സൈമൺ ബ്രിട്ടോ / ചിത്രം : എം. ജി. അനീഷ്

സൈമൺ ബ്രിട്ടോ റോഡ്രിക്‌സ്
​ജീവിതം പറയുന്നു

എട്ടുവർഷങ്ങൾക്ക് മുമ്പ് റെക്കോഡ് ചെയ്ത ദീഘമായ അഭിമുഖങ്ങളിലൂടെയും കുറിപ്പുകളിലൂടെയും ചിത്രങ്ങളിലൂടെയും സൈമൺ ബ്രി​ട്ടോയുടെ ജീവിതം രേഖപ്പെടുത്തുന്ന പരമ്പര തുടങ്ങുന്നു. എല്ലാ സന്ദേഹങ്ങളോടും വേദനയോടും പ്രതീക്ഷയോടും കൂടി തനിക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ചുള്ള ബ്രി​ട്ടോയുടെ അപ്രകാശിതമായ വിചാരങ്ങൾ കൂടിയാണിത്​.

മുഖവുര

2018 ഡിസംബർ 31ന്​ സൈമൺ ബ്രിട്ടോ മരിച്ചുവെന്ന വാർത്ത
കേൾക്കുമ്പോൾ ആദ്യമനുഭവപ്പെട്ടത് കുറ്റബോധമാണ്.

സാർത്ഥകമായ ഒരു മനുഷ്യായുസ്സ് മിടിച്ചുതീരുമ്പോൾ പൂർത്തിയാകാത്തൊരു പുസ്തകത്തിന്റെ ഓർമ താങ്ങാനാവാത്ത ഭാരമായി. എട്ടുവർഷങ്ങൾക്കുമുമ്പ് റെക്കോഡ് ചെയ്ത ദീർഘമായ അഭിമുഖങ്ങളും കുറിപ്പുകളും ചിത്രങ്ങളും നിശ്ശബ്ദം ശാസിച്ചു. കാരണം ബ്രിട്ടോ ഹൃദയം തുറന്ന്, എല്ലാ സന്ദേഹങ്ങളോടും വേദനയോടും പ്രതീക്ഷയോടും തനിക്കുചുറ്റുമുള്ള ലോകത്തെ തിരിച്ചറിയാൻ ആ സംഭാഷണത്തിലൂടെ ശ്രമിക്കുന്നുണ്ടായിരുന്നു. ആ മുഹൂർത്തങ്ങളും ചിന്തകളും മറ്റൊരു തലമുറക്കായി കരുതിവക്കപ്പെടാൻ, അത് നിരന്തരം മനുഷ്യരിലേക്ക് വിനിമയം ചെയ്യപ്പെടാൻ ആ മനുഷ്യൻ ആഗ്രഹിച്ചിരുന്നു. പക്ഷെ യാദൃച്​ഛികമായ കാരണങ്ങൾകൊണ്ട് ആ പദ്ധതി നീട്ടിവക്കപ്പെട്ടു. പോയ എട്ടുവർഷങ്ങളും ആ അഭിമുഖങ്ങളുമോർത്ത് അസ്വസ്ഥനായെങ്കിലും അത് പൂർത്തീകരിക്കാൻ കഴിഞ്ഞുമില്ല. കൂടുതൽ ഉചിതമായി ചെയ്യാൻ ഒരവസരം കാത്ത് എപ്പോഴുമെന്നപോലെ കാലം കളഞ്ഞു. കാരണം, ബ്രിട്ടോ ഇങ്ങനങ്ങ് യാത്രപറയുമെന്ന് ഒരിക്കലുമോർത്തില്ല.

എഴുപതുകൾക്കൊടുവിൽ ജനിച്ച എന്റെ തലമുറക്ക് സൈമൺ ബ്രി​ട്ടോ വീരനായകനാണ്. എന്റെ തലമുറ പള്ളിക്കൂടത്തിലെത്തിയ വർഷം,1983ൽ, ബ്രി​ട്ടോ ആക്രമിക്കപ്പെട്ടു, പത്തുവർഷം കിടക്കയിൽ ജീവിച്ചു. പക്ഷെ മടങ്ങിവരാനുള്ള അപാരമായ ഇച്ഛയിലൂടെ ബ്രിട്ടോ പ്രയാണം തുടർന്നു, ഏതാണ്ട് 36 വർഷങ്ങൾ. ഈ മൂന്നരപ്പതിറ്റാണ്ടിന്റെ ദൂരം മുഴുവൻ സ്വന്തം ശരീരത്തോടും ചുറ്റുപാടുകളോടുമുള്ള ആത്മീയവും സംഘർഷഭരിതവുമായ ഒരു വിനിമയത്തിലൂടെയാണ് ബ്രിട്ടോ മുറിച്ചുകടന്നത്. ഒരാശയമെന്നാൽ ഭൗതികമായ ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള ചട്ടപ്പടിയെന്നതിനേക്കാൾ ആത്മീയമായി അതിൽ വിശ്വസിക്കുന്ന മനുഷ്യനെ നയിക്കുന്ന ഊർജ്ജമായി മാറാനുള്ള മാർക്‌സിസ്റ്റ് പരിമിതിയുടെ മുനമ്പത്തുനിന്നാണ് ബ്രിട്ടോ തന്റേതായ ഇടങ്ങൾ തേടിത്തുടങ്ങിയത്. സി. പി.എമ്മിന് സാധിക്കാത്തത് സാധ്യമാക്കാനുള്ള ഒരു കമ്യൂണിസ്റ്റിന്റെ പ്രയത്‌നം.

പക്ഷെ, പ്രത്യയശാസ്ത്രങ്ങൾക്ക് ജീവിതം വിട്ടുനൽകിയ പലരും നടന്ന
ആത്മീയാന്വേഷണത്തിന്റെ പാതയിലൂടെയല്ല, ബ്രിട്ടോ നടന്നത്. സ്വന്തം
ശരീരത്തോടുപോലും നിരന്തരം പൊരുതാൻ വിധിക്കപ്പെട്ട ഒരു പച്ച മനുഷ്യനുള്ളിലെ ആത്മീയതയെന്നാൽ അതൊരു പ്രകൃതിബോധമാണ്. ആത്മഹത്യ ചെയ്ത നക്‌സലൈറ്റ് സുബ്രഹ്മണ്യദാസ് അവസാനഘട്ടത്തിൽ മനുഷ്യരോട് പറയാൻ ശ്രമിച്ചതും, അതിവിപ്ലവകാരികളുടെ ഫാന്റസിയെപ്പറ്റിയല്ല, നമ്മുടെ കാലത്തിന്റെ ആത്മീയമായ പ്രതിസന്ധിയെക്കുറിച്ചാണ്.

കൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ പുഷ്പനോടൊപ്പം സൈമൺ ബ്രിട്ടോ

ഈ ബോധ്യത്തിൽ നിന്നാണ് എട്ടുവർഷങ്ങൾക്ക് മുമ്പൊരു ടെലിവിഷൻ പരമ്പരക്ക് വേണ്ടി ബ്രി​ട്ടോയെ കാണുന്നത്. ഫലിതമോ ദുരന്തമോ ഗൃഹാതുരതയോ ആയി അസ്തമിച്ചുപോയ ഏതോ കാലത്തിന്റെ ഉത്സവനിർഭരമായ മുന്നേറ്റങ്ങളിലേക്കും മുഹൂർത്തങ്ങളിലേക്കുമുള്ള ഒരു മടങ്ങിപ്പോക്കെന്ന യുക്തിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ‘ഗൃഹാതുരം’ എന്ന പരിപാടിയാരംഭിച്ചത്. എഴുപതുകളിലെയും എൺപതുകളിലെയും കാമ്പസിന്റെ വീറ് എവിടെ, എങ്ങനെ, കൈവിട്ടുവെന്നോർത്തപ്പോൾ ആദ്യമോർത്ത പേര് സൈമൺ ബ്രിട്ടോ
റോഡ്രിക്‌സിന്റേതാണ്, ഒടുവിൽ കൂത്തുപറമ്പിലെ പുഷ്പന്റേതും. കലാലയരാഷ്ട്രീയം
പാടില്ലെന്ന അനുസരണ സ്വന്തം മക്കളെ പറഞ്ഞുപഠിപ്പിക്കാൻ കേരളത്തിലെ രക്ഷിതാക്കൾ ഏറ്റവും ഉച്ഛരിച്ച പേരുകളാണിവ. അടിയന്തരാവസ്ഥക്കുശേഷം ഉയിർത്തെണീറ്റ കാമ്പസ്, മോട്ടിവേഷൻ ഗുരുക്കൻമാരുടെ പൂരപ്പറമ്പായതെങ്ങനെയെന്നൊരൊറ്റ ചോദ്യമേ ബ്രിട്ടോയോട് ചോദിക്കാനുണ്ടായിരുന്നുള്ളു, അതിന്റെ ഉത്തരം വിസ്തൃതമായൊരു
പരിണാമകഥയാണെങ്കിലും.

ഏതാണ്ട് ഹൈസ്‌കൂൾ കാലം മുതൽ പരിചിതമാണ് ബ്രിട്ടോയെന്ന
പേരെങ്കിലും കൂടിക്കാഴ്ച ആദ്യമായിരുന്നു. ടെലിവിഷൻ പരമ്പരക്കപ്പുറം,
ചെറുതെങ്കിലും അതൊരു പുസ്തകമായി മാറണമെന്നുറപ്പിച്ചു.

ബ്രിട്ടോയോട് ഒന്നും ചോദിച്ചില്ല, പക്ഷെ ബ്രിട്ടോ പറഞ്ഞുകൊണ്ടേയിരുന്നു.
ഗൗരവതരമല്ലാത്തതൊന്നും ബ്രിട്ടോയുടെ ചിന്തയിലോ വാക്കിലോ പ്രതിഫലിച്ചില്ല.
നിസ്സഹായമായ ഒരാശങ്ക വാക്കുകളിലൂടെ പടർന്നു. ബ്രിട്ടോ പ്രകൃതിയപ്പറ്റിയും
മനുഷ്യനെപ്പറ്റിയും ജീവിതത്തെപ്പറ്റിയും കമ്യൂണിസത്തെപ്പറ്റിയും
പറഞ്ഞുകൊണ്ടേയിരുന്നു, സി. പി. എമ്മിനെപ്പറ്റി ഒന്നും പറഞ്ഞില്ല. പിന്നിട്ട
ചരിത്രത്തിന്റെ അനുഭവവും പാരമ്പര്യവും ഈ നാടിനെ നയിക്കേണ്ട ദിശ ഇതു
തന്നെയാണോ, എന്ന യുക്തിയാണ് ബ്രിട്ടോയിൽ ധ്വനിച്ചത്. ഈ സമൂഹത്തെ മുന്നോട്ടും പിന്നോട്ടും ഓടിച്ചുനോക്കുമ്പോൾ സമൂഹം ഒരുപാടങ്ങ് പിന്നോട്ട് പോയില്ലേയെന്ന വിഷാദച്ഛായയുള്ളൊരാശങ്കയാണ് ബ്രിട്ടോയെക്കൊണ്ട് പറയിച്ചത്.

