പൊലീസിന്റെ ക്രൂര‘നീതി’ അപഹരിച്ച നാലു വർഷം, ഭാരതിയമ്മയുടെ നഷ്ടപരിഹാരം സർക്കാർ ഉത്തരവാദിത്തമാണ്

പോലീസിന്റെ ഭാഗത്ത് നിന്ന് പ്രാഥമികമായ ഒരു അന്വേഷണം നടത്തിയാൽ തന്നെ നിരപരാധിത്വം തെളിയിക്കപ്പെടാവുന്ന ഒരു കേസിനു വേണ്ടി ഭാരതിയമ്മ നടന്ന നാലു വർഷങ്ങളും നീതിയും ന്യായവും തമ്മിലുള്ള അകലങ്ങളെ കൂടി സാക്ഷ്യപ്പെടുത്തുന്നതായിരുന്നു. പാലക്കാട് കുനിശ്ശേരി സ്വദേശിയും എൺപത്തുനാലുകാരിയുമായ ഭാരതിയമ്മയുടെ കഥ നീതിന്യായ വ്യവസ്ഥകളുടെ അർത്ഥശൂന്യതകളെ തുറന്നു കാണിക്കുന്നതായിരുന്നു. എന്തായിരുന്നു ഭാരതിയമ്മക്കെതിരായ കേസ്, പോലീസിന്റെ അനാസ്ഥകൾ, കേസിലെ അനീതികൾ - ഒരു അന്വേഷണം.

നിയമത്തിന് മുന്നിൽ നിരപരാധികളെ സംരക്ഷിക്കുക എന്ന ആപ്തവാക്യത്തിൽ ഊന്നിയാണ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയും നിയമ സംവിധാനങ്ങളും നടപ്പിലാക്കപ്പെട്ടത്. പക്ഷേ നമ്മുടെ രാജ്യത്ത് അത് എത്രത്തോളം പ്രാവർത്തികമാകുന്നുണ്ടെന്നത് സംശയമാണ്. 2022 ൽ നാഷ്ണൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തുവിട്ട പ്രിസൺ സ്റ്റാറ്റിസിറ്റിക്‌സ് പ്രകാരം 5,54,034 പേർ രാജ്യത്തെ വിവിധ ജയിലുകളിലായി കഴിയുന്നുണ്ട്. അതിൽ തന്നെ 4,27,165 പേർ വിചാരണകൾ പൂർത്തിയാകാതെ കോടതി നടപടികളുമായി മുന്നോട്ടുപോവുകയാണ്. നിരപരാധികളായിട്ടും പ്രതി ചേർക്കപ്പെട്ട് വിചാരണ നേരിടുന്നവരെയും ഈ കണക്കുകൾക്കിടയിൽ നിന്ന് കണ്ടെടുക്കാനാകും. അത്തരത്തിൽ വർഷങ്ങളോളം നീളുന്ന കോടതി വിചാരണക്കൊടുവിൽ നിരപരാധിത്വം തെളിയിക്കപ്പെട്ട് കുറ്റവിമുക്തരാകുന്ന നിരവധി പേരെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതുമാണ്. കേരളത്തിലും ഇതുപോലെ പോലീസിന്റെ കൃത്യവിലോപം കാരണം ആളുമാറി അറസ്റ്റ് ചെയ്ത്, നിരപരാധിത്വം തെളിയിക്കാൻ കോടതി കയറിയിറങ്ങേണ്ടി ഒരു സ്ത്രീയുണ്ട്. പാലക്കാട് കുനിശ്ശേരി സ്വദേശിയും എൺപത്തുനാലുകാരിയുമായ ഭാരതിയമ്മയുടെ കഥ നീതിന്യായ വ്യവസ്ഥകളുടെ അർത്ഥശൂന്യതകളെ തുറന്നുകാണിക്കുന്നതായിരുന്നു. നാലുവർഷത്തോളം കാലമാണ് നിരപരാധിത്വം തെളിയിക്കാൻ വേണ്ടി ഭാരതിയമ്മയക്ക് ചിലവഴിക്കേണ്ടി വന്നത്. ഭാരതിയമ്മയെ അന്യായമായി അറസ്റ്റ് ചെയ്തതിനെതിരെ അഭിഭാഷകനായ അഡ്വ. കെ. ഗീരീഷ് നെച്ചുള്ളി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ പോലീസിന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തികൊണ്ട് കഴിഞ്ഞദിവസമാണ് പാലക്കാട് ക്രൈം ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് സമഗ്ര റിപ്പോർട്ട് നൽകിയത്. പോലീസിന്റെ ഭാഗത്ത് നിന്ന് പ്രാഥമികമായ ഒരു അന്വേഷണം നടത്തിയാൽ തന്നെ നിരപരാധിത്വം തെളിയിക്കപ്പെടാവുന്ന ഒരു കേസിനു വേണ്ടി ഭാരതിയമ്മ നടന്ന നാലു വർഷങ്ങളും നീതിയും ന്യായവും തമ്മിലുള്ള അകലങ്ങളെ കൂടി സാക്ഷ്യപ്പെടുത്തുന്നതായിരുന്നു.

