ഡോ. ആർ. സുനിലിനെതിരായ കേസ്
അട്ടപ്പാടിയിലെ ഭൂമാഫിയയുടെ പ്രതികാര നടപടി

ചന്ദ്രമോഹന്‍ തന്റെ കൈവശമുള്ള ഭൂമിക്ക് ഷോളയൂര്‍ വില്ലേജ് ഓഫീസില്‍ കഴിഞ്ഞ ജൂലൈയില്‍ 1179 രൂപ കരം ഒടുക്കിയ രസീതിയുണ്ട്. അതുകൊണ്ടുതന്നെ, വ്യാജരേഖകളുടെ പിൻബലത്തിലാണ്, ചന്ദ്രമോഹനെതിരെ കുടിയിറക്കുഭീഷണിയുണ്ടായതെന്ന് വ്യക്തമാണ്. ഇത് വാർത്തയാക്കിയ മാധ്യമപ്രവർത്തകനെതിരായ പരാതി, അട്ടപ്പാടിയിലെ ഭൂമാഫിയയുടെ സ്വാധീനശക്തിക്ക് തെളിവാണ്.

ട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയേറുന്ന വൻ ഭൂമാഫിയ പ്രതികാര നടപടിയുമായി മാധ്യമപ്രവർത്തകനെതിരെ. തന്റെ കൈവശമുള്ള 12 ഏക്കർ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന ആദിവാസിയായ ചന്ദ്രമോഹന്റെ പരാതി റിപ്പോർട്ടു ചെയ്തതിന് ‘മാധ്യമം’ ലേഖകൻ ഡോ. ആർ. സുനിലിനെതിരെയാണ് കേസ്. ചന്ദ്രമോഹൻ മുഖ്യമന്ത്രിക്കയച്ച പരാതിയിൽ പ്രതിസ്ഥാനത്തുള്ള ജോസഫ് കുര്യൻ നൽകിയ പരാതിയിലാണ് സുനിലിനെ ഒന്നാം പ്രതിയും സുനിലിന്റെ വാർത്ത ഫേസ്ബുക്കിൽ ഷെയർ ചെയ്ത അട്ടപ്പാടി സംരക്ഷണ സമിതി പ്രവർത്തകൻ സുകുമാരനെ രണ്ടാം പ്രതിയുമാക്കി അഗളി പൊലീസ് കേസെടുത്തത്. തനിക്ക് പാരമ്പര്യമായി ലഭിച്ച 12 ഏക്കർ ഭൂമി ജോസഫ് കുര്യൻ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ചന്ദ്രമോഹന്റെ പരാതി. പരാതി അന്വേഷിക്കാൻ തഹസീൽദാറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ലഭിച്ച മറുപടി സഹിതമായിരുന്നു വാർത്ത.

ദേശീയ അവാർഡ് നേടിയ ഗായിക നഞ്ചിയമ്മയുടെ അട്ടപ്പാടിയിലുള്ള നാലേക്കർ കൈയേറിയത് സുനിൽ റിപ്പോർട്ടുചെയ്തിരുന്നു. അതിൽ പ്രതിസ്ഥാനത്തുള്ളതും ഇതേ ആളാണെന്നും അതിന് തനിക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നുവെന്നും എന്നാൽ, കേസുമായി ഇയാൾക്ക് മുന്നോട്ടുപോകാനായില്ലെന്നും സുനിൽ പറഞ്ഞു.

സുനിലിനെതിരെ പോലീസ് കേസെടുത്തത് കോടതിയുടെ നിർദേശ പ്രകാരമാണ്. കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ അഗളി ഡിവൈ.എസ്.പിക്ക് പരാതി നൽകിയിരുന്നെങ്കിലും പോലീസ് കേസെടുക്കാൻ വിസമ്മതിച്ചു. തുടർന്ന് ഇയാൾ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കേസ്.

ആർ. സുനിലിനെതിരായ കേസിൽ വ്യാപക പ്രതിഷേധമുണ്ട്. തനിക്കെതിരെ കേസെടുത്തതിനെതിരെ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, പട്ടികജാതി- പട്ടികവർഗ ക്ഷേമ വകുപ്പുമന്ത്രി എന്നിവർക്ക് പരാതി നൽകിയതായി സുനിൽ ട്രൂകോപ്പിയോട് പറഞ്ഞു. തന്റെ റിപ്പോർട്ടുകൾ ഗൗരവപൂർവം പരിഗണിക്കുന്നുണ്ടെന്നും തുടർനടപടിയുണ്ടാകും എന്നും റവന്യൂമന്ത്രിയുടെ മറുപടി ലഭിച്ചിട്ടുണ്ടെന്ന് സുനിൽ പറഞ്ഞു.

ചന്ദ്രമോഹന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി
ചന്ദ്രമോഹന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി

ആദിവാസി ഇരുള വിഭാഗക്കാരനാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയ ചന്ദ്രമോഹൻ. ഇദ്ദേഹത്തിന് 12 ഏക്കർ ഭൂമിയുണ്ട്. ചന്ദ്രമോഹനും സഹോദരിമാരുമാണ് ഈ ഭൂമിയിൽ താമസിക്കുന്നത്. സഹോദരിമാർ ഐ.ഡി.ടി.സിയും അഹാർഡ്‌സും നൽകിയ വീടുകളിലാണ് താമസം. ജോസഫ് കുര്യൻ എന്ന നിരപ്പൻ ജോസഫ് തങ്ങളുടെ വീട്ടിൽവന്ന് ഈ ഭൂമി താൻ പണം കൊടുത്ത് വാങ്ങിയിട്ടുണ്ടെന്നും അതിന് രേഖകളുണ്ടെന്നും ഒഴിഞ്ഞുതരണമെന്നും ആവശ്യപ്പെട്ടതായി ചന്ദ്രമോഹൻ പരാതിയിൽ പറയുന്നു. ഇല്ലെങ്കിൽ ഒഴിപ്പിക്കാനുള്ള മാർഗം സ്വീകരിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയത്രേ. ചന്ദ്രമോഹന്‍ തന്റെ കൈവശമുള്ള ഭൂമിക്ക് ഷോളയൂര്‍ വില്ലേജ് ഓഫീസില്‍ കഴിഞ്ഞ ജൂലൈയില്‍1179 രൂപ കരം ഒടുക്കിയ രസീതിയുണ്ട്. അതുകൊണ്ടുതന്നെ, വ്യാജരേഖകളുടെ പിൻബലത്തിലാണ്, ചന്ദ്രമോഹനെതിരെ കുടിയിറക്കുഭീഷണിയുണ്ടായതെന്ന് വ്യക്തമാണ്.

ആര്‍. സുനിലിനെതിരെയുള്ള എഫ്.ഐ.ആറില്‍ നിന്ന്
ആര്‍. സുനിലിനെതിരെയുള്ള എഫ്.ഐ.ആറില്‍ നിന്ന്

ജോസഫ് കുര്യൻ അട്ടപ്പാടിയിൽ റവന്യൂ അധികാരികളെ ഉപയോഗിച്ച് വ്യാജ നികുതി രശീതിയും കൈവശ സർട്ടിഫിക്കറ്റും സംഘടിപ്പിച്ച് കോടതികളിൽ കേസ് രജിസ്റ്റർ ചെയ്ത് ആദിവാസികളെ കുടിയിറക്കുന്ന വൻ ഭൂമാഫിയ സംഘത്തിലെ വ്യക്തിയാണെന്ന് ചന്ദ്രമോഹൻ പരാതിയിൽ ആരോപിക്കുന്നു.

Comments