ണടരിൽനിന്ന് ചരിത്രത്തിന്റെ ആർത്തനാദങ്ങളും നിശ്വാസങ്ങളും നിലവിളികളും മുഴങ്ങിത്തുടങ്ങി. മറവിയുടെയും മായ്ച്ചെഴുത്തുകളുടേതുമായ ഇക്കാലത്ത് അത് അനിവാര്യമാണ്.

ചേറുമ്പിൽ എന്ന ദേശം

മലബാർ സമരവുമായി ബന്ധപ്പെട്ട ഈ കൃതിയുടെ ഏറ്റവും പ്രധാന സവിശേഷത എന്താണ്? ചേറുമ്പിൽ എന്ന പ്രദേശത്തെയാണ് ഇതു കേന്ദ്രീകരിക്കുന്നത് എന്നത് സരളമായ ഇതിന്റെ ഗ്രന്ഥനാമം തന്നെ സൂചിപ്പിക്കുന്നുണ്ട്. പ്രാദേശികതയെ, സ്ഥലപരമായിത്തന്നെ പ്രകൃതിയും ആളുകളും ഉൾപ്പെട്ട അതിന്റെ സൂക്ഷ്മദേശങ്ങളെയും അത്രമേൽ അമർത്തി തൊട്ടുഴിഞ്ഞുകൊണ്ടാണ് ഈ കൃതി എഴുതപ്പെട്ടത്. കരുവാരക്കുണ്ടും എപ്പിക്കാടും പെരിന്തൽമണ്ണയും ചേറുമ്പിലും മഞ്ചേരിയും തിരൂരങ്ങാടിയും മാത്രമല്ല, ആന്തമാനും ഈ പ്രാദേശികതയുടെ അതിരുകളിലേക്കു ചേർത്തുവെയ്ക്കപ്പെടുന്നുണ്ട്. കരുവാരക്കുണ്ടിലെ മലയോരങ്ങൾ എത്ര ജീവനോടെയാണ് ഗ്രന്ഥകാരൻ വരച്ചിട്ടതെന്നു കാണുമ്പോൾ അതു മനസ്സിലാകും. ഹാജിപ്പാറയുടെ ചിത്രീകരണവും കണ്ടഞ്ചോലയുടെ വിവരണവും മറ്റും പ്രദേശത്തിന് മിത്തിക്കലായ പരിവേഷം നൽകുന്നുണ്ട്. കർഷകരായ മുസ്‌ലിംകളും ദളിതരും തിങ്ങിപ്പാർത്ത ഈ ഭൂവിഭാഗത്തിലാണ് ചരിത്രനായകനായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അധിനിവേശത്തിനെതിരായ തന്റെ സമാന്തരഭരണം നടത്തിയത്.

14 വർഷത്തെ തടവ് ജീവിതത്തിന് ശേഷം ആന്റമാനിൽ സ്ഥിരതാമസമാക്കിയ മലബാർ കലാപത്തിൽ പങ്കെടുത്ത മാപ്പിളമാർ / Photo: cpim.org

എന്തുകൊണ്ട് മാളുഹജ്ജുമ്മ വിസ്മരിക്കപ്പെട്ടു?

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദുഹാജിയുടെ ഭാര്യയായിരുന്ന മാളുഹജ്ജുമ്മയുടെ ധീരമായ ഓർമകളാണ് ഈ കൃതിയുടെ പ്രധാന ജീവൻ. റസിയ സുൽത്താനയുടെയും ചാന്ദ്ബീവിയുടെയും നൂർജഹാന്റെയും അർജുമന്ദ്ബാനുവിന്റെയും സൈബുന്നിസയുടെയും കൂടെ പരിഗണിക്കേണ്ട ഒരു പേര് എന്തുകൊണ്ട് വിസ്മൃതമാക്കപ്പെട്ടു എന്ന പ്രശ്‌നം ഗൗരവമായി ഉന്നയിക്കുന്നുണ്ട് ഗ്രന്ഥകാരൻ. നാടകീയമായ ഒരു രംഗത്തിന്റെ അവതരണത്തിലൂടെയാണ് ഫാത്തിമ എന്ന മാളുഹജ്ജുമ്മയെ ഈ കൃതിയുടെ തുടക്കത്തിൽ അവതരിപ്പിക്കുന്നത്. വലിയൊരു ചക്ക പറമ്പിൽനിന്ന് കൊണ്ടുവന്ന പണിക്കാരനോട് ചെറിയ കത്തികൊണ്ട് അത് മുറിക്കാൻ വാശിപിടിച്ചപ്പോൾ അതസാദ്ധ്യമാണെന്ന് അയാൾ നീരസത്തോടെ പറഞ്ഞു. കണ്ടുനിന്ന ബാപ്പയും വല്യാപ്പയും താൻ ഭർതൃഗൃഹത്തിലേക്കു തിരിച്ചുപോകാത്തതിന്റെ കാരണം അതിലൂടെ മനസ്സിലാക്കാൻ ഒരവസരം ഉണ്ടാക്കുകയായിരുന്നു ഫാത്തിമ.

