വൈക്കം സത്യാഗ്രഹ നേതാക്കള്‍

ആചാരവിശ്വാസ ലംഘനങ്ങളുടെ വൈക്കം സത്യാഗ്രഹം

“100 കൊല്ലം മുമ്പു നടന്ന വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും തുടർന്നുവന്ന ക്ഷേത്ര പ്രവേശന വിളംബരവുമെല്ലാം ആചാര ലംഘനങ്ങൾക്കു വേണ്ടിയുള്ളതായിരുന്നു. അവയുടെ വിജയം ആചാരങ്ങൾക്കു മേലുള്ള പൗരാവകാശങ്ങളുടെ വിജയമായിരുന്നു” വൈക്കം സത്യാഗ്രഹത്തിൻ്റെ നൂറാം വാർഷികത്തിൽ എം. സുൽഫത്ത് എഴുതുന്നു.

വൈക്കം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുവഴികളിലൂടെ എല്ലാ ജാതി വിഭാഗങ്ങൾക്കും സഞ്ചരിക്കാനുള്ള അവകാശങ്ങൾക്കു വേണ്ടി നടന്ന സമരമാണ് വൈക്കം സത്യാഗ്രഹം. അയിത്തവും തീണ്ടലും ഹിന്ദുമതത്തിലെ വർണാശ്രമ ധർമ്മത്തെ നിലനിർത്തുന്ന ആചാരങ്ങളാണ്. ആചാരങ്ങൾ ലംഘിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടി നടന്ന സത്യാഗ്രഹസമരത്തിൻ്റെ നൂറാം വാർഷികമാണ് നവംബർ 23.

തിരുവിതാംകൂറിലെ എല്ലാ പൊതു നിരത്തുകളും വർണനിരപേക്ഷമായി ആർക്കും ഉപയോഗിക്കാം എന്ന് 1865-ൽ ഉത്തരവുണ്ടായിട്ടും ഈഴവർക്കും അതിലും താഴെയാണെന്ന് വിളിക്കപ്പെട്ടിരുന്ന വിഭാഗങ്ങൾക്കും ക്ഷേത്രങ്ങൾക്ക് മുന്നിലൂടെയുള്ള വഴികൾ നിഷേധിക്കപ്പെട്ടിരുന്നു. കാളവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്ന അയ്യങ്കാളിക്കും റിക്ഷയിൽ യാത്ര ചെയ്ത ശ്രീനാരായണ ഗുരുവിനും വൈക്കം ക്ഷേത്രത്തിനു മുന്നിലെ വിലക്കപ്പെട്ട വഴിയിലൂടെ പോകാൻ അനുവാദം നിഷേധിക്കപ്പെട്ട് മറ്റൊരു വളഞ്ഞ വഴിയേ യാത്ര ചെയ്യേണ്ടി വന്ന അനുഭവം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വൈക്കം ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലെ ദളവാക്കുളം (ഇന്ന് വൈക്കം ബസ്സ്റ്റാൻ്റ് സ്ഥിതിചെയ്യുന്ന സ്ഥലം) 1806-ൽ ആചാരലംഘനം നടത്താൻ 100-ൽ അധികം വരുന്ന ഈഴവ യുവാക്കൾ സംഘടിതരായി എത്തിയപ്പോൾ അവരെ വേലുത്തമ്പി ദളവയുടെ ഉത്തരവുപ്രകാരം നായർ പടയാളികൾ കൊന്ന് തള്ളിയ കുളമാണെന്ന് പറയപ്പെടുന്നു. അത്രയേറെ കഠിനമായ ആഴത്തിൽ വേരുറച്ച ഹൈന്ദവാചാരത്തെയാണ് വൈക്കം സത്യാഗ്രഹത്തിലൂടെ പിഴുതെറിഞ്ഞത്. 1924 മാർച്ച് 30-ന് തുടങ്ങി 1925 നവംബർ 23 വരെ നീണ്ട ആചാരലംഘന സമരത്തിൻ്റെ നൂറാം വാർഷികത്തിൽ പൂർവ്വികർ നടത്തിയ ആചാരലംഘനങ്ങളിൽ നാം ഊറ്റം കൊള്ളുകയും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നടക്കേണ്ട ആചാരലംഘനങ്ങളെ തള്ളിപ്പറയുകയുമാണ്.

