വക്കം മൗലവിയുടെ ‘സവർണ സേവ’ ഒരു കെട്ടുകഥയാണ്​

വക്കം മൗലവിയെ പോലുള്ള ചരിത്ര പുരുഷന്മാരിൽ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അദ്ദേഹത്തിന്റെ തന്നെ കൃതികൾ സന്ദർഭോചിതമായി പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ അവർ ചെയ്യുന്നത് ചരിത്രത്തിലെ സ്വയം പാതകമായിരിക്കും.

ന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് പൊതുധാരയിൽ വിശേഷിപ്പിക്കപ്പെട്ടിട്ടില്ലാത്ത (unsung) 101 സ്വാതന്ത്ര്യ സമര സേനാനികളെ ലിസ്റ്റ് ചെയ്തു. അതിൽ കേരളത്തിൽ നിന്ന്​ നാലു പേരുണ്ട്. അതിൽ പെട്ടവരാണ് കെ. കേളപ്പൻ, അക്കാമ്മ ചെറിയാൻ പിന്നെ വക്കം മൗലവിയും അദ്ദേഹത്തിന്റെ പത്രം, സ്വദേശാഭിമാനി യുടെ എഡിറ്റർ ആയിരുന്ന രാമകൃഷ്ണപിള്ളയും. അവരെ അനുസ്മരിച്ച്​ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടുമെൻറ്​ പ്രത്യേക പോസ്റ്റൽ കവർ പുറത്തിറക്കി. അത് പ്രസിദ്ധപ്പെടുത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ്. ഇതേ സന്ദർഭത്തിൽ, വക്കം മൗലവി കൊണ്ടുവന്ന പ്രവർത്തന ഊർജ്ജത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചില എഴുത്തുകൾ വരുന്നത് നിർഭാഗ്യകരമാണ്.
‘തിങ്കി’ൽ പ്രസിദ്ധീകരിച്ച, "വക്കം മൗലവിയിലെ പ്രബുദ്ധതയെ സംശയത്തിലാക്കുന്ന ചില സ്വദേശാഭിമാനി വൈരുദ്ധ്യങ്ങൾ', എന്ന ലേഖനത്തിൽ ചൂണ്ടിക്കാണിച്ച വാദങ്ങൾക്കുള്ള പ്രതികരണം കൂടിയാണ്​ ഈ ലേഖനം.

ഒന്നാമത്തെ വസ്തുത, ലേഖകൻ അതെഴുതാനായി വക്കം മൗലവിയുടെ മൗലിക രചനകൾ അടിസ്ഥാനപരമായി, ഒരെണ്ണം പോലും പരിശോധിക്കുകയോ അതിനെ പരാമർശിക്കുകയോ ചെയ്തിട്ടില്ല. സ്വദേശാഭിമാനി പത്രം വച്ച് വക്കം മൗലവിയെ ആക്രമിക്കുകയാണ്​ ​ചെയ്യുന്നത്​.

രണ്ടാമത്തെ വസ്തുത, സ്വദേശാഭിമാനിയെന്ന മലയാള പത്രം (1905-1910) നിലനിന്നത് വളരെ ചുരുങ്ങിയ കാലഘട്ടമാണ്. ഭരണകൂടത്തിന്റെ ചെയ്തികളെ തുറന്നെതിർക്കുകയാണ് പത്രം പലപ്പോഴും ചെയ്തത്.

മൂന്നാമത്, വക്കം മൗലവി ഒരിക്കൽ പോലും സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയൽ ഉത്തരവാദിത്തം എടുത്തിട്ടില്ല. അതിന്റെ ഉള്ളടക്കം തീരുമാനിക്കുവാനുള്ള അധികാരം എഡിറ്റർക്ക് വിട്ടു കൊടുക്കുകയായിരുന്നു. അഥവാ സ്വദേശാഭിമാനി എന്ന പത്രമല്ലായിരുന്നു തന്റെ ആത്യന്തിക ലക്ഷ്യം, മറിച്ച്​ ഇംഗ്ലണ്ടിൽ നിന്ന്​ വരുത്തിയ ആ പ്രസ് ആയിരുന്നു. കാരണം പ്രിൻറിങ്​ എത്ര വിപ്ലവകരമാണെന്ന് അദ്ദേഹം എത്രയോ വർഷങ്ങൾക്ക് മുൻപേ തിരിച്ചറിഞ്ഞിരുന്നു. 1906-ൽ ഈ പ്രസ് അഞ്ചു തെങ്ങിൽ നിന്ന്​ വക്കത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. അപ്പോഴാണ് സി.വി. ഗോവിന്ദപിള്ളയ്ക്ക് പകരം എഡിറ്ററായി രാമകൃഷ്ണ പിള്ള വരുന്നത്. 1907-ൽ തിരുവനന്തപുരത്തേയ്ക്ക് മാറ്റി. അപ്പോൾ വക്കം മൗലവി ഒരു കരാർ ഉണ്ടാക്കുന്നുണ്ട്. അതായത് പത്രത്തിന്റെ ഉടമസ്ഥാവകാശം മാത്രം അദ്ദേഹത്തിനും, പത്രത്തിന്റെ മാനേജിങ്​ പ്രൊപ്രൈറ്റർ, എഡിറ്റർ എന്നീ സ്​ഥാനങ്ങൾ രാമകൃഷണപിള്ളയ്ക്കും ആണെന്ന്, പത്രത്തിന്റെ മുൻ പേജിൽ തന്നെ ഇത് രേഖപ്പെടുത്തിയിരുന്നു. സ്വദേശാഭിമാനി, ബുധനാഴ്ചകളിൽ മാത്രമുള്ള പത്രമായിട്ടാണ് തുടങ്ങുന്നത്. പിന്നെ ആഴ്ചയിൽ രണ്ടു വീതമായി. ഒടുവിൽ ആഴ്ചയിൽ മൂന്നു വീതവും.

നാലാമത്തെ വസ്തുത, മുസ്​ലിം സമൂഹത്തിന്റെ കടുത്ത പിന്നാക്കാവസ്ഥയും, അജ്ഞതയും, അന്ധവിശ്വാസങ്ങളും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ 1906 -ൽ മുസ്​ലിം എന്ന മാസിക(1906-1916) തുടങ്ങി, ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം വക്കം മൗലവിയുടെ പൂർണ നിയന്ത്രണത്തിലായിരുന്നു. ഈ മാസികആദ്യത്തെ ഒരു വർഷം പ്രിൻറ്​ ചെയ്​തിരുന്നത്​ സ്വദേശാഭിമാനി പ്രിൻറ്​ ചെയ്യുന്ന അതേ പ്രസ്സിലായിരുന്നു.

മുസ്‌ലിം മാസിക / Photo: poonthran.com
മുസ്‌ലിം മാസിക / Photo: poonthran.com

പ്രിൻറിങ്​ പ്രസ് തുടങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന സ്വപ്‌നം. ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന വസ്തുത, സ്വദേശാഭിമാനിയിൽ അദ്ദേഹം ഒരു വരി പോലും എഴുതിയില്ല എന്നതാണ്. അതിന് മുസ്​ലിം മാസിക മാത്രം തിരഞ്ഞെടുത്തു. എന്നാൽ മുസ്‌ലിം മാസികയിൽ അദ്ദേഹം മതം, ആത്മീയത എന്നീ വിഷയങ്ങൾ വിശകലനം​ ചെയ്യുകയും പ്രാദേശിക- ദേശീയ- അന്തർദേശീയ വാർത്തകൾ, ലേഖനങ്ങൾ എഴുതുകയും ചെയ്​തിരുന്നു.

"ജാതി വെറിയനും, ഉന്നത കുലജാതനുമായ രാമകൃഷ്ണ പിള്ളയെ വക്കം മൗലവി തിരുത്തിയില്ല' എന്നതാണ് ഒരു ആരോപണം. ‘സവർണ വിധേയത്വം കഴുത്തിലണിഞ്ഞ് ജാതിവെറിയുടെ പ്രതിലോമതകളിൽ നിശബ്ദത പുലർത്തിയ വക്കം മൗലവി പിന്നീട് എന്തുകൊണ്ട് സവർണ ബോധ നവോത്ഥാന ചരിത്രങ്ങളിലെ മുഖ്യ / ഏക മാപ്പിളയായി ഉയർത്തപ്പെട്ടു എന്നതിന്റെ വായന വികസിക്കേണ്ടതുണ്ട്’ എന്ന കടുത്ത ആരോപണം ഉന്നയിക്കുന്ന ലേഖകൻ എന്തുകൊണ്ട് വക്കം മൗലവിയുടെ മൗലിക രചനകൾ വായിക്കാതെ പോയി?

ജാതിയെ/ അയിത്തത്തെ സംബന്ധിച്ച് 1931 വരെയുള്ള കാലഘട്ടത്തിൽ വിശകലനം ചെയ്യുകയും നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത മുസ്​ലിം സമുദായത്തിൽ നിന്നുള്ള ഏക വ്യക്തി ആയിരിക്കും വക്കം മൗലവി.

വക്കം മൗലവി യുടെ ഇടപെടലുകൾ

സ്വദേശാഭിമാനി പത്രത്തിന്റെ മുഖപ്രസംഗ ഉള്ളടക്കത്തെ മുൻനിർത്തി ‘സവർണ ജാതി സേവ’ എന്ന പേരിൽ അടുത്ത കാലത്ത് ചില വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ""സ്വദേശാഭിമാനിയുടെ നിലപാടുകൾ'' എന്ന പേരിൽ ഉമൈർ ബുഖാരി എഴുതിയ ഒരു ലേഖനമാണ് വക്കം മൗലവിയുടെ ചരിത്ര ദൗത്യത്തെ സ്വദേശാഭിമാനി യുടെ എഡിറ്റോറിയലിനെ വച്ച് തള്ളിപ്പറയുന്നത്. കേരള മുസ്ലിം നവോത്ഥാനം (2017)എന്ന പേരിലുള്ള ഒരു പുസ്തകത്തിലാണ് ഇത്തരത്തിൽ ഒരു വിമർശനം ഉന്നയിച്ചിട്ടുള്ളത്. കേരള മുസ്​ലിം നവോത്ഥാനത്തെ കുറിച്ച് ഉപരിപ്ലവമായ പരാമർശങ്ങൾക്കപ്പുറത്തേയ്ക്ക് അതെന്താണെന്ന് ഈ പുസ്തകം വിലയിരുത്തുന്നതായി കാണാനാകില്ല.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

ദലിത് എഴുത്തുകാരുടെയും, ചുരുക്കം ചില മുസ്​ലിം എഴുത്തുകാരുടെയും ഭാഗത്തു നിന്ന്​ വിമർശനമുണ്ടായിട്ടുണ്ട്. ദലിത് പക്ഷത്തുനിന്നുള്ള വിമർശനം രാമകൃഷ്ണപിള്ളയുടെ നിലപാടിനെതിരെ ആണെങ്കിൽ മുസ്​ലിം പക്ഷത്ത് നിന്നുള്ള വിമർശനം വക്കം മൗലവിയുടെ പരിഷ്‌ക്കരണ ചിന്തകൾ എന്ന വ്യവഹാരത്തിനെതിരെയാണ് എന്നതുകൊണ്ട് പ്രസ്തുത പുസ്തകത്തിന്റെ സമീപനം ബൗദ്ധിക സത്യസന്ധത ഇല്ലാത്തതാണെന്ന് മനസിലാക്കാം. വിമർശിക്കുന്നവർ കാണാതെ പോകുന്ന നിർണായകമായ ചരിത്ര വസ്തുതകൾ ശ്രദ്ധിക്കേണ്ടതാണ്.

രാമകൃഷ്ണപിള്ള ജാതിവ്യവസ്ഥയെ തുറന്ന് എതിർത്തിരുന്നില്ല എങ്കിൽ അതിന് വിമർശന വിധേയമാക്കേണ്ടത് രാമകൃഷ്ണപിള്ളയെ തന്നെയാണ്.

സ്വദേശാഭിമാനിയും, മുസ്​ലിമും പ്രസിദ്ധീകരിച്ചിരുന്ന കാലത്ത്​ മലയാള ഭാഷയോട് അയിത്തം കൽപിച്ച് മാറി നിൽക്കുകയായിരുന്നു തന്റെ സമുദായം. ‘‘നരകത്തിലെ ഭാഷയാണ് മലയാളം'' എന്ന അന്ധവിശ്വാസം അന്ന് ആധികാരികമായി മുസ്​ലിം സമുദായത്തിൽ നിലനിന്നിരുന്നു എന്നും, അതെ സമയം കോടതി/ സർക്കാർ വ്യവഹാരങ്ങളുമായി ബന്ധപ്പെടുമ്പോൾ മുസ്​ലിം സമുദായത്തിന് മലയാള ഭാഷയെ ഒഴിവാക്കുവാനുമായിരുന്നില്ല, അതിനെ ആശ്രയിക്കേണ്ടതായി വന്നു എന്ന വിരോധാഭാസവും അക്കാലത്ത് നിലനിന്നിരുന്നു എന്നത് വിമർശകർ ഓർക്കേണ്ടതാണ്.

സമുദായം മലയാള ഭാഷാ നൈപുണ്യം കൈവരിക്കുന്നതിന് വക്കം മൗലവി സദാ ആഹ്വാനം ചെയ്തു വന്നുവെങ്കിലും അതെല്ലാം മൗലവിക്കെതിരായ കുറ്റാരോപണത്തിനാണ് പുരോഹിത വിഭാഗം ഉപയോഗപ്പെടുത്തിയത്. മാത്രമല്ല, തന്റെ പരിശ്രമങ്ങൾ വിജയം നേടുന്നില്ലെന്നുകണ്ടാണ് 1918-ൽ മറ്റൊരു സമുദായ പരിഷ്‌ക്കരണ പ്രസിദ്ധീകരണമായ അൽ ഇസ്ലാം അറബി- മലയാള ഭാഷയിൽ അദ്ദേഹം തുടങ്ങുന്നത്. വക്കം മൗലവിയുടെ ചരിത്ര ദൗത്യം നിഷേധിക്കുന്നവർ ഇത് ഒരാവർത്തി കൂടി വായിക്കേണ്ടതാണ്. അക്കാലത്ത് നിലവിലുണ്ടായിരുന്ന കയ്യെഴുത്ത് വിലക്കുന്ന ആധിപത്യ മുസ്​ലിം വ്യവഹാരത്തിനെതിരേ ‘‘മുസ്ലിം സ്ത്രീകളെ കയ്യെഴുത്ത് പഠിപ്പിക്കുന്നതിൽ തെറ്റില്ല'' എന്ന ഒരു വിപ്ലവ ചിന്ത വക്കം മൗലവി 1918-ൽ കൊണ്ടുവന്നിരുന്നു എന്നതു കൂടി വിമർശകർ ഓർക്കണം. ഇസ്​ലാമിക പ്രമാണങ്ങൾ വച്ചുതന്നെ അത് സമർത്ഥിച്ചിരുന്നു

ആ കയ്യെഴുത്ത് വിലക്കിനെ സംബന്ധിച്ച് ഇന്ന് ആലോചിക്കുന്നതു പോലും ആത്മാഭിമാനത്തെ അലോസരപ്പെടുത്തുന്ന ഒന്നല്ലേ എന്നതും ഓർക്കേണ്ടതാണ്. നിരവധി ഇസ്​ലാമിക പ്രമാണങ്ങളിൽ ഗവേഷണം നടത്തിയാണ് വക്കം മൗലവി ആ വ്യവഹാരം സ്ഥാപിച്ചെടുക്കുന്നത്. പിന്നെയും വർഷങ്ങൾക്കുശേഷം 1925-ൽ മുസ്​ലിം സ്ത്രീയെ കയ്യെഴുത്ത് പഠിപ്പിക്കേണ്ടതില്ല എന്ന മതവിധി കേരളത്തിൽ ഈ വിമർശകരുടെ ഭാഗത്ത് നിന്ന്​ പുറത്തു വന്നു എന്നതും വിസ്മരിക്കാവുന്നതല്ല.

ഇംഗ്ലീഷ് ഭാഷയെ ""കാഫിറിന്റെ ഭാഷ'' യെന്ന അർത്ഥത്തിൽ തള്ളിക്കളഞ്ഞിരുന്നു എന്നത് നമുക്ക് പരിചിതമാണ്. അതിലാണെങ്കിൽ പക്ഷെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമര ബോധം ഉണ്ടെന്ന് ഓർക്കാം. രാമകൃഷ്ണ പിള്ളയെക്കാൾ യോഗ്യതയുള്ള ഒരു പത്രാധിപർ ഏതൊരു സമുദായത്തിൽ നിന്ന്​ ലഭിച്ചാലും പത്രാധിപരായി നിയമിക്കുവാൻ വക്കം മൗലവിക്കുണ്ടായിരുന്ന പ്രതിബദ്ധതയെ സംശയിക്കുന്നത് വലിയ അബദ്ധമാണ്. അതിന് ഏറ്റവും നല്ല തെളിവാണ് മുസ്​ലിം ജേണലിൽ കാണുന്ന ‘‘ഹിന്ദു -മുസ്​ലിം ഐക്യം'' എന്ന തലക്കെട്ടിലുള്ള ലേഖനം. ഹിന്ദു -മുസ്​ലിം സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യം നിർമ്മിച്ചെടുക്കുന്നതിനുള്ള യത്‌നങ്ങളാണ് അതിൽ കാണാനാകുക.

വക്കം മൗലവിയും സവർണ ജാതിവ്യവസ്ഥയും

അദ്ദേഹം എഴുതുന്നു.. ""...ജാതി വൈരം മുളപ്പിക്കുന്ന തൂലികകൾ ഈയിടെയായി ചില മലയാളം പത്രങ്ങളിൽ പ്രയോഗിക്കപ്പെട്ടു കാണുകയും അങ്ങനെയുളള ദുഷ് ചിന്തകളൊന്നും കൂടാതെ കഴിയുന്ന മുസ്​ലിം സമുദായവും ജാതി വൈരക്കളരിയിലേക്ക് വലിക്കപ്പെട്ടു പോകുമോ എന്ന് അല്പം ശങ്ക ജനിക്കുകയും ചെയ്തതിനാൽ....''

ജാതീയതയുടെ വളർച്ച മലയാള മാധ്യമങ്ങളിൽ വളർന്നു വരുന്നതിനെ ഒരു സാമൂഹിക വിപത്തായി കാണുകയും അതിനെതിരെ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിക്കുകയുമാണ് "മുസ്​ലിം' ജേർണലിൽ വക്കം മൗലവി. കൂടാതെ ഹിന്ദു- മുസ്​ലിം ബന്ധം വഷളായ സാഹചര്യത്തിൽ, ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള മൃഗബലിയുടെ കാര്യത്തിൽ, സാമൂഹ്യ സുരക്ഷയെ ബാധിക്കുമെങ്കിൽ ഗോവധം ഒഴിവാക്കി സമുദായങ്ങൾ തമ്മിലുള്ള മൈത്രി നിലനിർത്തി പെരുന്നാൾ ആഘോഷിക്കുവാൻ 1910 -കളിൽ മുസ്​ലിം സമുദായത്തോട് അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്. ഇത് ഈ വിഷയത്തിൽ കേരളത്തിലെ ഒരു മുസ്​ലിം പണ്ഡിതന്റെ / പരിഷ്‌ക്കർത്താവിന്റെ ശ്രദ്ധേയമായ, ആദ്യത്തെ നിലപാട് പ്രഖ്യാപനമാണന്ന് വിസ്മരിക്കരുത്.

സവർണ ജാതി വ്യവസ്ഥയെ കുറിച്ച് ദീപിക (pp - 445-446) യിൽ എഴുതുന്നു: "....ഉയർന്ന ജാതിക്കാർ എന്ന് സ്വയം വിശ്വസിക്കുന്ന ഒരു വർഗ്ഗക്കാർ (നമ്പൂതിരിമാർ) നിവൃത്തിയില്ലാതെ വരുന്ന ഘട്ടത്തിൽ അല്ലാതെ അന്യരുടെ ആചാരങ്ങളെയും മറ്റും കൈകൊള്ളുകയില്ല. അവർ അവരുടെ (നമ്പൂതിരിമാരുടെ ) ഈ വിശ്വാസം പരമാർത്ഥമാണ് എന്നുവിശ്വസിച്ച് തല താഴ്ത്തുന്ന അസംഖ്യം കീഴ്ജാതിക്കാരാൽ പൂജിക്കപ്പെടുന്നവരും ആണ്. ജാതി എന്നത് ചിലർ സ്വയം അവകാശപ്പെടുകയും അവരുടെ സേവകരായിട്ടുള്ളവർ അത് സമ്മതിക്കുന്നു എന്നുമാണ് അദ്ദേഹം കരുതുന്നത്. സവർണ ജാതി വ്യവസ്ഥ സാമൂഹികാംഗീകൃതം ആണെന്നോ, അവ പാലിക്കേണ്ടവ ആണെന്നോ വക്കം മൗലവിയുടെ രചനകളിൽ ഒരിടത്തും കാണുക സാധ്യമല്ല. ആയതിനാൽ വക്കം മൗലവി സവർണ സേവയിൽ ആണെന്ന ആരോപണം കേവലം അർത്ഥശൂന്യമാണ്.

ദീപിക യുടെ പേജ് 227-ൽ "വിജയത്തിലേക്ക്' എന്ന പി.ജി നാരായണ പണിക്കരുടെ കവിതയിൽ ഉദ്ധരിക്കുന്ന നാല് വരികൾ ശ്രദ്ധിക്കുക.

""ഉച്ചനീചത്വമല്ല ദേശ ഭേദങ്ങളല്ല
സച്ചരിത്രമേ മർത്ത്യമേന്മയ്ക്കുള്ളടയാളം
ജാതിയാ മുരകല്ലിലുരച്ചോ നരോത്തമാ
നീതിയാം സ്വർണ്ണത്തിന്റെ മാറ്റു നിർണയിക്കുന്നു''

മനുഷ്യരിലെ ഉത്തമ സ്വർണ്ണത്തിന്റെ മാറ്റു നിശ്ചയിക്കുന്നത് ? അതിനപ്പുറം മാനവികതയാണ് വേണ്ടത് എന്നാണ് ഈ കവിതയുടെ ഉദ്ദേശം. ദീപികയിൽ നിരവധി ഭാഗത്ത് ഈ വിഷയത്തിലുള്ള പരാമർശങ്ങൾ കാണാം. അപരവൽക്കരിക്കയ്ക്കപ്പെടുന്ന, പുറന്തള്ളപ്പെടുന്ന സമൂഹങ്ങളെ കുറിച്ചുള്ള കൃത്യമായ ജനാധിപത്യ വീക്ഷണം/കരുതൽ വക്കം മൗലവി കാലികമായി വച്ച് പുലർത്തിയിരുന്നു.

""ഉന്നത സംസ്‌കാരമെന്നുരക്കുന്ന വയെല്ലാം
മന്നവരൻമാരിലല്ല, സാധുവിലത്രേ''

ഈ കവിതയും കീഴാള സമൂഹത്തെ, സാധാരണ മനുഷ്യരെ അംഗീകരിക്കുന്നതിന്റെ വരികളാണ്.

""മാളിക മുകളിലെ മണി മഞ്ചത്തിലല്ല
മേളിപ്പു മഹിമകൾ പുല്ലു മാടത്തില്ലല്ലോ...''

ഈ കവിതയും പ്രസ്തുത ഉദ്ദേശ്യത്താൽ തന്നെയുള്ളതാകുന്നു. ഇവയെല്ലാം അക്കാലത്ത് ഉയർന്ന ജാതിയിൽപ്പെടുന്ന വ്യക്തിയെന്ന് കരുതപ്പെടുന്ന കവിയായ പി.ജി നാരായണപണിക്കരുടെ വാക്യങ്ങൾ "ദീപിക' യിൽ നിരൂപണം നടത്തിയിട്ടുള്ളവയാണ്. ദീപികയിൽ മറ്റൊരിടത്ത് പറയുന്നു. ""ദക്ഷിണ ഇന്ത്യയിലും ബംഗാളിലും അതിഭയങ്കരമായ നിലയെ പ്രാപിച്ചിരിക്കുന്ന ക്രൂരമായ ജാതി ആചാരം ഇവിടുത്തെ ആദ്യ നിവാസികളെയും താഴ്ന്ന ജാതിക്കാരെയും ദയനീയമായ അവസ്ഥയിൽ ആക്കി കളഞ്ഞിരിക്കുന്നു . കീഴ്ജാതിയിൽ പെട്ട ഒരാൾക്ക് ഒരു ഉയർന്ന ജാതിയിൽ പെട്ടവരുടെ 70 വാര യിൽ കൂടുതൽ അടുത്ത് നിൽക്കുവാൻ പാടില്ലായിരുന്നു. പെരുവഴിയിൽ വച്ച് അവർ തങ്ങളുടെ മലിനമായ സാമീപ്യത്തെ അറിയാതെ കടന്നു പോകുവാൻ വരുന്ന ഒരു ഉൽകൃഷ്ട ജാതിക്കാരനെ ഏങ്ങി വിളിച്ചു വിവരമറിയിച്ച് അയാളെ മാലിന്യത്തിൽനിന്ന് രക്ഷിക്കേണ്ടതുമായിരുന്നു. (ദീപിക, pp 481-482).

""മറ്റുള്ളവർക്ക് വസ്ത്രങ്ങൾ നെയ്തുകൊടുക്കുകയും തുകൽ സാമാനങ്ങൾ ഉണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്ന കോരീ വർഗ്ഗക്കാരും ചാമാർ വർഗക്കാരും കഷ്ടാരിഷ്ടതകളുടെയും അപകൃഷ്ടതയുടെയും ഏറ്റവും അഗാധമായ പടിയിൽ എത്തിയിരുന്നു.... ജാതമഹിമ കൊണ്ട് കലപ്പകളിൽ കൈ തൊടുവാൻ കഴിയാത്ത ബ്രാഹ്‌മണനോ ക്ഷത്രിയനോ ആ യജമാനനു വേണ്ടി അവൻ നിലം ഉഴകുകയും അവനേക്കാൾ വൃത്തികേടു കുറഞ്ഞ തായ പന്നികളോട് ഒന്നിച്ച് ഗ്രാമത്തിൽ ഒരു ഒഴിഞ്ഞ ഭാഗത്തുളള പ്രത്യേക സ്ഥലങ്ങളിൽ താമസിക്കുകയും ചെയ്യുന്നു.... സഹജീവികളായ മനുഷ്യരുടെ ഇടയിൽ മൃഗങ്ങളെക്കാളും നികൃഷ്ടമായുള്ള ഒരു ജീവിതത്തിലേക്ക് അവരെ തള്ളി വിട്ടിരിക്കുന്നു.''

""ബ്രഹ്‌മർഷി മാർ മുഖ്യനെ മുക്കുവത്തി
പെറ്റുള്ള പുണ്യ ക്ഷിതി മണ്ഡലത്തിൽ
അഹോ!മനുഷ്യന് മനുഷ്യനോട്
സാമീപ്യ സമ്പർക്കമധർമ്മം ആയി.
കുടിച്ചു ചാകുമ്പോഴുമൊട്ടു മൊപ്പം
കൂടെ പിറന്നവർക്ക് കുടിച്ചുകൂടാ..''

ദീപിക യിൽ (P.540) വിശദമാക്കുന്നു ഈ കവിത. അനന്തമായ അധർമ്മം അനുഭവിച്ച് കൊണ്ടിരിക്കുന്ന ജനതയുടെ രോദനം സാത്വികമായ കവി ഹൃദയത്തിൽ ചെന്നു ആഞ്ഞടിക്കുമ്പോൾ ഉണ്ടാകുന്നതാണ് ഈ ഗാനം. തുടർന്ന് എഴുതുന്നു. അധ:പദനത്തിൽ ആപതിച്ചു കിടക്കുന്ന അധ:കൃത സമുദായത്തിന്റെ ദീനസ്വരം കവിതയിൽ നിന്നും പ്രതിധ്വനിക്കുന്നത് കേൾക്കുക.

""അന്തണനെച്ചമച്ചുള്ളാരു കൈയ്യല്ലോ
ഹന്ത നിർമ്മിച്ചു ചെറുമനെയും..''

* * * *

""എത്ര പെരുമാക്കൾ ശങ്കരാചര്യൻമാ-
രെത്രയോ തുഞ്ചൻമാർ കുഞ്ചൻമാരും
ക്രൂരയാം ജാതിയിൽ നൂനം അലസിപ്പോയി
കേരള മാതാവേ! നിൻ വയറ്റിൽ..''

ജാതി പിശാചിന്റെ അനർഥങ്ങൾ അനുഭവിച്ച് കവിഹൃദയം വെന്തുവെണ്ണീറാകുമ്പോഴാണ് ഇത്തരം കവിതകൾ ഉണ്ടാകുന്നത് എന്ന് പരിതപിക്കുകയാണ് ഇവിടെ. ജാതീയത കാരണം, പണ്ഡിതരായും പ്രഗൽഭരായും ജനിച്ച് വളർന്ന് വരേണ്ടിയിരുന്ന എത്രയോ കുട്ടികൾ കേരള മാതാവിന്റെ വയറ്റിൽ വച്ച് തന്നെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് കവിതയിൽ നിന്നും വ്യക്തമാകുന്നു. തൊട്ടുകൂടാത്തവർ,തീണ്ടിക്കൂടാത്തവർ എന്നിങ്ങനെ അയിത്തം ആചരിക്കുന്ന സവർണ ജാതിക്കാരായ ജാതി കോമരങ്ങളെ നിർദയം വിമർശിക്കുന്ന കവികളും സാഹിത്യവും ഉണ്ടാവുന്നിടത്തോളം ജാതിപ്രഭാവം പതിയെ ക്ഷയിച്ചുപോകുക തന്നെ ചെയ്യുമെന്ന് "സാഹിത്യവും സമുദായവും' എന്ന ദീപികയിലെ (P.541 ) ലേഖനത്തിൽ കെ. മുഹമ്മദലി പ്രത്യാശിക്കുന്നു.

കുമാരനാശാൻ, ഉള്ളൂര് എസ്. പരമേശ്വരയ്യർ, വള്ളത്തോള് നാരായണമേനോൻ
കുമാരനാശാൻ, ഉള്ളൂര് എസ്. പരമേശ്വരയ്യർ, വള്ളത്തോള് നാരായണമേനോൻ

കേരളത്തിലെ ഹൈന്ദവ സമുദായത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ നേടിയ സ്വാതന്ത്ര്യ, സമത്വ ബോധത്തിന്ന് വള്ളത്തോൾ, ഉള്ളൂർ, ആശാൻ എന്നീ കവികളുടെ കൃതികളുടെ പങ്കുകളും നിഷേധിക്കാനാവില്ല എന്നും ദീപിക യിൽ എഴുതുന്നു. തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, എന്നിങ്ങനെയുള്ള ജാതിക്കോമരങ്ങളെ നിർദ്ദയം മർദ്ദിക്കുന്ന ഈ കവികൾ ഉള്ളപ്പോൾ ജാതിപ്രഭാവം പൂർണ്ണമായി കേരളത്തിൽ വിലസുകയില്ലെന്നുള്ളത് തീർച്ചയാണെന്നു ലേഖകൻ എഴുതുന്നു. 1930-കളിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിലാണ് ഇതെന്നത് ഇക്കാലത്ത് സവർണ്ണ സ്വഭാവം വക്കം മൗലവിയിൽ അടിച്ചേൽപ്പിക്കുവാൻ പരിശ്രമിക്കുന്നവർ മനസ്സിലാക്കേണ്ടതാണ്. അതോടൊപ്പം, ഈ വിമർശിക്കുന്നവർ കേരളത്തിലെ ജാതി വ്യവസ്ഥയ്ക്കെതിരെ എന്തൊക്കയാണ് ഈ കാലയളവിൽ ചെയ്തതെന്നും പരിശോധിക്കേണ്ടതാണ്.

ഹിന്ദു സമുദായത്തിന്റെ ഇടയിൽ ഉള്ള ജാതികെട്ട് (ജാതീയത) നിമിത്തം അവർ അനുഭവിച്ച് കൊണ്ടിരിക്കുന്ന അസ്വാതന്ത്ര്യത്തിൽ നിന്നും രക്ഷ പ്രാപിക്കുവാനാണ് കേരളത്തിലെ ഈഴവ സമുദായം ഇസ്ലാമിലേക്കും മറ്റു മതങ്ങളിലേക്കും പരിവർത്തനം ചെയ്യുന്നത് എന്ന് "ഈഴവരും മതംമാറ്റവും' എന്ന ഒരു കുറിപ്പിൽ വക്കം മൗലവി എഴുതുന്നു (ദീപിക.p.421-422).

മേൽവിവരിച്ച നിരീക്ഷണങ്ങളിൽ നിന്നും വക്കം മൗലവി സവർണതയെയും ജാതിവ്യവസ്ഥയെയും എങ്ങനെയായിരുന്നു നോക്കി കണ്ടത് എന്ന് മനസ്സിലാക്കാം. വക്കം മൗലവിയെ പോലുള്ള ചരിത്ര പുരുഷന്മാരിൽ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അദ്ദേഹത്തിന്റെ തന്നെ കൃതികൾ സന്ദർഭോചിതമായി പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ അവർ ചെയ്യുന്നത് ചരിത്രത്തിലെ സ്വയം പാതകമായിരിക്കും.


Summary: വക്കം മൗലവിയെ പോലുള്ള ചരിത്ര പുരുഷന്മാരിൽ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അദ്ദേഹത്തിന്റെ തന്നെ കൃതികൾ സന്ദർഭോചിതമായി പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ അവർ ചെയ്യുന്നത് ചരിത്രത്തിലെ സ്വയം പാതകമായിരിക്കും.


Comments