ആർ. സുനിലിനെതിരായ കേസ് പോലീസിന്റെ ദുരൂഹ നിയമപാലനം

ദിവാസികൾക്ക് വേണ്ടി വാർത്ത എഴുതിയ മാധ്യമപ്രവർത്തകന് എതിരെ കേസെടുത്ത് പോലീസിൻ്റെ ദുരൂഹ നിയമപാലനം. പൈതൃകമായി ലഭിച്ച ഭൂമി വ്യാജരേഖ ചമച്ച് കൈയേറാൻ നടക്കുന്ന ശ്രമത്തിനെതിരെ അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽ പെട്ട ആൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാർത്ത നൽകിയതാണ് മാധ്യമ പ്രവർത്തകൻ ചെയ്ത കുറ്റം. സമൂഹത്തിൽ അസ്വസ്ഥത പടർത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് മാധ്യമം ലേഖകൻ ഡോ.ആർ സുനിലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അടുത്തിടെ നിരവധി മാധ്യമ പ്രവർത്തകർക്ക് നേരെ ഇല്ലാ കുറ്റങ്ങൾ ചുമത്തി കേസ് എടുക്കുമ്പോൾ അതിന് പിന്നിൽ ഭരണപക്ഷ താൽപര്യങ്ങളും അധികാര ഒത്താശകളും ഒക്കെയാണ് ഉണ്ടായിരുന്നതെങ്കിൽ ആദിവാസി ഭൂമി കൈയേറ്റം ചോദ്യം ചെയ്യുന്നതാണ് ഇപ്പൊൾ പോലീസിന് മുന്നിൽ കുറ്റമായിരിക്കുന്നത്. ഇരകൾക്ക് വേണ്ടി നിന്നാൽ കേസ് ചാർത്തി തുറുങ്കിൽ അടച്ചു കളയുമെന്ന രീതിയിലാണ് കേരള പോലീസിൻ്റെ വിചിത്രമായ നിയമപാലനം.

അഗളി പൊലീസ് ആണ് കുറ്റാരോപിതരുടെ പരാതിയിൽ മാധ്യമ പ്രവർത്തകന് എതിരെ അടക്കം കേസ് എടുത്തിരിക്കുന്നത്. അട്ടപ്പാടിയിൽ ആദിവാസി ഭൂമി വ്യാപകമായി കൈയേറുന്നുണ്ടെന്ന് റവന്യൂ വിജിലൻസ് തന്നെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

അട്ടപ്പാടിയിലെ വരഗംപാടിയിൽ താമസിക്കുന്ന ആദിവാസിയായ ചന്ദ്രമോഹൻ തൻെറ 12 ഏക്കർ ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രിക്കും ലാൻഡ് റവന്യൂ കമ്മിഷണർക്കും പാലക്കാട് കലക്ടർക്കും പരാതി നൽകിയിരുന്നു. ഈ പരാതി വാർത്തയായി മാധ്യമം ഓൺലൈനിൽ നൽകിയിരുന്നു. ഈ വാർത്ത ചൂണ്ടിക്കാണിച്ച് ജോസഫ് കുര്യൻ എന്നയാൾ നൽകിയ പരാതിയിന്മേലാണ് റിപ്പോർട്ടർ ആർ.സുനിലിന്റെ പേരിൽ അഗളി പൊലീസ് കേസ് എടുത്തത്.

ചന്ദ്രമോഹന്റെ മുത്തച്ഛനായ രങ്കന്റെ പേരിൽ 1413/1, 1412/1 സർവേ നമ്പരുകളിലുള്ള 12 ഏക്കർ ഭൂമിയിൽനിന്ന് കുടിയിറങ്ങണമെന്ന് ആവശ്യപ്പെട്ടു നെല്ലിപ്പതി സ്വദേശി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

പട്ടികജാതി-പട്ടികവർഗക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ.ബി.ആർ അംബേദ്ക്കർ മാധ്യമ അവാർഡിലെ പ്രത്യേക പരാമർശത്തിനുള്ള പുരസ്‌കാരം മന്ത്രിയിൽ നിന്ന് ഡോ.ആർ സുനിൽ ഏറ്റുവാങ്ങുന്നു

