ഇടുക്കി വണ്ടിപ്പെരിയാർ ചാരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറു വയസുകാരിയെ കൊടും പീഡനങ്ങൾക്കുശേഷം കെട്ടിത്തൂക്കി കൊന്ന കേസിൽ അന്വേഷണ സംവിധാനത്തിനു സംഭവിച്ച വീഴ്ചകൾ കട്ടപ്പന അതിവേഗ കോടതി തന്നെ അക്കമിട്ടുനിരത്തുന്നുണ്ട്. കുട്ടിയുടെ മരണം കൊലപാതകമാണെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തെളിഞ്ഞു. എന്നാൽ, പ്രതിക്കെതിരെ കൊലപാതകം, പോക്‌സോ നിയമപ്രകാരമുള്ള പീഡനം എന്നിവ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. കൊലപാതകം നടന്ന ദിവസം ശാസ്ത്രീയമായി തെളിവു ശേഖരിക്കുന്നതുമുതലുള്ള കാര്യങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു സംഭവിച്ച ഗുരുതര വീഴ്ചകളാണ് പ്രതിയെ വെറുതെവിടുന്നതിലേക്ക് നയിച്ചത്.
പട്ടികവിഭാഗ പീഡന നിരോധന നിയമം കേസിൽ ഉൾപ്പെടുത്തിയില്ലെന്ന ഗുരുതര വീഴ്ച കുട്ടിയുടെ അച്ഛൻ ചൂണ്ടിക്കാണിക്കുന്നു. ഈ വകുപ്പ് കൂട്ടിച്ചേർത്താൽ കേസിൽ കാലതാമസമുണ്ടാകുമെന്നും ഡിവൈ എസ്.പി അന്വേഷിക്കേണ്ടിവരുമെന്നും ജില്ലാ കോടതിയിലേക്കുമാറ്റിയാൽ വർഷങ്ങൾ നീണ്ടുപോകുമെന്നും പൊലീസ് തന്നോട് പറഞ്ഞതായി അച്ഛൻ പറയുന്നു.
അതായത്, ആത്മഹത്യ എന്ന പ്രാഥമിക ഊഹം പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തിയെങ്കിലും ആ ഊഹത്തിനുചേർന്ന തീർത്തും അലസമായ അന്വേഷണ നടപടികളാണ് പിന്നീടും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് എന്ന് കോടതി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ഈ കേസിലെ പൊലീസ് എന്ന 'പ്രതി'യിലേക്കുള്ള തെളിവുകൂടിയാണ് കോടതി നിരീക്ഷണങ്ങൾ. അന്വേഷണത്തിലെ പാളിച്ചകൾ എന്ന തലക്കെട്ടിൽ നാല് പേജുകളിലായാണ് ഈ പരാമർശങ്ങൾ കോടതി നടത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യ തന്നെ സംശയകരമാണ് എന്ന മട്ടിലാണ് കോടതി നിരീക്ഷണം.
ഇതോടൊപ്പം, കോടതിയിൽ ഈ കേസിന്റെ നടത്തിപ്പിനെക്കുറിച്ചും നീതിന്യായസംവിധാനത്തിന്റെ സമീപനങ്ങളെക്കുറിച്ചും ഗുരുതരമായ ആരോപണങ്ങൾ പെൺകുട്ടിയുടെ ബന്ധുക്കളും ഉന്നയിക്കുന്നുണ്ട്. അതായത്, പൊലീസ് മാത്രമല്ല, നീതി നടപ്പാക്കേണ്ട അധികാരസംവിധാനമാകെ ഈ കേസിൽ സംശയനിഴലിലാണ്. ഇതോടൊപ്പം ചേർത്തുവായിക്കേണ്ട ഒരു വസ്തുത കൂടിയുണ്ട്. 2022-ൽ സംസ്ഥാനത്ത് റിപ്പോർട്ടുചെയ്ത 4582 പോക്‌സോ കേസുകളിൽ 68 കേസുകളിൽ മാത്രമാണ് വിധി വന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ശിക്ഷ വിധിച്ചത് എട്ടു കേസുകളിൽ മാത്രം. സമൂഹത്തിലെ ഏറ്റവും അധഃസ്ഥിതമായ സമൂഹം ഇരകളാക്കപ്പെടുന്ന സാഹചര്യത്തിൽ, സംവിധാനങ്ങൾക്കുസംഭവിക്കുന്ന സ്വഭാവികമായ അലസത തന്നെയാണ് ഈ കേസിലും പ്രകടമാകുന്നത്.
