തൃശ്ശൂരിലെ വേലൂർ മണിമലർക്കാവിൽ നടന്ന മാറുമറയ്ക്കൽ സമരത്തിന് 70 വയസ്സാകുന്നു. നമ്മുടെ നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വലമായൊരു ഏടാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻകൈയിൽ നടന്ന വേലൂർ മണിമലർകാവ് ക്ഷേത്രത്തിലെ ജാതി- ലിംഗ വിവേചനങ്ങൾക്കും ആചാരങ്ങളുടെ പേരിൽ അനുഷ്ഠിച്ചുപോന്ന അശ്ലീലതയ്ക്കുമെതിരായ സമരം.
സ്ത്രീകളുടെ മാറുമറയ്ക്കാനുള്ള അവകാശത്തിനും ജാതിഭേദമില്ലാതെ ഉത്സവാഘോഷങ്ങളുടെ ഭാഗമായ താലപ്പൊലി എടുക്കാനുമുള്ള അവകാശത്തിനും വേണ്ടിയുള്ള സമരമായിരുന്നു അത്. കമ്യൂണിസ്റ്റ് പാർട്ടി നേതാവായ എ.എസ്.എൻ. നമ്പീശന്റെ നേതൃത്വവും ഇച്ഛാശക്തിയോടുകൂടിയുള്ള സംഘാടനവുമാണ് മണിമലർകാവിൽ ജാതിബ്രാഹ്മണ്യം കൽപിച്ച, പരമ്പരാഗതമായി തുടർന്നുവരുന്ന ദുരാചാരത്തിനെതിരായ സംഘടിത ജനകീയ മുന്നേറ്റം സൃഷ്ടിച്ചത്.
1956–ൽ നടന്ന മണിമലർകാവ് സമരത്തിന്റെ 70–ാം വാർഷികം ഇന്നാചരിക്കുന്നത് മധ്യകാലിക ഫ്യൂഡൽ ബ്രാഹ്മണ്യ ആധിപത്യവുമായി ബന്ധപ്പെട്ട വികൃതവും വിചിത്രവുമായ ആചാരാനുഷ്ഠാനങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന കാലത്താണ്.
ബ്രാഹ്മണ്യം ക്ഷേത്രങ്ങളിൽ ദേവദാസി സമ്പ്രദായവും വരുണദേവനെ പ്രീതിപ്പെടുത്താനുള്ള നൃത്തങ്ങളും പരമ്പരാഗതമായി ആചരിച്ചുപോന്നിരുന്നു. ചാതുർവർണ്യം കീഴ്ജാതി പുരുഷന്മാരെയും സ്ത്രീകളെയും പൊതുഇടങ്ങളിൽ അടുപ്പിച്ചിരുന്നില്ല. ഇതിനെല്ലാമെതിരെ ആഞ്ഞടിച്ച നവോത്ഥാന ആശയങ്ങളെയും ഉണർവ്വുകളെയും വൈദിക കൽപനകളുടെയും അലംഘനീയ ധർമ്മശാസ്ത്ര അനുശാസനങ്ങളുടെയും പേരുപറഞ്ഞാണ് ഹിന്ദുത്വ ബ്രാഹ്മണ്യം എതിർത്തുപോന്നത്. സതി പോലുള്ള അത്യന്തം സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമായ ദുരാചാരങ്ങളെപോലും സംഘപരിവാർ പുനരുജ്ജീവിപ്പിക്കുകയും ആദർശവൽക്കരിക്കുകയുമാണ്.

ജാതിബ്രാഹ്മണ്യത്തിലധിഷ്ഠിതമായ ഇന്ത്യൻ ധർമ്മശാസ്ത്രങ്ങൾ സമർത്ഥിക്കുന്നത് സ്ത്രീകൾ ബ്രഹ്മഹത്യാപാപം പേറുന്നവരാണെന്നാണ്. വസിഷ്ഠസൂത്രമനുസരിച്ചാണല്ലോ ഹിന്ദുത്വവാദികൾക്കും അവരുടെ ഒക്കച്ചങ്ങായിമാർക്കും ആർത്തവം പാപവും സ്ത്രീയുടെ ശരീരം അശുദ്ധവുമാകുന്നത്. നവഹൈന്ദവതയുടെ പുനരുത്ഥാനഭീഷണിയുടെയും അശ്ലീലകരമായ ആചാരസംരക്ഷണവാദത്തിന്റെയുമൊക്കെ പശ്ചാത്തലത്തിലാണ് മണിമലർക്കാവ് സമരവും അതിന്റെ അനുസ്മരണവും പ്രസക്തവും പ്രധാനവുമാകുന്നത്.