ഭാരതിയമ്മയുടെ അറസ്റ്റ്

2019 സെപ്റ്റംബർ 24 നാണ് ഭാരതിയമ്മയെ അറസ്റ്റ് ചെയ്യാനായി പോലീസുകാർ എത്തുന്നത്. തമിഴ്‌നാട് പൊതുമരാമത്ത് വിഭാഗത്തിൽ എൻജിനീയറായ ഭർത്താവിന്റെ മരണ ശേഷം പ്രാർത്ഥനകളും മറ്റുമായി കുനിശ്ശേരി മഠത്തിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഭാരതിയമ്മ വിശ്രമജീവിതം നയിച്ചിരുന്നത്. 45 കൊല്ലത്തോളമുള്ള എകാന്തവാസത്തിൽ വല്ലപ്പോഴും മാത്രമേ ഭാരതിയമ്മ ബന്ധുവീടുകൾ സന്ദർശിക്കാനായി പുറത്തിറങ്ങിയിരുന്നുള്ളു. യൂണിഫോം ധരിക്കാതെ സാധാരണ വേഷത്തിലെത്തിയ പോലീസുകാരനെ ഭാരതിയമ്മയ്ക്ക് ആദ്യം തിരിച്ചറിയാനായില്ല. മഠത്തിൽ വീടാണോ ഇതെന്നും ആരാണ് ഭാരതിയമ്മയെന്നുമായിരുന്നു വന്നവർക്ക് അറിയേണ്ടിയിരുന്നത്. അൽപ്പം പരിഭ്രമത്തോടെ ഭാരതിയമ്മ താനാണെന്ന് പറഞ്ഞപ്പോഴേക്കും അവരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസാണ് തങ്ങളെന്ന് വന്നവർ പരിചയപ്പെടുത്തി. എന്തിനാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്നോ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതെന്നോ ഒന്നും ഭാരതിയമ്മയ്ക്ക് മനസ്സിലായില്ല. ഒരുപാട് ചോദ്യങ്ങൾക്കൊടുവിലാണ് കേട്ടുകേൾവി പോലും ഇല്ലാത്ത ഒര സംഭവത്തിൽ തന്നെ പോലീസ് പ്രതിയാക്കിയിരിക്കുകയാണെന്ന് സത്യം ഭാരതിയമ്മ തിരിച്ചറിയുന്നത്. പോലീസ് പറയുന്ന കേസുമായി തനിക്കൊരു ബന്ധവുമില്ലെന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഭാരതിയമ്മ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ ഹാജരാക്കിയേ തീരുവെന്ന വാശിയിലായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. ബന്ധുക്കളും അയൽവാസികളുമെല്ലാം കേസുമായി ഭാരതിയമ്മയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിയെങ്കിലും ഇനിയും കീഴടങ്ങിയില്ലെങ്കിൽ വനിതാ പോലീസുമായി അറസ്റ്റ് ചെയ്യാനെത്തുമെന്നായി പോലീസ്. രാവിലെ പത്തുമണിക്ക് തുടങ്ങിയ വാഗ്വേദങ്ങൾ വൈകുന്നേരം ആറായിട്ടും അവസാനിച്ചില്ല. ചെയ്യാത്ത കുറ്റത്തിന് പോലീസുകാർക്കൊപ്പം സ്‌റ്റേഷനിൽ പോകേണ്ടതില്ലെന്ന നിലപാടിൽ തന്നെയായിരുന്നു ഭാരതിയമ്മ. ഒടുവിൽ അടുത്ത ദിവസം തന്നെ ഭാരതിയമ്മയെ സ്റ്റേഷനിൽ ഹാജരാക്കാമെന്ന് ബന്ധുക്കളും നാട്ടകാരും നൽകിയ ഉറപ്പിൻ മേലാണ് പോലീസ് ഉദ്യോഗസ്ഥർ മടങ്ങിയത്. കോടതിയിൽ ജാമ്യമെടുക്കാൻ ഹാജരാക്കുമ്പോൾ തിരിച്ചറിയൽ രേഖകളും ഭർത്താവിന്റെ പെൻഷൻ ബുക്കും അടക്കം നിരപരാധിത്വം ബോധ്യപ്പെടാവുന്ന നിരവധി രേഖകൾ ഭാരതിയമ്മ ഹാജരാക്കിയിരുന്നു. പക്ഷേ അപ്പോഴേക്കും കേസിൽ പ്രതിപട്ടികയിൽ ഭാരതിയമ്മയുടെ പേര് ചേർക്കപ്പെട്ടിരുന്നു.

ഭാരതിയമ്മ

എന്തായിരുന്നു ഭാരതിയമ്മക്കെതിരായ കേസ് ?

1998 ൽ പാലക്കാട് വെണ്ണക്കരയിലെ രാജഗോപാലൻ എന്ന കള്ളിക്കാട് സ്വദേശി നൽകിയ പരാതിയിലാണ് ഭാരതിയമ്മയെ ആളുമാറി പോലീസ് അറസ്റ്റ് ചെയ്യുന്നത്. രാജഗോപാലന്റെ വീട്ടുജോലിക്ക് നിന്നിരുന്ന സത്രീയുടെ പേര് ഭാരതിയെന്നായിരുന്നു. രാജഗോപാലിന്റെ വീട്ടുകാരുമായി ഭാരതി വഴക്കുണ്ടാക്കുകയും വീട്ടിലെ ചെടിച്ചട്ടിയുൾപ്പടെയുള്ള വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തിരുന്നു. വീട്ടുകാരെ അസഭ്യം പറയുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത ഭാരതിക്കെതിരെ നിയപരമായി തന്നെ നീങ്ങാൻ രാജഗോപാലൻ തീരുമാനിച്ചു. അദ്ദേഹം പാലക്കാട് പോലീസ് സറ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 1998 ൽ തന്നെ പാലക്കാട് സൗത്ത് പോലീസ് ഭാരതിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇവർ പോലീസിന് പിടികൊടുക്കാതെ മുങ്ങുകയായിരുന്നു. 2019 ൽ ദീർഘകാലമായിട്ട് പരിഹരിക്കാത്ത കേസുകളുടെ പരിഹരിക്കാനുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഈ കേസിലും തുടർ അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചു. ഇരുപത് വർഷങ്ങൾക്ക് ശേഷം ഈ കേസിന്റെ തുടർ നടപടികളുമായെത്തിയ പോലീസാണ് ആളുമാറി കുനിശേരി മഠത്തിലെ ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുന്നത്. 1998 അറസ്റ്റിലായ പ്രതിയായ ഭാരതി , വീണ്ടും പോലീസിന്റെ പിടിയിലാവാതിരിക്കാൻ തെറ്റായ പേരും മേൽവിലാസവുമാണ് പോലീസ് സ്റ്റേഷനിൽ നൽകിയത്. ഈ വിലാസത്തിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസാണ് പ്രാഥമിക അന്വേഷണങ്ങൾ പോലും നടത്താതെ ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുന്നത്.

