കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് മർദ്ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം.

തല്ലാൻ കൊതി;
ലാത്തിച്ചാർജ്ജ് നടത്താൻ ‘കൊതിച്ച’
ഒരു പൊലീസുകാരന്റെ
ട്രെയിനിങ് അനുഭവങ്ങൾ

‘‘ഗ്രൗണ്ടിൽ കമാൻഡുകളുടെ രൗദ്രശബ്ദത്തിനും മീതെ ഹവിൽദാർ സാറിന്റെ 'മ'യും 'പൂ'യും തുടങ്ങുന്ന തെറിവിളികൾ മുഴങ്ങി. ഗ്രൗണ്ടിൽ പരിശീലനമുറകളിൽ ഇല്ലാത്ത ചാട്ടങ്ങൾ ചാടിച്ച് കാലുകൾ തകരാറിലാക്കി. ഗ്രൗണ്ടിലെ പണിഷ്മെന്റുകൾ കുറയ്ക്കാൻ രാത്രി ബാരക്കിലെത്തി ഓരോരുത്തരോട് രഹസ്യമായി പണം വാങ്ങി. കൊടുക്കാത്ത എന്നെപ്പോലുള്ളവരെ പിന്നീട് ഗ്രൗണ്ടിൽ നിലത്തുനിർത്താതെ തുള്ളിച്ചു’’- ​പൊലീസ് പരിശീലനകാലത്തെ അതി കഠിനവും മനുഷ്യത്വരഹിതവുമായ മുറകളെക്കുറിച്ച് എഴുതുന്നു സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന്.

‘‘ചുഴറ്റി വലതു കഴുത്തിന് അടിക്കുക. എതിർദിശയിൽ ചുഴറ്റി ഇടതു കഴുത്തിന് അടിക്കുക. മൂന്നാമത്തേത് കറക്കിയെടുത്ത് തലയിൽ അടിക്കുക. അടുത്ത രണ്ട് ചുവടുകളിലായി ലാത്തി നാഭിയിലും വായിലും കുത്തിക്കയറ്റുക’’.

ഏതെങ്കിലും ഉഗ്ര തീവ്രവാദി ഗ്രൂപ്പിന്റെ നിർദ്ദേശങ്ങളല്ല. കേരള പോലീസിൽ ഞങ്ങളെയൊക്കെ ലാത്തി ഡ്രിൽ പഠിപ്പിക്കുകയാണ്. അക്രമാസക്തരായ ആൾക്കൂട്ടത്തെ നേരിടുമ്പോൾ പോലീസുകാർ ഇത്തരത്തിലാണ് ലാത്തിച്ചാർജ് ചെയ്യേണ്ടത്. പഠിപ്പിച്ച് കഴിഞ്ഞപ്പോൾ ഹവിൽദാർ സുഭാഷ് സാർ പറഞ്ഞു; "എടാ നിങ്ങളൊന്നും പോയി ഇതുപോലെ ആരേം അടിച്ചേക്കരുത് കേട്ടോ. ഇതൊക്കെ വെള്ളക്കാർ ഒണ്ടാക്കിയതാണ്’’.

ബ്രിട്ടീഷുകാരുടെ കാലത്തെ ആ ക്രൂരമായ ലാത്തി ഡ്രിൽ മുറകളാണ് ഞങ്ങളും പഠിച്ചത്. പത്ത് കൊല്ലത്തിലധികം പിന്നെയും പഠിപ്പിച്ചത്. മുറകളിൽ മാറ്റം വരുത്തിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ.

2003 ഡിസംബറിലാണ് പോലീസിൽ ട്രെയിനിയായി എത്തുന്നത്. ട്രെയിനിങ്ങിലെ ഒരു ഭാഗമാണ് ലാത്തി കൊണ്ടുള്ള പരിശീലനങ്ങൾ. ലാത്തി പരേഡും ലാത്തി ഡ്രില്ലും പഠിപ്പിക്കും. അക്രമാസക്തരായ ജനക്കൂട്ടത്തെ നേരിടുന്നതിനുള്ള തോക്കും ഗ്രനേഡും ലാത്തിയും കണ്ണീർവാതകവും ഉപയോഗിക്കാൻ പഠിപ്പിക്കും. ഇവയെല്ലാം ഉൾപ്പെടുന്ന ഒരു ടീം എങ്ങനെയാണ് ഒരുമിച്ച് അക്രമികളെ നേരിടേണ്ടതെന്ന് പലവട്ടം റിഹേഴ്സൽ ചെയ്തു പഠിപ്പിക്കും.

