ലക്ഷദ്വീപിനെ മുക്കിക്കൊല്ലുന്നതിനു പിന്നിൽ​ ഒരു ആസൂത്രിത അജണ്ടയാണ്​

ലക്ഷദ്വീപ് ജനതയുടെ സ്വത്വവും, സംസ്കാരവും ചോദ്യം ചെയ്യുന്ന, ദ്വീപ് സമൂഹത്തിൻറെ സ്വൈര്യജീവിതം തകർക്കുന്ന പുതിയ അഡ്​മിനിസ്​ട്രേറ്റർ ഭരണത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്​. ദ്വീപുനിവാസികളുടെ തൊഴിൽ, ഭക്ഷണം, ജീവിതോപാധികൾ, സംസ്​കാരം എന്നിവയുടെ മേൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയും ജനാധിപത്യ സ്​ഥാപനങ്ങളെ നോക്കുകുത്തിയാക്കിയും നടത്തുന്ന ഉദ്യോഗസ്​ഥ ഭരണം, സാമ്പത്തിക കൊള്ളയും കോർപറേറ്റ്​വൽക്കരണവും ലക്ഷ്യമാക്കിയുള്ളതാണ്​. വംശീയ അപരവൽക്കരണത്തിനായുള്ള ആസൂത്രിത പദ്ധതിയു​ടെ ഭാഗമാണ്​ ഈ കരിനിയമങ്ങ​ളെന്ന വിമർശനവും ഉയർന്നുകഴിഞ്ഞു.

ക്ഷദ്വീപിന്റെ സ്വൈര്യജീവിതവും സംസ്​കാരവും അട്ടിമറിക്കുന്ന നിയന്ത്രണങ്ങളുമായി പുതിയ അഡ്​മിനിസ്​ട്രേറ്റർ ഭരണം. ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കുന്ന നിയമങ്ങൾക്കെതിരെ ദ്വീപുനിവാസികൾ വൻ പ്രതിഷേധമുയർത്തുകയാണ്​.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ലക്ഷദ്വീപ്​ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ മരിച്ചതിനെതുടർന്നാണ്​ 2020 ഡിസംബർ അഞ്ചിന് ദാദ്ര - നഗർ ഹവേലി അഡ്മിനിസ്ട്രേറ്ററായിരുന്ന പ്രഫുൽ കെ. പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അധിക ചുമതല കേന്ദ്ര സർക്കാർ നൽകിയത്​. ഇതോടെയാണ്​ ജനങ്ങളുടെ ജീവിതം ആക്രമിക്കപ്പെട്ടുതുടങ്ങിയത്​​. ദ്വീപ്​ ജനസംഖ്യയിൽ 99 ശതമാനവും മുസ്​ലിംകളാണ്. തദ്ദേശീയ ജനതയുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന നിയന്ത്രണങ്ങളാണ്​ പരിഷ്​കരണം എന്ന പേരിൽ പുതിയ അഡ്മിനിസ്‌ട്രേറ്റർ നടപ്പിലാക്കുന്നത്.

ഫോട്ടോ: മനില സി. മോഹൻ

കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാരായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ്​വഴക്കം ലംഘിച്ചാണ് പ്രഫുൽ പട്ടേൽ ദാദ്ര- ആൻഡ് നഗർ ഹവേലിയുടെ അഡ്മിനിസ്ട്രേറ്ററായി ചുമതല ഏൽക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 22 ന് സൗത്ത് മുംബൈയിലെ ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മോഹൻഭായ് സഞ്ജിഭായ് ദെൽകർ എന്ന മോഹൻ ദെൽകറുടെ ആത്മഹത്യാക്കുറിപ്പിൽ പ്രഫുൽ പട്ടേലിന്റെ പേരും ഉണ്ടായിരുന്നു. അഡ്മിനിസ്ട്രേറ്റർ മാനസികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹം എഴുതിയത്.

