എൻ.കെ. ഇബ്രാഹിം

പല്ലുകളെല്ലാം എടുത്തുകളഞ്ഞു,
ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുകയാണ്​ ഇബ്രാഹിം

2014 ൽ മാവോയിസ്റ്റ് സംഘം പൊലീസുകാരനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിലെ കുറ്റാരോപിതനായ എൻ.കെ. ഇബ്രാഹിം മോശം ആരോഗ്യത്തെ തുടർന്ന് വിചാരണയ്ക്കിടയിൽ തളർന്നു വീണു. രണ്ടു തവണ ഹൃദയാഘാതമുണ്ടായി. എന്നിട്ടും അദ്ദേഹത്തിന്​ ജാമ്യം പോലും നിഷേധിക്ക​പ്പെടുകയാണ്​

നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) യുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭീമ കൊറേഗാവ് കേസിൽ ഫാദർ സ്റ്റാൻ സ്വാമിയെ 2020 ഒക്ടോബർ 8ന് യു.എ.പി.എ ചുമത്തി എൻ.ഐ.എ. അറസ്റ്റു ചെയ്തത്. കസ്റ്റഡയിലിരിക്കെ ജൂലെെ 5ന്, അർഹിക്കുന്ന നീതിയോ വിചാരണയോ ലഭിക്കാതെ അദ്ദേഹം മരിച്ചപ്പോൾ, ജനാധിപത്യത്തിൽ നീതിന്യായ വ്യവസ്ഥയ്ക്കു നേരെയുള്ള ഇത്തരം പരിഹാസങ്ങൾക്ക് സ്ഥാനമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

വയനാട് മേപ്പാടിയിലെ നെടുങ്കരണ സ്വദേശി എൻ.കെ. ഇബ്രാഹിമിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വെള്ളമുണ്ട പൊലീസ് അറസ്റ്റു ചെയ്തത് 2014 ഏപ്രിലിൽ റജിസ്റ്റർ ചെയ്ത കേസ് പ്രകാരമാണ്. ഇബ്രാഹിമിന്റെ ആദ്യ വിചാരണ നടന്നത് ഏഴു വർഷങ്ങൾക്കപ്പുറം 2021 ജൂൺ 22ന്.
ഇതിനിടെ രണ്ടു വട്ടം മാത്രമാണ് 64 കാരനായ ഇബ്രാഹിമിന് വീട്ടിൽ വരാൻ സാധിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ കെ. ജമീല പറയുന്നു: ""എല്ലാ ഞായറാഴ്ചയും വിളിക്കും. അഞ്ചോ പത്തോ മിനുട്ട് സംസാരിക്കും. കൂടുതലും വീട്ടിലെ കാര്യങ്ങളാണ് സംസാരിക്കാറ്. അറസ്റ്റിലായശേഷം പേരക്കുട്ടികളെ കാണാൻ രണ്ടു വട്ടം വീട്ടിലേക്കു വന്നിരുന്നു. അവസാനമായി വന്നത് കഴിഞ്ഞ ജനുവരിയിലാണ്. അന്ന് രണ്ടു മണിക്കൂർ കഴിഞ്ഞ് തിരികെ കൊണ്ടു പോയി. അദ്ദേഹത്തിന്റെ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതു കൊണ്ട് അതേ പറ്റി അധികം സംസാരിക്കാറില്ലായിരുന്നു.''

മോശം ആരോഗ്യത്തെ തുടർന്ന് ഇബ്രാഹിം വിചാരണയ്ക്കിടയിൽ തളർന്നു വീണു. അദ്ദേഹത്തിന് രണ്ടു തവണ ഹൃദയാഘാതമുണ്ടായിട്ടുണ്ട്.

വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു ഇബ്രാഹിമിന്റെ ജീവിതമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയുമായ സി.പി. റഷീദ് പറയുന്നു: ""ഇബ്രാഹിമിനെ സംബന്ധിച്ച്​ സ്വന്തം ജീവിതം മെച്ചപ്പെടുത്തൽ എളുപ്പമായിരുന്നു, എന്നാൽ അയാളതിന് നിന്നില്ല. എഴുപതുകളിൽ നക്‌സൽ പ്രസ്ഥാനം രൂപപ്പെട്ടു വന്നപ്പോൾ അതിന്റെ അനുഭാവിയായിരുന്നു ഇബ്രാഹിം. 90കളിൽ, പതിച്ചു നൽകിയ ഭൂമി പിടിച്ചെടുക്കാൻ ഹാരിസൺ മലയാളം നടത്തിയ ശ്രമത്തിനെതിരെ വയനാട്ടിൽ വലിയ ബഹുജന പ്രക്ഷോഭം നടന്നപ്പോൾ അതിനെ മുന്നിൽ നിന്ന് നയിച്ച ആളുകളിലൊരാളാണ് അദ്ദേഹം.''

സാമൂഹിക പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും, അധഃസ്ഥിത ജനവിഭാഗങ്ങളെ സാമ്പത്തികമായും അല്ലാതെയും സഹായിക്കുകയും ചെയ്ത ഇബ്രാഹിം സ്വന്തമായി ഒരു സോഷ്യൽ കാപ്പിറ്റൽ ഉണ്ടാക്കാൻ ഒരിക്കലും ശ്രമിച്ചിരുന്നില്ലെന്ന് റഷീദ് പറയുന്നു: ""തോട്ടം മേഖലയിലെ പാടികളിലുള്ള പലർക്കും ലോണെടുക്കാനും മറ്റും സ്വന്തമായി പ്രോപ്പർട്ടികളില്ല. തന്റെ പക്കലുണ്ടായിരുന്ന കുറച്ചു ഭൂമി ഇബ്രാഹിം ഹാരിസൺ മലയാളത്തിന്റെ പാടികളിൽ താമസിക്കുന്ന പലർക്കായി ലോണിന് ഈടു നൽകാനായി എഴുതി കൊടുത്തിരുന്നു. ലോണുകളെല്ലാം തിരിച്ചടച്ചു. സ്ഥലം തിരികെ രജിസ്റ്റർ ചെയ്യണമെങ്കിൽ അദ്ദേഹം ജയിലിലുമാണ്.''

സി.പി. റഷീദ്

മുൻവിധികളില്ലാത്ത സാമൂഹ്യപ്രവർത്തകനായിരുന്നു ഇബ്രാഹിമെന്ന് നാട്ടുകാരനും സുഹൃത്തുമായ രവി പറയുന്നു:""ഇബ്രാഹിം നല്ല കർഷകനായിരുന്നു. എന്റെ സ്ഥലത്ത് ഞങ്ങൾ രണ്ടു പേരും ചേർന്ന് വാഴക്കൃഷിയും മറ്റും നടത്തിയിരുന്നു. പാവങ്ങളെ സഹായിക്കാനും, നാട്ടിൽ പ്രശ്‌നങ്ങളൊക്കെ ഉണ്ടാവുമ്പോൾ മുന്നിൽ നിന്ന് പരിഹരിക്കാനും അദ്ദേഹം ഉണ്ടാവാറുണ്ട്. ഇബ്രാഹിമിനെ അറസ്റ്റു ചെയ്ത വിവരം അറിഞ്ഞപ്പോൾ ഞങ്ങൾക്ക് അത്ഭുതമായിരുന്നു. എത്ര കാലമാണ് ഒരാളെ ഇതുപോലെ ജയിലിൽ പിടിച്ചിടുക. അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നതിന് നാട്ടുകാരുടെ ഒപ്പുകൾ ശേഖരിച്ച് മുഖ്യമന്ത്രിക്ക് ഭീമ ഹരജി നൽകുന്നതിനെ കുറിച്ച് ഞങ്ങൾ ആലോചിക്കുകയാണ്.''

വിചാരണക്കിടയിൽ തളർന്നുവീണു

2014 ൽ മാവോയിസ്റ്റ് സംഘം പൊലീസുകാരനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിലെ കുറ്റാരോപിതനാണ് ഇബ്രാഹിം. ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ചാണ് കേസിലെ എട്ടാം പ്രതിയായി വെള്ളമുണ്ട പൊലീസ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്. 2021 ജൂൺ 22നാണ് ഇബ്രാഹിമിന്റെ കേസിൽ വിചാരണ ആരംഭിച്ചത്. മാവോയിസ്റ്റ് നേതാവ് രൂപേഷ്, അനൂപ്, കന്യാകുമാരി എന്നിവരും ഇതേ കേസിൽ പ്രതികളാണ്.