ജനങ്ങളുമായി തർക്കമുണ്ടാകുന്ന സന്ദർഭങ്ങളിൽ പോലീസുകാരൻ എന്ന ഈഗോ കയറിവരികയും ഒന്ന് പൊട്ടിച്ചുകൊടുക്കാൻ തോന്നുകയും ചെയ്യും

എന്നാൽ ഈ പഠിപ്പിച്ചതൊന്നും അതേപടി പോലീസുകാർ പ്രയോഗിക്കാറില്ല. കഴുത്തടിച്ചടിക്കാനും തലയടിച്ചു പൊട്ടിക്കാനും നാഭി കലക്കാനും പല്ലുകൾ ഇളക്കാനും ഒരു സമരസ്ഥലത്തും പോലീസുകാർ തയ്യാറാവില്ല. അപ്പുറത്ത് മനുഷ്യരാണെന്ന ബോധം ഉള്ളിലുണ്ടാവും. എന്നാൽ തല്ലിന്റെ കാര്യം അങ്ങനെയല്ല. പോലീസ് ട്രെയിനിങ് കഴിഞ്ഞിറങ്ങിയ തുടക്കകാലത്ത് മലപ്പുറത്തെ എം എസ് പി ക്യാമ്പിൽ നിന്ന് കോഴിക്കോട് നഗരത്തിലും തലശ്ശേരിയിലും ഇരിട്ടിയിലും ഒക്കെ ഡ്യൂട്ടിക്ക് പോയിട്ടുണ്ട്. വലിയ സമരങ്ങൾ വരുമ്പോൾ സമരക്കാർ പ്രശ്നമുണ്ടാക്കണമെന്നും ലാത്തിച്ചാർജ് നടത്താൻ അവസരം കിട്ടണമെന്നും ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.

കഴുത്തടിച്ചടിക്കാനും തലയടിച്ചു പൊട്ടിക്കാനും നാഭി കലക്കാനും പല്ലുകൾ ഇളക്കാനും ഒരു സമരസ്ഥലത്തും പോലീസുകാർ തയ്യാറാവില്ല. അപ്പുറത്ത് മനുഷ്യരാണെന്ന ബോധം ഉള്ളിലുണ്ടാവും.
കഴുത്തടിച്ചടിക്കാനും തലയടിച്ചു പൊട്ടിക്കാനും നാഭി കലക്കാനും പല്ലുകൾ ഇളക്കാനും ഒരു സമരസ്ഥലത്തും പോലീസുകാർ തയ്യാറാവില്ല. അപ്പുറത്ത് മനുഷ്യരാണെന്ന ബോധം ഉള്ളിലുണ്ടാവും.

10 മാസത്തെ ട്രെയിനിങ് കഴിഞ്ഞ് പോലീസുകാരനായതിന്റെ മാറ്റമായിരുന്നു അത്. പിന്നീട് പല സ്ഥലങ്ങളിലും, ജനങ്ങളുമായി തർക്കമുണ്ടാകുന്ന സന്ദർഭങ്ങളിൽ പോലീസുകാരൻ എന്ന ഈഗോ കയറിവരികയും ഒന്ന് പൊട്ടിച്ചുകൊടുക്കാൻ തോന്നുകയും ചെയ്യും. 10 മാസത്തെ ട്രെയിനിങ് ക്യാമ്പിൽ ഹവീൽദാർമാർ നമ്മളെ എങ്ങനെയാണോ പരിശീലിപ്പിച്ചത് അതിന്റെ തുടർച്ചയായിരുന്നു അത്.

