തെൽതുംദെയെ ജയിലിലടച്ച അംബേദ്കർ ജയന്തി

രാജ്യത്തിന്റെ ഭരണഘടനാ ശിൽപി ഡോ. ഭീമാറാവു അംബേദ്കറിന്റെ ഒരു ജന്മദിനം കൂടി കടന്നുപോവുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കണ്ടുവരുന്ന ഒരു പുതിയ പതിവെന്ന പോലെ ഇത്തവണയും കേന്ദ്ര സർക്കാറും സംഘപരിവാർ സംഘടനകളും വ്യാപകമായി തന്നെ അംബേദ്കർ ജന്മദിനം ആചരിക്കുന്നുണ്ട്. അംബേദ്കർ എന്ന പ്രതീകത്തെ തങ്ങളുയർത്തുന്ന സാംസ്‌കാരിക ദേശീയതക്കുള്ളിലേക്കൊതുക്കാനുള്ള ഹിന്ദുത്വ ശ്രമങ്ങൾക്കായി വർഷം തോറും കോടികൾ ചെലവഴിക്കപ്പെടുന്നുമുണ്ട്. തീവ്ര വലതുകേന്ദ്രങ്ങളും ഹിന്ദുത്വ പ്രചാരകരും ഇതിനായി വലിയ രീതിയിൽ ബൗദ്ധിക വ്യവഹാരങ്ങളിലേർപ്പെടുകയും ചരിത്രത്തെ തന്നെ അപനിർമിക്കുകയും ചെയ്യുന്നുണ്ട്. അംബേദ്കറാണ് തന്റെ രാഷ്ട്രീയ ഗുരുവെന്ന് വരെ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അംബേദ്കർ ജീവിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം സ്മാരകമന്ദിരങ്ങൾ കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

ആർക്കെതിരെയാണോ, എന്തിനെതിരെയാണോ ഒരു മനുഷ്യായുസ്സ് മുഴുവൻ അംബേദ്കർ പോരാടിയത്; അവർ തന്നെ അദ്ദേഹത്തിന്റെ അവശേഷിപ്പുകളെ വിഴുങ്ങുന്ന വിചിത്ര കാഴ്ച. വിവിധ ഭാഷകളിലെ സംഘപരിവാർ പ്രസിദ്ധീകരണങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നിരവധി അംബേദ്കർ സ്തുതികളാണ് അച്ചടിമഷി പുരണ്ടത്. ആശയ ഭൗതിക മണ്ഡലങ്ങളിൽ ഹിന്ദുത്വ സംസ്‌കാരിതക്കെതിരായ ധീരജീവിതം നയിച്ച ചരിത്ര പുരുഷനെ വക്രബുദ്ധിയിലൂടെ തങ്ങളിലേക്കടുപ്പിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ ഫാസിസ്റ്റുകളുടെ ഇരട്ടത്താപ്പ് പ്രകടമാകുന്നത് അബേംദ്കർ രാഷ്ട്രീയത്തിന്റെ യഥാർത്ഥ അവശേഷിപ്പുകളോടുള്ള അവരുടെ സമീപനങ്ങളിൽ നിന്നാണ്.

2016 ഏപ്രിൽ 14ന് അംബേദ്കർ പ്രതിമയിൽ നരേന്ദ്രമോദി പുഷ്പ്പാർച്ചന നടത്തുന്നു | Photo: Wikimedia

കൃത്യം രണ്ട് വർഷം മുമ്പ്, ഇതുപോലൊരു ഏപ്രിൽ 14 നാണ് രാജ്യത്തെ ഏറ്റവും പ്രമുഖനായ ദളിത് മാർക്‌സിസ്റ്റ് സൈദ്ധാന്തികനും അംബേദ്കറൈറ്റ് രാഷ്ട്രീയത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന ഗ്രന്ഥകാരനും അംബേദ്കറിന്റെ കുടുംബാംഗവുമെല്ലാമായ ഡോ. ആനന്ദ് തെൽതുംദെ വ്യാജ കേസിലകപ്പെട്ട് ജയിലിലടയ്ക്കപ്പെടുന്നത്. കൊവിഡ് മഹാമാരിയുടെ വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യം കൂടുതൽ ഗുരുതരമായ സാഹചര്യങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ദിവസങ്ങളായിരുന്നു അത്. കൊവിഡ് വ്യാപന സാധ്യത കുറയ്ക്കുന്നതിനായി ജയിലുകളിൽ കഴിയുന്ന വിചാരണ തടവുകാരിൽ 7 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ളവരെയെല്ലാം ജാമ്യവ്യവസ്ഥയിൽ വിട്ടയയ്ക്കണമെന്ന കോടതി നിർദേശം വന്ന സമയം. എന്നിട്ടും ഒരു കാര്യത്തിൽ മാത്രം ഭരണകൂടത്തിന് യാതൊരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. ആശയപരമായി വിരുദ്ധ ധ്രുവങ്ങളിൽ നിന്നിരുന്ന ഇന്ത്യയിലെ ദളിത് - മാർക്‌സിസ്റ്റ് മുന്നേറ്റങ്ങൾക്കിടയിൽ രാഷ്ട്രീയ യോജിപ്പ് സാധ്യമാകുന്ന തരത്തിൽ അംബേദ്കർ - മാർകസിസ്റ്റ് ചിന്തകളെ സമന്വയിപ്പിച്ച, ഇന്ത്യയിലെ പ്രമുഖ ബുദ്ധിജീവിയും ദളിത് മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ, ആനന്ദ് തെൽതുംദെയെ കൃത്യം ഏപ്രിൽ 14 ന് തന്നെ ജയിലിലടക്കണമെന്ന കാര്യത്തിൽ.

അംബേദ്കറിന്റെ പൗത്രിയായ രമ തെൽതുംദെ അംബേദ്കറിനും ഭർത്താവ് ആനന്ദ് തെൽതുംദെയ്ക്കും ഏപ്രിൽ 14 എന്നത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമായിരുന്നു 2020 വരെ. വർഷം തോറും ചൈത്യഭൂമിയിലെ അംബേദ്കർ പ്രതിമക്കരികിൽ ചെന്ന് തിരി തെളിച്ചുകൊണ്ടായിരുന്നു ഇരുവരും ആ ദിവസത്തിന്റെ ആരംഭത്തെ വരവേറ്റിരുന്നത്. 2020 ലും ആ രാത്രിയിൽ ക്ലോക്കിൽ 12 മണിയാകുന്നതിന് മുന്നേ തന്റെ വെളുത്ത കുർത്തയും പൈജാമയും ധരിച്ച് നിറഞ്ഞ ചിരിയുമായി ആനന്ദ് അംബേദ്കർ പ്രതിമക്കരികിൽ കാത്തുനിന്നു. കോടതി നിർദേശാനുസരണം എൻ.ഐ.എ ഓഫീസിൽ കീഴടങ്ങേണ്ട, വരാൻ പോകുന്ന പകലിനെക്കുറിച്ച് മനസ്സിൽ നിറയെ ആശങ്കകൾ ഉണ്ടായിരുന്നുവെങ്കിലും എന്ത് സംഭവിച്ചാലും ധർമനിഷ്ഠ കൈവിടരുതെന്ന് അദ്ദേഹം പ്രിയ പത്‌നിയെയും മക്കളെയും ഓർമിപ്പിച്ചു. ജീവിതത്തിൽ സംഭവിച്ച ക്രൂരമായ അനീതിയുടെയും അളവറ്റ സഹനത്തിന്റെയും തുടക്കമായാണ് രമ തെൽതുംദെ അംബേദ്കർ ആ ദിവസത്തെ ഓർത്തെടുക്കുന്നത്. അംബേദ്കറിന്റെ രാഷ്ട്രീയത്തുടർച്ചയിൽ രാജ്യത്തെ അരികുവത്കരിക്കപ്പെട്ട ജനതയുടെ വിമോചനത്തിനായി പ്രവർത്തിച്ച, തന്റെ ഭർത്താവിനെ 72 ാമത്തെ വയസ്സിലും തടവറയിൽ തളച്ച മോദി ഭരണകൂടം അംബേദ്കർ ജയന്തിക്കായി കോടികൾ ചെലവഴിക്കുന്നത് കാണേണ്ടി വരുന്ന അംബേദ്കറിന്റെ പൗത്രിയുടെ അവസ്ഥ വിവരണാതീതമാണ്.

ആരാണ് ആനന്ദ് തെൽതുംദെ, എന്തുകൊണ്ടാണ് ഹിന്ദുത്വ ഭരണകൂടം അദ്ദേഹത്തെ ഇത്രമേൽ ഭയക്കുന്നത്

മഹാരാഷ്ട്രയിലെ യവാത്മാൽ ജില്ലയിലെ രജുർ എന്ന പിന്നോക്ക ഗ്രാമത്തിൽ ഒരു ദളിത് കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ആനന്ദ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദ പഠന ശേഷം അഹമ്മദാബാദ് ഐ.ഐ.എമ്മിൽ നിന്ന് എം.ബി.എയും കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി. തുടക്ക കാലത്ത് ഭാരത് പെട്രോളിയത്തിന്റെ എക്സിക്യൂട്ടീവ് ആയും പിന്നീട് പെട്രോണെറ്റ് ഇന്ത്യാ ലിമിറ്റഡിന്റെ മാനാജിംഗ് ഡയറക്ടറായുമെല്ലാം പ്രവർത്തിച്ച അദ്ദേഹം പതിയെ തന്റെ തത്പരമേഖലയായ അക്കാദമിക രംഗത്തേക്ക് കടന്നുവരികയായിരുന്നു.

കരഖ്പൂർ ഐ.ഐ.ടിയിൽ അധ്യാപകനായി അക്കാദമിക് ജീവിതം ആരഭിച്ച ആനന്ദ് പിന്നീട് ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സീനിയർ പ്രൊഫസർ ആയി മാറി. അക്കാലത്ത് ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലിയിൽ അദ്ദേഹം ആരംഭിച്ച 'മാർജിൻ സ്പീക്' എന്ന കോളത്തിലൂടെയാണ് ആനന്ദ് തെൽതുംദെ എന്ന രാഷ്ട്രീയ ചിന്തകനെ രാജ്യത്തെ സാമൂഹിക രാഷ്ട്രീയ രംഗം അറിഞ്ഞുതുടങ്ങിയത്. പിന്നീട് വന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളുമെല്ലാം ദളിത് - മാർകിസ്റ്റ് രാഷ്ട്രീയ ജ്ഞാന മണ്ഡലങ്ങളിൽ നിരവധി ചർച്ചകൾക്ക് വഴി തെളിച്ചു.

മക്കളായ പ്രാചി, ലക്ഷ്മി എന്നിവരോടൊപ്പം ആനന്ദ് തെൽതുംദെ | Courtsey: Prachi Teltumbde

