5 വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 81 പൊലീസുകാ‍ർ, സ്വയം വിരമിച്ചത് 175 പേർ; കുലുക്കമില്ലാതെ ആഭ്യന്തര വകുപ്പ്

കണക്കുകൾ പ്രകാരം കേരളത്തിലെ പൊലീസ് വകുപ്പിൽ അഞ്ച് വർഷത്തിനിടെ 81 പേരാണ് ആത്മഹത്യ ചെയ്തത്. 15 പേർ ആത്മഹത്യശ്രമവും നടത്തി. അഞ്ചുവർഷത്തിനിടെയുണ്ടായ ആത്മഹത്യകളുടെ അപകടരമായ വർധനവ് ഗൗരവകരമായ വിഷയമായി പരിഗണിക്കുകയും തക്കതായ പരിഹാരമാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. പൊലീസ് വകുപ്പിൽ വർധിച്ചുവരുന്ന ആത്മഹത്യകളെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ഒരു അന്വേഷണം.

സംസ്ഥാന ആഭ്യന്തര വകുപ്പിൻെറ കണക്കുകൾ പ്രകാരം കേരളത്തിലെ പൊലീസ് വകുപ്പിൽ അഞ്ച് വർഷത്തിനിടെ 81 പേരാണ് ആത്മഹത്യ ചെയ്തത്. 15 പേർ ആത്മഹത്യശ്രമവും നടത്തി. 2019 ജനുവരി മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോഴാണ് അപകടകരമായ ഈ വസ്തുത പുറത്തുവരുന്നത്. ഇത്തരത്തിലുള്ള വാർത്തകൾ പുറത്തുവരുമ്പോൾ സേനാംഗങ്ങളുടെ മനോബലം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വാഗ്ദാനം ഉയർത്താറുണ്ടെങ്കിലും അതൊന്നും തന്നെ പ്രാവർത്തികമാകുന്നില്ലെന്നതാണ് വസ്തുത. ഇത്തരത്തിൽ രൂപീകരിക്കുന്ന പദ്ധതികളെല്ലാം കേവലം സർക്കുലറുകളായി മാത്രം ഒതുങ്ങുകയാണ്.

ആഭ്യന്തരവകുപ്പിൻെറ കണക്കുകൾ പ്രകാരം 2019-ൽ മാത്രമായി 18 പോലീസുകാരാണ് ആത്മഹത്യ ചെയ്തത്. 2020-ൽ 10 പേർ ആത്മഹത്യ ചെയ്തു. 2021-ൽ 8 പേർ, 2022-ൽ 20 പേർ, 2023 മുതൽ ഇതുവരെ 25 പേർ എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത സേനാംഗങ്ങളുടെ കണക്ക്. 2023 ഓഗസ്റ്റ് വരെയുള്ള 169 ആത്മഹത്യകളുടെ കാരണങ്ങൾ പൊലീസ് ആസ്ഥാനത്ത് അവലോകനം നടത്തിയിരുന്നു. അക്കാലയളവിൽ ആത്മഹത്യ ചെയ്ത 30 പേരിൽ 16 പേരുടെ ആത്മഹത്യാകാരണം കുടുംബപരമായ പ്രശ്നങ്ങളാണെന്നാണ് വിലയിരുത്തൽ. ആരോഗ്യപരമായ കാരണങ്ങളാലാണ് 5 പേർ ആത്മഹത്യ ചെയ്തത്. വിഷാദരോഗത്താൽ 20 പേരും ജോലി സമ്മർദ്ദം മൂലം 7പേരും സാമ്പത്തിക കാരണങ്ങളാൽ 5 പേരും ആത്മഹത്യ ചെയ്തുവെന്നാണ് കണ്ടെത്തൽ. അതിൽ 2 പേർ ജീവനൊടുക്കിയതിന്റെ കാരണം ഇതുവരെയും വ്യക്തമല്ല.

പൊലീസ് വകുപ്പിൽ വർധിച്ചുവരുന്ന ആത്മഹത്യകളുടെ കാലത്തും അതിന്റെ യഥാർഥ പ്രശ്‌നം കണ്ടെത്താനോ പരിഹാരങ്ങൾ നിർദേശിക്കാനോ വകുപ്പ് തയാറാകുന്നില്ലെന്നത് പ്രതിഷേധാർഹമായ കാര്യമാണ്.
പൊലീസ് വകുപ്പിൽ വർധിച്ചുവരുന്ന ആത്മഹത്യകളുടെ കാലത്തും അതിന്റെ യഥാർഥ പ്രശ്‌നം കണ്ടെത്താനോ പരിഹാരങ്ങൾ നിർദേശിക്കാനോ വകുപ്പ് തയാറാകുന്നില്ലെന്നത് പ്രതിഷേധാർഹമായ കാര്യമാണ്.

ജോലി മടുത്ത് സ്വയം വിരമിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വയം വിരമിക്കലിന് തൽക്കാലം അനുമതി നൽകേണ്ടതില്ല എന്ന തീരുമാനത്തിലേക്കാണ് ആഭ്യന്തരവകുപ്പ് എത്തിച്ചേർന്നിരിക്കുന്നത്. 2019 ജനുവരി മുതൽ ഇതുവരെയുള്ള കാലയളവിൽ 175 പേരാണ് സ്വയം വിരമിക്കൽ തെരഞ്ഞെടുത്തത്. സ്വയം വിരമിക്കലിന് അപേക്ഷിച്ചവരിൽ 64 പേർ ആരോഗ്യപ്രശ്നമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. 27 പേർ കുടുംബപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്വയം വിരമിക്കൽ തെരഞ്ഞെടുത്തപ്പോൾ 3 പേർ മേലുദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം കാരണമാണ് വിരമിക്കൽ അവശ്യപ്പെട്ടത്. 7പേർ വിദേശ ജോലി തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായും 3 പേർ സ്വന്തമായി സംരംഭം തുടങ്ങുന്നതിനു വേണ്ടിയും സ്വയം വിരമിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.

എംബിബിഎസും ബിടെക്കും അടക്കം ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള നിരവധിപേർ സേനയുടെ ഭാഗമായിരുന്നു. ജോലിസമ്മർദ്ദം വർധിച്ചതോടെ അവരിൽ പലരും ജോലിമടുക്കുകയും ജോലിയിൽ നിന്നും വിരമിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചുവന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പോലീസ് സേനയിലേക്ക് പ്രൊഫഷണലുകളുടെ വരവ് കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജോലിയിൽ പ്രവേശിച്ചതിന് ശേഷം മാത്രമല്ല, പരിശീലനകാലത്തും നിരവധിപേർ സേന വിട്ട് പുറത്തുപോകുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച എസ്.ഐ പരിശീലന ബാച്ചിൽ നിന്നും 14 പേരാണ് വിട്ടുപോയത്. 11 പേർ പരിശീലനം ഉപേക്ഷിച്ച് മറ്റ് ജോലികളിലേക്ക് പോകാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. എസ്.ഐ പരിശീലനത്തിന് മുമ്പ് ഒപ്പുവെക്കുന്ന ബോണ്ട് പ്രകാരം കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് പിരിഞ്ഞുപോവുകയാണെങ്കിൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകേണ്ടതുണ്ട്. ഈ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയാണ് ഇവരെല്ലാം സേനവിട്ട് പുറത്തുവരുന്നത് എന്നതാണ് പ്രധാന വസ്തുത. സിവിൽ പൊലീസ് പരിശീലനത്തിന്റെ ഭാഗമാകുന്നവരും ബോണ്ട് പ്രകാരം നൽകേണ്ട 50000 രൂപ നഷ്ടപരിഹാരമായി നൽകി പിരിഞ്ഞുപോകുന്ന പ്രവണതയും വർധിച്ചുവരുന്നുണ്ട്. കമ്പനി, ബോർഡ്, കോർപ്പറേഷൻ അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് പട്ടികയിലുൾപ്പെട്ടവരും എസ്.ഐ. പരിശീലനം ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. എസ്.ഐ തസ്തികയേക്കാൾ താഴെയുള്ള ജോലി സ്വീകരിക്കാൻ ട്രെയിനികൾ തയ്യാറാകുന്നുണ്ടെന്നതും മറ്റൊരു വസ്തുതയാണ്.

2017-ൽ പോലീസ് വകുപ്പിൽ 18929 അധിക തസ്തികകൾ അനുവദിക്കണമെന്ന് ഡി.ജി.പി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ട് സമർപ്പിച്ച് 7 വർഷം പൂർത്തിയാകുമ്പോഴും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 400 പേർക്ക് ഒരു പോലീസുകാരൻ എന്ന നിലയിലാണ് അന്താരാഷ്ട്ര തലത്തിൽ പരിഗണിക്കുന്നത്. എന്നാൽ കേരളത്തിലേക്ക് വരുമ്പോൾ അത് 656 പേർക്ക് ഒരു പോലീസുകാരൻ എന്ന നിലയിലാണ് പരിഗണിക്കുന്നത്. ഇത്തരത്തിൽ വകുപ്പിലുണ്ടാകുന്ന അശ്രദ്ധകൾ പൊലീസുകാരുടെ ജോലിഭാരം കൂട്ടുന്നതിനും അവരുടെ വിശ്രമസമയം കുറയുന്നതിനും കാരണമാകുന്നു. ബാംഗ്ലൂൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിംഹാൻസുമായി ചേർന്ന് പൊലീസുകാർക്ക് കൗൺസിലിംഗ് നൽകുന്ന ഒരു പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്നാൽ ആ പദ്ധതിയും ഇതുവരെ നടപ്പിലാക്കപ്പെട്ടിട്ടില്ല.

ഉമേഷ് വള്ളിക്കുന്ന്
ഉമേഷ് വള്ളിക്കുന്ന്

പൊലീസ് സേനക്കുള്ളിൽ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ആത്മഹത്യകളെക്കുറിച്ചും അമിത ജോലിഭാരം, ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദങ്ങൾ അടക്കമുള്ള കാര്യങ്ങളെക്കുറിച്ചും സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുകയാണ്. പൊലീസ് വകുപ്പിനകത്തെ പ്രശ്നങ്ങൾ തുറന്നുസംസാരിക്കുകയും അധികാരികളോട് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തുവെന്ന കാരണത്താൽ മൂന്ന് തവണ സസ്പെൻഷന് വിധേയനായിട്ടുള്ള ഉദ്യോഗസ്ഥനാണ് ഉമേഷ് വള്ളിക്കുന്ന്:

‘ഒരിക്കലും അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ലല്ലോ. ഉപരിപ്ലവമായ പരിഹാരങ്ങൾ മാത്രമാണ് ഉണ്ടാകുന്നത്. സ്ട്രെസ് കുറക്കാൻ യോഗ ചെയ്താൽ മതിയെന്നാണ് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞത്. ഡ്യൂട്ടിക്കിടയിൽ പോലും യോഗ ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. തുടർച്ചയായി ആത്മഹത്യകൾ ഉണ്ടാകുമ്പോഴാണ് അത് പരിഹരിക്കാൻ നിർദ്ദേശങ്ങളില്ലാതെ പോവുന്നത്. കഴിഞ്ഞ ജൂൺ മാസത്തിൽ 6 ദിവസത്തിനിടയിൽ അഞ്ചുപേർ ആത്മഹത്യ ചെയ്തു. ഡിപ്പാർട്ട്‌മെന്റ് ആ വിഷയം പരിഗണിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തിരുന്നില്ല. പിന്നീട് നമ്മൾ പോസ്റ്റിടുകയും വാർത്തകൾ വരുകയുമൊക്കെ ചെയ്തതിനുശേഷമാണ് ഈ സംഭവത്തിൽ അത്തരത്തിലൊരു ശ്രദ്ധ ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. ഏതൊരു വകുപ്പാണെങ്കിലും ഒന്നോ രണ്ടോ ആത്മഹത്യകൾ ഉണ്ടാകുമ്പോൾ അതിന്റെ കാരണമൊക്കെ അന്വേഷിക്കും. എന്നാൽ ഇവിടെ അങ്ങനെയൊന്നും സംഭവിച്ചില്ല. വളരെ ശാന്തമായി ആറ് സ്ഥലത്ത് ആറുപേർ മരിച്ചുവെന്ന നിലയിൽ ഒതുങ്ങിപ്പോവുകയായിരുന്നു. അങ്ങനെയാണ് കഴിഞ്ഞ നാല് വർഷത്തിനിടയിൽ എൺപതിലധികം ആത്മഹത്യകൾ ഉണ്ടാവുകയൊക്കെ ചെയ്യുന്നത്.

അടിസ്ഥാനപരമായി സേനാബലം കുറവാണെന്നതാണ് പ്രശ്നം. അതായത് സ്റ്റേഷനുകളിൽ പൊലീസുകാരുടെ എണ്ണം കുറവാണ്. പുതിയ ആളുകളെ ആവശ്യത്തിന് ഉപയോഗിക്കുന്നില്ല. പകുതിയിലും താഴെ ആളുകൾ മാത്രമെ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നുള്ളു. ബാക്കിയുള്ളവർ പലരും സുഖകരമായ സാഹചര്യങ്ങളിൽ രക്ഷപ്പെട്ട് പോവുകയാണ്. അതുകൊണ്ട് തന്നെ പൊലീസ് സ്റ്റേഷനുകളിൽ പണിയെടുക്കാൻ ആവശ്യമായ പൊലീസുകാരില്ല. ഇതൊന്നും പരിഗണിക്കാതെ യോഗ പോലെയുള്ള നിസാരമായ പരിഹാരമാർഗങ്ങൾ ചെയ്തിട്ട് ഒരു കാര്യവുമില്ല. സാമ്പത്തിക ബാധ്യതയടക്കം പലകാരണങ്ങൾ ആത്മഹത്യക്ക് പിന്നിലുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഒന്നും പരിഹരിക്കാനുള്ള സമയം പൊലീസുകാർക്ക് കിട്ടുന്നില്ലെന്നുള്ളതാണ് അടിസ്ഥാനപരമായ പ്രശ്‌നം. കുടുംബത്തിൽ അല്ലെങ്കിൽ ഭാര്യയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായി രാവിലെ വീട്ടിൽ നിന്നുമിറങ്ങുന്ന ഒരു പൊലീസുകാരന് രാത്രി വീട്ടിൽ ചെന്ന് അത് പരിഹരിക്കാനുള്ള സമയം കിട്ടുന്നില്ല. രാവിലെ കുടുംബ പ്രശ്‌നവുമായി ഇറങ്ങുന്നയാൾ രാത്രി അതിനേക്കാൾ വലിയ ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായിട്ടാണ് തിരിച്ച് ചെല്ലുന്നത്. ചിലപ്പോൾ വീട്ടിൽ തിരിച്ചെത്താൻ പോലും സാധിക്കില്ല. പലപ്പോഴും മറ്റുള്ളവരെ പോലെ കുടുംബകാര്യങ്ങൾ ശ്രദ്ധിക്കാൻ പൊലീസുകാർക്ക് സമയം കിട്ടുന്നില്ല. അങ്ങനെ പല പ്രശ്‌നങ്ങളാണ് അവർക്കുള്ളത്. എന്താണ് അടിസ്ഥാന പ്രശ്‌നമെന്ന് മനസിലാക്കാതെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നത് കൊണ്ടാണ് ഫലമൊന്നും ഉണ്ടാകാത്തത്.’ ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു.