ഹവിൽദാർമാർ എന്താണ് പഠിപ്പിച്ചത്? അവർ ഗ്രൗണ്ടിൽ ഡ്രില്ലും പരേഡും പഠിപ്പിച്ചു. തോക്കുകൾ ഉപയോഗിക്കാനും പരിപാലിക്കാനും പഠിപ്പിച്ചു. കേരള പോലീസിന്റെ ഹൈറാർക്കി പഠിപ്പിച്ചു. ഇൻഡിക്കേറ്റ് ചെയ്യുമ്പോൾ അറ്റൻഷൻ ആവാനും എന്ത് ചോദ്യത്തിനും 'സർ' എന്ന മറുപടി പറയാനും പഠിപ്പിച്ചു. രാവിലത്തെ അഞ്ചു പിരിയഡ് കായിക പരിശീലനങ്ങൾക്കുശേഷം ആറാമത്തെ പിരീഡ് മരച്ചുവട്ടിലിരുത്തി എന്തൊക്കെയോ ക്ലാസുകൾ തന്നു. ‘എന്തൊക്കെയോ ക്ലാസുകൾ’ എന്ന് പറയാൻ കാരണം ഉച്ചവെയിൽ മൂക്കുംവരെ പൊരിവെയിലത്ത് കവാത്ത് നടത്തിയവർ ഇത്തിരി തണൽ കിട്ടുന്ന മരച്ചുവട്ടിൽ ഇരിക്കേണ്ടി വരുമ്പോൾ ഉറക്കം തൂങ്ങി പോകുന്നതുകൊണ്ട് ഒന്നും പിടികിട്ടില്ല എന്നതുകൊണ്ടാണ്. ആദ്യത്തെ മൂന്നുമാസം കഴിഞ്ഞപ്പോൾ ഉച്ചയ്ക്കു ശേഷമുള്ള രണ്ട് പീരിയഡുകൾ ക്ലാസ് റൂമിലേക്ക് മാറി എന്നതായിരുന്നു വലിയൊരു ആശ്വാസം.

ഇത്രയുമാണ് പോലീസിൽ ഞങ്ങൾക്ക് കിട്ടിയ അക്കാദമിക് ട്രെയിനിങ്. ഓഫീസർ കമാഡിംഗ് വേലായുധൻ സാറിന്റെ നേതൃത്വത്തിൽ അതങ്ങനെ കൃത്യമായും കർശനമായും നടന്നു. സി.എച്ച്. എം ശ്രീകുമാർ സാറായിരുന്നു ഞങ്ങളുടെ ഇൻസ്ട്രക്ടർമാരിലെ സീനിയർ.

കസേര ഇല്ലാതെ ഇരുത്തലും ജനാലക്കമ്പിയിൽ തലകീഴായി തൂക്കിയിടലും സിറ്റപ്പുകളും ഒക്കെയായി രാത്രി ആഘോഷ രാത്രിയാക്കുന്നവരുണ്ട്. അങ്ങനെ ഒരു രാത്രി നേരിടേണ്ടിവന്ന, കൂട്ടത്തിലെ പാവമായിരുന്ന മനു ബ്രേക്കിന് വീട്ടിൽ പോയി തിരിച്ചുവരാൻ ധൈര്യമില്ലാതെ തൂങ്ങിമരിക്കുന്നതുവരെ ആ ആഘോഷങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ ഈ പരിശീലനം നാണയത്തിന്റെ ഒരു പുറം മാത്രമായിരുന്നു. 'യഥാർത്ഥ' ട്രെയിനിങ് മറുപുറത്ത് വേറെയുണ്ടായിരുന്നു. അവിടെ ജോസഫ് എന്ന ഹവിൽദാറിനായിരുന്നു നേതൃത്വം. പല വിഭാഗങ്ങളിൽ പ്രാവീണ്യം നേടിയവർ അതാത് വിഭാഗങ്ങളിൽ സ്വതന്ത്രരായും സംഘമായും ഞങ്ങളെ പരിശീലിപ്പിച്ചു. ഗ്രൗണ്ടിൽ കമാൻഡുകളുടെ രൗദ്രശബ്ദത്തിനും മീതെ ഹവിൽദാർ സാറിന്റെ 'മ'യും 'പൂ'യും തുടങ്ങുന്ന തെറിവിളികൾ മുഴങ്ങി. അറ്റൻഷന്റെയും സ്റ്റാന്ററ്റിസിന്റെയും കാലകാലങ്ങളിലെ വ്യത്യാസത്തെ ലോകത്തെ ഏറ്റവും സ്ത്രീവിരുദ്ധമായ തെറിപ്രയോഗങ്ങളിലൂടെയാണ് അയാൾ ഞങ്ങൾക്ക് പഠിപ്പിച്ചുതന്നത്. ഗ്രൗണ്ടിൽ പരിശീലനമുറകളിൽ ഇല്ലാത്ത ചാട്ടങ്ങൾ ചാടിച്ച് കാലുകൾ തകരാറിലാക്കി. ഗ്രൗണ്ടിലെ പണിഷ്മെന്റുകൾ കുറയ്ക്കാൻ രാത്രി ബാരക്കിലെത്തി ഓരോരുത്തരോട് രഹസ്യമായി പണം വാങ്ങി. കൊടുക്കാത്ത എന്നെപ്പോലുള്ളവരെ പിന്നീട് ഗ്രൗണ്ടിൽ നിലത്തുനിർത്താതെ തുള്ളിച്ചു. തെറികൾ കൊണ്ട് അഭിഷേകം ചെയ്തു. വേലായുധൻ സർ ഇടപെട്ട് ജോസഫ് സാറിനെതിരെ നടപടിയെടുക്കും വരെ ഒരുപാട് പേർ പരിക്ക് പറ്റിയും മാനസികമായി തകർന്നും പരിശീലനം ഉപേക്ഷിച്ചുപോയി.

