അട്ടപ്പാടിയിലെ ഭൂമാഫിയയും പൊലീസ് കേസും: ഡോ. ആർ. സുനിൽ എഴുതുന്നു

അട്ടപ്പാടിയിലെ ഭൂമാഫിയ ആദിവാസി ഭൂമി തട്ടിയെടുത്തത് റിപ്പോർട്ടുചെയ്ത തനിക്കെതിരെ പൊലീസ് കേസെടുത്തതിനുപുറകിലെ വസ്തുത വിശദമാക്കുകയാണ് ‘മാധ്യമം’ ലേഖകൻ ഡോ.ആർ. സുനിൽ.

2001- ൽ, സെക്രട്ടറിയേറ്റിനുമുന്നിൽ നടന്ന കുടിൽകെട്ടി സമരം മുതൽ ആദിവാസികളുമായും ഗോത്രമഹാസഭ അടക്കമുള്ള ദലിത്- ആദിവാസി സംഘടനകളുമായി സഹകരണമുണ്ട്. ഒന്നരപതിറ്റാണ്ടായി അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെത്തി സ്റ്റോറികൾ ചെയ്ത മാധ്യമപ്രവർത്തകനാണ് ഞാൻ. പോകുമ്പോൾ മൂന്നുനാല് ദിവസം അവിടെ തങ്ങുകയും പരമാവധി ഊരുകളിൽ നേരിട്ട് എത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. അതൊക്കെ ഞാൻ ലേഖനങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഞാൻ കൊടുത്ത വാർത്തയുടെ അടിസ്ഥാനത്തിൽ ആദിവാസികൾക്ക് അനുകൂലമായി സർക്കാർ നടപടികളും ഉണ്ടായി. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് വിശ്വസിച്ച ഭൂമി തിരിച്ചുകിട്ടിയ സംഭവങ്ങൾ വരെയുണ്ട്. (ഒരുദാഹരണമാണ് ആനക്കട്ടിയിലെ സുധീറിന്റെ ഭൂമി തിരിച്ചു കിട്ടിയത്- 2700 ഏക്കറോളം വരുന്ന അട്ടപ്പാടി ഫാമിങ് സൊസൈറ്റിയുടെ ഭൂമി സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയത് റദ്ദാക്കിയത്.)

ഒരു ആദിവാസിയിൽ നിന്ന് എന്റെ ഫോൺ നമ്പർ മറ്റൊരു ആദിവാസിക്ക് പോവുകയും അപരിചിതരായ പലരും വിളിക്കുകയും അവരുടെ പരാതികൾ അയച്ചുതരികയും ചെയ്യുന്നു. അട്ടപ്പാടി സംരക്ഷണ സമിതിയുടെ എം. സുകുമാരൻ, അട്ടപ്പാടി ആക്ഷൻ കൗൺസിലിന്റെ മുരുകൻ, പി.വി സുരേഷ്, തായ്കുലത്തിലെ ശിവാനി, ആരോഗ്യവകുപ്പിൽ ജോലിയുണ്ടായിരുന്ന വട്ടലക്കിയിലെ ടി.ആർ ചന്ദ്രൻ, വെള്ളിങ്കിരി തുടങ്ങിയ ധാരാളം ആദിവാസികൾ വിവരങ്ങൾ തന്ന് സഹായിച്ചിട്ടുണ്ട്.

അട്ടപ്പാടിയിലെ വില്ലേജ് ഓഫീസുകൾ, ഐ.ടി.ഡി.പി, ഡിവൈ.എസ്.പി, പൊലീസ് സ്റ്റേഷൻ, ഒറ്റപ്പാലം സബ് കലക്ടറുടെ ഓഫിസ്, കലക്ടറുടെ ഓഫിസ്, പട്ടികവർഗ ഡയറക്ടറേറ്റ്, ലാൻഡ് റവന്യൂ കമീഷണറുടെ ഓഫിസ് തുടങ്ങിയിടങ്ങളിലെ ഉദ്യോഗസ്ഥരും വിവരങ്ങൾ തന്നിരുന്നു. ലഭിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ സത്യസന്ധമായിട്ടാണ് വാർത്തകൾ നൽകിയത്. ഏതെങ്കിലും ഒരു വാർത്ത തെറ്റാണെന്നോ തിരുത്തണമെന്നോ ആരും പറഞ്ഞിട്ടില്ല. ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ തയാറാണ്.

ഇപ്പോഴത്തെ കേസുമായി ബന്ധപ്പെട്ട സംഭവം, നഞ്ചിയമ്മയുടെ കുടുംബഭൂമിയുമായി ബന്ധപ്പെട്ട് തുടങ്ങുന്നതാണ്. നഞ്ചിയമ്മയുടെ ഭർത്താവിന്റെ അച്ഛന്റെ ഭൂമിയായിരുന്ന ആദിവാസി ഭൂമി അന്യാധീനപ്പെട്ട കേസ് (ടി.എൽ.എ) ഇപ്പോഴും നിലവിലുണ്ട്. ഒരിക്കൽ അട്ടപ്പാടിയിൽ പോയപ്പോൾ നഞ്ചിയമ്മയുടെ വീട്ടിലും പോയി. അപ്പോഴാണ് നഞ്ചിയമ്മ ഭൂമിയുടെ കാര്യം സംസാരിച്ചത്. അന്ന് ദേശീയ അവാർഡ് ലഭിച്ചിട്ടില്ല. കാര്യമായ രേഖകൾ ഒന്നും നഞ്ചിയമ്മയുടെ കൈയിൽ ഇല്ല. ഇത് സംബന്ധിച്ച വിവരങ്ങൾ സബ് കലക്ടറുടെ ഓഫീസിൽ നിന്നാണ് ലഭിച്ചത്.

പട്ടികജാതി-പട്ടികവർഗക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ.ബി.ആർ അംബേദ്ക്കർ മാധ്യമ അവാർഡിലെ പ്രത്യേക പരാമർശത്തിനുള്ള പുരസ്‌കാരം മന്ത്രിയിൽ നിന്ന് ഡോ.ആർ സുനിൽ ഏറ്റുവാങ്ങുന്നു

തുടർന്ന് മാധ്യമം ഓൺലൈനിൽ ഒരു വാർത്ത നൽകി. തുടർന്ന് നിയമസഭയിൽ കെ.കെ രമയും ഐ.സി ബാലകൃഷ്ണനും ഈ ഭൂമി സംബന്ധിച്ച് ചില ചോദ്യങ്ങൾ ഉന്നയിച്ചു. അതിന് റവന്യൂ മന്ത്രി കെ. രാജൻ നൽകിയ മറുപടിയും സബ് കലക്ടർ ഓഫിസിൽനിന്ന് ലഭിച്ച രേഖകളും തമ്മിൽ പൊരുത്തക്കേട് തോന്നി. നഞ്ചിയമ്മയുടെ കുടുംബഭൂമി കൈയേറിയത് കന്തസ്വാമി എന്നയാളാണ്. ടി.എൽ.എ കേസ് കേസ് നിലനിൽക്കുന്നത് ഇരു കുടുംബങ്ങൾ തമ്മിലാണ്.

എന്നാൽ കെ.വി മാത്യു, ജോസഫ് കുര്യൻ എന്നീ വ്യക്തികൾ ഈ ഭൂമിക്ക് നികുതി അടച്ച് രസീത് വാങ്ങി ഭൂമിയുടെ ഉടമസ്ഥരായി കേസിൽ ചേർന്നിട്ടുണ്ട്. ഇവർ ആരിൽനിന്നാണ് ഭൂമി വാങ്ങിയത് എന്ന് അന്വേഷിച്ചപ്പോഴാണ് മാരിമുത്തു എന്നയാളുമായി കരാർ ഉറപ്പിച്ച് എഗ്രിമെന്‍റ് കാലാവധി കഴിഞ്ഞപ്പോൾ കോടതിയിൽ എത്തി ആധാരം നടത്തുന്നതിനുള്ള ഉത്തരവ് നേടിയെന്ന് മനസിലായത്. അവർ സ്വന്തമായി ആധാരം ഉണ്ടാക്കി ഭൂമി സ്വന്തമാക്കിയതെന്ന് പറയാം. ഭരണ സംവിധാനങ്ങളെല്ലാം കണ്ണടച്ചു. ഇക്കാര്യം മാരിമുത്തു തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

ആദ്യം നൽകിയ ഓൺലൈൻ വാർത്തയെ തുടർന്ന് ജോസഫ് കുര്യൻ എന്നെ വിളിച്ചിരുന്നു. ഭൂമി അദ്ദേഹത്തിന്റെയാണെന്നും ആധാരമുണ്ടെന്നും പെട്രോൾ പമ്പ് തുടങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കൈയിലുള്ള രേഖകൾ എല്ലാം എനിക്ക് അയച്ചുതന്നു. അദ്ദേഹത്തിന്റെ വാദവും വാർത്തയായി കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോ ഉൾപ്പെടെയാണ് ഓൺലൈനിൽ വാർത്തയായി നൽകിയത്. അദ്ദേഹത്തോട് അപ്പോൾ തന്നെ പറഞ്ഞിരുന്നു, വ്യക്തിപരമായി അറിയില്ല, വ്യക്തിപരമായ വിരോധവുമില്ല. ഫയലുകളിൽ പേരുണ്ട്, അതുകൊണ്ട് വാർത്ത കൊടുത്തു. അദ്ദേഹത്തിന് ഇക്കാര്യം ബോധ്യപ്പെട്ടു. ആദ്യ സംഭാഷണം അവിടെ അവസാനിച്ചു.

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തത് സംബന്ധിച്ച് മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന ആർ.സുനിലിന്‍റെ കവർസ്റ്റോറി

ഭൂമി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചപ്പോഴാണ് നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തത് എന്ന കവർസ്റ്റോറി മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചത്. ആഴ്ചപ്പതിപ്പിൽ ലേഖനം വന്നതോടെ ജോസഫ് കുര്യന്റെ സ്വരം മാറി. പിന്നീട് ഭീഷണിയാണ്. തുടർന്ന് വക്കീൽ നോട്ടീസ് അയച്ചു. വക്കീൽ നോട്ടീസിന് വ്യക്തമായ മറുപടി നൽകി. ആഴ്ചപ്പതിപ്പിലെ ലേഖനത്തെ തുടർന്ന് കെ.കെ രമ അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം നിയമസഭയിൽ സബ്മിഷൻ ആയി അവതരിപ്പിച്ചു.

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന് ലഭിച്ച പരാതികളിൽ അസി. ലാൻഡ് റവന്യൂ കമ്മീഷണറുടെ മേൽനോട്ടത്തിൽ റവന്യൂ വിജിലൻസ് അന്വേഷിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. ഇതനുസരിച്ച് റവന്യൂ വിജിലൻസ് റിപ്പോർട്ട് നൽകി. വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർനടപടി സ്വീകരിക്കണമെന്നും ശുപാർശ ചെയ്തു. അതോടെ നഞ്ചിയമ്മയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ജോസഫ് കുര്യൻ പ്രശ്നം അവസാനിക്കുമെന്നാണ് ഞാൻ കരുതിയത്. പിന്നീട് ഒരിക്കലും അദ്ദേഹത്തെ വിളിക്കേണ്ടി വന്നിട്ടില്ല.

മാസങ്ങൾക്ക് ശേഷമാണ് അട്ടപ്പാടി വരഗംപാടിയിലെ ചന്ദ്രമോഹൻ എന്ന ആദിവാസിയുടെ വിളി വരുന്നത്. അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ പകർപ്പ് അയച്ചുതന്നു. അദ്ദേഹം താമസിക്കുന്ന വീടിന്റെ ഫോട്ടോയും വീഡിയോയും മറ്റും. 12 ഏക്കർ ഭൂമി പാരമ്പര്യ സ്വന്തമായിട്ടുണ്ട്. അദ്ദേഹത്തിനും രണ്ട് സഹോദരിമാർക്കുമായി മൂന്ന് വീടും നിലവിലുണ്ട്. ഈ ഭൂമി ജോസഫ് കുര്യന്റേതാണെന്ന് അവകാശപ്പെട്ട് അദ്ദേഹം വീട്ടിലെത്തി ചന്ദ്രമോഹനന്റെ അച്ഛനെ ഭീഷണിപ്പെടുത്തി എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.

അദ്ദേഹം പറഞ്ഞ കാര്യങ്ങൾ തന്നെയാണ് വാർത്തയിൽ നൽകിയത്. ആ വാർത്തയുടെ പേരിലാണ് ജോസഫ് കുര്യൻ ഇപ്പോൾ അഗളി ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. അഗളി പൊലീസ് പരാതി കോടതിയിൽ കൊടുത്തു എന്നാണ് പറയുന്നത്. അന്വേഷണത്തിന് ഉത്തരവ് വാങ്ങിയെന്നാണ് മാധ്യമപ്രവർത്തകർ അന്വേഷിച്ചപ്പോൾ പോലീസ് പറയുന്നത്.

ചന്ദ്രമോഹന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി

അഗളി ഡി.വൈ.എസ്.പിയെയും ഞാൻ ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട കേസിന് വിളിച്ചിട്ടുണ്ട്. ഒരു സംഭവം ചീരക്കടവിലേതാണ്. ചീർക്കടവിൽ ആദിവാസികളുടെ ഭൂമി കോടതി ഉത്തരവുമായി പൊലീസ് കാവലിൽ കൈയേറിയെന്ന് ഊരിലെ ഒരാൾ വിളിച്ചു പറഞ്ഞു. വിവരം അന്വേഷിച്ചപ്പോൾ ഡിവൈ.എസ്.പി കോടതി ഉത്തരവാണെന്ന് പറഞ്ഞു.

ആദിവാസികൾ പറഞ്ഞത് ഉത്തരവിൽ പറയുന്ന സർവേ നമ്പറിലുള്ള ഭൂമിയല്ല കൈയേറിയതെന്നാണ്. ആദിവാസികളുടെ എതിർപ്പ് ആരും പരിഗണിച്ചില്ല. ഉത്തരവ് വായിച്ചു മനസ്സിലാക്കാൻ ആദിവാസികൾക്കും കഴിഞ്ഞില്ല. വില്ലേജ് ഓഫീസറെ വിളിച്ചപ്പോൾ സർവേ നമ്പരിൽ തെറ്റുണ്ട് എന്ന് അദ്ദേഹം സമ്മതിച്ചു. (ഉദാ: 751/1 സർവേ നമ്പറിലാണ് കോടതി ഉത്തരവ് എങ്കിൽ 750/- സർവ്വേ നമ്പറിലെ ഭൂമിയാണ് കൈയേറിയത്). വില്ലേജ് ഓഫീസർ ഇത് ഉറപ്പിച്ചതോടെ ഡിവൈ.എസ്.പിയെ വിളിച്ചു. അദ്ദേഹം കോടതി ഉത്തരവ് നടപ്പാക്കണം അല്ലെങ്കിൽ കോടതി അലക്ഷ്യം ഉണ്ടാകും എന്ന് മറുപടി പറഞ്ഞു. സർവ്വേ നമ്പറിലെ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ ഉത്തരവുമായി വന്നവർ അത് ഹൈക്കോടതിയിലെ ക്ലാർക്കിന് സംഭവിച്ച കൈപ്പിഴയെന്നാണ് മറുപടി നൽകിയത്. അത് കോടതി തന്നെ തിരുത്തേണ്ടത് അല്ലേ എന്ന് ഡിവൈ.എസ്.പി യോട് ചോദിച്ചു. അത് ശരിയാണെന്ന് അദ്ദേഹവും സമ്മതിച്ചു. പിന്നെ ആ ഭൂമി പിടിച്ചെടുക്കാൻ പോലീസ് ഇതുവരെ പോയിട്ടില്ല. സർവ്വേ നമ്പർ കോടതിയിൽ നിന്ന് തിരുത്തി കിട്ടിയെന്നും അറിഞ്ഞിട്ടില്ല. പൊലീസ് സ്റ്റേഷനു മുന്നിലെ മല്ലീശ്വരിയുടെ മുത്തച്ഛൻ ആയ പൊത്തയുടെ ഭൂമിയുടെ കഥയും ഇതുപോലെയാണ്.

ആര്‍. സുനിലിനെതിരെയുള്ള എഫ്.ഐ.ആറില്‍ നിന്ന്

സമാനമായ നിരവധി കൈയേറ്റങ്ങൾ ആദിവാസിയുടെ പക്ഷത്തുനിന്ന് വാർത്ത നൽകി എന്നതാണ് ഞാൻ ചെയ്ത കുറ്റകൃത്യം. ഈ വാർത്തകളുടെ ആകെ തുകയാണ് എനിക്കെതിരെ എടുത്തിരിക്കുന്ന കേസ്. അതിന് ചന്ദ്രമോഹനന്‍റെ ഭൂമി സംബന്ധിച്ച വാർത്ത ചൂണ്ടിക്കാണിച്ചു എന്ന് മാത്രം. ആയിരക്കണക്കിന് ഏക്കർ ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി കഴിഞ്ഞു. കോടതി ഉത്തരവും പൊലീസുമായി ഏതുനിമിഷവും ഏത് ആദിവാസി ഭൂമിയിലേക്കും അവർ എത്താമെന്ന അവസ്ഥയാണ് അട്ടപ്പാടിയിലുള്ളത്. റവന്യൂ ഉദ്യോഗസ്ഥർക്ക് വലിയ തുക കിട്ടും. ഇതിൽ വലിയ ലാഭം പലർക്കും ലഭിക്കുന്നു. ഭരണസംവിധാനം സമ്പൂർണായി ആദിവാസികൾക്ക് എതിരാണ് ...

സംഭവങ്ങൾ വിശകലനം ചെയ്താൽ അട്ടപ്പാടി കേരളത്തിലല്ലെന്ന് പറയേണ്ടിവരും. ജനാധിപത്യം ഇല്ല. ഭൂമാഫിയയുടെ പിടിയിലമർന്ന അട്ടപ്പാടിയിൽ ആദിവാസികൾ നിസ്സഹായരാണ്. ഞാൻ കൊടുത്ത അവരെ കുറിച്ചുള്ള വാർത്തകൾ അവർക്ക് ഊർജ്ജം നൽകി. നിസ്സഹായരായ അവർ അൽപമെങ്കിലും ചോദ്യംചെയ്യാൻ തുടങ്ങി. അതിനെ ഭയക്കുന്നവരാണ് കൂട്ടായി നിന്ന് പരാതി നൽകിയത്.

Comments