‘‘വാരിയംകുന്നനെ വിവാഹം കഴിച്ചാൽ തൂക്കിലേറ്റുന്ന പട്ടാളമുണ്ടെങ്കിൽ അതൊന്നു കാണണമെന്ന'' ധീരമായൊരു തീരുമാനത്തിലേക്ക് സാഹസികമായി കടന്നുവന്ന ഒരു സ്ത്രീയെ വരച്ചിടുന്നുണ്ട്, കുടുംബാഗംങ്ങളുടെ നേരനുഭവങ്ങളിൽ

ചേറുമ്പ് ദേശത്ത് കോയാമു ഹാജിയുടെ മകളായി 1879 ലാണ് അവർ ജനിച്ചത്. കാൽപനിക ചരിത്രകാരന്മാർ അവതരിപ്പിച്ച വാരിയൻകുന്നത്തുമായുള്ള മാളുഹജ്ജുമ്മയുടെ പ്രണയം എന്ന പഴങ്കഥയെ അബ്ദുൾകലാം പാടെ നിരസിക്കുന്നുണ്ട്. സ്വതന്ത്രവ്യക്തിത്വമായിരുന്ന മാളു ഹജ്ജുമ്മ തന്റെ പ്രണയഭാജനമായി അദ്ദേഹത്തെ കണ്ടിരുന്നെങ്കിൽ അങ്ങനെ വിവാഹത്തിന് നിന്നുകൊടുക്കുമായിരുന്നില്ല എന്ന സരളവും ഭദ്രവുമായ യുക്തിയിലൂടെ ജനപ്രിയമായ ചരിത്രാഖ്യാനങ്ങളുടെ ഉദാസീനതയെ അദ്ദേഹം ചെറുക്കുന്നുണ്ട്. ചരിത്രരേഖകൾ സംസാരിക്കട്ടെ എന്നദ്ദേഹം വെല്ലുവിളിക്കുന്നു. എന്നാൽ കുടുംബാഗംങ്ങളുടെ നേരനുഭവങ്ങളിൽ, ‘‘വാരിയംകുന്നനെ വിവാഹം കഴിച്ചാൽ തൂക്കിലേറ്റുന്ന പട്ടാളമുണ്ടെങ്കിൽ അതൊന്നു കാണണമെന്ന'' ധീരമായൊരു തീരുമാനത്തിലേക്ക് സാഹസികമായി കടന്നുവന്ന ഒരു സ്ത്രീയെ വരച്ചിടുന്നുണ്ട്. സ്ത്രീകൾക്കൊപ്പം നിന്ന് സാമ്രാജ്യത്വ ശക്തികൾക്കെതിരായ യുദ്ധത്തിന് വീര്യം പകരാനും അവർ ശ്രമിച്ചതിന്റെ ഓർമകൾ വാമൊഴികളിലൂടെ പകർന്നിടുന്നു.

