വിദ്യാർത്ഥികൾക്കുള്ള ക്വിസ്സിനായി സവർക്കറെ ത്യാഗവര്യനായ സ്വാതന്ത്ര്യസമരസേനാനിയായി ആദർശവൽക്കരിക്കുന്ന ചോദ്യം തയ്യാറാക്കിയ സ്‌കൂൾ അധ്യാപകനെതിരെ നടപടിയെടുത്തതുമായി ബന്ധപ്പെട്ട് സംഘപരിവാറുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കാസർഗോഡുനിന്നും വരുന്ന റിപ്പോർട്ടുകളനുസരിച്ച് അവർ വിദ്യാഭ്യാസമന്ത്രിയെ തടയുകയും വീരസവർക്കർ സിന്ദാബാദ് വിളിച്ച് സവർക്കറുടെയും ആർ.എസ്.എസിന്റെയും ബ്രിട്ടീഷ് സേവയുടേതായ ലജ്ജാകരമായ ഭൂതകാലത്തിന് മറയിടാനുള്ള ആക്രോശങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
മാധ്യമങ്ങളോട് സംസാരിച്ച അശ്വനി എന്ന ബി.ജെ.പിയുടെ ജില്ലാ നേതാവ് പറയുന്നത് കേട്ടത് സവർക്കർ ധീരനായ സ്വാതന്ത്ര്യസമരസേനാനിയായിരുന്നുവെന്നും സവർക്കറെ വീരസവർക്കർ എന്ന് വിശേഷിപ്പിച്ചത് എ.കെ.ജിയാണെന്നുമൊക്കെയാണ്. ചരിത്രബോധമോ സത്യസന്ധതയോ ഇല്ലാത്ത സംഘികൾ തങ്ങളുടെ കുറ്റകരമായ ഭൂതകാലത്തെയും ദേശീയവഞ്ചനയുടെ ചരിത്രത്തെയും മറച്ചുപിടിക്കാനുള്ള വിവരക്കേടും അപഹാസ്യതയുമാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. സവർക്കർ ദേശീയവാദിയായിരുന്ന കാലത്ത് യുവാക്കളെ സംഘടിപ്പിക്കുകയും ബ്രിട്ടീഷുകാർക്കെതിരെ ഒറ്റപ്പെട്ട സായുധാക്രമണങ്ങൾ നടത്തുകയും ചെയ്തിരുന്നു. വീർസവർക്കർ എന്ന് സവർക്കർ തന്നെയാണ് തന്നെ സ്വയം വിശേഷിപ്പിച്ചതെന്ന കാര്യം അശ്വനിയെപോലുള്ള സംഘി നേതാക്കൾക്ക് അറിയുമോ? സവർക്കർ തന്നെ എഴുതി ചിത്രാംഗദൻ എന്ന പേരിൽ പ്രസിദ്ധീകരിച്ച ‘ലൈഫ് ഓഫ് ബാരിസ്റ്റർ സവർക്കർ’ എന്ന ജീവചരിത്രകൃതിയിലാണ് സവർക്കറെ സ്വയം സവർക്കർ തന്നെ വീരസവർക്കറെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. അക്കാര്യം പിറകെ വിശദീകരിക്കുന്നുണ്ട്.