ഭാരതിയും ഭാരതിയമ്മയും തമ്മിലുള്ള പ്രശ്‌നം

രാജഗോപാലന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയായ ഭാരതിക്കെതിരെ 1994ൽ ഭാരതിയമ്മ നേരത്തെ പാലക്കാട് ആലത്തിയൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിയായ ഭാരതിയുടെ വീട്ടുകാർ ഭാരതിയമ്മയുടെ തറവാട്ടിൽ സ്ഥിരമായി ജോലി ചെയ്തിരുന്നെന്നും അതുകൊണ്ട് തനിക്കും എന്തെങ്കിലും ജോലി നൽകണമെന്നും ആവശ്യപ്പെട്ട് ഭാരതി കുനിശ്ശേരി മഠത്തിലേക്ക് വന്നിരുന്നു. അന്ന് വീട്ടിൽ ജോലിക്കാരെ ആവശ്യമില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഭാരതി വഴക്കുണ്ടാക്കിയിരുന്നു. ഈ കേസിൽ ഭാരതിയമ്മ നൽകിയ പരാതിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിലാകാം പ്രതി ഭാരതിയമ്മയുടെ പേര് പോലീസിന് നൽകിയതെന്നാണ് ഭാരതിയമ്മയും ബന്ധുക്കളും കരുതുന്നത്. ഭാരതി തെറ്റായ പേരും മേൽവിലാസവും നൽകി പോലീസുകാരെ കബളിപ്പിക്കുകയും സംശയങ്ങളൊന്നുമില്ലാതെ പോലീസ് അതിൽ വീഴുകയമായിരുന്നു.

1998ൽ പാലക്കാട് പോലീസ് സ്റ്റേഷനിൽ രാജഗോപാലൻ നൽകിയ പരാതി

പോലീസിന്റെ അനാസ്ഥകൾ

ഭാരതിയമ്മക്ക് നിരപരാധിത്വം തെളിയിക്കാൻ 1998 ൽ നടന്ന സംഭവത്തിൽ സാക്ഷികളെ വിസ്തരിക്കുക എന്ന വഴി മാത്രമാണ് ഉണ്ടായിരുന്നത്. 1998 ൽ സംഭവം നടന്ന സമയത്ത് ഉണ്ടായിരുന്ന മിക്ക സാക്ഷികളും ഉദ്യോഗസ്ഥരുമെല്ലാം ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്ന യാഥാർത്ഥ്യം നിലനിൽക്കെ അവരെ കണ്ടെത്തുകയെന്നത് വലിയ പ്രയാസമായിരുന്നു. പക്ഷേ ഈ ദൗത്യം ഭാരതിയമ്മയുടെ ബന്ധുക്കളും അഭിഭാഷകനും ഒറ്റയ്ക്ക് ഏറ്റെടുത്ത് നടത്തുകയായിരുന്നു. സാക്ഷികളെ കോടതിയിൽ ഹാജരാക്കാൻ പോലീസ് ഒരുവിധ ശ്രമങ്ങളും നടത്തിയിട്ടില്ലെന്നാണ് ഭാരതിയമ്മയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. കോടതി സമൻസയച്ചിട്ടും കേസിൽ പരാതിക്കാരനായ രാജഗോപാലിന് സമൻസ് നൽകാനോ സാക്ഷിയെ കോടതിയിൽ ഹാജരാക്കാനോ ടൗൺ സൗത്ത് പോലീസ് തയ്യാറായിട്ടില്ലെന്നും ഇവർ പറയുന്നു. കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരനുമായ രാജഗോപാലിനെ ഭാരതിയമ്മയുടെ ബന്ധുക്കളായ അനൂപും ഭാര്യ ഗീതയും ചേർന്ന് കണ്ടെത്തിയാണ് കോടതിയിൽ ഹാജരാക്കുന്നത്.

“കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാജഗോപാലിന് സമൻസ് അയച്ചിരുന്നെന്നാണ് പോലീസുകാർ പറഞ്ഞിരുന്നത്. പക്ഷേ അദ്ദേഹത്തിന് അത്തരത്തിലുള്ള ഒരു സമൻസും കിട്ടിയിട്ടില്ല. ഞങ്ങൾ നേരിട്ട് രാജഗോപാലനിന്റെ വീട്ടിൽ പോയാണ് അദ്ദേഹത്തോട് കാര്യങ്ങ പറയുന്നത്. സംഭവത്തിന്റെ സ്ഥിതിഗതികളും ഭാരതിയമ്മയുടെ ചിത്രങ്ങളുമെല്ലാം കാണിച്ചുകൊടുത്തപ്പോൾ കേസിൽ ആളുമാറിയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന് മനസ്സിലായി. നിരപരാധിയായ ഒരാളെ കേസിൽ അറസ്റ്റ് ചെയ്തതിൽ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നു. അദ്ദേഹം നല്ലൊരു മനുഷ്യനായത് കൊണ്ടാണ് അടുത്ത വിചാരണ സമയത്തുതന്നെ നേരിട്ട് കോടതിയിൽ ഹാജരായി സത്യാവസ്ഥകൾ ബോധ്യപ്പെടുത്താൻ തയ്യാറായത്. അദ്ദേഹത്തെ വീട്ടിൽ നിന്ന് കോടതിയിൽ ഹാജരാക്കുന്ന കാര്യങ്ങളെല്ലാം ഞങ്ങൾ ഒറ്റയ്ക്ക് ഏറ്റെടുത്താണ് നടത്തിയത്. - പോലീസിന്റെ ഭാഗത്ത് നിന്ന് വിഷയത്തിൽ യാതൊരുവിധ സഹായങ്ങളും ലഭിച്ചിട്ടില്ലെന്നും ഭാരതിയമ്മയുടെ സഹോദരന്റെ മകളായ ഗീത ട്രൂകോപി തിങ്കിനോട് പറഞ്ഞു.

