ആവിക്കലിലെ സമരക്കാർ തീവ്രവാദികളല്ല, നിലനിൽപിനുവേണ്ടിയാണ്​ ഈ പോരാട്ടം

മാലിന്യ സംസ്​കരണ പ്ലാൻറ്​ സ്ഥാപിക്കാനുദ്ദേശിക്കുന്ന മൂന്നാലിങ്കൽ ഉൾപ്പെടെയുള്ള മൂന്ന് വാർഡിലെയും പള്ളി, അമ്പലക്കമ്മറ്റി, അരയ സമാജം, മഹല്ല് കമ്മറ്റി തുടങ്ങിയവയുടെയും രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ സമരത്തിന്റെ തുടക്കം മുതലുണ്ട്. ബഹുജന സമരം എന്നുപറയുമ്പോൾ അതിൽ പലരുമുണ്ടാവും. സമരരംഗത്തുള്ള മനുഷ്യരൊക്കെ ഈ പദ്ധതി വരുന്ന പ്രദേശത്തിന് ചുറ്റും താമസിക്കുന്നവരാണ്. അതിൽ ഇടതുപക്ഷ ചിന്താഗതിക്കാർ വരെയുണ്ട്. ഇവരെയെല്ലാം നോക്കിയിട്ടാണോ തീവ്രവാദികൾ എന്നു പറയുന്നത്?’’; ആവിക്കൽ തോടിലെ മാലിന്യ സംസ്​കരണ പ്ലാൻറിനെതിരെ സമരം ചെയ്യുന്നവരെ തീവ്രവാദ മുദ്ര കുത്തിയ മന്ത്രിയോടും കോർപറേഷൻ അധികൃതരോടും നാട്ടുകാർ ചോദിക്കുന്നു.

തിരുവനന്തപുരം വിളപ്പിൽ ശാലയിലെ മാലിന്യ സംസ്​കരണ പ്ലാന്റിനെതിരെ നടന്ന അതിശക്തമായ ജനകീയ സമരത്തെ അനുസ്മരിപ്പിക്കുന്നതാണ് കോഴിക്കോട് വെള്ളയിലെ ആവിക്കൽതോട് പ്രദേശവാസികളുടെ ജനകീയ പ്രക്ഷോഭം. മത്സ്യബന്ധന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കടലോര പ്രദേശമായ ആവിക്കൽ തോട്ടിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കാനൊരുങ്ങുന്ന സീവേജ്​ ട്രീറ്റ്​മെൻറ്​ പ്ലാൻറിനെതിരെ ഈ വർഷമാദ്യം മുതൽ സന്ധിയില്ലാ സമരത്തിലാണ് ആവിക്കത്തോട് ജനത. സമരത്തിനുനേരെയുള്ള പോലീസ്​ ബലപ്രയോഗവും സമരത്തിനുപുറകിൽ തീവ്രവാദികളാണെന്ന, മന്ത്രിയുടേതടക്കമുള്ള വിവാദ പ്രസ്താവനകളും ഈ പ്രക്ഷോഭത്തെ, നിയമസഭയിൽ വരെ എത്തിച്ചിരിക്കുകയാണ്​. ഇപ്പോൾ, പ്ലാൻറിനായുള്ള മണ്ണ്​ പരിശോധനാ സർ​വേ തുടങ്ങിയതോടെ, സമരം ശക്തമാക്കിയിരിക്കുകയാണ്​. ആദ്യഘട്ടത്തിൽ, ജില്ലയിൽ ആവിക്കൽ തോടിലും കോതിയിലുമാണ്​ മാലിന്യ സംസ്​കരണ പ്ലാൻറ്​ സ്​ഥാപിക്കുന്നത്​.

നാട്ടുകാരുടെ ആശങ്കക്ക്​ പൊലീസ്​ ബലപ്രയോഗം മറുപടി

പ്ലാൻറ്​ വന്നാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടായേക്കുമോ, ജീവനോപാധിയായ ഹാർബറുകളുടെ പ്രവർത്തനം തകരാറിലാകുമോ, കടൽവെള്ളത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമോ തുടങ്ങിയ പ്രദേശവാസികളുടെ മറുപടി അർഹിക്കുന്ന ആശങ്കകൾക്ക്​ ന്യായമായ വിശദീകരണം നൽകാനോ പ്ലാന്റിന്റെ ആവശ്യകത ബോധ്യപ്പെടുത്താനോ അധികൃതർക്ക് സാധിച്ചിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മുമ്പ്​ നടത്തിയ പല ചർച്ചകളും പരാജയപ്പെട്ടതിനാൽ ചർച്ചയുടെ ഘട്ടം അവസാനിച്ചെന്നും പദ്ധതിയുമായി മുന്നോട്ട് പോവുകയാണെന്നുമുള്ള ഏകപക്ഷീയ നിലപാടാണ് കോർപ്പറേഷൻ സ്വീകരിച്ചിരിക്കുന്നത്.

പ്ലാന്റിനെതിരെ സമരം ചെയ്യുന്നവർ

2015 - 16 ൽ കേന്ദ്ര സർക്കാർ ആവിഷ്​കരിച്ച അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടമായ ‘അമൃത് 2.0’ യുടെ ഭാഗമായാണ് വെള്ളയിൽ മലിനജല സംസ്​കരണ പ്ലാൻറ്​ സ്ഥാപിക്കുന്നത്. അമൃത് പദ്ധതിയിൽ പെടുത്തി ജില്ലയിൽ മൂന്നിടത്താണ് സിവേജ് ട്രീറ്റ്‌മെൻറ്​ പ്ലാൻറ്​ വരുന്നത്. മെഡിക്കൽ കോളേജിലും കോതിയിലും ആവിക്കൽ തോടിലും. 70 കോടിയിലേറെ രൂപയാണ് ആവിക്കൽ പ്ലാന്റിന് ചെലവഴിക്കുന്നത്. കോർപറേഷനിലെ 66, 67 വാർഡുകളിലെയും 62ാം വാർഡിലെ ചില ഭാഗങ്ങളുമാണ് പ്ലാന്റിന്റെ പരിധിയിൽ വരിക. ഈ വാർഡുകളിലൂടെ 48 കിലോമീറ്റർ പൈപ്പിട്ടാണ് വീടുകളിലെ കക്കൂസ് മാലിന്യം പ്ലാന്റിൽ എത്തിക്കുക. ആദ്യ ഘട്ടത്തിൽ ഏഴ് മില്യൻ ലിറ്റർ വെള്ളമാണ് ഒരു ദിവസം ശുദ്ധീകരിക്കുക. ശുദ്ധീകരിക്കുന്ന വെള്ളത്തിന്റെ പത്തു ശതമാനം ബീച്ച് ശുചീകരണത്തിന് ഉപയോഗിക്കും, ബാക്കി ഒഴുക്കിവിടും. ദുർഗന്ധം പുറത്തേക്ക് വരാതിരിക്കാനുള്ള സംവിധാനമൊരുക്കാൻ രണ്ടു കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നാണ് കോർപറേഷൻ വിശദീകരണം.

കോഴിക്കോട് ജില്ലയിലെ ഹാർബറുകളിലൊന്നായ വെള്ളയിൽ ഹാർബറിനുസമീപമാണ് ആവിക്കൽ തോട്. പ്ലാൻറ്​ സ്ഥാപിക്കാൻ തീരുമാനിച്ച സ്ഥലത്തോടുചേർന്ന് ഒരു തോട് ഒഴുകുന്നുണ്ട്. പ്ലാൻ വന്നാൽ, മാലിന്യം തോട്ടിലെ വെള്ളത്തിൽ കലരുമെന്നും അവിടെനിന്നുള്ള രാസവസ്തുക്കളും മറ്റും ഒഴുകി കടലിലെത്തുമെന്നുമാണ് നാട്ടുകാരുടെ ആശങ്ക. ഇപ്പോൾ തന്നെ ഹാർബറിലേക്ക് വള്ളങ്ങളും ബോട്ടും അടുപ്പിക്കാൻ കഴിയുന്നില്ല. കടൽവെള്ളത്തിലൂടെ നടന്നുപോയിട്ടാണ് മത്സ്യം കരയിലെത്തിക്കുന്നത്. പ്ലാൻറ്​ വന്നാൽ മത്സ്യസമ്പത്തിനും തങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയാകുമെന്നാണ് അവരുടെ ആശങ്ക.