‘നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ആണുങ്ങൾക്ക് ധൈര്യം പകരേണ്ടത് നമ്മുടെ കടമയാണെന്ന വിശ്വാസത്തിൽ' അവർ സ്ഥൈര്യത്തോടെ നിന്നു. ബ്രിട്ടീഷുകാരന്റേതാണെങ്കിൽ പോലും മൃതദേഹം ജീർണിക്കാനിടവരാതെ മറവുചെയ്യാനുള്ള കടമയുണ്ട് എന്ന ദീനിന്റെ മാനവികത അവർ പ്രസരിപ്പിച്ചു. പോരാട്ടത്തിൽ ഭർത്താവും പിതാവുമെല്ലാം നഷ്ടപ്പെട്ടിട്ടും സ്വത്തുവഹകൾ ബ്രിട്ടീഷുകാർ കണ്ടുകെട്ടിയിട്ടും വെള്ളക്കാരനോട് നിയമയുദ്ധത്തിലൂടെ വിജയം വരെ പോരാടുകയായിരുന്നു മാളു ഹജ്ജുമ്മ. തിരിച്ചുകിട്ടിയ സ്വത്തുക്കൾ പലതും പള്ളികൾക്കും മറ്റുമായി ദാനം ചെയ്യാനവർ മടിച്ചില്ല. കരുവാരക്കുണ്ടിലെ ആദ്യത്തെ പൊതുവിദ്യാലയം സ്ഥാപിച്ചത് അവർ നൽകിയ ഭൂമിയിലായിരുന്നുവെന്നതും പ്രധാനമാണ്. ചീനിപ്പാടത്തെ വീട്ടിൽ ഒരുക്കിയ ‘ദർസി'ൽ വിദ്യാർത്ഥികളായിരുന്നവരിലേറെയും പിൽക്കാലത്ത് പ്രദേശത്തിന്റെ മത, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രഗൽഭരായിരുന്നു. 1962ൽ തന്റെ 83ാം വയസ്സിൽ മരിക്കുന്നതു വരെ ഉജ്ജ്വലമായ മാതൃകയായിത്തുടർന്നു, അവരുടെ താൻപോരിമ.

ഹിച്ച് കോക്കിനെപ്പോലുള്ളവരുടെ സാമ്രാജ്യത്വകേന്ദ്രിതമായ ചരിത്രരചനകളിൽ കാണുന്ന ഫാത്വിമയും ഈ ഫാത്വിമയും ഒന്നാണെന്ന ധാരണയെ തിരുത്തുകയും ചെയ്യുന്നുണ്ട് വിശദാംശങ്ങളോടെയുള്ള ഈ ആഖ്യാനം. പള്ളിയിലെ മീറ്റിംഗുകളിൽ സുപ്രധാനമായ പങ്കുവഹിക്കുന്ന സ്വാധീനമായിത്തീരുകയും പെണ്ണാണെന്ന് പെട്ടെന്നു തിരിച്ചറിയാതിരിക്കാൻ നീളൻകുപ്പായത്തിൽ മുഖം മറച്ച് വാരിയൻ കുന്നത്തിനൊപ്പം യുദ്ധത്തിൽ പങ്കുചേരുകയും മലബാറിന്റെ തന്നെ ചരിത്രത്തിൽ ആദ്യമായി ബലിയറുത്ത സ്ത്രീയായി അടയാളപ്പെടുകയും ചെയ്ത മാളു ഹജ്ജുമ്മയുടെ നാനാവിധത്തിലുള്ള ചിത്രങ്ങളെല്ലാം മുഖ്യാധാരാ പുരോഗമനസ്ത്രീകളുടെ ഘടനയിൽ നിന്നെല്ലാം എത്രയോ വ്യത്യസ്തമാണ്! മതം സാമൂഹിക നിർവഹണശേഷിക്കെതിരല്ല എന്നു മാത്രമല്ല ഇതു പറയുന്നത്. മറിച്ച്, അതിനുള്ള ഊർജ്ജമായിത്തന്നെ അവരിൽ ഉൾച്ചേർന്നതായാണ് ഈ വിവരണങ്ങളിലൂടെ നാം കാണുന്നത്! പിൽക്കാലത്തെ പുരോഗമന മതേതരത്വത്തിന്റെ നാട്യപരതകളെ ഈ ചരിത്രസ്മരണകളുടെ ജൈവികത തെല്ലൊന്നുമല്ല, ഇളക്കുന്നത്!