എസ്. എഫ്. ഐ എന്ന വിദ്യാർത്ഥിപ്രസ്ഥാനം അതിന്റെ അരനൂറ്റാണ്ട് പിന്നിട്ട 2022ൽ സൈമൺ ബ്രിട്ടോ റോഡ്രിക്‌സ് എന്ന അധ്യായത്തിലേക്ക് തിരികെപ്പോകാതെ വയ്യ.

കുട്ടിക്കാലത്തെപ്പറ്റി പറയുമ്പോൾ ബ്രിട്ടോയുടെ കണ്ണുകളിലൊരു പ്രതീക്ഷ
തെളിയും. കമ്യൂണിസത്തിലേക്കെത്തുമ്പോൾ ഒരു നഷ്ടബോധം,
പാർട്ടിയെപ്പറ്റിപ്പറയുമ്പോൾ നിസ്സഹായത, സമൂഹത്തെപ്പറ്റി പറയുമ്പോൾ
അർത്ഥശൂന്യത. ആശയങ്ങളുടെ ലക്ഷ്യം ആമാശയം മാത്രമല്ല, മനുഷ്യനെ കർമ്മത്തിലേക്ക് നയിക്കുന്ന ആത്മീയമായൊരു പ്രചോദനം കൂടിയാണെന്ന നിശ്ശബ്ദവിളംബരം ആ വാക്കുകളിലൂടെ മുഴങ്ങി. ശരീരം തളരുമ്പോഴും പാതിരാവ് വരെ ബ്രി​ട്ടോ പറഞ്ഞുകൊണ്ടേയിരുന്നു. പെട്ടെന്നങ്ങ് യാത്രപറഞ്ഞ ബ്രിട്ടോ പറഞ്ഞതത്രയും മരണശേഷം പകർത്തിയെഴുതി. അർത്ഥവ്യതിയാനങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു, ബ്രിട്ടോ പറഞ്ഞത് കൂടുതൽ വ്യക്തമാകാൻ വേണ്ടിയുള്ള വ്യത്യാസങ്ങൾ മാത്രം ഭാഷയിൽ വരുത്തി. രണ്ട് രാത്രികളിലെ ബ്രിട്ടോയുടെ ഉള്ളുരുക്കങ്ങൾ ഇങ്ങനെ വാർന്നുവീണു.

ബ്രിട്ടോ സ്വയം പ്രതിഫലിച്ചതും മറ്റുള്ളവരിൽ പ്രതിഫലിച്ചതുമായ രണ്ട്
ഭാഗങ്ങളുണ്ടിതിന്. 25 വർഷങ്ങൾ ഒപ്പം നിന്ന് ഒടുവിൽ ബ്രിട്ടോയുടെ
വേർപാടിന് ശേഷം അശാന്തമായി ദില്ലിക്ക് വിട്ട ഭാര്യ സീന ഭാസ്‌കർ,
വിദ്യാർത്ഥിപ്രസ്ഥാനത്തിനൊപ്പം നിന്ന്, പിന്നെ ആശയപരമായി രണ്ട് വഴികളിലൂടെ
യാത്ര ചെയ്ത്, മരണം വരെ ആത്മമിത്രമായി ഒപ്പം നിന്ന സി. പി. ജോൺ,
എഴുപതുകൾക്കൊടുക്കവും എൺപതുകളുടെ തുടക്കവും മഹാരാജാസെന്ന പച്ചപ്പിലൊത്തുകൂടിയ ചങ്ങാതിമാരായ ബോണി തോമസും ജയച്ചന്ദ്രനും, സി. പി. എമ്മിൽനിന്ന്​ ബ്രിട്ടോയിലേക്കെത്ര ദൂരമെന്ന ചിന്തയിൽ നിന്നും ജനിച്ച ചില ചോദ്യങ്ങൾക്ക് സംഘടനാപരവും ആശയപരവുമായ ഉത്തരങ്ങൾ തന്ന എം. എ. ബേബി, എന്നിവരുമായി നടത്തിയ ദീർഘസംഭാഷണങ്ങളുടെ പുനഃസൃഷ്ടിയാണിത്. ഒരു മനുഷ്യൻ തന്നിൽത്തന്നെ പ്രതിഫലിച്ചതും അടുത്തറിയുന്നവരിൽ പ്രതിഫലിച്ചതും രണ്ടല്ലെന്ന അറിവാണ് ഈ ശ്രമത്തിലെ ചാരിതാർത്ഥ്യം. വിദ്യാർത്ഥിപ്രസ്ഥാനങ്ങളും കാമ്പസ് രാഷ്ട്രീയവും മുന്നോട്ടുവച്ച പ്രതീക്ഷകളുടെ മിടിപ്പുകളത്രയും ഇന്നിലല്ല, ഇന്നലെകളിലായിരുന്നുവെന്ന അറിവ് പിന്നത്തെ നിരാശ. എസ്. എഫ്. ഐ എന്ന വിദ്യാർത്ഥിപ്രസ്ഥാനം അതിന്റെ അരനൂറ്റാണ്ട് പിന്നിട്ട 2022ൽ സൈമൺ ബ്രിട്ടോ റോഡ്രിക്‌സ് എന്ന അധ്യായത്തിലേക്ക്
തിരികെപ്പോകാതെ വയ്യ.

ബ്രി​ട്ടോ സംസാരിച്ചുതുടങ്ങുന്നു

ഒന്ന്

ക്രിസ്തീയാചാരപ്രകാരം പിറന്നുവീണത് പോഞ്ഞിക്കരയിലാണെങ്കിലും ഓർമ വക്കാത്ത പ്രായത്തിൽ വടുതലയിലേക്ക് പോരേണ്ടിവന്നു. അപ്പൻ ഒരു
ഫാക്ടറിത്തൊഴിലാളിയായിരുന്നു. വീട്ടിൽ അച്ഛനും അമ്മയും മുത്തച്ഛനും
മുത്തശ്ശിയും അച്ഛന്റെ നാല് സഹോദരിമാരുമുൾപ്പെട്ട കുടുംബം. എന്നും പച്ചച്ച്
നിൽക്കുന്ന ഓർമകളിൽ, കൊച്ചിയുടെ നഗരപ്രാന്തമാണെങ്കിലും,
അതിരുകളില്ലാത്ത ഗ്രാമാന്തരീക്ഷം കൂടെയുണ്ടായിരുന്നു. വീടിനുചുറ്റും മതിലുകളില്ല. ഓരോ വീടിനും മറപ്പുരയോടുചേർന്നുള്ള ചെറിയ വേലികളുണ്ടാവും. അത് വർഷാവർഷം പുതുക്കും, ആ പണിക്ക് നാട്ടിൽ വേലികെട്ടുകാരുണ്ട്. ജനിപ്പിച്ചത് അച്ഛനും അമ്മയുമാണെങ്കിലും ചെറുപ്പത്തിൽ വളർത്തിയത് അയൽപക്കത്തെ കുട്ടികളില്ലാത്ത പൈലിച്ചേട്ടനും ഭാര്യയുമാണ്. ആ
കാലത്ത് അവരെ ഞാൻ അപ്പനെന്നും അമ്മയെന്നും വിളിച്ചു. എന്റെ വീട്, റോഡിനോട് ചേർന്ന് മുത്തച്ഛന്റെ പീടിക, അതിനെതിർവശം പൈലിച്ചേട്ടന്റെ ചെറിയ വീട്. അങ്ങനെ കുട്ടിക്കാലത്ത് എനിക്ക് മുന്നിലെ ലോകങ്ങൾ മൂന്നായി.

ഈ സമൂഹത്തിലെ ദാരിദ്ര്യമെന്തെന്ന് ഞാനാദ്യം അറിഞ്ഞത് ആ പള്ളിക്കൂടത്തിൽ
നിന്നാണ്. അന്നുച്ചക്ക് കിട്ടിയിരുന്ന കഞ്ഞിയുടെയും പരിപ്പിന്റെയും മണം
ഇന്നുമോർത്തെടുക്കാം.

പൈലിച്ചേട്ടന്റെ വീടിന്റെ മുന്നിൽ, തെക്കെ അതിരിലെ മാങ്കൊമ്പിലെ കാക്കയും അതിനെ പിടിക്കാനായുന്ന ഞാനും; കുട്ടിക്കാലത്തിന്റെ ഓർമയിൽ
നിറഞ്ഞുനിൽക്കുന്നൊരനുഭവമാണത്. അത് സത്യമോ മിഥ്യയോ എന്നിനിയും
ഉറപ്പില്ലെങ്കിലും പിന്നീടെഴുതിയൊരു നോവലിൽ ഞാനത് കുറിച്ചിട്ടു. തൊട്ടടുത്ത
പീടികത്തിണ്ണയിലെ ബീഡിതെറുപ്പ് സംഘവും അവിടെയൊത്തുകൂടുന്ന മനുഷ്യരുമായിരുന്നു പുറംലോകത്തേക്ക് തുറന്ന ആദ്യത്തെ വാതിൽ. അന്ന് ബിഡിതെറുക്കാൻ വരുന്ന ഔസേപ്പ്കുട്ടിച്ചേട്ടനുണ്ട്, മക്കളില്ലാത്ത ആ മനുഷ്യനും എന്നെ മകനെപ്പോലെ സ്‌നേഹിച്ചു, മരിക്കുംവരെ. എങ്കിലും ഏറ്റവുമടുപ്പം മുത്തച്ഛനോടായിരുന്നു, അദ്ദേഹത്തിന്റെ സൈമണെന്ന പേര് പിന്നീടെന്റെ പേരായി.

