truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 18 May 2022

truecoppy
Truecopy Logo
Readers are Thinkers

Wednesday, 18 May 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
pinarayi vijayan

Police Brutality

പൊലീസ്​ പ്രതിക്കൂട്ടിലാകുമ്പോള്‍
ആഭ്യന്തരമന്ത്രിയും
പ്രതിക്കൂട്ടിലാകേണ്ടേ?

പൊലീസ്​ പ്രതിക്കൂട്ടിലാകുമ്പോള്‍ ആഭ്യന്തരമന്ത്രിയും പ്രതിക്കൂട്ടിലാകേണ്ടേ?

കൂലിപ്പണിക്കാരും തെരുവ് കച്ചവടക്കാരും വാഹനഡ്രൈവര്‍മാരുമെല്ലാമായ സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതവിയര്‍പ്പിന്റെ പ്രതിഫലത്തെ ഒരു കാരുണ്യവുമില്ലാതെയാണ് പൊലീസുകാര്‍ തട്ടിപ്പറിച്ചുകൊണ്ടിരിക്കുന്നത്. പൊലീസ് എന്നത് കെട്ടുറപ്പില്ലാത്ത, നിയന്ത്രണങ്ങളില്ലാത്ത ഒരു സംവിധാനമല്ല. ഭരണകൂടത്തിന്റെ ചട്ടുകമാണ് പൊലീസ്. പൊലീസിനെതിരായ എല്ലാ വിമര്‍ശനങ്ങളും ഭരണാധികാരിക്ക് കൂടി ബാധകമാണ്.

1 Aug 2021, 07:52 PM

ഷഫീഖ് താമരശ്ശേരി

മഹാമാരി തീര്‍ത്ത അനിശ്ചിതമായ ജീവിതസംഘര്‍ഷങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ വലയുന്ന സാധാരണക്കാരായ മനുഷ്യരോട് ഇവിടുത്തെ നിയമപാലക സംവിധാനം കാണിക്കുന്ന ക്രൂരമായ ചെയ്തികളുടെ വാര്‍ത്തകളാണ് തുടരെ തുടരെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രോഗിയായ ഭര്‍ത്താവും മക്കളുമടങ്ങുന്ന കുടുബം പട്ടിണിയാവാതിരിക്കാനായി മീന്‍ കച്ചവടത്തിനിറങ്ങിയ കൊല്ലം അഞ്ചുതെങ്ങിലെ വയോധികയുടെ മീന്‍കുട്ടകള്‍ പൊലീസുകാര്‍ ക്രൂരമായി തട്ടിമറിച്ചത് മുതല്‍ കാസര്‍ഗോട്ടെ അട്ടേങ്ങാനത്ത് പശുവിന് പുല്ലരിയാനായി പോയ ക്ഷീരകര്‍ഷകനില്‍ നിന്നും 2000 രൂപ പിഴ വാങ്ങിയതടക്കമുള്ള അനേകം സംഭവങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

സര്‍ക്കാര്‍ നിര്‍ദേശങ്ങളെല്ലാം പാലിച്ച് ജീവിച്ചിട്ടും അടിയന്തര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയ നേരങ്ങളില്‍ കാക്കിപ്പടയുടെ ലാത്തിയടിയും തെറിവിളിയുമേറ്റ്, ചോര കല്ലിച്ച മനസ്സും ശരീരവുമായി അസഹനീയമായ പ്രഹരങ്ങള്‍ പേറി തിരികെ വീട്ടിലേക്ക് നടക്കേണ്ടി വന്ന അനേകം മനുഷ്യരുണ്ടിവിടെ.