കേരളത്തിലും ഇന്ത്യയിലും നിലനിന്നിരുന്ന ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ജാതിവ്യവസ്ഥ സാമ്പത്തിക- ലൈംഗിക ചൂഷണത്തിന്റെയും സർവ്വതരം വിവേചനങ്ങളുടെയും നിഷ്ഠൂരത നിറഞ്ഞതായിരുന്നു. താഴ്ന്ന ജാതിയിൽപ്പെട്ടവരും സ്ത്രീകളും സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിൽ നിന്നും അകറ്റിനിർത്തപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരുമായിരുന്നു. കേരളത്തിൽ നിലനിന്നിരുന്ന ജാതിജന്മിത്വത്തിന്റെ സഹജസ്വഭാവമായിരുന്നു സാമ്പത്തിക ചൂഷണത്തോടൊപ്പം ലൈംഗികചൂഷണവും. നമ്പൂതിരിമാരുടെ മനകളിൽ പണിക്കുപോകുന്ന സ്ത്രീകൾ മാറുമറക്കരുതെന്നത് അക്കാലത്തെ അലംഘനീയ നിയമമായിരുന്നു. അവർക്ക് മനയുടെ പടിപ്പുരവരെ ബ്ലൗസ് ധരിച്ചെത്താം. അതിനപ്പുറത്തേക്ക് പ്രവേശിക്കാൻ ബ്ലൗസൂരി സ്തനങ്ങൾ പ്രദർശിപ്പിക്കണം. മാറുമറയ്ക്കാതെ എത്തുന്ന ജോലിക്കാരികളുടെ നഗ്നത ആസ്വദിക്കാൻ തങ്ങൾക്ക് ജന്മാവകാശമുണ്ടെന്നായിരുന്നു നമ്പൂതിരിമാരുടെ പരമ്പരാഗത വിശ്വാസം.
നമ്മുടെ നവോത്ഥാനചരിത്രമെന്നത് മതപൗരോഹിത്യാധിഷ്ഠിതമായ ചൂഷകവർഗങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യുകയും ധ്വംസിക്കുകയും ചെയ്ത നവീകരണത്തിന്റെയും പരിവർത്തനോന്മുഖതയുടെയും പ്രവണതകളുടേതാണെന്ന് ഡോ.കെ.എൻ. പണിക്കർ നിരീക്ഷിക്കുന്നുണ്ടണ്ട്. ആചാരപരമായ മാറ്റങ്ങളും പൗരോഹിത്യ ജന്മിത്വ അധികാരത്തെ നിർണ്ണയിച്ച പരമ്പരാഗതമായ വിശ്വാസങ്ങളെ മറികടന്നുമാണ് നമ്മുടെ നവോത്ഥാനം മുന്നോട്ടുപോയിട്ടുള്ളത്. അതായത്, പണിക്കർ ചൂണ്ടിക്കാട്ടിയതുപോലെ നവോത്ഥാനത്തിന്റെയും നവീകരണത്തിന്റെയും മുഖ്യപ്രവണത ഭൗതികമായും സാമൂഹ്യമായും മതപൗരോഹിത്യ ചൂഷണത്തെയും അധികാരത്തെയും അതിനായുള്ള സമ്പ്രദായങ്ങളെയും വെല്ലുവിളിക്കുന്നതായിരുന്നു. തീർച്ചയായും ഇന്ത്യൻ സാഹചര്യത്തിൽ പുരുഷാധികാരത്തിലധിഷ്ഠിതമായ വൈദികദർശനങ്ങളാണ് ആചാരവിശ്വാസങ്ങളായി അടിച്ചേൽപ്പിക്കപ്പെട്ടത്.

