'വാരിയംകുന്നൻ'; മതരാഷ്ട്രവാദികൾക്ക് മുന്നിൽ ചരിത്രവും സംസ്‌കാരവും പറയരുത്‌

''അധികാരം തമസ്‌കരിച്ച വസ്തുതാഖ്യാനങ്ങളെ വീണ്ടെടുക്കുക എന്ന ഒരു ദൗത്യം കൂടി കലയ്ക്കുണ്ട്. അത് പലപ്പൊഴും അധികാരപക്ഷത്തുനിന്നുകൊണ്ട് അതിന്റെ ആഖ്യാനങ്ങളെ ഉറപ്പിക്കാനും ഉപകരണമായിട്ടുണ്ട് എന്ന കുമ്പസാരത്തോടെ തന്നെയാണു ഇത് പറയുന്നത്. അപ്പോൾ ഇവിടെ വേണ്ടത് സ്വാതന്ത്ര്യമാണ്. ആവിഷ്‌കാരബന്ധിയായ സ്വാതന്ത്ര്യം. തീർച്ചയായും അതിനെ വിമർശിക്കുവാനുള്ള സാംസ്‌കാരിക സ്വാതന്ത്ര്യവും അതിൽ അന്തർലീനമാണ്. പ്രശ്‌നം അവിടെയല്ല. മറിച്ച് ഇത് ഞങ്ങൾ അനുവദിക്കുകയില്ല എന്ന് പറയുന്നിടത്താണ്. അത് കായികമായ ഒരു വെല്ലുവിളിയാണ്. അതിൽ മുഴങ്ങുന്നത് സാംസ്‌കാരികമായ സംവാദ സാദ്ധ്യതകളല്ല, അധികാരബന്ധിയായ അടിച്ചമർത്തൽ ആഹ്വാനങ്ങളാണ്. ആഷിക് അബുവിന്റെ വാരിയംകുന്നൻ ചരിത്രവുമായി നീതി പുലർത്തുന്നതാണ്, അല്ല, അത് പാൻ ഇസ്‌ലാമിസത്തെ ആശ്ലേഷിക്കുന്ന ആഖ്യാനമാണ്, അല്ല ബ്രാഹ്മണിക് ഹിന്ദുത്വത്തിനെ ആശ്ലേഷിക്കുന്നതാണ് തുടങ്ങിയ ഏതുതരം വിമർശനവും സാധ്യമാണ്. പക്ഷേ അതിനു അത്തരം ഒരു കലാസൃഷ്ടി നിർമ്മിക്കപ്പെടണം.''

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജീവിച്ചിരുന്ന കാലത്ത് ആ ജീവിതം ഒരു വാർത്ത തന്നെയായിരുന്നു. മലബാറിന്റെ നാലതിർത്തികളും കടന്ന്, കേരളവും കടലും കടന്ന് വിദേശങ്ങളിൽ പോലും പടർന്ന ഖ്യാതിയുടെ ഉടമയായിരുന്നു ഹാജി. 1922ൽ ബ്രിട്ടീഷുകാർ വെടിവച്ച് കൊന്നിട്ടും ആ ജീവിതം, അതിന്റെ വാർത്താമൂല്യം ഇടിഞ്ഞില്ല. തുടർന്ന് പല കാലങ്ങളിൽ, പല കാരണങ്ങളാൽ അത് വീണ്ടും വീണ്ടും വാർത്തകളിലേക്ക് ഉയർന്നുവന്നുകൊണ്ടിരുന്നു. ഇക്കുറി "വാരിയംകുന്നൻ' എന്ന ഒരു സിനിമയാണു ഹേതു.

ഈ സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോൾ ആ പേർ വീണ്ടും വിവാദമാകാനുള്ള കാരണം നമുക്ക് പിന്നീട് ചർച്ച ചെയ്യാം. പകരം ഇക്കാലമൊക്കെയും ഇടയ്ക്കിടെ ഏതെങ്കിലുമൊക്കെ നിലകളിൽ ആ ജീവിതം വാർത്തയായിക്കൊണ്ടിരുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയായിരുന്നു എന്നൊന്ന് ഓടിച്ചു നോക്കാം.

കുഞ്ഞഹമ്മദ് ഹാജി വിവാദപുരുഷനാകാൻ കാരണം

കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം വാർത്തകളിൽ എന്നും നിറഞ്ഞുനിന്നിരുന്നതിന് രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന് അദ്ദേഹത്തിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട കാരണം. രണ്ട്, ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം അതിനെ എന്തായി വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചുവോ അതുമായി ബന്ധപ്പെട്ട കാരണം.

വിപ്ലവകാരിയായ ഹാജിയുടെ ഭൗതീക ശരീരത്തെ മാത്രമല്ല, അയാളുടെ സ്മരണയെ, ചരിത്രത്തെ തന്നെയും അവർ ഭയക്കുകയും അതുൾപ്പെടെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ്.