അന്നന്നത്തെ ഭക്ഷണം, വീടിന്റെ വാടക, കുട്ടികളുടെ പഠനം, ലോണുകളുടെ തിരിച്ചടവ്, ചികിത്സ തുടങ്ങിയ കഠിനമായ ജീവിത ചോദ്യങ്ങളോടെതിരിടാനായി മഹാമാരിയിലുളള ഭയത്തെ മാറ്റിവെച്ച് പുറത്തേക്കിറങ്ങിയ കൂലിപ്പണിക്കാരും തെരുവ് കച്ചവടക്കാരും വാഹനഡ്രൈവര്‍മാരുമെല്ലാമായ സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതവിയര്‍പ്പിന്റെ പ്രതിഫലത്തെ ഒരു കാരുണ്യവുമില്ലാതെയാണ് പൊലീസുകാര്‍ തട്ടിപ്പറിച്ചുകൊണ്ടിരിക്കുന്നത്. വല്ലപ്പോഴും ലഭിക്കുന്ന ഇളവ് ദിനങ്ങളില്‍ തുറക്കുന്ന കടകള്‍, അടയ്ക്കാന്‍ അഞ്ച് മിനിട്ട് വൈകിയെന്നാരോപിച്ച് അയ്യായിരവും പതിനായിരവുമൊക്കെ പിഴ ചുമത്തുന്ന പൊലീസുകാര്‍ ചെറുകിട വ്യാപാരികള്‍ക്ക് നേരെ യുദ്ധപ്രഖ്യാപനമാണ് നടത്തുന്നത്.

ALSO READ

ട്വൻറി ട്വൻറി കമ്പനി ഭരണം: ഒരു  ‘പറുദീസ'യുടെ മറച്ചുപിടിച്ച നേരിലേക്ക്

മനുഷ്യത്വരഹിതവും നീചവുമായ ഈ പൊലീസ് ക്രൂരതകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ മര്‍ദനങ്ങളേറ്റുവാങ്ങിയവരും വ്യാജ കേസുകളിലകപ്പെട്ടവരും നിരവധിയാണ്. അപ്രതീക്ഷിത അടച്ചുപൂട്ടലുകളെത്തുടര്‍ന്ന് ജീവിതത്തിന്റെ സര്‍വവും തകിടം മറിഞ്ഞ്, ദൈനംദിന ജീവിത താളത്തില്‍ നിന്ന് തെറ്റിവീണ്, ഇല്ലായ്മകളുടെ യാതനകളില്‍, നാളെയെക്കുറിച്ചുള്ള വേവലാതിയില്‍ കഴിയുന്ന പാവങ്ങളുടെ ജീവിതത്തെ യാതൊരു ദയാദാക്ഷിണ്യവുമില്ലാത്ത വിധത്തില്‍ ഇവിടുത്തെ നിയമപാലക സംവിധാനത്തിന് കയ്യേറ്റം ചെയ്യാന്‍ സാധിക്കുന്നുവെങ്കില്‍ അതിനുത്തരവാദികള്‍ ഭരണകൂടം തന്നെയാണ്. നിയന്ത്രണങ്ങളോ നിര്‍ദേശങ്ങളോ ഇല്ലാതെ, ഓരോരുത്തര്‍ക്കും തന്നിഷ്ടത്തോടെ തോന്നിയവിധം പെരുമാറാന്‍ സാധിക്കുന്ന ഒരു സംവിധാനമല്ല പൊലീസ് എന്നത്.

ആഭ്യന്തരവകുപ്പിന്റെ കൃത്യമായ നിയന്ത്രണത്തില്‍ തന്നെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ തലവനിപ്പോള്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെയാണ്. ഇക്കഴിഞ്ഞ ജൂലൈ 23ന് നടത്തിയ പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ ചില കണക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്.

2020 മാര്‍ച്ച് 25 മുതല്‍ 2021 ജൂലൈ 22 വരെ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 5,75,839 കേസ്സുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 5,19,862 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 3,42,832 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയതിന്റെ തലേദിവസം മാത്രം പൊലീസ് 40,21,450 രൂപ പിഴയായി ഈടാക്കിയെന്നാണ് അദ്ദേഹം വിശദീകരിച്ചത്. അതായത് ഒരു ദിവസം ശരാശരി 40 ലക്ഷം രൂപയോളം പൊലീസ് ജനങ്ങളില്‍ നിന്ന് പിഴയീടാക്കുന്നുവെന്നര്‍ത്ഥം.

