UAPA സാമ്രാജ്യത്തിൽ ക്രിമിനൽ നിയമം പരിഷ്‌കരിക്കേണ്ടത് ഇങ്ങനെയോ?

ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപം നൽകിയ കമ്മിറ്റി, അതിന്റെ പ്രാതിനിധ്യ സ്വഭാവമില്ലായ്മയുടെയും സുതാര്യതക്കുറവിന്റെയും പേരിൽ വിമർശിക്കപ്പെട്ടുകഴിഞ്ഞു. മനുഷ്യാവകാശപ്രവർത്തകർ, വിദ്യാർഥികൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരെ എൻ.എസ്.എ, യു.എ.പി.എ തുടങ്ങിയ കടുത്ത നിയമങ്ങൾ തിരഞ്ഞുപിടിച്ച് പ്രയോഗിക്കുന്ന സാഹചര്യത്തിൽ ക്രിമിനൽ നിയമ പരിഷ്‌കരണം ആർക്കുവേണ്ടിയാണ് എന്നത് വ്യക്തമാണ്- ക്രിമിനൽ നിയമവുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന അഭിഭാഷകരും അധ്യാപകരും സന്നദ്ധപ്രവർത്തകരും ചേർന്ന്​ തയാറാക്കിയത്​.

ന്ത്യൻ ക്രിമിനൽ നിയമങ്ങൾ ഒരു അഴിച്ചുപണിക്ക് വിധേയമാകാൻ പോകുകയാണ്. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി നാഷനൽ ലോ യൂണിവേഴ്‌സിറ്റി (എൻ.എൽ.യു) വൈസ് ചാൻസലർ പ്രൊഫ. രൺബീർ സിങ്ങ് അധ്യക്ഷനായി അഞ്ചംഗ കമ്മിറ്റിക്ക് (ക്രിമിനൽ നിയമ പരിഷ്‌കരണ കമ്മിറ്റി) രൂപം നൽകിയിരിക്കുകയാണ്. എൻ.എൽ.യുവിലെ പ്രൊഫ. ജി.എസ്. ബാജ്‌പേയ്, ബൽരാജ് ചൗഹാൻ (ജബൽപുർ എൻ.എൽ.യു), മുതിർന്ന അഭിഭാഷകൻ മഹേഷ് ജെത്​മലാനി, മുൻ ജഡ്​ജി ജി.പി. തരേജ എന്നിവരാണ് അംഗങ്ങൾ. മുതിർന്ന അഭിഭാഷകരിൽനിന്നും ജഡ്​ജിമാരിൽനിന്നും അക്കാദമീഷ്യന്മാരിൽനിന്നും കമ്മിറ്റിയുടെ ഘടനയെക്കുറിച്ചും പ്രക്രിയയെക്കുറിച്ചും സമീപനത്തെക്കുറിച്ചും ചോദ്യം ചെയ്തുകഴിഞ്ഞു.

ആൾക്കൂട്ട കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധം
ആൾക്കൂട്ട കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധം

വനിതകളുടെയും ആദിവാസികൾ, എൽ.ജി.ബി.ടി.ക്യു.ഐ, മതന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യമില്ലെന്നുചൂണ്ടിക്കാട്ടി സ്ത്രീ അഭിഭാഷകരുടെ കൂട്ടായ്മയും കത്തെഴുതിയിട്ടുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ്, കമ്മിറ്റി തയാറാക്കിയ ചോദ്യാവലിയിലെ ഏറിയ ചോദ്യങ്ങളും എന്നതിനാൽ, സ്ത്രീകളായ ക്രിമിനൽ അഭിഭാഷകർ കമ്മിറ്റിയിൽ ഇല്ലാത്തത് അനീതിയാണെന്ന് കത്തിൽ പറയുന്നു. മാത്രമല്ല, ദളിത്, മതന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യമില്ലാത്ത ഒരു കമ്മിറ്റിക്ക് എങ്ങനെയാണ് ആൾക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിഷ്‌കരണം സാധ്യമാകുക എന്നും ചോദ്യമുയർന്നുകഴിഞ്ഞു.

ഒഴിവാക്കപ്പെടുന്നവർ

‘ക്രിമിനൽ നിയമ പരിഷ്‌കരണ കമ്മിറ്റി'ക്ക് നൽകിയിരിക്കുന്ന അധികാരപത്രം എന്തെന്ന് വ്യക്തമല്ല; പക്ഷേ ഇന്ത്യയിലെ ക്രിമിനൽ നിയമ വ്യവസ്ഥയിൽ ദൂരവ്യാപക മാറ്റങ്ങൾ നിർദ്ദേശിക്കുവാൻ ഇത് ലക്ഷ്യമിടുന്നു എന്ന് പ്രകടമാണ്. ഇത് ഇന്ത്യയിലെ ക്രിമിനൽ നിയമത്തിന്റെ പരിധിയിൽ വരുന്ന ഓരോ വ്യക്തിയിലും - കുറ്റകൃത്യത്തിന്റെ ഇര, പ്രതി, സമാധാനപരവും നീതിയുക്തവുമായ ഒരു സമൂഹത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ - ഗൗരവതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുണ്ട്.
മാത്രമല്ല, ക്രിമിനൽ വ്യവസ്ഥ വ്യക്തികളെ പല തരത്തിലാണ് ബാധിക്കുക - മതന്യൂനപക്ഷങ്ങൾ, ദളിതർ, ആദിവാസി വിഭാഗങ്ങൾ തുടങ്ങിയവരാണ് പൊലീസ് അതിക്രമങ്ങളിലൂടെയും, നീണ്ടുപോകുന്ന വിചാരണ തടവിലൂടെയും, കടുത്ത ശിക്ഷകളിലൂടെയും അർഹിക്കുന്ന നിയമസഹായം കിട്ടാതെ പോകുന്നതിലൂടെയും ക്രിമിനൽ നിയമ വ്യവസ്ഥയുടെ ആഘാതം കൂടുതൽ അനുഭവിക്കുന്നത്. അതുപോലെ, ലിംഗാധിഷ്ഠിത അതിക്രമങ്ങളുടെ ഇരകളാകുന്ന സ്ത്രീകൾ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ, ലൈംഗിക ന്യൂനപക്ഷങ്ങൾ മുതലായവരൊക്കെ പലപ്പോഴും ഈ ക്രിമിനൽ വ്യവസ്ഥിതിയിൽ തഴയപ്പെട്ടവരാണ്. നമ്മൾ ഓരോരുത്തരും, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലെ അംഗങ്ങൾ, ഈ പരിഷ്‌കരണ പ്രക്രിയയുടെ സ്വാധീനം എന്തെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്.
കമ്മിറ്റിയുടെ ഘടന, പ്രവർത്തനരീതി എന്നിവയുമായി ബന്ധപ്പെട്ട ഉൽക്കണ്ഠകളാണ് ഒന്ന്; അതായത്, വേണ്ടത്ര പ്രാധിനിധ്യം ഇല്ലാതിരിക്കുക, ചില വിഭാഗങ്ങളെ ഒഴിവാക്കുക, സുതാര്യമല്ലാത്ത പ്രവർത്തനം, കമ്മിറ്റി ഉയർത്തുന്ന ചോദ്യങ്ങളുടെ രൂപകൽപ്പന, കമ്മിറ്റിയുടെ പ്രവർത്തനത്തിന് അനുവദിച്ച ചുരുങ്ങിയ സമയം - തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
ഭരണഘടനാ മൂല്യങ്ങളുടേയും, വ്യക്തികളുടെയും, ജനവിഭാഗങ്ങളുടെയും, രാജ്യത്തിന്റെയും താൽപര്യങ്ങൾ മുൻനിർത്തിയുള്ള പരിഷ്‌കരണങ്ങളാണ് കമ്മിറ്റിയുടെ ലക്ഷ്യങ്ങളായി നിർദ്ദേശിച്ചിരിക്കുന്നത്.

പക്ഷേ, ആശങ്കാജനകമായ അവസരത്തിലാണ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത് - ജനം കോവിഡിന്റെ പിടിയിലായ സമയമാണിത്. അതിനിടെ, വ്യക്തികളുടെ തൊഴിൽ, പാരിസ്ഥിതിക, ഭൂസ്വത്ത്, അവകാശങ്ങളെ സംബന്ധിച്ച അനേകം പരിഷ്‌കരണങ്ങൾ ഈ സർക്കാർ നിയമവ്യവസ്ഥയിൽ നിർദ്ദേശിച്ചു കഴിഞ്ഞിരിക്കുന്നു. അതേസമയം, മനുഷ്യാവകാശപ്രവർത്തകർ, വിദ്യാർഥികൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരെ എൻ.എസ്.എ (NSA) യു.എ.പി.എ (UAPA) തുടങ്ങിയ കടുത്ത നിയമങ്ങൾ തിരഞ്ഞുപിടിച്ച് പ്രയോഗിക്കുകയും ചെയ്തുവരുന്നു. ഈ പശ്ചാത്തലത്തിൽ പരമാവധി സുതാര്യതയോടും ഉത്തരവാദിത്വത്തോടും നീതിയുക്തമായും പ്രവർത്തിക്കുക എന്നത്, ബൃഹത്തായ അധികാര പരിധിയുള്ള ഈ കമ്മിറ്റിയെ സംബന്ധിച്ച് പ്രധാനമാണ്. ക്രിമിനൽ നിയമങ്ങളിൽ പലതും പരിഷ്‌കരിക്കപ്പെടേണ്ടതാണ് എന്നിരിക്കെ, കമ്മിറ്റിക്ക് പൂർണമായ രീതിയിൽ ഉത്തരവാദിത്തം നിറവേറ്റുവാൻ സാധിക്കുമോ എന്ന് സംശയിക്കാവുന്ന സാഹചര്യമുണ്ട്.

എന്തിനാണ് ഇത്ര തിടുക്കം?

കമ്മിറ്റി രൂപവത്കരണത്തിനുശേഷവും ഇതുവരെ ‘പരിഗണിക്കേണ്ട വിഷയങ്ങൾ' (Terms of Reference) പ്രസിദ്ധപ്പെടുത്തിയിട്ടില്ല. കമ്മിറ്റി പ്രവർത്തനങ്ങളുടെയും നിർദേശങ്ങളുടെയും ചട്ടക്കൂടുകൾ മനസ്സിലാക്കാനും കമ്മിറ്റിയുടെ അധികാര പരിധി മനസിലാക്കുവാനും ഇത് അത്യന്താപേക്ഷിതമാണ്.

കൂടിയാലോചന വേളയിൽ ലഭിക്കുന്ന പ്രതികരണങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് കമ്മിറ്റി ഇതുവരെ ഉറപ്പ് തന്നിട്ടില്ല. കമ്മിറ്റി സമർപ്പിക്കുന്ന അവസാന റിപ്പോർട്ടിൽ വളച്ചൊടിച്ച വസ്തുതകളും, തെറ്റായ ഉദ്ധരണികളും കടന്നു കയറാതിരിക്കാൻ പ്രതികരണങ്ങളുടെ പ്രസിദ്ധീകരണം അത്യന്താപേക്ഷിതമാണ്.

കോവിഡ് ആഞ്ഞടിക്കുന്നതിനിടയിലാണ് കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നത്. വർദ്ധിച്ച തൊഴിലില്ലായ്മ, ആരോഗ്യപരിപാലന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കുമേലുള്ള സമ്മർദങ്ങൾ എന്നിവ മറികടക്കാൻ ജനം ബുദ്ധിമുട്ടുന്ന ഈ അവസരത്തിൽ ആഴത്തിലും ഗൗരവതരവുമായ സഹകരണം എല്ലാ കക്ഷികളിൽ നിന്നും പ്രതീക്ഷിക്കുക അസാധ്യമാണ്.

ക്രിമിനൽ നിയമവ്യവസ്ഥിതി അനുസരിച്ച്, നിയമങ്ങൾ പരിഷ്‌കരിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുക എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം. ഇതിൽത്തന്നെ ഓരോ വിഭാഗത്തിലും വിശാലമായ പരിധിയാണ് കമ്മിറ്റിക്കുള്ളത്. ഉദാഹരണത്തിന്, സബ്സ്റ്റന്റീവ് നിയമത്തെ സംബന്ധിക്കുന്ന ഭാഗത്ത് ഇനി പറയുന്ന വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്: കുറ്റകൃത്യങ്ങളെ എങ്ങനെ നിർവ്വചിക്കണം, ഏതുതരം പ്രവൃത്തികൾ കുറ്റകൃത്യമായി കണക്കാക്കണം, കുറ്റം ചെയ്യുവാൻ ഉദ്ദേശ്യമില്ലാത്ത സാഹചര്യത്തിൽ ഒരു കുറ്റകൃത്യം ചെയ്യാൻ ശ്രമിച്ച വ്യക്തിയെ ഏതു സാഹചര്യത്തിൽ ശിക്ഷിക്കാം, ഒരു വ്യക്തി കുറ്റം ചെയ്തു എന്ന് തെളിഞ്ഞാൽ സർക്കാർ എങ്ങനെ പ്രതികരിക്കണം, ഒരു കുറ്റകൃത്യത്തിന്റെ എല്ലാ ഘടകങ്ങളും നിലനിൽക്കുമ്പോഴും ഏത് സാഹചര്യത്തിൽ കുറ്റാരോപിതനായ വ്യക്തിയെ കുറ്റവിമുക്തനാക്കാം, ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏത് നിർവചനങ്ങൾ പരിഷ്‌കരിക്കണം, എപ്പോൾ നിഷ്‌ക്രിയത്വത്തിന് ശിക്ഷ നൽകണം, കുറ്റകൃത്യങ്ങൾ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ പരിധിയിൽ എങ്ങനെ വേർതിരിക്കണം, ആവശ്യമായ മറ്റ് പരിഷ്‌കാരങ്ങൾ മുതലായവ.

മൂന്ന് വിഭാഗം നിയമങ്ങളിലെ ഒരു ഭാഗത്തിൽ പ്രതിപാദിക്കുന്ന വിഷയങ്ങൾ മാത്രമാണ് വിശദീകരിച്ചത്. എന്നിട്ടും കൂടിക്കാഴ്ചയിലൂടെയുള്ള മുഴുവൻ വിവരശേഖരണവും ഒക്‌ടോബർ ഒമ്പതുവരെയുള്ള മൂന്നുമാസത്തിനകം തീർക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മുന്നൂറോളം ചോദ്യങ്ങൾ അടങ്ങിയേക്കാവുന്ന ആറു ചോദ്യാവലികൾക്ക് പ്രതികരണം നൽകാൻ ഭാഗികമായ സമയക്രമമാണ് നൽകിയിരിക്കുന്നത്. ക്രിമിനൽ നീതി വ്യവസ്ഥയുടെ സമൂലമാറ്റം യാഥാർഥ്യ ബോധത്തോടെയും അഭികാമ്യമായ രീതിയിലും ഇത്രയും കുറഞ്ഞ സമയം കൊണ്ട് ചെയ്തു തീർക്കുവാൻ സാധിക്കില്ല. ഇതിനോട് താരതമ്യപ്പെടുത്താവുന്ന മളീമഠ് കമ്മിറ്റിയുടെ ക്രിമിനൽ നീതി പരിഷ്‌കരണ റിപ്പോർട്ട് തയ്യാറാക്കാൻ രണ്ടരവർഷം എടുത്തു.

വ്യക്തതയില്ലാത്ത ‘സ്ട്രിക്റ്റ് ലയബലിറ്റി’

ചോദ്യാവലി വിപുലമാണ്. ആറ് ചോദ്യാവലികളിൽ ആദ്യത്തേതിൽ 46 ചോദ്യങ്ങളുണ്ട്. തിരഞ്ഞെടുത്ത ചോദ്യങ്ങളുടെ ആവശ്യകതയെക്കുറിച്ചോ പശ്ചാത്തലത്തെക്കുറിച്ചോ ഒരു മാർഗദർശനവും കമ്മിറ്റി നൽകിയിട്ടില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് നിയമത്തിന്റെ ഈ മേഖലയിൽ പരിഷ്‌കരണം ആവശ്യമുണ്ടെന്ന് കമ്മിറ്റി തീരുമാനിച്ചത്? ചോദ്യാവലികളുടെ പദവിന്യാസം അനുചിതമായ രീതിയിലാണ്. അടിസ്ഥാനമില്ലാത്ത അനുമാനത്തിൽ ഉന്നയിച്ചിരിക്കുന്നവയാണ് പല ചോദ്യങ്ങളും. ചിലതിന്റെ അർത്ഥം അവ്യക്തമോ അപൂർണമോ ആണ്. നിയമ പഠനം നടത്താത്ത വ്യക്തികൾക്ക് അപ്രാപ്യമായ രീതിയിലുള്ള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ന്യൂനതയുടെ ഒരു ഉദാഹരണം: ‘കർശനമായ ബാധ്യത' (അഥവാ ‘സ്ട്രിക്ട് ലയബിലിറ്റി'). ആദ്യ ചോദ്യാവലിയിലെ ഒരു ചോദ്യം: ‘‘ഇന്ത്യൻ ശിക്ഷാനിയമത്തിൽ ‘സ്ട്രിക്ട് ലയബിലിറ്റി' അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തുമ്പോൾ ഒരു കുറ്റകൃത്യത്തിന്റെ ഉദ്ദേശ്യവും സ്വഭാവവും നിർണയിക്കുന്ന ഏത് അടിസ്ഥാന തത്വങ്ങളാണ് പരിഗണിക്കേണ്ടത്?'’

നിയമവൃത്തത്തിന്റെ വെളിയിൽ നിൽക്കുന്ന നിരവധി വ്യക്തികൾക്ക് ‘സ്ട്രിക്റ്റ് ലയബിലിറ്റി' എന്ന ആശയം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അറിയണമെന്നില്ല. ‘സ്ട്രിക്റ്റ് ലയബിലിറ്റി' എന്നതുകൊണ്ട് കമ്മിറ്റി എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നും സൂചിപ്പിച്ചിട്ടില്ല.

‘സ്ട്രിക്റ്റ് ലയബിലിറ്റി' എന്ന ആശയം വിശദീകരിക്കാം. മനഃപൂർവമായോ, അല്ലെങ്കിൽ മനഃപൂർവമായി നിയമവിരുദ്ധമായ ഫലം ഉളവാക്കുന്ന രീതിയിലോ ഒരു കൃത്യം ചെയ്യുമ്പോൾ മാത്രമേ അത് സാധാരണ കുറ്റകൃത്യമായി പരിഗണിക്കാറുള്ളൂ. എന്നാൽ, പൊതുവായി പറഞ്ഞാൽ, കുറ്റകൃത്യങ്ങൾ ചെയ്യുന്ന വ്യക്തികളുടെ ഉദ്ദേശ്യം ‘സ്ട്രിക്റ്റ് ലയബിലിറ്റി' കുറ്റകൃത്യങ്ങളിൽ അപ്രസക്തമാണ്. ഉദാഹരണത്തിന് ഒരു ചെക്ക് മടങ്ങുമ്പോൾ ഉടമസ്ഥന് അത് മടക്കണം എന്ന ഉദ്ദേശ്യം ഇല്ലായിരുന്നു എന്ന കാരണത്താൽ അങ്ങനെ ചെയ്ത വ്യക്തിയെ ശിക്ഷിക്കാതിരിക്കുന്നില്ല. വേഗപരിധി ലംഘിക്കണമെന്ന ഉദ്ദേശ്യമില്ലായിരുന്നു എന്ന കാരണത്താൽ അങ്ങനെ ചെയ്ത ഒരു വ്യക്തിയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നില്ല. എങ്കിലും നിയമവ്യവസ്ഥയിലോ നിയമപണ്ഡിതരുടെ ഇടയിലോ ‘സ്ട്രിക്റ്റ് ലയബിലിറ്റി’ എന്ന ആശയത്തെക്കുറിച്ച് അഭിപ്രായ സമന്വയം ഇല്ല. ‘X' കുറ്റകൃത്യം ഒരു പ്രതി മനഃപൂർവമല്ലാതെ, അശ്രദ്ധകൊണ്ട് ചെയ്താൽ അത് ‘സ്ട്രിക്റ്റ് ലയബിലിറ്റി’യുടെ പരിധിയിൽ വരുമെന്ന് ചിലർ വ്യാഖ്യാനിക്കുന്നു. എന്നാൽ മറ്റൊരു വിഭാഗം പറയുന്നത് മനഃപൂർവമല്ലാതെയോ, അശ്രദ്ധമല്ലാതെയോ, കുറ്റം ചെയ്യണമെന്ന ചിന്തയേതുമില്ലാതെയോ സംഭവിക്കുന്ന പിഴവുകൾക്ക് ശിക്ഷ നൽകുന്ന അവസരങ്ങളെ മാത്രമേ ‘സ്ട്രിക്റ്റ് ലയബിലിറ്റി’ കുറ്റകൃത്യമായി കണക്കാക്കുവാൻ സാധിക്കൂ എന്നാണ്. ഇതനുസരിച്ച്, പ്രതിയുടെ അശ്രദ്ധ മൂലമുള്ള ഒരു പ്രവൃത്തി ആരോപണവിധേയമായാൽ ആ കുറ്റകൃത്യം ‘സ്ട്രിക്റ്റ് ലയബലിറ്റി’യുടെ പരിധിയിൽ ഉൾപ്പെടുത്തുവാൻ സാധിക്കില്ല.

അതുകൊണ്ടുതന്നെ, ‘സ്ട്രിക്റ്റ് ലയബിലിറ്റി’ എന്നതുകൊണ്ട് കമ്മിറ്റി എന്താണ് വിവക്ഷിക്കുന്നത് എന്നറിയാതെ ഈ വിഷയത്തിൽ ചർച്ച അസാധ്യമാണ്. മാത്രമല്ല, ‘സ്ട്രിക്റ്റ് ലയബിലിറ്റി’ ചില സാഹചര്യങ്ങളിൽ സ്വീകാര്യമാണ് എന്ന അനുമാനത്തിലാണ് ഈ ചോദ്യം മുന്നോട്ടുപോകുന്നത്.
അതിനുശേഷം, ‘സ്ട്രിക്റ്റ് ലയബലിറ്റി’ എപ്പോൾ/എന്തുകൊണ്ട് നടപ്പിൽ വരുത്തണം എന്നതിനെക്കുറിച്ച് പ്രതികരണം ചോദിക്കുന്നു. ‘സ്ട്രിക്റ്റ് ലയബലിറ്റി’ കുറ്റകൃത്യങ്ങളുടെ ഗൗരവതരമായ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ - തെറ്റായി ഒന്നും ചെയ്യാൻ ഉദ്ദേശിക്കാത്ത അവസരത്തിലും കുറ്റവാളിയാക്കപ്പെടുക - ഇത് വളരെ വലിയ ആശങ്കയുണർത്തുന്ന വിഷയമാണ്. ഇതോടൊപ്പം കൂട്ടിവായിക്കേണ്ട ഒരു വിഷയം, ‘സ്ട്രിക്റ്റ് ലയബിലിറ്റി’ കുറ്റകൃത്യങ്ങളുടെ അഭാവം ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഒരു പ്രശ്‌നം ആണെന്ന് തെളിയിക്കുന്ന ഒരു പഠനവും വെബ്‌സൈറ്റിൽ നൽകിയിട്ടില്ല എന്നതാണ്.

ചോദ്യാവലികൾ ഇനി പറയുന്ന ക്രമത്തിലാണ് കമ്മിറ്റി പ്രകാശനം ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്നത്: ആദ്യമായി സബ്സ്റ്റൻസ് (ഒരു നിയമത്തിന്റെ സത്തയെ സംബന്ധിക്കുന്ന), പിന്നീട് പ്രൊസീജ്യർ (ക്രിമിനൽ നിയമത്തിന്റെ നടപടിക്രമവുമായി ബന്ധപ്പെട്ട), അവസാനമായി എവിഡൻസ് (തെളിവുകളെ സംബന്ധിക്കുന്ന). ഇവ വേർതിരിച്ച് കൈകാര്യം ചെയ്യുക എന്നത് പ്രായോഗികമല്ല. കാരണം ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട വിഷയങ്ങളാണ്. പൊതുവെ പറഞ്ഞാൽ, സബ്സ്റ്റാന്റീവ് ക്രിമിനൽ നിയമം കുറ്റകൃത്യം എന്താണെന്ന് വിശദീകരിക്കുന്നു. പ്രൊസീജ്യറൽ ആൻഡ് എവിഡൻഷറി നിയമം ഒരു കുറ്റകൃത്യം കോടതിയിൽ എങ്ങനെ തെളിയിക്കണമെന്ന വിഷയം കൈകാര്യം ചെയ്യുന്നു.

നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ താൽപര്യമുള്ള വ്യക്തികൾക്ക് പുതിയ കുറ്റകൃത്യങ്ങൾ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചോ നിലവിലുള്ള കുറ്റകൃത്യങ്ങളുടെ പരിഷ്‌കരണത്തെക്കുറിച്ചോ അഭിപ്രായങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഇത്തരം മാറ്റങ്ങൾ നിർദ്ദേശിക്കുമ്പോൾ പ്രൊസീജ്യറൽ, എവിഡൻഷറി പരിരക്ഷയുടെ ഉറപ്പോടു കൂടിയുള്ള നീതിയുക്തമായ വിചാരണയെ അടിസ്ഥാനമാക്കിയായിരിക്കണം അവ ഉൾപ്പെടുത്തേണ്ടത് എന്ന് അവർക്ക് അഭിപ്രായം ഉണ്ടായേക്കാം. അതിനാൽ സബ്സ്റ്റൻസ്, പ്രൊസീജ്യർ, എവിഡൻസ് നിയമങ്ങളെ ഒറ്റപ്പെട്ട മേഖലകളായി കണ്ട് നിർദ്ദേശം സമർപ്പിക്കുവാൻ സാധ്യമല്ല.

മറ്റൊരു പ്രശ്‌നം, കമ്മിറ്റിയെക്കുറിച്ചുള്ള വിവരങ്ങൾ പ്രധാനമായും അതിന്റെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, ഓൺലൈനിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ ചികഞ്ഞെടുത്ത് മനസ്സിലാക്കാനുള്ള കഴിവ്, എന്നിവയില്ലാതെ കമ്മിറ്റിയുമായി സംവദിക്കുക ബുദ്ധിമുട്ടാണ്. ഏറെ ഭാഷാ വൈവിധ്യവും, കുറഞ്ഞ ഇന്റർനെറ്റ് ലഭ്യതയും ഉള്ള ഈ രാജ്യത്ത്, ഏറ്റവും സുഗമമായ സാഹചര്യങ്ങളിൽ പോലും ഇത്തരം നടപടികൾ വലിയ ഒരു ജനവിഭാഗത്തെ ഒഴിവാക്കാൻ കാരണമാകും.

ഒരു ഉത്തരേന്ത്യൻ പ്രാദേശിക കമ്മിറ്റി

മറ്റ് മുഴുവൻ സമയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന അഞ്ചുപേർ മാത്രമാണ് കമ്മിറ്റി അംഗങ്ങൾ. മുഴുവൻ സമയ അംഗങ്ങളുടെ അഭാവത്തിൽ, നൽകപ്പെട്ടിരിക്കുന്ന കുറഞ്ഞ സമയത്തിനുള്ളിൽ ഫലപ്രദമായും ജനകീയവുമായും അതിന്റെ കർത്തവ്യങ്ങൾ കമ്മറ്റിക്ക് ചെയ്തുതീർക്കുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല.

ജാതി, മത, ലിംഗ, ലൈംഗിക, വർഗ ന്യൂനപക്ഷങ്ങൾക്കൊന്നും പ്രാതിനിധ്യം ഉള്ളതായി കാണുന്നില്ല. അതുപോലെ തൊഴിലാളിവർഗത്തിനോ, ഭിന്നശേഷിക്കാർക്കോ പ്രാതിനിധ്യം ഇല്ല. വടക്കേ ഇന്ത്യയിലെ ഒരു ചുരുങ്ങിയ ഭൂപ്രദേശത്തിന് പുറമേയുള്ള ആരും ഇതിൽ അംഗങ്ങളല്ല. അരക്ഷരരും, അമിത പോലീസ് നിയന്ത്രണത്തിന് വിധേയരാവുന്നവരുമായ, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കും പ്രാതിനിധ്യമില്ല. ക്രിമിനൽ നിയമം ഏറ്റവും ബാധിക്കുന്നവരെ ഈ പ്രക്രിയയുടെ ഭാഗമാക്കേണ്ടത്, ജനകീയ നീതി നടപ്പാക്കാനും പരിഷ്‌കരണപ്രക്രിയ അർത്ഥവത്തും ഫലവത്തുമാക്കുവാനും അത്യന്താപേക്ഷിതമാണ്. ഇന്ന് ദുരഭിമാനക്കൊല (honour killing) ഇന്ത്യൻ ശിക്ഷാ നിയമത്തിന് കീഴിൽ പ്രത്യേക കുറ്റകൃത്യമായി ഉൾപ്പെടുത്തണോ, എങ്കിൽ എന്ത് ശിക്ഷ നൽകണം എന്ന വിഷയങ്ങളിൽ കമ്മിറ്റി അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. സാധാരണ, ദുരഭിമാനക്കൊലകൾ നടത്തുന്നത് ജാതി, മത, ലിംഗാധിഷ്ഠിതമായ അധികാരകേന്ദ്രങ്ങളെ നിലനിർത്താൻ വേണ്ടിയാണ്. ഇത്തരത്തിലുള്ള പാർശ്വവൽക്കരണത്തെക്കുറിച്ച് സംസാരിക്കാൻ കഴിവുള്ള അംഗങ്ങളെ ഉൾപ്പെടുത്താതെയുള്ള പരിഷ്‌കരണം സ്വാഗതാർഹമല്ല.

ലോ കമ്മീഷൻ ഓഫ് ഇന്ത്യ നിലനിൽക്കുന്നത്, വിവാദപരമായ നിയമ വിഷയങ്ങൾ പഠിക്കുവാനും പൊതുജനസമൂഹവുമായി വിപുല ചർച്ചക്കുശേഷം പരിഷ്‌കരണം നിർദേശിക്കാനുമാണ്. ലോ കമ്മീഷനുമായി കൂടിയാലോചിക്കാതെ ഇത്ര പ്രധാനപ്പെട്ടതും, ഗൗരവതരവും, ഉത്തരവാദിത്വപ്പെട്ടതുമായ ഒരു കർത്തവ്യം, പുറമെയുള്ള ഒരു കമ്മിറ്റിയെ ഏൽപ്പിക്കുന്നത് ന്യായീകരിക്കാവുന്നതല്ല.

ഇത്തരം വിമർശനങ്ങളുടെ വെളിച്ചത്തിൽ കമ്മിറ്റി ഉടൻ പ്രവർത്തനം നിർത്തിവെക്കുകയാണ് വേണ്ടത്. എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തിയും, വിപുല ചർച്ച നടത്തിയും സുതാര്യമായ പ്രവർത്തനരീതി സ്വീകരിച്ചും വ്യക്തവും സുഗ്രഹവുമായ സമ്പ്രദായങ്ങൾ ഏർപ്പെടുത്തിയും വേണ്ടത്ര പ്രാതിനിധ്യ സ്വഭാവമുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ഭീതി ഒഴിഞ്ഞശേഷം മാത്രം നടപ്പിലാക്കേണ്ടതാണ് ക്രിമിനൽ നിയമ ഭേദഗതി.

വിവർത്തനം: ബാലു ജി.നായർ (Lecturer, Jindal Global Law School, Research Fellow, Melbourne Law School, Assistant Editor, Indian Law Review).


Summary: ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപം നൽകിയ കമ്മിറ്റി, അതിന്റെ പ്രാതിനിധ്യ സ്വഭാവമില്ലായ്മയുടെയും സുതാര്യതക്കുറവിന്റെയും പേരിൽ വിമർശിക്കപ്പെട്ടുകഴിഞ്ഞു. മനുഷ്യാവകാശപ്രവർത്തകർ, വിദ്യാർഥികൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരെ എൻ.എസ്.എ, യു.എ.പി.എ തുടങ്ങിയ കടുത്ത നിയമങ്ങൾ തിരഞ്ഞുപിടിച്ച് പ്രയോഗിക്കുന്ന സാഹചര്യത്തിൽ ക്രിമിനൽ നിയമ പരിഷ്‌കരണം ആർക്കുവേണ്ടിയാണ് എന്നത് വ്യക്തമാണ്- ക്രിമിനൽ നിയമവുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന അഭിഭാഷകരും അധ്യാപകരും സന്നദ്ധപ്രവർത്തകരും ചേർന്ന്​ തയാറാക്കിയത്​.


Comments