മലബാർ സമരത്തിനെതിരായ പട്ടാളാക്രമണത്തിന്റെ ഇരകളെക്കുറിച്ച് സവിസ്തരം ഈ കൃതി പറയുന്നൊന്നുമില്ല. പക്ഷേ അതൊന്നും പറയാതെതന്നെ മരയ്ക്കാരുടെ അമർന്നൊതുങ്ങിഞെരുങ്ങിയ വാക്കുകളുടെ ചൂട് നാം അനുഭവിക്കുന്നു!

പലായനത്തിന്റെ അടയാളങ്ങൾ

ഗ്രന്ഥകാരന്റെ ഉപ്പുപ്പായുടെ ജ്യേഷ്ഠൻ കൂടിയായ മാട്ടുമ്മൽ മരക്കാരുടെ ഈ കൃതിയെ ചരിത്രപരമായി നിർണയിക്കുകയും അതിനെ ചലനാത്മകതയോടെ മനസ്സിലാക്കാൻ സഹായിക്കുന്നുമുണ്ട്. ആന്തമാനിലേക്കു നാടുകടത്തപ്പെട്ട അദ്ദേഹം ജയിൽശിക്ഷ കഴിഞ്ഞുവന്നു നാട്ടിലെത്തി നോക്കുമ്പോൾ തന്റെ വീടും പറമ്പുമെല്ലാം ജന്മികൾ കൈവശപ്പെടുത്തിയതറിഞ്ഞ നിരാശയിൽ തിരിച്ച് ആന്തമാനിലേക്കു തന്നെ മടങ്ങേണ്ടിവന്നു. അവിടെ തന്നെ കിടന്നു മരിക്കുകയും ചെയ്തു. മുസ്‌ലിം എന്ന സ്വത്വത്തിന്റെ, പലവിധ സമ്മർദ്ദങ്ങളാൽ ഞെരുക്കിയമർത്തപ്പെട്ട അസ്തിത്വം പ്രകടമാകുന്ന ഭാഗമാണ് മരക്കാരുടെ ഡയറിക്കുറിപ്പുകൾ എന്ന രണ്ടാമദ്ധ്യായം. ഈ കൃതിയുടെ സമഗ്രമായ നൈതികതയെയും വൈകാരികതയെയും ഒന്നിച്ചുരുക്കിയെടുത്ത് ഒതുക്കിവെച്ചതും ഈ ചെറു അദ്ധ്യായത്തിലാണ്. ഗ്രന്ഥകാരന്റെ ഉപ്പുപ്പായുടെ ജ്യേഷ്ഠനാണ് ഡയറിക്കുറിപ്പുകൾ എഴുതിയ മാട്ടുമ്മൽ മരയ്ക്കാർ എന്നതു മാത്രമല്ല വൈകാരികതയുടെ അടിസ്ഥാനം. മലബാർ സമരത്തിൽ ശിക്ഷിക്കപ്പെട്ട് ആന്തമാനിലേക്കയക്കപ്പെട്ട നൂറുകണക്കിനു തദ്ദേശീയരായ മുസ്‌ലിംകളുടെ പ്രതിനിധിയാണ് മരയ്ക്കാർ. പാണ്ടിക്കാട്ടെ ക്യാമ്പിലേക്കും പിന്നീട് മലപ്പുറത്തേക്കും ശേഷം കോഴിക്കോട്ടേക്കും കൊണ്ടുപോയവർക്കൊപ്പം പട്ടിണിയും കൊടിയ ശാരീരിക പീഡനങ്ങളും സഹിച്ച് അദ്ദേഹവുമുണ്ടായിരുന്നു. ഒടുവിൽ വിധിക്കപ്പെട്ട ശിക്ഷയായിരുന്നു നാടുകടത്തൽ.

നിലവിൽ മ്യൂസിയം ആയി പ്രവർത്തിക്കുന്ന ആന്തമാൻ സെല്ലുലാർ ജയിലിന്റെ ചുമരിൽ പ്രദർശിപ്പിച്ച മാട്ടുമ്മൽ മരക്കാർ, മാട്ടുമ്മൽ അഹമ്മദ് കുട്ടി എന്നിവരുടെ ചിത്രങ്ങൾ / Photo: Asaf Ali Azad Mattummal, Fb

