Photo: survivalinternational.org

ശരിക്കും ആരാണ്
ഈ നാടോടി ഷോമ്പെൻ?

ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും സാമൂഹിക ശാസ്ത്രത്തെയും വേറിട്ടൊരു പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യുന്ന പഠനപരമ്പര അവസാനിക്കുന്നു.

ആൻഡമാൻ നിക്കോബാറിന്റെ
തനി മണ്ണും തനി മനുഷ്യരും- 13

ഗ്രേറ്റ് നിക്കോബാറിൽ അധിവസിക്കുന്ന മംഗളോയിഡ് വംശത്തിൽ പെട്ട ഗോത്രമാണ് ഷോമ്പെൻ. നിക്കോബാരി ഭാഷയിൽ ഷോമ്പെൻ എന്ന വാക്കിന്റെ അർഥം കാട്ടുവാസി എന്നാണ്. ഗ്രേറ്റ് നിക്കോബാറിന്റെ ഉൾക്കാട്ടിൽ വസിക്കുന്ന നാടോടിവിഭാഗമാണിവർ. ഡാനിഷ് മിഷനറിയായ റോസൻ 1831- ലാണ് ഷോമ്പെനെ കുറിച്ചുള്ള ആദ്യവിവരം രേഖപ്പെടുത്തിയത്. 1846- ൽ അഡ്മിറൽ സ്റ്റീൻ ബില്ലി ഈ പ്രദേശം സന്ദർശിച്ചു അവരുടെ കുടിൽ കണ്ടതായി അറിയിച്ചു. 1884- ൽ മാനും തുടർന്ന് ബോഡൺ ​ക്ലോസും ആൻഡേഴ്സണും ചില പരാമർശങ്ങൾ നടത്തിയതുമാണ് ഇവരെക്കുറിച്ചുള്ള ആദ്യകാല വിവരങ്ങൾ.

നിറയെ താഴ് വരകളും അരുവികളും തോടുകളും അഞ്ചു നദികളും ചെറുകുന്നുകളും ചേർന്ന നിമ്നോന്നതമായ ഭൂപ്രദേശമാണ് ഗ്രേറ്റ് നിക്കോബാർ. തോടുകളിലേക്കും അരുവികളിലേക്കും കടൽവെള്ളം കയറിയിറങ്ങും. ഗലാത്തിയ, അലക്സാൻഡ്ര, ഡോഗ്മർ, റങ്കോഅങ്, ജൂബിലി എന്നിവയാണ് നദികൾ. കാടും കടലും നദികളും അരുവികളും തോടുകളും താഴ് വരകളും കുന്നുകളും ചേർന്ന നിത്യഹരിതവും നിബിഡവുമായ പരിസ്ഥിതിയാണ് ഷോമ്പേൻ ജീവിതം രൂപപ്പെടുത്തിയിരിക്കുന്നത്. സൂര്യപ്രകശം ഉള്ളിൽകടക്കാത്ത പച്ചപ്പിന്റെ പരപ്പാണിത്. കൈത, അടയ്ക്ക, നാരകം, വെറ്റില, ചേമ്പ് തുടങ്ങി ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ പലതുമുണ്ട്. ഇവയെക്കൂടാതെ സസ്യസമ്പത്തിന്റെ കാര്യത്തിൽ ഈ ദ്വീപ് ഏറെ സവിശേഷമാണ്. മാംസഭോജികളായ വന്യമൃഗങ്ങളില്ല. കാട്ടുപന്നി, വവ്വാൽ, നിക്കോബർ കുരങ്, നിക്കോബാർ പ്രാവ്, മെഗാപോഡ് പക്ഷി, തത്ത, കൊക്ക്, മൊളസ്കുകൾ, മത്സ്യങ്ങൾ, ഉരഗങ്ങൾ, ഉടുമ്പ്, ചീങ്കണ്ണി, ആമ മുതലായവ ജന്തുലോകത്തെ പ്രതിനിധീകരിക്കുന്നു. പവിഷപ്പുറ്റുകൾ, ചിപ്പി, മുത്തുച്ചിപ്പി, മുത്തുകൾ, കടലാമത്തോട്, പക്ഷിക്കൂടുകൾ തുടങ്ങി വാണിജ്യപ്രാധാന്യമുള്ള വസ്തുക്കളും ഏറെയുണ്ട്. സസ്യ- ജന്തു വൈവിധ്യത്തിന്റെ കലവറയായാണ് ഗ്രേറ്റ് നിക്കോബാറിനെ ശാസ്ത്രലോകം പരിഗണിക്കുന്നത്.

ഗ്രേറ്റ് നിക്കോബാറിൽ അധിവസിക്കുന്ന  മംഗളോയിഡ്  വംശത്തിൽ പെട്ട ഗോത്രമാണ് ഷോമ്പെൻ. / Photo: survivalinternational.org
ഗ്രേറ്റ് നിക്കോബാറിൽ അധിവസിക്കുന്ന മംഗളോയിഡ് വംശത്തിൽ പെട്ട ഗോത്രമാണ് ഷോമ്പെൻ. / Photo: survivalinternational.org

അടുത്തകാലം വരെ ഗ്രേറ്റ് നിക്കോബാറിൽ പരമ്പരാഗത നിവാസികളായ നിക്കോബാരികളും ഷോമ്പെനുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. യഥാക്രമം തീരദേശവാസികളും കാട്ടുവാസികളുമായി കഴിഞ്ഞ ഇരുകൂട്ടരും തമ്മിൽ അതിർത്തിവഴക്കും വിഭവസമാഹരണ പ്രശ്നങ്ങളും ഇടയ്ക്കിടെ സംഘർഷങ്ങൾ സൃഷ്ടിച്ചിരുന്നുവെന്നു മനസ്സിലാക്കിയിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ ആൾനാശത്തിലേക്കുവരെ കടന്നിട്ടുമുണ്ട്. കാട്ടുവാസികളായ ഷോമ്പെൻ ഗോത്രക്കാരാണ് പലപ്പോഴും തീരവാസികളെ ആക്രമിക്കുന്നതെന്നതുകൊണ്ട് നിക്കോബാരികൾ രണ്ടാമതായി ഈ മണ്ണിൽ കുടിയേറിയവരാണെന്നു സംശയിക്കുന്നുണ്ട്. എല്ലാ കാലത്തും അയൽ ദ്വീപുകളിൽനിന്ന് വിഭവചൂഷണത്തിനു നിക്കോബാരികൾ എത്തുന്നത് ഷോമ്പെൻ എതിർത്തിരുന്നു.

വിമുക്തഭടന്മാരുടെ പുനരധിവാസത്തിനുമുമ്പുവരെ ആദിവാസി സംരക്ഷണ നിയമപ്രകാരം ഗ്രേറ്റ് നിക്കോബാർ പൂർണമായും ആദിവാസികളുടേതു മാത്രമായിരുന്നു.

ഗ്രേറ്റ് നിക്കോബാറിന്റെ തന്ത്രപ്രാധാന്യം കണക്കിലെടുത്ത് ഇന്ത്യ സർക്കാർ 1969 മുതൽ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 2000 വിമുക്തഭടന്മാരുടെ കുടുംബങ്ങളെ തെക്കുകിഴക്കും പടിഞ്ഞാറേ തീരത്തുമായി പുനരധിവസിപ്പിക്കാൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 330 കുടുംബങ്ങളെ തെക്കുകിഴക്കൻ തീരത്ത് ആറു വില്ലേജിലായി പുനരധിവസിപ്പിച്ചു. പിന്നീട് പടിഞ്ഞാറേ തീരത്തെ പുനരധിവാസം ഉടൻ വേണ്ടെന്നു തീരുമാനിച്ചു. വിമുക്തഭടന്മാരുടെ പുനരധിവാസത്തിനുമുമ്പുവരെ ആദിവാസി സംരക്ഷണ നിയമപ്രകാരം ഗ്രേറ്റ് നിക്കോബാർ പൂർണമായും ആദിവാസികളുടേതു മാത്രമായിരുന്നു. വിമുക്തഭട പുനരധിവാസ പ്രദേശങ്ങളിൽ ഷോമ്പെൻ വീടുകളുണ്ടായിരുന്നുവെന്നു പറയുന്നുണ്ട്.

അന്യജന പുനരധിവാസം പുതിയ പാരിസ്ഥിതിക- സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിച്ചു. കാട്ടുപന്നികളും കുരങ്ങന്മാരും കൃഷി നശിപ്പിക്കുന്നതുകൊണ്ട് വിമുക്തഭടന്മാർ അവയെ കൊന്നുതുടങ്ങി. അന്യരുടെ പന്നിവേട്ടയും മെഗാപോഡ് വേട്ടയും ഷോമ്പെൻകാരുടെ ഉപജീവനത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു. സ്ഥലപരിമിതിയോടൊപ്പം വിഭവലഭ്യതക്കുറവും അവരുടെ നാടോടിജീവിതത്തെയും ഭക്ഷ്യസുരക്ഷയെയും പ്രത്യക്ഷത്തിൽ ബാധിച്ചു.

ഒരേ പ്രദേശത്തുള്ള  സംഘങ്ങൾ തമ്മിൽ പ്രതിദിനമെന്ന കണക്കിൽ പരസ്പര വിനിമയമുണ്ടെങ്കിലും ഭിന്നമേഖലകളിൽ വസിക്കുന്നവർ തമ്മിൽ സൗഹൃദവിനിമയം ഉണ്ടാകുക പതിവില്ല. മേഖലാവിഭാഗങ്ങൾ തമ്മിൽ  വഴക്ക് സാധരണവുമാണ്. / Photo: survivalinternational.org
ഒരേ പ്രദേശത്തുള്ള സംഘങ്ങൾ തമ്മിൽ പ്രതിദിനമെന്ന കണക്കിൽ പരസ്പര വിനിമയമുണ്ടെങ്കിലും ഭിന്നമേഖലകളിൽ വസിക്കുന്നവർ തമ്മിൽ സൗഹൃദവിനിമയം ഉണ്ടാകുക പതിവില്ല. മേഖലാവിഭാഗങ്ങൾ തമ്മിൽ വഴക്ക് സാധരണവുമാണ്. / Photo: survivalinternational.org

ഷോമ്പെൻ ഏതെങ്കിലും ഒരിടത്ത് കൂട്ടമായി താമസിക്കാറില്ല. താൽക്കാലിക ഇടങ്ങളിൽ 25 മുതൽ 30 പേരടങ്ങുന്ന സംഘങ്ങളായി (ബാൻഡ് ) അവിടവിടെ താമസിക്കുന്നവരാണ്. ഗ്രേറ്റ് നിക്കോബാർ ദ്വീപിലാകെയായി അവിടവിടെ ഇവരുടെ കുട്ടങ്ങളായുള്ള വാസം കാണാം. കൃത്യമായ അതിർത്തികളില്ലെങ്കിലും ഓരോ കൂട്ടവും അവരവരുടെ വിഭവശേഖരണാതിർത്തി പാലിക്കാറുണ്ട്. ഈ കൂട്ടങ്ങളോരോന്നും അവരുടെ അതിർത്തിക്കുള്ളിൽ മാറിമാറി താമസിക്കും. ഓരോ കൂട്ടവും മറ്റുള്ളവരുടെ ഇടങ്ങളിൽ കയ്യേറ്റം നടത്താറില്ല എങ്കിലും പരസ്പരവിനിമയമുണ്ട്. ഷോമ്പെൻ ആവാസവ്യവസ്ഥയുടെ വിതരണമനുസരിച്ച് പൊതുവിൽ നാലായി തിരിക്കാം- ട്രിങ്കറ്റ് ബേ, ലാഫുൽ ബേ, ഴാവ് നള്ള എന്നിവ ചേർന്നതാണ് വടക്കൻ മേഖല. വടക്കുപടിഞ്ഞാറൻ മേഖല ഡോഗ്മർ, അലക്സാൻഡ്രിയ നദീതടങ്ങൾ ചേർന്നതാണ്. കൊക്കൺ കൊഷിങ് ടൗൺ, പുലോഭ വില്ലേജ് ചേർന്നതാണ് തെക്കുപടിഞ്ഞാറൻ മേഖല. മധ്യമേഖല ഗലാത്തിയ നദിതീരവും ഷോമ്പെൻ ഹട്ട് കോംപ്ലെക്സും ചേർന്നതാണ്.

ഒരേ പ്രദേശത്തുള്ള സംഘങ്ങൾ തമ്മിൽ പ്രതിദിനമെന്ന കണക്കിൽ പരസ്പര വിനിമയമുണ്ടെങ്കിലും ഭിന്നമേഖലകളിൽ വസിക്കുന്നവർ തമ്മിൽ സൗഹൃദവിനിമയം ഉണ്ടാകുക പതിവില്ല. മേഖലാവിഭാഗങ്ങൾ തമ്മിൽ വഴക്ക് സാധരണവുമാണ്. വടക്കൻ മേഖലക്കാർ ചെവി മൂടുന്ന ആഭരണമിടും. മറ്റുള്ളവർ അത് ധരിക്കാറില്ല. എല്ലാ ഷോമ്പെൻ താവളങ്ങൾക്കും സമാനമായ ഒരു ഘടകം, അവർ താവളമൊരുക്കുന്നത് ശുദ്ധജല സ്രോതസ്സായ അരുവിയുടെ അടുത്തായിരിക്കും എന്നതാണ്. അരുവിയിൽ നിന്നല്ല, അതിനടുത്തുള്ള നീരുറവയിൽ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്.

ഷോമ്പെൻ  ഏതെങ്കിലും ഒരിടത്ത് കൂട്ടമായി താമസിക്കാറില്ല. താൽക്കാലിക ഇടങ്ങളിൽ 25 മുതൽ 30 പേരടങ്ങുന്ന സംഘങ്ങളായി (ബാൻഡ് )  താമസിക്കുന്നവരാണ്.
ഷോമ്പെൻ ഏതെങ്കിലും ഒരിടത്ത് കൂട്ടമായി താമസിക്കാറില്ല. താൽക്കാലിക ഇടങ്ങളിൽ 25 മുതൽ 30 പേരടങ്ങുന്ന സംഘങ്ങളായി (ബാൻഡ് ) താമസിക്കുന്നവരാണ്.

തോടുകളിലൂടെയാണ് വിഭവസമാഹരണ യാത്രകൾ വള്ളത്തിൽ നടത്താറുള്ളത്. മീൻപിടുത്തവും ഈ തോടുകളിൽ നിന്നുതന്നെ. വെള്ളം കലങ്ങിക്കാണുന്നതുകൊണ്ടാണ് അരുവിയിൽനിന്ന് വെള്ളം കുടിക്കാത്തത്. കുടിവെള്ളത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധാലുക്കളാണിവർ. നാരങ്ങാവെള്ളം ഇഷ്ടപ്പെടുന്നു. നാരങ്ങയുടെ ഗുണമുള്ള ഒരു ഇലച്ചെടി ഇവർ വളർത്താറുണ്ട്. ആ ഇലയും വെള്ളത്തിന് നാരങ്ങയുടെ രുചികിട്ടാനായി ഉപയോഗിക്കുന്നുണ്ട്. താഴവാരങ്ങളിലാണ് വീടുകളൊരുക്കുന്നത്. ചിലപ്പോൾ കുന്നിന്മേലും തീരത്തും. വീടുകെട്ടുന്നതിനുമുമ്പായി തറ വൃത്തിയാക്കും 15 മീറ്ററോളം വ്യാസത്തിലാണ് തറ വൃത്തിയാക്കുന്നത്. കുടിൽ കെട്ടാനായി മരം മുറിക്കും. അടിക്കാടുകൾ വൃത്തിയാക്കും. തുറസ്സാക്കിയ ഇടത്തിൽ കുടിലുകെട്ടും. കുടിലിന്റെ പരിസരത്തിൽ സൂര്യപ്രകാശം ലഭിക്കുന്നതുകൊണ്ട് നാരകം, ചേമ്പ്, മുളക്, പുകയില എന്നിവ കൃഷിചെയ്യും.

Photo: Anthropological Survey of India
Photo: Anthropological Survey of India

ഷോമ്പെൻ കുടിലുകൾ തറമട്ടമല്ല നിർമിക്കുന്നത്; അല്പം ഉയർത്തിയാണ്. മരത്തൂണിൽ കെട്ടി ഉയർത്തിയ കുടിലുകളാണ്. ഓരോ സംഘത്തിനും എട്ടോ പത്തോ കുടിലുകളുണ്ടാകും. 25-30 പേരാണ് ഒരുസംഘത്തിലുണ്ടാവുക. ചിലപ്പോൾ പകർച്ചവ്യാധിയോ മറ്റോ കാരണം മരണനിരക്കു കൂടിയാൽ കുടിലുകളുടെ എണ്ണവും കുറയും. അവിവാഹിതരായ ആൺകുട്ടികളും വിഭാര്യന്മാരും അവിവാഹിതരായ പെൺകുട്ടികളും വിധവകളും പ്രത്യേകം പ്രത്യേകം കുടിലുകളിൽ താമസിക്കും. ദത്തെടുക്കൽ സമ്പ്രദായം സജീവമാണ്.

പല തരം കുടിലുകൾ ഇവർ നിർമിച്ചുപയോഗിക്കാറുണ്ട്. നായാട്ടിന് ദൂരെ പോയാൽ അവിടെ താൽക്കാലികമായി കുടിൽകെട്ടി താമസിക്കും. ആവശ്യത്തിനുള്ള വിഭവസമാഹരണം നടത്തിയേ ക്യാമ്പിൽ തിരിച്ചെത്തൂ. പന്നിയിറച്ചിയോ മീനോ നിർബന്ധമാണ്. രാത്രിക്കുമുമ്പ് വേട്ടയ്ക്ക് ഫലമൊന്നുമുണ്ടായില്ലെങ്കിൽ രാത്രി തങ്ങാനായി താൽക്കാലിക പാർപ്പിടം തറയിൽനിന്ന് അല്പം ഉയർത്തി കെട്ടിയുണ്ടാക്കും. മഴകൊള്ളാതിരിക്കാനും ചെളിവെള്ളം നനയാതിരി ക്കാനുമാണ് ഉയർത്തികെട്ടുന്നത്. സാധാരണ രണ്ടുമൂന്നുപേർക്ക് തൽക്കാലം തങ്ങാനാണ്‌ ഈ കുടിലുകൾ. നാല് തൂണു നാട്ടി അവയെ പരസ്പരം ബന്ധിച്ച്, അതിൽ കഴകൾ നിരത്തി ഉയർന്ന മഞ്ചം ശരിയാക്കുന്നു. മേൽക്കൂര പുല്ലുമേയുന്നു. ചതുരാകൃതി യിലുള്ളവയാണിവ.

പല തരം കുടിലുകൾ ഇവർ നിർമിച്ചുപയോഗിക്കാറുണ്ട്. നായാട്ടിന് ദൂരെ പോയാൽ അവിടെ താൽക്കാലികമായി കുടിൽകെട്ടി താമസിക്കും.
പല തരം കുടിലുകൾ ഇവർ നിർമിച്ചുപയോഗിക്കാറുണ്ട്. നായാട്ടിന് ദൂരെ പോയാൽ അവിടെ താൽക്കാലികമായി കുടിൽകെട്ടി താമസിക്കും.

ഒരു ക്യാമ്പിൽ നിന്ന് മറ്റൊരു സ്ഥലത്ത് ക്യാമ്പ് രൂപീകരിക്കുന്നതിനിടയിൽ പാർക്കാനായി ഇടവേള പാർപ്പിടമായാണ് മറ്റൊരുതരം പാർപ്പിടമൊരുക്കുന്നത്. പുതിയ സ്ഥലത്തു പാർപ്പിടമൊരുക്കിയതിനു ശേഷമല്ല പഴയ ക്യാമ്പ് ഉപേക്ഷിക്കുന്നത്. ഉപേക്ഷിച്ചതിനുശേഷം ഇടത്താവളമൊരുക്കി കഴിയുന്ന വേളയിലാണ് പുതിയ ക്യാമ്പ് നിർമാണം. കുടുംബത്തിന് തത്കാലം പാർക്കാനുള്ള സൗകര്യമുള്ള താൽക്കാലിക കുടിലുകളാണ് ഇടത്താവള നിർമിതികൾ. ഉയർത്തികെട്ടുന്ന വീട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും കയറാനായി ഏണി സൗകര്യമുണ്ടായിരിക്കും. പുതിയ ക്യാമ്പിൽ നിന്ന് വളരെ അകലെയായിരിക്കില്ല ഇടത്താവളം. ക്യാമ്പിലെ കുടിലുകൾ പൂർത്തിയാകുന്നതോടെ ഇടത്താവളത്തിൽനിന്ന് കുടുംബങ്ങൾ ക്യാമ്പിലേക്ക് മാറും. ക്യാമ്പിലുണ്ടാക്കുന്ന വീടുകൾ വലുതും കൂടുതൽ കെട്ടുറപ്പുള്ളതുമായിരിക്കും. കുടിലിന്റെ ഒരറ്റത്തായിട്ടാണ് പാചകസൗകര്യമൊരുക്കുന്നത്. ഒരു മൺതിട്ടയുണ്ടാക്കിയാണ് അടുപ്പു കൂട്ടുന്നത്. ഇടത്താവളം ഉപേക്ഷിക്കുമ്പോൾ കുടിലുകൾ പൊളിച്ചു മാറ്റാറില്ല.

പുറത്തുള്ളവരെ ക്യാമ്പിൽ പ്രവേശിപ്പിക്കില്ല. അവർക്ക് ഈ താൽക്കാലിക പാർപ്പിടം വരെ പോകാനേ അനുവാദമുള്ളൂ. പുറത്തുള്ളവർ രോഗം കൊണ്ടുവരുമെന്നാണ് വിശ്വാസം. ക്യാമ്പിലുള്ളവർക്ക് രോഗബാധ ഒഴിവാക്കാനാണ് ഈ മുൻകരുതൽ.

മറ്റൊരു നിർമിതി നൃത്ത കുടിലാണ്. ഇത് മറ്റു കുടിലുകളെ അപേക്ഷിച്ച് വലുതാണ്. മരിച്ചവരുടെ ഓർമയ്ക്കായി നടത്തുന്ന വാർഷിക ചടങ്ങായ സമൂഹസദ്യയുടെ ഭാഗമായി നടക്കുന്ന നൃത്തത്തിനുള്ളതാണിത്. ഒരിക്കൽ മാത്രമേ ഇതുപയോഗിക്കൂ. ക്യാമ്പിനകലെയായിട്ടാണ് ഇത് നിർമിക്കുന്നത്. മരണാന്തര വാർഷിക ചടങ്ങുകഴിഞ്ഞാൽ അതു നശിപ്പിക്കും.

പുറത്തുള്ളവരെ ക്യാമ്പിൽ പ്രവേശിപ്പിക്കില്ല. അവർക്ക് ഈ താൽക്കാലിക പാർപ്പിടം വരെ പോകാനേ അനുവാദമുള്ളൂ. പുറത്തുള്ളവർ രോഗം കൊണ്ടുവരുമെന്നാണ് വിശ്വാസം.  / Photo: Anthropological Survey of India
പുറത്തുള്ളവരെ ക്യാമ്പിൽ പ്രവേശിപ്പിക്കില്ല. അവർക്ക് ഈ താൽക്കാലിക പാർപ്പിടം വരെ പോകാനേ അനുവാദമുള്ളൂ. പുറത്തുള്ളവർ രോഗം കൊണ്ടുവരുമെന്നാണ് വിശ്വാസം. / Photo: Anthropological Survey of India

ഉപകരണ സംസ്കൃതി

നായാട്ട്, മീൻപിടുത്തം, വിഭവശേഖരണം എന്നിവക്കനുയോജ്യമായ ഉപകരണങ്ങളാണ് പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് ഷോമ്പെൻ നിർമിക്കുന്നത്. നായാട്ടിനുപയോഗിക്കുന്ന കുന്തം, വീട്ടുപകരണങ്ങൾ, വേഷം, ആഭരണം, യാത്രചെയ്യാനുള്ള വള്ളങ്ങൾ, കത്തി എന്നിവയടങ്ങുന്നതാണ് ഉപകരണ സംസ്കൃതി.

ഇരുമ്പുമുന കമ്പിൽ കെട്ടി ഉറപ്പിച്ചാണ് കുന്തമുണ്ടാക്കുന്നത്. ഇരുമ്പുഭാഗം വിട്ടുപോകുന്നതും, സ്ഥിരമായി ഉറപ്പിച്ചതുമുണ്ട്. ഒറ്റ മുനയായും ഇരട്ട മുനയായും കാണാം. തടി മുനകളുള്ള ഒരു ആയുധമാണ് മീൻപിടുത്തത്തിനുപയോഗിക്കുന്നത്. കത്തി കെട്ടിയ തോട്ട, കൈതച്ചക്ക ചുമന്നുകൊണ്ടുപോകാനുള്ള തോൾക്കഴ, ജീർണിച്ച മരത്തടിയിൽനിന്നും ലാർവകൾ ശേഖരിക്കുന്നതിനുള്ള കോരുളി, വസ്ത്രനിർമാണത്തിനും പാചക പാത്രനിർമാണത്തിനും വേണ്ട മരത്തൊലി ഇളക്കിയെടുക്കാനുള്ള കൂർപ്പിച്ച കമ്പ്, തീരദേശവാസികളായ നിക്കോബാരികളുമായി സംഘർഷം പതിവായിരുന്നകാലത്തു ഉപയോഗിച്ചിരുന്ന വേൽ എന്നിവ ഉപകരണങ്ങളാണ്.

നായാട്ടിനുപയോഗിക്കുന്ന കുന്തം, വീട്ടുപകരണങ്ങൾ, വേഷം, ആഭരണം, യാത്രചെയ്യാനുള്ള വള്ളങ്ങൾ, കത്തി എന്നിവയടങ്ങുന്നതാണ് ഉപകരണ സംസ്കൃതി. / Photo: Anthropological Survey of India
നായാട്ടിനുപയോഗിക്കുന്ന കുന്തം, വീട്ടുപകരണങ്ങൾ, വേഷം, ആഭരണം, യാത്രചെയ്യാനുള്ള വള്ളങ്ങൾ, കത്തി എന്നിവയടങ്ങുന്നതാണ് ഉപകരണ സംസ്കൃതി. / Photo: Anthropological Survey of India

മരത്തൊലി ഉപയോഗിച്ചുണ്ടാക്കുന്ന പാചകപാത്രം ഇവർക്കിടയിലെ സവിശേഷതയാണ്. മൺപാത്രങ്ങൾ ഉപയോഗിച്ചല്ല പാചകം ചെയ്യുന്നത് . തീപിടിക്കാത്ത മരത്തൊലിയാണ് ഉപയോഗിക്കുന്നത്. മരത്തൊലിച്ചീളുകൾ യോജിപ്പിച്ചുണ്ടാക്കുന്നതാണീ പാത്രങ്ങൾ. പിടിയുള്ളവയാണിവ. വെള്ളം പുറത്തുപോവാത്തരീതിയിലാണ് പാത്രനിർമാണം. തീ കൂട്ടി പുറത്തു കല്ലുകൾ വച്ച്, അതിനു മുകളിലായി പാത്രം വയ്ക്കുന്നു. പന്നിയിറച്ചിയും കൈതച്ചക്കയും കിഴങ്ങുകളും വേവിച്ചെടുക്കാനാണ് ഇതുപയോഗിക്കുന്നത്. കൈതച്ചക്ക ആറേഴു മണിക്കൂർ പുഴുങ്ങിയാണ് കുഴമ്പ് രൂപത്തിലുള്ള പൾപ്പ് വേർതിരിച്ചെടുക്കുന്നത് . മൂന്നുപ്രാവശ്യം പാചകത്തിനുപയോഗിച്ചശേഷം പാത്രം കളയും. മരുന്നുണ്ടാക്കാനും ഇത്തരം പാത്രങ്ങൾ ഉപയോഗിക്കും.

വെള്ളം ശേഖരിച്ചുവയ്ക്കുന്നത് മുള പാത്രത്തിലാണ്. അഞ്ചു മുട്ടുള്ളതായി മുറിച്ചെടുത്തു ഒരുവശത്തുള്ളതൊഴിച്ചു അകത്തുള്ള അറകളെ വേർതിരിക്കുന്ന സ്തരത്തിൽ ദ്വാരമിട്ടാണ് വെള്ളം ശേഖരിച്ചുവയ്ക്കാൻ പാകത്തിലാക്കുന്നത്. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന കുളിത്തൊട്ടിയും മരത്തൊലി ഉപയോഗിച്ചുണ്ടാക്കുന്നു. വെള്ളം കുടിക്കാനും കോരി കുളിപ്പിക്കാനുമായി ചിരട്ടയാണുപയോഗിക്കുന്നത്. അടച്ചുവയ്ക്കുന്ന പെട്ടികളും മരത്തൊലിയിൽ നിർമിക്കാറുണ്ട്. വെറ്റിലയും പാക്കും ചുണ്ണാമ്പും പുകയിലയും സൂക്ഷിക്കാനാണിവ പ്രധാനമായും ഉപയോഗിക്കുന്നത്. വിഭവസമാഹരണത്തിനായി ചൂരൽ കുട്ടകൾ നിർമിക്കാറുണ്ട്. പന്നിക്കുഞ്ഞുങ്ങളെ വളർത്താനായി പന്നിക്കൂടും ഉണ്ടാക്കും. അരണി കടഞ്ഞും തടിക്കഷ്ണങ്ങൾ തമ്മിലുരസിയും തീയുണ്ടാക്കുന്ന വിദ്യ ഇവർക്കിടയിലുണ്ട്. കുട്ടത്തിൽ മെഴുകും ഉപയോഗിക്കും.

ചിരട്ടപ്പാത്രത്തിൽ മുളക് ശേഖരിക്കുന്ന പ്രായമായ ഷോംപെൻ സ്ത്രീ / Photo: survivalinternational.org
ചിരട്ടപ്പാത്രത്തിൽ മുളക് ശേഖരിക്കുന്ന പ്രായമായ ഷോംപെൻ സ്ത്രീ / Photo: survivalinternational.org

വടികൾ കൂട്ടികെട്ടി ടോർച്ചായി ഉപയോഗിക്കും. മേൽവസ്ത്രം സ്ത്രീകളും പുരുഷന്മാരും ഉപയോഗിക്കില്ലെങ്കിലും ഗുഹ്യഭാഗങ്ങൾ മറയ്ക്കും. മരവുരിയാണ് പരമ്പരാഗതമായി ഇതിനായി ഉപയോഗിക്കുന്നത്. ഇപ്പോൾ തുണിയും ഉപയോഗിക്കുന്നുണ്ട്. മരത്തൊലി വെള്ളത്തിലിട്ടു കുതിർത്തു തല്ലിച്ചതച്ചു നൂൽപിരിച്ചെടുത്താണ് വസ്ത്രങ്ങളുണ്ടാക്കുന്നത്. ചിലർ ചെവിമൂടികൾ ആഭരണമായിട്ടുപയോഗിക്കുന്നു; ഒപ്പം മുത്തുമാലയും. തോടുകളിലൂടെയുള്ള യാത്രയ്ക്ക് സൗകര്യമാകുന്നതരത്തിൽ ചെറു വള്ളങ്ങളാണ് നിർമിക്കുന്നത്. കത്തിയുടെ ഉപയോഗം വ്യാപകമായിട്ടുണ്ട്. നിക്കോബാരികളിൽ നിന്നാണ് ഇത് ശേഖരിക്കുന്നത്.

വിവാഹേതരബന്ധം സാധാരണമാണ്. കരാർ വിവാഹമായതുകൊണ്ടുതന്നെ ആർക്കു വേണമെങ്കിലും കരാർ ലംഘിക്കാം. ചില സന്ദർഭങ്ങളിൽ ഇതിന്റെ പേരിൽ വഴക്കുണ്ടാകാറുണ്ട്. മതപരമായ ഒരു ചടങ്ങും വിവാഹവുമായി ബന്ധപ്പെട്ടില്ല.

ഉപജീവന സംസ്കൃതി

സസ്യാഹാരവും മാംസാഹാരവും പ്രധാനമായി കാണാം. ഭക്ഷ്യയോഗ്യമായ പഴങ്ങൾ, ഇലകൾ, കാണ്ഡം, കിഴങ്ങുകൾ തുടങ്ങിയവ കാട്ടിൽനിന്നും ശേഖരിക്കുന്നു. നട്ടുവളർത്തൽ കുറവാണെങ്കിലും ചിലതു കൃഷി ചെയ്യുന്നുണ്ട്. കൈത,നാരകം, ചേമ്പ്, വാഴ, മുളക്, പുകയില, വെറ്റില, അടയ്ക്ക, മരച്ചീനി എന്നിവയും ചെറിയ തോതിൽ തെങ്ങും കൃഷിയായികാണാം. സ്ഥിരം കൃഷി നടത്തുന്ന സമൂഹമല്ല. നാടോടിത്തം തുടരുന്നവരായതുകൊണ്ട് കാർഷിക സംസ്കൃതി പൂർണമായി വികസിച്ച സമൂഹമായി ഇവരെ കാണാനാവില്ല.

കൈത കൃഷി പ്രധാനമാണ്. മണ്ണിന്റെ പ്രകൃതമനുസരിച്ചും കാലാവസ്ഥയനുസരിച്ചും വിവിധതരം കൈത കൃഷി ചെയ്യുന്നുണ്ട് .എല്ലാ കാലവസ്ഥയിലും കൈതച്ചക്ക ലഭിക്കത്തക്ക രീതിയിലാണ് കൃഷി. ഇത് ഓരോ സംഘവും കൂട്ടത്തോടെ നടത്തുന്നതായതുകൊണ്ട് സംഘാംഗങ്ങൾക്കെല്ലാം സമാനാവകാശമാണ്. കൈതച്ചക്ക ശേഖരിക്കുന്നത് പുരുഷന്മാരാണെങ്കിലും അതിലുള്ള പൾപ്പ് വേർതിരിച്ചെടുക്കുന്ന ജോലി സ്ത്രീകളാണ് ചെയ്യുന്നത്. തേൻ കൂട്ടിയോ ഇറച്ചിക്കൊപ്പമോ ചക്കകുഴമ്പ് കഴിക്കും. നാരങ്ങാവെള്ളം ദിവസവും കുടിക്കുന്ന ശീലമുണ്ടിവർക്ക്.

കൈതച്ചക്ക ശേഖരിക്കുന്നത് പുരുഷന്മാരാണെങ്കിലും അതിലുള്ള പൾപ്പ് വേർതിരിച്ചെടുക്കുന്ന ജോലി സ്ത്രീകളാണ് ചെയ്യുന്നത്.
കൈതച്ചക്ക ശേഖരിക്കുന്നത് പുരുഷന്മാരാണെങ്കിലും അതിലുള്ള പൾപ്പ് വേർതിരിച്ചെടുക്കുന്ന ജോലി സ്ത്രീകളാണ് ചെയ്യുന്നത്.

പട്ടിയുടെ സഹായത്തോടെയുള്ള നായാട്ട് സാധാരണമാണ്. പന്നിയാണ് വേട്ടയിൽ പ്രധാനം. പന്നിക്കുഞ്ഞുങ്ങളെ വേട്ടയാടില്ല. അവയെ പിടിച്ചു ക്യാമ്പിൽ കൊണ്ടുവന്ന് വളർത്തും. കുറച്ചു വളരുമ്പോൾ പന്നിക്കൂട്ടിൽ നിന്നുമാറ്റി വേലികെട്ടിയ വളപ്പിനുള്ളിൽ വളർത്തും. ഇറച്ചിക്കുപയോഗിക്കാനാണ് വളർത്തുന്നത്. നാശോന്മുഖമായ ജന്തുവർഗമായി പട്ടികപ്പെടുത്തിയിരിക്കുന്നതുകൊണ്ട് പന്നിവേട്ടക്കിപ്പോൾ നിരോധനമുണ്ട്. ചിങ്കണ്ണി, കുരങ്ങ്, മെഗാപോഡ് പക്ഷി, പെരുമ്പാമ്പ്, ഉടുമ്പ്, വവ്വാൽ ഇവയൊക്കെ ഭക്ഷ്യവസ്തുക്കളാണ്. പാമ്പിറച്ചി കുഞ്ഞുങ്ങൾക്ക് കൊടുക്കില്ല. അത് കഴിച്ചാൽ അസുഖം വരുമെന്നാണ് വിശ്വാസം. തവളയും ഭക്ഷ്യവസ്തുവാണ്.

ക്യാമ്പ് പരിസരത്താണ് മലമൂത്രവിസർജനം. സ്ഥലമേറെയുണ്ടെങ്കിലും പ്രേതപ്പേടി കാരണം ഉള്ളിലോട്ടുപോകില്ല. കുറെ ദിവസമാകുമ്പോൾ ക്യാമ്പ് പരിസരമാകെ മലിനമാകും. അതോടെ അവിടെനിന്ന് മറ്റൊരിടത്തേക്കു മാറും.

മീൻപിടുത്തം പ്രധാനമായും തോടുകളിൽ നിന്നാണ് , മീനുകൾകൂടാതെ കൊഞ്ച്, ഞണ്ട്, ചിപ്പി തുടങ്ങിയവ ശേഖരിക്കുന്നു. തീരദേശവാസികളായ നിക്കോബാരികളുമായി സംഘർഷം നിലനിന്നുവെങ്കിലും ഇരുകൂട്ടരും തമ്മിൽ ചില കൊടുക്കൽ വാങ്ങൽ ബന്ധവുമുണ്ട് നിക്കോബാറികൾക്ക് ചൂരൽ നൽകുന്നതു കൂടാതെ നാരങ്ങ, മെഴുക്, അടയ്ക്ക തുടങ്ങിയവ ക്രയവിക്രയം നടത്തും. പകരമായി കത്തി, തുണി, പുകയില എന്നിവ നിക്കോബാരികൾ നൽകും. പണ്ടുകാലത്ത് പരസ്പരം കാണാതെയാണ് ഈ കൈമാറ്റം നടന്നിരുന്നത്. മരത്തിൽ കെട്ടിത്തൂക്കി യിട്ടിരിക്കുന്ന സാധനങ്ങൾ എടുത്ത് പകരം സാധങ്ങൾ തൂക്കിയിടുന്നത് ശേഖരിക്കുന്ന തരത്തിലായിരുന്നു. ഇപ്പോൾ നേരിട്ട് കൈമാറ്റം നടത്തും. സമ്പർക്കം അധികമായപ്പോൾ നിക്കോബാരികളിൽ നിന്ന് കള്ള് വാങ്ങി കുടിക്കുന്ന ഏർപ്പാട് തുടങ്ങിയിട്ടുണ്ട്. ചിലപ്പോൾ കുഞ്ഞുങ്ങളെയും നിക്കോബാരികൾക്കു വിൽക്കാറുണ്ട്.