എന്നാൽ അദ്ദേഹം പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും അന്തമാൻ ജയിലിലേക്ക് അടയ്ക്കപ്പെടുകയും ചെയ്തതോടെ തുടർച്ചയായി മാപ്പപേക്ഷ എഴുതി രക്ഷപ്പെടാനാണ് ശ്രമിച്ചതെന്നത് ചരിത്രമാണ്. ബ്രിട്ടീഷുകാരുടെ കൈകളിൽ അവരുടെ ഭിന്നിപ്പിക്കുക, ഭരിക്കുകയെന്ന തന്ത്രത്തിന്റെ കരുവായിത്തീർന്നതാണ് സവർക്കറുടെ പിൽക്കാല ജീവിതമെന്നത്. ഭീരുത്വത്തിന്റെയും ദേശീയവഞ്ചനയുടെയും ഹിന്ദുരാഷ്ട്രവാദത്തിന്റേതുമായ ഈ ലജ്ജാകരമായ ചരിത്രത്തെ വെളുപ്പിച്ചെടുക്കാനുള്ള അപഹാസ്യമായ നീക്കങ്ങളാണ് ആർ.എസ്.എസ്-ബി.ജെ.പി നേതാക്കൾ തങ്ങൾക്ക് ലഭ്യമായ ദേശീയാധികാരവും സംസ്ഥാന ഭരണസൗകര്യങ്ങളുമുപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്.
സവർക്കറെ വീരനായകനായും അത്ഭുത പുരുഷനായും ആദർശവൽക്കരിക്കുന്ന ഒരു അധ്യായം കർണാടക സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് വിവാദപരമായി ചർച്ച ചെയ്യപ്പെട്ടതാണ്. ഭീരുത്വംമൂലം ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി പാദസേവ ചെയ്ത വഞ്ചകനായ ഒരാളെയാണ് വീരനായകനായി കാൽപനികവൽക്കരിച്ചുകൊണ്ടുള്ള പാഠഭാഗങ്ങൾ സ്‌കൂൾ പുസ്തകത്തിൽ ഉൾപ്പെടുത്തുകയായിരുന്നു കർണാടകയിലെ അക്കാലത്തെ ബി.ജെ.പി സർക്കാർ. ഇത് ഏതൊരു ദേശീയവാദിയെയും അങ്ങേയറ്റം പ്രകോപിപ്പിക്കുന്ന ചരിത്രവിരുദ്ധമായ നീക്കമായിരുന്നു. പുതുതലമുറയിൽ ആർ.എസ്.എസിന്റെയും സവർക്കറുടെയും വഞ്ചനാപരമായ ചരിത്രത്തെ മറച്ചുപിടിച്ച് സവർക്കറെ ആദർശവാനായ ദേശീയവാദിയാക്കാനുള്ള കുത്സിതമായ നീക്കമായിരുന്നു.
ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് അന്തമാൻ ദ്വീപുകളിൽ നിന്ന് പുറത്തുവന്ന സവർക്കർ പിന്നീടുള്ള തന്റെ ജീവതകാലം മുഴുവൻ ദേശീയ സ്വാതന്ത്ര്യസമരത്തെ ഹിന്ദുവർഗീയവാദമുയർത്തി ഭിന്നിപ്പിക്കാനും തകർക്കാനും ശ്രമിച്ച ചരിത്രം മാത്രമുള്ള ഹിന്ദുമഹാസഭാ നേതാവാണെന്ന സത്യം മറച്ചുവെക്കാനാണ് ഇത്തരത്തിലുള്ള കാൽപനികവൽക്കരണം പാഠുസ്തകങ്ങളിലൂടെ ആർ.എസ്.എസ് കൊണ്ടുവന്നത്. എന്തായിരുന്നു കർണാടകയിലെ 11-ാം ക്ലാസിലെ സാമൂഹ്യശാസ്ത്ര വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പാഠപുസ്തകത്തിൽ സവർക്കറെക്കുറിച്ച് പറഞ്ഞിരുന്നത്. ബുൾബുൾ പക്ഷിയുടെ ചിറകിലേറി സവർക്കർ നിത്യേന മാതൃരാജ്യം സന്ദർശിച്ചുവെന്നതുപോലുള്ള അതിശയോക്തി നിറഞ്ഞ ഭാഗങ്ങളായിരുന്നു പാഠപുസ്തകത്തിൽ ചേർത്തത്.

ഇതിൽ കൗതുകകരമായ കാര്യം ഭീരുവായ സവർക്കർ തന്നെ മഹത്വവൽക്കരിച്ചുകൊണ്ട് എഴുതിയ 'ലൈഫ് ഓഫ് ബാരിസ്റ്റർ സവർക്കർ' എന്ന പുസ്തകത്തെ അവലംബിച്ചാണ് ഈ പാഠഭാഗം തയ്യാറാക്കിയിരുന്നതെന്നതാണ്. ചിത്രഗുപ്ത എന്ന തൂലികാനാമത്തിലാണ് ഈ പുസ്തകം സവർക്കർ തന്നെ എഴുതിയത്! അതെ വഞ്ചകനായ സവർക്കർ സ്വന്തം ജീവചരിത്രം സ്വയമെഴുതി മറ്റൊരുപേരിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. സവർക്കർ തന്നെ തന്റെ ജീവചരിത്രം ചിത്രഗുപ്ത എന്ന പേരിലെഴുതി അതിൽ തന്നെ സ്വയം വീർസവർക്കറായി വിശേഷിപ്പിച്ചവതരിപ്പിക്കുകയായിരുന്നു. എത്ര അപഹാസ്യമാണ് സവർക്കറുടെ ഈ സ്വയം സ്തുതിക്കുന്ന കൃതിയെന്ന് ആത്മാഭിമാനമില്ലാത്തതുകൊണ്ട് ആർ.എസ്.എസുകാർക്ക് ചിന്തിക്കാൻ കഴിയില്ലല്ലോ.
പുസ്തകത്തിന്റെ പ്രസാധകനായ രവീന്ദ്രദാസ് തന്നെയാണ് 1987-ൽ ഇതിന്റെ രണ്ടാം പതിപ്പിന്റെ ആമുഖത്തിൽ ചിത്രഗുപ്ത സവർക്കർ തന്നെയാണെന്ന് വെളിപ്പെടുത്തിയത്. എത്ര അപഹാസ്യവും കാപട്യം നിറഞ്ഞതുമായ വ്യക്തിത്വമാണ് സവർക്കറിന്റേതെന്നാണ് ഈയൊരു ചെയ്തിയിലൂടെ വെളിവായിരിക്കുന്നത്. യഥാർത്ഥത്തിൽ സവർക്കർ ധീരനോ വീരനോ അല്ല. ഭീരുത്വം മൂലം ബ്രിട്ടീഷുകാർക്ക് കീഴടങ്ങിയ ദേശീയ വഞ്ചകനാണ്. ചരിത്രത്തിൽ സവർക്കറിന്റെ സ്ഥാനം മിർജാഫറുടെ പട്ടികയിലാണ്.
ദേശീയ സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത് ബ്രിട്ടീഷ് അധിനിവേശത്തിന് പാദസേവ ചെയ്ത രാജ്യദ്രോഹിയായ സവർക്കർക്ക് ചരിത്രത്തിൽ മർജാഫറുമായിട്ട് മാത്രമെ താരതമ്യം സാധ്യമാവൂ എന്ന് ഉറപ്പിച്ചുപറയാം. ആരായിരുന്നു ചരിത്രത്തിലെ സവർക്കറുടെ വംശത്തിന് തുടക്കമിട്ട മിർജാഫർ? അതിദേശീയതയും മുസ്ലിം കമ്യൂണിസ്റ്റ് വിരോധവും തിളപ്പിച്ച് സവർക്കറെ വീരപുരുഷനായി കൊണ്ടാടുന്ന സംഘികൾക്ക് ചിലപ്പോൾ സ്വന്തം വംശചരിത്രമറിഞ്ഞു കൊള്ളണമെന്നില്ല. അവർ പിന്തുടരുന്ന രാജ്യദ്രോഹികളുടെ വംശചരിത്രത്തെക്കുറിച്ചുള്ള അജ്ഞത സൃഷ്ടിച്ചാണല്ലോ സംഘികൾ തങ്ങൾക്കനഭിമതരായ ജനവിഭാഗങ്ങളെയും പ്രസ്ഥാനങ്ങളെയും രാജ്യദ്രോഹികളാക്കി മുദ്രകുത്തി വേട്ടയാടി കൊണ്ടിരിക്കുന്നത്.
ഇന്ത്യയിൽ ബ്രിട്ടീഷ് അധികാരത്തിന് അടിത്തറയിട്ട പ്ലാസിയുദ്ധത്തിൽ ബംഗാളിലെ നവാബായിരുന്ന സിറാജ് ദൗളയുടെ തലയരിഞ്ഞിടാൻ ബ്രിട്ടീഷ് പട്ടാളക്കാർക്ക് സൗകര്യമൊരുക്കി കൊടുത്ത വഞ്ചകനായിരുന്നു മിർജാഫർ. അതെ, സ്വന്തം നവാബിനെ ചതിയിലൂടെ വധിക്കാൻ ബ്രിട്ടീഷുകാർക്ക് സൗകര്യമൊരുക്കി കൊടുത്ത സംഘികൾക്ക് മാത്രം പഥ്യമായ വഞ്ചനയുടെയും ദേശദ്രോഹത്തിന്റെയും ചരിത്രത്തിന് തുടക്കമിട്ട ബ്രിട്ടീഷ് ഏജന്റ്. അതെ, മിർജാഫർ ബംഗാളിലെ നവാബായിരുന്ന സിറാജ് ദൗളയുടെ സേനാധിപനായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെയും വ്യാപാരതന്ത്രങ്ങൾക്കും ഉടമ്പടികൾക്കും വഴങ്ങി കൊടുക്കാൻ വിസമ്മതിച്ച ദേശാഭിമാനിയായ നവാബിനെ നേരിട്ടുള്ള യുദ്ധത്തിലൂടെ കീഴടക്കാനാവാതെ ബ്രിട്ടീഷുകാർ കുഴഞ്ഞ സന്ദർഭത്തിലാണവർ അദ്ദേഹത്തിന്റെ സേനാധിപനായ മിർ ജാഫറെ സ്വാധീനിക്കുന്നതും പ്രലോഭനങ്ങളിലൂടെ വശത്താക്കുന്നതും.
അങ്ങനെയാണ് നേരിട്ടുള്ള യുദ്ധത്തിലൂടെ തോല്പിക്കാനാവാത്ത സിറാജ്ദൗളയെ അവർ പ്ലാസിയിലെ ചതുപ്പുനിലങ്ങളിൽ അരിഞ്ഞിടുന്നത്. കൽക്കത്ത ആസ്ഥാനമാക്കി ഇന്ത്യയാകെ അധിനിവേശ ഭരണത്തിന് കീഴിലാക്കുന്നത്. സവർക്കറും അദ്ദേഹത്തിന്റെ ഹിന്ദുമഹാസഭയും പിന്നീട് അതിന്റെ സേനാദളമായി രൂപം കൊണ്ട ആർ എസ് എസും കൊളോണിയൽ അധികാരത്തെ ഇന്ത്യയിൽ ശാശ്വതീകരിച്ചു നിർത്താനാവശ്യമായ ബ്രിട്ടീഷ് തന്ത്രങ്ങളുടെ കരുക്കങ്ങളായാണ് പ്രവർത്തിച്ചത്.സവർക്കറും മുംഞ്ജയും ഹെഡ്‌ഗെവാറും ഗോൾവാക്കറും മിർജാഫറുടെ പാതയിൽ സഞ്ചരിച്ചവരാണ്. അവരെന്നും കൊളോണിയിൽ വിരുദ്ധ പോരാളികളെ അസഹിഷ്ണുതയോടെ മാത്രം കണ്ടവരാണ്.
അധിനിവേശ വിരുദ്ധപോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച കുഞ്ഞാലിമരക്കാർ തൊട്ട് ഗാന്ധിജി വരെയുള്ള പാശ്ചാത്യ സാമ്രാജ്യത്വത്തിനെതിരായി പോരാടിയ ദേശീയവാദികളെയവർ ശത്രുതയോടെയാണെന്നും കണ്ടിട്ടുള്ളത്. ബ്രിട്ടീഷുകാർക്കെതിരെ ജീവൻ നൽകി പോരാടിയ ദേശാഭിമാനികളും സ്വാതന്ത്ര്യ സ്‌നേഹികളുമായ ടിപ്പുവിനെയും ആലി മുസ്ലിയാരെയും വാരിയംകുന്നനെയുമെല്ലാമവർ ഹിന്ദു വിരുദ്ധരായി ചിത്രീകരിച്ച് മഹത്തായ ദേശീയ സമരങ്ങളെയും രക്തസാക്ഷികളെയും അപമാനിക്കുകയും തങ്ങളുടെ മാപ്പർഹിക്കുന്ന സാമ്രാജ്യത്വ സേവയുടെ കുറ്റകരവും അപമാനകരവുമായ ചരിത്രത്തെ മറച്ചു പിടിക്കാൻ ശ്രമിക്കുന്നതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

സവർക്കറുടെ കുപ്രസിദ്ധങ്ങളായി തീർന്ന 6 മാപ്പപേക്ഷകളും തന്നെ അന്തമാൻ ജയിലിൽ നിന്നും വിട്ടയക്കാൻ കനിവുണ്ടാകണമെന്ന കേവലമായ ദയാഹർജികളായിരുന്നില്ലല്ലോ. അത് ബ്രിട്ടീഷ് ക്രൗണിന്റെ മഹാത്മ്യവർണ്ണനകളിലും വെള്ളക്കാരുടെ ലോകാധികാരത്തെ കുറിച്ചുള്ള സ്തുതിവചനങ്ങളിലും അഭിരമിക്കുന്ന ഒരു ദേശദ്രോഹിയുടെ സാഹിത്യ പ്രകാശന രേഖയായിട്ടാണല്ലോ ഇന്ന് ചരിത്രം പഠിക്കുന്നവർക്ക് വായിച്ചെടുക്കേണ്ടി വരിക. ദേശീയാധികാരം കയ്യാളുന്ന പാർട്ടിയുടെയും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും താത്വികാചര്യൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവനും മാപ്പെഴുതി കൊടുത്ത് ജയിലിൽ നിന്നും പുറത്തുവന്ന് ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവനുമാണെന്ന അപമാനകരവും അനിഷേധ്യവുമായ ചരിത്രം സംഘികളെ വല്ലാതെ അലട്ടുന്നുണ്ട്.
അതിനെ മറികടക്കാനുള്ള ചരിത്രത്തിന്റെ അപനിർമ്മാണമാണ് യുക്തിരഹിതവും വസ്തുതാബലമില്ലാത്തതുമായ വാദങ്ങളിലൂടെ സംഘികൾ നടത്തി കൊണ്ടിരിക്കുന്നത്. അതിനായി വളരെ വളരെ പരിഹാസ്യമായ ശ്രമങ്ങൾ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ പോലുള്ളവർ ഇടക്കാലത്ത് നടത്തുന്നത് നമ്മൾ കണ്ടതാണ്. ഗാന്ധിജിയുടെ ഉപദേശമനുസരിച്ചായിരുന്നു സവർക്കറുടെ മാപ്പപേക്ഷയെന്നൊക്കെ തട്ടിവിട്ട് തങ്ങളുടെ ആചാര്യന്റെ കൊളോണിയൽ സേവയുടെ ചരിത്രത്തെ വെളുപ്പിച്ചെടുക്കാൻ സംഘികൾ നടത്തുന്ന ശ്രമങ്ങൾ പിടിക്കപ്പെട്ട ഒരു കള്ളന്റെ ഒഴിവുകഴിവ് പറഞ്ഞു രക്ഷപ്പെടാനുള്ള പരിഹാസ്യമായ കൗശല പ്രയോഗങ്ങൾ മാത്രമായിട്ടേ സാധാരണഗതിയിൽ കാണേണ്ടതുള്ളൂ. പക്ഷെ, ഒരു നുണയൻ സമൂഹത്തിന്റെ പിച്ചുംപേയും പറച്ചിലപ്പുറം ഇത്തരം പ്രസ്താവനകൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അത് ചരിത്രത്തിന്റെ അപനിർമ്മിതിയിലൂടെ ജനാധിപത്യദേശീയതക്കും പുരോഗമന ആശയങ്ങൾക്കും എതിർദിശയിൽ നിർമ്മിച്ചെടുക്കുന്ന ഹിന്ദുത്വ ഫാഷിസത്തിനാവശ്യമായ പ്രത്യയശാസ്ത്ര നിർമ്മിതിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
1909-ൽ ബ്രിട്ടീഷ് ഉദ്യാഗസ്ഥനായ കഴ്‌സൺവൈലിയെ മദൻലാൽ ദിംഗ്ര എന്ന ഇന്ത്യൻ യുവാവ് വെടിവെച്ചുകൊല്ലുകയും അതിന്റെ പേരിൽ ബ്രിട്ടീഷ് ഭരണകൂടം ആ ചെറുപ്പക്കാരനെ തൂക്കിലേറ്റുകയും ചെയ്തു. ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഈ സംഭവത്തെ അതിനിശിതമായി വിമർശിക്കുകയും ആത്മഹത്യാപരമായ നയമാണിത്തരം പ്രവർത്തനങ്ങൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മദൻലാൽ ദിംഗ്ര ധീരമായി തന്നെ ഈ വിചാരണയെ നേരിടുകയും ഇന്ത്യയിൽ ബ്രിട്ടീഷുകാർ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശധ്വംസനങ്ങളെ ചൂണ്ടിക്കാട്ടുകയും തന്നെ കഴ്‌സൺവൈലിയെ വെടിവെച്ചുകൊന്നുവെന്ന കുറ്റത്തിന് തൂക്കിലേറ്റുന്നത് അഭിമാനകരമായ കാര്യമാണെന്നും വിളിച്ചുപറഞ്ഞു.

25 വയസ്സുകാരനായ ചെറുപ്പക്കാരനെ ഈ വിധിയിലേക്ക് നയിച്ചത് വിനായക് ദാമോദർ സവർക്കർ എന്ന വഞ്ചകനായിരുന്നു. ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ടിൽ ഇയാളുടെ പങ്ക് എടുത്ത് പറയുന്നുണ്ട്. 1904-ൽ പൂനെയിൽ സ്ഥാപിച്ച അഭിനവ് ഭാരത് എന്ന ഹിന്ദുത്വ സംഘടനയുടെ ഒരു ദളം സവർക്കർ ലണ്ടനിലും അതിരഹസ്യമായി സ്ഥാപിച്ചു. ഇന്ത്യാ ഹൗസ് നിരവധി ഇന്ത്യൻ വിദ്യാർത്ഥികളുടെയും സംഘടനകളുടെയും പ്രവർത്തനകേന്ദ്രമായിരുന്നു. ലണ്ടനിൽ നിയമവിദ്യാർത്ഥിയായിട്ടാണ് സവർക്കർ എത്തിപ്പെട്ടത്. കഴ്‌സൺവൈലിയുടെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായിരുന്നത് വി.ഡി.സവർക്കറുടെ സഹോദരനായ ഗണേഷ് ദാമോദർ സവർക്കർ ആയിരുന്നു.
ഇദ്ദേഹത്തെ ബാബുറാവു എന്നാണ് വിളിച്ചിരുന്നത്. 1909 ജൂലായ് 8-ന് ബാബുറാവുവിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്ത് അന്തമാൻ ദ്വീപിലേക്ക് നാടുകടത്തുന്നു. ഇതിന് പ്രതികാരം ചെയ്യാനുള്ള സവർക്കറുടെ തീരുമാനമാണ് കഴ്‌സൺവാലിയുടെ കൊലപാതകത്തിലേക്ക് എത്തിയത്. അതേപോലെ ബാബുറാവുവിനെ നാടുകടത്താൻ വിധിച്ച നാസിക് മജിസ്‌ട്രേറ്റിനെയും സവർക്കർ ഗൂഢാലോചന നടത്തി വധിക്കുന്നു. ഇതിനദ്ദേഹം ഉപയോഗിച്ചത് അനന്ത് ലക്ഷ്മൺ തൻഹാരിയെന്ന 17 വയസ്സുകാരനെയായിരുന്നു. ഈ കേസിൽ അനന്ത് തൻഹാരെ, കൃഷ്ണാജി കാർവെ, വിനായക്‌ദേശ്പാണ്‌ഡെ എന്നീ ചെറുപ്പക്കാർക്ക് വധശിക്ഷ കിട്ടി. ഈ കൊലപാതകത്തിനുപയോഗിച്ച പിസ്റ്റൾ ലണ്ടനിൽ നിന്നും സവർക്കർ ഒരു ഇന്ത്യാ ഹൗസ് നിവാസിയുടെ ട്രങ്ക് പെട്ടിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ചാണ് ഇന്ത്യയിലേക്ക് കടത്തിയത്. നാസി ഗൂഢാലോചന കേസിൽ സവർക്കർ അറസ്റ്റു ചെയ്യപ്പെടുകയും 50 വർഷത്തേക്ക് ശിക്ഷിക്കപ്പെടുകയും അന്തമാൻ ജയിലിൽ അടക്കപ്പെടുകയും ചെയ്യുന്നു. അവിടെ എത്തിയതുമുതൽ സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതാനും തുടങ്ങി.
ബ്രിട്ടീഷ് സർക്കാർ സവർക്കറുടെ മാപ്പപേക്ഷകൾ പരിഗണിച്ച് അയാളെ അന്തമാൻ ജയിലിൽ നിന്ന് രത്‌നഗിരി ജില്ലാ ജയിലിലേക്ക് മാറ്റിയതും പിന്നീട് മോചിപ്പിച്ചതും എന്തടിസ്ഥാനത്തിൽ ആയിരുന്നുവെന്നതിന് ആർ.എസ്.എസുകാർ ഉത്തരം പറയേണ്ടതുണ്ട്. അവരത് പറയില്ല. കാരണം അവരുടെ അജണ്ട അന്നും ഇന്നും സാമ്രാജ്യത്വസേവയാണ്. സവർക്കർ കാണിച്ച ബ്രിട്ടീഷ് പാദസേവയുടെ വഴിയിലൂടെയാണ് ആർ.എസ്.എസുകാർ ഹിന്ദുരാഷ്ട്രസ്ഥാപനത്തിനായി മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റ് മതനിരപേക്ഷ പ്രസ്ഥാനങ്ങളെയും വേട്ടയാടിക്കൊണ്ടിരിക്കുന്നത്. രത്‌നഗിരി ജയിലിൽനിന്ന് മോചിതനായി വീട്ടിൽ കഴിയുന്ന സമയത്ത് സവർക്കർ നൽകിയ അപേക്ഷ പരിഗണിച്ചാണ് ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തിന് അലവൻസ് നൽകിയത്. ബ്രിട്ടീഷ് അലവൻസ് പണം പറ്റി ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ അസ്ഥിരീകരിക്കാനും അതിൽ പങ്കെടുക്കുന്ന യുവാക്കളെ പിന്തിരിപ്പിക്കാനുമുള്ള ഒറ്റുകാരന്റെ പണിയാണ് സവർക്കർ നടത്തിയതെന്നത് അനിഷേധ്യമായൊരു ചരിത്രസത്യമാണ്.

