കൊണ്ടോട്ടിയെ
ആര് രക്ഷിക്കും?

‘‘മാർക്സ് പറഞ്ഞപോലെ, കമ്യൂണിസത്തിന്റെയും ജനകീയതയുടെയും വേരറുക്കാൻ, കച്ചകെട്ടിയറങ്ങിയ, അദൃശ്യമായ, അവിശുദ്ധസഖ്യമാണ്, ഇന്ന് കൊണ്ടോട്ടിയെ ഭരിച്ചുപോരുന്നത്. അവരുടെ ഉപ്പും ചോറും തിന്നാണ് രാഷ്ട്രീയപാർട്ടികളും പ്രവർത്തകകരും വളരുന്നത്. ഞാനും നിങ്ങളും, അറിഞ്ഞോ അറിയാതെയോ, അതിന്റെ ഭാഗമായാണ് ഇന്നു ജീവിക്കുന്നത്’’- പി.പി. ഷാനവാസ് എഴുതുന്നു.

നെഹ്‌റുവിയൻ ഇന്ത്യയിലെ ഗുരുവും തത്വചിന്തകനുമായിരുന്ന ജിദ്ദു കൃഷ്ണമൂർത്തി, സ്വാതന്ത്ര്യത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു:

"എന്താണ് സ്വാതന്ത്ര്യം എന്നതിനെക്കുറിച്ച് നാം ആഴത്തിൽ ആലോചിക്കേണ്ടതുണ്ട്. ബാഹ്യവും ആന്തരികവുമായ അർത്ഥത്തിലുള്ള സ്വാതന്ത്ര്യം എന്താണ് എന്നു നാം മനസ്സിലാക്കണം. പ്രത്യേകിച്ചും നമ്മുടെ ആന്തരികമായ സ്വാതന്ത്ര്യം എന്തെന്ന്. ആഴത്തിലും ഗൗരവത്തിലും നാം അതന്വേഷിക്കണം. ധൈഷണികമായ നിലയിൽ മാത്രമല്ല, എങ്ങനെയാണ് നമുക്ക് സ്വാതന്ത്ര്യം അനുഭവവേദ്യമാകുന്നത് എന്ന നിലയിൽ.

സ്വാതന്ത്ര്യം എന്നത്, എല്ലാ ആന്തരികമായ മേധാവിത്വത്തിനെയും ഇല്ലാതാക്കുക എന്നതാണ്. ഇപ്രകാരമുള്ള, (മുക്തമായ) മനസ്സിന്റെ ആ വിശിഷ്ട ഗുണത്തിൽ നിന്നാണ്, പുറത്തുള്ള സ്വാതന്ത്ര്യം വന്നെത്തുന്നത്. അത് എന്തിനോടെങ്കിലും പ്രതികരിക്കുകയോ, എതിർക്കുകയോ, പ്രതിരോധിക്കുകയോ ചെയ്യുന്നതിൽ നിന്ന്, തികച്ചും വ്യത്യസ്തമായ ഒന്നാണ്. വളരെ ലളിതമായ കാര്യമായതുകൊണ്ടാണ് ഈ പറയുന്നത് നമുക്ക് മനസ്സിലാകാത്തതും, (അതിന്റെ അർത്ഥം) നഷ്ടമാകുന്നതും. നമ്മുടെ മനസ്സ്, തലച്ചോറ്, പല അധികാര കേന്ദ്രങ്ങളാലും വ്യവസ്ഥാപിതമായിരിക്കുകയാണ്. അനുകരണത്തിലും, യാഥാസ്ഥികത്വം നിലനിർത്തുന്നതിലുമാണ്, നമ്മുടെ ശ്രദ്ധ. അതൊരു വസ്തുതയാണ്. യഥാർത്ഥത്തിൽ, സ്വതന്ത്രമായ ഒരു മനസ്സ്, ഏതുതരത്തിലുമുള്ള ആന്തരികമായ അധികാര പ്രയോഗത്തിനുമപ്പുറത്താണ്. അങ്ങനെയുള്ള ഒരു മനസ്സിന് സ്നേഹിക്കുക എന്നാൽ എന്തെന്നും, ധ്യാനിക്കുക എന്നാൽ എന്തെന്നും, അറിയാൻ കഴിയുന്നു’’.

"സ്വാതന്ത്ര്യം അച്ചടക്കമില്ലാതെ നിലനിൽക്കുന്നില്ല. അതിനർത്ഥം, ആദ്യം അച്ചടക്കം പിന്നെ സ്വാതന്ത്ര്യം എന്നല്ല. അവ രണ്ടും ഒരുമിച്ചു പോകുന്നതാണ്. അവ രണ്ടും രണ്ടല്ല. നിഘണ്ടു നോക്കിയാൽ 'ഡിസിപ്ലിൻ' എന്നതിനർത്ഥം 'പഠിക്കുക' (learning) എന്നതാണ്. ഏതെങ്കിലും വിശ്വാസത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ പ്രയോഗത്തിനൊത്ത്, നിശ്ചിത ക്രമത്തിൽ, മനസ്സിനെ ബലമായി പരുവപ്പെടുത്തുക, എന്നല്ല. യാഥാസ്ഥികത്വത്തെ, അതേപടി പിന്തുടരുന്ന ഒരു മനസ്സ്, നിരന്തരം പഠിക്കുകയും ആരായുകയും ചെയ്യുവാൻ കഴിവുള്ള ഒരു മനസ്സിൽ നിന്ന് തുലോം വ്യത്യസ്തമാണ്. അന്വേഷിക്കുന്ന, എപ്പോഴും പഠിക്കാൻ സന്നദ്ധമാകുന്ന ഒരു മനസ്സ്, നിരീക്ഷണ പാടവമുള്ളതാണ്. യാഥാർത്ഥ്യം എന്തെന്ന് കാണാൻ കഴിവുറ്റതാണ്. അത്തരം ഒരു മനസ്സ് ചെയ്യുന്നത്, സ്വന്തം ഇച്ഛകൾക്കും തൃഷ്ണകൾക്കും മോഹങ്ങൾക്കും സ്വാർത്ഥങ്ങൾക്കുമനുസരിച്ച്, ഒരു കാര്യത്തെ വ്യാഖ്യാനിക്കുകയല്ല, . സ്വന്തം പരുവപ്പടലിനും സ്വന്തം സുഖങ്ങൾക്കും വേണ്ടി വ്യാഖ്യാനം നടത്തുന്ന മനസ്സല്ല അത്."

"അച്ചടക്കം എന്നത് അടിച്ചമർത്തലും നിയന്ത്രണവുമല്ല. ഒരു പ്രത്യയശാസ്ത്രത്തിന്റെ ക്രമത്തിനനുസരിച്ച് സ്വയം ക്രമീകരിക്കലല്ല. വാസ്തവം എന്തെന്നു കാണുന്ന, അതിൽ നിന്ന് പഠിക്കാൻ സന്നദ്ധ മാകുന്ന ഒരു മനസ്സ്. അത്തരമൊരു മനസ്സ് എപ്പോഴും ജാഗരൂകമായിരിക്കണം. ചുറ്റുപാടുകളെ അറിയുന്ന അവബോധം (awareness) ഉണ്ടാക്കണം."

"അച്ചടക്കം എന്നത് പഠനമാണ്. അന്വേഷണമാണ്. ആരായലാണ്. (പുതിയ കാര്യങ്ങളോട് മനസ്സ് തുറന്നു വെക്കലാണ്.) നിലവിലുള്ളതിനെ അംഗീകരിച്ച് മുന്നോട്ടു പോകുന്നതല്ല അച്ചടക്കം. നിലവിലുള്ള ഒന്നിനെ ഊട്ടിയുറപ്പിക്കലല്ല. അങ്ങനെ നിലവിലുള്ളതിനെ ഊട്ടിയുറപ്പിക്കുന്ന ഒരു മനസ്സ്, മറ്റൊരാളുമായി, തന്നെ, താരതമ്യപ്പെടുത്തുമ്പോൾ, സംഭവിക്കുന്നതാണ്. ഒരു ഹീറോയോട് ബന്ധപ്പെട്ടുകൊണ്ട് രൂപം കൊള്ളുന്നതാണ്. ഞാനാരാണ്, ഞാൻ എന്താകണം എന്ന നിലയിലല്ല ആ മനസ്സ് പ്രവർത്തിക്കുന്നത്. എവിടെ യാഥാസ്ഥിത്വം ഉണ്ടോ, അവിടെ താരതമ്യമുണ്ട്. അത്തരം താരതമ്യങ്ങളില്ലാതെ നിങ്ങൾക്ക് ജീവിക്കാൻ പറ്റുമോ എന്നു നിങ്ങൾ ആരായണം."