പൊലീസുകാരുടെ ആത്മവിശ്വാസം വളർത്തി ആത്മഹത്യ പ്രേരണ കുറയ്ക്കുന്നതിനായി ഡി.ജി.പി എസ്.ദർവേഷ് സാഹിബ് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ജന്മദിനത്തിനും വിവാഹവാർഷികത്തിനും അവധി അനുവദിക്കുക എന്ന നിർദ്ദേശമാണ് അതിൽ പ്രധാനം. ഇതേ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ സർക്കുലർ 2019-ൽ പുറത്തിറക്കിയെങ്കിലും ഇതുവരെയും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. പൊലീസുകാർക്കെതിരെ രജിസ്റ്റർ ചെയ്യുന്ന കേസുകൾ തീർപ്പാക്കാൻ കാലതാമസം ഉണ്ടാവരുത്, പൊലീസ് സഭ വിളിച്ചുചേർക്കണം, കീഴുദ്യോഗസ്ഥരോടുള്ള മേലുദ്യോഗസ്ഥരുടെ പെരുമാറ്റം മാന്യമായിരിക്കണം തുടങ്ങിയവയാണ് സർക്കുലറിലെ മറ്റ് നിർദ്ദേശങ്ങൾ.

ഡി.ജി.പി എസ്.ദർവേഷ് സാഹിബ്
ഡി.ജി.പി എസ്.ദർവേഷ് സാഹിബ്

ഇത്തരത്തിൽ പുറത്തിറക്കുന്ന സർക്കുലറുകൾ ഒന്നും തന്നെ നടപ്പിലാക്കാൻ സാധിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടി, സർക്കുലർ പുറത്തിറക്കേണ്ട കാര്യം തന്നെയില്ലെന്ന നിലപാടിലാണ് പൊലീസ് അസോസിയേഷൻ. ജന്മദിനം അടക്കമുള്ള പ്രത്യേകദിനങ്ങളിൽ സ്റ്റേഷനിലെ ആൾക്ഷാമം മൂലം പൊലീസുകാർക്ക് അവധി എടുക്കാൻ സാധിക്കാതെ വരും. അത്തരം സാഹചര്യത്തിൽ ആഘോഷങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ മേലുദ്യോഗസ്ഥൻ പറയുകയാണ് പതിവ്.

രാഷ്ട്രീയ സമ്മർദ്ദങ്ങളും പൊലീസുകാരുടെ ആത്മധൈര്യം കെടുത്തുന്നതിന് കാരണമാകുന്നുണ്ടെന്നാണ് അസോസിയേഷൻ ഉന്നയിക്കുന്ന മറ്റൊരു ആരോപണം. പൊലീസുകാരുടെ ജോലി സമ്മർദ്ദമടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുക, അവർക്ക് മാനസിക പിന്തുണ നൽകുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തനത്തിലുള്ള സംവിധാനമാണ് HATS (Help and assistance to tackle stress). പൊലീസ് സേനയിൽ തുടരെ തുടരെയുള്ള ആത്മഹത്യകൾ രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷം, പ്രധാനമായും സേനയിലെ പുരുഷ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും വ്യക്തിപരമായ പ്രശ്നങ്ങൾ മുതൽ മദ്യപാനമടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് HATS-നെ സമീപിച്ചിട്ടുണ്ട്. വനിതാ സേനാംഗങ്ങളും സംഘടനയെ ഇത്തരത്തിൽ സമീപിച്ചിട്ടുണ്ടെങ്കിലും 30നും 45നും ഇടയിൽ പ്രായമുള്ള പുരുഷന്മാരായ ഉദ്യോഗസ്ഥരാണ് കൂടുതലുമെന്നാണ് റിപ്പോർട്ട്.

പൊലീസ് സേനയിലെ അംഗങ്ങൾക്കിടയിൽ ആത്മഹത്യകൾ വർധിച്ച സാഹചര്യത്തിൽ മാനസിക ആഘാതവും മറ്റ് പ്രശ്‌നങ്ങളും നേരിടുന്ന ഉദ്യോഗസ്ഥരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം റൂറൽ ഡിവിഷനിലെ പൊലീസ് സ്റ്റേഷൻ ചില നടപടികൾ ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് തുടർച്ചയായി അഞ്ച് പൊലീസുകാർ ആത്മത്യ ചെയ്ത സാഹചര്യത്തിലായിരുന്നു എറണാകുളം റൂറൽ ഡിവിഷനിലെ പൊലീസ് സ്റ്റേഷൻ അത്തരത്തിലൊരു നടപടി സ്വീകരിച്ചത്. എറണാകുളം റൂറൽ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലാണ് സപ്പോർട്ട് ഗ്രൂപ്പ് ആരംഭിച്ചത്. അഡീഷണൽ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ മേൽനോട്ടം എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യക്കാണ്.

വൈഭവ് സക്സേന
വൈഭവ് സക്സേന

‘ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ പ്രധാനമായും ചെയ്യേണ്ട കാര്യം പൊലീസുകാരുടെ ജോലിസമയം നിജപ്പെടുത്തുകയെന്നതാണ്. 8 മണിക്കൂർ ഡ്യൂട്ടി പ്രഖ്യാപിച്ചിട്ട് പത്ത് വർഷത്തിന് മുകളിലായിട്ടുണ്ടാകും. അതാവട്ടെ വളരെ കുറച്ച് സ്റ്റേഷനുകളിൽ നടപ്പായി എന്നല്ലാതെ മറ്റ് സ്റ്റേഷനുകളിൽ നടപ്പിലായിട്ടില്ല. അതുകൊണ്ട് തന്നെ ആദ്യം പൊലീസുകാരുടെ സമയം ക്രമീകരിക്കുക. സമയം ക്രമീകരിക്കണമെങ്കിൽ പൊലീസുകാരുടെ എണ്ണം വർധിപ്പിക്കണം. അനാവശ്യമായി പൊലീസിനെ വിന്യസിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിന്നും അവരെ പിൻവലിച്ച് പൊലീസിന്റെ പണി മാത്രം അവരെക്കൊണ്ട് എടുപ്പിച്ച് കൃത്യമായൊരു സമയക്രമം ഉണ്ടാക്കിയെങ്കിൽ മാത്രമെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുകയുള്ളു.

രാഷ്ട്രീയ സമ്മർദ്ദത്തേക്കാൾ ഉപരി മേൽ ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്ന സമ്മർദ്ദമാണ് പൊലീസുകാരെ പ്രശ്‌നത്തിലാക്കുന്നത്. എന്നാൽ കേരളത്തിലെ ഒരു പൊലീസുകാരന്റെ ആത്മഹത്യ റിപ്പോർട്ടിലും ഡ്യൂട്ടി സംബന്ധമായ കാരണമെന്നുണ്ടാകില്ല. അവിടെയൊക്കെ കുടുംബ പ്രശ്‌നമെന്നോ മദ്യപാനമെന്നോ അല്ലെങ്കിൽ സാമ്പത്തിക ബാധ്യതയെന്നോ ഒക്കെയായിരിക്കും എഴുതി ചേർക്കുക. സാമ്പത്തിക ബാധ്യത എന്നുപറയുമ്പോൾ ഏതാണ്ട് എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ലോൺ ഉണ്ടാകും, പൊലീസുകാർക്കും ഉണ്ടാകും. അപ്പോൾ സ്വാഭാവികമായും ഒരു പൊലീസുകാരൻ മരിച്ച് കഴിഞ്ഞാൽ സാമ്പത്തിക ബാധ്യത ഉണ്ടെന്ന് പറയാൻ എളുപ്പമാണല്ലോ. പിന്നെ കുടുംബത്തിൽ പ്രശ്‌നങ്ങളില്ലാത്ത മനുഷ്യന്മാരില്ലല്ലോ. അങ്ങനെ എന്തെങ്കിലും കാരണങ്ങളുടെ പുറത്ത് കെട്ടിയിട്ടായിരിക്കും അത് ഒഴിവാക്കുന്നത്.

പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ സർക്കുലറുകൾ ഇറക്കിയിട്ടുള്ളത് ചില ജില്ലാ പൊലീസ് മേധാവികളും കണ്ണൂർ റേഞ്ച് ഐ.ജിയുമാണ്. ജന്മദിനത്തിന് അവധി നൽകണമെന്നൊക്കെ പറഞ്ഞ് ആദ്യം സർക്കുലർ പുറത്തിറക്കിയത് കണ്ണൂർ റേഞ്ച് ഐ.ജിയാണ്. ഒരു ജില്ലാ പൊലീസ് മേധാവി വരുമ്പോൾ അദ്ദേഹത്തിന്റെ താൽപര്യത്തിനനുസരിച്ചാണ് ജില്ലകളിൽ അത്തരത്തിൽ ഓർഡറുകൾ പുറത്തിറക്കുന്നത്. മിക്കപ്പോഴും ഇത്തരം ഓർഡറുകൾ കുറച്ചുകാലം കഴിയുമ്പോൾ പുറത്തിറക്കിയവർ തന്നെ മറന്നുപോകും. അതല്ലെങ്കിൽ ആ ഓഫീസർക്ക് സ്ഥലം മാറ്റം കിട്ടുന്നതോടുകൂടി അത് നടപ്പിലാവാതെ പോവും. അതാണ് പലപ്പോഴും സംഭവിക്കുന്നത്. വേറൊന്ന് ജന്മദിനവും വിവാഹവാർഷികവും ആഘോഷിക്കുന്നതാണ് പൊലീസുകാരുടെ വലിയ വിഷയമെന്നുള്ള തെറ്റിദ്ധാരണ കൂടി അതുണ്ടാക്കുന്നുണ്ട്. പൊലീസുകാർക്ക് ആവശ്യത്തിന് ലീവ് കിട്ടുക എന്നതാണ് പ്രധാനം. ഒരു വർഷം നമുക്ക് 25 കാഷ്യുൽ ലീവുകളുണ്ട്. പിന്നെ മറ്റ് പല ലീവുകളുമുണ്ട് .ഇതിലൊരു 10 എണ്ണം എങ്കിലും കിട്ടുക എന്നതാണ് കാര്യം. നമുക്ക് ആവശ്യം ഉള്ളപ്പോൾ ലീവ് എടുക്കാൻ കഴിയണം.’ ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു.

റിപ്പോർട്ട് ചെയ്യപ്പെട്ട ചില ആത്മഹത്യകൾ

2023ലാണ് കളമശ്ശേരി ആംഡ് പൊലീസ് ക്യാമ്പിലെ ഡ്രൈവർ ജോബിദാസ് ആത്മഹത്യ ചെയ്തത്. സഹപ്രവർത്തകർക്കിടയിലുണ്ടായ ചില പ്രശ്നങ്ങൾ കാരണം ജോബിയുടെ ശമ്പള വർധനവ് തടഞ്ഞതാണ് ആത്മഹത്യയുടെ കാരണം. 2023 ഡിസംബർ 20നാണ് തൃശൂർ എ.ആർ ക്യാമ്പിലെ പൊലീസ് ഡ്രൈവറായിരുന്ന ആദിഷ് ആത്മഹത്യ ചെയ്തത്. 2022 മുതൽ ഒരു കാരണവും ചൂണ്ടികാണിക്കാതെ തുടർച്ചയായി ജോലിക്ക് വരാതിരുന്നതിനെ തുടർന്ന് ആദിഷിനെ 'Deserter' (ഒഴിഞ്ഞുപോയതായി) പ്രഖ്യാപിച്ചിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ മനപൂർവമോ രഹസ്യമായോ സേനയിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ സ്വീകരിക്കുന്ന നടപടിയാണത്. തുടർന്ന് ചേർപ്പ് പൊലീസ് അദ്ദേഹത്തിൻെറ വീട്ടിലെത്തി നിയമനടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ആത്മഹത്യയുടെ കാരണമെന്താണെന്ന് വ്യക്തമല്ല.

2023ൽ ആത്മഹത്യ ചെയ്ത കളമശ്ശേരി ആംഡ് പൊലീസ് ക്യാമ്പിലെ ഡ്രൈവർ ജോബിദാസ്
2023ൽ ആത്മഹത്യ ചെയ്ത കളമശ്ശേരി ആംഡ് പൊലീസ് ക്യാമ്പിലെ ഡ്രൈവർ ജോബിദാസ്

2023 ഏപ്രിൽ 28നാണ് റിട്ട. ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണൻ ട്രെയിൻ തട്ടി മരിച്ചത്. സോളാർ കേസിലെ അന്വേഷണസംഘത്തിലൊരാളായിരുന്നു ഹരികൃഷ്ണൻ. അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന നിഗമാനത്തിലായിരുന്നു പൊലീസ് എത്തിച്ചേർന്നത്. 2023 ഒക്ടോബർ 23നാണ് കോഴിക്കോട് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എം.പി. സുധീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ജോലിസമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ഉയർത്തിയ ആരോപണം. മരണത്തിനുശേഷം അദ്ദേഹത്തിന്റെ ഫോണും കാണാനില്ലായിരുന്നു എന്നാണ് കുടുംബം ഉന്നയിച്ച മറ്റൊരു ആരോപണം.

2023 ഒക്ടോബർ 15നാണ് തൃശൂർ വെസ്റ്റ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഗീതു കൃഷ്ണൻ സ്റ്റേഷൻ വളപ്പിൽ ആത്മഹത്യ ചെയ്തത്. രാത്രി ഡ്യൂട്ടിയിലായിരുന്ന ഗീതുവിനെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.

2024 മാർച്ചിലാണ് ആലുവ ഈസ്റ്റ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ കെ.ആർ. ബാബുരാജിനെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌പെഷ്യൽ ബ്രാഞ്ചിൽ ഏറെ വർഷത്തെ സേവനത്തിന് ശേഷം അദ്ദേഹത്തിന് ആലുവ ഈസ്റ്റ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. എന്നാൽ സ്ഥലം മാറ്റത്തിനോട് പൊരുത്തപ്പെടാൻ കഴിയാതെ ബാബുരാജ് ബുദ്ധിമുട്ടുകയായിരുന്നു.

2024 ഏപ്രിൽ 18നാണ് തനിക്കെതിരെ ഉയർന്ന പീഡനപരാതിയെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന സർക്കിൾ ഇൻസ്‌പെക്ടർ എ.സി. സൈജു ആത്മഹത്യ ചെയ്തത്. എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിനടുത്തുള്ള ബസ്റ്റാന്റിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

2024 മെയ് 5നാണ് കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക പൊലീസ് സ്റ്റേഷൻ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ സി.കെ വിജയൻ ആത്മഹത്യ ചെയ്തത്. രാഷ്ട്രീയ സമ്മർദ്ദമായിരുന്നു ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. ലോക്‌സഭ തെരഞ്ഞെടുപ്പ് ദിവസം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ധന്യയെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് അപമാനിച്ചു എന്ന തരത്തിൽ കേസെടുക്കാൻ വലിയ തോതിലുള്ള രാഷ്ട്രീയ സമ്മർദ്ദം ഉയർന്നപ്പോഴാണ് എലി വിഷം കഴിച്ച് വിജയൻ ആത്മഹത്യ ചെയ്തതെന്നാണ് പറയപ്പെടുന്നത്. വീട്ടിൽ വെച്ച് ആത്മഹത്യശ്രമം നടത്തിയ ഉദ്യോഗസ്ഥൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ആഭ്യന്തരവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം  2019-ൽ മാത്രമായി 18 പോലീസുകാരാണ് ആത്മഹത്യ ചെയ്തത്. 2020-ൽ 10 പേർ ആത്മഹത്യ ചെയ്തു.
ആഭ്യന്തരവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019-ൽ മാത്രമായി 18 പോലീസുകാരാണ് ആത്മഹത്യ ചെയ്തത്. 2020-ൽ 10 പേർ ആത്മഹത്യ ചെയ്തു.

2024 ജൂൺ 23നാണ് സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫീസർ മദനകുമാറിനെ തിരുവന്തപുരം പൂന്തുറയിലെ തന്റെ ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നത്. അഞ്ച് മാസമായി അയാൾ ക്വാട്ടേഴ്‌സിൽ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.

പൊലീസ് ഉദ്യോഗസ്ഥരുടെ വർധിച്ചുവരുന്ന ആത്മഹത്യകളുടെ കാരണം ജോലിഭാരമല്ലെന്ന് തൃശൂർ റേഞ്ചിലെ പൊലീസ് ഉദ്യോഗസ്ഥൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. തങ്ങളുടെ ജോലിഭാരം കുറയ്ക്കാനുള്ള ഒരേയൊരു പോംവഴി സേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

‘ജോലി ഭാരംകൊണ്ട് ആരും ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല. അങ്ങനെയാരും ചെയ്യില്ലെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ജോലി ഞങ്ങളുടെയൊക്കെ ജീവനാണ്. ജോലിഭാരം ആണെങ്കിൽ രാജിവെച്ചാൽ മതിയല്ലോ?. അതല്ലെങ്കിൽ മറ്റ് പല മേഖലകളിലേക്കും തിരിയാം. അതിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലല്ലോ?. മേലുദ്യോഗസ്ഥരുടെ ഇടപെടലും മറ്റും കൊണ്ട് നമുക്ക് സ്‌ട്രെസ് ഉണ്ടാകുന്നുണ്ടെന്നത് വാസ്തവമാണ്. അതിൽ തർക്കമൊന്നുമില്ല. അത് സമ്മതിക്കുമ്പോഴും ഇത്തരം പ്രതിസന്ധികൾ മരണത്തിലേക്കുള്ള കാരണമാണെന്ന് സമ്മതിക്കാൻ സാധിക്കില്ല. ഈ അടുത്തിടെ ചെറിയ ഇടവേളകളിലായി വകുപ്പിലെ ആറു പേർ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായി. അക്കൂട്ടത്തിലെ ഒരാൾ എനിക്ക് അടുത്ത് പരിചയമുള്ള വ്യക്തിയാണ്. താമസിക്കുന്ന വീടടക്കം ജപ്തി ഭീഷണി നേരിടുന്ന തരത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് അയാൾ ആത്മഹത്യ ചെയ്തത്. ഓൺലൈൻ റമ്മി കളിയൊക്കെയായിരുന്നു സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ജോലിയുള്ളതുകൊണ്ടാണ് നട്ടല്ലുയർത്തി നിൽക്കാൻ സാധിക്കുന്നത്. ജോലിയിൽ എല്ലാവരെയും ഒരുപോലെയായിരിക്കില്ല പരിഗണിക്കുന്നത്. മറ്റ് വകുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾക്ക് ജോലിഭാരവും ജോലി സമ്മർദ്ദവും മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവുമൊക്കെ കൂടുതലാണെന്നത് സത്യമാണ്.

2019 ജനുവരി മുതൽ ഇതുവരെയുള്ള കാലയളവിൽ 175 പേരാണ് സ്വയം വിരമിക്കൽ തെരഞ്ഞെടുത്തത്.
2019 ജനുവരി മുതൽ ഇതുവരെയുള്ള കാലയളവിൽ 175 പേരാണ് സ്വയം വിരമിക്കൽ തെരഞ്ഞെടുത്തത്.

ആത്മഹത്യക്കുള്ള പല കാരണങ്ങളിൽ ഒരു കാരണം മാത്രമാണ് ജോലിഭാരമെന്നതാണ് എന്റെ അഭിപ്രായം. ഞങ്ങളുടെ ജോലിഭാരം കുറക്കാനുള്ള ഒരോയൊരു പരിഹാരം ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടുകയെന്നതാണ്. ജനസംഖ്യ വർധിച്ചു, അതിനനുസരിച്ച് കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചു. എന്നാൽ സേനാംഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഒരു വർധനവുമില്ല.

ആത്മഹത്യയുടെ പ്രധാന കാരണം സാമ്പത്തിക പ്രതിസന്ധിയാണ്. പിന്നെയുള്ളത് വ്യക്തിപരമായ പ്രശ്‌നങ്ങളാണ്. തൃശൂർ റേഞ്ചിൽ ഡി.ഐ.ജിയുടെ നിർദേശപ്രകാരം ഒരു പദ്ധതി രൂപീകരിച്ചിട്ടുണ്ട്. വെൽനെസ് സ്‌കീം എന്നാണ് അതിന്റെ പേര്. ഓരോ പൊലീസ് സ്റ്റേഷനിലും ഒരു പൊലീസ് ഉദ്യോഗസ്ഥനെ വെൽനെസ് ഓഫീസറായി നിയമിക്കാനാണ് തീരുമാനം. അവരുടെ പ്രശ്‌നങ്ങൾ സംസാരിക്കാൻ ഒരു ഇടം കൊടുക്കു എന്നതാണ് ഉദ്ദേശം. വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങൾ പങ്കുവെക്കാൻ സാധിക്കും. സേനാംഗങ്ങളുടെ കുറവ് തന്നെയാണ് 8 മണിക്കൂർ ജോലിയെന്ന ലക്ഷ്യത്തിലേക്കെത്താൻ തടസം നിൽക്കുന്നത്. പൊലീസുകാരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ ഒരേയൊരു പോംവഴിയേയുള്ളൂ. അത് അംഗബലം വർധിപ്പിക്കുകയാണ്. ഓരോ പൊലീസ് സ്റ്റേഷന്റെയും ഘടനയനുസരിച്ച് അവിടുത്തെ അംഗബലം വർധിപ്പിക്കണം. സ്റ്റേഷൻ പരിധിയുടെ വിസ്തീർണം, ജനസാന്ദ്രത, കുറ്റകൃത്യങ്ങളുടെ എണ്ണം എന്നിവ പരിശോധിച്ച് പൊലീസുകാരുടെ എണ്ണം വർധിപ്പിക്കണം. അല്ലാതെ പഴയ രീതിയനുസരിച്ച് പത്തും മുപ്പതും പൊലീസുകാരെ വിന്യസിപ്പിച്ചിട്ട് എന്താ കാര്യം. മതിയായ സ്ട്രങ്ത്തുണ്ടെങ്കിൽ എട്ട് മണിക്കൂർ ജോലി സമയം നടപ്പിലാകും.’ അവർ പറഞ്ഞു.

പൊലീസുകാരുടെ ജോലിസമ്മർദ്ദവും വർധിച്ചുവരുന്ന ആത്മഹത്യകളും സംബന്ധിച്ച് നിയമസഭയിൽ ചോദ്യമുയർന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകാൻ തയ്യാറായിരുന്നില്ല. ജോലിസമ്മർദ്ദം കുറയ്ക്കാനും ആത്മഹത്യ തടയാനുമുള്ള നടപടികളെക്കുറിച്ച് യു.എ. ലത്തീഫ്, കെ.ബാബു എന്നിവരാണ് ചോദ്യം ഉന്നയിച്ചത്. എന്നാൽ, 2016 മുതൽ 2024 മെയ് 31 വരെ ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിന്റെ പേരിൽ 108 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് അദ്ദേഹം നിയമസഭയിൽ പറയുകയും ചെയ്തു.

ജോലിയിൽ പ്രവേശിച്ചതിന് ശേഷം മാത്രമല്ല, പരിശീലനകാലത്തും നിരവധിപേർ സേന വിട്ട് പുറത്തുപോകുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ജോലിയിൽ പ്രവേശിച്ചതിന് ശേഷം മാത്രമല്ല, പരിശീലനകാലത്തും നിരവധിപേർ സേന വിട്ട് പുറത്തുപോകുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പൊലീസ് വകുപ്പിൽ വർധിച്ചുവരുന്ന ആത്മഹത്യകളുടെ കാലത്തും അതിന്റെ യഥാർഥ പ്രശ്‌നം കണ്ടെത്താനോ പരിഹാരങ്ങൾ നിർദേശിക്കാനോ വകുപ്പ് തയാറാകുന്നില്ലെന്നത് പ്രതിഷേധാർഹമായ കാര്യമാണ്. അഞ്ചുവർഷത്തിനിടെയുണ്ടായ ആത്മഹത്യകളുടെ അപകടരമായ വർധനവ് ഗൗരവകരമായ വിഷയമായി പരിഗണിക്കുകയും തക്കതായ പരിഹാരമാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. സാമ്പത്തികമായ പ്രശ്‌നങ്ങൾ, വ്യക്തിപരമായ കാരണങ്ങൾ, ഔദ്യോഗീകമായ കാരണങ്ങൾ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളെ പഠിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതാണ് പ്രധാനം.

ജോലിഭാരം കുറക്കുക, മാനസിക സമ്മർദ്ദം കുറക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിക്കപ്പെടുന്ന പദ്ധതികൾ തടസമില്ലാതെ നടത്തുകയെന്നത് വളരെ പ്രധാനമാണ്. പൊലീസ് സേനയിലെ അംഗങ്ങളുടെ കുറവ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. അത് പരിഹരിക്കപ്പെടേണ്ടതുണ്ട്. ഉദ്യോഗസ്ഥർ കുറവായതുകൊണ്ട് തന്നെ ജോലിഭാരം വർധിക്കുക, ലീവ് ലഭിക്കാതിരിക്കുക തുടങ്ങി സ്വകാര്യജീവിതത്തിൽ ആവശ്യമായ ഇടംപോലും ലഭിക്കാതിരിക്കുകയും ചെയ്യുന്നുവെന്നത് വാസ്തവമാണ്. ആഭ്യന്തര വകുപ്പ് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.

പൊലീസ് വകുപ്പിനകത്ത് കാലോചിതമായ പരിഷ്കാരങ്ങൾ ആവശ്യമാണ്. ബ്രിട്ടീഷ് കാലത്ത് ആവിഷ്കരിച്ച അതേ രീതിയിലാണ് സേന ഇന്നും പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥ മേലാളത്വം ഇപ്പോഴും നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സമ്മർദ്ദം കീഴുദ്യോഗസ്ഥരെ വളരെയധികം ബാധിക്കുന്നുണ്ട്. ഒപ്പം തന്നെ വകുപ്പിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെയും കുറ്റകൃത്യത്തിൽ പങ്കാളികളാകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കൂടുന്നതും ചർച്ച ചെയ്യേണ്ടതുണ്ട്.

Comments