മൂന്നു മാസം തൃശ്ശിനാപ്പള്ളി ജയിലിൽ കിടന്ന ശേഷം അലവി, അഹമ്മദ് കുട്ടി, മറ്റു തടവുകാർ എന്നിവർക്കൊപ്പം 1922 ൽ ആന്തമാൻ ജയിലിൽ അടയ്ക്കപ്പെട്ട മരയ്ക്കാർ അവിടെ തടവിലും കൃഷിപ്പണി തന്നെയാണ് പണിയായി ചെയ്തത്. നീണ്ട 11 വർഷങ്ങൾക്കുശേഷം മോചിപ്പിക്കപ്പെട്ട്, ഏറെ പ്രതീക്ഷകളോടെ തിരിച്ചെത്തുമ്പോൾ നടുക്കുന്ന അനുഭവമാണ് മരയ്ക്കാരെ കാത്തിരുന്നത്. പൊളിഞ്ഞ് മണ്ണോടമർന്ന വീടും ജന്മികൾ കൈവശപ്പെടുത്തിയ കൃഷിസ്ഥലവും; തിരികെ ആന്തമാനിലേക്കു പോകാതിരിക്കാനാവുമായിരുന്നില്ല മരയ്ക്കാർക്ക്. അനുജനോടൊപ്പം പത്തേമാരി കയറി ദ്വീപിലെത്തി കൃഷിപ്പണി തുടർന്ന് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. മലബാർ സമരത്തിന്റെ രാഷ്ട്രീയ, അനുഭവ ഭൂമികയായി ആന്തമാൻ രൂപപ്പെട്ടതിന്റെ ശകലിതമായ ഒരു ചരിത്രമായിരുന്നു അത്. ‘‘പോർട്ട് ബ്ലെയറിനെ കരുവാരക്കുണ്ടായും ഗാന്ധിനഗറിനെ ഇരിങ്ങാട്ടിരിയായും അബിറിഡിയൻ ബസാറിനെ പുന്നക്കാട്ടെ ചന്തയായും പ്രേംനഗറിനെ കിഴക്കേത്തലയായും ജംഗ്ലിക്കാടിനെ കൽക്കുണ്ടായും വൃഥാ പേരുമാറ്റി നാടായിക്കണ്ട് ദ്വീപ് ജീവിതം തള്ളിനീക്കി.'' (പുറം 42, ചേറുമ്പിലെ ചെറുത്തു നിൽപ്പുകൾ- അബ്ദുൾ കലാം മാട്ടുമ്മൽ). സ്വന്തം ദേശത്തുനിന്ന് സ്വദേശികളായ ആഭ്യന്തര വൈരികളാലും വിദേശീയരായ അധിനിവേശകരാലും ഒരുപോലെ ക്രൂരമായി ആട്ടയോടിക്കപ്പെട്ടതിന്റെ ചതവ് കല്ലിച്ചുകിടക്കുന്ന ഈ വരികൾ തൊണ്ടയിൽ നീരുനിറയ്ക്കും. മലബാർ സമരത്തിനെതിരായ പട്ടാളാക്രമണത്തിന്റെ ഇരകളെക്കുറിച്ച് സവിസ്തരം ഈ കൃതി പറയുന്നൊന്നുമില്ല. പക്ഷേ അതൊന്നും പറയാതെതന്നെ മരയ്ക്കാരുടെ അമർന്നൊതുങ്ങിഞെരുങ്ങിയ വാക്കുകളുടെ ചൂട് നാം അനുഭവിക്കുന്നു!

മലബാർ കലാപത്തെ കുറിച്ച് പരാമർശിക്കുന്ന മാട്ടുമ്മൽ മരയ്ക്കാറുടെ ഡയറിക്കുറിപ്പുകൾ / Photo: mattummalblog.blogspot.com