1989 മുതൽ ദാദ്ര-നഗർ ഹവേലി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിൽ അംഗമായിരുന്ന മോഹൻഭായ് സഞ്ജിഭായ് ദെൽകർ ആദിവാസികൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിയുന്ന നേതാവായിരുന്നു. മോഹൻ ദെൽകറിന്റെ മണ്ഡലമായ ദാദ്ര -നാഗർ ഹവേലിയുടെയും ദാമൻ- ദിയുവിന്റേയും അഡ്മിനിസ്‌ട്രേറ്റർ ആയിരുന്നു പ്രഫുൽ പട്ടേൽ.

പ്രഫൂൽ പട്ടേലും ഉദ്യോഗസ്ഥരും ലക്ഷദ്വീപിലെത്തിയപ്പോൾ

ദ്വീപ്​ ജനതയെ കോവിഡിന്​ എറിഞ്ഞുകൊടുക്കുന്നു

കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ, കാര്യക്ഷമമായ പ്രതിരോധത്തിലൂടെ വാർത്തകളിൽ ഇടം പിടിച്ച പ്രദേശമാണ് ലക്ഷദ്വീപ്. രാജ്യം മുഴുവൻ കോവിഡ്​ ബാധിച്ചപ്പോഴും ഒരു വർഷത്തോളം രോഗത്തെ കടലിനപ്പുറം നിർത്തി ദ്വീപ് സമൂഹം. എന്നാൽ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനമാണ്. കൊച്ചിയിൽ ക്വാറൻറയിനിൽ ഇരുന്നവർക്കുമാത്രം ദ്വീപിലേക്ക് പ്രവേശനം നൽകി പാലിച്ചുപോന്ന നിയന്ത്രണങ്ങൾക്ക് ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ഇളവുകളനുവദിച്ചതാണ് ഈ ദുരവസ്ഥക്ക് കാരണം. ആവശ്യത്തിന് ആശുപത്രി സംവിധാനം പോലും ഇല്ലാത്ത, ചികിത്സക്ക് കേരളത്തെ ആശ്രയിക്കുന്ന ലക്ഷദ്വീപ് നിവാസികളെ രോഗത്തിന്​ വിട്ടുകൊടുക്കുകയാണ് പ്രഫുൽ പട്ടേലിന്റെ നടപടിയിലൂടെ സംഭവിച്ചത്​.

പേര് വെളിപ്പെടുത്താത്ത ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറയുന്നു; ‘‘ദ്വീപിലേക്ക് വരുന്നവർ ടെസ്റ്റ് ചെയ്ത് രണ്ടാഴ്ചയോളം കൊച്ചിയിൽ ക്വാറൻറയിനിൽ കഴിഞ്ഞശേഷം മാത്രമേ ദ്വീപിലേക്ക് വരാൻ കഴിയുമായിരുന്നുള്ളു. അതു കൊണ്ടുതന്നെ കോവിഡ് പടരാൻ സാധ്യതയുണ്ടായിരുന്നില്ല. എന്നാൽ പുതിയ അഡ്മിനിസ്‌ട്രേറ്റിവ് ചുമതലയേറ്റയുടൻ ഈ നിയമം എടുത്തുകളഞ്ഞു. ഇപ്പോൾ, 48 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവ് റിപ്പോർട്ടുള്ള ആർക്കും ലക്ഷ്യദ്വീപിലേക്ക് വരാം. ഇത് ദ്വീപിലെ അന്നേവരെയുണ്ടായിരുന്ന കോവിഡ് പ്രതിരോധം തകിടം മറിച്ചു. ഇതിനെതിരെ കവരത്തിയിലുള്ള സെക്രട്ടറിയേറ്റിന് മുന്നിൽ ജനങ്ങൾ സമരം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. കൃത്യം രണ്ടാഴ്ച കഴിഞ്ഞപ്പോൾ കോവിഡ് കേസ് വരാൻ തുടങ്ങി. ഇപ്പോൾ ഇന്ത്യയിൽ തന്നെ ഹൈ റേറ്റ് കോവിഡ് കേസുള്ള പ്രദേശമായി ലക്ഷ്ദ്വീപ് മാറി.'’