ALSO READ

താഹ-അലന്‍-യു.എ.പി.എ: സി.പി.എമ്മിന്റെ ചരിത്രപരമായ മറ്റൊരു മണ്ടത്തരം

കൊവിഡ് രണ്ടാം വ്യാപനവും രണ്ടാം ലോക്ഡൗണും സൃഷ്ടിച്ച അതി തീവ്രമായ സാമൂഹിക - സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കിടയില്‍ കേരളത്തിലെ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും നീങ്ങുന്ന നാളുകളിലാണ് ഒരു ദിവസം മാത്രം ജനങ്ങളില്‍ നിന്ന് 40 ലക്ഷം രൂപ പിഴയീടാക്കിയെന്നത് മുഖ്യമന്ത്രി മഹത്തരമായി അവതരിപ്പിക്കുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇതാദ്യമായല്ല പൊലീസിന് നേരെ രൂക്ഷമായ വിമര്‍ശനങ്ങളുയരുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കൊലകളും കസ്റ്റഡി കൊലപാതകങ്ങളും മര്‍ദനകളും അന്യായമായ ലാത്തിച്ചാര്‍ജുകളുമെല്ലാമടക്കം ഒട്ടേറെ സംഭവങ്ങളില്‍ പൊലീസ് പ്രതികളായിരുന്നു.

ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ഒരു മുന്നണി അധികാരത്തിലിരിക്കുമ്പോള്‍ സംഭവിക്കാന്‍ പാടില്ലാത്ത ഒട്ടനേകം ദാരുണ പ്രവൃത്തികള്‍ പൊലീസില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടായിട്ടും ആഭ്യന്തരവകുപ്പ് തലവനെന്ന നിലയില്‍ യാതൊരു നടപടിയും പൊലീസിന് നേരെ മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല എന്ന് മാത്രമല്ല അന്വേഷണങ്ങള്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. പകരം "നിങ്ങള്‍ പൊലീസിന്റെ മനോവീര്യം കെടുത്തരുത്' എന്നാണ് അദ്ദേഹം മാധ്യമങ്ങളോടും ജനങ്ങളോടുമായി പറഞ്ഞത്.

police

നിലമ്പൂരിലും വൈത്തിരിയിലും മഞ്ചിക്കണ്ടിയിലും വാളാരംകുന്നിലുമായി എട്ട് മാവോയിസ്റ്റുകളെയാണ് കഴിഞ്ഞ ഭരണകാലത്ത് പൊലീസ് ഏകപക്ഷീയമായി വെടിവെച്ച് കൊലപ്പെടുത്തിയത്. വണ്ടൂരിലെ അബ്ദുല്‍ ലത്തീഫ്, തമിഴ് തൊഴിലാളിയായ കാളിമുത്തു, കുണ്ടറയിലെ കുഞ്ഞുമോന്‍, പാവറട്ടിയിലെ വിനായകന്‍, പട്ടിക്കാട്ടെ ബൈജു, മാറനല്ലൂരിലെ വിക്രമന്‍, കൊല്ലം നൂറനാട്ടെ രാജു, തൊടുപുഴയിലെ രജീഷ്, ആലപ്പുഴ കഞ്ഞിക്കുഴിയിലെ സുമി, ബിച്ചു, തിരുവനന്തപുരം വാളിയോട്ടെ അപ്പുനാടാര്‍, കാസര്‍ഗോട്ടെ സന്ദീപ്, വരാപ്പുഴയിലെ ശ്രീജിത്ത്, കൊട്ടാരക്കരയിലെ മനു, പിണറായിയിലെ ഉനൈസ്, കളയിക്കാവിളയിലെ അനീഷ്, തിരുനെല്‍വേലി സ്വദേശി സ്വാമിനാഥന്‍, കോട്ടയം മണര്‍ക്കാട്ടെ നവാസ്, പീരുമേട്ടിലെ രാജ്കുമാര്‍, തിരൂരിലെ രഞ്ജിത്ത് കുമാര്‍, തിരുവന്തപുരം കരിമഠം കോളനിയിലെ അന്‍സാരി, ചിറ്റാറിലെ പി.പി മത്തായി, വടക്കഞ്ചേരിയിലെ ഷമീര്‍, കാഞ്ഞിരപ്പള്ളിയിലെ ഷഫീഖ് തുടങ്ങി 33 ഓളം ജീവനുകളാണ് കഴിഞ്ഞ ഭരണകാലത്ത് സര്‍ക്കാറിന് കീഴിലെ പൊലീസ്, ഫോറസ്റ്റ്, എക്‌സൈസ് തുടങ്ങിയ സേനകള്‍ അപഹരിച്ചിട്ടുള്ളത്.