ഈ ഭൂമി പണം കൊടുത്ത് വാങ്ങിയെന്നാണ് ഇയാളുടെ അവകാശ വാദം. കുടിയൊഴിഞ്ഞില്ലെങ്കിൽ ഒഴിപ്പിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ജോസഫ് കുര്യൻ എന്നയാൾ അട്ടപ്പാടിയിൽ നിരവധി സ്ഥലങ്ങളിൽ ആദിവാസി ഭൂമിക്ക് വ്യാജരേഖകളുണ്ടാക്കുകയും റവന്യൂ അധികാരികളെ സ്വാധീനിച്ച് നികുതി രസീതും, കൈവശ സർട്ടിഫിക്കറ്റും മറ്റും സംഘടിപ്പിച്ച്, കോടതികളിൽ കേസുകൾ രജിസ്റ്റർ ചെയ്ത് ആദിവാസികളെ കുടിയൊഴിപ്പിക്കുന്ന വൻ ഭൂമാഫിയ സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയാണെന്നും പരാതിയിൽ പറഞ്ഞിരുന്നു.

ഇത്രയും കാര്യങ്ങൾ മാത്രമേ വാർത്തയിലും പരാമർശിച്ചിരുന്നുള്ളൂ. മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകിയ ആൾ ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയുടെ കുടുംബ ഭൂമി വ്യജരേഖയുണ്ടാക്കി തട്ടിയെടുത്തയാൾ ആണെന്നും പറയുന്നു. ഭൂമിയിൽ അദ്ദേഹം പെടോൾ പമ്പ് തുടങ്ങുന്നതിന് അനുമതി വാങ്ങിയിരുന്നു. മാധ്യമം വർത്തയെ തുടർന്നാണ് നഞ്ചിയമ്മയുടെ ഭൂമി കൈയേറിയത് സംബന്ധിച്ച് നിയമസഭയിൽ കെ.കെ രമ സബ് മിഷൻ അവതരിപ്പിച്ചത്. അതിനെ തുടർന്ന് അസി. ലാൻഡ് റവന്യൂ കമ്മിഷണറുട മേൽനോട്ടത്തിൽ റവന്യൂ വിജിലൻസ് സംഘം അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം അന്വേഷിക്കുമെന്ന് നിയമസഭയിൽ റവന്യൂ മന്ത്രി കെ.രാജൻ മറുപടി നൽകിയിരുന്നു.

റവന്യൂ വിജിലൻസ് സമർപ്പിച്ച് അന്വേഷണ റിപ്പോർട്ട് പ്രകാരം വ്യജരേഖയുണ്ടാക്കിയാണ് നഞ്ചിയമ്മയുടെ കുടുംബ ഭൂമി തട്ടിയെടുത്തതെന്ന് വ്യക്തമായിരുന്നു.

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയറ്റം സംബന്ധിച്ച് വാർത്തകൾ തടയുന്നതിനാണ് പൊലീസ് നേതൃത്വത്തിലുള്ള ശ്രമം എന്ന് വേണം കരുതാൻ. പട്ടിണി മരണം നേരിടുന്ന അട്ടപ്പാടിയിലെ ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പുറത്തറിയുന്നത് മാധ്യമങ്ങൾ വഴിയാണ്. അത് തടയുകയാണ് ലക്ഷ്യം. അട്ടപ്പാടിയിലെ ആദിവാസി ഭൂമി ലക്ഷ്യമിട്ട് ഭൂ മാഫിയ നടത്തിയ നിരവധി ശ്രമങ്ങൾ മാധ്യമ ഇടപെടലുകളുടെ ഫലമായി മുടങ്ങിയിരുന്നു.

ഇരകൾക്ക് വേണ്ടിയുള്ള ശബ്ദങ്ങൾ കഴുത്ത് ഞെരുക്കി അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ മാത്രമല്ല പൗരാവകാശങ്ങളുടെയും ലംഘനമാണ്. ഒരു ജനാധിപത്യ വ്യവസ്ഥയിലും ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ പാടില്ലാത്തതാണ്. ദുർബല വിഭാഗങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഒരു ഭരണകൂടം നിലനിൽക്കുമ്പോൾ പ്രത്യേകിച്ചും. വിഷയത്തിൽ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടേണ്ടതുണ്ട്. നിയമവാഴ്ചയിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്താൻ അടിയന്തരമായി കേസ് റദ്ദാക്കണം. ഇരകൾക്കെതിരെയും കൈയെറ്റക്കാർക്ക് വേണ്ടിയും നിയമപാലന സംവിധാനങ്ങൾ വളച്ചൊടിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കുകയും വേണം..

Comments