""മോശം ആരോഗ്യത്തെ തുടർന്ന് ഇബ്രാഹിം വിചാരണയ്ക്കിടയിൽ തളർന്നു വീണു. അദ്ദേഹത്തിന് രണ്ടു തവണ ഹൃദയാഘാതമുണ്ടായിട്ടുണ്ട്. അവസാനമായി കണ്ടപ്പോൾ എന്റെ പല്ലു മുഴുവൻ മാറ്റി റഷീദേ എന്നു പറഞ്ഞു. ഇന്നേ വരെ എന്റെ ജാമ്യത്തിന്റെ കാര്യം എന്തായെന്ന് അദ്ദേഹം ചോദിച്ചിട്ടില്ല.''- സി.പി. റഷീദ്​ പറയുന്നു.

എൻ.ഐ.എ കേസ് കൂടാതെ കോഴിക്കോട് സെഷൻസ് കോടതി മുൻപാകെ ഉണ്ടായിരുന്ന SC 548/2016 എന്ന കേസിലും അദ്ദേഹം പ്രതിയായിരുന്നു. എന്നാൽ കോഴിക്കോട് സെഷൻസ് കോടതി 21.10.2020 ലെ ഉത്തരവ് പ്രകാരം അദ്ദേഹമുൾപ്പടെയുള്ള മുഴുവൻ പ്രതികളുടെയും കേസ് ഡിസ്ചാർജ്ജ് ചെയ്യുകയായിരുന്നു.

യു.എ.പി.എ.

കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ 2006ലെ പാനായിക്കുളം കേസിലാണ് കേരളത്തിൽ ആദ്യമായി യു.എ.പി.എ. പ്രയോഗത്തിൽ വന്നത്. ‘സിമി’യുടെ രഹസ്യ യോഗം ചേർന്നെന്ന് ആരോപിച്ച് ബിനാനിപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് 2010 ൽ എൻ.ഐ.എയ്ക്ക് കൈമാറി. അറസ്റ്റിലായ അബ്ദുൾ റാസിക്, നിസാമുദ്ദീൻ, ശമ്മാസ്, ശാദുലി, അൻസാർ എന്നിവർ കുറ്റക്കാരെന്ന് വിധിക്കാനുള്ള എൻ.ഐ.എ. കോടതിയുടെ തീരുമാനം ഗുരുതരമായ തെറ്റാണെന്നായിരുന്നു ഇവരെ വെറുതെ വിട്ടു കൊണ്ടുള്ള ഹൈക്കോടതി വിധിയിൽ പറഞ്ഞത്.

ലോക്നാഥ് ബെഹ്റ, കോടിയേരി ബാലകൃഷ്ണൻ

""മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.കെ. രാജീവൻ, കോയമ്പത്തൂരിൽ ഡെന്റിസ്റ്റായ ഡി. ദിനേഷ് എന്നിവരെ അറസ്റ്റ് ചെയതത് കേരള പൊലീസാണ്. ഇവർ രണ്ടു പേർക്കും ജയിലിൽ വെച്ച് കോവിഡ് ബാധിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രാജീവൻ പ്രമേഹ രോഗിയാണ്. ഒരോ മണിക്കൂറിലും കൈ കഴുകണമെന്ന് ജയിലിൽ അനൗൺസ് ചെയ്യും. പക്ഷെ സോപ്പ് നൽകില്ല. രാജീവൻ ജയിൽ സൂപ്രണ്ടിന് പലവട്ടം സോപ്പിന് അപേക്ഷ നൽകി. അദ്ദേഹത്തിന്റെ ഭാര്യ തങ്കമ്മയെ കാര്യം അറിയിച്ചപ്പോൾ അവർ എന്റെ കയ്യിൽ നിന്ന് ഡി.ജി.പിയുടെ നമ്പർ വാങ്ങി അദ്ദേഹത്തെ വിളിച്ച് കാര്യം പറഞ്ഞു. രാജീവിന് മാത്രം രണ്ട് സോപ്പ് കിട്ടി. രാജീവ് അത് മറ്റ് അന്തേവാസികൾക്കിടയിൽ വിതരണം ചെയ്തു. അടുത്ത ദിവസം രാജീവിനെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. പാലക്കാട്ടെ കെ.എഫ്.സി, മക്‌ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റുകൾ അക്രമിച്ച കേസിൽ യു.എ.പി.എ. നിലനിൽക്കില്ലെന്ന് കാണിച്ച് സെഷൻസ് കോടതി കേസുകൾ ഡിസ്ചാർജ് ചെയ്തപ്പോൾ ഇതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോയിട്ടുണ്ട് കേരള സർക്കാർ.'' റഷീദ് പറയുന്നു.

സി.കെ. രാജീവൻ

അന്തേവാസികൾക്ക് അടിസ്ഥാന സുരക്ഷിതത്വം പ്രദാനം ചെയ്യാത്ത, രാഷ്ട്രീയ അധികാര പ്രയോഗത്തിനുള്ള ഇടമായി തന്നെ കേരളത്തിലെ ജയിലുകൾ നിലനിൽക്കുകയാണെന്ന് റഷീദ് കുറ്റപ്പെടുത്തുന്നു: ""കോവിഡ് കാലത്ത് ജീവനും ആരോഗ്യത്തിനുമാണ് പ്രഥമ പരിഗണനയെന്നായിരുന്നു സർക്കാർ പറഞ്ഞത്. അഭയ കേസിലെ പ്രതികളുൾപ്പടെ നിരവധി പേർക്ക് പരോൾ അനുവദിക്കുകയും ചെയ്തു, യു.എ.പി.എ. ചുമത്തപ്പെട്ടവർക്ക് ഒഴികെ. ഇവരുടെ ജീവന് വിലയില്ലെന്നാണോ സർക്കാർ സമർത്ഥിക്കുന്നത്? പൊലീസിന്റെ മാവോയിസ്റ്റ് വേട്ടയിൽ തനിക്ക് ഖേദമൊന്നുമില്ലെന്നാണ് മുൻ ഡി.ജി.പി. ലോക്‌നാഥ് ബെഹറ ഒരഭിമുഖത്തിൽ പറഞ്ഞത്. എന്റെ അനുജൻ ജലീൽ വൈത്തിരി ഏറ്റുമുട്ടലാണ് കൊല്ലപ്പെട്ടത്. പൊലീസ്​ വാദം റദ്ദു ചെയ്യുന്നതായിരുന്നു ജലീൽ വെടിയുതിർത്തിട്ടില്ലെന്ന ഫോറൻസിക് റിപ്പോർട്ട്. സ്വാതന്ത്ര്യ സമരചരിത്രം മുതലിങ്ങോട്ട് രാഷ്ട്രീയ തടവുകാരുടെ അവകാശ പോരാട്ടങ്ങളുടെ നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. ഇന്ന് ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചോദ്യം ചെയ്യപ്പെടുന്നുണ്ടോ?''

ഇബ്രാഹിമിന് ഇടക്കാല ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും Prisons and Correctional Services ഡി.ജിക്കും ഇബ്രാഹിമിന്റെ ഭാര്യ ജമീല കത്ത് നൽകിയിരുന്നു. മെയ് ഒന്നിന് ജയിൽ ഡി.ജിക്ക് നൽകിയ കത്തിൽ ചികിത്സാർത്ഥം ഇബ്രാഹിം ദിവസം തോറും 22 ഗുളികകൾ വീതം കഴിക്കുന്നുണ്ടെന്നും, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇപ്പോൾ എല്ലാ പല്ലുകളും എടുത്തു കളഞ്ഞെന്നും. പകരം വെപ്പു പല്ലുകൾ വെയ്ക്കാൻ താമസം നേരിടുന്നതിനാൽ ശരിയായി ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അറിയിച്ചിരുന്നു. എന്നാൽ തനിക്ക് വിഷയവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളൊന്നും ഇതുവരെ ലഭിച്ചില്ലെന്ന് ജമീല പറയുന്നു. ▮

Comments