ഇതില്‍ നിരവധി സംഭവങ്ങളില്‍ പൊലീസിന് നേരെ തെളിവുകള്‍ സഹിതം പരാതി സമര്‍പ്പിക്കപ്പെടുകയും ജനകീയ പ്രക്ഷോഭങ്ങളുണ്ടാവുകയുമെല്ലാം ചെയ്തതാണ്. എന്നിട്ടും മാതൃകാപരമായ നടപടികളുണ്ടായിട്ടില്ല. പകരം കുറ്റവാളികളെ സംരക്ഷിക്കുകയാണ് പൊലീസ് ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ ജനങ്ങള്‍ക്ക് നേരെ എന്ത് കയ്യേറ്റവും ചെയ്യാന്‍ മനോധൈര്യം ലഭിച്ചിട്ടുള്ള പൊലീസുകാര്‍ ഈ മഹാമാരിക്കാലത്തും ജനങ്ങളുടെ മെക്കിട്ട് കയറുമ്പോള്‍ അതിനുത്തരവാദികള്‍ അവരെ നിയന്ത്രിക്കുന്നവര്‍ കൂടിയാണ്.

ALSO READ

സി.പി. ജലീലിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലക്ക് തെളിവായി, എന്നിട്ടും അന്വേഷിക്കാത്തതെന്ത്?

വാളയാറിലെ ഇരട്ട സഹോദരിമാരുടെ കൊലപാതകത്തെ ആത്മഹത്യയാക്കി ചിത്രീകരിച്ച് പ്രതികളെ രക്ഷപ്പെടാന്‍ പൊലീസ് സഹായിച്ച സംഭവം, കോട്ടയത്ത് ദുരഭിമാനക്കൊലയുടെ ഇരയായ കെവിന്‍ ജോസഫിനെ രക്ഷിക്കുവാന്‍ സാധിക്കുമായിരുന്നിട്ടും അത് ചെയ്യാതിരുന്നത്, പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ഓഫീസിലെത്തിയ അമ്മ മഹിജയെ നടുറോട്ടിലൂടെ വലിച്ചിഴച്ചത്, ഗെയില്‍ വാതക പൈപ്പ്‌ലൈനിനെതിരെ കോഴിക്കോട് മുക്കത്തും, ഐ.ഒ.സി പ്ലാന്റിനെതിരെ എറണാകുളം പുതുവൈപ്പിലും നടന്ന പ്രദേശവാസികളുടെ സമരത്തെ ഭീകരമായ ലാത്തിച്ചാര്‍ജിലൂടെ അടിച്ചമര്‍ത്തിയത്, കണ്ണൂര്‍ പാലത്തായില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകനായ അധ്യാപകന് ജാമ്യം ലഭിക്കുന്ന തരത്തില്‍ കുറ്റപത്രം വൈകി സമര്‍പ്പിക്കുകയും മതിയായ തെളിവുകള്‍ ശേഖരിക്കാതിരിക്കുകയും ചെയ്തത്, പത്രപ്രവര്‍ത്തകനായ കെ.എം. ബഷീറിനെ ഐ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് രക്ഷപ്പെടുന്നതിനുള്ള അവസരങ്ങളൊരുക്കിക്കൊടുത്തത്, രാത്രി പുറത്തിറങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങളെ എറണാകുളത്തും കോഴിക്കോടും വെച്ച് അടിച്ചോടിച്ചത്, എറണാകുളത്ത് രാത്രി റെയില്‍വേ സ്റ്റേഷനിലേക്ക് ഒറ്റയ്ക്ക് നടന്നുപോയതിന് അമൃത എന്ന പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ കൊണ്ടുപോവുകയും സുഹൃത്ത് പ്രതീഷിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിക്കുകയും ചെയ്തത്, കൊച്ചിയില്‍ ഡി.വൈ.എസ്.പിയ്‌ക്കെതിരെ പരാതിയുമായെത്തിയ വീട്ടമ്മയെ ഒതുക്കാന്‍ പൊലീസ് തന്നെ ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയ സംഭവം, വരാപ്പുഴയില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ട(ഇവര്‍ നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞു) എഴുപത് കഴിഞ്ഞ വയോധികയെക്കൊണ്ട് പണം തിരികെ നല്‍കാനെന്ന് പറഞ്ഞ് വീടും പുരയിടവും പൊലീസുകാര്‍ വില്‍പ്പിച്ചത്, എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ സുരേഷ് എന്ന ബസ് ഡ്രൈവറെ ഇരുമ്പ് വടി കൊണ്ട് അടിച്ച് നട്ടെല്ല് തകര്‍ത്തത്, കൊല്ലം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ വെച്ച് രാജീവ്, ഷിബു എന്നീ ദളിത് യുവാക്കളെ കോടതിയില്‍ പോലും ഹാജരാക്കാതെ അഞ്ച് ദിവസത്തോളം ക്രൂരമായ ലോക്കപ്പ് മര്‍ദനങ്ങള്‍ക്കിരയാക്കിയത് തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര സംഭവങ്ങളിലാണ് അന്ന് പൊലീസിന് നേരെ അതിരൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നിട്ടുള്ളത്. ഈ സംഭവങ്ങളിലെല്ലാം പൊലീസിനെ ന്യായീകരിക്കുക മാത്രമാണ് ഭരണകൂടവൃത്തങ്ങള്‍ ചെയ്തിട്ടുള്ളത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഭ്യന്തരവകുപ്പില്‍ നിന്നും പുറത്തുവന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരള പൊലീസിന്റെ വിവിധ തസ്തികകളിലായി 1129 ക്രിമിനലുകളുണ്ട്. ഇവര്‍ക്കെതിരെ പൊലീസ് ആക്ടിലെ 86-ാം വകുപ്പ് പ്രകാരം നടപടികളെടുക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്ന് നിര്‍ദേശിച്ചത്. നടപടികളെടുത്തതിന് ശേഷം ആഭ്യന്തരവകുപ്പ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാനും 2018 ഏപ്രില്‍ 12ന് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അന്ന് പേരിനൊരു റിപ്പോര്‍ട്ട് നല്‍കിയെന്നതല്ലാതെ പൊലീസിലെ ക്രമിനലുകള്‍ക്കെതിരെ സമയബന്ധിതമായ യാതൊരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നില്ല. ക്രിമിനല്‍ മുക്തമായതും ജനസൗഹൃദപരവുമായ ഒരു പൊലീസ് സംവിധാനത്തെ സര്‍ക്കാറിന് വേണ്ട എന്നത് തന്നെയാണ് അതിനര്‍ത്ഥം.

ALSO READ

മാവോയിസ്റ്റ് വേട്ട; പിണറായി മൗനം വെടിയണം

ഭരണകൂടദാസ്യത്തിലൂടെ തങ്ങള്‍ സൃഷ്ടിച്ചെടുത്ത കൃത്രിമവും വിശാലവുമായ ഒരു വിഹാരലോകത്തിരുന്ന് തങ്ങള്‍ തന്നെയാണ് നീതിയും നിയമവുമെന്ന് വരുത്തിത്തീര്‍ക്കുന്ന ഈ പോലീസ് സേന ജനാധിപത്യ വ്യവസ്ഥയുടെ സകല മൂല്യങ്ങളേയും കാറ്റില്‍ പറത്തുകയാണ് ചെയ്യുന്നത്.

പൗരന്റെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഭരണഘടനാപരമായ ബാധ്യതകളുള്ള പൊലീസ് എന്ന സംവിധാനത്തെ അതിന്റെ നേര്‍ വിപരീതാവസ്ഥകളില്‍ മാത്രം കണ്ടുശീലിച്ച അനുഭവവുമാണ് നമുക്കുള്ളത്. ജനകീയവും ജനസൗഹൃദപരവുമായ ഒരു പൊലീസ് സംവിധാനത്തെ സാക്ഷാത്കരിക്കുക എന്നത് ജനാധിപത്യ ഭരണകൂടങ്ങളുടെ അടിസ്ഥാന കടമകളിലൊന്നായിട്ടും, അധികാര താത്പര്യങ്ങളെ സാധിച്ചെടുക്കാനും അവ നിലനിര്‍ത്താനുമുള്ള ഒരു മര്‍ദനോപാധി എന്നതിനപ്പുറം പൊലീസ് സേനയെ ഇവിടുത്തെ ഭരണകൂടങ്ങള്‍ വിനിയോഗിക്കാത്തത് തന്നെയാണ് അടിസ്ഥാനപരമായി പൊലീസിന്റെ ജനാധിപത്യവത്കരണത്തെ അസാധ്യമായ ഒന്നാക്കി മാറ്റുന്നത്.

ഒരിക്കല്‍കൂടി ആവര്‍ത്തിക്കുന്നു. പൊലീസ് എന്നത് കെട്ടുറപ്പില്ലാത്ത, നിയന്ത്രണങ്ങളില്ലാത്ത ഒരു സംവിധാനമല്ല. ഭരണകൂടത്തിന്റെ ചട്ടുകമാണ് പൊലീസ്. പൊലീസിനെതിരായ എല്ലാ വിമര്‍ശനങ്ങളും ഭരണാധികാരിക്ക് കൂടി ബാധകമാണ്.

ഷഫീഖ് താമരശ്ശേരി  

പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്

  • Tags
  • #Police Brutality
  • #Left
  • #Pinarayi Vijayan
  • #Shafeeq Thamarassery
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 Alan-shuhaib-Thaha-Fasal.jpg

Interview

ഷഫീഖ് താമരശ്ശേരി

ഇടതുസർക്കാറിനുകീഴിൽ പോലും ഫ്യൂഡൽ പീഡനകേന്ദ്രങ്ങളായി തുടരുന്നു കേരളത്തിലെ ജയിലുകൾ

May 17, 2022

43 Minutes Watch

kothi

Environment

ഷഫീഖ് താമരശ്ശേരി

പുഴയോരത്ത് തിങ്ങിഞെരുങ്ങി കഴിയുന്ന ഞങ്ങള്‍ക്കിടയില്‍ തന്നെ വേണോ മലിനജല സംസ്‌കരണ പ്ലാന്റ്?

Apr 30, 2022

7 Minutes Read

Farook College

Human Rights

ഷഫീഖ് താമരശ്ശേരി

പീഡനക്കേസ് പ്രതി കമറുദ്ദീന്‍ പരപ്പില്‍ പൊതുജീവിതം ആഘോഷിക്കുമ്പോള്‍ നീതി കിട്ടാത്ത പെണ്‍കുട്ടി എവിടെയുണ്ട്?

Apr 30, 2022

10 Minutes Read

Pavithran Sarada Haji Elathur

Documentary

ഷഫീഖ് താമരശ്ശേരി

പവിത്രനും ശാരദയും നോമ്പിന് കഞ്ഞിയൊരുക്കുന്ന ഹാജിയാരും

Apr 29, 2022

15 Minutes Watch

 Shafeek.jpg

Political Violence

ഷഫീഖ് താമരശ്ശേരി

വയലന്‍സിന്റെ സ്വന്തം നാട്ടില്‍ പൊലീസിന് എന്താണ് പണി?

Apr 16, 2022

4 Minutes Watch

 Anand Telumbde and Ambedkar Illustration: Siddhesh Gautam

Human Rights

ഷഫീഖ് താമരശ്ശേരി

തെല്‍തുംദെയെ ജയിലിലടച്ച അംബേദ്കര്‍ ജയന്തി

Apr 14, 2022

10 Minutes Read

Shafeeq Thamarassery

CITIZEN'S DIARY

ഷഫീഖ് താമരശ്ശേരി

ജോര്‍ജ് എം തോമസിന്​ സി.പി.എം നാക്കുപിഴ ആനുകൂല്യം നൽകരുത്​

Apr 13, 2022

5 Minutes Watch

CPIM Party Congress 2022

Photo Story

ഷഫീഖ് താമരശ്ശേരി

എല്ലാത്തിനും മേൽ എൻ പേര്​ സി.പി.എം

Apr 12, 2022

13 Minutes Read

Next Article

ഇസ്‌ലാമിലേക്കുള്ള മതംമാറ്റത്തെ  ഭീതിയായി അവതരിപ്പിക്കുന്നതിനുപുറകില്‍

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster