കോവിഡ് ബാധിച്ച് മരിച്ച മാധ്യപ്രവർത്തകർ 346; മുന്നണി പ്രവർത്തകരായി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതിയിൽ ആവശ്യം

Think

2020 ഏപ്രിൽ മുതൽ രാജ്യത്ത് 346 മാധ്യപ്രവർത്തകർ കോവിഡ്-19 ബാധിച്ച് മരിച്ചെന്നും, മാധ്യമപ്രവർത്തകരെ അടിയന്തരമായി മുന്നണി പ്രവർത്തകരായി കണക്കാക്കണമെന്നും സുപ്രീം കോടതിയിൽ ആവശ്യം. കോവിഡുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ സമർപ്പിച്ച ഇന്റർവെൻഷൻ അപ്ലിക്കേഷനിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.

2020 ഏപ്രിൽ 1 നും 2021 മെയ് 19നും ഇടയ്ക്ക് 253 മാധ്യമപ്രവർത്തകർ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചെന്നും, സ്ഥിരീകരിക്കാത്ത 93 മരണങ്ങളുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർസെപ്ഷൻ സ്റ്റഡീസ് ഡയരക്ടർ ഡോ. കോട്ട നീലിമയ്ക്കു വേണ്ടി അഡ്വക്കറ്റ് ലുബ്‌ന നാസ് സമർപ്പിച്ച അപ്ലിക്കേഷനിൽ പറയുന്നു.

മഹാമാരിക്കിടയിലെ മാധ്യപ്രവർത്തകരുടെ അവസ്ഥ ഉയർത്തിക്കാട്ടുന്ന അപേക്ഷയിൽ, ഇവർക്കും കുടുംബത്തിനും മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടതായി ലെെവ് ലോ റിപോർട്ടു ചെയ്യുന്നു.

""മേൽ സമർപ്പിച്ചിരിക്കുന്ന ലിസ്റ്റ് സമ്പൂർണമല്ല. മരണപ്പെട്ടവരിൽ 34 ശതമാനം പേർ മെട്രോ നഗരങ്ങളിൽ നിന്നുള്ളവരാണെങ്കിൽ ചെറു പട്ടണങ്ങളിൽ നിന്ന് മരണപ്പെട്ടത് 66 ശതമാനം മാധ്യമപ്രവർത്തകരാണെന്ന് ലഭ്യമായ ഡാറ്റയിൽ നിന്ന് അനുമാനിക്കാം. മരണപ്പെട്ടവരിൽ 54 ശതമാനത്തോളം ആളുകൾ അച്ചടി മാധ്യമങ്ങളിൽ പ്രവർത്തിച്ചവരാണ്. 41നും 50നും ഇടയ്ക്ക് പ്രായമുള്ളവാണ് മരണപ്പെട്ടവരിൽ അധികവും.''

ജേണലിസ്റ്റുകളെ മുന്നണി പ്രവർത്തകരായി അംഗീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തെഴുതിയിട്ടും, ഇവർക്ക് വാക്‌സിൻ വിതരണത്തിൽ മുൻഗണന ലഭിച്ചില്ലെന്ന് ഐ.എയിൽ പറയുന്നു.

ഐ.എ മുന്നോട്ടു വെച്ച ആവശ്യങ്ങൾ

1) മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരെ മുൻനിരപ്രവർത്തകരായി അംഗീകരിക്കുക. ഈ ഗണത്തിൽ പെടുന്ന ജോലിക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ അത് വഴി ഇവർക്ക് ലഭ്യമാക്കുക.

2) കോവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട ആരോഗ്യ പരിരക്ഷകളും സേവനങ്ങളും മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് (അക്രഡിറ്റ് ആയവർക്കും അല്ലാത്തവർക്കും) ഉപകാരപ്പെടത്തക്ക രീതിയിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടപ്പിൽ വരുത്താനായി സമഗ്രമായ മാർഗ നിർദേശങ്ങൾ തയ്യാറാക്കുക.

3) ഈ അടിയന്തരഘട്ടത്തിൽ മാധ്യപ്രവർത്തകർക്ക് സർക്കാർ, സ്വകാര്യ ആശുപത്രകളിൽ ചികിത്സ സൗജന്യമാക്കാൻ സർക്കാറിനെ നിർദേശിക്കുക.

4) മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പരിഹാര പിന്തുണയെന്നോണം സാമ്പത്തിക സഹായം, തൊഴിൽ നൽകാൻ സർക്കാറിനെ നിർദേശിക്കുക.

5) ഇതു പ്രകാരം വിതരണം ചെയ്യേണ്ട ഏറ്റവും ചുരുങ്ങിയ തുക നിശ്ചയിക്കുക.

6) കോവിൻ പോർട്ടലിൽ രജിസ്ട്രർ ചെയ്യുന്നത് നിർബന്ധമല്ലാതാക്കി, വാക് ഇൻ രജിസ്ട്രഷൻ വഴി വാക്‌സിൻ എടുക്കാനുള്ള സൗകര്യം മാധ്യമപ്രവർത്തകർക്ക് നൽകാൻ സർക്കാറിനെ നിർദേശിക്കുക.

7) അക്രഡിറ്റഡ്-അതല്ലാത്തത്, സ്ഥിര ജോലി-ഫ്രീലാൻസ്, ഗ്രാമീണ-നഗര, ടെക്‌നീഷ്യൻ-സഹായി തുടങ്ങിയ വേർതിരിവുകൾ പരിഗണിക്കാതിരിക്കാൻ സർക്കാറിനെ നിർദേശിക്കുക.

8) എഡിറ്റോറിയൽ സ്റ്റാഫ്, ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ, ടെക്‌നീഷ്യൻ, ടെക്‌നിക്കൽ സ്റ്റാഫ്, സഹായികൾ തുടങ്ങിയവരെ ജേണലിസ്റ്റ് ആന്റ് മീഡിയ പേർസൺസ് എന്നതിന്റെ നിർവചനത്തിന് കീഴിൽ കൊണ്ടുവരാൻ നിർദേശിക്കുക.

Comments