"വൈക്കം സത്യാഗ്രഹം തുറക്കാൻ കഴിയാതെ പോയ ഒരു വഴിയിലല്ല, ഭാവിയിലേക്ക് നടന്നു തീർത്ത മുഴുവൻ വഴികളെയും നിർവ്വചിച്ചു" എന്ന ഇ.എം.എസിൻ്റെ പ്രസ്താവന വൈക്കം സത്യാഗ്രത്തിൻ്റെ ചരിത്ര പ്രാധാന്യത്തെയും ദൂരവ്യാപകമായ സാമൂഹിക സ്വാധീനത്തെയും വിലയിരുത്തിക്കൊണ്ട് നടത്തിയ ഒരു നിരീക്ഷണമാണ്. 603 ദിവസം നീണ്ടു നിന്ന വൈക്കം സത്യാഗ്രഹസമരം 1925 നവംബർ 23-ന് അവസാനിപ്പിച്ചത് ക്ഷേത്രത്തിൻ്റെ കിഴക്കേ നട ഒഴികെയുള്ള വടക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗത്തുള്ള മൂന്ന് വഴികളും ജാതിമത ലിംഗഭേദമേന്യേ എല്ലാ മനുഷ്യർക്കും തുറന്നു കൊടുത്തു കൊണ്ടായിരുന്നു. തുറക്കാതെ പോയ ഒരു വഴിയല്ല അയിത്തത്തിനെതിരായ സമരചരിത്രത്തിലെ ഇനി നടക്കാനിരിക്കുന്ന വഴികളെക്കൂടി മുന്നിൽ കണ്ടാണ് അദ്ദേഹം അത് പറഞ്ഞത്. കിഴക്കേ നടയും ക്ഷേത്രപ്രവേശനവും എല്ലാ വിഭാഗങ്ങൾക്കും അനുവദിക്കാതെ അന്ന് സമരം അവസാനിപ്പിച്ചത് പൂർണ വിജയത്തിലായിരുന്നില്ലെങ്കിലും1936-ലെ ക്ഷേത്ര പ്രവേശന വിളംബരം ഉൾപ്പെടെയുള്ള നവോത്ഥാന ശ്രമങ്ങൾക്ക് വഴി തുറന്നത് ഈ സമരത്തിൻ്റെ ഊർജ്ജമായിരുന്നു.

"വൈക്കം സത്യാഗ്രഹം തുറക്കാൻ കഴിയാതെ പോയ ഒരു വഴിയിലല്ല, ഭാവിയിലേക്ക് നടന്നു തീർത്ത മുഴുവൻ വഴികളെയും നിർവ്വചിച്ചു" എന്ന  ഇ.എം.എസിൻ്റെ പ്രസ്താവന വൈക്കം സത്യാഗ്രത്തിൻ്റെ ചരിത്ര പ്രാധാന്യത്തെയും ദൂരവ്യാപകമായ സാമൂഹിക സ്വാധീനത്തെയും വിലയിരുത്തിക്കൊണ്ട് നടത്തിയ ഒരു നിരീക്ഷണമാണ്.
"വൈക്കം സത്യാഗ്രഹം തുറക്കാൻ കഴിയാതെ പോയ ഒരു വഴിയിലല്ല, ഭാവിയിലേക്ക് നടന്നു തീർത്ത മുഴുവൻ വഴികളെയും നിർവ്വചിച്ചു" എന്ന ഇ.എം.എസിൻ്റെ പ്രസ്താവന വൈക്കം സത്യാഗ്രത്തിൻ്റെ ചരിത്ര പ്രാധാന്യത്തെയും ദൂരവ്യാപകമായ സാമൂഹിക സ്വാധീനത്തെയും വിലയിരുത്തിക്കൊണ്ട് നടത്തിയ ഒരു നിരീക്ഷണമാണ്.

ഏറ്റവും വലിയ ആചാരലംഘനങ്ങളായിരുന്നു ക്ഷേത്രവഴികളിൽ കൂടി ഈഴവർ, പറയർ, പുലയർ, അരയർ തുടങ്ങിയ അവർണർ എന്ന് വിളിക്കപ്പെട്ടിരുന്ന ജാതിവിഭാഗങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം അന്നനുവദിച്ചത്. ആ ആചാരലംഘനങ്ങൾ സവർണ വിഭാഗങ്ങൾക്ക് മാത്രമല്ല അതിന് ഇരകളായ വിഭാഗങ്ങൾക്കും സഹിക്കാനും ഉൾക്കൊള്ളാനും കഴിയുന്നതായിരുന്നില്ല. ജാതിവ്യവസ്ഥക്കെതിരായ തീവ്രമായ ഇടപെടലുകളെ വലിയൊരു വിഭാഗത്തിനും ഉൾക്കൊള്ളാൻ കഴിയാതിരുന്നത് അന്ന് വരെ അവർ പാലിച്ചു പോന്നിരുന്ന വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ലംഘനമായിരുന്നു അത് എന്നത് കൊണ്ടായിരുന്നു. ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന "തീണ്ടൽപ്പലകൾ (Board of untouchability) അവർണർ എന്ന് വിളിക്കപ്പെട്ട ഈഴവരടക്കമുള്ള ജാതിവിഭാഗങ്ങൾക്ക് ക്ഷേത്രത്തിന് സമീപമുള്ള വഴികൾ നിഷേധിച്ചുകൊണ്ട് അല്ലെങ്കിൽ ആചാര സംരക്ഷണത്തിനായി സ്ഥാപിച്ച ബോർഡുകളായിരുന്നു.

1931-ൽ കെ. കേളപ്പൻ്റെയും മന്നത്ത് പത്മനാഭൻ്റെയും എ.കെ.ജിയുടെയും മറ്റും നേതൃത്വത്തിൽ നടന്ന ഗുരുവായൂർ സത്യാഗ്രഹം മറ്റൊരു വലിയ ആചാരലംഘനത്തിന് വേണ്ടി ആയിരുന്നു. അവർണരെന്ന് വിളിക്കപ്പെട്ടിരുന്ന, ക്ഷേത്രവഴികൾ പോലും നിഷേധിക്കപ്പെട്ടിരുന്ന വിഭാഗങ്ങൾക്ക് ഗുരുവായൂർ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാനായിരുന്നു അന്നത്തെ സത്യാഗ്രഹം. പി. കൃഷ്ണപിള്ള ഗുരുവായൂർ ക്ഷേത്രത്തിൻ്റെ നാലമ്പലത്തിനകത്ത് കയറിമണിയടിച്ചത് ആചാരാനുഷ്ടാനങ്ങളുടെ കണക്കിൽ എത്ര വലിയ കുറ്റകൃത്യമാണ്. സ്വാമി ആനന്ദതീർത്ഥൻ സ്ത്രീകളും പുരുഷൻമാരുമായ പുലയരെയും പറയരെയും കൂട്ടി മലബാറിലെ ക്ഷേത്രക്കുളങ്ങളിൽ കുളിച്ചതും ക്ഷേത്രത്തിലെ ഭോജന ശാലകളിൽ കയറി ഭക്ഷണം കഴിച്ചതുമൊക്കെ ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമല ക്ഷേത്രത്തിൽ കയറിയതുപോലെയുള്ള വലിയ ആചാര ലംഘനങ്ങളായിരുന്നു. ദൃഷ്ടിയിൽ പെട്ടാൽ പോലും ദോഷമുള്ള വിഭാഗങ്ങളെ ഇടവും വലവും ഇരുത്തി സഹോദരൻ അയ്യപ്പൻ്റെ നേതൃത്വത്തിൽ നടത്തിയ പന്തിഭോജനം എന്ന ആചാരലംഘനം ഭയപ്പാടോടെ നോക്കിക്കണ്ട ഒരു ഭൂതകാലം കേരളത്തിൻ്റെ ജാതിവ്യവസ്ഥയുടെ മസ്തകത്തിൽ കൊണ്ട അടികളുടെ കാലം കൂടി ആയിരുന്നു. ഇങ്ങനെ എത്ര യെത്ര ആചാരങ്ങൾ ലംഘിക്കാൻ തയ്യാറായവരും അതിനെ പിന്തുണച്ചവരും ചേർന്നാണ് നാമിന്ന് കാണുന്ന ജനാധിപത്യ അവകാശങ്ങൾ പലതും നേടിയത് എന്ന് മറക്കരുത്.

ഇന്ന് ശബരിമലയിലെ സ്ത്രീപ്രവേശനത്തെയും സുപ്രിം കോടതി വിധിയെയും ആചാര ലംഘനമായി കാണുന്നവർ നൂറ് കൊല്ലം മുമ്പ് നടന്ന ഓരോ ആചാരലംഘനങ്ങളും ഇന്നത്തെ കേരളത്തെ എങ്ങനെയൊക്കെയാണ് രൂപപ്പെടുത്തിയതെന്ന് ആത്മാർത്ഥമായി വിലയിരുത്തേണ്ടിയിരിക്കുന്നു.

1931-ൽ കെ. കേളപ്പൻ്റെയും മന്നത്ത് പത്മനാഭൻ്റെയും എ.കെ.ജിയുടെയും മറ്റും നേതൃത്വത്തിൽ നടന്ന ഗുരുവായൂർ സത്യാഗ്രഹം മറ്റൊരു വലിയ ആചാരലംഘനത്തിന് വേണ്ടി ആയിരുന്നു.
1931-ൽ കെ. കേളപ്പൻ്റെയും മന്നത്ത് പത്മനാഭൻ്റെയും എ.കെ.ജിയുടെയും മറ്റും നേതൃത്വത്തിൽ നടന്ന ഗുരുവായൂർ സത്യാഗ്രഹം മറ്റൊരു വലിയ ആചാരലംഘനത്തിന് വേണ്ടി ആയിരുന്നു.

സവർണ സമുദായത്തിൻ്റെ യാഥാസ്ഥിതിക ബോധത്തിനു മാത്രമല്ല അവർണരെന്ന് വിളിക്കപ്പെട്ട സമുദായങ്ങളുടെയും ആചാരവിശ്വാസങ്ങളുടെ ലംഘനങ്ങളായിരുന്നു സ്ത്രീകളുടെ മാറ് മറയ്ക്കൽ. അതിനെത്തുടർന്നുണ്ടായ കലാപങ്ങളും നിയമലംഘനങ്ങളും ആചാര സംരക്ഷണവും ആചാരലംഘനവും തമ്മിലുള്ള നേർക്കുനേർ പോരാട്ടങ്ങളായിരുന്നു. രാജവിളംബരങ്ങൾ കണ്ട് ഭയന്ന് ജീവനൊടുക്കാൻ പോലും തയ്യാറായ യാഥാസ്ഥിതികരെക്കുറിച്ച് വി.ടി. ഭട്ടതിരിപ്പാടിനെപ്പോലുള്ളവർ എഴുതിയത് വായിക്കുമ്പോൾ പൗരാവകാശങ്ങൾ എല്ലാ മനുഷ്യർക്കും അനുവദിക്കുന്ന ഉത്തരവുകൾ ആ തലമുറയിലെ മനുഷ്യരിൽ എത്ര മാത്രം ആത്മസംഘർഷങ്ങളാണ് ഉണ്ടാക്കിയതെന്ന് മനസ്സിലാവും.

സ്ത്രീകൾക്ക് പ്രവേശനം നിരോധിക്കപ്പെട്ട ഒരു ഇടമായിരുന്നു തിരുവനന്തപുരം ജില്ലയിലെ ‘അഗസ്ത്യാർകൂടം’ അഗസ്ത്യമുനി ബ്രഹ്മചാരിയാണെന്ന വിശ്വാസത്തിൻ്റെ പേരിലാണ് വനം വകുപ്പ് നടത്തിയിരുന്ന ട്രക്കിംഗിൽ നിന്നു വരെ സ്ത്രീകളെ ഒഴിവാക്കിയിരുന്നത്. എന്നാൽ ഈ ‘ആചാരം’ ഭരണഘടനാ വിരുദ്ധമാണെന്ന 2018-ലെ ഹൈക്കോടതി വിധിയിലൂടെ ലംഘിക്കപ്പെടുകയാണ് ചെയ്തത്. ആചാരലംഘനത്തിൻ്റെ ദൈവശിക്ഷ അത് ലംഘിച്ചവർ അനുഭവിക്കട്ടെ എന്ന ലഘു യുക്തിയിലൂടെ വിശ്വാസികൾ അത് ഉൾക്കൊള്ളുകയാണുണ്ടായത്. എന്നാൽ രാഷ്ട്രീയ ദുഷ്ടലാക്കോടെ നടത്തിയ ഗൂഢാലോചനയാണ് ശബരിമല പ്രവേശനത്തിൽ നിന്ന് സ്ത്രീകളെ വിലക്കുന്നതിലേക്ക് രാഷ്ട്രീയ പാർട്ടികൾ എത്തിയതെന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാവും. ആചാര സംരക്ഷണങ്ങൾക്കു പരി അതൊരു വോട്ടുബാങ്ക് രാഷ്ട്രീയമാണ്.

ശബരിമല കേന്ദ്രീകരിച്ച് നടന്ന ഒരു വലിയ ക്രൈം, ആ ക്രൈം നടപ്പിലാക്കുന്നതിനു വേണ്ടി നടത്തിയ ആചാരപരമായ ക്ഷേത്രനിയമങ്ങളുടെ ലംഘനം എന്നിവ ഇപ്പോൾ വെളിച്ചത്ത് വരുമ്പോൾ അതിലൂടെ വെളിവാക്കപ്പെട്ട മറ്റൊരു വസ്തുതയുണ്ട്. ഏറ്റവും വലിയ അയ്യപ്പഭക്തൻ എന്നവകാശപ്പെടുന്ന രാഹുൽ ഈശ്വറിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിശ്വസിക്കാമെങ്കിൽ കുളം കലക്കി ആ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ചവരിൽ സംഘ പരിവാരം മാത്രമല്ല CPM നേതൃത്വത്തിലുള്ളവരും ഉണ്ടായിരുന്നു.

രാഷ്ട്രീയ ദുഷ്ടലാക്കോടെ നടത്തിയ ഗൂഢാലോചനയാണ് ശബരിമല പ്രവേശനത്തിൽ നിന്ന് സ്ത്രീകളെ വിലക്കുന്നതിലേക്ക് രാഷ്ട്രീയ പാർട്ടികൾ എത്തിയതെന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാവും.
രാഷ്ട്രീയ ദുഷ്ടലാക്കോടെ നടത്തിയ ഗൂഢാലോചനയാണ് ശബരിമല പ്രവേശനത്തിൽ നിന്ന് സ്ത്രീകളെ വിലക്കുന്നതിലേക്ക് രാഷ്ട്രീയ പാർട്ടികൾ എത്തിയതെന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാവും.

2018 സെപ്തംബർ 28-ലെ സുപ്രീം കോടതി വിധി ആചാരങ്ങൾക്കുമേൽ ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ സ്ഥാപനമായിരുന്നു. ആർത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം മനുഷ്യർ ഈ നൂറ്റാണ്ടിലും ഇന്ത്യയിലുണ്ട്. ഏത് സുപ്രീം കോടതി വിധിയുണ്ടായാലും ആ വിശ്വാസമുള്ള സ്ത്രീകൾ ആർത്തവസമയത്ത് ശബരിമല കയറാൻ സാധ്യതയില്ല. അതവർക്ക് മാത്രം വിട്ടു കൊടുത്തു കൊണ്ട് സ്ത്രീകളുടെ ഭരണഘടനാവകാശങ്ങളെ സംരക്ഷിക്കലായിരിക്കണം മറ്റെന്തിനും ഉപരി ജനാധിപത്യവിശ്വാസികൾ ചെയ്യേണ്ടത്. ജനാധിപത്യ വിരുദ്ധമായ ആചാരങ്ങൾ പലതും ലംഘിച്ചു കൊണ്ടാണ് സമൂഹം മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നത്. 100 കൊല്ലം മുമ്പു നടന്ന വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും തുടർന്നുവന്ന ക്ഷേത്ര പ്രവേശന വിളംബരവുമെല്ലാം ആചാര ലംഘനങ്ങൾക്കു വേണ്ടിയുള്ളതായിരുന്നു. അവയുടെ വിജയം ആചാരങ്ങൾക്കു മേലുള്ള പൗരാവകാശങ്ങളുടെ വിജയമായിരുന്നു.


Summary: The Vaikom Satyagraha and Guruvayur Satyagraha that took place 100 years ago and the subsequent temple entry proclamation were all for violating rituals, M Sulfath writes.


എം. സുൽഫത്ത്​

എഴുത്തുകാരി, അധ്യാപിക. ഫോറം ഫോർ മുസ്​ലിം വിമൻസ് ജൻഡർ ജസ്റ്റിസിൻ്റെ പ്രവർത്തക.

Comments