വക്കം മൗലവിയിലെ പ്രബുദ്ധതയെ സംശയത്തിലാക്കുന്ന ചില സ്വദേശാഭിമാനി വൈരുദ്ധ്യങ്ങൾ

സവർണ വിധേയത്വം കഴുത്തിലണിഞ്ഞ് ജാതിവെറിയുടെ പ്രതിലോമതകളിൽ നിശബ്ദത പുലർത്തിയ വക്കം മൗലവി പിന്നീട് എന്തുകൊണ്ട് സവർണ ബോധ നവോത്ഥാന ചരിത്രങ്ങളിലെ മുഖ്യ / ഏക മാപ്പിളയായി ഉയർത്തപ്പെട്ടു എന്നതിന്റെ വായന വികസിക്കേണ്ടതുണ്ട്.

കേരള ‘മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവ്', എന്ന പരികൽപ്പനക്ക് അർഹനായ നവ സംസ്‌കാര മുസ്‌ലിമാണല്ലോ വക്കം മൗലവി. തീണ്ടിക്കൂടായ്മയുടേയും തൊട്ടുകൂടായ്മയുടെയും സാമൂഹിക പരിസരത്ത് അധികാരസ്ഥാനമോഹികൾ തീർത്ത സാമൂഹിക ഘടന പ്രാമുഖ്യം പ്രാപിച്ച ഒരു കാലം. സാമൂഹിക ചിന്തകളിൽ മോഡേണിറ്റി ആവശ്യപ്പെട്ടുള്ള പ്രതിക്രിയകൾ എമ്പാടും നടന്നുകൊണ്ടിരിക്കുന്ന കാലം. കീഴ്ജാതിയും മേൽജാതിയും എന്ന ജാതിവരകളിൽ വേർതിരിക്കപ്പെട്ട സാംസ്‌കാരിക അധഃപ്പതന കാലഘട്ടത്തിൽ, വക്കം മൗലവി സാമുദായികോദ്ധാരണത്തിന് ചാലകശക്തിയാകും വിധം ‘സ്വദേശാഭിമാനി' പത്രത്തിന് തുടക്കം കുറിക്കുന്നു.

ഭാഷാപരവും, സാമൂഹികപരവുമായ സ്വീകാര്യതയിൽ മേൽജാതി ബോധത്തെ പിന്തുടരുന്നതിനാണ് വക്കവും അദ്ദേഹത്തിന്റെ പത്രവും താൽപര്യം കാണിച്ചത് എന്നുപറയാം. സാമ്രാജത്വ വിരുദ്ധ മനോഗതിയുടെ കാര്യത്തിൽ ചരിത്ര ഏടുകളിൽ വലിയ സ്വീകാര്യത നേടിയ സ്വദേശാഭിമാനി പക്ഷേ, സവർണ താൽപര്യങ്ങളെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടം വരുമ്പോൾ അതിന്റെ സവർണ വിധേയത്വ ശൈലി കാണിച്ചിരുന്നു എന്നുവേണം കരുതാൻ.

തന്റെ പത്രാധിപർക്ക് പൂർണ സ്വാതന്ത്ര്യം നൽകി, മുസ്‌ലിം പരിഷ്‌കരണ യജ്ഞത്തിൽ ശ്രദ്ധയൂന്നിയ വക്കം, സി. പി. ഗോവിന്ദ പിള്ളയും പിന്നീട് ബാലകൃഷ്ണപ്പിള്ളയേയും പത്ര ചുമതല ഏൽപ്പിക്കുന്നു. രാമകൃഷ്ണപിള്ളയുടെ ഉപരിപഠനാവശ്യാർത്ഥം അഞ്ചുതെങ്ങിൽ നിന്ന് തിരുവനന്തപുരത്തേക്ക് പത്ര ആസ്ഥാനം മാറ്റുന്നതിനും അദ്ദേഹം മടി കാണിച്ചില്ല. കേരള മാധ്യമ ചരിത്രത്തിലെ മുസ്‌ലിം പ്രാതിനിധ്യം അടയാളപ്പെടുത്തിയ അപൂർവ്വത എന്ന വിശേഷണത്തിന് ഒരു പത്ര ഉടമയും, അദ്ദേഹത്തിന്റെ സ്ഥാപനവും അർഹമാകുന്നതിന്റെ ലളിതോദാഹരണം.

എന്നാൽ അക്കാലത്തു തന്നെയാണ് മുസ്‌ലിം - ദലിത് രാഷ്ട്രീയ സമരസപ്പെടലിൽ മലബാറിൽ സാമ്രാജത്യ വിരുദ്ധ പോരാട്ടങ്ങൾ നടക്കുന്നത് എന്നത് സ്വദേശാഭിമാനിയുടെ നിലപാട് ചർച്ചകളിൽ എടുത്തുകാണിക്കേണ്ടതാണ്. സ്വദേശാഭിമാനി പത്രത്തിന്റെ ഉദയാസ്ഥമന കാലത്താണ്​ കൊളോണിയൽ സമരങ്ങളുടെ തീക്ഷണാനുഭവങ്ങളിലൂടെ സവർണ ജന്മികളെന്ന സാമ്രാജ്യത്വ ദല്ലാളുകളെ നേരിട്ടിരുന്നത്. എന്നാൽ കേരളത്തിന്റെ സവർണബോധ ശരികളുടെ പ്രചാരണ ഹേതുവായ രാമകൃഷ്ണപിള്ള, തന്നിൽ അന്തർലീനമായ ഉന്നതകുലജാതി ചിന്തയുടെ പ്രസരണോപാധിയാക്കി സ്വദേശാഭിമാനിയെ മാനം കെടുത്തി എന്ന് മനസ്സിലാക്കാം.

സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യപേജ് / Photo: Wikimedia Commons

ജാതീയ സമവാക്യങ്ങളിൽ വർഗബോധം നിലനിർത്തി താഴ്ന്ന ജാതിക്കാരെ അധിക്ഷേപിക്കുന്ന ഒരു സമീപനം തുടർന്നുപോകാൻ പലപ്പോഴും സ്വദേശഭിമാനിയിലെ അച്ചടിത്താളുകളിലൂടെ അദ്ദേഹം ശ്രമിച്ചതായി കാണാം.
ബ്രിട്ടീഷ് വിരുദ്ധ സമീപനത്തിലും, ജനാധിപത്യബോധനിർമിതി പ്രവർത്തനങ്ങളിലുമെല്ലാം ശക്തമായി തന്നെ അച്ചുകൾ നിരത്തി ദേശ സ്വാതന്ത്ര നിലപാടുകിൽ ഉന്നതമായ കാഴ്ചപ്പാട് പുലർത്തിയ പത്രമാണ് സ്വദേശാഭിമാനി എന്നംഗീകരിക്കുമ്പോഴും, ചില സാഹചര്യത്തിലെങ്കിലും പത്രാധിപനിലെ ജാതി വെറിയുടെ പ്രചാരണ ഉപാധിയായി പത്രത്തെ ഉപയോഗപ്പെടുത്തി എന്നുപറയാം. നിലപാടിലെ ഇത്തരം ദൗർബല്യങ്ങളെ കണ്ടെത്തി, സവർണാശയ പ്രചാരണം അവസാനിപ്പിക്കാൻ സമയബന്ധിതമായൊരു ഇടപെടൽ നടത്താൻ വക്കം മൗലവി എന്ന നവോത്ഥാന ചിന്തകന് സാധിക്കാതെ പോയത് യാദൃശ്ചികതയാണോ?. അതല്ല പത്രാധിപനോടുള്ള അമിത വിശ്വാസം സവർണ ബോധത്തിന് കീഴൊടുങ്ങാൻ നിർബന്ധിതനാക്കി എന്ന് പറയേണ്ടി വരുമോ?. പത്രത്തിന്റെ പ്രവർത്തനം തന്നെ നിർത്തലാക്കിച്ച നെയ്യാറ്റിൻകര രാമകൃഷ്ണപിള്ളയുടെ ജാതി വെറി ലേഖനം സ്വദേശാഭിമാനിയുടെ താളുകളിൽ മഷി പരത്തിയത് വിളിച്ചോതുന്നത് അതാണ്.

1910 ന് പത്രം കണ്ടുകെട്ടുന്നതിലേക്ക് നയിച്ച നടപടിയുടെ വിശദീകരണങ്ങൾ തീർച്ചയായും ഒരു ദേശസ്‌നേഹിയുടെ പരിത്യാഗം തന്നെ. കാരണം രാജ്യ വിരുദ്ധ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന സാമ്രാജ്യത്വ റാൻമൂളികളെ കവഞ്ചിക്ക് (കുതിര ചമ്മട്ടി) അടിക്കണം എന്നെഴുതുന്നത് ദേശസ്‌നേഹത്തിന്റെ ഉത്തമ മാതൃകയല്ലാതെന്ത്?. എന്നാൽ അതിനപ്പുറം ആ ഉത്തരവിന്റെ ധാർമിക വശം അംഗീകരിക്കാതെ, രാമകൃഷ്ണപിള്ളയെന്ന സവർണ തമ്പുരാനെ ഇത്രത്തോളം ക്ഷുഭിതനാക്കിയ ആ ഉത്തരവ് എന്തായിരുന്നെന്ന് പരിശോധിക്കുമ്പോഴാണ്, ഒരു ദേശാഭിമാനിയേക്കാൾ ജാതിവെറിയുടെ യഥാർത്ഥ്യം ബോധ്യപ്പെടുക.

തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ സുമനസ്സിനാൽ, ക്രിസ്തുവർഷം 1910 (കൊല്ലവർഷം 1085) മാർച്ച് - 2ാം തിയ്യതിയിൽ ദിവാൻസർ രാജഗോപാലാചാരി ഇറക്കിയ ഉത്തരവിൻ പ്രകാരം: ഈഴവർ, ഹരിജൻ മുതലായ തീണ്ടൽ ജാതിക്കാർക്ക് സ്‌കൂൾ പ്രവേശനം അനുവദിക്കപ്പെടുകയുണ്ടായി- ഈ ഉത്തരവിൽ വെറി പൂണ്ടാണ് രാമകൃഷ്ണപിള്ളയുടെ സവർണ ബോധത്തിൽ കെട്ടിക്കിടന്നിരുന്ന ജാതിഭൂതം പുറത്തുവന്നത്. ഇതിനെതിരായി രാമകൃഷ്ണപിള്ളയുടെ ഉന്നതകുലാഭിമാനത്തിൽ നിന്ന് നിർഗളിച്ച വാക്കുകൾ ഇങ്ങനെ: ‘ആചാര കാര്യത്തിൽ സർവ്വജനനീയനായ സമത്വം അനുഭവപ്പെടുണമെന്ന് വാദിക്കുന്നവർ ആ സംഗതിയെ ആധാരമാക്കി കൊണ്ട് പാഠശാലകളിൽ കുട്ടികളെ അവരുടെ വർഗ്ഗയോഗ്യതകളെ വക തിരിക്കാതെ നിർഭേദം ഒരുമിച്ചിരുത്തി പഠിക്കണമെന്നു ശഠിക്കുന്നതിനെ അനുകൂലിക്കുവാൻ ഞങ്ങൾ യുക്തി കാണുന്നില്ല. എത്രയോ തലമുറകളായി ബുദ്ധി കൃഷി ചെയ്തിട്ടുള്ള ജാതിക്കാരെയും എത്രയോ തലമുറകളായി നിലം കൃഷി ചെയ്തു വന്നിരിക്കുന്ന ജാതിക്കാരേയും ബുദ്ധി കൃഷിക്കാര്യത്തിനായി ഒന്നായി ചേർക്കുന്നതു കുതിരയേയും, പോത്തിനേയും ഒരു നുകത്തിൻ കീഴിൽ കെട്ടുകയാണ്...'

വക്കം മൗലവിയെപ്പോലെ ഒരു ധിഷണാശാലിയുടെ ചിന്തയിൽ നിന്നുടലെടുത്ത്, അദ്ധ്വാനം കൊണ്ടുദയം ചെയ്തതാണ് സ്വദേശാഭിമാനി പത്രം. നവോത്ഥാന സംസ്‌കരണത്തിന് മാപ്പിള സമൂഹത്തിൽ പ്രായോഗികമാനം നൽകിയ ദീർഘവീക്ഷകന് പക്ഷേ ജാതി മേൽക്കോയ്മയുടെ വിഷ ലിഖിതങ്ങളെ തിരുത്താനായില്ല എന്നത് ഖേദകരം തന്നെ.

രാമകൃഷ്ണപിള്ള

രാമകൃഷണപിള്ളയെന്ന സവർണ നിലപാടുകാരന്റെ ആദ്യ ‘തെറ്റാ'യിരുന്നില്ല ഇത്. അയിത്തോച്ചാടനവും, താഴ്ന്ന ജാതിക്കാരുടെ ഉന്നമനവും ലക്ഷ്യം വെച്ച് പണ്ഡിത് കറുപ്പൻ രചിച്ച ‘ബാലകലേശം' എന്ന നാടകകൃതിക്കെതിരേയും ഇത്തരമൊരു നിലപാട് അദ്ദേഹം സ്വീകരിച്ചത് കാണാം. കേരള സമൂഹത്തിന്റെ ഭ്രാന്തായി പടർന്ന ജാതിവ്യവസ്ഥയെ നിശിതമായി വിമർശിക്കുന്ന ഈ രചനയുടെ മൂല്യത്തെ രാമകൃഷ്ണപിള്ള ചെറുത്തത് ബാലിശമായ വാദങ്ങളുയർത്തിയാണ്. ധീവര സമുദായംഗമായ കറുപ്പന്റെ കുലത്തൊഴിലിനെയും, ജാതിയെയും അപഹസിക്കുന്ന പ്രചാരണ രീതിയാണ് ആശയ ദാരിദ്ര്യം ബാധിച്ച ഈ സോ -കോൾഡ് സാംസ്‌കാരിക പ്രബുദ്ധനായകൻ ഉപയോഗിച്ചത്.

ബാലകൃഷണപിള്ളയെന്ന ഉന്നത ജാതി ബോധക്കാരനിൽ അന്തർലീനമായിരുന്ന ഇത്തരം നിർഭാഗ്യ സമീപനങ്ങളെ തദവസരത്തിൽ ഉയർത്തിക്കാണിച്ച് നിർത്തിക്കുന്നതിനോ, അല്ലെങ്കിൽ ആവശ്യമായ തിരുത്തൽ നടപടികൾ ഉപദേശിക്കാനോ ശ്രമിച്ചില്ല എന്നത് മൗലവിയിലെ പ്രബുദ്ധതയെ സംശയത്തിലാക്കുന്നു. സവർണ വിധേയത്വം കഴുത്തിലണിഞ്ഞ് ജാതിവെറിയുടെ പ്രതിലോമതകളിൽ നിശബ്ദത പുലർത്തിയ വക്കം മൗലവി പിന്നീട് എന്തുകൊണ്ട് സവർണ ബോധ നവോത്ഥാന ചരിത്രങ്ങളിലെ മുഖ്യ / ഏക മാപ്പിളയായി ഉയർത്തപ്പെട്ടു എന്നതിന്റെ വായന വികസിക്കേണ്ടതുണ്ട്.

Comments