ഛത്തീസ്ഗഢിലെയും തെലങ്കാനയിലെയും മാവോയിസ്റ്റ് സ്വാധീനമേഖലകൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടത്തുന്ന 'ഓപ്പറേഷൻ കഗർ' (Operation Kagar) എന്ന സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇടതുപക്ഷ പാർട്ടികൾ സംയുക്തമായി തുറന്ന കത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതിന് ഏറെ പ്രാധാന്യമുണ്ട്. സുരക്ഷാസേനയുടെ കസ്റ്റഡിയിലുള്ള മുതിർന്ന മാവോയിസ്റ്റ് നേതാക്കളെയും പ്രവർത്തകരെയും നിയമനടപടിയ്ക്ക് വിധേയരാക്കണമെന്നും ആദിവാസി മേഖലകളിലെ സൈനികവൽക്കരണം അവസാനിപ്പിക്കണമെന്നും ചർച്ചയ്ക്ക് തയ്യാറാണ് എന്ന മാവായിസ്റ്റുകളുടെ ആവശ്യത്തോട് ക്രിയാത്മകമായി പ്രതികരിക്കണം എന്നും ഇടതുപാർട്ടികൾ ആവശ്യപ്പെടുന്നുണ്ട്.
മാവോയിസം അടിസ്ഥാനപരമായി ക്രമസമാധാനവിഷയമല്ല എന്നും അതിനെ രാഷ്ട്രീയമായാണ് നേരിടേണ്ടത് എന്നും ജനാധിപത്യവാദികൾ നിരന്തരമായി ആവശ്യപ്പെട്ടുവരുന്ന സന്ദർഭത്തിലാണ് ഇത്തരമൊരു തുറന്ന കത്ത് എന്നത് ശ്രദ്ധേയമാണ്.
ഛത്തീസ്ഗഢിലെ ബസ്തറും മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയും കേരളത്തിലെ നിലമ്പൂരും പങ്കിടുന്ന മാവോവേട്ടയുടെ രാഷ്ട്രീയ സാഹോദര്യം, പ്രധാനമന്ത്രിയ്ക്കുള്ള ഇടതുപക്ഷത്തിന്റെ തുറന്ന കത്തിനെ കൗതുകം നിറഞ്ഞതു കൂടിയാക്കുന്നുണ്ട്.
മാവോയിസം രാജ്യവിരുദ്ധപ്രവർത്തനമാണെന്ന മോദി സർക്കാറിന്റെ നറേറ്റീവിന്, മുഖ്യധാരാ രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും സ്വീകാര്യതയുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാഭീഷണി മാവോയിസ്റ്റുകളാണ് എന്നു പറഞ്ഞത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങാണ്. അതുകൊണ്ടാണ് 'ഓപറേഷൻ കഗർ' പോലെ, ഗോത്രമേഖലകൾ കേന്ദ്രീകരിച്ച്, സ്വന്തം പൗരർക്കെതിരെ നടത്തുന്ന സൈനികനടപടികൾ ഒരുതരത്തിലുമുള്ള ഓഡിറ്റിങ്ങിനും വിധേയമാക്കപ്പെടാത്തത്.
മാത്രമല്ല, കേരളത്തിലെ ഇടതുപക്ഷ സർക്കാറിനുപോലും കൃത്യമായി പാലിക്കാനാകുംവിധം മാവോവിരുദ്ധവേട്ടയുടെ വലതുപക്ഷ രീതിശാസ്ത്രം വിപുലപ്പെടുകയും ചെയ്തിരിക്കുന്നു. ഛത്തീസ്ഗഢിലെ ബസ്തറും മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയും കേരളത്തിലെ നിലമ്പൂരും പങ്കിടുന്ന മാവോ വേട്ടയുടെ രാഷ്ട്രീയ സാഹോദര്യം, പ്രധാനമന്ത്രിയ്ക്കുള്ള ഇടതുപക്ഷത്തിന്റെ തുറന്ന കത്തിനെ കൗതുകം നിറഞ്ഞതു കൂടിയാക്കുന്നത് അതുകൊണ്ടാണ്.

2026 മാർച്ചോടെ ഇന്ത്യയെ മാവോ മുക്തമാക്കുക എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്വപ്നം നിറവേറ്റാൻ കേന്ദ്ര സർക്കാർ ഒരുക്കിയ സംവിധാനമാണ് ‘ഓപറേഷൻ കഗർ’. കാഗർ, സങ്കൽപ്, ബ്ലാക്ക് ഫോറസ്റ്റ്, കരേഗുട്ടാലു എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഛത്തീസ്ഗഢ്- തെലങ്കാന വനമേഖലകളിൽ ഓപ്പറേഷന്റെ ഭാഗമായി സി.ആർ.പി.എഫ്- 'കോബ്ര' (Commando Battalion for Resolute Action)- ജില്ലാ റിസർവ് ഗാർഡ് തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ള 10,000 ലേറെ സുരക്ഷാഭടന്മാരെയാണ് നിയോഗിച്ചിരിക്കുന്നത്. മേഖലയിൽ 400 മാവോയിസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് കേന്ദ്രത്തിന്റെ കണക്ക്.