'വെളുത്ത നിറമുള്ളതുകൊണ്ട് അവനും' 'MBA കോഴ്സിന് പോയതുകൊണ്ട് ഇവനും' അഹങ്കാരമുണ്ടെന്നാരോപിച്ച് അവരെ നോൺ സ്റ്റോപ്പ് പണിഷ്മെന്റിന് വിധേയമാക്കിക്കൊണ്ടിരുന്ന കൊച്ചുകുട്ടൻ സാറും ഞങ്ങളുടെ ഗുരുവാണ്. ഇപ്പോഴത്തെ തിരക്കഥാകൃത്ത് നിധീഷിനെയടക്കം പലരെയും കൊല്ലാക്കൊല ചെയ്ത് ബാച്ച് ഔട്ട് ആക്കിയ വിക്രമൻ സാറും 'കട്ടേം പടോം മടക്കുന്ന" സ്പെഷ്യലിസ്റ്റ് രാജൻ സാറും ഞങ്ങളെ 'പോലീസാവാൻ' പഠിപ്പിച്ചിട്ടുണ്ട്.

മറ്റൊരാളായിരുന്നു അജി സാർ. ട്രെയിനികൾക്ക് വരുന്ന കത്തുകൾ വിതരണം ചെയ്യുന്ന ചുമതല ഏറ്റെടുത്ത ആൾ. ഞങ്ങൾക്ക് വരുന്ന കത്തുകൾ തുറന്ന് പരിശോധിച്ച ശേഷം മാത്രമേ തരാറുണ്ടായിരുന്നുള്ളൂ. അതിൽ ആർക്കും വിരോധവും ഇല്ലായിരുന്നു. എന്നാൽ 20 -30 വയസ്സിനിടയിൽ പ്രായമുള്ള ചെറുപ്പക്കാർക്ക് ഭാര്യമാരോ കാമുകിമാരോ അയക്കുന്ന കത്തുകൾ വരെ അയാൾ പൊട്ടിച്ചു വായിച്ചു. പല കത്തുകളും വായിച്ചശേഷം ഞങ്ങൾക്ക് തരാതെ അയാൾ നശിപ്പിക്കുകയോ സൂക്ഷിക്കുകയോ ചെയ്തു. മനുഷ്യന്റെ സ്വകാര്യതയിലേക്ക് യാതൊരു ഉളുപ്പുമില്ലാതെ വലിഞ്ഞു കയറുന്ന പരിശീലകനായിരുന്നു അയാൾ.

ഞങ്ങൾ ഇമ്പോസിഷൻ എഴുതിയ ചില വാചകങ്ങൾ നോക്കൂ:

1) "ഇൻഡിക്കേറ്റ് ചെയ്താൽ അറ്റെൻഷൻ ആകും’’.
2) "സഹപ്രവർത്തകനെ സാർ എന്ന് വിളിക്കും’’.
3) "ഇനി മേലിൽ ഞാൻ താങ്ക്സ് പറയില്ല".
4) "ബഹുമാനപ്പെട്ട കേരള സംസ്ഥാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് അവർകളുടെ പേര് ബഹുമാനപ്പെട്ട ഡി.ജി.പി ശ്രീ ഹോർമിസ് തരകൻ ഐ.പി.എസ് അവർകൾ എന്നാണ്".
5) "മേലുദ്യോഗസ്ഥരോട് റെമഡി പറയില്ല’’.

ഹവിൽദാർമാർ എന്താണ് പഠിപ്പിച്ചത്? അവർ ഗ്രൗണ്ടിൽ ഡ്രില്ലും പരേഡും പഠിപ്പിച്ചു. തോക്കുകൾ ഉപയോഗിക്കാനും പരിപാലിക്കാനും പഠിപ്പിച്ചു. കേരള പോലീസിന്റെ ഹൈറാർക്കി പഠിപ്പിച്ചു. ഇൻഡിക്കേറ്റ് ചെയ്യുമ്പോൾ അറ്റൻഷൻ ആവാനും എന്ത് ചോദ്യത്തിനും 'സർ' എന്ന മറുപടി പറയാനും പഠിപ്പിച്ചു.
ഹവിൽദാർമാർ എന്താണ് പഠിപ്പിച്ചത്? അവർ ഗ്രൗണ്ടിൽ ഡ്രില്ലും പരേഡും പഠിപ്പിച്ചു. തോക്കുകൾ ഉപയോഗിക്കാനും പരിപാലിക്കാനും പഠിപ്പിച്ചു. കേരള പോലീസിന്റെ ഹൈറാർക്കി പഠിപ്പിച്ചു. ഇൻഡിക്കേറ്റ് ചെയ്യുമ്പോൾ അറ്റൻഷൻ ആവാനും എന്ത് ചോദ്യത്തിനും 'സർ' എന്ന മറുപടി പറയാനും പഠിപ്പിച്ചു.

പത്തോ അമ്പതോ നൂറോ അല്ല, ആയിരവും രണ്ടായിരവും തവണയൊക്കെയാണ് ഇമ്പോസിഷൻ എഴുതിയിരുന്നത്. അതും പലവട്ടം. പുറംലോകം വിചാരിക്കുക ഐ.പി.സിയിലോ സി.ആർ.പി.സിയിലോ ഉള്ള സെക്ഷനുകളാണ് ഞങ്ങൾ പഠിക്കേണ്ടത് എന്നാണ്. പക്ഷേ, ഞങ്ങളെഴുതി പഠിച്ചത് ഈ മഹത്തായ പാഠങ്ങളാണ്.

ബാരക്കുകളിൽ ഞങ്ങളും അതിന്റെ സൈഡ് റൂമുകളിൽ ഹവീൽദാരുമാരുമാണ് താമസിക്കുന്നത്. രാത്രി ഞങ്ങളും പരിശീലകരും തളർന്നുറങ്ങുമ്പോൾ ഇരപിടിയന്മാരായ രണ്ടോ മൂന്നോ പരിശീലകർ ഉറങ്ങാൻ വൈകും. എവിടെയെങ്കിലും ഒക്കെ പതുങ്ങി നടന്ന് ട്രെയിനികളുടെ സംഭാഷണങ്ങൾ ചോർത്തലാണ് ഇവരുടെ മെയിൻ. എന്നിട്ട്, ഗ്രൗണ്ടിലെ പീഡനങ്ങളുടെയോ കഷ്ടപ്പാടുകളുടെയോ സങ്കടം കൂടെയുള്ളവനോട് പറയുന്ന സീനിൽ നിന്ന് അവരെ കൂട്ടിക്കൊണ്ടു പോയി കസേര ഇല്ലാതെ ഇരുത്തലും ജനാലക്കമ്പിയിൽ തലകീഴായി തൂക്കിയിടലും സിറ്റപ്പുകളും ഒക്കെയായി അവരുടെ രാത്രി ആഘോഷ രാത്രിയാകും. അങ്ങനെ ഒരു രാത്രി നേരിടേണ്ടിവന്ന, കൂട്ടത്തിലെ പാവമായിരുന്ന മനു ബ്രേക്കിന് വീട്ടിൽ പോയി തിരിച്ചുവരാൻ ധൈര്യമില്ലാതെ തൂങ്ങിമരിക്കുന്നതുവരെ ആ ആഘോഷങ്ങൾ ഉണ്ടായിരുന്നു.

പത്തുമാസത്തെ പരിശീലനത്തിൽ പഠിച്ചതൊന്നും ജീവിതകാലത്ത് മറക്കില്ല എന്ന് ഹവീൽദാർമാർ പറയാറുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ആളുകളോട് അധികാരത്തോടെ പെരുമാറിയത്. അധികാരത്തിന്റെ രസങ്ങളിൽ മത്തു പിടിച്ചത്. ഒരേസമയം മേലധികാരികളോട് വിനീതവിധേയനായ അടിമയും നിസ്സഹായരായ പൊതുജനങ്ങളോട് അധികാരപ്രമത്തനും ആയത്.