സ്ത്രീകളെ സംബന്ധിച്ച് പുരുഷാധികാരത്തിലധിഷ്ഠിതമായ ജാതിബ്രാഹ്മണ്യത്തിന്റെ അടിച്ചമർത്തലുകൾ നോക്കിലും വാക്കിലും ഉടലിലും ബോധത്തിലും ഏറ്റുവാങ്ങേണ്ടണ്ടിവന്ന ജീവിതാവസ്ഥയായിരുന്നു ഇന്ത്യയിലും കേരളത്തിലും നിലനിന്നിരുന്നത്. ഈയൊരു നിർദ്ദയമായ വ്യവസ്ഥയോടും അതിന്റെ ആചാരസമ്പ്രദായങ്ങളോടും കലഹിച്ചാണ് നമ്മുടെ സമൂഹത്തിൽ നവോത്ഥാനപരമായ മുന്നേറ്റങ്ങൾ വളർന്നുവന്നത്. കേരളത്തിന്റെ നവോത്ഥാനചരിത്രം പഠിക്കുമ്പോൾ സാമൂഹ്യവിവേചനങ്ങൾക്കെതിരായി ഉയർന്നുവന്ന സമുദായപരിഷ്ക്കരണപ്രസ്ഥാനങ്ങൾ പലതും സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടണ്ടിയുള്ള വിമോചനാത്മകമായ ധർമ്മങ്ങളെകൂടി ഏറ്റെടുത്തിരുന്നു.
അതായത്, സ്ത്രീകൾക്കുമേലുള്ള അടിമത്വചിഹ്ന ങ്ങളായിരുന്ന ആചാരാനുഷ്ഠാനങ്ങളെയും വിവേചനങ്ങളെയും ചോദ്യം ചെയ്തും എതിർത്തുമാണ് കേരളത്തിൽ നവോത്ഥാന പ്രസ്ഥാനവും അതിന്റെ ഭാഗമായി സ്ത്രീമുന്നേറ്റങ്ങളും ഉയർന്നുവന്നത്. അരയ്ക്കു മുകളിൽ നഗ്നത മറയ്ക്കരുത് എന്നത് എല്ലാ വിഭാഗം സ്ത്രീകൾക്കും ബാധകമായ ആചാര്യമര്യാദയായി കണക്കാക്കിയിരുന്നു. പൊതുവെ വസ്ത്രധാരണം തന്നെ വളരെ മിതമായ രീതിയിൽ മാത്രം നിലനിന്നിരുന്ന കാലഘട്ടമായിരുന്നു അത്. ജാതി അധികാരേശ്രണിക്കനുസൃതമായി അവർണസ്ത്രീകൾ എല്ലാവർക്കു മുന്നിലും നായർ സ്ത്രീകൾ ബ്രാഹ്മണർക്ക് മുന്നിലും നമ്പൂതിരി സ്ത്രീകൾ ദൈവസന്നിധിയിലും മാറുമറയ്ക്കരുത് എന്ന വിചിത്ര നിഷ്ക്കർഷയും നിയമവുമാണ് നിലനിന്നിരുന്നത്.
19–ാം നൂറ്റാണ്ടിൽ തന്നെ അവർണവിഭാഗങ്ങൾക്കിടയിൽ അധീശത്വ ജാതി ലിംഗ ബോധങ്ങളെയും സമ്പ്രദായങ്ങളെയും തിരിച്ചറിഞ്ഞ് അതിനെതിരായി മാറുമറയ്ക്കാനും വഴി നടക്കാനുമൊക്കെയുള്ള അവകാശസമരങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ സവർണജാതി വിഭാഗങ്ങൾക്കിടയിൽ അശ്ലീലകരമായ ഇത്തരം നടപ്പുകൾ ആചാര്യമര്യാദയുടെ പേരിൽ നിലനിർത്താൻ 20–ാം നൂറ്റാണ്ടിന്റെ മധ്യം വരെ ഈ കേരളത്തിൽ പോലും യാഥാസ്ഥിതികർ ശാഠ്യം പിടിച്ചുനിന്നു. ഇതിനെതിരായി മലയാളികൾക്കിടയിലുണ്ടായ നവോത്ഥാനപരമായ ഉണർവുകളുടെ ഭാഗമായിട്ടാണ് 1956–ൽ തൃശൂർ ജില്ലയിലെ മണിമലർകാവിൽ കമ്യൂണിസ്റ്റ് പാർട്ടി മുൻകൈയിൽ മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി സമരം നടക്കുന്നത്.
ജവഹർലാൽ നെഹ്റു സർക്കാർ ദേവദാസി സമ്പ്രദായം നിർത്തലാക്കുകയും 1955–ൽ പുരിക്ഷേത്രഭരണം കേന്ദ്രസർക്കാർ ഏറ്റെടുക്കുകയും ദേവദാസികളെ വെച്ചുകൊണ്ടുള്ള നവകളേബര പോലുള്ള ആചാരത്തിന്റെ പേരിലുള്ള നൃത്തങ്ങൾ നിരോധിക്കുകയും ചെയ്ത ദേശീയ സാഹചര്യത്തിലാണ് മണിമലർകാവ് സമരം നടക്കുന്നത്.

വേലൂർ മണിമലർകാവ് ക്ഷേത്രത്തിൽ കുംഭമാസത്തിൽ നടക്കുന്ന ഭരണിനാളിലെ വേലയോടനുബന്ധിച്ച് സ്ത്രീകൾ താലമെടുക്കുമ്പോൾ മാറുമറയ്ക്കാൻ പാടില്ല എന്നതായിരുന്നു പൂർവ്വികാചാരം. സന്ധ്യ മുതൽ അർദ്ധരാത്രി വരെ നീളുന്ന മേളവും താലമെടുപ്പും കാണാൻ ദൂരെദിക്കിൽ നിന്നുപോലും മണിമലർകാവിൽ അനേകർ എത്തുമായിരുന്നു. ഈ ദുരാചാരം അവസാനിപ്പിക്കാൻ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. എല്ലാ സ്ത്രീകളും താലമെടുക്കുമ്പോൾ മാറുമറയ്ക്കണമെന്നും താലമെടുക്കാൻ നായർ സ്ത്രീകൾക്കൊപ്പം ഈഴവ- പുലയ സമുദായത്തിലെ സ്ത്രീകൾക്കും അവസരമുണ്ടായിരിക്കണമെന്നുമാണ് കമ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടത്.
വേലൂർ മണിമലർകാവിൽ നായർ സ്ത്രീകൾക്ക് മാത്രമേ താലമെടുക്കാൻ അവകാശമുണ്ടായിരുന്നുള്ളൂ. എല്ലാ സമുദായങ്ങളിലും പെട്ട സ്ത്രീകൾ മാറുമറച്ച് വേണം താലമെടുപ്പിൽ പങ്കെടുക്കാനെന്ന നിബന്ധന നിർബന്ധമാക്കണമെന്നും പാർട്ടി ആവശ്യപ്പെടുകയും അതിനായി വിപുലമായ പ്രചാരണം നടത്തുകയും ചെയ്തു. ക്ഷേത്രോത്സവങ്ങൾ സവർണജാതി മേലാളരുടെ ലൈംഗികാസക്തിശമനത്തിനുള്ള അവസരമാക്കുന്നതിനെതിരായി യുവതികളെയും ബഹുജനങ്ങളെയും പാർട്ടി ബോധവൽക്കരിച്ചു. അങ്ങനെയാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായ വേളത്ത് ലക്ഷ്മിക്കുട്ടി, വെള്ളറോട്ടിൽ മീനാക്ഷി, കെ.സി. കാളിക്കുട്ടി, കെ.കെ. കുറുമ്പ, അത്താണിക്കാൻ ജാനകി, അത്താണിക്കൽ കമലു, വേളത്ത് വള്ളിമ്മു, ഞാലിൽ അമ്മു, മൂളിപ്പറമ്പിൽ കൊച്ച, കെ.ആർ. കൊച്ച, നെല്ലിക്കൽ ജാനകി, കരിക്കിലവളപ്പിൽ ജാനകി, കുന്നത്ത് കാളി, വെള്ളാറ്റത്തൂരിലെ കാഞ്ഞിരപറമ്പിലെ നീലി, കാഞ്ഞിരപറമ്പിൽ കാളി, കെ.ആർ. അമ്മിണി, രാരംപറമ്പിൽ ലക്ഷ്മി, കെ.സി. ജാനു, കുന്നത്ത് അമ്മിണി, പി.കെ. കുറുമ്പക്കുട്ടി, കുന്നത്ത് ജാനു, വി.ആർ. ലക്ഷ്മി, പൂവത്തിങ്കൽ കല്ല്യാണി, കെ.കെ. ചീരു എന്നിവരുടെ നേതൃത്വത്തിൽ മാറുമറച്ചുകൊണ്ടുള്ള താലമെടുപ്പ് നടത്തിയത്.