‘‘ദ്വീപിൽ മീഡിയ കവറേജ് ഇല്ല. അതുകൊണ്ടുതന്നെ ഗുരുതരാവസ്​ഥ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. രാഷ്ട്രീയക്കാരും പൊതു പ്രവർത്തകരുമൊക്കെ നിസ്സാഹയരാണ്. ഞാൻ ജോലി ചെയ്യുന്ന ഡിപ്പാർട്ട്‌മെന്റിൽ പല ചട്ടങ്ങളും മാറ്റി. ഞങ്ങൾ ചെയ്യുന്ന കുറെ കാര്യങ്ങൾ നിർത്തിവെക്കാൻ പറഞ്ഞിരിക്കുകയാണ്. അത് സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ്. അഡ്മിനിസ്ട്രേറ്ററുടെ ഈ അസാധാരണ നീക്കത്തിനെതിരെ ഒന്നും പുറത്ത് പറയാൻ പാടില്ല. ഫേസ്ബുക്കിലോ വാട്സ്ആപ്പിലോ ഒന്നും പറയരുതെന്ന് താക്കീത് തന്നിരിക്കുകയാണിപ്പോൾ.'’’- ഉദ്യോഗസ്​ഥൻ പറയുന്നു.

ദ്വീപിലെ സന്നദ്ധ ആരോഗ്യപ്രവർത്തകർ / Photo: Khaleel Bai, Facebook

ദ്വീപിലെ വിവിധ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന തദ്ദേശീയരായ താൽക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. 38 ഓളം അംഗനവാടികൾ പൂട്ടി. ടൂറിസംവകുപ്പിൽ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌കൂളുകളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. മൃഗസംരക്ഷണവകുപ്പ്, കാർഷികവകുപ്പ് എന്നിവയിൽ നിന്നും നിരവധിപേരെ പുറത്താക്കി.

ലക്ഷ്യം സാമ്പത്തിക കൊള്ള

കവരത്തി ഡി.സി.സി പ്രസിഡൻറ്​ ആറ്റക്കോയ പറയുന്നു: ‘‘പതിറ്റാണ്ടുകളായി ജോലി ചെയ്തുവരുന്ന നിരവധി താൽക്കാലിക ജീവനക്കാരെ ഒരു മുന്നറിയിപ്പുമില്ലാതെയാണ്​ പിരിച്ചുവിട്ടത്​. ഇപ്പോൾ പറയുന്നത്, നിലവിലുള്ള സർക്കാർ ജീവനക്കാരുടെ 50 ശതമാനം മതിയെന്നാണ്. അതായത് പകുതി ആൾക്കാരെയും പിരിച്ചുവിടണമെന്ന്. ഇതിനോടനുബന്ധിച്ച് കുറെ സ്‌കീമുകൾ ഔട്ട് സോഴ്‌സിംഗിന് പോയി. ഇവിടെ സിമൻറ്​ വില 540 രൂപയാണ്. സർക്കാർ സബ്‌സിഡിയൊക്കെയുണ്ടായിരുന്നു. നിർമാണാവശ്യത്തിനുള്ള ജല്ലി ആയാലും മണലായാലും സബ്‌സിഡി നിരക്കിൽ കിട്ടുമായിരുന്നു. അതൊക്കെ നിർത്തലാക്കി. മികച്ച വകുപ്പായ അനിമൽ ഡിപ്പാർട്ട്‌മെൻറിന്റെ സേവനങ്ങൾ ഔട്ട് സോഴ്‌സ് ചെയ്തു.’’

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ സ്ഥാപിച്ച ബോർഡ്. ഇതിനെതിരെ പ്രഫുൽ പട്ടേലിന്റെ നിർദേശപ്രകാരം മൂന്നു പേർക്കെതിരെ കേസ് രേഖപ്പെടുത്തിയിരുന്നു