മലപ്പുറം കേന്ദ്രീകരിച്ച് 1921-22 കാലഘട്ടത്തിൽ നടന്ന ലഹളയുടെ വ്യാപ്തിയെക്കുറിച്ച് അന്ന് അവിടത്തെ പൊലീസ് മേധാവിയായിരുന്ന വെള്ളക്കാരൻ ആർ.എച്ച് ഹിച്‌കോക് എഴുതിയ പുസ്തകത്തിൽ നിന്നു മനസ്സിലാക്കാം. അതിന്റെ കേന്ദ്രസ്ഥാനത്തു നിന്ന മനുഷ്യനായിരുന്നു കുഞ്ഞഹമ്മദ് ഹാജി. അന്നത്തെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ബ്രിട്ടിഷുകാർക്കെതിരെ അവരുടെ കോളനിയായിരുന്ന ഇന്ത്യയിൽ "മലയാള രാജ്യം' എന്ന പേരിൽ ഒരു സ്വതന്ത്ര രാജ്യം കെട്ടിപ്പടുക്കുകയും ചെറിയ ഒരുകാലത്തേക്കാണെങ്കിലും അവിടെ സമാന്തരഭരണം നടത്തുകയും ചെയ്ത മനുഷ്യനായിരുന്നു അയാൾ.
ഹിച്‌കോക്കിന്റെ പുസ്തകത്തെ ഉദ്ധരിച്ചാൽ ""മലബാറിലെ ഒരു വിപ്ലവകാരിയെ പിടിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം ചെലവഴിച്ച പണവും സമയവും കണക്കെടുത്താൽ മാത്രം മതി ഈ ലഹളക്കാരൻ എത്രത്തോളം അപകടകാരിയായിരുന്നുവെന്നു മനസ്സിലാക്കാൻ.'' അവർ ഒടുവിൽ മുകളിൽ പറഞ്ഞതുപോലെ ഒരുപാട് ഊർജ്ജവും ധനവും വ്യയംചെയ്താണെങ്കിലും ഹാജിയെ പിടികൂടി വധിക്കുകയും ആ സമാന്തര രാജ്യത്തിന്റെ അന്ത്യം കുറിക്കുകയും ചെയ്തു. പക്ഷേ അവർ അവിടെയും നിർത്തിയില്ല.
ഹാജിയുടെ ശരീരം മതാചാരപ്രകാരം സംസ്‌കരിക്കാൻ സമ്മതിച്ചാൽ അയാളുടെ കുഴിമാടം ഒരു മഖ്ബറയായി തീരുകയും അതിലൂടെ ആ പോരാട്ടത്തിനൊരു ചരിത്രസ്മാരകം ഉയർന്നുവരികയും ചെയ്യും എന്നു ഭയന്ന ബ്രിട്ടീഷ് ഭരണകൂടം ആ ശരീരം ദഹിപ്പിക്കുകയായിരുന്നു. കുഴിച്ചിട്ടാൽ മാത്രമേ ചരിത്രം അവശേഷിക്കുകയുള്ളോ, ദഹിപ്പിച്ചാൽ ഒപ്പം ചരിത്രവും മരിക്കുമോ എന്നതൊന്നുല്ല ഇവിടെ പ്രസക്തമായ വിഷയം. അത് വിപ്ലവകാരിയായ ഹാജിയുടെ ഭൗതീക ശരീരത്തെ മാത്രമല്ല, അയാളുടെ സ്മരണയെ, ചരിത്രത്തെ തന്നെയും അവർ ഭയക്കുകയും അതുൾപ്പെടെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ്.

ഇതുവഴി സംഭവിച്ചത് കുഞ്ഞഹമ്മദ് ഹാജി എന്ന മനുഷ്യനും മലബാർ കലാപം എന്ന സംഭവത്തിനും രണ്ടു ചരിത്രം ഉണ്ടായി എന്നതാണ്. ഒന്ന് വസ്തുതാപരമായ ചരിത്രം. രണ്ട്, ബ്രിട്ടീഷ്, നാടൻ ജന്മിത്ത കൂട്ടുകെട്ട് നിറം പിടിപ്പിച്ച വസ്തുതകളും കെട്ടുകഥകളും കലർത്തി ഉണ്ടാക്കിയ മറ്റൊരു ചരിത്രം. ഇവ തമ്മിൽ നിരന്തരം വൈരുദ്ധ്യത്തിലേർപ്പെട്ടു പോന്നു. അപ്പൊഴെല്ലാം ഹാജിയുടെ പേരും ഉയർന്നുവന്നു. ചിലർക്ക് നായകനായി, ചിലർക്ക് വില്ലനായി.

എന്തുകൊണ്ട് "മാപ്പിളലഹള' അല്ല?
പ്രചണ്ഡ പ്രചരണങ്ങൾ വഴി ബ്രിട്ടിഷ് കോളോണിയൽ താൽപര്യങ്ങളും നാടൻ ജന്മിത്ത താൽപര്യങ്ങളും ചേർന്ന് കുഴിച്ചുമൂടിയ ചരിത്രത്തിൽ നിന്നുമാണ് മാപ്പിള കലാപം എന്ന പുതിയ ഒരു ചരിത്ര സംഭവം ഉണ്ടായി വരുന്നത്. എന്നാൽ ഇന്നോ, ഏറനാട് കലാപമെന്നോ, മലബാർ കലാപമെന്നു പോലുമോ കേട്ടാൽ കാര്യം വ്യക്തമാകാത്തവർക്കും മാപ്പിള ലഹള എന്നു പറഞ്ഞാൽ മനസിലാകും.