ആ കാലം ഇതുപോലല്ല, എല്ലാവരും ഒത്തുകൂടും, ഭൂലോകമൊന്നടങ്കം അവിടെ ചർച്ച ചെയ്യപ്പെടും. മൂന്ന് മണിക്കൂറിന്റെ സിനിമ കണ്ടെത്തുന്ന വിദ്വാൻ കഥ പറഞ്ഞ്
തുടങ്ങിയാലത് നാല് മണിക്കൂറിലും തീരില്ല. ഒരാൾക്ക് അത്രയും പറയാനും ഒരു
സംഘത്തിനത് മുഴുവൻ കേൾക്കാനുമുള്ള സാവകാശവും നിഷ്‌കളങ്കതയുമുണ്ടായിരുന്നു. ലോകം മുഴുവനും, അതിലെ ജീവിതം മുഴുവനും ആ ബീഡിതെറുപ്പ് സംഘമൊത്തുചേരുന്ന പീടികത്തിണ്ണയിലൂടെ കടന്നുപോയി. ഭൂലോകം മുഴുവൻ ആ തിണ്ണയിൽ മിടിച്ചു.

സൈമൺ ബ്രിട്ടോ മഹാരാജാസിൽ

ഞാൻ പഠിച്ച പള്ളിക്കൂടത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമേയുള്ളു. ആ
പള്ളിക്കൂടമോർത്താൽ നായര് മാഷെ ഓർമ വരും. അധ്യപകർക്ക് ഇന്നത്തേതുപോലെ പ്രതിഫലമില്ല. മാഷിന് എന്നെ വലിയ സ്‌നേഹമായിരുന്നു. പക്ഷെ അദ്ദേഹമൊരിക്കലും ഇന്ന് വരുന്ന വഴിയിലൂടെ അടുത്ത ദിവസം വരുമായിരുന്നില്ല. മാഷിന് നാടാകെ കടക്കാരായിരുന്നു. അണ്ടിപ്പരിപ്പ് ചുട്ടുതല്ലിക്കൊടുത്താൽ ജയിപ്പിക്കുമെന്നൊരു കഥ മാഷിനെപ്പറ്റി പള്ളിക്കൂടത്തിൽ പണ്ടേ പ്രചാരത്തിലിരുന്നു. ഞാൻ പഠിക്കാൻ അന്ന് മോശമായിരുന്നില്ല. മുത്തച്ഛനും മാഷും അടുത്ത സുഹൃത്തുക്കളുമായിരുന്നു. പക്ഷെ മാഷിന് നാലുംകൂട്ടി മുറുക്കാൻ അടക്കയും വെറ്റിലയും കുട്ടികളാണെത്തിച്ചിരുന്നത്. അങ്ങനെയൊരിക്കൽ മാഷിനുള്ള അടക്കയിടാൻ കമുകിൽ കയറിയ കുട്ടികളിലൊരാൾ കാൽ വഴുതി താഴെ വീണ് കാലൊടിഞ്ഞ് അസ്ഥി പുറത്തേക്ക് വന്നു. കുറ്റിക്കാട്ടിലെ കമ്പ് തുളഞ്ഞുകയറിയെന്ന് കരുതി നായരുമാഷ് എല്ലിൽ പിടിച്ചുവലിച്ച കഥ പിന്നീട് നാടാകെ പ്രചരിച്ചു.

ഈ സമൂഹത്തിലെ ദാരിദ്ര്യമെന്തെന്ന് ഞാനാദ്യം അറിഞ്ഞത് ആ പള്ളിക്കൂടത്തിൽ
നിന്നാണ്. അന്നുച്ചക്ക് കിട്ടിയിരുന്ന കഞ്ഞിയുടെയും പരിപ്പിന്റെയും മണം
ഇന്നുമോർത്തെടുക്കാം. വീട്ടിൽച്ചെന്ന് ഭക്ഷണം കഴിക്കാമായിരുന്നെങ്കിലും ഞാനും
കഞ്ഞി കുടിച്ചു. ആ കഞ്ഞിക്കായി കാത്തിരിക്കുന്ന ചാൾസ് ഡിക്കൻസിന്റെ
കഥാപാത്രങ്ങളുടെ മുഖമുള്ള കുട്ടികൾ. സ്‌കൂളിൽ നിന്ന്​ കിട്ടുന്ന കപ്പലണ്ടിയും
കടലയും കക്ഷത്തിലും ഗുഹ്യഭാഗത്തുമൊളിപ്പിച്ച് ദരിദ്രസന്തതികൾക്ക്
കൊടുത്തിരുന്നവരുണ്ട്, ഞാനിന്നും അതിനോട് മനസ്സുകൊണ്ട് വിയോജിച്ചു.

ലോകത്തിലേതെങ്കിലുമൊരു വ്യവസ്ഥാപിത സംവിധാനം ഇത്രയധികം രക്തസാക്ഷികളെക്കൊണ്ട് ഉറപ്പിച്ചിട്ടുണ്ടെങ്കിൽ അത് തിരുസഭയാണ്. ആ തിരുസഭയുടെ തീക്ഷ്ണമായ പഠനരീതികൾ, അതിൽ ഞാൻ പൂർണമായും വിശ്വാസമർപ്പിച്ചിരുന്നു.

അന്ന് സ്‌കൂളിലെ മോണിറ്ററെന്നാൽ സീനിയറും തന്റേടിയും എന്തിനും പോന്നവരുമായ വിദ്യാർത്ഥികളായിരിക്കും. മാഷ് പലപ്പോഴും വരാറില്ല, അപ്പോഴും കുട്ടികൾ നിശ്ശബ്ദരായിരിക്കണം. ചുമതല മോണിറ്റർക്കും. രണ്ടിലെത്തുമ്പോൾ ക്ലാസിലെ മോണിറ്റർ ബെർണാഡാണ്. അയാൾ എല്ലാവരെയും വെല്ലുവിളിക്കും. എന്റെ മൂക്കിൽത്തൊടാനാരുണ്ട് എന്നതായിരുന്നു ബെർണാഡിന്റെ ഹുങ്ക്. ആരുടെ കൈയ്യും ബെർണാഡിന്റെ മൂക്കിലേക്ക് നീണ്ടില്ല. എല്ലാവരെയും വെല്ലുവിളിച്ച ബെർണാഡ് ഒരിക്കലെന്നെയും വെല്ലുവിളിച്ചു. ഞാനെഴുന്നേറ്റുചെന്ന് മൂക്കിലൊന്ന് തൊട്ടു. പിന്നെ തല്ലാണ്, ഞാനോടി. പക്ഷെ വെല്ലുവിളികളെ നേരിടുന്ന പ്രവണത അന്നേ തുടങ്ങി.

മൂന്നും നാലും ക്ലാസെത്തുമ്പോൾ പഠിപ്പ് മുക്കാൽ കിലോമീറ്ററകലെയുള്ള പള്ളിവക സ്‌കൂളിലായി. അവിടെയും വെല്ലുവിളിയാവർത്തിച്ചു. ബെർണാഡിനു പകരം ദാമോദരനെന്ന വ്യത്യാസം മാത്രം. നാലാം ക്ലാസ്സിലെത്തുമ്പോൾ അടക്കയിൽ നിന്ന്​ കോഴിമുട്ടയിലേക്ക് കഥ മാറി. കോഴിമുട്ടയുണ്ടെങ്കിൽ കൊണ്ടുവരാൻ ക്ലാസ്സിൽ നിന്ന് ടീച്ചർ പറഞ്ഞു. പീരിയഡ് അവസാനിച്ച് ടീച്ചർ പോകുമ്പോഴേക്കും കോഴിമുട്ട തേടി മുഴുവൻ കുട്ടികളും ക്ലാസ്​ വിട്ടു. കുട്ടികളോരോരുത്തരും വീടുവിടാന്തരം കോഴിമുട്ട തേടി നടന്നു. പക്ഷെ കോഴിമുട്ടക്ക് പകരം കിട്ടിയത് ഹെഡ് മാസ്റ്ററുടെ തല്ലായിരുന്നു. അതിലെല്ലാം നിറഞ്ഞുനിന്നത് കൊച്ചിയുടെ ഗ്രാമ്യതയാണ്.

നോമ്പുകാലമെത്തുമ്പോൾ ആ ചിട്ടവട്ടങ്ങളിൽ നിന്ന്​ ഞങ്ങൾ കുട്ടികൾക്കും മോചനമില്ല. മൂന്ന് നാല് ക്ലാസുകളിലെത്തുമ്പോൾ വേദോപദേശം പഠിപ്പിക്കും. പത്ത് കൽപ്പനകൾ അടക്കമുള്ള സകലപ്രമാണങ്ങളും ഞങ്ങൾ പഠിച്ചു, അല്ല തല്ലിപ്പഠിപ്പിച്ചു. അന്ന് ഞങ്ങൾക്കിടയിൽ പള്ളിയും വ്യക്തിയും തമ്മിലുള്ള ബന്ധം ഗാഢമായിരുന്നു. അതുംപോരാഞ്ഞ് വികാരിയച്ചൻ എന്റെ ബന്ധുവും. അങ്ങനെ മുടങ്ങാതെ പള്ളിയിൽ പോകും. മുത്തശ്ശിയുടെ ബന്ധുക്കൾ വെണ്ടുരുത്തിക്കാരായതുകൊണ്ട് അവിടെയും പോയി വന്നു.
ഫലത്തിൽ നാടാകെ പരിചയക്കാർ. എല്ലാവരും പരസ്പരം അറിഞ്ഞു, ഒരു
കുടുംബത്തിലെന്നപോലെ. പള്ളിയിൽ പ്രാർത്ഥനയും കലാപരിപാടികളുമുണ്ടാവും. ധ്യാനസമയത്ത് പുണ്യവാളൻമാരായ രക്തസാക്ഷികളെപ്പറ്റി പഠിപ്പിക്കും. പള്ളിയിൽ ചുവപ്പുകൊടി കയറിയാൽ അത് രക്തസാക്ഷിത്വത്തിന്റെ സൂചനയാണ്. സെൻറ്​ സെബാസ്റ്റ്യൻ
രക്തസാക്ഷിയായിരുന്നു. ലോകത്തിലേതെങ്കിലുമൊരു വ്യവസ്ഥാപിത സംവിധാനം ഇത്രയധികം രക്തസാക്ഷികളെക്കൊണ്ട് ഉറപ്പിച്ചിട്ടുണ്ടെങ്കിൽ അത് തിരുസഭയാണ്. ആ തിരുസഭയുടെ തീക്ഷ്ണമായ പഠനരീതികൾ, അതിൽ ഞാൻ പൂർണമായും വിശ്വാസമർപ്പിച്ചിരുന്നു.