‘‘കേരളത്തിൽ നിന്നടക്കം പലയിടങ്ങളിലായി ഉണ്ടായിരുന്ന പി.ഡബ്ല്യുഡി കോൺട്രാക്ട് മുഴുവൻ ഒറ്റയടിക്ക് നിർത്തി. ഏതോ ഒരു കോർപറേറ്റ് ഭീമന് കൊടുക്കാനാണ്​ ഇത്​ ചെയ്​തത്​. ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും ഔട്ട് സോഴ്‌സിന് കൊടുത്തു. കാലാകാലങ്ങളായി ടൂറിസം ഏറ്റെടുത്ത് നടത്തിയിരുന്ന ‘സ്‌പോർട്‌സ്’ (ടൂറിസം ഡിപ്പാർട്‌മെൻറിനു കീഴിൽ സെസൈറ്റി ആയി പ്രവർത്തിക്കുന്ന സ്ഥാപനം) പിരിച്ചുവിട്ടു. അതിലൂടെയും നിരവധി പേരുടെ ജോലി പോയി. എല്ലാ മേഖലയിലും ഔട്ട്‌സോഴ്‌സിംഗ് കൊണ്ടുവന്നു. ഒരേസമയം ഇവിടത്തെ ജനങ്ങളെ സാമൂഹ്യമായും സാംസ്‌ക്കാരികമായും നശിപ്പിക്കുക, അതിലൂടെ വമ്പൻ സാമ്പത്തിക നേട്ടം കൊയ്യുക എന്നതാണ് അവരുടെ മുഖ്യലക്ഷ്യം. ’’

നിലവിലുള്ള റോഡ് തന്നെ ഇവിടെ ധാരാളമാണ്. ടൗൺ പ്ലാൻ അനുസരിച്ച് സ്മാർട്ട്​സിറ്റിക്ക് അവരുടെ ഇഷ്ടത്തിന് ഏതുഭൂമിയും എവിടെ വേണെമെങ്കിലും എടുക്കാനുള്ള സംവിധാനമുണ്ടാക്കി’’- ആറ്റക്കോയ പറയുന്നു. / Photo: Manila C. Mohan

‘‘എന്തുവില കൊടുത്തും ഇത്തരം നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന നിലപാടിലാണ് അഡ്മിനിസ്‌ട്രേറ്റർ. അതിന്റെ ഭാഗമായി സി.ആർ.പി.എഫ് അടക്കമുള്ള ഫോഴ്​സുകളെ കൊണ്ടുവരാനാണ് പ്ലാൻ. അവർക്ക് വേണ്ട സൗകര്യങ്ങളൊക്കെ ഒരുക്കുന്നുണ്ട്. നേരത്തെ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇത്തരം ഫോഴ്സ്​ വരാറുണ്ടായിരുന്നെങ്കിലും ഇലക്ഷൻ കഴിഞ്ഞാൽ അവർ തിരിച്ചുപോകുമായിരുന്നു. ഇപ്പോൾ അതല്ല സ്​ഥിതി, കൂടുതൽ പട്ടാളത്തെ ദ്വീപിൽ ഇറക്കാനാണ് ശ്രമം. ’’

‘‘പുതുതായി കൊണ്ടുവന്ന പല നിയമങ്ങളും പരിശോധിച്ചാൽ, പ്രധാന ലക്ഷ്യം സാമ്പത്തികമാണെന്ന്​ മനസ്സിലാക്കാം. സമ്പത്ത് ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കാനുള്ള നീക്കമാണ്, അല്ലെങ്കിൽ പാർട്ടിയിലേക്ക്. കാരണം ലക്ഷദ്വീപിലെ മുഴുവൻ കോൺട്രാക്ടും ഒരൊറ്റ വ്യക്തിയിലേക്ക് പോകും. വലിയ രീതിയിലുള്ള മൾട്ടി കോർപറേറ്റുകൾക്കല്ലാതെ ഇതിന്റെ ടെണ്ടറിന് പങ്കെടുക്കാൻ പറ്റില്ല. കെട്ടിടങ്ങൾ പൊളിച്ച് പുതിയത് നിർമിക്കാനും റോഡുകൾ വീതി കൂട്ടാനുമാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. എന്തിനാണ്...? ആർക്കുവേണ്ടി....? നിലവിലുള്ള റോഡ് തന്നെ ഇവിടെ ധാരാളമാണ്. ടൗൺ പ്ലാൻ അനുസരിച്ച് സ്മാർട്ട്​സിറ്റിക്ക് അവരുടെ ഇഷ്ടത്തിന് ഏതുഭൂമിയും എവിടെ വേണെമെങ്കിലും എടുക്കാനുള്ള സംവിധാനമുണ്ടാക്കി’’- ആറ്റക്കോയ പറയുന്നു.

ലക്ഷദ്വീപ് സ്വദേശിയായ ഫിറോസ് ചോദിക്കുന്നു: ‘‘എന്റെ വീട് റോഡിന്റെ അടുത്താണ്, ഇനി അത്​ വീതി കൂട്ടിയാൽ എന്റെ വീട്ടിൽക്കൂടിയായിരിക്കും വാഹനങ്ങൾ പോകുന്നത്. ദ്വീപിൽ അപകട നിരക്ക് വളരെ കുറവാണ്. ഈ കുഞ്ഞു സഥലത്ത് എന്തിനാണ്​ ഏഴു മീറ്റർ വീതിയുള്ള റോഡ്? ഞങ്ങളെ റോഡിൽ കിടത്താനാണോ ഇവരുടെ ഉദ്ദേശ്യം?''.

മത്സ്യത്തൊഴിലാളികളെ തീരത്തുനിന്ന്​ തുരത്തുന്നു

70,000ൽ താഴെ മാത്രം ജനസംഖ്യയുള്ള ദ്വീപിൽ സർക്കാർ സർവീസും, മത്സ്യബന്ധനവുമാണ് പ്രധാന ജീവിതോപാധികൾ. ഭൂരിപക്ഷവും മത്സ്യബന്ധനത്തെയാണ്​ ആശ്രയിക്കുന്നത്​. മത്സ്യത്തൊഴിലാളികൾ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകൾ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പുതിയ അഡ്മിനിസ്ട്രേഷൻ പൊളിച്ചുമാറ്റി.

ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിന്റെ കോപ്പി.

മുൻ അഡ്മിനിസ്ട്രേഷൻ മത്സ്യത്തൊഴിലാളികൾക്ക് മാത്രം നൽകിയ ഇളവനുസരിച്ച് നിർമിച്ച താത്കാലിക കെട്ടിടങ്ങളാണ് മുന്നറിയിപ്പില്ലാതെ പൊളിച്ചത്. വലിയ നഷ്ടമാണ് ഇതുമൂലം തൊഴിലാളികൾക്കുണ്ടായത്.

‘‘മത്സ്യതൊഴിലാളികളുടെ 20 ലേറെ ബോട്ടുകളാണ് ചുഴലിക്കാറ്റ് അടിച്ചുതകർത്തത്. ഒരു ബോട്ടിന് 20 ലക്ഷം രൂപയോളം വിലയുണ്ടാവും. കാറ്റിൽ ഒരുപാട് നാശമുണ്ടായി. ടൗൺപ്ലാനുമായി ബന്ധപ്പെട്ട പുതിയ നിയമത്തിൽ വല നെയ്യുന്നതും വഞ്ചി കേറ്റിവെക്കുന്ന ഷെഡുള്ളതുമായ പൊതുസ്​ഥലങ്ങൾ സർക്കാറിന്റെയാണെന്ന വ്യവസ്​ഥ വന്നു. കവരത്തിയിൽ ഇങ്ങനെയുണ്ടായിരുന്ന നിർമാണങ്ങളെല്ലാം പൊളിച്ചു. കോവിഡ്​കർഫ്യുവിന്റെ മറവിലാണ് ഇടിച്ചു നിരപ്പാക്കി കത്തിച്ചത്​. ബാക്കി ദ്വീപുകളിലെ തീരപ്രദേശങ്ങളിൽ പൊതുസ്​ഥലത്ത്​ എന്തൊക്കെ നിർമാണങ്ങളുണ്ടെന്ന്​ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്​. എന്റെ ദ്വീപായ കടമത്തിൽ 142 നിർമാണങ്ങളുണ്ട്​. ഇത്​ വൈകാതെ അവർ പൊളിക്കും. ‘ദമൻ’ മോഡൽ കുടിയൊഴിപ്പിക്കലാണ് നടക്കുന്നത്. മത്സ്യ തൊഴിലാളികൾക്ക് തീരത്ത്​ ബോട്ടുകളോ വലകളോ പോലും വെക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.''- കടമത്ത് സ്വദേശി സാബിത്ത് പറയുന്നു.

‘‘ഈ മാസം 19 ന് ‘ലക്ഷദ്വീപ് ഡെവലപ്പ്‌മെൻറ്​ അതോറിറ്റി റെഗുലേഷൻ’ എന്ന നിയമത്തിന്റെ കരടിന്മേൽ നിർദേശം സമർപ്പിക്കാനുള്ള സമയം അവസാനിച്ചു.

ഈ നിയമം പ്രബല്യത്തിൽ വന്നാൽ ഡവലപ്പ്‌മെൻറ്​ പ്ലാനിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിലെ ഭൂമി ഉപയോഗിക്കണമെങ്കിൽ ഓരോ മൂന്ന് വർഷവും അനുമതി പുതുക്കണം. എന്റെ മുതുമുത്തച്​ഛൻ തൊട്ട് കാലങ്ങളായി താമസിച്ചുവന്ന സ്ഥലത്താണ് എന്റെ വീട്. ഈ നിയമപ്രകാരം മൂന്നുവർഷത്തിന് ശേഷം തുടർന്ന് താമസിക്കണമെങ്കിൽ അവരുടെ അനുവാദം വേണം. ഭൂമി പിടിച്ചെടുക്കൽ തന്നെയാണ് അവരുടെ ലക്ഷ്യം. ഇത് ആദ്യത്തെ ഡ്രാഫ്റ്റ് അല്ല. ഇതിനെതിരായി ശബ്ദിക്കുന്നവരെ ഒതുക്കാനാണ് ഗുണ്ടാ ആക്ട് കൊണ്ടുവന്നത്. എങ്ങനെയാണോ കാശ്മീരിൽ സംഭവിച്ചത് ആ നിലക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കോവിഡ് പ്രോട്ടോക്കോൾ കാരണം ഇവിടെ ഒരു പ്രതിഷേധവും നടക്കുന്നില്ല''- സാബിത്ത് പറയുന്നു.

ഡയറി ഫാമുകൾ പൂട്ടുന്നു

മൃഗസംരക്ഷണ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഡയറി ഫാമുകൾ പൂട്ടാൻ മൃഗസംരക്ഷണ വകുപ്പ്​ സെക്രട്ടറി ഉത്തരവിട്ടു. കോവിഡ്​ മാനദണ്ഡം പാലിച്ച് ലഭ്യമായ മൃഗങ്ങളെ, പരക്കെ പ്രചാരണം നൽകി ലേല സമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ ഒഴിവാക്കാൻ വെറ്ററിനറി യൂണിറ്റുകളിലെ അസി. സർജൻമർക്ക്​ നിർദേശം നൽകിയിരിക്കുകയാണ്​. മൃഗങ്ങളുടെ അടിസ്ഥാന വില 250 രൂപയിൽ കുറയാൻ പാടില്ല. ദ്വീപുനിവാസികളുടെ പ്രധാന ജീവിതമാർഗങ്ങളിൽ ഒന്നാണ്​ മൃഗപരിപാലനം. പാലുൽപ്പന്നങ്ങളും മറ്റും പുറത്തുനിന്ന്​ ഇറക്കുമതി ചെയ്യാനുള്ള നീക്കമാണ്​, ഡയറി ഫാമുകൾ പൂട്ടാനുള്ള ഉത്തരവിനുപുറകിലെന്ന്​ സംശയിക്കുന്നു.

ദ്വീപ്​ നിവാസികളുടെ പ്രധാന ജീവിതമാർഗങ്ങളിലൊന്നാണ്​ മൃഗ പരിപാലനം.പാലും പാലുൽപ്പന്നങ്ങളും പുറത്തുനിന്ന്​ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ്​ പുതിയ ഭരണകൂടം

""ലക്ഷദ്വീപ്​ വികസന കോർപറേഷൻ ലിമിറ്റഡ്, ലക്ഷദ്വീപ്​ കോ- ഓപ്പറേറ്റിവ്​ മാർക്കറ്റിങ്​ ഫെഡറേഷൻ എന്നീ സ്​ഥാപനങ്ങളാണ്​ ഡയറി ഫാമുകൾ നടത്തുന്നത്​. ലക്ഷദ്വീപ്​ വികസന കോർപറേഷൻ ദ്വീപിലെ ഉൽപ്പന്നങ്ങൾ പുറത്തുകൊണ്ടുപോയി വിൽക്കാനും അവക്ക്​ മാർക്കറ്റ് കണ്ടെത്താനും ഉണ്ടാക്കിയ സ്ഥാപനമാണ്. നിലമുഴുന്ന കാളകളുൾപ്പടെ ഇവിടെയുള്ള മൃഗസമ്പത്തെല്ലാം വിൽക്കാൻ ഉത്തരവ്​ വന്നിരിക്കുകയാണ്​. ഇന്നിതാ, കപ്പലിൽ പുറത്തുനിന്ന്​ പാൽ കൊണ്ടുവന്നിരിക്കുകയാണ്. ദ്വീപി​ലെ തനത്​ ഉൽപ്പന്നങ്ങളെ നശിപ്പിച്ച് പുറത്തുനിന്ന്​ ഉൽപ്പന്നങ്ങളെത്തിച്ച്​ വിതരണം ചെയ്യുന്ന കച്ചവട തന്ത്രമാണ് പയറ്റുന്നത്. പുത്തുനിന്നുള്ള ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ ജനം ക്യാമ്പയിൻ നടത്തുന്നുണ്ട്’’- സാബിത്ത് പറഞ്ഞു.

""മെയ്​ 24ന്​ എത്തുന്ന അറേബ്യൻ സീ കപ്പലിൽ പട്ടേലിന്റെ പാൽ ഉൽപന്നങ്ങൾ കവരത്തിയിൽ എത്തും, എല്ലാവരും ബഹിഷ്‌കരിക്കുക'' - സോഷ്യൽ മീഡയയിൽ കഴിഞ്ഞ ദിവസം പ്രചരിച്ച കാമ്പയിനാണിത്​.

ഉച്ചഭക്ഷണത്തിന്​ ബീഫ്​ നിരോധിച്ചു

‘‘ലക്ഷദ്വീപിലെ പ്രധാന ഭക്ഷണമായ ബീഫ് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവിൽനിന്ന് ഒഴിവാക്കി. ഗോവധവും മാംസാഹാരവും നിരോധിക്കാനുമുള്ള പുതിയ ബില്ലുകൾ കൊണ്ടുവന്നിരിക്കുകയാണ്​. ഈ കരടുകൾ ഏതു സമയവും നിയമമാകും. ദ്വീപ് നിവാസികളെ ഉപദ്രവിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രം കൊണ്ടുവരുന്ന നിയമങ്ങളാണിവ. നൂറുശതമാനം മുസ്‌ലിം ജനത താമസിക്കുന്ന ദ്വീപിനെ ടാർജറ്റ് ചെയ്ത്​ ഉപദ്രവിക്കുക. അല്ലാതെ വേറെ കാരണങ്ങളൊന്നും കാണുന്നില്ല''- ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

ജനാധിപത്യ സംവിധാനത്തിലൂടെ നിലവിൽ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറച്ച് എല്ലാം അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലാക്കി. രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കേർപ്പെടുത്തുകയും ചെയ്തു. ദീർഘമായ ആസൂത്രണത്തോടെ, വംശീയ അപരവൽക്കരണത്തിനായുള്ള ഒരു സംഘപരിവാർ പദ്ധതിയുടെ തുടക്കം മാത്രമാണ് ഇതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. കേരളത്തിൽ നിന്ന് നിരവധി ജനപ്രതിനിധികൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. വിഷയത്തിൽ ഇതുവരെ കേന്ദ്രസർക്കാർ വിശദീകരണം നൽകിയിട്ടില്ല.

Comments