ഖബറിടങ്ങളും വെടിപ്പഴുതുകളും

കൊള്ളയും കൊലയും നടന്ന ആ കാലത്തിന്റെ സ്മൃതിചിത്രങ്ങളിലേക്ക് വീണൊഴുകുന്ന ചുടുകണ്ണീരിലൂടെ നാം കാണുന്നത് പലപ്പോഴും ഖബറിടങ്ങളാണ്. കേരള സംസ്‌കാരത്തിന്റെ അരികിലും മൂലയിലുമെല്ലാം നാം കാണുന്നത് അധിനിവേശങ്ങളുടെ ഭാഗമായ ഇത്തരം കൊലപാതക /മൃതസ്ഥാനങ്ങളാണ്! എങ്കിലും മാന്യമായ വിശ്വാസമര്യാദകൾ എല്ലായ്പ്പോഴും മൃതമായ ശരീരങ്ങൾ അർഹിക്കുന്നു. ‘കിഴക്കു പടിഞ്ഞാറ് ദിശയിലെ ഖബർ' എന്ന അദ്ധ്യായം പ്രധാനമാകുന്നത് അതിനാലാണ്. പെരിന്തൽമണ്ണയിൽ നിന്ന് കരുവാരക്കുണ്ടിലേക്കുള്ള വഴിയിൽ തരിപ്പയിൽക്കാരെന്നു അറിയപ്പെടുന്ന ചാലിൽ തറവാട്ടു വീടിന്റെ അടുക്കളഭാഗത്തായുള്ള ഖബറിന്റെ ദിശ കിഴക്കു പടിഞ്ഞാറായതിനെക്കുറിച്ചാണ് സൂചന. ഇസ്‌ലാമിക വിശ്വാസപ്രമാണമനുസരിച്ച് പൊതുവേ ഖബറുകളുടെ ദിശ തെക്കു-വടക്ക് ദിശയിലാണ്. ഗൂർഖപ്പട്ടാളത്തിന്റെ ആക്രമണം ഭയന്ന് ഒളിച്ചിരുന്ന സമരക്കാരല്ലാത്ത നൂറിലധികം പേരെ കൊലചെയ്തതിനു പിന്നാലെ നാട്ടുപൊലീസിന്റെ ക്രൂരത വീണ്ടും അരങ്ങേറി. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച പാലേമ്പിടിയൻ ബീവി എന്ന ഗർഭിണിയായ സ്ത്രീയെ പൊലീസ് മർദ്ദിച്ചു. ഉമ്മയെ ഉപദ്രവിക്കുന്നതു കണ്ട് അവരുടെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞ ചെറിയ മകളെ പൊലീസ് മുകളിലേക്കു വലിച്ചെറിഞ്ഞു. രണ്ടുവയസ്സിൽ താഴെയുള്ള കുട്ടിയെ ബയണറ്റിൽ കോർത്തെടുത്തു. കുടൽമാലകൾ പുറത്തേക്കു തൂങ്ങി പിടയുന്ന മകളുടെ ചിത്രം, 80ാം വയസ്സിൽ മരണം വരെ ഉള്ളിൽ പേറേണ്ടിവന്ന ഉമ്മ! മറവുചെയ്യാൻ ഉറ്റവരാരും ഇല്ലാത്തതിന്റെ പേരിൽ അഴുകിയ ജഡങ്ങൾ ചുറ്റിലും. വേറെ ഒറ്റയടിക്ക് ഇല്ലാതായ ഒരു ഗ്രാമത്തിലെ തന്നെ നൂറോളം പുരുഷന്മാരെ പലരെയും ഒരേ കുഴിയിൽതന്നെ അടക്കേണ്ടിവരുന്നു. അവശേഷിച്ച സ്ത്രീകളാണ് ഇതെല്ലാം ചെയ്തതും. ചോരയും മാംസവുമായി ഛിന്നഭിന്നമാക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ പിറ്റേന്നു മറവുചെയ്തത് പ്രദേശത്തെ ദലിതരാണ്. വീടിനടുത്തായി സ്ഥലസൗകര്യം നോക്കി മറവു ചെയ്തതിനു ശേഷമാണ് കിഴക്കു-പടിഞ്ഞാറല്ല, തെക്കു-വടക്കു ദിശയിലാണ് മറവുചെയ്യേണ്ടത് എന്നു മനസ്സിലാക്കുന്നത്. ലഭ്യമായ വിവരങ്ങളിൽ ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞിന്റെ ഖബറിടമായത് ഗ്രന്ഥകാരൻ അടയാളപ്പെടുത്തുന്നു.

മലബാർ കലാപത്തിൽ പങ്കെടുത്ത 11 സമരക്കാരെ അടക്കിയ മേൽമുറിയിലെ ഖബർ

സ്വന്തം നാടിനുവേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ കൊല്ലപ്പെട്ട മുസ്‌ലിംകൾക്കൊപ്പം നിന്ന, രക്തസാക്ഷികളായ അനേകം ദലിതരുടെ സൂചനകൾ തരുന്ന ഈ അടയാളം വേറിട്ടതാണ്. ദലിത്- മുസ്‌ലിം ഐക്യത്തിലൂന്നിയ പുതിയ രാഷ്ട്രീയദിശകളിലേക്കുള്ള സൂചനകളായി കൂടി അതിനെ നീട്ടിവായിക്കാം.
കരുവാരക്കുണ്ട് എന്ന സ്ഥലത്തിന്റെ പ്രാദേശികചരിത്രത്തെക്കുറിച്ച് സവിസ്തരം പറയുന്നതോടൊപ്പം തന്നെ അവിടത്തെ കൊല്ലന്മാരെക്കുറിച്ചുള്ള സൂചനകൾ കൃതി മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇരുമ്പയിരായ കരു വാരുന്ന കുണ്ടാണ് പിന്നീട് കരുവാരക്കുണ്ടായത്. കരുവാരക്കുണ്ടിൽ ഉണ്ടാക്കിയെടുത്ത വാളും കഠാരകളും കത്തിയും പോലുള്ള ഇരുമ്പുപകരണങ്ങൾ അറേബ്യൻ നാടുകളിലും മറ്റും പ്രശസ്തി നേടിയിരുന്നത്രേ. തോക്കുണ്ടാക്കുന്നതിലും വൈദഗ്ദ്ധ്യം നേടിയവരായിരുന്ന ഇവരെ സമരക്കാലത്ത് കലി പൂണ്ട് ബ്രിട്ടീഷ് പട്ടാളം പിടികൂടി ജയിലലടയ്ക്കുകയാണ് ആദ്യം ചെയ്തതത്രേ. പിന്നീടവർ പുറം ലോകം കണ്ടിട്ടില്ല എന്നാണ് വാമൊഴിചരിത്രം പറയുന്നത്. ഇപ്രകാരം മുസ്‌ലിം ജനതയ്ക്കൊപ്പം നിന്നതിന്റെ പേരിൽ സാമ്രാജ്യത്വത്തിന്റെ ക്രൂരമായ ആക്രമണങ്ങളാൽ വംശഹത്യചെയ്യപ്പെട്ട അപരരെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഈ കൃതിക്കു പുതിയ വെളിച്ചമാകുന്നുണ്ട്.
പ്രാദേശിക ചരിത്രരചനയുടെയും രാഷ്ട്രീയ വ്യാഖ്യാനങ്ങളുടെയും കുടുംബ ചരിത്രത്തിന്റെയും അതൊടൊപ്പം സംസ്‌കാര പഠനത്തിന്റെയും സ്വഭാവങ്ങൾ ഈ ചെറുകൃതിയുടെ ചേരുവകളായി നിൽക്കുന്നുണ്ട്.

അതിജീവനത്തിന്റെ സ്മരണകൾ സവിശേഷമായ സാംസ്‌കാരിക വായനകളിലൂടെ തിരിച്ചുപിടിക്കുക എന്ന നൈതികമായ ഒരു ഇടപെടലാണ് ഈ കൃതി കേരളീയസമൂഹത്തിൽ ചെയ്യുന്നത്

‘വെട്പ്പോത് അഥവാ വെടിപ്പഴുത്' എന്ന അവസാന അദ്ധ്യായം ഏറനാടൻ വാസ്തുവിദ്യയെക്കുറിച്ചും കൂടിയാവുന്നത് അങ്ങനെയാണ്. അത്തരമൊരു സമീപനത്തെക്കുറിച്ചുതന്നെ ചെറുതായൊരു സൂചന നൽകിക്കൊണ്ടാണ് ഈ അദ്ധ്യായം തുടങ്ങുന്നതും. പഴയകാലത്തെ ഉപകരണങ്ങളെക്കുറിച്ചും അവയുടെ ഉപയോഗക്രമത്തെക്കുറിച്ചുമുള്ള പുതിയ കാലത്തുനിന്നുള്ള നോട്ടത്തിന്റെ അഭിരുചിയെ മുൻനിർത്തിയാണദ്ദേഹം പറയുന്നത്. അതേസമയം വെറും വസ്തുരതി എന്നതിനേക്കാൾ അതിജീവനത്തിന്റെ അർത്ഥസന്നിവേശത്തിനായി ഈ "വെട്പ്പോതു'കളെ മനസ്സിലാക്കുന്നതിനാണദ്ദേഹം താല്പര്യപ്പെടുന്നത്. പ്രാദേശികഭാഷയിൽ വെട്പ്പോത് എന്നു വിളിക്കുന്ന വെടിപ്പഴുത് മാപ്പിളവീടുകളുടെ ചുവരുകളിൽ നാലടി ഉയരത്തിലായി ചെറിയ വൃത്താകൃതിയിലുള്ള ദ്വാരങ്ങളാണ്. അടുക്കളയുടെ ചുമരുകളിലാണ് ഇവ കാണാറുള്ളത്. കേരളത്തിന്റെ തെക്കു വടക്കൻ പ്രദേശങ്ങൾ വാസ്തുഘടനയിൽ വെവ്വേറെ രീതികൾ നിലനിൽക്കുമ്പോഴും അതിൽത്തന്നെ ഏറനാടൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഇത്തരം വ്യത്യസ്തതകൾ ആ നാടിന്റെ കഥ തന്നെയായി മാറുന്നു. കുളർമാവിന്റെ കറ ലയിപ്പിച്ച വെള്ളത്തിൽ ചുട്ടെടുക്കുന്ന മൺകട്ടകൾ കൊണ്ടാണ് ചുവരുകൾ പണിയുന്നത്. റെയ്ഡിനായി പോലീസുകാർ അക്രമാസക്തരായി വീടുകളിലേക്കു വരുമ്പോൾ അവരെ ആക്രമിച്ചു തുരത്തുക എന്ന ലക്ഷ്യമാണവയ്ക്കുണ്ടായിരുന്നത്. ചെറിയ വലുപ്പത്തിലുള്ള ദ്വാരങ്ങളിലൂടെ തോക്കിന്റെ കുഴൽ കടത്തിവെയ്ക്കുകയും പൊലീസ് കടന്നുവരുന്ന അതേ സന്ദർഭത്തിൽ ഉന്നം നോക്കി വെടിയുതിർക്കുകയുമായിരുന്നു രീതി. തിരഞ്ഞോടുകയല്ലാതെ മാർഗമില്ലാത്ത അവസ്ഥ. ഇങ്ങനെ സാഹസികമായ എത്രയേറെ അനുഭവപാഠങ്ങളിലൂടെ സാംസ്‌കാരികചരിത്രത്തെ പൊടിതുടച്ചെടുക്കുന്നു ഈ കൃതി.

അതിജീവനത്തിന്റെ സ്മരണകൾ സവിശേഷമായ സാംസ്‌കാരിക വായനകളിലൂടെ തിരിച്ചുപിടിക്കുക എന്ന നൈതികമായ ഒരു ഇടപെടലാണ് ഈ കൃതി കേരളീയസമൂഹത്തിൽ ചെയ്യുന്നത്. മലബാർ വിപ്ലവത്തിന്റെ ശതാബ്ദിസമരണകളുടെ കാലത്ത് മറവിയിൽ നിന്നുണരാൻ, തമസ്‌കരണങ്ങളെ നേരിടാൻ ഈ ചെറുത്തുനില്പുകൾ ഉതകട്ടെ. ദേശവിഭാവനങ്ങളിലെ തദ്ദേശീയരുടെ, ബഹുജനങ്ങളുടെ ആധികാരികതയെ പുനഃസ്ഥാപിക്കാനുള്ള ബദൽശ്രമമായി ഈ സ്മൃതിചിത്രങ്ങൾ പ്രവർത്തിക്കട്ടെ! ▮


ജി. ഉഷാകുമാരി

എഴുത്തുകാരി, സാമൂഹിക വിമർശക. പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം കോളേജിൽ അസോസിയേറ്റ് പ്രൊഫസർ. ഉടൽ ഒരു നെയ്​ത്ത്​: സംസ്​കാരത്തിന്റെ സ്​ത്രീവായന, വയലറ്റുനാവിലെ പാട്ടുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments