വെള്ളക്കാരനോട് നിയമയുദ്ധം നടത്തി ജയിച്ച മാളു ഹജ്ജുമ്മയെ മറന്നുപോയതെന്തുകൊണ്ട്?

റസിയ സുൽത്താനയുടെയും ചാന്ദ്ബീവിയുടെയും നൂർജഹാന്റെയും അർജുമന്ദ്ബാനുവിന്റെയും സൈബുന്നിസയുടെയും കൂടെ പരിഗണിക്കേണ്ട ഒരു പേര് എന്തുകൊണ്ട് വിസ്മൃതമാക്കപ്പെട്ടു?

Truecopy Webzine

‘‘വാരിയംകുന്നനെ വിവാഹം കഴിച്ചാൽ തൂക്കിലേറ്റുന്ന പട്ടാളമുണ്ടെങ്കിൽ അതൊന്നു കാണണമെന്ന'' ധീരമായൊരു തീരുമാനത്തിലേക്ക് സാഹസികമായി കടന്നുവന്ന ഒരു സ്ത്രീയുണ്ടായിരുന്നു ചരിത്രത്തിൽ. സ്ത്രീകൾക്കൊപ്പം നിന്ന് സാമ്രാജ്യത്വ ശക്തികൾക്കെതിരായ യുദ്ധത്തിന് വീര്യം പകർന്ന ഇത്തരം നിരവധി സ്ത്രീകൾ മലബാർ സമരവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ നിഴലിലാണ്ടുകിടക്കുകയാണ്. ഇവരുടെ വീണ്ടെടുപ്പിനെക്കുറിച്ചുള്ള ഒരു ചരിത്രകൃതിയുടെ വായനയാണ് ട്രൂ കോപ്പി വെബ്‌സീനിൽ ജി. ഉഷാകുമാരി നടത്തുന്നത്.

സ്വന്തം നാടിനുവേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ കൊല്ലപ്പെട്ട മുസ്ലിംകൾക്കൊപ്പം നിന്ന, രക്തസാക്ഷികളായ അനേകം ദളിതരുടെ സൂചനകൾ, അബ്ദുൾകലാം മാട്ടുമ്മലിന്റെ ‘ചേറുമ്പിലെ ചെറുത്തുനിൽപ്പുകൾ' എന്ന പുസ്തകത്തിലുണ്ട്. ദലിത്- മുസ്​ലിം ഐക്യത്തിലൂന്നിയ പുതിയ രാഷ്ട്രീയദിശകളിലേക്കുള്ള സൂചനകളായി കൂടി അതിനെ നീട്ടിവായിക്കാം- ഉഷാകുമാരി എഴുതുന്നു.

ചരിത്രം എന്നത് മഹാഖ്യാനങ്ങളിലൂടെ അതികായ രൂപമായി വളർന്നു നിൽക്കുന്ന അധീശബോധമാണെന്ന ധാരണയെ ഈ കൃതി ചെറുക്കുന്നു. മലബാർ സമരം വർഗീയ ലഹളയോ ദേശീയ സമരമോ കർഷകസമരമോ എന്ന ത്രികോണ/ചതുർകോണ സ്വഭാവത്തിലുള്ള ചോദ്യങ്ങൾക്കപ്പുറം, ഒട്ടു നിഴലിലാണ്ട ചില ഛായകളെ ഈ കൃതി വെളിച്ചത്തിലേക്കുകൊണ്ടുവരുന്നു. ആരാണ് ആലി മുസലിയാർ, വാരിയൻ കുന്നത്ത് എന്ന ചോദ്യങ്ങൾക്കപ്പുറം ആരാണ് മാളു ഹജ്ജുമ്മ, ആരാണ് മാട്ടുമ്മൽ മരയ്ക്കാർ എന്ന് ചോദിക്കുവാൻ ഈ കൃതി നമ്മെ പ്രചോദിപ്പിക്കുന്നുണ്ട്.

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദുഹാജിയുടെ ഭാര്യയായിരുന്ന മാളുഹജ്ജുമ്മയുടെ ധീരമായ ഓർമകളാണ് ഈ കൃതിയുടെ പ്രധാന ജീവൻ. റസിയ സുൽത്താനയുടെയും ചാന്ദ്ബീവിയുടെയും നൂർജഹാന്റെയും അർജുമന്ദ്ബാനുവിന്റെയും സൈബുന്നിസയുടെയും കൂടെ പരിഗണിക്കേണ്ട ഒരു പേര് എന്തുകൊണ്ട് വിസ്മൃതമാക്കപ്പെട്ടു എന്ന പ്രശ്നം ഗൗരവമായി ഉന്നയിക്കുന്നുണ്ട് ഗ്രന്ഥകാരൻ.

ചേറുമ്പ് ദേശത്ത് കോയാമു ഹാജിയുടെ മകളായി 1879 ലാണ് അവർ ജനിച്ചത്. കാൽപനിക ചരിത്രകാരന്മാർ അവതരിപ്പിച്ച വാരിയൻകുന്നത്തുമായുള്ള മാളുഹജ്ജുമ്മയുടെ പ്രണയം എന്ന പഴങ്കഥയെ അബ്ദുൾകലാം പാടെ നിരസിക്കുന്നുണ്ട്. സ്വതന്ത്രവ്യക്തിത്വമായിരുന്ന മാളു ഹജ്ജുമ്മ തന്റെ പ്രണയഭാജനമായി അദ്ദേഹത്തെ കണ്ടിരുന്നെങ്കിൽ അങ്ങനെ വിവാഹത്തിന് നിന്നുകൊടുക്കുമായിരുന്നില്ല എന്ന സരളവും ഭദ്രവുമായ യുക്തിയിലൂടെ ജനപ്രിയമായ ചരിത്രാഖ്യാനങ്ങളുടെ ഉദാസീനതയെ അദ്ദേഹം ചെറുക്കുന്നുണ്ട്.
പോരാട്ടത്തിൽ ഭർത്താവും പിതാവുമെല്ലാം നഷ്ടപ്പെട്ടിട്ടും സ്വത്തുവഹകൾ ബ്രിട്ടീഷുകാർ കണ്ടുകെട്ടിയിട്ടും വെള്ളക്കാരനോട് നിയമയുദ്ധത്തിലൂടെ വിജയം വരെ പോരാടുകയായിരുന്നു മാളു ഹജ്ജുമ്മ. തിരിച്ചുകിട്ടിയ സ്വത്തുക്കൾ പലതും പള്ളികൾക്കും മറ്റുമായി ദാനം ചെയ്യാനവർ മടിച്ചില്ല. കരുവാരക്കുണ്ടിലെ ആദ്യത്തെ പൊതുവിദ്യാലയം സ്ഥാപിച്ചത് അവർ നൽകിയ ഭൂമിയിലായിരുന്നുവെന്നതും പ്രധാനമാണ്. ചീനിപ്പാടത്തെ വീട്ടിൽ ഒരുക്കിയ 'ദർസി'ൽ വിദ്യാർത്ഥികളായിരുന്നവരിലേറെയും പിൽക്കാലത്ത് പ്രദേശത്തിന്റെ മത, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രഗൽഭരായിരുന്നു. 1962ൽ തന്റെ 83ാം വയസ്സിൽ മരിക്കുന്നതു വരെ ഉജ്ജ്വലമായ മാതൃകയായിത്തുടർന്നു, അവരുടെ താൻപോരിമ.

മലബാർ കലാപത്തെ കുറിച്ച് പരാമർശിക്കുന്ന മാട്ടുമ്മൽ മരയ്ക്കാറുടെ ഡയറിക്കുറിപ്പുകൾ / Photo: mattummalblog.blogspot.com

പള്ളിയിലെ മീറ്റിംഗുകളിൽ സുപ്രധാനമായ പങ്കുവഹിക്കുന്ന സ്വാധീനമായിത്തീരുകയും പെണ്ണാണെന്ന് പെട്ടെന്നു തിരിച്ചറിയാതിരിക്കാൻ നീളൻകുപ്പായത്തിൽ മുഖം മറച്ച് വാരിയൻ കുന്നത്തിനൊപ്പം യുദ്ധത്തിൽ പങ്കുചേരുകയും മലബാറിന്റെ തന്നെ ചരിത്രത്തിൽ ആദ്യമായി ബലിയറുത്ത സ്ത്രീയായി അടയാളപ്പെടുകയും ചെയ്ത മാളു ഹജ്ജുമ്മയുടെ നാനാവിധത്തിലുള്ള ചിത്രങ്ങളെല്ലാം മുഖ്യാധാരാ പുരോഗമനസ്ത്രീകളുടെ ഘടനയിൽ നിന്നെല്ലാം എത്രയോ വ്യത്യസ്തമാണ്! മതം സാമൂഹിക നിർവഹണശേഷിക്കെതിരല്ല എന്നു മാത്രമല്ല ഇതു പറയുന്നത്. മറിച്ച്, അതിനുള്ള ഊർജ്ജമായിത്തന്നെ അവരിൽ ഉൾച്ചേർന്നതായാണ് ഈ വിവരണങ്ങളിലൂടെ നാം കാണുന്നത്!

ഗ്രന്ഥകാരന്റെ ഉപ്പുപ്പായുടെ ജ്യേഷ്ഠൻ കൂടിയായ മാട്ടുമ്മൽ മരക്കാരുടെ ഡയറിക്കുറിപ്പുകൾ ഈ കൃതിയെ ചരിത്രപരമായി നിർണയിക്കുന്നു. ആന്തമാനിലേക്കു നാടുകടത്തപ്പെട്ട അദ്ദേഹം ജയിൽശിക്ഷ കഴിഞ്ഞുവന്നു നാട്ടിലെത്തി നോക്കുമ്പോൾ തന്റെ വീടും പറമ്പുമെല്ലാം ജന്മികൾ കൈവശപ്പെടുത്തിയതറിഞ്ഞ നിരാശയിൽ തിരിച്ച് ആന്തമാനിലേക്കു തന്നെ മടങ്ങേണ്ടിവന്നു. അവിടെ തന്നെ കിടന്നു മരിക്കുകയും ചെയ്തു.

കൊള്ളയും കൊലയും നടന്ന ആ കാലത്തിന്റെ സ്മൃതിചിത്രങ്ങളിലേക്ക് വീണൊഴുകുന്ന ചുടുകണ്ണീരിലൂടെ നാം കാണുന്നത് പലപ്പോഴും ഖബറിടങ്ങളാണ്. ഇസ്​ലാമിക വിശ്വാസപ്രമാണമനുസരിച്ച് പൊതുവേ ഖബറുകളുടെ ദിശ തെക്കു-വടക്ക് ദിശയിലാണ്. ഗൂർഖപ്പട്ടാളത്തിന്റെ ആക്രമണം ഭയന്ന് ഒളിച്ചിരുന്ന സമരക്കാരല്ലാത്ത നൂറിലധികം പേരെ കൊലചെയ്തതിനു പിന്നാലെ നാട്ടുപൊലീസിന്റെ ക്രൂരത വീണ്ടും അരങ്ങേറി. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച പാലേമ്പിടിയൻ ബീവി എന്ന ഗർഭിണിയായ സ്ത്രീയെ പൊലീസ് മർദ്ദിച്ചു. ഉമ്മയെ ഉപദ്രവിക്കുന്നതു കണ്ട് അവരുടെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞ ചെറിയ മകളെ പൊലീസ് മുകളിലേക്കു വലിച്ചെറിഞ്ഞു. രണ്ടുവയസ്സിൽ താഴെയുള്ള കുട്ടിയെ ബയണറ്റിൽ കോർത്തെടുത്തു. കുടൽമാലകൾ പുറത്തേക്കു തൂങ്ങി പിടയുന്ന മകളുടെ ചിത്രം, 80ാം വയസ്സിൽ മരണം വരെ ഉള്ളിൽ പേറേണ്ടിവന്ന ഉമ്മ! മറവുചെയ്യാൻ ഉറ്റവരാരും ഇല്ലാത്തതിന്റെ പേരിൽ അഴുകിയ ജഡങ്ങൾ ചുറ്റിലും. വേറെ ഒറ്റയടിക്ക് ഇല്ലാതായ ഒരു ഗ്രാമത്തിലെ തന്നെ നൂറോളം പുരുഷന്മാരെ പലരെയും ഒരേ കുഴിയിൽതന്നെ അടക്കേണ്ടിവരുന്നു. അവശേഷിച്ച സ്ത്രീകളാണ് ഇതെല്ലാം ചെയ്തതും. ചോരയും മാംസവുമായി ഛിന്നഭിന്നമാക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ പിറ്റേന്നു മറവുചെയ്തത് പ്രദേശത്തെ ദലിതരാണ്. വീടിനടുത്തായി സ്ഥലസൗകര്യം നോക്കി മറവു ചെയ്തതിനു ശേഷമാണ് കിഴക്കു-പടിഞ്ഞാറല്ല, തെക്കു-വടക്കു ദിശയിലാണ് മറവുചെയ്യേണ്ടത് എന്നു മനസ്സിലാക്കുന്നത്. ലഭ്യമായ വിവരങ്ങളിൽ ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞിന്റെ ഖബറിടമായത് ഗ്രന്ഥകാരൻ അടയാളപ്പെടുത്തുന്നു.

വിസ്മരിക്കപ്പെട്ട മാളു ഹജ്ജുമ്മ, മലബാർ സമരത്തിലെ
അപരരെക്കുറിച്ചുള്ള അന്വേഷണങ്ങൾ
ജി. ഉഷാകുമാരി എഴുതിയ ലേഖനം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 41

Comments