"താരതമ്യവും മത്സരവും ഇല്ലാതെ, അക്രമാസക്തി ഇല്ലാതെ, മാത്സര്യം ഇല്ലാതെ, ഹിംസ ഇല്ലാതെ ജീവിക്കുക എന്നാലെന്താണ് എന്ന് നമുക്കറിയാത്ത നിലയാണ് ഇപ്പോഴുള്ളത്. ഹിംസ എന്നത് കൊല്ലുകയോ ഇടിക്കുകയോ അല്ല. ഹിംസ, താരതമ്യപ്പെടുത്തുന്ന മനസ്സിന്റെ സൃഷ്ടിയാണ്. താരതമ്യത്തിലും മാത്സര്യത്തിലുമാണ് ഹിംസ നില കൊള്ളുന്നത്. ഞാൻ മറ്റൊരാളെപ്പോലെയാകണം, ഞാൻ സ്വയം പരിപൂർണ്ണനാകണം, എന്ന ചിന്തയിൽ നിന്നാണ് ഹിംസ വന്നുചേരുന്നത്. സ്വന്തം വളർച്ച മാത്രം ലക്ഷ്യമാക്കുന്നത്, സ്വാതന്ത്ര്യത്തിനും പഠനത്തിനും നേരെ എതിരായ ഒന്നാണ്. മറ്റുള്ളവരുമായി താരതമ്യം ചെയ്യാത്ത ഒരു ജീവിതം എങ്ങനെ ജീവിക്കാം എന്നു കണ്ടെത്തേണ്ടിയിരിക്കുന്നു. എത്ര അസാധാരണവും അത്ഭുതകരവുമായ ഒരു സംഗതിയാണ് അപ്പോൾ നടക്കുക എന്നു നമുക്കു കാണാം. അപ്പോൾ ജീവിതം മുഴുവൻ ഒരു വിസ്മയമായിത്തീരും."

(ജിദ്ദു കൃഷ്ണമൂർത്തി, The Impossible Question).

 ജിദ്ദു കൃഷ്ണമൂർത്തി
ജിദ്ദു കൃഷ്ണമൂർത്തി

ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം 1920- കളോടെ, മഹാത്മാഗാന്ധിയുടെ രംഗപ്രവേശത്തോടെയാണ്, ജനകീയ പ്രസ്ഥാനമായിത്തീർന്നത്. അക്കാലത്താണ്, എല്ലാവിധ ജനവിഭാഗങ്ങളും അതിൽ പങ്കുചേരാൻ തുടങ്ങിയത്. സ്വാതന്ത്ര്യ പ്രസ്ഥാനം ദേശീയ ചരിത്രകാരരുടെ വീക്ഷണത്തിൽ, യഥാർത്ഥത്തിൽ ആരംഭിക്കുന്നത്, 1857-ൽ പൊട്ടിപ്പുറപ്പെട്ട ‘ശിപായി ലഹള’യോടെയാണ്. (‘ശിപായി ലഹള’ എന്നു ബ്രിട്ടീഷുകാർ വിളിച്ചതാണ്). എന്നാൽ ഭൂപ്രഭുത്വത്തിനും ജന്മിത്വത്തിനും കോളനിവാഴ്ച്ചയ്ക്കും എതിരെ, മലബാറിൽ ഈ സമരത്തിന്റെ ആദ്യ പ്രവണതകൾ, 1838 മുതൽ ആരംഭിച്ച, തെക്കേ മലബാറിലെ കാർഷിക പ്രക്ഷോഭങ്ങളിൽ കാണാം.

കൊളോണിയലിത്തിനെതിരെ, ഇന്ത്യയിൽ ആദ്യമായി ഉയിർകൊണ്ട സന്താൾ ആദിവാസി പ്രക്ഷോഭങ്ങൾക്കു ശേഷം, ഒരുപക്ഷേ മലബാറിലെ മാപ്പിളമാരുടെ മുൻകൈയിൽ നടന്ന കുടിയാൻ പ്രക്ഷോഭമാണ്, ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ഇന്ത്യയിൽ ആദ്യമായി കലാപക്കൊടി ഉയർത്തിയത്. ഇപ്രകാരം, ഏറനാട്ടിലും വള്ളുവനാട്ടിലും, പൊട്ടിപ്പുറപ്പെട്ട, എൺപതോളം കലാപങ്ങൾക്ക് ശരിയായ നേതൃത്വമുണ്ടായിരുന്നു എന്നു പറഞ്ഞുകൂടാ. ബ്രിട്ടീഷ് ഭരണാധികാരികൾ നടപ്പിലാക്കിയ ഭൂപരിഷ്കരണങ്ങൾ, ജന്മിമാർക്ക്, അക്കാലംവരെ അവർക്കില്ലാതിരുന്ന, ഭൂമിയുടെ മേലുള്ള പ്രത്യേക അവകാശങ്ങൾ പതിച്ചുനൽകുകയും, ജന്മിമാർ കൊടിയ ചൂഷകരായി രംഗത്തുവരികയും ചെയ്തതോടെയാണ് അവ സംഭവിച്ചത്. തേങ്ങയ്ക്കും ചക്കയ്ക്കും അടയ്ക്കക്കും മാങ്ങയ്ക്കും, പറമ്പിൽ കാലായി വീണുകിടന്ന കിഴങ്ങിനും ഫലവർഗ്ഗങ്ങൾക്കു പോലും നികുതി ഏർപ്പെടുത്തിയ സാഹചര്യത്തിലുണ്ടായ, പട്ടിണിയെയും പരിവട്ടത്തെയും ജീവിതാരക്ഷിതത്വത്തെയും തുടർന്ന്, സ്വമേധയാ, നാട്ടുകാർക്കിടയിൽനിന്ന് പൊട്ടിപ്പുറപ്പെട്ട ലഹളകളായിരുന്നു അവയെല്ലാം.

ഈ പ്രക്ഷോഭങ്ങളെ കർഷക കുടിയാൻ പ്രസ്ഥാനങ്ങൾ ഏറ്റെടുക്കുകയും, അതിന്, ഗാന്ധിജി അഖിലേന്ത്യാ പരിപ്രേക്ഷ്യം നൽകി വികസിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്, ഗാന്ധിജി, മലബാർ ലഹളയെയും ഇത്തരുണത്തിൽ, സ്വാതന്ത്ര്യ സമരത്തിൽ കണ്ണി ചേർത്തത്. അതിന്റെ ഫലമെന്നോണം, 1921-ൽ രക്തരൂക്ഷിതമായ ഒരു പ്രക്ഷോഭമായി അത് പരിണമിക്കുകയും പരിസമാപ്തി കാണുകയും ചെയ്തു. ഏതായാലും മലബാറിലെ ജനങ്ങൾ ദേശീയബോധത്തിലേക്കും, 'ഇന്ത്യ' എന്ന ആശയത്തിലേക്കും, സ്വാതന്ത്ര്യം, സ്വരാജ് എന്ന മുദ്രാവാക്യങ്ങളിലേക്കും ഉണർന്നത് ഈ കാലയളവിലാണ് എന്നു കാണാം.