രാജഗോപാലൻ സാക്ഷി വിസ്താരത്തിന് എത്തിയപ്പോൾ ഇരുക്ഷികളും ഉഭയസമ്മത പ്രകാരം കേസ് ഒത്തുതീർപ്പാക്കാനാണ് കോടതി വിധിച്ചത്. ഭാരതിയമ്മ പ്രതിയല്ലാത്തതു കൊണ്ടുതന്നെ കേസ് ഒത്തുതീർപ്പാക്കേണ്ട ആവശ്യമില്ലായിരുന്നു ഭാരതിയമ്മയുടെ അഭിഭാഷകന്റെ നിലപാട്. തുടർന്ന് ഏകപക്ഷീയമായി കേസ് പിൻവലിക്കാൻ രാജഗോപാലൻ തയ്യാറാകുകയായിരുന്നു. അങ്ങനെ 2023 ആഗസ്റ്റ് ഒന്നിന് ഭാരതിയമ്മയെ കേസിൽ കുറ്റവിമുക്തയാക്കി കോടതി ഉത്തരവിടുന്നത്. നിരപരാധിത്വം തെളിയിക്കാനായി നാലുവർഷകാലം നടത്തേണ്ടി വന്ന പോരാട്ടങ്ങളും ഗതികേടുകളൊന്നും ഇനിയാർക്കും വരരുതെന്നാണ് ഭാരതിയമ്മ ആഗ്രഹിക്കുന്നത്. അറസ്റ്റ് ചെയ്യുന്നതിന് മുൻപേ കൃത്യമായ അന്വേഷണങ്ങൾ നടത്തണമെന്ന പാഠം പോലീസുകാർ ഈ സംഭവത്തിലൂടെ പഠിക്കേണ്ടതുണ്ടെന്നും മൂന്നാല് വർഷം കോടതിയും വിചാരണയുമായി വലിയ സമർദ്ദങ്ങളാണ് ഭാരതിയമ്മയും തങ്ങളും അനുഭവിച്ചതെന്നും ഗീത ഓർത്തെടുക്കുന്നു

ഗീതയും ഭാരതിയമ്മയും

ഒരു കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് അവരെക്കുറിച്ചനേഷിക്കാൻ പോലീസ് തയ്യാറാകേണ്ടേ, അത്തരത്തിലുള്ള ഒരു ശ്രമങ്ങളും ചെറിയമ്മയുടെ കേസിലുണ്ടായിട്ടില്ല. ഞങ്ങൾ നാട്ടുകാരും വീട്ടുകാരുമെല്ലാം സത്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും ചെറിയമ്മയെ അറസ്റ്റ് ചെയ്‌തേ തീരുവെന്ന വാശിയിലാണ ്‌പോലീസ് അന്ന് പെരുമാറിയിരുന്നത്. പോലീസിന്റെ ധിക്കാരപരായ ആ പെരുമാറ്റത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല. ഇത്രയും പ്രായമായ ചെറിയമ്മ നാലുവർഷകാലം അനുഭവിച്ച് മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് മനസ്സിലാക്കാൻ പോലും പോലീസ് ശ്രമിച്ചിട്ടില്ല. ചെറിയമ്മയുടെ അവസ്ഥ ഇനിയാർക്കും സംഭവിക്കാൻ പാടില്ല. ചെറിയമ്മക്ക് കേസിന് പിറകെ നടക്കാനുള്ള സാമ്പത്തിക സ്ഥിതിയുള്ളതുകൊണ്ടുമാത്രമാണ് ഇത്രയും കാലം കോടതി വിചാരണകൾക്ക് പിറകെ നടന്ന് നിരപരാധിത്വം തെളിയിക്കാനായത്. പക്ഷേ ഇത്തരത്തിലുള്ള കോടതി ചിലവുകൾ താങ്ങാനാകാത്ത നിരപരാധികളായ നിരവധി പേർ പ്രതിയായി ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകാം. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ പോലീ്‌സ് സ്വീകരിക്കണമെന്നുമാണ് ഗീത പറയുന്നത്.

കേസിലെ അനീതികൾ

2019 ൽ പോലീസ് ചെറിയൊരു അന്വേഷണം നടത്തിയാൽ തന്നെ തീരുമായിരുന്ന പ്രശ്‌നത്തെ ഇത്രയും സങ്കീർണ്ണമാക്കി നീട്ടിവലിച്ചുകൊണ്ടുപോയതിനെതിരെ നിയമപരമായി തന്നെ നീങ്ങാനാണ് ഭാരതിയമ്മയുടെ അഭിഭാഷകനായ അഡ്വ. കെ ഗീരീഷ് നെച്ചുള്ളിയുടെ തീരുമാനം. ഭാരതിയമ്മയുടെ കേസിൽ പോലീസ് നടത്തിയുള്ള അനീതികളെ ഉദ്ദരിച്ച് മനുഷ്യാവകാശ കമ്മീഷനിൽ ഭാരതിയമ്മയുടെ അഭിഭാഷകനായ അഡ്വ. കെ. ഗിരീഷ് നെച്ചുള്ളി പരാതി നൽകിയിരുന്നു. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് അഭിഭാകൻ മുന്നോട്ട് വെക്കുന്നത്.

  1. കേസിലെ യഥാർത്ഥ പ്രതിയായ ഭാരതിയെ കണ്ടെത്തണം

  2. അന്യായമായി ഭാരതിയമ്മയെ അറസ്റ്റ് ചെയ്ത് കൃത്യ വിലോപം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം

  3. നിരപരാധിയായിട്ടും 2019 മുതൽ 2023 വരെ കോടതിവിചാരണയ്ക്ക വിധേയമാക്കിയ ഭാരതിയമ്മയ്ക്ക് നഷ്ടപരിഹാരം നൽകണം

ഈ മൂന്ന് ആവശ്യങ്ങളെയും വിശദമായി പരിശോധിക്കേണ്ടതുണ്ട്.

കേസിലെ യഥാർത്ഥ പ്രതിയെവിടെ ?