വീഴ്ചകൾ,
വീഴ്ചകൾ
2021 ജൂൺ 30നാണ് എസ്‌റ്റേറ്റ് മുറിക്കുള്ളിൽ ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഷാൾ കുരുങ്ങിയുള്ള മരണമാണെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്മാർട്ടത്തിൽ പീഡനം തെളിഞ്ഞതോടെയാണ് പ്രതിയായ അർജുനിലേക്ക് എത്തുന്നത്. എന്നാൽ കുട്ടിയുടെ കൊലപാതകം സംഭവിച്ച് അടുത്ത ദിവസം ഉച്ചയ്ക്കുശേഷം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ വണ്ടിപ്പെരിയാർ സി.ഐ ടി.ഡി സുനിൽകുമാർ സ്ഥലം പരിശോധിക്കാനെത്തിയതും രണ്ട് ദിവസത്തിനുശേഷം പ്രതിയെ അറസ്റ്റ് ചെയ്യുന്നതും.
മൂന്ന് വർഷമായി പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നും പിന്നീട് പ്രതി പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകൾ ശേഖരിക്കാൻ പോലീസിനായില്ല.
നൂറു ശതമാനവും പ്രതി അർജുൻ തന്നെയാണെന്നും അന്വേഷണത്തിൽ വീഴ്ചയില്ലെന്നും സത്യസന്ധമായാണ് അന്വേഷണം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ടി.ഡി. സുനിൽകുമാർ പറയുന്നുണ്ടെങ്കിലും പിന്നെ എന്തുകൊണ്ട് കൊലപാതകം, പോക്‌സോ നിയമപ്രകാരമുള്ള പീഡനം എന്നിവ തെളിയിക്കാനായില്ല എന്ന ചോദ്യമുയരുന്നു.
കേസന്വേഷണത്തിലെ പോലീസ് വീഴ്ച്ചകളെ അക്കമിട്ട് നിരത്തിയാണ് ജഡ്ജി വി.മഞ്ജു വിധി പറഞ്ഞത്. പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ നിന്ന് ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാൻ പോലീസിന് കഴിഞ്ഞില്ല. അതായത് രക്തം, മലം, മൂത്രം തുടങ്ങിയവ ശേഖരിക്കുകയോ അത്തരം കാര്യങ്ങൾ അന്വേഷണ രേഖകളിൽ ഉൾപ്പെടുത്തുകയോ ചെയ്തില്ല. സംഭവം നടന്ന് അടുത്ത ദിവസം ഉച്ചയോടെ മാത്രം സ്ഥലം പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥന്റെ അനാസ്ഥ തെളിവ് ശേഖരണത്തെ ബാധിച്ചു. വിരലടയാളം ശേഖരിക്കാനും പോലീസിന് സാധിച്ചില്ല. അന്വേഷണ ഉദ്യേഗസ്ഥന്റെ അലസമനോഭാവം കേസിനെ സാരമായി ബാധിച്ചു. സാക്ഷിമൊഴികളെ സാധൂകരിക്കുന്ന തെളിവുകൾ ശേഖരിക്കാൻ സാധിച്ചില്ല തുടങ്ങി ഗുരുതര വീഴ്ചകളാണ് പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
കുട്ടിയുടെ നഖങ്ങൾക്കിടയിൽ നിന്ന് പ്രതിയുടെ വസ്ത്രത്തിന്റെയും അടിവസ്ത്രത്തിന്റെയും അംശവും ബെഡ്ഷീറ്റിൽനിന്ന് പ്രതിയുടെ ശരീരത്തിലെ രോമവും പോലീസ് കണ്ടെത്തി. അതോടൊപ്പം, സ്‌പേമിന്റെ അംശം കണ്ടെത്തിയെങ്കിലും വേണ്ടത്ര അളവിലില്ലാത്തതിനാൽ ഡി.എൻ.എ പരിശോധന സാധ്യമായില്ല. കുട്ടിയുടെ 19 ചിത്രങ്ങളും അതോടൊപ്പം മറ്റു ചില അശ്ലീല ചിത്രങ്ങളും വീഡിയോകളും അർജുന്റെ ഫോണിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണത്തിലെ അനാസ്ഥ കേസിനെ പൂർണമായി അട്ടിമറിച്ചു.