 സ്വാതന്ത്ര്യ പ്രസ്ഥാനം ദേശീയ ചരിത്രകാരരുടെ വീക്ഷണത്തിൽ, യഥാർത്ഥത്തിൽ ആരംഭിക്കുന്നത്, 1857-ൽ പൊട്ടിപ്പുറപ്പെട്ട ‘ശിപായി ലഹള’യോടെയാണ്.
സ്വാതന്ത്ര്യ പ്രസ്ഥാനം ദേശീയ ചരിത്രകാരരുടെ വീക്ഷണത്തിൽ, യഥാർത്ഥത്തിൽ ആരംഭിക്കുന്നത്, 1857-ൽ പൊട്ടിപ്പുറപ്പെട്ട ‘ശിപായി ലഹള’യോടെയാണ്.

എന്നാൽ, ഈ പ്രക്ഷോഭം മാപ്പിള കലാപകാരികളും ബ്രിട്ടീഷുകാരും തമ്മിലുള്ള ഒരു യുദ്ധത്തിന്റെ പ്രതീതിയിലേക്ക് വളരുകയും, അതിനെ സൈന്യത്തെ ഉപയോഗിച്ച് ദാരുണമാംവിധം അടിച്ചമർത്തുകയും ചെയ്തു. മാപ്പിളമാരെ മതഭ്രാന്തന്മാരും തീവ്രവാദികളുമായി മുദ്രകുത്തുന്ന നിലയിലേക്കാണ് ഈ പ്രക്ഷോഭങ്ങൾ ഒരു വശത്ത് കലാശിച്ചത്. ബ്രിട്ടീഷ് ചരിത്രകാരന്മാർ, പ്രക്ഷോഭങ്ങളെ മാപ്പിളമാരുടെ മതപരമായ പ്രചോദനത്തിൽനിന്നുണ്ടായ കലാപങ്ങളാണെന്ന് ചിത്രീകരിച്ചപ്പോൾ, ദേശീയ ചരിത്രവാദികൾ അത് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ സമരങ്ങളായിരുന്നു എന്ന വ്യാഖ്യാനം നൽകി. കമ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ നിർദ്ദേശത്തിൽ, സൗമ്യേന്ദ്രനാഥ ടാഗോർ ആണ്, മലബാർ കലാപത്തെ, ഇതാദ്യമായി, അതിന്റെ വർഗ്ഗപരമായ ഉള്ളടക്കത്തിൽ നോക്കിക്കൊണ്ട് വ്യാഖ്യാനിച്ചത്.

കർഷകക്കുടിയാന്മാരുടെ പ്രക്ഷോഭങ്ങൾ എന്ന നിലയിൽ, അതിനെ ഇപ്രകാരം കമ്യൂണിസ്റ്റുകാർ നോക്കിക്കണ്ടത് മുതലാണ്, മലബാർ കലാപങ്ങളെ, അന്തർദേശീയ പ്രധാന്യമുള്ള ഒരു കാർഷിക പ്രക്ഷോഭമായി, ചരിത്രകാരന്മാരും രാഷ്ട്രീയ നിരീക്ഷകരും കണക്കാക്കിപ്പോരാൻ തുടങ്ങിയത്. തുടർന്ന്, 1937ൽ കേരളത്തിൽ കമ്യൂണിസ്റ്റ് രഹസ്യ പാർട്ടി രൂപം കൊള്ളുകയും, കാർഷിക പ്രക്ഷോഭങ്ങളെ തങ്ങളുടെ മുഖ്യ അജണ്ടയായി ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. മുപ്പതുകളിലും നാല്പതുകളിലും വടക്കേ മലബാറിൽ കർഷക ഫർക്കകൾ രൂപീകരിക്കുന്നതിലേക്ക് ഇതു നയിച്ചു.

കയ്യൂരും കരിവള്ളൂരും ഒഞ്ചിയവും മുനമ്പവും പാടിക്കുന്നും പോലുള്ള കലാപങ്ങൾക്ക് നേതൃത്വമാകുന്ന തരത്തിൽ, ഈ സംഘടിതപ്രസ്ഥാനം വളരുകയും ചെയ്തു. ഈ സമരപ്രക്ഷോഭങ്ങൾക്ക് ഊർജ്ജം സംഭരിക്കാൻ, തെക്കേ മലബാറിലെ മാപ്പിളമാരുടെ മുൻകൈയിൽ നടന്ന പ്രക്ഷോഭങ്ങളെ, തങ്ങളുടെതായ നിലയിൽ നോക്കിക്കാണുകയും, കലാപങ്ങളുടെ വർഗ്ഗപരമായ ഉള്ളടക്കം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ശ്രമങ്ങളുണ്ടായി. ഇതിന്റെ ഭാഗമായാണ് എ കെ ജി പ്രക്ഷോഭത്തെ പ്രശംസിച്ചുകൊണ്ട്, പെരിന്തൽമണ്ണയിൽ പ്രസംഗിച്ചത്. ഇ എം എസ് ലഘുലേഖ എഴുതിയത്. വടക്കേ മലബാറിൽ തങ്ങൾ നടത്താനിരിക്കുന്ന 'ബോൾഷെവിക് വിപ്ലവത്തിന്' മുന്നോടിയായി നടന്ന, 'പാരീസ് കമ്യൂണിന്' സമാനമായ കലാപമാണ്, തെക്കേ മലബാറിൽ നടന്നത് എന്ന്, എ കെ ജി പ്രസംഗിച്ചു. കലാപത്തിലെ കാർഷിക കുടിയാൻ പ്രക്ഷോഭത്തിലെ വർഗ്ഗ സമരത്തിന്റെ ഉള്ളടക്കം മനസ്സിലാക്കണം എന്നും, കലാപകാരികളുടെ സമരോജ്ജത്തെ കമ്യൂണിസ്റ്റുകാർ സ്വാംശീകരിക്കണമെന്നും, പാർട്ടി കമ്യൂണിക്കെയിൽ ഇ എം എസ് ആഹ്വാനം ചെയ്തു. കലാപത്തിന്റെ മതപരമായ നേതൃത്വത്തിന് പകരമായി, വരുംകാല സമരങ്ങൾക്ക് കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചോദനമാകണമെന്നും, അതിനായി ലെനിനിസ്റ്റ് സംഘടനാ രൂപങ്ങൾ പരീക്ഷിക്കണമെന്നും ഇ എം എസ് നിർദ്ദേശിച്ചു.

മലബാറിൽ നടന്ന ഈ കുടിയാൻ പ്രക്ഷോഭങ്ങളുടെ അനുരണനം കൊണ്ടോട്ടിയിലും വന്നെത്തി. അന്നത്തെ ഏറനാടിന്റെ തലസ്ഥാനമായിരുന്നു കൊണ്ടോട്ടി. അന്നത്തെ ഇവിടുത്തെ ജന്മിമാരും ബ്രിട്ടീഷുകാരുടെ പിന്തുണ ലഭിച്ചവരുമായിരുന്ന കൊണ്ടോട്ടി തങ്ങന്മാർക്കെതിരെയും, പ്രക്ഷോഭകാരികൾ പട നയിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലെ, കലാപങ്ങളുടെ പൈതൃകം മുഴുവൻ തന്റേതാക്കി മാറ്റിയ, ഒരു ഇടത്തരം ഭൂവുടമാ പശ്ചാത്തലമുള്ള നേതാവിന്റെ നേതൃത്വത്തിൽ, സായുധപ്പട കൊണ്ടോട്ടിയേയും കൊണ്ടോട്ടി വലിയ മുഹമ്മദ്‌ ഷാ തങ്ങൾ അന്തിയുറങ്ങുന്ന ഖുബ്ബയെയും ആക്രമിക്കുന്ന നിലവരെ കാര്യങ്ങളെത്തി. എന്നാൽ ഈ സംഭവവികാസങ്ങളെല്ലാം, ഇതര പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി, കൊണ്ടോട്ടിക്കാർ, സവിശേഷ നിലയിലാണ് നോക്കിക്കണ്ടതും നേരിട്ടതും. കാരണം, ഇതര പ്രദേശത്തുണ്ടായിരുന്ന ജന്മിത്വത്തിനും ജന്മിമാർക്കും നാടുവാഴികൾക്കും, ബ്രിട്ടീഷുകാരുടെ നിയമപരിഷ്കരണങ്ങളുടെ ഫലമായി സംഭവിച്ച, സ്വഭാവ പരിണാമങ്ങളിൽനിന്ന്, തുലോം വ്യത്യസ്തമായ ഒരു സമീപനമാണ്, കൊണ്ടോട്ടി തങ്ങന്മാരുടെ മേധാവിത്വം കൈകൊണ്ടത് എന്നതാണ് അതിനു കാരണം. അക്കാലത്ത് മതവും, ആത്മീയ പരിവേഷവും, ദേവസ്വവും ബ്രഹ്മസ്വവും, സാമ്പത്തിക രാഷ്ട്രീയ- ഭരണകാര്യങ്ങളിൽ ഇടപെട്ടിരുന്നു. അല്ലെങ്കിൽ മതവും രാഷ്ട്രീയവും തമ്മിൽ, ആധുനികാർത്ഥത്തിലുള്ള ഒരു വിഭജനം നടന്നു കഴിഞ്ഞിട്ടില്ലായിരുന്നു. ആ നിലയിൽ, കേരളത്തിലെ ഫ്യൂഡലിസത്തെ ഇ എം എസ് നാമകരണം ചെയ്തപോലെ, "ജന്മി നാടുവാഴിത്തം", വിശ്വാസത്തെയും ഭക്തിയേയും ജനങ്ങളുടെമേൽ അധികാരം കയ്യാളുന്നതിനും അവരെ അടിമകളാക്കുന്നതിനും ഉപയോഗിച്ചിരുന്നു. ദൈവഭക്തി ജന്മിയോടും നാടുവാഴിയോടും രാജാവിനോടുമുള്ള, അടിയാള, അടിമത്ത, ആശ്രിത മനോഭാവമായി പ്രത്യയശാസ്ത്രപരമായ രൂപം കൈക്കൊണ്ടിരുന്നു.

കർഷകക്കുടിയാന്മാരുടെ പ്രക്ഷോഭങ്ങൾ എന്ന നിലയിൽ, അതിനെ ഇപ്രകാരം കമ്യൂണിസ്റ്റുകാർ നോക്കിക്കണ്ടത് മുതലാണ്, മലബാർ കലാപങ്ങളെ, അന്തർദേശീയ പ്രധാന്യമുള്ള ഒരു കാർഷിക പ്രക്ഷോഭമായി, ചരിത്രകാരന്മാരും രാഷ്ട്രീയ നിരീക്ഷകരും കണക്കാക്കിപ്പോരാൻ തുടങ്ങിയത്.
കർഷകക്കുടിയാന്മാരുടെ പ്രക്ഷോഭങ്ങൾ എന്ന നിലയിൽ, അതിനെ ഇപ്രകാരം കമ്യൂണിസ്റ്റുകാർ നോക്കിക്കണ്ടത് മുതലാണ്, മലബാർ കലാപങ്ങളെ, അന്തർദേശീയ പ്രധാന്യമുള്ള ഒരു കാർഷിക പ്രക്ഷോഭമായി, ചരിത്രകാരന്മാരും രാഷ്ട്രീയ നിരീക്ഷകരും കണക്കാക്കിപ്പോരാൻ തുടങ്ങിയത്.

എന്നാൽ, ആദ്യകാലത്ത്, ഭക്തിപ്രസ്ഥാനം, കീഴാളമനുഷ്യരുടെ ഇടയിൽ നിന്ന് ഉയർന്നുവന്ന, ഫ്യൂഡൽ വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഭക്തി അവിടെ, സാമൂഹ്യ ഉച്ഛനീചത്വത്തിനെതിരെ, ഏകനായ 'ഇലാഹി'ൽ സമർപ്പിതമായ, ഒരു ജീവിതപ്രതിരോധമായിരുന്നു. കബീറും രവിദാസും മീരാഭായിയും ലല്ലേശ്വരിയും അക്കമഹാദേവിയും അടങ്ങുന്ന ഭക്തിപ്രസ്ഥാനനായകന്മാരും നായികമാരും, ദൈവത്തിന്റെ ഏകത്വത്തെ ഉയർത്തിക്കൊണ്ട്, രാജനീതിയുടെ ദണ്ഡങ്ങളെ വെല്ലുവിളിച്ചവരാണ്. അജ്മീറിലെ ഖ്വാജ മൊയ്‌നുദ്ദീൻ ഹസ്സൻ ചിഷ്തി, 12-ാം നൂറ്റാണ്ടിൽ ഭാരതത്തിൽ പ്രചരിപ്പിച്ച, ചിഷ്തിയ സൂഫി പ്രസ്ഥാനം, ഇതിനെല്ലാം സ്രോതസ്സും പ്രചോദനവുമായിരുന്നു. കർഷകരും അക്കാലത്തെ രാജാക്കന്മാരും തമ്മിലുള്ള സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ ചിഷ്തിയ ഷെയ്ഖുമാർ മുന്നിട്ടിറങ്ങിയിരുന്നു. ഖാൻഖാവുകൾ അധ്വാനിക്കുന്ന മനുഷ്യരുടെ സങ്കടങ്ങൾ കേൾക്കാൻ തുറന്നുവെച്ചിരുന്നു.

ഏകമായ ദൈവത്തെ ഉയർത്തിക്കാണിച്ചതിലൂടെ, ജനങ്ങളെ പീഡിപ്പിച്ച രാജനീതിയെ തന്നെയാണ്, സൂഫികളും യോഗികളും, ഭക്തി പ്രസ്ഥാനത്തിലെ പുണ്യപുരുഷന്മാരും, ചോദ്യം ചെയ്തത്. മിസ്റ്റുകളായിരുന്ന അവർ, പല അത്ഭുതകൃത്യങ്ങളിലൂടെ പൗരോഹിത്യത്തെയും രാജനീതിയെയും വെല്ലുവിളിക്കുകയും ചെയ്തു. ജാതിവ്യവസ്ഥയ്ക്കെതിരെ ശക്തമായ ഇടപെടലാണ് ഭക്തിപ്രസ്ഥാനവും, തുടർന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ രൂപം കൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളും നടത്തിയത്. ബംഗാളിൽ വിവേകാനന്ദ സ്വാമികളും രാജാറാം മോഹൻ റായിയും, കേരളത്തിൽ നാരായണഗുരുവും അയ്യാ വൈകുണ്ഠസ്വാമികളുമടങ്ങുന്ന നവോത്ഥാന നായകർ, ഭക്തിപ്രസ്ഥാനത്തിൽനിന്ന് മുന്നോട്ടുപോയി, യുക്തിയെയാണ്, പുതിയ കാലത്ത്, തങ്ങളുടെ പ്രതിരോധത്തിന്റെ ആയുധമാക്കിയത്. വിവേകാനന്ദനും നാരായണഗുരുവുമെല്ലാം ഈ നിലയിൽ വേദാന്തത്തെയും ഉപനിഷദ് ദർശനത്തെയുമായി മുറുകെ പിടിച്ചത്. വിചാരത്തിലൂടെയും വിവേകത്തിലൂടെയും എങ്ങനെ പ്രതിരോധമുയർത്താം എന്ന ചിന്തയാണ്, പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന പ്രസ്ഥാനം മുന്നോട്ടുവെച്ചത്.

