ഇല്ല, സഖാവ് റസ്സാഖ് പയ്യമ്പ്രോട്ട് മരിക്കുന്നില്ല

'മരണവും ഒരു സമരമാണ്. സമയം 7 മണി, ഇതും ഒരു സമരമാകട്ടെ' ഇത്രയും എഴുതിവെച്ചാണ് പരാതികളും നിയമപോരാട്ടങ്ങളുടെ രേഖകളുമെല്ലാം കഴുത്തില്‍ തൂക്കി സഖാവ് റസ്സാഖ് പയ്യമ്പ്രോട്ട് ജീവനൊടുക്കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേരോട്ടമില്ലാത്ത മലപ്പുറത്തെ കൊണ്ടോട്ടിയില്‍ പ്രതിബന്ധങ്ങളോട് പോരാടി ഇടത് സാംസ്‌കാരിക ജീവിതം നയിച്ച, തന്റെ വീടും പുരയിടവുമെല്ലാം ഇ.എം.എസ് അക്കാദമിക്ക് ഇഷ്ടദാനമായി നല്‍കിയ സഖാവ്, ശരീരം മെഡിക്കല്‍ കോളേജിനായി എഴുതി വെച്ച കമ്മ്യൂണിസ്റ്റുകാരന്‍, സമാന്തര പ്രസിദ്ധീകരണങ്ങളുടെ ലോകത്ത് ഉജ്വലനായ പത്രാധിപര്‍, മലബാറിലെ സാംസ്‌കാരിക രാഷ്ട്രീയ ഇടങ്ങളില്‍ റസ്സാഖ് പയ്യമ്പ്രോട്ടിന് വിശേഷണങ്ങള്‍ ഏറെയുണ്ടായിരുന്നു. ഇടതുഭരണകാലങ്ങളിലെല്ലാം മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സെക്രട്ടറിയായി നിയമിക്കപ്പെടുന്നയാളാണ്, താന്‍കൂടി വിയര്‍പ്പൊഴുക്കി അധികാരം പിടിച്ചെടുത്ത പഞ്ചായത്തില്‍ ഇടതുപക്ഷം ഭരിക്കുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്തത്. ജനവാസ മേഖലയില്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വ്യവസായ സ്ഥാപനത്തിനെതിരെ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തന്റെ പിറന്നാള്‍ ദിനത്തില്‍ പഞ്ചായത്ത് ഓഫീസ് വരാന്തയിലെത്തി സഖാവ് റസ്സാഖ് പയ്യമ്പ്രോട്ട് ആത്മഹത്യ ചെയ്യുകയായിരുന്നു.

Comments