1994ൽ ആലത്തിയൂരിൽ ഭാരതിയമ്മയുമായുള്ള വഴക്കിനെയും 1998 ൽ രാജഗോപാലന്റെ വീട്ടിൽ പ്രശ്‌നമുണ്ടാക്കുകയും ചെയ്ത രണ്ട് കേസുകളിൽ യഥാർത്ഥ പ്രതിയായ ഭാരതിക്കെതിരെ കേസുകളുണ്ട്. 2019 ൽ ഭാരതിയമ്മയെ അറസ്റ്റ് ചെയ്യാൻ കാണിച്ച തിടുക്കങ്ങളൊന്നും നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും ഭാരതിയെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് കാണിക്കുന്നില്ലെന്നാണ് അഡ്വ. കെ ഗിരീഷ് ആരോപിക്കുന്നത്. പ്രതിയെ കണ്ടെത്താൻ പോലീസ് ശ്രമിച്ചെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. 1998 ൽ യഥാർത്ഥ പ്രതിയായ ഭാരതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതാണ്. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയായ ഭാരതിയെ പുറത്തുവിടുന്നത്. കോടതിയിലും പോലീസിലും ഇതു സംബന്ധിച്ച് റെക്കോഡുകൾ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. അങ്ങനെ ഒരാൾ നിലവിലിരിക്കെ ഭാരതിയമ്മയെ അറസ്റ്റ് ചെയ്തതിൽ തന്നെ അനീതികളുണ്ടായിട്ടുണ്ട്. പ്രതിയായ ഭാരതിയെ അന്വേഷിച്ച് കണ്ടെത്താനുള്ള ഉത്തരവാദിത്തം ഈ കേസിൽ പോലീസ് കാണിക്കേണ്ടതുണ്ട്.

നാലുവർഷങ്ങൾ നീണ്ട നിയമപോരാട്ടം

കേസ് പിൻവലിച്ചുകൊണ്ടുള്ള രാജഗോപാലന്റെ ഹർജി

കേസിലെ പ്രതി ഭാരതിയമ്മയല്ലെന്നും ആളുമാറിയിട്ടുണ്ടെന്നും പരാതിക്കാരനായ രാജഗോപാലൻ റിട്ടണായും കോടതിയിൽ നേരിട്ട് ഹാജരായി നൽകിയ മൊഴിയിലൂടെയാണ് കോടതിക്ക് ബോധ്യമായത്. ഭാരതിയമ്മ നിരപരാധിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇവരെ വെറുതെ വിടാൻ കോടതിക്ക് സാധിച്ചത്. അതുകൊണ്ടു തന്നെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും ഇവർക്ക് നാലുവർഷം കോടതിയിൽ കയറിയിറങ്ങേണ്ടി വന്നതിലും നഷ്ടപരിഹാരം നൽകാൻ സർക്കാർ ബാധ്യസ്ഥരാണെന്നാണ് അഭിഭാഷകൻ ആരോപിക്കുന്നത്. പ്രായാധിക്യങ്ങളുണ്ടായിട്ടും മാസത്തിൽ രണ്ടിലേറെ തവണ വിചാരണകൾക്കായി ഭാരതിയമ്മ കോടതിയിൽ വന്നിട്ടുണ്ട്. കൂടാതെ വിചാരണ സമയത്ത് എതിർ കക്ഷികളെയും ഹാജരാക്കണമെന്ന് വ്യവസ്ഥയുണ്ടായിട്ടും പരാതി നൽകിയവർക്ക് സമൻസ് അയക്കാൻ പോലും പോലീസ് തയ്യാറാകാതിരുന്നതും കൃത്യമായ നിയമലംഘനമാണ്. 2019-2020 ൽ കോവിഡ് ആയതും കേസിന്റെ വിചാരണയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രാജഗോപാലൻ നേരിട്ട് വന്നില്ലായിരുന്നെങ്കിൽ ഈ കേസിൽ ഭാരതിയമ്മ തന്നെ പ്രതിയായി തുടരുകയും പോലീസിന്റെ അനാസ്ഥ ആരും തിരിച്ചറിയാതെ പോകുന്ന സ്ഥിതിയുണ്ടാകുമായിരുന്നു. എൺപത്ത് നാലുവയസ്സുകാരിയായ ഭാരതിയമ്മ ഒരിക്കലും നീതിക്ക് വേണ്ടി ഇത്രയും കാലം പോരാടുമെന്ന് പോലീസുകാർ കരുതിയിരുന്നില്ല. ഇത്രയും കാലം കേസ് നീട്ടി വലിച്ചുകൊണ്ടുപോയതിൽ പോലീസിന്റെ അനാസ്ഥ പ്രകടമാണ്.

അറസ്റ്റിലെ പാളിച്ചകൾ

ഭാരതിയമ്മയെ അറസ്റ്റ് ചെയ്ത രീതിയിൽ തന്നെ അനീതികളുണ്ടായിട്ടുണ്ട്. കേസിലെ പ്രതി താനല്ലയെന്ന് ഭാരതിയമ്മയും ബന്ധുക്കളുമെല്ലാം ആവർത്തിച്ചിട്ട് പറഞ്ഞിട്ടും അതു കേൾക്കാനോ, സത്യാവസ്ഥകൾ അന്വേഷിക്കാനോയുള്ള ഒരു ശ്രമങ്ങളും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. അതുപോലെ വിചാരണ സമയത്ത് 1994ൽ ഭാരതിക്കെതിരെ ഭാരതിയമ്മ നൽകിയ പരാതിയുടെ രസീതിയും പെൻഷൻബുക്കും അടക്കമുള്ള എല്ലാ തിരിച്ചറിയൽ രേഖകളും ഭാരതിയമ്മ ഹാജരാക്കിയിരുന്നു. പക്ഷേ കോടതിയും പോലീസുമെല്ലാം വിചാരണ പൂർത്തിയാക്കി നടപടികളെടുക്കാമെന്ന സമീപനമാണ് എടുത്തിരുന്നത്. രാജഗോപാലൻ നൽകിയ കേസിലെ പ്രതിക്ക് 2019 ൽ അൻപതിനോട് അടുത്ത പ്രായമേ ഉണ്ടാകാൻ സാധ്യതയുള്ളു. പോലീസ് അറസ്റ്റ് ചെയ്യാനെത്തുമ്പോൾ ഭാരതിയമ്മക്ക് എൺപത് വയസ്സായിരുന്നു. ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചിട്ടില്ല. ഭർത്താവിന്റെ പെൻഷൻ വാങ്ങുന്ന തനിക്ക് ഒരു വീട്ടിലും ജോലിക്ക് പോകേണ്ട ആവശ്യമില്ലെന്ന് ഭാരതിയമ്മ പറഞ്ഞിട്ടും അതിന്റ സത്യാവസ്ഥകൾ അന്വേഷിക്കാനും പോലീസ് തയ്യാറിയിട്ടില്ല. ലോങ് പെൻഡിങ് ആയ കേസുകളിൽ എത്രയും വേഗം പ്രതികളെ പിടിക്കണമെന്ന് മാത്രമേ പോലീസിന് ഉണ്ടായിരുന്നുള്ളു.

ഭാരതിയമ്മയുടെ അഭിഭാഷകൻ അഡ്വ. കെ ഗീരീഷ് നെച്ചുള്ളി

ഭാരതിയമ്മയെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസുകാരനെ കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. ലോങ്ങ് പെൻഡിങ് ആയി കിടന്ന കേസിലെ അറസ്റ്റ് വാറണ്ടുകൾ നടത്താൻ ആർക്കാണ് ചുമതല നൽകിയതെന്ന് പോലീസ് റെക്കോർഡുകൾ പരിശോധിച്ചാൽ മനസ്സിലാകാവുന്നതേയുള്ളു. ഭാരതിയമ്മയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെയെല്ലാം റെക്കോർഡുകളിൽ നിന്ന് കണ്ടെത്താനാകും. അവർക്കെതിരെ നടപടികളെടുക്കാനും എളുപ്പമാണ്. ഭാരതിയമ്മയുടെ അറസ്റ്റിനെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തിയ സമഗ്രമായ അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയതായി തെളിഞ്ഞിരുന്നു. ഭാരതിയമ്മയെ അറസ്റ്റ് ചെയ്തവർക്കെതിരെയും സാക്ഷികൾക്ക് സമൻസ് നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശനമായ നടപടികൾ സ്വീകരിക്കുമെന്നാണ് ജില്ലാ പോലീസ് മേധാവിയിൽ നിന്ന് മറുപടി ലഭിച്ചതെന്നാണ് അഡ്വ.കെ. ഗിരീഷ് നെച്ചുള്ളി പറയുന്നത്.

പോലീസിന്റെ മറുപടി

ടൗൺ സൗത്ത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്, എൺപത് വയസ്സു മുതൽ എൺപത്തിനാല് വയസ്സ് വരെ ഭാരതിയമ്മയ്ക്ക് കോടതിയിൽ കയറിയിറങ്ങേണ്ട ഗതി വരുത്തിയത്. കേസുമായി ബന്ധപ്പെട്ട് വിചിത്രമായ വിശദീകരണങ്ങളാണ് പോലീസ് നൽകുന്നത്. പ്രതിയുടെയും ഭാരതിയമ്മയുടെ വീട്ടുപേര് ഒന്നായിരുന്നു. മഠത്തിൽ വീട് എന്ന വീട്ടുവിലാസമാണ് പ്രതി പോലീസ് സ്‌റ്റേഷനിൽ നൽകിയത്. മഠത്തിൽ വീട് എന്ന മേൽവിലാസത്തിൽ പ്രദേശത്ത് നിരവധി വീടുകളുള്ളതാണ് പ്രതിയെ തെറ്റായി അറസ്റ്റ് ചെയ്യാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. ഭാരതിയമ്മയെ അറസ്റ്റ് ചെയ്യാനെത്തിയ ദിവസം അവരുടെ അഭ്യർത്ഥനകൾ പരിഗണിച്ച് കോടതിയിൽ സ്വയം ഹാജരാകാനുള്ള അവസരം നൽകിയിരുന്നെന്നുമാണ് പോലീസ് പറയുന്നത്.

ഭാരതിയമ്മയുടെ പരാതിയിൽ മനുഷ്യവകാശ കമ്മീഷനും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ പ്രസിഡന്റ് ബൈജുനാഥിന്റെ ഉത്തരവിൽ പറയുന്നത്. സെപ്റ്റംബറിൽ പാലക്കാട് നടക്കുന്ന സിറ്റിങ്ങിലാണ് കേസ് പരിഗണിക്കുന്നത്.

ആളുമാറി അറസ്റ്റ് ചെയ്യൽ ആവർത്തിക്കുകയാണ്

ഭാരതിയമ്മയുടെ കേസ് ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. 2018ൽ പാലക്കാട് മണ്ണാർക്കാട് പോലീസ് സ്‌റ്റേഷനിലും നേരത്തെ സമാനമായ രീതിയിൽ ആളുമാറി അറസ്റ്റ് നടന്നിരുന്നു. മോഷണശ്രമ കേസിൽ പ്രതിയായ രാധാകൃഷ്ണന് പകരം മണ്ണാർക്കാട് പാമ്പൻതോട് ആദിവാസികോളനിയിലെ ചന്ദ്രനെന്ന ആദിവാസി യുവാവിനെയാണ് പോലീസ് ആളുമാറി അറസ്റ്റ് ചെയ്തത്. ആളുമാറി അറസ്റ്റ് ചെയ്തിട്ടും പത്ത് ദിവസത്തോളം കാലം ചന്ദ്രനെ ജയിലിലടച്ചിട്ടുണ്ട്. സംഭവത്തിൽ വലിയ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന് ജില്ലാ ട്രൈബൽ ഓഫീസർ റിപ്പോർട്ടും നൽകിയിരുന്നു.