സമരസമിതി ചെയർമാൻ ടി. ദാവൂദ്

കൂടാതെ, മഴയിൽ വീടുകളിൽ വെള്ളം കയറുന്ന പ്രദേശമാണിത്. പ്ലാന്റിൽ ശുദ്ധീകരിക്കുന്നത് കക്കൂസ് മാലിന്യമായതിനാൽ ഇത് ശുദ്ധജലസ്രോതസ്സുകളിൽ കലരുമെന്നും അവർക്ക് പേടിയുണ്ട്.

മാലിന്യ പ്രശ്നം രൂക്ഷമാവുന്ന സാഹചര്യത്തിൽ അത് സംസ്​കരിക്കാൻ മികച്ച മാതൃകകൾ കൊണ്ടുവരുന്നതിൽ എതിർപ്പില്ലെന്നും പക്ഷേ അത് രണ്ടോ മൂന്നോ സെന്റിൽ നിരവധി കുടുംബങ്ങൾ പാർക്കുന്ന ജനസാന്ദ്രതയേറിയ ആവിക്കൽ പോലൊരു പ്രദേശത്തിനുപകരം ജനവാസമേഖലയല്ലാത്ത സ്ഥലത്തായിരിക്കണം എന്നുമായിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം. ഈ ആവശ്യം ഉന്നയിച്ച്​ ആവിക്കലിൽ പ്ലാൻറ്​ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ ജനകീയ സമര സമിതിയുണ്ടാക്കി ജനുവരി മുതൽ സമാധാനപരമായ സമരത്തിലായിരുന്നു.

പ്ലാന്റിനുവേണ്ടി ആദ്യഘട്ടത്തിൽ നടത്തിയ മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പ്രദേശവാസികളിൽ നിന്നും വാർഡ് കൗൺസിലർമാരിൽ നിന്നും മറച്ചുവെച്ചുകൊണ്ടാണ് കോർപ്പറേഷൻ പദ്ധതിയുമായി മുന്നോട്ടുപോയതെന്ന് ജനകീയ സമര സമിതി പറയുന്നു. സ്ഥലപരിമിതിമൂലം പല വീടുകളിലും കുടിവെള്ള പൈപ്പുകൾ പോലും സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പിന്നെ എങ്ങനെ നിർദ്ദിഷ്ട പ്രൊജക്ടിൽ സെപ്റ്റിക് മാലിന്യങ്ങൾ പൈപ്പുകൾ വഴി പ്ലാന്റിലേക്കെത്തിക്കാനുള്ള നെറ്റ്​വർക്കിങ്​ സാധ്യമാകുമെന്നാണ് അവർ ചോദിക്കുന്നത്. പ്ലാൻറ്​ സ്ഥാപിക്കേണ്ടത് മുൻകൂട്ടി കണ്ടാണ് തണ്ണീർതട സ്വഭാവമുള്ള ഈ പ്രദേശം കോർപ്പറേഷൻ അനധികൃതമായി മാലിന്യങ്ങൾ നിക്ഷേപിച്ച് നികത്തിക്കൊണ്ടിരുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

പ്ലാന്റ് വന്നുകഴിഞ്ഞാൽ ജീവിതസാഹചര്യം കൂടുതൽ ദുസ്സഹമായി തീരുമെന്ന് വിശ്വസിക്കുന്ന ആവിക്കൽ തോട്ടിലെ തീരദേശ കുടുംബങ്ങൾക്ക് പ്ലാന്റിനെക്കുറിച്ചും അതിന്റെ പ്രവർത്തന തത്ത്വങ്ങളെക്കുറിച്ചും കൃത്യമായ അവബോധം നൽകാൻ കോർപ്പറേഷന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല ഈ പദ്ധതി നടപ്പിലാക്കിയാൽ അത് പ്രദേശവാസികൾക്ക് ഗുണകരമായിരിക്കുമെന്ന വാദം വസ്തുതകൾ ചൂണ്ടിക്കാട്ടി സമർഥിക്കുവാനും അധികൃതർക്ക് സാധിച്ചിട്ടില്ല. ചർച്ചകൾ തുടരെ തുടരെ പരാജയത്തിലേക്ക് പോവാതിരിക്കാനുള്ള ഫലപ്രദമായ വഴികൾ ആലോചിക്കാതെ പദ്ധതിയുടെ പ്രാരംഭഘട്ടം മുതൽ സമരക്കാരുമായി ശീതസമരത്തിലേർപ്പെടാനും ആവരുമായി ബലാബലം നോക്കാനുമാണ് കോർപ്പറേഷൻ മുതിർന്നതെന്നും കോഴിക്കോട് സിറ്റിക്കകത്ത് ഫ്ലാറ്റുകളിൽ താമസിക്കുന്നവരുടെ വിസർജ്യങ്ങൾ സംസ്ക്കരിക്കാനുള്ള വെറുമൊരു കുപ്പയായി തങ്ങളുടെ പ്രദേശത്തെ മാറ്റാനാണ് കോർപ്പറേഷൻ മാലിന്യ സംസ്ക്കരണ പ്ലാന്റുകൊണ്ട് ലക്ഷ്യമിടുന്നതെന്നുമാണ് നാട്ടുകാർ പറയുന്നത്. പ്ലാന്റിനെക്കുറിച്ച് ജനങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾക്ക് വിശ്വസനീയമായ മറുപടി കിട്ടാത്തതും പലരും പല രീതിയിൽ പ്രതികരിക്കുന്നതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

പ്ലാന്റുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പാടേ അവഗണിച്ച് കനത്ത പൊലീസ് കാവലിൽ പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയതാണ് പ്രക്ഷോഭം ശക്തമാക്കിയത്​. ഇത്​ റോഡ് ഉപരോധം, ഹർത്താൽ തുടർന്നുണ്ടായ സംഘർഷങ്ങൾ എന്നിവയിലേക്ക് വഴിവെക്കുകയും ചെയ്തു.

പോലീസ് അക്രമത്തിൽ പരിക്കേറ്റ സുഹ്റാബി

ഇന്ധനവിലവർധനവ് പോലുള്ള അനേകം ജീവിത പ്രാരാബ്ധങ്ങൾ തീരമേഖലയിലുണ്ടെങ്കിലും അത്തരം വിഷയങ്ങളിലൊന്നും അനിവാര്യമായ നടപടികൾ കൈക്കൊള്ളാതെ ഇവിടെ ആർക്കും വേണ്ടാത്ത മാലിന്യ സംസ്ക്കരണ പ്ലാന്റ് അടിച്ചേൽപ്പിക്കുന്നതിന് പിന്നിലെ ഗൂഢോദ്ദേശ്യമെന്തെന്നും നാട്ടുകാർ ചോദിക്കുന്നു.

ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തി പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്തുകയാണ്​ ഇ​പ്പോൾ ചെയ്യുന്നത്​. ആരുടെയോ താൽപര്യസംരക്ഷണത്തിന്​, ആരോ ചട്ടം കെട്ടിയതുപോലെയുള്ള നടപടികളാണ് സമരമുഖത്ത് പോലീസ് സ്വീകരിച്ചതെന്നും സമരക്കാർക്കുനേരെ അതിഭീകരമായ ശാരീരികാതിക്രമങ്ങളാണ് പൊലീസ് അഴിച്ചുവിട്ടതെന്നും സമരസമിതി ചെയർമാൻ ടി. ദാവൂദ് ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു. ‘‘സമരത്തിൽ പങ്കെടുത്ത സ്ത്രീകളുൾപ്പെടെയുള്ളവർക്ക്​ മർദ്ദനമേറ്റു, പോലീസ് കസ്റ്റഡിയിലുള്ള ഒരാൾ ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്​’’, അദ്ദേഹം പറഞ്ഞു.

തീവ്രവാദ ചാപ്പയും

തങ്ങളുടെ കിടപ്പാടും ഉപജീവനോപാധികളും നഷ്ടപ്പെട്ടേക്കുമോ എന്ന ആശങ്കയിൽ ജാതി - മത- കക്ഷി രാഷ്ട്രീയ ഭേദമെന്യേ ആവിക്കൽ തോട്ടിലെ സാധാരണക്കാർ നടത്തുന്ന സമരത്തിനുപുറകിൽ തീവ്രവാദികളാണ്​ എന്നാണ്​ സർക്കാർ പറയുന്നത്​. കോഴിക്കോട് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്​, സമരത്തിനുപിന്നിൽ തീവ്രവാദ സംഘടനകളാണ്​ എന്നാണ്​. ഇത്​ കഴിഞ്ഞ ദിവസം നിയമസഭയിലും ആവർത്തിക്കപ്പെട്ടു.

സമരത്തെ അടിച്ചമർത്തിയ പൊലീസ് നടപടി ചർച്ച ചെയ്യാൻ നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയം മുൻനിർത്തിയുണ്ടായ ചർച്ചയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദനാണ്​ തീവ്രവാദ ആരോപണം ആവർത്തിച്ചത്​; എസ്.ഡി.പി.ഐയെയും ജമാഅത്തെ ഇസ്ലാമിയെയും പേരെടുത്തുപറഞ്ഞ്​, "സമരത്തിനുപിന്നിൽ തീവ്രവാദ സാന്നിധ്യമുണ്ടായിട്ടുണ്ട് , തീവ്രവാദ പ്രവർത്തനമാണ് സമരത്തിലേക്കെത്തിച്ചത്' തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് എം. വി. ഗോവിന്ദൻ നിയമസഭയിൽ ഉന്നയിച്ചത്.

സി.പി. മുസാഫർ, എം.വി ഗോവിന്ദൻ

മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് പ്ലാൻറ്​ സ്ഥാപിക്കണമെന്ന പിടിവാശി ഉപേക്ഷിക്കണമെന്നും മെഡിക്കൽ കോളേജ് പോലുള്ള ഒഴിഞ്ഞ സ്ഥലങ്ങൾ പ്ലാന്റിനായി കണ്ടെത്തണമെന്നും പ്രമേയം അവതരിപ്പിച്ച എം.കെ. മുനീർ എം.എൽ.എ ആവശ്യപ്പെട്ടു.

എന്നാൽ, മന്ത്രിയുടെ ആരോപണത്തെ ജനകീയ സമരസമിതി തള്ളിക്കളയുന്നു: ""പ്ലാൻറ്​ സ്ഥാപിക്കാനുദ്ദേശിക്കുന്ന മൂന്നാലിങ്കൽ ഉൾപ്പെടെയുള്ള മൂന്ന് വാർഡിലെയും പള്ളി, അമ്പലക്കമ്മറ്റി, അരയ സമാജം, മഹല്ല് കമ്മറ്റി തുടങ്ങിയവയുടെയും രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ സമരത്തിന്റെ തുടക്കം മുതലുണ്ട്. ബഹുജന സമരം എന്നുപറയുമ്പോൾ അതിൽ പലരുമുണ്ടാവും. സമരരംഗത്തുള്ള മനുഷ്യരൊക്കെ ഈ പദ്ധതി വരുന്ന പ്രദേശത്തിന് ചുറ്റും താമസിക്കുന്നവരാണ്. അതിൽ പല സംഘടനകളിലും പെട്ടവരുണ്ട്. എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും മാത്രമല്ല, യുഡിഎഫും, മുസ്​ലിംലീഗും എന്തിനേറെ ഇടതുപക്ഷ ചിന്താഗതിക്കാർ വരെയുണ്ട്. വിഷയത്തിൽ സി.പി.എം നേതൃത്വത്തിനെതിരെ ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹി അനീഷ് രംഗത്തുവന്നതും സമരത്തിന്റെ ഭാഗമായതും ചർച്ചകൾക്ക് വഴിവെച്ചിരുന്നല്ലോ. ഇവരെയെല്ലാം നോക്കിയിട്ടാണോ തീവ്രവാദികൾ എന്നു പറയുന്നത്. ജനകീയ സമരത്തിൽ പങ്കെടുത്താൽ എന്നെ തീവ്രവാദി എന്ന് വിളിക്കും, അതുകൊണ്ട് ഞാൻ മാറി നിൽക്കണമെന്നാണോ?’’- സമിതി ചെയർമാൻ ടി. ദാവൂദ്​ പറയുന്നു.

തീവ്രവാദം പോലെ തൊട്ടാൽ പൊള്ളുന്ന ആരോപണമുന്നയിച്ച് ജനകീയ സമരത്തെ പൊളിക്കാനുള്ള കുതന്ത്രമാണ് ഭരണാധികാരികൾ പയറ്റുന്നതെന്നാണ് സമരക്കാരുടെ പക്ഷം. ഒരു ജനകീയ സമരത്തിന് വർഗീയ മുഖം നൽകുന്നത് സമരത്തിന്റെ യഥാർഥ ഉള്ളടക്കത്തെ മൂടിവെക്കാനുള്ള ശ്രമമായി വേണം കരുതാൻ. സമരം ചെയ്യുന്ന ആവിക്കൽതോട്ടിലെ മനുഷ്യർ വിവരമില്ലാത്തവരാണെന്നും അവരെ ബാഹ്യശക്തികൾ ഭരണകൂടത്തിനെതിരായി ഉപയോഗപ്പെടുത്തുകയാണെന്നുമുള്ള കോർപ്പറേഷൻ മേയറുടെ ആക്ഷേപത്തിനും തങ്ങൾ ഇരയായിട്ടുണ്ടെന്ന് സമരക്കാർ പറഞ്ഞു; ""ഞങ്ങടെ ഇടയിലുമുണ്ട് സാറേ ഡോക്ടർമാരും എഞ്ചിനീയർമാരും. ഞങ്ങളാണോ തീവ്രവാദികൾ, ഞങ്ങളാണോ വിവരമില്ലാത്തവർ, ഈ മീൻ തിന്നുന്ന മത്സ്യതൊഴിലാളികളൊക്കെ തീവ്രവാദികളും വിവരമില്ലാത്തവരുമാണെന്നാണോ നിങ്ങളുടെ വിചാരം’’- നാട്ടുകാർ ചോദിക്കുന്നു.

മേയർ ബീന ഫിലിപ്പ്

‘‘പാവങ്ങളുടെ നെഞ്ചത്ത് ചവട്ടിക്കയറിയവർ ഇനിയാണ് സമരമെന്താന്ന് കാണാൻ പോവുന്നത്. ജനങ്ങളെ മുഴുവൻ ഈ റോട്ടിൽ കൊണ്ടുവരും, വെടിവെക്കട്ടെ, അവർ അടിച്ചുകൊന്ന് വെടിവെക്കട്ടെ’’- സമരക്കാർ പറയുന്നു.

ആവിക്കൽ പ്ലാൻറ്​ പരിസ്ഥിതിക്ക് നാശമുണ്ടാക്കില്ലെന്നും പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും വ്യക്തമാക്കിയ മന്ത്രി എം.വി.ഗോവിന്ദൻ, അടുത്ത മാർച്ചിനകം പൂർത്തിയായില്ലെങ്കിൽ ഫണ്ട് നഷ്ടമാകുമെന്നും നിയമസഭയിൽ പറഞ്ഞു. എന്നാൽ, ഈ ഉറപ്പ്​, നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിൽ അധികൃതർ പൂ​ർണമായും പരാജയപ്പെട്ടിരിക്കുകയാണ്​. പദ്ധതിയുമായി മുന്നോട്ടുപോയാൽ എന്തുവില ​കൊടുത്തും തടയുമെന്നാണ്​ നാട്ടുകാരുടെ തീരുമാനം. സമരത്തിനെതിരായ പൊലീസ്​ ബലപ്രയോഗവും സർക്കാറിന്റെയും കോർപറേഷൻ അധികൃതരുടെയും ‘തീവ്രവാദ ചാപ്പ’ കുത്തലും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്​.

Comments