ലീവ് ലെറ്റർ എഴുതാൻ പഠിച്ചതായിരിക്കും എല്ലാ പോലീസുകാർക്കും സർവീസ് കാലം മുഴുവൻ ഉപകാരപ്പെടുക. "ബഹുമാനപ്പെട്ട കെ.എ.പി. ഒന്നാം ബറ്റാലിയൻ B കമ്പനി ഓഫീസർ കമ്മാന്റിങ് സാർ അവർകൾ മുമ്പാകെ മേൽപ്പറഞ്ഞ കമ്പനിയിലെ RTPC 110 യു. ഉമേഷ്‌ എന്നയാൾ താഴ്മയായി ബോധിപ്പിക്കുന്ന അപേക്ഷ’’ എന്ന് തുടക്കം. ലീവ് കിട്ടണമെങ്കിൽ ഏറ്റവും കൂടുതൽ "താഴ്മ" കൂട്ടിക്കൂട്ടിയിട്ട് അ പേക്ഷിക്കേണ്ടി വരും എന്ന ഹവീൽദാർ വചനത്തിന് ഇന്നും പ്രസക്തി.

പത്തുമാസത്തെ പരിശീലനത്തിൽ പഠിച്ചതൊന്നും ജീവിതകാലത്ത് മറക്കില്ല എന്ന് ഹവീൽദാർമാർ പറയാറുണ്ടായിരുന്നു. എന്തൊക്കെയാണ് നാം പഠിച്ചത്, അതിൽ എന്തൊക്കെയാണ് കൂടുതൽ ആഴത്തിൽ പതിഞ്ഞത്, അത് നമ്മളെ എങ്ങനെയാണ് സ്വാധീനിച്ചത് എന്നതനുസരിച്ചിരിക്കും നമ്മുടെ പോലീസ് ജീവിതം തുടങ്ങുന്നത്. അങ്ങനെയാണ് ഞാൻ ലാത്തിച്ചാർജ് നടത്താൻ അവസരം കാത്തു നിന്നത്. ആളുകളോട് അധികാരത്തോടെ പെരുമാറിയത്. അധികാരത്തിന്റെ രസങ്ങളിൽ മത്തു പിടിച്ചത്. ഒരേസമയം മേലധികാരികളോട് വിനീതവിധേയനായ അടിമയും നിസ്സഹായരായ പൊതുജനങ്ങളോട് അധികാരപ്രമത്തനും ആയത്.

വായനയും മനുഷ്യരുമായുള്ള ഇടപെടലും പോലീസിലെ അനുഭവങ്ങളിലൂടെ പാകപ്പെട്ട സീനിയർ ഉദ്യോഗസ്ഥരുടെ വഴികാട്ടലും കൊണ്ടാണ് ആയിരക്കണക്കിന് പോലീസുകാർ ജോസഫും വിക്രമനും അജിയും ആകാത്തത്. ഞാനടക്കമുള്ളവർ സ്വയം തിരുത്തിയും തിരുത്തിച്ചും മുന്നോട്ടു പോകുന്നത്. തിരുത്താൻ പറ്റാത്തവർ അടിമകളും സദാചാര ഗുണ്ടകളും മർദ്ദകരും പിരിവുകാരുമായി തുടരുന്നു. ഈ ഇരു കൂട്ടരുടെയും അതിനിടയിലുള്ളവരുടെയും സങ്കരമാണ് പോലീസ് സംവിധാനം.

എന്നാൽ അധികാര കേന്ദ്രങ്ങൾക്ക് സിസ്റ്റത്തെ ദുരുപയോഗപ്പെടുത്തണമെങ്കിൽ ജോസഫുമാരെയാണ് വേണ്ടത്. സത്യസന്ധരേയും മനസ്സാക്ഷി വാദികളെയും എന്തിന് കൊള്ളാം എന്നും കേസ് തെളിയിക്കണമെങ്കിൽ മൂന്നാംമുറ വേണമെന്നും പോലീസിംഗ് നിലനിൽക്കണമെങ്കിൽ സമൂഹത്തിൽ ഭയം വളർത്തണമെന്നും രാഷ്ട്രീയ കക്ഷികൾക്ക് പണം പിരിക്കാൻ പോലീസിനെ ഉപയോഗിക്കാം എന്നും കൈക്കൂലിയും അഴിമതിയും ഒരു കുറ്റമല്ല മറിച്ച് മിടുക്കാണ് എന്നും വിശ്വസിക്കുന്ന ഭരണാധികാരികളും അവരുടെ റാൻ മൂളികളും മാറാതെ പോലീസ് ഒരിക്കലും മാറുകയില്ല.

Comments