നൂറു ശതമാനവും പ്രതി അർജുൻ തന്നെയാണെന്നും അന്വേഷണത്തിൽ വീഴ്ചയില്ലെന്നും സത്യസന്ധമായാണ് അന്വേഷണം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ടി.ഡി. സുനിൽകുമാർ പറയുന്നുണ്ടെങ്കിലും പിന്നെ എന്തുകൊണ്ട് കൊലപാതകം, പോക്‌സോ നിയമപ്രകാരമുള്ള പീഡനം എന്നിവ തെളിയിക്കാനായില്ല എന്ന ചോദ്യമുയരുന്നു. ഇത് ആരുടെ വീഴ്ചയാണ്? പട്ടികജാതി- വർഗ പീഡന നിരോധന നിയമം ചുമത്താത്തതിനെക്കുറിച്ചും ഇപ്പോൾ പൊലീസിന് വിശദീകരണമില്ല.
അപ്പീലിൽ ഫലമുണ്ടാകുമോ?
ഈ കേസിൽ അപ്പീൽ കൊടുത്താൽ പോലും സാധ്യത കുറവാണ് എന്ന് അഡ്വ. ഹരീഷ് വാസുദേവൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘‘പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുമുള്ള വീഴ്ചയെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് കേസിനെ ബാധിച്ചത്, തിരുത്താൻ സാധിക്കാത്ത തെറ്റുകളാണത്. അത്തരം കേസുകളിൽ പിന്നീടൊന്നും ചെയ്യാനില്ല. അപ്പീൽ കൊടുത്താൽ പോലും സാധ്യത കുറവാണ്. നിലവിലുള്ള തെളിവുകൾ പരിശോധിച്ച് പ്രതിയെ ശിക്ഷിക്കാൻ വകുപ്പുണ്ടോ എന്ന് മറ്റൊരാംഗിളിൽ നോക്കി കാണാനാണ് അപ്പീലിലൂടെ ശ്രമിക്കുന്നത്. ട്രയൽ വീണ്ടും നടത്താനുള്ള സാധ്യതയും അപ്പീൽ നൽകുന്നുണ്ട്. എന്നാൽ അപൂർവങ്ങളിൽ അപൂർവായി മാത്രമേ അങ്ങനെ സംഭവിക്കുകയുള്ളൂ. ഒരു ക്രൈം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസ് ക്രൈം സീനിൽ നിന്ന് തെളിവ് ശേഖരിച്ചില്ലെങ്കിൽ, അതല്ല ശേഖരിച്ച തെളിവുകൾ തെളിവ് ശേഖരണ നിയമത്തിന്റെ കീഴിൽ വരുന്നതുപോലെ സീൽഡ് കവറിലല്ല ശേഖരിച്ചതെങ്കിൽ, ആ പ്രതി എന്നന്നേക്കുമായി രക്ഷപ്പെട്ടു എന്ന് കരുതിയാൽ മതി.