ആർ.എച്ച്. ഹിച്കോക്ക്

എന്നാൽ അത് ഒരു മാപ്പിള ലഹളയായിരുന്നുവോ?

മലബാർ കേന്ദ്രമാക്കി ഉയർന്നുവന്ന കർഷക കലാപത്തെ ഒരു വർഗ്ഗീയ കലാപമായി വരുത്തി തീർക്കുക എന്നത് കോളോണിയൽ ഭരണകൂടത്തിന്റെയും അതിന്റെ തണൽ പറ്റി നിലനിൽക്കാൻ ശ്രമിച്ച ജന്മിത്തത്തിന്റെയും അധികാര താല്പര്യങ്ങളുടെ ഭാഗമായിരുന്നു. അതുകൊണ്ട് അവർ അന്ന് അങ്ങനെ ശ്രമിച്ചു. അതിന്റെ രാഷ്ട്രീയ തുടർച്ചയായതുകൊണ്ട് ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം ഇന്ന് ബി.ജെ.പിയും അതിനുതന്നെ ശ്രമിക്കുന്നു. മലബാർ ലഹളയിൽ നിന്നും അതിന്റെ പ്രഭവകേന്ദ്രമായ കർഷക പ്രശ്‌നങ്ങളെ ഒഴിവാക്കാനും അതിനെ ഒരു വർഗ്ഗീയ ലഹളമാത്രമായി ചിത്രീകരിക്കാനും.

താൽപര്യം അതായിരിക്കുമ്പോഴും ചില വീഴ്ചകൾ ചരിത്രത്തിന്റെ അദൃശ്യ കരം എന്നോണം അതിൽ സംഭവിച്ച് പോയിട്ടുണ്ട്. സാക്ഷാൽ റിച്ചാഡ് ഹൊവാഡ് ഹിച്‌കോക് ഇതിനെക്കുറിച്ച് എഴുതിയ ഗ്രന്ഥത്തിന്റെ പേർ "പെസന്റ് റിവോൾട്ട് ഇൻ മലബാർ, എ ഹിസ്റ്ററി ഓഫ് ദ മലബാർ റിബെല്യൻ, 1921' എന്നാണ്, കമ്യൂണൽ റിവോൾട്ട് ഇൻ മലബാർ, എ ഹിസ്റ്ററി ഓഫ് ദ മുസ്‌ലിം റിബെല്യൺ എന്നല്ല. ഇന്ന് ബി.ജെ.പി തമസ്‌കരിക്കാൻ ശ്രമിക്കുന്ന രണ്ട് ഘടകങ്ങൾ "മലബാർ', "കർഷകർ' എന്നിവ രണ്ടും സായിപ്പായിട്ടും എങ്ങനെയോ ഹിച്‌കോക്കിന്റെ തലക്കെട്ടിൽ കടന്നുകൂടി.

ഇന്ന് ബി.ജെ.പി തമസ്‌കരിക്കാൻ ശ്രമിക്കുന്ന രണ്ട് ഘടകങ്ങൾ "മലബാർ'', "കർഷകർ'' എന്നിവ രണ്ടും സായിപ്പായിട്ടും എങ്ങനെയോ ഹിച്‌കോക്കിന്റെ തലക്കെട്ടിൽ കടന്നുകൂടി.

മുസ്‌ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് ഉപയോഗിക്കുന്ന മാപ്പിള എന്ന പദം മുഖ്യ വിശേഷണമായി വരുമ്പോൾ ധ്വനിപ്പിക്കുന്നത് കുറെ മാപ്പിളമാർ അവരുടെ ആവശ്യങ്ങൾക്കായി നടത്തിയ അവരുടെ സമരം എന്നാണ്. അതായത് ഈ ഒരൊറ്റ പ്രയോഗത്തിലൂടെ ആ സമരത്തിന്റെ വർഗ്ഗപരവും ജാതീയവുമായ സൂക്ഷ്മ ചരിത്രം മുഴുവനായി റദ്ദാവുകയും അതൊരു വിശ്വാസബന്ധിയും മതപരവുമായ കലാപമായി തീരുകയും ചെയ്യുന്നു. അതായിരുന്നോ സത്യം?
മലബാറിന്റെ ചരിത്രം
തിരുവിതാംകൂറും കൊച്ചിയുമൊക്കെയായി താരതമ്യം ചെയ്യുമ്പോൾ തെല്ല് വേറിട്ട ഒന്നാണ് മലബാറിന്റെ ചരിത്രം. ജാതീയമായ ഉച്ചനീചത്വ വ്യവസ്ഥയിൽ നിന്നും രക്ഷപ്പെടാനായി ഇസ്‌ലാം മതം സ്വീകരിച്ച ദളിതരായ കർഷക തൊഴിലാളികൾ സംഘടിച്ച് നായർ, നമ്പൂരി സമുദായത്തിൽ പെട്ട ജന്മിമാരെ ആക്രമിക്കുകയും അവർ തങ്ങളിൽ നിന്നും അന്യായമായി സംഭരിച്ച് പൂഴ്ത്തി വച്ചിരിക്കുന്ന ധാന്യങ്ങളും മറ്റും ബലം പ്രയോഗിച്ച് തിരിച്ച് പിടിക്കുന്നതുമായ സംഭവങ്ങൾ അവിടെ പത്തൊമ്പതാം നൂറ്റാണ്ട് മുതൽക്കേ ധാരാളമായി കാണാം. അതിനു കാരണം മുസ്‌ലിമല്ല, ജന്മിത്തമാണ്. അത് ചെയ്തത് ഇന്ന് ടെക്‌നിക്കലി ഹിന്ദുവാണെന്ന് ബി.ജെ.പി പോലുള്ള രാഷ്ട്രീയ കക്ഷികൾ പ്രചരിപ്പിക്കുന്ന മനുഷ്യർ, ഹിന്ദുക്കളാണ്. അതിനു കാരണം ഹിന്ദു വിരോധമല്ല, ജന്മിത്ത വിരോധം തന്നെയാണ്.