ജാതിവ്യവസ്ഥയുമായും, ഇന്ത്യയിലെ ദളിത് പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് നിരവധി പഠനങ്ങളും പുസ്തകങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. ജയിലിലടക്കെപ്പെടുന്നതിന് തൊട്ടുമുമ്പത്തെ വർഷം പുറത്തുവന്ന അദ്ദേഹത്തിന്റെ 'റിപബ്ളിക് ഓഫ് കാസ്റ്റ് - തിങ്കിംഗ് ഇക്വാലിറ്റി ഇൻ ദ ടൈം ഓഫ് നിയോലിബറൽ ഹിന്ദുത്വ' എന്ന ഗ്രന്ഥം ജാതി വ്യവസ്ഥയേയും അതിനെതിരായ പോരാട്ടങ്ങളെയും വളരെ ആഴത്തിൽ പരിശോധിക്കുന്നുണ്ട്. ജാതി ഉന്മൂലനത്തിലൂടെയും സ്‌റ്റേറ്റ് സോഷ്യലിസത്തിലൂടെയും ഇന്ത്യയിൽ സാമൂഹിക സാമ്പത്തിക ജനാധിപത്യം ഉറപ്പുവരുത്തുക എന്ന അംബേദ്കറിന്റെ അതേ രാഷ്ട്രീയ വീക്ഷണമാണ് ആനന്ദ് തെൽതുംദെയും മുറുകെ പിടിച്ചത്.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രവുമായും സമകാലീന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ദാർശനികവും പ്രതികരണ സ്വഭാവമുള്ളതുമായ അദ്ദേഹത്തിന്റെ നിരവധി എഴുത്തുകൾ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വന്നുകൊണ്ടിരുന്നു. ഇതിൽ ബഹുഭൂരിപക്ഷവും ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കാപട്യങ്ങളെ തുറന്നുകാണിക്കുന്നവയും ബി.ജെ.പി ഭരണകൂടത്തിനെതിരായ രൂക്ഷവിമർശനങ്ങടങ്ങിയവയുമായിരുന്നു.

2018 ആഗസ്റ്റ് 29 ന് ഗോവയിലെ ആനന്ദ് തെൽതുംദെയുടെ വീട്ടിൽ നടന്ന ഒരു പൊലീസ് റെയിഡോടുകൂടിയാണ് അദ്ദേഹത്തിന് നേരെയുള്ള ഭരണകൂടവേട്ട ആരംഭിക്കുന്നത്. 2018 ജനുവരി 1 ന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ നടന്ന സംഘർഷങ്ങളുടെ ആസൂത്രകരിലൊരാളായി ആനന്ദ് തെൽതുംദെയെയും പട്ടികയിൽ പെടുത്തിയ പൊലീസ്, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുന്നതിനായുള്ള മാവോയിസ്റ്റ് ഗൂഢാലോചന എന്ന പൊലീസ് ആരോപിക്കുന്ന കുറ്റകൃത്യത്തിലും അദ്ദേഹത്തെ പെടുത്തുകയായിരുന്നു. ഇതുപ്രകാരം അദ്ദേഹത്തിന് നേരെ യു.എ.പി.എ കുറ്റം ചുമത്തുകയും ചെയ്തു.

രമ തെൽതുംദെ അംബേദ്കർ, ആനന്ദ് തെൽതുംദെ

2020 ജനുവരിയിൽ കേസിൽ മുൻകൂർ ജാമ്യത്തിനായി അദ്ദേഹം കോടതിയിൽ അപേക്ഷ സമർപ്പിച്ചെങ്കിലും ഫെബ്രുവരിയിൽ പൂനൈ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലൊരിക്കൽ അഭിഭാഷകനെ കാണാനായി മുംബെയിലേക്ക് പോകവെ 2020 ഫെബ്രുവരി മൂന്ന് പുലർച്ചെ 3.30 ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി നാലാഴ്ച സാവകാശം നൽകി വിട്ടയയ്ക്കുകയായിരുന്നു. പിന്നീടദ്ദേഹം സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും മാർച്ച് 16 ന് ജാമ്യാപേക്ഷ നിരസിക്കുകയും കീഴടങ്ങുന്നതിനായി മൂന്നാഴ്ച സമയം അനുവദിക്കുകയുമായിരുന്നു.

ഭീമ കൊറേഗാവും തെൽതുംദെയും തമ്മിലെന്ത്

1818 ലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാഠികളും തമ്മിലുള്ള ഭീമ കൊറേഗാവ് യുദ്ധം നടന്നത്. കമ്പനി സൈന്യത്തിൽ കൂടുതലുമുണ്ടായിരുന്നത് ഇന്ത്യക്കാരായ മഹർ എന്ന ദളിത് സമുദായക്കാരായിരുന്നു. ഈ യുദ്ധത്തെ ദളിത് വിഭാഗക്കാർ രാജസേനയെ ചെറുത്തു തോൽപ്പിച്ച ദളിതരുടെ ആത്മ വീര്യം എന്ന നിലയിലാണ് കണക്കാക്കുന്നത്. വർഷം തോറും ജനുവരി ഒന്നിന് മാഹാരാഷ്ട്രയിലെ പ്രമുഖ ദളിത് വിഭാഗമായ മഹറുകൾ പൂനെയ്ക്ക് സമീപമുള്ള കൊറേഗാവ് ഗ്രാമത്തിൽ യുദ്ധസ്മരണക്കായി ഒത്തുചേരാറുമുണ്ട്.

എന്നാൽ 2018 ജനുവരി 1ന് നടന്ന ഭീമകൊറേഗാവിൽ നടന്ന യുദ്ധ അനുസ്മരണ പരിപാടിയിൽ ദളിത് പ്രവർത്തകരും സംഘപരിവാറും തമ്മിൽ വലിയ ഏറ്റുമുട്ടൽ നടക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. യുദ്ധത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് നേരെ കലാപം അഴിച്ചുവിട്ടത് ഹിന്ദുത്വ നേതാക്കളായ മിലന്ദ് ഏക്ബോട്ടെയും സംഭാജി ഭിട്ടെയുമാണെന്ന് ആദ്യ ഘട്ടത്തിൽ പൊലീസ് കണ്ടെത്തുകയും ഇതിൽ മിലന്ദ് ഏക്ബോട്ടെയെ ഒരു ഘട്ടത്തിൽ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ്. എന്നാൽ പിന്നീട് കേസ്സ് അട്ടിമറിക്കപ്പെട്ടു. മിലന്ദ് ഏക്ബോട്ടെയ്ക്കും സംഭാജി ഭിയ്‌ക്കെുമെതിരെ പൊലീസിൽ മൊഴി നൽകിയ ദളിത് വിഭാഗത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ കൊല്ലപ്പെട്ട നിലയിലാണ് പിന്നീട് കണ്ടത്.

മിലന്ദ് ഏക്ബോട്ടെ, സംഭാജി ഭിട്ടെ

കേസന്വേഷത്തിനായി തുടർന്ന് നിയോഗിക്കപ്പെട്ട മുൻസൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക കമ്മിറ്റി മറ്റൊരു അന്വേഷണം നടത്തുകയും സംഭവങ്ങൾക്കെല്ലാം പിന്നിൽ മാവോയിസ്റ്റ് ബന്ധമുള്ള ഒരു സംഘമാണെന്ന് ആരോപിക്കുകയുമായിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവർത്തകരായ വെർനോൺ ഗോൺസാൽവസ്, അരുൺ ഫെരേറിയ, റോണ വിൽസൺ, സുധീർ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ലിംഗ്, നാഗ്പൂർ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെൻ, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെൽതുംദെ, പത്രപ്രവർത്തകനായ ഗൗതം നവലാഖ്, ദൽഹി സർവകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, സാമൂഹ്യപ്രവർത്തകനും വൈദികനുമായ ഫാ. സ്റ്റാൻ സ്വാമി, കലാപ്രവർത്തകരായ സാഗർ ഗോർഖെ, രമേഷ് ഗായ്‌ചോർ, ജ്യോതി ജഗ്തപ് എന്നിവരെല്ലാം വിവിധ ഘട്ടങ്ങളിലായി കുറ്റം ചുമത്തപ്പെട്ട് ജയിലിൽ അടക്കപ്പെട്ടത്.

ചുമത്തപ്പെട്ട കുറ്റവും യാഥാർത്ഥ്യവും

ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ കണ്ടെടുത്ത ചില രേഖകളാണ് ആരോപിക്കപ്പെട്ട കുറ്റത്തിലെ ആനന്ദ് തെൽതുംദെയുടെ പങ്കിന് തെളിവായി പൂനെ പൊലീസ് പറയുന്നത്. അഞ്ച് കത്തുകളാണ് തെളിവായി പൂനെ പൊലീസ് ഹാജരാക്കിയത്. ഇതിൽ ഒന്നിലും ആനന്ദ് തെൽതുംദെയെ കുറിച്ച് നേരിട്ട് പരമാർശിക്കുന്നില്ല. മറിച്ച് കോമ്രേഡ് ആനന്ദ്, ആനന്ദ് ടി എന്നിങ്ങനെയുള്ള പരാമർശങ്ങൾ ആനന്ദ് തെൽതുംദെയെക്കുറിച്ചുള്ളതാണെന്നാണ് പൊലീസിന്റെ വാദം. ആ വാദമാണ് പ്രഥമദൃഷ്ട്യാ മജിസ്‌ട്രേറ്റ് കോടതി മുതൽ സുപ്രീം കോടതി വരെ അംഗീകരിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള നക്‌സലൈറ്റുകളുടെ രൂപരേഖ കേസിൽ പ്രതിയായ റോണ വിൽസന്റെ കംപ്യൂട്ടറിൽ നിന്ന് ലഭിച്ചുവെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. കോടതിയിൽ ഹാജരാക്കുകയും ബന്ധപ്പെട്ടവർക്കെല്ലാം നൽകുകയും ചെയ്ത റോണ വിൽസന്റെ ഹാർഡ് ഡിസ്‌ക്ക് സൈബർ ഫോറൻസിക് മേഖലയിൽ അമേരിക്കയിലെ വിദഗ്ധ ഏജൻസിയായ ആർസണൽ കൺസൾട്ടിംഗ് എന്ന ലബോറട്ടറി വിശദമായി പരിശോധിച്ചതിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
പുറത്തുനിന്ന് അദ്ദേഹത്തിന്റെ കംപ്യൂട്ടർ നിയന്ത്രിക്കാനും ഫയലുകൾ അതിൽ ഉൾപ്പെടുത്താനും സാധിക്കുന്ന മാൽവയർ ആ ഹാർഡികിൽ പ്രവേശിപ്പിച്ചതായി ആഴ്‌സനൽ കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഇത് റിപ്പോർട്ട് ചെയ്തിട്ടും കേന്ദ്ര സർക്കാറോ കോടതിയോ ഇതുവരെ അവ മുഖവിലക്കെടുത്തിട്ടില്ല.

കൃത്യമായ തെളിവുകളൊന്നുമില്ലാതെ കേവലം സംശയത്തിന്റെ പേരിൽ രാജ്യത്തെ പ്രഗത്ഭരായ പത്രപ്രവർത്തകരും അഭിഭാഷകരും എഴുത്തുകാരുമെല്ലാമായ ആക്ടിവിസ്റ്റുകളെ കാലങ്ങളോളം തടവിലിടുന്നതിനെതിരെ അന്തർദേശീയ തലത്തിൽ തന്നെ വിമർശനങ്ങൾ ഉയർന്നിട്ടും കേന്ദ്രസർക്കാർ അവയൊന്നും ഗൗനിച്ചിട്ടേയില്ല.

ഇന്ത്യയിലെ സംഘപരിവാർ ഭരണകൂടം അവരുടെ രാഷ്ട്രീയ എതിരാളികളായി കണക്കാക്കുന്ന വിഭാഗങ്ങൾ, പ്രത്യേകിച്ചും ദളിത് ആദിവാസി ജനത, മത ന്യൂനപക്ഷങ്ങൾ, കമ്യൂണിസ്റ്റുകൾ, രാഷ്ട്രീയത്തടവുകാർ, ഇവരുടെയെല്ലാം അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റുകളെയും മനുഷ്യാവകാശ പ്രവർത്തകരെയുമെല്ലാം തടവറയ്ക്കുള്ളിലാക്കി ആ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് നരേന്ദ്രമോദിയുടെ ഭരണകൂടം ശ്രമിക്കുന്നത് എന്നത് വ്യക്തമാണ്. മാവോയിസ്റ്റുകൾ എന്ന, ഭരണകൂടം നേരത്തെ പ്രയോഗിച്ചിരുന്ന മുദ്രചാർത്തലുകൾ കുറേകൂടി എളുപ്പമാക്കാനും അവ ആർക്ക് നേരെയും പ്രയോഗിക്കുന്നത് സാധ്യമാക്കാനുമായി നഗര നക്സലുകൾ അഥവാ അർബൻ നക്സലൈറ്റ്സ് എന്ന പുതിയ പേരിനും കേന്ദ്രസർക്കാർ രൂപം നൽകി.

Illustration: Siddhesh Gautam

ജയിലിലേക്ക് പോകുന്നതിന് മുമ്പ് ആനന്ദ് തെൽതുംദെ ഈ രാജ്യത്തെ ജനങ്ങൾക്ക് ഒരു തുറന്ന കത്തെഴുതിയിട്ടുണ്ട്. കേസിലെ അപാകതകളും തനിക്കെതിരെ നടന്ന ആസൂത്രിതനീക്കങ്ങളും വ്യക്തമാക്കിക്കൊണ്ട് അദ്ദേഹമെഴുതിയ തുറന്ന കത്തിന്റെ അവസാനത്തിൽ രാജ്യത്തെ ഓരോ പൗരന്മാരോടുമായി ചിലത് പറഞ്ഞുവെക്കുന്നുണ്ട്, ഈ കാലഘട്ടത്തിൽ അനിവാര്യമായ ചില ഓർമ്മപ്പെടുത്തലുകൾ.

തീവ്ര ദേശീയതയും കടുത്ത ദേശീയ വാദവുമാണ് എതിർ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുവാനും ജനതയെ ഭിന്നിപ്പിക്കുവാനും രാഷ്ട്രീയ പാർട്ടികൾ പ്രയോഗിക്കുന്ന മാരകമായ ആയുധങ്ങൾ. ചിത്തഭ്രമം പിടിച്ച ഈ രാഷ്രീയവസ്ഥയിൽ പദപ്രയോഗങ്ങളുടെ അർത്ഥതലങ്ങൾ പോലും കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ഇവിടെ രാജ്യത്തെ നശിപ്പിക്കുന്നവരാണ് ഇന്ന് 'ദേശഭക്തർ'. രാജ്യത്തിന് വേണ്ടി നിസ്വാർത്ഥ സേവനം സമർപ്പിച്ചവർ 'ദേശദ്രോഹികളും'. എന്റെ രാജ്യം തകർക്കുന്നത് മാത്രമാണ് എനിക്ക് കാണാൻ കഴിയുന്നത്. പ്രതീക്ഷയുടെ ഒരു വിദൂര വെളിച്ചം മാത്രമേ ഈ കഠിന നിമിഷത്തിൽ ഇത് എഴുതുമ്പോഴും എനിക്ക് മുന്നിലുള്ളൂ. ഞാൻ എൻ.ഐ.എ കസ്റ്റഡിയിലേക്കു പോകുന്നു. ഇനി നിങ്ങളോട് എന്ന് സംസാരിക്കൻ സാധിക്കുമെന്നറിയില്ല. നിങ്ങളെത്തേടി അവർ എത്തും മുമ്പെങ്കിലും നിങ്ങൾ ശബ്ദമുയർത്തും എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

Comments