ദുരൂഹ വേട്ടകൾ
സൈനിക നടപടികളെപ്പോലെ തന്നെ അതീവ ദുരൂഹമാണ് കേന്ദ്രത്തിന്റെ മാവോ വേട്ടയും. ഒരുതരം അന്വേഷണവുമില്ലാതെ, ആക്രമണകാരികളായ മാവോയിസ്റ്റാണ് എന്നുതന്നെ ബോധ്യപ്പെടാതെ ഏകപക്ഷീയമായി വെടിയുതിർക്കുന്ന സംഭവങ്ങളാണ്, ഓപ്പറേഷനുകളുടെ മറവിൽ ഏറെയും സംഭവിക്കുന്നത്. മാവോയിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സുരക്ഷാഭടന്മാരുടെ എണ്ണവും വിവരവും കൃത്യമായി വെളിപ്പെടുത്തുന്ന സർക്കാർ കൊല്ലപ്പെടുന്ന മാവോയിസ്റ്റുകളുടെ വിവരം രഹസ്യമാക്കി വെക്കുകയാണ് പതിവ്. എല്ലാതരം ആക്രമണങ്ങളും 'ഏറ്റുമുട്ടൽ കൊല'യായി റിപ്പോർട്ട് ചെയ്യപ്പെടും.
മുമ്പും മറ്റു സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുമ്പോൾ അത് ജനാധിപത്യവിരുദ്ധമാണ് എന്നു തുടിക്കുന്ന വേദനയൂറുന്ന ഹൃദയം സി.പി.എം പോളിറ്റ്ബ്യൂറേക്കുണ്ടായിട്ടുണ്ട്. ആ ഹൃദയം പുറത്തുപേക്ഷിച്ചാണ് പാർട്ടി കേരളത്തിൽ ഭരണകൂടമുണ്ടാക്കിയതും മോദി ഭരണകൂടത്തിന്റെ മാവോവേട്ടയുടെ വലതുപ്രത്യയശാസ്ത്രം നിസ്സന്ദേഹം ഏറ്റെടുക്കുകയും ചെയ്തത്.
ജൂൺ അഞ്ചിന് ഛത്തീസ്ഗഢിൽ ബിജാപുർ ജില്ലയിലെ ഇന്ദ്രാവതി നാഷനൽ പാർക്കിൽ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വെടിവെച്ചു കൊന്നു. തെലങ്കാന സിവിൽ ലിബർട്ടീസ് കമ്മിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്, ഇത് നഗ്നമായ കൂട്ടക്കൊലയായിരുന്നു എന്നാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത പത്ത് മാവോയിസ്റ്റുകളെ ജൂൺ അഞ്ച്, ആറ്, ഏഴ് തീയതികളിൽ കൊടും പീഡനങ്ങൾക്കിരയാക്കുകയും ഏഴുപേർ കൊല്ലപ്പെടുകയുമായിരുന്നു. ഇവരിൽ രണ്ടുപേരെ മാത്രമാണ് തിരിച്ചറിഞ്ഞത് എന്നാണ് സുരക്ഷാസേന പറഞ്ഞത്. എന്നാൽ, പൊലീസ് കസ്റ്റഡിയിലെടുത്ത മുതിർന്ന നേതാക്കൾ അടക്കമുള്ള പത്തുപേരുടെയും വിവരങ്ങൾ പൗരാവകാശ സംഘടനകൾ പുറത്തുവിട്ടു.
സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം സുധാകർ എന്നറിയപ്പെടുന്ന തെന്തു ലക്ഷ്മി നരസിംഹ ചലാം അടക്കുള്ളവരാണ് കൊല്ലപ്പെട്ടത്. പരസ്പരമുള്ള വെടിവെപ്പിലാണ് സുധാകർ കൊല്ലപ്പെട്ടത് എന്നും ഇയാളിൽനിന്ന് എ.കെ 47 റൈഫിൾ പിടിച്ചെടുത്തു എന്നും പൊലീസ് പറയുന്നു. 2004-ൽ ആന്ധ്രപ്രദേശ് സർക്കാറുമായി നടന്ന സമാധാന ചർച്ചയിൽ പങ്കെടുത്ത നേതാവു കൂടിയാണ് സുധാകർ. കനത്ത സുരക്ഷയിലാണ് അദ്ദേഹത്തിന്റെ യാത്രകൾ. സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ നടന്നിരുന്നുവെങ്കിൽ, സുധാകറിന്റെ സുരക്ഷാഭടന്മാർക്കുകൂടി പരിക്കേൽക്കുമായിരുന്നുവെന്ന് ഉറപ്പ്. എന്നാൽ, സംഭവസ്ഥലത്ത് വെടിയുണ്ടകളേറ്റ സുധാകറിന്റെ ശരീരം മാത്രമാണുണ്ടായിരുന്നത്.

മാർച്ച് 31-ന് കൊല്ലപ്പെട്ട ദണ്ഡകാരണ്യ സ്‌പെഷൽ സോൺ കമ്മിറ്റി അംഗം ഗുമ്മാഡാവെള്ളി രേണുകയുടെ കൊലപാതകത്തെക്കുറിച്ചും സുരക്ഷാസേന കെട്ടുകഥ മെനഞ്ഞു. പുലർച്ചെ നാലിന് രേണുകയുടെ വീട് വളഞ്ഞ സുരക്ഷാസേന അവരെ കസ്റ്റഡിയിലെടുത്ത് ഇന്ദ്രാവതി നദിക്കുസമീപം കൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നു.
2024 ജനുവരി ഒന്നിന് തുടങ്ങിയ 'ഓപ്പറേഷൻ കഗാറി'ലൂടെ 550 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഏകദേശ കണക്ക്. എന്നാൽ, ഇവരിൽ 400-ഓളം പേരും ഗോത്ര വിഭാഗത്തിൽ പെട്ട സാധാരണ മനുഷ്യരായിരുന്നുവെന്ന് പൗരാവകാശ സംഘടനകൾ പറയുന്നു. 2024-ൽ ഛത്തീസ്ഗഢിൽ മാത്രം മാവോയിസ്റ്റുകളാണെന്ന് സംശയിക്കുന്ന 235 പേരെയാണ് കൊന്നത്. മുൻവർഷത്തെ 23 കൊലകളിൽനിന്നാണ് ഈ വർധന. ഈ വർഷത്തെ ആദ്യ മൂന്നുമാസങ്ങളിൽ കൊല്ലപ്പെട്ടത് 140 പേരും. മാവോവാദിവേട്ടയുടെ മറവിൽ ആയിരക്കണക്കിന് ഗോത്രവിഭാഗക്കാരെയാണ് ബസ്തർ മേഖലയിൽ മാത്രം വർഷങ്ങളായി വിചാരണ പോലുമില്ലാതെ തടവിലിട്ടിരിക്കുന്നത്.
കേന്ദ്രത്തിന്റെ ചർച്ചാഅലർജി
മാവോ വേട്ടയുടെ മറവിൽ ഗോത്ര വിഭാഗക്കാരെ കൂട്ടമായി കൊന്നൊടുക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ, മാവോയിസ്റ്റ് സംഘടനകൾ കേന്ദ്ര സർക്കാറുമായി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരുന്നു. തങ്ങൾക്കെതിരായ നടപടി നിർത്തിവെച്ചാൽ നിരുപാധിക സമാധാന ചർച്ചയ്ക്ക് തയ്യാറാണ് എന്ന് നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഒഡീഷ, ജാർഖണ്ഡ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ പൊലീസ് നടപടി നിർത്തിവെക്കണമെന്നായിരുന്നു അവരുടെ ആവശ്യം. സർക്കാർ അനുകൂലമായി പ്രതികരിച്ചാലുടൻ 'വെടിനിർത്തൽ' പ്രഖ്യാപിക്കും എന്നും സി.പി.ഐ (മാവോയിസ്റ്റ്) അറിയിച്ചിരുന്നു. എന്നാൽ, ജനാധിപത്യപരമായ ചർച്ചയ്ക്കുള്ള ഈ നിർദേശത്തെ കേന്ദ്ര സർക്കാർപൂർണമായും തള്ളി എന്നു മാത്രമല്ല, 'ഏറ്റുമുട്ടലുകൾ' രൂക്ഷമാക്കുകയും ചെയ്തു.
വ്യാജ ഏറ്റുമുട്ടൽ കൊലകൾക്കുപിന്നിലുള്ള മനുഷ്യവിരുദ്ധ പൊലീസിങ് കൃത്യമായി പാലിച്ചുകൊണ്ട്, ഒരു വലതുപക്ഷ പൊലീസ് സംവിധാനത്തെ പോലും പിണറായി വിജയന്റെ സർക്കാർ പാലൂട്ടിവളർത്തി.
എന്തുകൊണ്ട് കേന്ദ്രം ചർച്ചയോട്
മുഖം തിരിക്കുന്നു?
മാവോയിസ്റ്റുകളുമായി ചർച്ച നടത്തുകയാണെങ്കിൽ, അവർ ഉന്നയിക്കുന്ന വിഷയങ്ങൾ കൂടി കേന്ദ്ര സർക്കാറിന് പരിഗണിക്കേണ്ടിവരും. വിവിധ സംസ്ഥാനങ്ങളിലുള്ള ഗോത്രമേഖലയിലെ ധാതുനിക്ഷേപങ്ങളിൽ കണ്ണുവെച്ച് സർക്കാർ ഒത്താശയോടെ കോർപറേറ്റുകൾ നടത്തുന്ന കൈയേറ്റവും ഗോത്രസമൂഹങ്ങളുടെ കുടിയൊഴിക്കലും അവർക്കുനേരെയുള്ള ആക്രമണങ്ങളും അതിന് കേന്ദ്ര സർക്കാർ ഒരുക്കിക്കൊടുക്കുന്ന സേനാവിന്യാസവും ഈ ചർച്ചയിൽ ഉന്നയിക്കപ്പെടും. ഒപ്പം, ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിൽ ഉറപ്പുനൽകുന്ന ഗോത്രസമൂഹങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കപ്പെടുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാറിന് വിശദീകരിക്കേണ്ടിവരും. വനവിഭവങ്ങളെ കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുക എന്നത് നയപരമായ തീരുമാനം തന്നെയായതിനാൽ, കേന്ദ്ര സർക്കാറിന് ഈ വിഷയത്തിൽ ചർച്ച അസാധ്യമാണ്.

ഗഡ്ചിറോളി എന്ന ഉദാഹരണം
കേന്ദ്ര സർക്കാറിന്റെ മാവോ വിമുക്ത സൈനികനടപടികളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി കേന്ദ്രത്തിന്റെ മാവോ വേട്ടയ്ക്കുപുറകിലെ യഥാർഥ താൽപര്യം വെളിപ്പെടുത്തും. സാമൂഹ്യവനവിഭവങ്ങളുടെ പരിപാലനത്തിലൂടെ ഗോത്ര സമൂഹങ്ങൾക്ക് എങ്ങനെ മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാം എന്നതിന്റെ മികച്ച ഉദാഹരണമായി മാധവ് ഗാഡ്ഗിൽ ചൂണ്ടിക്കാട്ടിയ ഗ്രാമമാണ് ഗഡ്ചിറോളി. ഗഡ്ചിറോളിയിലെ ആദിവാസി സ്വയംസഹായ സംഘം നടത്തുന്ന ക്വാറി ചൂണ്ടിക്കാട്ടി, സാമൂഹിക വനവിഭവങ്ങളുടെ സംരക്ഷണം എങ്ങനെയാണ് അവിടുത്തെ ജനത തങ്ങളുടെ അവകാശമായി ഏറ്റെടുത്തതെന്നും പാരിസ്ഥിതികമായി പരിപാലിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ഇതേ ഗഡ്ചിറോളി ഇന്ത്യയിലെ മാവോവാദിവേട്ടയുടെ ഒരു പ്രധാന കേന്ദ്രമായതിൽ അൽഭുതമില്ല. കോർപറേറ്റ് ഖനനത്തിനെതിരെ നിരന്തരം ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുന്ന അവിടുത്തെ ഗ്രാമീണരെ, മാവോയിസ്റ്റുകൾ എന്ന മുദ്ര കുത്തി കൊന്നൊടുക്കുകയാണ് വർഷങ്ങളായി ഭരണകൂടം ചെയ്യുന്നത്. ഇവരിൽ സ്ത്രീകളും കുട്ടികളും പെടുന്നു. ഏറ്റവുമൊടുവിൽ, മെയ് 23ന് രണ്ട് സ്ത്രീകളടക്കം നാല് മാവോയിസ്റ്റുകളെ സുരക്ഷാസേന വെടിവെച്ചു കൊന്നു. തൊട്ടുപുറകേ, ലോയ്ഡ് മെറ്റൽസ് ആന്റ് എനർജി ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് വൻ ഇരുമ്പയിര് ഖനനത്തിനുള്ള പരിസ്ഥിതി ക്ലിയറൻസും കേന്ദ്രം നൽകി. അയിര് വാഷിങ് പ്ലാന്റിനായി ഒരു ലക്ഷത്തിലേറെ മരങ്ങൾ മുറിച്ചുമാറ്റാനും 900 ഹെക്ടർ വനം ഉപയോഗിക്കാനും പരിസ്ഥിതി മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു. ഇങ്ങനെ, മാവോ മുക്തമാക്കപ്പെടുന്ന മേഖലകൾ കോർപറേറ്റുകളുടെ ചൂഷണ മേഖലകളായി മാറ്റപ്പെടുകയാണ്.
കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്കായി ഛത്തീസ്ഗഢ് സർക്കാർ ഒരു പുനരവധിവാസ പദ്ധതിതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി, ‘മാവോയിസ്റ്റ് മുക്ത'മായി പ്രഖ്യാപിക്കപ്പെട്ട വില്ലേജ് പഞ്ചായത്തുകൾക്ക് ഒരു കോടി രൂപവരെയുള്ള വികസന പദ്ധതികൾക്ക് അനുമതി നൽകുന്നു. മറുവശത്ത്, കോർപറേറ്റുകൾക്കായുള്ള ക്ലിയറൻസുകൾ ഒരുങ്ങുകയും ചെയ്യുന്നു.

കോർപറേറ്റുകളുടെ ‘മാതൃകാ സംസ്ഥാന’മായ ഛത്തീസ്ഗഢിലെ വാർഷിക മിനറൽ പ്രൊഡക്ഷൻ 25,000- 30,000 കോടി രൂപയുടേതാണ്. അതേസമയം, മനുഷ്യ വികസന സൂചികയിൽ 28 സംസ്ഥാനങ്ങളിൽഛത്തീസ്ഗഢ് 26-ാം സ്ഥാനത്താണ്. മൂന്നിലൊരു കുടുംബത്തിനേ ശുദ്ധമായ കുടിവെള്ളം കിട്ടുന്നുള്ളൂ. പട്ടിണിനിരക്ക് ദേശീയ നിലവാരത്തിന്റെ ഇരട്ടി (ഫ്രന്റ്‌ലൈൻ, ഏപ്രിൽ 30, 2025).
നീതിന്യായ സംവിധാനത്തിന്റെ പിന്തുണയും
ഗോത്രവിഭാഗങ്ങളുടെ നിലനിൽപ്പ് വിഭവാധിഷ്ഠിതമാണ് എന്നതിനാലാണ്, വനവിഭവങ്ങളിലുള്ള അവരുടെ പരമാധികാരം ഉറപ്പാക്കുന്ന സ്വയംഭരണാവകാശം ഭരണഘടന ഉറപ്പുനൽകുന്നത്. പാർലമെന്റ് പാസാക്കിയ വനാവകാശ നിയമത്തിന്റെ (The Scheduled Tribeand Other Forest Dwellers -Recognition of Forest Right- Act, 2006) പ്രാധാന്യം, വനഭൂമി കൈവശം വയ്ക്കുന്നതിനുള്ള ഗോത്രവിഭാഗങ്ങളുടെ അവകാശമാണ്. എന്നാൽ, വനവിഭവങ്ങളെ വ്യാപകമായി കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കാനുള്ള നയത്തിന്റെ ഭാഗമായി, വനാവകാശനിയമത്തെ ദുർബലമാക്കുന്ന ഭേദഗതികൾ പിന്നീടുണ്ടായി. ഇതിനെതിരെ, ഗോത്രമേഖലയിൽനിന്ന് വൻതോതിലുള്ള ചെറുത്തുനിൽപ്പുകളുമുണ്ടാകുന്നുണ്ട്. ഇതിനെ നേരിടാനാണ്, മാവോയിസത്തെ ചൂണ്ടി, സൈനികവൽക്കരണം തീവ്രമാക്കിയത്. ഇതിന്റെ ആദ്യ പടിയായിരുന്നു സാൽവാ ജുദൂം എന്ന ഗോത്രസേന. ഭൂമി ഏറ്റെടുക്കലിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താനും ഗ്രാമീണരെ കുടിയിറക്കാനുമാണ് ഈ സേനയെ നിയോഗിച്ചത്. 2011-ൽ സുപ്രീം കോടതി സൽവാ ജുദൂമിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതുവരെ 644 ഗ്രാമങ്ങളിൽ നിന്ന് മൂന്നു ലക്ഷത്തോളം ഗ്രാമീണരെയാണ് കുടിയൊഴിപ്പിച്ചത്. രാമചന്ദ്ര ഗുഹയുടെയും നന്ദിനി സുന്ദറുടെയും നേതൃത്വത്തിലുള്ള ഇൻഡിപെന്റഡ് സിറ്റിസൺസ് ഇനീഷ്യേറ്റീവ് തയ്യാറാക്കിയ റിപ്പോർട്ടിൽ, സൽവാ ജുദൂമിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ക്രൂരതകളുടെ വിശദാംശങ്ങളുണ്ട്. സൽവാ ജുദൂമിനെ നിരോധിച്ചതിനുതൊട്ടുപുറകേ, ഛത്തീസ്ഗഢ് സർക്കാർ ഓക്‌സിലറി ആംഡ് പൊലീസ് ഫോഴ്‌സ് ആക്റ്റ് കൊണ്ടുവന്നു. ഗോത്ര വിഭാഗങ്ങളിലുള്ളവരെ റിക്രൂട്ട് ചെയ്ത് രൂപീകരിച്ച സേനയായിരുന്നു ഇതും. സുപ്രീംകോടതി വിധിയെ മറികടക്കുന്ന നിയമമാണിതെന്ന് ചൂണ്ടിക്കാട്ടി നന്ദിനി സുന്ദർ നൽകിയ ഹർജി സുപ്രീംകോടതി കഴിഞ്ഞ മെയ് 15-ന് തള്ളി; ഈ നിയമത്തെ കോടതിയലക്ഷ്യമായി കാണാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ക്രമസമാധാന പ്രശ്‌നമെന്ന നിലയ്ക്ക് അടിച്ചമർത്തപ്പെടേണ്ട കുറ്റകൃത്യമാണ് മാവോയിസം എന്ന വ്യാഖ്യാനത്തിന് നീതിന്യായസംവിധാനങ്ങളുടെ കൂടി പിന്തുണ ഉറപ്പാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് എളുപ്പം കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ, വ്യാജ ഏറ്റുമുട്ടൽ കൊലകൾ സംഘടിപ്പിച്ചെടുത്ത് മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാനുള്ള അമിത് ഷായുടെ പദ്ധതി വെല്ലുവിളികളില്ലാതെ മുന്നോട്ടുപോകും.
കേരള സർക്കാറിന്റെ മാവോ വേട്ട
ഇപ്പോൾ, മാവോയിസ്റ്റ് വേട്ടക്കെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയവയിൽ ഏറ്റവും പ്രധാന പാർട്ടിയായ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം പോലും, ഇതേ പ്രധാനമന്ത്രിയുടെ സർക്കാർ മാവോയിസ്റ്റ് വേട്ടയ്ക്ക് നൽകിയ ഫണ്ട്, അതിന്റെ 'യഥാർത്ഥ ലക്ഷ്യം' നിറവേറ്റുന്നതിന് അത്യുത്സാഹത്തോടെ വിനിയോഗിച്ചവരാണ്. വർഷം 20 കോടി രൂപയാണ് മാവോയിസ്റ്റ് വേട്ടയ്ക്ക് കേരളത്തിന് കേന്ദ്രം നൽകിയിരുന്നത്. ആയുധങ്ങൾ വാങ്ങാനും ഹെലികോപ്റ്റർ വാടകയ്ക്കുമായാണ് ഈ തുക പ്രധാനമായും വകയിരുത്തിയിരുന്നത്. വനമേഖലയിൽ മാവോയിസ്റ്റുകളെ നീരിക്ഷിക്കാൻ 80 ലക്ഷം രൂപ മാസവാടകയിലാണ് പൊലീസ് ഹെലികോപ്റ്റർ വാടകക്കെടുത്തത്. നിരീക്ഷണത്തിൽ ഒരു മാവോയിസ്റ്റിനെപ്പോലും കണ്ടെത്തിയതായി റിപ്പോർട്ടില്ല. വി.ഐ.പികളുടെ പോക്കുവരവ് വാഹനമായി ഈ ഹെലികോപ്റ്റർ മാറി.
മാവോവേട്ടയുടെ മറവിൽ നടന്ന കൊലപാതകങ്ങൾക്കെതിരായ സി.പി.ഐയുടെ ‘പ്രതിരോധം’ പ്രസ്താവനാ കൊടുങ്കാറ്റിൽ ഒടുങ്ങി. തങ്ങൾകൂടി പങ്കാളികളായ ഒരു സർക്കാറിനെതിരെ ഉന്നയിച്ച അതീവ ഗുരുതരമായ ആരോപണങ്ങളോട് ഒരുതരത്തിലുമുള്ള രാഷ്ട്രീയ ഉത്തരവാദിത്തം പാർട്ടി പിന്നീട് കാണിച്ചില്ല.
മറ്റു സംസ്ഥാനങ്ങളിൽ നടന്നതുപോലുള്ള ഏതാനും വ്യാജ ഏറ്റുമുട്ടൽ കൊലകൾക്കുശേഷം വയനാട്, പാലക്കാട്, മലപ്പുറം ജില്ലകൾ മാവോയിസ്റ്റ് മുക്തമായി പ്രഖ്യാപിക്കപ്പെട്ടു. കേന്ദ്ര ഫണ്ടിൽ 75 ശതമാനം വെട്ടിക്കുറച്ചു, മാത്രമല്ല, കേരളം മാവോ മുക്ത സംസ്ഥാനമായി മാറുകയും ചെയ്തു.
മാവോയിസ്റ്റ് വേട്ടയ്ക്കായുള്ള കേന്ദ്ര ഫണ്ട് തട്ടിയെടുക്കാൻ കേരളത്തിൽ ഐ.പി.എസ് ലോബി പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര ഫണ്ടിനായി ജനങ്ങളെ വെടിവെച്ച് കൊല്ലാൻ ആർക്കും അവകാശമില്ലെന്നും നിലമ്പൂരിൽ രണ്ട് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. പാർട്ടിനേതാവ് ബിനോയ് വിശ്വം, കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ മൃതദേഹത്തിൽ പുഷ്പാർച്ചന നടത്തിയാണ് രാഷ്ട്രീയ ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ഇടതുപക്ഷ സർക്കാറിന്റെ പൊലീസ് വലതുപക്ഷ സ്വഭാവം കാണിക്കരുതെന്ന് ഉപദേശിക്കാനും അദ്ദേഹം മറന്നില്ല. സി.പി.ഐയുടെ ‘പ്രതിരോധം’ ഈ പ്രസ്താവനാ കൊടുങ്കാറ്റിൽ ഒടുങ്ങി. തങ്ങൾകൂടി പങ്കാളികളായ ഒരു സർക്കാറിനെതിരെ ഉന്നയിച്ച അതീവ ഗുരുതരമായ ആരോപണങ്ങളോട് ഒരുതരത്തിലുമുള്ള രാഷ്ട്രീയ ഉത്തരവാദിത്തം പാർട്ടി പിന്നീട് കാണിച്ചില്ല.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണകാലത്ത് ഒമ്പത് മാവോയിസ്റ്റ് പ്രവർത്തകരെ വെടിവെച്ചുകൊന്നത്, മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന അതേ വ്യാജ ഏറ്റുമുട്ടലുകളിലൂടെയാണ് എന്ന് തെളിയിക്കുന്ന വിവരങ്ങൾ പിന്നീട് പുറത്തുവന്നു. അടിയന്തരാവസ്ഥയിലേതിനേക്കാൾ എത്രയോ ക്രൂരമായ നരവേട്ടയാണ്, മാവോ വിരുദ്ധവേട്ടയുടെ മറവിൽ കേരളത്തിൽ നടന്നത് എന്ന കാര്യം രാഷ്ട്രീയപാർട്ടികളുടെയോ പൗരസമൂഹത്തിന്റെയോ ഉറക്കം കെടുത്തിയില്ല.
അടിയന്തരാവസ്ഥയിലേതിനേക്കാൾ എത്രയോ ക്രൂരമായ നരവേട്ടയാണ്, മാവോ വിരുദ്ധവേട്ടയുടെ മറവിൽ കേരളത്തിൽ നടന്നത് എന്ന കാര്യം രാഷ്ട്രീയപാർട്ടികളുടെയോ പൗരസമൂഹത്തിന്റെയോ ഉറക്കം കെടുത്തിയില്ല.
ആദ്യ പിണറായി വിജയൻ സർക്കാർ അധികാരത്തിലേറി ആറു മാസത്തിനുള്ളിൽ, 2016 നവംബർ 24നാണ് നിലമ്പൂർ കരുളായി വരയൻമലയിൽ വെച്ച് കുപ്പു ദേവരാജ്, അജിത പരമേശൻ എന്നിവരെ പൊലീസ് വെടിവെച്ചുകൊന്നത്. പൊലീസിനെതിരെ മാവോയിസ്റ്റുകൾ AK 47 അടക്കമുള്ള ആയുധങ്ങളുപയോഗിച്ചു എന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ട്. അന്നത്തെ മലപ്പുറം കലക്ടർ അമിത് മീണയും പൊലീസ് സ്വയം രക്ഷയ്ക്കുവേണ്ടിയാണ് വെടിവെച്ചത് എന്ന് റിപ്പോർട്ട് നൽകി.
എന്നാൽ, ഒരു പൊലീസുകാരനുപോലും പരിക്കേൽക്കാതെ നടന്ന വിസ്മയകരമായ ഏറ്റുമുട്ടലായിരുന്നു നിലമ്പൂരിലേത്. കൊല്ലപ്പെട്ടരുടെ ശരീരത്തിലാകട്ടെ, ഒന്നിലധികം വെടിയുണ്ടകളുടെ പാടുണ്ടായിരുന്നു, ഏകപക്ഷീയമായ വെടിവെപ്പിന്റെ തെളിവായി. കുപ്പു ദേവരാജ് രോഗബാധിതനായി കിടപ്പിലായിരുന്നുവെന്നും അജിത മഞ്ഞപ്പിത്തം ബാധിച്ച് വിശ്രമത്തിലായിരുന്നുവെന്നുമുള്ള വിവരങ്ങൾ പിന്നീട് പുറത്തുവന്നു.

2019 മാർച്ച് ആറിന് വൈത്തിരി ഉപവൻ റിസോർട്ടിൽസി.പി. ജലീൽ വെടിയേറ്റു മരിച്ച സംഭവത്തിലും പൊലീസ് ഏറ്റുമുട്ടൽ കഥയിറക്കി. എന്നാൽ, ജലീൽ ഉപയോഗിച്ചിരുന്ന തോക്കിൽനിന്ന് വെടിയുതിർത്തിരുന്നില്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായി. പൊലീസിനെ കണ്ട് പിന്തിരിഞ്ഞോടുന്ന മാവോയിസ്റ്റുകളുടെ സി.സി.ടി.വി ദൃശ്യങ്ങളും ആദ്യം വെടിവെച്ചത് പൊലീസ് ആണെന്ന സാക്ഷിമൊഴികളുമുണ്ടായി.
2019 ഒക്‌ടോബർ 28-ന് അട്ടപ്പാടി മഞ്ചക്കണ്ടിയിൽ തണ്ടർബോൾട്ടിന്റെ വെടിവെപ്പിൽ തമിഴ്‌നാട് സ്വദേശികളായ രമ, അരവിന്ദ്, മണിവാസകം, കാർത്തി എന്നിവർ കൊല്ലപ്പെട്ടു. ഇവർ കീഴടങ്ങാനുള്ള സമ്മതം പൊലീസിൽ അറിയിച്ചിരുന്നുവെന്ന് നാട്ടുകാർ തന്നെ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, പൊലീസ് കൃത്രിമമായി വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുണ്ടാക്കിയതായി സി.പി.ഐ പ്രതിനിധിസംഘം കണ്ടെത്തി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റുകളെയാണ് പൊലീസ് വെടിവെച്ചതെന്നും ഏറ്റുമുട്ടൽ നടന്നിട്ടില്ല എന്നും വ്യക്തമാക്കുന്ന തെളിവുകളുമുണ്ടായിരുന്നു.
2020 നവംബർ മൂന്നിന് പടിത്താറത്തറ ബപ്പനം മലയിൽ ബാണാസുര ദളത്തിന്റെ ഭാഗമായിരുന്ന വേൽമുരുകനെ വെടിവെച്ചുകൊന്നു. 2023 നവംബർ 13ന് മാവോയിസ്റ്റ് കമാൻഡർ കവിത വയനാട്ടിലെ അയ്യൻകുന്നിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടു.

ഈ കൊലപാതകങ്ങളിലെല്ലാം പൊലീസ് വാദത്തിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളുമുണ്ടായിട്ടും, ഭരണപക്ഷത്തെ പ്രധാന ഘടകകക്ഷിയുടെ ഇടപെടലുണ്ടായിട്ടും കാര്യമായ അന്വേഷണമോ അറസ്‌റ്റോ ഉണ്ടായില്ലെന്നു മാത്രമല്ല, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ ഈ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ ദുരൂഹമാക്കിവെക്കാനും ഭരണകൂടം അത്യധ്വാനം ചെയ്തു.
മുമ്പും മറ്റു സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുമ്പോൾ അത് ജനാധിപത്യവിരുദ്ധമാണ് എന്നു തുടിക്കുന്ന വേദനയൂറുന്ന ഹൃദയം സി.പി.എം പോളിറ്റ്ബ്യൂറേക്കുണ്ടായിട്ടുണ്ട്. ആ ഹൃദയം പുറത്തുപേക്ഷിച്ചാണ് പാർട്ടി കേരളത്തിൽ ഭരണകൂടമുണ്ടാക്കിയതും മോദി ഭരണകൂടത്തിന്റെ മാവോവേട്ടയുടെ വലതുപ്രത്യയശാസ്ത്രം നിസ്സന്ദേഹം ഏറ്റെടുക്കുകയും ചെയ്തത്. അതിനായി, ഒരു വലതുപക്ഷ പൊലീസ് സംവിധാനത്തെ പോലും പിണറായി വിജയന്റെ സർക്കാർ പാലൂട്ടിവളർത്തി; വ്യാജ ഏറ്റുമുട്ടൽ കൊലകൾക്കുപിന്നിലുള്ള മനുഷ്യവിരുദ്ധ പൊലീസിങ് കൃത്യമായി പാലിച്ചുകൊണ്ട്. കോർപറേറ്റുകൾക്കുവേണ്ടി സ്വന്തം പൗരർക്കുനേരെ വെടിയുതിർക്കുന്ന ഗൂഢപദ്ധതിയ്ക്ക് നൽകിയ വിത്തും വളവും, കേരളത്തിന്റെ ജനാധിപത്യരാഷ്ട്രീയത്തെ സംബന്ധിച്ച് ഏറ്റവും പ്രതിലോമകരമായ സംഭാവനയായി മാറുകയും ചെയ്തു.
പ്രധാനമന്ത്രിയ്ക്കുള്ള തുറന്ന കത്തിലെ 'സഖ്യകക്ഷി'യായ സി.പി.ഐ- എം.എല്ലിനെപ്പോലെ, മറ്റു മാവോയിസ്റ്റ് പാർട്ടികളെ കൂടി ഉൾക്കൊള്ളാവുന്ന വിശാല ഇടതുപക്ഷ പ്ലാറ്റ്‌ഫോമിൽനിന്നുതന്നെ മാവോയിസ്റ്റ് ഗ്രൂപ്പുകളുമായുള്ള രാഷ്ട്രീയ വിനിമയം സാധ്യമാണ്.
ഇടതുപക്ഷത്തിന് ചെയ്യാനുള്ളത്
മാവോയിസ്റ്റ് ഗ്രൂപ്പുകൾക്കിടയിൽ ജനാധിപത്യപരമായ പലതരം സംവാദങ്ങൾ നടക്കുന്നതായി പീപ്പിൾസ് വാറിന്റെയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) നേതാവായിരുന്ന നൂർ ശ്രീധർ ഫ്രന്റ്‌ലൈനിന് നൽകിയ അഭിമുഖത്തിൽസൂചിപ്പിക്കുന്നുണ്ട് (ഏപ്രിൽ 30, 2025). തങ്ങളെ ക്രിമിനലായി കാണുന്നതിനുപകരം രാഷ്ട്രീയ പ്രവർത്തകരായി പരിഗണിക്കണം എന്നതാണ് അവരുടെ പ്രധാന ആവശ്യം. എന്നാൽ, മൂവ്‌മെന്റിൽ രൂപപ്പെടുന്ന ജനാധിപത്യാഭിമുഖ്യങ്ങളെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യുന്ന സാഹചര്യം ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നുമാത്രമല്ല, അവ അടിച്ചമർത്തൽ ശക്തമാക്കുകയുമാണ്. അത് തുടരുമെന്നും ഉറപ്പാണ്.

മാവോയിസ്റ്റുകൾ സ്വീകരിക്കുന്ന ഹിംസയുടെ വഴിയോട് ഇന്ത്യയെപ്പോലൊരു ജനാധിപത്യ സംവിധാനത്തിന് പൊരുത്തപ്പെടാനാവില്ല എന്നത് ശരിയാണ്. അതേസമയം, മാവോയിസ്റ്റുകളുടെ പ്രതിനിധാനത്തിന്റെ രാഷ്ട്രീയാടിത്തറ അവഗണിക്കാൻ കഴിയാത്തതുമാണ്. അതുമായി വിനിമയം സാധ്യമാകുന്നത് ഇടതുപക്ഷത്തിനാണ്. പ്രധാനമന്ത്രിയ്ക്കുള്ള തുറന്ന കത്തിലെ 'സഖ്യകക്ഷി'യായ സി.പി.ഐ- എം.എല്ലിനെപ്പോലെ, മറ്റു മാവോയിസ്റ്റ് പാർട്ടികളെ കൂടി ഉൾക്കൊള്ളാവുന്ന വിശാല ഇടതുപക്ഷ പ്ലാറ്റ്‌ഫോമിൽനിന്നുതന്നെ ആ വിനിമയം സാധ്യമാണ്. മാവോയിസ്റ്റ് സംഘടനകൾ സർക്കാറുമായി ചർച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചത് ഒരു പ്രധാന നീക്കമാണ്. ആയുധമുപേക്ഷിച്ച്, തങ്ങളുയർത്തുന്ന ജനപക്ഷ രാഷ്ട്രീയത്തിന് ജനാധിപത്യത്തിന്റെ വഴി തേടാനുള്ള സന്നദ്ധതയാണ് അതിലൂടെ അവർ പ്രകടിപ്പിച്ചിരിക്കുന്നത്. ഈ സന്ദർഭത്തിൽ അവരുമായി ജനാധിപത്യപക്ഷത്തു നിന്നുകൊണ്ടുള്ള രാഷ്ട്രീയ വിനിമയം സാധ്യമാണ്, അനിവാര്യവുമാണ്. തങ്ങളെ രാഷ്ട്രീയ പ്രവർത്തകരായി പരിഗണിക്കണം എന്ന ആവശ്യം അവർ ഭരണകൂടത്തോടാണ് നടത്തിയിരിക്കുന്നത്. ഈ ആവശ്യം പരോക്ഷമായി ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷത്തോടുകൂടിയുള്ളതാണ്. അത് അവർ തുറന്ന മനസ്സോടെ പരിഗണിക്കുകയാണെങ്കിൽ, ഒരു രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കം കൂടിയാകും. മാത്രമല്ല, പ്രധാനമന്ത്രിക്കുള്ള കത്തിൽ സൂചിപ്പിക്കുന്ന ‘സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങൾ’ക്കെതിരായ ശക്തമായ രാഷ്ട്രീയ ചെറുത്തുനിൽപ്പിലേക്ക് ഇത്തരമൊരു പ്ലാറ്റ്ഫോമിനെ വികസിപ്പിക്കാനും ഇന്ത്യൻ ഇടതുപക്ഷത്തിന് കഴിയും.
കേരളത്തിലെ ഇടതുപക്ഷത്തിന് ഒരു അധിക ഉത്തരവാദിത്തം ബാക്കിയാണ്. ‘കസ്റ്റഡിയിലുള്ള മാവോയിസ്റ്റുകളെ നിയമനടപടികൾക്ക് വിധേയമാക്കണമെന്നും സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങൾ അവസാനിപ്പിക്കണ’മെന്നുമുള്ള സി.പി.എമ്മിന്റെയും സി.പി.ഐയുടെയും നിലപാട് ആത്മാർത്ഥതയുള്ളതാണെങ്കിൽ, കേരളത്തിൽ സ്വന്തം ഭരണകൂടത്തിന്റെ പൊലീസ് നടത്തിയ ഒമ്പതു കൊലപാതകങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന നിലപാടു കൂടി സ്വീകരിക്കാൻ ഈ പാർട്ടികൾ തയ്യാറാകുമോ?