കൊലപാതക കേസുകൾ, അസ്വഭാവിക മരണങ്ങൾതുടങ്ങി പോലീസ് അന്വേഷിച്ച് പരാജയപ്പെട്ട എല്ലാ കേസുകളിലും അതിന്റെ കാരണം ഒരുപരിധിവരെ അന്വേഷണത്തിലെ വീഴ്ച്ചയാണ്. വ്യാജ പ്രതിയെ വെച്ചാണോ കേസ് മുന്നോട്ടുകൊണ്ടുപോയതെന്നും നമുക്കറിയാൻ സാധിക്കില്ല. കേസ് പൂർണമായി പഠിച്ചാൽ പോലും നമുക്ക് മനസിലാക്കാനും സാധിക്കില്ല. യഥാർത്ഥ പ്രതി മറ്റൊരാളാണ് എന്ന് സംശയിക്കത്തക്ക വീഴ്ചകൾ അന്വേഷണത്തിൽ ഉണ്ടെന്നാണല്ലോ കോടതി പറയുന്നത്.’
പോലീസ് അനാസ്ഥയാൽ അട്ടിമറിക്കപ്പെടുന്ന ആദ്യ കേസല്ല വണ്ടിപ്പെരിയാറിലേത്. ഇന്ന് മാധ്യമങ്ങൾ സജീവമായി ഇത്തരം കേസുകളെ സമീപിക്കുന്നതുകൊണ്ടാണ് ചർച്ചകൾ ഉയർന്നുവരുന്നതെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. കൃത്യമായ നടപടിക്രമങ്ങളിലൂടെ അന്വേഷണം പൂർത്തിയാക്കിയാലേ കേസ് കോടതിയിൽ ശക്തമായി നിലനിൽക്കുകയുള്ളൂ. അന്വേഷണ ഏജൻസിയുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഇത്തരം വീഴ്ചകൾ പിന്നീട് തിരുത്താനാകില്ല. ഈ വീഴ്ചകൾ റീ ട്രയലിനെ പോലും ബാധിക്കാനും സാധ്യതയുണ്ട്. വീണ്ടും പുതിയ തെളിവുകൾ ശേഖരിച്ചാലും, പ്രോസിക്യൂഷൻ ആദ്യം പറഞ്ഞ സാഹചര്യങ്ങളെ തിരുത്തിപ്പറയാനാകില്ലെന്ന് നിയമവിദഗ്ധർ പറയുന്നു.
ഉദാഹരണമായി ഒരാൾ 10.20നാണ് കൊലപാതകം നടത്തിയതെന്ന് പറഞ്ഞശേഷം രണ്ടാം തവണ ട്രയലിന് വിധേയമാകുമ്പോൾ 11.20 എന്ന് മാറ്റി പറയാൻ സാധിക്കില്ല. അതായത് ഒരു തവണ മാത്രമേ ഒരാളെ ട്രയലിന് വിധേയമാക്കാൻ സാധിക്കൂ. അപൂർവമായ ഏതെങ്കിലും സാഹചര്യത്തിൽ റീട്രയൽ സാധ്യമായാലും ആദ്യം സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ട്രയൽ നടക്കുക. കേസ് വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തിൽ പുതിയ തെളിവുകൾ പ്രോസിക്യൂഷന് കോടതിയിൽ ഹാജരാക്കാം. എന്നാൽ മുമ്പ് പറഞ്ഞതുപോലെ സാഹചര്യങ്ങളെ തിരുത്തിപ്പറയാനാകില്ല.
അന്വേഷണത്തിൽ കൃത്യമായ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമുയരുന്നുണ്ട്. അധികാര രാഷ്ട്രീയത്തിന്റെ അവിഹിത ഇടപെടലും ആരോപിക്കപ്പെടുന്നു.