ഏറനാടൻ ലഹള, മലബാർ കലാപം എന്നിങ്ങനെ പല പേരുകൾ കറങ്ങിവന്ന് മാപ്പിള ലഹളയിൽ ഇന്നവർ ഉറപ്പിക്കുന്ന ആ ചരിത്ര സംഭവത്തിന്റെ മൂലകാരണം തൊഴിലും നിത്യവൃത്തിയും അതിജീവനവുമായി ബന്ധപ്പെട്ടതാണ്. ഭൂവുടമകൾ നായർ, നമ്പൂരി വിഭാഗങ്ങളിൽ പെട്ടവരായിരുന്നുവെങ്കിലും തിരുവിതാംകൂറിൽനിന്നും ഭിന്നമായി ഇവിടെ കർഷക തൊഴിലാളികളിൽ മാപ്പിളമാരും ഉണ്ടായിരുന്നു. ഇവർ തമ്മിൽ പത്തൊമ്പതാം നൂറ്റാണ്ടുമുതൽക്ക് നടക്കുന്ന വലുതും ചെറുതുമായ നിരവധി സംഘർഷങ്ങളുടെ ഒരു തുടർച്ചയായി ആയിരുന്നു 1921ലെ മലബാർ കലാപവും തുടങ്ങിയത്.

ഇതിൽ പിന്നീട് ഒരു വർഗ്ഗീയ നിറവും ഉള്ളടക്കവും ഉണ്ടായിവന്നു എന്നത് സത്യമാണ്. ആശാന്റെ "ദുരവസ്ഥ' പോലെയുള്ള കവിതകളിലും പൊറ്റക്കാടിന്റെ "ഒരു ദേശത്തിന്റെ കഥ' പോലെയുള്ള രചനകളിലും ഇതിന്റെ സൂചനകൾ കാണാനാകും. എന്നാൽ അവയെ അടിസ്ഥാനമാക്കി മലബാർ സമരം മാപ്പിള ലഹളയായൊ, തിരിച്ച് ആശാനെ ഇസ്‌ലാമോഫോബിക്കായോ വായിക്കുന്നത് ചരിത്ര നിഷേധമായിരിക്കും. വാസ്തവം ഇതിനിടയിലാണ്. അതായത് കർഷക കലാപത്തിന്റെ ദീർഘമായ മലബാർ ചരിത്രത്തിനും ഖിലാഫത്ത് പ്രസ്ഥാനത്തിനും ഇടയിൽ സംഭവിച്ച തെറ്റിദ്ധാരണകളിൽ.

ഖിലാഫത്ത് പ്രസ്ഥാനം
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ജെർമനി, ഓസ്ട്രിയ, ഹംഗറി, ബൾഗേറിയ ഒക്കെ അടങ്ങുന്ന "സെന്റ്രൽ പവർ'ന്റെ പക്ഷത്തായിരുന്ന ഓട്ടോമൻ എമ്പയറും പരാജയപക്ഷത്തായി. അതോടെ നിരവധി ഉപരോധങ്ങളുൾപ്പെടെ തകർച്ചയെ നേരിട്ട തുർക്കി കേന്ദ്രമാക്കിയ ഓട്ടോമൻ സാമ്രാജ്യം പ്രതിരോധത്തിനായി മുന്നോട്ട് വച്ച പാൻ-ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഒരു പൊതുപദ്ധതിയായി മാറുകയായിരുന്നു.

1920ൽ കോൺഗ്രസ് നേതൃത്വം ഏറ്റെടുത്ത മഹാത്മാഗാന്ധി ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതോടെ അതിന്റെ വ്യാപ്തി വർദ്ധിക്കുന്നു. അതായത് മുസ്‌ലിം മതവിശ്വാസികളായ ആലി മുസ്‌ളിയാരെയും അഹമ്മദ് ഹാജിയേയും പോലെ, അചഞ്ചല ഹിന്ദു വിശ്വാസിയായിരുന്ന ഗാന്ധിയും ഖിലാഫത്തിനെ പിന്തുണച്ചിരുന്നു. അതിനു കാരണം മൗദുദിസ്റ്റ് പാനിസ്‌ലാമിസത്തിനോടുള്ള യോജിപ്പോ, അതിനായുള്ള ശ്രമമോ ആയിരുന്നില്ല എന്നത് വ്യക്തമാണ്. ഇതൊക്കെ നടക്കുന്ന "21ൽ അയാൾ 18 വയസുള്ള വെറും പയ്യൻ.

ലോകം മുഴുവൻ വ്യാപിക്കുന്നത് പോയിട്ട് മലബാർ മുഴുവൻ വ്യാപിക്കുന്ന ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുക പോലുമായിരുന്നില്ല കുഞ്ഞഹമ്മദ് ഹാജിയുടെ ലക്ഷ്യം, മറിച്ച് ഒരു സ്വാഭിമാന രാജ്യം സ്ഥാപിക്കുകയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തെ മൗദിദിസ്റ്റ് പാനിസ്‌ലാമിസത്തിൽ കൊണ്ട് കെട്ടുക, അതുവഴി മലബാർ കലാപത്തെയും കുഞ്ഞഹമ്മദ് ഹാജിയെയും മൗദുദിസ്റ്റ് പാനിസ്‌ലാമിസത്തിന്റെ ആലയിൽ കൊണ്ടുകെട്ടുക എന്ന അജണ്ട ഇവിടത്തെ അൻപത് ശതമാനത്തിലധികം വരുന്ന ഹിന്ദുക്കളിലും മുപ്പത് ശതമാനത്തോളം വരുന്ന മുസ്‌ലീങ്ങളിലും എത്തിക്കുക, അതിലൂടെ കേരളത്തിന്റെ ചരിത്രത്തെ തന്നെ മറ്റൊന്നാക്കിമാറ്റുക എന്ന അജണ്ട ഈ രണ്ട് വിഭാഗങ്ങളുടെയും യഥാർത്ഥ പ്രതിനിധികൾ എന്ന് അവകാശപ്പെടുന്ന, എന്നാൽ ഭൂരിപക്ഷം മനുഷ്യരാലും ദയനീയമായി തള്ളപ്പെടുന്ന ചരിത്രമുള്ള ചില സംഘടനകൾക്കുണ്ട്. അവർ സ്വതാല്പര്യങ്ങൾ മുൻനിർത്തി പടച്ചുവിടുന്ന ആഖ്യാനങ്ങളാണ് പഴയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചരിത്രാഖ്യാനങ്ങളോട് നേരിട്ട് യോജിച്ചോ വസ്തുതാവിരുദ്ധമായി അതിനോട് കലഹിച്ചോ ഉണ്ടാക്കിവയ്ക്കുന്ന സന്നിഗ്ധതകൾ ഒക്കെയും. അവ ചരിത്രപരമായ സന്നിഗ്ധതകളല്ല, നിർമ്മിതമായവ മാത്രമാണ്.

ആഷിഖ് അബു

ഹിന്ദുവിരുദ്ധനായ ഹാജിയും ഹിന്ദു ജിനോസൈഡിന്റെ മാപ്പിളലഹളയും
മാപ്പിള ലഹളയെ ഹിന്ദു വംശഹത്യയുടെ ചരിത്ര സാക്ഷ്യമായും കുഞ്ഞഹമ്മദ് ഹാജിയെ അതിന്റെ നേതാവായും ചിത്രീകരിക്കുന്ന പ്രവണത ഈ ആഷിക് അബു സിനിമ പ്രഖ്യാപനം വഴി ഉണ്ടാവുന്നതൊന്നുമല്ല. അത് എത്രയോ നാളായി നടന്നുവരുന്ന ഒന്നാണ്. വസ്തുതകൾ പക്ഷേ അതുമായി യോജിക്കുന്നില്ല.
കുഞ്ഞഹമ്മദിനെ ബ്രിട്ടിഷ് കൊളോണിയൽ സർക്കാർ വിചാരണ നടത്തി വധശിക്ഷയ്ക്ക് അർഹനായി കണ്ടെത്തുന്നത് അയാൾ നിരവധി ഹിന്ദുക്കളുടെ മരണത്തിൽ കലാശിച്ച കലാപത്തിനു നേതൃത്വം നൽകി എന്ന കുറ്റം കൂടി ചുമത്തിയാണ്. എന്നാൽ അതു സംഭവിക്കുന്നതിനും ഒരുപാട് മുമ്പേ അയാൾ നടത്തിയ മഞ്ചേരി പ്രഖ്യാപനം സർദാർ ചന്ദ്രോത്ത് വിവരിക്കുന്നത് ഒന്ന് കേൾക്കണം.
""ഞാൻ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസൽമാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളിൽ പറഞ്ഞുപരത്തുന്നുണ്ടത്രേ. വെള്ളക്കാരും അവരുടെ സിൽബന്ധികളായ ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരും, പടച്ചവന്റെ സൃഷ്ടികളെ നാലു ജാതിയാക്കിത്തിരിച്ചത് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരേയും അടിമകളാക്കിയ ജന്മിമാരും ചേർന്നാണ് ഇങ്ങനെ പറഞ്ഞു പരത്തുന്നത്. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാൽ ബ്രിട്ടീഷ്ഗവണ്മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവർ ആരായിരുന്നാലും നിർദ്ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കൾ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താൽ ഞാൻ അവരെ ശിക്ഷിക്കും. ഇത് മുസൽമാന്മാരുടെ രാജ്യമാക്കാൻ ഉദ്ദേശ്യമില്ല. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനിൽ ചേർക്കരുത്. അവരുടെ സ്വത്തുക്കൾ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഹിന്ദുക്കളെ നമ്മൾ ദ്രോഹിച്ചാൽ അവർ ഈ ഗവണ്മെന്റിന്റെ ഭാഗം ചേരും അതു നമ്മുടെ തോൽവിക്ക് കാരണമാവും. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തൽക്കാലം കൈയിലില്ലാത്തവർ ചോദിച്ചാൽ, ഉള്ളവർ കൊടുക്കണം. കൊടുക്കാതിരുന്നാൽ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവർക്ക് ആഹാരം നല്കണം. അവർ വിയർപ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഫലം അവർക്കും അവരുടെ കുടുംബത്തിനും ലഭിക്കണം. വേണ്ടിവന്നാൽ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാൻ നാം തയ്യാറാണ്, ഇൻശാ അല്ലാഹ്''

ഈ മനുഷ്യൻ എങ്ങനെയാണൊരു ഹിന്ദു വിരുദ്ധനാകുന്നത്? എങ്ങനെയാണൊരു ഹിന്ദു വംശഹത്യയ്ക്ക് നേതൃസ്ഥാനീയനാകുന്നത്? വംശഹത്യകൾക്ക് പ്രചോദനവും പ്രോത്സാഹനവുമാകുന്ന രാഷ്ട്രീയ പ്രസംഗങ്ങൾ എങ്ങനെയിരിക്കും എന്നു മനസിലാക്കാൻ നാം ചരിത്രത്തിലൂടെ ഇത്രദൂരം പിന്നോട്ടൊന്നും പോകണ്ട, നമ്മുടെ മുമ്പിലുണ്ടവ എന്നിരിക്കെയാണു ഈ തരം പ്രചരണങ്ങൾ.

അഹിംസാത്മകമായ ഒരു സത്യാഗ്രഹമായിരുന്നോ ഹാജി ചെയ്തത്?
തീർച്ചയായും മലബാർ കലാപം ഒരു അക്രമരഹിത സമരമാതൃകയായിരുന്നില്ല. ഹാജി ഗാന്ധിയൻ അക്രമരാഹിത്യത്തിൽ വിശ്വസിച്ചിരുന്ന ആളുമായിരുന്നില്ല. വാളെടുത്തവനാണ്. വാളാൽ അല്ലെങ്കിൽ വെടിയാൽ ഒടുങ്ങി. അവിടെയെങ്കിലും നിൽക്കണ്ടേ വിചാരണ?

ആസൂത്രണം ചെയ്തതുപോലെ അച്ചടക്കത്തോടെ നടന്ന ഒരു സമരമായിരുന്നില്ല മലബാർ കലാപം. എന്നാൽ അത് അധികാരത്തിൽ പൂർണ്ണ നിയന്ത്രണമുള്ള ഒരു ഭരണകൂടം കൃത്യമായ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് സൈന്യത്തെ വച്ച് നടത്തിയ യുദ്ധവുമായിരുന്നില്ല. അതൊരു പ്രതിഷേധ സമരത്തിന്റെ സായുധ രൂപമായിരുന്നു. ഉദ്ദേശം ശുദ്ധമായിരുന്നുവെങ്കിലും ഫലം ദുരന്തമായി തീർന്ന ഒരു ചെറുത്തുനിൽപ്പ് ശ്രമം. അതിൽ ആദ്യം കുറ്റവാളികളാകേണ്ടത് അത്തരമൊരു അവസ്ഥയിലേക്ക് അവരെ തള്ളിവിടാൻ, അതായത് ഒരു പ്രതിരോധ സമരത്തെ വൈകാരിക ബിംബങ്ങൾ ഉപയോഗിച്ച് വിധ്വംസകമായ ഒരു തമ്മിൽ തല്ലാക്കി മാറ്റാൻ അധികാരം നൽകിയ അനന്ത സാധ്യതകളെ നിർലോഭം ഉപയോഗിച്ച കോളോണിയൽ-ജന്മിത്ത കൂട്ടുകെട്ടല്ല, അതിന്റെ ഇരകളായി മാറിയ മനുഷ്യരും നീതിക്കായി ഒരു പൊതുജന പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്ത മനുഷ്യനും ആകുന്നതിലെ വൈരുദ്ധ്യമാണ് വാരിയംകുന്നന്റെ കാര്യത്തിൽ പ്രസക്തം.

ആവുന്ന പ്രതിരോധങ്ങൾ
വിശാലമായ ഒരു മാനവിക, നൈതിക ലക്ഷ്യത്തെ മുൻനിർത്തി ആരംഭിച്ച സമരം അതിന്റെ ലക്ഷ്യങ്ങളിൽ നിന്നും വഴിമാറി കലാപമായി മാറുന്നു എന്നു കണ്ടപ്പോഴൊക്കെ അതിൽ ഇടപെടുകയും ചെറുക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു ഭരണാധികാരി കൂടിയായിരുന്നു ഹാജി. അത് അദ്ദേഹത്തിന്റെ മഞ്ചേരി പ്രഖ്യാപനത്തിൽനിന്ന് തന്നെ വ്യക്തമാണ്.

സമരം അതിന്റെ ലക്ഷ്യത്തിൽ നിന്നും വഴിമാറി അനിയന്ത്രിതമായ കലാപമായി മാറിയെന്ന് അറിയുമ്പോഴൊക്കെയും അതിൽ ഇടപെടുകയും കർശനമായ ശിക്ഷാവിധികൾ ഉൾപ്പെടെ അവലംബിച്ച് അതിനെ നിലയ്ക്ക് നിർത്താൻ ശ്രമിക്കുകയും ചെയ്തിരുന്ന ഒരു നേതൃത്വത്തിനെതിരേയാണ് കലാപങ്ങളെ തുറന്നുവിട്ട് ഈ പുതിയ നൂറ്റാണ്ടിലും അധികാരം കൊയ്യാൻ ഒരു മടിയുമില്ലാത്ത ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം വിമർശനം ഉന്നയിക്കുന്നത്!

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും സമരം അതിന്റെ ലക്ഷ്യത്തിൽ നിന്നും വഴിമാറി അനിയന്ത്രിതമായ കലാപമായി മാറിയെന്ന് അറിയുമ്പോഴൊക്കെയും അതിൽ ഇടപെടുകയും കർശനമായ ശിക്ഷാവിധികൾ ഉൾപ്പെടെ അവലംബിച്ച് അതിനെ നിലയ്ക്ക് നിർത്താൻ ശ്രമിക്കുകയും ചെയ്തിരുന്ന ഒരു നേതൃത്വത്തിനെതിരേയാണ് കലാപങ്ങളെ തുറന്നുവിട്ട് ഈ പുതിയ നൂറ്റാണ്ടിലും അധികാരം കൊയ്യാൻ ഒരു മടിയുമില്ലാത്ത ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം വിമർശനം ഉന്നയിക്കുന്നത്!

കുഞ്ഞഹമ്മദ് ഹാജിക്കൊപ്പം, മലബാർ സമരത്തിനൊപ്പം നിന്നവർ മുസ്‌ലീങ്ങൾ മാത്രമായിരുന്നില്ല. സായുധമായിരുന്ന ആ വിപ്ലവ ശ്രമത്തിൽ ഹാജി വധശിക്ഷയ്ക്ക് വിധേയമാക്കിയതും സംരക്ഷിച്ചതും ഏതെങ്കിലും ഒരു മതത്തിൽ പെട്ടവരെ മാത്രവുമായിരുന്നില്ല. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ "ഖിലാഫത്ത് സ്മരണകളി'ലും കെ മാധവൻ നായരുടെ നായർ "മലബാർ ലഹള' എന്ന പുസ്തകത്തിലും ഒരുപോലെ വരുന്ന ചില വസ്തുതാ സൂചനകളുണ്ട്. മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കവർച്ച ചെയ്യാൻ നടന്ന ശ്രമത്തെ ചെറുത്തു. പുല്ലൂർ നമ്പൂതിരിയുടെ ബാങ്ക് കവർച്ച ചെയ്തത് തിരികെ കൊടുപ്പിച്ചു എന്നു മാത്രമല്ല നഷ്ടപരിഹാരവും നൽകി. ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് അർഹമായ ശിക്ഷ നൽകി.

ജന്മിത്ത-കൊളോണിയൽ അച്ചുതണ്ട് ഈ സമരത്തെ തകർക്കാനും അതിന്റെ നൈതികമായ ആത്മവീര്യത്തെ അവമതിക്കാനും ഏതറ്റം വരെയും പോകുമെന്നു കണ്ട് നിലമ്പൂർ കൊവിലകം പോലെയുള്ളവയ്ക്ക് കാവൽ ഏർപ്പെടുത്തിയതും ഭരണപരമായ ജാഗ്രതയുടെ തെളിവുകൾ തന്നെയാണ്. എന്നാൽ അകത്തുനിന്നും പുറത്തുനിന്നും ആക്രമണം നടക്കുമ്പോൾ ആ ജാഗ്രതകൾ വേണ്ടത്ര ഫലപ്രദമാക്കാൻ ആ സംവിധാനത്തിനു കഴിഞ്ഞില്ല. നിരപരാധികളായ ഹിന്ദുക്കളും ആക്രമിക്കപ്പെട്ടു. നിർബന്ധിത മതപരിവർത്തനങ്ങളും നടന്നു. എന്നാൽ അതിന്റെ കാരണം ന്യായമായ ഒരു കാരണത്തിനായി സമരം ചെയ്യുന്ന മനുഷ്യരാണൊ, അവരിൽ കുത്തിത്തിരിപ്പുണ്ടാക്കി അതിനെ മറ്റൊരു വഴിക്ക് തിരിച്ചുവിടാൻ അധികാരവും അത് ലഭ്യമാക്കുന്ന ഉപകരണസുഭിക്ഷത മുഴുവനും ഉപയോഗിച്ചവരാണൊ?
ചരിത്രവുമായി നീതിപുലർത്തണം കല
ഇനി നമ്മൾ ആദ്യം പറഞ്ഞ വാരിയംകുന്നൻ എന്ന സിനിമയിലേക്ക് വരാം. കല ചരിത്രവുമായി നീതി പുലർത്തണം എന്നതാണിവിടെ ആവശ്യം. അതിനാദ്യം ചരിത്രം ചരിത്രവുമായി നീതി പുലർത്തണ്ടേ?
അധികാരം തമസ്‌കരിച്ച വസ്തുതാഖ്യാനങ്ങളെ വീണ്ടെടുക്കുക എന്ന ഒരു ദൗത്യം കൂടി കലയ്ക്കുണ്ട്. അത് പലപ്പൊഴും അധികാരപക്ഷത്തുനിന്നുകൊണ്ട് അതിന്റെ ആഖ്യാനങ്ങളെ ഉറപ്പിക്കാനും ഉപകരണമായിട്ടുണ്ട് എന്ന കുമ്പസാരത്തോടെ തന്നെയാണു ഇത് പറയുന്നത്. അപ്പോൾ ഇവിടെ വേണ്ടത് സ്വാതന്ത്ര്യമാണ്. ആവിഷ്‌കാരബന്ധിയായ സ്വാതന്ത്ര്യം.