സംഭവത്തിൽ പോലീസുകാരെ പരിശീലനത്തിന് അയച്ച് പ്രശ്‌നം ഒതുക്കിതീർക്കാനാണ് അന്ന് പോലീസ് ശ്രമിച്ചത്. നിരപരാധിയായ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് മണ്ണാർക്കാട് എ.എസ്.ഐ ശിവരാജ്, സിവിൽ ഓഫീസർ സലാം എന്നിവരെ പോലീസ് നടപടിയുടെ ഭാഗമായി മുട്ടികുളങ്ങര പോലീസ് ക്യാമ്പിൽ തീവ്രപരിശീലനത്തിന് അയക്കുകയാണുണ്ടായത്. തീർത്തും അന്യായമായ അറസ്റ്റ് നടത്തിയിട്ടും പോലീസുകാർക്കെതിരെ കർശന നടപടിയെടുക്കാത്തതിൽ വ്യാപക വിമർശനങ്ങളുയർന്നിരുന്നു.

ചന്ദ്രനെ അറസ്റ്റ് ചെയ്തതിന് ശേഷവും അദ്ദേഹത്തിന്റെ കുടുംബത്തെയും കോളനിയിലെ എസ്.ടി മോണിറ്ററിങ്ങ് കമ്മിറ്റിയെയും അറിയിക്കാൻ പോലീസ് ശ്രമിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ നിരപരാധിത്വം തെളിയിക്കാനുള്ള രേഖകളൊന്നും ഹാജരാക്കാൻ ചന്ദ്രന് സാധിച്ചില്ല. പിന്നീട് പത്ത് ദിവസങ്ങൾ കഴിഞ്ഞാണ് ചന്ദ്രനല്ല പ്രതിയെന്ന് തിരിച്ചറിഞ്ഞ് ജയിൽ മോചിതനാക്കുന്നത്. ഇതൊന്നു പരിഗണിക്കാതെയാണ് പോലീസ് നടപടി പരിശീലനത്തിൽ മാത്രമായി ഒതുക്കാനുള്ള ശ്രമങ്ങളുണ്ടായത്. അറസ്റ്റ് ചെയ്ത് സമയത്ത് ആളുമാറിയെന്ന് യുവാവ് തുറന്നുപറയാതിരുന്നതാണ് തെറ്റുസംഭവിക്കാൻ കാരണമെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ഇതാണ് പരിശീലനം മാത്രമായി പോലീസ് നടപടിയൊതുക്കുന്നതിന്റെ കാരണമായി പറഞ്ഞിരുന്നത്. സംഭവത്തെ തുടർന്നുണ്ടായ ജനരോക്ഷം കുറക്കുന്നതിന് വേണ്ടി എടുത്തിട്ടുള്ള നടപടി മാത്രമാണിതെന്നും വിമർശനങ്ങളുയർന്നിരുന്നു. പോലീസുകാർ ആളുമാറി അറസ്റ്റ് ചെയുന്ന സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുയാണെന്നും ഇത്തരം കേസുകളിൽ കാര്യമായ നടപടികൾ എടുക്കേണ്ടത് അത്യാവശ്യമാണെന്നും സാമൂഹിക പ്രവർത്തകനായ ബോബൻ മാട്ടുമന്ത ട്രൂകോപി തിങ്കിനോട് പറഞ്ഞത്.

ബോബൻ മാട്ടുമന്ത

'നമ്മുടെ സിസ്റ്റത്തിന്റെ പരാജയമാണ് ഇത് സൂചിപ്പിക്കുന്നത്. പോലീസ് കൃത്യമായി അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ആരെയെങ്കിലും പ്രതിയാക്കി ഫയൽ ക്ലോസ് ചെയ്യാൻ ശ്രമിക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള അബദ്ധങ്ങളുണ്ടാകുന്നത്. വ്യക്തിപരമായും രാഷ്ട്രീയപരമായുമുള്ള വ്യക്തിവൈരാഗ്യങ്ങൾ തീർക്കുന്നതിനുള്ള ടൂളായി പോലും കേസുകളിലെ അറസ്റ്റുകളെ മാറ്റിയെടുക്കാൻ പോലീസ് ശ്രമിക്കാറുണ്ട്. പലപ്പോഴും കേസുകളിൽ വിധി വരാൻ സമയമെടുക്കുകയും ഇത്തരത്തിൽ നിരപരാധിത്വം തെളിയുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലം മാറിപോകുന്ന സ്ഥിതിയുണ്ടാവുകയുമൊക്കെ ചെയ്യുന്നുണ്ട്. നിരപരാധികളെ പ്രതിയാക്കിയാൽ പോലും പോലീസിനെതിരെ നടപടി സ്വീകരിക്കാത്തതാണ് ഇത്തരം കേസുകൾ വീണ്ടും ആവർത്തിക്കപ്പെടാൻ കാരണമാകുന്നത്.' സാധാരണ മനുഷ്യർക്കും ആത്മാഭിമാനങ്ങളുണ്ടെന്ന് പോലീസുകാർ തിരിച്ചറിയണമെന്നും ബോബൻ മാട്ടുമന്ത പറയുന്നത്.

ചെയ്യാത്ത ഒരു കുറ്റത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയും കോടതിയിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നത് കൃത്യമായ മനുഷ്യാവകാശ ലംഘനം തന്നെയാണ്. വ്യക്തി- സാമൂഹിക ജീവിതങ്ങളിൽ പോലും വലിയ ആഘാതങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം കാര്യങ്ങളിൽ പോലീസുകാർ സുക്ഷമത പുലർത്തേണ്ടത് അത്യാവശ്യമാണ്. കേസ് പരിഗണിക്കുന്ന സമയത്ത് പ്രാഥമിക അന്വേഷണങ്ങളെങ്കിലും നടത്താൻ പോലീസ് തയ്യാറാകണം. പ്രതിയായി മുദ്ര കുത്തപ്പെട്ട നാലുവർഷകാലവും ഭാരതിയമ്മയും ബന്ധുക്കളും അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾ ഏറെയാണ്. ഒന്ന് സമാധാനമായി ഉറങ്ങാൻ പോലും കഴിയാത്ത വിധത്തിൽ ഇവരെ മാറ്റിയെടുത്തതിൽ പോലീസിന്റെ അനാസ്ഥയെ തന്നെയാണ് പ്രതിക്കൂട്ടിൽ നിർത്തേണ്ടത്. കൂടാതെ അറസ്റ്റിന് ശേഷവും പ്രതികൾ നിരപരാധിയാണെങ്കിൽ അവർക്കത് തെളിയിക്കാനുള്ള അവസരങ്ങൾ കോടതികൾ നൽകുന്നുണ്ട്. എന്നാൽ ആളുമാറിയാണ് തന്നെ അറ്‌സറ്റ് ചെയ്തിട്ടുള്ളതെന്നതിന് മതിയായ രേഖകൾ ഭാരതിയമ്മ കോടതിയിൽ സമർപ്പിച്ചിട്ടും നിരപരാധിയാണെന്ന് അംഗീകരിക്കാനും വിധി പറയാനുമൊന്നും കോടതിയും തയ്യാറായിട്ടില്ല. പരാതിക്കാരൻ കേസ് പിൻവലിച്ചതുകൊണ്ടുമാത്രമാണ് ഭാരതിയമ്മ നിരപരാധിയാണെന്ന് തെളിയുന്നത്. ഒരു അറസ്റ്റ് നിയമവിരുദ്ധമോണോയെന്നും അറസ്റ്റ് മെമ്മോ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോയെന്നും സുക്ഷപരിശോധന നടത്താനുള്ള ഉത്തരവാദിത്തം കോടതികൾക്കുണ്ട്. കോടതികൾ ഇത്തരത്തിലുള്ള ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയാൽ തന്നെ നിരപരാധികളായ ആളുകളെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് പോലീസിനെ പിന്തിരിപ്പിക്കാനാകും. പക്ഷേ ഒരു കേസിൽ ഒരാളെ പ്രതിയാക്കിയാൽ അയാൾ സ്വന്തമായി കോടതിയിൽ നിരപരാധിത്വം തെളിയിക്കണമെന്ന രീതിയാണ് നീതി ന്യായസംവിധാനങ്ങളൊക്കെ പ്രവർത്തിക്കുന്നതെന്ന് കുടിയാണ് ഈ സംഭവത്തിലൂടെ ബോധ്യപ്പെടുന്നത്.

കേസിൽ ഭാരതിയമ്മ നിരപരാധിയാണെന്ന് ബോധിപ്പിച്ചുകൊണ്ട് അഭിഭാഷകൻ കെ. ഗിരീഷ് നെച്ചുള്ളി കോടതിയിൽ സമർപ്പിച്ച ഹർജി

ഭാരതിയമ്മയുടെ അത്ര തന്നെ പ്രവിലേജുകളില്ലാത്ത ഒരാൾക്ക് എളുപ്പത്തിൽ ഒരിക്കലും ഈ കേസിൽ നിന്ന് പുറത്തുവരാനാകില്ല. ഭാരതിയമ്മയെ പോലെ കോടതി നടപടികളുമായി മുന്നോട്ട് പോകാൻ കഴിയാത്ത നിരവധി പേർ ജയിലിൽ കിടക്കുന്നുണ്ട്. നാഷ്ണൽ പ്രിസൺ സ്റ്റാറ്റിക്‌സ് പ്രകാരം രാജ്യത്തെ ജയിലുകളിൽ കഴിയുന്നവരിൽ 77.1% പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ. ദളിത് ആയതിന്റെയും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളതായതിന്റെയും പേരിൽ മാത്രം കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർ നിരവധിയാണ്. ആളുമാറി അറസ്റ്റ് ചെയ്ത് പോലീസുകാർക്കെതിരെ യാതൊരുവിധത്തിലുള്ള നിയമനടപടികളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഭാരതിയമ്മ. പോലീസുകാർക്കും കുടുംബവും ജീവിതവും ഉള്ളതല്ലേയെന്നും കേസും കാര്യങ്ങളുമായി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഭാരതിയമ്മ പറയുന്നത്. എന്നാൽ ഈ വിഷയത്തിൽ പോലീസിന്റെ അനാസ്ഥകൾ കൃത്യമായി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

ഒരു പരാതി ലഭിച്ചാൽ, ഒരു കേസിൽ തുടർ അന്വേഷണം നടത്തുമ്പോൾ ആരെയെങ്കിലും പിടികൂടി ജയിലിൽ അടക്കുക എന്ന സമീപനത്തിന് പകരം കൃത്യമായി അന്വേഷണം നടത്തി പ്രതികളെ കണ്ടെത്താനുള്ള മാനസിക പക്വതയിലേക്കും ധാർമ്മികബോധത്തിലേക്കും പോലീസുകാരും വരേണ്ടതുണ്ട്. എന്നാൽ അത്തരത്തമൊരു ധാർമിക ബോധത്തോടു കൂടിയല്ല കേരളത്തിലെ പോലീസുകാർ പ്രവർത്തിക്കുന്നതെന്നാണ് സമീപകാലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നിരവധി സംഭവങ്ങൾ തെളിയിക്കുന്നത്. കൃത്യവിലോപം നടത്തുന്ന പോലീസുകാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടം തയ്യാറാകാത്തത് തന്നെയാണ് വീണ്ടും തെറ്റുകൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്. സാധാരണക്കാരനും പോലീസുകാർക്കുമെല്ലാം ഒരേ രീതിയിൽ തന്നെയാണ് നിയമങ്ങൾ ബാധകമാകുന്നത്. പോലീസിന് പ്രത്യേക പ്രിവിലേജ് നൽകി കൊണ്ടല്ല നമ്മുടെ നിയമസംവിധാനങ്ങളും ഭരണഘടനയും രൂപീകരിച്ചിട്ടുള്ളത്. പക്ഷേ പോലീസുകാർ ഇത് തിരിച്ചറിയുന്നില്ലെന്ന് മാത്രമല്ല, എപ്പോഴും അവരുടെ അധികാര സ്വാധീനം മറയാക്കികൊണ്ട് നിയമലംഘനങ്ങൾ നടത്താനാണ് ശ്രമിക്കുന്നത്. ഈ വിഷയത്തിൽ അടിയന്തര ഇടപെടലുകൾ നടത്തേണ്ടത് അത്യാവശ്യമാണ്.

Comments