പ്രതിയെ വെറുതെ വിടുന്ന കേസുകളിൽ അപ്പീൽ പോയാലും പ്രോസിക്യൂഷന് അനുകൂലമായ വിധി ലഭിക്കാൻ വളരെ പ്രയാസമാണെന്ന് ക്രിമിനൽ അഭിഭാഷകൻ തോമസ് അണക്കല്ലുങ്കൽ ട്രൂകോപ്പിയോട് പറഞ്ഞു: ‘വിക്ടിം അപ്പീൽ ഫയൽ ചെയ്യുക എന്നതാണ് ഇനി മുന്നോട്ടുള്ള സാധ്യത. എന്നാൽ ജഡ്ജ്‌മെന്റ് വളരെ ശക്തമാണെങ്കിൽ തിരിച്ചുപോക്ക് വളരെ പ്രയാസമാണ്. മാധ്യമങ്ങൾ പറയുന്നതല്ലല്ലോ കോടതി പരിഗണിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അവിടെ തീരുമാനങ്ങളെടുക്കുന്നത്. പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കണ്ടെത്താൻ പ്രോസിക്യൂഷന് സാധിച്ചില്ലെങ്കിൽ കോടതിയിൽ കേസ് നിലനിൽക്കില്ല. പ്രതിക്ക് ഇനി ശിക്ഷ ലഭിക്കുന്നത് അത്ര എളുപ്പമല്ലെന്നാണ് ഒരു ക്രിമിനൽ ലോയർ എന്ന നിലയിൽ എനിക്ക് തോന്നുന്നത്. 10 ശതമാനം സാധ്യത മാത്രമെ ബാക്കിനിൽക്കുന്നുള്ളൂ. ഫ്രാങ്കോ മുളക്കലിന്റെ കേസ് പരിശോധിച്ചാൽ ഇത് വ്യക്തമാകും. അദ്ദേഹത്തെ കോടതി വെറുതെ വിട്ടതിനുശേഷം ഇനി വീണ്ടും പ്രതിയാക്കുക എന്നുപറയുന്നത് അത്ര എളുപ്പമല്ല. പോലീസ് ക്രൈംസീനിലെത്തിക്കഴിഞ്ഞാൽ തെളിവുകൾ ശേഖരിക്കുക, സാക്ഷി മൊഴികൾ രേഖപ്പെടുത്തുക, ഫോറൻസിക് പരിശോധനക്കുവേണ്ട നടപടികൾ സ്വീകരിക്കുക തുടങ്ങി കൃത്യമായ നടപടി ക്രമങ്ങളുണ്ട്. അത് ശരിയായ രീതിയിൽ സാധ്യമായില്ലെങ്കിൽ കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കും.’
അട്ടിമറിയുണ്ടോ?
അന്വേഷണത്തിൽ കൃത്യമായ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമുയരുന്നുണ്ട്. അധികാര രാഷ്ട്രീയത്തിന്റെ അവിഹിത ഇടപെടലും ആരോപിക്കപ്പെടുന്നു. കോടതിവിധി പരിശോധിച്ചതിനുശേഷമുള്ള തന്റെ സംശയങ്ങളും അനുമാനങ്ങളും ട്രൂകോപ്പി തിങ്കിനോട് പങ്കുവെക്കുകയാണ് കട്ടപ്പനയിലെ അഭിഭാഷകൻ വി.എസ്. ദീപു: ‘കുട്ടി കൊല്ലപ്പെട്ടതാണെന്നും ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പോലീസ് കോടതിക്ക് മുമ്പിൽ ഹാജരാക്കുന്ന പ്രതിയുമായി കേസിനെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഹാജരാക്കണം. അതിന് സാധിച്ചിട്ടില്ല. ദൃക്‌സാക്ഷി ഇല്ലാത്തിനാൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് ഹാജരാക്കേണ്ടത്. എന്നാൽ ശാസ്ത്രീയ തെളിവിന്റെ കാര്യത്തിൽ പോലീസ് വലിയ അനാസ്ഥ കാണിച്ചുവെന്ന് കോടതിവിധിയിൽപറയുന്നുണ്ട്. സംഭവം നടന്ന റൂമിൽ നിന്നു ലഭിച്ച മുടിയുടെ സാമ്പിളും പ്രതിയെന്ന് പറയപ്പെടുന്ന ആളുടെ മുടിയുടെ സാമ്പിളും ഉപയോഗിച്ച് ഡി.എൻ.എ പരിശോധന നടത്താൻ പോലിസ് ശ്രമിച്ചില്ല. കുട്ടി കൊല്ലപ്പെട്ട അതേ മുറി കുട്ടിയുടെ മാതാപിതാക്കളും ഉപയോഗിക്കുന്നതാണ്. അവിടെ നിന്ന് പോലിസ് ശേഖരിച്ച ബഡ്ഷീറ്റിനകത്തുനിന്ന് സെമന്റെ അംശം കണ്ടെത്തുന്നുണ്ട്. എന്നാൽ കണ്ടെത്തിയ സെമന്റെ അളവ് വളരെ കുറവായിരുന്നു. മാത്രമല്ല അത് പഴകുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അതുപയോഗിച്ച് ഡി.എൻ.എ പരിശോധന നടത്താൻ സാധിച്ചില്ല. എന്നാൽ, കുട്ടിയുടെ മാതാപിതാക്കൾ ഉപയോഗിക്കുന്ന മുറിയിൽ നിന്ന് ലഭിക്കുന്ന സെമൻ എങ്ങനെയാണ് തെളിവായി സ്വീകരിക്കാൻ കഴിയുന്നത്. ഇതൊക്കെ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നു സംഭവിച്ച ബോധപൂർവമായ വീഴ്ച്ചയാണ്.’’
കേസ് നടത്തിപ്പിൽ ചില അട്ടമറികൾ നടന്നതായും അഡ്വ. വി.എസ്. ദീപു ആരോപിക്കുന്നു: ‘‘ഒരു ആറുവയസുകാരി ഇത്രയും ക്രൂരമായി കൊല്ലപ്പെടുമ്പോൾ എങ്ങനെയാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥന് ഇത്ര അലസമായി പെരുമാറാൻ കഴിയുക. അങ്ങനെ നോക്കുമ്പോൾ എനിക്ക് ചില സ്വഭാവികമായ സംശയങ്ങൾ തോന്നുന്നുണ്ട്. വണ്ടിപ്പെരിയാറിലെ ഒരു ലയത്തിലാണ് പ്രതിയെന്ന് ആരോപിക്കപ്പെടുന്ന പയ്യൻ താമസിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള ഒരാളാണത്. എന്നാൽ അയാൾക്കുവേണ്ടി എറണാകുളത്തുനിന്ന് മൂന്ന് വക്കീലന്മാരുടെ സംഘമാണ് കേസ് നടത്താൻ വന്നത്. അവർ ചെറിയ ആളുകളൊന്നുമായിരുന്നില്ല. നിരന്തരം ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുകയും നന്നായി ഫീസ് വാങ്ങുകയും ചെയ്യുന്നയാളുകളാണ്. സാമ്പത്തികമായി ഇത്രയും പിന്നാക്കം നിൽക്കുന്ന ഒരാൾക്കുവേണ്ടി എങ്ങനെയാണ് ഇത്ര പ്രമുഖരായ വക്കീലന്മാർ ഹാജരായത്. ഒന്നുകിൽ ഇയാൾ യഥാർത്ഥ പ്രതിയായിരിക്കില്ല, അല്ലെങ്കിൽ ഈ കേസിൽ ഇനിയും പ്രതികളുണ്ടായിരിക്കും. ഇത് എന്റെ മാത്രം അനുമാനമാണ്.’
