സ്റ്റാൻ സ്വാമി: ജനാധിപത്യത്തി അഭ്രപാളികളിൽ എഴുതിയ ഒരു കസ്​റ്റഡി കൊലയെന്ന് അരുന്ധതി റോയ്​

‘‘സ്റ്റാൻ സ്വാമിയുടെ കേസിനെ കുറിച്ചും അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും ധാരണയുണ്ടായിരുന്നിട്ടും അതിനെ അവഗണിക്കാൻ തീരുമാനിച്ച ജുഡീഷ്യറി, പൊലീസ്, ഇന്റലിജൻസ്, ജയിൽ വ്യവസ്ഥിതി, മുഖ്യധാരാ മാധ്യമങ്ങൾ തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളാണ്.''

National Desk

യു.എ.പി.എ. ആക്ട്​ ദുരുപയോഗപ്പെടുത്തുകയല്ല, മറിച്ച് അതിന്റെ നിർമ്മാണോദ്ദേശ്യം നടപ്പിലാക്കുക തന്നെയാണ് സർക്കാർ ചെയ്യുന്നതെന്ന് അരുന്ധതി റോയ്. ""കുറ്റാരോപിതരായ, ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിഭാഷകരേയും, ബുദ്ധിജീവികളേയും, ആക്ടിവിസ്റ്റുകളേയും അനിശ്ചിതമായി- ഒന്നുകിൽ മരണം വരെയോ, ജയിൽ വ്യവസ്ഥിതി അവരുടെ ജീവിതം തകർക്കുന്നതു വരെയോ തടങ്കലിടാനുള്ള അധികാരം പ്രദാനം ചെയ്യുന്നത് യു.എ.പി.എ. ആക്ട് ആണ്.''

പുറത്താക്കപ്പെട്ടവർക്കും മാറ്റി നിർത്തപ്പെട്ടവർക്കുമായി ജീവിതത്തിലെ ദശാബ്ദങ്ങൾ ചെലവഴിച്ച 84-കാരനായ ഫാ. സ്റ്റാൻ സ്വാമിയുടെ പതുക്കെയുള്ള, എന്നാൽ തീവ്രമായ കസ്റ്റഡി കൊലപാതകം അരങ്ങേറിയത് നമ്മുടെ ജനാധിപത്യത്തിന്റെ അഭ്രപാളികളിലാണെന്ന് സ്‌ക്രോളിൽ എഴുതിയ കുറിപ്പിൽ അരുന്ധതി പറയുന്നു.

""സ്റ്റാൻ സ്വാമിയുടെ കേസിനെ കുറിച്ചും അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും ധാരണയുണ്ടായിരുന്നിട്ടും അതിനെ അവഗണിക്കാൻ തീരുമാനിച്ച ജുഡീഷ്യറി, പൊലീസ്, ഇന്റലിജൻസ്, ജയിൽ വ്യവസ്ഥിതി, മുഖ്യധാരാ മാധ്യമങ്ങൾ തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളാണ്.''

ഭീമ കൊറേഗാവ് കേസിലെ തെളിവുകൾ പലതും വ്യാജമാണെന്ന് തെളിഞ്ഞിട്ടും അത് പരിഗണിക്കാനോ, ഗൗരവത്തിലെടുക്കാനോ സ്റ്റേറ്റ് തയ്യാറായില്ലെന്ന് അരുന്ധതി റോയ് കുറ്റപ്പെടുത്തി. ""ഭീമ കൊറേഗാവ് ഗൂഢാലോചന എന്ന് സ്റ്റേറ്റ് പേരിട്ടു വിളിക്കുന്ന കേസിലെ 16 പ്രതികളിൽ ഒരാളായാണ് ഫാ. സ്റ്റാൻ സ്വാമി മരിച്ചത്. എന്നാൽ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കുകളുടെ ഫോറൻസിക് പരിശോധനയെ അടിസ്ഥാനമാക്കി, ഈ കേസിലെ സുപ്രധാന തെളിവുകളിൽ പലതും വ്യാജമാണെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തിരുന്നു. അന്വേഷണ ഏജൻസികളുടെ ആഖ്യാനങ്ങൾക്കുതകുന്ന രീതിയിൽ, കുറ്റാരോപിതരിൽ ഒരാളായ റോണ വിൽസണിന്റെ കമ്പ്യൂട്ടറിൽ തെളിവുകൾ നിക്ഷേപിക്കുകയായിരുന്നെന്ന ഈ വെളിപ്പെടുത്തൽ പക്ഷെ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളും കോടതികളും ചേർന്ന് കുഴിച്ചു മൂടുകയായിരുന്നു.''

നരേന്ദ്ര മോദി സർക്കാരിനെ അട്ടിമറിക്കാൻ പദ്ധതിയിട്ടെന്നാരോപിച്ച് സുധീർ ധവാലെ, റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിങ്, ശോമ സെൻ, മഹേഷ് റൗട്ട് എന്നിവരെ 2018 ജൂണിലാണ് പുനെ പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്തത്. ഇവരിൽ റോണ വിൽസണിന്റെ അറസ്റ്റിനു ശേഷം, ഒരു മാൽവെയറിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പിൽ നുഴഞ്ഞു കയറിയ അറ്റാക്കർ, പത്തോളം കത്തുകൾ ലാപ്‌ടോപ്പിൽ നിക്ഷേപിക്കുകയായിരുന്നെന്ന് മസാച്യുസെറ്റ്സ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർസനൽ കൺസൾട്ടിങ്ങ് കണ്ടെത്തിയിരുന്നു. ഈ കത്തുകളാണ് ഭീമ കൊറേഗാവ് കേസിൽ മുഖ്യ തെളിവുകളായി പൂനെ പൊലീസ് ചാർജ് ഷീറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സ്റ്റാൻ സ്വാമിയുടെ മരണത്തിനു പിന്നാലെ, കേസിലെ മറ്റൊരു കുറ്റാരോപിതനായ സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ കമ്പ്യൂട്ടറിലും സമാനമായ രീതിയിൽ വ്യാജ തെളിവുകൾ നിക്ഷേപിച്ചതായി വാഷിങ്ടൺ പോസ്റ്റ്റിപ്പോർട്ടു ചെയ്തിരുന്നു.

സ്റ്റാൻ സ്വാമിയുടെ പതിയെയുള്ള കൊലപാതകം, ജനാധിപത്യം എന്ന് സ്വയം വിശേഷിപ്പിക്കാൻ നമ്മെ അനുവദിക്കുന്ന എല്ലാത്തിന്റെയും ത്വരിതമായ നശീകരണത്തിന്റെ പ്രതിരൂപമാണ്- അരുന്ധതി റോയി പറയുന്നു.


Comments