കൊണ്ടോട്ടിയിൽ, ടിപ്പുവിന്റെ ഇഷ്ടദാനത്തിലൂടെ, നികുതി പിരിക്കാനുള്ള അവകാശവും ദണ്ഡനീതിക്കുള്ള അധികാരവും, ഫറോക്ക് മുതൽ ആനക്കയം വരെയുള്ള ഒരു പ്രദേശത്ത്, കൊണ്ടോട്ടി തങ്ങന്മാർക്ക് നൽകിയെങ്കിലും, നേരത്തെ പറഞ്ഞ, ഭക്തിപ്രസ്ഥാനം മുന്നോട്ടുവെച്ച, സൂഫീ ആത്മീയതയുടെ, നാലതിരിൽ നിന്നുകൊണ്ടു മാത്രമേ, അത് പ്രയോഗിക്കാൻ അവർ തയ്യാറായിട്ടുള്ളൂ. കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ തങ്ങൾ, 18-ാം നൂറ്റാണ്ടിൽ, ഡെക്കാൻ പ്രദേശത്ത് ഉയർന്നുവന്ന, അതിപ്രധാനമായ ഒരു സൂഫി പരമ്പരയുടെ കണ്ണിയായിരുന്നു എന്നതാകണം അതിന് ഒരു കാരണം. അതുകൊണ്ടുതന്നെ, ഭരണാവകാശം ലഭിച്ചപ്പോഴും, ഒരു അകലത്തിൽ നിന്നാണ്, ആ ചുമതല അവർ നിർവഹിച്ചു പോന്നത്. ഭൂവുടമസ്ഥതയും ജന്മിയുടെ അധികാരവും, അതാത് പ്രദേശങ്ങളിൽ, തഖിയകൾ സ്ഥാപിച്ചുകൊണ്ട്, അവിടങ്ങളിൽ സ്ഥാനീയരെ നിയമിച്ചുകൊണ്ടാണ്, കൈകാര്യം ചെയ്തത്. (പെരിന്തൽമണ്ണ, പാലക്കാട്‌, അരീക്കോട്, മാണ്ട്യ, കൊണ്ടോട്ടി തഖിയകൾ). കുടിയാന്മാരോടും കർഷകരോടും, മണ്ണിൽ പണിയെടുക്കുന്ന തൊഴിലാളികളോടും, ദലിത് സമൂഹങ്ങളോടും, കരുണയോടെയും അനുതാപത്തോടെയുമാണ്, അവർ പെരുമാറിയത്. അധികാരത്തിനും ദണ്ഡനത്തിനും അവകാശമുണ്ടായിട്ടും, ജനങ്ങളിൽ കാര്യമായ നിലയിൽ അത് പ്രയോഗിക്കാൻ ഇടവന്നിട്ടില്ല. ഇത് മലബാറിലെ മറ്റ് ഹിന്ദു ജന്മിമാരിൽ നിന്ന് വ്യത്യസ്തമായ ഒരു സമീപനം തന്നെയായിരുന്നു എന്നു കാണാം.

കൊണ്ടോട്ടി വലിയ തങ്ങൾ മഖ്ബറ, കൊണ്ടോട്ടി, മേലങ്ങാടി / Photo: WIKIMEDIA COMMONS
കൊണ്ടോട്ടി വലിയ തങ്ങൾ മഖ്ബറ, കൊണ്ടോട്ടി, മേലങ്ങാടി / Photo: WIKIMEDIA COMMONS

പല സ്ഥാനീയരും പരപീഡയേക്കാൾ, ആത്മപീഡയിലാണ് ചെന്നു പെട്ടത്. സുഖജീവിതം നയിച്ച്, ആത്മനാശത്തിൽ ചെന്നെത്തുന്ന മനോഭാവം അവരിൽ ചിലർ പ്രകടമാക്കിയിരുന്നു എന്നതു വാസ്തവം. അപ്പോഴും പരപീഡനത്തിൽ നിന്ന് അവരെ തടഞ്ഞ ആത്മീയത, അവരിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ടിപ്പുവിന്റെ പിന്തുണയിൽ നല്ലകാലം ചെലവഴിച്ച്, ബ്രിട്ടീഷുകളുടെ മേധാവിത്വത്തിൽ അവരുമായി സമവായമുണ്ടാക്കി, പ്രദേശത്ത് സമാധാനമുണ്ടാക്കാനാണ് അവർ ശ്രമിച്ചത്. അതുകൊണ്ടുതന്നെ മലബാർ കലാപം വാരിയംകുന്നത്തിന്റെയും മറ്റും കൈകളിൽ ഒരർത്ഥത്തിൽ വഴിതെറ്റി മറിഞ്ഞപ്പോൾ, അത്തരം അപശ്രുതികളൊന്നും ബാധിക്കാതെ, സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും പ്രദേശമായി കൊണ്ടോട്ടി നിലനിന്നു. ഫക്കീറന്മാരുടെയും മസ്താക്കന്മാരുടെയും സഞ്ചാരികളുടെയും അഭയ സ്ഥലമായും, കലയുടെയും കവിതയുടെയും സംഗീതത്തിന്റെയും നാടായും കൊണ്ടോട്ടി മാറിയത് ഈ പശ്ചാത്തലത്തിലാണ്.

തെക്കേ മലബാറിലെ ഇതര പ്രദേശങ്ങളിൽ നിന്ന്, സമരപോരാട്ടങ്ങളുടെ ശൈലിയിലും രീതിയിലും, കൊണ്ടോട്ടിക്കാർ, വ്യത്യസ്തമായി നിലകൊണ്ടതിന്റെ പശ്ചാത്തലം ഇതായിരുന്നു. അതുകൊണ്ടുതന്നെ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും ഖുബ്ബ ആക്രമിക്കാൻ വന്നപ്പോൾ നടന്ന സംഘർഷം, അവർ പരാജയപ്പെടുന്നതിലേക്കു നയിച്ചു. മറ്റിടങ്ങളിൽ നടന്നതുപോലെ, ഹിന്ദു- മുസ്ലിം എന്ന ദ്വൈതമായി അത് കൊണ്ടോട്ടിയിൽ വളർന്നില്ല. മാത്രമല്ല, കൊണ്ടോട്ടി ഒരു സമാധാനപ്രദേശമായി നിലനിൽക്കുകയും, എത്രതന്നെ പരാധീനതകളോടെയാണെങ്കിലും, കവിതയും സംഗീതവും ആത്മീയതയും കലയും വളരുകയും വികസിക്കുകയും ചെയ്യുന്ന ഒരു മണ്ണായി നിലനിൽക്കുകയും ചെയ്തു.

ദേശീയ പ്രസ്ഥാനത്തിന്റെ അലകളും, ഇപ്രകാരം കൊണ്ടോട്ടി സവിശേഷമായ നിലയിലാണ് ഏറ്റെടുത്തത്. ദേശീയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രവർത്തനവും ഒരർത്ഥത്തിൽ കൊണ്ടോട്ടിയിൽ സജീവമായി മുന്നോട്ടു പോവുകയും ചെയ്തു. (ഉമ്മർ ഖാളിയെപ്പോലുള്ള, നികുതി നിഷേധപ്രസ്ഥാനത്തിന് തുടക്കമിട്ട ആളെന്ന നിലയിൽ പ്രസിദ്ധനായ ഇസ്‌ലാമിക പണ്ഡിതൻ, കൊണ്ടോട്ടിയുടെ ആത്മീയ പ്രസ്ഥാനത്തെ അംഗീകരിക്കുന്ന നിലയിൽ, കവിത രചിച്ച് കൊണ്ടോട്ടിക്ക് സമ്മതപത്രം നൽകുകയും ചെയ്തിട്ടുണ്ട്.) ഇ. മൊയ്തു മൗലവിയുടെയും അബ്ദുൽ റഹ്മാൻ സാഹിബിന്റെയും കോമുകുട്ടി മൗലവിയുടെയും എം.പി. നാരായണമേനോന്റെയും കടായിക്കൽ മോയിൻകുട്ടിയുടെയും കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുടെയും ഇ എം എസിന്റെയും നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തിൽ, കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും പങ്കുചേരുകയും, കൊണ്ടോട്ടിയിൽ അത്തരം പ്രസ്ഥാനങ്ങൾക്കെല്ലാം, സവിശേഷമായ നിലയിൽ ആതിഥേയത്വം ലഭിക്കുകയും ചെയ്തു.

കൊണ്ടോട്ടി വലിയ തങ്ങൾ മഖ്ബറ / Photo : Biju Ibrahim
കൊണ്ടോട്ടി വലിയ തങ്ങൾ മഖ്ബറ / Photo : Biju Ibrahim

ഈ പ്രസ്ഥാനങ്ങളിലെല്ലാം, നിരവധിപേർ കൊണ്ടോട്ടിയിൽ നിന്നുള്ള നേതാക്കളായി ഉയർന്നു. കൊണ്ടോട്ടിയിൽ ദേശീയ കോൺഗ്രസിന്റെയും അതിലെ സോഷ്യലിസ്റ്റ് ചേരിയുടെയും തുടർന്നുണ്ടായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും നേതൃനിരയിൽ ഇപ്രകാരം ഓർമിക്കേണ്ട നിരവധി പേർ ഉയർന്നുവന്നു. ഗുലാം ഹുസൈൻ സാഹിബ് അതിൽ പ്രമുഖനായിരുന്നു. പുളിക്കൽ കേന്ദ്രീകരിച്ചുള്ള കോമുകുട്ടി മൗലവിയുടെ പ്രവർത്തനങ്ങളും ഓർമിക്കേണ്ടതാണ്. എടക്കോട്ട് മുഹമ്മദ് മുതൽ ഇമ്പിച്ചിക്കോയ വരെയുള്ള നിരവധി കമ്യൂണിസ്റ്റ് നേതാക്കളും ഇപ്രകാരം ഉയർന്നുവന്നു. സഖാവ് കുഞ്ഞാലിയും സെയ്താലിക്കുട്ടിയും ഇതിന്റെ ഉത്പന്നങ്ങളായിരുന്നു. അടിയന്തരാവസ്ഥകാലം വരെ ഈ പ്രവർത്തനങ്ങൾ ഫലം കണ്ടു. അക്കാലത്തെ ഓർമിപ്പിക്കപ്പെടേണ്ട ഒരു നാമമാണ് കെ ടി സ്വാലിഹ് തങ്ങൾ.

കാർഷിക സമ്പദ് വ്യവസ്ഥ, ഭൂപരിഷ്കരണത്തോടെ, ജനാധിപത്യ സമ്പ്രദായത്തിലേക്ക് കടന്നുവരികയും, കമ്യൂണിസ്റ്റ് ഗവർമെണ്ടിന്റെ നേതൃത്വത്തിൽ ഭൂവുടമാസമ്പ്രദായം നിർത്തലാക്കുകയും ചെയ്യുംവരെ ഈ പ്രവർത്തനങ്ങൾ മുന്നോട്ടുപോയി. കാർഷികവൃത്തിക്ക് പരിക്കേറ്റ സാഹചര്യങ്ങളിൽ, കൊണ്ടോട്ടിയിൽ ബീഡി മേഖല ഉയർന്നുവന്നു. ആ മേഖല ക്ഷയിച്ചു പോയപ്പോൾ, മത്സ്യത്തൊഴിൽ മേഖല കടന്നുവന്നു. ഇതെല്ലാം പാർട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും മുൻകൈയിൽ തന്നെ മുന്നോട്ടു പോയെങ്കിലും, ധിഷണാശാലികളായ വ്യക്തികളുടെ നേതൃത്വമാണ് ഇതിനെല്ലാം യഥാർത്ഥ പ്രചോദനമായത് എന്നു കാണാം. കേരളപ്പിറവിയിൽ, കേരളത്തിലെ കമ്യൂണിസ്റ്റ് ഗവൺമെന്റിനെ വരവേറ്റുകൊണ്ട്, മാപ്പിളപ്പാട്ട് ശൈലിയിൽ, മാലപ്പാട്ടിന്റെ സമ്പ്രദായത്തിൽ, കവിതയും പാട്ടും ഇവിടെ എഴുതപ്പെട്ടു. ബുദ്ധിജീവികളുടെയും ധൈഷണികരുടെയും ചർച്ചകളും സംവാദങ്ങളും കൊണ്ട് പീടികക്കൊലായകളും മക്കാനിക്കടകളും ബീഡിക്കമ്പനികളും മുഖരിതമായി. പാട്ടിന്റെയും കവിതയുടെയും സംഗീതത്തിന്റെയും കലയുടെയും അംശങ്ങൾ ചാലിച്ചാണ്, കൊണ്ടോട്ടിക്കാർ രാഷ്ട്രീയവും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും നവോത്ഥാനവും ആത്മീയതയുമെല്ലാം കൈകാര്യം ചെയ്തത് എന്നു കാണാം.

കമ്യൂണിസ്റ്റ് പാർട്ടി ബീഡി തൊഴിൽ മേഖലയിലൂടെയാണ് കൊണ്ടോട്ടിയിൽ ജനകീയ മുഖം കൈവരിച്ചത്. അതിനുമുമ്പേതന്നെ ഒളിവിലും തെളിവിലുമായി കമ്യൂണിസ്റ്റുകാർ പ്രവർത്തിച്ചിരുന്നു. കൊണ്ടോട്ടി ചേപ്പിലക്കുന്നിൽ പി. കൃഷ്ണപിള്ള ഒളിവിൽ താമസിച്ചു പ്രവർത്തിച്ചിട്ടുണ്ട്. കൊണ്ടോട്ടിക്കാർ അക്കാലത്തെ ബോംബെ കേന്ദ്രീകരിച്ചുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിൽ സജീവമായി പങ്കാളിയായിട്ടുണ്ട്. പിൽക്കാലത്ത് എകെജി മദിരാശിയിലേക്കു നയിച്ച പട്ടിണിമാർച്ചിന് കൊണ്ടോട്ടിയിൽ വലിയ സ്വീകരണം നൽകി. കോളറക്കാലത്തും പകർച്ചവ്യാധി പടർന്നുപിടിച്ച സമയത്തും കമ്യൂണിസ്റ്റുകാർ നടത്തിയ പ്രവർത്തനങ്ങൾ, കമ്യൂണിസ്റ്റ് പ്രവർത്തകർക്കും പാർട്ടിക്കും ജനങ്ങളുടെയിടയിൽ ആഴത്തിൽ വേരുറപ്പിക്കാൻ സഹായകമായി.

പിൽക്കാലത്ത് എകെജി മദിരാശിയിലേക്കു നയിച്ച പട്ടിണിമാർച്ചിന് കൊണ്ടോട്ടിയിൽ വലിയ സ്വീകരണം നൽകി.
പിൽക്കാലത്ത് എകെജി മദിരാശിയിലേക്കു നയിച്ച പട്ടിണിമാർച്ചിന് കൊണ്ടോട്ടിയിൽ വലിയ സ്വീകരണം നൽകി.

വിവിധ തലങ്ങളിലും വിവിധ ധാരകളിലുമായി നടന്ന പ്രവർത്തനങ്ങളുടെ ആകത്തുകയായിരുന്നു ഇതെല്ലാം. ഇതിനെല്ലാം ഒരു കേന്ദ്രീകൃത നേതൃത്വമുണ്ടായിരുന്നുവോ എന്ന് ചോദിച്ചാൽ ഇല്ലായിരുന്നു എന്നാണുത്തരം. മറിച്ച് ധൈഷണികരുടെയും ബുദ്ധിജീവികളുടെയും കവികളുടെയും കലാകാരന്മാരുടെയും നേതൃത്വത്തിലാണ് പല പ്രസ്ഥാനങ്ങളിലേക്കും ആളുകൾ ഇറങ്ങിത്തിരിച്ചതും, അതിന്റെ നേതാക്കളായി ഉയർന്നുവന്നതും. നിസ്സഹകരണപ്രസ്ഥാനവും നികുതി നിഷേധപ്രസ്ഥാനവും വിദേശ വസ്ത്ര ബഹിഷ്കരണവും കൊണ്ടോട്ടിയും പരിസരപ്രദേശങ്ങളിലും വലിയ മുന്നാക്കങ്ങളുണ്ടാക്കി. ഇത്തരം പ്രവർത്തനങ്ങളുടെ ആശയപരിസരങ്ങളും മൂല്യങ്ങളും പിൽക്കാലത്ത് കമ്യൂണിസ്റ്റുകാർ ഏറ്റെടുത്ത് മുന്നോട്ടുപോയി.

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള, കമ്യൂണിസ്റ്റുകാരുടെയും, കോൺഗ്രസുകാരുടെയും, മുസ്ലിം ലീഗുകാരുടെയും, നിലപാടുകളും സമീപനങ്ങളും സങ്കല്പങ്ങളും വ്യത്യസ്ത നിലയിലായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും വിമോചനത്തെയും ഈ വിവിധ വിഭാഗങ്ങൾ നോക്കിക്കണ്ടത്, വിവിധ കാഴ്ച്ചപ്പാടിലായിരുന്നു. രാഷ്ട്രീയസ്വാതന്ത്ര്യം തന്നെ ഭാഗികമായി മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും, സാമ്പത്തിക സ്വാതന്ത്ര്യവും സോഷ്യലിസവും സ്ഥാപിക്കുന്നതിലൂടെ മാത്രമേ, യഥാർത്ഥ സ്വാതന്ത്ര്യം നിലവിൽ വരൂ എന്നും കമ്യൂണിസ്റ്റുകാർ വാദിച്ചു. അതിനാൽ തന്നെ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം, നമുക്ക് ലഭ്യമായ സ്വാതന്ത്ര്യം പരിമിതമാണെന്ന കാഴ്ച്ചപ്പാടിൽ, കമ്യൂണിസ്റ്റുകാർ തങ്ങളുടെ വർഗ്ഗ- ബഹുജന സംഘടനാ പ്രവർത്തനം ത്വരിതപ്പെടുത്തുകയും, കോൺഗ്രസ് വിഭാവനം ചെയ്ത്, ഭരണത്തിലേറി, നടപ്പാക്കിയ നയപരിപാടികളോട്, വിമർശനാത്മകമായ നിലപാട് കൈക്കൊള്ളുകയും ചെയ്തു. പാർലമെന്ററി പ്രവർത്തനങ്ങളിൽ പങ്കാളിയായി തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും, കമ്യൂണിസ്റ്റുകാരുടെ മുഖ്യലക്ഷ്യം അതായിരുന്നില്ല. പാർലമെന്ററി പ്രവർത്തനത്തെ സ്വാതന്ത്ര്യത്തിന്റെ പുതിയ മുഖങ്ങൾ തുറക്കാൻ ആവശ്യമായ നിലയിലുള്ള പ്രവർത്തന ഇടമാക്കി മാറ്റുക എന്നതായിരുന്നു അവരുടെ ഉന്നം. ജനങ്ങൾക്കിടയിൽ നേരിട്ട് ഇറങ്ങിച്ചെന്ന്, യഥാർത്ഥ സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടി, അവരെ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് അവർ കൂടുതൽ പ്രാധാന്യം നൽകി. കൊണ്ടോട്ടിയിലും പരിസരത്തും കോണിയകത്ത് അബുവിന്റെയും പാറക്കൽ ഇബ്രാഹിമിന്റെയും തൊട്ടോളി റസാക്കിന്റെയും പി ചന്ദ്രന്റെയും വേലായുധന്റെയും തലമുറ വരെ ആ കാഴ്ചപ്പാടിലുള്ള പ്രവർത്തനങ്ങൾ, എല്ലാ പരിമിതികൾക്കുള്ളിൽ നിന്നും മുന്നോട്ടു പോയി.

കേന്ദ്രീകൃത സ്വഭാവമുള്ള ഒരു പ്രസ്ഥാനവും കൊണ്ടോട്ടിയിൽ വേരു പിടിച്ചിട്ടില്ല എന്നു നാം കാണുകയുണ്ടായി. വിവിധ ധാരകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രയോഗങ്ങളുടെയും സംഗമസ്ഥലമായി കൊണ്ടോട്ടി മാറി. നേരത്തെ സൂചിപ്പിച്ച ചരിത്രസാഹചര്യങ്ങളാൽ, കൊണ്ടോട്ടി, എല്ലാത്തിനെയും ഉൾക്കൊണ്ടുകൊണ്ട്, ഒരു കോസ്മോപൊളിറ്റൻ സ്വഭാവം നിലനിർത്തി. കൊണ്ടോട്ടിയുടെ ഭൂമിശാസ്ത്രം പോലെത്തന്നെ, ചുറ്റുഭാഗത്തുള്ള കുന്നിൻ നിരകളിൽ നിന്നുള്ള നീരുറവുകൾ എത്തിച്ചേർന്ന്, സംഗമിച്ച്, വഴി തിരിഞ്ഞ്, നിരോല്പലം വഴി, മുട്ടിച്ചിറയിലേക്കും കടലുണ്ടിപ്പുഴയിലേക്കും അറബിക്കടലിലേക്കും ചെന്നു പതിക്കുന്ന നീരൊഴുക്കിന്റെ നില പോലെ, കൊണ്ടോട്ടിയിൽ വെച്ച് എല്ലാം ഒരു തിരിവെടുക്കുകയാണുണ്ടായത്.

കേന്ദ്രീകൃത സ്വഭാവമുള്ള ഒരു പ്രസ്ഥാനവും കൊണ്ടോട്ടിയിൽ വേരു പിടിച്ചിട്ടില്ല എന്നു നാം കാണുകയുണ്ടായി. വിവിധ ധാരകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രയോഗങ്ങളുടെയും സംഗമസ്ഥലമായി കൊണ്ടോട്ടി മാറി.
കേന്ദ്രീകൃത സ്വഭാവമുള്ള ഒരു പ്രസ്ഥാനവും കൊണ്ടോട്ടിയിൽ വേരു പിടിച്ചിട്ടില്ല എന്നു നാം കാണുകയുണ്ടായി. വിവിധ ധാരകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രയോഗങ്ങളുടെയും സംഗമസ്ഥലമായി കൊണ്ടോട്ടി മാറി.

കൊണ്ടോട്ടിയുടെ ഭൂമിശാസ്ത്രപരമായ ഈ ചുറ്റിക്കറങ്ങൽ, ഇവിടുത്തെ മധ്യകാലം തൊട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളും പാർട്ടികൾക്കും ബാധകമായിട്ടുണ്ട്. പാർട്ടികളെയും പ്രസ്ഥാനങ്ങളെയും കൊണ്ടോട്ടി സ്വീകരിച്ചത് ഈ സ്വന്തം നിലപാടിൽ നിന്നാണ്. ഒന്നിന്റെയും വക്താക്കളായി പൂർണ്ണമായി നിലകൊണ്ടിട്ടില്ലാത്ത ഒരു ഇടമാണ് കൊണ്ടോട്ടി. ഈ അവസ്ഥ പല ഗുണവിശേഷങ്ങളും എന്നപോലെ അതിന് ദോഷവശങ്ങളും ഉണ്ട്. വൈവിധ്യങ്ങളുടെ സംഗമസ്ഥലിയായിരിക്കുമ്പോൾ തന്നെ, കേന്ദ്രീകൃതമായ ഒരു നേതൃത്വം ഒരുകാലത്തും, ഒന്നിനും, കൊണ്ടോട്ടിക്കുണ്ടായിരുന്നില്ല. രാജ്യത്ത് വന്നുഭവിച്ച്, കൊണ്ടോട്ടിയിൽ വന്നുചേർന്ന, പ്രസ്ഥാനങ്ങളെയും ധാരകളെയും കൊണ്ടോട്ടിയിലെ ധൈഷണികർ സ്വീകരിക്കുകയും അതിൽ പങ്കാളികളാവുകയും ചെയ്യുകയും, വേണ്ടപ്പോൾ അതിൽ നിന്ന് വിട്ടു പോവുകയുമാണ് ചെയ്തിട്ടുള്ളത്.

പൊന്നാനികൈക്കാരെയും, കൊണ്ടോട്ടികൈക്കാരെയും, കൊണ്ടോട്ടി സ്വീകരിച്ചു. മഖ്ദൂമാരെയും കൊണ്ടോട്ടി തങ്ങന്മാരെയും സ്വീകരിച്ചു. മലബാർ കലാപ നാളുകളെയും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും കമ്യൂണിസത്തെയും കൊണ്ടോട്ടി തങ്ങളുടേതായ നിലയിൽ ഉൾക്കൊണ്ടു. എല്ലാത്തിലും പാട്ടും കവിതയും സാഹിത്യവും ധൈഷണികതയും കലയും സംഗീതവും ചാലിച്ചു. അപ്പോഴും കൊണ്ടോട്ടി എന്ന ഭൂപ്രദേശം, എല്ലാത്തിനേയും, ഒരു സാക്ഷീ ഭാവത്തിൽ നോക്കിക്കണ്ടു. എല്ലാത്തിനോടും ഒരു നിശ്ചിത അകലം പുലർത്തി. ഇപ്രകാരം നൂറ്റാണ്ടുകളിലൂടെ വളർന്നുവന്ന ഈ ധൈഷണിക പാരമ്പര്യം കൊണ്ടോട്ടിയെ, മലപ്പുറത്തെ മറ്റു പ്രദേശങ്ങളിൽ നിന്ന്, വ്യത്യസ്തമാക്കി നില നിർത്തി. കൊണ്ടോട്ടിയുടെ ഈ സവിശേഷത കൂടുതൽ ആഴത്തിൽ പഠിക്കപ്പെടേണ്ടതുണ്ട്.

ഈ മഹത്തായ പൈതൃകത്തെ ഇന്ന് മൂലധനശക്തികളും റിയൽ എസ്റ്റേറ്റ് ലോബികളും കയ്യാളിയിരിക്കുന്നു. ഇന്നത്തെ കൊണ്ടോട്ടിയിലെ ബുദ്ധിജീവികൾ, മൂലധനശക്തികളും, റിയൽ എസ്റ്റേറ്റ് ലോബികളും, പാറ മുതലാളിമാരുമാണ്. ഇവരുടെ കീഴിൽ രാഷ്ട്രീയപാർട്ടികളെല്ലാം ഒരു അവിശുദ്ധസഖ്യത്തിൽ ഏർപ്പെട്ടിരിക്കുന്നു. മാർക്സ് പറഞ്ഞപോലെ, കമ്യൂണിസത്തിന്റെയും ജനകീയതയുടെയും വേരറുക്കാൻ, കച്ചകെട്ടിയറങ്ങിയ, അദൃശ്യമായ, അവിശുദ്ധസഖ്യമാണ്, ഇന്ന് കൊണ്ടോട്ടിയെ ഭരിച്ചുപോരുന്നത്. അവരുടെ ഉപ്പും ചോറും തിന്നാണ് രാഷ്ട്രീയപാർട്ടികളും പ്രവർത്തകകരും വളരുന്നത്. പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. ഞാനും നിങ്ങളും, അറിഞ്ഞോ അറിയാതെയോ, അതിന്റെ ഭാഗമായാണ് ഇന്നു ജീവിക്കുന്നത്.

കൊണ്ടോട്ടിയുടെ ഭൂമിശാസ്ത്രത്തിന്റെയും പരിസ്ഥിതിയുടെയും പ്രത്യേകതകളെ അവഗണിച്ചുകൊണ്ട്, അതിന് ഒട്ടും വില കൊടുക്കാതെ, കൊണ്ടോട്ടിയുടെ ജനതയുടെ പൈതൃകത്തെയും പാരമ്പര്യത്തെയും വെല്ലുവിളിച്ചുകൊണ്ടാണ്, ഇന്ന് ഇവിടെ വികസനവും രാഷ്ട്രീയവും മുന്നോട്ടുപോകുന്നത്
കൊണ്ടോട്ടിയുടെ ഭൂമിശാസ്ത്രത്തിന്റെയും പരിസ്ഥിതിയുടെയും പ്രത്യേകതകളെ അവഗണിച്ചുകൊണ്ട്, അതിന് ഒട്ടും വില കൊടുക്കാതെ, കൊണ്ടോട്ടിയുടെ ജനതയുടെ പൈതൃകത്തെയും പാരമ്പര്യത്തെയും വെല്ലുവിളിച്ചുകൊണ്ടാണ്, ഇന്ന് ഇവിടെ വികസനവും രാഷ്ട്രീയവും മുന്നോട്ടുപോകുന്നത്

കൊണ്ടോട്ടിയുടെ ഭൂമിശാസ്ത്രത്തിന്റെയും പരിസ്ഥിതിയുടെയും പ്രത്യേകതകളെ അവഗണിച്ചുകൊണ്ട്, അതിന് ഒട്ടും വില കൊടുക്കാതെ, കൊണ്ടോട്ടിയുടെ ജനതയുടെ പൈതൃകത്തെയും പാരമ്പര്യത്തെയും വെല്ലുവിളിച്ചുകൊണ്ടാണ്, ഇന്ന് ഇവിടെ വികസനവും രാഷ്ട്രീയവും മുന്നോട്ടുപോകുന്നത്. ഇത് എല്ലാ പ്രസ്ഥാനങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും ധിഷണാശാലികളെയും ബാധിച്ചു. കമ്യൂണിസ്റ്റുകാരെയും ബാധിച്ചു. അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി. കൊണ്ടോട്ടിയിൽ കമ്യൂണിസ്റ്റ് പാർട്ടിക്കും പുരോഗമന ശക്തികൾക്കും ഇടപെടൽ ശേഷി നഷ്ടപ്പെട്ടു. പാടവും റോഡും നികന്നു. വെള്ളപ്പൊക്കം നഗരത്തെ ഇല്ലാതാക്കുന്ന ഭീഷണിയിൽ അകപ്പെട്ടു. കൊണ്ടോട്ടി ഒരു ചളിക്കുണ്ടായി. മാലിന്യ കൂമ്പാരത്തിൽ കഴിയുന്ന ജീവിതമായി. മുന്നോട്ടുപോകാൻ വഴിയില്ലാതെ ജീവിതം ഒരു നോക്കുകുത്തിയായി. ഈ പരിതോവസ്ഥയിൽ നിന്ന്, പാരിസ്ഥിതിക വിനാശത്തിൽനിന്ന്, വികസന വൈകൃതത്തിൽ നിന്ന്, നമുക്ക് എങ്ങനെ രക്ഷപ്പെടാനാകും? നൂറ്റാണ്ടുകളുടെ ഒരു സംസ്കൃതി മണ്ണിനടിയിൽ മാഞ്ഞുപോകുമോ? ദക്ഷിണേന്ത്യയിലെ തന്നെ എണ്ണപ്പെട്ട വാസ്തു വിസ്മയമായ ഖുബ്ബയും തഖിയയും തകർന്നു പോകുമോ? കൊണ്ടോട്ടിയുടെ വെള്ളത്തിലുള്ള, ഇ. കോളൻ ബാക്ടീരിയ, നമ്മെ രോഗാതുരമാക്കി, നമുക്ക് വംശനാശം കൊണ്ടു വരുമോ? കാൻസറിന്റെ വളർത്തുകേന്ദ്രമായി മാറിയ കൊണ്ടോട്ടിയെ, നമുക്ക് മാറ്റിയെടുക്കാൻ കഴിയുമോ? നാം ഉണ്ടാക്കിയ ബീഡി കമ്പനികൾ നമുക്ക് ക്ഷയരോഗം നൽകിയെങ്കിൽ, നമ്മുടെ മീൻ വിതരണ കേന്ദ്രം നമുക്ക് കാൻസർ നൽകുന്നു. നമ്മുടെ രാഷ്ട്രീയം ഒരു റിയൽ എസ്റ്റേറ്റ് ഗാനം ആലപിക്കുന്നു. നമ്മുടെ ആത്മീയത വിഭാഗീയതയിൽ മറയുന്നു. മോയിൻകുട്ടി വൈദ്യരും കവിതയും ഒരു കെട്ടുകാഴ്ച്ചയായി തീരുന്നു.

ഈ ദുഃസ്ഥിതികളിൽ നിന്ന് നമ്മെ ആരു രക്ഷിക്കും? കമ്യൂണിസ്റ്റുകാർ അതിനു തയ്യാറുണ്ടോ? അതോ അവർ, (ജിദ്ദു കൃഷ്ണമൂർത്തി തുടക്കത്തിൽ ചൂണ്ടിക്കാണിച്ചതു പോലെ), ഹീറോവർഷിപ്പിലും, കൃത്രിമമായ അച്ചടക്കത്തിലും, പരസ്പരമുള്ള മത്സരത്തിലും അനുകരണത്തിലും നിലകൊണ്ട്, സ്വയം ചരിത്രത്തിൽ നിന്ന് വിരമിക്കുമോ?

Comments