പോലീസ് അനാസ്ഥ മൂലം ആറ് വയസുകാരിക്ക് ലഭ്യമാകേണ്ട നീതി ഇല്ലാതായെന്നുമാത്രമല്ല, നീതി ഉറപ്പാക്കേണ്ട സംവിധാനമാകെ പ്രതിക്കൂട്ടിലാക്കപ്പെടുകയും ചെയ്തിരിക്കുന്നു. പ്രതിയെ വിട്ടയച്ചതിനെതിരെ അപ്പീൽ നൽകുമെന്ന് പോലീസ് തീരുമാനിച്ചിട്ടുണ്ടെങ്കിലും നീതി കിട്ടാൻ സാധ്യത വളരെ കുറവാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. യഥാർത്ഥ പ്രതിയെ കണ്ടെത്തുന്നതിനായി പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിയായ അർജുനെ രണ്ടര വർഷം തടവിലിട്ടതിന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും പ്രതിഭാഗം പറയുന്നുണ്ട്.
പോക്സോ കേസുകളിലെ
അനാസ്ഥ
പോക്‌സോ കേസുകളിൽ ഭൂരിഭാഗവും നടന്നത് കുട്ടികളുടെ വീടുകളിൽ വച്ചാണെന്നും പ്രതികളിൽ ഭൂരിഭാഗവും കുട്ടികൾക്ക് തിരിച്ചറിയാൻ കഴിയുന്നവരാണെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതായത്, കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട 4582 പോക്‌സോ കേസുകളിൽ 1004 എണ്ണവും നടന്നത് കുട്ടികളുടെ വീടുകളിലാണ്. പോക്‌സോ നിയമം പ്രാബല്യത്തിൽവന്ന 2012-നുശേഷം കേരളത്തിൽ 2022 വരെയുള്ള കണക്കെടുത്താൽ, കേസുകളുടെ എണ്ണം നാലിരട്ടിയായി വർധിച്ചിട്ടുണ്ട്. അതായത്, റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങളുടെ എണ്ണം കൂടിയെങ്കിലും അതിൽ നിയമപ്രകാരമുള്ള നടപടികൾ ഇഴയുകയാണ്. നിരവധി കേസുകളാണ് കെട്ടിക്കിടക്കുന്നത്. കേരളത്തിൽ 56 പോക്‌സോ കോടതികളുണ്ട്. 2022-ൽ 28 കോടതികൾക്കുകൂടി സർക്കാർ അനുമതിയും നൽകി. ഇതുകൂടാതെ, ജില്ലകളിൽ ഓരോ സെഷൻസ് കോടതി പോക്‌സോ കോടതിയായി പ്രവർത്തിക്കാനും തീരുമാനിച്ചു. എന്നിട്ടും കേസുകളിൽ തീർപ്പ് നീണ്ടുപോകുകയാണ്. അതിവേഗ പോക്‌സോ കോടതികളിലാണ് കേസുകൾ കെട്ടിക്കിടക്കുന്നത് എന്ന വൈരുധ്യവുമുണ്ട്. പോക്‌സോ കേസുകളിലെ അന്വേഷണത്തിൽ സംഭവിക്കുന്ന വീഴ്ചകളെ തുടർന്ന് എസ്.ഐ റാങ്കിനുതാഴെയുള്ള പൊലീസ് ഉദേ്യാഗസ്ഥർ ഇത്തരം കേസുകൾ അനേ്വഷിക്കാൻ പാടില്ലെന്ന് ഡി.ജി.പിയുടെ ഉത്തരവുണ്ടായിരുന്നു.
ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ 15,000 ഓളം കുട്ടികളാണ് ഒരു വർഷം ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാകുന്നത്. ആകെയുള്ള കുട്ടികളുടെ ശതമാനത്തിൽ ഏതാണ്ട് 28.9 ശതമാനവും ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമത്തിന് വിധേയരാകുന്നുവെന്നാണ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ റിപ്പോർട്ട്. ഇതിൽ 65.6 ശതമാനം മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂ.