കേരള സർക്കാരിന്റെ ഒന്നരലക്ഷം തോൽവി

2022 മാർച്ച് 14ന് രാവിലെ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ കേരള സർക്കാർ ഒരു അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയുടെ തന്നെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീലെങ്കിലും കേരള സർക്കാറിന്റെ ഈ പോരാട്ടം എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയോടാണ്.

ചെറുപ്രായത്തിൽ, പൊതുമധ്യത്തിൽ, തനിക്കേൽക്കേണ്ടി വന്ന ക്രൂരമായ അപമാനത്തിനെതിരെ, നീതിയാവശ്യപ്പെട്ട് സമരം ചെയ്ത്, ഒടുവിൽ നിയമയുദ്ധത്തിലൂടെ വിജയം നേടിയ ഒരു ദളിത് പെൺകുട്ടിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് സർക്കാർ അവരുടെ സന്നാഹങ്ങളുമായി രംഗത്തുവരുന്നത്.

പെൺകുട്ടിക്ക് കോടതി പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയായ ഒന്നര ലക്ഷം രൂപ നൽകാതിരിക്കാൻ എത്ര ലക്ഷം രൂപയും ചെലവഴിക്കാൻ തയ്യാറാകുന്ന സർക്കാറിന്റെ ഈ പ്രത്യക്ഷ യുദ്ധം വീണ്ടും വീണ്ടും ഒരു ദളിത് പെൺകുട്ടിയെയും അവരുടെ കുടുംബത്തെയും പൊതുമധ്യത്തിലപമാനിക്കാനുള്ള വെമ്പലാണ്.

2021 ആഗസ്ത് 27 ന് ഐ.എസ്.ആർ.ഒയുടെ കൂറ്റൻ യന്ത്രം വഹിച്ചുകൊണ്ടുപോകുന്ന വാഹനം തങ്ങളുടെ നാട്ടിലൂടെ കടന്നുപോകുന്നതറിഞ്ഞ്, കൗതുകം നിറഞ്ഞ ആ കാഴ്ച കാണാൻ അച്ഛൻ ചയചന്ദ്രനൊപ്പം ആറ്റിങ്ങൽ ടൗണിലേക്ക് പോയതായിരുന്നു എട്ട് വയസ്സുള്ള ആ പെൺകുട്ടി. വഴിയിൽ വെച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ഇരുവരെയും തടഞ്ഞു. അച്ഛനും മകളും കൂടി തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ ആരോപണം. ഇരുവരെയും പൊതുമധ്യത്തിൽ ഭീഷണിപ്പെടുത്തുകയും ദേഹപരിശോധന നടത്തുകയും ചെയ്തു. എന്നാൽ അൽപ സമയത്തിനുള്ളിൽ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് തന്നെ മൊബൈൽ ഫോൺ കിട്ടി. അന്ന് നടു റോഡിൽ വെച്ച് ആൾക്കൂട്ടത്തിനിടയിൽ അപമാനിതയായ അവൾ കരയുന്ന വീഡിയോ മനസാക്ഷിയുള്ളവർക്ക് കണ്ടുനിൽക്കാനാവില്ല.

പോലീസിനും ആൾക്കൂട്ടത്തിനും നടുവിൽ ഭയന്ന് വിറച്ച് തേങ്ങിക്കരഞ്ഞ അവളെ ചേർത്തു പിടിച്ച് 'എന്റെ മോളാണേ സത്യം... ഞാൻ ഫോണെടുത്തിട്ടില്ല സാറേ' എന്ന് ദയനീയമായി അലറിയ, കൂലിപ്പണിക്കാരനായ ആ അച്ഛൻ, തനിക്കും മകൾക്കും പൊതുമധ്യത്തിലേൽക്കേണ്ടി വന്ന ക്രൂരമായ അപമാനം ഇനി മറ്റാർക്കും അനുഭവിക്കേണ്ടി വരരുത് എന്ന ചിന്തയിലാണ് നീതി തേടിയിറങ്ങിയത്.

ഉദ്യോഗസ്ഥയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി. ഫലമുണ്ടായില്ല. മുഖ്യമന്ത്രിയെ നേരിൽ കണ്ട് തങ്ങളുടെ പരാതിയിന്മേൽ പോലീസ് കാണിക്കുന്ന അനാസ്ഥ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അതും പരാജയപ്പെട്ടു. ഒടുവിൽ കുടുബം സെക്രട്ടറിയേറ്റ് പടിക്കൽ ഉപവാസ സമരം നടത്തി.

സംഭവത്തിൻ മേൽ വന്ന ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട് ക്രിമിനൽ കുറ്റകൃത്യം ചെയ്ത പിങ്ക് പോലീസ് ഉദ്യോസ്ഥ രജിതയെ അങ്ങേയറ്റം വെള്ളപൂശുന്നതായിരുന്നു. സംഭവത്തിന്റെ തുടക്കം മുതൽ കുറ്റാരോപിതയായ ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു ആഭ്യന്തര വകുപ്പിൽ നിന്നുള്ള പ്രതികരണങ്ങൾ. ഡി.ജി.പി, ആറ്റിങ്ങൽ പോലീസ്, പോലീസ് കംപ്ലയിന്റ് അതോറിട്ടി എന്നിവിടങ്ങളിലെല്ലാം കുടുംബം പരാതി നൽകിയിട്ടും അവയിലൊന്നിൽപോലും യാതൊരു നടപടിയുമുണ്ടായില്ല.

ഒടുവിൽ കുടുബം പട്ടിക ജാതി കമ്മീഷനിൽ നൽകിയ പരാതിയെത്തുടർന്ന് കമ്മീഷൻ ഡി.ജി.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ഡി.ജി.പി റിപ്പോർട്ട് നൽകിയില്ല. പട്ടിക ജാതി കമ്മീഷനും വിഷയത്തിൽ സ്വമേധയാ കേസ്സെടുത്ത ബാലാവകാശ കമ്മീഷനും പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരായ റിപ്പോർട്ട് സമർപ്പിച്ചിട്ടും ആഭ്യന്തരവകുപ്പിന്റെ അനങ്ങാപ്പാറ നയത്തിന് ഒരു കുലുക്കവുമുണ്ടായില്ല.

ഇളം പ്രായത്തിൽ തന്നെ ഭരണകൂട സംവിധാനങ്ങളുടെ മനുഷ്യത്വ രഹിതമായ സമീപനനങ്ങൾക്കിരയായി കടുത്ത മാനസിക സംഘർഷങ്ങളിലേക്ക് വഴുതി വീണ് കൗൺസിലിംഗിനടക്കം വിധേയമാകേണ്ടി വന്ന തന്റെ മകൾക്ക് നീതി ലഭിച്ചേ തീരൂ എന്ന ഉറച്ച ലക്ഷ്യം ആ പിതാവിനുണ്ടായിരുന്നു. കുടുബം ഹൈക്കോടതിയെ സമീപിച്ചു.

അങ്ങനെയാണ് പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും 25000 രൂപ കോടതി ചെലവ് നൽകണമെന്നും കുറ്റക്കാരിയായ ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടിയെടുക്കണമന്നെും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വരുന്നത്.

നിരപരാധികളായ ഒരു പെൺകുട്ടിയുടെയും അച്ഛന്റേയും മേൽ മോഷണകുറ്റം ആരോപിച്ച് പരസ്യവിചാരണ നടത്തിയ പോലീസ് സേനയിലെ ഒരു ക്രിമിനലിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുന്നതിന് പകരം അവർക്ക്, ഇത്തരം പ്രവൃത്തികൾ വീണ്ടും തുടരാൻ മനോധൈര്യം നൽകുന്ന തരത്തിൽ ഇടപെട്ട ആഭ്യന്തര വകുപ്പിന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നതായിരുന്നു ഹൈക്കോടതി ഉത്തരവ്.

തെരുവിലൂടെ കടന്നുപോകുമ്പോൾ മോഷ്ടാക്കളായി തങ്ങൾ മുദ്രകുത്തപ്പെട്ടതിന് പിന്നിലെ സാമൂഹികവും രാഷ്ടീയവുമായ കാരണങ്ങളെക്കുറിച്ച് ആ കുടുംബത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. ഉന്നത ജാതിക്കാരായ ഒരച്ഛനും മകൾക്കും അത്തരമൊരനുഭവം നേരിടേണ്ടി വരില്ല എന്ന തിരിച്ചറിവും അവർക്കുണ്ടായിരുന്നു. അനുഭവങ്ങളിൽ നിന്നുള്ള ആ രാഷ്ട്രീയ തിരിച്ചറിവ് കൂടിയാണ് അടങ്ങാത്ത സമരങ്ങളിലേക്ക് അവരെ നയിച്ചത്.

മാസങ്ങളുടെ പോരാട്ടങ്ങൾക്കൊടുവിൽ അവർ നേടിയ സമരവിജയത്തിനെതിരെയാണ് സർക്കാറിന്റെ നിയമപ്പടപ്പുറപ്പാട്. നീതി തേടുന്ന ദളിത് കുടുംബം പരമദരിദ്രരും ഭൂരഹിതരും ഭവനരഹിതരുമായിരുന്നിട്ടും മനുഷ്യത്വരഹിതമായി അവരുടെ വാദങ്ങളെ പ്രതിരോധിക്കുകയാണ് സർക്കാർ അഭിഭാഷകർ ചെയ്തത്. ദളിതരും ആദിവാസികളുമൊക്കെയായ പാർശ്വവത്കൃത ജനത തങ്ങൾക്ക് ലഭിക്കേണ്ട നീതിക്കായി അധികാര സംവിധാനങ്ങളുടെ ഇടനാഴികളിലൂടെ കാലങ്ങളോളം അലയേണ്ടി വരുന്ന കാഴ്ച എത്ര ദയനീയമാണ്.

പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന കോടതി ഉത്തരവിന് ശേഷം ആ കുടുംബം നടത്തിയ പ്രസ്താവന സർക്കാർ നയങ്ങൾക്കെതിരെയുള്ള രാഷ്ട്രീയ മറുപടിയായിരുന്നു. ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക ലഭിക്കുകയാണെങ്കിൽ അതിൽ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും നൽകുമെന്നായിരുന്നു അവർ പറഞ്ഞത്. പണത്തിന് വേണ്ടിയല്ല, ആത്മാഭിമാനത്തിന് വേണ്ടിയാണ് തങ്ങൾ പോരാടിയതെന്ന ഒരു ദളിത് കുടുംബത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം. ആ രാഷ്ട്രീയബോധ്യത്തോടുള്ള ഭയമായിരിക്കാം ഒന്നര ലക്ഷത്തിനെതിരെ ലക്ഷങ്ങൾ ചെലവഴിച്ചുകൊണ്ടുള്ള ഈ സർക്കാർ യുദ്ധം. എട്ടുവയസ്സുള്ള ദളിത് പെൺകുട്ടിയോട് കോടതിയിൽ സർക്കാറിന് ജയിക്കാനായേക്കാം, പക്ഷേ, ചിന്താശേഷിയുള്ള ജനതയ്ക്ക് മുന്നിൽ സർക്കാർ തോറ്റുകൊണ്ടിരിക്കുകയാണ്.

Comments