മലബാർ ഒരു പന്തയക്കുതിര

ഡി.എച്ച്. ലോറൻസിന്റെയും ബോദ്​ലേറുടെയും മലബാർ പ്രയോഗങ്ങൾക്ക് കെ.എ. കൊടുങ്ങല്ലൂരിന്റെയും ആറ്റൂർ രവിവർമയുടെയും പരിഭാഷകൾ...കെ.എ. കൊടുങ്ങല്ലൂരിന്റെ വിവർത്തനവും ആറ്റൂരിന്റെ വിവർത്തനവും അതിലെ ഊന്നലുകളും പരിഭാഷ ഒരു പ്രധാന വിഷയമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ചർച്ചകളിൽ ഇടം പിടിക്കേണ്ടുന്ന കാര്യങ്ങളായി ഇന്ന് മലബാറിലിരുന്ന് ഈ രചനകൾ വായിക്കുമ്പോൾ അനുഭവപ്പെടുന്നു. സപ്​തംബർ 30, അന്താരാഷ്​ട്ര പരിഭാഷ ദിനത്തിൽ വേറിട്ട ഒരു വിചാരം​

‘‘മലബാറെന്നു പറയുന്നതിന്റെ അർഥമെന്താണാവോ?, അമ്മ ചോദിച്ചു.
എനിക്കറിയില്ല, അച്ഛൻ പറഞ്ഞു.
മലബാറെന്നു പറഞ്ഞതിന്റെ അർഥമെന്തായിരിക്കും?, അവൾ സഹോദരനോടും ചോദിച്ചു.
ഓസ്‌ക്കാർ വ്യകതമാക്കി: ഡർബിയിൽ പങ്കെടുക്കുന്ന പന്തയക്കുതിരകളിൽ ഒന്നിന്റെ പേരാണത്.
ഓസ്‌ക്കാർ ഇക്കാര്യം ബാസ്സറ്റിനോടും അറിയാതെ പറഞ്ഞുപോയി. മലബാറിൻമേൽ ആയിരം പവൻ കെട്ടുകയും ചെയ്തു.’’

ഡി.എച്ച്.ലോറൻസിന്റെ ‘ദ റോക്കിംഗ് ഹോഴ്‌സ് വിന്നർ'- ആട്ടക്കുതിരയിലെ (മരക്കുതിര) വിജയി എന്ന് പദാനുപദ തർജമ- എന്ന ചെറുകഥക്ക് കെ.എ.കൊടുങ്ങല്ലൂർ തയ്യാറാക്കിയ പരിഭാഷയിൽ നിന്ന്. മലയാള പരിഭാഷയിൽ കഥയുടെ ശീർഷകം മലബാർ: മലബാർ എന്നാണ്).

കെ.എ. കൊടുങ്ങല്ലൂർ

1991 ഡിസംബറിൽ കെ.എ. കൊടുങ്ങല്ലൂർ അനുസ്മരണ സമിതി പ്രസിദ്ധീകരിച്ച ‘അൽഭുതങ്ങൾ വിൽപനക്ക്' എന്ന പുസ്തകത്തിലാണ് ഈ കഥ. കെ.എ. കൊടുങ്ങല്ലൂർ പരിഭാഷപ്പെടുത്തിയ 12 കഥകളാണ് ഈ സമാഹാരത്തിൽ. പുസ്തകത്തിന്റെ ആമുഖക്കുറിപ്പിൽ പലകാലങ്ങളിലായി പരിഭാഷപ്പെടുത്തിയ കഥകൾ എന്നാണ് പറഞ്ഞിരിക്കുന്നത്. ഡി.എച്ച്.ലോറൻസിന്റെ ഈ കഥയുടെ പരിഭാഷ ഏതു കാലത്ത്, ഏതു പ്രസിദ്ധീകരണത്തിൽ വന്നതാണെന്ന് പുസ്തകത്തിൽ പറയുന്നില്ല. കൊടുങ്ങല്ലൂർ തന്റെ പരിഭാഷാ രുചികളെക്കുറിച്ച് എവിടെയെങ്കിലും പറഞ്ഞിരുന്നുവോ? അദ്ദേഹത്തിന്റെ എഴുത്തുലോകത്തിൽ വിവർത്തനം വളരെ പ്രധാന പ്രവർത്തനങ്ങളിലൊന്നായിരുന്നുവെന്ന് വ്യക്തമാണ്. ഈ കഥാസമാഹാരം തന്നെ അതിന് വ്യക്തമായ ഉദാഹരണമാണ്. ലോറൻസിന്റെ കഥയുടെ ശീർഷകം മാറ്റുന്ന വിവർത്തകന്റെ സ്വാതന്ത്ര്യം കൊടുങ്ങല്ലൂർ പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്.

ലോറൻസിന്റെ ‘ലേഡീസ് ചാറ്റർലീസ് ലവർ' എന്ന നോവലിലെ വിവാദങ്ങൾ മലയാള സാഹിത്യമണ്ഡലവും ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ മലബാർ എന്ന പന്തയക്കുതിര കടന്നുവരുന്ന ഈ കഥ വേണ്ട വിധം മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല എന്നു തോന്നുന്നു. പരിഭാഷകൻ തീർച്ചയായും മലയാളി വായനക്കാരുടെ ശ്രദ്ധ ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയായിരിക്കണം ‘മലബാർ: മലബാർ' എന്ന ശീർഷകം സ്വീകരിച്ചത്. എന്നാൽ അതോടൊപ്പം ആ തെരഞ്ഞെടുപ്പ് ഇന്നു വായിക്കുമ്പോൾ കൊളോണിയലിസത്തെക്കുറിച്ചുള്ള വിമർശനങ്ങളിലേക്ക് കൃത്യമായ ചില വാതിലുകൾ തുറക്കുന്നുണ്ട്. ലോറൻസിന്റെ കഥയെ തീർത്തും വ്യത്യസ്തമായ ഒരു തലത്തിൽ വായിപ്പിക്കാൻ ഈ ശീർഷക മാറ്റം പ്രേരിപ്പിക്കുന്നുമുണ്ട്.

മലബാറിനെ പന്തയക്കുതിരയാക്കിയ ലോറൻസ്

1926 ജൂലൈയിലാണ് ലോറൻസിന്റെ ഈ കഥ ന്യൂയോർക്കിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന വനിതാ ഫാഷൻ മാസികയായ ഹാർപേഴ്‌സ് ബസാറിൽ പ്രസിദ്ധീകരിക്കുന്നത്. നമ്മുടെ നാട്ടിലും വനിതാ പ്രസിദ്ധീകരണങ്ങൾ ‘കുടുംബ ചെറുകഥകൾ' പ്രസിദ്ധീകരിക്കുന്നതിന് സമാനമായതാണ് ഈ കഥയുടെ പ്രസിദ്ധീകരണത്തിലും നടന്നതെന്ന് കരുതാം. പോൾ എന്ന കുട്ടിയിലൂടെയാണ് കഥ വികസിക്കുന്നത്. ഈ കുട്ടിയുടെ വീട്ടിൽ എപ്പോഴും ഉയർന്നു പൊങ്ങുന്നത് പണം ഒന്നിനും തികയുന്നില്ല, കൂടുതൽ പണമില്ലാതെ ശരിയാകില്ല എന്ന പറച്ചിലാണ്. അങ്ങിനെ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വീടാണ് തന്റേതെന്ന് പോൾ കഥയിൽ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യത്തിന് നിങ്ങളുടെ അച്ഛന് ഭാഗ്യമില്ല എന്ന മറുപടിയാണ് അമ്മ നൽകുന്നത്. സത്യത്തിൽ അത് പ്രണയം തകർന്ന ദാമ്പത്യമാണെന്ന് കഥയിൽ സൂചനയുണ്ട്. ആയയും തോട്ടക്കാരനും ഉളള വീടാണ് പോളിന്റേത്. അച്ഛൻ ഓഫീസ് ജോലിക്കാരനുമാണ്. പക്ഷെ ഒന്നിനും പണം തികയുന്നില്ല, കാരണം അച്ഛൻ നിർഭാഗ്യവാനാണ്.

ഫ്രഞ്ച് കവി ബോദ്‌ലെയർ

ഒടുവിൽ തന്റെ മരക്കുതിരയിൽ കേറി സഞ്ചരിക്കുന്നതായി ഭാവിക്കുന്ന പോൾ കുതിരപ്പന്തയക്കാരനായി മാറുന്നു. തോട്ടക്കാരൻ കുതിരപ്പന്തയത്തെക്കുറിച്ച് അറിവുള്ളയാളാണ്. അമ്മാവനിൽ നിന്ന് കിട്ടിയ ചെറിയ തുകയുമായി പോൾ കുതിരപ്പന്തയത്തിനിറങ്ങുന്നു. തന്റെ ഭാഗ്യം കൊണ്ട് വീട്ടിലെ പണമില്ലാപല്ലവിക്ക് അറുതിയുണ്ടാക്കാമെന്ന് കരുതുന്നു. കളിച്ച് പോളിന് 5000 പവൻ വരെ കിട്ടുന്നുണ്ട്. അത് അമ്മക്ക് ജന്മദിനസമ്മാനമായി ഒരു ബന്ധുകൊടുക്കുന്നതുപോലെ എത്തിക്കാൻ പോളിന് ആകുന്നു. വീട് ജപ്തി ചെയ്യാൻ നോട്ടീസ് വന്നു കിടക്കുമ്പോഴാണ് പോൾ ഇതുചെയ്യുന്നത്. എന്നാൽ പിന്നീട് പോൾ പന്തയങ്ങളിൽ തുടർച്ചയായി തോൽക്കുന്നു. മരക്കുതിര/കളിക്കുതിരയുമായുള്ള ആശയവിനിമയത്തിൽ നിന്നാണ് പന്തയത്തിൽ ഏതു കുതിരക്കുമേലാണ് ബെറ്റ് വെക്കേണ്ടതെന്ന ധാരണയിൽ താൻ എത്തുന്നത് എന്നാണ് പോൾ വിശ്വസിക്കുന്നത്. ഒടുവിലാണ് ഒരു പന്തയവേളയിൽ മലബാർ എന്ന കുതിരയിൽ പോൾ ബെറ്റ് വെക്കുന്നത്. അയാൾ അതിൽ 80,000 പവൻ നേടുകയും ചെയ്യുന്നു. എന്നാൽ, ഈ സമയമാകുമ്പോഴേക്കും ജ്വരം പോലെ ഒരു രോഗം ബാധിച്ച് മെലിഞ്ഞുണങ്ങി വിഷാദവാനായി പോൾ മാറിയിരുന്നു. മുൻകളികളിലെ പരാജയമായിരുന്നു കാരണം. ചൂതാട്ടം ഒരിക്കലും സഹായിക്കില്ലെന്ന് പോളിനെ അമ്മ ധരിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട്. മലബാർ പണം നൽകിയ രാത്രി പോൾ രോഗം മൂർച്ഛിച്ച് മരിക്കുന്നു. കഥയുടെ അവസാന ഭാഗം ഇങ്ങിനെയാണ്: അവൻ അങ്ങിനെ മരിച്ചുകിടക്കുന്ന സമയത്തുതന്നെ അവന്റെ അമ്മ അവളുടെ സഹോദര​ന്റെ ഈ വാക്കുകളും കേട്ടു: ഹെസ്റ്റർ നീ ഇപ്പോൾ എൺപതിനായിരത്തിൽപരം പവന്റെ സമ്പാദ്യം നേടുകയും പാവപ്പെട്ട ഒരു മകനെ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. ഏതായാലും വിജയിക്കുന്ന കുതിരയെ കണ്ടുപിടിക്കാൻ വേണ്ടി തന്റെ മരക്കുതിരപ്പുറത്ത് ഭ്രാന്തൻസവാരി ചെയ്യേണ്ടി വരുന്ന ഈ ഗതികേടിൽ നിന്ന് പോൾ എന്നെന്നേക്കുമായി മോചനം നേടിയത് നന്നായി.

ഡി.എച്ച്. ലോറൻസിന്റെ കഥ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ബ്രിട്ടീഷ് കോളനിഭരണം യഥാർഥ മലബാറിൽ നിന്ന് ഊറ്റിയെടുക്കാവുന്ന സമ്പത്ത് ഏതു വിധേയനേയും തട്ടിയെടുക്കുന്നതിന്റെ തിരക്കിലായിരുന്നു. മലബാർ കലാപം അടിച്ചൊതുക്കി നാലുവർഷം കഴിയുമ്പോഴാണ് കഥ പുറത്തുവരുന്നത്. അതായത്, ലോറൻസിനെപ്പോലെ വിഖ്യാതനായ ഒരെഴുത്തുകാരനും മലബാർ ഒരു പന്തയക്കുതിരയായിരുന്നു. ഭാഗ്യനിർഭാഗ്യങ്ങളിൽ ഒരേപോലെ വാതുവെക്കാവുന്ന പന്തയക്കുതിര. ബ്രിട്ടീഷുകാനായിരുന്ന ലോറൻസിനേയും തന്റെ രാജ്യത്തിന്റെ കോളനിയായി മാറിയ പ്രദേശം ഒരു പന്തയക്കുതിരയുടെ പേരായി മാറി എന്നത് ഒരിക്കലും യാദൃശ്ചികമായിരുന്നുവെന്ന് കരുതാൻ വയ്യ. അത് കോളനിബോധത്തിന്റെ ഉൽപ്പന്നം തന്നെയായിരുന്നുവെന്ന് കരുതുന്നതിൽ യുക്തി​യുണ്ട്. ഇക്കാര്യം കൃത്യമായും മനസ്സിലാക്കിത്തന്നെയായിരിക്കണം കെ.എ. കൊടുങ്ങല്ലൂർ കഥയുടെ ശീർഷകം ‘മലബാർ: മലബാർ’ എന്നാക്കിയത്. വായനക്കാരുടെ ശ്രദ്ധ ആകർഷിക്കുക എന്നതു മാത്രമായിരിക്കില്ല വിവർത്തകൻ ലക്ഷ്യമിട്ടത്, ഒപ്പം അത്തരമൊരു കഥയുടെ പോസ്റ്റ് കൊളോണിയൽ വിവർത്തനം എങ്ങിനെയാകാം എന്നതിന് മാതൃക സൃഷ്ടിക്കൽ കൂടിയായിരിക്കും. സത്യത്തിൽ ഡി.എച്ച്. ലോറൻസിന്റെ ഈ കഥയുടെ ഇന്നത്തെ പ്രസക്തി (ഏറ്റവും ചുരുങ്ങിയത് മലബാറിലെങ്കിലും) എന്തെന്ന് ശക്തമായി ചിന്തിപ്പിക്കാൻ ഉതകുന്നതുതന്നെയാണ് മലയാള വിവർത്തനത്തിലെ ശീർഷക മാറ്റം. പോസ്റ്റ്‌കൊളോണിയൽ ചിന്തകരും ബുദ്ധിജീവികളും ഇക്കാലമത്രയും ഇത്തരമൊരു കാര്യം കണ്ടില്ലെന്നു മാത്രം. ഈ കഥയുടെ വിവർത്തനം അതിനാൽ തന്നെ മലയാളത്തിലെ പരിഭാഷ സാഹിത്യത്തിലെ പ്രധാന താളുകളിലൊന്നായി മാറുന്നതും ഈ പ്രാധാന്യം കൊണ്ടുതന്നെയാണ്.

ഈ കഥ അവലംബിച്ച് 1949ൽ (ഇന്ത്യ സ്വതന്ത്രയായി രണ്ടു വർഷം കഴിഞ്ഞ്) ചലച്ചിത്രമുണ്ടായി. ഒലിവർ ട്വിസ്റ്റായി അഭിനയിച്ച പ്രശസ്ത ബാലനടൻ ജോൺ ഹൊവാർഡ് ഡേവിസാണ് ‘ദ റോക്കിംഗ് ഹോഴ്‌സ് വിന്നർ' എന്ന ശീർഷകത്തിൽ തന്നെയുള്ള സിനിമയിൽ പോൾ ആയി അഭിനയിച്ചത്. ആ സിനിമ കേരളത്തിൽ പ്രദർശിപ്പിച്ചിരുന്നുവോ? എങ്കിൽ എന്തായിരുന്നു പ്രതികരണം എന്നു വ്യക്തമല്ല. യൂറോപ്പിലും അമേരിക്കയിലും ബാലനടൻ തകർത്തഭിനയിച്ച കുടുംബ ചിത്രം എന്ന നിലയിലാണ് ഒലിവർ ട്വിസ്റ്റിനെപ്പോലെ ഈ സിനിമയും നേടിയ ഖ്യാതി.
മലബാർ കലാപത്തിന് തൊട്ടുപിന്നാലെ 1923ൽ ഇറ്റാലിയൻ ഭാഷയിൽ ‘ലാ റിവോൾട്ട ഡെൽ മലബാർ' എന്ന നാടകം രചിക്കപ്പെട്ടു.

ദ റോക്കിംഗ് ഹോഴ്‌സ് വിന്നർ സിനിമയിൽ നിന്നുള്ള രംഗം. ജോൺ ഹോവാർഡ് ഡേവിസാണ് ഈ രംഗത്ത് അഭിനയിക്കുന്നത്

അമിൽകെയർ മക്കെട്ടി ആയിരുന്നു രചയിതാവ്. മലബാറിൽ ബ്രിട്ടീഷ് സൈനികനായിരുന്ന ഡൊണാൾഡ് സിന്ദർബേ രചിച്ച ‘ദ ജ്വൽ ഓഫ് മലബാർ', 1927ലും പുറത്തു വന്നു. രണ്ടു വിദേശ രചനകളിലും മലബാർ കലാപമായിരുന്നു പ്രമേയം. അതായത് യൂറോപ്യൻ സാഹിത്യത്തിലേക്ക് മലബാർ എന്ന പ്രദേശം പ്രവേശിച്ചതിൽ മലബാർ കലാപത്തിനു പങ്കുണ്ട്. ഈ രണ്ടു രചനകളിലും കലാപം തന്നെയാണ് പ്രമേയം. 1926ൽ പ്രസിദ്ധീകരിക്കപ്പെട്ട ഡി.എച്ച്. ലോറൻസിന്റെ കഥയിൽ ഇതേ മലബാർ ഒരു പന്തയക്കുതിരയാകുന്നു. നേരത്തെ പറഞ്ഞ രണ്ടു രചനകളിലുമുള്ള അതേ യുക്തി തന്നെയാണ് മലബാറിനെ പന്തയക്കുതിരയാക്കുമ്പോൾ ലോറൻസിലും സംഭവിച്ചത്. അത് ‘ലേഡി ചാറ്റർലി പ്രഭ്വി' വിക്ടോറിയൻ സദാചാരത്തിനു നേരെ ഉയർത്തിയ വിമർശനം പോലെയായിരുന്നില്ല. കൊളോണിയൽ യുക്തി​ അദ്ദേഹത്തെപ്പോലെ ഒരെഴുത്തുകാരനെ എങ്ങിനെയാണ് ബാധിച്ചത് എന്നതിന്റെ തെളിവായിട്ടായിരിക്കും ഈ കഥയുടെ ഭാവി ജീവിതം (തീർച്ചയായും മലബാറിലെങ്കിലും). കോളനി ഭരണക്കാലത്ത് മലബാർ ബ്രിട്ടീഷുകാർക്ക് അക്ഷരാർഥത്തിൽ ഒരു പന്തയക്കുതിരയായിരുന്നുവെന്നതിന് ഇന്ന് നിരവധി തെളിവുകൾ നമുക്ക് മുന്നിലുണ്ടെന്നിരിക്കെ പ്രത്യേകിച്ചും.

ഇന്റർനെറ്റിന്റെ സാഹിത്യ-സാംസ്‌ക്കാരിക ഡാറ്റാ ബേസ് പരിശോധിക്കുമ്പോൾ ലോറൻസ് എന്തുകൊണ്ട് പന്തയക്കുതിരക്ക് മലബാർ എന്ന പേരു നൽകി എന്ന് അന്വേഷിക്കുമ്പോൾ ലഭിക്കുന്നത് മൂന്നു ഉത്തരങ്ങളാണ്. ആദ്യ ഉത്തരം വിവിധ കച്ചവട സാധ്യതകളും സ്ഥാപനങ്ങളുമുള്ള തെക്കേ ഇന്ത്യയിലെ പ്രദേശം ഭാഗ്യദേശമായി ലോറൻസ് കരുതിയിരിക്കാം എന്നതാണ്. രണ്ടാമത്തെ ഉത്തരം മലബാർ വിദൂരമായ പ്രദേശമാണ്, സമ്പത്ത് വിദൂരതയിൽ ആയിരിക്കാം എന്ന് സൂചിപ്പിക്കാനായിരിക്കാം എന്ന് നിരീക്ഷിക്കുന്നു. മൂന്നാമത്തേത് വിഷച്ചെടിയായ (വാതുവെപ്പ് മരണകാരണം തന്നെയായി കഥയിൽ മാറുകയാണല്ലോ) മലബാർ സ്പിനാച്ചിൽ നിന്ന് മലബാർ എന്ന പദം എടുത്തതാകാം എന്നുമാണ്. എന്നാൽ മലബാർ നിരന്തരം വിജയിക്കുന്ന ഒരു പന്തയക്കുതിരയായി ബ്രിട്ടീഷ് സാമ്രാജ്യത്തിനു തോന്നി, അത് ലോറൻസിനെ ശക്തമായി സ്വാധീനിച്ചു എന്ന ഉത്തരമാണ് ഇന്ന് ഇക്കഥ (പരിഭാഷ) വായിക്കുമ്പോൾ തോന്നുക.

മലബാറിനെ ആറ്റൂർ മലയാളിയാക്കുമ്പോൾ

ഇതോടൊപ്പം തലക്കെട്ടിലെ മലബാർ, മലയാളി എന്നാക്കി മാറ്റിയ ഒരു പരിഭാഷയെക്കുറിച്ച് കൂടി ഇവിടെ പറയേണ്ടതുണ്ടെന്ന് തോന്നുന്നു.

ബോദ്‌ലേർ

ഫ്രഞ്ച് മഹാകവി ബോദ്‌ലേർ എഴുതിയ ‘എ യുൻ മലബാറിസെ (മലബാർ പെൺകുട്ടിയോട്) എന്ന കവിത പരിഭാഷപ്പെടുത്തിയത് ആറ്റൂർ രവിവർമയാണ്. പരിഭാഷയിൽ ആറ്റൂർ ശീർഷകം മലയാളി പെൺകിടാവിനോട് എന്നാക്കി. പരിഭാഷയുടെ അടിക്കുറിപ്പിൽ ബോദ്‌ലേർ മാഹി സന്ദർശിക്കുകയും അപ്പോൾ കണ്ട പെൺകിടാവിനെക്കുറിച്ചായിരിക്കാം ഈ കവിതയെന്നും ആറ്റൂർ രവിവർമ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കൊൽക്കത്ത ലക്ഷ്യമാക്കി ഫ്രാൻസിൽ നിന്ന് യാത്ര പുറപ്പെട്ട ബോദ്‌ലേർ സഞ്ചരിച്ച കപ്പൽ കാറ്റിലും കോളിലും മൗറീഷ്യസിൽ എത്തുകയും അവിടെ ഒരു ഫ്രഞ്ചുകാരന്റെ തോട്ടത്തിൽ പണിയെടുത്തിരുന്ന മലബാർ പെൺകുട്ടിയെ കാണുകയും (ബോദ്‌ലേർ മൗറീഷ്യസിലെത്തിയതിനെക്കുറിച്ച് സാർത്ര് എഴുതിയ ബോദ്ലേർ എന്ന വിഖ്യാതഗ്രന്ഥത്തിൽ സൂചനയുണ്ട്) അവരെക്കുറിച്ചെഴുതിയ കവിതയാണ് ഇതെന്നും ചില ലേഖനങ്ങളിൽ കാണുന്നു. ആ പെൺകുട്ടി മൗറീഷ്യസിലേക്ക് കൊണ്ടുപോയ ഒരു അടിമസ്ത്രീയുടെ മകളായിരുന്നുവെന്നും (മലബാറിൽ നിലനിന്ന അടിമക്കച്ചവടത്തിലേക്ക് ഇക്കാര്യം ശക്തമായി വിരൽചൂണ്ടുന്നു) ഈ ലേഖനങ്ങൾ വിശദീകരിക്കുന്നു.

ആറ്റൂർ രവിവർമ

ഇപ്പറയുന്ന കാര്യമാണ് ശരിയെങ്കിൽ, അല്ലെങ്കിൽ വിവർത്തകൻ എന്ന നിലയിൽ ആറ്റൂർ ഇത്തരമൊരു കാര്യത്തിനാണ് ഊന്നൽ നൽകിയിരുന്നതെങ്കിൽ മലബാർ എന്നത് മലയാളി എന്നാകുമായിരുന്നോ എന്നാലോചിക്കുമ്പോൾ മിക്കവാറും ആകുമായിരുന്നില്ല എന്ന ഉത്തരമാണ് ലഭിക്കുക. ആറ്റൂരിന്റെ ഊന്നലുകളെക്കുറിച്ച് അറിയാവുന്നവർക്ക് പ്രത്യേകിച്ചും. മലബാർ എന്ന യൂറോപ്യൻ കോളനിയിൽ നിന്ന് (അത് ബ്രിട്ടനോ, ഫ്രാൻസോ ആകാം) കൊണ്ടുപോയ അടിമ സ്ത്രീയുടെ മകൾ മലബാറുകാരിയോ അതോ മലയാളിയോ? ബോദ്‌ലേറുടെ പ്രയോഗമായിരുന്നോ വിവർത്തനത്തിൽ ആറ്റൂർ വരുത്തിയ മാറ്റമായിരുന്നോ ശരി? പോസ്റ്റ് കൊളോണിയൽ പണ്ഡിതർ തീർച്ചയായും ആലോചിക്കേണ്ട കാര്യമാണിതെന്ന് തന്നെ തോന്നുന്നു.

കെ.എ. കൊടുങ്ങല്ലൂരിന്റെ വിവർത്തനവും ആറ്റൂരിന്റെ വിവർത്തനവും- അതിലെ ഊന്നലുകളും പരിഭാഷ ഒരു പ്രധാന വിഷയമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ചർച്ചകളിൽ ഇടം പിടിക്കേണ്ടുന്ന കാര്യങ്ങളായി ഇന്ന് മലബാറിലിരുന്ന് ഈ രചനകൾ വായിക്കുമ്പോൾ അനുഭവപ്പെടുന്നു.

Comments