ആ ധീരകളായ സ്ത്രീപ്രവർത്തകരെ തടയാൻ സവർണ ജാതിപ്രമാണിമാരുടെ ഗുണ്ടാസംഘം വടികളും വാളുമായി വന്നു. അന്തരീക്ഷം സംഘർഷഭരിതമായി. ഈയൊരു അവസ്ഥ കമ്യൂണിസ്റ്റ് പാർട്ടി മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ടുതന്നെ സവർണ പ്രമാണിപ്പടയെ നേരിടാൻ ജനകീയസേനയെതന്നെ പാർട്ടി തയ്യാറാക്കി നിർത്തിയിരുന്നു. എ.എസ്.എൻ. നമ്പീശൻ, സി.പി. ജോസ്, കാരയിൽ ശങ്കരൻ നായർ, കാരയിൽ ഗോപാലൻ നായർ, പി.പി. കൊച്ചുക്കുട്ടൻ തുടങ്ങിയ നേതാക്കളും എ.എൽ. ഫ്രാൻസിസ്, എ.പി. അറുമുഖൻ, കെ.ഐ. വിശ്വംഭരൻ, മല്ലാൻനിക്കാവോസ്, വി.ആർ. ഭഗീരഥൻ, കെ.പി. കോപ്പുണ്ണി, ടി.എസ്. അപ്പുക്കുട്ടൻ, പി.പി. പറഞ്ചു, കെ. ശങ്കുണ്ണി മാസ്റ്റർ, കെ.ജി. രാഘവൻ, വെള്ളറോട്ടിൽ നാരായണൻ തുടങ്ങിയ പാർട്ടി പ്രവർത്തകരുമാണ് സവർണ പ്രമാണിപ്പടയെ പ്രതിരോധിച്ചത്.
വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി ആചാരം ലംഘിച്ചാൽ വസൂരി വിതയ്ക്കുമെന്ന് ഭീഷണി മുഴക്കി. എ.എസ്.എൻ. നമ്പീശൻ വെളിച്ചപ്പാടിനോട്, ‘വിതയ്ക്കണ്ട എന്റെ കയ്യിൽ തന്നോളൂ’ എന്നാണ് പ്രതികരിച്ചത്. അത്യന്തം സംഘർഷപൂർണമായ ആ സമരത്തോടെ മണിമലർകാവിൽ തുടർന്നുള്ള വർഷങ്ങളിൽ എല്ലാ ജാതിവിഭാഗങ്ങളിലെയും സ്ത്രീകൾ ഒരുമിച്ച് മാറുമറച്ച് നിരന്നുനിന്ന് താലമെടുക്കുന്ന സ്ഥിതിയുണ്ടായി. (അവലംബം, ഡോ. ജോൺജോഫി സി.എഫ്, എ.എസ്.എൻ. സമരസൂര്യന്റെ അരുണോദയം, ഗ്രീൻ ബുക്സ്).

നെഹ്റു സർക്കാർ നിരോധിച്ച നവകളേബര നൃത്തം പുരി ക്ഷേത്രത്തിൽ പുനരാരംഭിക്കണമെന്ന ആവശ്യം 1995–ൽഹിന്ദുത്വവാദികൾ ഉയർത്തിക്കൊണ്ടുവന്നു. ക്ഷേത്രശ്രീകോവിലിലും മറ്റും നൃത്തം നടത്തുന്നത് ഭീതരഗയാനി എന്നു വിളിക്കുന്ന നർത്തകികളെ വെച്ചാണ്. ഇതാണ് നവകളേബര നൃത്തം എന്നറിയപ്പെട്ടിരുന്നത്. പാതിരാരാത്രി അൽപ വസ്ത്രധാരിണികളായി ‘ഭഗവാന്റെ കിടപ്പറ’യിൽ അങ്ങേയറ്റം കാമോദ്ദീപകമായ അംഗചലനങ്ങളോടെ നൃത്തം നടത്തുന്ന ചടങ്ങാണ് നവകളേബര. യഥാർത്ഥത്തിൽ ഈ നൃത്തം ആസ്വദിച്ചിരുന്നവർ പുരോഹിതരും ഫ്യൂഡൽ പ്രഭുക്കന്മാരും രാജാക്കന്മാരുമായിരുന്നു. ഇങ്ങനെയൊക്കെയുള്ള വിദൂരഭൂതകാലത്തിലെ എല്ലാ അശ്ലീലങ്ങളെയും പുനരുജ്ജീവിപ്പിക്കാനും പുനരാനയിക്കാനുമുള്ള നീക്കങ്ങളാണ് ഹിന്ദുത്വവാദികൾ ആരംഭിച്ചിരിക്കുന്നത്. ഇത്തരം പുനരുത്ഥാനശ്രമങ്ങളുടെ സാഹചര്യത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുത്ത് വിജയിപ്പിച്ച വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരത്തിന് പ്രസക്തിയേറുന്നത്.