തീർച്ചയായും അതിനെ വിമർശിക്കുവാനുള്ള സാംസ്‌കാരിക സ്വാതന്ത്ര്യവും അതിൽ അന്തർലീനമാണ്. പ്രശ്‌നം അവിടെയല്ല. മറിച്ച് ഇത് ഞങ്ങൾ അനുവദിക്കുകയില്ല എന്ന് പറയുന്നിടത്താണ്. അത് കായികമായ ഒരു വെല്ലുവിളിയാണ്. അതിൽ മുഴങ്ങുന്നത് സാംസ്‌കാരികമായ സംവാദ സാദ്ധ്യതകളല്ല, അധികാരബന്ധിയായ അടിച്ചമർത്തൽ ആഹ്വാനങ്ങളാണ്. ആഷിക് അബുവിന്റെ വാരിയംകുന്നൻ ചരിത്രവുമായി നീതി പുലർത്തുന്നതാണ്, അല്ല, അത് പാൻ ഇസ്‌ലാമിസത്തെ ആശ്ലേഷിക്കുന്ന ആഖ്യാനമാണ്, അല്ല ബ്രാഹ്മണിക് ഹിന്ദുത്വത്തിനെ ആശ്ലേഷിക്കുന്നതാണ് തുടങ്ങിയ ഏതുതരം വിമർശനവും സാധ്യമാണ്. പക്ഷേ അതിനു അത്തരം ഒരു കലാസൃഷ്ടി നിർമ്മിക്കപ്പെടണം. അതിനെ കായികമായി ചെറുക്കും എന്ന വാദം ആവിഷ്‌കാര സ്വാതന്ത്ര്യമോ, അഭിപ്രായ സ്വാതന്ത്ര്യമോ അല്ല.

കലയെ പുനർനിർമ്മിക്കുന്നതിനെ, അതായത് സത്യജിത് റായിയുടെ സിനിമയുടെ ചില ഭാഗങ്ങളെ പുതിയ സാങ്കേതിക വിദ്യയിൽ പുനർനിർമ്മിക്കുന്നതിനെക്കുറിച്ച് പോലും സൃഷ്ടിപരമായ ചർച്ചകൾ നടക്കുന്ന കാലമാണ്. പക്ഷേ അവയ്‌ക്കൊന്നും കലയിൽ തൊട്ടാൽ ആ കൈ വെട്ടും എന്ന തരം വിമർശനം കലാവിമർശനമല്ല എന്നതിൽ ഒരു സംശയവുമില്ല. കലയെ, സാംസ്‌കാരികമായ ഏത് ഈടുവയ്പ്പിനെയും അസാദ്ധ്യമാക്കാത്തവിധത്തിൽ അതിനെ കുറിച്ചുള്ള സാംസ്‌കാരിക വിയോജിപ്പുകളെ, കഠിനമായ എതിർപ്പുകൾ ഉൾപ്പെടെ പ്രോൽസാഹിപ്പിക്കുകയാണ് ആധുനിക കലാചിന്തകളുടെ സത്ത. അത് പക്ഷേ വൈരുദ്ധ്യാത്മകമാണ്. അത് മതരാഷ്ട്രവാദത്തിന്റെ രേഖീയമായ നായക-വില്ല സങ്കല്പങ്ങൾക്ക് വഴങ്ങുന്നതല്ല.

എന്തുചെയ്യാൻ! വാരിയംകുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജി ഈ പറയുമ്പോലെ ഒരു നായകനുമല്ല, വില്ലനുമല്ല. മലബാർ കലാപം സൽസംഗവുമല്ല, ദുർസംഗവുമല്ല. ചരിത്രവും ചരിത്ര പുരുഷന്മാരും കള്ളികളിൽ ഒതുങ്ങുന്നവരല്ല. അവരെക്കുറിച്ചുള്ള സർഗ്ഗപരമായ ആഖ്യാനങ്ങൾ തീരെയുമല്ല. പക്ഷേ ഇതൊക്കെയിന്ന് ആരോട് പറയാൻ!

മതരാഷ്ട്രവാദികൾക്ക് മുമ്പിൽ സംസ്‌കാരം പറയാൻ നിൽക്കരുത്. ഒരു കാര്യവുമില്ല. ഇതേ വിഷയത്തിൽ മൂന്നോളം സിനിമകളാണു പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. അവയുടെ നിർമ്മാണം മുടക്കമില്ലാതെ നടക്കും എന്ന് ഉറപ്പുവരുത്തുകയാണു വേണ്ടത്. അത് മാത്രമാണ് ഉറപ്പുവരുത്തേണ്ടത്. ബാക്കി ബഹളമൊക്കെ കോവിഡ് കാലത്ത് ഓരോ കോമിക് റിലീഫുകളായി കണ്ടാൽ മതിയാവുമെന്ന് തോന്നുന്നു.

Comments