ക്യാമ്പ് പരിസരത്താണ് മലമൂത്രവിസർജനം. സ്ഥലമേറെയുണ്ടെങ്കിലും പ്രേതപ്പേടി കാരണം ഉള്ളിലോട്ടുപോകില്ല. കുറെ ദിവസമാകുമ്പോൾ ക്യാമ്പ് പരിസരമാകെ മലിനമാകും. അതോടെ അവിടെനിന്ന് മറ്റൊരിടത്തേക്കു മാറും. ഈ ശീലമാണ് ഇക്കൂട്ടരെ നാടോടിജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധാലുക്കളല്ല എന്നു പറയാനാവില്ല. അന്യർ രോഗം കൊണ്ടുവരുമെന്നവർ വിശ്വസിക്കുന്നതുകൊണ്ടാണ് സമ്പർക്കം ഒഴിവാക്കുന്നത്. നാട്ടുമരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സാക്രമമാണ് പാലിക്കുന്നത്.

മീൻപിടുത്തം പ്രധാനമായും തോടുകളിൽ നിന്നാണ് , മീനുകൾകൂടാതെ കൊഞ്ച്, ഞണ്ട്, ചിപ്പി തുടങ്ങിയവ ശേഖരിക്കുന്നു. / Photo:  Anthropological Survey of India
മീൻപിടുത്തം പ്രധാനമായും തോടുകളിൽ നിന്നാണ് , മീനുകൾകൂടാതെ കൊഞ്ച്, ഞണ്ട്, ചിപ്പി തുടങ്ങിയവ ശേഖരിക്കുന്നു. / Photo: Anthropological Survey of India

സാമൂഹ്യഘടന

സാമൂഹ്യഘടനയിൽ പ്രധാനം ചെറു സംഘങ്ങളായുള്ള പിരിവുകളാണ്. ഓരോ സംഘത്തിലും അടിസ്ഥാനമായുള്ളത് കുടുംബങ്ങളാണ്. ആറു മുതൽ എട്ടു കുടുംബങ്ങൾ വരെ അടങ്ങുന്നതാണ് ഓരോ സംഘവും. അങ്ങനെയുള്ള പല സംഘങ്ങൾ ചേർന്നതാണ് ഷോമ്പെൻ സമൂഹം. ഭർത്താവും ഭാര്യയും മക്കളും അടങ്ങുന്നതാണ് അണുകുടുംബങ്ങൾ. കുട്ടികൾ കൗമാരക്കാരാകുന്നതോടെ മാറിത്താമസിക്കും. ഭർത്താവാണ് ആശ്രിതർക്ക് ആഹാരം ശേഖരിക്കുന്നതും പാകം ചെയ്ത് വിതരണം ചെയ്യുന്നതും. കുടിൽ കെട്ടുന്നതും ഉപകരണങ്ങൾ ഉണ്ടാക്കുന്നതും വള്ളം നിർമിക്കുന്നതും പുരുഷകർമങ്ങളാണ്. ഒപ്പം ആൺകുട്ടികളെ ഉപജീവനവൃത്തി പരിശീലിപ്പിക്കുന്നതും അച്ഛന്റെ ചുമതലയാണ്.

സ്ത്രീകൾക്ക് പ്രധാനമായും പരമ്പരസൃഷ്ടിയും ശിശുപരിപാലനവും പെൺകുട്ടികളെ പരിശീലിപ്പിക്കലും കൈതച്ചക്കയിൽനിന്ന് പൾപ്പ് വേർതിരിക്കലും മരവുരി തയ്യറാക്കലുമാണ് കർമമേഖലയായി നിശ്ചയിച്ചിരിക്കുന്നത്. ഗർഭനിരോധനത്തിനായി പച്ചമരുന്നുകൾ സ്ത്രീകൾ ഉപയോഗിക്കും. അങ്ങനെ ജനസംഖ്യാ വർദ്ധനവ് കുറയ്ക്കും. ദത്തെടുക്കലുള്ളതുകൊണ്ട് ജനസംഖ്യാ നിയന്ത്രണമുണ്ട്.

ആചാരങ്ങളും വിശ്വാസങ്ങളുമാണ് സമൂഹത്തിന്റെ കെട്ടുറപ്പിനാധാരം. ഭർത്താവ് ഭാര്യയുടെ പ്രസവത്തിൽ പങ്കുകൊള്ളണം. മുളക്കത്തികൊണ്ട് കുഞ്ഞിന്റെ പൊക്കിൾകൊടി ഭർത്താവ് മുറിക്കണം. പ്രസവിച്ച കുഞ്ഞിനെ മരത്തൊലികൊണ്ടുള്ള തൊട്ടിയിൽ കിടത്തി ചിരട്ട കൊണ്ട് ഇളം ചുടുവെള്ളമെടുത്തു കുളിപ്പിക്കുന്നു. പ്രസവിച്ച അമ്മയും പച്ചമരുന്നു ചേർത്ത ചുടുവെള്ളത്തിൽ ദേഹശുദ്ധിവരുത്തുന്നു. ഭർത്താവ് വേണ്ട പച്ചമരുന്നുകൾ നേരത്തെ ശേഖരിച്ചുവയ്ക്കണം. ഇത് കുറച്ചു ദിവസം തുടരും. ശിശുവിനെ ഇലയിൽ കിടത്തി ഉറക്കും. ആദ്യദിവസം അമ്മ മുലയൂട്ടില്ല. ആ ദിവസം ചന്ദ്രദേവത ഊട്ടുമെന്നാണ് സങ്കൽപം. രണ്ടാം ദിവസം മുതൽ അമ്മ മുലയൂട്ടും. മറുപിള്ളയെ ഇലയിൽ പൊതിഞ്ഞ് മരത്തിൽ കെട്ടിത്തൂക്കും. കുഞ്ഞുങ്ങൾക്ക് മരംകയറാനുള്ള കഴിവ് ഇതുവഴിയുണ്ടാകുമെന്നാണ് വിശ്വാസം. പ്രസവിക്കുന്നത് ചാപിള്ളയാണെങ്കിൽ മറുപിള്ളയെ കുഴിച്ചിടും. ഗർഭച്ഛിദ്രമായാലോ ചാപിള്ളയെ പ്രസവിച്ചാലോ പരിചരണം പ്രസവിശേഷമുള്ളതുപോലെതന്നെചെയ്യും.

സ്ത്രീകൾക്ക്  പ്രധാനമായും പരമ്പരസൃഷ്ടിയും  ശിശുപരിപാലനവും  പെൺകുട്ടികളെ പരിശീലിപ്പിക്കലും  കൈതച്ചക്കയിൽനിന്ന് പൾപ്പ് വേർതിരിക്കലും  മരവുരി തയ്യറാക്കലുമാണ് കർമമേഖലയായി നിശ്ചയിച്ചിരിക്കുന്നത്. / Photo: Anthropological Survey of India
സ്ത്രീകൾക്ക് പ്രധാനമായും പരമ്പരസൃഷ്ടിയും ശിശുപരിപാലനവും പെൺകുട്ടികളെ പരിശീലിപ്പിക്കലും കൈതച്ചക്കയിൽനിന്ന് പൾപ്പ് വേർതിരിക്കലും മരവുരി തയ്യറാക്കലുമാണ് കർമമേഖലയായി നിശ്ചയിച്ചിരിക്കുന്നത്. / Photo: Anthropological Survey of India

ആർത്തവമുണ്ടായാൽ പെൺകുട്ടി അമ്മയെ അറിയിക്കും. ഭാവിവരൻ ദത്തെടുത്തകുട്ടിയാണെങ്കിൽ ഭാവിവരനെ വിവരം അറിയിക്കും. ആർത്തവനാളുകളിൽ അഞ്ചുദിവസം പെൺകുട്ടി തോട്ടിൽ മുങ്ങിക്കുളിക്കണം. ആർത്തവാചാരങ്ങളൊന്നുമില്ല.

മൂന്നുതരം വിവാഹങ്ങളുണ്ട്: ദത്തെടുക്കൽ വിവാഹം, പറഞ്ഞുറപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ.
ആദ്യത്തെ രണ്ടിനും വിവാഹച്ചടങ്ങുകളുണ്ട്. തട്ടിക്കൊണ്ടുപോകലിന് സാമൂഹികാംഗീകാരമില്ലാത്തതുകൊണ്ടു ചടങ്ങുകളില്ല. ദത്തെടുക്കൽ വിവാഹമെന്നത് ദത്തെടുക്കുന്ന കുട്ടി വളർന്നുവരുമ്പോൾ ദത്തെടുക്കുന്ന ആൾ അയാളെ വിവാഹം കഴിക്കുന്നതാണ്. വരന്റെ വീട്ടിലാണ് വിവാഹച്ചടങ്ങ്. പ്രതിശ്രുത വരൻ ദത്തെടുത്ത കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ക്ഷണിച്ചുകൊണ്ടുവരണം. പൗർണമി നാളോ അതോടടുത്ത ദിവസങ്ങളിലോ ആയിരിക്കും വിവാഹം. ബന്ധുക്കൾ പന്നിയുൾപ്പടെ ഭക്ഷ്യവസ്തുക്കൾ സംഭാവന ചെയ്യും. മറ്റു സംഘത്തിലുള്ളവരും പങ്കെടുക്കും. സ്ത്രീപുരുഷന്മാരുടെ നൃത്തം രാത്രിയുണ്ടാകും. ഈ സമയം വധുവരന്മാർ കുടിലിൽ പോയി ദാമ്പത്യം ആരംഭിക്കും .പിറ്റേന്ന് ഗംഭീര ഭക്ഷണം കഴിഞ്ഞു അതിഥികൾ തിരിച്ചുപോകും. ഇതാണ് വിവാഹച്ചടങ്ങ്. സ്നേഹവിവാഹമാണെങ്കിലും ചടങ്ങിതുതന്നെ. ഇരുവരുടെയും മാതാപിതാക്കൾ പറഞ്ഞുറപ്പിക്കുമെന്നേയുള്ളൂ. മറ്റു സംഘത്തിലുള്ള വിവാഹിതരായ സ്ത്രീകളെയോ കുമാരിമാരെയോ തട്ടിക്കൊണ്ടുപോകുന്നരീതിയും ഇവർക്കിടയിലുണ്ട്. കാട്ടിലെവിടെയെങ്കിലും താമസിക്കും. പെൺകൂട്ടർ വഴക്കുണ്ടാക്കിയില്ലെങ്കിൽ കുറച്ചുകാലത്തിനുശേഷം വരന്റെ ക്യാമ്പിൽ തിരിച്ചെത്തി ജീവിക്കാം.

വിവാഹേതരബന്ധം സാധാരണമാണ്. കരാർ വിവാഹമായതുകൊണ്ടുതന്നെ ആർക്കു വേണമെങ്കിലും കരാർ ലംഘിക്കാം. ചില സന്ദർഭങ്ങളിൽ ഇതിന്റെ പേരിൽ വഴക്കുണ്ടാകാറുണ്ട്. മതപരമായ ഒരു ചടങ്ങും വിവാഹവുമായി ബന്ധപ്പെട്ടില്ല.

സാത്താൻ കാരണം രോഗങ്ങൾ വരും, മന്ത്രവാദി ചില മാന്ത്രികകർമങ്ങളിലൂടെ രോഗമകറ്റുമെന്നും ഷോമ്പെൻ ഗോത്രക്കാർ  വിശ്വസിക്കുന്നു. ചന്ദ്രനിൽ കാണുന്ന കറുപ്പ് അവരുടെ പൂർവികരുടെ സാന്നിധ്യമാണെന്നും വിശ്വസിക്കുന്നു. / Photo: Anthropological Survey of India
സാത്താൻ കാരണം രോഗങ്ങൾ വരും, മന്ത്രവാദി ചില മാന്ത്രികകർമങ്ങളിലൂടെ രോഗമകറ്റുമെന്നും ഷോമ്പെൻ ഗോത്രക്കാർ വിശ്വസിക്കുന്നു. ചന്ദ്രനിൽ കാണുന്ന കറുപ്പ് അവരുടെ പൂർവികരുടെ സാന്നിധ്യമാണെന്നും വിശ്വസിക്കുന്നു. / Photo: Anthropological Survey of India

മരണാന്തരചടങ്ങുകളും വിപുലമല്ല. ശവം അധികസമയം കുടിലിൽ കിടത്തുക പതിവില്ല. എത്രയും വേഗം കുഴിച്ചിടും. കൂർത്ത കുറ്റി ക്കൊണ്ടാണ് കുഴിയുണ്ടാക്കുന്നത്. കുഴിക്കാനായി ഇരുമ്പുപകരണങ്ങളൊന്നുമില്ല. മരിച്ചയുടൻ തുണിയും ഇലയുംകൊണ്ട് മൃതദേഹം പൊതിയും. മരിച്ചയാളുടെ കൈവശവസ്തുക്കളെ കുഴിയിലിടും. കുഴിയിൽ തടി നിരത്തും. മൃതദേഹം നേരിട്ട് മണ്ണിൽ തൊടാതിരിക്കാനാണ് ഇത് ചെയ്യുന്നത്. തടിയുടെ മുകളിൽ മൃതദേഹം കിടത്തി മണ്ണിട്ട് മൂടും. ബ്രിട്ടീഷുകാരുടെ രേഖകളിൽ കൈമുഖത്തോടു ചേർത്ത് കൈതച്ചക്കയുടെ പൾപ്പ് വായിലിട്ടു ഇരുത്തിയാണ് മറവുചെയ്തിരുന്നതെന്നാണ് കാണുന്നത്. മറവു ചെയ്യുന്ന ഇടം പന്നികൾ മാന്തതിരിക്കാനായി വേലികെട്ടി സൂക്ഷിക്കും. ഒരുവർഷത്തിനുശേഷം എല്ലാപേരെയും ക്ഷണിച്ച് സമൂഹസദ്യ നടത്തും.

വിശ്വാസം

ചന്ദ്രൻ ദേവതയാണ്. ഭൂമിയെയും സ്വർഗത്തെയും ലോകത്തെയും നിയന്ത്രിക്കുന്നത് ചന്ദ്രമാതാവാണ്. പ്രപഞ്ചസൃഷ്ടാവായ ചന്ദ്രമാതാവ് ആദ്യമായി ഒരാണിനെയും പെണ്ണിനേയും പന്നിദമ്പതികളെയും സാത്താനെയും സൃഷ്ടിച്ചു. ആദി ദമ്പതികൾക്ക് ഭൂമിയുടെ ചുമതലയും പന്നിദമ്പതികളെ ഇവരുടെ സഹായികളായും അവരുടെ നിർദേശാനുസരണം പ്രവർത്തിക്കാൻ സാത്താനെയും ഏർപ്പാടു ചെയ്തു . പൂർവികർ രൂപപ്പെടുത്തിയ വഴക്കങ്ങളനുസരിച്ചു എല്ലാവരും പെരുമാറണം. ആരെങ്കിലും വിരുദ്ധമായി പെരുമാറിയാൽ ദേവത കോപിച്ചു ദുരിതങ്ങളുണ്ടാക്കും. ദുരിതങ്ങൾ ഇടിമിന്നലോടുകൂടിയ പേമാരിയായും ചുഴലിക്കാറ്റായും സംഭവിക്കും. അങ്ങനെ വന്നാൽ പേമാരി നിയന്ത്രിക്കാൻ കളിമൺ കഷ്ണങ്ങളെ ചൂരലിലയിട്ടു കത്തിക്കണം. ചുഴലിക്കാറ്റ് നിയന്ത്രിക്കാൻ ഒരു തരം തടി കത്തിക്കും. ഇങ്ങനെ ചെയ്താൽ ആത്മാക്കൾക്കു തൃപ്തിവരുന്നതുവഴി ഇതൊക്കെ നിയന്ത്രണവിധേയമാകുമെന്നാണ് സങ്കൽപം.

ഷോമ്പെൻ ഗോത്രക്കാരുടെ ജനിതക ബന്ധമോ ഭാഷാബന്ധമോ ഇതുവരെയും തീരുമാനിക്കാനായിട്ടില്ല. ഓസ്ട്രനേഷ്യൻ ജനതയുമായി ബന്ധമുള്ളവരാണെന്നു ചിലർ സംശയിക്കുന്നു. / Photo: Anthropological Survey of India
ഷോമ്പെൻ ഗോത്രക്കാരുടെ ജനിതക ബന്ധമോ ഭാഷാബന്ധമോ ഇതുവരെയും തീരുമാനിക്കാനായിട്ടില്ല. ഓസ്ട്രനേഷ്യൻ ജനതയുമായി ബന്ധമുള്ളവരാണെന്നു ചിലർ സംശയിക്കുന്നു. / Photo: Anthropological Survey of India

സാത്താൻ കാരണം രോഗങ്ങൾ വരും. മന്ത്രവാദി ചില മാന്ത്രികകർമങ്ങളിലൂടെ രോഗമകറ്റുമെന്നും അവർ വിശ്വസിക്കുന്നു. ചന്ദ്രനിൽ കാണുന്ന കറുപ്പ് അവരുടെ പൂർവികരുടെ സാന്നിധ്യമാണെന്നും വിശ്വസിക്കുന്നു. ആറു ലോകം ഭൂമിക്കടിയിലും ആറു ലോകം ഭൂമിയുടെ പുറത്തുമുണ്ടെന്നും വിശ്വസിക്കുന്നു. ഭൂമിക്കടിയിലെ ഓരോരോന്നിലുമായിട്ടാണ് ആദിമ ദമ്പതികളും പന്നികളും സാത്താനും വസിക്കുന്നത്. ദേവത നക്ഷങ്ങളോടൊപ്പം മുകളിലാണ്. ചന്ദ്രനുചുറ്റും ചിലപ്പോൾ മാത്രം ദൃശ്യമാകുന്ന പ്രകാശവലയമാണ് ദേവതയുടെ വീട്. ഭൂമി ചലിക്കില്ല. സൂര്യൻ ചലിച്ച് ഭൂമിക്കടിയിൽ പോയി രാവിലെ തിരിച്ചെത്തും. ചന്ദ്രൻ പകൽ ഭൂമിക്കടിയിലാണ്, രാത്രി പുറത്തു വരും. സ്വർഗത്തിൽനിന്ന് നക്ഷത്രങ്ങൾ ചലിക്കില്ല. അവ പകൽ കണ്ണടയ്ക്കും, രാത്രി കണ്ണു തുറക്കും. ഇങ്ങനെയൊക്കെയാണ് അവരുടെ വിശ്വാസലോകം . ഏതു പ്രവർത്തിക്കും ദേവതയുടെയും ആത്മാക്കളുടെയും അനുമതിയും സഹായവും വേണമെന്നവർ വിശ്വസിക്കുന്നു. വൃക്ഷാരാധന വ്യാപകമാണ്. നായാട്ടിനും മീൻപിടുത്തതിനും പോകുന്നതിനു മുമ്പ് ചില വൃക്ഷങ്ങളുടെ അടുത്തുപോയി പ്രാർഥിക്കുന്നതു കാണാം.

ഷോമ്പെൻ ഗോത്രക്കാരുടെ ജനിതക ബന്ധമോ ഭാഷാബന്ധമോ ഇതുവരെയും തീരുമാനിക്കാനായിട്ടില്ല. ഓസ്ട്രനേഷ്യൻ ജനതയുമായി ബന്ധമുള്ളവരാണെന്നു ചിലർ സംശയിക്കുന്നു. നിക്കോബാരികളുമായോ ആൻഡമാൻ നെഗ്രിറ്റോ വംശജരുമായോ ഒരു ബന്ധവും ഇവർക്കില്ലെന്നു മാത്രം സ്ഥിരീകരിച്ചിട്ടുണ്ട്. പുരാവസ്‌തു തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഭാഷയുടെ കാര്യത്തിലും അധികം മുന്നേറാനായിട്ടില്ല. ഇവരാണ് ഗ്രേറ്റ് നിക്കോബാറിലെ ആദിമനിവാസികൾ എന്നത് ഏതാണ്ട് അംഗീകരിക്കുന്നുണ്ട്.

രമ്പരാഗതമായി നായാട്ട് ഉപജീവനമാർഗമായിരുന്നു. അതിന് പരിമിതി വന്നതോടെ അവരുടെ ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയും വർധിച്ചു. സർക്കാർ ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും അതൊന്നും വിജയം കണ്ടിട്ടില്ല. / Photo: Anthropological Survey of India
രമ്പരാഗതമായി നായാട്ട് ഉപജീവനമാർഗമായിരുന്നു. അതിന് പരിമിതി വന്നതോടെ അവരുടെ ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയും വർധിച്ചു. സർക്കാർ ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും അതൊന്നും വിജയം കണ്ടിട്ടില്ല. / Photo: Anthropological Survey of India

സുനാമി വലിയ നാശനഷ്ടം നിക്കോബാരി ജനതക്കുണ്ടാക്കിയെങ്കിലും തീരവാസികളല്ലാത്തതുകൊണ്ട് ഷോമ്പെൻ ജനതയെ കാര്യമായി ബാധിച്ചില്ല. ഷോമ്പെൻ ജനതയെ കൂടുതൽ ബാധിക്കുന്നത് നാശോന്മുഖ പട്ടികയിലുൾപ്പെട്ട ജന്തുക്കളെ വേട്ടയാടാൻ അവരെ അനുവദിക്കാത്തതാണ്. പരമ്പരാഗതമായി നായാട്ട് ഉപജീവനമാർഗമായിരുന്നു. അതിന് പരിമിതി വന്നതോടെ അവരുടെ ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയും വർധിച്ചു. സർക്കാർ ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും അതൊന്നും വിജയം കണ്ടിട്ടില്ല. ആൻഡമാൻ ഭരണകൂടം അവരുടെ ഉന്നമനത്തിനായുള്ള മാസ്റ്റർപ്ലാനൊക്കെ തയ്യാറാക്കിയിട്ടുണ്ടെങ്കിലും നടപ്പാക്കി വിജയിപ്പിക്കാനിനി എത്രനാൾ വേണ്ടിവരുമെന്ന് പറയാനാവില്ല. അതുപോലെ തന്നെ അവരെക്കുറിച്ചുള്ള യഥാർഥ അറിവ്‌ പുറംലോകത്തിനു ലഭിക്കാനും കാത്തിരിക്കേണ്ടിവരും.

ആഗോളതലത്തിൽ തന്നെ ഇക്കൂട്ടരെ കുറിച്ചറിയാൻ അമിതമായ താല്പര്യമുണ്ട്. ജനിതകവും ഭാഷാപരവും സാംസ്കാരികവുമായുള്ള ബന്ധം തെളിച്ചെടുക്കേണ്ടത് സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ജനവാസത്തിന്റെ ആരംഭചരിത്രമറിയുന്നതിൽ നിർണായകമാണ്.

(പഠനപരമ്പര അവസാനിച്ചു)


Summary: The Shompen tribes are a predominantly uncontacted tribe residing on Great Nicobar Island. M. Sreenthan writes about this indigenous people.


എം. ശ്രീനാഥൻ

ഭാഷാ സംസ്‌കാര ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ.സമരകോശം, ചട്ടമ്പിസ്വാമികളുടെ ജ്ഞാനാനവോത്ഥാനം എന്നിവയാണ് സമീപകാല പഠനങ്ങൾ.

Comments