സൈമൺ ബ്രിട്ടോ / ചിത്രം : എം. ജി. അനീഷ്

അന്നേല്ലാ ദിവസവും നിർബന്ധമായും പള്ളിയിൽ പോണം. ഞായറാഴ്ച പോയില്ലെങ്കിൽ അത് ചാവുദോഷമാവും. തിങ്കളാഴ്ച സ്‌കൂളിലെത്തുമ്പോൾ കൃത്യം മാഷോർമ്മിപ്പിക്കും, ഞായറാഴ്ചയിലെ പള്ളിപ്രാർത്ഥന. പോകാത്തവരെ എഴുന്നേൽപ്പിച്ച് നിർത്തും, തല്ലും. തെളിവെടുപ്പിന് ചിട്ടവട്ടങ്ങളുമുണ്ട്. പള്ളിയിൽ പോയെന്ന് പറയുന്നവർ വികാരിയച്ചന്റെ കുപ്പായത്തിന്റെ നിറമേതെന്ന് പറയണം. ഒരു ഞായറാഴ്ച അമ്മയുടെ പോഞ്ഞിക്കരപ്പള്ളിയിലാണ് ഞാൻ പോയത്, അവിടെ വികാരിയച്ചൻ വയലറ്റ് നിറത്തിലുള്ള കുപ്പായമാണിട്ടത്. വടുതലപ്പള്ളിയിലെ വികാരിയച്ചൻ പച്ചയും. എന്നോട് ചോദിച്ചപ്പോൾ വയലറ്റെന്ന് പറഞ്ഞതിന്റെ പേരിൽ കള്ളം പറഞ്ഞുവെന്നാരോപിച്ച് മാഷ് കൈയ്യടിച്ചുപൊട്ടിച്ചു.

പല്ല് കേടായി വേദനിക്കുന്ന കുട്ടികളുടെ പല്ലുപറിക്കാൻ ഫിലോമിനടീച്ചറുണ്ടായിരുന്ന സ്‌കൂളാണത്. മാതൃഭൂമിയിലെ ബാലകഥകൾ അന്ന് ടീച്ചർ സ്‌കൂളിൽ വായിച്ചുതരും. അങ്ങനെ കഥകളന്നേ ഇഷ്ടമായി. പക്ഷെ കഥകളേറെയും കേട്ടത് നാട്ടുകാരായ സാധാരണക്കാരിൽ നിന്നാണ്. ചങ്ങമ്പുഴ തൊട്ടടുത്താണ്, ഇടപ്പള്ളിയിൽ. ചങ്ങമ്പുഴക്കവിതകൾ ഉറക്കെപ്പാടി നടന്നുപോകുന്നൊരു നാട്ടുകാരൻ അയലത്തുണ്ടായിരുന്നു, തങ്കപ്പായി. ഉറക്കെ പാട്ടുപാടി നടന്നുപോകുന്ന മനുഷ്യർ അന്നത്തെ പതിവായിരുന്നു, ഇന്നത് കേൾക്കാനില്ല. നാട്ടിൽ ഭൂരിപക്ഷവും ക്രിസ്ത്യാനികളെങ്കിലും ഹിന്ദുക്കളുമുണ്ട്. ആ വകയിൽ ഓണക്കാലത്ത് കൈകൊട്ടിക്കളി പതിവായി.

ഞങ്ങളുടെ പ്രദേശം പണ്ടുമുതലെ തെമ്മാടികളുടെ ഇടമായിരുന്നു. കൊച്ചിയിലേക്ക് ചരക്ക് കയറ്റിപ്പോകുന്ന വള്ളങ്ങളും വള്ളക്കാരുമെല്ലാം വടുതലയിൽ നിരന്തരം ആക്രമിക്കപ്പെട്ട കഥകളിവിടെ കേൾക്കാം.

മൂന്നാം ക്ലാസിലെത്തുമ്പോഴേക്കും ആസുണ്ണി മാഷ് ട്യൂഷൻ മാസ്റ്ററായി. മാഷിന്റേത്
ഒരുതരം ഗുരുകുല സമ്പ്രമ്പദായമായിരുന്നു. അവധിദിവസം അവിടെപ്പോയിരുന്ന് പഠിക്കും. മാഷിന് ഫുട്ബോൾ വലിയ ഇഷ്ടമാണ്. അതുകൊണ്ട് നല്ലകളി നടക്കുമ്പോൾ ഞങ്ങളെയും കൊണ്ട് കളി കാണാൻ പോകും. പക്ഷെ ഒരിക്കലും ഞങ്ങൾ പ്രധാന വഴികളിലൂടെ പോയില്ല. ഇടവഴികളും, വീട്ടുമുറ്റങ്ങളും പാടങ്ങളും തൊടികളും കടന്ന് ഏതൊക്കെയോ വഴികളിലൂടെ പോകും.
അന്നെവിടെയും വഴികളായിരുന്നു. എന്റെ മനസ്സിൽ ആ വഴികളും
വെളിമ്പുറങ്ങളുമെല്ലാമുണ്ട്. ഇന്നതെല്ലാം മാറി. ക്ലാസിലൊരിക്കലും
ഒന്നിച്ചായിരുന്നില്ലെങ്കിലും ഒരേകാലം രണ്ട് ഡിവിഷനുകളിലായി പഠിച്ച ഞാനും
ഉണ്ണിയുമായിരുന്നു ആത്മമിത്രങ്ങൾ. ഞങ്ങൾക്ക് ചുറ്റിക്കറങ്ങുന്നത് വലിയ
ഇഷ്ടമായിരുന്നു. ഒരിക്കൽ ട്യൂഷൻ കഴിഞ്ഞ് അങ്ങനെപോയി ഒടുവിൽ മാഷിനടുത്തുതന്നെ വന്നുപെട്ടു. വടിയെടുത്ത് തല്ലി, പറഞ്ഞുവിട്ടു.

അന്നേറ്റവും പ്രധാനം പ്രകൃതിയും യാത്രയുമായിരുന്നു. വായിക്കാൻ
തുടങ്ങുമ്പോളാദ്യം കിട്ടിയത് സത്യദീപമാണ്. പിന്നെ മനോരമയുംദീപികയുമുൾപ്പടെയുള്ള പത്രങ്ങളായി. പക്ഷെ ഹൃദയത്തിൽപ്പതിഞ്ഞ ആദ്യവായനമോണ്ടിക്രിസ്റ്റോയാണ്, പനിപിടിച്ചുകിടന്ന അഞ്ചാം ക്ലാസിൽ കൈയ്യിൽക്കിട്ടിയ
ആനി തയ്യിലിന്റെ വിവർത്തനം. പതിയെ ലോകമെമ്പാടുമുള്ള സഞ്ചാരകഥകളിലേക്ക് കടന്നു. അങ്ങനെ മനസ്സിലൊരു പുതിയ ലോകം തുറന്നു. പുറംലോകം ഒരാകാംഷയായി.

ഇന്നിപ്പോൾ കാലവർഷം ഒരു ദിവസം മാത്രം പെയ്തു. എന്റെ വീടിന്റെ തൊട്ടപ്പുറത്ത്
ഒരു വെളിമ്പ്രമ്പദേശമാണ്. അവിടെ വെള്ളം കൊണ്ട് നിറയും. തുടർച്ചയായി പതിനഞ്ച് ദിവസം വരെ മഴയുണ്ടാവും. വീട്ടുമുറ്റത്തെ വഴികളിൽ മീൻനൃത്തം കാണാം. വീടിന്റെ മൂന്ന് വശം കായലാണ്. എങ്കിലും മീൻപിടിക്കാൻ വിട്ടിൽ നിന്നനുവാദമില്ല. നീന്താൻ പഠിച്ചത് തനിച്ചാണ്. ഒഴിഞ്ഞ കുടം വെള്ളത്തിലിട്ട് അതിൽപ്പിടിച്ച് നീന്തി. വലുതായപ്പോൾ മൂന്നുവശത്തെ പുഴയും മുറിച്ചുനീന്തി. ഞങ്ങളുടെ പ്രദേശം പണ്ടുമുതലെ തെമ്മാടികളുടെ ഇടമായിരുന്നു. കൊച്ചിയിലേക്ക് ചരക്ക് കയറ്റിപ്പോകുന്ന വള്ളങ്ങളും വള്ളക്കാരുമെല്ലാം വടുതലയിൽ നിരന്തരം ആക്രമിക്കപ്പെട്ട കഥകളിവിടെ കേൾക്കാം. ഞാൻ
ജനിക്കുന്നതിനും മുമ്പേയുള്ള കഥകളിൽ ഇവിടത്തെ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയെപ്പറ്റിയും തല്ലിനെപ്പറ്റിയും പറഞ്ഞുകേൾക്കാം. തല്ലും
ബഹളവുമാണെങ്കിലും എല്ലാവരും തമ്മിൽ വലിയ ബന്ധമുണ്ടായിരുന്നു, അവരെയെല്ലാം കൂട്ടിയിണക്കിയത് പള്ളിയും. സാമ്പത്തികമായി നിവൃത്തിയുള്ളവരുടെ വീടുകളിൽച്ചെന്ന് വിശപ്പുള്ളവർ പുറംപണിയെന്തെങ്കിലും ചെയ്ത് സഹായിച്ച് കഞ്ഞികുടിച്ച് പോകാവുന്ന ഒരു പരസ്പരബന്ധമായിരുന്നു അത്. എല്ലാ സംഘർഷങ്ങൾക്കിടയിലും കൂട്ടായ്മയെക്കുറിച്ചുള്ള ഒരു ബോധം അറിയാതെ നമ്മിലേക്ക് വരുന്നുണ്ട്.

എന്റെ വീട്ടിലെ പണിക്കാരനായിരുന്ന പാഞ്ഞൻ മൂപ്പൻ കമ്യൂണിസ്റ്റുകാരനായിരുന്നു. ഏത് പ്രകടനത്തിനും ചെങ്കൊടി പാഞ്ഞൻ മൂപ്പൻ പിടിക്കും. പാഞ്ഞൻ മൂപ്പന് ഞങ്ങൾ ഭക്ഷണവും കള്ളും കൊടുക്കും. പരസ്പരം മേലാളൻ- കീഴാളൻ ബന്ധമായിരുന്നെങ്കിലും അതിലൊരു സ്‌നേഹമുണ്ടായിരുന്നു. കാലം നഷ്ടപ്പെടുത്തിയതും നശിപ്പിച്ചതും അത്തരം
ബന്ധങ്ങളെയാണ്. അങ്ങനെ കുട്ടിക്കാലം തീക്ഷ്ണമായിരുന്നു. തീക്ഷ്ണമായ മതബന്ധം, തീക്ഷ്ണമായ കുടുംബബന്ധങ്ങൾ. ഒരു ആംഗ്ലോ- ഇന്ത്യൻ കമ്യൂണിറ്റിയെന്ന നിലയിൽ ചെറുപ്പത്തിൽ ഷൂ നിർബന്ധമായിരുന്നു. ആംഗ്ലോ-ഇന്ത്യൻ വിവാഹങ്ങളിൽ കുട്ടിക്കാലത്തും കത്തിയും മുള്ളുമുപയോഗിച്ച് ഭക്ഷണം കഴിക്കണം, ആരെങ്കിലും മരിച്ചാൽ രണ്ടുനാൾ അവിടെ താമസിച്ച് ചടങ്ങുകളിൽ പങ്കെടുക്കണം.

അറുപത്തിരണ്ടിലോ അറുപത്തിനാലിലോ വലിയ വെള്ളപ്പൊക്കമുണ്ടായി. വരാപ്പുഴ കണ്ടനാട് ഭാഗങ്ങളിലെ ബന്ധുക്കളെല്ലാം അവിടെ വെള്ളം പൊങ്ങിയപ്പോൾ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. ബന്ധുക്കളില്ലാത്തവർ പള്ളിയിൽ അഭയം തേടി. വെള്ളം പുര മുട്ടുമ്പോഴും അതിലെ കൂട്ടായ്മയും സ്‌നേഹവും ഞാൻ ആഘോഷിച്ചു. അതൊരനുഭവവും പാഠവുമായിരുന്നു. നമുക്ക് തുറന്ന് ആരോടും എന്തും പറയാവുന്ന കാലം, തുറന്ന അനുഭവങ്ങൾ.

ഇന്ന് നമ്മൾ നിലാവ് ശ്രദ്ധിക്കുന്നില്ല, ഉദയം കാണാറില്ല, കായലോളങ്ങളും അതിന്റെ ചെറിയ ചുളിവുകളും കാണാറില്ല, ചെറുസസ്യങ്ങളും പായലും പൊന്തിക്കിടക്കുന്ന തവളകളും ചെറുമത്സ്യങ്ങളുമെല്ലാം അന്ന് ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. കുട്ടികൾ വികൃതി കാട്ടിയാൽ അയൽവാസി വടിയെടുത്ത് തല്ലും. ഇന്ന് തല്ലാനാവില്ല, ആ കുട്ടി ആത്മഹത്യ ചെയ്‌തെന്ന് വരും. പത്താംക്ലാസിൽ തോറ്റാൽ ഒരു ‘ഹാപ്പി ഫെയ്​ല്യർ ഡേ’ ആഘോഷിച്ചില്ലെങ്കിൽ ആ കുട്ടി ആത്മഹത്യ ചെയ്‌തേക്കും. അയലത്തൊരു കുട്ടി അങ്ങനെ ചെയ്തു. പണ്ട് പള്ളിക്കൂടത്തിൽ തോൽവി ഒരാഘോഷമായിരുന്നു. അഞ്ചുവട്ടം തോറ്റാലും ഖേദമില്ലാത്ത തലമുറ ഒരു ജീവിതപാഠമായിരുന്നു. മൂന്നിലും രണ്ടിലും പഠിക്കുമ്പോൾ അവരായിരുന്നു നേതാക്കൾ. ആ സമ്പ്രദായം മാറി. എല്ലാവരും പരീക്ഷ ജയിക്കുന്നു, ജീവിതത്തിൽ തോൽക്കുന്നു, അതൊരു പുതിയ സമ്പ്രദായമായി. സ്വന്തം പറമ്പിലെ ചെടികളുടെ പേര് പോലും തിരിച്ചറിയാത്ത കാലത്തിന്റെ ചിട്ട.

പണി കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തുന്ന ദരിദ്രവീടുകളിലെ പെണ്ണുങ്ങൾ ദാക്ഷിണ്യമില്ലാതെ പരസ്പരം തെറിവിളിക്കും. നാവെടുത്താൽ തെറി മാത്രം പറയുന്നവരുമുണ്ട്. പക്ഷെ, അടിസ്ഥാനപരമായി അവർ നല്ലവരാണ്. ഇന്നാരും പരസ്യമായി തെറി പറയില്ലെങ്കിലും ഉള്ള് നിറയെ തെറിയായി.

പച്ചച്ച വയലുകളുടെ കൊച്ചിയായിരുന്നു, അന്നത്തെ ഒരു പ്രലോഭനം. ചിറ്റൂരിലും
കുറങ്കോട്ടയിലും കൊയ്ത്തുണ്ട്. കൂട്ടുകുടുംബം അന്ന് പൂർണമായി
അസ്തമിച്ചിട്ടില്ല. ഫ്യൂഡലിസത്തിന്റെ ബാക്കികൾ ദൃശ്യമാണ്. അണുകുടുംബത്തിന്റെ
വരവ് ഏതാണ്ട് എഴുപതുകൾക്കുശേഷമാണ്. അന്ന് എല്ലാവർക്കും എപ്പോഴും
തൊഴിലൊന്നുമില്ല. ഇല്ലായ്മയും തോൽവികളും ആ ജീവിതത്തിന്റെ സ്വാഭാവികതകളായിരുന്നു.

ഇന്നിപ്പോൾ നാടുമുഴുവൻ അധികാരികളുടെ ഒത്താശയോടെ വ്യാവസായികാടിസ്ഥാനത്തിൽ മണലൂറ്റ് നടക്കുന്നു. അന്ന് ഓരോ നാട്ടിലും അതിനായി ഒറ്റപ്പെട്ട ചിലരുണ്ടാവും. മണലൂറ്റിയാൽ കാശുകാരനാവാനുള്ള സാധ്യതയും കുറവായിരുന്നു. ഇവിടെ അതിന് ഒരു ശൗരിച്ചേട്ടനുണ്ടായിരുന്നു. പലപ്പോഴും ഒന്നും കിട്ടാതെ വരുമ്പോൾ വീട്ടിൽ വന്നിരുന്ന് കരയും. കായലിൽ വഞ്ചിയിറക്കിയാൽ സഹായികളെല്ലാമൊരുമിച്ച് ചായകുടിച്ച് പിരിയും.

ദേശത്തിന്റെ ഒരുമയേറ്റവും പ്രതിഫലിച്ചത് അക്കാലത്തെ മരണവീടുകളിലാണ്. മരണവീട്ടിലെ മനുഷ്യരെ സാന്ത്വനിപ്പിച്ച് ജീവിതത്തിലേക്ക് വീണ്ടെടുക്കുകയെന്നത് അയൽക്കാരുടെ ഉത്തരവാദിത്തമാണ്. നമ്മളവിടെച്ചെല്ലുക, നമ്മൾ തന്നെ പന്തലിടുക, നമ്മൾ തന്നെ അതിഥികളെ സ്വീകരിക്കുക, ഒടുവിൽ ശവദാഹം കഴിഞ്ഞ് കുടുംബത്തോടൊപ്പം പട്ടിണിക്കഞ്ഞിയും കുടിച്ച് യാത്രയാവുക. ആ ദൃഢമായ ബന്ധത്തിൽ നിന്നും സമൂഹം മുന്നോട്ടാണ് പോകുന്നതെന്ന സങ്കൽപ്പത്തിലാണ് ഞങ്ങൾ ജീവിച്ചത്. വീട്ടിലെ വാഴ കുലച്ചാൽ അതിന്റെ പഴം കൊണ്ടുവന്ന് ക്ലാസിലെ മുഴുവൻ കുട്ടികൾക്കും കൊടുക്കുന്ന സഹപാഠികളുള്ള കാലമാണത്.

അന്ന് എറണാകുളത്ത് നിറയെ കുളങ്ങളാണ്. ഓരോ വീട്ടിലും ഒന്നിലധികം കുളങ്ങൾ, നിറയെ നാട്ടുമാവുകൾ. ഇന്ന് നാട്ടുമാവിന് പകരം ഒട്ടുമാവുകളായി. വീട്ടുപറമ്പിൽ വളരുന്ന അധികച്ചെലവില്ലാത്ത ചേമ്പും ചേനയും കാച്ചിലും പുഴുങ്ങിയും കറിവച്ചും കഴിച്ച് പഞ്ഞമാസങ്ങൾ കടക്കും. ആ സമ്പ്രദായത്തിൽ നിന്ന്​ പൂർണമായും മാർക്കറ്റിനെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് നമ്മൾ മാറി. തമ്മിൽത്തല്ലും പരസ്പരം തെറിവിളിയും നാട്ടുനടപ്പാണ്. പണി കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തുന്ന ദരിദ്രവീടുകളിലെ പെണ്ണുങ്ങൾ ദാക്ഷിണ്യമില്ലാതെ പരസ്പരം തെറിവിളിക്കും. നാവെടുത്താൽ തെറി മാത്രം പറയുന്നവരുമുണ്ട്. പക്ഷെ, അടിസ്ഥാനപരമായി അവർ നല്ലവരാണ്. ഇന്നാരും പരസ്യമായി തെറി പറയില്ലെങ്കിലും ഉള്ള് നിറയെ തെറിയായി.

എം. എം. ലോറൻസി

ചെറുപ്പത്തിൽ രാഷ്ട്രീയമായി ആദ്യമറിയുന്നൊരു കാര്യം, ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണമാണ്. എം. എം. ലോറൻസിനെത്തേടി പോലീസ് പരക്കം പായുന്ന കാലം. ഏതാണ്ടിതേ കാലത്താണ് റഷ്യക്ക് മാനസാന്തരം വരാൻ പ്രാർത്ഥിക്കണമെന്ന് പള്ളിയിൽ നിന്ന്​ നിർദ്ദേശം കിട്ടിയത്. അന്ന് ഒന്നിലും രണ്ടിലുമൊക്കെ പഠിക്കുന്ന ഞങ്ങൾ കെടാവിളക്കിനുമുന്നിൽ മുട്ടുകുത്തി നിന്ന് റഷ്യക്ക് മാനസാന്തരം വരാൻ പ്രാർത്ഥിച്ചു. കാരണമെന്താണ്, റഷ്യയിൽ കമ്മ്യൂണിസ്റ്റുകാരാണ്.

അന്ന് ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചൊരു കഥയുണ്ട്: ‘‘തിരുവോസ്തി കടിച്ചാൽ ചോരവരും. അത് പരീക്ഷിക്കാൻ അവിശ്വാസികളായ കമ്യൂണിസ്റ്റുകൾ തീരുമാനിക്കുന്നു. അവർ വിശ്വാസിയായൊരു സ്ത്രീയെ വശത്താക്കി. പ്രാർത്ഥന കഴിഞ്ഞ് തിരുവോസ്തി നാവിൽ വച്ചുതരുമ്പോൾ രഹസ്യമായി തങ്ങൾക്കെത്തിക്കാൻ നിർദ്ദേശവും കൊടുത്തു. അതനുസരിച്ച് തിരുവോസ്തി മടക്കിയെടുത്ത് അവർ കക്ഷത്ത് വച്ചു. അപ്പോഴേക്കും ചോര വരാൻ തുടങ്ങി. എന്തു പറ്റിയെന്ന അന്വേഷണത്തിന്, കക്ഷത്തെ കുരു പൊട്ടി ചോരവന്നതാണെന്ന് കള്ളം പറഞ്ഞ് അവർ തിരുവോസ്തി ബ്രാഞ്ചുകമ്മിറ്റിക്കാർക്കെത്തിച്ചുകൊടുത്തു. അവിശ്വാസികളായ കമ്യൂണിസ്റ്റുകൾ അത് മുറിക്കാൻ തുടങ്ങുമ്പോഴേക്കും രക്തപ്രവാഹമായി. അവർ പേടിച്ച് തിരുവോസ്തി പൊതിഞ്ഞെടുത്ത് പാടത്ത് കുഴികുത്തി മൂടി. പിറ്റേദിവസം ആടുകളുമായി വന്ന ആട്ടിടയൻ തിരുവോസ്തിക്ക് മുമ്പിൽ മുട്ടുകുത്തി നിൽക്കുന്ന ആടുകളെ കാണുന്നു. വിവരമറിഞ്ഞെത്തിയ പള്ളീലച്ചനും ബിഷപ്പും കാസ കൊണ്ടുവന്ന് ഓസ്തി അതിനുള്ളിലാക്കി തിരികെക്കൊണ്ടുപോയി''

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികൾ. ഇടത്തുനിന്നും കെ.സി. മാത്യു, എം.എം. ലോറൻസ്, കെ.എ. വറുതുട്ടി, കുഞ്ഞൻബാവ, കുഞ്ഞുമോൻ, വി.പി. സുരേന്ദ്രൻ, എൻ.കെ. ശ്രീധരൻ, എം.എ അരവിന്ദാക്ഷൻ, കെ.എ.രാജൻ, വി. ശൗരിമുത്തു, ഒ. രാഘവൻ

ഈ കഥകളെല്ലാം ഞാൻ വിശ്വസിച്ചു. കാരണം എന്റെ ഭൗതികസാഹചര്യം അങ്ങനെയായിരുന്നു.

വണക്കമാസവും വെന്തിങ്ങയുമൊരുമിക്കുന്ന മറ്റൊരു കഥയുണ്ട്. വണക്കമാസത്തെ ഞങ്ങൾ പറഞ്ഞുപറഞ്ഞ് ഒണക്കമാസമാക്കി. വണക്കമാസത്തിൽ വെന്തിങ്ങ നിർബന്ധമായിരുന്നു. അതുചെയ്താൽ ആത്മരക്ഷക്ക് മറ്റൊന്നും വേണ്ടെന്നായിരുന്നു പള്ളിക്കഥ. ‘‘വണക്കമാസത്തിൽ കടലിലൂടെ പോയൊരു കപ്പലിനുനേരെ കടൽക്കൊള്ളക്കാരുടെ ആക്രമണമുണ്ടായി. പക്ഷെ വിശ്വാസിയായ വെന്തിങ്ങ ധരിച്ചൊരു കപ്പിത്താനായിരുന്നു കപ്പലോടിച്ചത്. കൊള്ളക്കാർ വെടി വച്ചു. ഉണ്ട വെന്തിങ്ങയിൽ തറച്ചു. കപ്പലും യാത്രക്കാരും കപ്പിത്താനും ഒരു പോറൽ പോലുമില്ലാതെ രക്ഷപെട്ടു''

ഇങ്ങനെ നിരവധി കഥകൾ ഞാൻ വിശ്വസിച്ചു.

ചെറുപ്പത്തിൽത്തന്നെ സോളിഡാരിറ്റിയിലും ലീജിയനിലുമെല്ലാം ഞാൻ പോകുമായിരുന്നു. ആദ്യത്തെ വിദ്യാർത്ഥിപ്രസ്ഥാനമുണ്ടാക്കുന്നതും പള്ളിയിലാണ്, കാത്തലിക് സ്റ്റുഡൻറ്​സ്​ ലീഗെന്ന പേരിൽ. അങ്ങനെ നമ്മുടെ വരുംകാലത്തിന്റെ വഴികൾ നിശ്ചയിച്ചത് പള്ളിയും ഈ നാടും മനുഷ്യരും അതിനെച്ചുറ്റി നിന്ന ഗ്രാമാന്തരീക്ഷവുമായിരുന്നു. അത് വിമോചനസമരം കഴിഞ്ഞ കാലമാണ്. പള്ളിയും പള്ളിക്കൂടവുമെല്ലാം കൊണ്ടുപൊയ്ക്കളയുമെന്ന് ഭയന്ന് അന്നിവിടെ പള്ളിയിൽ വിശ്വാസികളായ വളൻറിയർമാർ കാവൽ കിടക്കുമായിരുന്നു. കമ്യൂണിസ്റ്റുകൾക്കെതിരെ പ്രശ്‌നമുണ്ടാക്കാൻ വേണ്ടി മനപ്പൂർവ്വം രൂപക്കൂട് തകർത്തു. പക്ഷെ കലഹം വേണ്ട, രൂപക്കൂടിന് ചില്ല് വേറെയിടാമെന്ന നിലപാടിൽ വികാരിയച്ചനെത്തിയതോടെ ആ പ്രശ്‌നം
കെട്ടടങ്ങി. ഞാൻ പഠിച്ച പള്ളിക്കൂടത്തിൽ കാവൽ കിടന്ന സംഘത്തിലെ വളൻറിയർ ക്യാപ്റ്റൻ എന്റെ വളരെയടുത്ത സുഹൃത്തായിരുന്നു. പ്രായം കൊണ്ട് മുതിർന്ന ആളാണെങ്കിലും നമ്മുടെയൊരു കുമ്പാരിയായിരുന്നു. അവർ കാവൽ കിടക്കുന്നതിനടുത്ത വീട്ടിൽ വിളക്ക് മറിഞ്ഞുവീണ് തീപിടിച്ചു. അതുകണ്ട് വീട്ടിലെ ചെറിയ കുട്ടി ഉറക്കെ കരഞ്ഞു. കൂട്ടക്കരച്ചിൽ കഴിഞ്ഞ് വിളക്കും കെടുത്തി കമ്യൂണിസ്റ്റുകാർ വന്നെന്ന് പറഞ്ഞ് കാവൽസംഘം കടന്നുകളഞ്ഞു.

1969ൽ, കെ. എസ്. യു എന്ന സംഘടനയുണ്ടായി. പിറന്നുവീണ ദിവസം തന്നെ സ്‌കൂളിന്റെ മതിൽ മുഴുവൻ അവർ നീലം കൊണ്ടെഴുതി. അത് പുതിയ കെട്ടിടമായിരുന്നു. ഒരു രാഷ്ട്രീയസംഘടനക്കുമാത്രം അങ്ങനെയനുവദിക്കുന്നത് ശരിയല്ലെന്ന നിലപാടിൽ ഞങ്ങൾ പ്രിൻസിപ്പലിനോട് പരാതി പറഞ്ഞു.

ലോറൻസ് സഖാവ് പിന്നീട് പറഞ്ഞിട്ടുണ്ട്, കുറുങ്കോട്ടയിൽ ഒളിവിലിരിക്കുമ്പോൾ
അവിടം വിട്ടുപോകാനുള്ള എളുപ്പവഴി വടുതലയായിരുന്നുവെന്ന്. ഇഷ്ടം പോലെ
കമ്യൂണിസ്റ്റുകളുള്ളതുകൊണ്ട് ആരും സംശയിക്കില്ല. സത്യത്തിൽ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണവും 1964ലെ പാർട്ടി പിളർപ്പുമായിരുന്നു, എന്റെ കുട്ടിക്കാലത്തെ പ്രധാന രാഷ്ട്രീയസംഭവങ്ങൾ. പക്ഷെ അപ്പോഴും മാർക്‌സിനെതിരായും കമ്യൂണിസത്തിനെതിരായും പള്ളിക്കാർ അപവാദം പറഞ്ഞുപരത്തി. കമ്യൂണിസ്റ്റുകാർ കൊല്ലുന്നവരാണെന്ന് കെ. എസ്. ബിക്കാർ പറയും. ഇടപ്പള്ളി ആക്രമണത്തിൽ പോലീസിനെക്കൊന്നത് പ്രചരണായുധമാക്കി. പിന്നീടുള്ള ജീവിതാനുഭവത്തിൽ അതെല്ലാം തെറ്റാണെന്ന് ബോധ്യപ്പെട്ടു.

സത്യത്തിൽ വഴിതിരിഞ്ഞത് ഏഴാംക്ലാസിൽ തോപ്പിൽ
ഭാസിയിൽ നിന്നാണ്, പിന്നെ ചെറുകാടിന്റെ ശനിദശ. കേശവദേവ്, ബഷീർ അങ്ങനെ റിയലിസ്റ്റ് സാഹിത്യത്തിലൂടെ കാര്യം ബോധ്യപ്പെട്ടുതുടങ്ങി. കഥകളാണ് ഇവർ പറയുന്നത് ശരിയല്ലെന്ന് ആദ്യം പറഞ്ഞുതന്നത്. ഒരിക്കൽ അറിയാതെ തിരുവോസ്തിയിൽ എന്റെ പല്ലൊന്ന് മുട്ടി, ഒന്നും സംഭവിച്ചില്ല. പിറ്റേന്ന് ഓസ്തിയെടുത്തപ്പോൾ പതിയെ കടിച്ചുനോക്കി. ഒന്നും സംഭവിച്ചില്ല. പിന്നീടൊരിക്കൽ ഓസ്തി അനക്കാതെ വായിൽ വച്ച് സെമിത്തേരിക്കടുത്തെത്തിയപ്പോൾ കൈയ്യിലെടുത്ത് ഒടിച്ച് നുറുക്കി
നോക്കി. അതൊരു വലിയ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞു. അതൊരു വലിയ
വിശ്വാസത്തകർച്ചയായിരുന്നു. അവർ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം അങ്ങനെ
തകർന്നുവീണു.

കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആരെങ്കിലും എന്നെ വിളിച്ചുകൊണ്ടുപോയതല്ല. ഞാൻ
എട്ട് ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന കാലത്ത് ക്ലാസ്​ റെപ്രസെന്റേറ്റീവായി
തെരഞ്ഞെടുത്തു. അന്ന് സ്‌കൂളിൽ കക്ഷിരാഷ്ട്രീയമൊന്നുമില്ല.
കക്ഷിരാഷ്ട്രീയമൊന്നും സ്‌കൂളിലേക്ക് കൊണ്ടുവരേണ്ടെന്ന നിലപാടായിരുന്നു
എനിക്കുണ്ടായിരുന്നത്. ആ അവസരത്തിൽ 1969ൽ, കെ. എസ്. യു എന്ന സംഘടനയുണ്ടായി. പിറന്നുവീണ ദിവസം തന്നെ സ്‌കൂളിന്റെ മതിൽ മുഴുവൻ അവർ നീലം കൊണ്ടെഴുതി. അത് പുതിയ കെട്ടിടമായിരുന്നു. ഒരു രാഷ്ട്രീയസംഘടനക്കുമാത്രം അങ്ങനെയനുവദിക്കുന്നത് ശരിയല്ലെന്ന നിലപാടിൽ ഞങ്ങൾ പ്രിൻസിപ്പലിനോട് പരാതി പറഞ്ഞു. പക്ഷെ സ്‌കൂൾ
അധികൃതർ കെ. എസ്. യുവിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. സ്‌കൂൾ അധികതർ ആ സംഘടനക്കനുകൂലമായ നിലപാടെടുത്താൽ നമ്മുടെ രാഷ്ട്രീയനിലപാട് വ്യക്തമാക്കുമെന്ന മറുപടിയും കൊടുത്തു. റിയലിസ്റ്റ് സാഹിത്യവും യുക്തിവാദിപ്പുസ്തകങ്ങളും മാനിഫെസ്റ്റോയുമെല്ലാം അപ്പോഴേക്കും വായിച്ചുകഴിഞ്ഞിരുന്നു, അധികം മനസ്സിലായില്ലെങ്കിലും. എന്നിട്ടും സ്‌കൂൾ അധികതർ അനങ്ങിയില്ല.

ഇടപ്പള്ളി പൊലീസ്​ സ്​റ്റേഷൻ ആക്രമണവുമായി വിദൂരബന്ധമുള്ള ഒരു റെയിൽവേ ഗേറ്റ്മാൻ വടുതലയിലുണ്ടായിരുന്നു. അയാളെക്കാണാൻ എപ്പോഴും വിദ്യാർത്ഥിനേതാവായ ഒരു സഖാവ് വരും. അയാൾ വരുമ്പോൾ രാത്രി ഏഴ് കഴിയുമായിരുന്നു. അഞ്ച് മണിക്ക് മുമ്പ് വീട്ടിൽ കയറിയില്ലെങ്കിൽ എനിക്ക് തല്ലുറപ്പ്. എങ്കിലും ഒരുപാടന്വേഷിച്ച് അയാളെ കണ്ടെത്തി. ആ വഴിയെ മഹാരാജാസ് കോളജിലെത്തി. കാമ്പസിനടുത്ത പഴയ ശ്മശാനത്തിനടുത്ത് അന്നൊരു പഴയ ചകിരിപ്പുരയുണ്ടായിരുന്നു. അവിടെയൊത്തുകൂടിയ ഇരുപത്തെട്ടോളം പേർ ചേർന്ന് കെ. എസ്. എഫ് എന്ന സംഘടനക്ക് രൂപംകൊടുത്തു,
ഞാൻ സെക്രട്ടറിയായി. ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ആന്റണി പ്രസിഡന്റുമായി. അന്ന് തന്നെ പ്രമോദിന്റെ ചേട്ടൻ സുമശേഖരനൊപ്പം ഇത്തിൾ നീറ്റി വഴിയാകെ
മുദ്രാവാക്യങ്ങളെഴുതി നിറച്ചു. അതിന്റെ പേരിൽ തൊട്ടടുത്ത ദിവസം എന്നെ സ്‌കൂളിൽ നിന്ന്​ പുറത്താക്കി. നിങ്ങൾ മാർക്‌സിസ്റ്റാണോ, നക്‌സലാണോ തുടങ്ങിയ ചോദ്യങ്ങൾ നമുക്കുനേരെ സ്‌കൂളിലുയർന്നു. നിരന്തരം നടപടികളും.

സ്‌കൂൾ പാർലമെൻറ്​ ഉദ്ഘാടനത്തിന്​ എസ്. ലൂയിസായിരുന്നു മുഖ്യാതിഥി. അവിടെ കെ. എസ്. എഫിന്റെ കൊടി കെട്ടണം. ആരും ചെയ്തില്ല, ഞാൻ രണ്ട് പോസ്റ്റിലും കയറി കൊടി കെട്ടി. അതിനും പുറത്താക്കി. 1967ൽ ഇ. എം. എസ് മന്ത്രിസഭ വീണപ്പോൾ സ്‌കൂളിന് മുന്നിൽ പ്രകടനം നടത്തി, പാഞ്ഞൻ മൂപ്പനായിരുന്നു ചെങ്കൊടി പിടിച്ചത്. അന്നും പുറത്താക്കി.
അങ്ങനെ നിരന്തരം നടപടികളുയർന്നു. പച്ചാളം സെൻറ്​ ജോസഫ് സ്‌കൂളിൽ
എനിക്കെതിരെയുള്ള അധികൃതരുടെ അടിച്ചമർത്തലും പീഡനവും ശക്തമായി.

ഒരിക്കൽ വായിക്കുന്ന പുസ്തകങ്ങളേതെന്നറിയാൻ, സ്‌കൂളിലെ മാഷ് വന്ന് കുറെ
യുക്തിവാദിപ്പുസ്തകങ്ങളും തേരാളി മാസികയും ദസ്തയേവ്‌സ്‌കിയുടെ കുറ്റവും ശിക്ഷയും കണ്ടുകെട്ടി, ഇന്നും അതെനിക്ക് തിരിച്ചുകിട്ടിയിട്ടില്ല. അംഗത്വമെടുത്ത
നൂറ്റിയിരുപതോളം കുട്ടികളെ രാജിവെപ്പിച്ചു. സംഘടന വിടാൻ എനിക്ക് മുന്നിൽ പുതിയ പ്രലോഭനങ്ങൾ നിരത്തി. മേനക തിയറ്റർ അപ്പോഴേക്കും ന്യൂ മേനകയായി മാറി, അവിടെ സിനിമക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു. മലമ്പുഴയിൽ വിനോദയാത്രക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു. എന്റെയൊപ്പമുണ്ടായിരുന്ന സംഘടനാപ്രസിഡൻറ്​ ആന്റണിക്കും വലിയ മോഹങ്ങൾ കൊടുത്തു. അയാളെ പിന്നീട് ഡോൺ ബോസ്‌കോ ഐ. ടി. ഐയിൽ അധ്യാപകനാക്കി. അവിടെപ്പോയി പിന്നീടെനിക്ക് സമരം ചെയ്യേണ്ടിവന്നിട്ടുണ്ട്. ഒടുവിൽ കെ. എസ്. എഫ്​ എന്ന സംഘടനയിൽ ഞാനുൾപ്പടെ ഇരുപതോളം പേർ മാത്രം ബാക്കിയായി.
സംഘടനയെ ദുർബ്ബലപ്പെടുത്തിയെങ്കിലും ആ പള്ളിക്കൂടം വലിയ അനുഭവങ്ങൾ തന്നു. എല്ലാ വിഷയവും നന്നായി പഠിപ്പിച്ചിരുന്ന നല്ല അധ്യാപകർ നമ്മളെ
ചിട്ടപ്പെടുത്തുന്നുണ്ടായിരുന്നു. അപ്പോഴും രാഷ്ട്രീയവിരോധം അവരെ
വിട്ടുപോയിരുന്നില്ല. അതിനെ നമ്മൾ ശക്തമായി പ്രതിരോധിച്ചുതന്നെ മുന്നോട്ടുപോയി.

അന്ന് വിദ്യാർത്ഥിസമരം വന്നാൽ എസ്. എഫ്. ഐ- കെ. എസ്. യു ഭേദമില്ലാതെ എല്ലാവരും ഇറങ്ങും. ഞാൻ ആദ്യം വിദ്യാർത്ഥി സമരത്തിനിറങ്ങുന്നത് ഏഴാം ക്ലാസിലാണ്. ഉമ്മൻ ചാണ്ടി കെ. എസ്. യു പ്രസിഡൻറ്​.

പള്ളിക്കൂടം മാത്രമല്ല, വീടും രാഷ്ട്രീയത്തിന് അനുകൂലമായിരുന്നില്ല. ശക്തമായ
പ്രതിരോധം രണ്ടിടത്തും വേണ്ടിവന്നു. പത്താം ക്ലാസ്​ പരീക്ഷ വരുമ്പോൾ,
പരീക്ഷയെഴുതരുത് തോറ്റുപോകുമെന്ന് പറഞ്ഞു. ഞാൻ വാശിപ്പുറത്ത് പഠിച്ച് പരീക്ഷ ജയിച്ചു. ഞങ്ങടെ ബാച്ചിലെ എല്ലാവരും പത്താം ക്ലാസ്സ് പരീക്ഷ ജയിച്ചു. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പഠനം ശാന്തമായിരുന്നു. പഠനവും സ്‌പോർട്‌സും വായനയുമായി അത് കടന്നുപോയി.

ആ കാലത്ത് ആരെയും വെല്ലുവിളിക്കുന്ന മറ്റൊരു സഹപാഠിയുണ്ട്, ടെൻസിംഗ്. ആ
വെല്ലുവിളി ഞാനേറ്റെടുക്കും. പിന്നെ ഗുസ്തിക്കുള്ള സ്ഥലം നിശ്ചയിക്കും.
മിക്കവാറും ചാത്തോത്ത് പള്ളിയുടെ മുറ്റമായിരിക്കും ഗോദ. പുസ്തകം പിടിച്ച് കൂടെ ഉണ്ണി വരും. ഇടിപിടിച്ച് ക്ഷീണിക്കുമ്പോൾ നിർത്തിപ്പോരും, പിന്നെ പിണക്കമില്ല.
സ്‌കൂളിലെ മാഷിന്റെ തല്ല് രണ്ടുപേരും വാങ്ങിയതോടെ ഇടിപിടി നിന്നു. ടെൻസിംഗിന്റെ രണ്ട് മൂന്ന് അനുജൻമാരും സ്‌കൂളിലുണ്ട്. സ്‌കോളർഷിപ്പ് പരീക്ഷയെഴുതാൻ പോകുമ്പോൾ കൂടെ വികൃതിയായ ടെൻസിംഗും വന്നു. പ്രതിക്ഷിക്കാത്ത നേരത്ത് ടെൻസിംഗ് അത്ഭുതവരങ്ങൾ തരും. മുന്തിരിങ്ങയുടെയും മിഠായിയുടെയുമൊക്കെ രൂപത്തിൽ. കടക്കാരൻ തിരിയുന്ന നേരത്ത് മുന്തിരിങ്ങ ടെൻസിംഗിന്റെ കൈയ്യിലെത്തും. പള്ളിപ്പെരുന്നാളിന് മിഠായി വേണോന്ന് ചോദിക്കും. നൊടിയിൽ പെരുന്നാൾക്കച്ചവടത്തിന് വരുന്ന തമിഴത്തിപ്പെണ്ണുങ്ങളുടെ പെട്ടിക്കടയിലെ വിളക്ക് ഊതിക്കെടുത്തി മിഠായി സ്വന്തമാക്കും.

അന്ന് വിദ്യാർത്ഥിസമരം വന്നാൽ എസ്. എഫ്. ഐ - കെ. എസ്. യു ഭേദമില്ലാതെ എല്ലാവരും ഇറങ്ങും. ഞാൻ ആദ്യം വിദ്യാർത്ഥി സമരത്തിനിറങ്ങുന്നത് ഏഴാം ക്ലാസിലാണ്. ഉമ്മൻ ചാണ്ടി കെ. എസ്. യു പ്രസിഡൻറ്​. ലിസിയെന്ന പെൺകുട്ടിയുടെ കൊലപാതകമായിരുന്നു സമരകാരണം. ആദ്യത്തെ പഠിപ്പുമുടക്കും ചിറ്റൂർ സ്‌കൂളിൽ നടത്തിയ ആദ്യത്തെ രാഷ്ട്രീയപ്രസംഗവും അതിലൂടെ സംഭവിച്ചു. സ്‌കൂൾ ലൈബ്രറിയിൽ
വളരെക്കുറച്ച് പുസ്തകങ്ങളെയുള്ളു. ഓരോരുത്തരും കൈമാറി വായിക്കണമെന്നാണ്
നിർദ്ദേശം. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകളെഴുതിക്കൊടുക്കണമെന്ന്
മറ്റൊരു നിർബ്ബന്ധം. അക്കാലത്താണ് ഞാൻ എസുനാരി കവാബാത്തയുടെ തൗസൻറ്​ ക്രെയിൻസ് വായിക്കുന്നത്. ടാറ്റാ ലൈബ്രറിയിൽ നിന്നെടുത്തതാണത്.

എട്ടാം ക്ലാസ്സിലെത്തിയപ്പോൾ ചിറ്റൂർ ഗ്രാമീണ ഗ്രന്ഥശാലയിൽ നിന്നും മറ്റൊരാളുടെ അംഗത്വത്തിൽ ഞാൻ പുസ്തകങ്ങളെടുക്കാൻ തുടങ്ങി. ആരാണ് മഹാസാഹിത്യകാരനെന്നൊന്നുമറിയാതെ പലതും വായിച്ചു. സക്കറിയ, എം. മുകുന്ദൻ, ഒ. വി. വിജയൻ, കാക്കനാടൻ, നന്തനാർ, കോവിലൻ
അങ്ങനെ പലരും മനസ്സിലൂടെ പാറി നടന്നു. പത്താം ക്ലാസ്​ പരീക്ഷ തീരുമ്പോൾ
മലയാളനോവൽ സാഹിത്യത്തിൽ അന്നുവരെയുണ്ടായ മിക്കവാറും കൃതികളും
വായിച്ചുതീർന്നിരുന്നു.

സൈമൺ ബ്രിട്ടോയുടെ ഒരു പഴയകാല ചിത്രം

സ്വർഗത്തേക്ക് പോകുന്ന പോലെ മുടങ്ങാതെ ഞാൻ ടാറ്റാ ലൈബ്രറിയിലേക്ക് പോകും. ഏറ്റവും ആധുനികമായ, മികച്ച ഡിസൈനിൽ, ഒരു പുഴത്തീരത്ത്, ഒരു ഫാക്ടറിക്കുള്ളിൽ ഒരു ലൈബ്രറി. അവിടെച്ചെല്ലുന്ന ഞങ്ങൾക്ക് ടാറ്റാ കമ്പനിക്കാർ സോപ്പെല്ലാം സൗജന്യമായി തരും. മറ്റ് മുതലാളിമാരിൽ നിന്ന്​ ടാറ്റ വ്യത്യസ്തനാണ്.

വിജയൻമാഷിന്റെ ഗുരുവായ എബ്രഹാം മാടമാക്കലിനെപ്പോലുള്ള ആളുകളെയല്ലാം ശക്തമായി സ്വാധീനിച്ചത് ടാറ്റ ലൈബ്രറിയാണ്. ഒരു പുസ്തകം കിട്ടിയാൽ അപ്പൊത്തന്നെ വായിച്ചുതീർക്കുക, അതായിരുന്നു പരിപാടി. പുഴയോരത്ത് പോയി ഇരുന്നോ കിടന്നോ വായിക്കുക എന്നതാണൊരു പതിവ്. പിന്നെ എന്റെ വളർത്തച്ഛന്റെയും വളർത്തമ്മയുടെയും ഓലപ്പുരയിൽ ഒരു കയറ്റുകട്ടിലുണ്ടായിരുന്നു. അവിടെക്കിടന്നും വായിക്കും. അതൊക്കെ
വല്ലാത്ത അനുഭവമാണ്. ഞാനിന്നുമോർക്കുന്നു, എം. മുകുന്ദന്റെ ആവിലായിലെ സൂര്യോദയം. ഒന്നു കിടന്നു, വായിച്ചുതീർത്തു. ഒറ്റക്കിടപ്പിൽ വായിച്ചുതീർത്ത പുസ്തകങ്ങളാണ് പലതും. വീട്ടിൽ നോവൽ വായനക്കനുവാദമില്ല, പാഠപുസ്തകം മാത്രം വായിച്ചാൽ മതിയെന്നാണ് ചട്ടം. സുഹൃത്തിന്റെ കൈയ്യിൽ നിന്നും കടമെടുത്ത കെ. സുരേന്ദ്രന്റെ താളം എന്ന നോവൽ വായിച്ചതിന്റെ പേരിൽ അച്ഛൻ ആ പുസ്തകം കത്തിച്ചുകളഞ്ഞു. എന്നിട്ടും വായന നിർത്തിയൊന്നുമില്ല. നമ്മൾ പിന്നെയും ആ വഴിയെ തന്നെ പോയി. പിന്നെയുള്ളത് കോളേജ് ജീവിതമാണ്. പക്ഷെ ഇന്ന് ആകെ അനുഭവങ്ങൾ ചേർത്തുവച്ച് സമൂഹത്തെ നമ്മൾ മുന്നോട്ടും പിന്നോട്ടും നോക്കുമ്പോൾ അതൊരുപാട് പുറകോട്ട് പോയില്ലേന്ന് തോന്നും.

ഉച്ചക്കത്തെ ഇടവേളയിൽ മംഗളവനത്തിനപ്പുറത്ത് തൂശൻ ഗ്രൗണ്ടിൽ ചെന്നിരുന്നാണ് പുകവലി. ഗാന്ധിയുടെ ശതാബ്ദിക്ക് തീവണ്ടി വരുന്നത് കാണാനും ഇതേ ആവേശത്തോടെ പോയിരുന്നു. വേദോപദേശത്തിനെന്ന് കള്ളം പറഞ്ഞ് സിനിമക്ക് പോകും.

പഴയ മനുഷ്യർ തെറി പറയും, ദേഷ്യപ്പെടും. പക്ഷെ അവർ പച്ചയായ മനുഷ്യരായിരുന്നു. ഇന്നത്തെ മനുഷ്യൻ ഒരുപാട് മറച്ചുവക്കുകയും ഉള്ളിൽ തെറിവിളിക്കുകയും ചെയ്യുന്നു. പുസ്തകങ്ങളിലാണ് എല്ലാ അറിവുമിരിക്കുന്നതെന്ന വിശ്വാസം എനിക്കില്ല. സാധാരണ മനുഷ്യരുമായുള്ള ബന്ധങ്ങളിൽ നിന്നും അതിനേക്കാൾ അറിവുകൾ സ്വാംശീകരിക്കാം. തെക്ക് തെളിഞ്ഞാൽ ദിക്ക് തെളിഞ്ഞൂന്ന് പറയാം. തെക്ക് മാനം തെളിഞ്ഞാൽ മഴ കനക്കില്ലെന്ന് ചുരുക്കം.

പിന്നെ ദണ്ണിയടിക്കുകയെന്നൊരു പ്രയോഗമുണ്ട്. വടക്കുനിന്നും പ്രത്യേകരീതിയിൽ വരുന്നൊരു മഴക്കാറ്റാണത്. ജനിച്ചുവീഴുന്ന ഏത് മനുഷ്യനും പ്രകൃതിയുമായി പൊരുത്തപ്പെട്ടാണ് വളരുന്നത്. നല്ല ഭക്ഷണം നമുക്കെന്നും ഇഷ്ടമാണെങ്കിലും അതെപ്പോഴുമില്ല. സിഗരറ്റെന്നുവച്ചാൽ അന്നൊരു ഫാഷനാണ്, വിരളവും. അതൊക്കെ സിനിമയിലാണധികവും. ഇതൊക്കെ വലിക്കണമെന്നാണ് സ്‌കൂളിൽ പഠിക്കുമ്പോൾ നമുക്ക് തോന്നിയത്. ഉച്ചക്കത്തെ ഇടവേളയിൽ മംഗളവനത്തിനപ്പുറത്ത് തൂശൻ ഗ്രൗണ്ടിൽ ചെന്നിരുന്നാണ് പുകവലി. ഗാന്ധിയുടെ ശതാബ്ദിക്ക് തീവണ്ടി വരുന്നത് കാണാനും ഇതേ ആവേശത്തോടെ പോയിരുന്നു. വേദോപദേശത്തിനെന്ന് കള്ളം പറഞ്ഞ് സിനിമക്ക് പോകും. കോഴിമുട്ട വിറ്റ് അതിനുള്ള കാശുണ്ടാക്കും. ▮

(തുടരും)

Comments